ആഫിയത്ത് العافية
Add Your Heading Text Here
വിശുദ്ധ ഖുർആനിലെ അല്ലാഹുവിന്റെ നാമത്തിലുള്ള ഒരു അധ്യായമാണ് سورة الرحمن . പ്രസ്തുത സൂറയിലെ ഒരു ആയത്താണ് ഇന്ന് നാം പഠിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട മനുഷ്യരേയും ജിന്നുകളെയും അഭിസംബോധന നടത്തി പല കാര്യങ്ങളും അതിൽ അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിന്റെ മഹത്വങ്ങൾ അവൻ എണ്ണിപ്പറയുന്ന ഒരു അധ്യായം കൂടിയാണിത്.
അതിലെ 29 മത്തെ ആയത്ത് ഇങ്ങനെയാണ്.
(یَسۡـَٔلُهُۥ مَن فِی ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۚ كُلَّ یَوۡمٍ هُوَ فِی شَأۡنࣲ)
“ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു. “
ഈ ആയത്ത് നമ്മുടെ ജീവിതത്തിൽ നിരവധി തവണ നാം പാരായണം ചെയ്തിട്ടുണ്ടാവും. എന്നാൽ ,ഇതിന്റെ അർഥവ്യാപ്തിയും നമ്മുടെ ജീവിതത്തിൽ ഇതിന്റെ സ്വാധീനവും നാം ചിന്തിച്ചിട്ടുണ്ടോ?
രണ്ട് കാര്യങ്ങളാണ് ഇതിൽ അല്ലാഹു പറയുന്നത്.
1 – ആകാശ ഭൂമികളിലുള്ളവർ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം.
ആരാണ് ആകാശ ഭൂമിയിലുള്ളവർ ?
ഇമാം ത്വബ്രി (റ) പറയുന്നു:
من مَلَك وإنس وجنّ وغيرهم
“മലക്കുകളും മനുഷ്യരും ജിന്നുകളും മറ്റുള്ളവരും”
എന്താണിവർ ചോദിച്ചു കൊണ്ടിരിക്കുന്നത്?
ഇമാം സഅദി (റ) പറയുന്നു:
فكل الخلق مفتقرون إليه، يسألونه جميع حوائجهم
“എല്ലാ പടപ്പുകളും അവനിലേക്ക് ആവശ്യക്കാരാണ്. അവനോട് അവരുടെ എല്ലാ ആവശ്യങ്ങളും അവർ ചോദിച്ചു കൊണ്ടിരിക്കുന്നു. “
ഇമാം ബഗ്‌വി (റ)പറയുന്നു:
قَالَ ابْنُ عباس: فأهل السموات يَسْأَلُونَهُ الْمَغْفِرَةَ وَأَهْلُ الْأَرْضِ يَسْأَلُونَهُ الرَّحْمَةَ وَالرِّزْقَ وَالتَّوْبَةَ وَالْمَغْفِرَةَ
ഇബ്നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു : ആകാശ ലോകത്തുള്ളവർ അവനോട് പാപ മോചനം തേടുന്നു. ഭൂമിയിലുള്ളവർ അവനോട് കാരുണ്യവും ഉപജീവനവും തൗബയും മഗ്ഫിറത്തും തേടിക്കൊണ്ടിരിക്കുന്നു. “
ഇമാം മുകാതിൽ (റ) പറയുന്നു:
وَتَسْأَلُهُ الْمَلَائِكَةُ أَيْضًا لَهُمُ الرِّزْقَ وَالْمَغْفِرَةَ.
“മലക്കുകൾ ഭൂമിയിലുള്ളവർക്കു വേണ്ടി മഗ്ഫിറത്തും ഉപജീവനവും കൂടി അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. “
2- അല്ലാഹു എല്ലാ ദിവസവും അവന്റെ പ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കുന്നു.
എന്തൊക്കെയാണ് അല്ലാഹുവിന്റെ
നിത്യേനയുള്ള പ്രവർത്തനങ്ങളിൽ പെട്ടെത് ?
നമുക്ക് നിത്യേന പല പണികളുമുണ്ടാവും. അതിൽ ആവശ്യമുള്ള തുണ്ടാവും അല്ലാത്തതുമുണ്ടാവും. അല്ലാഹുവിന്റെതങ്ങനെയല്ലല്ലോ.
എന്തൊക്കെയാണ് അല്ലാഹുവിന്റെ പ്രവൃത്തികൾ?
ഇതറിയാൻ നമുക്ക് കൗതുകമില്ലേ?
ഉണ്ട്. ഉറക്കമില്ലാത്ത, മയക്കം ബാധിക്കാത്ത, ക്ഷീണിക്കാത്ത, സർവ്വാധികാരിയായ നമ്മുടെ കരുണാമയനായ റബ്ബ് എന്തൊക്കയാണ് നിത്യേന ചെയ്തു കൊണ്ടിരിക്കുന്നതെന്നോ?
അത് നബി (സ) തന്നെ വിശദീകരിച്ചിട്ടുണ്ട്.
عَنْ أَبِي الدَّرْدَاءِ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي قَوْلِهِ تَعَالَى : { كُلَّ يَوْمٍ هُوَ فِي شَأْنٍ } قَالَ : ” مِنْ شَأْنِهِ أَنْ يَغْفِرَ ذَنْبًا، وَيُفَرِّجَ كَرْبًا، وَيَرْفَعَ قَوْمًا، وَيَخْفِضَ آخَرِينَ “.
حكم الحديث: حسن
“അബുദ്ദർദാ (റ) നിവേദനം: നബി (സ) പറഞ്ഞു: അവന്റെ കാര്യനിർവഹണത്തിൽ പെട്ടതാണ്, പാപങ്ങൾ പൊറുക്കുക, പ്രയാസങ്ങൾ ദൂരീകരിക്കുക, ചിലരെ ഉന്നതരാക്കുക, ചിലരെ അധമരാക്കുക. ” (ഇബ്നു മാജ: 202)
صحيح ابن ماجه ١٦٨ • حسن
ഇമാം ബുഖാരി (റ) കിതാബു തഫ്സീറിൽ ഇത് അബുദ്ദർദാ (റ) യുടെ തഫ്സീറായി ഉദ്ധരിച്ചിട്ടുണ്ട്.
ഒരു ഹദീസു കൂടി കാണുക:
*[عن أبي الدرداء:] في قولِهِ تعالى: (كُلَّ يَوْمٍ هُوَ فِي شَأْنٍ) قالَ في شأنِهِ أن يغفِرَ ذنبًا ويَكْشفَ كَربًا ويُجيبَ داعيًا، ويرفَعَ قومًا ويضعَ آخرينَ
الألباني (١٤٢٠ هـ)، تخريج كتاب السنة ٣٠١ • صحيح
ഇതിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾക്കു പുറമേ പ്രാർത്ഥിക്കുന്നവന് ഉത്തരം നൽകുക എന്നു കൂടിയുണ്ട്.
ഇനി ചിന്തിക്കൂ സഹോദങ്ങളേ!
ആകാശലോകത്തും
ഭൂമിയിലുമുള്ളവർ എന്നും അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരിക്കുന്നു !
നമ്മൾ ആ ചോദിക്കുന്നവരിൽ ഉണ്ടോ?
നമ്മൾ നിത്യേന അല്ലാഹുവിനോട്
ചോദിക്കാറുണ്ടോ?
എന്തൊക്കെ ആവശ്യങ്ങൾ നമുക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കാനുണ്ട്?
പക്ഷേ, നമുക്ക് പലപ്പോഴും
ചോദിക്കാൻ സമയം കിട്ടാറില്ല!
നമ്മൾ തിരക്കിലാണ് !
ആർക്കുവേണ്ടി?
കുടുംബത്തിനു വേണ്ടി !
നല്ലതു തന്നെ.
പക്ഷേ, നമ്മൾ നമുക്കു വേണ്ടി എപ്പോഴെങ്കിലും ഒഴിഞ്ഞിരുന്നോ?
നമ്മൾ എല്ലാദിനവും റബിനോട് ഉപജീവനം ചോദിക്കാറുണ്ടോ?
