നബി ചരിത്രം - 62: ഹിജ്റ ആറാം വർഷം [ഭാഗം: 2]
നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ (തുടർച്ച)
(8) മദീനയിൽ നിന്ന് 36 മൈൽ അകലെയുള്ള ഒരു ജല തടാകമാണ് ത്വറഫ്. ജമാദുൽ ആഖിറിൽ സൈദുബ്നു ഹാരിസرضي الله عنهയെ നബി ﷺ ത്വറഫിലേക്ക് പറഞ്ഞയച്ചു. കൂടെ 15 ആളുകൾ വേറെയും ഉണ്ടായിരുന്നു. ബനു സഅ്‌ലബയിലേക്കാണ് ആദ്യം അവർ പോയത്. ഇവരുടെ വരവിനെക്കുറിച്ച് അറിഞ്ഞപ്പോൾ അഅ്‌റാബികൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. മുഹമ്മദ് നബിﷺ പിറകെ വരുന്നുണ്ട് എന്നും ഇവർ ആദ്യം എത്തിയതാണ് എന്നുമാണ് അവർ കരുതിയത്. അന്ന് അവരിൽ നിന്ന് ഇരുപത് ഒട്ടകങ്ങൾ ലഭിച്ചു. അതുമായി അവർ മദീനയിലേക്ക് മടങ്ങി. യുദ്ധമൊന്നും ഉണ്ടായില്ല. നാലു ദിവസമാണ് മദീനയിൽ നിന്നും അവർ വിട്ടു നിന്നത്.
(9) ശാമിന്റെ പരിധിയിൽ വരുന്ന ഒരു പ്രദേശമാണ് ദൗമതുൽജൻദൽ. ശഅ്‌ബാൻ മാസത്തിൽ നബിﷺ അബ്ദുറഹ്മാൻ ഇബ്നു ഔഫ് رضي الله عنه നെ വിളിച്ചു കൊണ്ട് പറഞ്ഞു: ഒരുങ്ങി കൊള്ളുക. ഇൻ ശാഅ അല്ലാഹു, ഇന്നോ നാളെയോ ആയി ഒരു സംഘത്തോടൊപ്പം താങ്കളെ ഞാൻ അയക്കാൻ പോവുകയാണ്. നേരം പുലർന്നപ്പോൾ അബ്ദുറഹ്മാൻ رضي الله عنه നബിയുടെ അടുക്കലേക്ക് ചെന്നു. നബി ﷺ അദ്ദേഹത്തെ തന്റെ മുന്നിലിരുത്തി. തന്റെ കൈ കൊണ്ട് തലപ്പാവ് കെട്ടി കൊടുക്കുകയും തന്റെ കൈ കൊണ്ട് തന്നെ പതാക കെട്ടി കൊടുക്കുകയും ചെയ്തു. ബിലാൽ رضي الله عنه നോട് അബ്ദുറഹ്മാന് رضي الله عنه കൊടുക്കാൻ കൽപ്പിച്ചു എന്നും ചില റിപ്പോർട്ടുകളിൽ ഉണ്ട്.
പതാക കൊടുത്തു കൊണ്ട് നബി ﷺ പറഞ്ഞു. അല്ലാഹുവിന്റെ നാമം കൊണ്ടും അവന്റെ അനുഗ്രഹം കൊണ്ടും ഇത് പിടിച്ചു കൊള്ളുക. ശേഷം അല്ലാഹുവിനെ പുകഴ്ത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ നാമത്തിൽ യുദ്ധം ചെയ്തു കൊള്ളുക. അവന്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊള്ളുക. അല്ലാഹുവിനെ നിഷേധിക്കുന്നവരുമായി യുദ്ധം ചെയ്യുക. വഞ്ചനയോ ചതിയോ അരുത്. ചെറിയ കുട്ടികളെ കൊല്ലരുത്. ശേഷം ദൗമതുൽ ജൻദലിലുള്ള കൽബ് ഗോത്രത്തിലേക്ക് പോകുവാനും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുവാനും കൽപ്പിച്ചു. നബിﷺ ഇപ്രകാരം കൂടി പറഞ്ഞു: അവർ നിന്റെ ക്ഷണം സ്വീകരിച്ചാൽ അവരുടെ നേതാവിന്റെ മകളെ കല്യാണം കഴിച്ചു കൊള്ളുക. അബ്ദുറഹ്മാനുബ്നു ഔഫ് തന്റെ അനുയായികളെയും കൊണ്ടു യാത്രയായി.
