ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ്, ഫിത്വര്‍സകാത്ത്, പെരുന്നാള്‍ നമസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ അറിയിക്കുകയാണ്.

بسم الله الرحمن الرحيم
الحمد الله والصلاة والسلام على رسول الله وعلى آله وصحبه أجمعين أما بعد….
ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ്, ഫിത്വര്‍ സകാത്ത്, പെരുന്നാള്‍ നമസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍റെ പണ്ഡിത സമിതിയായ ലജ്നത്തുല്‍ ബുഹൂസുല്‍ ഇസ്ലാമിയ്യ നല്‍കുന്ന അറിയിപ്പ്
■■■■■■■■■■■■■■■■■■■
മാന്യരേ,
السلام عليكم ورحمة الله
ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ്, ഫിത്വ്ര്‍ സകാത്ത്, പെരുന്നാള്‍ നമസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ അറിയിക്കുകയാണ്.
✍ലൈലത്തുല്‍ ഖദ്ര്‍
റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ നാം പ്രതീക്ഷിക്കുന്നതും ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞതുമായ രാത്രിയാണല്ലോ ലൈലത്തുല്‍ ഖദ്ര്‍.
നബി(സ) രാത്രി ആരാധനകളാല്‍ സജീവമാക്കുകയും അരമുറുക്കുകയും കുടുംബത്തെ വിളിച്ച് ഉണര്‍ത്തുകയും ചെയ്യുമായിരുന്നു എന്ന് ബുഖാരി മസ്ലിം ഉദ്ധരിച്ച ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
ഈ സന്ദര്‍ഭത്തില്‍ നമ്മുടെ വീടുകളില്‍ വെച്ച് ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചു കൊണ്ട് പരമാവധി ആരാധനകളില്‍ മുഴുകുക. ദാനധര്‍മ്മങ്ങള്‍, പ്രാര്‍ത്ഥനാ പ്രകീര്‍ത്തനങ്ങള്‍, ഖുര്‍ആന്‍ പഠനവും പാരായണവും തുടങ്ങിയ പുണ്യ കര്‍മ്മങ്ങള്‍ അവസാന പത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
✍ഇഅ്തികാഫ്
നിശ്ചിത സമയം പള്ളികളില്‍ പൂര്‍ണ്ണമായും ഭജനമിരിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. നബി(സ) യും സ്വഹാബത്തും കുടുംബസമേതം ഈ പത്ത് ദിവസങ്ങളില്‍ പള്ളി കളില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഈ വര്‍ഷം പള്ളികള്‍ പൊതുജനങ്ങള്‍ക്ക് തുറക്കപ്പെടാത്ത സാഹചര്യത്തില്‍ നമുക്ക് ഇഅ്ത്തികാഫ് നിര്‍വ്വഹിക്കാന്‍ കഴിയില്ല. വീടുകളില്‍ നമസ്കാരത്തിനായി പ്രത്യേകം നിശ്ചയിച്ച റൂമുകളില്‍ ഇഅ്തികാഫ് പറ്റുമെന്ന് ഒറ്റപ്പെട്ട ചില പണ്ഡിതാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പള്ളികളിലല്ലാതെ ഇഅ്തികാഫ് നിര്‍വ്വഹിക്കാന്‍ പ്രമാണങ്ങളില്‍ അധ്യാപനം ഇല്ല. നബിയും ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു എന്നറിയിക്കുന്ന സ്വഹീഹു മുസ്ലിമിലെ ഹദീസ് വിശദീകരിക്കവെ പ്രസിദ്ധ കര്‍മ്മ ശാസ്ത്ര പണ്ഡിതനായ ഇമാം നവവി (റ) ഇക്കാര്യം വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട് (ശര്‍ഹുമുസ്ലിം )
എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ പതിവാക്കുകയും ഈവര്‍ഷം മാനസികമായി അതിന് ഒരുങ്ങുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒട്ടും കുറയാതെ തന്നെ പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
നബി (സ) പറഞ്ഞു: “ഒരു അടിമ രോഗിയാവുകയോ യാത്രയില്‍ അകപ്പെടുകയോ ചെയ്താല്‍ ആരോഗ്യ അവസ്ഥയിലും സ്വദേശത്ത് ആകുന്ന അവസ്ഥയിലും അവന്‍ ചെയ്തിരുന്ന കര്‍മ്മ ങ്ങളുടെ അതേ പ്രതിഫലം അവനു രേഖപ്പെടുത്തപ്പെടും” (ബുഖാരി)
തബൂക് യുദ്ധ വേളയില്‍ നബി(സ) ഇപ്രകാരം പറഞ്ഞു: “(നമ്മോടൊപ്പം വരാന്‍ കഴിയാതെ) മദീനയില്‍ തന്നെ നില്‍ക്കേണ്ടി വന്ന ചിലരുണ്ട്. നമുക്ക് ലഭിക്കുന്ന അതേ പ്രതിഫലം അവര്‍ക്കും ലഭിക്കാതിരിക്കില്ല. ന്യായമായ തടസ്സങ്ങളാണ് അവരെ തടഞ്ഞുവെച്ചത്”- (ബുഖാരി)
ഈ വര്‍ഷം ഇഅ്തികാഫ് നിര്‍വഹിക്കാതെ തന്നെ അതിന്‍റെ പ്രതിഫലം നേടാനാകുന്നവര്‍ മഹാ ഭാഗ്യവാന്മാരാണ്.
