ഹദീസ് – 8

ഹദീസ് - 8

“നിങ്ങളിൽ ഒരാൾ തന്റെ ഇസ്ലാമിനെ നന്നാക്കിയാൽ (അഥവാ അവൻ യഥർത്ഥ മുസ്ലിമായാൽ) അവൻ ചെയ്യുന്ന എല്ലാ നൻമയും അതിന്റെ പത്ത് ഇരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയായി അവന് രേഖപ്പെടുത്തപ്പെടും. (അതുപോലെ) അവൻ ചെയ്യുന്നതായ എല്ലാ തിൻമയും അതുപോലെ (ഇരട്ടിയാവാതെ) അവന് രേഖപ്പെടുത്തപ്പെടും.” (ബുഖാരി, മുസ്ലിം)

അബൂഹുറൈറ (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– ഇസ്ലാമികമായ ചിട്ടവട്ടങ്ങളിൽ കൃത്യതയോടെ തുടരുന്നതിന്റെ മഹത്വമറിയിക്കുന്നതാണ് ഈ ഹദീസ്. കുർആനും തിരുസുന്നത്തും പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ നേരാംവണ്ണം നടപ്പിലാക്കാൻ സാധിക്കണം. അങ്ങനെ ചെയ്യുന്നവർക്കുള്ള പ്രതിഫലമാണ് നബി (സ) അറിയിക്കുന്നത്.
– ഒരാളുടെ ഇസ്ലാം കുറ്റമറ്റതായാൽ അവൻ ചെയ്യുന്ന സൽകർമങ്ങളൊക്കെയും ഇരട്ടിയായി രേഖപ്പെടുത്തപ്പെടും, അവന്റെ ആത്മാർത്ഥതക്കനുസരിച്ച് അത് 10 മുതൽ 700 വരെ ഇരട്ടിയായി പ്രതിഫലം നൽകപ്പെടും.
– എന്നാൽ അവൻ ഒരു തിൻമ ചെയ്താൽ അത് ഒരു തിൻമ മാത്രമായാണ് രേഖപ്പെടുത്തപ്പെടുക.

– ഇസ്ലാമിലെ പല കർമങ്ങൾക്കുമുള്ള പ്രതിഫലം അനേകം ഇരട്ടിയാണ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ഒരു ധാന്യം ഏഴു കതിരുകളിലായി എഴുന്നൂറോളം ധാന്യങ്ങളെ ഉത്പാദിപ്പിക്കുന്നത് (ബക്വറ:261) പോലെയാണ് ദാനം പോലുള്ള കർമങ്ങളുടെ പ്രതിഫലം നൽകപ്പെടുന്നത്.
– ഒരാൽ ഇസ്ലാമിലേക്ക് പുതുതായി കടന്ന് വരികയാണെങ്കിൽ അവൻ മുമ്പ് ചെയ്ത എല്ലാ പാപങ്ങളും മായ്ക്കപ്പെടും. അതും ഈ മതത്തിന്റെ പ്രത്യേകതയാണ്.
– തനിക്ക് അനുഗുണമല്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ ഒരാളുടെ നല്ല ഇസ്ലാമിന്റെ ലക്ഷണമാണ്.
– ചില കർമങ്ങൾ ചെയ്യാൻ എളുപ്പമുള്ളതും എന്നാൽ അതിന്റെ പ്രതിഫലം അതിമഹത്തരമായതുമാണ്. അത്തരം വാക്കുകളും, പ്രവർത്തനങ്ങളും പഠിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ അത് നമുക്ക് വളരെയേറെ ഗുണകരമാകും.
– കിട്ടിയ സമയങ്ങൾ പാഴാക്കാതെ ഇത്തരം ഇരട്ടി പ്രതിഫലങ്ങൾ നേടിയെടുക്കാൻ നാം സദാ ശ്രമിക്കണം.

Leave a Comment