പാപഭാരം വര്‍ധിക്കുമ്പോള്‍...

”ഞാനാദ്യം, ഞാനാദ്യം” മദ്‌റസയുടെ വരാന്തയിലേക്ക് ഓടിക്കയറിയ സലീം വിളിച്ചു പറഞ്ഞു. സ്വഫിയ്യയും സ്വാദിഖും സല്‍മാനും പിന്നാലെ ഓടിയെത്തിയെങ്കിലും ആദ്യം കയറിയത് സലീം തന്നെയാണ്.
”ബെല്ലടിക്കാന്‍ ഇനിയും അഞ്ചു മിനുട്ടുണ്ട്” സ്വാദിഖ് ഇന്നലെ ഉപ്പ വന്നപ്പോള്‍ കൊണ്ടുവന്ന പുതിയ വാച്ചില്‍ നോക്കി പറഞ്ഞു.
”ഓ ഇന്നിനി പലപ്രവാശ്യം സമയത്തെക്കുറിച്ച് മുന്നറിയിപ്പുണ്ടാവും” സ്വഫിയ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
അയല്‍വാസികളായ അവര്‍ നാലുപേരും മദ്‌റസയില്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരാണ്. നന്നായി പഠിക്കുകയും കളിക്കുകയും ചെയ്യുന്ന നാലുപേരും മദ്‌റസയില്‍ വരുന്നതും പോകുന്നതുമെല്ലാം ഒന്നിച്ചാണ്.
സമീനയും നൗഷാദും അബ്ദുവുമെല്ലാം ക്ലാസിലേക്ക് ഓടിക്കയറി. ഫസ്റ്റ് ബെല്ലടിച്ചു. ആദ്യത്തെ പീരിയഡ് വിശുദ്ധ ക്വുര്‍ആന്‍ പാരായണമാണ്. യൂനുസ് മാഷ് ബെല്ലടിച്ചപ്പോഴേക്കും ക്ലാസിലെത്തി.
”അസ്സലാമു അലൈക്കും.”
”വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്” എല്ലാവരും ഒന്നിച്ച് സലാം മടക്കി.
സെക്കന്റ് ബെല്ലടിച്ചു. കുട്ടികളെല്ലാവരും എഴുന്നേറ്റ് നിന്ന് പ്രാര്‍ഥന ചൊല്ലി ഇരുന്നു. യൂനുസ് മാഷ് വിശുദ്ധ ക്വുര്‍ആന്‍ എടുത്തു. കുട്ടികള്‍ ക്വുര്‍ആന്‍ തുറന്നിരുന്നു.
”സാര്‍, ഇന്ന് സൂറത്തുല്‍ ഫത്ഹ് എടുക്കുമെന്ന് പറഞ്ഞിരുന്നു.”
”അതെ, ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് സൂറത്തുല്‍ ഫത്ഹ് ആണ്. എന്താണ് ഫത്ഹ് എന്ന വാക്കിന്റെ അര്‍ഥം?” മാഷ് ചോദിച്ചു.
”വിജയം” സല്‍മാന്‍ വിളിച്ചു പറഞ്ഞു.
യൂനുസ് മാഷ് തജ്‌വീദ് നിയമങ്ങള്‍ അനുസരിച്ച് സൂറത്തുല്‍ ഫത്ഹ് ഓതാന്‍ തുടങ്ങി. അദ്ദേത്തിന്റെ ശ്രവണ മധുരമായ പാരായണം കുട്ടികള്‍ക്കെല്ലാം നല്ല ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാരായണം കേട്ട് അതുപോലെ കുട്ടികളും പാരായണം ചെയ്തുകൊണ്ടിരുന്നു.
ക്ലാസ് കഴിയുമ്പോഴേക്കും ഓരോ കുട്ടിയും നന്നായി ഓതാന്‍ പഠിച്ചിട്ടുണ്ടാകും.
‘ര്‍ണീം…!’
സെക്കന്റ് പീരിയഡിന്റെ അറിയിപ്പായി. കുട്ടികളെല്ലാവരും ക്വുര്‍ആന്‍ അടച്ചു വെച്ചു. അധ്യാപകന്‍ സലാം പറഞ്ഞ് പുറത്തിറങ്ങി.
”നീ സ്വഭാവപാഠത്തിന്റെ നോട്ട് എഴുതിയോ?” സമീന സ്വഫിയ്യയോട് ചോദിച്ചു.
”ങാ… ഞാനിന്നലെ നോട്ട് എഴുതിത്തീര്‍ത്തു.”
