തെളിച്ചം കൂടുന്ന നബി ജീവിതം – 8 പുതപ്പിനുള്ളിൽ നിന്ന് ഹൃദയങ്ങൾക്കുള്ളിലേക്ക് ….

തെളിച്ചം കൂടുന്ന നബി ജീവിതം - 8 പുതപ്പിനുള്ളിൽ നിന്ന് ഹൃദയങ്ങൾക്കുള്ളിലേക്ക് ....

ഹിറായിൽ നിന്ന് കിട്ടിയ പ്രഥമ വഹ്‌യിന്റെ ഭയത്തിൽ നിന്ന് തിരുനബി (സ) മോചിതനായിട്ടില്ല. അവിടുന്ന് വീട്ടിലാണ്. ഭാര്യ ഖദീജ (റ)കൂടെയുണ്ട്. എന്താണ് യഥാർത്ഥത്തിൽ കഴിഞ്ഞ രാത്രി സംഭവിച്ചത് എന്നതിൽ ഒരു വ്യക്തത ആവശ്യമുണ്ട്. ഖദീജ (റ) യുടെ ചിന്തകൾ മക്കയുടെ നാലു ഭാഗത്തേക്കും അശ്വവേഗതയിൽ പാഞ്ഞു; ഈ സംഭവത്തെ കുറിച്ച് ആരോട് അന്വേഷിക്കും?

ഉണ്ട്. ഒരാൾ ഉണ്ട്; തന്റെ പിതൃവ്യ പുത്രൻ വറക്കത്തു ബിൻ നൗഫൽ !

വിഗ്രഹാരാധനയോട് മുമ്പേ വിരോധം കാണിക്കുന്നയാളാണ് , വിഗ്രഹങ്ങൾക്കു വേണ്ടി അറുക്കപ്പെട്ടത് ഭക്ഷിക്കാത്ത വ്യക്തിയാണ്. ഹിബ്രു അറബി ഭാഷകളിൽ നല്ല നൈപുണ്യവും ഉണ്ട്. ഇപ്പോൾ പ്രായമായി വീട്ടിൽ തന്നെയാണ്. ഒരു കാലത്ത് തൗഹീദിന്റെ വെളിച്ചം തേടി നിരവധി യാത്രകൾ തന്നെ നടത്തിയിരുന്നു. അദ്ദേഹവും സൈദ് ബിൻ അംറും കൂടി ശാമിലേക്ക് നടത്തിയ ഒരു യാത്ര വലിയ വഴിത്തിരിവാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സൃഷ്ടിച്ചത്. അവിടെ നിന്നാണ് വേദക്കാരെ പരിചയപ്പെടുന്നതും വേദം പഠിക്കുന്നതും ശുദ്ധ ക്രിസ്ത്യാനിയാവുന്നതും. ഈസ (അ) ന്റെ മതം കലർപ്പില്ലാതെ ആചരിച്ച് ജീവിക്കുകയാണിപ്പോൾ.

അദ്ദേഹത്തിന്റെ കൂടെ ശാമിലേക്ക് പോയ സൈദ് ബിൻ അംറ് മില്ലത്തു ഇബ്രാഹീമിൽ അടിയുറച്ച് നിന്ന് മക്കയിലെ അനാചാരങ്ങൾക്കെതിരെ ശബ്ദിച്ച ഒരു വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെ മക്കക്കാർക്കിടയിൽ അനഭിമതനായിരുന്നു അദ്ദേഹം. ഒരു പ്രവാചകന്റെ വരവ് അടുത്ത് സംഭവിക്കും എന്നത് അദ്ദേഹത്തിനു അറിവുണ്ടായിരുന്നു. വരാനിരിക്കുന്ന പ്രവാചകനിൽ ഞാൻ വിശ്വാസിച്ചിരിക്കുന്നു എന്ന് അദ്ദേഹം പരസ്യമായി പറയാറുമുണ്ടാ

യിരുന്നു അദ്ദേഹം.

