02 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 02]

വിവാഹം

ഖദീജ (رضي الله عنها)തന്നിലുദിച്ച ആഗ്രഹം തന്റെ തോഴിയായ നുഫെസയെ അറിയിക്കുകയും, പ്രവാചകന്റെ  താൽപ്പര്യം അറിയുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ് പ്രവാചകനോട് സംസാരിച്ചപ്പോൾ, താൻ അതിനുള്ള സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും, തന്നെയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യാർത്ഥന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജ (رضي الله عنها)യുമായി അതെങ്ങനെ തനിക്ക് സാധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകൻറ അന്നേരത്തെ മറുപടി. ഇക്കാര്യം നുഫെസ് ഖദീജ (رضي الله عنها)യെ അറിയിച്ചപ്പോൾ താങ്കളുടെ കുടുംബമഹിമ, വിശ്വസ്തത, സൽ സ്വഭാവം, സത്യസന്ധത എന്നിവയിലാണ് താൻ താൽപ്പര്യം കാണുന്നത്. അതിനാൽ തന്നെ മറെറാന്നും തനിക്ക് പ്രശ്നമല്ലെന്ന കാര്യം അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.

മുഹമ്മദ്(ﷺ)യുടെ സമ്മതം അറിഞ്ഞ ഖദീജ (رضي الله عنها)ഇക്കാര്യം തന്റെ പിതൃവ്യനായ അംറുബ്നു അസദിനെ അറിയിക്കുകയും അദ്ദേഹം നബി(ﷺ)യുടെ പിതൃവ്യനായ അബൂത്വാലിബിനോട് ഔപചാരികമായി അറിയിക്കുകയും വിവാഹാന്വേഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തൻറ സഹോദര പുത്രന് കൈവന്ന ഈ ഭാഗ്യത്തിൽ സന്തോഷിക്കുകയും ഇരു കുടുംബത്തിന്റേയും സന്തോഷ സാന്നിദ്ധ്യത്തിൽ പ്രവാചകൻ(ﷺ) തന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ഖദീജ (رضي الله عنها)യെ വിവാഹം കഴിക്കുകയും ചെയ്തു. നേരത്ത രണ്ട് തവണ വിവാഹിതയായെങ്കിലും ഭർത്താക്കൾ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ (رضي الله عنها)ക്ക് അന്ന് നാൽപ്പത് വയസ്സായിരുന്നു പ്രായം. ഖദീജ (رضي الله عنها)യുമായി നടന്ന വിവാഹത്തിന് പ്രവാചകൻ 20 ഒട്ടകമായിരുന്നു മഹ്റായി നൽകിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുതുബ നിർവ്വഹിച്ചത് എന്നും ചരിത്രത്തിൽ കാണാവുന്നതാണ്. നബി(ﷺ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്.

നീണ്ട ഇരുപത്തഞ്ച് വർഷത്തെ അവരുടെ ദാമ്പത്യജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവുമായിരുന്നു. ഖദീജ (رضي الله عنها)യിൽ കാസിം, അബ്ദുല്ല എന്നീ രണ്ട് ആൺമക്കളും സൈനബ, റുഖിയ്യ, ഉമ്മുകുൽധൂം, ഫാത്വിമ: എന്നീ നാല് പെൺമക്കളും ജനിച്ചു. അറുപത്തഞ്ചാം വയസ്സിൽ ഖദീജ (رضي الله عنها)മരണപ്പെടുന്നത് വരെ നബി (ﷺ) മററാരേയും വിവാഹം കഴിച്ചിട്ടില്ല.

അൽ അമീൻ (വിശ്വസ്തൻ)

നബി (ﷺ) അക്കാലത്ത് നടപ്പുണ്ടായിരുന്ന എല്ലാ നിലക്കുമുള്ള ജീവിതക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, മഹത്തായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിട്ടായിരുന്നു തന്റെ ജീവിതം നയിച്ചിരുന്നത്. അത്കൊണ്ട് തന്നെ എല്ലാവരുടേയും സ്നേഹാദരവുകളും പ്രശംസകളും പിടിച്ചുപററാൻ അദ്ദേഹത്തിന് കഴിഞ്ഞു. അക്കാലത്ത് തന്റെ സമപ്രായക്കാരായ യുവാക്കളിലും ചെറുപ്പക്കാരിലും കാണപ്പെട്ടിരുന്ന വൃത്തികേടുകളിലോ മററ് ചീത്ത നടപടി ക്രമങ്ങളിലോ ഒന്നും അദ്ദേഹം ഇടപെട്ടിരുന്നില്ല. എന്ന് മാത്രമല്ല അതിനോട് വെറുപ്പും അറപ്പുമുള്ള മനസ്സുമായിട്ടായിരുന്നു അദ്ദേഹം ജീവിച്ചുപോന്നത്. ചെറുപ്പം മുതൽക്ക് തന്നെ താൻ അറിയുകയോ, പ്രതീക്ഷിക്കുകയോ ചെയ്യാതെത്തന്നെ അല്ലാഹു അദ്ദേഹത്തെ ഒരു പ്രത്യേക ലക്ഷ്യത്തിന്ന് ഒരുക്കിക്കൊണ്ട് വന്നിരുന്നു എന്ന് വേണം കരുതാൻ. ഇക്കാര്യത്തെ ബലപ്പെടുത്തുന്ന ഒരു സംഭവം ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നത് കാണുക: “ജാബിർ(رضي الله عنه)ൽ നിന്ന് നിവേദനം, കഅബ പുനർനിർമ്മാണം നടക്കുന്ന സമയം നബി(ﷺ)യും അബ്ബാസ്(رضي الله عنه)വും കൂടി കല്ലുകൾ എടുത്ത് കൊണ്ട് പോകുവാൻ സഹായിക്കുകയുണ്ടായി. അന്നേരം അബ്ബാസ്(رضي الله عنه), നബി(ﷺ) കുട്ടിയായിരുന്നതിനാൽ ഉടുതുണി അഴിച്ച് ചുമലിൽ വെച്ചാൽ വേദനിക്കുകയില്ല എന്ന് പറയുകയും, നബി (ﷺ) അത് അനുസരിക്കുകയും ചെയ്തു. പക്ഷേ പെട്ടന്ന് നബി(ﷺ) ബോധം നഷ്ടപ്പെട്ടവനായി നിലത്ത് വീഴുകയും തന്റെ കണ്ണുകൾ ആകാശത്തക്ക് ഉയർത്തി “എന്റെ തുണീ,എന്റെ തുണീ’. എന്ന് പറയുകയും അങ്ങിനെ മററുള്ളവർ അദ്ദേഹത്തെ തുണിടുപ്പിക്കുകയും ചെയ്തു”. ഇത് പോലെ വേറെയും സംഭങ്ങൾ കാണാൻ സാധിക്കും.

മേൽ പറയപ്പെട്ട നിലക്കുള്ള സ്വഭാവ മാഹാത്മ്യവും വിശ്വസ്തതയും കാരണത്താൽ ഏവർക്കും പ്രിയങ്കരനും കണ്ണിലുണ്ണിയുമായി അദ്ദേഹം വളരുകയും എല്ലാവരും അദ്ദേഹത്തെ അൽ അമീൻ (വിശ്വസ്തൻ) എന്ന് വിശേഷിപ്പിക്കുകയും; ആ പേരിൽ അദ്ദേഹം അറിയപ്പെടുകയും ചെയ്തു.

തർക്കത്തിന് പരിഹാരം കാണുന്നു

നബി(ﷺ)ക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മററും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തു. വലീദ് ബ്നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത പുണ്യകർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. വേശ്യാവൃത്തി, പലിശ തുടങ്ങിയ മാർഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങൾ ഒരു കാരണവശാലും പ്രസ്തുത കർമ്മത്തിന്ന് ഉപയോഗിക്കുയില്ല; മറിച്ച് വിശിഷ്ഠ മാർഗ്ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിർമ്മാണത്തിന് ഉപയോഗിക്കൂ എന്ന അന്നത്തെ അവരുടെ തീരുമാനം എടുത്ത് പറയേണ്ടതും; കഅബയുടെ നേരെ അവരുടെ മനസ്സിലുണ്ടായിരുന്ന പവിത്രതയും ആദരവും എത്രമാത്രമുണ്ടായിരുന്നു എന്ന് വിളിച്ചോതുന്നതുമായിരുന്നു പ്രസ്തുത സംഭവം. 

