നബി ചരിത്രം - 64: ഹിജ്റ ആറാം വർഷം [ഭാഗം: 4]

ഹുദൈബിയ്യാ സന്ധി
മക്കയിൽ നിന്നും 22 മൈൽ അകലെ വടക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കിണറിന്റെ പേരാണ് ഹുദൈബിയ. ഇന്ന് ശുമൈസി എന്ന പേരിലാണ് ഹുദൈബിയ്യ അറിയപ്പെടുന്നത്. ദുൽഖഅദ് മാസത്തിന്റെ ആദ്യത്തിൽ മക്കയിലേക്ക് ഉംറക്ക് പോകുവാനുള്ള തന്റെ ഉദ്ദേശം നബി ﷺ സ്വഹാബിമാരെ അറിയിച്ചു. നബി ﷺ യും സ്വഹാബിമാരും മസ്ജിദുൽ ഹറമിലേക്ക് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരായും നിർഭയത്വത്തോടു കൂടി പ്രവേശിക്കുന്നത് നബി ﷺ സ്വപ്നം കാണുകയുണ്ടായി.
“അല്ലാഹു അവന്‍റെ ദൂതന്ന് സ്വപ്നം സത്യ പ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാന ചിത്തരായി കൊണ്ടും തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ടും നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു”. (ഫത്ഹ്:27)
സഹാബികൾ ഈ വാർത്ത അറിഞ്ഞപ്പോൾ യാത്രക്കായി ഒരുങ്ങുകയും ധൃതി കാണിക്കുകയും ചെയ്തു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് അവർക്ക് ഉണ്ടായത്. ഖുറൈശികൾ യുദ്ധത്തിന് വരുമോ എന്നും മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുമോ എന്നുമൊക്കെയുള്ള പേടിയും നബി ﷺ ക്ക് ഉണ്ടായിരുന്നു. ഇക്കാരണത്താൽ അറേബ്യൻ മുസ്ലിംകളോടും മദീനയുടെ ചുറ്റുമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന അഅ്‌റബികളോടും മറ്റു മുസ്‌ലിംകളോടും നബി ﷺ കൂടെ പോരാൻ ആവശ്യപ്പെട്ടു. പക്ഷേ ഭയം കാരണത്താൽ പല ആളുകളും വിട്ടു നിന്നു. അഅ്‌റാബികളുടെ പിൻ വലിയലിനെ കുറിച്ചും അവരുടെ ഉള്ളിലുണ്ടായ പേടിയെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക.
“ഗ്രാമീണ അറബികളില്‍ നിന്ന് പിന്നോക്കം മാറി നിന്നവര്‍ നിന്നോട് പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ (നിങ്ങളോടൊപ്പം വരാന്‍ പറ്റാത്ത വിധം) വ്യാപൃതരാക്കികളഞ്ഞു. അത് കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണം. അവരുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്. നീ പറയുക: അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു വല്ല ഉപദ്രവവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍ ആരുണ്ട്? അല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു”.(ഫത്ഹ്:11,12)
ഈ ഗ്രാമീണ അറബികൾ മാറി നിന്നപ്പോൾ നബി ﷺ ഉംറ നിർവഹിക്കുന്നതിന് വേണ്ടി മക്ക ലക്ഷ്യം വെച്ച് നീങ്ങി. ദുൽഹജ്ജ് മാസത്തിന്റെ തുടക്കത്തിൽ ഒരു തിങ്കളാഴ്ചയായിരുന്നു അത്. മുഹാജിറുകളും അൻസാറുകളും ഗ്രാമീണ അറബികളുമായി (അഅ്‌റാബികൾ) നബി ﷺ യുടെ കൂടെ 1400 ആളുകളുണ്ടായിരുന്നു. നബിﷺയുടെ ഭാര്യ ഉമ്മു സലമرضی اللہ عنھاയും കൂടെ യാത്രയിലുണ്ടായിരുന്നു.
സാധാരണ അറബികൾ യാത്ര ചെയ്യുമ്പോൾ ഉറയിൽ ഇട്ടു വെക്കുന്ന വാളല്ലാതെ മറ്റു ആയുധങ്ങളൊന്നും കരുതിയിരുന്നില്ല. 70 ഒട്ടകങ്ങൾ കൂടെ കൊണ്ടുപോയി. വെള്ളിയുടെ ഒരു ചിറ്റ് മൂക്കിന് ധരിപ്പിക്കപ്പെട്ടിട്ടുള്ള അബൂജഹലിന്റെ ഒരു ഒട്ടകവും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മുശ്രിക്കുകളെ അരിശം പിടിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. നാജിയതുബ്നു ജുൻദുബുൽ അസ്‌ലമിرضي الله عنه യുടെ കയ്യിലായിരുന്നു അത് നൽകിയിരുന്നത്. നബിﷺയും സ്വഹാബിമാരും ദുൽഹുലൈഫയിൽ എത്തിയതിനു ശേഷം ളുഹ്റ് നമസ്കരിച്ചു. ബലിമൃഗങ്ങളെ കൊണ്ടുവന്ന് അവയുടെ കഴുത്തിൽ അടയാളം വെച്ചു. (ബലിമൃഗമാണെന്ന് അറിയിക്കുന്നതിനു വേണ്ടി കഴുത്തിൽ കയറോ മറ്റോ കെട്ടി അടയാളം വെക്കാറുണ്ട്.) ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുകയും തൽബിയത്ത് ചൊല്ലുകയും ചെയ്തു. (ബുഖാരി :1695)
യുദ്ധത്തിനു വേണ്ടി അല്ല പോകുന്നത് എന്നും മറിച്ച് കഅ്‌ബയിലേക്കാണ് പോകുന്നത് എന്ന് ജനങ്ങൾ അറിയാൻ കൂടി വേണ്ടിയായിരുന്നു ഇത്. അതിലൂടെ ജനങ്ങളുടെ മനസ്സിൽ നിന്ന് യുദ്ധത്തെക്കുറിച്ചുള്ള പേടി വിട്ട് അകലുകയും അതോടൊപ്പം ഉംറയെക്കുറിച്ചും കഅ്‌ബയെക്കുറിച്ചുമുള്ള ബഹുമാനം ഉണ്ടാവുകയും വേണം. നബി ﷺ തന്റെ മുമ്പിൽ ബിസ്റുബ്നു സുഫ്‌യാനുൽഖുസാഇയെ അയച്ചു. കൽബ് ഗോത്രക്കാരനായ മുശ്രികായിരുന്നു അദ്ദേഹം. ഖുറൈശികളെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ വേണ്ടിയാണ് അയാളെ പറഞ്ഞയച്ചത്. കാരണം ഇസ്ലാമിന്റെ ശത്രുക്കൾക്കൊപ്പം ഏറ്റവും കൂടുതൽ കൂടിക്കലർന്ന് ജീവിക്കുന്നത് മുശ്‌രികുകൾ തന്നെയാണ്. നബിﷺ മദീനയിൽ നിന്നും 36 മയിൽ അപ്പുറമുള്ള റൗഹാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ മദീനയോട് യുദ്ധം ചെയ്യാൻ ഉദ്ദേശിച്ചു കൊണ്ട് ശത്രു വരുന്നുണ്ടെന്ന വാർത്ത ലഭിച്ചു. അപ്പോൾ നബി ﷺ അബൂ ഖതാദرضي الله عنه യെ ചില സഹാബി മാരോടൊപ്പം അങ്ങോട്ട് പറഞ്ഞയച്ചു. അബൂ ഖതാദ പറയുന്നു: നബിﷺയും സ്വഹാബിമാരും ഇഹ്‌റാമിൽ പ്രവേശിച്ചിരുന്നുവെങ്കിലും ഞാൻ ഇഹ്റാമിൽ പ്രവേശിച്ചിരുന്നില്ല. അങ്ങിനെ നബിﷺ ഞങ്ങളെ നിയോഗിച്ച ഭാഗത്തേക്ക് ഞങ്ങൾ പോകുമ്പോൾ വഴിക്ക് വെച്ച് ഒരു കാട്ടു കഴുതയെ കണ്ടു. ഞാൻ അതിനെ വേട്ടയാടി പിടിച്ചു. മറ്റുള്ളവരോട് എന്നെ സഹായിക്കുവാൻ പറഞ്ഞുവെങ്കിലും അവർ എന്നെ സഹായിച്ചില്ല (അവർ ഇഹ്റാമിലായിരുന്നു) അങ്ങിനെ ഞങ്ങൾ ഒന്നിച്ചത് ഭക്ഷിച്ചു. പിന്നീട് നബിﷺയോട് ഞങ്ങൾ ഇക്കാര്യം പറഞ്ഞപ്പോൾ തിന്നോളൂ വിരോധമില്ല എന്നും പറഞ്ഞു. (ബുഖാരി: 1822. മുസ്ലിം 1196)
നബി ﷺ വീണ്ടും മക്കയിലേക്കുള്ള യാത്ര തുടർന്നു. അങ്ങിനെ ഞങ്ങൾ അസ്ഫാൻ എന്നു പറയുന്ന സ്ഥലത്തിനു സമീപമെത്തി. അസ്ഫാനിൽ നിന്നും മക്കയിലേക്ക് 80 മൈലാണ് ഉള്ളത്. അപ്പോൾ നബി ﷺ അന്വേഷണത്തിനായി നിശ്ചയിച്ച വ്യക്തി വന്നു കൊണ്ട് പറഞ്ഞു: ഖുറൈശികൾ അങ്ങേയ്ക്ക് എതിരെ ഒരുമിച്ചു കൂടിയിരിക്കുന്നു. അഹ്ബാശുകളെയും അവർ ഒരുമിച്ചു കൂട്ടിയിരിക്കുന്നു. പരസ്പരം സഹായിച്ചു കൊണ്ട് ഒരുമിച്ച് കൂടിയ സംഘമാകുന്നു അവർ. അവർ അങ്ങയോട് യുദ്ധം ചെയ്യാനും കഅ്‌ബയെത്തൊട്ട് തടയുവാനുമാണ് ഒരുങ്ങിയിരിക്കുന്നത്. അപ്പോൾ നബി ﷺ പറഞ്ഞു: ജനങ്ങളേ അഭിപ്രായം പറയൂ… അബൂബക്കർ رضي الله عنه പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, കഅ്‌ബ ലക്ഷ്യം വെച്ചു കൊണ്ടാണ് താങ്കൾ ഇറങ്ങിയിട്ടുള്ളത്. ഒരാളെയും കൊല്ലാൻ ഉദ്ദേശിച്ചു കൊണ്ടല്ല. ഒരാളോടും യുദ്ധം ചെയ്യാനും അല്ല. അതു കൊണ്ട് താങ്കൾ കഅബയിലേക്ക് നീങ്ങി കൊള്ളുക . നമ്മളെ വല്ലവനും തടയാൻ വന്നാൽ നമുക്ക് അവനോട് യുദ്ധം ചെയ്യാം. അപ്പോൾ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ നാമത്തിൽ പുറപ്പെട്ടു കൊള്ളുക.