700 പേർ ഉണ്ടായിരുന്നു അവർ. ദൗമതുൽജൻദലിൽ എത്തിയതിനു ശേഷം മൂന്നു ദിവസം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. മൂന്നാമത്തെ ദിവസം അവരുടെ രാജാവ് (നേതാവ് ) അസ്വ്‌ബഉബ്നു അംറുൽകൽബി ഇസ്ലാം സ്വീകരിച്ചു. അദ്ദേഹം ഒരു ക്രിസ്തു മതക്കാരനായിരുന്നു. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ജനതയിലുള്ള മറ്റു പല ആളുകളും ഇസ്ലാം സ്വീകരിച്ചു. തനിക്ക് നേടാൻ സാധിച്ച വിജയത്തെക്കുറിച്ചുള്ള സന്തോഷവാർത്ത നബിﷺയെ അറിയിക്കുന്നതിനു വേണ്ടി അബ്ദുറഹ്മാൻرضي الله عنه നബിﷺയുടെ അടുക്കലേക്ക് റാഫിഉബ്നു മുകൈസ് رضي الله عنهനെ അയച്ചു. അസ്വ്‌ബഇന്റെ മകൾ തമാളുറിനെ അബ്ദുറഹ്മാനുബ്നു ഔഫ് رضي الله عنه കല്യാണം കഴിച്ചു. അവരെയും കൊണ്ട് മദീനയിലേക്ക് വന്നു. ഈ ദമ്പതിമാരിൽ ജനിച്ച കുട്ടിയാണ് അബൂസലമതുബ്നു അബ്ദിറഹ്മാൻ.
(10) മദീനയുടെ വടക്കു ഭാഗത്തുള്ള ഒരു ഗ്രാമമാണ് ഫദക്. മദീനയിൽ നിന്നും ഈ ഗ്രാമത്തിലേക്ക് രണ്ടു ദിവസത്തെ യാത്രാ ദൂരം ഉണ്ട്. ഫദകിലുള്ള സഅദുബ്നു ബകർ ഗോത്രത്തിലേക്ക് 100 ആളുകളോടൊപ്പം അലിയ്യുബിനു അബീത്വാലിബ് رضي الله عنهനെ നബിﷺ പറഞ്ഞയച്ചു. ശഅ്‌ബാൻ മാസത്തിലായിരുന്നു യാത്ര. സഅ്‌ദുബ്നു ബകർ ഗോത്രം ഖൈബറിലെ ജൂതന്മാരെ സഹായിക്കാൻ വേണ്ടി ഒരുമിച്ച് കൂടിയിരിക്കുന്നു എന്ന വാർത്ത നബിﷺക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു സംഘത്തെ അവർക്കെതിരിൽ പറഞ്ഞയച്ചത്.
രാത്രിയിൽ അവർ യാത്ര പുറപ്പെട്ടു. പകൽ വേളകളിൽ ആരും കാണാത്ത സ്ഥലങ്ങളിൽ ഒളിച്ചിരുന്നു. ഹംജ് എന്ന് പേരുള്ള സ്ഥലത്തേക്ക് അവർ എത്തി. ഗ്രാമങ്ങളുടെ താഴ്‌വരയുടെ ഭാഗത്തുള്ള വെള്ളവും അരുവിയും നിറഞ്ഞ സ്ഥലമായിരുന്നു അത്. വഴിയിൽ വെച്ച് സഅ്‌ദ് ഗോത്രക്കാരുടെ ഒരു ചാരനെ അവർ കണ്ടു. അയാളിൽ നിർബന്ധം ചെലുത്തിയപ്പോൾ ചാരനാണെന്ന് സമ്മതിക്കുകയും ചെയ്തു. ഖൈബറിലെ ജൂതൻമാരുമായി സംസാരിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്യുന്നതിനും വേണ്ടി സഅ്‌ദ് ഗോത്രക്കാർ അങ്ങോട്ട് പറഞ്ഞയച്ചതായിരുന്നു ഇദ്ദേഹത്തെ. ഖൈബറിലെ പഴ വർഗങ്ങളിൽ നിന്ന് ഒരു വിഹിതം ഇവർക്ക് നൽകാം എന്നുള്ളതായിരുന്നു സഹായത്തിന് പ്രത്യുപകാരമായി നിശ്ചയിച്ചിരുന്നത്. ഈ ചാരനോട് സഹാബിമാർ ചോദിച്ചു; എവിടെയാണ് ഇവിടത്തെ ആളുകൾ? അദ്ദേഹം പറഞ്ഞു: ഞാൻ വരുമ്പോൾ അവർ ഇരുനൂറു പേർ ഒരുമിച്ച് കൂടിയിട്ടുണ്ട്. വബ്റുബ്നു അലീമാണ് അവരുടെ നേതാവ്. അപ്പോൾ സഹാബിമാർ പറഞ്ഞു: ഞങ്ങളുടെ കൂടെ വന്ന് അവരുടെ സ്ഥലം ഞങ്ങൾക്ക് കാണിച്ചു തരണം. അപ്പോൾ അദ്ദേഹം ചോദിച്ചു; നിങ്ങളെനിക്ക് നിർഭയത്വം നൽകുമോ? അങ്ങിനെ സ്വഹാബിമാർ അദ്ദേഹത്തിന് നിർഭയത്വം വാഗ്ദാനം ചെയ്യുകയും അദ്ദേഹം ബനൂ സഅ്‌ദിന്റെ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. മുസ്ലിംകൾ അവരുമായി ഏറ്റുമുട്ടി. അഞ്ഞൂറ് ഒട്ടകങ്ങളും രണ്ടായിരം ആടുകളുമാണ് യുദ്ധാർജിത സ്വത്തായി അന്ന് ലഭിച്ചത്. ബനൂ സഅ്‌ദ് ള്വഅ്‌ൻ എന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു. യുദ്ധാർജിത സ്വത്തിലെ അഞ്ചിൽ ഒന്ന് മാറ്റി വെച്ചതിനുശേഷം ബാക്കിയുള്ളത് തന്റെ കൂടെയുള്ള ആളുകൾക്ക് വിതരണം ചെയ്തു. ശേഷം അവർ മദീനയിലേക്ക് മടങ്ങി. അക്രമങ്ങൾക്കൊന്നും അവർ വിധേയരായില്ല.
(11) ഖൈബറിലുള്ള ഒരു വ്യക്തിയായിരുന്നു അബൂ റാഫിഅ് സലാമുബ്നു അബിൽഹഖീഖ്. നബിﷺയെ ഏറെ ദ്രോഹിക്കുകയും സാമ്പത്തിക സഹായങ്ങളും മറ്റും നൽകി കൊണ്ട് സഖ്യകക്ഷികളെ നബിക്കെതിരെ പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇയാൾ. ഇയാളെ കൊലപ്പെടുത്തുന്നതിനായി ഒരു സംഘത്തെ നബി ﷺ ഖൈബറിലേക്ക് പറഞ്ഞിരിക്കുകയാണ്. സഖ്യ കക്ഷികളുടെയും ബനൂ ഖുറൈളക്കാരുടെയും പ്രശ്നങ്ങൾ അവസാനിച്ചപ്പോൾ ഇയാളെ ഞങ്ങൾ കൊന്നു കളയട്ടെ എന്ന് ഖസ്റജ് ഗോത്രക്കാർ നബിﷺയോട് അനുവാദം ചോദിക്കുകയായിരുന്നു. അതോടു കൂടി ഔസ് ഗോത്രത്തിൽ നിന്നും കൊല്ലപ്പെട്ട കഅ്‌ബുബ്‌നു അശ്റഫിന് തുല്യമാവുകയും ചെയ്യും. അങ്ങിനെയാണ് നബിﷺ അവർക്ക് പുറപ്പെടാനുള്ള അനുവാദവും കല്പനയും കൊടുക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും കൊല്ലരുത് എന്ന് നബിﷺ പ്രത്യേകം അവരോട് ഉപദേശിച്ചിരുന്നു.
ആറു പേരാണ് അന്ന് പുറപ്പെട്ടത്. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه, അബ്ദുല്ലാഹിബ്ന് ഉതുബ رضي الله عنه, മസ്‌ഊദുബ്നു സിനാൻ رضي الله عنه, അബ്ദുല്ലാഹിബ്നു അനീസ് رضي الله عنه, അബൂ ഖതാദ رضي الله عنه, ഖുസാഇയ്യുബ്നു അസ്‌വദ് رضي الله عنه തുടങ്ങിയവരായിരുന്നു അവർ. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه നെയാണ് അവരുടെ നേതാവായി നബിﷺ നിശ്ചയിച്ചത്. അവർ ഖൈബറിലേക്ക് ചെന്ന് അബൂ റാഫിഇന്റെ (സലാം) കോട്ടയ്ക്കു സമീപം എത്തി. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه ന്റെ കൈകളിലൂടെത്തന്നെ അള്ളാഹു സലാമിനെ കൊലപ്പെടുത്തുകയും ചെയ്തു.
ബറാഅ ബിനു ആസിബ്رضي الله عنهൽ നിന്നും നിവേദനം: അദ്ദേഹം പറയുന്നു: ജൂതനായ അബു റാഫിഇന്റെ അടുക്കലേക്ക് നബി ﷺ അൻസാരികളിൽ പെട്ട ചില ആളുകളെ അയച്ചു. അബ്ദുല്ലാഹിബ്നു അതീക് رضي الله عنه നെയായിരുന്നു അമീറായി നിശ്ചയിച്ചിരുന്നത്. നബിﷺയെ ദ്രോഹിക്കുകയും നബിﷺക്കെതിരെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അബൂ റാഫിഅ്. ഹിജാസ് പ്രദേശത്തുള്ള ഒരു കോട്ടയിലായിരുന്നു അയാൾ താമസിച്ചിരുന്നത്. സ്വഹാബികൾ അവിടെയെത്തിയപ്പോൾ സൂര്യനസ്തമിച്ചിരുന്നു. ജനങ്ങളെല്ലാം തങ്ങളുടെ മേഞ്ഞു നടക്കുന്ന മൃഗങ്ങളുമായി വീടുകളിലേക്ക് മടങ്ങി. അപ്പോൾ അബ്ദുല്ലാഹിബ്നു അതീക് رضي الله عنه തന്റെ കൂടെയുള്ളവരോട് പറഞ്ഞു: എല്ലാവരും ഇവിടെ തന്നെ ഇരിക്കുക ഞാൻ ഒന്ന് പോയി നോക്കട്ടെ. പാറാവുകാരനെക്കുറിച്ച് അന്വേഷിക്കട്ടെ. ചിലപ്പോൾ എനിക്ക് അവിടെ പ്രവേശിക്കാൻ സാധിച്ചേക്കാം. അങ്ങിനെ അദ്ദേഹം അങ്ങോട്ടു പോവുകയും വാതിലിനടുത്ത് എത്തുകയും ചെയ്തു.
