വിശുദ്ധ ക്വുർആൻ അർത്ഥമറിഞ്ഞ് പാരായണം ചെയ്യുക.

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ - (ഭാഗം- ഒന്ന്)

സമീർ മുണ്ടേരി | ജുബൈൽ ദഅവാ സെന്റർ | മലയാള വിഭാഗം

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ, ഇബ്നുൽ ഖയ്യിം (റഹി) എണ്ണിപ്പറഞ്ഞ പത്ത് കാര്യങ്ങൾക്ക് ശൈഖ് അബ്ദുൽ അസീസ് മുസ്തഫ എഴുതിയ വിശദീകരണത്തെ മുന്നിൽ വെച്ചു തയ്യാറാക്കുന്ന കുറിപ്പുകളാണ് എഴുതാൻ ആഗ്രഹിക്കുന്നത്.
അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

(ഒന്ന്) വിശുദ്ധ ക്വുർആൻ അർത്ഥമറിഞ്ഞ് പാരായണം ചെയ്യുക.

വിശുദ്ധ ക്വുർആൻ അല്ലാഹുവിന്റെ സന്ദേശമാണ്. ഹസൻ ബിൻ അലി (റ) പറഞ്ഞു:
‘’നിങ്ങൾക്കു മുമ്പുളളവർ ക്വുർആനിനെ തങ്ങളുടെ രക്ഷിതാവിന്റെ സന്ദേശമായി കണ്ടിരുന്നു. രാത്രികളിൽ അവർ അതിനെക്കുറിച്ചു ചിന്തിക്കുകയും പകലുകളിൽ അതിനെ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.’’

അല്ലാഹുവിന്റെ സംസാരമാണ് വിശുദ്ധ ക്വുർആൻ. അവന്റെ സൃഷ്ടികളിൽ ദുർബലനും നിസാരനുമായ മനുഷ്യനെയാണ് അവൻ ആ സംസാരത്തിനു വേണ്ടി തിരഞ്ഞെടുത്തത്.

ഇബ്നുൽ ജൌസി (റഹി) പറഞ്ഞു:
ക്വുർആൻ പാരായണം ചെയ്യുന്നവർ ആലോചിക്കട്ടെ, എത്ര ലളിതമായിട്ടാണ് അല്ലാഹു അവന്റെ ദാസന്മാരുടെ ചിന്തയിലേക്ക് ആശയങ്ങൾ എത്തിക്കുന്നത് എന്ന്. താൻ വായിക്കുന്നത് ഒരു മനുഷ്യന്റെ സംസാരമല്ലെന്ന് അവൻ അറിയട്ടെ. സംസാരിക്കുന്നവ ന്റെ മഹത്വം അവൻ മനസ്സിലാക്കട്ടെ. ആ സംസാരത്തെക്കുറിച്ച് അവൻ ചിന്തിക്കട്ടെ.
(മുഖ്ത്തസറു മിൻഹാജിൽ ഖാസിദീൻ)

ഇബ്നു സ്വലാഹ് (റഹി) പറഞ്ഞു: അല്ലാഹു മനുഷ്യർക്ക് നൽകിയ ഒരു ആദരവാണ്
ക്വുർആൻ പാരായണം. മലക്കുകൾക്ക് അത് ലഭിച്ചിട്ടില്ല. മനുഷ്യരിൽ നിന്ന് ക്വുർആൻ പാരായണം കേൾക്കാൻ അവർ കൊതിക്കു ന്നു.
ഈ ആദരവ് സമ്പൂർണമായി ലഭിക്കുന്നത് ക്വുർആൻ ഇഖ്ലാസോടു കൂടി പാരായണം ചെയ്യുമ്പോഴാണ്.

ഇമാം നവവി (റഹി) പറഞ്ഞതു പോലെ
“ക്വുർആൻ പാരായണം ചെയ്യുന്നവന് ഏറ്റവും ആദ്യം വേണ്ടത് ഇഖ്ലാസാണ്. താൻ അല്ലാഹുവിനോട് രഹസ്യ സംഭാഷണം നടത്തുകയാണ് എന്ന ചിന്ത അവന് വേണം”

പ്രിയ സഹോദരാ, ചിന്തിക്കുക. അല്ലാഹു
തന്നോട് രഹസ്യ സംഭാഷണം നടത്താനുളള അനുവാദം നിനക്ക് നൽകി. അതിലൂടെ
അവന്റെ സ്നേഹമാണ് നിനക്കവൻ നൽകിയത്. അവന്റെ സ്നേഹത്തിന്റെ തെളിവാണ് ക്വുർആൻ. കാരണം ക്വുർആൻ അല്ലാഹുവിനെക്കുറിച്ചും അവന് ഇഷ്ടമുളള കാര്യങ്ങളെക്കുറിച്ചും
അറിയിച്ചു തരുന്നു.
••••••┈••••• ••••┈••
മുൻഗാമികൾ അല്ലഹുവിനെ ക്വുർആൻ കൊണ്ട് സ്നേഹിച്ചവരായിരുന്നു. നബി (സ്വ) യുടെ സ്വഹാബികളിൽ പെട്ട ഒരാൾ പതിവായി സൂറത്തുൽ ഇഖ്ലാസ് നമസ്കാരങ്ങളിൽ ആവർത്തിച്ചു ഓതുമായിരുന്നു.
അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “കാരണം അത് പരമ കാരുണികന്റെ വിശേഷണമാണ്. അത് പാരായണം ചെയ്യാൻ
ഞാൻ ഇഷ്ടപ്പെടുന്നു” അപ്പോൾ
നബി (സ്വ) പറഞ്ഞു: “അല്ലാഹു അവനെ ഇഷ്ടപ്പെടുന്നു എന്ന് അവനെ അറിയിക്കുക”
(ബുഖാരി, മുസ്ലിം)
••••••┈••••• ••••┈••
ആ പ്രവാചകാനുചരൻ സൂറത്തുൽ
ഇഖ്ലാസിലൂടെ അല്ലാഹുവിനെ മനസ്സിലാക്കി. അങ്ങനെ അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കുകയും ചെയ്തു. നമ്മുടെ
അവസ്ഥ നാം ആലോചിക്കുക.

പ്രിയരെ, ക്വുർആൻ ആശയ സഹിതം
പഠിക്കാൻ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്.
അവർ ക്വുർആനെ പറ്റി ചിന്തിക്കുന്നില്ലേ?
അത് അല്ലാഹു അല്ലാത്തവരുടെ
പക്കൽ നിന്നുളളതായിരുന്നെങ്കിൽ
അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
( നിസാഅ് 82)
••••••┈••••• ••••┈••
അപ്രകാരം നാം ക്വുർആൻ
ആശയ സഹിതം പഠനം നടത്തുമ്പോൾ
നമ്മുടെ ഹൃദയം പരിശുദ്ധമാകും. അവിശ്വാസികളും കപട വിശ്വാസികളും
ക്വുആ നിന്റെ ആശയം ഗ്രഹിക്കാത്തതു
കൊണ്ടാണ് അവരുടെ ഹൃദയങ്ങൾക്ക്
വെളിച്ചം ലഭിക്കാതെ പോയത്.

ക്വുർആനിന്റെ ആശയങ്ങൾ
ഗ്രഹിക്കുന്നതിലൂടെ ദീനിന്റെ നിയമങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു,
ദീൻ മനസ്സിലാക്കൽ നമ്മുടെ മേൽ നിർബന്ധ ബാധ്യതയുമാണ്. അതു കൊണ്ടാണ്
ക്വുർആൻ ആശയ സഹിതം പഠിക്കണം
എന്ന് പണ്ഡിതന്മാർ നമ്മെ
ഓർമ്മിപ്പിക്കുന്നത്.
••••••┈••••• ••••┈••
നമ്മൾ ക്വുർആനിന്റെ ആളുകളാണ്.
നാം ശ്രേഷ്ഠരാകുന്നത് ക്വുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ്.
എന്നാൽ ഇന്ന് പല രും ക്വുർആനിന്റെ
അക്ഷരങ്ങൾ അറിയുന്നവർ മാത്രമായി
മാറുന്നുണ്ട്. അതിന്റെ ആശയങ്ങൾ അവർ മനസ്സിലാക്കുന്നില്ല. അവർക്ക് ക്വുർആൻ നാളെ സാക്ഷിയാവുകയില്ല. മറിച്ച് അവർക്കെതിരിലുളള സാക്ഷിയായി രിക്കും. തൌബ
ചെയ്തിട്ടില്ലെങ്കിൽ അവർക്ക് ശിക്ഷ
ലഭിക്കുകയും ചെയ്യും.
••••••┈••••• ••••┈••
ചുരുക്കത്തിൽ ക്വുർആൻ ആശയ
സഹിതം പഠിച്ച് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാൻ നാം പരിശ്രമിക്കണം.
നബി (സ്വ) യുടെ അനുചരന്മാർ ഓരോ
ആയത്ത് അവതരിക്കുമ്പോഴും അത്
ആശയ സഹിതം പഠിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കുമായിരുന്നു.
ആ മാതൃക നമുക്ക് പിൻപറ്റാം.
••••••┈••••• ••••┈••
പ്രിയപ്പെട്ടവരെ,
ക്വുർആൻ ആശയ പഠനത്തിന്
നമ്മുടെ മുന്നിലുളള അവസരങ്ങളെ നാം അറിയാതെ പോകരുത്. മലയാളികൾക്ക്
അമാനി മൌലവി (റഹി) യുടെ ക്വുർആൻ പരിഭാഷ, ക്വുർആനിക ആശയങ്ങൾ
പഠിക്കാനുളള അമൂല്യ നിധിയാണ്.
തന്റെ കൈയ്യിലുളള മൊബൈലിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും
വിശുദ്ധ ക്വുർആനിന്റെ ആശയം ആവോളം ആസ്വദി ക്കാൻ പീസ് റേഡിയോയിലെ
പ്രത്യേക പ്രോഗ്രാമായ “അന്നൂർ”
ഉപയോഗ പ്പെടുത്താവുന്നതാണ്.
ക്വുർആനിൽ നമുക്കുളള
മന:പാഠത്തിന്റെ തോതാണ് സ്വർഗത്തിലെ
നമ്മുടെ സ്ഥാനം നിർണയിക്കുന്നത്.
ക്വുർആൻ കേവല പാരയണത്തിനും
വലിയ പ്രതിഫലം ലഭിക്കുമെന്നത് വിസ്മരിക്കുന്നില്ല.

••••••┈••••• ••••┈••
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു:
ആരെങ്കിലും ക്വുർആനിനെ
ഇഷ്ടപ്പെട്ടാൽ അവൻ അല്ലാഹുവെയും റസൂലിനെയും ഇഷ്ടപ്പെട്ടു.
നാം ക്വുർആനിനെ ഇഷ്ടപ്പെടുന്നരാവുക, ക്വുർആൻ പാരായണത്തിനും ആശയ പഠനത്തിനും സമയം കണ്ടെത്തുക.
അല്ലാഹു അനുഗ്രഹിക്കട്ടെ…