ഫിത്വ്ർ സകാത്ത് – സംശയങ്ങൾ മറുപടികൾ

ഫിത്വ്ർ സകാത്ത് - സംശയങ്ങൾ മറുപടികൾ

1. ഫിത്വ്ർ സകാത്ത് കൊണ്ടുള്ള വിവക്ഷ എന്ത്?

റമദാനിന്റെ അവസാനത്തോട് കൂടി ഒരാൾക്ക് ഒരു സ്വാഅ് എന്ന തോതിൽ പാവപ്പെട്ടവർക്കായി ഒരു വിശ്വാസി വിതരണം ചെയ്യുന്ന ഭക്ഷണത്തിനാണ് ഫിത്വ്ർ സകാത്ത് (സകാത്തുൽ ഫിത്വർ) എന്ന് പറയുന്നത്.

2. ഫിത്വ്ർ സകാത്ത് ആർക്കാണ് നിർബന്ധം?

എല്ലാ മുസ്ലിംകൾക്കും നിർബന്ധമാണ്. തന്റെയും തന്റെ ചെലവിന് കീഴിൽ ജീവിക്കുന്നവരുടെയും സകാത്തുൽ ഫിത്വ്ർ ഒരു വിശ്വാസി നൽകൽ നിർബന്ധമാണ്. അബ്ദുല്ലാഹിബ്നു ഉമർ പറഞ്ഞു: മുസ്ലിംകളിൽ പെട്ട സ്വതന്ത്രൻ, അടിമ, സ്ത്രീ, പുരുഷൻ, ചെറിയവൻ, വലിയവൻ എന്നിവരുടെ മേൽ ഒരു സ്വാഅ് കാരക്ക, അല്ലെങ്കിൽ ഒരു സ്വാഅ് ബാർലി എന്ന തോതിൽ നബി ഫിത്വ്ർ സകാത്ത് നിർബന്ധമാക്കി”

(ബുഖാരി, മുസ്ലിം).

റമദാനിന്റെ അവസാനദിവസം സൂര്യൻ അസ്തമിക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്കാണ് ഇത് നിർബന്ധം. അതിനാൽ ഗർഭസ്ഥ ശിശുവിന് സകാത്തുൽ ഫിത്ർ നിർബന്ധമില്ല. അതുപോലെ അസ്തമയത്തിന് മുമ്പ് മരണപ്പെട്ടവർ, അസ്തമയത്തിന് ശേഷം പിറന്ന കുഞ്ഞ് എന്നിവ രുടെ മേലും നിർബന്ധമില്ല.

3. സകാത്തുൽ ഫിത്റിലെ യുക്തിയെന്താണ്?

പെരുന്നാൾ ദിവസം ദരിദ്രർ യാചിക്കാതെ തന്നെ സന്തോഷത്തിലും ആനന്ദത്തിലും സമ്പന്നരോടെപ്പം പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ ദരിദ്രരോടുള്ള അനുകമ്പയാണ് സകാത്തുൽ ഫിത്ർ. നോമ്പിൽ സംഭവിച്ചിരിക്കുന്ന ന്യൂനതകൾ ഇവ മൂലം പരിഹരിക്കപ്പെടുന്നു. പിശുക്ക് പോലുള്ള മാനസിക ദുർഗുണങ്ങളെ അത് ഇല്ലാതാക്കുന്നു. റമദാനിലെ നോമ്പ് പരിപൂർണമാവാനും രാത്രി നമസ്കാരങ്ങളും മറ്റു സൽകർമങ്ങളും ചെയ്യുവാനും അല്ലാഹു അനുഗ്രഹിച്ചതിനാൽ അല്ലാഹുവോടുള്ള ഒരു നന്ദിപ്രകടനവുമാണിത്. മുസ്ലിം സമൂഹത്തിനിടയിൽ ഇതുമൂലം ഐക്യവും സ്നേഹവും ഉടലെടുക്കുന്നു.

ഇബ്നു അബ്ബാസ് പറഞ്ഞു: “ദരിദ്രനുള്ള ഭക്ഷണമായും അശ്ലീല, വ്യർഥ സംസാരങ്ങളിൽ നിന്ന് നോമ്പുകാരനെ ശുദ്ധീകരിക്കുന്നതിനും വേണ്ടി റസൂൽ സകാത്തുൽ ഫിത്വ്ർ നിർബന്ധമാക്കി. ആരെങ്കിലും പെരുന്നാൾ നമസ്കാരത്തിന് മുമ്പ് അത് നിർവഹിച്ചാൽ അത് സ്വീകാര്യയോഗ്യമായ സകാത്തായി. പെരുന്നാൾ നമസ്കാരത്തിന് ശേഷമാണ് അത് നൽകുന്നതെങ്കിൽ കേവലം ഒരു ധർമം മാത്രമാകും. (അബൂദാവൂദ്, ഇബ്നുമാജ).

4. ഫിത്വ്ർ സകാത്തായി എന്താണ് നൽകേണ്ടത്? എത്രയാണ് നൽകേണ്ടത്?

