ഹദീസ് - 4

“ക്വബ്റിന്മേൽ കുമ്മായം പൂശുന്നതും, അതിന്മേൽ ഇരിക്കുന്നതും, അതിന്മേൽ കെട്ടിപ്പൊക്കുന്നതും റസൂൽ വിരോധിച്ചിരിക്കുന്നു.”- മുസ്ലിം: 2205
– ഹദീസ് റിപ്പോർട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറു ബ്നു ഹറാം അൽ അൻസ്വാരി അൽഖസ്റജി, മരണം: ഹിജ്:71.
– ക്വബറുമായി ബന്ധപ്പെട്ട ചില വിലക്കുകളാണ് ഈ ഹദീസിൽ അറിയിച്ചിട്ടുള്ളത്.
– ക്വബ്ർ കുമ്മായം പൂശാൻ പാടില്ല. അതിനെ പെട്ടെന്ന് തിരിച്ചറിയുന്ന വിധമുള്ള പെയിന്റ് ചെയ്യൽ പോലെയുള്ള ഒന്നും പാടില്ല. അതിന് എന്തോ പ്രത്യേകത ഉണ്ടെന്ന് വരുത്തിത്തീർക്കുന്ന വിധം ക്വബ്റിനെ ഇങ്ങനെ ചെയ്യൽ നബി (സ) ആണ് വിലക്കിയത്.
– ക്വബ്റിന്മേൽ ഇരിക്കാൻ പാടില്ല. അതിൽ തന്റെ മുസ്ലിം സഹോദരനെ നിന്ദിക്കൽ ഉണ്ട്. ആരെയും നിന്ദിക്കാൻ പാടുള്ളതല്ല, അവർ ജീവിക്കുന്നവരായാലും മരിച്ചവരായാലും.
– ക്വബ്ർ കെട്ടിപ്പൊക്കൽ ഹറാം (നിഷിദ്ധം) ആണ്. ക്വബ്ർ കെട്ടിപ്പൊക്കുന്നത് ശിർക്കിലേക്കും അതിരു വിടുന്നതിലേക്കും ഉള്ള മാർഗമാണ്. ക്വബ്റുകളെ പള്ളികളാക്കുവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. നമ്മുടെ നാട്ടിൽ പല ക്വബ്കളേയും ഈ രൂപത്തിൽ ആരാധനാ കേന്ദ്രങ്ങളാക്കിയത് നമുക്ക് കാണാം.
– കെട്ടിപ്പൊക്കിയ ക്വബ്റുകളെ നിരപ്പാക്കാൻ നബി (സ) അലി (റ) വിനെ ഏൽപിച്ചതായി സ്വഹീഹ് മുസ്ലിമിലെ 2203-ാമത്തെ ഹദീസിൽ കാണാം. ഒരു ചാൺ ഉയരത്തിൽ മൺകൂനയാണ് ക്വബ്റിനെ തിരിച്ചറിയാൻ മതം നിശ്ചയിച്ചിട്ടുള്ളത്. അത് എത്ര മഹത്വമുള്ളവരുടെ ക്വബ്റായാലും ശരി.
– നബി (സ) യുടെ ക്വബ്റും ആ രൂപത്തിലാണെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.
– ഈ മൂന്ന് കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ മുസ്ലിം നാമധാരികളായ പലരും നബി(സ) യുടെ ഈ വിലക്കിനെ വകവെക്കുന്നില്ല എന്ന് നമുക്ക് കാണാനാവും.
– നബി (സ) യുടെ കൃത്യമായ വിലക്കുണ്ടായിട്ട് ഓരോ ന്യായങ്ങൾ പറഞ്ഞ് ഇത്തരം അനിസ്ലാമിക കാര്യങ്ങൾ ചെയ്യുന്നവർ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങേണ്ടിയിരിക്കുന്നു.
– ക്വബ്റുകളുമായി ബന്ധപ്പെടുത്തപ്പെട്ട അല്ലെങ്കിൽ ഉള്ളിൽ ക്വബ്റുള്ള പള്ളികളിൽ നമസ്കരിക്കാവതല്ല.