പക്ഷേ, അഞ്ചു വർഷം മുമ്പ് അദ്ദേഹം മരിച്ചു !

(ബുഖാരി : 3826 – 3827 ഹദീസുകൾ കാണുക)

ശരി, ഏതായലും വറക്കയുടെ അരികിൽ ചെന്നു നോക്കാം. അദ്ദേഹത്തോട് കാര്യങ്ങൾ പറയാം. അദ്ദേഹം മക്കയിലുണ്ടല്ലോ.

ഖദീജ (റ) തന്റെ പ്രിയതമനേയും കൂട്ടി വറക്കത്ത്‌ ബിൻ നൗഫലിന്റെ അരികിലേക്ക് ചെന്നു. തന്റെ ഭർത്താവിന്റെ കാര്യത്തിൽ ഒരു ഭാര്യയുടെ ഇടപെടൽ എത്ര മാതൃകാപരം! ഖദീജ (റ) യുടെ പിതൃവ്യപുത്രൻ കൂടിയാണ് വറകത്ത് ബിൻ നൗഫൽ.

” പ്രിയ പിതൃവ്യപുത്രാ! നിങ്ങളുടെ സഹോദര പുത്രനെ നിങ്ങളൊന്നു കേൾക്കൂ! “

നബി (സ) യുടെ പിതൃപരമ്പരയും വറകയുടെ പിതൃപരമ്പരയും കുസയ്യിബിൻ കിലാബിൽ ഒന്നിക്കുന്നുണ്ട്. ആ അർഥത്തിൽ വറകയുടെ സഹോദര പുത്രനാണ് നബി (സ). അക്കാര്യം ഓർമപ്പെടുത്തിയാണ് ഖദീജ (റ) സംസാരം തുടങ്ങിയത്. അവരുടെ ബുദ്ധി കൂർമതയും തന്റേടവും പ്രകടമാക്കുന്ന ഇടപെടലാണിത്.

തന്റെ കുടുംബത്തിൽ പെട്ടവരുടെ കാര്യത്തിൽ

പ്രത്യേക ശ്രദ്ധ എല്ലാവർക്കും ഉണ്ടാവുമല്ലോ. അത് തികച്ചും പ്രകൃതിപരവുമാണ്.

നബി (സ) തനിക്കുണ്ടായ അനുഭവങ്ങൾ വിശദമായി വിവരിച്ചു. എല്ലാം സാകൂതം ശ്രദ്ധിച്ച ശേഷം വറകത്ത് ബിൻ നൗഫൽ പറഞ്ഞു: “ഇത് മൂസാ (അ) യുടെ അടുക്ക് വന്ന “നാമൂസ് ” തന്നെയാണല്ലോ. നിങ്ങളുടെ പ്രബോധന കാലത്ത് എന്നിക്കൊരു

ചെറിയ മൃഗം ഉണ്ടായിരുന്നെങ്കിൽ ! നിങ്ങളുടെ സമൂഹം നിങ്ങളെ നാട്ടിൽ നിന്ന് പുറത്താക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നെങ്കിൽ ! “

“എന്റെ ജനത എന്നെ നാട്ടിൽ നിന്ന് പുറത്താക്കുമെന്നോ?!!”

“അതെ”

“നിങ്ങൾ കൊണ്ടു വന്നതു പോലെയുള്ള സന്ദേശങ്ങളുമായി വന്നവരൊക്കെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ദിനങ്ങളിൽ ഞാനുണ്ടെങ്കിൽ താങ്കളെ ഞാൻ ശക്തമായി പിന്തുണക്കും! തീർച്ച!”