എന്നാൽ പ്രസ്തുത കർമ്മം നടക്കുന്നതിനിടയിലുണ്ടായ ഒരു സംഭവം പ്രത്യേകം ശ്രദ്ധേയമാണ്. എല്ലാ ഗോത്രങ്ങളും തങ്ങളുടേതായ പങ്ക് നിർവ്വഹിച്ചിരുന്നു എന്നത് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. അത്കൊണ്ട് തന്നെ കഅബയുടെ ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്തകല്ലുണ്ട്. ഹജറുൽ അസ്‌വദ് (കറുത്ത കല്ല്) എന്നാണ് അതിന് പറഞ്ഞുവരുന്നത്. മനുഷ്യന്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് ഭൂമിയിൽ സ്ഥാപിക്കപ്പെട്ട

ആദ്യ മന്ദിരം അതിൻറ തുടക്കം മുതൽ ഏകദൈവാരാധനക്ക് ക്ഷ്യം വഹിച്ച് ഒരു കല്ല് അതിൻറ നിലനിൽപ്പ് കാലമത്രയും സംരക്ഷിക്കപ്പെടുക എന്നത് അല്ലാഹുവിൻറ ഒരു തീരുമാനമാകാം. ചരിത്രപരമായി അതിന് പ്രാധാന്യവും പ്രത്യേകതയുമുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ് എന്നതിൽ തർക്കമില്ല; പ്രവാചകൻ (ﷺ) കഅബ പദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടായിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതിൽ കവിഞ്ഞ പ്രത്യേകതയോ ദിവ്യത്തമോ അതിന് സങ്കൽപ്പിച്ചു കൂടാത്തതുമാണ്. മഹാനായ രണ്ടാം ഖലീഫ ഉമർ(رضي الله عنه) ഒരിക്കൽ കഅബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുൽ അസ്വദ് ചുംബിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ നാം പ്രത്യേകം മനസ്സിലാക്കിയിരിക്കേണ്ടതാണ്. “കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്ക് അറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപ്രദവത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(ﷺ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല” (ബുഖാരി).

കഅബയുടെ പുനർനിർമ്മാണ സമയത്ത് ഹജറുൽ അസ്‌വദ് വെക്കേണ്ട സ്ഥാനം എത്തിയപ്പോൾ പ്രസ്തുത കർമ്മം ആര് നിർവ്വഹിക്കണമെന്ന കാര്യത്തിൽ അവർ അഭിപ്രായ വ്യത്യാസത്തിലാവുകയും ഓരോരുത്തരും തങ്ങൾക്ക് അത് നിർവ്വഹിക്കണമെന്ന് വാദിക്കുകയും ചെയ്തു. അവസാനം തർക്കപരിഹാരത്തിനായി അവർ കണ്ടത്തി മാർഗ്ഗം ഇനി ആദ്യം കഅബയുടെ അടുത്തേക്ക് കടന്നു വരുന്ന വ്യക്തിയാരാണോ അദ്ദേഹത്തിൻറ തീരുമാനത്തിന് വിടാം എന്നതായിരുന്നു.

അങ്ങിനെ അവരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിൽ പ്രവാചകൻ(ﷺ) ആയിരുന്നു അങ്ങോട്ട് കടന്നുവന്നത്; അവരെല്ലാ വരും വിളിച്ചു പറഞ്ഞു “അതാവരുന്നു അൽ അമീൻ, ഞങ്ങൾ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കുന്നതാണ്” അവർ പ്രവാചകനെ വിഷയം ധരിപ്പിച്ചു. അദ്ദേഹം ഒരു തുണി കൊണ്ടുവരാൻ പറഞ്ഞു. അങ്ങിനെ അത് വിരിച്ചു അതിലേക്ക് തന്റെ കൈകൊണ്ട് ഹജറുൽ അസ്‌വദ് എടുത്ത് വെച്ച ശേഷം എല്ലാ ഗോത്രത്തലവന്മാരോടും അതിന്റെ ഓരോ ഭാഗം പിടിച്ച് പൊക്കാൻ ആവശ്യപ്പെടുകയും കല്ല് വെക്കേണ്ടതായ സ്ഥാനത്തെത്തിയപ്പോൾ പ്രവാചകൻ(ﷺ) തന്നെ കല്ല് യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടേയും പരിപൂർണ്ണ സംതൃപ്തിയോടുകൂടി, സംഘട്ടനത്തിൻറവക്കിനോളം എത്തിയിരുന്ന പ്രശ്നം പ്രവാചകൻ (ﷺ) സമംഗളമായി പരിഹരിച്ചു.

പ്രവാചകത്വത്തിൻറെ തുടക്കം

നബി(ﷺ) ക്ക് പ്രായം നാൽപ്പത് വയസ്സോടടുത്തപ്പോൾ അദ്ദേഹം ചില സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയും നേരം പുലരുമ്പോൾ അവയതയും പകൽവെളിച്ചം പോലെ പുലരുന്നതായും അനുഭവപ്പെട്ടുകൊണ്ടിരുന്നു. അതോടൊപ്പം മക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അമർഷം തോന്നുകയും അതിൽനിന്നും ദുർവൃത്തികളിൽ എർപ്പെട്ടുകൊണ്ടിരിക്കുന്നവരിൽ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താൽപ്പര്യം ജനിക്കുയും അതിനായി മക്കയിൽ ഏതാനും കിലോമീറ്റർ മാത്രം ദൂരമുള്ള ജബൽ നൂർ എന്ന പർവ്വതമുളിലെ ഹിറാ ഗുഹ അദ്ദേഹം കണ്ടെത്തുകയും ചെയ്തു. ആഴ്ചകളും മാസങ്ങളും അവിടെ കഴിച്ചുകൂട്ടൽ അദ്ദേഹത്തിൻറ പതിവായിത്തീർന്നു. ഇത്രയും കാലത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങൾ നേരത്തെ തന്നെ തന്നെ തന്റെ ജീവിതപങ്കാളിയായ ഖദീജ(رضي الله عنها) തയ്യാറാക്കിക്കൊടുക്കും. ചിലപ്പോൾ തിരിച്ചു വരുന്ന ദിവസം വൈകുമ്പോൾ അവർ ഭക്ഷണം അങ്ങോട്ട് എത്തിച്ചുകൊടുക്കുകയും പതിവാക്കിയിരുന്നു.

അങ്ങിനെ ഒരുനാൾ തൻറ ഏകാന്തതയെ ഭേദിച്ചുകൊണ്ട് ഗുഹാമുഖത്ത് ഒരാൾ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ ഭയവിഹ്വലനായി നിന്ന അദ്ദേഹത്തോട് വന്നയാൾ “ഇഖ്റഅ്” (നീ വായിക്കുക) എന്ന് പറഞ്ഞു; അതുകേട്ട് എഴുത്തും വായനയും എന്തെന്ന് അറിയാത്ത പ്രവാചകൻ “മാ അന ബിഖാരിഇൻ” (എനിക്ക് വായിക്കാനറിഞ്ഞുകൂട) എന്ന് മറുപടിപറഞ്ഞു. അന്നേരം, വന്നയാൾ അദ്ദേഹത്ത ശക്തിയായി തന്നിലേക്ക് ചേർത്ത് പിടിച്ചു; വിട്ടശേഷം വീണ്ടും ആദ്യ ചോദ്യവും മറുപടിയും ആവർത്തിച്ചു. മൂന്നാം തവണ ആഗതൻ വിശുദ്ധ ഖുർആനിലെ 96ാം അദ്ധ്യായത്തിൻറ ആദ്യഭാഗത്തുള്ള വചനങ്ങൾ അദ്ദേഹത്തിന് ഓതിക്കൊടുത്തു:

“സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.”

ഇതായിരുന്നു പ്രവാചകൻ നുബുവ്വത്തിൻറ (പ്രവാചകത്വത്തിൻറ) തുടക്കം. ക്രിസ്താബ്ദം 610 ആഗസ്ത് മാസം10ന് തിങ്കളാഴ്ച, റമദാൻ 17 ന് ആയിരുന്നു ഇതെന്നാണ് ചരിത്ര രേഖകളിൽ നിന്നും മനസ്സിലാകുന്ന പ്രബലമായ അഭിപ്രായം. പ്രസ്തുത വചനങ്ങൾ ഓതിക്കൊടുത്ത് ആഗതൻ അപത്യക്ഷമായി; അസാധാരണമായുണ്ടായ ഈ അനുഭവം

പ്രവാചകനെ പേടിപ്പെടുത്തുകയും പരിഭാന്തനായി വീട്ടിലേക്ക് ചെന്ന് ഖദീജ (رضي الله عنها)യോട് “എനിക്ക് പുതച്ച് തരൂ’ എന്ന് പറയുകയും ഖദീജ (رضي الله عنها)അദ്ദേഹത്തെ പുതപ്പിട്ട് മൂടി ഇപ്രകാരം സമാധാനിപ്പിക്കുകയും ചെയ്തു. “ഇല്ല, അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. താങ്കൾ കുടും ബബന്ധം ചേർക്കുന്നു, മററുള്ളവരുടെ ഭാരങ്ങൾ ഏറെറടുക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചു കൊടുക്കുന്നു, അതിഥിയെ മാനിക്കുന്നു, വിപത്തുകളിൽ സഹായം നൽകുന്നു” ശേഷം ഭയമെല്ലാം നീങ്ങിയപ്പോൾ സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ (رضي الله عنها) ചോദിച്ചറിയുകയും നബി(ﷺ) വിവരിച്ചുകൊടുക്കുകയും ചെയ്തു.

അന്നരം ഇക്കാര്യത്തിൻറ പൊരുളെന്തെന്ന് അറിയാനായി ഖദീജ (رضي الله عنها)യുടെ പിതൃവ്യ പുത്രനും വേദപണ്ഡിതനുമായിരുന്ന വറഖത്തു ബിൻ നൗഫൽ എന്ന വ്യക്തിയുടെ അടുത്തേക്ക് ഖദീജ (رضي الله عنها) നബി(ﷺ)യേയും കൊണ്ട് പോകുകയും സംഭവങ്ങൾ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു.

അന്നേരം അദ്ദേഹം നബി(ﷺ)യെ സമാശ്വസിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു.

“നിശ്ചയം മൂസയുടെ അടുക്കൽ വന്ന മാലാഖയാണ് താങ്കളുടെ അടുക്കൽ വന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കൾ ഭയപ്പെടേണ്ടതില്ല, സന്തോഷിക്കൂ. നിങ്ങൾ ഈ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്.”

ശേഷം അദ്ദേഹം ഇതും കൂടി ചേർത്ത് പറഞ്ഞു: “നിങ്ങളെ ഈ നാട്ടിൽ നിന്നും സമൂഹം ആട്ടിപ്പുറത്താക്കുന്ന സമയം ഞാൻ ഉണ്ടാകുമെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് നിങ്ങളുടെ കൂടെയുണ്ടായിരിക്കും.” ഇത്രയും പറഞ്ഞുകേട്ടപ്പോൾ നബി(ﷺ) അൽഭുതത്തോടെ ചോദിച്ചു. “ഈ ജനത എന്നെ ആട്ടിപ്പുറത്താക്കുമെന്നോ !?” അദ്ദേഹം പറഞ്ഞു: “മുമ്പുകഴിഞ്ഞു പോയ എല്ലാ പ്രവാചകന്മാരുടേയും അവസ്ഥ അപ്രകാരമായിരുന്നു.”

 

അബ്ദുൽ ലത്തീഫ് സുല്ലമി

2 thoughts on “02 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം”

Leave a Reply to Hamdhi Cancel reply