ശുദ്ധീകരണം: മഹത്ത്വവും മര്യാദകളും

ശുദ്ധീകരണം: മഹത്ത്വവും മര്യാദകളും

ഇസ്‌ലാം പരിശുദ്ധവും പ്രകൃതിപരവുമാണ്. കുറെ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം മാനവരാശിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. അതെല്ലാം മനുഷ്യരുടെ ഇഹപര നേട്ടങ്ങള്‍ക്കായുള്ളത് മാത്രമാണ്. ദോഷകരമായ യാതൊരു കാര്യവും ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

ശുദ്ധീകരണത്തിന്റെ കാര്യമെടുക്കാം. മാനസികവും ശാരീരികവുമായ ശുദ്ധി പാലിക്കുവാന്‍ ഇസ്‌ലാം വിശ്വാസികളോട് കല്‍പിക്കുന്നുണ്ട്.

മനസ്സിന്റെ വിമലീകരണമെന്നാല്‍ ശിര്‍ക്ക്, ബിദ്അത്ത്, മതനിഷേധം, സംശയം, പരിഹാസം, അസൂയ, അഹങ്കാരം, കാപട്യം, വഞ്ചന, പക, ലോകമാന്യത, ഊഹാപോഹങ്ങള്‍ എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാ പാപങ്ങളില്‍നിന്നും മനസ്സിനെ സംസ്‌കരിക്കലാണത്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”നിശ്ചയം, ഒരു വിശ്വാസി അശുദ്ധനാ വുകയില്ല” (ബുഖാരി).

ശരീരം, വസ്ത്രം, സ്ഥലം എന്നിവ മാലിന്യമുക്തമാവുക എന്നതാണ് ശാരീരിക ശുദ്ധികൊണ്ട് അര്‍ഥമാക്കുന്നത്.

അബൂമൂസല്‍അശ്അരി(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ്” (മുസ്‌ലിം).

ആമിറുബ്‌നു സഅദി(റ)ല്‍ നിന്ന് നിവേദനം;  നബി ﷺ  പറഞ്ഞു: ”നിങ്ങളുടെ വീടുകളുടെ പരിസരങ്ങള്‍ നിങ്ങള്‍ ശുദ്ധിയാക്കുക. നിശ്ചയം ജൂതന്മാര്‍ അങ്ങനെ ചെയ്യാത്തവരാണ്”(ത്വബ്‌റാനി).

വഴിയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുക എന്നതിനെ വിശ്വാസകാര്യമായിട്ടും വഴിയോടുള്ള ബാധ്യതയായിട്ടുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ശുദ്ധിക്ക് ഇസ്‌ലാം നല്‍കിയ മഹത്ത്വം വ്യക്തമാക്കിത്തരുന്ന ചില പ്രമാണവചനങ്ങള്‍ ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ ഇഷ്ടം ശുദ്ധിയുള്ളവര്‍ക്കാണ് ലഭിക്കുക. അല്ലാഹു പറയുന്നു: ”…തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു”(ക്വുര്‍ആന്‍ 2:222).

നബി ﷺ യോട് അല്ലാഹു പ്രത്യേകമായി കല്‍പിച്ചത് കാണുക. അല്ലാഹു പറയുന്നു: നിന്റെ വസ്ത്രങ്ങ ള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക” (ക്വുര്‍ആന്‍ 74:4,5).

ശുദ്ധിയുള്ളവരില്‍ ഉള്‍പ്പെടുത്താന്‍ നബി ﷺ  സദാ പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”അല്ലാഹുവേ, പശ്ചാത്താപ നിമഗ്‌നരും പരിശുദ്ധരുമായ ജനങ്ങളില്‍ എന്നെ നീ ഉള്‍പ്പെടുത്തേണമേ” (തിര്‍മിദി).

രണ്ടുതരം ശുദ്ധീകരണത്തെയും ഉള്‍ക്കൊള്ളുന്ന അധ്യാപനങ്ങളാണിതെല്ലാം. ഏതൊരു നന്മയും അല്ലാഹു സ്വീകരിക്കുക ശുദ്ധിയുള്ളവരില്‍ നിന്നാണ്.

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”ശുദ്ധിയോടുകൂടിയല്ലാതെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല” (മുസ്‌ലിം).

 ദിവസവുമുള്ള അഞ്ച് സമയങ്ങളിലെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മുമ്പായി അംഗസ്‌നാനം (വുദൂഅ്) ചെയ്യുവാനും കുളി അനിവാര്യമാകുന്ന സന്ദര്‍ഭങ്ങളില്‍ കുളിക്കുവാനും വെള്ളം ലഭിക്കാതിരിക്കുകയോ ലഭിച്ചാലും ഉപയോഗിക്കാന്‍ പറ്റാതിരികുകയോ ചെയ്യുന്ന സന്ദര്‍ഭമാണെങ്കില്‍ തയമ്മും ചെയ്ത് ശുദ്ധിവരുത്തുവാനും പഠിപ്പിച്ച മതമാണ് ഇസ്‌ലാം.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും നിങ്ങളുടെ തലതടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജനം കഴിഞ്ഞ് വരികയോ നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം” (ക്വുര്‍ആന്‍ 5:6).

ശരീരത്തിനും മനസ്സിനും  സുഖവും  ആശ്വാസവും നല്‍കുന്ന, പ്രകൃതിപരമായി ചെയ്യല്‍ അനിവാര്യമായ നിര്‍ദേശങ്ങളാണ് വൃത്തിയുടെ കാര്യത്തില്‍ ഇസ്‌ലാം നല്‍കുന്നത്.  

ആഇശ(റ)യില്‍ നിന്ന് നിവേദനം; റസൂല്‍ ﷺ  പറഞ്ഞു: ”പത്ത് കാര്യങ്ങള്‍ പ്രകൃതിപരമായ ബാധ്യതകളില്‍പെട്ടതാകുന്നു: മീശ വെട്ടുക, താടി വളര്‍ത്തുക, ദന്തശുദ്ധി വരുത്തുക, മൂക്കില്‍ വെള്ളം കയറ്റി ചീറ്റിക്കളയുക, നഖം മുറിക്കുക, വിരല്‍സന്ധികള്‍ കഴുകുക, കക്ഷത്തിലെ രോമം നീക്കുക, ഗുഹ്യസ്ഥാനത്തെ രോമം കളയുക, വെള്ളം ഉപയോഗിച്ച് ശൗച്യം ചെയ്യുക, വായില്‍ വെള്ളം കയറ്റി കൊപ്ലിക്കുക തുടങ്ങിയവയാണ് അവ” (മുസ്‌ലിം).

കക്ഷത്തിലെയും ഗുഹ്യസ്ഥാനത്തെയും രോമം നീക്കം ചെയ്യാതെ നാല്‍പത് ദിവസത്തിലധികം ദീര്‍ഘിപ്പിക്കരുതെന്നും നബി ﷺ  ഉണര്‍ത്തിയിട്ടുണ്ട്. മഹാമാരികള്‍ പടര്‍ന്ന് പരക്കുമ്പോള്‍ രോഗപ്രതി രോധത്തിനായി  ശാസ്ത്രവും ആരോഗ്യ വകുപ്പും ചികിത്സാ രംഗത്തെ വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പുകളില്‍ പലതും നൂറ്റാണ്ടുകള്‍ക്കപ്പുറം ദൈവിക ബോധനത്തിന്റെ വെളിച്ചത്തില്‍ നബി ﷺ  ചെയ്ത് കാണിച്ചു തന്നവയാണെന്നത് എത്രമേല്‍ ഇസ്‌ലാം കാലോചിതമാണെന്നതിന്റെ  തെളിവ് കൂടിയാണ്.

ശുചിത്വ മേഖലയില്‍ ഓരോരുത്തരും കാണിശമായും പാലിക്കേണ്ട ഒട്ടനവധി മര്യാദകളെ കുറിച്ചും ഇസ്‌ലാം പറഞ്ഞിട്ടുണ്ട്. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ഇത്തരം ഉപദേശങ്ങളെ തൊട്ട് അശ്രദ്ധരായാലുണ്ടാകുന്ന അപകടങ്ങള്‍ ചെറുതായിരിക്കില്ല.

ഭക്ഷണത്തിന് മുമ്പ്, ശേഷം, രോഗികളെ പരിചരിക്കുമ്പോള്‍, ദൂരയാത്രകളില്‍നിന്ന് തിരിച്ചെത്തുമ്പോള്‍, അഴുക്കോ മറ്റു മാലിന്യങ്ങളോ പുരളുമ്പോള്‍, ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍… ഇത്തരം സമയങ്ങളില്‍ കൈകള്‍ ശരിയാംവിധം കഴുകല്‍ നിര്‍ബന്ധമാണ്.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”നിങ്ങളില്‍ ആരും തന്നെ ഉറക്കമുണര്‍ന്നാല്‍ കൈ മൂന്നുതവണ കഴുകാതെ പാത്രത്തില്‍ മുക്കരുത്. കാരണം, രാത്രിയില്‍ കൈ എവിടെയൊക്കെ തട്ടിയിട്ടുണ്ടാകുമെന്ന് അവന്നറിയില്ല.” (ബുഖാരി, മുസ്‌ലിം)

ആഇശ(റ)യില്‍ നിന്ന് നിവേദനം: ”നബി ﷺ ഭക്ഷണം കഴിക്കുവാനോ വെള്ളംകുടിക്കുവാനോ ഉദ്ദേശിച്ചാല്‍ മുന്‍കൈകള്‍ കഴുകുമായിരുന്നു” (അഹ്്മദ്).

ചികില്‍സാ മേഖലയിലുള്ളവര്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ കൈകളുടെ എല്ലാ ഭാഗങ്ങളും പൂര്‍ണമായും ഉരസി കഴുകണമെന്നത് ഇസ്‌ലാമിന്റെ പ്രാഥമിക ശുദ്ധിപാഠങ്ങളില്‍പെട്ടതാണ്.

ദന്ത ശുദ്ധീകരണം വായക്ക് ശുദ്ധിനല്‍കുന്നതും സ്രഷ്ടാവിന് തൃപ്തിയുള്ളതുമായ പ്രവര്‍ത്തനമാണ്. അഞ്ച് നേരങ്ങളില്‍ ഇസ്‌ലാം ഇതിനെ പ്രോത്സാഹിപ്പിച്ചു.

അബൂഹുറയ്‌റയി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”എന്റെ സമുദായത്തോട് ഓരോ തവണയും വുദ്വൂവോടൊന്നിച്ച് ദന്തശുദ്ധി വരുത്താന്‍ ഞാന്‍ നിര്‍ബന്ധപൂര്‍വം കല്‍പിക്കുമായിരുന്നു; അത് അവര്‍ക്ക് വിഷമം സൃഷ്ടിക്കയില്ലായിരുന്നുവെങ്കില്‍”(അഹ്മദ്).

ഉറങ്ങുന്നതിന് മുമ്പ്, എഴുന്നേല്‍ക്കുന്ന നേരം, യാത്രകഴിഞ്ഞ് തിരിച്ചെത്തിയാല്‍ എന്നീ സന്ദര്‍ഭ ങ്ങളില്‍ കൂടി ദന്തശുദ്ധീകരണം നടത്തുവാന്‍ നിര്‍ദേശമുമുണ്ട്.

സ്വന്തം സ്ഥലങ്ങളെ പോലെത്തന്നെ പൊതുസ്ഥലങ്ങളെയും മലിനമാക്കാതിരിക്കാന്‍ നോക്കണം. കെട്ടിനില്‍ക്കുന്ന വെള്ളം, ജനങ്ങള്‍ സഞ്ചരിക്കുന്ന വഴി, കായ്കനികള്‍ നല്‍കുന്ന മരച്ചുവട്, തണല്‍ എന്നിവിടങ്ങളില്‍ വിസര്‍ജനം നടത്തരുതെന്ന് ഇസ്‌ലാം കല്‍പിക്കുന്നു. ‘ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്’ എന്ന ബോര്‍ഡ് സ്ഥാപിക്കപ്പെട്ടിടത്തെല്ലാം മാലിന്യങ്ങള്‍ കൊണ്ടുപോയി തള്ളുന്ന പ്രവണത മലയാളികള്‍ക്കിടയില്‍ കണ്ടുവരുന്നു എന്നത് ഖേദകരമാണ്.

ശൗച്യാലയങ്ങള്‍ മറയുള്ളതാകണം, അതിനുള്ളില്‍ സംസാരം പാടില്ല എന്നും ഇസ്‌ലാം നിര്‍ദേശിക്കുന്നു.

ജാബിറി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”രണ്ടു പേര്‍ കാഷ്ടിക്കുകയാണെങ്കില്‍ പരസ്പരം മറഞ്ഞിരിക്കണം. സംസാരിക്കാതിരിക്കുകയും ചെയ്യേണ്ടതാണ്. കാരണം അല്ലാഹു അത് വെറുക്കുന്നു”(അഹ്മദ്)

വലതുകൈകൊണ്ട് വിസര്‍ജ്യം കഴുകല്‍, പാനീയങ്ങളിലേക്ക് ഊതല്‍ എന്നിവ വെറുക്കപ്പെട്ടതും മര്യാദയില്ലായ്മയുമായിട്ടാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. വെള്ളത്തിലേക്ക് ഊതുമ്പോള്‍ വായില്‍നിന്നുള്ള ദുര്‍ഗന്ധവും ഉച്ചിഷ്ടവും അതില്‍ ചേരുവാന്‍ സാധ്യതയുണ്ട്.

അബൂക്വതാദ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”നിങ്ങളില്‍ ആരും തന്നെ മൂത്രിക്കുന്നതിനിടയില്‍ വലതുകൈകൊണ്ട് ലിംഗം സ്പര്‍ശിക്കുകയോ കാഷ്ടം തുടച്ചുകളയുകയോ ചെയ്യരുത്. വെള്ളത്തില്‍ ഊതുകയുമരുത്” (ബുഖാരി, മുസ്‌ലിം).

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുക, വലിയ അശുദ്ധി(ജനാബത്ത്)യുള്ളവനായിരിക്കെ അതില്‍ കുളിക്കുക എന്നിവ പാടുള്ളതല്ല. വെള്ളത്തിന്റെ ശുദ്ധിക്ക് ഭംഗംവരുത്താനും ശുദ്ധീകരണത്തിനാ യി അത് ഉപയോഗിക്കുന്നവരെ അസുഖങ്ങള്‍ പിടികൂടാനും അത് കാരണമാകും.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”നിങ്ങളില്‍ ആരും തന്നെ ഒഴുകിപ്പോകാത്ത കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുകയും എന്നിട്ട് അതില്‍ തന്നെ കുളിക്കുകയും ചെയ്യരുത്” (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”നിങ്ങളില്‍ ആരും തന്നെ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായിരിക്കെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിക്കരുത്”(മുസ്‌ലിം).

അശുദ്ധമായ വെള്ളം കൊണ്ട് ഉപയോഗപ്രദമായ ഒന്നും തന്നെ വൃത്തിയാക്കരുത്. നാം നിസ്സാരമെന്ന് വിചാരിക്കുന്ന കാര്യങ്ങളില്‍പോലും ഇസ്‌ലാമിക നിയമം നമുക്ക് ആശ്വാസമാണ്.

നബി ﷺ  പറഞ്ഞു: ”വെള്ളം ശുദ്ധമാണ്; പുതുതായി വന്നുചേരുന്ന മാലിന്യം നിമിത്തം അതിന്റെ ഗന്ധമോ, രുചിയോ, വര്‍ണമോ വ്യത്യാസപ്പെട്ടെങ്കിലല്ലാതെ” (ബൈഹക്വി).

എല്ല്, ചാണകം എന്നിവകൊണ്ട് ശുദ്ധീകരിക്കലും വിരോധിക്കപ്പെട്ടിട്ടുണ്ട്.

സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: ”നിശ്ചയം, ചാണകം കൊണ്ടോ എല്ലുകൊണ്ടോ ശുദ്ധിയാക്കുന്നത് നബി ﷺ  ഞങ്ങളോട് വിരോധിച്ചിരിക്കുന്നു” (മുസ്‌ലിം).

കുളിക്കാന്‍ സൗകര്യപ്പെടുത്തിയ ഭാഗങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നതും ആവശ്യനിര്‍വഹണത്തിന് ശേഷം കൈകള്‍ കഴുകാതിരിക്കുന്നതും നബി ﷺ  വിലക്കിയതാണ്.

അബ്ദുല്ലാഹ് ഇബ്‌നു മുഗഫ്ഫി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”നിങ്ങളിലൊരാളും തന്റെ കുളിപ്പുരയില്‍ മൂത്രമൊഴിക്കുകയും ശേഷം അതില്‍ കുളിക്കുകയും ചെയ്യരുത്” (ഇബ്‌നുമാജ).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”നബി ﷺ  വിസര്‍ജനസ്ഥലത്തേക്ക് പോയാല്‍ ഞാന്‍ തിരു മേനി ﷺ ക്ക് ഒരു ചെറുപാത്രത്തിലോ തോല്‍സഞ്ചിയിലോ വെള്ളം കൊണ്ടെത്തിക്കുമായിരുന്നു. അപ്പോള്‍ നബി ﷺ  വെള്ളം കൊണ്ട് ശുദ്ധീകരിച്ചു. പിന്നീട് തന്റെ കയ്യ് മണ്ണില്‍ തേച്ചു.” (അബൂദാവൂദ്)

ഒരു ബാത്ത്‌റൂമില്‍ തന്നെ രണ്ടിനും വെവ്വേറ ഭാഗങ്ങള്‍ സൗകര്യപ്പെടുത്തിയീട്ടുണ്ടെങ്കില്‍ ആ നിലയ്ക്ക് അതിനെ ഉപയോഗപ്പെടുത്താം. മണ്ണ്, സോപ്പ് മുതലയ ഉപയോഗിച്ച് കൈകള്‍ ശുദ്ധിയാക്കാവുന്നതാണ്.

ആരോഗ്യത്തിന് ഹാനികരമല്ലാത്ത നല്ല ഭക്ഷണ പാനിയങ്ങള്‍ ഉപയോഗിക്കണമെന്നതും ഭക്ഷിക്കലും കുടിക്കലും വലതുകൈകൊണ്ടാകണമെന്നതും നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട നിയമമാണ്.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍”(ക്വുര്‍ആന്‍ 2:172).

ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ല്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു:”നിങ്ങളിലൊരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലതുകൈകൊണ്ടു ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലതുകൈകൊണ്ടു കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം, ശൈത്വാനാണ് തന്റെ ഇടതുകൈകൊണ്ടു തിന്നുകയും ഇടതു കൈകൊണ്ടു കുടിക്കുകയും ചെയ്യുക”(മുസ്‌ലിം).

ഇസ്‌ലാം മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കുന്ന മതമാണെന്നതിന് ഇതിലും വലിയ തെളിവുകളുടെ ആവിശ്യമില്ല. മനുഷ്യജീവിതത്തിന്റെ മാറ്റങ്ങളെപ്പറ്റി വ്യക്തമായി അറിയുന്ന രക്ഷിതാവ് എക്കാലത്തുമുള്ളവര്‍ക്ക് വേണ്ടി ഇത്തരം നിയമങ്ങള്‍ നല്‍കിയത് പ്രയാസപ്പെടുത്താനല്ല; എളുപ്പം നല്‍കാനാണെന്ന് ഇസ്‌ലാമിനോടടുക്കുന്ന ആര്‍ക്കും ബോധ്യമാകും.

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

എന്താണ് ഹൃദയാഘാതം?

എന്താണ് ഹൃദയാഘാതം?

ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി രക്തധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നത് മൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃദയപേശികള്‍ക്ക് രക്തംകിട്ടുന്ന അളവ് കുറയുകയും ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞ് രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണമായി അടഞ്ഞ് രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങനെ ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണോ?  

ഹൃദയരക്തധമനികളില്‍ ബ്ലോക്ക് ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചുപോകുന്നു. അതിനാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ സ്തംഭനം വരാതെ രക്ഷപ്പെടാം. ഹൃദയാഘാതം ഉണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്. 

അന്‍ജൈന

ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേദനയാണ് അന്‍ജൈന. ഹൃദയധമനികളില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ തിരിച്ചറിയണം. ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയം വേദനയുടെ രൂപത്തില്‍ നമുക്ക് സൂചന നല്‍കുന്നു. നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയം നേരിടുന്നത്. 

പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചില്‍ ചെറിയൊരു ഭാരം കയറ്റിവെച്ചതുപോലെ തോന്നുക, നെഞ്ചെരിച്ചില്‍ ഉണ്ടാവുക, നെഞ്ചു വലിഞ്ഞു മുറുകുന്നത് പോലെ തോന്നുക, നെഞ്ചില്‍നിന്ന് വേദനകള്‍ കഴുത്ത,് കൈകള്‍, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാഗങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചിലും കയ്യിലുമായി വേദന വരുന്ന 70 ശതമാനം പേരിലും അതിനുകാരണം ഹൃദ്രോഗം ആയിരിക്കും. ചിലര്‍ക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോള്‍ ഓക്കാനം, ഛര്‍ദി, ശ്വാസംമുട്ടല്‍, തലകറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്

ഹൃദ്രോഗം വേദനയില്ലാതെ വരുമോ?

നെഞ്ചുവേദന ഇല്ലാതെയും ഹൃദ്രോഗം ഉണ്ടാവാം. നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് ഇവരില്‍ പലരും ഹൃദ്രോഗ വിവരം അറിയില്ല. പിന്നീടെപ്പോഴെങ്കിലും ഇ.സി.ജി. എടുക്കുമ്പോഴാണ് രോഗവിവരം അറിയുക. ചിലര്‍ക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഉണ്ടായി കുറച്ചു കഴിഞ്ഞ് അത് മാറിയെന്നു വരാം. ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റെതാണെന്ന് പലരും തിരിച്ചറിയാറില്ല. പ്രമേഹരോഗികളിലാണ് വേദനയില്ലാതെ ഹൃദ്രോഗം കൂടുതലായി കണ്ടുവരുന്നത്. 

സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത 

സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന ഒരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ രോഗനിരക്ക് കൂടിവരികയാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആര്‍ത്തവവിരാമമാകുന്നതോടെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ.് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിന് കാരണം. അമിത മാനസികസമ്മര്‍ദം, അമിതഭക്ഷണം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയ കാരണങ്ങളാലും സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകും.

 

ഡോ.യൂസുഫലി
നേർപഥം വാരിക

വൃക്കരോഗവും കുട്ടികളും

വൃക്കരോഗവും കുട്ടികളും

കുട്ടികളിലും പ്രായമായവരിലും വൃക്കരോഗങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ ചിലതരം രോഗങ്ങള്‍ കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നു. അവയുടെ ചികിത്സാരീതികളിലുള്ള പ്രത്യേകത കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നുമുണ്ട്.

വൃക്കകളിലോ മൂത്രനാളികളിലോ ജന്മനായുണ്ടാകുന്ന വൈകൃതങ്ങളും തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളും വൃക്കകള്‍ക്ക് കേടുപാടുണ്ടാക്കുന്നു. കുട്ടികളിലെ മൂത്രത്തിലുണ്ടാകുന്ന പഴുപ്പ് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും ആണ്‍കുട്ടികളില്‍. കാരണം, വൃക്കകളിലെയും മൂത്രമൊഴുകുന്ന വഴികളിലെയും അപാകതകള്‍ ഇതിനു കാരണമായി വര്‍ത്തിക്കുന്നു. കഴിയുന്നതും നേരത്തെ കണ്ടുപിടിച്ചാല്‍ ഇവ ചികിത്സിക്കാവുന്നതും ഭാവിയില്‍ വൃക്കകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കുറക്കാവുന്നതുമാണ്. 

ആണ്‍കുട്ടികളില്‍ കാണപ്പെടുന്ന പോസ്റ്റീരിയല്‍ യൂറിത്രല്‍ വാല്‍വ്, മൂത്രാശയത്തില്‍നിന്ന് യൂറിറ്ററിലേക്ക് മൂത്രം തിരിച്ചുകയറുന്ന റിഫ്‌ളക്‌സ് എന്നിവയാണ് ഇത്തരത്തിലുള്ള സാധാരണ രോഗങ്ങള്‍. ഇവമൂലം വൃക്കകള്‍ക്ക് കേടു സംഭവിച്ചുകഴിഞ്ഞാല്‍ രോഗവിമുക്തി പ്രയാസമാണ്.

ചൊറി, ചിരങ്ങുകള്‍ക്ക് ശേഷമോ തൊണ്ടവേദനയെ തുടര്‍ന്നോ ഗ്ലോമറുലോനെഫ്രൈറ്റിസ് എന്ന വൃക്കരോഗമുണ്ടാകാറുണ്ട്. മൂത്രത്തിലൂടെ രക്തംവരികയും നീരുണ്ടാവുകയുമാണ് രോഗലക്ഷണങ്ങള്‍. ആറ് ആഴ്ചയ്ക്കുള്ളില്‍ രോഗവിമുക്തി ഉണ്ടാവുകയാണ് പതിവ്. ഭാവിയില്‍ സാധാരണഗതിയില്‍ പ്രശ്നങ്ങളുണ്ടാകുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

എച്ച്.യു.എസ്

വയറുകടി പോലുള്ള അസുഖങ്ങളെ തുടര്‍ന്നും വൃക്കകള്‍ക്ക് കേടു സംഭവിക്കുന്നു. എച്ച്.യു.എസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗത്തില്‍ ഗുരുതരമായ വൃക്കരോഗമുണ്ടാകാനും ഭാവിയില്‍ ഗുരതരമായ ്രപശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. 

നെേഫ്രാട്ടിക് സിഡ്രോം

മൂത്രത്തിലൂടെ രക്തത്തിലെ ആല്‍ബുമിന്‍ എന്ന മാംസ്യഘടകം നഷ്ടപ്പെട്ടുപോകുന്ന നെഫ്രോട്ടിക് സിന്‍ഡ്രവും കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നു. മരുന്നുകള്‍ കൊണ്ട് മാറിനില്‍ക്കുെമങ്കിലും ഇടക്കിടക്ക് ഈ രോഗം വെന്നത്തിനോക്കാറുണ്ട്. 

ഗ്ലോമറുലസ്സിനുണ്ടാകുന്ന മറ്റു രോഗങ്ങള്‍ റിനല്‍ ഫെയിലിയര്‍, രക്തസമ്മര്‍ദം, വൃക്കകളിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയ മറ്റു േരാഗങ്ങളും കുട്ടികളില്‍ കണ്ടുവരാറുണ്ട്.

പ്രതിവിധി

വൃക്കകള്‍ക്ക് പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ വയറ്റില്‍ക്കൂടി നടത്താവുന്ന പെരിട്ടോണിയല്‍ നടത്താവുന്ന പെരിട്ടോണിയല്‍ ഡയാലിസിസ് ആണ് സാധാരണ ചെയ്യാറുളളത്. നമ്മുടെ നാട്ടില്‍ അത്ര സാധാരണയല്ലെങ്കിലും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയും കുട്ടികളില്‍ നടത്തിവരുന്നുണ്ട്.

 

അവലംബം: ഡോ. കെ. പി. ജയകുമാർ
നേർപഥം വാരിക

എന്താണ് മൈഗ്രേന്‍?

എന്താണ് മൈഗ്രേന്‍?

പലര്‍ക്കും തലവേദന വല്ലപ്പോഴും അനുഭവപ്പെടുന്ന ഒന്നാണ്. ടെന്‍ഷന്‍, ചെറിയ അസുഖങ്ങള്‍ എന്നിവകൊണ്ടാണ് പലപ്പോഴും തലവേദനയുണ്ടാകുന്നത്. മാരകരോഗങ്ങളുടെ ലക്ഷണമായും തലവേദന പ്രത്യക്ഷപ്പെടാറുണ്ട്.

തങ്ങളെ സമീപിക്കുന്ന രോഗികളില്‍ ചിലരുടെ തലവേദന മൈഗ്രേന്‍ കൊണ്ടുണ്ടാകുന്നതാണെന്ന് ഡോക്ടര്‍ വിലയിരുത്തുന്നു. വൈദ്യശാസ്ത്രം ഇതിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ ഇത് ഒരു സിന്‍ഡ്രോം (ട്യിറൃീാല) ആണ്. ഒരുകൂട്ടം രോഗലക്ഷണങ്ങള്‍ ഒരേ രീതിയില്‍ ഒരുമിച്ച് നിശ്ചിത സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ് ‘സിന്‍ഡ്രോം’ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സിന്‍ഡ്രോമില്‍ വളരെ പ്രത്യേകതകളുള്ള ഒരു തലവേദനയാണ് മൈഗ്രേന്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ എല്ലാ കടുത്ത തലവേദനയും മൈേഗ്രന്‍ അല്ല.

വേദനയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പലപ്പോഴും നെറ്റിയുടെ ഒരുഭാഗത്തുനിന്നാണ് ഇത് വ്യാപിക്കുക. നാട്ടുഭാഷയില്‍ ഇത് ചെന്നിക്കുത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈഗ്രേന്‍ ഒന്നോ രേണ്ടാ മണിക്കൂര്‍ തൊട്ട് മൂന്നു ദിവസംവരെ നീണ്ടുനിന്നെന്ന് വരാം.

രോഗകാരണം

ഇതിനെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണമായി മനസ്സിലാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. മാനസിക സംഘര്‍ഷവും ചില പ്രത്യേക ഭക്ഷണവും തലച്ചോറുകളിലെ രക്തക്കുഴലുകളില്‍ കോച്ചിവലിക്കല്‍ ഉണ്ടാക്കുകയും അങ്ങനെ നിരന്തരമായ റിയാക്ഷന്‍ സംഭവിക്കുകയുമാണ് ചെയ്യുന്നത്. ഈ ഘട്ടത്തില്‍ നിരവധി രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. ഇങ്ങനെ തലച്ചോറിന് സ്വാഭാവികമായി ലഭിക്കേണ്ടതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ രക്തവും ഓക്‌സിജനും കിട്ടാതെവരുന്നു. ഈ അവസ്ഥയില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കുവാന്‍ ചില രക്തക്കുഴലുകള്‍ സാധാരണയില്‍ കവിഞ്ഞ് വികസിക്കുന്നു. ഈ സമയത്ത് രക്തക്കുഴലുകളില്‍ നീര്‍ക്കെട്ടുണ്ടാവുകയും വേദനയനുഭവപ്പെടുകയും ചെയ്യുന്നു.

ധമനി(ആര്‍ട്ടറി)യുടെ ഭിത്തികള്‍ ശരീരത്തിലെ മറ്റേതൊരു കലയും പോലെ വലിഞ്ഞുമുറുകുമ്പോള്‍ ചിലതരം രാസപദാര്‍ഥങ്ങള്‍ പുറപ്പെടുവിക്കുന്നു. തൊട്ടടുത്തുള്ള സിരാഗ്രങ്ങളെ ഈ രാസപദാര്‍ഥങ്ങള്‍ ഉത്തേജിപ്പിക്കുമ്പോഴാണ് മൈഗ്രേന്‍ വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ആര്‍ട്ടറികളുടെ ഈ സ്വഭാവസവിശേഷതയ്ക്ക് എന്താണ് കാരണമെന്ന് വ്യക്തമായ നിഗമനത്തിലെത്താന്‍ ഇന്നും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു രാസപദാര്‍ഥമായ സിറോടോണിന്‍ ശരീരം ഉപയോഗിക്കുന്ന വിധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് രക്തക്കുഴലുകളുടെ വലുപ്പത്തെ ബാധിക്കുന്നുവെന്നും കരുതപ്പെടുന്നു.

മൈഗ്രേനെക്കുറിച്ച് ശരിയായ ധാരണ രോഗിക്ക് നല്‍േകണ്ടത് ഡോക്ടറുടെ ചുമതലയാണ്. ഇവര്‍ക്ക് കൗണ്‍സലിംഗും ആവശ്യമാണ്.  മരുന്നുകളെ മാത്രം ആശ്രയിക്കുക എന്നത് ശരിയായ സമീപനമല്ല.

മാനസിക സമ്മര്‍ദങ്ങളും വികാരങ്ങളും

മൈേഗ്രന്‍ ഉണ്ടാക്കുന്നതില്‍ രോഗിയുടെ മാനസിക നിലയ്ക്ക് വളരെയേറെ പങ്കുണ്ട്. വ്യക്തിപരവും വികാരപരവുമായ സവിശേഷതകള്‍ (ഉദാ. വിദ്വേഷം, വെറുപ്പ്, നിരാശ) പലരിലും മൈഗ്രേനിനു കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളോടുള്ള പക, വെറുപ്പ്, നിരാശ ഇതെല്ലാം പുറമെ കാണിക്കാന്‍ പറ്റാത്ത അവസരത്തില്‍ മനസ്സില്‍ അവ കുടിക്കിടക്കുന്നു; മനഃസംഘര്‍ഷമുണ്ടാക്കുന്നു. ഇത് രോഗകാരണമാവുകയും ചെയ്യുന്നു. മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ വൈമനസ്യം കാട്ടുന്നതരം കടുംപിടുത്ത സ്വഭാവക്കാരിലും രോഗസാധ്യത കൂടുതലായിരിക്കും. മനഃസംഘര്‍ഷം മൈഗ്രേന്‍ സൃഷ്ടിക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ടെങ്കിലും ചിലര്‍ക്ക് ഈ സംഘര്‍ഷം കുറഞ്ഞതിനുശേഷമായിരിക്കും തലവേദന വരുന്നത്. ച ുരുക്കത്തില്‍, മനഃസംഘര്‍ഷം, വിഷാദം, അതിരുകവിഞ്ഞ ആകാംക്ഷ, കോപം, നിരാശ തുടങ്ങിയവയെല്ലാം രോഗം കൂട്ടും. 

ഭക്ഷണവും മൈഗ്രേനും

മൈഗ്രേനും ഭക്ഷണവും തമ്മില്‍ വളരെ ബന്ധമുള്ളതായി പഠനങ്ങള്‍ കാണിക്കുന്നു. എന്നാല്‍ തീര്‍ത്തും വ്യക്തമായ നിഗമനത്തിലെത്തിയിട്ടില്ല. ഭക്ഷണത്തിലും പാനീയത്തിലും അടങ്ങിയിരിക്കുന്ന ചില രാസപദാര്‍ഥങ്ങള്‍ രക്തക്കുഴലുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് അവയെ വികസിപ്പിക്കുകയും അങ്ങനെ മൈഗ്രേന്‍ ഉണ്ടാകുകയും ചെയ്യുന്നു. പഴകിയ ചീസ്, ചൈനീസ് ഫുഡ്‌സ്, മദ്യം എന്നിവ ഇക്കൂട്ടത്തില്‍ പെടും. മദ്യം രക്തക്കുഴലുകളെ നേരിട്ട് വികസിപ്പിക്കുന്നു. ഭക്ഷണം ദിവസം മൂന്നോ അതിലധികമോ തവണ ആകാം; ചെറിയ അളവില്‍. കഴിയുന്നതും പട്ടിണികിടക്കാതിരിക്കുക. കൊഴുപ്പും അധികം പഞ്ചസാരയും നന്നല്ല.