പ്രായം ഏറെ ചെന്നിട്ടും സത്യത്തെ സഹായിക്കാനുള്ള തന്റെ ആഗ്രഹത്തിന് യുവത്വത്തിന്റെ ഊർജ്ജമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. നബി (സ) യുടെ നുബുവ്വത്തിനെ ആദ്യമായി തിരിച്ചറിഞ്ഞ് സ്വീകരിച്ച വ്യക്തിയും അദ്ദേഹമായി മാറി !

പക്ഷേ , താമസംവിനാ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

താനൊരു പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും, പ്രവാചകന്മാരുടെ അടുക്കൽ ദിവ്യ സന്ദേശവുമായി വരാറുള്ള ജിബ്രീൽ (അ ) യാണ് തന്റെ അടുത്ത് വന്നതെന്നും, ഈ ആദർശ മുന്നേറ്റത്തിനിടയിൽ തനിക്ക് നാട്ടിൽ നിന്ന് പുറത്ത് പോവേണ്ടി വരുമെന്നും നബി (സ) കൃത്യമായി ഉറപ്പിച്ചു!

ഇവിടം മുതൽ നബി (സ) യുടെ പ്രവാചകത്വ ജീവിതം തുടങ്ങുകയാണ്;ലോകം മാതൃകയാക്കേണ്ട തെളിച്ചമുള്ള ദിനങ്ങൾ !

പക്ഷേ, പിന്നീട് കുറച്ചു കാലത്തേക്ക് ക്വുർആനിക വചനങ്ങൾ ഒന്നും

അവതരിച്ചില്ല!

ആ ഇടവേള ശരിക്കും ഒരു പരീക്ഷണ ഘട്ടം തന്നെയായിരുന്നു.

ശേഷം, ജിബ്രീലിനെ നബി തിരുമേനി (സ) വീണ്ടും കണ്ടു !

ഇത്തവണ

വാന ഭൂമികൾക്കിടയിൽ ചിറകു വിടർത്തി നിൽക്കുന്ന ജിബ്രീലിന്റെ ശരിക്കുള്ള രൂപമാണ് കണ്ടത്!

അതു കണ്ട് വീണ്ടും ഭയന്നു! വീട്ടിലേക്കോടി ! ഖദീജ (റ)

സാന്ത്വനത്തിന്റെ പുതപ്പിനുള്ളിൽ വീണ്ടും അഭയം തേടി!

അതാ വന്നു ദിവ്യസൂക്തങ്ങൾ !

(بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ یَـٰۤأَیُّهَا ٱلۡمُدَّثِّرُ ۝ قُمۡ فَأَنذِرۡ ۝ وَرَبَّكَ فَكَبِّرۡ ۝ وَثِیَابَكَ فَطَهِّرۡ ۝ وَٱلرُّجۡزَ فَٱهۡجُرۡ)

[سورة المدثر 1 – 5]

“ഹേ, പുതച്ചു മൂടിയവനേ,

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.

നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും

പാപം വെടിയുകയും ചെയ്യുക”

ഹിറായിൽ നിന്ന് കിട്ടിയത് അഞ്ച് സൂക്തങ്ങൾ .

ഇപ്പോൾ കിട്ടിയതും അഞ്ച് സൂക്തങ്ങൾ!

ഇതോടെ നബി എന്ന പദവിയിൽ നിന്ന് റസൂൽ എന്ന പദവിയിലേക്ക് കൂടി അവിടുന്ന് ഉയർന്നു!

പിന്നീട് വഹ്‌യുകൾ തുടരെ വന്നു.

ഇനിയാണ് ലോകത്തെ വെളിച്ചത്തിലേക്ക് വിളിക്കുക എന്ന മഹാ ഉത്തരവാദിത്തം പ്രയോഗവൽകരിക്കേണ്ടത് ! ഭാരിച്ച പണിയാണത് ! പക്ഷേ റസൂൽ (സ) അത് മനോഹരമായി നിർവഹിച്ചു!

ആ മനോഹാരിതയിലേക്കാണ് ഇനി നമ്മുടെ യാത്ര!

