ഇസ്തിഖാറയുടെ പ്രാർത്ഥന

ഇസ്തിഖാറയുടെ പ്രാർത്ഥന

മൂഹമ്മദ് നാസിറുദ്ദീൻ അൽ അൽബാനി (رحمه الله)

ചോദ്യം : ഇസ്തിഖാറയുടെ ¹ പ്രാർത്ഥന നിർവ്വഹിക്കുന്ന ഒരാൾക്ക്, ഒന്നിലേക്കും ചായ് വില്ലാത്ത വിധം 50 – 50 എന്ന നിലയിൽ സമമായി നിൽക്കുന്ന രണ്ട് വിഷയങ്ങളുണ്ടെങ്കിൽ, അയാൾ പ്രാർത്ഥനയിൽ എന്തു പറയണം? 

ശൈഖ് അൽബാനി (رحمه الله) : അവന്ന് (ഏതെങ്കിലും ഒന്ന് ചെയ്യാനുള്ള) ഉദ്ദേശമില്ല²  എന്നാണ് നിങ്ങളുടെ ചോദ്യത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് . അങ്ങനെയാകുമ്പോൾ അവൻ ഇസ്തിഖാറ നിർവ്വഹിക്കേണ്ടതില്ല. 

ചോദ്യം : ആരാണ് ഇസ്തിഖാറ ചെയ്യേണ്ടത്. ഏത് ചെയ്യണമെന്ന വിഷയത്തിൽ ആശയക്കുഴപ്പമുള്ള ഒരുവനാണോ അതല്ല , ഏത് ചെയ്യണമെന്ന് തീരുമാനിച്ചുറച്ചവനോ ?

ശൈഖ് അൽബാനി (رحمه الله) : അല്ല. ഇസ്തിഖാറയുടെ പ്രാർത്ഥന ആശയക്കുഴപ്പത്ത ദൂരീകരിക്കുകയില്ല. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചുറച്ച ശേഷമാണ് ഇസ്തിഖാറ. ഇവിടെയാണ് ഇസ്തിഖാറ നിർവ്വഹിക്കേണ്ടത്. ഒരു മുസ്ലീം ചെയ്യാനുദ്ദേശിച്ചിട്ടില്ലാത്ത ഒരു കാര്യത്തെ സംബന്ധിച്ച സംശയങ്ങളും അനിശ്ചിതത്വങ്ങളും നീക്കാനുതകുന്ന ഒന്നല്ല ഇസ്തിഖാറയുടെ പ്രാർത്ഥന.

ചോദ്യം : ഇസ്തിഖാറയുടെ പ്രാർത്ഥന നടത്തേണ്ടത് തസ്ലീമിന്റെ (നമസ്കാരത്തിൽ നിന്നും സലാം വീട്ടുന്നതിനു) മുമ്പാണോ അതോ ശേഷമോ?

ശൈഖ് അൽബാനി (رحمه الله) : തസ്ലീമിന് ശേഷം.

ചോദ്യം : ഇസ്തിഖാറയുടെ പ്രാർത്ഥന ആവർത്തിക്കാൻ പറ്റുമോ?

ശൈഖ് അൽബാനി (رحمه الله) : അവന്റെ ഇസ്തിഖാറ ശരീഅത്തിന് അനുസൃതമല്ലെങ്കിൽ, അത് ആവർത്തിക്കാവുന്നതാണ് . ഹൃദയത്തിന്റെ സാന്നിദ്ധ്യമില്ലാതെ വെറും വാക്കുകൾ ഉരുവിട്ടു കൊണ്ട് മാത്രമാണ് ഇസ്തിഖാറ നടത്തുന്നതെങ്കിൽ, ശരീഅത്തിന് അനുസ്യതമല്ലാതാകാൻ അതു തന്നെ മതിയാകും , അവന്റെ ഈ അശ്രദ്ധയെ കുറിച്ച് അവൻ സ്വയം തന്നെ ബോധവാനാണ് എങ്കിൽ (ഇസ്തിഖാറ നമസ്കാരം) ആവർത്തിക്കാൻ അവൻ നിർബന്ധിതനാണ് . അതല്ല , അങ്ങനെ അവന് തോന്നി യില്ലെങ്കിൽ, (അത് ആവർത്തിക്കുന്നതിലൂടെ) അവൻ ബിദ്അത്ത് ചെയ്യുകയായി .

¹ ഇസ്തിഖാറ എന്നാൽ ഒരു വിഷയത്തിലുള്ള ഏറ്റവും നല്ലതിനെ (അല്ലാഹുവോട്) തേടുക എന്നതാണ്.

