മനുഷ്യൻ എത്ര ദുർബലൻ

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിമൂന്ന്

മനുഷ്യൻ എത്ര ദുർബലൻ ! "وخلق الإنسان ضعيفا"

ഭൂമിയിലെ മനുഷ്യരെ മുഴുവൻ കൊന്നൊടുക്കാൻ മാത്രം പ്രഹരശേഷിയുള്ള ആണവായുധങ്ങൾ കൈവശമുള്ള , ചന്ദ്രനിലെ ജിവിത സാധ്യതകളെ കുറിച്ച് പഠനം നടത്തുന്ന, ആകാശം മുട്ടെ കെട്ടിടങ്ങൾ പണിത് അഹങ്കരിക്കുന്ന, വിവര സാങ്കേതിക തികവിൽ നൂറു കടന്നു എന്ന് മേനിനടിക്കുന്ന …. മനുഷ്യൻ ഇന്ന് ഭയത്തിലാണ്. ഭൂരിഭാഗവും സ്വന്തം ഭവനങ്ങളിൽ അഭയം തേടിയിരിക്കുന്നു. അപരന് അഭിവാദ്യം പോലും അകലെ നിന്ന്! അടിയന്തിര ആവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഭരണാധികാരികളുടെ ശക്തമായ താക്കീത്… കാരണമെന്താണ്? ഒരു സോപ്പു വെള്ളം തട്ടിയാൽ നശിച്ചു പോവുന്ന, നഗ്നനേത്രം കൊണ്ട് കാണാത്ത ഒരു സൂക്ഷ്മ ജീവി !
മനുഷ്യന്റെ സർവ്വ ആയുധങ്ങളും പരാജയപ്പെട്ടിരിക്കുന്നു. അവൻ അക്ഷരാർത്ഥത്തിൽ കീഴടങ്ങി ! ആണവായുധത്തേക്കാൾ മൂർച്ചയുണ്ട് ഇന്നത്തെ സോപ്പുകുമിളകൾക്ക് ! വല്ലാത്ത കാലം! മനുഷ്യാ നീയെത്ര ദുർബലൻ !
മനുഷ്യരുടെ സ്രഷ്ടാവ് അവന്റെ ഗ്രന്ഥത്തിലൂടെ അത് എന്നോ പ്രഖ്യാപിച്ചിട്ടുണ്ട്.
(یُرِیدُ ٱللَّهُ أَن یُخَفِّفَ عَنكُمۡۚ وَخُلِقَ ٱلۡإِنسَـٰنُ ضَعِیفࣰا)

“നിങ്ങള്ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്ബലനായിക്കൊണ്ടാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌
[ النساء. 28]
അതെ ,അധികം ഭാരം ചുമക്കാൻ മനുഷ്യർക്കാവില്ല.
ഒരു ഉറുമ്പിനെ നോക്കൂ! നമ്മുടെ കണ്ണിൽ അത് നിസ്സാര ജീവി! പക്ഷേ, ഒരു നിലക്ക് മനുഷ്യനേക്കാൾ ശക്തിയുണ്ടതിന്. തന്റെ ശരീര ഭാരത്തേക്കാൾ പതിന്മടങ്ങ് ഭാരം വഹിക്കാൻ അതിനാവും!
മനുഷ്യനതിനാവില്ല. എത്ര ദുർബലൻ ! മനുഷ്യരേക്കാൾ കാഴ്ചയുള, കേൾവിയുള്ള,…. എത്ര ജീവികൾ ഇവിടെ ജീവിക്കുന്നു! അഹങ്കാരം മനസ്സിലേക്കു വരുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ പറ്റുന്ന രീതിയിൽ അവയൊക്കെ നമ്മുടെ ചുറ്റിലും തന്നെയുണ്ട്.