പുതപ്പിനുള്ളിൽ നിന്ന് നബി തിരുമേനി(സ) ജനകോടികളുടെ ഹൃദയങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുന്ന നയനാനന്ദകരമായ കാഴ്ച നമുക്കവിടെ ദർശിക്കാം. ഇൻശാ അല്ലാഹ് .

അതിനു മുമ്പ് ഒരു കാര്യം സൂചിപ്പിക്കട്ടെ.

നബി ജീവിതത്തിന്റെ പ്രകാശത്തിനു മുമ്പിൽ ഇരുട്ടിന്റെ മറകൾ പടക്കാൻ ശ്രമിക്കുന്നവരുടെ ദുരാരോപണങ്ങളുടെ എട്ടുകാലി വലകൾ തകർന്നടിയുന്ന കാഴ്ചകൾ ഇവിടെ നാം കാണുന്നു !

പ്രവാചകത്വം ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം, അതിനു വേണ്ടിയാണ് ഹിറായിൽ പോയിരുന്നത് എന്നതാണ് ചിലരുടെ ആരോപണം.

എങ്കിൽ എന്തിനാണ് അവിടുന്ന് ഭയന്നോടിയത് ? തുള്ളിച്ചാടുകയല്ലേ വേണ്ടത് ?

കൊതിച്ചതാണെങ്കിൽ എന്തിനു 40 വരെ കത്തിരിക്കണം ?

വറകയുടെ പക്കൽ പിന്നെ എന്തിനു പോയി ?

ദുരാരോപണത്തിന്റെ നിരർഥകത ഇതിൽ നിന്നു വ്യക്തം.

ക്വുർആൻ തിരുനബിയുടെ രചനയാണ് എന്നതാണ് മറ്റൊരു ആരോപണം.

സ്വന്തത്തെ ആക്ഷേപിച്ച് ആരെങ്കിലും ഒരു രചന തുടങ്ങുമോ? രണ്ടാമത്തെ അഞ്ചു വചനങ്ങൾ ഈ ദുരാരോപണത്തിനുള്ള തിരുത്താണ് .

മുൻ വേദങ്ങളിൽ നിന്ന് കോപ്പിയടിച്ചതാണ് എന്നതാണ് മറ്റൊരു ” കണ്ടെത്തൽ “!

ആദ്യത്തെ അഞ്ചു വചനങ്ങൾ അതിനുള്ള മറുപടിയാണ് ! ഏതു ഗ്രന്ഥത്തിലാണ് ഈ വചനങ്ങൾ ഇതിനു മുമ്പ് വന്നത്?! ഇല്ല!

മാത്രവുമല്ല; അതിൽ പറഞ്ഞ “അലകി ” ന്റെ പരാമർശം അന്നും ഇന്നും അത്ഭുതമായി നിലകൊള്ളുകയും ചെയ്യുന്നു !

വായിക്കാനറിയില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരാളുടെ വാക്യങ്ങൾക്ക് ഈ അത്ഭുതം സൃഷ്ടിക്കാനാവുമോ?

ഇല്ല ! തീർച്ച!

ഇതു റബ്ബിന്റെ വചനങ്ങൾ തന്നെ!

സംശയമില്ല!

ചുരുക്കത്തിൽ ക്വുർആനിനെ സംശയിക്കുന്ന വർക്കെല്ലാം ആദ്യത്തെ പത്തു വചനത്തിൽ തന്നെ മറുപടിയുണ്ടെന്നർഥം!

 

അബ്ദുൽ മാലിക് സലഫി

5 thoughts on “തെളിച്ചം കൂടുന്ന നബി ജീവിതം – 8 പുതപ്പിനുള്ളിൽ നിന്ന് ഹൃദയങ്ങൾക്കുള്ളിലേക്ക് ….”

Leave a Reply to ‏ما شاء الله جزاك الله خير Cancel reply