കണ്ണുള്ളവരുടെ കടമ

കണ്ണുള്ളവരുടെ കടമ

സ്‌കൂള്‍ വിട്ടാല്‍ സാവകാശം നടന്ന് വീട്ടിലെത്താറുള്ള ജാസിമും അനുജന്‍ ഫാഹിമും അന്ന് ഓടിയാണെത്തിയത്. ബാഗ് മേശപ്പുറത്തു വെച്ചുകൊണ്ട് ജാസിം ഉറക്കെ പറഞ്ഞു:

”ഉമ്മാ…. അസ്സലാമു അലൈക്കും.”

”വ അലൈക്കുമുസ്സലാം…. എന്താ മക്കളേ, ഇന്ന് ഓടിക്കിതച്ചാണല്ലോ എത്തിയിരിക്കുന്നത്. എന്തുപറ്റി? നായയോ മറ്റോ പിന്നാലെ കൂടിയോ?”- ഉമ്മ.

”അതൊന്നുമല്ല ഉമ്മാ കാര്യം”- ഫാഹിമാണതു പറഞ്ഞത്.

”പിന്നെ എന്താണു കാര്യം? എന്തോ സംഭവിച്ചതുപോലുണ്ടല്ലോ”- ഉമ്മ ജിജ്ഞാസയോടെ ചോദിച്ചു.

”ഉമ്മാ അല്ലാഹു എന്നെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യം ഞാന്‍ ചെയ്തു”- ജാസിം പറഞ്ഞു.

”ഞാനും”- ഫാഹിം കൂട്ടിച്ചേര്‍ത്തു.

”ഓ… അതുശരി. ഞാന്‍ പേടിച്ചുപോയി. ആകട്ടെ, എന്താണു മക്കള്‍ ചെയ്ത വലിയ കാര്യം?”

ജാസിം പറഞ്ഞു:

”ഞങ്ങള്‍ നടന്നു വരുമ്പോള്‍ റോട്ടില്‍ കണ്ണുകാണാത്ത ഒരാളെ കണ്ടു. റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. എന്നാല്‍ വണ്ടികളൊന്നു പോയിക്കഴിഞ്ഞിട്ടു വേണ്ടേ റോഡു മുറിച്ചു കടക്കാന്‍! അങ്ങോട്ടുമിങ്ങോട്ടും വണ്ടികള്‍ പരക്കം പായുന്നതിനാല്‍ അയാള്‍ പ്രയാസപ്പെട്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാനയാളുടെ കൈപിടിച്ച് അപ്പുറത്തെത്തിച്ചു…”

ജാസിം പറഞ്ഞ് പൂര്‍ത്തിയാക്കും മുമ്പ് ഫാഹിം ഇടപെട്ടു:

”ഉമ്മാ, ഞാനും അയാളെ സഹായിച്ചു. ആ സാധുവായ മനുഷ്യന് എന്റെ കയ്യിലുണ്ടായിരുന്ന രണ്ടുരൂപ ഞാന്‍ കൊടുത്തു.”

”ഫാഹിം പറഞ്ഞത് ശരിയാണുമ്മാ. അവന്റെ കയ്യിലുണ്ടായിരുന്ന് രണ്ടുരൂപ അവന്‍ അയാള്‍ക്കു കൊടുത്തു. മിഠായി വാങ്ങാന്‍ എനിക്കു തന്നിരുന്ന രണ്ടുരൂപ ഞാനും കൊടുത്തു”- അനുജന് ഞാന്‍ വിട്ടുകൊടുക്കില്ല എന്ന മട്ടില്‍ ജാസിം കൂട്ടിച്ചേര്‍ത്തു.

ഉമ്മ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: ”വളരെ നന്നായി മക്കളേ, നിങ്ങള്‍ ചെയ്തത് വളരെ നന്നായി. എന്നാല്‍ നിങ്ങള്‍ ഒരുകാര്യം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.”

”അതെന്താണുമ്മാ…?” രണ്ടുപേരും ഒന്നിച്ചാണതു ചോദിച്ചത്.

”ഒരാളെ സഹായിച്ചാല്‍ അത് മറച്ചുവെക്കുന്നതാണ് കൂടുതല്‍ ഉചിതം. ഖലീഫ ഉമര്‍(റ) തന്റെ പ്രജകളുടെ സ്ഥിതിഗതികള്‍ കണ്ടറിയാനായി താന്‍ ആരാണെന്നറിയാതിരിക്കാന്‍ രാത്രിയില്‍ വേഷംമാറി ചുറ്റിസഞ്ചരിച്ചിരുന്നതും കഷ്ടപ്പെടുന്നവരെ സഹായിച്ചിരുന്നതും നിങ്ങള്‍ കേട്ടിട്ടില്ലേ? അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചുകൊണ്ട് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ അന്യര്‍ക്ക് ചെയ്തുകൊടുക്കുക. ചെയ്ത സഹായങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുക. അതാണ് കൂടുതല്‍ പുണ്യകരം. ഏതായാലും നിങ്ങള്‍ ചെയ്തത് ഉമ്മാക്ക് ഇഷ്ടമായി. അല്ലാഹു നിങ്ങളുടെ സല്‍പ്രവൃത്തിക്ക് തക്കതായ പ്രതിഫലം തരട്ടെ…”

”ആമീന്‍”- ജാസിമും ഫാഹിമും ഒപ്പം പറഞ്ഞു.

”കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക നിയ്യത്തനുസരിച്ചാണെന്നും ജനങ്ങളെ കാണിക്കാനായി സല്‍കര്‍മങ്ങള്‍ ചെയ്താല്‍ അത് ശിക്ഷാര്‍ഹമാണെന്നും നബി(സ) പറഞ്ഞതായി ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞങ്ങള്‍ അന്ധനെ സഹായിച്ചത് ഉമ്മാനോട് പറഞ്ഞ് തെറ്റാണോ ഉമ്മാ? ഞങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം തരില്ലേ?”- അല്‍പം വിഷമത്തോടെയാണ് ജാസിം ചോദിച്ചത്.

”എന്റെ മക്കള്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചല്ലേ സഹായം ചെയ്തത്? അതിനാല്‍ പ്രതിഫലം ലഭിക്കാതിരിക്കില്ല. ഒരു നന്മ ചെയ്യാനായ സന്തോഷം ഉമ്മാനെ അറിയിച്ചതും തെറ്റല്ല. എന്നാലിനി പുറത്തിറങ്ങി കണ്ടവരോടൊക്കെ ഇതു പറഞ്ഞു നടക്കാതിരുന്നാല്‍ മതി”- ഉമ്മ ഇരുവരെയും സമാധാനിപ്പിച്ചു.

”ഉമ്മാ… ഭയങ്കര വിശപ്പ്…” -ഫാഹിം അടുക്കളയിലേക്കോടി. പിന്നാലെ ജാസിമും.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

Leave a Comment