✍ഫിത്വര്‍ സകാത്ത്
റമദാന്‍ പൂര്‍ത്തിയാകുന്ന മുറക്ക് വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയായി കല്‍പ്പിക്കപ്പെട്ടതാണ് ഫിത്വര്‍ സകാത്.
പെരുന്നാള്‍ നമസ്കാരത്തിനു മുമ്പായി അത് അര്‍ഹരിലേക്ക് എത്തേണ്ടതുണ്ട്. റമദാനിലെ അവസാന ദിവസങ്ങളിലും വിതരണം ചെയ്യാവുന്നതാണ്. പെരുന്നാള്‍ ദിവസം തനിക്കും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായത് കഴിച്ച് മിച്ചമുള്ള മുഴുവന്‍ വിശ്വാസികളും ഫിത്വര്‍ സകാത്ത് നല്‍കേണ്ടതാണ്. ഒരാള്‍ക്ക് നാല് മുദ്ദ് അതായത് 2.200 കി. ഗ്രാം എന്ന തോതിലാണ് നിര്‍ബന്ധ ബാധ്യത. നാട്ടിലെ മുഖ്യ ആഹാരമാണ് നല്‍കേണ്ടത്.
കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് പ്രാദേശികമായി സംഘടിത സ്വഭാവത്തില്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കുക. ഉത്തരവാദിത്വം ഏറ്റെടുത്തവര്‍ പരമാവധി സൂക്ഷ്മത പാലിക്കണം എന്ന് ഉണര്‍ത്തുന്നു. നാട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഗുണമേന്മയുള്ള അരി തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക.
✍പെരുന്നാള്‍ നമസ്കാരം
കുടുംബസമേതം മൈതാനത്ത് ഒരുമിച്ചു കൂടി പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കുന്ന രീതിയാണ് പ്രവാചകരും സ്വഹാബത്തും ചെയ്തിട്ടുള്ളത്. ഈ വര്‍ഷം അതിന് സാഹചര്യം ഉണ്ടാവാന്‍ സാധ്യത കുറവാണ്. അത്തരം ഘട്ടത്തില്‍ കുടുംബസമേതം വീടുകളില്‍ വെച്ച് ജമാഅത്ത് ആയി പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കാം. അത്തരം ഘട്ടത്തില്‍ ഖുത്ബ സുന്നത്തില്ല. സ്വഹാബിയായ അനസ് (റ) പെരുന്നാള്‍ നമസ്കാരം ജമാഅത്ത് നഷ്ടപ്പെട്ടപ്പോള്‍ തന്‍റെ വീട്ടില്‍ കുടുംബസമേതം ഇങ്ങനെ നിര്‍വഹിച്ചതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
✍പെരുന്നാള്‍ നമസ്കാരത്തിന്‍റെ രൂപം
പെരുന്നാള്‍ നമസ്കാരം രണ്ട് റക്അതാണ്. ആദ്യ റക്അതില്‍ തക്ബീറതുല്‍ ഇഹ്റാമിന് ശേഷം ഏഴ് തക്ബീറുകളും രണ്ടാം റക്അതില്‍ അഞ്ച് തക്ബീറുകളും ചൊല്ലണം. തക്ബീറുകളുടെ അവസരത്തില്‍ കൈകള്‍ ചുമലിന്നേരെ ഉയര്‍ത്തുകയും ശേഷം നെഞ്ചിലേക്ക് തന്നെ താഴ്ത്തുകയും ചെയ്യുക.
തക്ബീറുകള്‍ക്കിടയില്‍ പ്രത്യേക പ്രാര്‍ത്ഥനകളൊന്നും നബി ചര്യയില്‍ സ്ഥിരപ്പെട്ടിട്ടില്ല. ബാക്കി കര്‍മ്മങ്ങളെല്ലാം മറ്റ് നമസ്കാരങ്ങളെ പോലെ തന്നെയാകുന്നു. പെരുന്നാള്‍ നമസ്കാരത്തില്‍ സൂറതുല്‍ ഖാഫ്, ഖമര്‍ എന്നിവയോ സൂറതുല്‍ അഅ്ലാ, ഗാശിയ എന്നിവയോ ആണ് നബി(സ) പാരായണം ചെയ്യാറുണ്ടായിരുന്നത്. പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍, കുടുംബബന്ധങ്ങള്‍ കഴിയുംവിധം പുതുക്കല്‍ എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കുക, ധൂര്‍ത്തും അനാവശ്യങ്ങളും തീര്‍ത്തും ഒഴിവാക്കുക. എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.
__________________
എന്ന്,
✍ഹുസൈന്‍ സലഫി
പ്രസിഡണ്ട്
✍ഫൈസല്‍മൗലവി
സെക്രട്ടറി
ലജ്നത്തുല്‍ബുഹൂസില്‍ഇസ്ലാമിയ്യ