എന്താണ് മൈഗ്രേന്‍?

എന്താണ് മൈഗ്രേന്‍?

പലര്‍ക്കും തലവേദന വല്ലപ്പോഴും അനുഭവപ്പെടുന്ന ഒന്നാണ്. ടെന്‍ഷന്‍, ചെറിയ അസുഖങ്ങള്‍ എന്നിവകൊണ്ടാണ് പലപ്പോഴും തലവേദനയുണ്ടാകുന്നത്. മാരകരോഗങ്ങളുടെ ലക്ഷണമായും തലവേദന പ്രത്യക്ഷപ്പെടാറുണ്ട്.

തങ്ങളെ സമീപിക്കുന്ന രോഗികളില്‍ ചിലരുടെ തലവേദന മൈഗ്രേന്‍ കൊണ്ടുണ്ടാകുന്നതാണെന്ന് ഡോക്ടര്‍ വിലയിരുത്തുന്നു. വൈദ്യശാസ്ത്രം ഇതിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ ഇത് ഒരു സിന്‍ഡ്രോം (ട്യിറൃീാല) ആണ്. ഒരുകൂട്ടം രോഗലക്ഷണങ്ങള്‍ ഒരേ രീതിയില്‍ ഒരുമിച്ച് നിശ്ചിത സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ് ‘സിന്‍ഡ്രോം’ എന്ന് വിശേഷിപ്പിക്കുന്നത്. ഈ സിന്‍ഡ്രോമില്‍ വളരെ പ്രത്യേകതകളുള്ള ഒരു തലവേദനയാണ് മൈഗ്രേന്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ എല്ലാ കടുത്ത തലവേദനയും മൈേഗ്രന്‍ അല്ല.

വേദനയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പലപ്പോഴും നെറ്റിയുടെ ഒരുഭാഗത്തുനിന്നാണ് ഇത് വ്യാപിക്കുക. നാട്ടുഭാഷയില്‍ ഇത് ചെന്നിക്കുത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈഗ്രേന്‍ ഒന്നോ രേണ്ടാ മണിക്കൂര്‍ തൊട്ട് മൂന്നു ദിവസംവരെ നീണ്ടുനിന്നെന്ന് വരാം.

രോഗകാരണം

ഇതിനെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണമായി മനസ്സിലാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. മാനസിക സംഘര്‍ഷവും ചില പ്രത്യേക ഭക്ഷണവും തലച്ചോറുകളിലെ രക്തക്കുഴലുകളില്‍ കോച്ചിവലിക്കല്‍ ഉണ്ടാക്കുകയും അങ്ങനെ നിരന്തരമായ റിയാക്ഷന്‍ സംഭവിക്കുകയുമാണ് ചെയ്യുന്നത്. ഈ ഘട്ടത്തില്‍ നിരവധി രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. ഇങ്ങനെ തലച്ചോറിന് സ്വാഭാവികമായി ലഭിക്കേണ്ടതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ രക്തവും ഓക്‌സിജനും കിട്ടാതെവരുന്നു. ഈ അവസ്ഥയില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കുവാന്‍ ചില രക്തക്കുഴലുകള്‍ സാധാരണയില്‍ കവിഞ്ഞ് വികസിക്കുന്നു. ഈ സമയത്ത് രക്തക്കുഴലുകളില്‍ നീര്‍ക്കെട്ടുണ്ടാവുകയും വേദനയനുഭവപ്പെടുകയും ചെയ്യുന്നു.

ധമനി(ആര്‍ട്ടറി)യുടെ ഭിത്തികള്‍ ശരീരത്തിലെ മറ്റേതൊരു കലയും പോലെ വലിഞ്ഞുമുറുകുമ്പോള്‍ ചിലതരം രാസപദാര്‍ഥങ്ങള്‍ പുറപ്പെടുവിക്കുന്നു. തൊട്ടടുത്തുള്ള സിരാഗ്രങ്ങളെ ഈ രാസപദാര്‍ഥങ്ങള്‍ ഉത്തേജിപ്പിക്കുമ്പോഴാണ് മൈഗ്രേന്‍ വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ആര്‍ട്ടറികളുടെ ഈ സ്വഭാവസവിശേഷതയ്ക്ക് എന്താണ് കാരണമെന്ന് വ്യക്തമായ നിഗമനത്തിലെത്താന്‍ ഇന്നും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു രാസപദാര്‍ഥമായ സിറോടോണിന്‍ ശരീരം ഉപയോഗിക്കുന്ന വിധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് രക്തക്കുഴലുകളുടെ വലുപ്പത്തെ ബാധിക്കുന്നുവെന്നും കരുതപ്പെടുന്നു.