മനുഷ്യന്റെ ഏതു രംഗത്തും ദുർബലതയുണ്ട്. ഇമാം സഅദി (റ) പറയുന്നു:
بضعف الإنسان من جميع الوجوه ….
“മനുഷ്യൻ എല്ലാ മേഖലയിലും ദുർബലനായത് കൊണ്ട് …”
ഈ ദൗർബല്യം സ്രഷ്ടാവിനറിയുന്നത് കൊണ്ടാണ് മനുഷ്യർക്ക് ചെയ്യാനാവാത്ത ഒന്നും മതത്തിൽ അവൻ പഠിപ്പിച്ചിട്ടില്ല. പ്രയാസം തോന്നുന്നവർക്ക് ധാരാളം ഇളവുകളും നൽകി. ആ ഇളവുകൾ ഇന്ന് നമ്മൾ അനുഭവിക്കുന്നുണ്ട്. ജുമുഅക്ക് പോവേണ്ട നാം ഭവനങ്ങളിൽ നിന്ന് ളുഹർ നമസ്കരിക്കുന്നു. ഇതൊരു ഇളവാണ്. കാരുണ്യവാനായ റബ്ബിന്റെ ദുർബലരായ അടിമകകൾക്ക് അവൻ നൽകിയ ഔദാര്യം!

മനുഷ്യന്റെ ദുർബലത തെളിയിക്കാൻ നിരവധി കാര്യങ്ങൾ അല്ലാഹു പറയുന്നുണ്ട്.
നിസ്സാരമായ ഒരു ഇന്ദ്രീയ തുള്ളിയിൽ നിന്നാണ് മനുഷ്യന്റെ സൃഷ്ടിപ്പ് !
(خَلَقَ ٱلۡإِنسَـٰنَ مِن نُّطۡفَةࣲ فَإِذَا هُوَ خَصِیمࣱ مُّبِینࣱ)
മനുഷ്യനെ അവന് ഒരു ബീജകണത്തില് നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ എതിര്പ്പുകാരനായിരിക്കുന്നു.
[Surat An-Nahl 4]

ജനിക്കുമ്പോൾ ഒന്നുമറിയാത്തവനാണവൻ!
(وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمۡ لَا تَعۡلَمُونَ شَیۡـࣰٔا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَـٰرَ وَٱلۡأَفۡـِٔدَةَ لَعَلَّكُمۡ تَشۡكُرُونَ)

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില് നിന്ന് നിങ്ങള്ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില് അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്ക്കു അവന് കേള്വിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തു. നിങ്ങള് നന്ദിയുള്ളവരായിരിക്കാന് വേണ്ടി.
[Surat An-Nahl 78]

പിന്നീട് അല്ലാഹു പഠിപ്പിച്ചതാണവനെ.അവൻ സ്വയം പഠിക്കുന്നതല്ല.
(عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ)
മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു.
[Surat Al-Alaq 5]

ഇനി മനുഷ്യന് കിട്ടിയ പഠിപ്പോ, വളരെ തുഛം !
( وَمَاۤ أُوتِیتُم مِّنَ ٱلۡعِلۡمِ إِلَّا قَلِیلࣰا)

“അറിവില് നിന്ന് അല്പമല്ലാതെ നിങ്ങള്ക്ക് നല്കപ്പെട്ടിട്ടില്ല.”
[Surat Al-Isra’ 85]

ശരിയല്ലേ ? മനുഷ്യ ശരീരത്തിലെ തന്നെ പല ഭാഗങ്ങളെ കുറിച്ചുള്ള അറിവുകളും ഇന്നും ഭാഗീകമാണ്! പലകാര്യങ്ങൾക്കും ശ്രാസ്ത്രത്തിന് ഉത്തരം തന്നെയില്ല! ശുക്ലത്തിലെ ആൺ ബീജത്തേക്കാൾ ഭാരം കുറവും വേഗത കൂടുതലുമാണ് പെൺ ബീജങ്ങൾക്ക്. സ്വാഭാവികമായും അണ്ഡവുമായി കൂടിച്ചേരാൻ എപ്പോഴും സാധ്യത പെൺ ബീജങ്ങൾക്കാണ്.എന്നിട്ടുമെങ്ങിനെ ആൺകുട്ടികൾ ജനിക്കുന്നു എന്നത് ശാസ്ത്ര ലോകത്തിനിപ്പോഴും കൗതുകമാണ്. സ്രഷ്ടാവിന്റെ വൈഭവം എന്നാണ് നമുക്കുള്ള മറുപടി.
പർവ്വതങ്ങൾളും ഭൂമിയും നമുക്ക് മുന്നിലുള്ള സൃഷ്ടികളാണ്. അവ ചൂണ്ടികാണിച്ച് അല്ലാഹു പറയുന്നു:
(وَلَا تَمۡشِ فِی ٱلۡأَرۡضِ مَرَحًاۖ إِنَّكَ لَن تَخۡرِقَ ٱلۡأَرۡضَ وَلَن تَبۡلُغَ ٱلۡجِبَالَ طُولࣰا)
“നീ ഭൂമിയില് അഹന്തയോടെ നടക്കരുത്‌. തീര്ച്ചയായും നിനക്ക് ഭൂമിയെ പിളര്ക്കാനൊന്നുമാവില്ല. ഉയരത്തില് നിനക്ക് പര്വ്വതങ്ങള്ക്കൊപ്പമെത്താനും ആവില്ല, തീര്ച്ച.”
[Surat Al-Isra’ 37]

