കുറുക്കനും കുഞ്ഞാടും

കുറുക്കനും കുഞ്ഞാടും

ഒരു ദിവസം ഒരു കുഞ്ഞാട് മറ്റുള്ള ആടുകളുടെ കൂടെ വിശാലമായ പുല്‍മേട്ടില്‍ മേയുകയായിരുന്നു. നല്ല ഇളം പുല്ലുകളുള്ള സ്ഥലം പുല്‍മേടിന്റെ അറ്റത്തായി അത് കണ്ടെത്തി. കുഞ്ഞാട് പുല്ല് തിന്ന് തിന്ന് മറ്റുള്ളവരില്‍ നിന്നും വളരെ അകലെയായി. തന്റെ അടുത്തേക്ക് ചെന്നായ വരുന്നുണ്ടെന്നറിയാതെ അവള്‍ വളരെ ആസ്വദിച്ച് ഇളം പുല്ല് കഴിച്ചുകൊണ്ടേയിരുന്നു. ചെന്നായ തന്റെ അടുത്തെത്തിയത് ഞെട്ടലോടെ അവള്‍ അറിഞ്ഞു. തന്റെ മേല്‍ ചാടിവീഴും മുമ്പ് രക്ഷപ്പെടാനുള്ള പോംവഴികള്‍ അവള്‍ ആലോചിച്ചു. ബുദ്ധി പ്രയോഗിച്ചാലേ രക്ഷയുള്ളൂ. ചെന്നായയോട് ഏറ്റുമുട്ടി ജയിക്കുവാനുള്ള ശക്തി തനിക്കില്ല. അവള്‍ വിനയ സ്വരത്തില്‍ ചെന്നായയോട് അഭ്യര്‍ഥിച്ചു:  

”ക്ഷമിക്കണം, എന്നെ ദയവു ചെയ്ത് ഭക്ഷിക്കരുത്. എന്റെ വയറ്റില്‍ ഇപ്പോള്‍ നിറയെ പുല്ലാണ്. നിങ്ങള്‍ കുറച്ചുനേരത്തേക്ക് കാത്തുനില്‍ക്കുക. അപ്പോഴേക്കും എന്റെ മാംസം കൂടുതല്‍ രുചികരമായിത്തീരും. ഇളംപുല്ല് കഴിച്ചയുടനെയുള്ള മാംസത്തിന് നല്ല രുചിയുണ്ടാകില്ല.” 

ചെന്നായ ഈ കുഞ്ഞാട് പറഞ്ഞത് സത്യമാണെന്ന് വിചാരിച്ചു. അത് കുറച്ച്‌നേരം കാത്തു നില്‍ക്കാമെന്ന് സമ്മതിച്ചു. 

കുറച്ച് സമയത്തിന് ശേഷം കുഞ്ഞാട് പറഞ്ഞു: ”നിങ്ങള്‍ എന്നെ നൃത്തം ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ എന്റെ വയറ്റിലെ പുല്ല് വളരെ വേഗം ദഹിക്കും.” 

ഇതും സത്യമാണെന്ന് ചെന്നായ കരുതി. അങ്ങനെ കുഞ്ഞാട് നൃത്തം ചെയ്യാന്‍ തുടങ്ങി. കുഞ്ഞാടിന്റെ മനസ്സില്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ആഗ്രഹമാണുള്ളത്. ചെന്നായ തന്നെ കടിച്ചുകീറി തിന്നുന്നത് ആലോചിച്ചപ്പോള്‍ അവളുടെ ഭയം കൂടി. പെട്ടെന്ന് അവള്‍ക്ക് മറ്റൊരു സൂ്രതം തോന്നി. അവള്‍ പറഞ്ഞു: ”എന്റെ കഴുത്തിലെ മണി എടുത്ത് നിങ്ങള്‍ക്ക് കഴിയുന്നത്ര ശക്തിയില്‍ കിലുക്കുക. മണിയടിയൊച്ച കേട്ടാല്‍ എനിക്ക് കൂടുതല്‍ വേഗത്തില്‍ നൃത്തം ചെയ്യാന്‍ കഴിയും. അപ്പോള്‍ പുല്ല് വേഗം ദഹിക്കും. നിങ്ങള്‍ക്ക് രുചികരമായ എന്റെ മാംസം തിന്നുകയും ചെയ്യാം.”

കുഞ്ഞാടിനെ തിന്നാനുള്ള കൊതിമൂത്ത ചെന്നായ മണി എടുത്ത് ശക്തിയായി അടിക്കാന്‍ തുടങ്ങി. ആട്ടിടയന്‍ ദൂരെനിന്ന് ഈ ശബ്ദം കേള്‍ക്കുകയും കാണാതായ കുഞ്ഞാടിനെ തേടി തന്റെ നായകളെ മണിയടിയൊച്ച കേട്ട ഭാഗത്തേക്ക് അയക്കുകയും ചെയ്തു. 

കരുച്ചുകൊണ്ട് ഓടിവരുന്ന നായകളെ കണ്ടപ്പോള്‍ ചെന്നായ തന്റെ ജീവനും കൊണ്ട് ഒാടി രക്ഷപ്പെട്ടു. ചെന്നായയുടെ വായില്‍നിന്ന് രക്ഷപ്പെട്ട കുഞ്ഞാട് മറ്റുള്ള ആടുകളുടെ സമീപത്ത് തിരിച്ചെത്തുകയും ചെയ്തു. 

കൂട്ടുകാരേ, പലപ്പോഴും കരുത്തിനെക്കാള്‍ ബുദ്ധിയോടെയുള്ള നീക്കങ്ങള്‍ക്ക് നമ്മെ ആപത്തില്‍നിന്ന് രക്ഷിക്കുവാന്‍ കഴിയും. ചിന്തയില്ലാത്ത പ്രവര്‍ത്തനം നമ്മെ ആപത്തില്‍ ചാടിക്കുകയും ചെയ്യും. ആപല്‍ഘട്ടങ്ങളില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുകയും ചെയ്യുക.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

2 thoughts on “കുറുക്കനും കുഞ്ഞാടും”

Leave a Reply to Muslima Cancel reply