നബി ചരിത്രം – 61

നബി ചരിത്രം - 61: ഹിജ്റ ആറാം വർഷം [ഭാഗം: 01]

നബി നിയോഗിച്ച യുദ്ധ സംഘങ്ങൾ.

(1) ഹിജ്റ ആറാം വർഷം മുഹമ്മദ് ബിനു മസ്‌ലമ رضي الله عنه എന്ന സ്വഹാബിയുടെ നേതൃത്വത്തിൽ 30 ഓളം വരുന്ന ആളുകളെ ഖുറത്വാഅ്‌ എന്ന സ്ഥലത്തേക്ക് നബി നിയോഗിച്ചു. ബനൂ ബകർ ഗോത്രക്കാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. മുഹർറം പത്തിന് അവർ പുറപ്പെട്ടു. രാത്രിയിൽ യാത്ര ചെയ്യുകയും പകലിൽ ഒളിച്ചിരിക്കുകയും ചെയ്തു. അവരുമായി ഏറ്റുമുട്ടിയപ്പോൾ അധികമാളുകളും ഓടിപ്പോയി. ചില ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.

ഗനീമത്ത് സ്വത്തായി ഒട്ടകങ്ങളും ആടുകളും ലഭിച്ചു. മുഹർറം മാസത്തിൽ തന്നെ അവർ മദീനയിലേക്ക് മടങ്ങി വരികയും ചെയ്തു. യുദ്ധ സ്വത്തിന്റെ അഞ്ചിലൊന്ന് നബിﷺ മാറ്റി വെച്ചു. ബാക്കിയുള്ളത് സൈന്യത്തിൽ പോയ ആളുകൾക്കിടയിൽ വീതിക്കുകയും ചെയ്തു. 150 ഒട്ടകങ്ങളും മൂവായിരത്തോളം ആടുകളും ഉണ്ടായിരുന്നു.
അഹ്സാബ് യുദ്ധവും ബനൂ ഖുറൈള യുദ്ധവും അവസാനിക്കുകയും അതിന്റെ ഭാഗമായി ഖുറൈഷികളുടെ ശക്തി ക്ഷയിക്കുകയും മദീന ശാന്തമാവുകയും ചെയ്തപ്പോൾ മദീന ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്ന ചില ആളുകളെ മര്യാദ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയായിരുന്നു ഇത്തരം സൈന്യങ്ങളെ നബി നിയോഗിച്ചിരുന്നത്.

(2) ഖുബൈബുബ്നു അദിയ്യ رضي الله عنه നോടും സംഘത്തോടും വഞ്ചന കാണിച്ച ഒരു ഗോത്രമായിരുന്നു ബനൂ ലഹ്‌യാൻ. മക്കയുടെ പരിധിയിലായിരുന്നു അവരുടെ വീടുകൾ ഉണ്ടായിരുന്നത്. സഖ്യ കക്ഷികളെ അല്ലാഹു പരാജയപ്പെടുത്തുകയും ഖുറൈശികളുടെ അവസ്ഥകൾ ദുർബലപ്പെടുകയും ചെയ്തതോടു കൂടി ഖുബൈബിനെ കൊലപ്പെടുത്തിയ ആളുകളിൽ പ്രതികാര നടപടിയെടുക്കാൻ പറ്റിയ ഒരു നല്ല സമയമാണ് ഇത് എന്ന് നബിﷺ മനസ്സിലാക്കി. റബീഉൽ അവ്വലിൽ- ജമാദുൽ അവ്വൽ എന്നും സംശയമുണ്ട്- ഇരുന്നൂറോളം വരുന്ന സ്വഹാബികളെയും കൊണ്ട് അവർക്ക് നേരെ പുറപ്പെട്ടു. 20 കുതിരകൾ അവരോടൊപ്പം ഉണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം رضي الله عنه നെ മദീനയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചു. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഹുദൈബിയ്യയുടെ സമീപ താഴ്‌വരയായ ഗുറാൻ താഴ്‌വരയിൽ നബിﷺ എത്തിയപ്പോൾ തന്റെ മരണപ്പെട്ടു പോയ സ്വഹാബികൾക്ക് വേണ്ടി പ്രാർത്ഥിച്ചു. അവിടെ വെച്ച് കൊണ്ടായിരുന്നു മുമ്പ് ബനൂ ലഹ്‌യാനുകാർ സ്വഹാബികളെ കൊലപ്പെടുത്തിയത്.