മനുഷ്യന്റെ ദുർബലത തെളിയുകയാണിവിടെ.
മനുഷ്യർ എത്ര ഉയർന്നു എന്ന് നടിച്ചാലും അവൻ അല്ലാഹുവിലേക്ക് കൈ നീട്ടി യാചിക്കേണ്ട ദരിദ്രനാണ് എന്ന മഹത്തായ സന്ദേശമാണ് ഇത്തരം ആയത്തുകളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ഇന്ന് അത് ശരിക്കും മനുഷ്യർക്ക് ബോധ്യമായി ക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ നിഴലിൽ നിന്ന് ദൈവവിശ്വാസത്തെ തമസ്കരിക്കാൻ ശ്രമിച്ചവരൊക്കെ ഇന്ന് മൃതസമാന മൗനത്തിലാണ്. അല്ലാഹുവിന്റെ പ്രഖ്യാപനം നോക്കൂ!

(۞ یَـٰۤأَیُّهَا ٱلنَّاسُ أَنتُمُ ٱلۡفُقَرَاۤءُ إِلَى ٱللَّهِۖ وَٱللَّهُ هُوَ ٱلۡغَنِیُّ ٱلۡحَمِیدُ)
“മനുഷ്യരേ, നിങ്ങള് അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്ഹനുമാകുന്നു.”
[Surat Fatir 15]

വിശ്വാസികൾ എപ്പോഴും ചൊല്ലേണ്ട ഒരു ദിക്റ് ആണല്ലോلا حول ولا قوة الا بالله എന്നത്. മനുഷ്യന്റെ ദുർബലത അവൻ പ്രാഖ്യാപിക്കുന്ന ഒരു വാചകം കൂടിയാണിത്. ഒരു ശക്തിയും കഴിവും അല്ലാഹുവിനെ കൊണ്ടല്ലാതെയില്ല എന്നാണതിന്റെ പൊരുൾ.
ഇത് സ്വർഗത്തിലെ നിധിയാണ് എന്നാണ് പ്രവാചകാധ്യാപനം.
يَا عَبْدَ اللَّهِ بْنَ قَيْسٍ “. قُلْتُ : لَبَّيْكَ رَسُولَ اللَّهِ. قَالَ : ” أَلَا أَدُلُّكَ عَلَى كَلِمَةٍ مِنْ كَنْزٍ مِنْ كُنُوزِ الْجَنَّةِ ؟ ” قُلْتُ : بَلَى يَا رَسُولَ اللَّهِ فَدَاكَ أَبِي وَأُمِّي. قَالَ : ” لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ “
സ്വർഗത്തിലെ നിധിയായ ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? അബ്ദുല്ലാഹിബ്ൻ ഖൈസിനോട് നബി (സ) ചോദിച്ചു. അതെ. لا حول ولا قوة الا بالله എന്നതാണത്.
(ബുഖാരി : 4205)

ഇതിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) പറയുന്നു:
وقال النووي: هي كلمة استسلام وتفويض، وأن العبد لا يملك من أمره شيئا، وليس له حيلة في دفع شر ولا قوة في جلب خير إلا بإرادة الله تعالى.
ഇത് കീഴടങ്ങലിന്റേയും കാര്യങ്ങൾ ഏൽപിച്ചു കൊടുക്കുന്നതിന്റേയും വാക്യമാണ്. ഒരടിമ അവന്റെ ഒരു കാര്യവും സ്വന്തമായി ഉടമപ്പെടുത്തുന്നില്ല. ഒരു നന്മ ചെയ്യാനും തിന്മയെ തടയാനും അല്ലാഹുവിന്റെ ഉദ്ദേശ്യമുണ്ടെങ്കിലല്ലാതെ സാധ്യമല്ല. (ഫത്ഹുൽ ബാരി. 2704 മത്തെ ഹദീസിന്റെ വിശദീകരണം)

