സുന്നത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുക.​

സുന്നത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുക.

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ - (ഭാഗം- രണ്ട്)

സമീർ മുണ്ടേരി | ജുബൈൽ ദഅവാ സെന്റർ | മലയാള വിഭാഗം

ഇബ്നുൽ ഖയ്യിം (റഹി) എഴുതിയ അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം ലഭിക്കാനും പത്തു കാര്യങ്ങൾ എന്ന കൃതിയിൽ രണ്ടാമത്തെതായി വിശദീകരിക്കുന്നതാണ് സുന്നത്തിലൂടെ അല്ലാഹുവിലേക്ക്
അടുക്കുക എന്നത്.


യഥാർത്ഥത്തിൽ നിർബന്ധ കർമ്മങ്ങളാണ് അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും ശ്രേഷ്ഠമായത്. എന്നാൽ ഐച്ഛിക കാര്യങ്ങൾ അനുഷ്ഠിച്ചു കൊണ്ട് അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാൻ സാധിക്കുമെന്ന് പ്രമാണങ്ങളിൽ കാണാം. നിർബന്ധ കാര്യങ്ങൾ പൂർണമായി ചെയ്യുന്ന വ്യക്തി അല്ലാഹുവിനെ സ്നേഹിക്കുന്നു. അതിന്റെ കൂടെ സുന്നത്തുകൾ കൂടി നിർവഹിക്കുന്നവൻ അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കുന്നു.

അല്ലാഹു പറഞ്ഞതായി നബി (സ്വ) പറഞ്ഞു;
സുന്നത്തായ കർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും. അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നൽകുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നൽകുക തന്നെ ചെയ്യും” (ബുഖാരി: 6021)

നിർബന്ധ കാര്യങ്ങൾ ഒഴിവാക്കുന്നവർ കുറ്റക്കാരാണ്. എന്നാൽ ഐച്ഛീക കാര്യങ്ങൾ ഒഴിവാക്കുന്നതു കൊണ്ടു മാത്രം ഒരാൾ കുറ്റക്കാര നാവുകയില്ല. അതിനാൽ ഫർദ്വുകൾ മാത്രം ചെയ്യുന്നവരെക്കാൾ സുന്നത്തുകൾ കൂടി ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ അടുക്കൽ സ്ഥാനമുണ്ട്.

ഈ വിഷയത്തിൽ മഹാ പണ്ഡിതൻ ഇബ്നു ഹജർ (റഹി) പറഞ്ഞ ഉദാഹരണം ശ്രദ്ധേയമാണ്. നാം ആരുമായെങ്കിലും അടുപ്പം ആഗ്രഹി ച്ചാൽ നിർബന്ധമല്ലാത്ത ഒരു കാര്യം മുഖേനയായിരിരിക്കും അതു നേടിയെടുക്കാൻ ശ്രമിക്കുക. സമ്മാനങ്ങൾ കൊടുക്കുന്നതു പോലെ. നാം അടക്കാനുളള നികുതിയോ കൊടുത്തു വീട്ടാനുളള കടമോ കൊടുത്തു കൊണ്ട് അടുപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയില്ലല്ലോ?

ഫർദ്വുകളിലെ പോരായ്മകൾ പരിഹരിക്കും.
ഫർദ്വുകളിൽ പോരായ്മ വന്ന വ്യക്തിയുടെ കാര്യത്തിൽ പരലോകത്ത് വെച്ചു
അല്ലാഹു പറയും. എന്റെ അടിമക്ക്
സുന്നത്തായ വല്ല കർമ്മവും ഉണ്ടോ എന്നു നോക്കൂ, എന്നിട്ട് അതു കൊണ്ട് അവന്റെ
ഫർദ്വുകൾ പൂർത്തീകരിക്കൂ.
(തിർമുദി)

സുന്നത്തു നമസ്കാരങ്ങൾ

┈┈•✿❁✿•••┈

റവാത്തിബ് നമസ്കാരങ്ങൾ
••••••┈••••• ••••┈••
ഉമ്മു ഹബീബ (റ) യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണുന്നതു പോലെ റവാത്തിബ് സുന്നത്തുകൾ പന്ത്രണ്ട് റകഅത്താണ്. നിർബന്ധ നമസ്കരങ്ങളോടനുബന്ധിച്ച് അവക്ക് മുമ്പോ ശേഷമോ ആയി വരുന്ന ഐച്ഛിക നമസ്കാരങ്ങൾക്കാണ് റവാത്തിബ് സുന്നത്തുകൾ എന്നു പറയുന്നത്. ദിവസേന പന്ത്രണ്ട് റകഅത്ത് റവാത്തിബ് സുന്നത്തുകൾ നിർവഹിക്കുന്നവർക്ക് സ്വർഗത്തിൽ ഒരു ഭവനം ലഭിക്കുമെന്നാണ് ഉമ്മു ഹബീബ (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാൻ കഴിയുന്നത്.