നബിﷺയുടെ വരവിനെ കുറിച്ച് കേട്ടപ്പോൾ ബനൂ ലഹ്‌യാനുകാർ ഓടി രക്ഷപ്പെടുകയും മലകളുടെ മുകളിൽ അഭയം തേടുകയും ചെയ്തു. അതു കൊണ്ടു തന്നെ അവരിൽ ആരെയും പിടികൂടാൻ മുസ്ലിംകൾക്ക് സാധിച്ചില്ല. എന്നാൽ നബിﷺ ഒന്നോ രണ്ടോ ദിവസം അവിടെ തന്നെ താമസമാക്കി. ഓരോ ഭാഗങ്ങളിലേക്കും ചെറു സൈന്യങ്ങളെ അയച്ചു. പക്ഷേ ആരെയും കിട്ടിയില്ല. അതിനു ശേഷം നബിﷺ തന്റെ അനുയായികളെയും കൊണ്ട് അസ്വ്‌ഫാൻ പ്രദേശത്തേക്ക് നീങ്ങി. തങ്ങളുടെ വരവിനെക്കുറിച്ച് ഖുറൈശികളെ അറിയിക്കുവാനും അവരിൽ ഭയം ഉണ്ടാക്കുവാനും തങ്ങളുടെ ശക്തി ബോധ്യപ്പെടുത്തി കൊടുക്കുവാനും വേണ്ടിയായിരുന്നു അത്. 10 യോദ്ധാക്കളെയുമായി നബിﷺ മക്കയുടെ സമീപ പ്രദേശമായ കുറാഉൽഗമീം എന്ന സ്ഥലത്തേക്ക് അബൂബക്കർ رضي الله عنه  നെ നിയോഗിച്ചു. പക്ഷെ ആരെയും കാണാതെ അദ്ദേഹവും തിരിച്ചു പോരേണ്ടി വന്നു.

(3) റബീഉൽ അവ്വൽ മാസത്തിൽ ഉക്കാശതുബ്നു മിഹ്‌സ്വനുൽ അസാദ് رضي الله عنه യുടെ നേതൃത്വത്തിൽ ഗംറ് എന്ന സ്ഥലത്തേക്ക് നാല്പതോളം ആളുകളെ നബിﷺ പറഞ്ഞയച്ചു. ബനൂ അസദ് ഗോത്രക്കാരുടെ ജല തടാകം ഉള്ള സ്ഥലമായിരുന്നു അത്. സ്വഹാബികളുടെ വരവിനെക്കുറിച്ച് അറിഞ്ഞ നാട്ടുകാർ ഓടി രക്ഷപ്പെട്ടു. ആ പ്രദേശത്ത് ചെന്നപ്പോൾ പുരുഷന്മാർ ആരുമില്ലാത്ത അവസ്ഥയായിരുന്നു അവർ കണ്ടത്. ശുജാഉബ്നു വഹബിനെ അവരെ കണ്ടെത്താൻ വേണ്ടി പറഞ്ഞയച്ചു. ആടുകൾ നടന്ന വഴികൾ ലക്ഷ്യം വെച്ചു കൊണ്ട് മുസ്ലിങ്ങൾ മുന്നോട്ടു നീങ്ങി. അവസാനം അവരെ കണ്ടു മുട്ടുകയും അവരുമായി ഏറ്റു മുട്ടുകയും ചെയ്തു. ഇരുന്നൂറോളം ഒട്ടകങ്ങളാണ് അന്ന് യുദ്ധ സ്വത്തായി ലഭിച്ചത്. പ്രയാസങ്ങൾക്കൊന്നും വിധേയമാകാതെ അവർ മദീനയിലേക്ക് മടങ്ങി.