അടിമ ഈ വാക്യം പറയുമ്പോൾ അല്ലാഹു ഇങ്ങനെ പറയും
عن أبي هريرة:] ألا أدُلُّكَ على كلمةٍ من تحتِ العرشِ من كنزِ الجنَّةِ؟ تقول: لا حولَ ولا قوةَ إلا بالله. فيقولُ اللهُ عزَّ وجلَّ: أسلَمَ عبدي واستسلمَ
എന്റെ അടിമ വിശ്വസിച്ചു , അവൻ കഴടങ്ങി!
السلسلة الصحيحة ٤/٣٥ الألباني

അതെ , നമക്ക് റബ്ബിന്റെ മുന്നിൽ കീഴൊതുങ്ങുകയല്ലാതെ നിർവാഹമില്ല! അതാണ് ബുദ്ധി!
മുകളിലേക്ക് വലിച്ച ശ്വാസം താഴേക്ക് വിടണമെങ്കിൽ അല്ലാഹുവിന്റെ സഹായം തന്നെ വേണം. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്കതിനു കഴിയില്ല.
കൊറോണ ബാധിച്ച് ശ്വാസതടസ്സം നേരിട്ട് നിരവധി പേർ നിത്യേന മരിക്കുന്നു (അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ – ആമീൻ) അതു നോക്കി നിൽക്കാൻ മാത്രമേ മനു ഷ്യന് കഴിയുന്നുള്ളൂ!
അല്ലാഹുവിന്റെ ഈ വചനം എത്ര ശരി !

(فَلَوۡلَاۤ إِذَا بَلَغَتِ ٱلۡحُلۡقُومَ
وَأَنتُمۡ حِینَىِٕذࣲ تَنظُرُونَ .
وَنَحۡنُ أَقۡرَبُ إِلَیۡهِ مِنكُمۡ وَلَـٰكِن لَّا تُبۡصِرُونَ
فَلَوۡلَاۤ إِن كُنتُمۡ غَیۡرَ مَدِینِینَ . تَرۡجِعُونَهَاۤ إِن كُنتُمۡ صَـٰدِقِینَ .

“എന്നാല് അത് (ജീവന്) തൊണ്ടക്കുഴിയില് എത്തുമ്പോള് എന്തുകൊണ്ടാണ് (നിങ്ങള്ക്കത് പിടിച്ചു നിര്ത്താനാകാത്തത്‌?)
നിങ്ങള് അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്. പക്ഷെ നിങ്ങള് കണ്ടറിയുന്നില്ല.
അപ്പോള് നിങ്ങള് (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കിൽ .
നിങ്ങള്ക്കെന്തുകൊണ്ട് അത് (ജീവന്) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള് സത്യവാദികളാണെങ്കില്.”

മരണം നോക്കി നിൽക്കാൻ മാത്രമേ മനുഷ്യനാവൂ! അവൻ തീർത്തും ദുർബലനാവുന്ന നിമിഷം !
സകല അഹങ്കാരങ്ങളും നിന്നു പോവുന്ന സമയം !

ഒരു ലേഖനത്തിൽ വായിച്ച കഥ സൂചിപ്പിച്ച് നിർത്താം.
ഒരു പണ്ഡിതനോട് അയാളുടെ വിജ്ഞാനം പരീക്ഷിക്കാൻ വേണ്ടി ഒരു രാജാവ് ചോദിച്ചു: എന്തിനാണ് അല്ലാഹു ഈച്ചകളെ പടച്ചത് ?
പണ്ഡിതൻ മറുപടി പറഞ്ഞു: മനുഷ്യന്റെ അഹങ്കാരത്തെ തകർക്കാൻ. ?
അതെങ്ങനെയാണ്?
ഈച്ച കാഷ്ഠത്തിൽ ഇരിക്കുന്നു.എന്നിട്ട് മനുഷ്യന്റെ മുഖത്തും വന്നിരിക്കും! മനുഷ്യനാവട്ടെ അതിനെ തടയാനാവുന്നുമില്ല!

അതെ മനുഷ്യർ ദുർബലനാണ്. അല്ലാഹുവാണ് ശക്തിയുള്ളവൻ. നമുക്ക് അവനിലേക്ക് മടങ്ങാം.
അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ.

Leave a Comment