عَنْ مُحَمَّدِ بْنِ الْمُنْكَدِرِ، عَنْ جَابِرٍ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَلِّمُنَا الاِسْتِخَارَةَ فِي الأُمُورِ كُلِّهَا كَالسُّورَةِ مِنَ الْقُرْآنِ ‏ “‏ إِذَا هَمَّ بِالأَمْرِ فَلْيَرْكَعْ رَكْعَتَيْنِ، ثُمَّ يَقُولُ اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الْغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ عَاجِلِ أَمْرِي وَآجِلِهِ ـ فَاقْدُرْهُ لِي، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي ـ أَوْ قَالَ فِي عَاجِلِ أَمْرِي وَآجِلِهِ ـ فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ، وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ رَضِّنِي بِهِ‏.‏”

ജാബിർ (റ) പറയുന്നു . പ്രവാചകൻ (ﷺ) ഖുർആൻ സൂറത്തുകൾ പഠിപ്പിച്ചിരുന്നത് പോലെ എല്ലാ കാര്യങ്ങളിലും ഇസ്തിഖാറത്ത് ചെയ്യുവാൻ ഞങ്ങളെ പഠിപ്പിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു നിങ്ങളിലാരെങ്കിലും ഒരു കാര്യം ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിക്കുകയും ശേഷം ഇങ്ങിനെ പ്രാർത്ഥിക്കുകയും ചെയ്യട്ടെ. “അല്ലാഹുവേ നിന്റെ അറിവിനെ മുൻനിർത്തി നിന്നോട് ഞാൻ നൻമയെ ചോദിക്കുന്നു, നിന്റെ കഴിവിന്റെ അടിസ്ഥാനത്തിൽ ഞാൻ നിന്നോട് കഴിവ് ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽനിന്നും ഞാൻ നിന്നോട് തേടുകയും ചെയ്യുന്നു . കാരണം നിനക്കാണ് കഴിയുക ; എനിക്ക് കഴിയുകയില്ല. നിനക്കാണ് അറിയുക; എനിക്ക് അറിയുകയില്ല. നീ അദ്യശ്യങ്ങൾ അറിയുന്നവനാണ്. അല്ലാഹുവേ എന്റെ ഈ കാര്യം ( കാര്യം ഏതെന്ന് പറയുക ) എനിക്ക് എന്റെ മതത്തിന്റെ വിഷയത്തിലും ജീവിതവിഷയത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും നന്മയായി നീ അറിയുന്നുവെങ്കിൽ അതെനിക്ക് വിധിക്കുകയും അതിനെ എനിക്ക് എളുപ്പമാക്കി തരികയും പിന്നീട് എനിക്കതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഈ കാര്യം (കാര്യം ഏതെന്ന് പറയുക) എന്റെ മതത്തിന്റെ വിഷയത്തിലും എന്റെ ജീവിത വിഷയത്തിലും എന്റെ കാര്യത്തിന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമായാണ് നീ അറിയുന്നതെങ്കിൽ എന്നിൽനിന്നും അതിനെയും, അതിൽനിന്നും എന്നെയും നീ തിരിച്ചു വിടേണമേ. നന്മ എവിടെയാണാ അതെനിക്ക് വിധിക്കുകയും ശേഷം അതിൽ എനിക്ക് നീ സംത്യപ്തി നൽകുകയും ചെയ്യേണമേ.” (സ്വഹീഹുൽ ബുഖാരി)

² ഉദ്ദേശമെന്നത് ബുഖാരിയിൽ വന്ന ഹദീഥിലെ വാചകം സൂചിപ്പിച്ചു കൊണ്ടുള്ളതാണ് . നബി (ﷺ) പറയുന്നു “നിങ്ങളിലാരെങ്കിലും വല്ലതും ചെയ്യാൻ ഉദ്ദേശിച്ചാൽ, അവൻ രണ്ട് റക്അത്ത് നമസ്ക്കരിച്ച ശേഷം ഇപ്രകാരം പറയട്ടെ (ഇസ്തിഖാറയുടെ പ്രാർത്ഥന)” സ്വഹീഹുൽ ബുഖാരി , ഹദീഥ് ന:6382 

അവലംബം: സിൽസിലതുൽ ഹുദാ വന്നൂർ: ന: 206 (ചോ: 10), 664 (ചോ: 5) , 426(ചോ: 12)

3 thoughts on “ഇസ്തിഖാറയുടെ പ്രാർത്ഥന”

  1. മാഷാഅല്ലാഹ്‌. വളരെ നല്ലത്.

    ഈ ദുആ യുടെ മലയാള വാക്കർത്ഥം പ്രേത്യേകം ലഭിക്കുമോ. Inshaallah

    ഈ പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ

    Reply
  2. അസ്സലാമുഅലൈക്കും

    ദുആ ഉൽ ഇസ്തികാര.
    വാക്കർത്ഥം ഇൻശാഅല്ലാഹ്‌
    Post ചെയ്യുമോ.
    അത് പഠനത്തിന് ഏറെ പ്രയോജനം ചെയ്യുന്നു.

    സയ്യിദുൽ ഇസ്തിഗ്ഫാർ post ചെയ്തത് വളരെ പ്രയോജനം ചെയ്തു. അൽഹംദുലില്ലാഹ്

    Reply

Leave a Reply to Rasheeda Cancel reply