നബി ചരിത്രം - 60: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 10]

ബനൂ ഖുറൈള യുദ്ധം.
അഹ്സാബ് യുദ്ധത്തിന് തൊട്ട് ശേഷമായിരുന്നു ഈ യുദ്ധം. ദുൽ ഖഅ്‌ദിന്റെ അവസാനത്തിലും ദുൽഹജ്ജിന്റെ ആദ്യത്തിലുമായിരുന്നു ഇത്. മുസ്‌ലിംകളുമായി ഉണ്ടാക്കിയ കരാർ ജൂതന്മാർ ലംഘിച്ചതായിരുന്നു യുദ്ധത്തിന് കാരണം. ബനൂ നളീറിന്റെ നേതാവായ ഹുയയ്യുബ്നു അഖ്തബിന്റെ പ്രേരണയാണ് ബനൂഖുറൈളക്കാർക്ക് പ്രചോദനമേകിയത്. മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ സഖ്യ കക്ഷികളോടൊപ്പം അവർ ഗൂഢാലോചന നടത്തി. ഈ കരാർ ലംഘനവും ചതിയും വഞ്ചനയും ജൂതന്മാരുടെ ഭാഗത്തു നിന്നും ഉണ്ടായത് മുസ്ലിങ്ങൾ വളരെയധികം പ്രയാസപ്പെട്ടിരുന്ന ഒരു സന്ദർഭത്തിലായിരുന്നു. അതു കൊണ്ടു തന്നെ അവർ നടത്തിയ ചതിയുടെ വിഷയത്തിൽ വൈകാതെ തന്നെ അവരെ പാഠം പഠിപ്പിക്കലും അനിവാര്യമായിരുന്നു. അതു കൊണ്ടു തന്നെ ഖന്തഖിൽ നിന്നും മടങ്ങി വന്നതിനു ശേഷം നബിﷺ അവരുമായി യുദ്ധത്തിനുള്ള കൽപ്പന നൽകുകയുണ്ടായി.
അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള കല്പനപ്രകാരം നബിﷺ തന്റെ അനുചരന്മാരോട് ബനൂ ഖുറൈളയിലേക്ക് നീങ്ങാൻ നിർദ്ദേശിച്ചു. വേഗത്തിൽ അവിടെ എത്തുന്നതിനു വേണ്ടി ഖുറൈളയിൽ എത്തിയതിനു ശേഷമല്ലാതെ നിങ്ങൾ നമസ്കരിക്കരുത് എന്നും അവരുടെ കൽപ്പിച്ചു. ഇബ്നു ഉമർرضي الله عنهൽ നിന്ന് നിവേദനം അഹ്സാബിന്റെ ദിവസം നബിﷺ പറഞ്ഞു. “ബനു ഖുറൈളയിൽ വെച്ചല്ലാതെ നിങ്ങളിലൊരാളും അസ്വ്‌ർ നമസ്കരിക്കരുത്. അങ്ങിനെ വഴിയിൽ വച്ച് അസ്വ്‌ർ നമസ്കാര സമയമായപ്പോൾ ചില സ്വഹാബിമാർ പറഞ്ഞു: ബനൂഖുറൈളയിൽ എത്തിയതിനു ശേഷമല്ലാതെ നമ്മൾ നമസ്കരിക്കുകയില്ല. എന്നാൽ വേറെ ചിലർ പറഞ്ഞു: നമുക്ക് നമസ്കരിക്കാം. നമ്മിൽനിന്നും ഉദ്ദേശിച്ചത് ബനൂ ഖുറൈളയിൽ വേഗത്തിൽ എത്തണം എന്നുള്ളതാണ്. ഈ വിവരം നബിയെ അവർ അറിയിച്ചപ്പോൾ നബി ആരെയും ആക്ഷേപിച്ചു പറഞ്ഞില്ല”.(ബുഖാരി: 946 .മുസ്ലിം: 1770) ഖന്തഖിൽ നിന്നും മടങ്ങി വന്ന നബിﷺ യും സ്വഹാബിമാരും ആയുധങ്ങൾ എടുത്തു വെച്ച സന്ദർഭത്തിൽ ദിഹ്‌യതുൽകൽബിയുടെ രൂപത്തിൽ ജിബ്‌രീൽ നബി യുടെ അടുക്കലേക്കു വന്നു കൊണ്ട് യുദ്ധത്തിനുള്ള കൽപന കൊടുത്തു. “ആഇശയിൽ നിന്നും നിവേദനം: നബിﷺ ഖന്തഖിൽ നിന്നു മടങ്ങിവരികയും ആയുധങ്ങൾ എടുത്തു വെക്കുകയും കുളിച്ചു ശുദ്ധിയാക്കുകയും ചെയ്ത സന്ദർഭത്തിൽ ജിബ്‌രീൽ അലൈഹിസ്സലാം വന്നു കൊണ്ട് ചോദിച്ചു. താങ്കൾ ആയുധമെടുത്തു വെക്കുകയാണോ? അല്ലാഹുവാണ് സത്യം ഞങ്ങൾ മലക്കുകൾ ആയുധമെടുത്തു വെച്ചിട്ടില്ല. താങ്കൾ അവരിലേക്ക് പുറപ്പെടുക. നബിﷺ ചോദിച്ചു എങ്ങോട്ട്?. ജിബിരീൽ അലൈഹിസ്സലാം ബനൂഖുറൈ യിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ഇതാ ഇങ്ങോട്ട്. അങ്ങിനെ നബി ﷺ അവരിലേക്ക് പുറപ്പെട്ടു”.(ബുഖാരി :4117)
അനസ് رضي الله عنهൽ നിന്ന് നിവേദനം നബിﷺ ബനൂ ഖുറൈളയിലേക്ക് പുറപ്പെട്ടപ്പോൾ ബനൂ ഗനം ഗോത്രത്തിന്റെ മുകൾ ഭാഗത്ത് കൂടി ജിബ്‌രീൽ ഇറങ്ങി വന്ന വഴിയിൽ പൊടി പടലങ്ങൾ ഉയർന്നതായി ഞാൻ കണ്ടു. (ബുഖാരി: 4118) 25 ദിവസത്തോളം നബിﷺയും സ്വഹാബിമാരും ബനൂ ഖുറൈളക്കാരെ വളഞ്ഞു നിന്നു. അല്ലാഹു അവരുടെ ഹൃദയത്തിൽ ഭയം ഇട്ടു കൊടുത്തു. മുസ്ലിംകൾ വലയം ചെയ്തത് ബനൂ ഖുറൈളക്കാർക്ക് വലിയ പ്രയാസമുണ്ടാക്കി. ജീവിതം തന്നെ അവർക്ക് പ്രയാസമായി മാറി. പരീക്ഷണം ശക്തമായിത്തുടങ്ങി. അതോടു കൂടി കീഴടങ്ങാൻ അവർ തയ്യാറായി. നബിﷺ എടുക്കുന്ന തീരുമാനം അംഗീകരിക്കുവാനും അവർ സന്നദ്ധരായി. അങ്ങിനെ ഔസ് ഗോത്രത്തിലെ തങ്ങളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള ആളുകളുമായി ബന്ധപ്പെടാൻ അവർ നബിﷺയോട് അനുവാദം ചോദിച്ചു. നബിﷺയുടെ യുടെ തീരുമാനത്തെ സ്വീകരിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് ഔസ് ഗോത്രക്കാർക്ക് അറിയാവുന്നതു കൊണ്ടായിരുന്നു അവരുമായി ബന്ധപ്പെടാൻ ബനൂ ഖുറൈളക്കാർ അനുവാദം ചോദിച്ചത്.
അങ്ങിനെ ഞങ്ങളുടെ കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നതിനു വേണ്ടി അബൂ ലുബാബ ഇബ്നു അബ്ദുൽ മുൻദിറിനെ ഞങ്ങളിലേക്ക് അയച്ചു തരണമെന്ന് അവർ നബിﷺയോട് ആവശ്യപ്പെട്ടു. പരസ്പരം സഹായിക്കാം എന്ന് ഇന്ന് ബനൂ ഖുറൈളക്കാരോട് വാഗ്ദാനം ചെയ്ത വ്യക്തിയായിരുന്നു അബു ലുബാബرضي الله عنه. നബിﷺ അദ്ദേഹത്തെ അവരിലേക്ക് അയച്ചു കൊടുത്തു. അബൂ ലുബാബرضي الله عنه ബനൂ ഖുറൈളക്കാരിൽ എത്തിയപ്പോൾ അവിടെയുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും അബൂ ലുബാബയുടെ മുമ്പിൽ വന്നു കരയാൻ തുടങ്ങി. അദ്ദേഹത്തിന് അവരോടു കാരുണ്യം തോന്നി. അവർ ചോദിച്ചു അല്ലയോ അബൂ ലുബാബرضي الله عنه മുഹമ്മദിന്റെ തീരുമാനത്തെ ഞങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്?. അബൂ ലുബാബرضي الله عنه പറഞ്ഞു: അതെ, നിങ്ങൾ അത് സ്വീകരിക്കണം. അദ്ദേഹം തന്റെ കഴുത്തിലേക്ക് ചൂണ്ടിക്കാണിച്ചു. അതായത് വധ ശിക്ഷക്ക് വിധേയമിക്കും. അബൂ ലുബാബرضي الله عنه പറയുന്നു: അല്ലാഹുവാണ് സത്യം, ഞാൻ അവിടെത്തന്നെ നിന്നു. അല്ലാഹുവിനോടും റസൂലിനോടും ഞാൻ കാണിച്ചത് വഞ്ചനയാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. അല്ലാഹുവാണ് സത്യം അല്ലാഹു എനിക്ക് തൗബ തരുന്നത് വരെ പ്രവാചകന്റെ മുഖത്തേക്ക് ഞാൻ നോക്കുകയില്ല. അദ്ദേഹം നേരെ മസ്ജിദുന്നബവിയിലേക്ക് പോയി. എന്നിട്ട് പള്ളിയുടെ തൂണുകളിൽ ഒരു തൂണിൽ തന്നെ സ്വയം ബന്ധിച്ചു. ഈത്തപ്പനയുടെ തടിയായിരുന്നു അത്. നബിﷺയുടെ അടുക്കൽ അദ്ദേഹം ചെന്നില്ല. ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ അല്ലാഹുവിന്റെ തന്റെ പശ്ചാത്താപം സ്വീകരിക്കുന്നതുവരെ ഞാൻ ഇവിടെത്തന്നെ നിൽക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങിനെ അള്ളാഹു ഈ ആയത്ത് അവതരിപ്പിച്ചു.
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്”.(അൻഫാൽ: 27)
അബൂ ലുബാബرضي الله عنه ചെയ്ത കാര്യങ്ങളെ കുറിച്ച് നബി ﷺഅറിഞ്ഞപ്പോൾ ഇപ്രകാരം പറയുകയുണ്ടായി. അദ്ദേഹം നേരിട്ട് എന്റെ അടുക്കലേക്ക് വന്നിരുന്നെങ്കിൽ ഞാൻ മാപ്പ് കൊടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ചെയ്ത പ്രവർത്തനത്തിന്റെ ഭാഗമായി അള്ളാഹു അദ്ദേഹത്തിന് മാപ്പ് കൊടുക്കുന്നതു വരെ ഞാൻ അവിടെ നിന്നും മോചിപ്പിക്കുക ഇല്ല. ആറോ അതിൽ കൂടുതലോ ദിവസങ്ങൾ അബൂ ലുബാബ رضي الله عنه മസ്ജിദുന്നബവിയിലെ തൂണിൽ ബന്ധിതനായി കഴിഞ്ഞു. നമസ്കാര സമയമാകുമ്പോൾ അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വരികയും നമസ്കാരത്തിന് വേണ്ടി കെട്ടഴിച്ചു കൊടുക്കുകയും ചെയ്യും. നമസ്കാര ശേഷം വീണ്ടും തൂണിൽ ബന്ധിക്കപ്പെടും. അങ്ങിനെ അല്ലാഹു അദ്ദേഹത്തിന്റെ തൗബ സ്വീകരിച്ചതായി വിശുദ്ധ ഖുർആനിലെ വചനം ഇറങ്ങി.
“തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്. (കുറെ) സല്‍കര്‍മ്മവും, വേറെ ദുഷ്കര്‍മ്മവുമായി അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു”.(തൗബ: 102)
ബനൂ ഖുറൈളക്കെതിരെയുള്ള തടങ്കൽ ശക്തമായപ്പോൾ നബിﷺയുടെ തീരുമാനത്തിലേക്ക് വരാൻ അവർ സന്നദ്ധരായി. വധ ശിക്ഷ നടപ്പിലാക്കും എന്ന് അബൂ ലുബാബرضي الله عنه അവരെ അറിയിച്ചിട്ടുണ്ടെങ്കിലും നബിﷺയുടെ തീരുമാനത്തിന് വിധേയരാകാൻ അവർ നിർബന്ധിതരായിരുന്നു. അല്ലാഹു അവരുടെ ഹൃദയങ്ങളിലേക്ക് ശക്തമായ ഭയം ഇട്ടു കൊടുത്തു. അലിയ്യുബ്നു അബീത്വാലിബ് رضي الله عنه അവരുടെ കോട്ടക്ക് സമീപം എത്തിയപ്പോൾ അവരുടെ ഭയം ശക്തമായി. കോട്ടക്ക് സമീപത്ത് വന്നു കൊണ്ട് അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു; അല്ലയോ ഈമാനിന്റെ സംഘമേ. അല്ലാഹുവാണ് സത്യം ഉഹ്ദിൽ ഹംസرضي الله عنه രുചിച്ചത് ഞാൻ രുചിക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ഇവരുടെ കോട്ടകളെ ഞാൻ തകർത്തുകളയും. അലിയ്യുബ്നു അബീത്വാലിബുംرضي الله عنه സുബൈർ ബ്നു അവ്വാമുംرضي الله عنه മുന്നോട്ടു നീങ്ങി. ഇതോടെ ബനൂഖുറൈളക്കാർ കീഴടങ്ങുകയും പ്രവാചകന്റെ തീരുമാനത്തിലേക്ക് അവർ വരികയും ചെയ്തു.
ഖസ്റജ് ഗോത്രക്കാരുടെ സഖ്യക്കാരായ ബനൂ ഖൈനുഖാഇലെ ജൂതന്മാരോട് നന്മ കാണിച്ചതു പോലെ ബനൂഖുറൈളയിൽ നിന്നുള്ള തങ്ങളുടെ സഖ്യക്കാരോട് നന്മ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഔസ് ഗോത്രത്തിലെ ചില ആളുകൾ നബിﷺയുടെ അടുക്കൽ വന്നു. അപ്പോൾ ഔസ് ഗോത്രക്കാരോട് നബിﷺ പറഞ്ഞു: ബനൂ ഖുറൈളക്കാരുടെ കാര്യത്തിൽ വിധി പറയാൻ ഞാൻ നിങ്ങളിൽ ഒരാൾക്ക് തന്നെ ഞാൻ അനുവാദം തരട്ടെ?. അവർ പറഞ്ഞു: തീർച്ചയായും പ്രവാചകരെ. നബിﷺ പറഞ്ഞു: സഅ്‌ദുബ്നു മുആദ് رضي الله عنه തീരുമാനം എടുക്കട്ടെ. ഇതു കേട്ടപ്പോൾ ഔസ് ഗോത്രക്കാർ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു. അബൂ സഈദിرضي الله عنهൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. “ബനു ഖുറൈളക്കാർ സഅ്‌ദുബ്നു മുആദ് رضي الله عنهന്റ തീരുമാനത്തിനു വിധേയരായി. സഅ്‌ദ്رضي الله عنهനോട് വരാൻ ആവശ്യപ്പെട്ടു കൊണ്ട് നബിﷺ ആളെ അയച്ചു. അദ്ദേഹം തന്റെ കഴുതപ്പുറത്തു വന്നു. പള്ളിയുടെ സമീപത്തേക്ക് അദ്ദേഹം എത്തിയപ്പോൾ അൻസാരികളോടായി നബിﷺ പറഞ്ഞു: നിങ്ങളുടെ നേതാവി ലേക്ക് -അല്ലെങ്കിൽ നിങ്ങളുടെ നല്ലവനിലേക്ക്- നിങ്ങൾ എണീറ്റ് ചെല്ലുക. നബിﷺ അദ്ദേഹത്തോട് പറഞ്ഞു: താങ്കളുടെ തീരുമാനത്തെ അംഗീകരിക്കാൻ ബനൂ ഖുറൈളക്കാർ സമ്മതിച്ചിട്ടുണ്ട്. താങ്കൾ എന്ത് വിധിയാണ് നൽകുന്നത്?. അദ്ദേഹം പറഞ്ഞു: അവരിൽ നിന്നും യുദ്ധം ചെയ്യാൻ വന്നവരെ കൊലപ്പെടുത്തണം. അവരിലെ സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കണം. നബിﷺ പറഞ്ഞു: അല്ലാഹുവിന്റെ വിധിയാണ് താങ്കൾ വിധിച്ചത്. (ബുഖാരി :4121. മുസ്ലിം: 1770)
ഇബ്നു ഉമർ رضي الله عنهൽ നിന്ന് നിവേദനം. “ബനൂ നളീറിലെയും ബനൂ ഖുറൈളയിലെയും ജൂതന്മാർ നബിﷺയോട് യുദ്ധം ചെയ്തു. ബനൂ നളീറിനെ നബിﷺ നാടു കടത്തി. ബനൂ ഖുറൈളക്കാർക്ക് അവിടെത്തന്നെ താമസിക്കാൻ അനുവാദം കൊടുക്കുകയും അവരോട് ദയ കാണിക്കുകയും ചെയ്തു. എന്നാൽ ബനൂ ഖുറൈളക്കാർ അതിനു ശേഷം നബിﷺയോട് യുദ്ധം ചെയ്തു. അപ്പോൾ അവരിലെ പുരുഷന്മാരോട് യുദ്ധം ചെയ്യുകയും സ്ത്രീകളെയും കുട്ടികളെയും സമ്പത്തും മുസ്ലിംകൾക്കിടയിൽ വീതം വെക്കുകയും ചെയ്തു. എന്നാൽ അവരിൽ ചിലർ നബിﷺയോടൊപ്പം ചേരുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മദീനയിൽ ഉണ്ടായിരുന്ന എല്ലാ ജൂതന്മാരെയും നബിﷺ നാടു കടത്തി. അബ്ദുല്ലാഹിബിനു സലാമിന്റെ ഗോത്രമായിരുന്ന ബനൂ ഖൈനുഖാഇനേയും ബനു ഹാരിസയിലെ ജൂതന്മാരെയും എന്നു വേണ്ട മദീനയിൽ ഉണ്ടായിരുന്ന എല്ലാ ജൂതന്മാരെയും നബിﷺനാടു കടത്തി. (ബുഖാരി: 4028 മുസ്ലിം: 1766).
സഅ്‌ദ്ബ്നു മുആദ്رضي الله عنه പറഞ്ഞതു പോലെ കാര്യങ്ങൾ ചെയ്തതിനു ശേഷം ബന്ദികളെ റംല ബിൻതു ഹാരിസ് رضي الله عنهന്റെ വീട്ടിലും ഉസാമതുബ്നു സെയ്ദ് رضي الله عنهന്റെ വീട്ടിലും ഒരുമിച്ചു കൂട്ടി. ശേഷം അവർക്ക് വേണ്ടി മദീനയുടെ അങ്ങിങ്ങായി കുഴികൾ കുഴിക്കുവാൻ ആവശ്യപ്പെട്ടു. പിന്നീട് അവരെ ഓരോരുത്തരെയായി കൊണ്ടുവരികയും അവരുടെ കഴുത്ത് വെട്ടുകയും കുഴികളിൽ ഇട്ട് മൂടുകയും ചെയ്തു. ഏതാണ്ട് നാനൂറോളം പേർ ഉണ്ടായിരുന്നു അവർ. ഈ കൂട്ടത്തിൽ ഹുയയ്യുബ്നു അഖ്തബും ഉണ്ടായിരുന്നു. ബനൂ ഖുറൈളയോടൊപ്പം അവരുടെ കോട്ടയിൽ പ്രവേശിച്ചതായിരുന്നു ഇയാൾ. ബനൂ ഖുറൈളക്കാരെ സഹായിക്കാമെന്ന വാഗ്ദാനം ഇയാൾ മുമ്പ് ചെയ്തത് കൊണ്ടായിരുന്നു അത്. ഇയാളെ കൊണ്ടു വരപ്പട്ടപ്പെോൾ നബിﷺ ചോദിച്ചു. അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ. ഹുയയ്യ് പറഞ്ഞു . നീയെന്നെ പരാജയപ്പെടുത്തി. എന്നാൽ അല്ലാഹുവാണ് സത്യം നിന്നോടുള്ള ശത്രുത കൊണ്ട് ഞാൻ ഒരിക്കലും അപമാനിതനായിട്ടില്ല. മറിച്ച് അല്ലാഹു ഒരുത്തനെ അപമാനിതനാക്കിയാൽ അവൻ അപമാനിതനാകും. ശേഷം ജനങ്ങൾക്ക് അഭിമുഖമായി നിന്നു കൊണ്ട് ഇപ്രകാരം പറഞ്ഞു ‘അല്ലയോ ജനങ്ങളെ അല്ലാഹുവിന്റെ കൽപ്പന നടപ്പിലാകുന്നതിൽ ഒരു വിരോധവുമില്ല. അല്ലാഹുവിന്റെ രേഖയും അവന്റെ ഖദ്റുമാണിത് . ബനൂ ഇസ്റാഈല്യരുടെ കാര്യത്തിൽ അല്ലാഹു രേഖപ്പെടുത്തിയതാണിത്. ശേഷം അവിടെ ഇരുന്നു. അയാളുടെ കഴുത്ത് മുറിക്കപ്പെടുകയും കുഴിയിലേക്ക് എറിയപ്പെടുകയും ചെയ്തു. ബനൂഖുറൈളക്കാരിൽ നിന്ന് ഒരു സ്ത്രീ മാത്രമാണ് കൊല്ലപ്പെട്ടത്. ആട്ടു കല്ലു കൊണ്ട് സുവൈദു ബ്നു സാബിത് എന്ന സ്വഹാബിയെ തലക്കെറിഞ്ഞ് കൊന്ന സ്ത്രീ ആയിരുന്നു അത്.
അംറുബ്നു സഅ്‌ദിയ്യുൽഖറളി ബനൂ ഖുറൈളക്കാർ നബിﷺയോട് കാണിച്ച് ചതിയിൽ ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹം തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുകയും രാത്രിയിൽ മസ്ജിദുന്നബവിയിൽ കഴിച്ചു കൂട്ടുകയും ചെയ്തു. ശേഷം അവിടെ നിന്നും അദ്ദേഹം ഇറങ്ങിപ്പോയി. അദ്ദേഹം എങ്ങോട്ടാണ് പോയത് എന്ന് ഇന്നേവരെ ആർക്കും അറിയില്ല. ഇദ്ദേഹത്തെ കുറിച്ച് കേട്ടപ്പോൾ നബിﷺ ഇപ്രകാരം പറയുകയുണ്ടായി. കരാർ പാലനത്തിന്റെ ഫലത്താൽ അല്ലാഹു രക്ഷപ്പെടുത്തിയ വ്യക്തിയാകുന്നു അദ്ദേഹം. ശേഷം ബനൂ ഖുറൈളക്കാരുടെ ഗനീമത്ത് സ്വത്ത് വിഭജിക്കുവാൻ നബിﷺ ആവശ്യപ്പെട്ടു. അവരുടെ കോട്ടകളിൽ ഉള്ളതെല്ലാം ഒരുമിച്ച് കൂട്ടുവാൻ നബിﷺ സ്വഹാബികളോട് നിർദ്ദേശിച്ചു. 1500 വാളുകളും 300 പടയങ്കിയും 1500 പരിചകളും അവർ അവിടെ നിന്നും കണ്ടെടുത്തു. ഒട്ടകങ്ങളും മറ്റു കന്നു കാലികളും അവിടെയുണ്ടായിരുന്നു. അഞ്ചിൽ ഒന്ന് മാറ്റി വെച്ചതിനു ശേഷം ബാക്കിയുള്ളത് അവിടെയുള്ളവർക്ക് വിതരണം ചെയ്തു.
നബിﷺയോട് ഏറ്റവും കൂടുതൽ ശത്രുത കാണിച്ച ആളുകളായിരുന്നു ജൂതന്മാർ. ഏറ്റവും വലിയ നിഷേധത്തിന്റെ വക്താക്കളും ആയിരുന്നു അവർ. അതു കൊണ്ടു തന്നെ തന്നെ ശക്തമായ തീരുമാനങ്ങളാണ് അവർക്കെതിരെ അല്ലാഹുവിന്റെ ഭാഗത്തു നിന്നുണ്ടായത്. പരലോകത്ത് വച്ച് വരാനിരിക്കുന്ന വേദനാ ജനകമായ ശിക്ഷ ഇതിനപ്പുറവും. അവരുടെ നിഷേധത്തിന്റെയും കരാർ ലംഘനത്തിന്റെയും മുസ്ലിംകൾക്കെതിരെ സഖ്യകക്ഷികൾക്കൊപ്പം ചേർന്നതിന്റെയും ഫലമായിരുന്നു ഇത്. അങ്ങിനെ അല്ലാഹുവിന്റെയും റസൂലിന്റെയും കോപം കൊണ്ട് അവർ മടങ്ങി. ഇഹലോകവും പരലോകവും അവർക്ക് നഷ്ടമായി.
“സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂ പ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു”. (അഹ്സാബ്: 25-27)
ബനു ഖുറൈള യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് ശഹീദായത് രണ്ടു പേരാണ്. ഖാലിദുബ്നു സുവൈദുംرضي الله عنه അബൂ സിനാനുബ്നു മിഹ്സ്വനുംرضي الله عنه. ബന്ധികളിൽ നിന്ന് റൈഹാന ബിൻതു സൈദുൽ ഖറളിയെ നബി ﷺ തെരഞ്ഞെടുത്തു. അവർ മുസ്‌ലിമായി. താമസിയാതെ മരണപ്പെടുകയും ചെയ്തു. ബനു ഖുറൈളക്കാരുടെ പരാജയത്തിനു ശേഷം ജൂതന്മാർ നിന്ദ്യരായിത്തുടങ്ങി. മദീനയിൽ കാപട്യത്തിന്റെ പ്രവർത്തനങ്ങൾ ദുർബലമായി. മുനാഫിഖുകൾ തല താഴ്ത്തിത്തുടങ്ങി. മുമ്പ് ചെയ്തിരുന്ന പലതും ചെയ്യാൻ കഴിയാതെ ഭീരുക്കളായി. അതോടു കൂടി മുശ്രിക്കുകളും മുസ്ലിംകളോട് ഇങ്ങോട്ട് യുദ്ധത്തിന് വരാതെയായി. പിന്നീടുള്ള യുദ്ധങ്ങളെല്ലാം അങ്ങോട്ടുള്ളതായിരുന്നു. ബനൂ ഖുറൈളക്കാരുടെ പരാജയത്തോടെ വലിയ ഒരു കീറാമുട്ടിയാണ് മുസ്ലിംകൾക്ക് നീങ്ങി പോയത്. ഇതോടെ മദീന ഇസ്ലാമിന്റെ സുരക്ഷിത കേന്ദ്രമായി മാറി.
ഈ സന്ദർഭത്തിൽ സഅ്‌ദുബ്നു മുആദ്رضي الله عنهന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവ് വീർത്തു പൊട്ടി. അതിലൂടെ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുന്നതിനു തൊട്ടു മുമ്പ് നബി ﷺ അവിടെ കയറിച്ചെന്നു കൊണ്ട് ഇപ്രകാരം പറഞ്ഞിരുന്നു. ” സമൂഹത്തിന്റെ നേതാവിന് (ഔസ് ഗോത്രത്തിലെ നേതാവായിരുന്നു അദ്ദേഹം) അല്ലാഹു നന്മ പ്രതിഫലം ചെയ്യട്ടെ. അല്ലാഹുവിനോട് നൽകിയ കരാറുകളെല്ലാം താങ്കൾ പാലിച്ചു. അല്ലാഹു താങ്കൾക്ക് നൽകിയ കരാറുകൾ അല്ലാഹുവും പാലിക്കുന്നതാണ്.” ബനൂഖുറൈളക്കാരുടെ ശർറുകളിൽ നിന്നും കണ്ണിന് കുളിർമ ലഭിക്കുന്നതു വരെ എന്റെ മരണം സംഭവിക്കരുതേ എന്ന് അദ്ദേഹം പ്രാർത്ഥിക്കാറുണ്ടായിരുന്നു. (അഹ്‌മദ് : 25907) അദ്ദേഹത്തിന്റെ മരണം സംഭവിച്ചപ്പോൾ ജിബ്രീൽ ഇറങ്ങി വരികയും മരണ സന്ദർഭത്തിൽ ഉണ്ടായ കാര്യങ്ങൾ നബി ﷺ യെ അറിയിക്കുകയും ചെയ്തു. ജാബിർ ബിൻ അബ്ദില്ലرضي الله عنهയിൽ നിന്ന് നിവേദനം. ജിബ്‌രീൽ നബിയുടെ അടുക്കലേക്ക് വന്നു. എന്നിട്ട് ചോദിച്ചു; ഏതാണ് ഈ മരണപ്പെട്ട സ്വാലിഹായ അടിമ?. അദ്ദേഹത്തിനു വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനു വേണ്ടി അർശ് ചലിച്ചു. ഇതു കേട്ട നബിﷺ ചെന്നു നോക്കുമ്പോൾ സഅ്‌ദ്ബ്നു മുആദ് رضي الله عنهആയിരുന്നു അത്. സഅ്‌ദിന്റെ മരണ ശേഷം നബി ﷺ അദ്ദേഹത്തിന്റെ തല തന്റെ മടിയിൽ വെച്ചു കൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു.’അല്ലാഹുവേ നിശ്ചയമായും സഅ്‌ദ് رضي الله عنه നിന്റെ മാർഗത്തിൽ ജിഹാദ് ചെയ്തു. നിന്റെ പ്രവാചകന്മാരെ സത്യപ്പെടുത്തി. തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. നന്മയോടു കൂടി അദ്ദേഹത്തിന്റെ ആത്മാവിനെ നീ സ്വീകരിക്കേണമേ.( അഹ്‌മദ്- ഫളാഇലുസസ്വഹാബ: 1499)
സഅ്‌ദ്رضي الله عنه മരണപ്പെട്ടപ്പോൾ അദ്ദേഹത്തിനു വേണ്ടി അർശ് ചലിക്കുകയും ആകാശ കവാടങ്ങൾ തുറക്കപ്പെടുകയും എഴുപതിനായിരം മലക്കുകൾ സന്നിഹിതരാവുകയും ചെയ്തു. അദ്ദേഹത്തെ ഖബറിൽ വെച്ചപ്പോൾ ഒരു ഇടുക്കൽ ഇടുക്കുകയും ശേഷം വേർപിരിക്കപ്പെടുകയും ചെയ്തു. (നസാഈ- അൽകുബ്റാ:2193) സഅ്‌ദിന്റെ മരണം മുസ്ലിംകളെ വല്ലാതെ വേദനിപ്പിച്ചു. ആയിഷ رضي الله عنه പറയുന്നു: നബിയുടെയും അബൂബക്കർرضي الله عنهന്റെയും ഉമർرضي الله عنهന്റെയും മരണ ശേഷം മുസ്ലിംകൾക്ക് ഏറെ നഷ്ടം തോന്നിച്ചത് സഅ്‌ദ്رضي الله عنهന്റെ മരണമായിരുന്നു. (അഹ്‌മദ് : ഫളാഇലുസ്സഹാബ-1493)
37 വർഷമാണ് സഅ്‌ദ്رضي الله عنه ജീവിച്ചത്. സഖ്യ കക്ഷികൾ പിരിഞ്ഞുപോയി 27 ദിവസത്തിനു ശേഷമായിരുന്നു മരണം. ഇസ്ലാമിനു വേണ്ടി സമ്പൂർണ്ണമായ ഒരു ജീവിതം തന്നെ അദ്ദേഹം നയിച്ചു. മദീനയിലാണ് അദ്ദേഹത്തെ ദഫൻ ചെയ്തത്. ബർറാഅ്رضي الله عنه ൽ നിന്നും നിവേദനം: പട്ടിന്റെ ഒരു വസ്ത്രം നബിക്ക് സമ്മാനമായി കൊണ്ടു വരപ്പെട്ടു. സ്വഹാബികൾ അത് സ്പർശിക്കുവാനും അതിന്റെ നൈർമല്യത കണ്ട് അത്ഭുതപ്പെടുവാനും തുടങ്ങി. നബി ചോദിച്ചു ; ഇതിന്റെ നൈർമല്യത കണ്ട് നിങ്ങൾ അത്ഭുതപ്പെടുകയാണോ?. സഅ്‌ദുബ്നു മുആദ്رضي الله عنهന് ലഭിക്കുന്ന തൂവാലകൾ ഇതിനെക്കാൾ ഉത്തമവും നൈർമല്യവുമായിരിക്കും. (ബുഖാരി :3802. മുസ്‌ലിം: 2468)
ഹിജ്റ അഞ്ചാം വർഷത്തിന്റെ അവസാനത്തിൽ അശ്ജഅ് ഗോത്ര സംഘം നബിﷺയുടെ അടുക്കൽ വന്നു. മസ്ഊദുബ്നു റുഖൈലയായിരുന്നു അവരുടെ നേതാവ്. നൂറു പേരുണ്ടായിരുന്നു അവർ. അവർ വന്നു കൊണ്ട് നബിﷺയോട് പറഞ്ഞു . അല്ലയോ മുഹമ്മദ്, താങ്കളുടെയും അനുയായികളുടെയും യുദ്ധങ്ങൾ കൊണ്ട് ഞങ്ങൾക്ക് ഇടുക്കം ഉണ്ടായിരിക്കുന്നു. താങ്കളുമായി സന്ധിയിൽ ഏർപ്പെടാൻ വന്നവരാണു ഞങ്ങൾ. അങ്ങിനെ നബി അവരുമായി സന്ധിയിൽ ഏർപ്പെട്ടു. അത് കരാറായി എഴുതിക്കൊടുക്കുകയും ചെയ്തു. പിന്നീട് അവർ ഇസ്‌ലാം സ്വീകരിക്കുകയും നബിﷺയിൽ ബൈഅത്ത് ചെയ്യുകയും ചെയ്തു. ഔഫുബ്നുമാലികിദ്رضي الله عنهൽഅശ്ജഇയിൽ നിന്നും നിവേദനം. ഞങ്ങൾ ഒമ്പതോ എട്ടോ ഏഴോ പേർ നബിﷺയുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോൾ നബി ﷺചോദിച്ചു. നിങ്ങൾ അല്ലാഹുവിന്റെ പ്രവാചകനോട് ഉടമ്പടി ചെയ്യുന്നില്ലേ. ഞങ്ങൾ നബിﷺയോട് ഉടമ്പടി ചെയ്തിട്ട് അധിക കാലം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതു കൊണ്ട് ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഞങ്ങൾ നിങ്ങളോട് ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ. മൂന്ന് തവണ നബിﷺ ഇത് ആവർത്തിച്ചു ചോദിക്കുകയും അതേ മറുപടി ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു. മൂന്നാമത്തെ തവണ വീണ്ടും ചോദിച്ചപ്പോൾ ഞങ്ങൾ ഞങ്ങളുടെ കൈകൾ നബിﷺക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു. ഞങ്ങൾ താങ്കളോട് ഉടമ്പടി ചെയ്തതാണല്ലോ. ഇനി എന്ത് കാര്യത്തിലാണ് ഞങ്ങൾ ഉടമ്പടി ചെയ്യേണ്ടത്. അപ്പോൾ നബി പറഞ്ഞു: അല്ലാഹുവിനെ നിങ്ങൾ ആരാധിക്കും എന്നും അവനിൽ ഒന്നിനെയും പങ്കുചേർക്കുകയില്ല എന്നും അഞ്ചുനേരം നമസ്കാരം നിർവഹിക്കുമെന്നും അനുസരിക്കും എന്നും ജനങ്ങളോട് ഒന്നും ചോദിക്കുകയില്ല എന്നും നിങ്ങൾ ഉടമ്പടി ചെയ്യുക. ഓഫ് (റ) പറയുന്നു. അതിനു ശേഷം ഈ സംഘത്തിൽ പെട്ട ആളുകൾ അവരുടെ ചാട്ടവാർ പോലും താഴെ വീണാൽ എടുത്തു കൊടുക്കാൻ വേണ്ടി മറ്റൊരാളോട് ആവശ്യപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല. (മുസ്‌ലിം: 1043)
ഫദ്‌ലുല്‍ ഹഖ് ഉമരി