”നിനക്കെന്താ പറ്റിയത്?” മുഖം കനപ്പിച്ചിരിക്കുകയായിരുന്ന നാദിറയോട് സ്വഫിയ്യ ചോദിച്ചു.
”കഴിഞ്ഞ പാഠങ്ങളുടെ നോട്ട് എഴുതിയെടുക്കാന്‍ ഞാന്‍ അവളുടെ പുസ്തകം വാങ്ങിയിരുന്നു. ഇന്നലെ വീട്ടില്‍ പുസ്തകം എത്തിക്കാമെന്നു പറഞ്ഞിരുന്നു. ഞാനത് മറന്നുപോയി” സമീന പറഞ്ഞു.
”വാഗ്ദത്തം ചെയ്താല്‍ ലംഘിക്കാന്‍ പാടില്ലാന്ന് നീ പഠിച്ചിട്ടില്ലേ? അതുകൊണ്ട് അവള്‍ക്ക് നോട്ട് എഴുതാന്‍ പറ്റിയതുമില്ല” സഫിയ പറഞ്ഞു.
ഇതിനിടയില്‍ യൂസുഫ് മാഷ് സലാം പറഞ്ഞുകൊണ്ട് ക്ലാസിലെത്തി. കയ്യില്‍ ഒരു ഗ്ലാസ് വെള്ളവുമുണ്ട്!
”എന്തിനാ ഈ വെള്ളം?” സലീമിന് കാരണമറിയാന്‍ തിടുക്കമായി.
”എല്ലാവരും അടങ്ങിയിരിക്കൂ…”
എല്ലാവരും ആകാംക്ഷയോടെ നിശ്ശബ്ദരായി ഇരുന്നു.
”ഈ ഗ്ലാസില്‍ എത്ര മില്ലിഗ്രാം വെള്ളമുണ്ടാകും?” മാഷ് ചോദിച്ചു.
50, 100, 75… കുട്ടികളോരോരുത്തരും അവനവന് തോന്നിയ അളവ് വിളിച്ചു പറയാന്‍ തുടങ്ങി.
”ശരി, ശരി… കൃത്യമായി അറിയണമെങ്കില്‍ അളന്നു നോക്കണം. എനിക്ക് ചോദിക്കാനുള്ളത് മറ്റൊരു ചോദ്യമാണ്.”
കുട്ടികള്‍ക്ക് ആകാക്ഷ വര്‍ധിച്ചു.
”ഈ വെള്ളമുള്ള ഗ്ലാസ് ഏതാനും മിനുട്ടു നേരത്തേക്ക് ഞാനിങ്ങനെ നീട്ടിപിടിച്ചു നിന്നാല്‍ എന്റെ കൈകള്‍ക്ക് എന്ത് സംഭവിക്കും?”
”ഒന്നും സംഭവിക്കില്ല” കുട്ടികളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
”ശരി. ഒരു ഒരു മണിക്കൂര്‍ നേരം ഞാനിതിങ്ങനെ നീട്ടിപ്പിടിച്ചു നിന്നാലോ?”
”കൈ വേദനിക്കും, കൈക്ക് കടച്ചില്‍ വരും…” സല്‍മാന്‍ പറഞ്ഞു.
”അതെ, എന്റെ കൈ വേദനിക്കും. എന്നാല്‍ ഞാനിതിങ്ങനെ ഒരു ദിവസം മുഴുവന്‍ പിടിച്ചു നിന്നാല്‍ എന്ത് സംഭവിക്കും?”
”സാറിന്റെ കൈ അതോടെ മരവിച്ച് പോകും. പിന്നെ ആ കൈ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ശരിയാക്കേണ്ടി വരും” സ്വാദിഖ് വിളിച്ചു പറഞ്ഞു. അത് കേട്ട് കുട്ടികളെല്ലാവരും ചിരിച്ചു.
”അതെ, സ്വാദിഖ് പറഞ്ഞത് ശരിയാണ്, എന്നെ നിങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വരും. അങ്ങനെ ആവാതിരിക്കാന്‍ ഞാന്‍ എന്റെ കയ്യിലെ ഗ്ലാസിലെ വെള്ളത്തിന്റെ അളവ് കുറച്ചാല്‍ മതിയാകുമോ?”
”അത് കൊണ്ടൊന്നും കാര്യമില്ല. ഗ്ലാസ് ഇപ്പോള്‍ തന്നെ താഴെ വെച്ചാല്‍ പ്രശ്‌നമൊഴിവാക്കാമല്ലോ” സ്വഫിയ്യ അല്‍പം തമാശയോടെ പറഞ്ഞു.