(4) റബീഉൽ ആഖിർ മാസത്തിൽ മുഹമ്മദ്ബ്നു മസ്‌ലമ رضي الله عنه യുടെ നേതൃത്വത്തിൽ പത്തോളം വരുന്ന ആളുകളെ ഗത്വ്‌ഫാൻ കാരിൽ പെട്ട ബനൂ സഅ്‌ലബയിലേക്ക് അയച്ചു. മദീനക്കു സമീപമുള്ള ദുൽഖിസ്സ: എന്ന സ്ഥലത്തായിരുന്നു അവർ. രാത്രിയാണ് അവിടെയെത്തിയത്. ബനൂ സഅ്‌ലബക്കാർ അപകടം മണത്തറിഞ്ഞു. അവർ നൂറോളം പേർ വരികയും രാത്രിയിൽ രണ്ടു വിഭാഗം തമ്മിൽ അൽപസമയം പരസ്പരം അമ്പെയ്തു കൊണ്ടിരിക്കുകയും ചെയ്തു. പിന്നീട് അഅ്‌റിബികൾ കുന്തങ്ങൾ കൊണ്ട് അവരെ സഹായിച്ചപ്പോൾ മുസ്‌ലിംകളെ മുഴുവൻ അവർ കൊന്നൊടുക്കി. മുഹമ്മദുബ്നു മസ്‌ലമക്ക് ശക്തമായ മുറിവേറ്റു. ചലിക്കാൻ കഴിയാത്ത വിധത്തിൽ കാലിന്റെ മടമ്പിലാണ് വെട്ടേറ്റത്. ശേഷം അവർ അദ്ദേഹത്തെ വിവസ്ത്രനാക്കി. മുസ്ലിംകളിൽ പെട്ട ഒരാൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് വരികയും അദ്ദേഹത്തെ ചുമന്നുകൊണ്ട് മദീനയിലേക്ക് മടങ്ങുകയും ചെയ്തു.

(5) റബീഉൽ ആഖിർ മാസത്തിൽ തന്നെ നബി ﷺ അബൂ ഉബൈദതുൽജർറാഹ് رضي الله عنه നെ ദുൽഖിസ്സയിലേക്ക് വീണ്ടും പറഞ്ഞയച്ചു. മുഹമ്മദ്ബ്നു മസ്‌ലമ رضي الله عنه യുടെ കൂടെയുണ്ടായിരുന്നവർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. നാല്പതോളം വരുന്ന ആളുകൾ അബൂഉബൈദ رضي الله عنه യുടെ കൂടെ നടന്നു കൊണ്ടാണു പോയത്. മഗ്‌രിബിന്റെ സമയത്ത് പുറപ്പെട്ട് സുബഹിയോടടുത്ത സമയത്ത് അവർ ദുൽഖിസ്സയിൽ എത്തി. അങ്ങിനെ അവരോട് ഏറ്റുമുട്ടുകയും അവരെ കീഴടക്കുകയും ചെയ്തു.

പലരും മലകളുടെ മുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. അവരിൽ നിന്നും ഒരാളെ മുസ്ലിംകൾ പിടി കൂടി. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. ബനൂ സഅ്‌ലബക്കാരുടെ ഒട്ടനവധി കന്നുകാലികൾ യുദ്ധ സ്വത്തായി മുസ്ലിംകൾക്ക് ലഭിച്ചു. അതിനു പുറമേ മറ്റു ചില വിഭവങ്ങളും അവർക്ക് ലഭിച്ചിരുന്നു. എല്ലാം ശേഖരിച്ച് അവർ മദീനയിലെത്തിയപ്പോൾ അഞ്ചിലൊന്ന് നബി ﷺ മാറ്റി വെക്കുകയും ബാക്കിയുള്ളത് അവർക്കിടയിൽ വീതിക്കുകയും ചെയ്തു.

(6) റബീഉൽ ആഖിർ മാസത്തിൽ നബി ﷺ സൈദ് ബിനു ഹാരിസ رضي الله عنه യെ ബനൂ സലീം ഗോത്രത്തിലേക്ക് നിയോഗിച്ചു. ജുമൂം എന്ന് പറയുന്ന സ്ഥലത്തേക്ക് അവർ എത്തിച്ചേർന്നു. അതിന്റെ ഇടതു വശത്ത് ഈത്തപ്പനയുടെ തോട്ടങ്ങൾ ആയിരുന്നു. അവിടെ വെച്ചു കൊണ്ട് മുസൈന ഗോത്രത്തിലെ ഒരു സ്ത്രീയെ അവർ കണ്ടു മുട്ടി. ഹലീമ എന്നായിരുന്നു അവരുടെ പേര്. ബനൂ സലീംകാർ താമസിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച് ഈ സ്ത്രീ കൃത്യമായ വിവരണം അവർക്ക് നൽകി. മുസ്ലിംകൾ അവിടെ എത്തിച്ചേരുകയും അവിടെ നിന്ന് ഇന്ന് ആടുകളും മറ്റു കന്നുകാലികളും ബന്ധികളും അവർക്ക് ലഭിക്കുകയും ചെയ്തു. ബന്ധികളുടെ കൂട്ടത്തിൽ ഹലീമയുടെ ഭർത്താവും ഉണ്ടായിരുന്നു.

(7) മദീനയിൽ നിന്ന് ശാമിന്റെ ഭാഗത്തേക്ക് നാലു രാത്രികൾ യാത്ര ചെയ്താൽ എത്താവുന്ന ഒരു സ്ഥലമാണ് അൽഐസ്വ്. നബിﷺ നൂറ്റി എഴുപതോളം വരുന്ന യോദ്ധാക്കളെയും കൊണ്ട് ജമാദുൽ അവ്വൽ മാസത്തിൽ സൈദുബ്‌നു ഹാരിസ رضي الله عنه  യുടെ നേതൃത്വത്തിൽ അങ്ങോട്ട് പറഞ്ഞയച്ചു. ശാമിൽ നിന്നും വരുന്ന ഖുറൈശി സംഘത്തെ പിടി കൂടുക എന്നതായിരുന്നു ലക്ഷ്യം. അബുൽആസ്വുബ്നു റബീആയിരുന്നു ഖുറൈശി സംഘത്തിന്റെ നേതാവ്. അവർ അവിടെ എത്തുകയും അവരെയും അവരുടെ അടുക്കൽ ഉള്ളതും പിടികൂടുകയും ചെയ്തു. സ്വഫ്‌വാനുബ്നു ഉമയ്യയുടെ ഒട്ടനവധി വെള്ളികൾ മുസ്‌ലിംകൾക്കു ലഭിച്ചു. സംഘത്തിലുണ്ടായിരുന്ന പലരെയും ബന്ദികളാക്കി. അബുൽആസ്വുബ്നു റബീഅ് അതിൽ പെട്ടിരുന്നു. എല്ലാവരെയും കൊണ്ട് മുസ്ലിംകൾ മദീനയിലേക്ക് മടങ്ങി. മക്കയിലെ കച്ചവടത്തിന്റെയും സമ്പത്തിന്റെയും വിശ്വാസ്യതയുടെയും വിഷയത്തിൽ എണ്ണപ്പെട്ട ആളുകളിൽ ഒരാളായിരുന്നു അബുൽആസ്വ്. പ്രവാചക പുത്രി സൈനബ رضی اللہ عنھا  യുടെ ഭർത്താവ് കൂടിയാണ് അദ്ദേഹം. നബി ﷺ യുടെ ഭാര്യയായിരുന്ന ഖദീജയുടെ സഹോദരി ഹാലയായിരുന്നു അബുൽആസ്വിന്റെ ഉമ്മ. രാത്രിയിൽ അബുൽ ആസ്വ്‌ സൈനബ رضی اللہ عنھا ന്റെ അടുക്കലേക്ക് വന്നു.

സൈനബ് رضی اللہ عنھا മുമ്പു തന്നെ മദീനയിലേക്ക് ഹിജ്റയായി വന്നിട്ടുണ്ടായിരുന്നു. അബുൽആസ്വിനെ അദ്ദേഹത്തിന്റെ ശിർക്കിൽ തന്നെ മക്കയിൽ വിട്ടേച്ചു കൊണ്ടാണ് അവർ മദീനയിൽ എത്തിയിരുന്നത്. അബുൽ ആസ് സൈനബ് رضی اللہ عنھا നോട് അഭയം ചോദിക്കുകയും അദ്ദേഹത്തിന് അവർ അഭയം നൽകുകയും ചെയ്തു. നബി ﷺ യോട് കച്ചവട സംഘത്തിൽ നിന്നും പിടിച്ചെടുത്ത സമ്പത്ത് തിരിച്ചു ചോദിക്കാൻ വേണ്ടി അബുൽആസ്വ് സൈനബ رضی اللہ عنھا നോട് ആവശ്യപ്പെട്ടു. സുബഹി നമസ്കാരത്തിന് വേണ്ടി നബി ﷺ ഇറങ്ങി വരികയും നബി ﷺ യും സ്വഹാബിമാരും തക്ബീറതുൽഇഹ്‌റാം ചൊല്ലി കൈ കെട്ടുകയും ചെയ്തപ്പോൾ സ്ത്രീകളുടെ സ്വഫ്ഫിൽ നിന്നും സൈനബ് رضی اللہ عنھا  ഉറക്കെ വിളിച്ചു പറഞ്ഞു: അല്ലയോ ജനങ്ങളെ, ഞാൻ അബുൽആസ്വിന് അഭയം നൽകിയിരിക്കുന്നു. നമസ്കാരം കഴിഞ്ഞപ്പോൾ ജനങ്ങൾക്ക് അഭിമുഖമായി നിന്നു കൊണ്ട് നബി ﷺ ചോദിച്ചു. അല്ലയോ ജനങ്ങളെ, ഞാൻ കേട്ട ശബ്ദം നിങ്ങൾ കേട്ടുവോ?. അവർ പറഞ്ഞു: അതെ. ഞങ്ങളും കേട്ടു. നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം. നിങ്ങൾ കേട്ടത് പോലെ ഞാനും കേൾക്കുന്നതു വരെ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല… ശേഷം നബി ﷺ അവിടെ നിന്നും പിരിഞ്ഞു പോവുകയും സൈനബ رضی اللہ عنھا യുടെ അടുക്കലേക്കു ചെല്ലുകയും ചെയ്തു. എന്നിട്ട് അവരോടായി ഇപ്രകാരം പറഞ്ഞു: അബുൽആസ്വിന്റെ നമ്മോടുള്ള അടുത്ത ബന്ധം നോക്കുകയാണെങ്കിൽ അദ്ദേഹം പിതൃവ്യ പോത്രനാണ്. ഇനി അകന്ന ബന്ധം നോക്കുകയാണെങ്കിൽ അദ്ദേഹം കുട്ടിയുടെ ഉപ്പയാണ്. ഞാനും അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു. അദ്ദേഹത്തിന് സൈനബ رضی اللہ عنھا യുടെ കൂടെ നിൽക്കാൻ നബി ﷺ അനുവാദം കൊടുത്തു. കച്ചവട സംഘത്തിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ അദ്ദേഹത്തിന് തിരിച്ചു കൊടുക്കാൻ നബി ﷺ യോട് ആവശ്യപ്പെടുകയും നബി ﷺ അത് അംഗീകരിക്കുകയും ചെയ്തു. ശേഷം അബുൽആസ്വിന്റെ സ്വത്ത് നേരത്തെ വിഭജിച്ചു കൊടുത്ത ആളുകളിലേക്ക് നബി ﷺ ആളെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു: നമ്മിലുള്ള ഈ വ്യക്തിയെ കുറിച്ച് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ സ്വത്തും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിങ്ങൾ അദ്ദേഹത്തോട് നന്മ കാണിക്കുകയും അദ്ദേഹത്തിന്റെ സ്വത്തു തിരിച്ചു കൊടുക്കുകയും ചെയ്യുകയാണ് എങ്കിൽ നാം അത് ഇഷ്ടപ്പെടുന്നു. അല്ല, നിങ്ങൾ തിരിച്ചു കൊടുക്കാൻ തയ്യാറല്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ള യുദ്ധ സ്വത്താകുന്നു അത്. നിങ്ങളാകുന്നു അതിന് ഏറ്റവും അർഹരായിട്ടുള്ളവർ. സഹാബികൾ ഒന്നിച്ചു പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ അദ്ദേഹത്തിന്റെ സ്വത്ത് തിരിച്ചു കൊടുക്കാൻ തയ്യാറാണ്. ഒന്നും നഷ്ടപ്പെടാതെ അവർ എല്ലാം അദ്ദേഹത്തിന് തിരിച്ചു കൊടുത്തു. ശേഷം അബുൽആസ്വ് മക്കയിലേക്ക് മടങ്ങി.

തന്റെ കയ്യിലുണ്ടായിരുന്ന സ്വത്തുക്കൾ അതിന്റെ അർഹരായ ആളുകൾക്ക് എത്തിച്ചു കൊടുത്തു. ശേഷം അദ്ദേഹം മക്കക്കാരുടെ ചോദിച്ചു; അല്ലയോ ഖുറൈശികളെ ഇനി നിങ്ങളുടെ ആരുടെയെങ്കിലും സ്വത്ത് എന്റെ കയ്യിൽ ഉണ്ടോ? അവർ പറഞ്ഞു: ഇല്ല. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ. കരാർ പാലിക്കുന്നവരും മാന്യനുമായിട്ട് മാത്രമേ ഞങ്ങൾ നിങ്ങളെ കണ്ടിട്ടുള്ളൂ. അതിനു ശേഷം അബുൽ ആസ് رضي الله عنه ഇപ്രകാരം പറഞ്ഞു. ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാണ് എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഇതിനു മുമ്പ് ഞാൻ ഇസ്ലാം സ്വീകരിച്ചാൽ നിങ്ങളുടെ സ്വത്ത് എന്റെ കൈകളിൽ ഉള്ളത് ഞാൻ സ്വന്തമാക്കാൻ വേണ്ടിയാണ് അത് ചെയ്തത് എന്ന് നിങ്ങൾ വിചാരിക്കും. അതു കൊണ്ടാണ് നിങ്ങളുടെയെല്ലാം സ്വത്തുക്കൾ തിരിച്ചുതന്നത്. ഇപ്പോൾ ഞാൻ മുസ്ലിമായിരിക്കുന്നു. ശേഷം അദ്ദേഹം നബി ﷺ യുടെ അടുക്കലേക്ക് മുഹാജിറായി പുറപ്പെട്ടു. മുഹർറം മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മുമ്പു നടത്തിയ നികാഹിന്റെ അടിസ്ഥാനത്തിൽ തന്നെ നബി ﷺ സൈനബ رضی اللہ عنھا നെ അബുൽആസ് رضي الله عنه ന് തിരിച്ചു കൊടുത്തു. വീണ്ടുമൊരു സാക്ഷിയോ മഹ്‌റോ നിശ്ചയിച്ചില്ല. (അഹ്‌മദ്: 2366) കാരണം കാഫിറുകൾക്ക് മുസ്ലിംകളായ സ്ത്രീകൾ നിഷിദ്ധമാണ് എന്ന ആയത്ത് അന്ന് അവതരിച്ചിട്ടുണ്ടായിരുന്നില്ല.

ബദറിന്റെ സന്ദർഭത്തിലും ബന്ധികളുടെ കൂട്ടത്തിൽ അബുൽ ആസ് പിടിക്കപ്പെട്ടിരുന്നു. അന്ന് മക്കയിൽ നിന്ന് അദ്ദേഹത്തിനുള്ള മോചനദ്രവ്യം സൈനബായിരുന്നു കൊടുത്തയച്ചിരുന്നത്. സൈനബ رضی اللہ عنھا യുടെ കല്യാണ സന്ദർഭത്തിൽ ഖദീജ നൽകിയ മാലയായിരുന്നു മോചനദ്രവ്യമായി അവർ കൊടുത്തയച്ചിരുന്നത്. ഇത് നബി ﷺ യുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അന്ന് അബുൽആസ് رضي الله عنه നെ മോചന ദ്രവ്യം വാങ്ങാതെ തന്നെ മോചിപ്പിച്ചു വിടുകയുണ്ടായി. എന്നാൽ സൈനബ رضی اللہ عنھا നെ മദീനയിലേക്ക് അ അയച്ചുതരണം എന്ന നിബന്ധന വെച്ചിരുന്നു. അദ്ദേഹം ആ കരാർ പാലിക്കുകയും സൈനബ رضی اللہ عنھا നെ മദീനയിലേക്ക് അയക്കുകയും ചെയ്തു. നബി ﷺ അദ്ദേഹത്തെ ഇതിന്റെ പേരിൽ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. നബി ﷺ അബുൽആസ് رضي الله عنه നെ പുകഴ്ത്തിപ്പറഞ്ഞ സംഭവം ബുഖാരിയുടെ ഹദീസിൽ (ബുഖാരി: 3729. മുസ്ലിം 2449) കാണാം. അബുൽ ആസ് رضي الله عنه സൈനബ് رضی اللہ عنھا ദമ്പതിമാർക്ക് രണ്ടു മക്കളാണ് ഉണ്ടായത്. അലി رضي الله عنه ഉമാമ رضي الله عنه. അലി رضي الله عنه ചെറുപ്പത്തിൽ തന്നെ നബി ﷺ ജീവിച്ചിരിക്കെ മരണപ്പെടുകയുണ്ടായി. ഈ ഉമാമ رضي الله عنه യെയാണ് പലപ്പോഴും നമസ്കാര സന്ദർഭത്തിൽ പോലും നബി ﷺ എടുത്തിരുന്നത്.(ബുഖാരി :516 മുസ്ലിം: 543) നബിﷺക്ക് ഉമാമ رضی اللہ عنھا യോട് ശക്തമായ സ്നേഹമായിരുന്നു. ഫാത്വിമയുടെ മരണ ശേഷം അലിയ്യുബ്നു അബീത്വാലിബ് رضي الله عنه ഉമാമയെ رضی اللہ عنھا വിവാഹം കഴിച്ചു. അലി رضي الله عنه കൊല്ലപ്പെടുന്നത് വരെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഹിജ്റ എട്ടാം വർഷത്തിന്റെ തുടക്കത്തിലാണ് സൈനബ് رضی اللہ عنھا മരണപ്പെടുന്നത്.

ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment