നബി ചരിത്രം – 63

നബി ചരിത്രം - 63: ഹിജ്റ ആറാം വർഷം [ഭാഗം: 3]

നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ (തുടർച്ച)

ഖൈബറിൽ വെച്ച് കൊണ്ട് സലാമുബ്നു അബുൽഹഖീഖ് കൊല്ലപ്പെട്ടപ്പോൾ യസീറുബ്നു റസാം എന്ന ജൂതനെ അവർ അവരുടെ അമീറായി നിശ്ചയിച്ചു. ഈ വ്യക്തി നബി ﷺ  യോട് യുദ്ധം ചെയ്യുന്നതിനു വേണ്ടി ഗത്വ്‌ഫാനിലേക്ക് മറ്റും ചെന്ന് കൊണ്ട് ആളുകളെ സംഘടിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഈ വിവരം നബിﷺക്ക് ലഭിച്ചു. അതോടെ നബി(ﷺ) 30 ആളുകളെ അബ്ദുല്ലാഹിബ്നു റവാഹرضي الله عنهയുടെ നേതൃത്വത്തിൽ അങ്ങോട്ട് പറഞ്ഞയച്ചു. ശവ്വാൽ മാസത്തിലായിരുന്നു ഈ യാത്ര. അബ്ദുല്ലാഹിബിനു അനീസ് رضي الله عنه അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ ഖൈബറിലേക്ക് പുറപ്പെട്ടു. യസീറിന്റെ അടുക്കലേക്ക് എത്തിയപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: ഞങ്ങൾ എന്ത് ആവശ്യത്തിനാണ് വന്നത് എന്ന് നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത് വരെ ഞങ്ങൾ നിർഭയരായിരിക്കണം. അപ്പോൾ യസീർ പറഞ്ഞു : അങ്ങിനെ ആകട്ടെ. നിങ്ങളെ തൊട്ട് ഞാനും നിർഭയനായിരിക്കണം . അവരും അത് സമ്മതിച്ചു. സ്വഹാബികൾ പറഞ്ഞു: ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് വന്നത് നബിﷺയുടെ അടുക്കലേക്ക് നിങ്ങളെ പറഞ്ഞയക്കാൻ വേണ്ടിയാണ് . ഖൈബറിന്റെ അധികാരം നബിﷺ നിങ്ങളെ ഏൽപ്പിക്കും. നിങ്ങളോട് നല്ല നിലക്ക് നബിﷺ വർത്തിക്കുകയും ചെയ്യും.

അധികാര തൽപരനായിരുന്ന യസീർ ഇത് കേട്ട ഉടനെ നബിﷺയുടെ അടുക്കലേക്കു പുറപ്പെട്ടു. അയാളുടെ കൂടെ മുപ്പത് ജൂതന്മാരും ഉണ്ടായിരുന്നു. ഓരോ സ്വഹാബിമാരുടെയും പിറകിലായിക്കൊണ്ടാണ് ഓരോ ജൂതന്മാരും ഉണ്ടായിരുന്നത്. ഒട്ടകപ്പുറത്ത് അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه ന്റെ പിറകിലായിരുന്നു യസീർ ഇരുന്നത്. അങ്ങിനെ അവർ മദീനയിലേക്ക് പുറപ്പെട്ടു.

ഹൈബറിൽ നിന്നും ആറു മൈൽ അപ്പുറം ‘ഖർഖറതു സുബാർ’ എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ യുടെ അടുക്കലേക്കുള്ള യാത്രയുടെ കാര്യത്തിൽ യസീറിന് ഖേദം തോന്നി. അയാൾ കുനിഞ്ഞു കൊണ്ട് അബ്ദുല്ലാഹിബിന് അനീസ് رضي الله عنه ന്റെ വാളിലേക്ക് നീങ്ങി. ഇത് കണ്ട് അബ്ദുല്ലാഹിബിന് അനീസ് رضي الله عنه വളരെ ബുദ്ധി പൂർവ്വം മാറി. തന്റെ ഒട്ടകത്തെ മുന്നോട്ടു തള്ളി. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ ശത്രുവേ നീ ചതിയാണ് കാണിച്ചത്. തന്റെ വാളൂരി യസീറിനെ വെട്ടി. യസീറിന്റെ കാൽ തുട മുറിഞ്ഞു പോന്നു. യസീർ ഒട്ടകപ്പുറത്ത് നിന്നും താഴെ വീണു. ഈ സന്ദർഭത്തിൽ അബ്ദുല്ല رضي الله عنه യെ അയാൾ അടിക്കുകയും അബ്ദുല്ല رضي الله عنه യുടെ തലയിൽ മുറിവേൽക്കുകയും ചെയ്തു. ഓരോ സ്വഹാബിമാരും തങ്ങളുടെ കൂടെയുണ്ടായിരുന്ന ജൂതന്മാരുമായി ഏറ്റു മുട്ടി. ഓടി രക്ഷപ്പെട്ട ഒരാളല്ലാത്ത ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു. മുസ്‌ലിംകളിൽ നിന്ന് ആരും തന്നെ കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് അവർ യസീറുബ്നു റസാമിനെ കൊലപ്പെടുത്തി. ശേഷം മദീനയിലേക്ക് മടങ്ങി. മദീനയിൽ എത്തിയപ്പോൾ നബി ﷺ അവരോട് പറഞ്ഞു: അക്രമികളായ ജനതയിൽ നിന്നും അല്ലാഹു നിങ്ങളെ രക്ഷിച്ചിരിക്കുന്നു.
 
(13) കടൽ തീരത്ത് കൂടെ വരുന്ന ഖുറൈശി സംഘത്തെ പിടി കൂടുന്നതിന് വേണ്ടി മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നുമായി മുന്നൂറോളം ആളുകളെ അബു ഉബൈദതു ബ്നുൽജർറാഹ് رضي الله عنه ന്റെ നേതൃത്വത്തിൽ നബി ﷺ പറഞ്ഞയച്ചു. അക്കൂട്ടത്തിൽ ഉമറുബ്നുൽഖത്താബും رضي الله عنه ഉണ്ടായിരുന്നു. ഒരു പാത്രം കാരക്കയായിരുന്നു യാത്രാ സന്നാഹമായി നബി ﷺ അവർക്ക് ഒരുക്കിക്കൊടുത്തത്. അതല്ലാതെ മറ്റൊന്നും അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. യാത്ര കുറച്ചു മുന്നോട്ടു പോയപ്പോൾ അവരുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം തീർന്നു. അപ്പോൾ സൈന്യത്തിന്റെ കയ്യിലുള്ള ഭക്ഷണ വസ്തുക്കൾ ഒരുമിച്ച് കൂട്ടുവാൻ അബൂ ഉബൈദ رضي الله عنه കല്പിച്ചു. അങ്ങിനെ ഒരുമിച്ചു കൂട്ടപ്പെട്ടതും കാരക്ക തന്നെയായിരുന്നു. ഓരോ ദിവസവും അല്പാല്പമായി അതിൽ നിന്നും അവർ ഭക്ഷിച്ചു. ഓരോരുത്തർക്കും ഓരോ കാരക്കയായിരുന്നു ഒരു ദിവസത്തെ ഭക്ഷണമായി നൽകിയിരുന്നത്. കുട്ടികൾ (മധുരം വായിലിട്ട്) നുണക്കുന്നത് കാരക്ക വായിലിട്ടു നുണച്ചെടുക്കുക മാത്രമായിരുന്നു അവർ ചെയ്തിരുന്നത്. അതിനു ശേഷം വെള്ളം കുടിക്കും. രാത്രി വരെയുള്ള ഭക്ഷണമായിട്ട് അവർക്കത് മതിയായിരുന്നു. അവസാനം ഏക ഭക്ഷണമായിരുന്ന ആ ഈത്തപ്പഴങ്ങളും തീർന്നു. ഖബത്വ് എന്ന് പേരുള്ള ഒരു മരത്തിന്റെ ഇല തിന്നാൻ അവർ നിർബന്ധിതരായി. അതു കൊണ്ടുതന്നെ ഈ യുദ്ധത്തിന് ‘സരിയ്യതുൽഖബത്വ്’ എന്നാണ് പേര് വന്നിട്ടുള്ളത്.
വടി കൊണ്ട് ഉണ്ട് ഇല പൊഴിക്കുകയും വെള്ളത്തിൽ നനച്ച് അത് ഭക്ഷിക്കുകയും ചെയ്തു. അവരുടെ ചുണ്ടുകളിൽ മുറിവുകൾ ഉണ്ടായി. അതിനു ശേഷമാണ് അല്ലാഹു അവർക്ക് അംബർ (കടൽ പുറത്തേക്ക് തള്ളിയ ഒരു ജീവി) അയച്ചു കൊടുക്കുന്നത്. കടൽ തീരത്തു നിന്നും അവർക്കാവശ്യമായ അംബർ ലഭിക്കുകയുണ്ടായി. ഭക്ഷണം പോലും കയ്യിൽ ഇല്ലാതെ 15 ദിവസത്തോളമാണ് കടൽ തീരത്ത് ഖുറൈശി സംഘത്തെ അവർ കാത്തിരുന്നത്. ഈ സന്ദർഭത്തിലാണ് കടലിൽനിന്നും അമ്പർ എന്ന പേരുള്ള ജീവി പുറത്തു വരുന്നത്. അല്ലാഹു അവർക്ക് നൽകിയ ഒരു സഹായമായിരുന്നു അത്. 15 ദിവസത്തോളം ആ അംബറായിരുന്നു അവർ ഭക്ഷിച്ചത്. അബു ഉബൈദ رضي الله عنه അമ്പറിന്റെ ഒരു വാരിയെല്ല് എടുത്ത് അതിന്റെ നീളം പരിശോധിച്ചപ്പോൾ അവരുടെ കൂട്ടത്തിൽ ഏറ്റവും നീളം കൂടിയ ആളുടെ വലിപ്പം അതിനുണ്ടായിരുന്നു. സുഫ്‌യാൻ رضي الله عنه  പറയുകയാണ്: ഒട്ടകപ്പുറത്ത് ഇരിക്കുന്ന ഒരു വ്യക്തിക്ക് വാരിയെല്ലിന് ചുവട്ടിലൂടെ നടന്നു പോകാൻ കഴിയുമായിരുന്നു. (അത്രയും വലിപ്പമുണ്ടായിരുന്നു അമ്പറിന് എന്നർത്ഥം) (ബുഖാരി: 4361. മുസ്ലിം: 1935)

ശേഷം ഈ സംഘം മദീനയിലേക്ക് മടങ്ങി. സംഭവിച്ച കാര്യങ്ങളെല്ലാം അവർ നബി ﷺ യോട് പറഞ്ഞു. നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് തന്ന ഭക്ഷണമാക്കുന്നു അത്. നിങ്ങളുടെ കയ്യിൽ ഇനി അത് ഉണ്ടെങ്കിൽ എനിക്കും തരിക. അവരിൽ ചിലർ അത് കൊണ്ടു വരികയും നബി ﷺ അതിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു. (ബുഖാരി: 4362. മുസ്ലിം :1935)
 
(14) ശവ്വാൽ മാസത്തിൽ ഉകൈൽ ഉറൈന എന്നീ പ്രദേശങ്ങളിൽ നിന്നും ഒരു എട്ടംഗ സംഘം നബി ﷺ യുടെ അടുക്കലേക്ക് വന്നു. ഞങ്ങൾ മുസ്‌ലിംകളായി ജീവിക്കാമെന്ന് നബി ﷺ യോട് അവർ ഉടമ്പടി ചെയ്യുകയും ചെയ്തു. മദീനയിലെ ജീവിതം അവർക്ക് പ്രയാസമുണ്ടാക്കി. അങ്ങിനെ അവർക്ക് രോഗം പിടിപെട്ടു. അവരുടെ വയറുകൾ വീർക്കുകയും ശരീരം മെലിയുക യും ചെയ്തു. അവർ നബി ﷺ യോട് വന്ന് ഇക്കാര്യം പരാതി പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ ഞങ്ങൾ ദുർബലതയിൽ കഴിഞ്ഞലരായിരുന്നു. ആഡംബര ജീവിതത്തിൽ ഉണ്ടായിരുന്നവരല്ല. അങ്ങിനെ സക്കാത്തിന്റേതായി കൊണ്ടുവരപ്പെട്ട ഒട്ടകത്തെ കറന്നെടുത്ത പാലും മൂത്രവും കുടിക്കാൻ നബി ഇവർക്ക് അനുവാദം കൊടുത്തു. അതോടു കൂടി അവരുടെ അസുഖം മാറി. പക്ഷേ അവർ വഞ്ചന കാണിച്ചു. ആ ഒട്ടകത്തെ അറുക്കുകയും അതിന്റെ മേച്ചിൽകാരനെ കൊലപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഇവർ ഇസ്ലാം ഉപേക്ഷിച്ച് മുർത്തദ്ദാവുകയും ചെയ്തു. ഉറൈനക്കാർ ചെയ്ത ഈ ദുഷ്ടതയെക്കുറിച്ച് നബി ﷺ ക്ക് വിവരം കിട്ടിയപ്പോൾ കുർസുബ്നു ജാബിർ رضي الله عنه ന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന ഒരു സംഘത്തെ അവരുടെ പിറകെ അയച്ചു. അവരെ പിടിച്ചു കൊണ്ടു വന്ന് കൈ കാലുകൾ മുറിച്ചു. കല്ലുകൾ നിറഞ്ഞ ഭൂപ്രദേശത്ത് അവരെ വലിച്ചെറിഞ്ഞു. വെള്ളം പോലും കിട്ടാതെ അവിടെ കിടന്നു മരിക്കുകയാണുണ്ടായത്. (ബുഖാരി :3018. മുസ്ലിം :1671)
ഇവരെക്കുറിച്ചാണ് ഖുർആനിലെ ഈ വചനം അവതരിച്ചത്.


“അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചു കളയപ്പെടുകയോ, നാടു കടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും”.(മാഇദ: 33)
 
അഹ്സാബ് യുദ്ധത്തിനു ശേഷം ഉണ്ടായ ഇത്തരം സൈനിക നിയോഗങ്ങളിലൊന്നും കൈപ്പേറിയ യുദ്ധം ഉണ്ടായിട്ടില്ല. മറിച്ച് മദീനക്കെതിരെ ഇറങ്ങുവാൻ ഉദ്ദേശിക്കുകയും കീഴടങ്ങാൻ തയ്യാറാകാതിരിക്കുകയും ചെയ്ത ഗോത്രങ്ങൾക്കും നാട്ടുകാർക്കും മുന്നറിയിപ്പുകൾ നൽകുക എന്നുള്ളതായിരുന്നു ഇത്തരം നീക്കങ്ങളുടെ ലക്ഷ്യം. അഹ്സാബ് യുദ്ധവും ബനൂ ഖുറൈള യുദ്ധവും കഴിഞ്ഞതോടു കൂടി ജൂതന്മാരുടെയും മുശ്രിക്കുകളുടെയും ശക്തിയെല്ലാം ക്ഷയിച്ചു. യുദ്ധത്തിലൂടെ മുസ്ലിംകളെ നേരിടാം എന്നുള്ള പ്രതീക്ഷയും അവർക്ക് നഷ്ടപ്പെട്ടു. ഹുദൈബിയ സന്ധിയിൽ നിന്ന് വ്യക്തമായ കാര്യവും അതു തന്നെയായിരുന്നു. ഇസ്ലാമിന്റെ ശക്തിയെ അംഗീകരിക്കലായിരുന്നു ഹുദൈബിയ സന്ധി.
 
“യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, യഹൂദ ദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു” (ഹജ്ജ്:40,41)
 
ബദ്റിലും ഉഹുദിലുമെല്ലാം സത്യനിഷേധികളിൽ നിന്ന് മുസ്ലിംകൾക്കെതിരെയായിരുന്നു അക്രമണങ്ങൾ. ഇസ്ലാമിനെ നശിപ്പിക്കാനുള്ള ഘട്ടമായിരുന്നു അത്. എന്നാൽ ഇപ്പോൾ പുതിയ ഒരു ഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. ഇസ്ലാമിന്റെ വളർച്ചയും ശക്തിയും പ്രകടമാകുന്ന രൂപത്തിലുള്ള കുതിപ്പിന്റെ ഘട്ടം. ആ കുതിപ്പിന്റെ ലക്ഷ്യമാണ് ഹുദൈബിയ സന്ധിയിലും ഖൈബറിലും മക്കാ വിജയത്തിലും ഹുനൈനിലും തബൂകിലുമെല്ലാം കണ്ടത്. അല്ലാഹു തന്റെ ഔലിയാക്കളെ സഹായിക്കാമെന്ന വാഗ്ദാനം നിറവേറ്റി.
 
“നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ”.(അൻആം:115)
 
ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment