തൈറോയ്ഡ് പ്രശ്‌നങ്ങള്‍

ശരീരത്തിന്റെ താളം നിയന്ത്രിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഈ ഗ്രന്ഥി പങ്കാളിയാണ്. കഴുത്തിലാണ് ഇതിന്റെ സ്ഥാനം. ഏകദേശം രണ്ട് ഇഞ്ച് വലുപ്പം. ചിറകുവിരിച്ച ശലഭത്തിന്റെ ആകൃതി.
തൈറോയ്ഡ് ഗ്രന്ഥി പ്രധാനമായും രണ്ട് ഹോര്‍മോണുകളാണ് ഉത്പാദിപ്പിക്കുന്നത്. ട്രൈ അയഡോ തൈറോണിന്‍ അഥവാ ടി.3 യും തൈറോക്‌സിന്‍ അഥവാ ടി4 ഉം. പിറ്റിയൂട്ടറി ഗ്രന്ഥിയില്‍നിന്നുള്ള തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ അഥവാ ടി.എസ്.എച്ച് തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുമ്പോഴാണ് ഇവ ഇത്പാദിപ്പിക്കപ്പെടുന്നത്. ടി4 ഹോര്‍മോണ്‍ ശരീരത്തിന്റെ ബാഹ്യകലകളില്‍വെച്ച് കൂടുതല്‍ സക്രിയമായ ടി3 ഹോര്‍മോണായി മാറുന്നു.
തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രധാന ധര്‍മങ്ങര്‍ ഇവയാണ്: ശരീരത്തിന്റെ ഓക്‌സിജന്‍ ഉപയോഗം കൂട്ടുകയും അതുവഴി കൂടുതല്‍ ഊര്‍ജം ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടുന്നു. നാഡീസംവേദനങ്ങളെ ത്വരിതഗതിയിലാക്കുന്നു. ഗര്‍ഭാവസ്ഥയിലും കുഞ്ഞുങ്ങളിലും ബുദ്ധിവികാസത്തിന് വളരെ പ്രധാനമായ പങ്ക് വഹിക്കുന്നു. രക്തത്തിലെ കൊളസ്ട്രാള്‍ നില കുറയ്ക്കുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്നു. മുലയൂട്ടുന്ന കാലയളവില്‍ പാല്‍ ഉത്പാദനത്തെ സഹായിക്കുന്നു. സ്ത്രീകളില്‍ കൃത്യമായ ആര്‍ത്തവചക്രത്തിനും പ്രത്യുല്‍പാദനശേഷിയെയും സഹായിക്കുന്നു.
സ്ത്രീകളില്‍ കൂടുതല്‍
തൈറോയ്ഡ് രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്. ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ തൊട്ട് ജീവിതത്തിന്റെ ഏതു ഘട്ടത്തിലും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കടന്നുവരാം. എങ്കിലും സ്ത്രീകളില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ തൈറോയ്ഡ് പ്ര ശ്‌നങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
തൈറോയ്ഡ് തകരാറുകള്‍
തൈറോയ്ഡ് രോഗങ്ങള്‍ പലതരത്തിലുണ്ട്. ചിലപ്പോള്‍ ഈ ഗ്രന്ഥിക്ക് ശരിയായ രീതിയില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരും. അമിതമായി ഹോര്‍മോണ്‍ ഉത്പാദിപ്പിച്ചെന്നും വരാം. ചിലരില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുമെങ്കിലും അവ സക്രിയമായ ടി3 ആയി മാറുകയില്ല. അതുമല്ലെങ്കില്‍ ബാക്കി പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടന്നാലും ശരീരത്തിന്റെ പ്രതിരോധ ശൃംഖലക്ക് ഇവയെ ഏകോപിക്കാന്‍ കഴിയാതെയും വരാം.
തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ പ്രധാനമായത് ഹൈപ്പോ തൈറോയ്ഡിസം അഥവാ തൈറോയ്ഡ് പ്രവര്‍ത്തന മാന്ദ്യം, ഹൈപ്പര്‍ തൈറോയ്ഡിസം അഥവാ അമിത പ്രവര്‍ത്തനം എന്നിവയാണ്. ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണം വിവിധതരം പോഷകഘടകങ്ങളുടെ അസന്തുലിതാവസ്ഥയും തെറ്റായ ജീവിതശൈലിയും തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ മൂലകമാണ് അയഡിന്‍. ഇതിനു പുറമെ സിങ്ക്, സെലനിയം മുതലായ സൂക്ഷ്മ മൂലകങ്ങളുടെ അഭാവവും തൈറോയ്ഡ് രോഗങ്ങള്‍ക്ക് വഴിതെളിക്കാം. റേഡിയോ ആക്ടീവ് അയഡിന്‍ ചികിത്സ, ഓട്ടോ ഇമ്യൂണ്‍ തകരാറുകള്‍, ജനിതക കാരണങ്ങള്‍ എന്നിവയും രോഗകാണമാകുന്നുണ്ട്. അടുത്ത കാലത്ത് നടന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭക്ഷണത്തില്‍ ചേര്‍ക്കപ്പെടുന്ന പല രാസസ്തുക്കളും രുചി പകരുന്ന കൃത്രിമ പദാര്‍ഥങ്ങളും ഇത്തരം തകരാറുകള്‍ ഉണ്ടാക്കുന്നു എന്നാണ്.
തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ ഏറ്റവുമധികം കാണപ്പെടന്നത് ഹൈപ്പോതൈറോയ്ഡിസം ആണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ ക്ഷീണം, മന്ദത, കാരണമില്ലാതെ ശരീരഭാരം കൂടുക, വരണ്ടചര്‍മം, മുടികൊഴിച്ചില്‍, തണുപ്പ് സഹിക്കാന്‍ സാധിക്കാതെ വരിക, മലബന്ധം, ഡിപ്രഷന്‍, ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം, രക്തത്തിലെ കൊളസ്‌ട്രോള്‍ നില കൂടുക, മുഖത്തും കൈകാലുകളിലും നീര് എന്നിവയാണ്. ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ പ്രധാനലക്ഷണങ്ങള്‍ കാരണമില്ലാതെ ശരീരഭാരം കുറയുക, അമിതവിയര്‍പ്പ്, ഹൃദയമിടിപ്പ് കൂടുതല്‍, ആകാംക്ഷ, ദേഷ്യം, ക്ഷീണം, കൈവിറയല്‍, വയറിളക്കം, ഉറക്കക്കുറവ് എന്നിവയാണ്.
തൈറോയ്ഡിന്റെ ആരോഗ്യത്തിന് പോഷകങ്ങള്‍
മറ്റേതൊരു ശാരീരിക പ്രവര്‍ത്തനത്തിനും എന്നപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലും അവയെ തടസ്സപ്പെടുത്തുന്നതിലും ഭക്ഷണക്രമം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് സഹായകമായ പ്രധാന പോഷകങ്ങള്‍ ഇനി പറയുന്നവയാണ്.
അയഡിന്‍
മനുഷ്യരില്‍ അയഡിന്‍ ആഗിരണം ചെയ്യപ്പെടുന്ന കോശങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ മാത്രമാണുള്ളത്. നമ്മുടെ ശരീരത്തിലെ ആകെ അയഡിന്റെ മൂന്നില്‍ രണ്ടുഭാഗവും തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്നു. അയഡിന്റെ അഭാവവും അമിത ഉപയോഗവും ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഈ മൂലകത്തിന്റെ അളവ് ശ്രദ്ധാപൂര്‍വം ക്രമീകരിക്കണം.
ഇവയുടെ പ്രധാന സ്രോതസ്സുകള്‍ കടല്‍ വിഭവങ്ങളും ഇലക്കറികളും പച്ചക്കറികളും ധാന്യങ്ങും മറ്റുമാണ്. കടല്‍ വെള്ളമാണ് പ്രധാന സ്രോതസ്സെങ്കിലും അത് വറ്റിച്ചുണ്ടാക്കുന്ന ഉപ്പ് അത്ര നല്ല സ്രോതസ്സല്ല. അയഡൈസ്ഡ് ഉപ്പ് കൃത്യമായ അളവ് അയഡിന്‍ ഭക്ഷണത്തില്‍ ഉറപ്പ് വരുത്തുന്നു.
സെലനിയം
ശരീരത്തിലെ സെലനിയത്തിന്റെ ഭൂരിഭാഗവും തൈറോയ്ഡ് ഗ്രന്ഥിയിലാണ് കാണപ്പെടുന്നത്. ടി3 ഹോര്‍മോണിന്റെ ഉല്‍പാദനത്തിനും നിയന്ത്രണത്തിനും ഈ മൂലകം അത്യാവശ്യമാണ്. അതിനുപുറമെ മറ്റു ശരീരാവയവങ്ങളിലും രക്തത്തിലും ടി3 ഹോര്‍മോണ്‍ അളവ് ക്രമീകരിച്ച് നിര്‍ത്താനും ഈ മൂലകം ആവശ്യമാണ്. സെലനിയം പ്രധാന നിരോക്‌സീകാരക എന്‍സൈമുകളുടെ ഘടകം എന്നതു പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എന്‍സൈമുകളുടെയും പ്രധാന ഘടകമാണ്. ഇതിന് നിരോക്‌സീകാരകം എന്ന നിലയില്‍ കാന്‍സര്‍ തടയാനും പ്രതിരോധ ശേഷി, കാര്യഗ്രഹണശേഷി, പ്രത്യുല്‍പാദനശേഷി എന്നിവ വര്‍ധിപ്പിക്കാനുള്ള കഴിവുമുണ്ട്. കടല്‍ വിഭവങ്ങളായ ഞണ്ട്, ട്യൂണ, കൂണ്‍വര്‍ഗങ്ങള്‍, ലിവര്‍ എന്നിവയിലെല്ലാം സെലനിയം ഉണ്ട്.
ഇരുമ്പ്, സിങ്ക്, കോപ്പര്‍
സൂക്ഷ്മമൂലകങ്ങളില്‍ തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായ മറ്റു മൂന്ന് പ്രധാനഘടകങ്ങളാണിവ. സിങ്കിന്റെ അഭാവം ടി.സി.എച്ച് അളവ് കുറയ്ക്കുന്നതായും അയേണ്‍ അഭാവം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനശേഷി കുറയ്ക്കുന്നതായും കോപ്പര്‍ തൈറോയ്ഡ് ഉല്‍പാദനത്തെ ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.
ലിവര്‍, ഇലക്കറികള്‍, കൂണ്‍വര്‍ഗങ്ങള്‍, നട്‌സ്, ബീന്‍സ്, കടല്‍വിഭവങ്ങള്‍ തുടങ്ങിയവ ശരിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
വൈറ്റമിനുകള്‍
ജീവകങ്ങളെല്ലാം തന്നെ തൈറോയ്ഡിന്റെ ആരോഗ്യത്തിന് ആവശ്യമാണെങ്കിലും വൈറ്റമിന്‍ ഡി, വൈറ്റമിന്‍-ബി12, ആന്റി ഒാക്‌സിഡന്റ് വൈറ്റമിനുകളായ ബീറ്റാ കരോട്ടിന്‍, സി.ഇ എന്നിവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
വൈറ്റമിന്‍ -ഡി: ഹൈപ്പര്‍ തൈറോയ്ഡിസത്തിലുണ്ടാകുന്ന അസ്ഥിക്ഷയത്തിന് ആക്കം കൂട്ടുന്നതിന് വിറ്റാമിന്‍ ഡിയുടെ അഭാവം കാരണമാകുന്നു. നെയ്യുള്ള മത്സ്യം, പാല്‍, മുട്ട, കൂണ്‍വര്‍ഗങ്ങള്‍ എന്നിവയ്ക്കു പുറമെ സൂര്യപ്രകാശത്തിലൂടയും ഇത് ലഭിക്കും. വൈറ്റമിന്‍ സി.ഇ, ബീറ്റാ കരോട്ടിന്‍, മുതലായ ആന്റി ഓക്‌സിഡന്റ് വൈറ്റമിനുകളും തൈറോയ്ഡ് ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നതായി കാണപ്പെടുന്നു. ഇലക്കറികള്‍, നിറമുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സസ്യ എണ്ണകള്‍ മുതലായവ ഇവയുടെ മികച്ച സ്രോതസ്സുകളാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍
കൊഴുപ്പുകളുടെ കൂട്ടത്തില്‍ തൈറോയ്ഡ് ആരോഗ്യത്തിന് ഏറ്റവും ആവശ്യമായതാണിവ. മത്സ്യങ്ങളിലും മീനെണ്ണയിലും ചണവിത്തിലും വെളിച്ചെണ്ണയിലും ഇത് ധാരാളം അടങ്ങിയിരിക്കുന്നു.
തൈറോയ്ഡും ശാരീരിക മാറ്റങ്ങളും
അമിതവണ്ണം
ഹൈപോതൈറോയ്ഡ് രോഗികളിലെ ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും ഭാരവും. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കുറയുമ്പോള്‍ ശരീരഭാരം കൂടും. അത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ ആവശ്യത്തിന് ലഭ്യമല്ലാതാകുമ്പോള്‍ ഉപാപചയപ്രവര്‍ത്തനങ്ങള്‍ കുറയുന്നു. അതിനര്‍ഥം കുറഞ്ഞ കലോറി ഊര്‍ജം മാത്രമെ ദിവസേന ചെലവഴിക്കുന്നുള്ളൂ എന്നാണ്. ഊര്‍ജം ചെലവഴിക്കാതാകുമ്പോള്‍ ശരീരത്തില്‍ അത് കൊഴുപ്പായി അടിയുന്നു. ഹൈപോതൈറോയ്ഡിസം ഉള്ളവര്‍ക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടും. ഉപാപചയം മെല്ലെയാകാനും ഊര്‍ജം ചെലവഴിക്കുന്നത് കുറയാനും ഇത് വഴിവെക്കും. ഭാരം കൂടാന്‍ ഇതും കാരണമായിത്തീരാം. മറ്റൊന്നുകൂടി, ക്ഷീണം അനുഭവപ്പെടുമ്പോള്‍ ഭക്ഷണം കഴിച്ച് അതിനെ മറികടക്കാന്‍ ശ്രമിക്കും. അപ്പോഴും കൂടുതല്‍ കലോറി ശരീരത്തില്‍ എത്തുന്നു.
ഭാരം നിയന്ത്രിക്കാനും ആരോഗ്യം കാക്കാനും ഭക്ഷണരീതികളില്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യാനുസരണം എല്ലാ പോഷക ഘടകങ്ങളും അടങ്ങിയ ഭക്ഷണക്രമം ശീലിക്കുക എന്നത് അനിവാര്യമാണ്. ധാരാളം വെള്ളം കുടിക്കണം. മലബന്ധം തടയാനും രക്തത്തിലെ കൊളസ്‌ട്രോള്‍നില കുറയ്ക്കാനും നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കേണ്ടതാണ്. തവിടോടു കൂടിയ ധാന്യങ്ങള്‍, കടല, ചെറുപയര്‍, കാബേജ് വിഭാഗത്തല്‍ പെടാത്ത പച്ചക്കറികള്‍ എന്നിവ നല്ലതാണ്.
മഞ്ഞള്‍, ഇഞ്ചി, കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു എന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജങ്ക്ഫുഡ്‌സ്, ഫാസ്റ്റ്ഫുഡ്, ആല്‍ക്കഹോള്‍ എന്നിവ തൈറോയ്ഡ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
ഭാരക്കുറവ്
ഹൈപ്പര്‍ തൈറോയ്ഡ് രോഗികളിലെ പ്രധാന പ്രശ്‌നം ശരീരഭാരം ഗണ്യമായി കുറയുക എന്നതാണ്. ഈ അവസ്ഥയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യവിഭവങ്ങള്‍, ചണവിത്ത് എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഇലക്കറികള്‍, കാബേജ്, കോളിഫഌവര്‍ എന്നിവ ഇവര്‍ക്ക് കഴിക്കാം. നല്ല പ്രോട്ടീനും സെലനിയവും അടങ്ങിയ, അതേസമയം ഗോയിസ്‌ട്രോജന്‍സ് കൂടിയുള്ള സോയാബീന്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. തവിടുകളയാത്ത ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്‌സ് മുതലായ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെയും മെഗ്‌നീഷ്യത്തിന്റെയും തോത് 3:1 ആയിരിക്കേണ്ടതുണ്ട്. പാലും പാലുല്‍പന്നങ്ങളും കഴിക്കേണ്ടതുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
മരുന്നു കഴിക്കുമ്പോള്‍
തൈറോയ്ഡ് തകരാറുകള്‍ക്ക് പരിഹാരമായി ഹോര്‍മോണ്‍ ചികിത്സ ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ ഈ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സാധാരണയായി ഭക്ഷണത്തിനു മുമ്പാണ് ഇവ ഇപയോഗിക്കുന്നത്. കാല്‍സ്യം, അയേണ്‍ അടങ്ങിയ മള്‍ട്ടി വൈറ്റമിന്‍ സപ്ലിമെന്റുകള്‍, മെഗ്‌നീഷ്യം അല്ലെങ്കില്‍ അലുമിനിയം അടങ്ങിയ അന്റാസിഡുകള്‍, ചിലതരം അള്‍സര്‍ മരുന്നുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ചില മരുന്നുകള്‍ എന്നിവ തൈറോയ്ഡ് ഹോര്‍മോണ്‍ കഴിക്കുന്നതിന് 3-4 മണിക്കൂര്‍ മുമ്പോ ശേഷമോ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍
നേർപഥം വാരിക