പ്രവാചകചരിത്രം പഠിച്ചു തുടങ്ങാം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം
വിഭവങ്ങളൊരുക്കാം

പാഠം : പത്ത്

പ്രവാചകചരിത്രം പഠിച്ചു തുടങ്ങാം... نبدأ دراسة السيرة النبوية

ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് (റ) യുടെ സുപ്രസിദ്ധമായ ഗ്രന്ഥമാണ്الأصول الثلاثة എന്നത്. ഒരു വ്യക്തി നിർബന്ധമായും ജ്ഞാനിയാവേണ്ടേ മൂന്ന് അടിസ്ഥാനങ്ങളെ കുറിച്ചാണ് ഇമാം അതിൽ വിവരിച്ചിട്ടുളളത്. അദ്ദേഹം പറയുന്നു:
فإذا قيل لك ما الأصول الثلاثة التي يجب على الإنسان معرفتها؟فقل معرفة العبد ربه ودينه ونبيه.
“ഒരു മനുഷ്യൻ നിർബന്ധമായും പഠിച്ചിരിക്കേണ്ട മൂന്ന് അടിത്തറകൾ ഏതൊക്കെയാണെന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ നീ പറയണം , ഒരു അടിമ തന്റെ റബ്ബിനേയും അവന്റെ മതത്തേയും അവന്റെ പ്രവാചകനേയും പഠിക്കലാകുന്നു അത്. “

ഈ മൂന്ന് കാര്യങ്ങളിൽ മൂന്നാമത്തേതാണ് നാം ഇന്ന് ചർച്ച ചെയ്യുന്നത്.

നമുക്ക് നിരവധി വ്യക്തികളെ പരിചയമുണ്ടാവും. നമ്മുടെ കുടുംബക്കാർ , കൂട്ടുകാർ, സഹപ്രവർത്തകർ, നാട്ടുകാർ …..അങ്ങനെ പലരേയും . അവരുടെ പേര് , കുടുംബം ,നാട്, ജോലി, മക്കൾ,….. എല്ലാം നമുക്കറിയാം. എന്നാൽ ഇവരേക്കാളെല്ലാം നമുക്ക് ബന്ധവും കടപ്പാടും ആരോടാണ്? സംശയം വേണ്ട; അത് നമ്മുടെ നേതാവായ റസൂൽ (സ) യോട് തന്നെയാണ്. എന്നാൽ ആ റസൂലിനെ കുറിച്ച് നമ്മുടെ വിവരമെന്താണ്? അവിടുത്തെ ജനനം, ജീവിതം, കുടുംബം, മരണം …. ഇതിനെ കുറിച്ചൊക്കെയുള്ള നമ്മുടെ ജ്ഞാനത്തിന്റെ അവസ്ഥ എന്താണ്? നമ്മുടെ ശഹാദത്തിൽ നാം ചേർത്തു പറഞ്ഞിട്ടുള്ള റസൂലിനെ കുറിച്ച് നമ്മൾ പഠിക്കേണ്ടതില്ലേ? തീർച്ചയായും. ഇതുവരെ അത്തരമൊരു ശ്രമം ബോധപൂർവ്വം നമ്മിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? വിമർശിക്കാനല്ല; ആത്മവിചിന്തനത്തിനു വേണ്ടി മാത്രം പറയുകയാണ്. ഇല്ലെങ്കിൽ ഉണ്ടാവണം. അതിനു പറ്റിയ സമയമാണിത്. ഭൂരിഭാഗം ആളുകൾക്കും ഒഴിവ് സമയം ധാരാളമുണ്ടിപ്പോൾ. ഈ ലോക് ഡൗൺ കഴിയുന്നതിനു മുമ്പ് പ്രവാചക ചരിത്രം ഒരു തവണ വായിച്ചു തീർക്കും എന്നു നാം ദൃഢനിശ്ചയം ചെയ്താൽ നടക്കില്ലേ? നടക്കും എന്നാണ് തോന്നുന്നത്. എല്ലാ ഭാഷകളിലും പ്രവാചകന്റെ ജീവചരിത്ര കൃതികൾ ലഭ്യമാണ്. നമ്മുടെയൊക്കെ വീടുകളിലും അതുണ്ടാവും. ഇല്ലാത്തവർ വാങ്ങണം. വാങ്ങിയാൽ പോരാ വായിക്കണം.

നബി (സ) യെ കുറിച്ചുള്ള പഠനം നമ്മുടെ ഈമാനിൽ ചെറുതല്ലാത്ത വർധനവുണ്ടാക്കും എന്നതിൽ സന്ദേഹമില്ല. ലോകത്ത് നമ്മുടെ നേതാവിനേക്കാൾ മഹത്വമുള്ള മറ്റൊരു വ്യക്തിത്വമുണ്ടോ?
അവിടുത്തെ മുഴുവൻ കാര്യങ്ങളും നമുക്ക് മാതൃകയാണ്.
നബി ജീവിതത്തിന്റെ സൂക്ഷ്മ മേഖലകൾ വരെ രേഖപ്പെട്ടു കിടക്കുന്നുണ്ട്.
അല്ലാഹു തന്നെ നബി (സ) യെ എമ്പാടും പുകഴ്ത്തിയിട്ടുണ്ട്.
(وَإِنَّكَ لَعَلَىٰ خُلُقٍ عَظِیمࣲ)
“തീര്ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.”
(ഖലം : 4 )
അല്ലാഹു ഇങ്ങനെ പുകഴ്ത്തിയ ഒരു വ്യക്തിത്വം നമ്മുടെ നേതാവല്ലാതെ മറ്റാരുണ്ട്?! ഉള്ളും പുറവും ഒരുപോലെ പരിശുദ്ധം, തികഞ്ഞ മാതൃക,…. ഇങ്ങനെ പ്രവാചക ജീവിതത്തെ പുകഴ്ത്താൻ എമ്പാടുമുണ്ട്. മുസ്ലിമല്ലാത്തവർ വരെ ഇന്ന് പ്രവാചകനെ പഠിച്ചു കൊണ്ടിരിക്കുന്നു. പ്രവാചകനെ പഠിച്ചതു കാരണം എത്രയാളുകളാണ് ഇസ്ലാം പുൽകിയത്!
കൊറോണ കാലത്ത് പ്രവാചക നിർദ്ദേശങ്ങളാണല്ലോ എല്ലാവരും ചര്യയാക്കിക്കൊണ്ടിരിക്കുന്നത്!! കാലാതിവർത്തിയായി പഠിക്കപ്പെടുന്ന ചര്യകളാണ് റസൂലിന്റേത്. ഇതൊക്കെ നമുക്കറിയാം. പക്ഷേ, ലോകം പഠിച്ചു കൊണ്ടിരിക്കുന്ന പ്രവാചകനെ നമ്മൾ എത്ര പഠിച്ചിട്ടുണ്ട് , എത്ര പഠിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വിഷയം.
അതിനാൽ, പ്രവാചകനെ(സ) പഠിക്കൽ ഇന്നുതന്നെ തുടങ്ങി വെക്കാം.

സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ മാത്രം രചിക്കപ്പെട്ട പ്രവാചക ചരിത്ര ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്. അതവലംബിക്കലാണ് നല്ലത്.
من فى الدنيا مثل محمد صلى الله عليه وسلم
എന്നأبو عبد الرحمن عادل شوشة എന്ന ആധുനിക പണ്ഡിതന്റെ കൃതി ഈ കുറിപ്പുകാരന് ഏറെ ആകർഷകമായി തോന്നിയ ഒന്നാണ്. ഈ വിഷയത്തിലെ ഏതെങ്കിലും ഒരു കൃതി വായിച്ചിരിക്കുക എന്നതാണ് ലക്ഷ്യം. അത് ചെറുതാവാം വലുതാവാം. അതിനുള്ള ഒരു താൽപര്യമാണ് നമുക്ക് ആദ്യം ഉണ്ടാവേണ്ടത്. ഈ ഒഴിവു സമയം അതിനൊരു തുടക്കമാവട്ടെ. വായിക്കാൻ സൗകര്യമില്ലാത്തവർ ഈ വിഷയത്തിലെ പ്രഭാഷണങ്ങൾ കേൾക്കാനെങ്കിലും ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

ആമീൻ.

4 thoughts on “പ്രവാചകചരിത്രം പഠിച്ചു തുടങ്ങാം-അബ്ദുൽ മാലിക് സലഫി”

    • وعليكم السلام ورحمة الله وبركاته
      its already in app.
      please check category named: നബി ചരിത്രം

      Reply
  1. ഇബ്റാഹീം നബിയുടെ ചരിത്രം ഈ App ൽ കണുന്നില്ല.
    ഇതിൽ എഴുതമോ?

    Reply
    • പ്രവാചകന്മാർ എന്ന കാറ്റഗറി സന്ദർശിക്കൂ. അതിൽ എല്ലാ നബിമാരുടെയും ചരിത്രമുണ്ട്

      Reply

Leave a Reply to Shebeer Cancel reply