ഉറക്കം

സാധാരണ തലവേദനമൂലം ഉറക്കത്തില്‍നിന്ന് ഉണരുന്നതു പോലെ മൈഗ്രേന്‍ െകാണ്ടും ഉറക്കത്തില്‍നിന്ന് ഉണരാറുണ്ട്. രാത്രിയിലെ മതിയായ ഉറക്കവും പകലുറക്കവും മൈഗ്രേന്‍ തടയാന്‍ സഹായിക്കും. കൂടുതല്‍ ഉറങ്ങുന്നതും തീരെ കുറച്ച് ഉറങ്ങുന്നതും തലവേദയ്ക്ക് കാരണമാകാറുണ്ട്. പുകവലിയും രുക്ഷഗന്ധങ്ങളും പുകയും മൈഗ്രേന്‍ വര്‍ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.

ചികിത്സകൊണ്ട് പരിപൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഇതിന്റെ അറ്റാക്കുകളെ നിയന്ത്രിക്കാന്‍ മരുന്നുകൊണ്ട് കഴിയും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് പറയുന്ന അളവില്‍ മാത്രം കഴിക്കുക. എത്ര പെട്ടെന്ന് മരുന്ന് കഴിക്കാന്‍ തുടങ്ങുന്നുവോ അത്രയും വേഗത്തില്‍ വേദനയില്‍നിന്നും മുക്തി ലഭിക്കും. മൈഗ്രേന്‍ ഉള്ളവര്‍ എപ്പോഴും മരുന്ന് കൂടെ കൊണ്ടുനടക്കാന്‍ ശീലിക്കുക.

വേദനവരുന്ന സമയത്ത് വെളിച്ചമില്ലാത്ത മുറിയില്‍ തല അല്‍പം പൊക്കിവെച്ച് സ്വസ്ഥമായി കിടക്കുന്നത് ആശ്വാസം നല്‍കും. 

ആര്‍ത്തവവിരാമവും മൈഗ്രേനും

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തോടെ ഇതില്‍നിന്ന് മോചനം ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും കൃത്യമായ രീതിയിലുള്ള ഉല്‍പാദനം നിലയ്ക്കുന്നു. ഈ രണ്ട് ഹോര്‍മോണുകളും നാഡീനിയന്ത്രിത ഹോര്‍മോണുകള്‍ ആയതിനാല്‍ ഇവയുടെ ഉല്‍പാദനത്തില്‍ വരുന്ന മാറ്റം തലവേദനയുടെ കാഠിന്യം കുറയ്ക്കും. എന്നാല്‍ മൈഗ്രേന്‍ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ആര്‍ത്തവവിരാമം ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെ താമസിക്കാനിടയുണ്ട്.

മൈഗ്രേന്‍ വരുന്നവരില്‍ 70 ശതമാനവും സ്ത്രീകളാണ്. ഇതാകട്ടെ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ് താനും. പല സ്ത്രീകളിലും ആര്‍ത്തവത്തിന് തൊട്ടു മുമ്പോ അതിനിടയ്‌ക്കോ അതിനുശേഷമോ മൈഗ്രേന്‍ കാണപ്പെടുന്നു. ഈ സമയത്ത് ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങള്‍ രക്തക്കുഴലുകള്‍ വികസിക്കുവാനും നീര്‍ക്കെട്ടുണ്ടാക്കുവാനും ഇടയാക്കുന്നു. ഹോര്‍മോണുകളടങ്ങിയ ഗര്‍ഭനിരോധന ഗുളികകളും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് കഴിക്കുന്ന ചില മരുന്നുകളും മൈഗ്രേന് കാരണമാകാറുണ്ട്.

മൈഗ്രേന്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണികളായിക്കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഇതില്‍നിന്ന് പൂര്‍ണമായി മുക്തിനേടാറുണ്ട്. എന്നാല്‍ അപൂര്‍വം ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ആദ്യത്തെ മൈഗ്രേന്‍ അറ്റാക്ക് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈസ്ട്രജന്‍ വിതാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

അബൂ ഫായിദ
നേർപഥം വാരിക

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

ശരീരത്തിന്റെ താളം നിയന്ത്രിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഈ ഗ്രന്ഥി പങ്കാളിയാണ്. കഴുത്തിലാണ് ഇതിന്റെ സ്ഥാനം. ഏകദേശം രണ്ട് ഇഞ്ച് വലുപ്പം. ചിറകുവിരിച്ച ശലഭത്തിന്റെ ആകൃതി.

തൈറോയ്ഡ് ഗ്രന്ഥി പ്രധാനമായും രണ്ട് ഹോര്‍മോണുകളാണ് ഉത്പാദിപ്പിക്കുന്നത്. ട്രൈ അയഡോ തൈറോണിന്‍ അഥവാ ടി.3 യും തൈറോക്‌സിന്‍ അഥവാ ടി4 ഉം. പിറ്റിയൂട്ടറി ഗ്രന്ഥിയില്‍നിന്നുള്ള തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ അഥവാ ടി.എസ്.എച്ച് തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുമ്പോഴാണ് ഇവ ഇത്പാദിപ്പിക്കപ്പെടുന്നത്. ടി4 ഹോര്‍മോണ്‍ ശരീരത്തിന്റെ ബാഹ്യകലകളില്‍വെച്ച് കൂടുതല്‍ സക്രിയമായ ടി3 ഹോര്‍മോണായി മാറുന്നു.

തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രധാന ധര്‍മങ്ങര്‍ ഇവയാണ്: ശരീരത്തിന്റെ ഓക്‌സിജന്‍ ഉപയോഗം കൂട്ടുകയും അതുവഴി കൂടുതല്‍ ഊര്‍ജം ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടുന്നു. നാഡീസംവേദനങ്ങളെ ത്വരിതഗതിയിലാക്കുന്നു. ഗര്‍ഭാവസ്ഥയിലും കുഞ്ഞുങ്ങളിലും ബുദ്ധിവികാസത്തിന് വളരെ പ്രധാനമായ പങ്ക് വഹിക്കുന്നു. രക്തത്തിലെ കൊളസ്ട്രാള്‍ നില കുറയ്ക്കുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്നു. മുലയൂട്ടുന്ന കാലയളവില്‍ പാല്‍ ഉത്പാദനത്തെ സഹായിക്കുന്നു. സ്ത്രീകളില്‍ കൃത്യമായ ആര്‍ത്തവചക്രത്തിനും പ്രത്യുല്‍പാദനശേഷിയെയും സഹായിക്കുന്നു.

 സ്ത്രീകളില്‍ കൂടുതല്‍

തൈറോയ്ഡ് രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്. ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ തൊട്ട് ജീവിതത്തിന്റെ ഏതു ഘട്ടത്തിലും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കടന്നുവരാം. എങ്കിലും സ്ത്രീകളില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ തൈറോയ്ഡ് പ്ര ശ്‌നങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

 തൈറോയ്ഡ് തകരാറുകള്‍

തൈറോയ്ഡ് രോഗങ്ങള്‍ പലതരത്തിലുണ്ട്. ചിലപ്പോള്‍ ഈ ഗ്രന്ഥിക്ക് ശരിയായ രീതിയില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരും. അമിതമായി ഹോര്‍മോണ്‍ ഉത്പാദിപ്പിച്ചെന്നും വരാം. ചിലരില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുമെങ്കിലും അവ സക്രിയമായ ടി3 ആയി മാറുകയില്ല. അതുമല്ലെങ്കില്‍ ബാക്കി പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടന്നാലും ശരീരത്തിന്റെ പ്രതിരോധ ശൃംഖലക്ക് ഇവയെ ഏകോപിക്കാന്‍ കഴിയാതെയും വരാം. 

തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ പ്രധാനമായത് ഹൈപ്പോ തൈറോയ്ഡിസം അഥവാ തൈറോയ്ഡ് പ്രവര്‍ത്തന മാന്ദ്യം, ഹൈപ്പര്‍ തൈറോയ്ഡിസം അഥവാ അമിത പ്രവര്‍ത്തനം എന്നിവയാണ്. ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണം വിവിധതരം പോഷകഘടകങ്ങളുടെ അസന്തുലിതാവസ്ഥയും തെറ്റായ ജീവിതശൈലിയും തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ മൂലകമാണ് അയഡിന്‍. ഇതിനു പുറമെ സിങ്ക്, സെലനിയം മുതലായ സൂക്ഷ്മ മൂലകങ്ങളുടെ അഭാവവും തൈറോയ്ഡ് രോഗങ്ങള്‍ക്ക് വഴിതെളിക്കാം. റേഡിയോ ആക്ടീവ് അയഡിന്‍ ചികിത്സ, ഓട്ടോ ഇമ്യൂണ്‍ തകരാറുകള്‍, ജനിതക കാരണങ്ങള്‍ എന്നിവയും രോഗകാണമാകുന്നുണ്ട്. അടുത്ത കാലത്ത് നടന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭക്ഷണത്തില്‍ ചേര്‍ക്കപ്പെടുന്ന പല രാസസ്തുക്കളും രുചി പകരുന്ന കൃത്രിമ പദാര്‍ഥങ്ങളും ഇത്തരം തകരാറുകള്‍ ഉണ്ടാക്കുന്നു എന്നാണ്. 

തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ ഏറ്റവുമധികം കാണപ്പെടന്നത് ഹൈപ്പോതൈറോയ്ഡിസം ആണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ ക്ഷീണം, മന്ദത, കാരണമില്ലാതെ ശരീരഭാരം കൂടുക, വരണ്ടചര്‍മം, മുടികൊഴിച്ചില്‍, തണുപ്പ് സഹിക്കാന്‍ സാധിക്കാതെ വരിക, മലബന്ധം, ഡിപ്രഷന്‍, ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം, രക്തത്തിലെ കൊളസ്‌ട്രോള്‍ നില കൂടുക, മുഖത്തും കൈകാലുകളിലും നീര് എന്നിവയാണ്. ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ പ്രധാനലക്ഷണങ്ങള്‍ കാരണമില്ലാതെ ശരീരഭാരം കുറയുക, അമിതവിയര്‍പ്പ്, ഹൃദയമിടിപ്പ് കൂടുതല്‍, ആകാംക്ഷ, ദേഷ്യം, ക്ഷീണം, കൈവിറയല്‍, വയറിളക്കം, ഉറക്കക്കുറവ് എന്നിവയാണ്.

തൈറോയ്ഡിന്റെ ആരോഗ്യത്തിന് പോഷകങ്ങള്‍

മറ്റേതൊരു ശാരീരിക പ്രവര്‍ത്തനത്തിനും എന്നപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലും അവയെ തടസ്സപ്പെടുത്തുന്നതിലും ഭക്ഷണക്രമം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് സഹായകമായ പ്രധാന പോഷകങ്ങള്‍ ഇനി പറയുന്നവയാണ്.

 അയഡിന്‍

മനുഷ്യരില്‍ അയഡിന്‍ ആഗിരണം ചെയ്യപ്പെടുന്ന കോശങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ മാത്രമാണുള്ളത്. നമ്മുടെ ശരീരത്തിലെ ആകെ അയഡിന്റെ മൂന്നില്‍ രണ്ടുഭാഗവും തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്നു. അയഡിന്റെ അഭാവവും അമിത ഉപയോഗവും ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഈ മൂലകത്തിന്റെ അളവ് ശ്രദ്ധാപൂര്‍വം ക്രമീകരിക്കണം. 

ഇവയുടെ പ്രധാന സ്രോതസ്സുകള്‍ കടല്‍ വിഭവങ്ങളും ഇലക്കറികളും പച്ചക്കറികളും ധാന്യങ്ങും മറ്റുമാണ്. കടല്‍ വെള്ളമാണ് പ്രധാന സ്രോതസ്സെങ്കിലും അത് വറ്റിച്ചുണ്ടാക്കുന്ന ഉപ്പ് അത്ര നല്ല സ്രോതസ്സല്ല. അയഡൈസ്ഡ് ഉപ്പ് കൃത്യമായ അളവ് അയഡിന്‍ ഭക്ഷണത്തില്‍ ഉറപ്പ് വരുത്തുന്നു. 

