നബി ചരിത്രം – 59

നബി ചരിത്രം - 59: ഹിജ്റ അഞ്ചാം വർഷം [ഭാഗം: 09]

ഖന്തഖിലെ മുഅ്‌ജിസതുകൾ.

നബിﷺയെ സഹായിച്ചു കൊണ്ടും പിൻബലം നൽകിക്കൊണ്ടും  പലപ്പോഴും പല മുഅ്‌ജിസതുകളും അല്ലാഹു പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധത്തിലും അല്ലാത്തപ്പോഴും ഇത് ഉണ്ടായിട്ടുണ്ട്. ഒട്ടേറെ മുഅജിസത്തുകൾ പ്രകടമായ ഒരു യുദ്ധമായിരുന്നു ഖന്തക്ക് യുദ്ധം. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം.

(ഒന്ന്) ജാബിർ ബിൻ رضي الله عنه അബ്ദില്ലയിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: ഖന്തക്ക് കുഴിക്കുന്ന സന്ദർഭത്തിൽ പ്രവാചകന് നല്ല വിശപ്പുള്ളതായി ഞാൻ കണ്ടു. അപ്പോൾ ഞാൻ എന്റെ ഭാര്യയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അവരോട് ചോദിച്ചു; ഭക്ഷണമായി വല്ലതും നിന്റെ അടുക്കൽ ഉണ്ടോ? പ്രവാചകന് നല്ല വിശപ്പുള്ളതായി ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ ഒരു സ്വാഅ്‌ ബാർലി ഉള്ള ഒരു പാത്രം അവർ കൊണ്ടുവന്നു. ഞങ്ങൾക്ക് ചെറിയ ഒരു ആട്ടിൻ കുട്ടിയും ഉണ്ടായിരുന്നു. ആട്ടിൻകുട്ടിയെ അറുക്കുകയും ബാർലി കൊണ്ട് റൊട്ടി ഉണ്ടാക്കുന്നതിനായി കുഴച്ചെടുക്കാനും പറഞ്ഞു. മാവ് കുഴച്ച് വെച്ചതിനു ശേഷം ഞാൻ നബിﷺയുടെ അടുക്കലേക്ക് തിരിച്ചു ചെന്നു. ഭക്ഷണമാണെങ്കിൽ വളരെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂം അതു കൊണ്ട് ഭാര്യ എന്നോട് പറഞ്ഞു: പ്രവാചകന്റെയും അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും മുമ്പിൽ വെച്ച് നിങ്ങളെന്നെ വഷളാക്കരുത്.

ജാബിർ رضي الله عنه പറയുന്നു:  ഏതായാലും ഞാൻ നബിﷺയുടെ അടുക്കൽ ചെന്ന് വളരെ സ്വകാര്യമായി നബിﷺയോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ചെറിയ ഒരു ആട്ടിൻ കുട്ടിയെ ഞാൻ അറിഞ്ഞിട്ടുണ്ട്. ഒരു സ്വാഅ്‌ ബാർലി കൊണ്ട് റൊട്ടിക്കു വേണ്ടി കുറച്ചു വെച്ചിട്ടുണ്ട്. അതു കൊണ്ട് താങ്കളും താങ്കളുടെ കൂടെ കുറച്ച് ആളുകളും ഭക്ഷണത്തിന് വന്നാൽ അത് കഴിക്കാമായിരുന്നു. ഇത് കേട്ട ഉടനെ അല്ലാഹുവിന്റെ പ്രവാചകൻ ഉച്ചത്തിൽ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലയോ ഖന്തക്ക് കാരെ, ജാബിർ നിങ്ങൾക്കെല്ലാവർക്കും ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു എല്ലാവരും വരുക. ജാബിർ رضي الله عنه നോട് നബിﷺ ഇപ്രകാരം പറഞ്ഞു: ഞാനങ്ങോട്ടു എത്തുന്നതു വരെ കുഴച്ചു വെച്ച മാവ് കൊണ്ട് റൊട്ടി ഉണ്ടാക്കരുത്. കറി വെച്ച പാത്രം ഇറക്കി വെക്കുകയും ചെയ്യരുത്. അങ്ങിനെ ഞാനും പ്രവാചകനും സ്വഹാബികളും കൂടി എന്റെ ഭാര്യയുടെ അടുക്കലേക്ക് ചെന്നു. ഞാൻ പറഞ്ഞു: നീ എന്നോട് പറഞ്ഞത് പോലെത്തന്നെയാണ് ഞാൻ ചെയ്തത്. നബിﷺയുടെ മുമ്പിലേക്ക് കുഴച്ചു വെച്ച മാവ് ഞാൻ കൊണ്ടു വന്നപ്പോൾ നബിﷺ അതിലേക്ക് പാറ്റി തുപ്പുകയും(ഊതി) ബർക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ശേഷം നബിﷺ പറഞ്ഞു: ഇനി റൊട്ടി ഉണ്ടാക്കുവാനുള്ള പാചകക്കാരിയെക്കൂടെ നിങ്ങളുടെ കൂടെ കൂട്ടുക. ജാബിർرضي الله عنه പറയുകയാണ്: അല്ലാഹുവാണ് സത്യം; ആയിരത്തോളം വരുന്ന ആളുകൾ അതിൽ നിന്ന് ഭക്ഷിക്കുകയും ശേഷം അവർ പിരിഞ്ഞു പോവുകയും ചെയ്തു. എന്നിട്ടും ഞങ്ങൾ ഭക്ഷണം പാകം ചെയ്ത പാത്രം ആദ്യത്തെ അവസ്ഥയിൽ തന്നെ നിറഞ്ഞു നിൽക്കുകയായിരുന്നു. റൊട്ടിയും അതേപോലെ തന്നെ ഉണ്ടായിരുന്നു. (ബുഖാരി: 4102. മുസ്ലിം: 2039)

(രണ്ട്) ജാബിർ ബിൻ അബ്ദുല്ല رضي الله عنه പറയുന്നു: ഞങ്ങൾ ഖന്തക്ക് കുഴിച്ചു കൊണ്ടിരിക്കുന്ന ദിവസം വലിയ ഉറപ്പുള്ളതും പരുക്കനുമായ ഒരു ഭാഗം ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ സ്വഹാബികൾ നബിﷺയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, കിടങ്ങിൽ ഉറപ്പുള്ളതും പരുക്കനുമായ ഒരു ഭാഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ ഇറങ്ങാം. നബിﷺയാകട്ടെ തന്റെ വയറു കല്ലു വെച്ചു കെട്ടിയ അവസ്ഥയിലായിരുന്നു. കാരണം മൂന്ന് ദിവസത്തോളം ഞങ്ങൾ ഭക്ഷണമായി ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. നബി മൺവെട്ടി എടുത്ത് ഒരു അടി കൊടുത്തു. ആ സന്ദർഭത്തിൽ ആ സ്ഥലം മണൽത്തരി പോലെ പൊടികളായി മാറി (ബുഖാരി: 4101)

(മൂന്ന്) ബർറാഉബ്നു ആസിബ് رضي الله عنه  പറയുന്നു: നബി ﷺ ഞങ്ങളോട് ഖന്തക്ക് കുഴിക്കാൻ കൽപ്പിച്ചു. ഖന്തക്ക് കഴിച്ചു കൊണ്ടിരിക്കെ വലിയ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. മൺവെട്ടി കൊണ്ട് അത് എടുത്തു മാറ്റാൻ കഴിയുമായിരുന്നില്ല. അപ്പോൾ ഞങ്ങൾ നബിﷺയോട് പരാതി പറഞ്ഞു. നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. നബിﷺ തന്റെ വസ്ത്രം മാറ്റി ആ പാറക്കല്ലിന്റെ ഭാഗത്തേക്ക് ഇറങ്ങി വന്നു. ശേഷം മൺവെട്ടി എടുത്തു കൊണ്ട് പറഞ്ഞു: “ബിസ്മില്ല”. ഇതും പറഞ്ഞു കൊണ്ട് നബി ﷺ പാറക്കല്ലിനു നേരെ ഒരു അടി കൊടുത്തു. അതിന്റെ മൂന്നിലൊരു ഭാഗം പൊട്ടിപ്പോന്നു. ശേഷം പറഞ്ഞു: അല്ലാഹു അക്ബർ ശാമിന്റെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം ശാമിലെ ചുവന്ന കൊട്ടാരങ്ങൾ എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. ശേഷം നബി ﷺ ബിസ്മില്ല എന്ന് വീണ്ടും പറഞ്ഞു രണ്ടാമത്തെ അടി കൊടുത്തു. അതോടെ കല്ലിന്റെ മൂന്നിലൊരു ഭാഗം വീണ്ടും പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, പേർഷ്യയുടെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; അവിടത്തെ പട്ടണങ്ങളും വെളുത്ത കൊട്ടാരങ്ങളും എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു.  വീണ്ടും നബിﷺ ബിസ്മില്ല എന്ന് പറഞ്ഞു കൊണ്ട് മൂന്നാമത്തെ അടി കൊടുത്തു കല്ലിന്റെ ബാക്കിയുള്ള ഭാഗം കൂടി പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, എനിക്ക് യമനിന്റെ ഖജനാവുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; സ്വൻആഇലെ കവാടങ്ങൾ എൻറെ സ്ഥലത്ത് ഞാൻ കാണുന്നു. (അഹ്മദ്: 18694)

നബിﷺ പറഞ്ഞതെല്ലാം ഈ യുദ്ധം സത്യമായിരുന്നു. യുദ്ധം കഴിഞ്ഞ് കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതിനു മുമ്പ് നബിﷺസൂചിപ്പിച്ച എല്ലാ രാജ്യങ്ങളും ഇസ്ലാമിന്റെ കീഴിൽ വന്നു. അല്ലാഹു ഈ മതത്തെ സഹായിക്കുക തന്നെ ചെയ്യും. ഈ മതത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആളുകളെയും അല്ലാഹു തആല തീർച്ചയായും സഹായിക്കും.

“യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും,യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നുഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു”.(ഹജ്ജ്: 40, 41)

ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Comment