രാത്രി നമസ്കാരം
••••••┈••••• ••••┈••
ഫർദ്വ് നമസ്കാരം കഴിഞ്ഞാൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള നമസ്കാരം രാത്രി നമസ്കാരമാണ്. ഇശാ നമസ്കരിച്ചു കഴിഞ്ഞാൽ സുബഹിയുടെ സമയത്തിന് മുമ്പായി എപ്പോൾ വേണമെങ്കിലും രാത്രി നമസ്കാരം നിർവഹിക്കാം. ഏറ്റവും
ഉത്തമമായ സമയം രാത്രിയുടെ
അന്ത്യയാമങ്ങളാണ്. ദ്വുഹാ നമസ്കാരം, മഗ്രിബിന് മുമ്പുളള രണ്ടു റകഅത്ത് സുന്നത്തായ നമസ്കാരം, വുദ്വുവിന് ശേഷമുളളത്, ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുളള സുന്നത്ത്, തഹിയത്ത് തുടങ്ങി അനേകം സുന്നത്തായ നമസ്കാരങ്ങൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. നബി (സ്വ) യാത്രയിൽ പോലും ഒഴിവാക്കാത്ത സുന്നത്തുകളാണ് വിത്റും സുബ്ഹിക്കു മുമ്പുളള രണ്ടു റകഅത്തും

സുന്നത്തു നോമ്പുകൾ
••••••┈••••• ••••┈••
അല്ലാഹു പറഞ്ഞതായി നബി (സ്വ) പറഞ്ഞു: “നോമ്പ് എനിക്കുളള താണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്” നോമ്പിന്റെ ശ്രേഷ്ഠതയും അല്ലാഹുവിന് ആ കർമ്മം അനുഷ്ഠിക്കുന്നവരോടുളള സ്നേഹവും ഈ ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

നിർബന്ധ നോമ്പുകൾക്ക് പുറമെ നബി (സ്വ) പഠിപ്പിച്ച സുന്നത്തായ നോമ്പുകളാണ് എല്ലാ തിങ്കളും വ്യാഴവും, അയ്യാമുൽ ബീദ്വ് (അറബി മാസങ്ങളിലെ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ മൂന്നു ദിവസങ്ങളിലെ നോമ്പ്) മുഹറം ഒമ്പത്, പത്ത് ദിവസങ്ങളിലെ നോമ്പ്, അറഫ നോമ്പ്, ശവ്വാലിലെ ആറു ദിവസത്തെ നോമ്പ്.

ദാന ധർമ്മങ്ങൾ
••••••┈••••• ••••┈••
നിർബന്ധ സകാത്തിന് പുറമെയാണിത്. ഐച്ഛികമായ ദാനധർമ്മം ചെയ്യുന്നവർ അല്ലാഹുവിനെ സ്നേഹിക്കുന്നവരും അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുന്നവരുമാണ്. കാരണം സമ്പത്തിനോട് സ്നേഹമു ളള അവന്റെ മനസ്സിനെ അവൻ നിയന്ത്രിച്ചു. മനുഷ്യനെക്കുറിച്ച് അല്ലാഹു പറഞ്ഞത് തീർച്ചയായും അവൻ ധനത്തോടുളള സ്നേഹം കഠിനമായവനാകുന്നു (ആദിയാത്ത് 8) എന്നാണ്.

നബി(സ) പറയുന്നു: ‘നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്റെ കോപത്തെ കെടുത്തിക്കളയുന്നതാണ്’ (സില്‍സിലത്തു സ്വഹീഹ).

അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി(സ്വ) പറഞ്ഞു:
(ആർക്കും നൽകാതെ) നീ (പണം)
ഭാണ്ഡത്തിലാക്കി വെക്ക രുത്, (എങ്കില്‍)
അല്ലാഹുവും അങ്ങനെ ചെയ്യും.
നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക..

(ബുഖാരി:- 1434)
••••••┈••••• ••••┈••

പ്രിയപ്പെട്ടവരെ, ഐച്ഛിക
കർമ്മങ്ങളിലൂടെ അല്ലാഹുവിലേക്ക്
അടുക്കുവാനും സ്വർഗം കരസ്ഥമാക്കുവാനും
നാം പരിശ്രമിക്കണം. സുന്നത്തായ കാര്യങ്ങൾ നഷ്ടപ്പെട്ടാൽ അങ്ങേയറ്റം പ്രയാസപ്പെടുന്നവരായിരുന്നു നമ്മുടെ
മുൻഗാമികൾ. മയ്യിത്ത് നമസ്കരിക്കുകയും
ശേഷം ജനാസയെ അനുഗമിക്കുകയും ചെയ്യുന്നവർക്ക് രണ്ട് ക്വീറാത്ത് പ്രതിഫലമുണ്ടെന്ന നബി വചനം ഇബ്നു ഉമർ (റ) ഏറെ വൈകിയാണ് കേൾക്കുന്നത്. ആ ഹദീസ് കിട്ടിയ ശേഷം
അദ്ദേഹം രണ്ട് ക്വീറത്ത് പ്രതിഫലം ലഭിക്കാൻ വേണ്ടി പരിശ്രമിക്കുമായിരുന്നു എന്നു കാണാം.
നമ്മളും സുന്നത്തുകളെ സ്നേഹിക്കുക, നമുക്ക് സാധിക്കുന്നത് സ്ഥിരമായി ചെയ്യുക.
അതിലൂടെ അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാനും
നമുക്ക് സാധിക്കും.
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ…

4 thoughts on “സുന്നത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുക.​”

  1. Masha Allah nalla arivugal nalgi sahayikunna zameel app edinh vendi parisramicha ellavarkkum Rubb subuhana thaala takkathaya pradhifalam eru lokathum pradanam cheyyatte Ameen

    Reply

Leave a Reply to Shefin Rasheed Cancel reply