 സെലനിയം

ശരീരത്തിലെ സെലനിയത്തിന്റെ ഭൂരിഭാഗവും തൈറോയ്ഡ് ഗ്രന്ഥിയിലാണ് കാണപ്പെടുന്നത്. ടി3 ഹോര്‍മോണിന്റെ ഉല്‍പാദനത്തിനും നിയന്ത്രണത്തിനും ഈ മൂലകം അത്യാവശ്യമാണ്. അതിനുപുറമെ മറ്റു ശരീരാവയവങ്ങളിലും രക്തത്തിലും ടി3 ഹോര്‍മോണ്‍ അളവ് ക്രമീകരിച്ച് നിര്‍ത്താനും ഈ മൂലകം ആവശ്യമാണ്. സെലനിയം പ്രധാന നിരോക്‌സീകാരക എന്‍സൈമുകളുടെ ഘടകം എന്നതു പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എന്‍സൈമുകളുടെയും പ്രധാന ഘടകമാണ്. ഇതിന് നിരോക്‌സീകാരകം എന്ന നിലയില്‍ കാന്‍സര്‍ തടയാനും പ്രതിരോധ ശേഷി, കാര്യഗ്രഹണശേഷി, പ്രത്യുല്‍പാദനശേഷി എന്നിവ വര്‍ധിപ്പിക്കാനുള്ള കഴിവുമുണ്ട്. കടല്‍ വിഭവങ്ങളായ ഞണ്ട്, ട്യൂണ, കൂണ്‍വര്‍ഗങ്ങള്‍, ലിവര്‍ എന്നിവയിലെല്ലാം സെലനിയം ഉണ്ട്.  

 ഇരുമ്പ്, സിങ്ക്, കോപ്പര്‍

സൂക്ഷ്മമൂലകങ്ങളില്‍ തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായ മറ്റു മൂന്ന് പ്രധാനഘടകങ്ങളാണിവ. സിങ്കിന്റെ അഭാവം ടി.സി.എച്ച് അളവ് കുറയ്ക്കുന്നതായും അയേണ്‍ അഭാവം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനശേഷി കുറയ്ക്കുന്നതായും കോപ്പര്‍ തൈറോയ്ഡ് ഉല്‍പാദനത്തെ ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.

ലിവര്‍, ഇലക്കറികള്‍, കൂണ്‍വര്‍ഗങ്ങള്‍, നട്‌സ്, ബീന്‍സ്, കടല്‍വിഭവങ്ങള്‍ തുടങ്ങിയവ ശരിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

 വൈറ്റമിനുകള്‍

ജീവകങ്ങളെല്ലാം തന്നെ തൈറോയ്ഡിന്റെ ആരോഗ്യത്തിന് ആവശ്യമാണെങ്കിലും വൈറ്റമിന്‍ ഡി, വൈറ്റമിന്‍-ബി12, ആന്റി ഒാക്‌സിഡന്റ് വൈറ്റമിനുകളായ ബീറ്റാ കരോട്ടിന്‍, സി.ഇ എന്നിവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. 

വൈറ്റമിന്‍ -ഡി: ഹൈപ്പര്‍ തൈറോയ്ഡിസത്തിലുണ്ടാകുന്ന അസ്ഥിക്ഷയത്തിന് ആക്കം കൂട്ടുന്നതിന് വിറ്റാമിന്‍ ഡിയുടെ അഭാവം കാരണമാകുന്നു. നെയ്യുള്ള മത്സ്യം, പാല്‍, മുട്ട, കൂണ്‍വര്‍ഗങ്ങള്‍ എന്നിവയ്ക്കു പുറമെ സൂര്യപ്രകാശത്തിലൂടയും ഇത് ലഭിക്കും. വൈറ്റമിന്‍ സി.ഇ, ബീറ്റാ കരോട്ടിന്‍, മുതലായ ആന്റി ഓക്‌സിഡന്റ് വൈറ്റമിനുകളും തൈറോയ്ഡ് ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നതായി കാണപ്പെടുന്നു. ഇലക്കറികള്‍, നിറമുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സസ്യ എണ്ണകള്‍ മുതലായവ ഇവയുടെ മികച്ച സ്രോതസ്സുകളാണ്.

 ഒമേഗ-3 ഫാറ്റി ആസിഡുകള്‍

കൊഴുപ്പുകളുടെ കൂട്ടത്തില്‍ തൈറോയ്ഡ് ആരോഗ്യത്തിന് ഏറ്റവും ആവശ്യമായതാണിവ. മത്സ്യങ്ങളിലും മീനെണ്ണയിലും ചണവിത്തിലും വെളിച്ചെണ്ണയിലും ഇത് ധാരാളം അടങ്ങിയിരിക്കുന്നു.

തൈറോയ്ഡും ശാരീരിക മാറ്റങ്ങളും

 അമിതവണ്ണം

ഹൈപോതൈറോയ്ഡ് രോഗികളിലെ ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും ഭാരവും. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കുറയുമ്പോള്‍ ശരീരഭാരം കൂടും. അത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ ആവശ്യത്തിന് ലഭ്യമല്ലാതാകുമ്പോള്‍ ഉപാപചയപ്രവര്‍ത്തനങ്ങള്‍ കുറയുന്നു. അതിനര്‍ഥം കുറഞ്ഞ കലോറി ഊര്‍ജം മാത്രമെ ദിവസേന ചെലവഴിക്കുന്നുള്ളൂ എന്നാണ്. ഊര്‍ജം ചെലവഴിക്കാതാകുമ്പോള്‍ ശരീരത്തില്‍ അത് കൊഴുപ്പായി അടിയുന്നു. ഹൈപോതൈറോയ്ഡിസം ഉള്ളവര്‍ക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടും. ഉപാപചയം മെല്ലെയാകാനും ഊര്‍ജം ചെലവഴിക്കുന്നത് കുറയാനും ഇത് വഴിവെക്കും. ഭാരം കൂടാന്‍ ഇതും കാരണമായിത്തീരാം. മറ്റൊന്നുകൂടി, ക്ഷീണം അനുഭവപ്പെടുമ്പോള്‍ ഭക്ഷണം കഴിച്ച് അതിനെ മറികടക്കാന്‍ ശ്രമിക്കും. അപ്പോഴും കൂടുതല്‍ കലോറി ശരീരത്തില്‍ എത്തുന്നു. 

ഭാരം നിയന്ത്രിക്കാനും ആരോഗ്യം കാക്കാനും ഭക്ഷണരീതികളില്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യാനുസരണം എല്ലാ പോഷക ഘടകങ്ങളും അടങ്ങിയ ഭക്ഷണക്രമം ശീലിക്കുക എന്നത് അനിവാര്യമാണ്. ധാരാളം വെള്ളം കുടിക്കണം. മലബന്ധം തടയാനും രക്തത്തിലെ കൊളസ്‌ട്രോള്‍നില കുറയ്ക്കാനും നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കേണ്ടതാണ്. തവിടോടു കൂടിയ ധാന്യങ്ങള്‍, കടല, ചെറുപയര്‍, കാബേജ് വിഭാഗത്തല്‍ പെടാത്ത പച്ചക്കറികള്‍ എന്നിവ നല്ലതാണ്. 

മഞ്ഞള്‍, ഇഞ്ചി, കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു എന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജങ്ക്ഫുഡ്‌സ്, ഫാസ്റ്റ്ഫുഡ്, ആല്‍ക്കഹോള്‍ എന്നിവ തൈറോയ്ഡ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. 

 ഭാരക്കുറവ്

ഹൈപ്പര്‍ തൈറോയ്ഡ് രോഗികളിലെ പ്രധാന പ്രശ്‌നം ശരീരഭാരം ഗണ്യമായി കുറയുക എന്നതാണ്. ഈ അവസ്ഥയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യവിഭവങ്ങള്‍, ചണവിത്ത് എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഇലക്കറികള്‍, കാബേജ്, കോളിഫഌവര്‍ എന്നിവ ഇവര്‍ക്ക് കഴിക്കാം. നല്ല പ്രോട്ടീനും സെലനിയവും അടങ്ങിയ, അതേസമയം ഗോയിസ്‌ട്രോജന്‍സ് കൂടിയുള്ള സോയാബീന്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. തവിടുകളയാത്ത ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്‌സ് മുതലായ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെയും മെഗ്‌നീഷ്യത്തിന്റെയും തോത് 3:1 ആയിരിക്കേണ്ടതുണ്ട്. പാലും പാലുല്‍പന്നങ്ങളും കഴിക്കേണ്ടതുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. 

 മരുന്നു കഴിക്കുമ്പോള്‍

തൈറോയ്ഡ് തകരാറുകള്‍ക്ക് പരിഹാരമായി ഹോര്‍മോണ്‍ ചികിത്സ ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ ഈ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സാധാരണയായി ഭക്ഷണത്തിനു മുമ്പാണ് ഇവ ഇപയോഗിക്കുന്നത്. കാല്‍സ്യം, അയേണ്‍ അടങ്ങിയ മള്‍ട്ടി വൈറ്റമിന്‍ സപ്ലിമെന്റുകള്‍, മെഗ്‌നീഷ്യം അല്ലെങ്കില്‍ അലുമിനിയം അടങ്ങിയ അന്റാസിഡുകള്‍, ചിലതരം അള്‍സര്‍ മരുന്നുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ചില മരുന്നുകള്‍ എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ കഴിക്കുന്നതിന് 3-4 മണിക്കൂര്‍ മുമ്പോ ശേഷമോ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 


ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

ആരോഗ്യ സംരക്ഷണം: വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടത്

ആരോഗ്യ സംരക്ഷണം: വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ടത്

ഓരോ നിമിഷവും ആരോഗ്യത്തോടെ ജീവിക്കാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. വിവിധ തരം അണുബാധകള്‍ ആരോഗ്യരംഗം കയ്യടക്കിയിരുന്ന ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലത്തിലെത്തിയപ്പോള്‍ സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും നിറഞ്ഞ ആധുനികജീവിതം നമുക്ക് സമ്മാനിച്ചത് ആരോഗ്യരംഗം അടക്കിവാഴുന്ന ജീവിത ശൈലീരോഗങ്ങളാണ്. ആരോഗ്യസംരക്ഷണത്തിന് നാം ശ്രദ്ധിക്കേണ്ട ചില അറിവുകളാണ് ഈ ലക്കത്തില്‍ പങ്കുവെക്കുന്നത്.           

പ്രാര്‍ഥന തന്നെ പ്രധാനം

ആരോഗ്യകരമായ ഒരു ജീവിതത്തിന് വേണ്ടി പ്രാര്‍ഥിച്ച് കൊണ്ടേയിരിക്കണം. സൂറത്ത് ഫുര്‍ഖാനിലെ അവസാന ആയത്തില്‍ നമ്മുടെ റബ്ബ് പറയുന്നത് നോക്കൂ. ‘നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്?’ എന്നാണ്. 