”അതെ, ശരിയാണ്. സ്വഫിയ്യ പറഞ്ഞതാണ് ശരി. കുട്ടികളേ… നമ്മുടെ ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഇതുപോലെയാണ്. നമ്മള്‍ അതിനെക്കുറിച്ച് അതിരുവിട്ട് ചിന്തിച്ച് നടക്കും. അവസാനം അത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും.”
കുട്ടികള്‍ സാകൂതം കേട്ടിരിക്കുകയാണ്.
”അതിനെക്കാളേറെ നഷ്ടം സംഭവിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതെന്താണെന്നറിയുമോ?” മാഷ് ചോദിച്ചു.
സലീം ചാടിയെഴുന്നേറ്റ് പറഞ്ഞു: ”നമ്മുടെ ചെറിയ ചെറിയ പാപങ്ങള്‍!”
”അതെ, മിടുക്കന്‍! അതൊന്ന് വിശദീകരിക്കാമോ?”
”നാം ചെയ്തു പോകുന്ന പാപങ്ങള്‍ പൊറുത്തുതരുവാന്‍ അല്ലാഹുവിനോട് തേടാതെ നടക്കുകയും പാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ ദിവസം തോറും അതുകൊണ്ട് പ്രയാസം വര്‍ധിച്ചുകൊണ്ടിരിക്കും.”
”അതെ, നീട്ടിപ്പിടിച്ചിരിക്കുന്ന കയ്യിലെ ഗ്ലാസിന്റെ ഭാരം കൂടിക്കൊണ്ടിരിക്കുകയും സമയം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ കൈ പൂര്‍വ സ്ഥിതിയിലാകാന്‍ ഏറെ പ്രയാസമായിരിക്കും. പാപങ്ങള്‍ നിസ്സാരമായതാണെങ്കിലും അധികരിച്ചാല്‍ നമ്മള്‍ വലിയ പാപികളായി മാറും. നമ്മള്‍ എന്ത് തെറ്റും ചെയ്യാന്‍ മടിക്കാത്തവരായിത്തീരും. എന്നാല്‍ തന്റെ മനസ്സിലെ വിഷമങ്ങളും പ്രയാസങ്ങളും അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന പാപങ്ങളും കാരുണ്യവാനായ അല്ലാഹുവിന്റെ മുമ്പില്‍ ആത്മാര്‍ഥമായി അവതരിപ്പിക്കുകയും തെറ്റില്‍ ഖേദം പ്രകടിപ്പിച്ച് പൊറുത്തു തരാന്‍ ആവശ്യപ്പെടുകയും അതില്‍ നിന്ന് കഴിവിന്റെ പരമാവധി അകന്ന് നില്‍ക്കുകയും ചെയ്യുന്നവന് വല്ലാത്തൊരു സമാധാനം ലഭിക്കും. അവന്റെ പാപഭാരം വര്‍ധിക്കില്ല.”
”സാര്‍, നേരത്തെ ഞങ്ങള്‍ പഠിച്ച സൂറത്തുല്‍ ഫത്ഹിലെ 4ാമത്തെ ആയത്തിന്റെ അര്‍ഥം പറഞ്ഞുതന്നപ്പോള്‍ ‘അല്ലാഹുവാകുന്നു സത്യവിശ്വാസികളുടെ ഹൃദയത്തില്‍ ശാന്തി ഇറക്കിക്കൊടുത്തത്’ എന്ന് മാഷ് പറഞ്ഞു തന്നിരുന്നു” സലീം പറഞ്ഞു.
”അതെ, മിടുമിടുക്കന്‍! അല്ലാഹുവാകുന്നു സമാധാനമേകുന്നവന്‍. വിജയം പ്രാപിച്ചവര്‍ പരമമായ ശാന്തിയിലും സമാധാനത്തിലുമായിരിക്കും.”
”സാര്‍, അവരെ സംബന്ധിച്ചു തന്നെയല്ലേ സൂറത്തുല്‍ ഫജ്‌റില്‍ സമാധാനമടഞ്ഞ ആത്മാവ് എന്ന് അല്ലാഹു പറഞ്ഞത്?” സമീന ചോദിച്ചു.
”യാ അയ്യതുഹന്നഫ്‌സുല്‍ മുത്മഇന്ന…”
അത് കേട്ടപ്പോള്‍ അധ്യാപകന്റ മനം കുളിര്‍ത്തു.
അറബി കഥ – പുനരാഖ്യാനം: തൻസീൽ
നേർപഥം വാരിക