സാധാരണയായി മനുഷ്യർ ഭക്ഷിക്കുന്ന ആഹാര വസ്തുക്കളാണ് സകാത്തുൽ ഫിത്വറായി നൽകേണ്ടത്. അബൂസഈദിൽ ഖുദ്രി പറഞ്ഞു: ‘ഞങ്ങൾ നബിയുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണമാണ് സകാത്തുൽ ഫിത്വ്റായി നൽകിയിരുന്നത്. ഞങ്ങളുടെ ഭക്ഷ്ണം ബാർലി, ഉണക്കമുന്തിരി, കാരക്ക, പാൽക്കട്ടി എന്നിവയായിരുന്നു” (ബുഖാരി)

പെരുന്നാൾ ദിവസത്തെ ചെലവുകഴിച്ച് മിച്ചമുള്ള ആളുകളാണ് ഇത് നിർവഹിക്കേണ്ടത്. ഒരാൾക്ക് ഒരു സ്വാഅ് എന്ന തോതിലാണ് സകാത്തുൽ ഫിത്വ്ർ നൽകേണ്ടത്. ഒരു സാധാരണക്കാരൻ ഇരു കൈകൾ കൊണ്ടും നാല് പ്രാവശ്യം കോരിയാൽ കിട്ടുന്നതാണ് ഒരുസ്വാഅ്. അരിയാണെങ്കിൽ ഏകദേശം രണ്ടര കിലോ ആയിരിക്കും.

5. സകാത്തുൽ ഫിത്വ്ർ വിതരണം ചെയ്യേണ്ട സമയം എപ്പോഴാണ്?

ശ്രഷ്ഠമായ സമയം, അനുവദനീയമായ സമയം എന്നീ രണ്ട് സമയങ്ങൾ ഉണ്ട്. റമദാനിന്റെ അവസാന ദിവസം സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നമസ്കാരം വരെയാണ് ഉത്തമമായ സമയം. ഇബ്നു ഉമറിൽ നിന്നും മുസ്ലിം ഉദ്ധരിക്കുന്ന ഹദീഥിൽ ജനങ്ങൾ നമസ്കാരത്തിന് പോകുന്നതിന് മുമ്പായി സകാത്തുൽ ഫിത്വർ വിതരണം ചെയ്യാൻ നബി കൽപിച്ച്തായി കാണാം. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് വിതരണം ചെയ്യുന്നതാണ് അനുവദനീയമായ സമയം. ഇബ്നു ഉമർഷം പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ വിതരണം ചെയ്തിരുന്നു വെന്ന് സ്വഹീഹുൽ ബുഖാരിയിൽ കാണാം. പെരുന്നാൾ നമസ്കാര ശേഷം വിതരണം ചെയ്താൽ അത് സ്വീകാര്യയോഗ്യമാവില്ല. മുമ്പ് സൂചിപ്പിച്ച ഇബ്നു അബ്ബാസ്കുവിന്റെ ഹദീഥിൽ ആ കാര്യം വ്യക്തമാണ്.

6. സകാത്തുൽ ഫിത്ർ ആർക്കാണ് നൽകേണ്ടത്?

പാവപ്പെട്ടവരാണ് അതിന്റെ അവകാശികൾ. നോമ്പുകാരന്റെ ശുദ്ധീകരണത്തിനും പാവപ്പെട്ടവന്റെ ഭക്ഷണവുമായിട്ടാണ് റസൂൽ സകാത്തുൽ ഫിത്വർ നിർബന്ധമാക്കിയത്. ഒരാൾക്ക് ഒരു നിശ്ചിത വിഹിതം മാത്രമെ നൽകാവൂ എന്ന് പറയാൻ തെളിവില്ല.

7. സകാത്തുൽ ഫിത്വ്ർ പണമായി വിതരണം ചെയ്യാമോ?

അനുവദനീയമല്ല, കാരണം അത് പ്രവാചകൻ യുടെ കൽപനക്കും സ്വഹാബിമാരുടെ ചര്യക്കും വിപരീതവുമാണ്. നബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് നാണയങ്ങൾ നിലവിലുണ്ടായിരുന്നു. എന്നിട്ടും അവർ ഭക്ഷണസാധനങ്ങളാണ് സകാത്തുൽ ഫിത്വായി

നൽകിയിരുന്നത്. എന്നാൽ പ്രവാചക കൽപനകൾക്കനുസരിച്ച് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നവർ ഉണ്ട്ങ്കിൽ നമ്മുടെ സകാത്തുൽ ഫിത്റിന്റെതുക അവരെ ഏൽപിക്കാവുന്നതാണ്.

8. സകാത്തുൽ ഫിത്വർ എവിടെയാണ് വിതരണം ചെയ്യേണ്ടത്?

സകാത്തുൽ ഫിത്ർ കൊടുക്കുന്നവൻ എവിടെയാണോ താമസിക്കുന്നത് ആനാട്ടിലുള്ള ദരിദ്രർക്കാണ് നൽകേണ്ടത്. മറ്റ് സ്ഥലങ്ങളിലേക്ക് അത് നൽകിയാൽ നിശ്ചിത സമയത്ത് നിർവഹിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. നബിയുടേയോ ഖുലഫാഉർറാശിദീങ്ങളുടെയോ കാലത്ത് മദീനയിൽ നിന്ന് മറ്റേതെങ്കിലും സ്ഥലത്തേക്ക് സകാത്തുൽ ഫിത്വർ അയച്ചുകൊടുത്തതായി അറിയില്ല.

 
സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

2 thoughts on “ഫിത്വ്ർ സകാത്ത് – സംശയങ്ങൾ മറുപടികൾ”

  1. അരി അല്ലാതെ അതേ തുകക്ക് ഉള്ള പലചരക്ക് സാധനങ്ങൾ നൽകാമോ

    Reply

Leave a Comment