നബി ﷺ അസ്‌ഫാനിൽ എത്തി. 200 കുതിരപ്പടയാളികളുമായി ഖാലിദുബ്നുൽവലീദ് നബിﷺ യുടെ മുമ്പിൽ വന്നു. അക്കൂട്ടത്തിൽ ഇകരിമതുബ്നു അബീ ജഹലും ഉണ്ടായിരുന്നു. മുസ്‌ലിംകൾക്കും ഖീബ്‌ലക്കും ഇടയിലായി ഖാലിദ് തന്റെ കുതിരപ്പടയെ നിർത്തി. ഇവിടെ വെച്ചുകൊണ്ടാണ് ഭയത്തിന്റെ നമസ്കാരത്തെക്കുറിച്ചുള്ള വഹ്‌യ് ഇറങ്ങുന്നത്. “(നബിﷺയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്‍റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്‍റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്”.
ളുഹ്റ് നമസ്കാരത്തിന് സമയമായപ്പോൾ നബി ﷺ സഹാബിമാരോട് ആയുധമെടുക്കാൻ കൽപ്പിച്ചു. നബിﷺയുടെ പിന്നിൽ അവർ രണ്ട് വരിയായി നിന്നു. രണ്ട് സ്വഫ്‌ഫുകളും നബിﷺയുടെ കൂടെ നിർത്തവും റുകൂഉം ഒന്നിച്ച് ചെയ്തു. തൊട്ടു പിറകിലുള്ള സ്വഫ്ഫുമായി നബി ﷺ സുജൂദിലേക്ക് പോയി. അപ്പോൾ അതിന്റെ പിറകിലുള്ള സ്വഫ്ഫിലെ ആളുകൾ പാറാവുകാരെപ്പോലെ നിന്നു. അവർ സുജൂദിൽ നിന്ന് എഴുന്നേറ്റപ്പോൾ പിറകിൽ ഉണ്ടായിരുന്നവർ അവിടെ നിന്നു കൊണ്ട് തന്നെ സുജൂദ് ചെയ്തു. ശേഷം രണ്ടാമത്തെ സ്വഫ്‌ഫിൽ ഉണ്ടായിരുന്നവർ ഒന്നാമത്തെ സ്വഫ്ഫിലേക്കും ഒന്നാമത്തെ സ്വഫ്‌ഫിൽ ഉണ്ടായിരുന്നവർ രണ്ടാമത്തെ സ്വഫ്ഫിലേക്കും മാറി. ശേഷം നേരത്തെ ചെയ്ത അതേ പോലെ രണ്ടാമത്തെ റക്അത്തിലും ചെയ്തു. അവസാനം എല്ലാവരും ഒന്നിച്ച് സലാം വീട്ടി. (അഹ്‌മദ്: 16580. അബൂദാവൂദ്: 1236)
ഹുദൈബിയ്യയിൽ വെച്ചുള്ള ഈ നമസ്കാരമയിരുന്നു ഒന്നാമത്തെ ഭയത്തിന്റെ നമസ്കാരം. ഇസ്ലാം ലളിതമാണ് എന്നും സാർവലൗകികവും സർവ്വ കാലികവുമാണ് എന്നും ഈ കർമ്മ രീതി നമ്മെ പഠിപ്പിക്കുന്നു. ഭയത്തിന്റെ സന്ദർഭത്തിൽ ഉള്ള നമസ്കാരത്തിന് വേറെയും ചില രീതികളുണ്ട്. ദാതുർറഖാഅ് യുദ്ധത്തിലാണ് അത് ഉണ്ടായത്. ഇൻഷാ അള്ളാ വഴിയെ സൂചിപ്പിക്കാം.
ഫദ്‌ലുല്‍ ഹഖ് ഉമരി