ഹദീസ് 2

“ഒരാളും മറ്റൊരാളോട് പൊങ്ങച്ചം കാണിക്കാത്ത വിധം നിങ്ങൾവിനയം കാണിക്കാനും, ഒരാളും മറ്റൊരാളുടെമേൽ അതിക്രമം കാണിക്കാതിരിക്കാനും അല്ലാഹു എനിക്ക് ദിവ്യബോധനം നൽകിയിരിക്കുന്നു.” (മുസ്ലിം:7313).
– ഹദീസ് റിപ്പോർട്ട് ചെയ്തത്. ഇയാദ ബ്നു ഹിമാരിൻ അൽ മുജാശിഈ അത്തമീമി.
– വിനയം അല്ലെങ്കിൽ താഴ്ച എന്ന സവിശേഷ ഗുണത്തെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്.
– ഒരു മനുഷ്യന്റെ നല്ല സ്വഭാവങ്ങളിൽ പെട്ടതാണ് അവൻ വിനയമുള്ളവനാവുക എന്നത്.
– പെരുമയും പൊങ്ങച്ചവും പറഞ്ഞ് അഹന്ത കാണിക്കുന്ന സ്വഭാവം ശരിയല്ല. അത് ഒരാൾക്കും ഇഷ്ടമാവുകയുമില്ല. അത് കൊണ്ട് നഷ്ടങ്ങൾ മാത്രമേ വന്ന് ഭവിക്കൂ.
– ഒരാളും മറ്റൊരാളുടെ മേൽ പൊങ്ങച്ചം കാണിക്കരുതെന്നും അക്രമം കാണിക്കരുതെന്നും വിനയം കാണിക്കണമെന്നും വഹ്യിന്റെ അടിസ്ഥാനത്തിലാണ് നബി അറിയിക്കുന്നത്.
– വിശുദ്ധ കുർആനിലും, ഹദീസുകളിലും വിനയത്തെപ്പറ്റിയും അതിന്റെ വിപരീത സ്വഭാവത്തെപ്പറ്റിയുമെല്ലാം പരാമർശങ്ങൾ നിരവധിയുണ്ട്.
– ധനം കൊണ്ടോ, അറിവ് കൊണ്ടോ, ശക്തി കൊണ്ടോ, തറവാടിത്തം കൊണ്ടോ ഒന്നും ഈ ദുഷിച്ച സ്വഭാവം ഉണ്ടായിക്കൂടാ.
– വിനയം കാണിക്കാനേ മനുഷ്യന് അർഹതയുള്ളൂ. അവൻ നിസാരമായ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് അവൻ ഓർക്കണം.
– ഇനി അവൻ എത്ര ഉന്നതങ്ങളിലെത്തിയാലും അഹങ്കാരം അവനെ തകർക്കുമെന്നതിന് ഫിർഔനിന്റെയും, ക്വാറൂനിന്റേയുമെല്ലാം അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.
– വിനയം കൊണ്ട് അല്ലാഹു ഔന്നിത്യം നൽകും എന്ന് നബി പഠിപ്പിച്ചിട്ടുമുണ്ട്.
– ഒരാളും മറ്റൊരാൾക്ക് ഒരു നിലക്കും ദ്രോഹം ഉണ്ടാക്കാൻപാടില്ല. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പോലും മറ്റുള്ളവർക്ക് ദ്രോഹമുണ്ടാകരുതെന്നാണ് പ്രവാചകാധ്യാപനം.
– പ്രകടനത്തിന് വേണ്ടിയുള്ള വിനയമല്ല വേണ്ടത്, മറിച്ച്അല്ലാഹുവിന്റെ കാര്യത്തിൽ അവന്റെ പ്രതിഫലം കാംക്ഷിച്ചുള്ളതായിരിക്കണം.