മഗ്ഫിറത്ത് തേടാറുണ്ടോ?
നിത്യേനയെന്നോണം വാനലോകത്തേക്കുയരുന്ന കരങ്ങളിൽ നമ്മുടെ കരങ്ങളും ഉണ്ടാവേണ്ടതല്ലേ?
തീർച്ചയായും. പ്രത്യേകിച്ചും ഒരു വലിയ പരീക്ഷണത്തിന്റെ മധ്യത്തിലാണ് നാമുള്ളത്. അതിനാൽ
നമുക്കും പ്രാർത്ഥിക്കാം.
അല്ലാഹു നിത്യേന ചെയ്യുന്നതെന്തൊക്കെയാണെന്ന് നാം കണ്ടല്ലോ. അവൻ എന്നും
പാപങ്ങൾ പൊറുക്കുന്നു. അതിൽ നമ്മുടേതുണ്ടാവുമോ? (غفرنا الله)
അവൻ നിത്യേന പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്നു. അതിൽ നമ്മുടെ പ്രയാസമുണ്ടാവുമോ?
അവൻ ദിനേന ചിലരെ ഉന്നതരാക്കുന്നു?
അതിൽ നമ്മളുണ്ടാവുമോ?
അവൻ എല്ലാദിനവും ചിലരെ നിന്ദ്യരാക്കുന്നു.
അതിൽ നമ്മൾ പെട്ടു പോകുമോ ? (معاذ الله)
അവൻ ചോദിക്കുന്നവർക്ക് എപ്പോഴും ഉത്തരം നൽകുന്നുണ്ട്.
നമ്മൾ അതിൽ ഉൾപ്പെടുന്നുണ്ടോ?
ഇതൊക്കെ നാം നിത്യേന ചിന്തിക്കേണ്ട കാര്യങ്ങ ളല്ലേ?
അതെ.
എന്താണ് നമുക്ക് ചെയ്യാനാവുക?
ആത്മാർത്ഥമായ
പ്രാർത്ഥനകൾ
തന്നെയാണ് പരിഹാരം.
നമ്മുടെ പാപങ്ങൾ പൊറുക്കാൻ, പദവികൾ ഉയരാൻ , ഉപജീവനത്തിന് തടസ്സം വരാതിരിക്കാൻ , നമ്മുടെ പ്രയാസങ്ങൾ നീങ്ങിക്കിട്ടാൻ …..
അതിനാൽ ഇന്ന് ഒരു പ്രാർത്ഥന നാം പഠിക്കുന്നു. പഠിക്കുന്നത് പ്രവർത്തിക്കാനാഞ്ഞല്ലോ.
دعاء الكرب
എന്നാണതിന്റെ പേര്. പ്രയാസഘട്ടത്തിലെ പ്രാർത്ഥന എന്നർഥം.
അതിങ്ങനെയാണ്.
عَنِ ابْنِ عَبَّاسٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ : ” لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ “
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(സ) പ്രയാസ ഘട്ടത്തിൽ ഇങ്ങനെ പറയാറുണ്ടായിരുന്നു
“ലാ ഇലാഹ ഇല്ലല്ലാഹുൽ അളീമുൽ ഹലീം.
ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുൽ അർശിൽ അളീം.
ലാ ഇലാഹ ഇല്ലല്ലാഹു
റബു സ്സമാവാത്തി
വറബ്ബുൽ അർളി
വറബ്ബുൽ അർശിൽ കരീം.
(ബുഖാരി : 6346)
“അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതനും വിവേകശാലിയുമാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതമായ അർശിന്റെ രക്ഷിതാവാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല.അവൻ ആകാശങ്ങളുടെയും
ഭൂമിയുടെയും ഉന്നതമായ അർശിന്റെയും രക്ഷിതാവാകുന്നു “
അല്ലാഹു അവന്റെ ഇഷ്ട ദാസരിൽ നമ്മെ ഉൾപ്പെടുത്തു മാറാവട്ടെ.ആമീൻ.
(നന്മ മറ്റുള്ളവരിലേക്കെത്തിക്കൽ നന്മയാണ് )
(തുടരും.إن شاء الله)