അറബികളും അറബി പഠനവും കേരളത്തില്‍

അറബികളും അറബി പഠനവും കേരളത്തില്‍

(ക്വുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം: 1)

മദീനയിലെ മലിക് ഫഹ്ദ് ക്വുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലക്‌സിന്റെ താല്‍പര്യപ്രകാരം ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി തയ്യാറാക്കിയ, 'താരീഖു തത്വവ്വുരി തര്‍ജമതി മആനില്‍ ക്വുര്‍ആനില്‍ കരീം ഇലല്‍ ലുഗത്തില്‍ മലയ്ബാരിയ്യ' (വിശുദ്ധ ക്വുര്‍ആന്‍ ആശയ വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്‍)എന്ന അറബിപഠന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം

മലബാറിന് അറബികളും ഇസ്‌ലാമുമായുള്ള ബന്ധം

1. കേരളത്തെക്കുറിച്ച് അല്‍പം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന തീരപ്രദേശമത്രെ മലബാര്‍. മലബാറിന്റെ സിംഹഭാഗവും ഇന്ന് കേരള സംസ്ഥാനത്തിലാകുന്നു. ശേഷിക്കുന്ന മലബാറിന്റെ വടക്കേ അറ്റം ഇന്ന് കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്നു. ‘മലബാര്‍’ എന്ന നാമകരണം പൂര്‍വകാലം മുതല്‍ വിവിധ ലക്ഷ്യങ്ങള്‍ക്ക് കടന്നുവന്ന അറബികളുടെ വകയാണ്.  

ഈ പ്രദേശമാകട്ടെ അറബികളായ വൈദേശികര്‍ താമസിച്ചതിനാലും അറബിഭാഷ അവിടെ വ്യാപിച്ചതിനാലും മറ്റു ഇന്ത്യന്‍ നാടുകളില്‍ നിന്ന് വ്യതിരിക്തമാണ്. എത്രത്തോളമെന്നാല്‍ ചില ചരിത്രകാരന്മാര്‍ മലബാര്‍ വിവിധ അറബ് ഗോത്രങ്ങളുടെ ഒരു സങ്കരവംശം ഇറങ്ങി താമസിക്കുന്ന പശ്ചിമേഷ്യയിലെ ഒരു ദ്വീപാണെന്ന് പോലും ധരിച്ച് വശായിട്ടുണ്ട്. മലയാളഭാഷ സംസാരിക്കുന്ന കേരളീയര്‍ ഇന്ന് 30 മില്യന്‍ കവിയും. അവരില്‍ മുസ്‌ലിംകളാകട്ടെ ഇരുപത്തിയഞ്ച് ശതമാനം വരും. ബുദ്ധ, ജൈന, ഹൈന്ദവ, ക്രൈസ്തവ, യഹൂദ്യാതി മതങ്ങളിലായി വിവിധ വര്‍ഗങ്ങളും ജാതികളുമാണ് കേരളീയര്‍. വ്യത്യസ്ഥ ജാതികളടങ്ങുന്ന ഹൈന്ദവരാണ് ഭൂരിപക്ഷ സമൂഹം, മുസ്‌ലിംകള്‍ പ്രബല ന്യൂനപക്ഷവും. പിന്നീട് മറ്റു മതക്കാരും. ബുദ്ധമതം പണ്ടേ പ്രചാരം നേടുകയും മറ്റുമതങ്ങളെക്കാള്‍ സ്വധീനമുണ്ടാവുകയും ചെയ്ത കാലമുണ്ടായിട്ടുണ്ട്. എ.ഡി.മൂന്നാം നൂറ്റാണ്ടു മുതല്‍ ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം ബുദ്ധമത ത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന പേരിലറിയപ്പെടുന്നു. ബുദ്ധമതം അതിന്റെ പ്രാരംഭഘട്ടത്തില്‍ വിഗ്രഹപൂജയില്‍ നിന്ന് ദൂരെയായിരുന്നു. എന്നാല്‍ എ.ഡി. എഴാം നൂറ്റാണ്ട് മുതല്‍ ബുദ്ധമതം വിഗ്രഹാരാധനയും വിഗ്രഹപൂജയും അഭ്യസിച്ചെടുക്കുകയും പിന്നീട് അവിടെനിന്നങ്ങോട്ട് ബുദ്ധമതം ക്ഷയിക്കുകയും തുടര്‍ന്ന് നാമാവശേഷമാവുകയും ചെയ്തു. 1986ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് കേരളത്തില്‍ 233 ബുദ്ധന്മാര്‍ മാത്രമാണ് ശേഷിക്കുന്നത്. പൂര്‍വികരില്‍ പലരും ഇസ്‌ലാം സ്വീകരിക്കുകയാകുണ്ടായത്. 

 

2. ഇസ്‌ലാം കേരളത്തിലേക്ക്

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിന്റെ ഉദയം പല ഘട്ടങ്ങളില്‍ പല മാര്‍ഗങ്ങളിലൂടെയാണ് ചരിത്രകാര ന്മാര്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ അറബികളായ കച്ചവടക്കാര്‍ ഇന്ത്യന്‍ പശ്ചിമതീരപ്രദേശങ്ങളെയും വാണിജ്യകേന്ദ്രങ്ങളെയും സന്ദര്‍ശിച്ച കാലം മുതല്‍ വളരെ കാലം മുമ്പ്തന്നെ കേരളത്തില്‍ ഇസ്‌ലാം വെളിച്ചം വീശിയിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഅ്ബറി(റ) പറയുന്നു: ”നേര്‍മാര്‍ഗത്തിന്റെ വെളിച്ചവുമായി കേരളത്തിലേക്ക് കടന്നുവന്നവര്‍ മാലിക്ബ്‌നു ദീനാറും ശറഫുബ്‌നു മാലികും മാലികുബ്‌നു ഹബീബും മറ്റുമായിരുന്നു. ഇവര്‍ കേരളക്കരയില്‍ സത്യപ്രബോധനാര്‍ഥം പള്ളികളും സ്രാമ്പികളും പണിയുകയുണ്ടായി, ഉമര്‍(റ)വിന്റെ ഭരണകാലത്താണ് അവര്‍ കേരളത്തില്‍ വന്നെത്തിയത്.” 

പ്രസിദ്ധ എഴുത്തുകാരനായ മസ്ഊദ് ആലം നദ്‌വി രേഖപ്പെടുത്തുന്നു: ”ഉമര്‍(റ)വിന്റെ ഭരണ കാലത്ത് കേരളത്തിലേക്ക് കടന്നുവന്ന സംഘം ആദ്യമായി ബോംബെക്കടുത്ത താനയിലും പിന്നീട് ഗുജറാത്തിലെ ഭറോജിലും സഞ്ചരിച്ചു. സ്വഹാബികളുടെ കാലത്ത് അവരില്‍ ചിലര്‍ ഇന്ത്യയില്‍ എത്തി എന്നതില്‍ സംശയമില്ല.”  

ഉപരി സൂചിത ഉദ്ധരണികളെല്ലാം ചില ചൂണ്ടുപലകകളാണ്. എല്ലാം തന്നെ ഇസ്‌ലാം എന്ന ഋജുമാര്‍ഗത്തെ വളരെ കാലം മുമ്പു തന്നെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ മറ്റു മേഖലകളെ പിന്നിലാക്കി സ്വീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കുന്നു, വിശിഷ്യാ കേരളക്കരയില്‍. പണ്ട് മുതലേ അറബികളും കേരളവും തമ്മിലുള്ള ബന്ധവും അറബികളുടെ ആഗമനവും ഇസ്‌ലാം കേരളനാട്ടില്‍ വളരെ പണ്ടുതന്നെ വേരു പിടിച്ചിട്ടുണ്ടെന്നത് ശരിവെക്കുന്നു. കൂടാതെ പൗരാണിക പള്ളികളിലെ കൊത്തുവേല ചെയ്യപ്പെട്ട ശിലകളില്‍ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് അവയുടെ നിര്‍മാണം ഉമര്‍(റ)വിന്റെ കാലത്താണെന്നാണ് മനസ്സിലാക്കിത്തരുന്നത്. 

3. അറബികളും അറബിഭാഷയും കേരളത്തില്‍

മുസ്‌ലിംകളായ അറബികളിലൂടെ ഇസ്‌ലാം അന്യദേശങ്ങളിലേക്ക് പ്രവേശിച്ചതോടെ ആ നാടുകളില്‍ അറബിഭാഷയും പ്രചരിച്ചു. അന്നുമുതല്‍ ഇന്നുവരെ അന്നാടുകളില്‍ അറബിഭാഷ ആ നാട്ടുകാരുടെ മുഴുശ്രദ്ധ പിടിച്ചു പറ്റുകയും എടുത്തുപറയത്തക്ക സ്ഥാനം നേടുകയും ചെയ്തു. ഇന്ത്യയില്‍ സൈനിക ജേതാക്കളിലൂടെയുള്ള ഇസ്‌ലാമിന്റെ ആഗമനം ഹിജ്‌റയുടെ 91ാം വര്‍ഷമാണ് ഉണ്ടായത്. ഉമവി ഭരണകാലത്ത് വടക്കേ ഇന്ത്യയില്‍ മുഹമ്മദ്ബ്‌നു ക്വാസിമുസ്സക്വഫിയിലൂടെയായിരുന്നു പ്രസ്തുത ആഗമനം. എന്നാല്‍ അദ്ദേഹത്തിന്റെ പ്രബോധനവും രാഷ്ട്രവും സിന്ധ് പ്രവിശ്യയില്‍ പരിമിതമായിരുന്നു. പിന്നീട് ഇന്ത്യയില്‍ വൈദേശിക സൈനികമുന്നേറ്റങ്ങള്‍ നില്‍ക്കുകയും ഹിജ്‌റ 392ല്‍ മഹ്മൂദ് ഗസ്‌നവി തന്റെ ആദ്യാക്രമണം ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ നടത്തുകയും പിന്നീടത് തുടരുകയും ചെയ്തു. അങ്ങനെ ഇസ്‌ലാമികഭരണം ഇന്ത്യയുടെ വടക്കും തെക്കുപടിഞ്ഞാറന്‍ നാടുകളിലും വ്യാപിച്ചു. വൈദേശികരായ തൈമൂരികള്‍, മുഗളര്‍, അടിമവംശ സ്ഥാപകര്‍ എന്നിവരിലൂടെ പിന്നീട് വിജയങ്ങള്‍ വ്യാപകമാവുകയാകുണ്ടായത്. 

എന്നാല്‍-നാം മുമ്പ് സൂചിപ്പിച്ചത്‌പോലെ-ഇന്ത്യയുടെ തെക്കന്‍ തീരപ്രദേശങ്ങള്‍ പണ്ട് കാലം മുതലെ പൗരാണിക അറബികളുമായും അവിടേക്ക് കടന്നുവരുന്ന അറേബ്യന്‍ വൈദേശികരുമായും ബന്ധം പുലര്‍ത്തിയിരുന്നു. 

ചരിത്രകാരന്മാര്‍ പറയുന്നു: ”സുലൈമാന്‍ നബി(അ)യുടെ കാലത്തിന് വളരെ മുമ്പ്തന്നെ (ബി.സി. 1000ത്തില്‍) അറബികള്‍ കടല്‍മാര്‍ഗം പേര്‍ഷ്യന്‍ തീരപ്രദേശങ്ങളില്‍ നിന്നും ഒമാനില്‍നിന്നും കേരളത്തിലേക്ക് വന്നെത്തിയിട്ടുണ്ട്. ഈ വൈദേശികര്‍ നബിﷺ നിയോഗിതനാവുമ്പോള്‍ സിത്ത്, ബയ്‌സരികള്‍, അഹാമിറ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു.”  

ശംസുദ്ദീന്‍ ഖാദിരി പറയുന്നു: ”(യമനിലെ) ഹദര്‍മൗത്തിന്റെ പ്രാന്തപ്രദേശമായ ദിഫാര്‍ തുറമുഖം മലബാറി ന്റെയും അറബികളുടേയും നേര്‍ക്കുനേരെയുള്ള വാണിജ്യ കേന്ദ്രമായിരുന്നു.”  

പ്രൊഫസര്‍ അഹ്മദ് ശലബി പറയുന്നു: ”കേരളത്തിന്റെ ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും ഉത്പാദിപ്പിക്കുന്ന ഇഞ്ചി, കുരുമുളക്, ഏലം എന്നിവ ഇസ്‌ലാമികാഗമനത്തിന് മുമ്പ് തന്നെ അറേബ്യന്‍ ചന്തകളില്‍ കാണപ്പെട്ടിരുന്നു.” 

ലോകസഞ്ചാരി ഇബ്‌നു ബത്തൂത്ത തന്റെ സഞ്ചാരക്കുറിപ്പില്‍ താന്‍ കേരളത്തില്‍ തന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടതായ അറേബ്യന്‍ അടയാളങ്ങളെയും ഗോത്രങ്ങളെയും ഇസ്‌ലാമിക പൈതൃകങ്ങളെയും സാത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം തന്നെ അറബികളായ പണ്ഡിതരെയും അധ്യാപകരെയും ജഡ്ജിമാരെയും കണ്ടതും അറബി അധ്യായനത്തിനും അറബി ഗ്രന്ഥരചനക്കുമുള്ള പ്രാധാന്യം അവിടെ കണ്ടതും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 

കൂടാതെ കേരളവുമായി വിവിധ ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന അറേബ്യന്‍ കുടുംബങ്ങള്‍ കേരള ത്തില്‍ താമസമുറപ്പിച്ചിട്ടുണ്ട്. ഈ കുടിയേറ്റം ഇസ്‌ലാമിക-കേരള സംസ്‌കാരങ്ങളുടെ സങ്കരണത്തിനും അറബി ഭാഷക്ക് മുഴുകേരളത്തിലും എടുത്തു പറയത്തക്ക രീതിയിലുള്ള ഉയര്‍ച്ചക്കും പ്രചരണത്തിനും കാരണവുമായിട്ടുണ്ട്. 

4. ക്വുര്‍ആന്‍ പഠന ഉപാധികള്‍, വിവര്‍ത്തനത്തിന്റെ പരിണാമഘട്ടങ്ങള്‍ 

ഡോ. ജോസഫ് താന്‍ അറബിഭാഷയില്‍ ആകൃഷ്ടനായതിനെ കുറിച്ചും കേരളത്തില്‍ അതിന്റെ വ്യാപനത്തെ കുറിച്ചും പറയുന്നു: ”മലയാളത്തില്‍ ഒരു ക്വുര്‍ആന്‍ പരിഭാഷയും ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്‌ലിംകള്‍ ഒരു അനിവാര്യത എന്നോണം അറബിഭാഷ പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണുണ്ടായത്.” 

പണ്ട് മുതലേ അറബികളുടെയും കേരളീയരുടെയും ഇടയിലുള്ള സുദൃഢവും ദൂരവ്യാപകവുമായിട്ടുള്ള ബന്ധം അറബിഭാഷ പഠിക്കുന്നതിന്നും വിശുദ്ധ ക്വുര്‍ആന്‍ മനസ്സിലാക്കുന്നതിന്നും ഇസ്‌ലാമികാധ്യാപനങ്ങള്‍ നിര്‍വഹിക്കുന്നതിന്നും വിശുദ്ധ ക്വുര്‍ആനിലെ സാങ്കേതിക പദങ്ങള്‍ മനസ്സിലാക്കുന്നതിന്നും ഒട്ടേറെ സഹായകമായിട്ടുണ്ട്. അങ്ങനെ ക്വുര്‍ആനിക പ്രബോധനം അവര്‍ക്കിടയില്‍ പെട്ടെന്ന് പ്രചരിക്കുകയും പണ്ഡിതന്മാരും ഗ്രന്ഥരചയിതാക്കളും കര്‍മശാസ്ത്രജ്ഞരും ഗദ്യ-പദ്യ ഭാഷാ പടുക്കളും അവരില്‍ നിന്ന് ഉടലെടുക്കുകയും ചെയ്തു. 

ഈ കാലഘട്ടത്തില്‍ ക്വുര്‍ആന്‍ പഠിക്കാനും ഉള്‍കൊള്ളാനുമുണ്ടായിരുന്ന പ്രധാന മാര്‍ഗങ്ങള്‍:

 

ഓത്തുപള്ളികള്‍

അധ്യാപകരിലൂടെയും വഅദ് പറയുന്നവരിലൂടെയും പ്രാസംഗികരിലൂടെയും ക്വുര്‍ആന്‍ പഠിക്കുകയും ആശയം ഗ്രഹിക്കുകയും ചെയ്യുന്നതിന് പുറമെ ഓത്തുപള്ളികളായിരുന്നു പഠനത്തിനുള്ള പൗരാണിക മാര്‍ഗം. നൂറ്റാണ്ടുകള്‍ ഏറെ മലബാര്‍ മുഴുവനും ക്വുര്‍ആന്‍ പഠിക്കാനുള്ള പഠനമുറ ഓത്തുപള്ളികളായിരുന്നു. എത്രത്തോളമെന്നാല്‍ ഒരിക്കലും കയ്യൊഴിക്കാനും മാറ്റംവരുത്തുവാനും കഴിയാത്തവിധം സ്ഥിരപ്പെട്ട രീതിയായി മാറി ഓത്തുപള്ളികള്‍. 

ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, ഹിജാസ്, യമന്‍, ഈജിപ്ത് എന്നിവിടങ്ങളിലും ക്വുര്‍ആന്‍ പഠിപ്പിക്കാന്‍ ഇതേ മാര്‍ഗമായിരുന്നു പിന്തുടര്‍ന്നിരുന്നത് എന്നതാണ്. അവിടങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ് ഈ രീതി കേരളത്തില്‍ കൊണ്ടുവന്നത്. 

ഓത്തുപള്ളികളില്‍ നിന്ന് മദ്‌റസകളിലേക്ക്

നൂറ്റാണ്ടുകളായി ക്വുര്‍ആന്‍ പഠനത്തിന്റെ കോട്ടകളായി നിലകൊണ്ട ഓത്തുപള്ളികള്‍ മദ്‌റസകളായി വളര്‍ന്നു പരിണമിച്ചു. ആദ്യമായി ഒരു സ്വതന്ത്ര മദ്‌റസ സ്ഥാപിക്കുന്നതിനുള്ള ശ്രമമുണ്ടായത് എ.ഡി. 1871ല്‍ ആയിരുന്നു. പ്രസ്തുത മാറ്റം മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ എന്നിവരുടെ കയ്യാലായിരുന്നു. എന്നിരുന്നാലും പഠന രീതി ഓത്തുപള്ളികളുടേതിന് സാദൃശ്യമുള്ളതായിരുന്നു. 

അറബിക് കോളേജുകള്‍ 

1908ല്‍ ശ്രദ്ധേയമായ മറ്റൊരു മാറ്റമുണ്ടായി. ആധുനിക മദ്‌റസാവിപ്ലവത്തിന്റെ പ്രാരംഭമായി  ഗണിക്കപ്പെടുന്ന, ആധുനിക രീതിയിലുള്ള മദ്‌റസാ പഠനക്രമം സ്ഥാപിച്ചു എന്നതാണത്. ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയായിരുന്നു അതിന്റെ സ്ഥാപകന്‍. അങ്ങനെ ഈ പാഠശാലയുടെ നേതൃത്വം അദ്ദേഹം വഹിക്കുകയും ദാറുല്‍ ഉലൂം അറബി കോളേജ് എന്ന് അതിന് പേര് നല്‍കുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആന്‍, തഫ്‌സീര്‍, പ്രാദേശിക ഭാഷയിലേക്കുള്ള ആശയവിവര്‍ത്തനം എന്നിവയെല്ലാം അദ്ദേഹം തുടക്കം മുതലേ ഗൗരവപൂര്‍വം കണക്കിലെടുത്ത വിഷയങ്ങളില്‍ പെട്ടവയായിരുന്നു. അങ്ങനെ അദ്ദേഹം ആദ്യമായി കേരളത്തിന്റെ ഇസ്‌ലാമിക അധ്യായന ചരിത്രത്തില്‍ പരീക്ഷാസമ്പ്രദായം ഏര്‍പെടുത്തി. (അവസാനിച്ചില്ല)

 

ശൈഖ് മുഹമ്മദ് അശ്‌റഫ് അലി അല്‍മലബാരി /
വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

ആത്മഹത്യ പ്രശ്‌നമോ പരിഹാരമോ?

ആത്മഹത്യ പ്രശ്‌നമോ പരിഹാരമോ?

ആത്മഹത്യാനിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം കൂടിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. പ്രശ്‌നങ്ങളെ ധീരമായി നേരിടുന്നതിന് പകരം ജീവിതത്തില്‍ നിന്ന് തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുന്നത് ഭീരുത്വവും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കലുമാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാളികളുടെ പ്രധാന ചര്‍ച്ചാവിഷയം ആത്മഹത്യയാണ്. അന്നംതേടി പിറന്ന നാടും വീടും കുടുബവും വിട്ട് വിദേശത്തക്ക് ചേക്കേറിയ ഒരു പ്രവാസി  സ്വന്തം നാട്ടില്‍ ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കാന്‍ തന്റെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചു. എന്നാല്‍ ആരുടെയൊക്കെയോ ക്രൂരമായ മനസ്സിന് മുമ്പില്‍ തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്നു എന്ന യാഥാര്‍ഥ്യം ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. വിവാഹാഭ്യര്‍ഥന നിരസിച്ച പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് സഹപ്രവര്‍ത്തകനായിരുന്ന പൊലീസുകാരന്‍. അവളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ തീരുമാനം എന്നായിരുന്നത്രെ ആ പൊലീസുകാരന്റെ മൊഴി. കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 18 കാരന്‍ ചികിത്സയിലായിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. മാതാപിതാക്കള്‍ വിദേശത്ത്. നല്ല സാമ്പത്തിക ചുറ്റുപാട്. പഠിക്കാന്‍ മിടുമിടുക്കന്‍. എന്നിട്ടും അവന്‍ ഇളം വയസ്സിലേ മരണത്തെ പുല്‍കി. കാമുകി മറ്റൊരാളെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതില്‍ മനംനൊന്ത് ഫേസ്ബുക്കില്‍ ലൈവ് നല്‍കി ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതും കഴിഞ്ഞ ദിവസമാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, ബാങ്ക് ജപ്തി ഭീഷണി, കുടുംബ കലഹം തുടങ്ങി പല കാരണങ്ങളാലും കുറെ പേര്‍ നമ്മുടെ മലയാള മണ്ണില്‍അടുത്ത കാലത്ത് ആത്മഹത്യയില്‍ അഭയം തേടി! പരീക്ഷയില്‍ തോറ്റതിനാല്‍ ആത്മഹ്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലം നാടുവിട്ട  എറണാകുളം സെന്‍ട്രല്‍ സി.ഐ. തിരിച്ചു വന്ന് മാധ്യമങ്ങളോട് പറഞ്ഞ കാര്യം ഏറെ ശ്രദ്ധേയമാണ്: ‘എനിക്ക് ഒരു തീരുമാനം ഉണ്ടായിരുന്നു; സ്വയം ഇല്ലാതാവുന്ന അവസ്ഥയിലേക്ക് പോവുകയില്ലയെന്ന്. മനഃശാന്തി തേടിയുള്ള യാത്രയിലായിരുന്നു ഞാന്‍.’

ആത്മഹത്യയുടെ കാരണങ്ങള്‍ എന്തെന്നതിന് ഉത്തരമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മനഃസംഘര്‍ഷം അനുഭവിക്കുന്നവര്‍ അതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നു!

യഥാര്‍ഥത്തില്‍ ആത്മാര്‍ഥമായി മരിക്കാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണോ ഇവര്‍ ആത്മഹത്യ ചെയ്യുന്നത്? അല്ല എന്നതാകാം വസ്തുത. തങ്ങളുടെ ജീവിതത്തില്‍ ‘അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്എന്തായിരുന്നാലും അത് അവസാനിപ്പിക്കാന്‍, അതില്‍നിന്ന് രക്ഷ നേടാന്‍’ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ‘ഇനി എനിക്കിതു സഹിക്കാന്‍ വയ്യ,’ ‘ഇനി ഞാന്‍ എന്തിനു ജീവിക്കണം?’ എന്നൊക്കെ എഴുതിയ ആത്മഹത്യാ കുറിപ്പുകള്‍ അതാണ് സൂചിപ്പിക്കുന്നത്.

സ്വന്തം ജീവിതം അവസാനിപ്പിച്ച് മറ്റുള്ളവരെ തോല്‍പിക്കാം എന്ന് കരുതുന്നവരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ആത്മഹത്യാ പ്രവണതയുള്ളവരെ ചികിത്സിക്കുന്നതില്‍ വിദഗ്ധനായ ജപ്പാനിലെ ‘ഹിരോഷി ഇനാമൂര’ ഇങ്ങനെ എഴുതി: ”സ്വന്തം മരണത്തിലൂടെ, തങ്ങളെ പീഡിപ്പിച്ചവരെ ശിക്ഷിക്കാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നു.”

പല രാജ്യങ്ങളിലും മധ്യവയസ്‌കരിലും വൃദ്ധരിലും ആണ് ആത്മഹത്യാ നിരക്ക് കൂടുതല്‍. എന്നാല്‍ ആത്മഹത്യ ചെയ്യുന്നവരുടെ ആകെ കണക്കെടുത്താല്‍ 15 വയസ്സിന്റെയും 29 വയസ്സിന്റെയും ഇടയിലുള്ളവരാണത്രെ കൂടുതല്‍. കൗമാര പ്രായക്കാരില്‍ രണ്ടാമത്തെ പ്രധാന മരണകാരണമാണ് ആത്മഹത്യ. അപകടങ്ങള്‍ മൂലമുള്ള മരണമാണ് ഈ വിഭാഗത്തില്‍ ആത്മഹത്യയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. വികസിതരാജ്യങ്ങളിലെ യുവാക്കളില്‍ ഏകദേശം 30% മരണങ്ങളും ആത്മഹത്യ മൂലമാണുണ്ടാകുന്നത്.

മനുഷ്യന്‍ സമാധാനത്തിന് വേണ്ടി നെട്ടോട്ടമോടി ഊരാക്കുടുക്കുകളില്‍ കുടുങ്ങി ആത്മാഹുതി ചെയ്യുന്ന പ്രവണത കൂടിവരുന്നു എന്ന് വേണം കരുതാന്‍. ‘മതത്തിന്റെ വേലിക്കെട്ടുകള്‍ തല്ലിത്തകര്‍ത്ത്’ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സില്‍ വട്ടമിട്ട് പറക്കുന്ന പറവകളിലാണ് ആത്മഹത്യ കൂടുതല്‍ എന്നത് കണക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന മതങ്ങളല്ല, സ്വന്തന്ത്ര ചിന്തയും വ്യക്തിത്വവും ഉള്ള തലമുറയാണ് നാടിന്റെ പുരോഗതിക്കും സമാധാനത്തിനും ആവശ്യമെന്ന് നാഴികക്ക് നാല്‍പത് വട്ടം പ്രസംഗിക്കുന്ന യുക്തിവാദികള്‍ ആര്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുതലെന്ന് പഠിക്കാനൊരുങ്ങണമെന്നാണ് പറയാനുള്ളത്.

ലോകാരോഗ്യ സംഘടനയുടെ 2016ലെ കണക്കുകള്‍ പ്രകാരം സൗത്ത് അമേരിക്കന്‍ രാജ്യമായ ഗുയാനയിലാണ് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതല്‍. തൊട്ട് താഴെ ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയാണ്. റഷ്യയാണ് മൂന്നാം സ്ഥാനത്ത്. അമേരിക്കന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആണ് ആദ്യ പത്തില്‍ എട്ടും. നിസ്സീമമായ സ്വാന്തന്ത്ര്യത്തിന്റെ ആസ്വാദനം തേടിയുള്ള യാത്രയില്‍ മദ്യവും മയക്കുമരുന്നും തീര്‍ത്ത മായാലോകത്തെ ചതിക്കുഴികള്‍ മനസ്സിലാക്കാതെ ജീവിതം തകര്‍ന്ന അനേകായിരങ്ങള്‍ ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട് .

ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമായി മുമ്പ് കണക്കാക്കിയിരുന്നു. എന്നാല്‍ മാനസികരോഗികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനം ഇല്ലാതാക്കാനും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും വേണ്ടി 2017ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ മാനസികാരോഗ്യ നിയമം ഈ വകുപ്പ് റദ്ദാക്കുകയുണ്ടായി

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യ ആത്മഹത്യാ നിരക്കില്‍ 16ാം സ്ഥാനത്താണ് (16.5).  നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്ക് പ്രകാരം പോണ്ടിച്ചേരിയില്‍ ആണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് (43.2). തൊട്ടു പിന്നില്‍ ഛത്തീസ്ഘട്ട് (37.5). ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (28.9). രാജ്യത്തെ ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്ക്  ബീഹാറിലാണ് (0.5).

പ്രസ്തുത പട്ടികയില്‍ 8ാം സ്ഥാനത്തുള്ള കേരളത്തില്‍ നിരക്ക് 21.6 ആണ്. ദേശീയ ശരാശരിയെക്കാന്‍ ഏകദേശം ഇരട്ടിയോളം വരുമിത്! കേരളത്തില്‍ കൊല്ലം ജില്ലയാണ് ആത്മഹത്യ നിരക്കില്‍ ഒന്നാം സ്ഥാനത്ത് (40.3). തിരുവനതപുരം (19.3). തൃശൂര്‍ (12.5) ആണ് രണ്ടും മൂന്നും സ്ഥാനത്ത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് (3.3).

ലോകാടിസ്ഥാനത്തില്‍ തന്നെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍  താരതമ്യേന ആത്മഹത്യാനിരക്ക് കുറവാണ് ഖത്തര്‍ (5.8), ബഹ്റൈന്‍ (5.7), ഇന്തോനേഷ്യ (3.7), ഒമാന്‍(3.5), സുഊദി അറേബ്യ(3.4), ടുണീഷ്യ(3.2), മൊറോക്കോ (3.1), യു.എ.ഇ (2.7), കുവൈറ്റ് (2.2) എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ ഇടമാണ് പ്രസ്തുത രാജ്യങ്ങള്‍ക്ക് ഉള്ളത് എന്നത് ഏതൊരാളുടെയും ചിന്തയെ തൊട്ടുണര്‍ത്തുന്നു.

 അതിന് ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത് ഇസ്ലാമിക വിശ്വാസങ്ങളിലെ വിധി വിശ്വാസത്തിന്റെകരുത്ത് തന്നെയാണ്. തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഏതൊരു നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസം അതിന്റെ അനുയായികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. നന്മയില്‍ സന്തോഷിച്ച് തന്റെ നാഥനെ സ്തുതിക്കുവാനും തിന്മയില്‍ ക്ഷമിച്ച് നാഥനോട് കാവല്‍ തേടാനും ഇസ്ലാം വിശ്വാസികളെ ഉണര്‍ത്തുന്നു.

ഇസ്ലാമിക വീക്ഷണത്തില്‍ ആത്മഹത്യ എന്നത് ഗുരുതരമായ ഒരു പാപമാണ്. അല്ലാഹു  പറയുന്നു:   ”നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു” (4:29,30).  

ഒട്ടേറെ പ്രവാചക വചനങ്ങള്‍ ആത്മഹത്യയുടെ ഗൗരവത്തെ കുറിച്ചും അതിന്റെ ശിക്ഷയെ കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ഒരാള്‍ മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍, അവന്‍ നരകത്തില്‍ വെച്ചും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ എന്നെന്നും വിഷം കഴിച്ചുകൊണ്ടേയിരിക്കും. അവന്റെ കയ്യില്‍ വിഷം എപ്പോഴും ഉണ്ടായിരിക്കും. ഒരാള്‍ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാല്‍ അവന്‍ കാലാകാലവും നരകത്തില്‍ വെച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. ആ ആയുധം അവന്റെ കയ്യില്‍ എപ്പോഴും ഉണ്ടായിരിക്കും” (സ്വഹീഹുല്‍ ബുഖാരി).

ഇതെല്ലം വിശ്വാസിയെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണമായിത്തത്തീരുന്നു. ലക്ഷ്യബോധം ഇല്ലാത്ത മനുഷ്യര്‍ ജീവിതം വഴിയിലുപേക്ഷിച്ച് ‘രക്ഷപ്പെടാന്‍’ ശ്രമിക്കുന്നു. എന്നാല്‍ ഇസ്ലാം മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യവും ആ ലക്ഷത്തിലേക്ക് എത്താനുള്ള മാര്‍ഗവും മാനവ സമൂഹത്തിന് വരച്ചു കാണിച്ച് കൊടുത്തു. അത് പ്രായോഗികമാണെന്ന് തന്റെ 23 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിലൂടെ പ്രയോഗവത്കരിച്ച് കാണിച്ചു എന്നതാണ് മുഹമ്മദ് നബി ﷺ യെ ലോകത്തിന് മുന്നില്‍ വത്യസ്തനാക്കുന്നത്.

അധാര്‍മികതയുടെ കൂത്തരങ്ങായിരുന്ന ഒരു നാടിനെ ലോകത്തിന്റെ മുഴുവന്‍ നന്മയുടെ കേന്ദ്രമാക്കിയും അവിടുത്തെ ജനതയെ ലോകജനതക്ക് മാതൃകയാക്കിയതും വിശുദ്ധ ക്വുര്‍ആനും പ്രവാചക ചര്യയും വരച്ചുകാണിച്ച ലക്ഷ്യബോധത്തിലൂടെയായിരുന്നു. ഈലോക ജീവിതം നൈമിഷികമാണെന്നും മരണത്തിനപ്പുറമുള്ള യഥാര്‍ഥ ജീവിതത്തിന് വേണ്ടി തയ്യാറെടുക്കുക എന്നുമുള്ള ഇസ്ലാമികാധ്യാപനം പ്രതിസന്ധികളെ തരണം ചെയ്ത്, നല്ലൊരു നാളേക്ക് വേണ്ടി, ജീവിതത്തെ കൂടുതല്‍ കരുതലോടെ മുന്നോട്ട് നയിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

ആത്മഹത്യയുടെ കാരണങ്ങള്‍ പലതാണ്. അവ കണ്ടെത്തി ചികിത്സിക്കലാണ് ആവശ്യം. നമുക്ക് ചുറ്റും നടക്കുന്ന ആത്മഹത്യകളില്‍ അറിഞ്ഞോ അറിയാതയോ നാം കാരണക്കാരായിക്കൂടാ എന്ന തിരിച്ചറിവാണ് ഇത്തരം ദുരന്തങ്ങളില്‍ നിന്ന് സമൂഹത്തെ കരകയറ്റാന്‍ അടിസ്ഥാനപരമായി ഉണ്ടാവേണ്ടത്,

കുടുംബ ജീവിതത്തിലെ തകര്‍ച്ചയാണ് ആത്മഹത്യയുടെ പ്രധാന കാരണമായി പഠനങ്ങള്‍ തെളിയിക്കുന്നത്. ദേശീയ ശരാശരി 23.7% ആണെങ്കില്‍ കേരളത്തില്‍ അത് 40.2%. ആണ്!

ദമ്പതികളോട്

അല്ലാഹു പറയുന്നു: ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 4:1).

മനുഷ്യന്റെ ഇഹലോക ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാന്‍ അല്ലാഹു സംവിധാനിച്ചതാണ് വിവാഹജീവിതം. ഇണകള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ആത്മത്യയിലേക്ക് നയിക്കുന്നു. ഇരുവരും പരസ്പരം അറിഞ്ഞും കൊണ്ടും കൊടുത്തതും ജീവിതയാത്രയില്‍ മുന്നോട്ട് പോകാന്‍ തയ്യാറാവണം. ദാമ്പത്യ ജീവിതത്തിലെ കയ്പ്പും മധുരവും ആസ്വദിച്ച് ജീവിക്കാന്‍ തയ്യാറാവുക. അതിലുപരി അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ശിരസ്സാവഹിച്ചു മാതൃകാ ജീവിതം നയിക്കുക. എങ്കില്‍ നാളെ പരലോകത്തും അവര്‍ക്ക് ദമ്പതികളായി അനശ്വര ജീവിതം നയിക്കാനാകും. ആല്ലാഹുവിന്റെ ഈ വാഗ്ദാനം പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് ജീവിതം നയിക്കുവാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.

മാതാപിതാക്കളോട്

ആത്മഹത്യ ചെയ്യുന്നവരുടെ ആകെ കണക്കെടുത്താല്‍ 15 മുതല്‍ 29 വയസ്സിനുള്ളിലുള്ളവരാണ് കൂടുതല്‍ എന്ന് കാണാനാവും എന്ന് നേരത്തെ സൂചിപ്പിച്ചു. മക്കള്‍ എന്നത് അല്ലാഹു നമുക്ക് ഒരേ സമയം അനുഗ്രഹവും പരീക്ഷണവുമായി നല്‍കിയതാണ്.

”നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8:28).

ആ മക്കളെ ശരിയായ ധാര്‍മിക ചിട്ടയോടെ വളര്‍ത്തല്‍ മാതാപിതാക്കളുടെ  കടമയാണ്. അമിത വാത്സല്യവും പാടെ അവഗണിക്കലും മക്കളെ തിന്മയിലേക്ക് നയിക്കാന്‍ കാരണമാകും. ഈയിടെ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി മാതാപിതാക്കളുടെ അത്യാഗ്രഹത്തിന്റെ ഇരയാണെന്നാണ് വാര്‍ത്ത. തനിക്ക് ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് രണ്ടാമതും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലാക്കിയതാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഓരോ കുട്ടിക്കും അവരുടെതായ വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടെന്ന് നാം തിരിച്ചറിയാതെ പോകരുത്. ബലപ്രയോഗത്തിലൂടെ ഒരു കാര്യവും നേടാന്‍ സാധിക്കുകയില്ലെന്നും സ്‌നേഹവും ധാര്‍മിക ബോധവും നല്‍കിയാല്‍ മാത്രമെ മക്കളെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. പത്ത് വയസ്സ് വരെ കളിയിലൂടെ മാത്രമെ കുട്ടികളെ പഠിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് ആധുനിക വിദ്യാഭ്യാസ രീതി നമ്മോട് പറയുന്നത്. ഓരോ കുട്ടിയിലും ഉള്ള കഴിവുകളെ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നമ്മുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടും എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ജനിച്ച നാടിനോടും സമൂഹത്തോടും കടപ്പാടും പ്രതിബദ്ധതയുമുള്ളവരായി മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറാവണം.

അമിത വാത്സല്യവും മക്കളെ തകര്‍ക്കും. ‘പ്രോബ്ലം സോള്‍വിങ് സ്‌കില്‍’ എന്നത് ജീവിതത്തിലെ അനുഭവങ്ങളിലൂടെ നേടിയെടുക്കേണ്ട ഒന്നാണ്. പലപ്പോഴും നമ്മുടെ മക്കളെ ചെറിയ പ്രയാസങ്ങളും പ്രശ്‌നങ്ങളും അനുഭവിക്കാന്‍ നാം അനുവദിക്കാറില്ല. ഇത് അവരുടെ വക്തിത്വത്തെ കാര്യമായി ബാധിക്കുകയും ചെറിയ പ്രതിസന്ധികളില്‍ പോലും പിടിച്ചു നില്‍ക്കാനാവാത്തവരായി അവര്‍ മാറുകയും ചെയ്യുന്നത് കാണുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചയാണ് ഉത്തരം അവസ്ഥയ്ക്ക് കാരണം.

എല്ലാറ്റിനും ഉപരി ഭൗതിക ഭ്രമത്തിനിടയില്‍ ധാര്‍മിക മൂല്യങ്ങള്‍ മക്കള്‍ക്ക് കൈമാറാന്‍ നാം മറക്കരുത്. ജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ചും മരണാന്തര ജീവിതത്തെ കുറിച്ചും ദൃഢവിശ്വാസം ഉള്ളവരായി നമ്മുടെ മക്കളെ വളര്‍ത്താന്‍ നാം ശ്രമിക്കുക.

മക്കളോട്

അമേരിക്കന്‍ ഐക്യനാടുകളില്‍ 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാനിരക്ക് ഏറ്റവും ഉയര്‍ന്നത് എന്ന പഠനങ്ങള്‍ നമുക്ക് ചില സന്ദേശങ്ങള്‍ നല്‍കണം.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മാതാപിതാക്കള്‍ക്ക് വേണ്ട പരിഗണന നല്‍കാതിരിക്കുകയും ഒരുവേള അവര്‍ ഒരു ഭാരമാണ് മക്കള്‍ക്ക് എന്ന് തോന്നിത്തുടങ്ങുകയും ചെയുമ്പോള്‍ ഒന്നുകില്‍ വൃദ്ധ സദാനങ്ങളിലോ വീട്ടിലെ ജയിലുകളിലോ കഴിയേണ്ടി വരുന്ന മാതാപിതാക്കള്‍ പലപ്പോഴും ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അല്ലാഹു അവനെ മാത്രമെ ആരാധിക്കാവൂ എന്ന് പറഞ്ഞതിന്റെ കൂടെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും അവരോട് പെരുമാറേണ്ട രീതിയും നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്.

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട്‌പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക” (ക്വുര്‍ആന്‍ 17:23).

നാട്ടില്‍ വര്‍ധിച്ചുവരുന്ന വൃദ്ധസദനങ്ങള്‍ പുരോഗതിയുടെ അടയാളമെല്ലെന്നും അത് സമൂഹത്തിലെ മൂല്യച്യുതിയുടെ നേര്‍ക്കാഴ്ചയാണെന്നും നാം തിരിച്ചറിയണം.

ചുരുക്കത്തില്‍ സമാധാനം നഷ്ടപ്പെടുന്നു, മനഃസംഘര്‍ഷം അനുഭവിക്കുന്നു എന്നതാണ് ആത്മഹത്യയിലേക്ക് ഒരാളെ തള്ളിവിടുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്നതും  നമ്മെ അലോസരപ്പെടുത്തുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി നമുക്ക് മുന്നില്‍ പറന്നിറങ്ങുന്ന കൗണ്‍സിലര്‍മാരും ആത്മീയ ചൂഷകരും കപട സ്‌നേഹിതരും നമ്മെ എന്നെന്നേക്കുമായി  അസമാധാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു എന്നതാണ് യാഥാര്‍ഥ്യം. സര്‍വത്ര സ്വാര്‍ഥത വാഴുന്ന ലോകത്ത് സമാധാനം തേടി അലയുന്നവര്‍ക്ക് സമാധാനത്തിന്റെ അമൃതുമായി, ലോകത്തിന് കാരുണ്യമായി അല്ലാഹു നിയോഗിച്ച മുഹമ്മദ് നബി ﷺ യുടെ ജീവിത സന്ദേശങ്ങള്‍ വെളിച്ചമാകേണ്ടതുണ്ട്.

”അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (ക്വുര്‍ആന്‍ 13:28).

 

നബീല്‍ പയ്യോളി
നേർപഥം വാരിക

മുസ്‌ലിമിന്റെ രാജ്യസ്‌നേഹം

മുസ്‌ലിമിന്റെ രാജ്യസ്‌നേഹം

ജീവിക്കുന്ന നാടിനെ സ്‌നേഹിക്കുക എന്നത് ഓരോരത്തരുടെയും കടമയാണ്. മക്കയില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ജബലുല്‍ ഹിന്ദിന്റെ മുകളില്‍ കയറി ഗദ്ഗദ കണ്ഠനായി യാത്രാമൊഴി നടത്തിയ പ്രവാചകനില്‍ വിശ്വാസികള്‍ക്ക് മാതൃകയുണ്ട്. എന്നാല്‍ സ്വന്തം നാടിനെ സ്‌നേഹിക്കേണ്ടത് അന്യ നാടിനെ വെറുത്തു കൊണ്ടല്ല എന്ന പാഠം ഇന്ന് പലരും മറന്നു പോവുന്നു.

നാം ജീവിക്കുന്ന നാടിനെ സ്‌നേഹിക്കുക എന്നത് നമ്മുടെ കടമയാണ്. അതില്‍ മുസ്‌ലിം രാഷ്ട്രം, മതേതര രാഷ്ട്രം എന്ന വ്യത്യാസമില്ല. ഹിജ്‌റയുടെ വേളയില്‍ മുഹമ്മദ് നബി ﷺ മക്കവിട്ട് പോകുമ്പോള്‍ ജബലുല്‍ ഹിന്ദിന്റെ മുകളില്‍ കയറിനിന്ന് ഇപ്രകാരം പറഞ്ഞു: ”മക്കാ…! നീയാണ് എനിക്കേറ്റവും പ്രിയപ്പെട്ട നാട്. പക്ഷേ, ഈ ജനങ്ങള്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ നാടു വിട്ട് പോകുകയില്ലായിരുന്നു.”

മദീനയില്‍ ജീവിക്കുന്ന കാലത്ത് പ്രവാചകന്‍ ﷺ ഉഹ്ദ്മലയിലേക്ക് വേഗത്തില്‍ യാത്രചെയ്തുവരുമായിരുന്നു. ‘ഉഹ്‌ദേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ സ്വന്തം നാടിനെ സ്‌നേഹിക്കേണ്ടത് മറ്റു നാടുകളെ വെറുത്തുകൊണ്ടല്ല. നമ്മുടെ നാടിന്റെ ക്ഷേമവും ഐശ്വര്യവും നാം കാത്ത് സൂക്ഷിക്കണം. നമ്മുടെ സമയവും സമ്പത്തും അധ്വാനവും പാഴാക്കിക്കളയരുത്. പഠനത്തില്‍ നമുക്കും നാടിനും ഉപയോഗപ്പെടുന്ന കോഴ്‌സ് തെരഞ്ഞെടുക്കണം.

മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് വിചാരിച്ച് മാറിനില്‍ക്കാതെ സ്വന്തം നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി നമ്മളാല്‍ കഴിയുന്ന ധര്‍മം നിര്‍വഹിക്കണം. മുസ്‌ലിംകളോട് ശത്രുത വെച്ചുപുലര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ ന്യൂനാല്‍ ന്യൂനപക്ഷമാണുള്ളത്. മനുഷ്യസൗഹാര്‍ദവും സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ അമുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും. അങ്ങനെയുള്ളവരോട് വിദ്വേഷം പുലര്‍ത്താതെ, നന്മചെയ്തു ജീവിക്കണമെന്ന് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നത്: ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്  നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (ക്വുര്‍ആന്‍ 60:8). 

സമാധാന കാംക്ഷികളെ ശത്രുക്കളാക്കുന്ന തരത്തിലുള്ള ഒരു അവിവേക പ്രവൃത്തിയും നമ്മില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. എല്ലാ മനുഷ്യരുടെയും ആദി പിതാവ് ആദം നബി(അ)യാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതര മതസ്ഥരുടെ ആരാധനാ സ്വാതന്ത്ര്യം ഓരോരുത്തരും അംഗീകരിച്ചുകൊടുക്കണം. സ്വന്തം മതമനുസരിച്ചു ജീവിക്കുന്നത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും സമാധാനത്തെയും തകര്‍ത്തുകൊണ്ടാവരുത്. ഏകദൈവ വിശ്വാസ(തൗഹീദ്)ത്തിന് വിരുദ്ധമായ ഒരു ആരാധനാ കര്‍മത്തിലോ ആഘോഷത്തിലോ പങ്കാളിയാകുവാന്‍ ഒരു മുസ്‌ലിമിന് അനുവാദമില്ല. അത് സ്വസമുദായത്തിന്റെതായാലും ഈ ആദര്‍ശം പാലിക്കണം. ഒരു വ്യക്തി ഏത് മതക്കാരനാവട്ടെ, അവന് ഭൗതിക ലോകത്ത് എന്തെങ്കിലും ഒരു അപകടം പറ്റാന്‍ സാധ്യതയുണ്ട് എന്ന് നാം അറിയുന്നുവെങ്കില്‍ അത് അവന് മുന്നറിയിപ്പ് നല്‍കി രക്ഷപ്പെടുത്തല്‍ നമ്മുടെ കടമയാണ്. അതുപോെല തന്നെ ശാശ്വതമായ പരലോകത്തില്‍ നരകത്തില്‍ അകപ്പെടാതെ സ്വര്‍ഗത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുകയും അതിനാവശ്യമായ മുന്നറിയിപ്പുകളും ഉപദേശങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്യല്‍ നമ്മുടെ കടമയാണ്. അവര്‍ക്ക് വെറുപ്പുണ്ടാകുമെന്ന് കരുതി അവരോട് അത് പറഞ്ഞ് കൊടുത്തില്ലെങ്കില്‍ അത് അവരോട് നാം ചെയ്യുന്ന വഞ്ചനയാണ്. അതിന് മുതിരുമ്പോള്‍ എനിക്ക് കേള്‍ക്കേണ്ട, വായിക്കുവാന്‍ താല്‍പര്യമില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെങ്കില്‍ പിന്നെ നിര്‍ബന്ധിക്കേണ്ടതുമില്ല. അവരുമായുള്ള മാനുഷികബന്ധം തുടരുകയും വേണം. 

അഴിമതിയിലോ കളവിലോ ഭീകരതയിലോ വര്‍ഗീയതയിലോ സ്വന്തം സമുദായത്തില്‍ പെട്ടവരാണെന്നു കരുതി സഹകരിക്കരുത്. സ്വന്തം വിഭാഗത്തില്‍ പെട്ടവനെ തിന്മയില്‍ പിന്തുണക്കുന്നതാണ് വര്‍ഗീയത എന്ന പ്രവാചകവചനം പ്രത്യേകം ഓര്‍ക്കുക. ഈനാടിന്റെ മണ്ണും വെള്ളവും സമാധാനം നിറഞ്ഞ സാമൂഹ്യഘടനയും കാത്തുസൂക്ഷിക്കുവാന്‍ എല്ലാവിഭാഗത്തില്‍ പെട്ടവരും സഹകരിക്കണം. ഇന്ത്യയുടെ സമാധാനത്തിനും സൗഹാര്‍ദത്തിനും മതേതരത്വത്തിനും എതിരായി ശത്രുക്കളും വര്‍ഗീയക്കോമരങ്ങളും ഒരുക്കുന്ന ചതിക്കുഴികളെയും കുതന്ത്രങ്ങളെയും മനസ്സിലാക്കുക. ആവേശം മൂത്ത് ചതിയില്‍പെട്ട്‌പോയ ശേഷം ബോധം വന്നിട്ട് കാര്യമില്ല. 

ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ബുദ്ധനും പാര്‍സിയും ജൈനനും മതമില്ലാത്തവനും തമ്മില്‍ മനുഷ്യ സൗഹാര്‍ദം കാത്ത് സൂക്ഷിക്കുക. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചിന്ത ഒഴിവാക്കുക. ഭാഷയുടെയോ ജാതിയുടെയോ മതത്തിന്റെയോ സംസ്ഥാനത്തിന്റെയോ പേരിലുള്ള കുടുസ്സായ വര്‍ഗീയതയില്‍ പെട്ട് മനസ്സുകളെ പരസ്പരം അകറ്റരുത്.

ഓഫീസ് പ്യൂണ്‍ മുതല്‍ രാഷ്ട്രത്തലവന്‍ വരെയുള്ളവര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചവരായാലും താന്‍ പൊതുഖജനാവില്‍ നിന്ന് ഒറ്റ രൂപ പോലും അനര്‍ഹമായി നേടിയെടുക്കുകയോ അനര്‍ഹമായ ആനുകൂല്യം അനുഭവിക്കുകയോ ചെയ്യുകയില്ല എന്ന നിലപാടില്‍ മരണം വരെ അചഞ്ചലമായി ഉറച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.

ലോകത്തില്‍ ഇന്ത്യയെ പോലെ ഇത്രയധികം വൈവിധ്യങ്ങള്‍ ഉള്ള മറ്റൊരു രാഷ്ട്രം കാണാന്‍ കഴിയില്ല. ഈ വൈവിധ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ഈ നാട്ടിലെ പൗരന്മാര്‍ എന്ന നിലയില്‍ ഒരു ഐക്യത്തിന്റെ വികാരം നമുക്കുണ്ടാവണം. അതേസമയം ഒരേ ആദര്‍ശവും ആശയവും പലര്‍ത്തുന്നവര്‍ തമ്മില്‍ പ്രത്യേക ഐക്യം ഉണ്ടാവുക എന്നതും സ്വഭാവികമാണ്. ഒരു കൂട്ടരോട് ഐക്യമുണ്ട് എന്ന് വിചാരിച്ച് മറ്റുള്ളവരെ വെറുക്കേണ്ടതില്ല. സ്വന്തം വീടിന്റെ വൃത്തിയും സുരക്ഷിതത്വവും കാത്ത്‌സൂക്ഷിക്കുന്നത് പോലെ നമ്മുടെ രാഷ്ട്രത്തിന്റെ വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കണം.

ഇന്ത്യയിലെ ജനാധിപത്യസംവിധാനം വേണ്ടവിധം ഉപയോഗപ്പെടുത്തണം. ഇലക്ഷനില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും നാം മാറിനിന്നാല്‍ അത് അനര്‍ഹരും അപകടകാരികളുമായവര്‍ക്ക് അധികാരത്തില്‍ വരാന്‍ സൗകര്യം ചെയ്തു കൊടുക്കലായിരിക്കും. 

വര്‍ഗീയവിദ്വേഷത്തിന്റെ വക്താക്കളെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സമാധാനകാംക്ഷികളായ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നീങ്ങണം. മതേതരവിരുദ്ധരും മതേതര അനുകൂലികളും തമ്മില്‍ നേരിട്ട് മത്സരത്തിന് രംഗമൊരുക്കണം.

മതസ്വാതന്ത്യവും സമാധാനവും ഉള്ള നാട്ടില്‍ നിന്ന് ഒളിച്ചോടി വമ്പിച്ച കലാപങ്ങള്‍ നടക്കുന്നതും വ്യക്തിസ്വാതന്ത്ര്യമില്ലാത്തതുമായ രാജ്യങ്ങളിലേക്ക് പോകുന്നതും വമ്പിച്ച വിഡ്ഢിത്തമാണ്. അത്തരം ചിന്താഗതിയുള്ളവര്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല എന്നതാണ് വസ്തുത. 

ഈ നാട് ഒരിക്കലും നന്നാകില്ല എന്ന് പറഞ്ഞ് നടക്കുന്നതിന് പകരം ഈ നാടിന്റെ നന്മ വീണ്ടെടുക്കാന്‍ എന്ത് പങ്കാണ് താന്‍ നിര്‍വഹിച്ചത് എന്ന് സ്വന്തത്തോട് ചോദിക്കുക. കുരിരുട്ടുള്ള ഒരു റൂമിലിരുന്നുകൊണ്ട് ഇരുട്ടിനെ കുറ്റപ്പെടുത്തുന്നതിന് പകരം ഒരു മെഴുകുതിരിയെങ്കിലും കത്തിച്ച്‌വെക്കുക. എങ്കില്‍ അതിന്റെ വെളിച്ചം തനിക്കും മറ്റുള്ളവര്‍ക്കും ഉപകരിക്കും. മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമാവും. അതിന് പകരം കത്തിച്ച മെഴുകുതിരി ഊതുന്നവരായി നാം മാറാതിരിക്കുക.

പഞ്ചായത്തോ സംസ്ഥാനമോ രാഷ്ട്രമോ ഭരിക്കുന്നത് ഏത് സര്‍ക്കാരായാലും രാജ്യം നമ്മുടേതാണ് എന്നോര്‍ക്കുക. ഹര്‍ത്താലും ബന്ദും പണിമുടക്കും രാഷ്ട്രത്തെ തകര്‍ക്കാനേ ഉപകരിക്കു. രാഷ്ട്രത്തിന്റെ പൊതുഖജനാവിന്റെ നഷ്ടം നമ്മുടെ നഷ്ടമാണ്; മന്ത്രിമാരുടെ നഷ്ടമല്ല എന്നോര്‍മ വേണം. 

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത്, സാധാരണക്കാരും പരമ ദരിദ്രരും ഉള്‍പെട്ട ജനങ്ങളുടെ നികുതിപ്പണം വന്‍ പെന്‍ഷനായി മാസാന്തം വാങ്ങി സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്നവര്‍ ‘ഞങ്ങള്‍ പേരക്കുട്ടികളെ നോക്കി റിട്ടയര്‍മെന്റ് ജീവിതം കഴിച്ച് കുട്ടി’ എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണനാളില്‍ രക്ഷപ്പെടാന്‍ കഴിയുമോ എന്ന് നാം ചിന്തിക്കണം.

രണ്ട് അണുബോംബുകളും നിരവധിഭൂകമ്പങ്ങളും കൊണ്ട് തകര്‍ത്തെറിയപ്പെട്ട ജപ്പാന്‍ ലോകത്തിന്റെ മുമ്പില്‍ ടെക്‌നോളജിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അവിടുത്തെ ഓരോ പൗരന്റെയും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ഒരൊറ്റ ജപ്പാന്‍കാരനും യാത്രചെയ്യുമ്പോള്‍ പോലും സമയം വെറുതെ പാഴാക്കുകയില്ല. രാവിലെ മുതല്‍ രാത്രിവരെ പീടികത്തിണ്ണയിലും ബസ് വെയ്റ്റിംഗ് ഷെഡ്ഡിലും വിലപിടിച്ച മൊബൈലുമായി സമയം കളയുന്ന യുവസമൂഹം സ്വന്തത്തിനും രാജ്യത്തിനും എത്ര മാത്രം നഷ്ടമാണ് വരുത്തിവെക്കുന്നത് എന്ന് അവര്‍ അറിയുന്നില്ല.

കൃഷിയും ബിസ്‌നസും അധ്യാപനവും സാമൂഹ്യസേവനവും രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ ഭാഗഭാക്കായി പ്രവര്‍ത്തിക്കലുമെല്ലാം പൗരന്മാരുടെ കര്‍ത്തവ്യമാണ്. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ത്തും മണല്‍വാരി നദികളെ നശിപ്പിച്ചും സമൂഹത്തില്‍ നാശം വിതറിയും ധൂര്‍ത്തും പൊങ്ങച്ചവുമായി നടന്നും കഴിച്ചുകൂട്ടുന്നവര്‍ സ്വന്തത്തെയും നാടിനെയും നാശത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

സ്വന്തം വീടുകളിലെയോ കടയിലെയോ വെയ്സ്റ്റുകള്‍ സ്വന്തം സ്ഥലത്ത് സംസ്‌കരിക്കേണ്ടതിന് പകരം പൊതുസ്ഥലത്തും റോഡ്‌സൈഡിലും കൊണ്ടുവന്ന് നിക്ഷേപിച്ച് മറ്റുള്ളവരുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന ദുഷ്ടരെ സര്‍ക്കാര്‍ പിടികുടിയില്ലെങ്കിലും അല്ലാഹു പിടികൂടുമെന്നറിയുക. 

ഓരോ പൗരനും അലസത കൈവെടിഞ്ഞ് തന്നാല്‍ കഴിയുന്ന നന്മകള്‍ തനിക്കും കുടുംബത്തിനും സമുദായത്തിനും രാഷ്ട്രത്തിനും വേണ്ടി ചെയ്യുക. തകര്‍ച്ചയില്‍ നിന്ന് സ്വന്തം നാടിനെ കരകയറ്റാന്‍ മറ്റാരെയും കാത്തുനില്‍ക്കാതെ പ്രവര്‍ത്തിക്കുക. വിദ്വേഷവും പകയും പാരവയ്പും അസൂയയും മാറ്റിവെച്ച്, സര്‍ക്കാറിനെയും സമൂഹത്തെയും കുറ്റപ്പെടുത്തി സമയം കഴിച്ചുകൂട്ടുന്നതിന് പകരം ഈ ലോകത്തും പരലോകത്തും ജീവിതം ധന്യമാക്കാന്‍ ഉതകുന്ന വിശ്വാസത്തിലും സല്‍പ്രവര്‍ത്തനങ്ങളിലും മുഴുകുക.

”…ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല” (ക്വുര്‍ആന്‍ 13:11).

 

ഡോ. അബ്ദുറസാഖ് സുല്ലമി
നേർപഥം വാരിക

നിങ്ങള്‍ക്കൊരല്ലാഹു പോരേ…?

നിങ്ങള്‍ക്കൊരല്ലാഹു പോരേ...?

ഇസ്‌ലാമിന്റെ ആധാരശിലയാണ് തൗഹീദ്. തൗഹീദ് പൂര്‍ണമായി ഉള്‍ക്കൊണ്ടയാളുകള്‍ക്ക് മാത്രമെ മതത്തിന്റെ യഥാര്‍ഥഅന്തസ്സത്ത ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ മൂലം ഭൂരിപക്ഷം മതവിശ്വാസികള്‍ക്കും ഈ മാധുര്യം നുണയാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്താണ് തൗഹീദ്? തൗഹീദിന്റെ വകഭേദങ്ങള്‍ ഏതെല്ലാം?

വിശ്വാസമാണ് മതത്തിന്റെ ആധാരശില. അത്‌കൊണ്ടുതന്നെ വിശ്വാസ സംസ്‌കരണത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ദൈവദൂതന്മാര്‍ നിയുക്തരായത്. ഓരോ ദൈവദൂതനും തന്റെ ജനങ്ങളോട് ആദ്യമായി ഉണര്‍ത്തിയത് ഇതാണ്: 

”എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുക. അവനല്ലാതെ മറ്റൊരു ദൈവവും നിങ്ങള്‍ക്കില്ല” (ക്വുര്‍ആന്‍ 7:59).

”തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതരെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം (എന്ന് പ്രബോധനം ചെയ്യാന്‍ വേണ്ടി)” (ക്വുര്‍ആന്‍ 16:37). 

അല്ലാഹുവിന്റെ ഈ അവകാശം മറ്റേത് കാര്യത്തെക്കാളും പ്രാധാന്യമര്‍ഹിക്കുന്നു. അതിനെക്കാള്‍ പ്രാധാന്യം നല്‍കാവുന്ന മറ്റൊരവകാശം ആര്‍ക്കുമില്ല. ബാധ്യതകളില്‍ വെച്ച് പ്രഥമവും പ്രധാനവുമായത് ഇതാണ്. ഇസ്‌ലാം മതത്തിലെ വിധിവിലക്കുകളുടെ അടിസ്ഥാന ശിലയും അതാണ്. അത് കൊണ്ട് തന്നെ മുഹമ്മദ് നബി ﷺ പതിമൂന്ന് വര്‍ഷം ഈ തത്ത്വത്തിലേക്ക്  ജനങ്ങളെ ക്ഷണിച്ച് കൊണ്ട് മക്കയില്‍ കഴിച്ച് കൂട്ടി. അതിനെ സ്ഥിരീകരിക്കുകയും തദ്‌സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തുകൊണ്ട് ധാരാളം ക്വുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു. നിര്‍ബന്ധ-ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്ന ഓരോ മുസ്‌ലിമും ഈ തത്ത്വത്തില്‍ താന്‍ അടിയുറച്ച്  നിലകൊള്ളുമെന്ന് അല്ലാഹുവോട് പ്രതിജ്ഞ ചെയ്യുന്നു:

”നിന്നെ മാത്രം ഞാന്‍ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ഥിക്കുന്നു” (ക്വുര്‍ആന്‍ 1:5).

ഈ മഹത്തായ അവകാശമാണ് ‘തൗഹീദുല്‍ഉലൂഹിയ്യ’ (ആരാധ്യനായിരിക്കുക എന്നതിലെ ഏകത്വം) അഥവാ ‘തൗഹീദുല്‍ഇബാദ’ എന്ന്  അറിയപ്പെടുന്നത്. ഈ ഏകത്വം അംഗീകരിക്കുന്ന പ്രകൃതിയിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. 

മനുഷ്യരെല്ലാം ഏകദൈവാരാധകരായിരുന്നു. ബഹുദൈവാരാധന പിന്നീട് അവരിലേക്ക് കടന്നുവന്നതാണ്. അല്ലാഹു പറയുന്നു:

”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. (അനന്തരം അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധിക്കള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പ് കല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു” (ക്വുര്‍ആന്‍ 2:213).

ആദ്യമായി നൂഹ് നബി(അ)യുടെ ജനതയിലാണ് ബഹുദൈവാരാധന കടന്നുവന്നത്. സദ്‌വൃത്തരായ ആളുകളെ പരിധിവിട്ട് ആദരിക്കുകയും അവരില്‍ നിയുക്തനായ ദൈവദൂതന്റെ ബോധനങ്ങളെ അവഗണിക്കുകയും ചെയ്തത് നിമിത്തമായിരുന്നു. അല്ലാഹു പറയുന്നു:

അവര്‍ പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്,യഗൂഥ്, യഊക്വ്, നസ്വ്ര്‍ എന്നിവരെ നിങ്ങള്‍ കയ്യൊഴിക്കരുത്” (ക്വുര്‍ആന്‍ 71:23).

ഈ സൂക്തത്തിന്റെ  വ്യാഖ്യാനമായി ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക: ‘ഇതെല്ലാം സദ്‌വൃത്തരായ ഏതാനും ആളുകളുടെ നാമങ്ങളാണ്. അവര്‍ മൃതിയടഞ്ഞപ്പോള്‍ അവര്‍ പങ്കെടുത്തിരുന്ന സദസ്സുകളില്‍ ചില രൂപങ്ങളുണ്ടാക്കി, ആ രൂപങ്ങള്‍ക്ക് അവരുടെ പേരു നല്‍കണമെന്ന് ജനങ്ങള്‍ക്ക് പിശാച് ബോധനം നല്‍കി. അവര്‍ അപ്രകാരം ചെയ്തു. അന്നൊന്നും അവര്‍ ആരാധിക്കപ്പെട്ടിരിന്നില്ല. പിന്നീട് ഇവരുടെ കാലം കഴിഞ്ഞപ്പോള്‍ ഇവയെ പറ്റി ശരിയായ അറിവില്ലാതെയായി. അങ്ങനെ ഈ രൂപങ്ങളത്രയും ആരാധിക്കപ്പെട്ടു’ (ബുഖാരി).

ഇസ്‌ലാമിലെ ഏകദൈവ സിദ്ധാന്തം (തൗഹീദ്) മൂന്ന് വശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഒന്ന്: തൗഹീദുര്‍റുബൂബിയ്യ 

അല്ലാഹു മാത്രമാണ് സ്രഷ്ടാവ് എന്ന് സമ്മതിക്കുക. അതോടൊപ്പം സൃഷ്ടിക്കുക, നിയന്ത്രിക്കുക, ജീവിപ്പിക്കുക, മരിപ്പിക്കുക, നന്മവരുത്തുക, തിന്മതടയുക എന്നിവയെല്ലാം അവനില്‍ മാത്രം നിക്ഷിപ്തമായ കാര്യങ്ങളാണ് എന്ന് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുക. ഇതാണ് തൗഹീദുര്‍റുബൂബിയ്യയുടെ വിവക്ഷ.

ഈ കാര്യത്തില്‍ ഒരു സമുദായവും  തര്‍ക്കം ഉന്നയിച്ചിട്ടില്ല. മക്കയിലെ ബഹുദൈവാരാധകര്‍ പോലും ഇതൊന്നും നിഷേധിച്ചിട്ടില്ല. അവര്‍ ബഹുദൈവാരാധകരായിരിക്കെ തന്നെ അംഗീകരിച്ച കാര്യമാണിത്. ക്വുര്‍ആന്‍ പറയുന്നത് നോക്കുക:

”പറയുക; ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചയും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുളളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ ആരാണ്? അവര്‍ പറയും; അല്ലാഹു എന്ന്. അപ്പോള്‍ പറയുക, എന്നിട്ട് നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?” (ക്വുര്‍ആന്‍ 10:31).

ഇതുപോലുള്ള നിരവധി ക്വുര്‍ആന്‍ സുക്തങ്ങള്‍ കാണാം. അവയെല്ലാം രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ബഹുദൈവാരാധകര്‍ അംഗീകരിച്ചുവെന്നെ് വൃക്തമായി വിശദീകരിക്കുന്നു. അവര്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചത് തൗഹീദിന്റെ രണ്ടാമത്തെ വശമാണ്. 

രണ്ട്. തൗഹീദുല്‍ ഉലൂഹിയ്യ

ആരാധന അല്ലാഹുവിന് മാത്രമാക്കലാണിത്. മനുഷ്യര്‍ ആരാധനാഭാവത്തോടെ ചെയ്യുന്ന എല്ലാ കര്‍മങ്ങളും അല്ലാഹുവെ മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ളതും അവനോട് മാത്രമുള്ള അര്‍ഥനയുമാകണം എന്നതത്രെ ഈ തത്ത്വത്തിന്റെ പൊരുള്‍. അത് അറിയിക്കുന്ന അറബി വാക്യമാണ് ‘ലാ ഇല്ലാഹ ഇല്ലല്ലാഹ്’ (ഒരു ആരാധ്യനുമില്ല, അല്ലാഹുവല്ലാതെ). ആരാധനയുടെ എല്ലാ ഇനങ്ങളും അല്ലാഹുവില്‍ മാത്രം സ്ഥിരീകരിക്കുകയും അവനല്ലാത്ത മറ്റെല്ലാത്തില്‍ നിന്നും അതിനെ നിഷേധിക്കുകയും ചെയ്യുന്ന വാക്യമാണിത്. ഈ വാക്യം പ്രഖ്യാപിക്കുവാന്‍ മുഹമ്മദ് നബി ﷺ മക്കയിലെ ബഹുദൈവാരാധകരോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കൂട്ടാക്കിയില്ല. ആവര്‍ ചോദിച്ചു:

”ഇവന്‍ ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കയാണോ? തീര്‍ച്ചയായും ഇത് ഒരത്ഭുതകരമായ കാര്യം തന്നെ!” (ക്വുര്‍ആന്‍ 38:5).

‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്നു പ്രഖ്യാപിക്കുന്നതോടെ ആരാധ്യന്‍ അല്ലാഹു മാത്രമാണ് എന്നും അവനല്ലാത്തവര്‍ക്കുള്ള ആരാധന നിരര്‍ഥകമാണ് എന്നും തങ്ങള്‍ സമ്മതിക്കുകയാണ് ചെയ്യുന്നത് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ‘ഇലാഹ്’ എന്നതിന് ആരാധിക്കപ്പെടുവാന്‍ അര്‍ഹന്‍ എന്നാണല്ലോ വിവക്ഷ. (അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞയാണ് ആരാധന). അപ്പോള്‍ ഒരു ദൈവവുമില്ല, അല്ലാഹുവല്ലാതെ എന്നു പ്രഖ്യാപിച്ച ശേഷം അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് തന്റെ പ്രഖ്യാപനത്തിന് വിരുദ്ധം പ്രവര്‍ത്തിക്കലാകും. 

രക്ഷാകര്‍തൃത്വത്തിലെ ഏകത്വവും (തൗഹീദുര്‍റുബൂബിയ്യ) ആരാധ്യനായിരിക്കുക എന്നതിലെ ഏകത്വവും (തൗഹീദുല്‍ ഉലൂഹിയ്യ)പരസ്പര പൂരകങ്ങളാണ്. ഒന്നാമത്തേത് അംഗീകരിച്ചവന്‍ രണ്ടാമത്തേത് സമ്മതിക്കാന്‍ ബാധ്യസ്ഥനാണ്. (അതായത് ഏകനായ പ്രപഞ്ചനാഥന്റെ രക്ഷാകര്‍തൃത്വം അംഗീകരിക്കുന്നവന്‍ ആരാധിക്കപ്പെടാന്‍ അവനല്ലാതെ മറ്റൊന്നിനും അര്‍ഹതയില്ലെന്ന് സമ്മതിക്കേണ്ടതാണ്). പ്രത്യക്ഷമായും പരോക്ഷമായും ഈ കാര്യത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ അവന്‍ കടപ്പെട്ടിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന് സ്വന്തം സമുഹത്തോട് അവശ്യപ്പെട്ടപ്പോഴെല്ലാം, അതിന്റെ പ്രമാണമായി അവര്‍ അംഗീകരിച്ചിരുന്ന തൗഹീദുര്‍ റൂബൂബിയ്യ ദൈവദൂതന്മാര്‍ ചൂണ്ടിക്കാണിച്ചത്. അല്ലാഹു പറയുന്നു:

”അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു” (ക്വുര്‍ആന്‍ 6:102).

”(നബിയേ) നീപറയുക, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ച് തരൂ.  അതല്ല, ആകാശങ്ങളുടെ സൃഷ്ടിപ്പില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?” (ക്വുര്‍ആന്‍ 46:4).

ചുരുക്കത്തില്‍ തൗഹീദിന്റെ ഈ വശം ഒരു സമുദായവും നിഷേധിച്ചിട്ടില്ല. എല്ലാവരും അല്ലാഹു മാത്രമാണ്  സ്രഷ്ടാവെന്നും അവന്‍ മാത്രമാണ് പ്രപഞ്ചത്തിന്റെ നിയന്താവെന്നും അംഗീകരിച്ചിരുന്നു. തുല്യ കഴിവുകളും ഗുണ വിശേഷങ്ങളുമുളള രണ്ടു സ്രഷ്ടാക്കളെ സങ്കല്‍പിക്കുന്ന ഒരംഗീകൃത സമൂഹം ഉണ്ടായിട്ടില്ല. വളരെ വിരളമായി മാത്രമെ ഈ വശത്തില്‍ പ്രപഞ്ചനാഥന് പങ്കാളികളുണ്ടെന്ന സങ്കല്‍പമുണ്ടായിട്ടുള്ളു. 

എന്നാല്‍ ഈ വശം അംഗീകരിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നില്ല. അതോടൊപ്പം അതിന്റെ അനിവാര്യ താല്‍പര്യമായ അല്ലാഹു മാത്രമെ ആരാധ്യനായിരിക്കാവൂ എന്ന വശം കൂടി പ്രാവര്‍ത്തികമാക്കണം. മക്കയിലെ ബഹുദൈവാരധകര്‍ തൗഹീദിന്റെ ഈ വശം അംഗീകരിച്ചിരുന്നുവെങ്കിലും അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന വശം സമ്മതിക്കാന്‍  കൂട്ടാക്കിയില്ല. അതിനാല്‍ അവര്‍ മുസ്‌ലിംകളായില്ല. ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്വുര്‍ആന്‍ ക്ഷണിക്കുന്നത് തന്നെ രക്ഷാകര്‍തൃത്വത്തിലെ ഏകത്വം ചൂണ്ടിക്കാണിച്ച് കൊണ്ടാണ്. അഥവാ തങ്ങള്‍ സമ്മതിച്ച വസ്തുതയുടെ വെളിച്ചത്തില്‍ തന്നെ നിഷേധിക്കുന്ന കാര്യം അംഗീകരിക്കണം എന്നാണ് ബഹുദൈവാരാധകരോട് ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്. അതെ, അല്ലാഹുവെ മാത്രം ആരാധിക്കണമെന്ന് ക്വുര്‍ആന്‍ കല്‍പിക്കുമ്പോള്‍ അല്ലാഹു മാത്രമാണ് പ്രപഞ്ചനാഥനെന്നത് അവര്‍ അംഗീകരിച്ചതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ്. അല്ലാഹു പയുന്നു:

”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍, നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയായും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞ് തന്നിട്ട് അതു മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത(നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞു കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്” (ക്വുര്‍ആന്‍ 2:21,22).

അല്ലാഹുവെ മാത്രമെ ആരാധിക്കാവൂ എന്ന കല്‍പനയും അതിലേക്കുള്ള ക്ഷണവും അതിനെതിരില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങളും അവയ്ക്കുളള മറുപടിയും എന്നിങ്ങനെയായി ധാരാളം ക്വുര്‍ആന്‍ സുക്തങ്ങള്‍ കാണാം. 

തൗഹീദിന്റെ എല്ലാ നിയമങ്ങളും അവകാശങ്ങളും ഉള്‍കൊള്ളുന്ന ഒരു വാക്യമാണ് ‘ലാഇല്ലാഹ ഇല്ലല്ലാഹ്.’ ഇതില്‍ നിഷേധവും സ്ഥിരീകരണവും കാണാം. അല്ലാഹുവല്ലാത്ത മറ്റെല്ലാത്തില്‍ നിന്നും  ദിവ്യത്വം നിഷേധിക്കുകയും ദിവ്യത്വം അല്ലാഹുവില്‍ മാത്രം സ്ഥിരീകരക്കുകയും ചെയ്യുന്നു. അതുപോലെ രക്ഷകന്‍ അല്ലാഹു മാത്രമാണെന്നതും അവനല്ലാത്ത മറ്റെല്ലാ ശക്തികളില്‍നിന്നും മുക്തിനേടലും ഈ വാക്യത്തിന്റെ പൊരുളില്‍ പെടുന്നു. 

അതിനാല്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് പ്രഖ്യാപിക്കുന്നവന്‍ അല്ലാഹു അല്ലാത്ത മറ്റെല്ലാത്തിന്റെയും ആരാധനയില്‍ നിന്ന് മുക്തനായി എന്ന് വിളംബരം ചെയ്യുകയാണ്. അല്ലാഹുവെ മാത്രമെ ആരാധിക്കുകയുള്ളൂ എന്ന് സ്വയം പ്രതിജ്ഞ ചെയ്യുകയാണ്. തന്റെ മനസ്സില്‍ മനുഷ്യന്‍ അരക്കിട്ടുറപ്പിക്കേണ്ട ഉടമ്പടിയാണിത്. അത് ലംഘിക്കുവാന്‍ പാടില്ല. അല്ലാഹു പറയുന്നു:

”അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നപക്ഷം അത് ലംഘിക്കുന്നതിന്റെ ദോഷഫലം അവനു തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയിലേര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന് മഹത്തായ പ്രതിഫലം അവന്‍ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 48:10).

അപ്പോള്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നത് ആരാധനയിലെ അല്ലാഹുവിന്റെ ഏകത്വവിളംബരമാണ്. ഈ പ്രഖ്യാപനത്തിന്റെ ആശയം ഗ്രഹിക്കുകയും അതിന്റെ അനിവാര്യ താല്‍പര്യമെന്നോണം ബഹുദൈവാരാധനയില്‍ നിന്നും മുക്തമായി, അല്ലാഹുവിന്റെ ഏകത്വത്തില്‍ അടിയുറച്ച് വിശ്വസിച്ച് തദനുസരണം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. മനസ്സില്‍ വിശ്വാസമില്ലാതെ ഈ വാക്യം ഉരുവിട്ട് പ്രത്യക്ഷത്തില്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നവന്‍ കപടവിശ്വാസിയും.

നാവുകൊണ്ട് ഈ വാക്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടാലും അതിന്റെ താല്‍പര്യത്തിന് വിരുദ്ധമായി ശിര്‍ക്ക് ചെയ്യുന്നവന്‍ ദൈവനിഷേധിയെപ്പോലെത്തന്നെയാണ്. ഇതാണ് ഇന്നത്തെ ക്വബ്‌റാരാധകരുടെ അവസ്ഥ. അവര്‍ ഈ വാക്യം ഉരുവിട്ട് കൊണ്ടിരിക്കും. അതിന്റെ ആശയമെന്താണെന്നവര്‍ ഗ്രഹിക്കുന്നില്ല. അവരുടെ ജീവിതരീതിയില്‍ മാറ്റമുണ്ടാക്കുവാനോ കര്‍മങ്ങളെ ശരിപ്പെടുത്തുവാനോ ഉതകുന്ന സ്വാധീനമൊന്നും അതിനില്ല. അതിനാല്‍ ‘ലാ ഇല്ലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നതിനോടൊപ്പം ‘മുഹ്‌യിദ്ദീന്‍ ശൈഖേ… ബദ്‌രീങ്ങളേ’ എന്ന് തുടങ്ങി പലരെയും അവര്‍ വിളിക്കുന്നു. അവരോട് സഹായമര്‍ഥിക്കുകയും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്തിഗാസ നടത്തുകയും ചെയ്യുന്നു!

 ‘ലാ ഇലാഹ  ഇല്ലല്ലാഹ്’ എന്ന് നാവുകൊണ്ട് ഉരുവിട്ടാല്‍ തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ് ചിലരുടെ തെറ്റുദ്ധാരണ. അതിനാല്‍ അവിശ്വാസപരമായ കാര്യങ്ങളോ, ശിര്‍ക്ക് പരമായ ചെയ്തികളോ അവനില്‍ നിന്നുണ്ടായാലും അത് പ്രശ്‌നമല്ല എന്നവര്‍ കരുതുന്നു. ശഹാദത്ത് കലിമ (സാക്ഷ്യവാക്യങ്ങള്‍) ചൊല്ലിയാല്‍ നരകത്തില്‍ പ്രവേശിക്കുകയില്ല എന്ന അര്‍ഥത്തില്‍ വന്ന നബിവചനങ്ങളുടെ ബാഹ്യതലങ്ങളെയാണ് ഇവര്‍ അവലംബിക്കുന്നത്. 

എന്നാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പ്രഖ്യാപിച്ച ശേഷം ശിര്‍ക്ക് ചെയ്യാതെ മരണപ്പെടുന്നവരാണ് നബിവചനങ്ങളില്‍ ഉദ്ദേശിക്കപ്പെടുന്നത്. ആത്മാര്‍ഥമായ ഹൃദയത്തോടെ അത് പ്രഖ്യാപിക്കുകയും അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്നവയെ മുഴുവന്‍ കയ്യൊഴിച്ച് അതേ നിലപാടില്‍ മരണപ്പെടുകയും ചെയ്തവരാണവര്‍. അല്ലാഹുവല്ലാത്ത ആരാധ്യരില്‍ വിശ്വസിച്ചുകൊണ്ട്, അപകടം വരുമ്പോള്‍ മരിച്ചവരില്‍ അഭയം കണ്ടെത്തുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരാള്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നു ഉരുവിട്ടത് കൊണ്ടുമാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന വാദം പ്രമാണങ്ങള്‍ക്കും ബുദ്ധിക്കും യുക്തിക്കും യോജിച്ചതല്ല. എന്തിനാണ് നമ്മള്‍ സര്‍വശക്തനായ അല്ലാഹുവിനെ കൈവിട്ട് അവന്റെ ദുര്‍ബലരായ സൃഷ്ടികളില്‍ അഭയം തേടുന്നത്? അതുകൊണ്ട് ഇഹപര നഷ്ടമല്ലാതെ നേട്ടമില്ല എന്ന് അല്ലാഹു വ്യക്തമാക്കിയത് നമുക്ക് ഉള്‍കൊണ്ടു കൂടേ?  

തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത്

ക്വുര്‍ആനിലും സ്ഥിരപ്പെട്ട ഹദീഥുകളിലും വന്ന അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസവും അവ അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കാതിരിക്കലുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. 

”അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍” (ക്വുര്‍ആന്‍ 20:8).  

”താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്ത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്റെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും” (ക്വുര്‍ആന്‍ 59:22-24).

ക്വുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ടതാണ് അര്‍റ്വഹ്മാന്‍ എന്നത്. അതില്‍ റഹ്മത്ത് എന്ന വിശേഷണം അടങ്ങിയിരിക്കുന്നു. അസ്സമീഅ് എന്ന നാമത്തില്‍ സംഅ് എന്ന വിശേഷണം അടങ്ങിയിരിക്കുന്നു. ഇങ്ങനെ അല്ലാഹുവിന് ധാരാളം വിശേഷണങ്ങളും നാമങ്ങളും ഉള്ളതായി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. 

”അവനെപ്പോലെ ആരും തന്നെയില്ല, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു”'(ക്വുര്‍ആന്‍ 26:11). ”അവന് തുല്യനായി ആരും തന്നെയില്ല” (ക്വുര്‍ആന്‍ 112:4). ഈ രണ്ട് വചനങ്ങളിലൂടെ അല്ലാഹു ‘തുല്യനായി ആരുമില്ലാത്തവന്‍’ എന്ന അവന്റെ വിശേഷണമാണ് നമ്മെ അറിയിക്കുന്നത്.  

അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമാണ് നമ്മുടെ യുക്തിക്കനുസരിച്ച് അവയെ വ്യാഖ്യാനിക്കുവാന്‍ പാടില്ല എന്നത്. ആ വിശേഷണങ്ങളെപ്പറ്റി എങ്ങനെയാണോ അല്ലാഹുവും അവന്റെ റസൂലും നമുക്ക് പറഞ്ഞ് തന്നത് അത് അപ്പടി വിശ്വസിക്കലാണ് നമ്മുടെ ബാധ്യത.

അല്ലാഹു പോരേ?

വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിക്കുന്നതും അവനെ മാത്രം ആരാധിക്കണമെന്നും അവന്റെ സൃഷ്്ടികളെ ആരാധിച്ചാല്‍ സ്വര്‍ഗം നിഷിദ്ധമാണെന്ന് മുന്നറിയിപ്പ് നല്‍കുന്നതും അവഗണിച്ചുകൊണ്ട് അല്ലാഹുവല്ലാത്തവരില്‍ അഭയം പ്രാപിക്കുവാനും സഹായതേട്ടം, ഇസ്തിഗാഥ തുടങ്ങിയ പേരുകളില്‍ ആരാധനകള്‍ വഴിതിരിച്ചുവിടുവാനുമുള്ള ഹീനമായ ശ്രമങ്ങളാണ് പണ്ഡിതവേഷധാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ വാക്കുകളെ പ്രമാണവചനങ്ങളായി മനസ്സിലാക്കുന്ന സാധാരണക്കാര്‍ അതാണ് ഇസ്‌ലാമിന്റെ നേരായ വഴി എന്ന് തെറ്റായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അങ്ങെന നാട്ടിയ കല്ലിനോടും മരത്തിനോടും മണ്‍മറഞ്ഞുപോയവരോടും പ്രാര്‍ഥിക്കുകയും സങ്കടം പറയുകയും ചെയ്യുന്നവരായി അവര്‍ മാറുകയും ചെയ്യുന്നു. ”തന്റെ ദാസന് അല്ലാഹു മതിയായവനല്ലയോ” (ക്വുര്‍ആന്‍ 39:36) എന്ന അല്ലാഹുവിന്റെ ചോദ്യം ഓരോ വിശ്വാസിയുടെയും മനസ്സില്‍മാറ്റൊലി കൊള്ളേണ്ടതുണ്ട്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ജന്മദിനാഘോഷം: ഇസ്‌ലാം എന്ത് പറയുന്നു?

ജന്മദിനാഘോഷം: ഇസ്‌ലാം എന്ത് പറയുന്നു?

അല്ലാഹു മാനവര്‍ക്കായി തൃപ്തിപ്പെട്ട മതമാണ് ഇസ്‌ലാം. പ്രവാചകന്മാര്‍ അഖിലവും പ്രബോധനം ചെയ്ത മതം. അന്ത്യപ്രവാചകന്‍ മുഹമ്മദ് ﷺ യിലൂടെ പൂര്‍ത്തീകരിപ്പെട്ട മതം. മനുഷ്യരെല്ലാം ഐഹികവും പാരത്രികവുമായ ജീവിത വിജയത്തിനായി സ്വീകരിക്കേണ്ട മതം. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ വിശുദ്ധ ക്വുര്‍ആനും പ്രവാചക ചര്യയുമാണ്. ഈ പ്രമാണങ്ങള്‍ സമ്പൂര്‍ണമാണ്. അതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കുവാനോ അതില്‍ നിന്ന് വല്ലതും വെട്ടിച്ചുരുക്കാനോ ആര്‍ക്കും അധികാരമില്ല. അല്ലാഹു പറയുന്നു: 

”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു” (ക്വുര്‍ആന്‍ 5:3).

ഇസ്‌ലാമിനെ മതമായും അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബി ﷺ യെ പ്രവാചകനായും അംഗീകരിക്കുന്ന ഒരു മുസ്‌ലിം ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുള്ള സംഗതികള്‍ മാത്രമെ ചെയ്യാവൂ. ഒരു മുസ്‌ലിം എന്തെല്ലാം ചെയ്യണം, ചെയ്യാതിരിക്കണമെന്ന് കൃത്യമായി നബി ﷺ പഠിപ്പിച്ചിരിക്കുന്നു. ഒരു ഹദീഥ് കാണുക: 

നബി ﷺ പറഞ്ഞു: ”നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ കല്‍പിക്കാതിരിന്നിട്ടില്ല. നിങ്ങളെ നരകത്തില്‍നിന്ന് അകറ്റുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ വിരോധിക്കാതിരുന്നിട്ടില്ല…” (അല്‍ബാനി(റഹി)യുടെ സില്‍സിലത്തുസ്സ്വഹീഹഃ).

മുസ്‌ലിംകളുടെ ജീവിതം പ്രവാചകന്‍ ﷺ യുടെ മാതൃകയനുസരിച്ചായിരിക്കണം. മുസ്‌ലിംകള്‍ക്ക് രണ്ട് ആഘോഷങ്ങള്‍ മാത്രമാണ് അല്ലാഹുവിന്റെ മതം അനുശാസിച്ചിട്ടുള്ളത്. 

അനസ്(റ)വില്‍ നിന്ന് നിവേദനം: ”നബി ﷺ മദീനയില്‍ വന്നപ്പോള്‍ അവര്‍ (മദീനക്കാര്‍) രണ്ട് ദിവസങ്ങളില്‍ കളിക്കുന്നതായി കാണുകയുണ്ടായി. അപ്പോള്‍ ചോദിച്ചു: ‘ഈ രണ്ട് ദിവസങ്ങള്‍ എന്താണ്?’ അവര്‍ ഉത്തരം നല്‍കി: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ കളിച്ചിരുന്ന ദിനങ്ങളാണിവ.’ അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: ‘തീര്‍ച്ചയായും അല്ലാഹു അവയ്ക്ക് പകരമായി അവയെക്കാള്‍ ഉത്തമമായതിനെ പകരമായി നല്‍കിയിരിക്കുന്നു. ബലി പെരുന്നാളും, ഫിത്വ്ര്‍ പെരുന്നാളുമാണവ” (അബൂദാവൂദ്). 

നമ്മുടെ നാട്ടില്‍ ഇസ്‌ലാമിന്റെ പേരില്‍ ഒരുപാട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് നാം കാണുന്നു. എന്നാല്‍ രണ്ട് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊഴിച്ച് മറ്റൊരു ആഘോഷത്തിനും ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുകളില്ല. പ്രവാചക ജന്മദിനാഘോഷം, നേര്‍ച്ചയുടെ പേരില്‍ നടമാടുന്ന പൂരങ്ങള്‍, ബര്‍ത്ത്‌ഡെ ആഘോഷം, വിവാഹ വാര്‍ഷികങ്ങള്‍, മരണവുമായി ബന്ധപ്പെട്ട കണ്ണൂക്ക്, അടിയന്തരം, ആണ്ട് തുടങ്ങിയ ഒരുപാട് അനാചാരങ്ങള്‍ ഇന്ന് മുസ്‌ലിം സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ചിട്ടുള്ള മാരക രോഗങ്ങളായ ബിദ്അത്തുകളാണ്. മുഴുവന്‍ മുസ്‌ലിംകളും ഈ അനാചാരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടതുണ്ട്.

പാശ്ചാത്യരില്‍ നിന്ന് കടന്ന് കൂടിയ മാരകമായ ഒരു അനാചാരമാണ് ബര്‍ത്ത്‌ഡേ കൊണ്ടാടുകയെന്നത്. ലോകത്തേക്ക് കടന്ന്‌വന്ന ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരില്‍ ആരും തന്നെ മറ്റൊരാളുടെ ജന്മദിനം കൊണ്ടാടിയിട്ടില്ല. മുഹമ്മദ്‌നബി ﷺ ഇസ്‌ലാമിന്റെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍  ഒരു പ്രവാചകന്റെയും ജന്മദിനം അവിടുന്ന് കൊണ്ടാടിയിട്ടില്ല. സ്വഹാബികളോട് പ്രവാചകന്റെ ജന്മദിനംപോലും കൊണ്ടാടുവാന്‍ അവിടുന്ന് കല്‍പിച്ചിട്ടില്ല. തിരുനബി ﷺ ക്ക് അല്ലാഹു ഏഴ് സന്താനങ്ങളെ നല്‍കിയിട്ടുണ്ട്, അതില്‍ ഒരു കുട്ടിയുടെയും ജന്മദിനം അദ്ദേഹം കൊണ്ടാടിയിട്ടില്ല. 

പിന്നെ നാം എങ്ങിനെയാണ് അല്ലാഹുവില്‍ നിന്നും അനുഗ്രഹമായി ലഭിച്ച സന്താനങ്ങളുടെ ജന്മദിനം കൊണ്ടാടുക. ജന്മദിനത്തോടനുബന്ധിച്ച് മധുരപലഹാരങ്ങളുണ്ടാക്കുകയും, കേക്ക് മുറിക്കുകയും വിതരണം നടത്തുകയും ചെയ്യല്‍ മറ്റുള്ളവരില്‍നിന്ന് കടമെടുത്തതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ഒരു സമുദായത്തോട് യോജിച്ചാല്‍ അവന്‍ അവരില്‍ പെട്ടവനായി തീരുന്നതാണ്” (അബൂദാവൂദ്).

ആയതിനാല്‍ ജീവിതത്തിന്റെ മുഴൂവന്‍ മേഖലകളിലും കഴിവിന്റെ പരമാവധി ഇസ്‌ലാമിന്റെ നിയമങ്ങള്‍ അനുധാവനം ചെയ്യാന്‍ നാം പരിശ്രമിക്കുക. ഒരു പ്രവാചകനും സ്വന്തത്തിന്റെയോ, മറ്റു പ്രവാചകന്മാരുടെയോ, സ്വന്തം മക്കളുടെയോ, മറ്റുള്ളവരുടെയോ ബര്‍ത്ത്‌ഡേ കൊണ്ടാടിയിട്ടില്ല. അത്‌കൊണ്ട് ഈ കാര്യം നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പാശ്ചാത്യ സംസ്‌കാരം വാരിപ്പുണരേണ്ടവരല്ല മുസ്‌ലിംകള്‍. അല്ലാഹു പറയുന്നത് കാണുക: 

”'(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”'(ക്വുര്‍ആന്‍ 3:31). 

പ്രവാചക ചര്യ അനുധാവനം ചെയ്യുന്നതിലൂടെ മാത്രമെ അല്ലാഹുവിന്റെ ഇഷ്ടം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ക്വുര്‍ആനും തിരുസുന്നത്തും ഒരു കാര്യം വ്യക്തമാക്കിക്കഴിഞ്ഞാല്‍ അതില്‍ പിന്നെ തര്‍ക്കിക്കുവാനും അതിനോട് എതിരാകുവാനും ഒരു മുസ്‌ലിമിന് പാടില്ല. 

റബീഉല്‍ അവ്വല്‍ മാസം കടന്നുവന്നാല്‍ നബി ﷺ യുടെ ജന്മദിനാഘോഷത്തിന്റെ ലഹരിയില്‍ അലിയുന്നവരാണ് നമ്മുടെ നാട്ടില്‍ നല്ലൊരു വിഭാഗം മുസ്‌ലിംകളും. അത് പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണ് എന്നാണ് സാധാരണക്കാര്‍ മനസ്സിലാക്കിവെച്ചിരിക്കുന്നത്. അത് നബി ﷺ പഠിപ്പിക്കാത്ത കാര്യമായതിനാല്‍ ഇസ്‌ലാമികമല്ല. നബി ﷺ യെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ ചര്യകള്‍ പിന്‍പറ്റുവാന്‍ താല്‍പര്യം കാണിക്കുകയാണ് വേണ്ടത്. പ്രമാണങ്ങള്‍ പഠിപ്പിക്കാത്ത ആചാരങ്ങള്‍ ചെയ്യുവാന്‍ മതം അനുവാദം തരുന്നില്ല.

അല്ലാഹു വ്യക്തമാക്കുന്നത് കാണുക: 

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു” (ക്വുര്‍ആന്‍ 28:68).

”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരുവിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല” (ക്വുര്‍ആന്‍ 4:65).

 

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി
നേർപഥം വാരിക

വസ്‌വാസ്: കേവലമൊരു മനോവൈകല്യമോ?

വസ്‌വാസ്: കേവലമൊരു മനോവൈകല്യമോ?

സാധാരണയായി കണ്ടു വരുന്ന ഒരു മാനസിക വൈകല്യമാണ് സംശയരോഗം. ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെ കുറിച്ച് മനസ്സില്‍ തുടരെ തുടരെ ചിന്തകള്‍ കടന്നുവരികയും അത് വീണ്ടും വീണ്ടും ഉറപ്പുവരുത്തുകയും ചെയ്യുവാനുളള ഒരു പ്രവണതയാണിത്. ‘വസ്‌വാസ്’ എന്ന് നാമൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

 മനോരോഗ വിദഗ്ധരുടെ ഭാഷയില്‍ ഇതിന് പറയുന്ന പേരാണ് Obsessive Compulsive Disorder (OCD). (Obsession=വിടാതെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യുക. Compulsion=നിര്‍ബന്ധിക്കുക. Disorder=വൈകല്യം). അതാത് വ്യക്തിയെ നിരന്തരമായി ചില പ്രത്യേക സംശയങ്ങള്‍/ചിന്തകള്‍ പിന്‍തുടര്‍ന്ന് വേട്ടയാടുന്നത് മൂലം എന്തെങ്കിലും ഒരു പ്രവര്‍ത്തനം ആവര്‍ത്തിച്ചു ചെയ്യാന്‍/ഉറപ്പു വരുത്താന്‍ വ്യക്തി നിര്‍ബന്ധിതനാകുന്ന അവസ്ഥ. ഉദാഹരണ സഹിതം ഇത് വ്യക്തമാക്കാം.

1. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കതക് അടച്ചിട്ടുണ്ടോ എന്ന തോന്നല്‍, അതിനാല്‍ അടിക്കടി വാതില്‍ക്കല്‍ വന്ന് കാര്യം ഉറപ്പു വരുത്തുന്നു. 

2. കുളിയും പല്ലു തേപ്പും കഴിഞ്ഞാല്‍ എന്തോ ഒരു അശുദ്ധി അല്ലെങ്കില്‍ ചെയ്തത് ശരിയായില്ലെന്ന് കരുതി വീണ്ടും ആവര്‍ത്തിക്കുക. 

3. കത്തി കണ്ടാല്‍ അത് ഉപയോഗിച്ച് ആരെയെങ്കിലും വ്രണപ്പെടുത്തണമെന്ന് തോന്നുക, തീ കണ്ടാല്‍ എപ്പോഴും എടുത്തു ചാടണമെന്നു തോന്നുക. 

4. തന്റെ ഭാര്യയെയോ മക്കളെയോ കുറിച്ച് എപ്പോഴും സംശയം തോന്നുക. അവരുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുക.

ഇവയെല്ലാം ഭൗതികമായ കാര്യങ്ങളാണെങ്കില്‍ (ഇവയാണ് സാധാരണയായി Psychiatry Clinicകളില്‍ വരാറ്). മതപരമായ മേഖലകളില്‍ ഈ വൈകല്യം കാണുന്നതിന് ചില ഉദാഹരണങ്ങള്‍ കാണുക. 

1. നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോഴോ മറ്റു മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തയ്യാറെടുക്കുമ്പോഴോ സംശയങ്ങള്‍ ഉണ്ടാവുക.

ഉദാ: വുദൂഅ് എടുക്കുമ്പോള്‍ അവയവങ്ങള്‍ എത്ര തവണ കഴുകി, ശരിയായി നനഞ്ഞിട്ടുണ്ടോ എന്നിങ്ങനെ എപ്പോഴും സംശയം തോന്നുക. നമസ്‌കാരത്തില്‍ റക്അതുകളുടെ എണ്ണത്തില്‍ സ്ഥിരമായി സംശയിക്കുക. നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ ഉദ്ദേശ്യത്തില്‍ (നിയ്യത്തില്‍) സംശയിക്കുക. 

 

കാരണങ്ങള്‍ 

ഈ രോഗത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ മനോരോഗ വിദഗ്ധരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ അതിന് മസ്തിഷ്‌കത്തിലെ ചില രാസമാറ്റങ്ങള്‍ കാരണമായി കാണുന്നു. (ഇതില്‍ വീണ്ടും അഭിപ്രായ വ്യത്യാസമുണ്ട്. ഒരു കൂട്ടര്‍ പറയുന്നു: Serotonin Imbalance മൂലമാണ് രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന്. മറ്റൊരു വിഭാഗം പറയുന്നു; രോഗമുണ്ടായത് കാരണമാണ് Serotonin Imbalance ഉണ്ടാകുന്നതെന്ന്). വേറെ ചിലര്‍ ഇതിന് ശാരീരികവും മാനസികവുമായ പ്രതിഭാസങ്ങളുമായും ബന്ധപ്പെടുത്തുന്നുണ്ട്. മനോരോഗ ഗവേഷണ മേഖലയിലെ ആധികാരിക ശബ്ദമായ അമേരിക്കയിലെ Diagnostics and Statical Manuelന്റെ നാലാമത്തെ പതിപ്പിന്റെ 457ാം പേജില്‍ പറയുന്ന ഒരു കാരണം കാണുക: 

The Individual Senses That The Content of Obsession is alien, Not withing His/Her Own Controll and not the Kind of Thought that he/she would ever expect to have.

”വ്യക്തിക്ക് ഇത്തരം തോന്നലുണ്ടാക്കുന്നത് ബാഹ്യമായ ഒരു ചോദനയാണെന്ന് അനുഭവപ്പെടുന്നു; അത് ഒരിക്കലും അവന്റെ/അവളുടെ നിയന്ത്രണത്തിലല്ല. അവന്‍/അവള്‍ ആഗ്രഹിക്കുന്ന ചിന്തകളല്ല താനും.” 

വ്യക്തിക്ക് ഇത്തരം ചിന്തകള്‍ വരുന്നത് തന്റേതല്ലാത്ത മറ്റേതോ ഉറവിടത്തില്‍ നിന്നാണ്; അത്തരം ചിന്തകള്‍ അയാള്‍ ആഗ്രഹിക്കാത്തതുമാണ്. ഈ ഉറവിടം പിശാച് ആയിക്കൂടേ?

 

ചികിത്സ 

ഇതിന് ധാരാളം ചികിത്സാരീതികള്‍ Psychiatristകള്‍ നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ ഒന്നും തന്നെ രോഗത്തെ പൂര്‍ണമായി ഭേദപ്പെടുത്തുന്നതല്ല തന്നെ. 

“..However, OCD Symptoms Persists at moderate levels even following adequate treatment course, and a completely Symptom free period is uncommon.”

”മതിയായ ചികിത്സകള്‍ക്കു ശേഷവും ചെറിയ രീതിയില്‍ OCD ലക്ഷണങ്ങള്‍ നിലനില്‍ക്കും, പൂര്‍ണമായി ലക്ഷണങ്ങള്‍ വിട്ടുമാറുന്ന സാഹചര്യം വിരളമാണ്” (Clinical Psychology : Eddy KT, Datra Bradly, P: 1011).

 

ഇസ്‌ലാമിക നിര്‍ദേശങ്ങള്‍  

സംശയങ്ങള്‍ ജനിപ്പിക്കുക എന്നത് പിശാചിന്റെ ഒരു പ്രവര്‍ത്തനമായി ക്വുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. 

”പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍”(ക്വുര്‍ആന്‍ 114:1-6).

ഇത്തരം പൈശാചിക ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗമായി നബി ﷺ ക്വുര്‍ആനിലെ അവസാനത്തെ മൂന്ന് ചെറിയ അധ്യായങ്ങളായ അല്‍ ഇഖ്‌ലാസ്, അല്‍ ഫലക്വ്, അന്നാസ് എന്നിവയും ആയത്തുല്‍ കുര്‍സിയ്യും മറ്റും ഓതാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നബി ﷺ പൈശാചിക ഉപദ്രവങ്ങളില്‍നിന്നും ഒഴിവാകുവാന്‍ മറ്റു പല പ്രാര്‍ഥനകളും പഠിപ്പിച്ചിട്ടുണ്ട്.

പിശാചിന് മനുഷ്യനെ വഴിതെറ്റിക്കുന്നതിന് ചില മുന്‍ഗണനാക്രമണങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അത് ഇപ്രകാരമാണ്:

പിശാച് സ്വര്‍ഗത്തില്‍ നിന്ന് പുറത്താവാന്‍ കാരണക്കാരനായ മനുഷ്യനെയും അവന്റെ വര്‍ഗത്തെയും സ്വര്‍ഗത്തില്‍ നിന്നും തടഞ്ഞ് നരകത്തിലേക്കെത്തിക്കുവാനാണ് ഒന്നാമതായി ശ്രമിക്കുക:

”പിശാച് അവന്റെ അനുയായികളെ ക്ഷണിക്കുന്നത് നരകാഗ്നിയിലേക്കാണ്” (ക്വുര്‍ആന്‍ 35:6).

1) അതിനായി ഒന്നാമതായി പിശാച് ക്ഷണിക്കുന്നത് ബഹുദൈവാരാധനയിലേക്കും സത്യനിഷേധത്തിലേക്കുമാണ്.

”…മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന് വിമുക്തനാകുന്നു…” (59:16). 

2) ഒരാളെ സത്യനിഷേധത്തിലേക്ക് നയിക്കാനായില്ലെങ്കില്‍ പിന്നെ പിശാചിന്റെ അടുത്ത ശ്രമം, ആ വിശ്വാസിയുടെ വിശ്വാസത്തില്‍ സംശയം ജനിപ്പിക്കലാണ്.

പ്രവാചകന്‍ ﷺ പറഞ്ഞു: ”പിശാച് നിങ്ങളുടെ അടുക്കല്‍ വരും. എന്നിട്ട് ചോദിക്കും: (ദുര്‍ബോധനം നടത്തും) ‘നിന്നെ സൃഷ്ടിച്ചതാരാണ്.’ അവന്‍ പറയും: ‘അല്ലാഹു’. പിശാച്: ‘അപ്പോള്‍ അല്ലാഹുവിനെ സൃഷ്ടിച്ചതാര്?’ അങ്ങനെ നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ നിങ്ങള്‍ പിശാചില്‍ നിന്നും അല്ലാഹുവിനോട് അഭയം തേടുക.”

3) ഒരാള്‍ ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടുകയും ശരിയായ വിശ്വസം ഉള്‍ക്കൊള്ളുകയും ചെയ്താല്‍ പിന്നീട് പിശാചിന്റെ ശ്രമം അയാളെ മതത്തില്‍ പുത്തനാചാരങ്ങളിലേക്ക് (ബിദ്അത്ത്) നയിക്കലാണ്. ബിദ്അത്ത് എന്നാല്‍ പ്രവാചകന്‍ ﷺ മതത്തില്‍ പഠിപ്പിക്കാത്ത കാര്യങ്ങള്‍ മനുഷ്യന്റെ വകയായി കടത്തിക്കൂട്ടലാണ്. അത് കേവല പാപങ്ങളെക്കാള്‍ ഗൗരവമേറിയതാണ്. കാരണം പാപം എന്നത് ഒരു വ്യക്തിയില്‍ നിക്ഷിപ്തമാണ.് എന്നാല്‍ മതത്തിലെ പുത്തനാചാരം എന്നത് മതവിശ്വാസികളെ മൊത്തത്തില്‍ വഴി തെറ്റിക്കുന്നുവെന്ന് മാത്രമല്ല, ഇസ്‌ലാമിനെ മാറ്റിമറിക്കലുമാണ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ﷺ പറഞ്ഞു: ”എല്ലാ പുത്തനാചാരങ്ങളും വഴികേടിലാകുന്നു. എല്ലാ വഴികേടും നരകത്തിലും.”

സുഫ്‌യാനുസ്സൗരി(റഹി) പറഞ്ഞു: ”പുത്തനാചാരങ്ങള്‍ (ബിദ്അത്ത്) പിശാചിനു മറ്റു പാപങ്ങളെക്കാള്‍ ഇഷ്ടമാണ്. കാരണം പാപങ്ങളില്‍ നിന്നും ഒരാള്‍ പാപമോചനം (തൗബ) ചെയ്‌തേക്കാം. എന്നാല്‍ ബിദ്അത്തില്‍ നിന്നും ഒരാള്‍ തൗബ ചെയ്യില്ല'(കാരണം അത് നല്ലതും മതത്തിന്റെ ഭാഗവുമാണെന്ന് അവന്‍ തെറ്റുധരിക്കുന്നു).”

4) ബിദ്അത്തിലേക്ക് ഒരു വിശ്വാസിയെ നയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത ശ്രമം മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും കൊണ്ടു പോകലാണ്.

ക്വുര്‍ആന്‍ പറയുന്നു: ”ദുഷ്‌കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്” (2:169)

5) അടുത്ത ശ്രമം സല്‍കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തടയലാണ്. അവന്‍ ദാനം ചെയ്യുന്നതില്‍ നിന്നും നമസ്‌കരിക്കുന്നതില്‍ നിന്നും മറ്റും വിശ്വസിയെ പുറകോട്ട് പോകാന്‍ പ്രേരിപ്പിക്കും.

6) ഒരു വിശ്വസിയെ നന്മ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത തന്ത്രം; മനുഷ്യന്‍ ചെയ്യുന്ന സല്‍കര്‍മങ്ങളുടെ ഉദ്ദേശ്യത്തിലും ആത്മാര്‍ഥതയിലും സംശയിപ്പിക്കലാണ്.

ഒരിക്കല്‍ പ്രവാചകന്‍ ﷺ യുടെ അടുക്കല്‍ ഒരു അനുചരന്‍ തനിക്ക് നമസ്‌കാരത്തില്‍ ഉണ്ടാകുന്ന ചില ശ്രദ്ധക്കുറവിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അവിടുന്ന് പിശാചിന്റെ ഉപദ്രവത്തില്‍നിന്ന് അല്ലാഹുവോട് രക്ഷചോദിക്കുവാന്‍ നിര്‍ദേശിക്കുകയുണ്ടായി.’

നമസ്‌കാരത്തില്‍ പിശാച് ചെയ്യുന്നത് എന്താണെന്നും പ്രവാചകന്‍ ﷺ പറഞ്ഞു തരുന്നു: ”(പിശാച്) നമസ്‌കാരത്തിന്റെയും അവന്റെയും ഇടയില്‍ വന്ന് പറയുന്നു: നീ ഇത് ഓര്‍ക്കുക, അത് ഓര്‍ക്കുക എന്നിങ്ങനെ. അക്കാര്യങ്ങള്‍ ആ മനുഷ്യന്‍ മുമ്പ് ചിന്തിക്കാത്തതായിരിക്കും. അങ്ങനെ എത്ര നമസ്‌കരിച്ചുവെന്ന് അവന്‍ മറക്കും”(ബുഖാരി). 

വിശ്വാസതലം മുതല്‍ കര്‍മങ്ങളില്‍ വരെ മനുഷ്യമനസ്സില്‍ സംശയവും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ പിശാച് ശ്രമിക്കും. അങ്ങനെ ചിലര്‍ക്ക് അത് വിടാതെ പിന്തുടരുന്ന ഒരു സംശയരോഗം (OCD) തന്നെ ആയിത്തീരും. 

ഉരുവിടലാണ് നിയ്യത്ത് എന്ന് തെറ്റായി മനസ്സിലാക്കിയ വ്യക്തിയാണെങ്കില്‍ താന്‍ പഠിച്ചിട്ടുള്ള വാക്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കും! വുദൂഅ് പലതവണ ആവര്‍ത്തിക്കും. മണിക്കൂറുകളോളം കുളിച്ചാലും ശുദ്ധിയായില്ല എന്ന തോന്നല്‍ അവരെ അലട്ടും. അങ്ങനെ ചെയ്യുന്നത് സുക്ഷ്മതയാണെന്നായിരിക്കും അത്തരക്കാര്‍ കരുതുക.  

മതം എളുപ്പമാണെന്നും സ്വയം അതിനെ കര്‍ക്കശമാക്കുവാന്‍ പാടില്ലെന്നും പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ നിലപാട് നമ്മെ മതത്തില്‍നിന്നും വിദൂരമാക്കിക്കളയുമെന്ന് നാം മനസ്സിലാക്കുക.’ 

ഈ രോഗത്തിന് ഒരു വിശ്വാസിക്ക് ചെയ്യാവുന്ന കാര്യം നമസ്‌കാരത്തില്‍ സംശയരോഗം പിടിപെട്ട സ്വഹാബിയോട് പ്രവാചകന്‍ പറഞ്ഞതുപോലെ പിശാചില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുക എന്നതാണ്. 

 

ഡോ. സബീല്‍, പട്ടാമ്പി
നേർപഥം വാരിക

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും എങ്ങനെ മനസ്സിലാക്കണം?

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും എങ്ങനെ മനസ്സിലാക്കണം?

അല്ലാഹുവിനുള്ളതായി അല്ലാഹുവും റസൂലും(സ്വ) അറിയിച്ച ഒരു നാമവും വിശേഷണവും നാം നിഷേധിക്കാന്‍ പാടുള്ളതല്ല. കാരണം അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്. സൃഷ്ടികളില്‍വെച്ച് ഏറ്റവും നന്നായി അല്ലാഹുവിനെ അറിഞ്ഞത് മുഹമ്മദ് നബി(സ്വ)യുമാണ്. അതിനാല്‍ അല്ലാഹുവും റസൂലും അറിയിച്ച കാര്യങ്ങളെ നിഷേധിക്കല്‍ സത്യനിഷേധമാണ്.  

അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങളുടെ വിഷയത്തില്‍ ജഹ്മിയ്യാക്കള്‍ക്ക് പറ്റിയ ഭീമാബദ്ധം ഇതായിരുന്നു. അവര്‍ അല്ലാഹുവിന്റെ സ്വിഫാത്തുകളെ (വിശേഷണങ്ങളെ) നിഷേധിച്ചു കളഞ്ഞു. തങ്ങളുടെ പരിമിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി അല്ലാഹു ആരായിരിക്കണമെന്ന് അവര്‍ സ്വയം തീരുമാനിച്ചു. അതിനുശേഷം വന്ന മുഅ്തസില വിഭാഗവും സ്വീകരിച്ചത് പ്രമാണങ്ങളെക്കാള്‍ തങ്ങളുടെ ബുദ്ധിക്ക് പ്രാധാന്യവും അപ്രമാദിത്വവും കല്‍പിച്ചുകൊണ്ടുള്ള ഇത്തരം സമീപനങ്ങളായിരുന്നു. അല്ലാഹുവിന് എന്തെല്ലാം വിശേഷണങ്ങളുണ്ടാവണമെന്നും ഉണ്ടായിക്കൂടാ എന്നും തീരുമാനിക്കാന്‍ ഇവരൊക്കെ ആശ്രയിച്ചത് പ്രമാണങ്ങളെ കൈവിട്ടുകൊണ്ടുള്ള ഗവേഷണങ്ങളെയായിരുന്നു. 

അല്ലാഹുവും റസൂലും അല്ലാഹുവിനുള്ളതായി അറിയിച്ച വിശേഷണങ്ങളെ നാം അംഗീകരിച്ചാല്‍ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാണെന്നും അത് തൗഹീദിന് വിരുദ്ധമാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഇവരൊക്കെയും അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കുന്നവരാണ്. സൃഷ്ടികളുടെ അസ്തിത്വങ്ങളെയും അംഗീകരിക്കുന്നുണ്ട്. അപ്പോള്‍ മേല്‍പറഞ്ഞ സാദൃശ്യപ്പെടുത്തല്‍ ഇവിടെയും വരില്ലേ എന്ന് ചോദിച്ചാല്‍, അല്ലാഹുവിന്റെ അസ്തിത്വം പോലെയല്ല സൃഷ്ടികളുടെ അസ്തിത്വം എന്നാണ് മറുപടി. എങ്കില്‍ ഇവരോട് നമുക്കും അല്ലാഹുവിന്റെ വിശേഷണങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്. അല്ലാഹുവിനെ പോലെ യാതൊന്നുമില്ല. അല്ലാഹു പറയുന്നു: 

”ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.” (42:11)

അല്ലാഹുവിന്റെ അനവധി സ്വിഫാത്തുകളുടെ കൂട്ടത്തില്‍ കേവലം ആറേഴെണ്ണത്തെ മാത്രം അംഗീകരിക്കുകയും ബാക്കിയുള്ളവയെ എല്ലാം മുഅ്തസിലികള്‍ ചെയ്തതുപോലെ വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ ഒന്നും പറയാതെ അല്ലാഹുവിലേക്ക് മടക്കുകയോ ചെയ്ത (തഫ്‌വീളിന്റെയും തഅ്‌വീലിന്റെയും വക്താക്കളായ) അശ്അരീ- മാതുരീദി വിഭാഗവും അകപ്പെട്ടത് ഒരേ കുഴിയില്‍ തന്നെയാണ്.

ജഹ്മികളോടും മുഅ്തസിലികളോടും പറഞ്ഞതുപോലെ തന്നെ ഇവരോടും അഹ്‌ലുസ്സുന്നക്ക് പറയാനുള്ളത് ഇതാണ്: അല്ലാഹുവിന്റെ ഏഴ് സ്വിഫത്തുകളെ നിങ്ങളംഗീകരിക്കുകയും ബാക്കിയുള്ളവയെ നിരാകരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അറിവും ശക്തിയും കേള്‍വിയും കാഴ്ചയുമൊക്കെ നിങ്ങളംഗീകരിക്കുന്ന സ്വിഫാത്തുകളാണ്. എന്നാല്‍ സൃഷ്ടികള്‍ക്കും അറിവും കഴിവും കാഴ്ചയും കേള്‍വിയുമൊക്കെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍, അല്ലാഹുവിന്റെ കഴിവും കാഴ്ചയും അറിവും കേള്‍വിയുമൊന്നും സൃഷ്ടികളുടേത് പോലെയല്ല എന്നാണ് മറുപടി. എങ്കില്‍ പ്രമാണങ്ങള്‍ നമ്മെ അറിയിച്ച ബാക്കിയുള്ള സ്വിഫാത്തുകളുടെ കാര്യത്തിലും അവയൊന്നും സൃഷ്ടികളുടെ വിശേഷണങ്ങള്‍ പോലെയല്ല; അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അവന്റെ മഹത്വത്തിനും ഔന്നിത്യത്തിനും യോജിക്കുന്ന വിധത്തില്‍ പരിപൂര്‍ണതയുടെ ഗുണങ്ങളും സമാനതകളില്ലാത്തതുമാണ് എന്ന് പറയലല്ലേ പ്രമാണത്തോടും ശരിയായ ബുദ്ധിയോടും യോജിക്കുന്നത് എന്ന് ചോദിച്ചാലും വ്യാഖ്യാനത്തിന്റെ അനിവാര്യതക്കും സാധുതക്കും തെളിവുനിരത്താനായിരിക്കും അവരില്‍ ഭൂരിഭാഗവും പരിശ്രമിക്കുക.

പ്രസ്തുത കാര്യങ്ങളിലൊക്കെ തങ്ങള്‍ക്കുള്ള മാതൃകയും മുന്‍ഗാമികളും ആരൊക്കെയാണ് എന്ന് വേണ്ടവിധത്തില്‍ ആലോചിക്കാന്‍ പോലും അവര്‍ക്ക് സാധിക്കാതെ പോവുകയാണ്. നബി(സ്വ)യോ സ്വഹാബത്തോ താബിഉകളോ തബഉത്താബിഉകളോ അടങ്ങുന്ന സലഫുകളില്‍ നിന്ന് ഒരാളെ പോലും അവര്‍ക്ക് മാതൃകയായി ഉദ്ധരിക്കാന്‍ കഴിയില്ല എന്നതും നാം തിരിച്ചറിയേണ്ട വസ്തുതയാണ്. അവരാണല്ലോ നമ്മുടെ സച്ചരിതരായ മുന്‍ഗാമികള്‍. അവരെ പിന്‍പറ്റുവാനാണല്ലോ നാം കല്‍പിക്കപ്പെട്ടതും.

ഇവരുടെ വ്യാഖ്യാനത്തിന്റെ അപകടങ്ങള്‍

1. അല്ലാഹുവിന്റെ പേരില്‍ നാം വ്യക്തമായി അറിയാത്തവ പറയലാണ് ഇത്തരം വ്യാഖ്യാനങ്ങളിലൂടെ സംഭവിക്കുന്നത്. അതാകട്ടെ അല്ലാഹു ശക്തമായി നമ്മളോട് വിലക്കിയതാണ്.

”അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക് അറിവില്ലാത്തത് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ”(2:80).

”അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്? അവര്‍ അവരുടെ രക്ഷിതാവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും”(11:18).

”മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്‌തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു”(20:61).

ആരെക്കുറിച്ചും വ്യക്തമായ അറിവില്ലാത്തത് പറഞ്ഞുകൂടാ. അപ്പോള്‍ അത് അല്ലാഹുവിനെ സംബന്ധിച്ച് ആകുമ്പോള്‍ എന്ത് മാത്രം അപകടകരമായിരിക്കും! 

”നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്” (17:36).

2. നാം നല്ലതായി കരുതുന്ന വ്യാഖ്യാനങ്ങള്‍ നല്ലതും മതത്തില്‍ അനിവാര്യവുമായ ഒന്നായിരുന്നെങ്കില്‍ അല്ലാഹുവും റസൂലും(സ്വ) അത് നമുക്ക് വിശദീകരിച്ചു തരേണ്ടതായിരുന്നുവല്ലോ! ഇതിനെക്കാള്‍ നിസ്സാരമായ വിഷയങ്ങള്‍ വിശദമായി വിശദീകരിച്ച മതപ്രമാണങ്ങള്‍ മൗലികമായ ഈ വിശ്വാസ കാര്യത്തെ വിശദീകരിക്കാതെ അവഗണിച്ചു കളഞ്ഞു എന്നതും ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ല. അതിനാല്‍ സ്വന്തമായി നാം അവതരിപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍ മതത്തില്‍ പലതും കൂട്ടിച്ചേര്‍ക്കലായിരിക്കും. 

 

3. സലഫുകളില്‍ ഒരാളില്‍ നിന്നുപോലും ഇത്തരം വ്യാഖ്യാനങ്ങള്‍ ഉദ്ധരിക്കപ്പെടുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. അപ്പോള്‍ അല്ലാഹു തൃപ്തിപ്പെട്ടവരും ഉത്തമ തലമുറക്കാരും ശുദ്ധ അറബി ഭാഷക്കാരുമായ സച്ചരിതരുടെ പാത കയ്യൊഴിച്ച് കൊണ്ട് നാം സ്വീകരിക്കുന്ന വ്യാഖ്യാനത്തിന്റെ രീതി ക്വുര്‍ആനും സുന്നത്തും നമ്മോട് പിന്‍പറ്റാന്‍ നിര്‍ദേശിച്ച പാതയെ കയ്യൊഴിക്കലും സന്മാര്‍ഗം വിട്ട് ദുര്‍മാര്‍ഗം സ്വീകരിക്കലുമായിരിക്കും എന്ന് തിരിച്ചറിയുക.

”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (4:115).

 

4. അല്ലാഹുവിന്റെ സ്വിഫത്തുകളെ കുറിച്ച് പറഞ്ഞ ക്വുര്‍ആനിക വചനങ്ങളെയും ഹദീഥുകളെയും സലഫുകള്‍ വ്യാഖ്യാനിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും എന്ന ചിന്ത പ്രസക്തമാണ്. നന്മയുള്ള കാര്യമാണ് ഈ വ്യാഖ്യാനമെങ്കില്‍ അവരായിരുന്നു നമ്മെക്കാള്‍ മുമ്പ് അത് ചെയ്യുകയും അതിന്റെ പ്രചാരകരാവുകയും ചെയ്യുക. ദീനിയായ ഒരു വിഷയത്തില്‍ അതും അസ്മാഉ വസ്വിഫാത്ത് പോലെയുള്ള അടിസ്ഥാനപരമായ ഒരു അഖീദാവിഷയത്തില്‍ സലഫുകള്‍ സ്വീകരിക്കാത്ത മാര്‍ഗമാണ് നാം സ്വീകരിക്കുന്നതെങ്കില്‍ പ്രസ്തുത വഴി പിഴച്ചതാണെന്നതിന് അതുമാത്രം മതിയാകും വ്യക്തമായ തെളിവായിട്ട്. അല്ലാതെ സച്ചരിതരായ മുന്‍ഗാമികള്‍ പിഴവിലും പില്‍ക്കാലത്തുള്ളവര്‍ ശരിയിലും നന്മയിലും എന്ന് ദീനിന്റെ ബാലപാഠങ്ങളെങ്കിലും മനസ്സിലാക്കിയവര്‍ക്ക് അനുമാനിക്കാനാവുമോ?

അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പങ്ങളുമുണ്ടാകുമ്പോള്‍ നമ്മളോട് പിന്‍പറ്റാന്‍ നബി(സ്വ) നിര്‍ദേശിച്ച നേരിന്റെ സുരക്ഷിതപാത സലഫിന്റെതാണല്ലോ.

 

5. നബി(സ്വ)യോ സ്വഹാബത്തോ ഒന്നും വിശദീകരിക്കാത്ത ഒരു വിവരണം നാം കല്‍പിക്കുമ്പോള്‍ വിശിഷ്ടരും വിശുദ്ധരുമായ ആ മുന്‍ഗാമികളെ മോശപ്പെട്ടവരും മതത്തിന്റെ അടിസ്ഥാന വിഷയങ്ങളില്‍ പോലും വേണ്ടത്ര ഗ്രാഹ്യത ഇല്ലാത്തവരുമായി ചിത്രീകരിക്കലും അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോകുന്നു എന്നത് നാം മറന്ന് കൂടാ.

ഇബ്‌നു മസ്ഊദ്(റ) വിശദമാക്കിയതുപോലെ അവരാണ് ഉത്തമര്‍. സംശയങ്ങള്‍ തീര്‍ത്ത് ഏറ്റവും ഉത്തമ ഗുരുവില്‍ നിന്ന് മതം ശരിയായ രൂപത്തില്‍ പഠിച്ച് മനസ്സിലാക്കിയവര്‍. ജാഡകളോ നാട്യങ്ങളോ ഇല്ലാത്ത, അറിവും ഭക്തിയും സമന്വയിച്ച മഹത്തുക്കള്‍. അവരുടെ മാര്‍ഗമാണ് നാം പിന്‍പറ്റേണ്ടത്.

പ്രസ്തുത മാര്‍ഗം വിട്ടുകൊണ്ട് വ്യാഖ്യാനത്തിന്റെ വക്താക്കള്‍ കൊണ്ടുവരുന്നതാകട്ടെ സത്യവിശ്വാസികള്‍ പോലുമല്ലാത്ത ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും വചനശാസ്ത്രത്തിന്റെയും ആളുകളുടെ വാക്കുകളും അഭിപ്രായങ്ങളുമാണ്.

 

6. വ്യാഖ്യാനത്തിന്റെ വക്താക്കളായി ആ മാര്‍ഗത്തില്‍ ആയുസ്സിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച് അതിന്റെ വക്താക്കളും പ്രയോക്താക്കളുമായി ജീവിച്ച പല മഹാന്മാരും ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ അതില്‍ നിന്ന് ഖേദിച്ച് മടങ്ങിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും പ്രമാണങ്ങളും സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗവും വിട്ട് വക്താക്കള്‍ തന്നെ കയ്യൊഴിച്ച വാദഗതികളെ വിശുദ്ധമായി ഗണിച്ച് കൊണ്ടുനടക്കുന്നത് എത്രമാത്രം ബാലിശമാണ്!

 

7. വ്യാഖ്യാനത്തിന്റെ തുടക്കം തന്നെ പിഴവാണ്. കാരണം, അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങളെ സൃഷ്ടികളുടെ വിശേഷണങ്ങളോട് സാദൃശ്യപ്പെടുത്തി ഗ്രഹിക്കുന്നതില്‍ നിന്നാണ് വ്യാഖ്യാനത്തെ രക്ഷാമാര്‍ഗമായി കണ്ടെത്തുന്നത്. വാസ്തവത്തില്‍ അല്ലാഹുവിന്റെ മഹത്ത്വത്തിനും ഔന്നിത്യത്തിനും യോജിച്ച രീതിയില്‍ അവന്റെ വിശേഷണങ്ങളെ സ്വീകരിക്കുകയാണെങ്കില്‍ ഇത്തരം വ്യാഖ്യാനങ്ങളിലേക്കും നിഷേധങ്ങളിലേക്കും ഒന്നും പോകേണ്ടിവരില്ലായിരുന്നു. സത്യത്തില്‍ ഏതൊരു സാദൃശ്യപ്പെടുത്തലിനെയാണോ ഇവര്‍ ഭയന്നത് അതിലാണ് ഇവര്‍ ആദ്യം ചെന്നുചാടിയത്. രക്ഷപ്പെടാന്‍ വ്യാഖ്യാനമെന്ന മറ്റൊരു അപകടത്തിലേക്കും വഴുതിവീഴുകയാണുണ്ടായത്.

വ്യാഖ്യാനത്തിന്റെയാളുകള്‍ കൊണ്ടുവരുന്ന അര്‍ഥകല്‍പനകള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറമാണ് വാസ്തവത്തില്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന സ്വിഫത്തുകള്‍ നിലകൊള്ളുന്നത്. അഥവാ വ്യാഖ്യാനങ്ങളില്‍ പരിമിതമായ ചില അര്‍ഥ തലങ്ങളാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ സലഫുകള്‍ സ്വീകരിച്ച ശരിയായ സ്വിഫത്ത് സ്ഥിരീകരണത്തില്‍ അതിലുപരി ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് സാരം.

ഉദാഹരണത്തിന,് അല്ലാഹുവിന്റെ ഇറക്കം (നുസൂല്‍) എന്ന സ്വിഫത്തിനെ അനുഗ്രഹം എന്നോ കല്‍പനയെന്നോ മലക്കുകള്‍ എന്നോ ഒക്കെ വ്യാഖ്യാനിക്കുമ്പോള്‍ വാസ്തവത്തില്‍ അതിന്റെ ഒരു ഭാഗം മാത്രമെ ആകുന്നുള്ളൂ. എന്നാല്‍ ഹദീഥില്‍ വ്യക്തമായി വിശദീകരിച്ചതാകട്ടെ അതിനുമപ്പുറമാണ്.

നബി(സ്വ) പറയുന്നു: ”രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ ഓരോ രാത്രിയും അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും. എന്നിട്ട് പറയും: ആരുണ്ട് എന്നോട് പ്രാര്‍ഥിക്കുന്നവരായി? ഞാന്‍ അവന് ഉത്തരം ചെയ്യാം. ആരുണ്ട് എന്നോട് ചോദിക്കുന്നവനായി? ഞാനവന് നല്‍കാം. ആരുണ്ട് എന്നോട് പാപമോചനം തേടുന്നവനായി? ഞാനവന് പൊറുത്ത് കൊടുക്കാം” (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിനെ കുറിച്ച് നബി(സ്വ) അറിയിച്ച ഒരു കാര്യത്തെപ്പറ്റി അതങ്ങനെയല്ല എന്ന് പറയാന്‍ ആര്‍ക്ക് എന്ത് അവകാശമാണുള്ളത്? അപ്രകാരം തന്നെ അല്ലാഹുവിന്റെ കൈ (യദുന്‍) എന്ന വിശേഷണത്തെ കേവലം ശക്തി അല്ലെങ്കില്‍ സഹായം എന്നൊക്കെ വ്യാഖ്യാനിക്കുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്.

ഈ വിഷയത്തില്‍ ഓരോ സത്യവിശ്വാസിയും സ്വീകരിക്കേണ്ട നിലപാട് ഇതായിരിക്കണം: സ്വീകാര്യയോഗ്യമായ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട സ്വിഫത്തുകളെയെല്ലാം വിശ്വസിച്ച് അംഗീകരിക്കുക. എന്നാല്‍ അവയെ ഒരിക്കലും സൃഷ്ടികളുടെ വിശേഷണങ്ങള്‍ക്ക് സമാനമെന്ന ചിന്താഗതി കടന്നുവന്നുവരാതെ സൂക്ഷിക്കേണ്ടതുമുണ്ട്. അല്ലാഹുവിന്റെ മഹത്വത്തിന് നിരക്കാത്ത ന്യൂനതകളുടെ യാതൊരു വിശേഷണവും അവനിലേക്ക് ചേര്‍ത്ത് പറയാതിരിക്കുകയും വേണം. എന്നാല്‍ സ്വീകാര്യയോഗ്യമല്ലാത്ത റിപ്പോര്‍ട്ടുകളും അവയില്‍ വന്നിട്ടുള്ള മോശമായ പ്രയോഗങ്ങളും നാം സ്വീകരിക്കേണ്ടതില്ല.

അല്ലാഹുവിന്റെ ഏതെങ്കിലും സ്വിഫത്തുകളെ കുറിച്ച് ആരെങ്കിലും അതെങ്ങനെയാണ് എന്ന് ചോദിച്ചാല്‍ ഇമാം റബീഅയും(റഹി) ഇമാം മാലികും(റഹി) മറ്റും പറഞ്ഞതുപോലെയാണ് മറുപടി പറയേണ്ടത്: ‘എങ്ങനെ എന്നത് അജ്ഞാതമാണ്. ആ വിശേഷണത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധവുമാണ്. എങ്ങനെയെന്ന ചോദ്യം ബിദ്അത്തുമാണ്.’ കാരണം, ആ ചോദ്യം മനുഷ്യന്റെ അറിവിന്റെ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ടുതന്നെ അതിന് മറുപടി നല്‍കാനും മനുഷ്യന് സാധിക്കുകയില്ല.

അല്ലാഹുവിന്റെ സ്വിഫത്തുകളെ കുറിച്ച് അവ എങ്ങനെയെന്ന് ചോദിക്കുന്നവനോട് ‘അല്ലാഹു എങ്ങനെ’യെന്ന് ചോദിച്ചാല്‍ ‘അത് തനിക്കറിയില്ല’ എന്നതായിയിരിക്കും മറുപടി. എങ്കില്‍ അല്ലാഹുവിന്റെ വിശേഷണത്തെ കുറിച്ച് അത് എങ്ങനെയെന്ന് നമുക്കും അറിയില്ല എന്നതാണ് നമുക്കും പറയാനുള്ള മറുപടി. വിശേഷിപ്പിക്കപ്പെടുന്നതിന്റെ രൂപം എങ്ങനെയെന്നറിയാതെ വിശേഷണത്തിന്റെ രൂപം അറിയാന്‍ കഴിയില്ല. അല്ലാഹുവിന്റെ സത്ത (ദാത്ത്) എങ്ങനെ എന്നറിയാത്തവന്‍ അവന്റെ വിശേഷണം എങ്ങനെ എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല.

പ്രമാണങ്ങളുടെയും അത് അനുധാവനം ചെയ്ത സച്ചരിതരായ മുന്‍ഗാമികളുടെയും മാര്‍ഗം അവലംബിക്കാതിരുന്നാല്‍ ആശയക്കുഴപ്പങ്ങള്‍ അധികരിക്കുക മാത്രമെ ചെയ്യുകയുള്ളൂ. പ്രമാണങ്ങളെ ആത്മാര്‍ഥമായി സ്വീകരിച്ച സച്ചരിതരുടെ പാത പിന്‍പറ്റാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

 

ശമീര്‍ മദീനി
നേർപഥം വാരിക

ഉദുഹിയ്യത്ത് മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍

ഉദുഹിയ്യത്ത് മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍

ഉദുഹിയ്യത്ത് അറുക്കപ്പെടുന്ന മൃഗത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.   

ഒന്ന്: അറുക്കപ്പെടുന്ന മൃഗം കന്നുകാലി വര്‍ഗത്തില്‍ പെട്ടതായിരിക്കണം. ഒട്ടകം, മാടുകള്‍, ആട് എന്നിവയാണവ. 

അല്ലാഹു പറയുന്നു: ”ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്…” (ക്വുര്‍ആന്‍ 22:34). 

രണ്ട്: അറുക്കപ്പെടുന്ന മൃഗത്തിന് നിശ്ചിത പ്രായം തികയണം. ഹദീഥില്‍ ഇപ്രകാരം കാണാം: 

ജാബിര്‍ (റ) നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: ”നിങ്ങള്‍ ‘മുസിന്ന’ അല്ലാതെ അറുക്കരുത്. നിങ്ങള്‍ക്ക് അത് പ്രയാസകരമായാല്‍ ചെമ്മരിയാടില്‍ നിന്നും അറുത്ത് കൊള്ളുക” (സ്വഹീഹ് മുസ്ലിം: 1963).

‘മുസിന്ന’ എന്നാല്‍ കാലികളിലെ ഒരു പ്രായപരിധിയാണ്. ജനിക്കുമ്പോള്‍ ഉള്ള പല്ലുകള്‍ മാറി സ്ഥിരമായി നിലനില്‍ക്കുന്ന തീറ്റപ്പല്ല് വന്നവ എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

ഇമാം നവവി പറയുന്നു: ‘മുസിന്ന’ എന്നാല്‍ എല്ലാത്തില്‍ നിന്നും ആണ് (അഥവാ പാല്‍പല്ല് മാറി തീറ്റപ്പല്ല് വന്നവ). ആട്, പശു, ഒട്ടകം തുടങ്ങിയവയിലെല്ലാം ഇപ്രകാരം തന്നെ” (ശറഹു മുസ്ലിം: 6/456).

ഓരോ മൃഗവും അവയുടെ പ്രായപരിധിയും

കോലാട്: ഹനഫീ, മാലികീ, ഹമ്പലീ അഭിപ്രായപ്രകാരം ഒരു വയസ്സ് തികയണം. ശാഫിഈ അഭിപ്രായ പ്രകാരം രണ്ട് വയസ്സ് തികയണം. കോലാടിന് ഒരു വയസ്സ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം. നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ആടാണ് കോലാട്.  

ചെമ്മരിയാട്: ഹനഫീ, മാലികീ, ഹമ്പലീ അഭിപ്രായപ്രകാരം ആറു മാസം തികയണം. ശാഫിഈ അഭിപ്രായപ്രകാരം ഒരു വര്‍ഷമെത്തിയിരിക്കണം. ആറു മാസം എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്റെ വിഷയത്തില്‍ മാത്രമുള്ള ഇളവാണ് ഇത്. ചെമ്മരിയാടില്‍ മാത്രമാണ് നബി(സ്വ) അനുവദിച്ചിട്ടുള്ളത്. പല്ല് പൊഴിയുന്ന പ്രായം അഥവാ ആറു മാസം പ്രായമെത്തിയവയാണവ.  എന്നാല്‍ ചെമ്മരിയാടിലും ഒരു വയസ്സ് തികയുകയാണ് എങ്കില്‍ അതാണ് ശ്രേഷ്ഠം. ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ധരിച്ച ഹദീഥിന്റെ അടിസ്ഥാനത്തില്‍ ഒരു വയസ്സ് തികഞ്ഞതിനെ കിട്ടിയില്ലെങ്കിലല്ലാതെ ആറു മാസം ഉള്ളതിനെ അറുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.  

മാടുകള്‍: ഹനഫീ, ശാഫിഈ, ഹമ്പലീ അഭിപ്രായപ്രകാരം രണ്ട് വയസ്സ് തികഞ്ഞവ. മാലികീ അഭിപ്രായപ്രകാരം മൂന്ന് വയസ്സ് തികയണം. രണ്ട് വയസ്സ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. പോത്ത്, കാള തുടങ്ങിയവയെല്ലാം ഇപ്രകാരം തന്നെ.  

ഒട്ടകം: അഞ്ച് വര്‍ഷം തികഞ്ഞവയായിരിക്കണം. ഇതില്‍ നാല് ഇമാമുമാര്‍ക്കും എകാഭിപ്രായമാണ്. 

ചുരുക്കത്തില്‍: ആണ്‍ ആടാണ് എങ്കില്‍ ഒരു വയസ്സ് തികഞ്ഞതും, മാടുകളാണ് എങ്കില്‍ രണ്ട് വയസ്സ് തികഞ്ഞതും, ഒട്ടകം ആണ് എങ്കില്‍ 5 വയസ്സ് തികഞ്ഞതും. 

മൂന്ന്: ഉദുഹിയ്യത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. ഹദീഥില്‍ ഇപ്രകാരം കാണാം: 

ബറാഅ് ബ്ന്‍ ആസിബ്(റ) നിവേദനം: നബി(സ്വ)യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ”ഉദുഹിയ്യത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ?” അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജ (നെയ്യ്) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ” (മുസ്‌നദ്: 18675). 

ഹദീഥിലെ ‘പ്രകടമായ’എന്ന പ്രയോഗത്തില്‍ നിന്നും സാധാരണ കണക്കാക്കപ്പെടാത്ത നിസ്സാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ല എന്ന് മനസ്സിലാക്കാം. 

രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ ഉദുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

”രോഗബാധിതമായതിനെപ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉദുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസ്സാരമാണ് എങ്കില്‍ അതില്‍ തടസ്സമില്ല താനും. എന്നാല്‍ പ്രകടമായതും അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല” (8/293).

എന്നാല്‍ മണി ഉടച്ചവക്ക് കുഴപ്പമില്ല. അത് ഇറച്ചിയുടെ രുചിയും മേന്മയും വര്‍ധിപ്പിക്കുകയാണ് ചെയ്യുക. 

ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. പക്ഷേ, ലോകമാന്യത ഉദ്ദേശിച്ചുകൊണ്ടോ, ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനോ ആണ് ഒരാള്‍ നല്ല ഇനം നോക്കി വാങ്ങുന്നത് എങ്കില്‍ അയാള്‍ക്ക് ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം ഏറ്റവും മുന്തിയ മൃഗത്തെ തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രചോദനം.  

നാല്: ഉദുഹിയ്യത്ത്  അറുക്കപ്പെടുന്ന മൃഗം തന്റെ ഉടമസ്ഥതയില്‍ ഉള്ളതോ, ശറഇയ്യായ നിലക്ക് തനിക്ക് അറുക്കുവാന്‍ അനുമതി ലഭിക്കപ്പെട്ടതോ ആയിരിക്കണം. 

മോഷ്ടിച്ചവ, തട്ടിയെടുത്തവ, അന്യായമായി കൈവശപ്പെടുത്തിയവ, ഒരാളുടെ ധനത്തില്‍ നിന്നും അയാളുടെ അനുവാദമില്ലാതെ അറുക്കപ്പെടുന്നവ എന്നിങ്ങനെയുള്ളവയൊന്നും ഉദുഹിയ്യത്തില്‍ സ്വീകാര്യമല്ല. കാരണം അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടല്ല അവന്റെ സാമീപ്യം കണ്ടെത്തേണ്ടത്. അവ ഉദുഹിയ്യത്തില്‍ മാത്രമല്ല അല്ലാത്ത സന്ദര്‍ഭങ്ങളിലും നിഷിദ്ധമാണ്.

അഞ്ച്: ആ മൃഗവുമായി ബന്ധപ്പെട്ട് മറ്റു അവകാശങ്ങള്‍ നിലനില്‍ക്കരുത്. ഉദാ: കടത്തിന് ഈടായി (പണയം) നല്‍കിയ മൃഗത്തെ ബലിയറുക്കാന്‍ പാടില്ല. കാരണം കടം തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ അത് ഈടാക്കാനുള്ള ഉപാധിയായി നിശ്ചയിക്കപ്പെട്ടതാണത്. 

ആറ്: ശറഇയ്യായി (മതപരമായി) നിര്‍ണിതമായ സമയത്ത് തന്നെ അത് അറുക്കപ്പെടണം. എങ്കിലേ അത് ഉദുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ. പെരുന്നാള്‍ നമസ്‌കാര ശേഷം മുതല്‍ അയ്യാമുത്തശ്‌രീക്വിന്റെ ദിനങ്ങള്‍ അവസാനിക്കുന്നത് വരെയാണ് അതിന്റെ സമയ പരിധി. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്‌രീക്വ് എന്ന് പറയുന്നത്. ഹദീഥില്‍ ഇപ്രകാരം കാണാം: 

”നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്‌കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്‌കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉദുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല” (സ്വഹീഹുല്‍ ബുഖാരി: 965, സ്വഹീഹ് മുസ്ലിം: 5185). 

സാന്ദര്‍ഭികമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍

1. ആണ്‍, പെണ്‍ മൃഗങ്ങളെ ബലി കഴിക്കാം. ആണ്‍ മൃഗങ്ങളാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന് ചില പണ്ഡിതന്മാര്‍ പറയാന്‍ കാരണം നബി(സ്വ) ആണാടിനെ അറുത്തതായി വന്ന റിപ്പോര്‍ട്ടുകള്‍ അവലംബമാക്കിയാണ്. രണ്ടും അനുവദനീയമാണ് എന്നതില്‍ തര്‍ക്കമില്ല.

2. സ്ത്രീക്കും പുരുഷനും ഉദുഹിയ്യത്ത് അറുക്കാം. സ്ത്രീയാകട്ടെ പുരുഷനാകട്ടെ  ശറഇയ്യായ നിലയ്ക്ക് അറുത്താല്‍ അത് ഭക്ഷിക്കാം. യാതൊരു വ്യത്യാസവും ഇല്ല. 

3. ഉദുഹിയ്യത്ത് അറുക്കുന്നതില്‍ ഏറ്റവും ശ്രേഷ്ഠം ഒട്ടകമാണ്, പിന്നെ മാടുകള്‍, പിന്നെ ആട്, ശേഷം ഒട്ടകത്തിലോ, മാടിലോ ഷെയര്‍ ചേര്‍ന്ന് അറുക്കുന്നതാണ്. ഒട്ടകത്തിലോ മാടിലോ ഷെയര്‍ ചേരുന്നതിനെക്കാള്‍ ഉചിതം സ്വന്തമായി ഒരാടിനെ അറുക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് എന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

4. എനിക്കും എന്റെ കുടുംബത്തിനും എന്ന നിലയ്ക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണ് എങ്കില്‍,  കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവുമെങ്കിലും, ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുകയാണ് വേണ്ടത്. അതുപോലെ എനിക്കും കുടുംബത്തിനും എന്ന നിലയ്ക്ക് ഒരാള്‍ മൃഗത്തെ അറുത്താല്‍ ആ കുടുംബത്തിലെ അംഗങ്ങളെ അതില്‍ ഷെയര്‍ ചേര്‍ന്നവര്‍ എന്ന നിലയ്ക്ക് പരിഗണിക്കുന്നില്ല. പണം നല്‍കി ഭാഗമാകുന്നതാണ് ഷെയര്‍. ഒട്ടകത്തിലും മാടുകളിലും ഇങ്ങനെ ഏഴോളം പേര്‍ക്ക് വരെ ഷെയര്‍ കൂടാം. 

5. ഇന്ന് പല സ്ഥലങ്ങളിലും കാണുന്നത് പോലെ നിശ്ചിത സഖ്യ ഷെയര്‍ വാങ്ങുകയും ശേഷം മൊത്തം സംഖ്യ കൂട്ടി പല വിലകളിലുള്ള ഉരുക്കളെ വാങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. ഉദാ: എല്ലാവരില്‍ നിന്നും 5000 വീതം വാങ്ങിയാല്‍ ഒരു ഉരുവിന് ഏഴു പേര്‍ എന്ന തോതില്‍ 35000 രൂപ ആണ് വരുക. എന്നാല്‍ ചിലതിന് 30000, ചിലതിന് 40000 എന്ന രൂപത്തില്‍ ഉരു വാങ്ങിയാല്‍ ഒന്നില്‍ എട്ടു പേരും, മറ്റൊന്നില്‍ ആറു പേരും ആണ് യഥാര്‍ഥത്തില്‍ ഇതില്‍ പങ്കാളികളായത്. ഇത് ശറഇയ്യായി അനുവദിക്കപ്പെടുന്നില്ല. 

മറിച്ച് ഓരോ ഉരുവിന്റെയും ഉടമസ്ഥര്‍ ആയ ഷെയറുകാര്‍ ആര് എന്ന് നിശ്ചയിക്കുകയും, അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കുറവാണ് എല്ലാ ചിലവും കഴിച്ച് ആ ഉരുവിന് വന്നത് എങ്കില്‍, മിച്ചം വന്ന സംഖ്യ തുല്യമായി അവര്‍ക്ക് വീതിച്ചു നല്‍കുകയും, ഇനി അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കൂടുതലായാല്‍ അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. അതല്ലെങ്കില്‍ നേരത്തെ തന്നെ ആളുകള്‍ ഷെയര്‍ നല്‍കിയ ബഡ്ജറ്റിന്റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമെ ഉരുവിനെ വാങ്ങാവൂ. മറിച്ച് ഓരോരുത്തരുടെ ഉരു ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്ത രൂപത്തിലുള്ള 14 പേര്‍ ചേര്‍ന്ന് രണ്ട് ഉരു അറുക്കുക, 21 പേര്‍ ചേര്‍ന്ന് മൂന്ന് ഉരു അറുക്കുക എന്നിങ്ങനെയുള്ള കൂട്ട അറവ് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. മറിച്ച് ഓരോ എഴ് പേരുടെയും ഉരു ഏത് എന്നത് നിര്‍ണിതമായിരിക്കണം.  

6. ഒരു ഉരു ഷെയര്‍ ആണ് എങ്കില്‍ എഴ് പേര്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയില്ല. മാക്‌സിമം എഴ് പേരെ പാടുള്ളൂ എന്ന് മാത്രം. എത്ര കണ്ട് ഷെയറുകള്‍ കുറഞ്ഞുകൊണ്ട് നിര്‍വഹിക്കാന്‍ സാധിക്കുമോ അത്രയും നല്ലതാണ്. ഒറ്റക്ക് സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും ശ്രേഷ്ഠം.

7. ആടുകളില്‍ ഒന്നിലധികം പേര്‍ ഷെയര്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ എനിക്കും എന്റെ കുടുംബത്തിനും എന്ന നിലയ്ക്ക് ഒരാള്‍ ആടിനെ അറുക്കുന്നുവെങ്കില്‍ അത് ഷെയര്‍ ചെയ്യല്‍ അല്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അതിന്റെ വില ഷെയര്‍ ചെയ്യുക എന്നതാണ് ഉദുഹിയ്യത്തുമായി ബന്ധപ്പെട്ട ഷെയര്‍ എന്നതുകൊണ്ടുള്ള ഉദ്ദേശം. 

8. എല്ലാവരും തുല്യമായ സംഖ്യ തന്നെ ഷെയര്‍ ചെയ്യണം എന്നില്ല. അത് പരസ്പരധാരണപ്രകാരം ചെയ്യാവുന്നതാണ്. അതുപോലെ ഒരു ഷെയര്‍ രണ്ട് പേര്‍ ചേര്‍ന്ന് എന്ന നിലയ്ക്കും പാടില്ല. കാരണം അത് ഒരു ഉരുവില്‍ പതിനാല് പേര്‍ പങ്കാളികളാകാന്‍ ഇടവരുത്തും. 

 

പി.എന്‍. അബ്ദുറഹ്മാന്‍
നേർപഥം വാരിക

ബറേല്‍വിസം: അവ്യക്തതകള്‍, ദുരൂഹതകള്‍

ബറേല്‍വിസം: അവ്യക്തതകള്‍, ദുരൂഹതകള്‍

ഭരണകൂടങ്ങളുടെ സകലമാന പിന്തുണകളും ആര്‍ജിച്ച് പുഷ്ടിപ്രാപിച്ച ബറേല്‍വികള്‍ ഇന്ന് ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്; പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍. ഇന്ത്യയില്‍ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയ ഖാദിയാനി-ബറേല്‍വി ഗ്രൂപ്പുകള്‍ക്ക് ബ്രിട്ടന്‍ ആവശ്യമായ താങ്ങുംതണലും നല്‍കുന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ഖാദിയാനി-സ്വൂഫി-ബറേല്‍വി വിഭാഗങ്ങളോട് വിസാ നിയമത്തില്‍ തന്നെ ഏറ്റവും ഉദാരമായ നയമാണ് ഈ രാജ്യങ്ങളുടെ എംബസികള്‍ പുലര്‍ത്തിവരുന്നത്.

എന്നാല്‍ നേരത്തെ വ്യാപകമായി അറിയപ്പെട്ടിരുന്ന”ബറേല്‍വി’കളെന്ന പേരില്‍ അറിയപ്പെടുന്നതില്‍ എന്തോ വൈമനസ്യം ഇക്കൂട്ടര്‍ക്ക് ഉള്ളതായും മനസ്സിലാകുന്നു. ഈയിടെയായി ‘ബറേല്‍വി’ എന്ന പേരുതന്നെ ഇവര്‍ വ്യാപകമായി പ്രയോഗിക്കാറില്ല. ബറേല്‍വിസത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള കേരള മുസ്‌ലിം സമൂഹത്തിന്റെ വൈമനസ്യത്തെപ്പറ്റി ഈ വിഷയത്തില്‍ പ്രഥമഗ്രന്ഥം തയ്യാറാക്കിയ ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരത്തിന്റെ പരിഭവവും പരാതിയും നേരത്തെ വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. ബ്രിട്ടണില്‍ ജംഇയ്യതു അഹ്‌ലുസ്സുന്ന, ജംഇയ്യതു തബ്‌ലീഗുല്‍ ഇസ്‌ലാം എന്നീ പേരുകളിലാണ് നിലവില്‍ ഈ വിഭാഗം അറിയപ്പെടുന്നത്. കേരളത്തില്‍നിന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ‘വിദഗ്ധന്മാര്‍’ വടക്കേ ഇന്ത്യയിലെ ബറേല്‍വി നേതാക്കളുമായി ബന്ധം സുദൃഢമാക്കിയതോടേ സംഘടയുടെ ചട്ടക്കൂട് ആകെയും പരിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. ‘മര്‍കസ് അഹ്‌ലുസ്സുന്ന ബറകാത്ത് റദാ’ എന്നാണ് ബറേല്‍വികളുടെ പരിഷ്‌ക്കരിച്ച നാമധേയം.

കേരളത്തിലെ സുന്നികള്‍ എന്ന് അവകാശപ്പെടുന്നവരില്‍ തീവ്രസുസുന്നി വിഭാഗമായ കാന്തപുരം ഗ്രൂപ്പാണ് ബറേല്‍വികളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയിലെ ബറേല്‍വി/ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം വ്യാപകമായി കണ്ടുവന്നിരുന്ന പല നവീന ആചാരങ്ങളും ഈ ബന്ധത്തിലൂടെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു ഈ വിഭാഗം. ബറേല്‍വികളുടെ സഹകരണത്തോടെ ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാന്തപുരം വിഭാഗം കലാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു.

ഗുജറാത്തിലെ അഹ്മദാബാദില്‍ ബറേല്‍വികള്‍ നടത്തിയ വമ്പന്‍ സമ്മേളനത്തിന്റെ രഹസ്യവും അജണ്ടകളും ഇന്നും ദുരൂഹമായി തുടരുന്നു. മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും പ്രത്യേക താല്‍പര്യ സംരക്ഷണത്തിനായി ദില്ലിയില്‍ അടുത്തിടെ തട്ടിക്കൂട്ടിയ ‘സൂഫി സമ്മേളന’ത്തില്‍ കേരളത്തില്‍നിന്നും ക്ഷണിക്കപ്പെട്ടത് കാന്തപുരവും മുട്ടിപ്പടി സ്വലാത്ത് നഗറിലെ ഇബ്രാഹീം ഖലീല്‍ ബുഖാരിയുമായിരുന്നു. സ്വൂഫി-ത്വരീക്വത്ത്-ആത്മീയ സരണികളെ അനുസരിക്കുകയും അംഗീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാണക്കാട്ടെ പ്രമുഖരും കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും കേരളത്തില്‍ നിലവിലുള്ളപ്പോള്‍ കാന്തപുരത്തെയും ഖലീല്‍ ബുഖാരിയെയും ‘മാത്രം’ സവിശേഷമായി ക്ഷണിച്ചുകൊണ്ട് ഇങ്ങനെ ഒരു ‘ആത്മീയ സമ്മേളനം’ സംഘപരിവാറിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടതിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നിടത്താണ് ‘ബറേല്‍വി’കളുടെ തനിസ്വരൂപം തിരിയുന്നത്. കാന്തപുരം വിഭാഗം പ്രസിദ്ധപ്പെടുത്തുന്ന ‘സിറാജ്’ ദിനപ്പത്രം ഈ സമ്മേളനത്തെ ന്യായീകരിക്കുന്ന നിലയില്‍ വാര്‍ത്തയും കവറേജും നല്‍കിയിരുന്നു.

ബറേല്‍വികളുടെ രാജ്യസ്‌നേഹം

ഏറനാട്ടിലെ പ്രമുഖ പണ്ഡിതനും ഖിലാഫത്ത് നേതാവുമായിരുന്ന തയ്യില്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (കെ.എം.മൗലവി) ബ്രിട്ടീഷുകാര്‍ക്കെതിരില്‍ പടനയിച്ചതിന്, ജീവനോടെയോ അല്ലാതെയോ അദ്ദേഹത്തെ പിടിച്ച് കൊടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്ന വിവരം പ്രസിദ്ധമാണ്. ഈ സന്ദര്‍ഭത്തിലാണ് കെ.എം.മൗലവി കൊടുങ്ങല്ലൂരിലേക്ക് പലായനം ചെയ്യുന്നത്. ബ്രിട്ടീഷ് അനുഭാവികളും കെ.എം.മൗലവിയുടെ ആശയ വിരോധികളുമായ പുരോഹിതന്മാര്‍ ഈ സംഭവത്തെ വാലുംതലയും മുറിച്ച് ഇന്നും അപഹസിക്കാന്‍ ഉപയോഗിച്ചുവരുന്നു. ബ്രിട്ടീഷുകാര്‍ക്ക് സകല പിന്തുണയും പതിച്ചുനല്‍കി ‘ഖാന്‍ ബഹാദൂര്‍’ പട്ടവും ‘ഖാദിയാര്‍’ പദവിയും കൊട്ടാരസമാനമായ വീടും ജീവിത സൗകര്യങ്ങളും സ്വന്തം വീട്ടിലേക്ക് രാജവീഥിയുമെല്ലാം -അവസരത്തിനൊത്ത് തുള്ളിയതിന്റെ പേരില്‍- നിര്‍ലജ്ജം തരപ്പെടുത്തിയെടുത്തവരാണ് പുരോഹിതന്മാരില്‍ പലരും. ചരിത്രം പഠിക്കുന്നവര്‍ക്ക് ഈ വസ്തുതകളെ നിഷേധിക്കാന്‍സാധിക്കില്ല.

ബറേല്‍വിയിലൂടെ ശാലിയാത്തി മാര്‍ഗത്തില്‍ ബ്രിട്ടണിനോടുള്ള പ്രണയവും പ്രേമവും ഇവരില്‍ വളര്‍ന്നുവന്നു. ബ്രിട്ടണിനെതിരായി രാജ്യമെമ്പാടും വികാരം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിലും അവര്‍ക്കനുകൂലമായി കേരളത്തിലെ പുരോഹിതന്മാര്‍ ഫത്‌വ വനല്‍കി ‘കിഴി’ വാങ്ങി. പ്രായപൂര്‍ത്തിയും വിവേകവുമുള്ള എല്ലാ സ്ത്രീ-പുരുഷന്മാരും കോണ്‍ഗ്രസ്സില്‍ മെമ്പര്‍മാരാകണമെന്നും നെഹ്‌റു-ഗാന്ധി-ആസാദ്-അലി സഹോദരന്മാര്‍ നേതൃത്വം കൊടുക്കുന്ന സ്വാതന്ത്യ സമരത്തില്‍ സജീവമാകണമെന്നും വിവേകമതികളായ കേരള മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ‘ഭരണകര്‍ത്താക്കളെ എതിര്‍ക്കലും അവരുടെ കല്‍പന അനാദരവ് ചെയ്യലും മതവിരോധമുള്ള കാര്യമായതിനാല്‍ കോണ്‍ഗ്രസ്സ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്’ എന്ന്’സമസ്ത-ബറേല്‍വി പുരോഹിതന്മാര്‍ പ്രമേയം പാസ്സാക്കി ബ്രിട്ടീഷ് മേധാവികളെ സുഖിപ്പിച്ചു.

ഇവിടെയും അവസാനിച്ചില്ല ഈ പുരോഹിതന്മാരുടെ ബ്രിട്ടനോടുള്ള വിധേയത്വം. ”സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ സംഘത്തിലെ അംഗങ്ങളായ മുസ്‌ല്യാന്മാര്‍ എല്ലാവരും കോണ്‍ഗ്രസ്സുകാര്‍ അല്ലാത്തവരും ഗവര്‍മ്മെന്റെ് കക്ഷിയും ആയിരിക്കണമെന്നും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികളെയും അതിനുള്ള ഉപകരണങ്ങളെയും പൊതുസമാധാന പാലനത്തെയും പുനര്‍ജ്ജീവിപ്പിക്കല്‍ മേപ്പടി സംഘത്തിന്റെ മൂലസിദ്ധാന്തങ്ങളില്‍ പെട്ടതാണന്നുള്ള മുന്‍നിശ്ചയത്തെ ഈ യോഗം പുനരാവര്‍ത്തിച്ചു ശക്തിപ്പെടുത്തുകയും ചെയ്യുന്നു…” എന്നും പ്രമേയത്തില്‍ പറഞ്ഞു.’

പുരോഹിതന്മാരുടെ ബ്രിട്ടനോടുള്ള സ്‌നേഹം ഖാന്‍ ബഹാദൂര്‍ പദവിയോടുള്ള വിധേയത്വവും അവിടെയും അവസാനിച്ചില്ല. അവര്‍ വീണ്ടും തുടരുന്നു: ”നമ്മുടെ വൈസ്രോയി ഇര്‍വിന്‍ പ്രഭു അവര്‍കളും പത്‌നിയും സര്‍ക്കീട്ടില്‍നിന്ന് മടങ്ങി ദല്‍ഹി പട്ടണത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ ഏതോ ദുഷ്ടന്മാര്‍ ബോംബ് പ്രയോഗിച്ചതില്‍ ഈ യോഗം വ്യസനിക്കുകയും ഭാഗ്യവശാല്‍ യാതൊന്നും ഭലിക്കാതെ പോയതില്‍ അളവറ്റ സന്തോഷത്തെ വെളിവാക്കുകയും ചെയ്യുന്നു…” ‘

ഇതായിരുന്നു വഹാബി വിരോധം പറഞ്ഞുനടന്ന സമസ്ത- ബറേല്‍വി പുരോഹിതന്മാരുടെ രാജ്യസ്‌നേഹത്തിന്റെ അവസ്ഥ! ഈ രണ്ടു പ്രമേയങ്ങളും സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച് പുരോഹിതന്മാരുടെ പിന്തുണയാര്‍ജിച്ചെടുക്കാന്‍ മുന്നില്‍ നിന്നിരുന്നത് ബ്രിട്ടീഷുകാരില്‍നിന്നും പട്ടും വളയും ഖാന്‍ബഹാദൂര്‍ പദവിയും സ്വന്തമാക്കിയ ഏറനാട് താലൂക്ക് ബോര്‍ഡ് മെമ്പര്‍ കെ.മമ്മൂട്ടി സാഹിബ്, കല്ലടി മൊയ്തുട്ടി സാഹിബ് എന്നിവരായിരുന്നു. സമസ്തയിലെ പ്രമുഖ നേതാക്കളായ പി.കെ.മുഹമ്മദ് മീരാന്‍ മൗലവി, എ.പി.അഹ്മദ് കുട്ടി മൗലവി എന്നിവര്‍ കുപ്രസിദ്ധമായ ഈ ബ്രിട്ടീഷ് അനുകൂല പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു.

ഈ വിവരങ്ങള്‍ സമസ്തയുടെ നേതൃത്വത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ‘അല്‍ബയാന്‍’ അറബിമലയാളം മാസികയിലും ഇവര്‍തന്നെ പ്രസിദ്ധപ്പെടുത്തിയ സമസ്ത സമ്മേള റിപ്പോര്‍ട്ടിലും കണ്ടെത്താനാകും. ബ്രിട്ടീഷുകാരോട് അങ്ങേയറ്റം വിധേയത്വം കാണിച്ചിരുന്ന ബറേല്‍വിയുമായി ശാലിയാത്തി ബന്ധപ്പെടുന്നതോടേയാണ് കേരളത്തിലെ പുരോഹിതന്മാരില്‍ ഇത്തരം രൂപമാറ്റം സംഭവിച്ചതെന്ന് നാം മനസ്സിലാക്കുക. ഇന്നും ‘മതരംഗത്ത്’ കാലോചിതമായ ഇത്തരം പല രൂപമാറ്റങ്ങള്‍ക്കും നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നു. ഫാഷിസ്റ്റ് സ്വഭാവത്തോടെ സംഘപരിവാര്‍ നടത്തുന്ന ക്രൂരമായ നരഹത്യകളും മതന്യൂനപക്ഷ പീഡനങ്ങളും കണ്ടില്ലെന്ന് നടിക്കുകയും ഇവിടെ മുസ്‌ലിം സമൂഹത്തിന് പീഡനമില്ലെന്ന് പരസ്യമായി വിളിച്ചു പറയുകയും ചെയ്യുന്ന ബറേല്‍വി ശിഷ്യന്മാരുടെ മനഃസ്ഥിതി റിളാഖാന്‍ ബറേല്‍വിയുടെയും ശാലിയാത്തിയുടെയും തായ്‌വഴിയാണെന്ന് നാം ഗ്രഹിക്കുക.

ബ്രിട്ടീഷ് ഇന്ത്യയില്‍ വ്യാജപ്രവാചകനായി എഴുന്നള്ളിയ മിര്‍സാഗുലാം ഖാദിയാനിയുടെ ജ്യേഷ്ഠസഹോദരന്‍ ഗുലാംഖാദര്‍ബേക,് ബറേല്‍വി സാഹിബിന്റെ ഗുരുനാഥനായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ഥ്യമാണ്. എന്നാല്‍ ഖാദിയാനികളുമായുള്ള ബന്ധം, അറബ് രാഷ്ട്രങ്ങളുമായുള്ള സൗഹൃദത്തില്‍ അപകടകരമായ വിള്ളല്‍ സമ്മാനിക്കാനിടയുണ്ടെന്ന് ബറേല്‍വികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ അടുത്തകാലത്തായി പ്രസിദ്ധീകരിക്കപ്പെട്ട ബറേല്‍വിയെപ്പറ്റിയുള്ള രചനകളില്‍നിന്നും വിവാദ നായകനായ ഗുലാംഖാദര്‍ബേകിന്റെ പേര് അതിവിദഗ്ധമായി ഒഴിവാക്കുന്നുണ്ട്.

ഇ.കെ വിഭാഗം സുന്നികള്‍ക്കും പ്രിയപ്പെട്ട ബറേല്‍വി

വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബറേല്‍വികളുമായുള്ള ബന്ധത്തിലൂടെ ഏറ്റവുമധികം നേട്ടം കൈവരിക്കുന്നവര്‍ നിലവില്‍ കേരള സുന്നികളില്‍ കാന്തപുരം വിഭാഗമാണ്. എന്നാല്‍ പൊതുവെ മിതവാദി വിഭാഗമായി കരുതപ്പെടുന്ന ചേളാരി വിഭാഗം സുന്നികള്‍ക്കും ഈ ബറേല്‍വി നേതാവ് കാണപ്പെട്ട ദൈവം തന്നെയാണ്. ബറേല്‍വി സാഹിബിന്റെ ശിഷ്യത്വം സ്വീകരിച്ച വ്യക്തിയായിരുന്നു കേരളത്തിലെ ശാലിയാത്തിയെന്ന് ഇവര്‍ സമ്മതിക്കുന്നുണ്ട്. ബറേല്‍വിയെപ്പറ്റി ഇ.കെ.വിഭാഗം സുന്നികളിലെ പ്രമുഖന്മാര്‍ രേഖപ്പെത്തുന്നു: ”തബ്‌ലീഗ് ജമാഅത്തുകാരുടെ ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വികലാശയങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന പണ്ഡിതനാണ് ഇമാമെ അഹ്‌ലുസ്സുന്നത്ത് മുജദ്ദിദെ മില്ലത്ത് അഹ്മദ് രിദാ മുഹദ്ദിസ് ബറേല്‍വി. അഅ്‌ലാ ഹദ്‌റത്ത് എന്ന പേരില്‍ അറിയപ്പെടുന്നു. കേരളത്തിലെ വിശ്രുത പണ്ഡിതനായിരുന്ന അഹ്മദ് കോയാ ശാലിയാത്തി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പെടുന്നു.

റസൂല്‍ ﷺ തങ്ങളെ അളവറ്റ് സ്‌നേഹിച്ച അഅ്‌ലാ ഹദ്‌റത്തിനെ തബ്‌ലീഗീ ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനിന്ന വാദമുഖങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. അവര്‍ക്കെതിരെ ശക്തമായി രംഗത്തുവരികയും ഗ്രന്ഥരചനകള്‍ നടത്തുകയും ചെയ്തു. ദയൂബന്ധി പണ്ഡിതരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് അറേബ്യന്‍ പണ്ഡിതര്‍ക്ക് അയച്ചു കൊടുക്കുകയും അവരില്‍നിന്നും ലഭിച്ച അംഗീകാര പത്രങ്ങള്‍ ‘ഹുസ്സാമുല്‍ഹറമൈന്‍’എന്നപേരില്‍ ഗ്രന്ഥമായി പുറത്തിറക്കുകയും ചെയ്തു…”

ചുരുക്കത്തില്‍, കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രമുഖ വക്താക്കളായി അവകാശപ്പെടുന്ന ഇരുവിഭാഗത്തിനും ബറേല്‍വിയും അയാളുടെ വികലമായ ആശയങ്ങളും എന്നും 18 കാരറ്റ് തന്നെ! ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിനെപ്പറ്റി എറ്റവും മോശമായ, കല്ലുവെച്ചനുണകള്‍ പ്രചരിപ്പിക്കുന്ന വിഷയത്തിലും ഇവര്‍ ദഹ്‌ലാനെയും ബറേല്‍വിയെയുമാണ് ശൈഖായി അംഗീകരിച്ചിട്ടുള്ളത്. മുകളില്‍ വിശദീകരിച്ച അവരുടെ പുസ്തകത്തില്‍ ഇതിന് ധാരാളം തെളിവുകള്‍ കണ്ടെത്താനാകും.

യഥാര്‍ഥ രാജ്യസ്‌നേഹികള്‍ ആരായിരുന്നു?

ബ്രിട്ടീഷ് ഗവര്‍മെന്റ് കനിഞ്ഞരുളുന്ന ബഹുമതികളും ആദരപത്രങ്ങളും സ്ഥാനമാനങ്ങളും സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രബലമായ തീരുമാനം. തുര്‍ക്കി ഖിലാഫത്തിന്റെ നിര്‍മാര്‍ജനത്തിന് ബ്രിട്ടീഷുകാര്‍ വഹിച്ച ദൗത്യം പ്രകടമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. ലക്‌നോ ദാറുല്‍ഉലൂം നദ്‌വത്തുല്‍ ഉലമ, ലക്‌നോ ഫറങ്കി മഹല്ലിലെ പണ്ഡിതന്മാര്‍, ദാറുല്‍ഉലൂം ദയൂബന്ദ് തുടങ്ങിയ പ്രമുഖ പണ്ഡിതകേന്ദ്രങ്ങളുടെ സംയുക്ത കൂട്ടായ്മയായിട്ടാണ് ജംഇയ്യത്തുല്‍ ഉലമായെ

ഹിന്ദ് രൂപീകരിക്കപ്പെട്ടത്. മൗലാനാ അബ്ദുല്‍ബാരി, ശൈഖുല്‍ഹിന്ദ് എന്നപേരില്‍ അറിയപ്പെട്ടിരുന്ന മൗലാനാ മഹ്മൂദുല്‍ ഹസന്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, ഹകീം അജ്മല്‍ ഖാന്‍, ഹാജി ഇസ്ഹാഖ് മലബാരി തുടങ്ങിയ പ്രമുഖര്‍ ഈ സംഘടനയെ നയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപ്രക്ഷോഭത്തില്‍ മുസ്‌ലിം സമൂഹം ഒന്നടങ്കം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നതായിരുന്നു ജംഇയ്യത്തിന്റെ തീരുമാനം.

എന്നാല്‍ ആദ്യകാലത്ത് ജംഇയ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബറേല്‍വി സാഹിബ്. പണ്ഡിതന്മാരെ നിഷ്‌ക്രിയരാക്കാനും ക്രമേണ ഈ കൂട്ടായ്മയില്‍നിന്നും പിന്നാക്കം വലിക്കാനും ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചു. അതിന് അനുകൂലമായി ബറേല്‍വി വിഭാഗം നിരത്തിയിരുന്ന കാരണങ്ങളും ബ്രിട്ടന്റെ മസ്തിഷ്‌ക്കത്തില്‍ ഉദിച്ചവയായിരുന്നു. ‘ഖാന്‍ബഹാദൂര്‍’ പദവിയും ബ്രിട്ടന്‍ നല്‍കുന്ന ‘ഖാദി’പദവിയുമൊന്നും ആദ്യകാലത്ത് സ്വീകരിക്കാതിരുന്ന പണ്ഡിത പുരോഹിതന്മാര്‍ പിന്നീട് അത് നേടിയെടുക്കാന്‍ സഹായകമാകുന്ന നിലയിലുള്ള ഫത്‌വകളും നിലപാടുകളും കൊണ്ട് ബ്രിട്ടന്റെ മനതാരില്‍ ‘കുളിരു’പകരുന്നതിന് രാജ്യം സാക്ഷ്യംവഹിച്ചു. ഗുലാം ഖാദിയാനിയെ ഇറക്കി പരാജപ്പെട്ട റോളുകളില്‍ ബറേല്‍വിയും അയാളുടെ അനുയായികളും ജയിച്ചുകയറുന്നതാണ് പിന്നീട് കണ്ടത്.

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക

അഹ്മദ് രിളാഖാന്‍ ബറേല്‍വി: തുടക്കവും പരിണാമവും

അഹ്മദ് രിളാഖാന്‍ ബറേല്‍വി: തുടക്കവും പരിണാമവും

പേരുകേട്ട ഹനഫീ പണ്ഡിതന്മാരുടെ കുടുംബത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ബറേലിയിലാണ് അഹ്മദ് രിളാഖാന്‍ ബറേല്‍വി ജനിച്ചത്. പിതാവ് മുഹമ്മദെന്നും മാതാവ് അമ്മന്‍ മിയാനെന്നും പേരുവിളിച്ചെങ്കിലും ബറേല്‍വിക്ക് ഇതൊന്നും തൃപ്തികരമായില്ല. സ്വന്തമായി സ്വീകരിച്ച ‘അബ്ദുല്‍ മുസ്ത്വഫ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ഇസ്‌ലാമിക വിശ്വാസ പ്രമാണമനുസരിച്ച് മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളാണ്. നബി ﷺ യുടെ അടിമ, അലി(റ)യുടെ അടിമ എന്നിങ്ങനെ സൃഷ്ടികളില്‍ ആരുടെയെങ്കിലും അടിമ എന്ന് ധ്വനിപ്പിക്കുന്ന എല്ലാ നാമകരണങ്ങള്‍ ഇസ്‌ലാം വിലക്കിയതാണെന്നതൊന്നും ബറേല്‍വിക്ക് വിലങ്ങുതടിയായില്ല!

ഇത് കേവലം ബറേല്‍വിയില്‍ മാത്രം പരിമിതമായിരുന്നില്ല. അയാളുടെ പിതാവിന്റെയും പിതാമഹന്റെയും പേരുകള്‍ സുന്നികള്‍ സ്വീകരിക്കുന്നവയായിരുന്നില്ല. ശിയാക്കള്‍ സാധാരണ സ്വീകരിക്കുന്ന പേരുകളായിരുന്നു അവര്‍ക്കുമുണ്ടായിരുന്നത്. ക്ഷിപ്രകോപിയും ആരെയും തെറിപറയുന്നതിന് യാതോരുവിധ മടിയുമില്ലാത്ത ബറേല്‍വിയുടെ ശാരീരിക, മാനസിക പ്രകൃതത്തെപ്പറ്റി നിരവധി രേഖകള്‍ തെളിവായുദ്ധരിക്കാന്‍ സാധിക്കും. 

ആരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത ബറേല്‍വിക്ക് തന്റെ ഗുരുനാഥന്മാരുമായിതന്നെ നിരന്തരം ഇടയേണ്ടിവന്നിട്ടുണ്ട്. ഇത്രമാത്രം അനുസരണംകെട്ട ഒരുവ്യക്തിയെ വഹാബി വിരോധിയായി കിട്ടിയതില്‍ എറ്റവും സന്തോഷിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബറേല്‍വിയുടെ ശക്തമായ വഹാബി വിരോധത്തിന് അയാളുടെ മുരീദുമാര്‍ തന്നെ രേഖപ്പെടുത്തുന്ന ഒരുകഥ ഏറെ പ്രസിദ്ധമാണ്. യുവാവായ ബറേല്‍വി ഒരിക്കല്‍ അറിവ് സമ്പാദനത്തിന്റെ ഭാഗമായി ഒരു പ്രമുഖ പണ്ഡിതനെ സമീപിച്ചു. അദ്ദേഹം ബറേല്‍വിയുടെ അഭിരുചികളെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചു. വഹാബി/ദയൂബന്ധികളെ വിമര്‍ശിക്കലും അവരെ താറടിക്കലുമാണ് തന്റെ ഹോബിയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാല്‍ ഈ സ്വഭാവം ഉപേക്ഷിക്കണമെന്നും ശരിയായ നടപടിയല്ലെന്നും ആ ഗുരുനാഥന്‍ ബറേല്‍വിയെ ഉപദേശിച്ചു. ഈ നിര്‍ദേശം ബറേല്‍വിയെ പ്രകോപിതനാക്കി. തന്നെ ഉപദേശിക്കാന്‍ ശ്രമിച്ച പണ്ഡിതനില്‍നിന്നും അറിവ് പഠിക്കാന്‍ കൂട്ടാക്കാതെ ബറേല്‍വി മടങ്ങിപ്പോയി. അത്രമാത്രം വിദ്വേഷവും കോപവും വഹാബികളെപ്പറ്റി തുടക്കംമുതല്‍ പുലര്‍ത്തിവന്നിരുന്ന വ്യക്തിയായിരുന്നു ബറേല്‍വി.

ചെറുപ്പത്തില്‍തന്നെ അതിശയകരമായ നിലയില്‍ ബുദ്ധിസാമര്‍ഥ്യവും കഴിവും പ്രകടിപ്പിച്ച ബറേല്‍വിയെപ്പറ്റി സ്വന്തം അനുയായികളും വ്യാപകമായ നിലയില്‍ കല്ലുവെച്ച നുണകളും കളവുകളും പറഞ്ഞുപരത്തി. ബറേല്‍വിയുടെ ജീവിതത്തിലെ അത്ഭുത സംഭവങ്ങളെന്ന നിലയിലായിരുന്നു ഈ പ്രചാരണങ്ങള്‍. ഈ പ്രചാരണങ്ങള്‍ പലപ്പോഴും ബറേലല്‍വിയെ പ്രവാചന്മാരുടെയും മലക്കുകളുടെയും പദവിക്ക് അപ്പുറത്തേക്ക് ഉയര്‍ത്തുന്ന സാഹചര്യമുണ്ടായി. മതപരമായിതന്നെ ഏറ്റവും ഗൗരവമുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ബറേല്‍വിക്കോ അയാളുടെ അനുയായികള്‍ക്കോ ഒരു ഗൗരവ വിഷയമായി ഭവിച്ചിരുന്നില്ല. നേരത്തെ വ്യാജ പ്രവാചകത്വം വാദിച്ചതിന്റെ പേരില്‍ മുസ്‌ലിം സമൂഹം ഒറ്റപ്പെടുത്തിയ മിര്‍സാ ഗുലാം ഖാദിയാനിയുടെ സഹോദരന്‍ മിര്‍സാഗുലാം ഖാദര്‍ ബെക് ആയിരുന്നു ബറേല്‍വിയുടെ മുഖ്യഗുരുനാഥന്‍.

ദേശീയ സ്വാതന്ത്ര്യ സമരം ശക്തമായി മുന്നേറുന്ന സാഹചര്യത്തില്‍ ബറേല്‍വിയെ വിപുലമായ നിലയില്‍ ഉപയോഗപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞു. ബ്രിട്ടീഷ് വിരോധികളായ എല്ലാ സമൂഹത്തിനെയും കക്ഷി ഭേദമന്യെ ‘വഹാബി’കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബറേല്‍വിയുടെ മതവിധികള്‍ ബ്രിട്ടീഷ് അധികാരികള്‍ തന്നെ വ്യാപകമായി പ്രചരിപ്പിച്ചു. വഹാബികളെപ്പറ്റി ബറേല്‍വി പ്രചരിപ്പിച്ച ഫത്‌വകളില്‍ ഇപ്രകാരം കാണാം: ”നിശ്ചയം വഹാബികള്‍ മുര്‍തദ്ദുകള്‍ (മതപരിത്യാഗം സംഭവിച്ചവര്‍) ആകുന്നു. അവരില്‍നിന്നും ജിസ്‌യ പിരിക്കാനോ അവര്‍ക്ക് സംരക്ഷണം നല്‍കാനോ പാടില്ല. അവരുടെ സ്ത്രീകളെ അടിമകളായി പിടിക്കാവുന്നതാണ്. അവരുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാനോ, അവര്‍ അറുത്തത് ഭക്ഷിക്കാനോ, അവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരമോ അനുവദനീയമല്ല. അവരുമായി സഹകരിക്കാനും വേദി പങ്കിടാനും സംഭാഷണം നടത്താനും പാടില്ല. അല്ലാഹു അവരെ നശിപ്പിച്ചുകളയട്ടെ.

ബറേല്‍വിയെ ആത്മീയഗുരുവും നേതാവുമായി പരിഗണിക്കുന്ന കേരളത്തിലെ സമസ്തക്കാരെന്ന പേരില്‍ അറിയപ്പെടുന്ന സുന്നികളും ഇതേവീക്ഷണം തന്നെയാണ് അവരുടെ മദ്‌റസാ പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തായി ഇവരുടെ ‘തീവ്രസുന്നിസത്തിന്’ അല്‍പം ചിലമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നതും കാണാതിരിക്കാനാവില്ല. സാമ്പത്തിക ലാഭം കൈവരിക്കാനാകുമെന്ന് ഉറപ്പുള്ളപക്ഷം എന്ത് വിട്ടുവീഴ്ചക്കും പുരോഹിതന്മാര്‍ തയ്യാറാകുമെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ചെറുതും വലുതുമായ എല്ലാ ലേഖനങ്ങളിലും രചനകളിലും വഹാബികളെ ഒന്ന് കൊട്ടാതെ ബറേല്‍വി തന്റെ തൂലിക താഴെവച്ചിട്ടില്ല. എല്ലാം ബ്രിട്ടീഷ് സഹായം പ്രതീക്ഷിച്ചുകൊണ്ട് മാത്രമായിരുന്നു.

തികഞ്ഞ ബ്രിട്ടീഷ് ഭക്തനായിരുന്ന ബറേല്‍വിയുടെ അമിതഭക്തി കാരണം സ്വന്തം അനുയായികള്‍പോലും അയാളില്‍നിന്നും അകന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖിലാഫത്ത് സമരകാലത്ത് മുസ്‌ലിം സമൂഹം ഒന്നടങ്കം തുര്‍ക്കിയിലെ ഖലീഫക്ക് അനുകൂലമായി നിലകൊണ്ടപ്പോള്‍ തുര്‍ക്കിയിലെ ഉസ്മാനിയാ ഖലീഫമാര്‍ ക്വുറൈശികള്‍ അല്ലെന്നും അതിനാല്‍ അവരുടെ ഖിലാഫത്തിന് പദവിയില്ലെന്നുമായിരുന്നു ബറേല്‍വിയുടെ വിചിത്രമായ നിലപാട്. 

ബറേല്‍വി തികഞ്ഞ ബ്രിട്ടീഷ് ഭക്തനും അവരുടെ പിന്തുണക്കാരനുമായിരുന്നുവെന്ന വിഷയത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. മിര്‍സാ ഗുലാം ഖാദിയാനി നിര്‍വഹിച്ച എല്ലാ ദൗത്യങ്ങളും എറ്റെടുത്ത് നിര്‍വഹിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഏജന്റ് എന്ന് പറയലാകും കൂടുതല്‍ ശരി. ദയൂബന്ധി, അഹ്‌ലുല്‍ ഹദീഥ്, നദ്‌വത്തുല്‍ഉലമ തുടങ്ങിയ ഒട്ടുമിക്ക ചിന്താധാരകളും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഒറ്റക്കെട്ടായി നിലകൊണ്ടപ്പോള്‍ വഹാബി വിരോധത്തിന്റെ പേരുംപറഞ്ഞ് ബ്രിട്ടീഷ് സപ്പോര്‍ട്ടറായി നിലകൊണ്ടിരുന്ന ബറേല്‍വിയെപ്പറ്റിയുള്ള ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകള്‍ അത്ഭുതാവഹമാണ്.

Ahmad Raza Khan Barelvi was principally a supporter of British rule and declared jihad against the British to be unlawful. His fatwa can be found on page 447 of his treatise AlMohajat, Al Mohtamanat Fi Ayatal Mumtahanat. Francis Robinson, in his book Separatism Among Indian Muslims: The politics of UP Muslims 1860-1923 on page 268 confirms the pro government fatwas of Ahmad Raza Khan Barelvi. 

ബ്രിട്ടീഷ് യുഗത്തിലെ മുസ്‌ലിം അവസ്ഥകളെയും നിലപാടുകളെയും സംബന്ധിച്ച് സമഗ്രമായ അപഗ്രഥനം നടത്തിയ പ്രമുഖ യൂറോപ്യന്‍ ചരിത്രകാരനും നിരീക്ഷകനുമായിരുന്ന ഫാന്‍സിസ് റോബിന്‍സന്റെ വരികള്‍ ഇങ്ങനെ വായിക്കാം: ”നിശ്ചയം, ബറേല്‍വിയുടെ ജോലി ബ്രിട്ടീഷ് ഭരണകൂടത്തെ സഹായിക്കലായിരുന്നു. ഒന്നാംലോക മഹായുദ്ധത്തില്‍ അവര്‍ ഭരണകൂടത്തിന് ശക്തി പകര്‍ന്നു. ഇതേ സംരക്ഷണവും പിന്തുണയും 1921ലെ ഖിലാഫത്ത് പ്രക്ഷോഭംവരെ അവര്‍ തുടരുകയും ചെയ്തു. അവര്‍ ബറേലിയില്‍ നടത്തിയ മഹാസമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തോട് വിയോജിപ്പുള്ള എല്ലാനേതാക്കളും പണ്ഡിതന്മാരും പങ്കെടുത്തു. മുസ്‌ലിംകളിലെ മതപാഠശാലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവര്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു.”

ബറേല്‍വിയുടെ ചിന്തകള്‍ ശാലിയാത്തിയിലൂടെ കേരളത്തിലേക്ക്

ബറേല്‍വിയുടെ, പ്രതിസന്ധിഘട്ടത്തിലെ ഇത്തരം വിചിത്ര നിലപാടുകള്‍ കേവലം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല. ബറേല്‍വിയുടെ ആത്മീയ നായകത്വം അംഗീകരിക്കുകയും അയാളില്‍നിന്നും പരമ്പരാഗതമായി അറിവ് നേടുകയും ചെയ്ത എല്ലാ സമൂഹത്തിലും ഈ നിലപാടുകളിലെ വൈകല്യം കടന്നുപിടിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തിലെ സുന്നികള്‍ എന്നവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അത്ഭുതകരമായ നിലനിലപാടുകളും മനംമാറ്റവും. അഹ്മദ് രിളാഖാന്‍ ബറേല്‍വിയില്‍നിന്നും അറിവ് സമ്പാദിച്ച കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിതനായിരുന്നു അഹ്മദ് കോയാ ശാലിയാത്തി(1884-1954). ഹൈദരാബാദിലെ നൈസാമിന്റെ ആസ്ഥാനത്ത് മുഫ്തിയായും ഇദ്ദേഹം ജോലി ചെയ്തിരുന്നതായി അനുയായികള്‍ പറയുന്നുണ്ട്. 

കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ആധികാരികമായി ഒരു മത സംഘടനയൂണ്ടാകണമെന്ന ലക്ഷ്യത്തില്‍ സ്ഥാപിക്കപ്പെട്ട കേരള ജംഇയ്യത്തുല്‍ ഉലമയെന്ന പണ്ഡിത കൂട്ടായ്മയില്‍ ആദ്യമായി ഭിന്നതയുടെ ശബ്ദമുയര്‍ത്തി അവര്‍ക്കിടയില്‍ ഗ്രൂപ്പിസം സംഭാവന ചെയ്തത് ബറേല്‍വിയുടെ ശിഷ്യപ്രമുഖനായിരുന്ന ചാലിയം അഹ്മദ് കോയ ആയിരുന്നു. വിശ്വാസികളെ ഭിന്നിപ്പിക്കുകയും പിഴപ്പിക്കുകയും ചെയ്യുന്നതിന്ന് തന്റെ ഗുരുവായ ബറേല്‍വി ചെയ്ത സേവനങ്ങളില്‍നിന്നും ഒട്ടും കുറയാത്ത നിലയിലുള്ള സേവനങ്ങള്‍ രചനകളായും ഫത്‌വകളായും ശാലിയാത്തിയും നല്‍കിയിട്ടുണ്ട്. 

1925 ഒക്ടോബര്‍ 16ന് കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ചാലിയം ജുമുഅ മസ്ജില്‍ നടന്ന സമ്മേളനത്തിലെ മുഖ്യസംഘാടകനും ശാലിയാത്തി ആയിരുന്നു. എന്നാല്‍ തന്റെ ഗുരുവായ അഹ്മദ് രിളാഖാനില്‍നിന്നും പരമ്പരാഗതമായി പകര്‍ന്നു ലഭിച്ച ഭിന്നിപ്പിക്കല്‍ പാരമ്പര്യവും ‘വഹാബിയാക്കല്‍’ സ്വഭാവവും കാരണം ശാലിയത്തിക്ക് പ്രസ്തുത കൂട്ടായ്മയില്‍ ഏറെക്കാലം തുടരാനായില്ല. ശാലിയാത്തിക്കൊപ്പം ബറേല്‍വി ആശയക്കാരായ പലരും സംഘടനയില്‍നിന്നും പുറത്തായി. തുടര്‍ന്നാണ് പഴയ സംഘടനയില്‍ ഒരു വാലുകൂടി ചേര്‍ത്തുകൊണ്ട് 1933 മാര്‍ച്ച് 5ന് സമസ്ത കേരളയെന്ന പുതിയ ബറേല്‍വി കൂട്ടായ്മക്ക് കേരളത്തില്‍ തുടക്കമിട്ടത്. 1934 നവംബര്‍14ന് സമസ്ത കേരളയെന്ന പേരില്‍ സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ അതില്‍ പത്താം നമ്പര്‍ മുശാവറ അംഗമായി ശാലിയാത്തിയുടെ പേരും എഴുതിച്ചേര്‍ത്തിരുന്നു. 

വാലും തലയുമില്ലാത്ത ശിയാ വിശ്വാസ, ആചാരങ്ങളെ സുന്നി ആചാരങ്ങളാക്കി കോലംമാറ്റി, ഫറോക്ക് സുന്നി സമ്മേളനത്തിലെ എട്ടാം നമ്പര്‍ പ്രമേയമായി അവതരിപ്പിച്ച് ആധികാരികത നേടിയെടുത്തതും ബറേല്‍വി സാഹിബിന്റെ ശിഷ്യനായ ശാലിയാത്തി ആയിരുന്നു. എട്ടാം നമ്പര്‍ പ്രമേയത്തില്‍ ‘സുന്നത്ത് ജമാഅത്തി’ന്റെ വിശ്വാസ പ്രമാണങ്ങളായി ശാലിയാത്തി കെട്ടിയിറക്കിയവയൊന്നും തന്നെ ‘അഹ്‌ലുസ്സുന്ന’യുടെ ഒരൊറ്റ ഗ്രന്ഥങ്ങളിലും അന്ത്യനാള്‍ വരെ തിരഞ്ഞാലും കാണാന്‍ കഴിയാത്തതാണ്. ‘കേരള മുസ്‌ലിംകള്‍ക്കിടയില്‍ അനേകം കൊല്ലങ്ങളായിട്ട് നിരാക്ഷേപമായി നടന്നുവരുന്നതും നടത്തിവരുന്നതും’എന്ന് പ്രമേയത്തിന്റെ ആദ്യത്തില്‍ പറഞ്ഞത് മാത്രമാണ് ലിസ്റ്റില്‍ പറഞ്ഞ ഖുറാഫാത്തുകള്‍ക്കുള്ള പ്രാമാണികമായ ആധികാരികത! ഒരു സംഗതി നിരാക്ഷേപമായി നടന്നുവന്നാല്‍ അത് കാലക്രമേണ ദീനായി (മതമായി) പരിഗണിക്കപ്പെടുമെന്ന അഭിനവ രീതിശാസ്ത്രം കൈരളിക്ക് സമ്മാനിച്ചതും ഈ ഫറോക്ക് സുന്നി സമ്മേളനമാണ്.

തുടര്‍ന്ന് അഹ്‌ലുല്‍ ഹദീഥ്/വഹാബികള്‍ തുടങ്ങിയവരുമായി സഹകരണമോ ബന്ധങ്ങളോ പാടില്ലെന്ന് പ്രഖ്യാപിക്കുന്ന സമസ്തയുടെ കുപ്രസിദ്ധമായ ‘തര്‍ക്കുല്‍ മുവാലാത്ത്’ പ്രഖ്യാപനം പുറത്തുവന്നു. ചാണിനു ചാണായും മുഴത്തിനു മുഴമായും ശാലിയാത്തി തന്റെ ഗുരുവായ ബറേല്‍വിയുടെ തലതിരിഞ്ഞ, വഴിപിഴച്ച ആശയങ്ങളെ കേരള മണ്ണില്‍ വിതക്കുകയായിരുന്നു. ശാലിയാത്തിയുടെ കടന്നുവരവോടെയാണ്, ന്യൂനപക്ഷമെങ്കിലും സത്യത്തിന്റെ വക്താക്കളായി നിലകൊണ്ടിരുന്ന കേരള മുസ്‌ലിം സമൂഹത്തില്‍ ശിയാ/ബറേല്‍വി ആശയങ്ങളും ശിര്‍ക്കന്‍ തത്ത്വങ്ങളും വ്യാപകമാകുന്നത്. 

മക്കയിലെ ഹുനഫാഉകളായ ക്വുറൈശികള്‍ക്കിടയില്‍ സിറിയയില്‍നിന്നും അഭ്യസിച്ച ശിര്‍ക്കന്‍ നടപടികളുമായി കടന്നുവന്ന അംറുബിന്‍ ലുഹയ്യിന്റെ പാരമ്പര്യവും ദൗത്യവുമാണ് ബറേല്‍വിയും പിന്നെ ശാലിയാത്തിയും ഈ മണ്ണില്‍ വിതച്ചതെന്ന് പറഞ്ഞാല്‍ അത് അധികപ്പറ്റാകില്ല. ശൈഖ് ഇബ്‌നു അബ്ദുല്‍ വഹാബിനും അദ്ദേഹത്തിന്റെ ചിന്തകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഇസ്വ്‌ലാഹിന്റെയും തജ്ദീദിന്റെയും മാര്‍ഗത്തില്‍ ഗുണകാംക്ഷാ മനോഭാവത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മുസ്‌ലിം സമൂഹത്തിനെതിരിലും ആക്ഷേപങ്ങളും പരിഹാസങ്ങളും കേരളമണ്ണില്‍ ഇറക്കുമതിചെയ്യപ്പെട്ടതും ബറേല്‍വി-ശാലിയാത്തിമാരുടെ കടന്നുവരവോടെയാണ്. 

കേരളത്തിലെ സുന്നികളെന്ന പേരില്‍ അറിയപ്പെടുന്നവര്‍ക്കിടയില്‍ ആചാരപരമായും വിശ്വാസപരമായും നിലവില്‍ നാം കണ്ടുവരുന്ന വൈകല്യങ്ങളുടെയെല്ലാം യഥാര്‍ഥ പിതാക്കള്‍ യഹൂദികളും നസ്വാറാക്കളുമാണ്. അവരില്‍നിന്നും അത് യഹൂദ പാരമ്പര്യാവകാശികളായ ശിയാക്കളിലേക്ക് എത്തിച്ചേര്‍ന്നു. ശിയാക്കളുമായുള്ള ഗുരു-ശിഷ്യ ബന്ധത്തിലൂടെ അത് ബറേല്‍വികള്‍ സ്വീകരിക്കുകയും അത് ക്രമേണ നമ്മുടെ കേരളക്കരയിലും എത്തിച്ചേരുകയും ചെയ്തുവെന്ന് മനസ്സിലാക്കുന്നതാണ് കൂടുതല്‍ ശരിയായ നിലപാട്.

(അവസാനിച്ചില്ല)

 

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
നേർപഥം വാരിക