 പ്രതിരോധം

രോഗങ്ങള്‍ വരാതെ നോക്കാനാണ് അവയെ ചികില്‍സിക്കുന്നതിനേക്കാള്‍ നാം ശ്രദ്ധിക്കേണ്ടത്. പ്രതിരോധ പാഠങ്ങളെ കാറ്റില്‍ പറത്തി അമിത വൈദ്യവല്‍ക്കരണ പാതയിലാണ് നാം മുന്നേറിക്കൊണ്ടിരിക്കുന്നത് ഹൃദ്രോഗങ്ങളും വൃക്കരോഗങ്ങളും വരാതെ നോക്കുന്നതിനേക്കാള്‍ അവ മാറ്റിവെക്കുന്നതിലാണ് നാം ശ്രദ്ധിക്കുന്നത്. ആരോഗ്യജീവിതത്തിന് അത്യന്താപേക്ഷിതമായ ചില നിര്‍ദേശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

 നല്ല ഭക്ഷണം

”ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക.”(വിശുദ്ധ ക്വുര്‍ആന്‍ 2:168)

”നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത് ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (വിശുദ്ധ ക്വുര്‍ആന്‍ 7:31)

ഉപ്പും കൊഴുപ്പും കലോറിയും അമിതമായ ഫാസ്റ്റ്ഫുഡ്- ജംഗ് ഫുഡില്‍ നിന്നും ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി അന്നജം (കാര്‍ബോഹൈഡ്രേറ്റ്, അരി, ഗോതമ്പ്, കിഴങ്ങുകള്‍) കുറച്ചു കൊണ്ടുള്ള പരമ്പരാഗത ഭക്ഷണരീതിയിലേക്കു നാം മടങ്ങണം. എന്ത് കഴിക്കുന്നു എന്നതു പോലെത്തന്നെ പ്രധാനമാണ് എത്ര കഴിക്കുന്നു എന്നതും.

 വ്യായാമം

ദിവസവും മുടങ്ങാതെ 30-40 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം. നടത്തം, ജോഗിംഗ്, നീന്തല്‍, സൈക്ലിംഗ് എന്നിവ മാത്രമാണ് വ്യായാമം എന്ന് തെറ്റുധരിക്കരുത്. തോട്ടത്തിലും പറമ്പിലും പണിയെടുക്കലും വീട്ടുജോലികള്‍ ചെയ്യലുമെല്ലാം വൈറ്റ് കോളര്‍ ജോലിചെയ്യുന്ന ആളുകള്‍ക്ക് വ്യായാമമായി പരിഗണിക്കാവുന്നതാണ്.

 ജീവിതം തന്നെയാകട്ടെ ലഹരി

മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍മസാല തുടങ്ങി ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും വിശ്വാസിക്കു നിഷിദ്ധമാണ്; കുറഞ്ഞ അളവിലാണെങ്കില്‍പോലും.

 കുറച്ച് വെയില്‍ കൊള്ളാം

ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന ഏക ജീവകമാണ് വിറ്റാമിന്‍-ഡി അസ്ഥികളെ പുഷ്ടിപ്പെടുത്തുക മാത്രമല്ല രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക, ജീവിതശൈലീ രോഗങ്ങളുടെ സങ്കീര്‍ണതകളെ പ്രതിരോധിക്കുക തുടങ്ങിയ ധര്‍മങ്ങളിലെല്ലാം ഇത് നിര്‍വ്വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിവസവും 15-30 മിനിറ്റ് രാവിലെയോ വൈകിട്ടോ വെയില്‍ കൊണ്ടാല്‍ മതി.

 മൊബൈല്‍-ഇന്റര്‍നെറ്റ് ഉപയോഗം മിതമാക്കുക

ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് അടിമപ്പെടാതെ നോക്കുക. വിവേകപൂര്‍ണമായ മൊബൈല്‍ഫോണ്‍ ഉപയോഗമാണ് നമുക്കുണ്ടാവേണ്ടത്.

 ആവശ്യത്തിന് ഉറങ്ങുക

ഉറങ്ങാതെ നമസ്‌കരിക്കുമെന്ന് ശപഥം ചെയ്ത അനുചരനെ ”സ്വന്തം ശരീരത്തോടുള്ള ബാധ്യത നിര്‍വ്വഹിക്കല്‍ വിശ്വാസിയുടെ കടമയാണെന്ന്” പറഞ്ഞ് തിരുത്തിയ മുഹമ്മദ് നബി ﷺ യാണ് നമ്മുടെ മാതൃക. ദിവസവും അഞ്ച് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഉച്ച നിസ്‌കാരത്തിന് മുമ്പോ ശേഷമോ 10-20 മിനിറ്റ് ഉറങ്ങിയാല്‍ ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കും.

 വെള്ളം കുടിക്കുന്നതില്‍ പിശുക്കരുത്

ഒരു ദിവസം ശരാശരി 2 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നോമ്പെടുക്കുന്നവര്‍ നോമ്പ് തുറന്നതിന് ശേഷം കുടിക്കാന്‍ ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവരുടെ ക്ഷീണത്തിന്റെ പ്രധാന കാരണം നിര്‍ജലീകരണമാണ്. കറിവേപ്പിലയും പച്ചമുളകും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന മോര് (സംഭാരം)ഉപ്പിട്ട നാരങ്ങാ വെള്ളം, കരിക്ക്, കഞ്ഞിവെള്ളം എന്നിവ നല്ല നാടന്‍ പാനീയമാണ്.

 സ്വസ്ഥമായ മനസ്സ്

”അറിയുക അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (13:28). ഏത് പ്രതികൂല സാഹചര്യങ്ങളിലും മനസ്സ് സ്വസ്ഥമാക്കാന്‍ കഴിയുമെന്നതാണ് സത്യവിശ്വാസികളുടെ പ്രത്യേകത.

 വൈദ്യ പരിശോധന

പൊതുവെ നിശബ്ദമായ ജീവിത ശൈലീരോഗങ്ങളുടെ സങ്കീര്‍ണതകള്‍ കുറക്കാന്‍ അവ നേരത്തെ കണ്ട് പിടിച്ച് നിയന്ത്രിക്കുക എന്നുള്ളതാണ്. 40 വയസ്സ്‌കഴിഞ്ഞാല്‍ വാര്‍ഷിക വൈദ്യപരിശോധന നന്നാകും.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

കാന്‍സര്‍: ചില വസ്തുതകള്‍

കാന്‍സര്‍: ചില വസ്തുതകള്‍

ആഗോളതലത്തിലെന്നപോലെ നമ്മുടെ കൊച്ചു കേരളത്തിലും അര്‍ബുദരോഗങ്ങള്‍ കൂടിവരികയാണ്. ജീവിതദൈര്‍ഘ്യം കൂടിയതും ജീവിതശൈലി വ്യത്യാസങ്ങളും ചികില്‍സാ നിര്‍ണയ സൗകര്യങ്ങളുടെ വര്‍ധനവും കാരണമായി പറയപ്പെടുന്നു.

പുരുഷന്മാരില്‍ വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാന്‍സര്‍, അന്നനാള-ആമാശയ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവ കൂടുതലായി കണ്ട് വരുന്നു. കരളിലെ കാന്‍സറും സമീപകാലത്ത് കൂടി വരുന്നുണ്ട്. 

സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. തൈറോയിഡ് ഗ്രന്ഥിയില്‍ വരുന്ന ട്യൂമറുകളും ഒട്ടും പിന്നിലല്ല. 20-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടുതലായി കണ്ടിരുന്ന ഗര്‍ഭാശയ കാന്‍സര്‍ ഇപ്പോള്‍ കുറഞ്ഞ് വരുന്നുണ്ടെങ്കിലും അണ്ഡാശയ കാന്‍സറും ഗര്‍ഭാശയ കാന്‍സറും ഇന്നും സുലഭമാണ്. രക്താര്‍ബുദവും ലിംഫോമയും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കണ്ട് വരുന്നു.

പ്രായം ചെന്നവരില്‍ മള്‍ട്ടിപ്പിള്‍ മൈലോമയെന്ന രക്താര്‍ബുദം കൂടുതലായി കാണുന്നുണ്ട്. കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണുന്നത് രക്താര്‍ബുദ(ലുക്കീമിയ)വും ബ്രെയിന്‍ ട്യൂമറുകളുമാണ്.

കാന്‍സര്‍ രോഗനിര്‍ണയമാണ് ആദ്യമായി തിരുമാനിക്കുന്നത്. കാന്‍സര്‍ ഉണ്ടെന്ന് വൈദ്യപരിശോധനയില്‍ സംശയം തോന്നിയാല്‍ രോഗനിര്‍ണയം ഉറപ്പാക്കാന്‍ ‘ബയോപ്‌സി’ പരിശോധന ചെയ്യുന്നു. ഇത് ലളിതമായ സൈറ്റോളജി പരിശോധനയോ അള്‍ട്രാസൗണ്ട്/സി.ടി സ്‌കാന്‍ ഉപയോഗിച്ചുള്ള നീഡില്‍ ബയോപ്‌സിയോ ആകാം.

കാന്‍സര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഈ അര്‍ബുദം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനുളള പരിശോധനകളും ആവശ്യമായി വരുന്നു.

എങ്ങനെ തടയാം?

വായിലും തൊണ്ടയിലും വരുന്ന കാന്‍സറും ശ്വാസകോശ അര്‍ബുദവും മൂത്രാശയ കാന്‍സറും ഉള്‍പ്പെടെ 40 ശതമാനത്തോളം കാന്‍സര്‍ രോഗങ്ങളും പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മദ്യപാനവും ഹെപ്പറ്റൈറ്റിസ് ബി അണുബാധയും കരള്‍ കാന്‍സറിന് വഴിതെളിയിക്കുന്നുണ്ട്. എച്ച്.പി.വി ഹ്യൂമന്‍ പാപ്പിലോമസെറസ് ഗര്‍ഭാശയ കാന്‍സറിനും മലദ്വാര കാന്‍സറിനും കാരണമാകുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ശ്വാസകോശാര്‍ബുദത്തിന് വഴിതെളിയിക്കുന്നുണ്ട്.

തുടക്കത്തില്‍ തന്നെ കണ്ട് പിടിച്ചാല്‍ ഒട്ടുമിക്ക കാന്‍സറുകളും പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയും. 40 വയസ്സിന് ശേഷം രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാമ്മോസോണോഗ്രഫി പരിശോധന നടത്തിയാല്‍ സ്തനാര്‍ബുദം നേരത്തെ കണ്ട് പിടിക്കാം. ഗര്‍ഭാശയ ഗളകാന്‍സര്‍ നേരത്തെ കണ്ട് പിടിക്കാന്‍ pap smear examination വളരെ ഫലപ്രദമാണ്. കാന്‍സര്‍ വരാന്‍ സാധ്യതയുള്ള ആളുകളില്‍ കൃത്യമായ ഇടവേളകളില്‍ ഇത്തരത്തിലുളള പരിശോധന നടത്തേണ്ടതാണ്.

കാന്‍സര്‍ ചികില്‍സാ സൗകര്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമുക്ക് കൂടുതലാണ്. നേരത്തെ കണ്ടുപിടിക്കുകയും ശരിയായ ചികില്‍സ ലഭ്യമാക്കുകയും ചെയ്താല്‍ പരിപൂര്‍ണമായി ചികില്‍സിച്ച് മാറ്റാം. പുതിയതരം ചികില്‍സാരീതികളായ ഇമ്മ്യൂണോ തെറാപ്പിയും മറ്റു നൂതന ചികില്‍സാരീതികളും മൂലം കാന്‍സര്‍ ചികില്‍സയുടെ ചെലവ് വല്ലാതെ വര്‍ധിച്ചിരിക്കുന്നു.

വളരെ വൈകി കണ്ടെത്തുന്ന കാന്‍സറുകള്‍ക്ക് വിലയേറിയ ചികില്‍സകള്‍ നടത്തി ഒന്നോ രണ്ടോ വര്‍ഷം ആയുസ്സ് കൂട്ടാന്‍ ശ്രമിക്കുന്ന തീരുമാനം പലപ്പോഴും ഒരു പരാജയമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിയും ഉറ്റ ബന്ധുക്കളും ഒരു ഉചിതമായ തീരുമാനമെടുത്തു ‘തൃപ്തികരമായ’ മരണത്തിന് തയ്യാറെടുക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

മരുന്നുകള്‍: മിത്രമോ ശത്രുവോ?

മരുന്നുകള്‍: മിത്രമോ ശത്രുവോ?

രോഗലക്ഷണങ്ങള്‍ വിശദമായി കേട്ടതിന് ശേഷം ആവശ്യമായ ദേഹപരിശോധന നടത്തി ചിലപ്പോള്‍ അത്യാവശ്യ ലബോറട്ടറി റേഡിയോളജി പരിശോധന നടത്തി ഫലം പരിശോധിച്ചതിന് ശേഷം രോഗിക്ക്  പലവിധം മരുന്നുകള്‍ കുറിച്ച് നല്‍കാറാണ് പതിവ്.

മരുന്നുകള്‍ കഴിക്കുമ്പോള്‍ എന്തെങ്കിലും ശാരീരിക വ്യതിയാനങ്ങള്‍, ഛര്‍ദി, കാഴ്ച മങ്ങല്‍, തലവേദന എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ മരുന്നുകള്‍ നിര്‍ത്തി അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

മരുന്നുകള്‍ മനുഷ്യന്റെ ശത്രുവോ മിത്രമോ അല്ല. അലോപ്പതിയായാലും ആയൂര്‍വേദമായാലും ഹോമിയോ ആയാലും അത് നിര്‍ദേശിക്കപ്പെട്ട കാലയളവില്‍ കൃത്യമായ അളവില്‍ കൃത്യസമയത്ത് ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഏറ്റവും നല്ല മിത്രമായി മാറുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ സേവിക്കുമ്പോള്‍ നമ്മുടെ ശത്രുവായി മാറും. ഈ കാര്യം രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും മനസ്സിലാക്കിക്കൊടുക്കുവാനുള്ളഉത്തരവാദിത്വം ഡോക്ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുണ്ട്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അല്ലാതെയും വിവിധ പരിശോധനകളിലൂടെ സ്ഥിരീകരിച്ച രോഗങ്ങളെയും രോഗാവസ്ഥയെയും ചികില്‍സിച്ച് മാറ്റാനോ ലഘൂകരിക്കാനോ വേണ്ടിയാണ്  നാം ‘മരുന്നുകള്‍’ ഉപയോഗിക്കുന്നത്. രോഗത്തേയും രോഗാവസ്ഥയേയും  ഫലപ്രദമായി നിയന്ത്രിക്കുവാന്‍ മരുന്നുകള്‍ അത്യന്താപേക്ഷിതമാകുമ്പോഴാണ് അത് കുറിക്കപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ഓരോ മരുന്നും ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളും രീതികളും നല്ലവണ്ണം അറിഞ്ഞിരിക്കേണ്ടതാണ്.

ഒരേ മരുന്ന് തന്നെ വിവിധ അളവിലും രീതിയിലും പലതരം രോഗങ്ങള്‍ ചികില്‍സിക്കാനുപയോഗിക്കുന്നു. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ യാതൊരുവിധ മരുന്നുകളും ഉപയോഗിക്കരുത്. രോഗങ്ങള്‍ പൂര്‍ണമായും മാറ്റുന്നതിനും രോഗലക്ഷണങ്ങളെ ശമിപ്പിക്കുന്നതിനും രോഗിയുടെ പ്രയാസങ്ങള്‍ കുറക്കുന്നതിനും വേണ്ടി ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ട്. മരുന്നുകളുടെ ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ വിശദവിവരങ്ങളും ഇന്ന് ജനങ്ങള്‍ക്ക് വിരല്‍തുമ്പില്‍ ലഭ്യമാണെങ്കിലും അവയുടെ ഉപേയാഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നതില്‍ നാം മടികാണിക്കരുത്.

രോഗിയുടെ ശാരീരികാവസ്ഥ, മാനസിക നില മറ്റു അസുഖങ്ങള്‍, കഴിക്കുന്ന മറ്റു മരുന്നുകള്‍, സാമ്പത്തിക സ്ഥിതി, അലര്‍ജി എന്നിവ മനസ്സിലാക്കിയതിന്ന് ശേഷമാണ് ഏത് ചികില്‍സയാണ് ആവശ്യമെന്ന് തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കുന്ന മരുന്നിന്റെ അളവ് സമയം, ഉപയോഗരീതി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മാത്രമെ മരുന്നുകളുടെ പൂര്‍ണഫലം ലഭിക്കുകയുള്ളൂ. ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് എങ്ങിനെ മരുന്ന് സൂക്ഷിക്കണമെന്നും ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണെന്നും രോഗികളും കൂട്ടിരിപ്പുകാരും അറിഞ്ഞിരിക്കണം.

ആഹാരത്തിന് മുമ്പ് കഴിക്കേണ്ട ഗുളികകള്‍ ഏകദേശം 1/2 മണിക്കൂര്‍ മുമ്പെങ്കിലും കഴിക്കണം. ആഹാരത്തിന് ശേഷം കഴിക്കേണ്ട മരുന്നുകള്‍ ഭക്ഷണം കഴിച്ച് 1/2 മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുക. ആഹാരത്തിന്റെ കൂടെ കഴിക്കേണ്ട മരുന്നുകള്‍ ഭക്ഷണം കുറച്ച് കഴിച്ചശേഷം കഴിക്കുക. മരുന്നു കഴിക്കുമ്പോള്‍ കഴിവതും എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ജംഗ് ഫുഡ് കഴിയുന്നതും ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ചൂടുവെള്ളം ഉപയോഗിച്ച് മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കുക.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

കൊളസ്‌ട്രോള്‍ കൊലയാളിയോ?

കൊളസ്‌ട്രോള്‍ കൊലയാളിയോ?

ശരീരത്തില്‍ കൊളസ്‌ട്രോള്‍ എങ്ങനെ രൂപം പ്രാപിക്കുമെന്നും അത് രക്തക്കുഴലില്‍ അടിഞ്ഞുകൂടി കാലക്രമേണ രക്തയോട്ടത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള കണ്ടെത്തലുകള്‍ക്കാണ് 1985ല്‍ മിഷയേല്‍ ബ്രൗണിനും സാമുവല്‍ ഗോള്‍സ്റ്റിനിനും വൈദ്യശാസ്ത്ര നോബല്‍ സമ്മാനം ലഭിച്ചത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഈ കൊഴുപ്പുകൊണ്ടുണ്ടാകുന്ന വിപത്തുകള്‍ ഒഴിവാക്കാനാകുമെന്ന് കൂടി ഇവര്‍ തെളിയിച്ചു. ഇത് പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ ഹൃദയാഘാതം കൊണ്ടുളള മരണനിരക്ക് 56 ശതമാനം കുറയ്ക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിഞ്ഞു. രക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രിച്ച്, ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കുറച്ച്, തൂക്കം നിയന്ത്രിച്ച്, പുകയില വര്‍ജിക്കുകയും ചെയ്തുകൊണ്ടാണ് അവര്‍ ഈ നേട്ടം കൈവരിച്ചത് എന്നത് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 

ശരീരത്തിലെ കൊളസ്‌ട്രോള്‍ പ്രധാനമായും ഉണ്ടാകുന്നത് കരളിലാണ്. ആവശ്യത്തില്‍ കൂടുതല്‍നാം കഴിക്കുന്ന ആഹാര പദാര്‍ഥങ്ങളിലെ അന്നജവും കൊഴുപ്പിലുള്ള ഊര്‍ജവും കൊഴുപ്പായാണ് ശരീരത്തില്‍ സൂക്ഷിക്കുന്നത്. ഇതിന്റെ ഒരു വകഭേദമാണ് കൊളസ്‌ട്രോള്‍. ഇത് വെള്ളത്തില്‍ ലയിക്കാത്തതിനാല്‍ ലൈപ്രോട്ടീന്‍ എന്ന പ്രോട്ടീന്‍ കണികകളുമായി ചേര്‍ന്നാണ് രക്തത്തില്‍ ലയിക്കുന്നത്. നമ്മുടെ കുടലും കൊളസ്‌ട്രോള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ആഹാരത്തിലൂടെ നമ്മുടെ ഇഷ്ട ചേരുവകളായ എണ്ണയും വെണ്ണയും നെയ്യും മുട്ടയും തേങ്ങയും പിന്നെ അമിതാഹാരവും കൂടിയാകുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ!

ശരീരത്തിനാവശ്യമായ ഒരു കൊഴുപ്പാണ് കൊളസ്‌ട്രോള്‍. കോശഭിത്തി, പ്രത്യേകിച്ച് തലച്ചോറിലെ കോശങ്ങളുടെ കോശഭിത്തി ഈ കൊഴുപ്പുകൊണ്ടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. നമ്മുടെ പല ഹോര്‍മോണുകളുടെയും നിര്‍മാണത്തില്‍ കൊളസ്‌ട്രോളിന് സുപ്രധാന പങ്കുണ്ട്. ഇതിനു വേണ്ടിയാണ് കരളലും കുടലിലും കൊളസ്‌ട്രോള്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. പക്ഷേ, ആവശ്യത്തില്‍ കൂടുതല്‍ ആഹാരത്തിലൂടെ തന്നെ ശരീരത്തിലെത്തുമ്പോള്‍ അത് രക്തക്കുഴലില്‍ അടിഞ്ഞുകൂടി ഹൃദ്രോഗവും പക്ഷാഘാതവുമടക്കമുള്ള ധമനീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. 

എന്ത് കഴിക്കുന്നു എന്നത് പോലെത്തന്നെ എത്ര കഴിക്കുന്നു എന്നതും പ്രധാനമാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല” (ക്വുര്‍ആന്‍ 7:31).

 

നല്ലതും ചീത്തയും 

കൊളസ്‌ട്രോള്‍ കൂടുതലാകുമ്പോള്‍ കോശങ്ങളിലടിഞ്ഞ കൊളസ്‌ട്രോളിനെ ശരീരം തന്നെ പുറംതള്ളാന്‍ വേണ്ടി HDL എന്ന പ്രോട്ടീനുമായി യോജിപ്പിച്ച് കുടലിലെത്തിച്ച് പിത്തരസത്തിലൂടെ പുറത്ത് കളയുന്നു. ഇതിന്റെ അളവ് കൂടുന്നതിനനുസരിച്ച് കൂടുതല്‍ കൊളസ്‌ട്രോള്‍ കുടല്‍ മാര്‍ഗം പുറന്തള്ളപ്പെടും. ഹൃദ്രോഗം വരുന്ന പലര്‍ക്കും ഇതിന്റെ അളവ് കുറവാണ്. ഇതിന്റെ അളവ് കൂടുന്നത് നല്ല ലക്ഷണമാണ്. സ്ത്രീകളില്‍ 45 mgലും പുരുഷന്മാരില്‍ 50 mgലും കൂടുന്നതാണ് അത്യുത്തമം. രക്തത്തിലുള്ള വെറും കൊഴുപ്പാണ് ട്രൈഗ്ലിസറൈഡ്‌സ്. ഇതിന്റെ അളവ് 150ല്‍ കൂടാന്‍ പാടില്ല.

കൊളസ്‌ട്രോളിന്റെ ആകെ അളവ് 160 mg മുതല്‍ 200 mg വരെ ആകുന്നതാണ് നല്ലത്. ഹൃദ്രോഗം വന്നുകഴിഞ്ഞാല്‍ ഇതിനെ 160 mgല്‍ താഴെ നിര്‍ത്തണം. ആഹാരത്തിലെ പഥ്യവും വ്യായാമവും കൊണ്ട് ഇത് സാധിക്കുന്നില്ലെങ്കില്‍ ഗുളികകളെ ആശ്രയിക്കേണ്ടിവരും. LDL കൊളസ്‌ട്രോള്‍ ആണ് ഏറ്റവും ഹാനികരം. ഇതിന്റെ അളവ് 100 mgനും 130 mgനും ഇടക്ക് നിര്‍ത്തണം. ഹൃദ്രോഗമുള്ളവര്‍ ഇതിന്റെ അളവും 70 mgല്‍ താഴെവരെ കുറക്കേണ്ടത് ആവശ്യമാണ്. 

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക

 

മസ്തിഷ്‌കം എന്ന വിസ്മയം

മസ്തിഷ്‌കം എന്ന വിസ്മയം

490 കിലോമീറ്റര്‍ നീളമുള്ള രക്തക്കുഴലുകള്‍....!

ഒരു മസ്തിഷ്‌ക സെല്ലില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങള്‍ ശേഖരിക്കുന്ന നാഡീകോശങ്ങളിലൂടെ കുതിക്കുന്നു...!

എക്‌സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തെക്കാള്‍ അതിവേഗം...!

ഒരു സെക്കന്റില്‍ 1 ലക്ഷം സന്ദേശങ്ങള്‍...!

ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങള്‍ മുതല്‍ കണ്‍പോളകളുടെ അനക്കം പോലും തലച്ചോര്‍ നിയന്ത്രിക്കുന്നു...!

സ്തിഷ്‌കം 25 വാട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു...!

ഒരു ബള്‍ബിന് പ്രകാശിപ്പിക്കാനുള്ള പവര്‍.

ഭാരം: 1.5 കിലോഗ്രാം...!

വ്യാപ്തി: 14 CM x 16 CM മാത്രം!

വിവിധയിനം ഘടനകളും ധര്‍മങ്ങളുമുള്ള നിരവധി ശരീരകലകളും അവയവങ്ങളും ഉള്‍പ്പെട്ട ഒരു കൂട്ടായ്മയാണ് മനുഷ്യശരീരം. ശരീത്തിന്റെ പൊതുവായ ക്ഷേമത്തിന് വേണ്ടി ഇവയെല്ലാം ഒരുമിച്ച് സുഗമമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നു. ഇതിന് വേണ്ട സകല മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണവും നല്‍കുന്നത് നാഡീവ്യൂഹമാണ്. കേന്ദ്ര നാഡീവ്യൂഹത്തിലെ പ്രധാന അംഗമാണ് മസ്തിഷ്‌കം അഥവാ തലച്ചോര്‍. കട്ടിയുള്ള തയലോട്ടിക്കകത്ത് വളരെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഏതാണ്ട് ഒന്നര കിലോഗ്രാം തൂക്കം വരുന്ന വളരെ ലോലവും മൃദുലവുമായ അവയവമാണ് മസ്തിഷ്‌കം. ശരീരത്തിന്റെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, കണ്‍ട്രോള്‍ റൂം, കോ ഓര്‍ഡിനേഷന്‍ കേന്ദ്രം, ഡാറ്റാ സെന്റര്‍, ആജ്ഞാ കേന്ദ്രം… ഇതെല്ലാമാണ് തലച്ചോര്‍! സദാ സജ്ജവും സന്നദ്ധവും ജാഗരൂഗവുമായി പ്രവര്‍ത്തിക്കുന്ന ബൃഹത്ത് കേന്ദ്രം; ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍!

തലയോട്ടിക്കകത്ത് മസ്തിഷ്‌കത്തെ പൊതിഞ്ഞ് മറ്റൊരു സുതാര്യമായ ആവരണം കൂടിയുണ്ട്. മെനിഞ്ചസ്. ഇതിനെ ബാധിക്കുന്ന അണുബാധയെയാണ് മെനിഞ്ചൈറ്റിസ് എന്ന് പറയുന്നത്. തലച്ചോറിന് ഇടതും വലതും എന്നു രണ്ടു ഭാഗങ്ങളുണ്ട്. ഇടതുഭാഗം ശരീരത്തിന്റെ വലതുഭാഗത്തെയും വലതുഭാഗം ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ്, പക്ഷാഘാതം സംഭവിച്ച രോഗിയുടെ വലതുവശം തളരുമ്പോള്‍ ഇടതു തലച്ചോറിന് ക്ഷതം സംഭവിച്ചിരിക്കുന്നു എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. സാധാരണ ഗതിയില്‍ വലത്തെ കയ്യന്‍മാരുടെ സംസാരം നിയന്ത്രിക്കുന്ന കേന്ദ്രം ഇടതുതലച്ചോറിലാണ് സ്ഥിതി ചെയ്യുന്നത്. അതുമൂലം ഇത്തരം രോഗികളുടെ സംസാരശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു എന്നോര്‍ക്കണം. തലച്ചോറിന്റെ ഇടതുഭാഗം വിശകലനം, അപഗ്രഥനം, കാര്യകാരണ വ്യവഛേദം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുമ്പോള്‍ വലതുഭാഗമാകട്ടെ യുക്തിക്കതീതമായ ചിന്തകള്‍, സൗന്ദര്യ സങ്കല്‍പങ്ങള്‍, കലാപരമായ മേന്‍മകള്‍ ഇവയുടെയെല്ലാം ഇരിപ്പിടമാകുന്നു. ഈ രണ്ടു ഭാഗങ്ങളെയും (ഇടതിനെയും വലതിനെയും) തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയുണ്ട്; ‘കോര്‍പസ് കലോസം.’ തലച്ചോറിന്റെ ഉപരിതല ഭാഗങ്ങള്‍ക്ക് ഇളംചുവപ്പ് കലര്‍ന്ന ചാരനിറവും അന്തര്‍ഭാഗങ്ങള്‍ക്ക് വെളുപ്പ് നിറവുമാണ്. ഇവയെ ഗ്രേമേറ്റര്‍, വൈറ്റ്‌മേറ്റര്‍ എന്നിങ്ങനെ യഥാക്രമം വിളിക്കുന്നു. മാത്രമല്ല, തലച്ചോറിന്റെ ഉപരിതലം ഏറെ മടക്കുകളും ചുളിവുകളുമുള്ള രീതിയിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉപരിതല വിസ്തീര്‍ണം കൂടുന്നതിനുള്ള ഒരു ഉപാധിയായി നമുക്കിതിനെ കാണാം. കുറഞ്ഞ സ്ഥലത്തിനകത്ത് കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ.    

തലച്ചോറിനെ കുറച്ച്കൂടി സുരക്ഷിതമാക്കുവാനും അതിന്റെ ഭാരം ലഘൂകരിക്കുവാനുമായി മറ്റൊരു സംവിധാനം കൂടിയുണ്ട്. അതാണ് സലിബ്രോസ് സ്‌പൈനല്‍ ഫഌയിഡ് എന്ന നേര്‍ത്ത ദ്രാവകം. അതില്‍പൊങ്ങിക്കിടക്കുന്ന രീതിയിലാണ് തലച്ചോറിനെ സംവിധാനിച്ചിരിക്കുന്നത്.

നോക്കണേ, എന്തെല്ലാം മുന്‍കരുതലുകളാണ് നമ്മുടെ രക്ഷിതാവ് ഇതിന്റെ സുരക്ഷക്ക് വേണ്ടി സ്വകരിച്ചിരിക്കുന്നത്! എന്നിട്ടു പോലും നമ്മുടെ അശ്രദ്ധ കൊണ്ട് എന്തെല്ലാം അപകടങ്ങളാണ് നാം വരുത്തിവെക്കുന്നത്. (ഹെല്‍മെറ്റ് ഇടാതെ അപകടങ്ങള്‍ സംഭവിച്ച് തലച്ചോറിന് ക്ഷതം സംഭവിക്കുന്നത് ഉദാഹരണം). 

പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തലച്ചോറിനെ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്; മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍, പിന്‍ഭാഗത്തുള്ള ഓക്‌സിപ്പിറ്റല്‍, വശങ്ങളില്‍ മുകളിലുള്ള പറൈറ്റില്‍, താഴെയുള്ള ടെമ്പാറല്‍ എന്നിങ്ങനെ. ഇടതും വലതും അര്‍ധഗോളങ്ങള്‍ ചേര്‍ന്ന സെറിബ്രത്തിന്റെ ഘടനയാണിത്. അതിന് താഴെ മിഡ്‌ബ്രൈന്‍, ബോണ്‍സ്, മിഡുല്ല എന്നിവ ചേര്‍ന്ന ഭാഗത്തിനാണ് ബ്രൈന്‍സ്റ്റം എന്ന് പറയുന്നത്. ശരീരത്തിന്റെ സന്തുലിതാവസ്ഥ അഥവാ, ബാലന്‍സ് കാക്കുന്ന സെറിബല്ലം ഇതിനോട് ചേര്‍ന്ന് പിറകിലാണ് കിടക്കുന്നത്. ബ്രൈന്‍ സ്റ്റമ്മിനകത്ത് ശ്വസന നിയന്ത്രണ കേന്ദ്രം ഉള്‍പ്പെടെ പ്രധാന ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വിവിധ കേന്ദ്രങ്ങള്‍ ഉണ്ട്. ബ്രൈന്‍ സ്റ്റമ്മിന്റെ താഴോട്ടുള്ള തുടര്‍ച്ചയാണ് സുഷുംന കാണ്ഡം.

ഏതാണ്ട് പതിനാല് ബില്യണ്‍ വിശേഷ ധര്‍മികളായ ന്യൂറല്‍ കോശങ്ങളും അവയ്ക്ക് തുണയേകുന്ന മറ്റു ശരീര കലകളും അസംഖ്യം ന്യൂറല്‍ ചാനലുകളും ചേര്‍ന്നതാണ് തലച്ചോറിന്റെ ഘടന. ഈ കോശങ്ങളുടെ വളര്‍ച്ചയും വികാസവും നടക്കുന്നത് നാം ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷത്തിലാണ്. ആ കാലഘട്ടത്തില്‍ കിട്ടുന്ന ക്രിയാത്മകമായ ചോദനകളാണ് കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെയും വ്യക്തിത്വ വികസനത്തെയും വികാസത്തെയും സ്വാധീനിക്കുന്നത്. കൂട്ടുകുടുംബത്തില്‍ വളരുന്ന കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് നിരവധി ആളുകളുമായുള്ള സമ്പര്‍ക്കം മൂലം സംസാര ശേഷി വര്‍ധിക്കുവാനും അതുമൂലം കൂടുതല്‍ വ്യക്തിവികാസം ഉണ്ടാകുവാനും സാധ്യതയുണ്ട്. കമ്പ്യൂട്ടറുകളെ പോലെ തന്നെ തലച്ചോറിന് അങ്ങോട്ട് എന്ത് കിട്ടുന്നവോ അതാണ് തിരിച്ച് വരുന്നത്. ബധിരതയുള്ള കുഞ്ഞുങ്ങള്‍ക്ക് കേള്‍വിയിലൂടെയുള്ള ചോദനകള്‍ ലഭ്യമല്ലാത്തതു കൊണ്ടാണ് അവര്‍ മൂകരായിത്തീരുന്നത്. ഇതൊരു ഉദാഹരണം മാത്രം. 

ഫ്രോണ്ടല്‍ ലോബി എന്ന സെറിബ്രത്തിന്റെ മുന്‍ഭാഗം വ്യക്തിത്വ വിശേഷങ്ങളുമായി ബന്ധപ്പെട്ടതാണ്. വശങ്ങളിലെ ടമ്പറല്‍ ലോബ് കേള്‍വിയുമായും പിറകിലെ ഓക്‌സിപിറ്റല്‍ ലോബ് കാഴ്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനു പുറമെ തലച്ചോറുമായി നേരിട്ട് ബന്ധമുള്ള പന്ത്രണ്ട് കേന്ദ്ര നാഡികളുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെ (കാഴ്ച, കേള്‍വി, രുചി, ഗന്ധം, സ്പര്‍ശം) ലഭിക്കുന്ന ചോദനകളെ  സ്വാംശീകരിച്ച് വേണ്ടപ്രതി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക എന്നത് തലച്ചോറിന്റെ പ്രധാന ധര്‍മമാണ്. ഉദാ: വലിയ ഒച്ച കേള്‍ക്കുമ്പോള്‍ ഞെട്ടുക, തീയില്‍ തൊടുമ്പോള്‍ കൈ വലിക്കുക, ഉജ്വലമായ വെളിച്ചത്തിനു മുന്നില്‍ കണ്ണ് അടഞ്ഞുപോകുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ ആജ്ഞയിലൂടെയാണ് നടക്കുന്നത്.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക