ദുആയുടെ മഹത്വങ്ങള്‍

അനായാസം നിര്‍വ്വഹിക്കാവുന്ന കര്‍മ്മമാണ് ദുആ. രാവിലും പകലിലും, കരയിലും കടലിലും വായുവിലും, നാട്ടിലും യാത്രയിലും, ആരോഗ്യാവസ്ഥയിലും, രോഗാവസ്ഥയിലും, ജനത്തിരക്കിലും, വിജനതയിലും, ദാരിദ്ര്യത്തിലും, ഐശ്വര്യത്തിലും, കര്‍മ്മ നിരതനായാലും, കര്‍മ്മരഹിതനായാലും, ഒരുപോലെ നിര്‍വ്വഹിക്കാവുന്ന അതിശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണത്. ദുആഅ് ചെയ്യുവാനുള്ള കല്‍പനയും ദുആയുടെ മര്യാദകളും അടങ്ങിയ വചനങ്ങള്‍ ധാരാളമാണ്.
ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُ لَا يُحِبُّ الْمُعْتَدِينَ
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. (വിശുദ്ധ ക്വുർആൻ 7: 55)
قُلْ أَمَرَ رَبِّي بِالْقِسْطِ ۖ وَأَقِيمُوا وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ
പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക് തിരിച്ച്) നിര്‍ത്തുകയും കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട് അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു. (വിശുദ്ധ ക്വുർആൻ. 7: 29)
وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ
ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു. (വിശുദ്ധ ക്വുർആൻ. 7: 56)
ദുആയുടെ മഹത്വങ്ങളും ഫലങ്ങളും അറിയിക്കുന്ന പ്രമാണങ്ങളും ഏറെയാണ്. അല്ലാഹുവില്‍ നിന്നുള്ള പരിഗണനയും സഹായവും കാരുണ്യവും നേടുവാനും അവന്‍റെ ശിക്ഷ ചെറുക്കപ്പെടുവാനും ഏറ്റവും നല്ല മാര്‍ഗമാണ് ദുആ.
قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا
(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും. (വിശുദ്ധ ക്വുർആൻ 25: 77)
ഇഹപര സൗഭാഗ്യങ്ങളും സഹായങ്ങളും കരഗതമാകുവാന്‍ ദുആയോളം മറ്റൊരു വഴിയില്ല. ദുആയിലൂടെ, ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നു, ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മോഹങ്ങള്‍ പൂവണിയുന്നു. ലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. അഭ്യര്‍ത്ഥനകള്‍ മാനിക്കപ്പെടുന്നു. കാരണം, പ്രര്‍ത്ഥിച്ചാല്‍ ഉത്തരമേകുമെന്നതും ചോദിച്ചാല്‍ നല്‍കുമെന്നതും അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനമാണ്. അവന്‍റെ വാഗ്ദാനം സത്യം മാത്രമാണ്. അതു പുലരുക തന്നെ ചെയ്യും; നിസ്സംശയം.
അല്ലാഹു പറയുന്നു:
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച. (വിശുദ്ധ ക്വുർആൻ 40: 60)
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (വിശുദ്ധ ക്വുർആൻ. 2: 186)
ദുആ നിമിത്തം പരീക്ഷണങ്ങള്‍ വഴിമാറുന്നു. വിഷമതകളും വ്യസനങ്ങളും ദൂരം നില്‍ക്കുന്നു. മനഃപ്രയാസങ്ങളും മനോ രോഗങ്ങളും അകറ്റപ്പെടുന്നു. ദുരിതങ്ങളും ദുരന്തങ്ങളും ചെറുക്കപ്പെടുന്നു. സകരിയ്യാ നബി (അ) യുടെ മൊഴി നോക്കൂ:
قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. (വിശുദ്ധ ക്വുർആൻ 19: 4)
ഇബ്റാഹീം നബി (അ) പറഞ്ഞതായി അല്ലാഹു പറയുന്നു:
وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ اللَّهِ وَأَدْعُو رَبِّي عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا
നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം. (വിശുദ്ധ ക്വുർആൻ. 19: 48)
അല്ലാഹുവെ ആദരിക്കുവാനും ബഹുമാനിക്കുവാനും ദുആയോളം മഹനീയമായ മറ്റൊരു കര്‍മ്മവുമില്ലെന്ന് തിരുമൊഴിയുണ്ട്. ഹദീഥിനെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ
‘അല്ലാഹുവെ ആദരിക്കാന്‍ ദുആയോളം മറ്റൊരു കാര്യവുമില്ല.’
അല്ലാഹുവോട് ദുആയിരക്കുകയും ചോദിക്കുകയും ചെയ്തില്ലയെങ്കില്‍ അവന്‍റെ കോപം ഇറങ്ങുമെന്ന മുന്നറിയിപ്പും തിരുമൊഴിയായുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
مَنْ لَمْ يَسْأَلِ اللَّهَ غَضِبَ اللَّهُ عَلَيْهِ
‘വല്ലവരും അല്ലാഹുവോട് ദുആ ചെയ്തില്ലായെങ്കില്‍ അല്ലാഹു അവനോടു കോപിക്കും’
ദുആ വിധിയെ തടുക്കുമെന്ന് തിരുമേനി (സ്വ) പറഞ്ഞിട്ടുണ്ട്. ഹദീഥിനെ അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.
….. وَلَا يَرُدُّ الْقَدَرَ إِلَّا الدُّعَاءُ
“… … ദുആ മാത്രമാകുന്നു വിധിയെ തടുക്കുന്നത്.”
പ്രാര്‍ത്ഥിക്കുന്നത് പാഴാകില്ല. തന്നോട് തേടുന്നവര്‍ക്ക് ഉത്തരമേകുമെന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്നുണര്‍ത്തിയല്ലോ. എന്നാല്‍ അവനില്‍ നിന്നുള്ള ഉത്തരം വിവിധ നിലകളിലായിരിക്കും. താഴെ വരും വിധം ഒരു തിരുമൊഴിയുണ്ട്.
مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ، وَلَا قَطِيعَةُ رَحِمٍ، إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا
“കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കുവാന്‍ (തേടിക്കൊണ്ടോ) അല്ലാതെ ദുആയിരക്കുന്ന ഒരു മുസ്ലിമുമില്ല, മൂന്നാല്‍ ഒരു കാര്യം അല്ലാഹു അയാള്‍ക്ക് നല്‍കാതെ. ഒന്നുകില്‍ അയാള്‍ തേടിയത് പെട്ടെന്നു നല്‍കും. അല്ലെങ്കില്‍ അതിനെ ആഖിറത്തിലേക്ക് എടുത്തുവെക്കും. അതുമല്ലെങ്കില്‍ ആ ദുആക്ക് തുല്യമായ തിന്മ അല്ലാഹു അയാളില്‍ നിന്ന് തടുക്കും.’ ഇതു കേട്ടപ്പോള്‍ അബൂസഈദ് (റ) പറഞ്ഞു:
إِذاً نُكْثِرْ قالَ: اللهُ أَكْثَرُ
‘എങ്കില്‍ നമുക്ക് ദുആ വര്‍ദ്ധിപ്പിക്കാം. തിരുനബി (സ്വ) പ്രതികരിച്ചു: അല്ലാഹുവാണ് ഏറ്റവും വര്‍ദ്ധിപ്പിക്കുന്നവന്‍.’ ഈ ഹദീഥിനെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.
അല്ലാഹുവിന്‍റെ പ്രത്യേക കാവലുണ്ടായിരുന്ന നബി പുങ്കവന്മാര്‍ വരെ പ്രാര്‍ത്ഥനാനിരതരായിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചരിതങ്ങള്‍ അനുസ്മരിച്ചു കൊണ്ട് ഉണര്‍ത്തുന്നു. ദുഅയുടെ മഹത്വം അറിയിക്കുന്നതോടൊപ്പം അതിന്‍റെ പ്രാധാന്യവും ആവശ്യകതയുമാണ് ഇതു വിളിച്ചറിയിക്കുന്നത്.
فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ
അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (വിശുദ്ധ ക്വുർആൻ. 19: 48)