മൈഗ്രേനെക്കുറിച്ച് ശരിയായ ധാരണ രോഗിക്ക് നല്‍േകണ്ടത് ഡോക്ടറുടെ ചുമതലയാണ്. ഇവര്‍ക്ക് കൗണ്‍സലിംഗും ആവശ്യമാണ്.  മരുന്നുകളെ മാത്രം ആശ്രയിക്കുക എന്നത് ശരിയായ സമീപനമല്ല.

മാനസിക സമ്മര്‍ദങ്ങളും വികാരങ്ങളും

മൈേഗ്രന്‍ ഉണ്ടാക്കുന്നതില്‍ രോഗിയുടെ മാനസിക നിലയ്ക്ക് വളരെയേറെ പങ്കുണ്ട്. വ്യക്തിപരവും വികാരപരവുമായ സവിശേഷതകള്‍ (ഉദാ. വിദ്വേഷം, വെറുപ്പ്, നിരാശ) പലരിലും മൈഗ്രേനിനു കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളോടുള്ള പക, വെറുപ്പ്, നിരാശ ഇതെല്ലാം പുറമെ കാണിക്കാന്‍ പറ്റാത്ത അവസരത്തില്‍ മനസ്സില്‍ അവ കുടിക്കിടക്കുന്നു; മനഃസംഘര്‍ഷമുണ്ടാക്കുന്നു. ഇത് രോഗകാരണമാവുകയും ചെയ്യുന്നു. മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ വൈമനസ്യം കാട്ടുന്നതരം കടുംപിടുത്ത സ്വഭാവക്കാരിലും രോഗസാധ്യത കൂടുതലായിരിക്കും. മനഃസംഘര്‍ഷം മൈഗ്രേന്‍ സൃഷ്ടിക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ടെങ്കിലും ചിലര്‍ക്ക് ഈ സംഘര്‍ഷം കുറഞ്ഞതിനുശേഷമായിരിക്കും തലവേദന വരുന്നത്. ച ുരുക്കത്തില്‍, മനഃസംഘര്‍ഷം, വിഷാദം, അതിരുകവിഞ്ഞ ആകാംക്ഷ, കോപം, നിരാശ തുടങ്ങിയവയെല്ലാം രോഗം കൂട്ടും. 

ഭക്ഷണവും മൈഗ്രേനും

മൈഗ്രേനും ഭക്ഷണവും തമ്മില്‍ വളരെ ബന്ധമുള്ളതായി പഠനങ്ങള്‍ കാണിക്കുന്നു. എന്നാല്‍ തീര്‍ത്തും വ്യക്തമായ നിഗമനത്തിലെത്തിയിട്ടില്ല. ഭക്ഷണത്തിലും പാനീയത്തിലും അടങ്ങിയിരിക്കുന്ന ചില രാസപദാര്‍ഥങ്ങള്‍ രക്തക്കുഴലുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് അവയെ വികസിപ്പിക്കുകയും അങ്ങനെ മൈഗ്രേന്‍ ഉണ്ടാകുകയും ചെയ്യുന്നു. പഴകിയ ചീസ്, ചൈനീസ് ഫുഡ്‌സ്, മദ്യം എന്നിവ ഇക്കൂട്ടത്തില്‍ പെടും. മദ്യം രക്തക്കുഴലുകളെ നേരിട്ട് വികസിപ്പിക്കുന്നു. ഭക്ഷണം ദിവസം മൂന്നോ അതിലധികമോ തവണ ആകാം; ചെറിയ അളവില്‍. കഴിയുന്നതും പട്ടിണികിടക്കാതിരിക്കുക. കൊഴുപ്പും അധികം പഞ്ചസാരയും നന്നല്ല.

ഉറക്കം

സാധാരണ തലവേദനമൂലം ഉറക്കത്തില്‍നിന്ന് ഉണരുന്നതു പോലെ മൈഗ്രേന്‍ െകാണ്ടും ഉറക്കത്തില്‍നിന്ന് ഉണരാറുണ്ട്. രാത്രിയിലെ മതിയായ ഉറക്കവും പകലുറക്കവും മൈഗ്രേന്‍ തടയാന്‍ സഹായിക്കും. കൂടുതല്‍ ഉറങ്ങുന്നതും തീരെ കുറച്ച് ഉറങ്ങുന്നതും തലവേദയ്ക്ക് കാരണമാകാറുണ്ട്. പുകവലിയും രുക്ഷഗന്ധങ്ങളും പുകയും മൈഗ്രേന്‍ വര്‍ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.

ചികിത്സകൊണ്ട് പരിപൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഇതിന്റെ അറ്റാക്കുകളെ നിയന്ത്രിക്കാന്‍ മരുന്നുകൊണ്ട് കഴിയും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് പറയുന്ന അളവില്‍ മാത്രം കഴിക്കുക. എത്ര പെട്ടെന്ന് മരുന്ന് കഴിക്കാന്‍ തുടങ്ങുന്നുവോ അത്രയും വേഗത്തില്‍ വേദനയില്‍നിന്നും മുക്തി ലഭിക്കും. മൈഗ്രേന്‍ ഉള്ളവര്‍ എപ്പോഴും മരുന്ന് കൂടെ കൊണ്ടുനടക്കാന്‍ ശീലിക്കുക.

വേദനവരുന്ന സമയത്ത് വെളിച്ചമില്ലാത്ത മുറിയില്‍ തല അല്‍പം പൊക്കിവെച്ച് സ്വസ്ഥമായി കിടക്കുന്നത് ആശ്വാസം നല്‍കും. 

ആര്‍ത്തവവിരാമവും മൈഗ്രേനും

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തോടെ ഇതില്‍നിന്ന് മോചനം ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും കൃത്യമായ രീതിയിലുള്ള ഉല്‍പാദനം നിലയ്ക്കുന്നു. ഈ രണ്ട് ഹോര്‍മോണുകളും നാഡീനിയന്ത്രിത ഹോര്‍മോണുകള്‍ ആയതിനാല്‍ ഇവയുടെ ഉല്‍പാദനത്തില്‍ വരുന്ന മാറ്റം തലവേദനയുടെ കാഠിന്യം കുറയ്ക്കും. എന്നാല്‍ മൈഗ്രേന്‍ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ആര്‍ത്തവവിരാമം ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെ താമസിക്കാനിടയുണ്ട്.

മൈഗ്രേന്‍ വരുന്നവരില്‍ 70 ശതമാനവും സ്ത്രീകളാണ്. ഇതാകട്ടെ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ് താനും. പല സ്ത്രീകളിലും ആര്‍ത്തവത്തിന് തൊട്ടു മുമ്പോ അതിനിടയ്‌ക്കോ അതിനുശേഷമോ മൈഗ്രേന്‍ കാണപ്പെടുന്നു. ഈ സമയത്ത് ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങള്‍ രക്തക്കുഴലുകള്‍ വികസിക്കുവാനും നീര്‍ക്കെട്ടുണ്ടാക്കുവാനും ഇടയാക്കുന്നു. ഹോര്‍മോണുകളടങ്ങിയ ഗര്‍ഭനിരോധന ഗുളികകളും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് കഴിക്കുന്ന ചില മരുന്നുകളും മൈഗ്രേന് കാരണമാകാറുണ്ട്.

മൈഗ്രേന്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണികളായിക്കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഇതില്‍നിന്ന് പൂര്‍ണമായി മുക്തിനേടാറുണ്ട്. എന്നാല്‍ അപൂര്‍വം ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ആദ്യത്തെ മൈഗ്രേന്‍ അറ്റാക്ക് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈസ്ട്രജന്‍ വിതാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

അബൂ ഫായിദ
നേർപഥം വാരിക

Leave a Comment