അവിടെയെത്തിയപ്പോൾ സ്വകാര്യ കർമ്മം നിർവഹിക്കാനെന്ന പോലെ തന്റെ വസ്ത്രം കൊണ്ട് മറച്ചു പിടിച്ചു. ജനങ്ങളെല്ലാം കോട്ടക്കകത്ത് കയറിയിരുന്നു. ആ സന്ദർഭത്തിൽ പാറാവുകാരൻ ഉറക്കെ വിളിച്ചു പറഞ്ഞു: അല്ലയോ അബ്ദുല്ലാ, താങ്കൾ അകത്ത് കയറുന്നുണ്ടെങ്കിൽ കയറുക. ഞാൻ വാതിൽ അടക്കുകയാണ്. അബ്ദുല്ല رضي الله عنه പറയുന്നു: അങ്ങിനെ ഞാൻ കോട്ടക്കകത്ത് കയറി. അതിനകത്ത് ഒളിച്ചിരുന്നു. ജനങ്ങളെല്ലാം കയറിക്കഴിഞ്ഞപ്പോൾ വാതിൽ അടക്കപ്പെട്ടു. ശേഷം വാതിലിന്റെ തഴുതിട്ട് ഭദ്രമാക്കി. ഞാൻ അങ്ങോട്ട് ചെന്ന് വാതിൽ കെട്ടിയിട്ട കമ്പി എടുത്തു. അങ്ങിനെ ഞാൻ വാതിൽ തുറന്നു. അബൂ റാഫിഇന്റെ അടുക്കൽ ആളുകൾ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. കോട്ടയുടെ മട്ടുപ്പാവിലാണ് അയാൾ ഉണ്ടായിരുന്നത്. ആളുകളെല്ലാം പിരിഞ്ഞു പോയപ്പോൾ ഞാൻ അങ്ങോട്ട് കയറിച്ചെന്നു. ഓരോ വാതിലുകളും തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആ വാതിൽ ഞാൻ ടക്കും. അടുത്ത വാതിൽ തുറന്നു പ്രവേശിച്ചാൽ അതും ആടക്കും. അബൂ റാഫിഇനെ കൊലപ്പെടുത്തുന്നതു വരെ എന്റെ അടുക്കലേക്ക് ആരും എത്താതിരിക്കാൻ വേണ്ടിയായിരുന്നു ഓരോ വാതിലുകളും അടച്ചു കൊണ്ട് ഞാൻ ഉള്ളിലോട്ടു പോയത്. അങ്ങിനെ ഞാൻ അബൂറാഫിഇന്റെ അടുക്കലേക്ക് എത്തി. ഇരുട്ടുള്ള ഒരു മുറിയിൽ തന്റെ കുടുംബത്തോടൊപ്പമായിരുന്നു അയാൾ ഉണ്ടായിരുന്നത്. റൂമിന്റെ ഏതു ഭാഗത്താണ് അയാൾ എന്ന് എനിക്ക് കൃത്യമായി അറിഞ്ഞിരുന്നില്ല. അതു കൊണ്ട് ഞാൻ ഉറക്കെ വിളിച്ച; ഓ അബൂ റാഫിഅ്!. അപ്പോൾ അയാൾ ചോദിച്ചു; ആരാണ്?. ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നീങ്ങുകയും എന്റെ വാളു കൊണ്ട് വെട്ടുകയും ചെയ്തു. ഞാൻ ആകെ പരിഭ്രാന്തിയിലായിരുന്നു. പക്ഷേ എന്റെ വെട്ട് ഫലം കണ്ടില്ല. അബൂ റാഫിഅ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. അതോടെ ഞാൻ അവിടെ നിന്ന് ഇറങ്ങി ഓടുകയും അധികം വിദൂരമല്ലാത്ത സ്ഥലത്ത് മറഞ്ഞിരിക്കുകയും ചെയ്തു.
വീണ്ടും ഞാൻ തിരിച്ചു വന്നു കൊണ്ട് ചോദിച്ചു അബൂ റാഫി അ് (ആരോ വിളിക്കുന്ന) ശബ്ദം കേട്ടല്ലോ എന്താണത്?! അബു റാഫിഅ് പറഞ്ഞു: നിന്റെ ഉമ്മാക്ക് നാശം. വീട്ടിൽ ആരോ ഉണ്ട്. തൊട്ടു മുമ്പ് വാളു കൊണ്ട് എന്നെ വെട്ടി. അബ്ദുല്ലാഹിബ്നു അതീക് പറയുന്നു: ഈ സന്ദർഭത്തിൽ ഞാൻ വീണ്ടും വാൾ പ്രയോഗിച്ചു. അതിലൂടെ അയാളെ അമർച്ച ചെയ്യാൻ എനിക്ക് സാധിച്ചു. പക്ഷേ കൊല്ലാൻ കഴിഞ്ഞില്ല. അതോടെ വാളിന്റെ അഗ്ര ഭാഗം അയാളുടെ വയറിൽ ഞാൻ അമർത്തി അത് മുതുകിലൂടെ പുറത്തു വന്നു . ഇത്രയും ആയപ്പോൾ ഞാൻ അയാളെ കൊന്നു എന്ന് മനസ്സിലാക്കി. അതിനു ശേഷം ഓരോ വാതിലുകളും തുറന്നു ഞാൻ നടന്നു കൊണ്ടിരുന്നു. ഒരു കോണിപ്പടിയിൽ ഞാനെത്തി. താഴെ എത്തിയിരിക്കും എന്ന് കരുതി ഞാൻ എൻറെ കാലു മുന്നോട്ടു വെച്ചു. പക്ഷേ നിലാവുള്ള ഒരു സ്ഥലത്തേക്ക് ആഴത്തിൽ ഞാൻ വീണു. അതോടെ എന്റെ കണങ്കാൽ പൊട്ടി. തലപ്പാവ് ഊരി ഞാൻ എന്റെ കാൽ കൂട്ടിക്കെട്ടി. ഞാൻ വീണ്ടും മുന്നോട്ടു പോന്ന് വാതിലിന്റെ സമീപത്ത് വന്നിരുന്നു. ഞാൻ അയാളെ കൊന്നിട്ടുണ്ടോ എന്ന് തീർച്ചപ്പെടുത്തുന്നതു വരെ രാത്രിയിൽ ഇവിടെ നിന്ന് പുറപ്പെടുകയില്ല എന്ന് തീരുമാനിച്ച് അവിടെത്തന്നെ ഇരുന്നു. (നേരംപുലരാറായ സന്ദർഭത്തിൽ) കോഴി കൂടവിയപ്പോൾ മരണ വാർത്ത വിളിച്ചു പറയുന്ന വ്യക്തി കോട്ട മതിലിൽ കയറി നിന്നു കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: ‘ഹിജാസിലെ കച്ചവടക്കാരനായ അബു റാഫിഇന്റെ മരണവാർത്ത ഇതാ ഞാൻ അറിയിക്കുന്നു’. അതു കേട്ടതോടു കൂടി ഞാൻ എന്റെ ആളുകളുടെ അടുക്കലേക്ക് ചെന്നു. അവരോട് ഞാൻ പറഞ്ഞു: രക്ഷപ്പെട്ടോളൂ അല്ലാഹു അബൂ റാഫിഇനെ കൊന്നിരിക്കുന്നു.
ശേഷം ഞാൻ നബിﷺയുടെ അടുക്കൽ ചെല്ലുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. നബിﷺ എന്നോട് പറഞ്ഞു: നിന്റെ കാൽ ഇങ്ങോട്ട് നീട്ടക. അപ്പോൾ ഞാൻ എന്റെ കാൽ നീട്ടിക്കൊടുത്തു. നബിﷺ അതിന്മേൽ തടവി. എനിക്ക് ഒരു പ്രയാസം പോലും ഉണ്ടാകാത്ത (പോലെ പഴയ) രൂപത്തിൽ എന്റെ കാല് ശരിയായി വന്നു. (ബുഖാരി: 4039)
ഫദ്‌ലുല്‍ ഹഖ് ഉമരി