ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 8

സ്വീകരിക്കപ്പെടുന്ന കര്‍മങ്ങള്‍ രണ്ടുവിധമുണ്ട്:

1) നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളുമൊക്കെ അനുഷ്ഠിക്കുമ്പോള്‍ അയാളുടെ ഹൃദയം അല്ലാഹുവുമായി ബന്ധപ്പെട്ടിരിക്കുകയും നിരന്തരമായി അല്ലാഹുവിനെ കുറിച്ചുള്ള ബോധത്തിലും സ്മരണയിലും (ദിക്ര്‍) ആയിരിക്കുകയും ചെയ്യും. ഈ അടിമയുടെ കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അവന്റെ നേരെ നില്‍ക്കുകയും അല്ലാഹു അതിലേക്ക് (കാരുണ്യത്തിന്റെ തിരു നോട്ടം) നോക്കുകയും ചെയ്യും. അങ്ങനെ അല്ലാഹു അതിലേക്ക് നോക്കിയാല്‍ അത് അവന്റ ‘വജ്ഹ്’ ഉദ്ദേശിച്ചുകൊണ്ട് നിഷ്‌കളങ്കമായി ചെയ്തതാണെന്നും ഒരു നിഷ്‌കളങ്കനും അല്ലാഹുവിനെ സ്‌നേഹിക്കുന്നവനും അവനിലേക്ക് സാമിപ്യം ആഗ്രഹിക്കുകയും ചെയ്യുന്നവന്റെ നല്ല ഹൃദയത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാഹു കാണും. അല്ലാഹു അതിനെ ഇഷ്ടപ്പെടുകയും തൃപ്തി രേഖപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യും.

2. രണ്ടാമത്തെ ഇനം ഒരാള്‍ സല്‍കര്‍മങ്ങളും ആരാധനകളും കേവലമായ പതിവുകളെന്ന നിലയിലും അശ്രദ്ധയിലും ചെയ്യുന്ന രീതിയാണ്. അയാള്‍ അതിലൂടെ അല്ലാഹുവിന് വഴിപ്പെടലും അവനിലേക്കുള്ള സാമീപ്യവുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. അയാളുടെ അവയവങ്ങള്‍ അതില്‍ വ്യാപൃതമാണ്. എന്നാല്‍ ഹൃദയമാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നും (ദിക്ര്‍) അശ്രദ്ധമാണ്. നമസ്‌കാരത്തിന്റെ മാത്രമല്ല, അയാളുടെ മറ്റു കര്‍മങ്ങളുടെയും സ്ഥിതി ഇതുപോലെ തന്നെയാണ്. ഇയാളുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ അവ അവന്റെ നേരെ നില്‍ക്കുകയില്ല. അല്ലാഹുവിന്റെ കാരുണ്യത്താലുള്ള തിരുനോട്ടം അതിനു ലഭിക്കുകയില്ല. മറിച്ച് കര്‍മങ്ങളുടെ ഏടുകള്‍ വെക്കുന്നത് പോലെ അത് ഒരിടത്ത് വെക്കപ്പെടും. എന്നിട്ടു അന്ത്യനാളില്‍ അത് കൊണ്ടുവരികയും വേര്‍തിരിക്കപ്പെടുകയും ചെയ്യും. അതില്‍നിന്ന് അല്ലാഹുവിനായി ചെയ്തതിനു പ്രതിഫലം നല്‍കുകയും അവന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്തവ തിരസ്‌കരിക്കപ്പെടുകയും ചെയ്യും.

ഇദ്ദേഹത്തിന്റെ കര്‍മങ്ങളെ സ്വീകരിച്ചത് അല്ലാഹുവിന്റെ സൃഷ്ടികളില്‍പ്പെട്ട സ്വര്‍ഗിയ കൊട്ടാരങ്ങള്‍, അന്നപാനീയങ്ങള്‍, ഹൂറികള്‍ മുതലായവ നല്‍കിക്കൊണ്ടാണെങ്കില്‍; ആദ്യത്തെ ആള്‍ക്കുള്ള പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ തൃപ്തിയും ആ കര്‍മത്തെയും കര്‍മം ചെയ്തയാളെയും അല്ലാഹു സ്‌നേഹിക്കുകയും തന്നിലേക്ക് അടുപ്പിക്കുകയും അദ്ദേഹത്തിന്റെ പദവിയും സ്ഥാനവും ഉയര്‍ത്തുകയുമൊക്കെ ചെയ്തുകൊണ്ടായിരിക്കും. അദ്ദേഹത്തിനു കണക്കറ്റ പാരിതോഷികങ്ങള്‍ അല്ലാഹു നല്‍കും. ഇത് ഒന്നാണെങ്കില്‍ മറ്റേത് വേറെയൊന്നാണ്.

മനുഷ്യര്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ അഞ്ചു പദവികളിലാണ്:

1) സ്വന്തത്തോട് അന്യായം പ്രവര്‍ത്തിച്ച, കര്‍മങ്ങളില്‍ വീഴ്ചവരുത്തിയവന്റെത്. അതായത് വുദൂഇലും നമസ്‌കാരസമയത്തിലും അതിന്റെ നിയമ നിര്‍ദേശങ്ങളുടെ അതിര്‍വരമ്പുകളിലും പ്രധാനകര്‍മങ്ങളിലുമൊക്കെ വേണ്ടത്ര സൂക്ഷ്മതയില്ലാതെ വീഴ്ച വരുത്തിയവര്‍.

2) നമസ്‌കാരത്തിന്റെ സമയം, അതിന്റെ നിയമനിര്‍ദേശങ്ങളിലും അതിര്‍വരമ്പുകളിലും അതിന്റെ ബഹ്യമായകര്‍മങ്ങളിലും വുദൂഇലുമൊക്കെ ശ്രദ്ധിക്കുകയും ദേഹച്ഛകളെയും ദുര്‍ബോധനങ്ങളെയും പ്രതിരോധിച്ച് അതിജയിക്കാന്‍ സാധിക്കാതെ മറ്റു ചിന്തകളുടെയും വസ്‌വാസുകളുടെയും പിന്നാലെ പോയവര്‍. അഥവാ പ്രസ്തുത ‘ജിഹാദില്‍’ വീഴ്ച വരുത്തിയവര്‍.

3) നമസ്‌കാരത്തിന്റെ കര്‍മങ്ങളിലും അവയുടെ അതിര്‍വരമ്പുകളിലുമെല്ലാം സൂക്ഷ്മത പാലിച്ചും ശ്രദ്ധപുലര്‍ത്തിയും ‘വസ്‌വാസു’കളെയും മറ്റു ചിന്തകളെയും പ്രതിരോധിച്ചും തന്റെ ശത്രുവുമായുള്ള പോരാട്ടത്തില്‍ വ്യാപൃതനായി, തന്റെ ആരാധനയുടെ യാതൊന്നും ആ ശത്രു അപഹരിച്ചു കൊണ്ടുപോകാതിരിക്കാനായി പാടുപെടുന്നവര്‍. അവര്‍ നമസ്‌കാരത്തിലും അതോടൊപ്പം പോരാട്ടത്തിലുമാണ്.

4) നമസ്‌കരിക്കാന്‍ നിന്നാല്‍ അതിന്റെ ബാധ്യതകളും അതിന്റെ കര്‍മങ്ങളും അതിര്‍വരമ്പുകളുമൊക്കെ ശ്രദ്ധിച്ചു പൂര്‍ത്തികരിച്ചു നിര്‍വഹിക്കുകയും തന്റെ ഹൃദയം ആരാധനയുടെ ബാധ്യതകളും അതിര്‍വരമ്പുകളും ശ്രദ്ധിക്കുന്നതില്‍ പൂര്‍ണമായി മുഴുകുകയും അതില്‍നിന്ന് യാതൊന്നും പാഴായിപ്പോകാതിരിക്കാന്‍ ബദ്ധശ്രദ്ധ കാണിക്കുകയും ചെയ്യുന്നവര്‍. അവരുടെ മുഖ്യമായ ശ്രദ്ധ പ്രസ്തുത ഇബാദത്ത് ഏറ്റവും പരിപൂര്‍ണമായി ഏങ്ങനെ നിര്‍വഹിക്കാമെന്നതിലാണ്. നമസ്‌കാരത്തിന്റ ഗൗരവവും റബ്ബിനോടുള്ള കീഴ്‌പെടലിന്റെ മഹത്ത്വവുമൊക്കെയാണ് അവരുടെ ഹൃദയം നിറയെ ഉള്ളത്.

5) നമസ്‌കരിക്കാന്‍ നിന്നാല്‍ മേല്‍പറഞ്ഞത് പോലെ നില്‍ക്കുകയും അതോടൊപ്പം തന്റെ ഹൃദയത്തെ എടുത്ത് റബ്ബിന് മുമ്പില്‍ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട് തന്റെ ഹൃദയത്തിലൂടെ റബ്ബിനെ നോക്കിയും അവനെ ശ്രദ്ധിച്ചും സൂക്ഷിച്ചും അവനോടുള്ള സ്‌നേഹ ബഹുമാനാദരുവുകളാല്‍ ഹൃദയം നിറച്ചും റബ്ബിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യുന്നവനെപ്പോലെ നമസ്‌ക്കരിക്കുന്നവര്‍. മനസ്സിന്റെ ദുഷ് പ്രേരണകളും മറ്റു തോന്നലുകളും ചിന്തകളുമൊക്കെ അവരില്‍നിന്ന് ഓടിയൊളിക്കും. അവര്‍ക്കും പടച്ച റബ്ബിനുമിടയിലുള്ള മറകളെല്ലാം നീങ്ങിപ്പോയതുപോലെയുണ്ടാകും. ഇവരും മറ്റുള്ളവരും തമ്മില്‍ നമസ്‌കാരത്തിന്റെ കാര്യത്തിലുള്ള അന്തരം ആകാശഭൂമികളെക്കാള്‍ വലുതായിരിക്കും. ഇവര്‍ തങ്ങളുടെ നമസ്‌കാരങ്ങളില്‍ പടച്ചറബ്ബുമായി വ്യാപൃതരാവുകയും നമസ്‌കാരത്തിലൂടെ കണ്‍കുളിര്‍മ അനുഭവിക്കുകയും ചെയ്യുന്നവരാണ്.

ഒന്നാമത്തെ വിഭാഗം ശിക്ഷാര്‍ഹരാണ്. രണ്ടാമത്തെ വിഭാഗം വിചാരണ ചെയ്യപ്പെടുന്നവരും മൂന്നാമത്തെ വിഭാഗം പൊറുക്കപ്പെടുന്നവരും നാലാമത്തെ വിഭാഗം പ്രതിഫലാര്‍ഹരുമാണ്. അഞ്ചാമത്തെ വിഭാഗമാകട്ടെ, അല്ലാഹുവിലേക്ക് ഏറെ സാമീപ്യം സിദ്ധിച്ചവരും. കാരണം അവര്‍ക്ക് നമസ്‌കാരത്തില്‍ കണ്‍കുളിര്‍മയേകപ്പെട്ട നബി ﷺ യോട് സദൃശ്യമായ ഒരു വിഹിതമുണ്ട്. ദുന്‍യാവില്‍വെച്ച് നമസ്‌കാരത്തിലൂടെ ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ ലഭിക്കുന്നുവെങ്കില്‍ പരലോകത്ത് അല്ലാഹുവിനോടുള്ള സാമീപ്യത്താല്‍ തീര്‍ച്ചയായും അവര്‍ക്കും കണ്‍കുളിര്‍മ ലഭിക്കുന്നതാണ്. പടച്ചവനെക്കൊണ്ടും അവരുടെ കണ്ണ് ദുനിയാവില്‍ കുളിര്‍ക്കും. അല്ലാഹുവിനെക്കൊണ്ട് ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ നേടാനായാല്‍ അയാളിലൂടെ എല്ലാ കണ്ണുകള്‍ക്കും കുളിര്‍മ ലഭിക്കും. എന്നാല്‍ അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാന്‍ കഴിയാത്തവരാകട്ടെ, അവര്‍ക്ക് ദുന്‍യാവിനോടുള്ള ഖേദത്താല്‍ ശ്വാസം അവസാനിപ്പിക്കേണ്ടി വരും.

ഒരു അടിമ അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കാരത്തതിനായി നിന്നാല്‍ അല്ലാഹു ഇപ്രകാരം പറയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ‘എന്റെയും എന്റെ അടിമയുടെയും ഇടയിലുള്ള എല്ലാ മറകളും നീക്കുക.’ എന്നാല്‍ അയാള്‍ അല്ലാഹുവില്‍നിന്ന് തിരിഞ്ഞാല്‍ ആ മറകള്‍ താഴ്ത്തിയിടാന്‍ പറയുമത്രെ!

ഈ തിരിയല്‍കൊണ്ടുള്ള വിവക്ഷ അല്ലാഹുവില്‍നിന്ന് മറ്റു വല്ലതിലേക്കും മനസ്സ് തിരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം. അങ്ങനെ മറ്റു വല്ലതിലേക്കും ശ്രദ്ധതിരിക്കുമ്പോള്‍ അല്ലാഹുവിന്റെയും അയാളുടെയും ഇടയില്‍ മറയിടുകയും പിശാച് കടന്നുവരികയും ചെയ്യും. പിന്നെ ദുന്‍യാവിന്റെ പല കാര്യങ്ങളും അയാള്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുക്കും; ഒരു കണ്ണാടിയില്‍ കാണുന്നത് പോലെ അയാള്‍ക്ക് മുമ്പില്‍ കാണിക്കും. എന്നാല്‍ തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മുന്നിടാന്‍ അയാള്‍ക്ക് കഴിയുകയും മറ്റൊന്നിലേക്കും തിരിയാതിരിക്കുകയും ചെയ്താല്‍ പിശാചിന് അയാള്‍ക്കും അല്ലാഹുവിനുമിടയില്‍ നിലയുറപ്പിക്കാന്‍ സാധിക്കുകയില്ല. പിശാച് ഇടയില്‍ കയറിക്കൂടുന്നത് പ്രസ്തുത മറയുണ്ടാവുമ്പോള്‍ മാത്രമാണ്. മറിച്ച് അല്ലാഹുവിലേക്ക് ഓടിച്ചെല്ലുകയും തന്റെ ഹൃദയത്തെ സമര്‍പ്പിക്കുകയും ചെയ്താല്‍ പിശാച് ഓടിയകലും. എന്നിട്ട് അല്ലാഹുവില്‍നിന്ന് മുഖം തിരിച്ചാല്‍ പിശാച് ഓടിയെത്തും. നമസ്‌കാരത്തില്‍ പ്രവേശിച്ച ഏതൊരാളുടെ അവസ്ഥയും തന്റെ ശത്രുവായ പിശാചിന്റെ സ്ഥിതിയും ഇതാണ്!

ഒരാള്‍ക്ക് തന്റെ ദേഹേച്ഛയെയും മറ്റു ആഗ്രഹങ്ങളെയും കീഴ്‌പ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നമസ്‌കാരത്തില്‍ ശ്രദ്ധയൂന്നുവാനും റബ്ബുമായി കൂടുതല്‍ അടുത്തുകൊണ്ട് അതില്‍ മുഴുകുവാനും സാധിക്കുക. അല്ലാതെ ആഗ്രഹങ്ങള്‍ കീഴ്‌പ്പെടുത്തുകയും ദേഹേച്ഛ ബന്ധനസ്ഥനാക്കുകയും ചെയ്ത ഹൃദയമാണെങ്കില്‍ പിശാച് തനിക്ക് സൗകര്യപ്രദമായ ഒരു ഇടം അവിടെ കണ്ടെത്തി അടയിരിക്കും. പിന്നെ എങ്ങനെയാണ് ‘വസ്‌വാസു’കളില്‍നിന്നും മറ്റു ചിന്തകളില്‍നിന്നും രക്ഷപ്പെടാനാവുക?

ഹൃദയങ്ങള്‍ അഥവാ മനസ്സുകള്‍ മൂന്നുവിധമാണ്:

1. ഈമാനില്‍നിന്നും സര്‍വ നന്മകളില്‍നിന്നും മുക്തമായ ഹൃദയം. അത് ഇരുള്‍മുറ്റിയ ഹൃദയമാണ്. അതിലേക്ക് ‘വസ്‌വാസുകള്‍’ ഇട്ടുതരാന്‍ പിശാചിന് എളുപ്പമാണ്. കാരണം അത്തരം മനസ്സുകളെ പിശാച് തന്റെ താവളവും സ്വദേശവുമാക്കി താനുദ്ദേശിക്കുന്നത് നടപ്പിലാക്കും. പിശാചിന് പൂര്‍ണമായും സൗകര്യപ്പെട്ട രുപത്തിലായിരിക്കും അത്.

2. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രശോഭിതമാവുകയും അതിന്റെ വിളക്കുകള്‍ കത്തിച്ചുവെക്കുകയും ചെയ്ത ഹൃദയമാണ് രണ്ടാമത്തെത്. അതിന്മേല്‍ ദേഹച്ഛകളുടെ കൊടുങ്കാറ്റുകളും ആഗ്രഹങ്ങളുടെ ഇരുട്ടും അടിക്കുന്നുണ്ട്. പിശാച് അവിടെ വരികയും പോവുകയും ചെയ്യുന്നു. പലതരം വ്യാമോഹങ്ങളുമായി അവിടെയവിടെയെല്ലാം ചുറ്റിക്കറങ്ങുന്നുമുണ്ട്. പിശാചുമായുള്ള പോരാട്ടങ്ങളില്‍ ചിലപ്പോള്‍ വിജയവും മറ്റു ചിലപ്പോള്‍ പരാജയവുമായി അവസ്ഥകള്‍ മാറിമറിയുന്നു. ചിലരുടെതില്‍ ശത്രുവിന്റെ വിജയങ്ങളാണ് കൂടുതല്ലെങ്കില്‍ വേറെ ചിലരുടെതില്‍ ശത്രുവിന്റെ വിജയത്തിനു എണ്ണക്കുറവായിരിക്കും. മറ്റു ചിലരുടെതില്‍ സമാസമമായിരിക്കും.

3. ഈമാന്‍കൊണ്ട് നിറഞ്ഞതാണ് മൂന്നാമത്തെ ഹൃദയം. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രഭപരത്തിയ ഹൃദയത്തില്‍നിന്ന് ദേഹേച്ഛകളുടെയും ആഗ്രഹങ്ങളുടെയും കരിമ്പടങ്ങള്‍ നീങ്ങിപ്പോയിട്ടുണ്ട്. കൂരിരുട്ടുകളെയെല്ലാം അതില്‍നിന്നും നീക്കി ആ പ്രകാശം ഗരിമയോടെ തെളിഞ്ഞ് ജ്വലിച്ചു നില്‍ക്കുന്നു! വസ്‌വാസുകള്‍ അതിന്റെ അടുത്തേക്ക് ചെന്നാല്‍ കത്തിക്കരിഞ്ഞുപോകും. നക്ഷത്രങ്ങളാല്‍ സുരക്ഷാവലയം സൃഷ്ടിക്കപ്പെട്ട ആകാശത്തെ പോലെയാണത്. അവിടേക്ക് കട്ടുകേള്‍ക്കാനായി പിശാച് ചെന്നാല്‍ തീജ്വാലകള്‍കൊണ്ട് എറിഞ്ഞാട്ടുന്നത് പോലെ.

 സത്യവിശ്വാസിയെക്കാള്‍ പവിത്രത കൂടുതലുള്ളതൊന്നുമല്ല ആകാശം. അതിനാല്‍ ആകാശത്തിന് ഏര്‍പ്പെടുത്തിയതിനെക്കാള്‍ ശക്തവും സമ്പൂര്‍ണവുമായ അല്ലാഹുവിന്റെ സുരക്ഷ സത്യവിശ്വസിക്കുണ്ടാകും. വാനലോകം മലക്കുകളുടെ ആരാധനാസ്ഥലവും ദിവ്യസന്ദേശത്തിന്റെ കേന്ദ്രവുമാണ്. അവിടെ അനുസരണങ്ങളുടെ നിരവധി പ്രകാശങ്ങളുണ്ട്. സത്യവിശ്വാസിയുടെ ഹൃദയമാകട്ടെ തൗഹീദിന്റെ(ഏകദൈവ വിശ്വാസത്തിന്റെ)യും സ്‌നേഹത്തിന്റെയും അറിവിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ്. അതില്‍ അവയുടെയെല്ലാം അനേകം പ്രകാശങ്ങളുണ്ട്. അതിനാല്‍ ശത്രുവിന്റെ കെണികളില്‍നിന്നും കുതന്ത്രങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടാന്‍ അത് ഏറ്റവും അര്‍ഹമാണ്. അവിടെനിന്ന് വല്ലതും തട്ടിയെടുക്കാന്‍ ശത്രുവിന് പെട്ടെന്ന് നിഷ്പ്രയാസം സാധിക്കുകയില്ല.

അതിനു നല്ലൊരു ഉപമ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് മൂന്നു വീടുകള്‍; ഒരു വീട് രാജാവിന്റെതാണ്. അതില്‍ രാജാവിന്റെ നിധികളും സൂക്ഷിപ്പു സ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. മറ്റൊരു വീട് ഒരു ഭൃത്യന്റെതാണ്. അതില്‍ അയാളുടെ നിധികളും സൂക്ഷിപ്പുസ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. രാജാവിന്റ രത്‌നങ്ങളോ സൂക്ഷിപ്പുസ്വത്തുക്കളോ പോലെയുള്ളതൊന്നും അവിടെയില്ല. മൂന്നാമത്തെ വീട് ഒന്നുമില്ലാത്ത, ശുന്യമായ ഒന്നാണ്. അങ്ങനെ ഈ മൂന്നുവീടുകളില്‍ ഏതെങ്കിലും ഒന്നില്‍ കയറി മോഷ്ടിക്കാനായി ഒരു കള്ളന്‍ വന്നു. എങ്കില്‍ ഏത് വീട്ടില്‍നിന്നായിരിക്കും അയാള്‍ മോഷ്ടിക്കുക?

മൂന്നാമത്തെ ഒന്നുമില്ലാത്ത വീട്ടില്‍നിന്ന് എന്നാണ് നീ പറയുന്നതെങ്കില്‍ അതൊരിക്കലും ശരിയല്ല. കാരണം ഒന്നുമില്ലാത്ത, ശൂന്യമായ വീട്ടില്‍നിന്ന് എന്താണ് മോഷ്ടിക്കാന്‍ പറ്റുക? ഇബ്‌നു അബ്ബാസ്(റ)വിനോട് ഇപ്രകാരം പറയപ്പെട്ടു: ‘ജൂതന്‍മാര്‍ പറയുന്നു; അവരുടെ പ്രാര്‍ഥനകളില്‍ പിശാച് വസ് വാസുണ്ടാക്കാറില്ലെന്ന്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ: ‘പൊളിഞ്ഞു ഫലശൂന്യമായി കിടക്കുന്ന ഹൃദയത്തില്‍ പിശാച് എന്ത് ചെയ്യാനാണ്?’ (അഹ്മദ് ‘സുഹ്ദി’ലും അബൂനുഐം ‘ഹില്‍യ’യിലും അലാ ഉബ്‌നു സിയാദില്‍നിന്നും ഇതിനോട് സമാനമായ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല- കുറിപ്പുകാരന്‍).

 രാജാവിന്റെ വീട്ടില്‍നിന്നുമായിരിക്കും അവന്‍ മോഷ്ടിക്കുക എന്നാണ് നീ പറയുന്നതെങ്കില്‍ അതും ആസംഭവ്യമാണ്, നടക്കാന്‍ പോകുന്നതല്ല. കാരണം കള്ളന്മാര്‍ക്ക് അടുക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അവിടെ സുരക്ഷാ ക്രമീകരണങ്ങളും പട്ടാളക്കാരും കാവല്‍ക്കാരും ഒക്കെ ഉണ്ടാവും. രാജാവ് തന്നെയാണ് അതിന്റെ കാവല്‍ക്കാരനെങ്കിലോ എങ്ങനെയായിരിക്കും അതിന്റെ അവസ്ഥ? രാജാവിനു ചുറ്റും കാവല്‍ക്കാരും പട്ടാളവും ഒക്കെ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് കള്ളന് അവിടേക്ക് അടുക്കാന്‍ പറ്റുക?

അപ്പോള്‍ പിന്നെ കള്ളന് കയറാന്‍, ശേഷിക്കുന്ന മൂന്നാമത്തെ വീടല്ലാതെ വേറെ ഒരിടവുമില്ല. അങ്ങനെ കള്ളന്‍ അതിനെതിരിലായിരിക്കും തന്റെ ആക്രമണങ്ങള്‍ അഴിച്ചുവിടുക. ബുദ്ധിയുള്ളവര്‍ ഈ ഉദാഹരണം ശരിയാംവണ്ണം ചിന്തിച്ചു ഗ്രഹിക്കട്ടെ! എന്നിട്ട് അതിനെ ഹൃദയങ്ങളുമായി തട്ടിച്ചുനോക്കട്ടെ! തീര്‍ച്ചയായും ഹൃദയങ്ങള്‍ ഇതുപോലെതന്നെയാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.

സര്‍വ നന്മകളില്‍നിന്നും ഒഴിവായ ഹൃദയമെന്നത് സത്യനിഷേധിയുടെയും കപടവിശ്വാസിയുടെയും ഹൃദയമാണ്. അതത്രെ പിശാചിന്റെ ഭവനം! അതിനെ പിശാച് സ്വന്തമാക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. അതിനെ തന്റെ ആസ്ഥാനവും താമസസ്ഥലവുമാക്കിയ പിശാചിന് അതില്‍നിന്ന് എന്ത് മോഷ്ടിക്കാനാണ്? അതിലാണ് അവന്റെ ഖജനാവും സൂക്ഷിപ്പു സ്വത്തുക്കളും അവന്റെ ആശയക്കുഴപ്പങ്ങളും ഭാവനകളും ദുഷ്‌പ്രേരണകളുമെല്ലാം!

എന്നാല്‍ പടച്ചറബ്ബിനോടുള്ള ആദരവും ബഹുമാനവും സ്‌നേഹവുംകൊണ്ടും അവന്റെ നിരീക്ഷണത്തെ കുറിച്ചുള്ള ബോധത്താലും അവനോടുള്ള ലജ്ജ കാരണത്താലും ഹൃദയം നിറഞ്ഞ വ്യക്തിയുടെ കാര്യം; ഏത് പിശാചാണ് ആ ഹൃദയത്തിനുനേരെ കയ്യേറ്റത്തിനു ധൈര്യപ്പെടുക? അവിടെ നിന്ന് വല്ലതും മോഷ്ടിച്ചെടുക്കാന്‍ അവനുദ്ദേശിച്ചാല്‍ തന്നെ അവനെന്താണ് മോഷ്ടിക്കുക? പിന്നെ പരമാവധി അവനു ചെയ്യാനാവുക, ആ വ്യക്തിയുടെ ക്ഷീണത്തിന്റെയും അശ്രദ്ധയുടെയുമൊക്കെ ചില നേരങ്ങള്‍ മുതലാക്കുക എന്നത് മാത്രമാണ്. മനുഷ്യനെന്നുള്ള നിലയില്‍ അത്തരം സംഗതികള്‍ അനിവാര്യമാണല്ലോ. അതിനാല്‍ മാനുഷികമായ മറവി, അശ്രദ്ധ, പ്രകൃതി സംബന്ധമായ കാര്യങ്ങള്‍ പോലുള്ളവ അദ്ദേഹത്തിന്റെ കാര്യത്തിലും ഉണ്ടാവുന്നതാണ്.

‘സത്യവിശ്വാസിയായ എന്റെ അടിമയുടെ ഹൃദയത്തിനല്ലാതെ എന്നെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലത ആകാശത്തിനോ ഭൂമിക്കോ ഇല്ല’ എന്ന ചില റിപ്പോര്‍ട്ടുകള്‍ മുന്‍വേദങ്ങളിലുള്ളതായി വഹബ് ബ്‌നുല്‍ മുനബ്ബിഹ്(റ) പറഞ്ഞുവെന്നു പറയപ്പെടുന്നു’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ, മജ്മൂഉ ഫതാവ 18/122,376, പേജുകള്‍).

ഇത് ഇസ്‌റാഈലിയാത്തുകളില്‍ പെട്ടതാണ്. നബി ﷺ യില്‍നിന്നും സ്വികാര്യയോഗ്യമായ ഒരു പരമ്പരപോലും അതിനില്ല. ഹാഫിദുല്‍ ഇറാഖിയും അതിനു യാതൊരു അടിസ്ഥാനവുമുള്ളതായി അറിയില്ലെന്ന് പ്രസ്താവിക്കുന്നു (അല്‍മുഗ്‌നി അന്‍ ഹംലില്‍ അസ്ഫാര്‍ 2/713).

മറ്റൊരു ഹൃദയത്തിലാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനവും അവനോടുള്ള സ്‌നേഹവും തൗഹീദും ഈമാനും അവന്റെ വാഗ്ദാനങ്ങളിലും താക്കീതുകളിലും ഒക്കെയുള്ള വിശ്വാസവും അവയെല്ലാം സത്യമാണെന്ന ബോധവുമാണ്. അതോടൊപ്പം ദേഹേച്ഛകളും അതിന്റെതായ സ്വഭാവങ്ങളും പ്രകൃതങ്ങളും അതിലുണ്ട്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 7

ഈ മൂന്നു ഏടുകളിലും അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഗൗരവമേറിയത് ബഹുദൈവാരാധന (ശിര്‍ക്ക്) ആയതിനാല്‍ അതിന്റെ വക്താക്കള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കി. ബഹുദൈവാരാധകരായ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പ്രത്യുത ഏകദൈവാരാധകരാണ് സ്വര്‍ഗത്തില്‍ കടക്കുക. ഏകദൈവ വിശ്വാസം (തൗഹീദ്) ആണ് സ്വര്‍ഗ കവാടത്തിന്റെ താക്കോല്‍. പ്രസ്തുത താക്കോലില്ലാത്തവര്‍ക്ക് സ്വര്‍ഗീയ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയില്ല. അപ്രകാരം തന്നെ താക്കോലുമായി വരികയും എന്നാല്‍ അതിന്റെ പല്ലുകള്‍ ഇല്ലാതിരിക്കുകയും ചെയ്താലും അതുപയോഗിച്ചു സ്വര്‍ഗവാതിലുകള്‍ തുറക്കാന്‍ സാധിക്കുകയില്ല.

താക്കോലിന്റെ പല്ലുകളെന്നു പറഞ്ഞത് നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ധര്‍മ സമരം (ജിഹാദ്), നന്മ കല്‍പിക്കല്‍, സംസാരത്തിലെ സത്യത, വിശ്വസ്തത പാലിക്കല്‍, കുടുംബബന്ധം ചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളെയാണ്. അതിനാല്‍ ഏതൊരാള്‍ ഈ ലോകത്തുവെച്ച് തൗഹീദിന്റെ ശരിയായ ഒരു താക്കോല്‍ ഉണ്ടാക്കിയെടുക്കുകയും പടച്ചവന്റെ കല്‍പനകളുടെതായ പല്ലുകള്‍ അതിനു പിടിപ്പിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ സ്വര്‍ഗകവാടത്തിലെത്തി ആ താക്കോലു കൊണ്ട് വാതില്‍ തുറക്കാന്‍ കഴിയും. അതിനു യാതൊരു തടസ്സവുമുണ്ടായിരിക്കില്ല. എന്നാല്‍ അയാള്‍ ചെയ്ത പാപങ്ങളുടെയും തെറ്റുകുറ്റങ്ങളുടെയും അടയാളങ്ങള്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിലൂടെയും പാപമോചന തേട്ടത്തിലൂടെയും നീക്കിക്കളയാനായില്ലെങ്കില്‍ പ്രശ്‌നമാണ്. അപ്പോള്‍ സ്വര്‍ഗത്തിന് മുമ്പില്‍ അയാള്‍ തടയപ്പെടുകയും ശുദ്ധീകരണ നടപടികളെടുക്കുകയും ചെയ്യും. മഹ്ശറിലെ ദീര്‍ഘമായ നിറുത്തവും അവിടുത്തെ ഭയാനകതകളും പ്രയാസങ്ങളും അയാളെ ശുദ്ധീകരിച്ചില്ലെങ്കില്‍ പിന്നെ തെറ്റുകുറ്റങ്ങളുടെ മാലിന്യങ്ങള്‍ നീക്കാന്‍ നരകത്തില്‍ കടക്കല്‍ അനിവാര്യമായി. അങ്ങനെ ആ പാപങ്ങളുടെ  അഴുക്കുകളില്‍നിന്ന് ശുദ്ധമായി കഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്തു കൊണ്ടുവന്ന്, ശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. കാരണം, സ്വര്‍ഗമെന്നത് വിശുദ്ധരുടെ ഭവനമാണ്; വിശുദ്ധരല്ലാതെ അവിടെ പ്രവേശിക്കുകയില്ല.

അല്ലാഹു പറയുന്നു: ”അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക” (16:32).

‘നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു; അതിനാല്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക’ എന്ന് പറഞ്ഞതില്‍ നിന്ന് ആ സംശുദ്ധിയാണ് സ്വര്‍ഗപ്രവേശനത്തിന് നിമിത്തമായതെന്നു വ്യക്തമാണ്.

എന്നാല്‍ നരകമാകട്ടെ, വാക്കുകളിലും പ്രവൃത്തികളിലും അന്നപാനീയങ്ങളിലുമെല്ലാം മാലിന്യം  പേറിയവരുടെ വാസസ്ഥലമാണ്; വൃത്തികെട്ടവരുടെ ഭവനം.

അല്ലാഹു പറയുന്നു: ”അല്ലാഹു നല്ലതില്‍നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍” (8:37).            

അല്ലാഹു വൃത്തികേടുകളെയും മാലിന്യങ്ങളെയും ഒരുമിച്ചുകൂട്ടുകയും എന്നിട്ട് നരകവാസികളോടൊപ്പം നരകത്തിലാക്കുകയും ചെയ്യും. നീചരല്ലാതെ അതില്‍ ഉണ്ടാവുകയില്ല.

ജനങ്ങള്‍ മൂന്നു തരക്കാരാണ്. അവര്‍ക്കുള്ള വാസസ്ഥലങ്ങളും മൂന്നു തരമാണ്. 1) വൃത്തികേടുകള്‍ പുരളാത്ത വിശുദ്ധര്‍. 2) വിശുദ്ധി തീണ്ടിയിട്ടില്ലാത്ത മ്ലേച്ഛര്‍. 3) വിശുദ്ധിയും വൃത്തികേടുകളും കൂടിക്കലര്‍ന്ന മറ്റൊരു കൂട്ടര്‍.

ഒന്നാമത്തെ വിഭാഗത്തിന് തികച്ചും വിശുദ്ധമായ ഭവന(സ്വര്‍ഗം)മാണുള്ളത്. രണ്ടാമത്തെ വിഭാഗത്തിനാകട്ടെ തികച്ചും മ്ലേച്ഛമായ ഭവന(നരകം)വും. ഈ രണ്ടു ഭവനങ്ങളും (സ്വര്‍ഗവും നരകവും) നശിക്കുകയില്ല; ശാശ്വതമാണ്.

എന്നാല്‍ നന്മയും തിന്മയും കൂടിക്കലര്‍ന്ന മൂന്നാമത്തെ വിഭാഗത്തിന്റെ ഭവനം; അത് നശിക്കുന്നതാണ്, ശാശ്വതമല്ല. അതായത്, മറ്റു പാപങ്ങള്‍ ചെയ്തവര്‍ക്കുള്ള ശിക്ഷയുടെ ഭവനം. നിശ്ചയം (ഏകദൈവ വിശ്വാസികളില്‍പെട്ട ഒരാളും) നരകത്തില്‍ ശാശ്വത വാസിയാവുകയില്ല. അവര്‍ തങ്ങളുടെ കര്‍മങ്ങളുടെ തോതനുസരിച്ച് ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്ത് കൊണ്ടുവരപ്പെടുന്നതായിരിക്കും. എന്നിട്ട് അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അപ്പോള്‍ അവസാനം തികച്ചും വൃത്തികെട്ടവരുടെത് മാത്രമായ നരകം മാത്രമായിരിക്കും ശേഷിക്കുക.

ഹദീഥില്‍ പറഞ്ഞ രണ്ടാമത്തെ വിഷയം നമസ്‌കാരമാണ്. ‘അല്ലാഹു നിങ്ങളോടു നമസ്‌കാരം നിര്‍വഹിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നിന്നുകഴിഞ്ഞാല്‍ പിന്നെ മറ്റു ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കരുത്. കാരണം ഒരാള്‍ നമസ്‌കാരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖം അയാളുടെ നേര്‍ക്ക് തന്നെ തിരിച്ചു നിര്‍ത്തുന്നതായിരിക്കും.’

നമസ്‌കാരത്തില്‍ വിലക്കപ്പെട്ട ‘തിരിഞ്ഞുനോട്ടം’ രണ്ടുതരമുണ്ട്. അതില്‍ ഒന്ന് ഹൃദയംകൊണ്ട് അല്ലാഹുവില്‍നിന്ന് മറ്റുള്ളവരിലേക്ക് തിരിയലാണ്. രണ്ടാമത്തെത് ദൃഷ്ടികൊണ്ടുള്ള തിരിഞ്ഞുനോട്ടവും. രണ്ടും വിലക്കപ്പെട്ടതാണ്. ഒരാള്‍ പരിപൂര്‍ണമായി നമസ്‌കാരത്തിലേക്ക് മുന്നിടുകയാണെങ്കില്‍ അല്ലാഹുവും അയാളിലേക്ക് മുന്നിടുന്നതാണ്. എന്നാല്‍ അയാള്‍ തന്റെ ഹൃദയംകൊണ്ടോ ദൃഷ്ടികൊണ്ടോ അല്ലാഹുവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ അല്ലാഹു അയാളില്‍നിന്നും തിരിഞ്ഞു കളയും.

ഒരാള്‍ നമസ്‌കാരത്തില്‍ തിരിഞ്ഞുനോക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞത് ഇപ്രകാരമാണ്: ”അത്, ഒരു ദാസന്റെ നമസ്‌കാരത്തില്‍നിന്നും പിശാച് തട്ടിയെടുക്കുന്ന ഒരു തട്ടിയെടുക്കലാണ്” (ബുഖാരി).

മറ്റൊരുവചനത്തില്‍ ഇപ്രകാരം കാണാം: ”അല്ലാഹു ചോദിക്കും: എന്നെക്കാള്‍ ഉത്തമനായതിലേക്കാണോ അയാള്‍ തിരിയുന്നത്? എന്നെക്കാള്‍ വിശിഷ്ടമായതിലേക്കാണോ?” (ബസ്സാര്‍. ഇമാം ഹൈതമി(റഹി) പറയുന്നു: ഇതിന്റെ പരമ്പരയില്‍ ഫദ്‌ലുബ്‌നു ഈസ അര്‍റാശി എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.” (മജ്മഉസ്സവാഇദ് 2/80).

(വിശദവിവരത്തിനു സില്‍സിലഃ ദഈഫഃ (2694ാം നമ്പര്‍ ഹദീഥ്) കാണുക).

ദൃഷ്ടികൊണ്ടോ മനസ്സുകൊണ്ടോ നമസ്‌കാരത്തില്‍ മറ്റുള്ളവരിലേക്ക് തിരിയുന്നവന്റെ ഉപമ ഒരാളുടേതു പോലെയാണ്. അയാളെ രാജാവ് ക്ഷണിച്ചു വരുത്തി, തന്റെ മുമ്പില്‍ കൊണ്ടുവന്നു നിറുത്തി. എന്നിട്ട് അയാളുടെ നേരെ തിരിഞ്ഞ് അയാളെ വിളിക്കുകയും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ രാജാവിനെ ഗൗനിക്കാതെ ഇടത്തോട്ടും വലത്തോട്ടും അയാള്‍ തിരിഞ്ഞു നോക്കുകയോ അതല്ലെങ്കില്‍ രാജാവ് പറഞ്ഞത് ശ്രദ്ധിക്കാതെ മനസ്സ് എങ്ങോട്ടോ തിരിക്കുകയോ ചെയ്താല്‍ എന്തായിരിക്കും രാജാവ് അയാളെ ചെയ്യുക? ഏറ്റവും ചുരുങ്ങിയത് രാജാവിന്റെ അടുക്കല്‍നിന്ന് കോപിക്കപ്പെട്ടവനും ആട്ടിയകറ്റപ്പെട്ടവനുമായ നിലയില്‍ രാജാവിന്റെ യാതൊരു പരിഗണയും കിട്ടാതെ അയാള്‍ക്ക് മടങ്ങേണ്ടി വരില്ലേ?

ഇത്തരത്തില്‍ നമസ്‌കരിക്കുന്നയാളും ഹൃദയ സാന്നിധ്യത്തോടെ നമസ്‌കാരത്തില്‍ അല്ലാഹുവിലേക്ക് പൂര്‍ണമായി തിരിഞ്ഞയാളും ഒരിക്കലും സമമാവുകയില്ല. താന്‍ ആരുടെ മുമ്പിലാണ് നില്‍ക്കുന്നതെന്നും അവന്റെ മഹത്ത്വമെന്താണെന്നും അയാള്‍ തന്റെ മനസ്സിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അയാളുടെ മനസ്സ് നിറയെ പടച്ചവനോടുള്ള ഗാംഭീര്യവും സ്‌നേഹാദരവുകളുമാണ്. അയാളുടെ പിരടി അവന്റെ മുന്നില്‍ കുനിക്കുകയും തന്റെ രക്ഷിതാവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിയാന്‍ അയാള്‍ ലജ്ജിക്കുകയും ചെയ്യും.

ഹസ്സാനുബ്‌നു അത്വിയ്യ(റഹി) പറഞ്ഞത് പോലെ ഈ രണ്ടുപേരുടെ നമസ്‌കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അദ്ദേഹം പറഞ്ഞു: ‘രണ്ടാളുകള്‍ ഒരേ നമസ്‌കാരം നിര്‍വഹിക്കുകയാണ്. എന്നാല്‍ ശ്രേഷ്ഠതയുടെ കാര്യത്തില്‍ അവര്‍ രണ്ടുപേരും തമ്മില്‍ ആകാശഭൂമികളോളം അന്തരമുണ്ടായിരിക്കും.’ (ഇബ്‌നുല്‍ മുബാറക്, കിതാബുസ്സുഹ്ദ്).

അതെന്തുകൊണ്ടെന്നാല്‍, അവരിലൊരാള്‍ തന്റെ ഹൃദയവുമായി അല്ലാഹുവിലേക്ക് മുന്നിട്ടവനും മറ്റെയാള്‍ അശ്രദ്ധനും മറവിക്കാരനുമായത് കൊണ്ടാണ്.

ഒരാള്‍ തന്നെപോലെയുള്ള ഒരു മനുഷ്യന്റെ അടുക്കലേക്ക് മുന്നിട്ടുചെല്ലുകയും അവര്‍ക്കിടയില്‍ സുതാര്യമായ ഇടപെടലിന് സാധ്യമാകാത്ത വിധത്തില്‍ വല്ല മറയും ഉണ്ടായിരിക്കുകയും ചെയ്താല്‍ പ്രസ്തുത പോക്കും സമീപനവും ശരിയായ രൂപത്തിലായില്ല എന്ന് പ്രത്യേകംപറയേണ്ടതില്ലല്ലോ. അപ്പോള്‍ പിന്നെ സ്രഷ്ടാവിന്റെ കാര്യത്തില്‍ എന്താണ് വിചാരിച്ചത്?

സ്രഷ്ടാവായ അല്ലാഹുവിലേക്ക് മുന്നിടുമ്പോള്‍ അയാള്‍ക്കും പടച്ചവനും ഇടയില്‍ ദേഹേച്ഛകളുടെയും ദുര്‍ബോധനങ്ങളുടെയും (വസ്‌വാസുകള്‍) മറയുണ്ടാവുകയും മനസ്സ് അവയുമായി അഭിരമിക്കുകയും ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? കുറെ വസ്‌വാസുകളും മറ്റു ചിന്തകളും അയാളുടെ ശ്രദ്ധ തെറ്റിച്ചുകളയുകയും നാനാവഴികളിലേക്കും അയാളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുമ്പോള്‍ അത് എന്തൊരു ‘മുന്നിടല്‍’ ആയിരിക്കും?!

ഒരാള്‍ നമസ്‌കരിക്കാന്‍ നിന്നാല്‍ പിശാചിന് അത് ഏറെ അസഹ്യമായിരിക്കും. കാരണം, അയാള്‍ നില്‍ക്കുന്നത് ഏറ്റവും മഹത്തരമായ ഒരു സ്ഥാനത്തും സന്ദര്‍ഭത്തിലുമാണ്. അത് പിശാചിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിനാല്‍ ആ നമസ്‌കാരക്കാരനെ അവിടെ നേരാംവണ്ണം നിര്‍ത്താതിരിക്കാന്‍ എന്തൊക്കെയാണോ ചെയ്യാന്‍ പറ്റുക അതൊക്കെയുമായി പിശാച് കിണഞ്ഞ് പരിശ്രമിക്കും. അയാള്‍ക്ക് പലതരം മോഹന വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി മുന്നില്‍ ചെന്ന് നമസ്‌കാരത്തിന്റെ സുപ്രധാനമായ പലതില്‍നിന്നും അയാളുടെ ശ്രദ്ധ തെറ്റിക്കുകയും മറപ്പിച്ചുകളയുകയും ചെയ്യും. പിശാച് തന്റെ സര്‍വ സന്നാഹങ്ങളുമായി അയാള്‍ക്കെതിരെ തിരിയുകയും നമസ്‌കാരത്തിന്റെ ഗൗരവവും പ്രാധാന്യവും കുറച്ചുകാട്ടി അതിനെ നിസ്സാരമാക്കുകയും അങ്ങനെ അതില്‍ ശ്രദ്ധയില്ലാതെയും അത് പാടെ ഉപേക്ഷിക്കുന്നതിലേക്കും അയാളെ കൊണ്ടുചെന്നെത്തിക്കും.

ഇനി പിശാചിന് അതിനു സാധിക്കാതെ വരികയും ഒരാള്‍ പിശാചിനെ ധിക്കരിച്ചു നമസ്‌ക്കരിക്കാന്‍ നില്‍ക്കുകയും ചെയ്താല്‍ പിശാച് അവന്റെ രണ്ടാമത്തെ പണിയുമായി വരും. എന്നിട്ടു പലതും അയാളുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയും നമസ്‌കാരത്തിനും അയാളുടെ മനഃസാന്നിധ്യത്തിനുമിടയില്‍ മറ സൃഷ്ട്ടിച്ചുകൊണ്ടിരിക്കും. നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അയാള്‍ക്ക് ഓര്‍മയില്ലാതിരുന്ന പലതിനെക്കുറിച്ചും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ ചിലപ്പോള്‍ അയാള്‍ മറന്നുപോയ തന്റെ ലക്ഷ്യവും ആവശ്യങ്ങളും ഈ പ്രേരണകൊണ്ട് ഓര്‍ത്തെടുക്കുകയും അതുമായി മനസ്സ് വ്യാപൃതനാവുകയും ചെയ്യും. അതിലൂടെ അയാളെ അല്ലാഹുവിന്റെ വഴിയില്‍നിന്നും പിശാച് തട്ടിയെടുക്കുകയും ഹൃദയസാന്നിധ്യമില്ലാതെ കേവലം ഒരു ജഡം മാത്രമായി നില്‍ക്കുന്ന ഒരവസ്ഥയിലായി നമസ്‌കാരം നിര്‍വഹിച്ചു തീര്‍ക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ പിന്നെ അല്ലാഹുവിലേക്ക് പരിപൂര്‍ണ മനസ്സും ശരീരവുമായി  മുന്നിട്ട് അവന്റെ സാമീപ്യവും ആദരവും കരസ്ഥമാക്കുന്ന ഒരു യഥാര്‍ഥ ഭക്തന് കിട്ടുന്ന യാതൊന്നും നേടിയെടുക്കാനാവാതെ നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയില്‍തന്നെ തന്റെ പാപഭാരങ്ങളും തെറ്റുകുറ്റങ്ങളുമായി അയാള്‍ക്ക് നമസ്‌കാരത്തില്‍നിന്ന് വിരമിക്കുകയും ചെയ്യേണ്ടിവരും. പ്രസ്തുത നമസ്‌കാരം കൊണ്ട് അവയില്‍നിന്ന് യാതൊരു ലഘൂകരണവും അയാള്‍ക്ക് നേടിയെടുക്കാനാവില്ല.

തീര്‍ച്ചയായും നമസ്‌കാരത്തിന്റേതായ ബാധ്യതകള്‍ നിറവേറ്റുകയും അതിന്റെ ഭക്തി പൂര്‍ത്തീകരിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ഹൃദയസാന്നിധ്യത്തോടുകൂടി നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമെ നമസ്‌കാരംകൊണ്ടുള്ള പാപം പൊറുക്കലും ആസ്വാദനവുമൊക്കെ കിട്ടുകയുള്ളൂ. അങ്ങനെയാകുമ്പോള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിയുമ്പോള്‍ മനസ്സിനൊരു ആശ്വാസവും തന്റെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച നിര്‍വൃതിയും പ്രത്യേകമായ ഉന്മേഷവും ചൈതന്യവുമൊക്കെ അയാള്‍ക്ക് കിട്ടും. എത്രത്തോളമെന്നാല്‍ ആ നമസ്‌കാരത്തെ വേര്‍പിരിഞ്ഞു പോകാന്‍ അയാള്‍ക്ക് തീരെ താല്‍പര്യമില്ലാതെ അതില്‍തന്നെ തുടരാന്‍ കൊതിക്കുകയും ചെയ്യും.      

എന്തുകൊണ്ടെന്നാല്‍ ആ നമസ്‌കാരം അയാളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആത്മാവിനു സൗഖ്യവും ഹൃദയത്തിന്റെ സ്വര്‍ഗത്തോപ്പും ദുന്‍യാവിലെ വിശ്രമ സ്ഥലവുമൊക്കെയായി അയാള്‍ ആസ്വദിക്കുകയായിരുന്നു. ആ നമസ്‌കാരത്തിലേക്ക് വീണ്ടും തിരിച്ചുചെല്ലുന്നതുവരെ വല്ലാത്തൊരു ഇടുക്കത്തിലും ഞെരുക്കത്തിലും പെട്ടു തടവറയില്‍ കഴിയുന്നത് പോലെയായിരിക്കും അയാള്‍ക്ക്. ആ നമസ്‌കാരത്തിലൂടെയാണ് അയാള്‍ ആശ്വാസം കണ്ടെത്തുക. അല്ലാതെ, അതില്‍നിന്ന് വിരമിക്കുന്നതിലല്ല അയാള്‍ ആശ്വാസം കണ്ടെത്തുക. അതിനാല്‍ നന്മയുടെ വക്താക്കളായ, നമസ്‌കാരത്തെ ഇഷ്ടപ്പെടുന്നവര്‍ ഇങ്ങനെ പറയും: ‘ഞങ്ങള്‍ നമസ്‌കരിക്കുകയും നമസ്‌കാരത്തിലൂടെ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.’ അവരുടെ നേതാവും മാതൃകാപുരുഷനും പ്രവാചകനുമായ മുഹമ്മദ് നബി ﷺ പറഞ്ഞത് പോലെ; ‘ബിലാലേ, നമസ്‌കാരംകൊണ്ട് നമുക്ക് ആശ്വാസം പകരൂ’ (അഹ്മദ്, അബൂദാവൂദ്). നമസ്‌കാരത്തില്‍നിന്ന് ആശ്വാസം തരൂ എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

നബി ﷺ പറഞ്ഞു: ”എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്’ (അഹ്മദ്, നസാഈ). ആരുടെയെങ്കിലും കണ്‍കുളിര്‍മ നമസ്‌കാരത്തിലാണുള്ളതെങ്കില്‍ അതല്ലാതെ മറ്റെന്തിലൂടെയാണ് അയാള്‍ക്കത് നേടാനാവുക? ആ നമസ്‌കാരത്തെ വിട്ട് എങ്ങനെയാണയാള്‍ക്ക് ക്ഷമിച്ചിരിക്കാനാവുക?

നമസ്‌കാരത്തില്‍ കണ്‍കുളിര്‍മ കിട്ടുന്ന ഹൃദയസാന്നിധ്യത്തോടെ നമസ്‌കാരം നിര്‍വഹിക്കുന്ന ആളുടെ നമസ്‌കാരമാണ് അല്ലാഹുവിലേക്ക് കയറിപ്പോകുന്നത്. അതാണ് പ്രകാശവും പ്രമാണവും. അല്ലാഹു അയാളെ അതിനോടൊപ്പം സ്വീകരിക്കും. അപ്പോള്‍ അത് ഇപ്രകാരം പറയുമത്രെ: ‘എന്നെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്ത താങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ!’ എന്നാല്‍ ബാധ്യതകള്‍ പൂര്‍ത്തീകരിക്കാത്ത ഭയഭക്തിയും നമസ്‌കാരത്തിന്റെ മറ്റു അതിര്‍വരമ്പുകളും ശ്രദ്ധിക്കാത്ത പല വീഴ്ചകളും വരുത്തിയയാളുടെ നമസ്‌കാരം പഴയ വസ്ത്രങ്ങള്‍ ചുരുട്ടിയത് പോലെ ചുരുട്ടിക്കൂട്ടി അയാളുടെ മുഖത്തേക്ക് എറിയപ്പെടും. അപ്പോള്‍ അത് അയാളോടിങ്ങനെ പറയുമത്രെ: ‘എന്നെ അവഗണിച്ച നിന്നെയും അല്ലാഹു അവഗണിക്കട്ടെ.’

അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന് അബൂശജറയും അദ്ദേഹത്തില്‍ നിന്ന് അബൂസ്സാഹിരിയ്യയും അദ്ദേഹത്തില്‍നിന്ന് സഈദുബ്‌നു സിനാനും അദ്ദേഹത്തില്‍നിന്ന് ബക്‌റുബ്‌നു ബിശ്‌റും വഴി ഉദ്ധരിക്കുന്ന മര്‍ഫൂആയ ഒരു ഹദീഥില്‍ ഇപ്രകാരം പറയപ്പെടുന്നു: ‘ഏതൊരു വിശ്വാസി വുദൂഅ്  ശരിയായ വിധത്തില്‍ പൂര്‍ത്തികരിക്കുകയും ഒരു നമസ്‌കാരത്തിന്റെ സമയത്തുതന്നെ അത് അല്ലാഹുവിനായി നിര്‍വഹിക്കുകയും ചെയ്താല്‍; അതിന്റെ സമയത്തിലോ റുക്കൂഇലോ സുജൂദിലോ ഒന്നിലും യാതൊരു കുറവ് വരുത്താതെയാണ് അയാള്‍ ചെയ്തതെങ്കില്‍ തീര്‍ച്ചയായും ഇരുഭാഗങ്ങളില്‍ പ്രകാശം വിതറിക്കൊണ്ട് തെളിമയോടെ വിശുദ്ധമായി അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടും. അങ്ങനെ അത് അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നതാണ്.

എന്നാല്‍ ആരെങ്കിലും വുദൂഅ് പൂര്‍ത്തീകരിക്കാതെയും സമയം വൈകിച്ചും റുകൂഇലും  സുജൂദിലൂമെല്ലാം വീഴ്ച വരുത്തിയുമാണ് നിര്‍വഹിച്ചതെങ്കില്‍ അത് അയാളില്‍നിന്ന് ഉയര്‍ത്തപ്പെടുക ഇരുള്‍മുറ്റിയ, കറുത്തിരുണ്ട രൂപത്തിലായിരിക്കും. എന്നിട്ടത് അയാളുടെ തലമുടി കടന്ന് മേല്‍പോട്ട് പോവുകയില്ല. പിന്നീടത് ‘എന്നെ നീ അവഗണിച്ചപോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ, എന്നെ നീ അവഗണിച്ച പോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ’ എന്നിങ്ങനെ പറയും (ത്വയാലസി ബസ്സാര്‍ മുതലായവര്‍ ഉദ്ധരിച്ചത്. ഇമാം ഹൈഥമി ‘മജമഉ സ്സവാഇദി’ല്‍ (2/122)പറയുന്നു: ‘ഇതിന്റ സനദില്‍ അഹ് വസ്വ് ഇബ്‌നു ഹകീം എന്ന വ്യക്തിയുണ്ട്. ഇബ്‌നുല്‍ മദീനിയും ഇജ്‌ലിയും അദ്ദേഹത്തെ യോഗ്യനെന്നു പറയുമ്പോള്‍ മറ്റൊരു വിഭാഗം നിരൂപകര്‍ അദ്ദേഹത്തെ അയോഗ്യനെന്നാണു പറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള നിവേദകരെല്ലാം യോഗ്യരാണ്.’ ‘ഉഖൈലി അദ്ദുഅഫാഅ്’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം അയോഗ്യനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്).

സ്വികാര്യയോഗ്യമായ നമസ്‌കാരം, സ്വികരിക്കപ്പെടുന്ന സല്‍കര്‍മങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ പടച്ച റബ്ബിന് അനുയോജ്യമായ വിധത്തില്‍ ഒരു അടിമ നിര്‍വഹിക്കുന്നത് എന്നാണ് വിവക്ഷ. അപ്പോള്‍ ഒരാളുടെ നമസ്‌കാരം അല്ലാഹുവിനു പറ്റുന്നതും അനുയോജ്യവുമാണെങ്കില്‍ അത് സ്വികാര്യയോഗ്യമാണ്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 6

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 6

നബി ﷺ ഒരിക്കല്‍ തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്തു പറഞ്ഞു; സൂര്യന്‍ അസ്തമയത്തിനോടടുത്ത സമയമായിരുന്നു അത്: ”നിങ്ങളുടെ ഈ ദിവസത്തില്‍ ഇനി ശേഷിക്കുന്നതെത്ര സമയമാണോ അത്രയേ ഇനിയുള്ളൂ ഈ ഇഹലോകത്തിന്റെ സമയവും.”(അഹ്മദ്, തിര്‍മിദി).

അതിനാല്‍ സ്വന്തത്തോട് ഗുണകാംക്ഷയുള്ള വിവേകശാലികളായ ഓരോരുത്തരും ഈ നബിവചനത്തെക്കുറിച്ച് ശരിക്കും ഒന്ന് ചിന്തിക്കട്ടെ! ഈ ചുരുങ്ങിയ കാലയളവില്‍ തനിക്ക് ഉണ്ടായ ഏതുകാര്യവും; അത് സ്ഥായിയല്ല എന്നത് അറിഞ്ഞുകൊള്ളട്ടെ! താന്‍ വഞ്ചനയുടെയും പേക്കിനാവുകളുടെയും ഒരു ലോകത്താണുള്ളതെന്നും ഓര്‍ത്തുകൊള്ളട്ടെ! ശാശ്വതമായ സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും അനുഗ്രഹലോകം തുലോം തുച്ഛമായ, വളരെ നിസ്സാരമായ വിഹിതത്തിനുവേണ്ടി വിറ്റുകളയുകയാണെന്നതും ഓര്‍ക്കുക.

അല്ലാഹുവിനെയും പരലോകത്തെയുമാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അയാള്‍ക്ക് ഇഹലോകത്തെ ആ വിഹിതവും പൂര്‍ത്തീകരിച്ച് കൊടുക്കുന്നതാണ്. ചില മഹദ് വചനങ്ങളില്‍ വന്നത് പോലെ; ‘മനുഷ്യ പുത്രാ! പരലോകത്തിന് പകരമായി നീ ഇഹലോകത്തെ വില്‍ക്കുക. എങ്കില്‍ ഇരുലോകത്തും നിനക്ക് ലാഭം കൊയ്യാം. ഇഹലോകത്തിനു പകരമായി നീ പരലോകത്തെ വില്‍ക്കരുത്, കാരണം അങ്ങനെയെങ്കില്‍ ഇരുലോകത്തും നിനക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക’ (ഹസനുല്‍ ബസ്വരി(റഹി)യുടെ വാക്കുകളായി അബൂനുഐം(റഹി) ‘ഹില്‍യ’യില്‍ (2:143) ഉദ്ധരിച്ചത്).

സലഫുകളില്‍ ചിലര്‍ പറഞ്ഞു: ”മനുഷ്യ പുത്രാ! ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് ആവശ്യമാണ്. എന്നാല്‍ പരലോകത്തിലെ നിന്റെ വിഹിതം നിനക്ക് ഇതിലേറെ ആവശ്യമാണെന്നറിയുക. അതിനാല്‍ ദുന്‍യാവിന്റെ വിഹിതം വാരിക്കൂട്ടാനാണ് നീ ആദ്യപരിഗണന നല്‍കുന്നതെങ്കില്‍ പരലോകത്തെ നിന്റെ വിഹിതം തരപ്പെടുത്താനാകാതെ പോകുകയും ദുന്‍യാവിന്റെ വിഹിതത്തിന്റെ കാര്യത്തില്‍ നീ ഭീതിയിലായിരിക്കുകയും ചെയ്യും. എന്നാല്‍ പരലോകത്തെ നിന്റെ വിഹിതം ഒരുക്കുന്നതിലാണ് നിന്റെ പ്രഥമ ശ്രദ്ധയെങ്കില്‍ ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് നേടുവാനും അതിനെ നിനക്ക് ക്രമപ്പെടുത്തുവാനും കഴിയും”(മുആദ് ഇബ്‌നു ജബലി(റ)ന്റെ വാക്കുകളായി ഇബ്‌നു അബീ ശൈബ ‘മുസ്വന്നഫി’ലും ത്വബ്‌റാനി ‘മുഅ്ജമുല്‍ കബീറി’ലും ഉദ്ധരിച്ചത്).

ഉമറുബ്‌നു അബ്ദില്‍ അസീസ്(റഹി) തന്റെ ഖുത്വുബയില്‍ പറയാറുണ്ടായിരുന്നു: ”അല്ലയോ ജനങ്ങളേ, നിങ്ങള്‍ വൃഥാ സൃഷ്ടിക്കപ്പെടുകയോ വെറുതെ വിട്ടുകളയപ്പെട്ടിരിക്കുകയോ അല്ല. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു മടക്കസ്ഥാനം നിങ്ങള്‍ക്കുണ്ട്. അവിടെവെച്ചാണ് നിങ്ങളുടെ കാര്യത്തില്‍ നീതിപൂര്‍വകമായ വിധിയും തദടിസ്ഥാനത്തില്‍ നിങ്ങളെ വേര്‍തിരിക്കപ്പെടുന്നതും. അപ്പോള്‍ ഏതൊരുത്തന്‍ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യത്തില്‍നിന്നും ആകാശഭൂമികളോളം വിശാലമായ അവന്റെ സ്വര്‍ഗത്തില്‍നിന്നും പുറത്താക്കപ്പെടുന്നുവോ അയാള്‍ പരാജയപ്പെടുകയും ദൗര്‍ഭാഗ്യവാനാവുകയും ചെയ്തു. തീര്‍ച്ചയായും നിര്‍ഭയത്വവും സമാധാനവും നാളെയുടെ ലോകത്താണ്. അല്ലാഹുവിനെ ഭയപ്പെട്ടും അവന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചും ധാരാളത്തിനു പകരമായി തുച്ഛമായതിനെയും അനശ്വരമായതിനു ബദലായി നശ്വരമായതിനെയും സൗഭാഗ്യത്തിനു വേണ്ടി ദൗര്‍ഭാഗ്യത്തെയും ബലികഴിച്ചവര്‍ക്കാണ് അതുള്ളത്. നിങ്ങള്‍ മണ്‍മറഞ്ഞുപോയവരുടെ പിന്‍ഗാമികളാണെന്നത് നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഇനി നിങ്ങള്‍ക്ക് ശേഷം മരണമില്ലാത്തവരെ അവന്‍ നിങ്ങളുടെ പിന്‍ഗാമികളാക്കുമോ? (അഥവാ മുന്‍ഗാമികള്‍ മരിച്ചുപോയത് പോലെ അവരുടെ പിന്‍ഗാമികളും മരിച്ചുപോകും) ഓരോ ദിവസവും ഊഴം കഴിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായ എത്രയെത്രയാളുകളെ യാത്രയാക്കുന്നതിനു നിങ്ങള്‍ സാക്ഷികളാകുന്നു! അവരുടെ ഈ ലോകത്തെ പ്രതീക്ഷകള്‍ അവസാനിച്ചു. അവരെ നിങ്ങള്‍ ക്വബ്‌റാകുന്ന വിശ്രമമുറിയില്‍ ഭൂമിപിളര്‍ത്തി ഇറക്കിവെക്കുകയും കട്ടിലും തലയണയുമില്ലാതെ അവരെ കിടത്തിപ്പോരുകയും ചെയ്യുന്നത് കാണുന്നില്ലേ? ബന്ധുമിത്രാദികളെയും കൂട്ടുകുടുംബാദികളെയും എല്ലാം വേര്‍പിരിഞ്ഞു വിചാരണയുടെ ലോകത്തേക്ക് അവര്‍ യാത്രയായിരിക്കുകയാണ്” (അബൂനുഐം ‘ഹില്‍യ’യില്‍ ഉദ്ധരിച്ചത്).    

അതായത്, അല്ലാഹു ഒരു അടിമയെ ഈ ചുരുങ്ങിയ കാലയളവിലെ ജീവിതത്തില്‍ മേല്‍പറഞ്ഞ ശത്രുക്കള്‍ക്കെതിരില്‍ അവന്റെ സൈന്യങ്ങളെക്കൊണ്ടും സന്നാഹങ്ങള്‍കൊണ്ടുമൊക്കെ സഹായിക്കുന്നതാണ്. തന്റെ ശത്രുവില്‍നിന്ന് തനിക്ക് സുരക്ഷ നല്‍കുന്നതെന്താണെന്നും ആ ശത്രുവിന്റെ പിടിയിലകപ്പെട്ടാല്‍ എങ്ങനെയാണു മോചനം നേടാനാവുകയെന്നും അല്ലാഹു വിശദീകരിച്ചിട്ടുമുണ്ട്.

ഇമാം അഹ്മദ്(റഹി), തിര്‍മിദി(റഹി) മുതലായവര്‍ അബുമൂസല്‍ അശ്അരി(റ)യുടെ ഹദീഥായി ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ”നിശ്ചയം, അല്ലാഹു യഹ്‌യ നബി(അ)യോട് അഞ്ച് കാര്യങ്ങള്‍ കല്‍പിച്ചു. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുവാനും ബനൂ ഇസ്‌റാഈല്യര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവരോടു കല്‍പിക്കുന്നതിനും വേണ്ടി. എന്നാല്‍ അദ്ദേഹം അതില്‍ താമസം വരുത്തിയപ്പോള്‍ ഈസാ നബി(അ) അദ്ദേഹത്തോട് പറഞ്ഞു: ”നിശ്ചയം, താങ്കള്‍ കര്‍മപഥത്തില്‍ കൊണ്ടുവരുന്നതിനും ബനൂ ഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കുന്നതിനും അല്ലാഹു അഞ്ച് കാര്യങ്ങള്‍ താങ്കളോട് കല്‍പിക്കുകയുണ്ടായി. ഒന്നുകില്‍ താങ്കളത് അവരോടു കല്‍പിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരോട് പറയാം.” അപ്പോള്‍ യഹ്‌യ(അ) പറഞ്ഞു: ”താങ്കള്‍ എന്നെ മുന്‍കടന്ന് അങ്ങനെ ചെയ്താല്‍ ഞാന്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ മറ്റു വല്ല ശിക്ഷയും എന്നെ പിടികൂടുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു.” അങ്ങനെ യഹ്‌യ(അ) ആളുകളെ ബൈത്തുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. ആളുകളെക്കൊണ്ട് പള്ളി തിങ്ങി നിറഞ്ഞു. അതിന്റെ വരാന്തകളിലടക്കം ആളുകള്‍ ഇരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിശ്ചയം, ഞാന്‍ എന്റെ കര്‍മപഥത്തില്‍ കൊണ്ടുവരുവാനും നിങ്ങളോട് അതിനു കല്‍പിക്കുവാനുമായി അഞ്ച് കാര്യങ്ങള്‍ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അതില്‍ ഒന്നാമത്തെത്; നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്റെ ഉപമ, സ്വന്തം സമ്പാദ്യമായ സ്വര്‍ണവും വെള്ളിയും ചെലവഴിച്ച് ഒരു അടിമയെ വിലയ്ക്ക് വാങ്ങിയവനെ പോലെയാണ്. എന്നിട്ടയാള്‍ ആ അടിമയോട് പറഞ്ഞു: ‘ഇതാണ് എന്റെ ഭവനം. ഇതാണ് എനിക്ക് വേണ്ടി നീ ചെയ്യേണ്ട ജോലിയും. അതിനാല്‍ നീ എനിക്കുവേണ്ടി ജോലി ചെയ്യുക.’ എന്നാല്‍ ആ അടിമ തന്റെ യജമാനനല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയാണു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്! നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇപ്രകാരമായിരിക്കുന്നത് ഇഷ്ടപ്പെടുക?

നിശ്ചയം, അല്ലാഹു നിങ്ങളോടു നമസ്‌കരിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. ഒരു അടിമ തന്റെ നമസ്‌കാരത്തില്‍ മുഖം തിരിക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖത്തെ ആ അടിമയുടെ നേരെ തിരിച്ചു നിര്‍ത്തുന്നതാണ്.

അല്ലാഹു നിങ്ങളോടു വ്രതമനുഷ്ഠിക്കാന്‍ കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ആള്‍ക്കൂട്ടത്തിലെ ഒരാളുടെത് പോലെയാണ്. അയാളുടെ കയ്യില്‍ ഒരു പൊതിയുണ്ട്. അതില്‍ കസ്തൂരിയാണ്. എല്ലാവരും അതിന്റെ സുഗന്ധത്തില്‍ അത്ഭുതം കൂറുന്നു. നിശ്ചയം, നോമ്പുകാരന്റെ വായുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമാണ്.

അവന്‍ നിങ്ങളോടു ദാനധര്‍മത്തിനു കല്‍പിച്ചു. അതിന്റെ ഉപമയാകട്ടെ ശത്രുവിന്റെ പിടിയില്‍പെട്ട ഒരാളെ പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി. എന്നിട്ട് അയാളുടെ കഴുത്തുവെട്ടാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ ചെറുതും വലുതുമായ എല്ലാം (സര്‍വസ്വവും) നിങ്ങള്‍ക്കു നല്‍കാം, നിങ്ങളെന്നെവിടൂ.’ അങ്ങനെ അയാള്‍ സ്വയം അവരില്‍ നിന്ന് മോചിതനായി.

അവന്‍ നിങ്ങളോടു ‘ദിക്ര്‍’ ചെയ്യാന്‍ കല്‍പിച്ചു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ പിന്നാലെ കൂടി ഓടിച്ച ഒരാളുടെത് പോലെയാണ്. അങ്ങനെ അയാള്‍ സുരക്ഷിതമായ ഒരു കോട്ടയില്‍ എത്തി. അവരില്‍നിന്ന് രക്ഷപ്പെട്ടു. അപ്രകാരമാണ് ഒരു ആള്‍ക്ക് അയാളെ പിശാചില്‍നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ(ദിക്ര്‍) അല്ലാതെ സാധിക്കുകയില്ല.

നബി ﷺ പറഞ്ഞു: ”ഞാന്‍ നിങ്ങളോട് അഞ്ച് കാര്യങ്ങള്‍ കല്‍പിക്കുന്നു; അല്ലാഹു അവ എന്നോട് കല്‍പിച്ചതാണ്. കേള്‍ക്കല്‍ (സംഅ്), അനുസരിക്കല്‍ (ത്വാഅത്ത്), ധര്‍മസമരം (ജിഹാദ്), ദേശപരിത്യാഗം(ഹിജ്‌റ), സംഘടിച്ച് നില്‍ക്കല്‍(അല്‍ജമാഅഃ) എന്നിവയാണവ. അല്‍ജമാഅ(സത്യസംഘം)യെ വിട്ട് അല്‍പമെങ്കിലും ആരെങ്കിലും അകന്നാല്‍ അയാള്‍ തന്റെ കഴുത്തില്‍നിന്ന് ഇസ്‌ലാമിനെ അഴിച്ചുവെക്കുകയാണ് ചെയ്തത്; തിരിച്ചുവരുന്നത് വരെ. അനിസ്‌ലാമികമായ വല്ല വാദങ്ങളും ആരെങ്കിലും വാദിച്ചാല്‍ നിശ്ചയം അയാള്‍ നരകാവകാശികളില്‍ പെട്ടവനായി.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”നബിയേ, അയാള്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും?” അവിടുന്ന് പറഞ്ഞു: ”അയാള്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും! അതിനാല്‍, അല്ലാഹുവിന്റെ അടിമകളായ വിശ്വാസികളേ, നിങ്ങളെ മുസ്‌ലിംകള്‍ എന്ന് പേരുവിളിച്ച അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളെ നിങ്ങള്‍ പുല്‍കുക” (തിര്‍മിദി. ഇത് ഹസനും സ്വഹീഹുമായ ഹദീഥ് ആണെന്ന് അദ്ദേഹം പറഞ്ഞു. അഹ്മദ്, ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം മുതലായവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്).

ഓരോ മുസ്‌ലിമും ശരിക്ക് ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യേണ്ടതായ ഈ വിലപ്പെട്ട ഹദീഥിലൂടെ നബി ﷺ പറഞ്ഞത്; പിശാചിന്റെ ഉപദ്രവത്തില്‍നിന്നും ഒരാളെ രക്ഷപ്പെടുത്തുന്ന കാര്യങ്ങളും ഒരാള്‍ക്ക് ഇഹപര വിജയം നേടിക്കൊടുക്കുന്ന കാര്യങ്ങളുമാണ്.

ഏകദൈവ വിശ്വാസി(മുവഹ്ഹിദ്)യുടെയും ബഹുദൈവ വിശ്വാസി(മുശ്‌രിക്ക്)യുടെയും ഉപമ പറഞ്ഞത് ശ്രദ്ധേയമാണ്. ഏകദൈവ വിശ്വാസി തന്റെ യജമാനന്റെ വീട്ടില്‍ യജമാനന് വേണ്ടി ജോലി ചെയ്തവനെ പോലെയാണ്. യജമാനന്‍ അയാളെ ഏല്‍പിച്ച പണികള്‍ അയാള്‍ ചെയ്തു. എന്നാല്‍ ബഹുദൈവ വിശ്വാസിയാകട്ടെ യജമാനന്‍ തന്റെ വീട്ടില്‍ ജോലിക്ക് നിശ്ചയിച്ചവനെ പോലെയാണ്. എന്നിട്ടയാള്‍ ജോലി ചെയ്തതും തന്റെ വരുമാനമേല്‍പിച്ചതും യജമാനനല്ലാത്ത മറ്റൊരാള്‍ക്കാണ്! ഇതുപോലെയാണ് ബഹുദൈവാരാധകന്‍; അല്ലാഹുവിന്റെ ഭവനത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി പണിയെടുക്കുന്നു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുമായി അല്ലാഹുവിന്റെ ശത്രുവിലേക്ക് അയാള്‍ അടുത്തുകൊണ്ടിരിക്കുകയാണ്!

 മനുഷ്യന്മാര്‍ക്കാര്‍ക്കെങ്കിലും ഇതുപോലെ ഒരു ഭൃത്യനോ ദാസനോ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഇവനോട് ഏറ്റവും വെറുപ്പും ദേഷ്യവുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അയാള്‍ അവനോട് അങ്ങേയറ്റം ദേഷ്യപ്പെടുകയും അവനെ ആട്ടിയകറ്റുകയും ചെയ്യും. രണ്ടുപേരും ഒരേപോലെ സൃഷ്ടികളാണ്; രണ്ടുപേരും തങ്ങളുടെതല്ലാത്ത സൗകര്യങ്ങളിലും അനുഗ്രഹങ്ങളിലും. എന്നിരിക്കെ സര്‍വലോക രക്ഷിതാവായ, ഏതൊരാള്‍ക്കും ഏതേത് അനുഗ്രഹങ്ങളും നല്‍കിയ ഏകനായ രക്ഷിതാവ്, അവനിലൂടെയാണ് ഓരോരുത്തര്‍ക്കുള്ള നന്മകളെല്ലാം വന്നെത്തുന്നതും ദോഷങ്ങളെല്ലാം അകറ്റുന്നതും. അവന്‍ മാത്രമാണ് തന്റെ അടിമയെ സൃഷ്ടിച്ചതും അവനു കരുണ ചെയ്യുന്നതും അവനെ നിയന്ത്രിക്കുന്നതും ഉപജീവനം നല്‍കുന്നതും അവനു സൗഖ്യം നല്‍കുന്നതും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതും, എന്നിരിക്കെ എന്തുമാത്രം അക്രമമാണ് ബഹുദൈവത്വത്തിലൂടെ അവന്‍ ചെയ്യുന്നത്!

എങ്ങനെയാണ് അവന് തന്റെ രക്ഷിതാവിനോട് സ്‌നേഹത്തിലും ഭയത്തിലും പ്രതീക്ഷയിലും സത്യം ചെയ്യലിലും നേര്‍ച്ചനേരുന്നതിലും ഇടപാടുകളിലുമൊക്കെ മറ്റുള്ളവരെ തുല്യരാക്കാനും പങ്കുചേര്‍ക്കാനും പറ്റുക? അങ്ങനെ അവന്‍ പടച്ചവനെ സ്‌നേഹിക്കുന്നതുപോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ ഉപരിയായി മറ്റുള്ളവരെ സ്‌നേഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു!

അവരുടെ സ്ഥിതിഗതികളും വാക്കുകളും പ്രവൃത്തികളുമെല്ലാം സാക്ഷികളായി സ്വയം വിളിച്ചു പറയുന്നുണ്ട്; അവര്‍ തങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പങ്കാളികളെ ഭയപ്പെടുകയും അവരില്‍നിന്ന് പ്രതീക്ഷിക്കുകയും അവരുടെ തൃപ്തി നേടുകയും അവരുടെ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുകയും അവരോടു സഹവര്‍ത്തിത്വത്തിനൊരുങ്ങുകയും ചെയ്യുന്നു എന്ന്.

ഇത് തന്നെയാണ് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ‘ശിര്‍ക്ക്’ അഥവാ പങ്കുചേര്‍ക്കല്‍. അല്ലാഹു പറയുന്നു:

”തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്” (4:48).

”തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു” (4:116).

മനുഷ്യരുടെ അന്യായങ്ങളുടെയും അക്രമങ്ങളുടെയും മൂന്നുതരം ഏടുകളാണ് അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പക്കലുണ്ടാവുക:

1) അല്ലാഹു പൊറുക്കാത്ത അക്രമങ്ങളുടെ ഏട്. അത് ബഹുദൈവത്വ (ശിര്‍ക്ക്)ത്തിന്റെതാണ്. നിശ്ചയം അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നത് അവന്‍ ഒരിക്കലും പൊറുക്കുകയില്ല.

2) ഒന്നും അല്ലാഹു ഒഴിവാക്കി വിട്ടുകളയാത്തതായ അക്രമങ്ങളുടെ ഏട്. സൃഷ്ടികള്‍ പരസ്പരം ചെയ്ത അന്യായങ്ങളും അക്രമങ്ങളും രേഖപ്പെടുത്തിയ ഏടാണ് അത്. അല്ലാഹു അവയെല്ലാം വിധി പറഞ്ഞു തീര്‍പ്പുകല്‍പിക്കുന്നതാണ്.

3) അല്ലാഹു പരിഗണിക്കാത്ത അന്യായങ്ങളുടെ ഏട്. അതായത് ഒരു അടിമ തനിക്കും തന്റെ രക്ഷിതാവിനും ഇടയില്‍ ചെയ്തതായ അന്യായങ്ങളാണത്. തീര്‍ച്ചയായും ഈ രേഖയായിരിക്കും ഏറ്റവും ഗൗരവം കുറഞ്ഞതും പെട്ടെന്ന് മറന്നുപോകുന്നതും. നിശ്ചയം, അത് തൗബ (പശ്ചാത്താപം), ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍), തിന്മയെ മായ്ക്കുന്ന നന്മകള്‍, പാപം പൊറുക്കുവാനുതകുന്ന പ്രയാസങ്ങള്‍ മുതലായവയിലൂടെയെല്ലാം മായ്ച്ചുകളയാവുന്നതാണ്. എന്നാല്‍ ബഹുദൈവാരാധനയുടെ (ശിര്‍ക്കിന്റെ) ഏട് ഇതുപോലെയല്ല. അത് ഏകദൈവാരാധന(തൗഹീദ്)യിലൂടെയല്ലാതെ മായ്ച്ചുകളയാന്‍ പറ്റില്ല. അപ്രകാരം തന്നെ സഹജീവികളോട് ചെയ്ത അന്യായങ്ങളും പൊറുക്കപ്പെടണമെങ്കില്‍ അവയില്‍ നിന്ന് ഒഴിവായി അതിന്റെ ഉടമയെ അറിയിക്കുകയും പൊരുത്തപ്പെടുവിക്കുകയും ചെയ്യേണ്ടതുണ്ട്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 5

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 5

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ യാഥാര്‍ഥ്യം എന്നത് അവയൊരിക്കലും അതിരുവിട്ട ഇളവുകള്‍ തേടിപ്പോകുന്നതിലേക്കും തീവ്രമായ അതിരുകവിച്ചിലിലേക്കും വഴിമാറാതെ, അല്ലാഹുവിലേക്ക് എത്തിക്കുന്ന മിതത്വത്തിന്റെ നേര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയെന്നതാണ്.

അല്ലാഹു കല്‍പിച്ച ഏതൊരു കാര്യത്തിലും പിശാചിന് രണ്ടുരൂപത്തിലുള്ള ദുര്‍ബോധനങ്ങളുണ്ടാകും. ഒന്നുകില്‍ അതിലുള്ള അവഗണനയും വീഴ്ചവരുത്തലും. അല്ലെങ്കില്‍ അതില്‍ അതിരുകവിയലും തീവ്രത പുലര്‍ത്തലും. ഈ രണ്ടില്‍ ഏതിലൂടെയാണ് ഒരാളെ കീഴ്‌പെടുത്തി വിജയംനേടാന്‍ സാധിക്കുക എന്നതാണ് അവന്റെ നോട്ടം. അങ്ങനെ അവന്‍ ഒരാളുടെ ഹൃദയത്തിലേക്ക് ചെന്ന്”മണം പിടിക്കും.’ അയാളില്‍ അലസതയുടെയും ആലസ്യത്തിന്റെയും പിന്തിരിപ്പിക്കലിന്റെയും തളര്‍ച്ചയുടെയും ഇളവന്വേഷിക്കലിന്റെയുമൊക്കെ ലക്ഷണങ്ങളാണ് കാണുന്നതെങ്കില്‍ ആ വഴിയിലൂടെ അവന്‍ അയാളെ പിടികൂടും. അങ്ങനെ അയാളെ മടിയനും ക്ഷീണിതനും ആലസ്യക്കാരനുമാക്കി ഇരുത്തിക്കളയും. എന്നിട്ട് ന്യായീകരണത്തിന്റെയും പ്രതീക്ഷയുടെയും പല വ്യാഖ്യാനങ്ങളും ഇട്ടുകൊടുക്കും. അങ്ങനെ ചിലപ്പോള്‍ കല്‍പിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ണമായിത്തന്നെ കയ്യൊഴിക്കുന്ന അവസ്ഥയിലേക്കെത്തും.

ഇനി ഒരാളില്‍ ജാഗ്രതയും സൂക്ഷ്മതയും ആവേശവും ഊര്‍ജസ്വലതയുമൊക്കെ ദര്‍ശിക്കുകയും മടിയനാക്കി തളര്‍ത്തി ഇരുത്തിക്കളയാന്‍ സാധിക്കുകയില്ലെന്നു തിരിച്ചറിയുകയും ചെയ്താല്‍ കൂടുതല്‍ പ്രയത്‌നിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ തനിക്ക് അപര്യാപ്തമാണെന്നും ഇതിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവരൊക്കെ ചെയ്തത് തനിക്ക് പോരാത്തതിനാല്‍ അതിലുപരി ചെയ്യേണ്ടതുണ്ടെന്നും അയാളെ തോന്നിപ്പിച്ചുകൊണ്ടിരിക്കും. അവര്‍ ഉറങ്ങിയാലും നീ ഉറങ്ങിക്കൂടാ. അവര്‍ നോമ്പ് എടുക്കാത്തപ്പോള്‍ നീ നോമ്പ് ഉപേക്ഷിക്കരുത്. അവര്‍ ക്ഷീണിച്ചാലും നീ ക്ഷീണിക്കരുത്. അവരില്‍ ഒരാള്‍ തന്റെ കയ്യും മുഖവും മൂന്നു പ്രാവശ്യമാണ് കഴുകിയതെങ്കില്‍ നീ ഒരു ഏഴുതവണയെങ്കിലും കഴുകണം. അവര്‍ നമസ്‌കാരത്തിനായി വുദൂഅ് എടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ നീ അതിന്നുവേണ്ടി കുളിക്കണം എന്നിങ്ങനെ അതിരുകവിച്ചിലിന്റെയും തീവ്രതയുടെയും അന്യായത്തിന്റെയും വഴികള്‍ ചൂണ്ടിക്കാട്ടി തീവ്രതക്കും പരിധിവിടുന്നതിനും മിതത്വത്തിന്റെ നേരായമാര്‍ഗം വിട്ടുകടക്കുന്നതിനും അയാളെ പ്രേരിപ്പിക്കും. ആദ്യത്തെയാളെ നേര്‍മാര്‍ഗത്തിലേക്ക് അടുക്കുവാന്‍പോലും അനുവദിക്കാതെ അതില്‍ വീഴ്ചവരുത്തിച്ചുകൊണ്ട്, അലസനാക്കിക്കൊണ്ട് വഴിതെറ്റിച്ചതുപോലെ ഇയാളെ ഈ രൂപത്തിലും വഴിപിഴപ്പിക്കുന്നു.

രണ്ടുപേരുടെ കാര്യത്തിലും അവന്റെ ലക്ഷ്യം അവരെ നേര്‍മാര്‍ഗത്തില്‍നിന്നു തെറ്റിച്ചു പുറത്തുകളയുകയെന്നതാണ്. ഒരാളെ അതിലേക്ക് അടുപ്പിക്കാതെയും മറ്റെയാളെ അതില്‍ ശരിയായ രീതിയില്‍ നിലനിര്‍ത്താതെ പരിധിവിട്ടും അന്യായം ചെയ്യിപ്പിച്ചും.

ഈ രൂപത്തിലൂടെ വളരെയധികം ആളുകളെ പിശാച് കുഴപ്പത്തിലാക്കിയിട്ടുണ്ട്. രൂഢമൂലമായ അറിവും ശക്തമായ ഈമാനും പിശാചിനെതിരെ പൊരുതുവാനുള്ള ശേഷിയും മിതത്വത്തിന്റെ നേര്‍മാര്‍ഗം കടുകിട വ്യതിചലിക്കാതെ അനുധാവനം ചെയ്യലുമാണ് അതില്‍നിന്നുള്ള രക്ഷാമാര്‍ഗം. അല്ലാഹു മാത്രമാണ് സഹായി.

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ ഭാഗമാണ് അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കല്‍പനക്ക് കീഴൊതുങ്ങുന്നതിനും അത് പ്രയോഗവല്‍കരിക്കുന്നതിനും തടസ്സമായ വല്ല ന്യായവാദങ്ങളും നിരത്തി അതില്‍നിന്ന് പിന്നാക്കം പോകാതിരിക്കുകയെന്നത്. മറിച്ച് അല്ലാഹുവിന്റെ കല്‍പനക്കും വിധിവിലക്കുകള്‍ക്കും, അതിനെ പ്രയോഗവല്‍കരിച്ചുകൊണ്ട് കീഴ്‌പെടുകയെന്നതാണ് ഒരു വിശ്വാസിയുടെ കടമ. അതിലെ യുക്തിരഹസ്യങ്ങള്‍ നമുക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും പ്രസ്തുത വിധിവിലക്കുകള്‍ അനുസരിക്കുകയാണ് വേണ്ടത്. മതത്തിന്റെ യുക്തിരഹസ്യങ്ങള്‍ ആ നിയമത്തില്‍ ബോധ്യമായാല്‍ ആ കല്‍പനാനിര്‍ദേശങ്ങള്‍ക്ക് കീഴ്‌പെടാന്‍ കൂടുതല്‍ പ്രേരകമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ബോധ്യപ്പെട്ടില്ല എന്നതിന്റെ പേരില്‍ പ്രസ്തുത നിയമത്തില്‍നിന്ന് ഊരിപ്പോകുവാനോ പൂര്‍ണമായും അതിനെ കയ്യൊഴിയുവാനോ പ്രേരിപ്പിക്കാവതല്ല. തസ്വവ്വുഫിലേക്ക് ചേര്‍ത്ത് പറയുന്നവര്‍ക്കും കുറെ മതനിഷേധികള്‍ക്കും സംഭവിച്ചത് അതാണ്.

അല്ലാഹു അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിയമമാക്കിയത് അവനെ സ്മരിക്കുന്നതിനു വേണ്ടിയാണ്. ഹൃദയവും ശരീരാവയവങ്ങളും നാവുമെല്ലാം അവനു കീഴ്‌പെടുന്നതില്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്മരണ. അവയ്ക്ക് ഓരോന്നിനും ആ കീഴ്‌പെടലിന്റെ വിഹിതം നല്‍കിക്കൊണ്ടാണ് അത് നിര്‍വഹിക്കേണ്ടത്. അതാണല്ലോ ഒരു ദാസന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യം. അങ്ങനെയാകുമ്പോള്‍ പ്രസ്തുത കീഴ്‌പെടലിന്റെ (ഉബൂദിയ്യത്ത്) ഏറ്റവും പരിപൂര്‍ണമായ പദവിയിലാണ് ആ നമസ്‌കാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നു കാണാനാവും.

അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുകയും മികച്ച സൃഷ്ടികളില്‍നിന്ന് അവനെ തിരഞ്ഞെടുക്കുകയും ചെയ്തു. മനുഷ്യഹൃദയത്തെ ഈമാനിന്റെയും തൗഹീദിന്റെയും ഇഖ്‌ലാസിന്റെയും സ്‌നേഹത്തിന്റെയും ലജ്ജയുടെയും ആദരവിന്റെയും ദൈവബോധത്തിന്റെയുമെല്ലാം കേന്ദ്രമാക്കുകയും ചെയ്തു. അങ്ങനെ പൂര്‍ണമനസ്സോടെ അല്ലാഹുവിലേക്ക് ഒരാള്‍ മുന്നിട്ടുചെന്നാല്‍ ഏറ്റവും ശ്രേഷ്ഠവും പരിപൂര്‍ണവുമായ പ്രതിഫലം അയാള്‍ക്ക് നല്‍കും. അതായത്, സ്രഷ്ടാവിന്റെ തിരുമുഖം ദര്‍ശിക്കുവാനും അവന്റെ തൃപ്തി നേടി വിജയംവരിക്കാനും അവന്റെ സാമീപ്യം സിദ്ധിച്ചുകൊണ്ട് അവനൊരുക്കിയ സ്വര്‍ഗത്തില്‍ കഴിയാനും സാധിക്കുക എന്ന അത്യുന്നതമായ വിജയവും നേട്ടവും അയാള്‍ക്ക് ലഭിക്കും.

എന്നാല്‍ അതോടൊപ്പം ഇച്ഛകള്‍, ദേഷ്യം, അശ്രദ്ധ മുതലായവകൊണ്ട് അല്ലാഹു മനുഷ്യനെ പരീക്ഷിക്കും. അവന്റെ വേര്‍പിരിയാത്ത ശത്രുവായ ഇബ്‌ലീസിനെ കൊണ്ടും പരീക്ഷിക്കും. ആ ശത്രു അവന്റെ മനസ്സ് ആഗ്രഹിക്കുന്ന പല വഴികളിലൂടെയും അവന്റെയടുക്കല്‍ കടന്നുചെല്ലും. അങ്ങനെ പിശാചും അവന്റെ മനസ്സും ദേഹേച്ഛയും ആ അടിമക്കെതിരില്‍ സംഘടിക്കും. ഈ മൂന്നുകൂട്ടരും അവന്റെയടുക്കല്‍ പല കാര്യങ്ങളുമായി ചെല്ലും. അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി അവര്‍ അവന്റെ അവയവങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അവയവങ്ങളാവട്ടെ അതിനു കീഴ്‌പെടുന്ന ഒരു ഉപകരണം പോലെയാണ്. അവയ്ക്ക് ആ പ്രേരണകള്‍ക്ക് കീഴ്‌പെടാനല്ലാതെ കഴിയില്ല. ഇങ്ങനെയാണ് ഈ മൂന്നുകൂട്ടരുടെയും സ്ഥിതി. അതിനോടുള്ള മനുഷ്യന്റെ അവയവങ്ങളുടെ നിലയും അതാണ്. ഈ മൂന്നുകൂട്ടരും എങ്ങനെ നിര്‍ദേശിക്കുന്നുവോ, എവിടേക്ക് തിരിച്ചുവിടുന്നുവോ അതിനു വഴിപ്പെട്ടുകൊണ്ടായിരിക്കും ഒരാളുടെ ബാഹ്യമായ അവയവങ്ങള്‍ ചലിക്കുന്നത്. ഇതാണ് ഒരടിമയുടെ അവസ്ഥയുടെ തേട്ടം.

എന്നാല്‍ കാരുണ്യവാനും അജയ്യനുമായ അവന്റെ റബ്ബ് അവന്റെ കാരുണ്യത്തിന്റെ ഭാഗമായി മറ്റൊരു സൈന്യത്തെക്കൊണ്ട് അവനെ സഹായിച്ചിട്ടുണ്ട്. തന്റെ നാശംകൊതിക്കുന്ന ആ എതിരാളികള്‍ക്കെതിരില്‍ അല്ലാഹു അവനെ ഈ സൈന്യത്തെക്കൊണ്ട് പിന്‍ബലം നല്‍കുകയും പ്രതിരോധിക്കുകയുമാണ്. അതിനാല്‍ അല്ലാഹു തന്റെ ദൂതനെ അയക്കുകയും ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു. മനുഷ്യന്റെ ശത്രുവായ പിശാചിനെതിരില്‍ ഒരു മാന്യനായ മലക്കിനെ കൊണ്ട് അവനു ശക്തി പകരുകയും ചെയ്തു.

തിന്മകൊണ്ട് കല്‍പിക്കുന്ന ദുഷ്‌പ്രേരണയായ മനസ്സിന് (നഫ്‌സുല്‍ അമ്മാറ) എതിരായി നന്മക്ക് പ്രേരിപ്പിക്കുന്ന, ശാന്തിയടഞ്ഞ മനസ്സി(നഫ്‌സു മുത്വ്മഇന്ന)നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുഷിച്ച മനസ്സ് വല്ല തിന്മയും അവനോടു കല്‍പിച്ചാല്‍ നല്ലമനസ്സ് അത് വിലക്കും. മനുഷ്യന്‍ ചിലപ്പോള്‍ നല്ലതിനെയും മറ്റുചിലപ്പോള്‍ തിന്മയെയും അനുസരിക്കും. അതില്‍ ഏതാണോ അവനെ അതിജയിച്ചു മികച്ച് നില്‍ക്കുന്നത് അതിന്റെ വക്താവായിട്ടായിരിക്കും അവന്‍ മാറുക. ചിലപ്പോള്‍ അവയിലേതെങ്കിലും ഒന്ന് അവനെ പരിപൂര്‍ണമായി കീഴ്‌പെടുത്തിക്കളഞ്ഞിട്ടുണ്ടാകും. അപ്രകാരംതന്നെ പിശാചിനെയും ദുഷിച്ച മനസ്സിനെയും അനുസരിക്കാന്‍ അവനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന അവന്റെ ദേഹേച്ഛക്ക് എതിരിലായി ഒരുതരം പ്രകാശവും ഉള്‍ക്കാഴ്ചയും നേര്‍ബുദ്ധിയും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേഹേച്ഛക്ക് കീഴ്‌പെടുന്നതില്‍നിന്ന് ഇവ അവനെ തടയും. ദേഹേച്ഛക്കൊപ്പം സഞ്ചരിക്കാന്‍ അവന്‍ തയ്യാറെടുക്കുമ്പോഴെല്ലാം അവന്റെ സല്‍ബുദ്ധിയും ഉള്‍ക്കാഴ്ചയും പ്രകാശവും അവനെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും: ”സൂക്ഷിക്കുക, ജാഗ്രത പാലിക്കുക. നിശ്ചയം, നാശത്തിന്റെ അഗാധഗര്‍ത്തങ്ങളാണ് നിന്റെ മുമ്പിലുള്ളത്. നീ ഇതിന്റെ പിന്നാലെയാണ് പോകാനൊരുങ്ങുന്നതെങ്കില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വലയിലെ ഇരയായിരിക്കും നീ. അതിനാല്‍ സൂക്ഷിക്കുക.’

ചിലപ്പോള്‍ ഈ ഗുണകാംക്ഷിയെ അവന്‍ അനുസരിച്ചേക്കും. അപ്പോള്‍ അതിന്റെ വിവേകവും ഗുണവും അവനു ബോധ്യപ്പെടുകയും ചെയ്യും. എന്നാല്‍ മറ്റുചിലപ്പോള്‍ ദേഹേച്ഛയുടെ വിളിക്ക് പിന്നാലെയും അവന്‍ പോകും. അപ്പോള്‍ അവന്‍ കൊള്ളയടിക്കപ്പെടുകയും അവന്റെ സ്വത്തും വസ്ത്രവുമെല്ലാം അപഹരിക്കപ്പെടുകയും ചെയ്യും. അപ്പോള്‍ അവന്‍ വിളിച്ച പറയും: ”ഇത് എവിടെ നിന്ന് വന്നു? എന്താണ് സംഭവിച്ചത്?” എന്താണ് സംഭവിച്ചതെന്നതും അവന്‍ കൊള്ളയടിക്കപ്പെട്ടതും കയ്യേറ്റം ചെയ്യപ്പെട്ടതുമൊക്കെ എവിടെവെച്ചായിരുന്നു എന്നതും അവനു നന്നായി അറിയാമായിരുന്നു എന്നതാണ് അത്ഭുതം. പക്ഷേ, എന്നിട്ടും ആ വഴിതന്നെയാണ് അവന്‍ തെരഞ്ഞെടുത്തത്. കാരണം ആ വഴിയിലൂടെ അവനെ കൂട്ടിക്കൊണ്ടു പോകുന്നവര്‍ അവനെ കീഴ്‌പെടുത്തി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അതിനെതിരില്‍ പോരടിച്ചുകൊണ്ടും ആ ക്ഷണം നിരസിച്ചുകൊണ്ടും അവരെ കീഴ്‌പെടുത്തുവാന്‍ അവനു കഴിയാത്തവിധത്തിലായി. അവന്‍ സ്വയം തന്നെയാണ് ഈ വഴി ഒരുക്കിയത്. അവന്‍തന്നെയാണ് തന്റെ കൈ ശത്രുവിന് നല്‍കിയത്. സ്വന്തം കഴുത്ത് ശത്രുവിന് നീട്ടിക്കൊടുത്തവനെപ്പോലെയാവുകയും അവന്റെ ബന്ധനത്തിലായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിയുംവന്ന ഒരുവന്റെ സ്ഥിതിയിലായി. അവന്‍ ആ ബന്ധനത്തില്‍കിടന്നു സഹായാര്‍ഥന നടത്തുന്നുണ്ട്. പക്ഷേ, ആരും അവനെ സഹായിക്കുന്നില്ല. ഇങ്ങനെയാണ് ഒരാള്‍ പിശാചിന്റെയും ദേഹേച്ഛയുടെയും ദുഷിച്ച മനസ്സിന്റെയും കെണികളില്‍പ്പെട്ടു ബന്ധനസ്ഥനാകുന്നത്. പിന്നീടവന്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുമെങ്കിലും അതിനു സാധിക്കുകയില്ല.

ഒരു അടിമ ഈ ശത്രുക്കളെക്കൊണ്ട് പരീക്ഷിക്കപ്പെടുമ്പോള്‍ ശക്തമായ സൈന്യങ്ങളെ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും ഒക്കെ സഹായിക്കപ്പെട്ടിട്ടുണ്ട്. ഈ സൈന്യത്തില്‍നിന്നും വേണ്ടത് സ്വീകരിച്ചും ഈ സന്നാഹങ്ങളില്‍നിന്നും ആവശ്യമുള്ളത് ഉപയോഗിച്ചും ഈ കോട്ടകളില്‍ നിനക്ക് വേണ്ടത് ഉപയോഗപ്പെടുത്തിയും നീ നിന്റെ ശത്രുവിനോട് പോരാടുക എന്ന് അവനോടു പറഞ്ഞിട്ടുമുണ്ടായിരുന്നു. നീ മരണംവരെ പ്രതിരോധിക്കുക. കാര്യം വിദൂരമല്ല. പ്രതിരോധ പോരാട്ടം അധികസമയം ഇല്ല. അങ്ങനെ നീ രാജാവിന്റെ മുമ്പില്‍ കൊണ്ടുവരപ്പെടും. രാജകൊട്ടാരത്തിലേക്ക് നിന്നെ ആനയിക്കും. നീ ഈ സമര പോരാട്ടങ്ങളില്‍നിന്ന് വിശ്രമത്തിലാണിപ്പോള്‍. നിന്റെയും നിന്റെ ശത്രുവിന്റെയും ഇടയില്‍ തീര്‍പ്പുകല്‍പിക്കപ്പെട്ടിരിക്കുന്നു. ആദരണീയതയുടെ സ്വര്‍ഗലോകത്ത് നീ യഥേഷ്ടം വിഹരിക്കുകയാണ്. നിന്റെ ശത്രുവാകട്ടെ ഏറ്റവും പ്രയാസകരമായ തടവറയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത് നീ നോക്കിക്കാണുന്നു. നിന്നെ ഏതൊരു കാരാഗ്രഹത്തിലടക്കാനാണോ നിന്റെ ശത്രു ആഗ്രഹിച്ചത് ആ തടവറയില്‍ അവന്‍ അകപ്പെടുകയും അതിന്റെ കനത്ത വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതില്‍ നിന്ന് പുറത്തുകടക്കാനാവാതെ അവന്‍ നിരാശപ്പെട്ടിരിക്കുകയാണ്. നീയാകട്ടെ കൊതിക്കുന്നതെല്ലാം കിട്ടുന്ന കണ്‍കുളിര്‍മയേകുന്ന സ്വര്‍ഗീയ ആരാമങ്ങളില്‍ വിഹരിക്കുകയാണ്. ആ ചുരുങ്ങിയ കാലയളവില്‍ നീ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചതിനുള്ള പ്രതിഫലമായി രാജസന്നിധിയില്‍ ലഭിച്ച ആഹഌദത്തിമിര്‍പ്പിലും ആനന്ദത്തിലുമാണ് നീ. നിനക്കവിടെ ആ പോരാട്ടവേളയില്‍ സഹിക്കേണ്ടിവന്നത് വളരെ കുറച്ചുസമയം മാത്രം. ആ ഒരു പ്രയാസവും നീ തീരെ അനുഭവിക്കാത്തതുപോലെ ഈ സുഖങ്ങളെല്ലാം നിന്നെ അവയെ മറപ്പിച്ചുകളഞ്ഞു. ഈ പോരാട്ടത്തില്‍ സമയം അധികമില്ലെന്നും അത് പെട്ടെന്ന് അവസാനിക്കുമെന്നും ബോധ്യപ്പെടാന്‍ നിന്റെ മനസ്സിന് ആകുന്നില്ലെങ്കില്‍ അല്ലാഹു പറഞ്ഞ ഈ വാക്കുകള്‍ നീ ഉറ്റാലോചിക്കുക:

”ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍നിന്നുള്ള ഒരു നാഴിക നേരം മാത്രമെ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുള്ളു എന്നപോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?” (ക്വുര്‍ആന്‍ 46:35).

”അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക)”(79:46).

”അവന്‍ (അല്ലാഹു) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു? അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക. അവന്‍ പറയും: നിങ്ങള്‍ അല്‍പം മാത്രമെ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!)” (23:112-114).

”അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്. അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍താമസിക്കുകയുണ്ടായിട്ടില്ല എന്ന്. അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമെ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു” (20:102-104). (തുടരും)

ശമീര്‍ മദീനി

നേർപഥം 

 

ഇബ്‌റാഹീം നബിയുടെ ആദര്‍ശ ജീവിതം

ഇബ്‌റാഹീം നബിയുടെ ആദര്‍ശ ജീവിതം

വിശ്വാസത്തിലും ആദര്‍ശനിഷ്ഠയിലും അല്ലാഹുവിനോടുള്ള കൂറിലും ഏകദൈവ വിശ്വാസത്തോട് പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലുമെല്ലാം മനുഷ്യരാശിക്കാകമാനം മാതൃകയാണ് ഇബ്‌റാഹീം നബി(അ). ഒട്ടനവധി വാക്യങ്ങളിലൂടെ ആ മഹദ് ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്.

ഇബ്‌റാഹീം നബി(അ)യുമായി ബന്ധപ്പെട്ട ക്വുര്‍ആനിക പരാമര്‍ശങ്ങളില്‍ ‘മില്ലത്ത്’ എന്ന പദം പലതവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌റാഹീം നബി(അ) തന്നെ ഒരു സമുദായമായിരുന്നു (ഉമ്മത്ത്) എന്ന് പറയുന്ന ക്വുര്‍ആന്‍ (16:120) അദ്ദേഹത്തിന്റെ ധാര്‍മിക സരണിയെ ചൂണ്ടിക്കാണിക്കാനാണ് മില്ലത്ത് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു:

”സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും” (ക്വുര്‍ആന്‍ 2:130).

ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം തന്നെയാണ് ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്നത് എന്നും ആ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനം ആത്മാവിനെ മൂഢമാക്കുന്ന പ്രവൃത്തിയാണെന്നും വ്യക്തമാക്കപ്പെടുമ്പോള്‍ ഇബ്‌റാഹീം നബി(അ) പ്രതിനിധാനം ചെയ്തിരുന്ന ഏകദൈവാദര്‍ശത്തില്‍ അധിഷ്ഠിതമായ മാര്‍ഗത്തിന്റെ സവിശേഷത അംഗീകരിക്കപ്പെടുകയാണ്. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തിന് ശ്രേഷ്ഠത ലഭിക്കാനിടയായത് എങ്ങനെയെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക:

”നീ കീഴ്‌പെടുക’ എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വലോക രക്ഷിതാവിന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുകകൂടി ചെയ്തു. ‘എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്ത് തന്നിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന് കീഴ്‌പെടുന്നവരായി(മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)”(ക്വുര്‍ആന്‍ 2:132).

തന്റെ നാഥനെ നിരുപാധികം അനുസരിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ അനുസരിക്കയും ചെയ്യുന്നതില്‍ ഇബ്‌റാഹീം(അ) ചരിത്രത്തിനുതന്നെയും മാതൃകയായി വര്‍ത്തിച്ചു. ഏകദൈവ വിശ്വാസത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള സമര്‍പ്പണത്തിലൂടെയാണ് അദ്ദേഹം ചരിത്രത്തിന് മാതൃകയായിത്തീര്‍ന്നത് എന്ന് നിരവധി ക്വുര്‍ആന്‍ വാക്യങ്ങളില്‍ വ്യക്തമാക്കപ്പെടുന്നുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തിന്റെ ഏറ്റവും സുപ്രധാനമായ മേന്മ എന്ത് എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

”ആകയാല്‍ ശുദ്ധമനഃസ്‌കനായ ഇബ്‌റാഹീമിന്റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല” (ക്വുര്‍ആന്‍ 3:95).

ബഹുദൈവ വിശ്വാസത്തിന്റെയും വിശ്വാസവ്യതിയാനങ്ങളുടെയും വഴിയില്‍നിന്ന് ഋജുവായ മാര്‍ഗത്തിലേക്ക് എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന വ്യക്തി പിന്തുടരേണ്ടത് ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗമാണ്. ഉത്തമമായ മതവും ധര്‍മവും ഏതെന്ന് വിശദീകരിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നു:

”സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു” (4:125).

പൂര്‍ണമായ സമര്‍പ്പണത്തിന്റെയും നിരുപാധികമായ കീഴ്‌വണക്കത്തിന്റെയും കാര്യത്തില്‍ ഇബ്‌റാഹീം നബി(അ)യുടെ മാതൃക അതുല്യമാണ്. അതുകൊണ്ടാണ് സദ്‌വൃത്തരായ ദൈവഭക്തര്‍ക്ക് മാതൃകയായി ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തെ പരാമര്‍ശിക്കുന്നത്. അല്ലാഹുവില്‍ വിശ്വസിക്കുകയും ഇസ്‌ലാമിനെ ജീവിതാദര്‍ശമായി സ്വീകരിക്കയും ചെയ്യുന്നവര്‍ നടത്തേണ്ടുന്ന പ്രഖ്യാപനത്തെപ്പറ്റി ക്വുര്‍ആന്‍ പറയുന്നു:

”പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല” (ക്വുര്‍ആന്‍ 6:161).

നേര്‍മാര്‍ഗത്തിന്റെ പര്യായപദമായിട്ടാണ് ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തെ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. നിരവധി വചനങ്ങളിലൂടെ ക്വുര്‍ആന്‍ ഇബ്‌റാഹീമീ സരണിയുടെ മേന്മ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുകയാണ്. ക്വുര്‍ആന്‍ മറ്റൊരു വചനത്തിലൂടെ വിശദീകരിക്കുന്നു:

”തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുന്ന നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവ വാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും. പിന്നീട് നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരണമെന്ന് നിനക്ക് ഇതാ നാം ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല” (ക്വുര്‍ആന്‍ 16:120-123).

രക്തബന്ധത്തെക്കാള്‍ ആദര്‍ശബന്ധത്തിന് പ്രാധാന്യം കല്‍പിച്ചുകൊണ്ടാണ് ഇബ്‌റാഹീം നബി(അ)ജീവിച്ചത്. അദ്ദേഹത്തെ പിന്‍പറ്റുന്നവരും അനുകരിക്കേണ്ടിയിരിക്കുന്നത് അതേ ആദര്‍ശ ജീവിതം തന്നെയാണ്. ആദര്‍ശശാലിയായിരുന്ന ഇബ്‌റാഹീം നബി(അ)യെ പിന്‍പറ്റുന്ന മുസ്‌ലിംകള്‍ മാത്രമാണ് അദ്ദേഹവുമായുള്ള ബന്ധത്തിന്റെ യഥാര്‍ഥ അവകാശികളെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

ഏകദൈവ വിശ്വാസത്തിലും ധാര്‍മികതയിലും കണിശമായ ദൈവസ്മരണയിലും അധിഷ്ഠിതമായ ആദര്‍ശമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നത്. തൗഹീദിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്വന്തം കുടുംബത്തിലും പിതൃ-പുത്ര ബന്ധത്തിലും അദ്ദേഹം പിന്തുടര്‍ന്നത് തൗഹീദിന് മുന്‍തൂക്കം നല്‍കുന്ന വീക്ഷണമായിരുന്നു. അല്ലാഹു പറയുന്നു:

”പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവന് കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്. പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്” (ക്വുര്‍ആന്‍ 6:161-164).

ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച കാണിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. ഇക്കാര്യത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു” (ക്വുര്‍ആന്‍ 9:114).

തൗഹീദിന് മുന്നില്‍ മാനുഷികമായ ബന്ധങ്ങളും സ്ഥാനമാനങ്ങളുമൊന്നും ഇബ്‌റാഹീം നബി(അ)ക്ക് വിലപ്പെട്ടവയായിരുന്നില്ല. ഇതേ നിഷ്ഠയും കണിശതയും ധാര്‍മികതയുടെ കാര്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ക്വുര്‍ആനില്‍നിന്നും മനസ്സിലാക്കുവാന്‍ കഴിയും. അതുകൊണ്ടാണ് ഇബ്‌റാഹീം നബി(അ) ഉള്‍പ്പെട്ട പ്രവാചക ശൃംഖലയെ ‘നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കള്‍’ എന്ന് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. ഇവ്വിഷയകമായ ക്വുര്‍ആനിലെ പരാമര്‍ശം ഇപ്രകാരമാണ്:

”അവരെ (മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഇബ്‌റാഹീം നബി ഉള്‍പ്പെടുന്ന പ്രവാചകന്മാരെ) നാം നമ്മുടെ കല്‍പന പ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്” (ക്വുര്‍ആന്‍ 21:73).

ഇബ്‌റാഹീം നബി(അ) ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശികളായിത്തീരുന്നത് അവര്‍ തൗഹീദ് ആദര്‍ശമായി അംഗീകരിക്കുകയും ധാര്‍മിക ജീവിതം നയിക്കുകയും നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ജന്മനാ നല്‍കപ്പെട്ട ഒരു വംശീയ അംഗീകാരത്തിന്റെ പേരിലായിരുന്നില്ല അവരുടെ മഹത്ത്വം കണക്കാക്കപ്പെട്ടിരുന്നത്. ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടല്ലാതെ ഏതൊരു വ്യക്തിക്കും സ്രഷ്ടാവിന്റെ അനുഗ്രഹവും അംഗീകാരവും നേടിയെടുക്കാന്‍ കഴിയില്ല എന്ന പരമാര്‍ഥത്തിന്റെ സാക്ഷ്യങ്ങളാണ് ഇബ്‌റാഹീം(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിത ചരിത്രം.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍

കഅ്ബാ നിര്‍മാണത്തിനുശേഷം ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും നടത്തിയ പ്രാര്‍ഥന വിശുദ്ധ ക്വുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. തൗഹീദിന്റെ ആദര്‍ശപരമായ ആര്‍ജവവും വിശ്വാസത്തിന്റെ മാര്‍ഗദര്‍ശനവുമുള്ള ഒരു ധര്‍മാധിഷ്ഠിത സമൂഹം ഭൂമുഖത്ത് ആവിര്‍ഭവിക്കുവാനും നിലനില്‍ക്കുവാനുമുള്ള അഭിലാഷം പ്രതിഫലിക്കുന്ന ചരിത്രപ്രസിദ്ധമായ ആ പ്രാര്‍ഥന, പ്രപഞ്ചനാഥന്‍ സ്വീകരിച്ചു എന്നതിന് പില്‍കാലാനുഭവങ്ങള്‍ സാക്ഷിയാണ്. ഇസ്‌ലാമിന്റെ ചരിത്രത്തിലും വിശ്വാസ സംഹിതകളിലും അനന്യമായ ഒരു സ്ഥാനമുണ്ട് ആ പ്രാര്‍ഥനക്ക്. എക്കാലത്തും മുസ്‌ലിം സമൂഹം അനുകരിക്കുകയും ആവര്‍ത്തിക്കുകയും തങ്ങളുടെ വിശ്വാസ-സമര്‍പ്പണ ജീവിതത്തിന്റെ ഊര്‍ജമായി അവലംബിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണ് ആ പ്രാര്‍ഥന. അതുകൊണ്ടുതന്നെ വിശുദ്ധ ക്വുര്‍ആന്‍, ഇബ്‌റാഹീം നബി(അ)യുടെ ത്യാഗനിര്‍ഭരമായ ജീവിത കഥനത്തില്‍ ആ പ്രാര്‍ഥന ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇബ്‌റാഹീം നബി(അ) തനിച്ചും കഅ്ബ നിര്‍മാണാനന്തര ഘട്ടത്തില്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്ന് നടത്തുന്ന പ്രാര്‍ഥനകള്‍ ക്വുര്‍ആനില്‍ കാണാം. ഏതാനും പ്രാര്‍ഥനകള്‍ കാണുക:

മക്കാരാജ്യത്തിനു വേണ്ടി

”എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)” (ക്വുര്‍ആന്‍ 2:126).

”ഇബ്‌റാഹീം നബി(അ) ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ”.

സ്വന്തത്തിന്നും സന്തതിപരമ്പരകള്‍ക്കും വേണ്ടി

”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ച് തരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 2:128-129).

”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നുവരാം”(ക്വുര്‍ആന്‍ 14:37).

”വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാക്വിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്”(ക്വുര്‍ആന്‍ 14:39).

”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 14:40).

”ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ” (ക്വുര്‍ആന്‍ 14:41).

മനുഷ്യചരിത്രത്തില്‍ അനന്യമായ സ്വാധീനവും പ്രഭാവവും ചെലുത്തിയവയാണ് ഇബ്‌റാഹീം നബി(അ)മിന്റെ പ്രാര്‍ഥനകളെല്ലാം. ലോകത്ത് ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരാദര്‍ശ സമൂഹം ഉരുത്തിരിഞ്ഞുവന്നതിലും ധാര്‍മികതയുടെയും സദ്‌വൃത്തിയുടെയും അടിസ്ഥാനത്തില്‍ ജീവിക്കുന്ന സച്ചരിതരായ മാനവസമൂഹം ഉടലെടുത്തതിലും ഇബ്‌റാഹീം നബി(അ)യുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയുടെ സ്വാധീനമുള്ളതായി മനസ്സിലാക്കാം.

തനിക്കും തന്റെ സന്തതികള്‍ക്കും പിന്‍മുറക്കാര്‍ക്കും ലോകത്ത് ഭരണവും ആധിപത്യവും രാജാധികാരവും വേണമെന്നല്ല ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചത്. മറിച്ച് ഏകദൈവാദര്‍ശവും ഭക്തിയുമുള്ളവരാക്കി തന്റെ സന്തതിപരമ്പരകളെയും പിന്‍ഗാമികളെയും പരിവര്‍ത്തിപ്പിക്കുവാനാണ് അദ്ദേഹം പ്രാര്‍ഥിച്ചത്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ദുല്‍ഹജ്ജ് മാസത്തിലെ ശ്രേഷ്ഠദിനങ്ങള്‍

ദുല്‍ഹജ്ജ് മാസത്തിലെ ശ്രേഷ്ഠദിനങ്ങള്‍

ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. മനുഷ്യര്‍ക്ക് അസാധ്യമായ ഒരു കാര്യവും അല്ലാഹു അവന്റെ ദാസന്മാരുടെ മേല്‍ അടിച്ചേല്‍പിക്കുന്നില്ല. ഓരോരുത്തരും ചെയ്യുന്ന സല്‍കര്‍മങ്ങളുടെ സദ്ഫലവും ദുഷ്‌കര്‍മങ്ങളുടെ ദുഷ്ഫലവും അവരവര്‍തന്നെയാണ് അനുഭവിക്കുക. അല്ലാഹു പറയുന്നു:

”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സദ്ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ…” (ക്വുര്‍ആന്‍ 2:286).

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങള്‍.

പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്ത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്.

അല്ലാഹു പറയുന്നു: ”പ്രഭാതവും പത്ത് രാത്രികളും തന്നെയാണ് സത്യം” (ക്വുര്‍ആന്‍ 89:1,2).

ഇതിലെ ‘പത്ത് രാവുകള്‍’ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണെന്നാണ് ഇബ്‌നുകഥീര്‍(റഹി) തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

നബി ﷺ പറഞ്ഞു: ”ഈ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു കര്‍മവുമില്ല.” സ്വഹാബികള്‍ ചോദിച്ചു: ”അപ്പോള്‍ ജിഹാദോ?” നബി ﷺ പറഞ്ഞു: ”ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സല്‍കര്‍മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല” (ബുഖാരി).

അബ്ദുല്ലാഹിബ്‌നുഉമറി(റ)ല്‍നിന്ന്; നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ”ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സല്‍കര്‍മങ്ങളെപ്പോലെ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കര്‍മങ്ങളുമില്ല. അതുകൊണ്ട് നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ്‌ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക” (ത്വബ്‌റാനി, മുഅ്ജമുല്‍ കബീര്‍).

‘സഈദുബ്‌നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറം സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു’ (ദാരിമി).

‘മേല്‍പറയപ്പെട്ട ദിനങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലേതു പോലെ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചുവരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു’ (ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി, ഫത്ഹുല്‍ബാരി).

നാം പ്രത്യേകം ശ്രദ്ധിക്കുക: ദുല്‍ഹജ്ജിലെ ആദ്യപത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ രൂപത്തിലും നിര്‍വഹിക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നമസ്‌കാരം

നിര്‍ബന്ധനമസ്‌കാരങ്ങള്‍ സമയമായാല്‍ ഉടനെ കഴിവതും ജമാഅത്തായി പള്ളിയില്‍വെച്ച് നിര്‍വഹിക്കുക, സുന്നത്തു നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മങ്ങളാകുന്നു. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി അനുഷ്ഠിക്കേണ്ട കാര്യങ്ങളല്ല. എല്ലാ കാലങ്ങളിലും പാലിക്കേണ്ടവ തന്നെയാണിവയെല്ലാം.

സൗബാനി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും അവന്‍ നിര്‍വഹിക്കുന്ന ഓരോ സുജൂദ് മുഖേനയും അവന്റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ അവന്‍ അത് നിര്‍വഹിക്കുന്നില്ല” (മുസ്‌ലിം).

നോമ്പ്

പ്രവാചകപത്‌നിമാരില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി ﷺ ദുല്‍ഹജ്ജ് ഒമ്പത്, മുഹര്‍റം പത്ത്, മാസങ്ങളില്‍ പൗര്‍ണമിദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു” (മുസ്‌ലിം).

ഇമാംനവവി(റഹി) ദുല്‍ഹജ്ജ് ഒന്നുമുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കല്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ഹജ്ജ്കര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫാദിവസത്തില്‍ നോമ്പ്‌നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്.

അത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ പര്യാപ്തമായതാണ് (മുസ്‌ലിം).

പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ അല്ലാഹു നരകത്തില്‍നിന്നും മോചിപ്പിക്കുക എന്നും, അല്ലാഹു തന്റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങ്ങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീഥുകളില്‍ കാണാവുന്നതാണ്.

തക്ബീറുകള്‍

ഇബ്‌നുഉമറി(റ)ല്‍നിന്ന് ത്വബ്‌റാനി ഉദ്ധരിച്ച ഹദീഥിന്റെ അടിസ്ഥാനത്തില്‍ തക്ബീര്‍, ലാ ഇലാഹ ഇല്ലല്ലാഹു, അല്‍ഹംദുലില്ലാഹ് എന്നീ ആശയങ്ങളുള്‍ക്കൊള്ളുന്ന കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളിള്‍ അധികരിപ്പിക്കേണ്ടതാണ്. ഇബ്‌നുഉമര്‍(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലിയിരുന്നു. അതുകേട്ട് ജനങ്ങളും തക്ബീര്‍ ചൊല്ലിയിരുന്നു. (ബുഖാരി).

ബലിദിനം

ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തുകാണാത്തതും എന്നാല്‍ ദുല്‍ഹജ്ജ് മാസത്തിലെ വളരെ മഹത്ത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്ത്വമുള്ള ദിവ സം ബലിദിവസം (ദുല്‍ഹജ്ജ് പത്ത്) ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്റെ സുനനില്‍ ഇപ്രകാരം ഒരുഹദീസ് റിപ്പോര്‍ട്ടുചെയ്യുന്നത് കാണാവുന്നതാണ്:

”അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്” (അബൂദാവൂദ്).

ആയതിനാല്‍ ഈ ദിവസം ആഘോഷത്തില്‍മാത്രം മുഴുകാതെ ആരാധനകളില്‍ കൂടുതല്‍ നിരതരാവുക.

ഉദുഹിയ്യത്ത്

ദുല്‍ഹജ്ജ്പത്തിനെ ബലിദിനം (യൗമുന്നഹ്ര്‍) എന്ന് പ്രവാചകന്‍ ﷺ വ്യക്തമാക്കിയതില്‍നിന്നു തന്നെ, അന്ന് നിര്‍വഹിക്കാനുള്ള പ്രധാനപ്പെട്ട കര്‍മം ബലി (ഉദുഹിയ്യത്ത്) ആണെന്ന് മനസ്സിലാക്കാവുന്നതാണ്.

നബി ﷺ പറഞ്ഞു: ”കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോലും അടുക്കേണ്ടതില്ല” (അഹ്മദ്, ഇബ്‌നുമാജ).

അത്തരക്കാര്‍ക്ക്, സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല. വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു, ഇങ്ങനെയൊരു കാര്യം ആവശ്യപ്പെടുന്നത്! എന്നിട്ടും കഴിവുണ്ടായിട്ടും പലരും അതില്‍നിന്നും തിരിഞ്ഞുകളയുന്നു!

പങ്കുചേര്‍ന്നും അറുക്കാം

ഒട്ടകം, മാട് എന്നിവയില്‍ ഏഴ് പേര്‍ക്കുവരെ പങ്കുചേര്‍ന്ന് അറുക്കുവാന്‍ അനുവാദമുണ്ട്. ഈ പുണ്യകര്‍മത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നതിനുവേണ്ടിയത്രെ ഇത്. എന്നാല്‍ ആടില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുചേരാവതല്ല.

ഒരാള്‍ക്ക് ഒരു മൃഗത്തെ തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി അറുക്കാവുന്നതാണ്. അബൂഅയ്യൂബുല്‍ അന്‍ സ്വാരി(റ)യില്‍നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി ﷺ യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ വീട്ടുകാര്‍ക്കും കൂടി ഒരാടിനെ ബലിയറുക്കുകയും അവര്‍ അതില്‍നിന്ന് ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു” (ഇബ്‌നുമാജ, തിര്‍മിദി).

എങ്ങനെയുള്ള മൃഗം?

തടിച്ചുകൊഴുത്തതും ആരോഗ്യമുള്ളതും വൈകല്യങ്ങള്‍ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയ്യത്തിനായി തിരഞ്ഞെടുക്കേണ്ടത്.

നബി ﷺ പറഞ്ഞു: ”കണ്ണിന്ന് തകരാറുകളുള്ളത്, രോഗം പ്രകടമായത്, മുടന്തുകാലുള്ളത്, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലുതരം മൃഗങ്ങളെ ബലിയറുക്കല്‍ അനുവദനീയമല്ല.” (അഹ്മദ്).

അറുക്കേണ്ട സമയം

പെരുന്നാള്‍ നമസ്‌കാരശേഷം മാത്രമെ അറുക്കാന്‍ പാടുള്ളൂ. നബി ﷺ പറഞ്ഞു: ”ഈ ദിവസത്തില്‍ ആദ്യമായി നാം നിര്‍വഹിക്കുന്നത് നമസ്‌കാരമാണ്. പിന്നെ നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇങ്ങനെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ നമ്മുടെ സുന്നത്ത് പിന്‍പറ്റി. ആരെങ്കിലും നമസ്‌കാരത്തിനുമുമ്പ് അറുത്താല്‍ അത് തന്റെ വീട്ടുകാര്‍ക്ക് മാംസത്തിനുവേണ്ടി മാത്രമായിരിക്കും. ഉദുഹിയ്യത്തില്‍ അത് ഉള്‍പ്പെടുന്നതല്ല” (മുസ്‌ലിം).

ദുല്‍ഹജ്ജ് പത്താണ് ബലിയറുക്കാന്‍ ഏറ്റവും ഉത്തമമായ ദിവസം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അയ്യാമുത്തശ്‌രീക്വ് എന്നറിയപ്പെടുന്ന ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിലും അറുക്കുന്നതിന് വിരോധമില്ല.

മാംസവിതരണം

”അവയുടെ (നിങ്ങള്‍ അറുക്കുന്ന മൃഗത്തിന്റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതല്ല. എന്നാല്‍ നിങ്ങളുടെ തക്വ്‌വ(ധര്‍മനിഷ്ഠ) യാണ് അവന്റെയടുത്ത് എത്തുന്നത്” (ക്വുര്‍ആന്‍ 22:37).

മാംസം വിതരണം ചെയ്യുന്നതിന് പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടില്ല. ബലിയെ സംബന്ധിച്ച് പറയുന്നിടത്ത് വിശുദ്ധ ക്വുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്:

”ആ ബലിയൊട്ടകങ്ങള്‍ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടുവരുന്നവന്നും നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 22:36).

”നിങ്ങള്‍ അതില്‍നിന്ന് ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 22:28).

ഇവിടെ നല്‍കപ്പെടേണ്ടവര്‍ ‘പാവപ്പെട്ടവര്‍, യാചിച്ചുവരുന്നവര്‍’ എന്ന് മാത്രമാണ് ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ‘നിങ്ങള്‍ തിന്നുക, ദാനംചെയ്യുക, സൂക്ഷിക്കുക’ (തിര്‍മിദി) എന്നുമാത്രമാണ് ഹദീഥുകളിലും വന്നിട്ടുള്ളത്. ഇവിടെയെല്ലാം നിരുപാധികമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍, അല്‍പം ഭക്ഷിക്കാന്‍ എടുക്കുകയും ബാക്കി ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത്.

അറവുകാരന്ന് കൂലിയെന്നനിലയ്ക്ക് മാംസമോ മൃഗത്തിന്റെ തോലോ നല്‍കരുതെന്ന് പ്രത്യേകം ഹദീഥുകളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

അലി(റ)പറയുന്നു: ”നബി ﷺ തന്റെ ഒട്ടകത്തിന്റെ കാര്യം നിര്‍വഹിക്കുവാനും അതിന്റെ മാംസവും തോലും അതിന്മേലുള്ള വിരിപ്പും ദാനം ചെയ്യുവാനും എന്നോട് കല്‍പിച്ചു. അതില്‍നിന്ന് ഒരു വസ്തുവും അറവുകാര്‍ക്ക് കൂലിയായി നല്‍കരുതെന്നും കല്‍പിച്ചു. ഞങ്ങള്‍ അവര്‍ക്ക് കൂലിയായി വേറെ സ്വന്തമായി നല്‍കുകയാണ് ചെയ്തിരുന്നത്” (ബുഖാരി, മുസ്‌ലിം). ഇക്കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അറുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

ഉദ്ഹിയ്യത്ത് കര്‍മം ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹജ്ജ് മാസം പിറന്നുകഴിഞ്ഞാല്‍ തന്റെ ശരീര ഭാഗങ്ങളില്‍ നിന്ന് രോമങ്ങള്‍ നീക്കം ചെയ്യുവാനോ നഖം മുറിക്കുവാനോ പാടുള്ളതല്ല.

ഉമ്മുസല്‍മ(റ)യില്‍നിന്ന്; നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ആരെങ്കിലും ഉദുഹിയ്യത്ത് ഉദ്ദേശിക്കുന്നുവെങ്കില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടുകഴിഞ്ഞാല്‍ അറവു നടത്തുന്നതുവരെ അവന്റെ ശരീരത്തില്‍നിന്ന് മുടികളും നഖങ്ങളും നീക്കം ചെയ്യുന്നത് ഉപേക്ഷിക്കണ്ടതാണ്.” (മുസ്‌ലിം).

കഴിവതും സ്വന്തമായിത്തന്നെ അറുക്കലാണ് ഏറ്റവും ഉത്തമം. അതിന് പ്രയാസമുള്ളവര്‍ അറവു നടത്തുന്നിടത്ത് ഹാജരാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം.

അറവിന്ന് സാധാരണ അറവിനുള്ള നിയമങ്ങള്‍ ഇവിടെയും പാലിക്കപ്പെടേണ്ടതാണ്. ‘ബിസ്മില്ലാഹി വല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ടായിരിക്കണം അറുക്കേണ്ടത്. പ്രവാചകന്‍ ﷺ അപ്രകാരമായിരുന്നു നിര്‍വഹിച്ചിരുന്നത് എന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകളില്‍ വന്നിട്ടുണ്ട.് നബി ﷺ ബലിയറുത്ത ശേഷം ‘അല്ലാഹുമ്മ തക്വബ്ബല്‍ മിന്‍ മുഹമ്മദിന്‍’ (അല്ലാഹുവേ, മുഹമ്മദില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്ന് പ്രാര്‍ഥിച്ചതായി മുസ്‌ലിമും അബൂദാവൂദും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

അതിനാല്‍ ‘അല്ലാഹുമ്മ തക്വബ്ബല്‍ മിന്നീ’ (നാഥാ, എന്നില്‍നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്നോ, അതല്ലങ്കില്‍ നമ്മുടെ പേര് പറഞ്ഞോ നമുക്കും പ്രാര്‍ഥിക്കാവുന്നതാണ്.

ഒരുങ്ങുക

മേല്‍പറഞ്ഞ നല്ല നാളുകളിലേക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ഥതയും നമ്മുടെ ഭാഗത്തുനിന്നുമുണ്ടാകുമ്പോള്‍ മാത്രമെ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. ആദ്യം നാം നമ്മുടെ മനസ്സ് നന്നാക്കി, പാപമുക്തി നേടുക. അതാകുന്നു അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗം. അല്ലാഹു പറയുന്നു: ”നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരാരോ അവരെ നാം നമ്മുടെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകതന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു സദ്‌വൃത്തരോടൊപ്പ മാകുന്നു” (ക്വുര്‍ആന്‍ 29:69).

നന്മയില്‍ നമുക്ക് മുന്നേറാം. അല്ലാഹു പറയുന്നു:”നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.” (ക്വുര്‍ആന്‍ 3:133).

ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ചരിത്രമയവിറക്കി ഒരിക്കല്‍കൂടി പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ച നമുക്ക് അല്ലാഹുവിനെ വാഴ്ത്താം; അല്ലാഹു അക്ബര്‍. വലില്ലാഹില്‍ ഹംദ്.

കോവിഡ് കാരണത്താല്‍ എല്ലാ കാര്യങ്ങളിലും നിയന്ത്രണമുള്ള കാര്യം വിസ്മരിക്കുന്നില്ല. സാധിക്കുന്നത്ര കാര്യങ്ങള്‍ ചെയ്യുക. പള്ളിയില്‍വെച്ചോ ഈദ്ഗാഹുകളില്‍വെച്ചോ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യപ്പെടാതിരുന്നാല്‍ നിരാശപ്പെടേണ്ടതില്ല. സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ആത്മാര്‍ഥമായ ആഗ്രഹമുണ്ടായിട്ടും ചെയ്യാന്‍ കഴിയാതിരുന്നാല്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നല്‍കാതിരിക്കില്ല.

”തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരിലും നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്…” (ക്വുര്‍ആന്‍ 60:4).

തൗഹീദിന്റെ മാര്‍ഗത്തില്‍ എല്ലാ പരീക്ഷണങ്ങളെയും നേരിട്ട് നിര്‍ഭയം നിലകൊണ്ട മഹാനാണ് ഇബ്‌റാഹീം നബി(അ). എത്ര മഹനീയമാണ് ആ പാത! നമുക്കും ആ പാതയിലൂടെ സഞ്ചരിക്കാം.

 

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
നേർപഥം വാരിക

ഹജ്ജ്: മാനവികതയുടെ മഹാസംഗമം

ഹജ്ജ്: മാനവികതയുടെ മഹാസംഗമം

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ഹജജ് കര്‍മത്തിനായി മക്കയിലെത്തിക്കഴിഞ്ഞു. ഏതൊരു മുസ്ലിമും തന്റെ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കുക എന്നത്. സമ്പത്തും ആരോഗ്യവും യാത്രക്കുള്ള സൗകര്യവും ഒത്തുവന്നവര്‍ക്ക് ഈ മഹത്തായ കര്‍മം അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ പെട്ട ആരാധനാകര്‍മമായ ഹജ്ജ് വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവുമാണ്.

ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും വിശ്വാസി സമൂഹം ഒരേ ലക്ഷ്യവും ഒരേ മന്ത്രധ്വനികളുമായി മക്കയെന്ന പുണ്യനഗരം ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത് മുതല്‍ ഐക്യത്തിന്റെയും മാനവികതയുടെയും മഹിത മാതൃക ലോകം കാണുകയാണ്. അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ദശലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആതിഥ്യമരുളാന്‍ മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളാണ് സുഊദി ഭരണകൂടം നടത്തുന്നത്.

വ്യത്യസ്ത ഭാഷകള്‍, വ്യതിരിക്തമായ ശീലങ്ങള്‍, വിഭിന്ന സംസ്‌കാരങ്ങള്‍, വേറിട്ട ഭക്ഷണ രീതികള്‍, ആകാര വൈവിധ്യങ്ങള്‍… തുടങ്ങി തികച്ചും വ്യത്യസ്തരായ ലക്ഷങ്ങള്‍ ഒരേ മനസ്സും മന്ത്രവുമായി മക്കാ മരുഭൂമിയില്‍ ഒന്ന് ചേരുകയാണ്. രാജ്യം, ഭാഷ, തൊലിയുടെ നിറം, സമ്പത്ത്, കുടുംബ മഹിമ… ഇവയിലെ വൈവിധ്യങ്ങളെല്ലാം മറന്ന് അവര്‍ ഒന്നായി മാറുന്നു. നാഥന്റെ മുന്നില്‍ തങ്ങള്‍ സമന്മാരാണെന്ന് അവര്‍ മനസ്സിലാക്കുന്നു. വംശവെറിയും അതിദേശീയ ചിന്തയും അടക്കിവാഴുന്ന ലോകത്തിന് മാനവികൈക്യത്തിന്റെ മഹിതമാതൃക സമ്മാനിക്കുകയാണ് ഹജ്ജിലൂടെ വിശ്വാസിലോകം. വൈവിധ്യങ്ങളുടെ ലോകത്ത് വിശ്വാസികള്‍ക്ക് ക്വുര്‍ആന്‍ നല്‍കുന്ന ഒരു തിരിച്ചറിവുണ്ട്; അതിങ്ങനെയാണ്:

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 49:13).

വൈജാത്യങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നും അതില്‍ അഹങ്കരിക്കാനോ അന്യനെ നിന്ദിക്കാനോ ഒരാള്‍ക്കും അവകാശമില്ലെന്നുമുള്ള പ്രഖ്യാപനം വിവേചനങ്ങളുടെ അടിവേരറുക്കുന്നതാണ്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍ ധര്‍മനിഷ്ഠ പാലിക്കുന്നവനാണെന്ന് പറയുന്നതിലൂടെ ഉയര്‍ന്ന ധാര്‍മിക നിലവാരമാണ് മനുഷ്യനെ ഉത്തമനാക്കുന്നതെന്ന് ഇസ്ലാം ലോകത്തെ പഠിപ്പിക്കുന്നു. അധികാരത്തിന്റെയും സമ്പത്തിന്റെയും പിന്‍ബലത്തില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം ഇല്ലാതാക്കാന്‍ കോപ്പുകൂട്ടുന്ന ആധുനിക ലോകത്തിന് അന്യൂനമായ മാനവികതയുടെ മാതൃക തീര്‍ക്കുകയാണ് വിശുദ്ധ ക്വുര്‍ആനും വിശ്വാസികളും.

ലോകത്തിന്റെ മുഴുവന്‍ വൈജാത്യങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ട് അതിനപ്പുറം അവരെല്ലാം മജ്ജയും മാംസവുമുള്ള മനുഷ്യരാണ് എന്ന തിരിച്ചറിവ് ലോകത്തെ ഒന്നായി കാണാനും വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അന്യവത്കരണത്തിനും എതിരെ നിലകൊള്ളാനും വിശ്വാസികളെ പ്രേരിപ്പിക്കുന്നു.

മുഹമ്മദ് നബി ﷺ  തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മഹിത മാതൃക പിന്തുടരുകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും വിശ്വാസി സമൂഹം. വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചെത്തി അല്ലാഹുവിന്റെ പുണ്യഭവനമായ കഅ്ബയില്‍ ആദ്യമായി ബാങ്കൊലി മുഴക്കാന്‍ കറുത്ത വര്‍ഗക്കാരനായ ബിലാല്‍(റ) എന്ന അടിമയെയാണ് പ്രവാചകന്‍ നിയോഗിച്ചത്. പണവും അധികാരവും കുലമഹിമയും സൗന്ദര്യവും വേണ്ടുവോളം ഉള്ള ലക്ഷക്കണക്കിന് അനുയായികളില്‍ നിന്ന് ബിലാലിനെ തെരഞ്ഞെടുത്തതിലൂടെ മാനവ കുലത്തിന് മുഹമ്മദ് നബി ﷺ  നല്‍കിയ സന്ദേശം വിശ്വമാനവിക ചരിത്രത്തിലെ നാഴികക്കല്ലാണ്.

വര്‍ണ വിവേചനത്തിന്റെ വൃത്തികെട്ട മനസ്സിന് മുന്നില്‍ തന്റെ ലോകനേട്ടങ്ങള്‍ പോലും നിഷ്പ്രഭമാകുന്നു എന്ന തിരിച്ചറിവിലൂടെയായിരുന്നു കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍ എന്ന കാഷ്യസ് ക്ലേ മുഹമ്മദ് അലി ആയി മാറിയത്. ക്ലേയുടെ കുട്ടിക്കാലത്ത്അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. ‘വെള്ളക്കാര്‍ക്ക് മാത്രം’ എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസ്സില്ലും വര്‍ണ വിവേചനം മുറിവുകള്‍ സൃഷ്ടിച്ചു. കറുത്തവര്‍ഗക്കാരനായത് കൊണ്ട് ഒരു റെസ്റ്റോറന്റിലെ ഭക്ഷണം നിഷേധിച്ചതിന് തന്റെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം പ്രതിഷേധിച്ചതും ചരിത്രത്തിന്റെ ഭാഗം. വര്‍ണവിവേചനത്തിന്റെ ഇരകളായി ഇന്നും കഴിയുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ സ്തംഭിച്ചു നില്‍ക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷയുടെ കിരണങ്ങള്‍ സമ്മാനിക്കുകയാണ് വിശ്വാസി സമൂഹം.

താന്‍ സത്യമെന്ന് വിശ്വസിക്കുന്ന സന്ദേശം സമൂഹത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരില്‍ പിറന്ന നാട്ടില്‍ നിന്നും ആട്ടിയോടിച്ച, തന്നെയും അനുയായികളെയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കിയ, ചിലരെ കുടുംബത്തോടൊപ്പം ക്രൂരമായി കൊലപ്പെടുത്തിയ ഒരു സമൂഹത്തിന് മാപ്പ് നല്‍കി പ്രവാചകന്‍ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃക സൃഷ്ടിച്ചു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ലോകം മുഴുവന്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്ന ആധുനിക അധികാരി വര്‍ഗത്തിനും സാമ്രാജ്യത്വ ശക്തികള്‍ക്കും മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇരകള്‍ക്ക് ഹജ്ജിലൂടെ വിശ്വാസി സമൂഹം നല്‍കുന്ന സന്ദേശം അതുല്യമാണ്.

പ്രവാചകന്‍ ﷺ  തന്നോടൊപ്പം വന്ന ലക്ഷക്കണക്കിന് അനുയായികളെ സാക്ഷി നിര്‍ത്തി തന്റെ ആദ്യത്തെതും അവസാനത്തെതുമായ ഹജ്ജ് വേളയില്‍ അറഫാ മൈതാനിയില്‍ ലോകത്തോട് നടത്തിയ പ്രഖ്യാപനങ്ങള്‍ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടവയാണ്.

”മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂടാ. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പിക്കേണ്ടതാണ്…”

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ അഥവാ രക്തം, അഭിമാനം, സമ്പത്ത് എന്നിവ പവിത്രമാണെന്നും അവയോട് എന്നും ആദരവ് കല്‍പിക്കണമെന്നുമുള്ള പ്രഖ്യാപനം മാനവികതയുടെ ഉദ്‌ഘോഷണമാണ്. ഇന്ന് ലോകം തിരിച്ചറിയാതെ പോയത് ഈ ഘടകങ്ങളുടെ പവിത്രതയാണെന്നത് വസ്തുതയാണ്. മറ്റുള്ളവരുടെ അഭിമാനത്തിനും സമ്പത്തിനും രക്തത്തിനും വിലകല്‍പിക്കാതെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരരായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ ദുരന്തമാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂട ഭീകരതകളും തീവ്രവാദങ്ങളും ഇതിന്റെ അനന്തര ഫലമാണ്. തങ്ങളുടെ കേവല താല്‍പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യനെ കൊന്നൊടുക്കുന്നവര്‍, പണത്തിന്റെയും അധികാരത്തിന്റെയും മറവില്‍ മനുഷ്യരെ ക്രൂരമായി ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാക്കുന്നവര്‍, ശാസ്ത്ര പരീക്ഷണങ്ങളുടെ പേരില്‍ തലമുറകളോളം അനുഭവിക്കേണ്ടിവരുന്ന വലിയ ദുരന്തങ്ങള്‍ വരുത്തിവെക്കുന്നവര്‍, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കലാപങ്ങളും അക്രമങ്ങളും ആസൂത്രം ചെയ്യുന്നവര്‍… പ്രവാചകന്‍ ﷺ  പഠിപ്പിച്ച മൂന്ന് കാര്യങ്ങളുടെ പവിത്രത ഇവര്‍ തിരിച്ചറിയാതെ പോകുകയാണ്; അവയെ പിച്ചിച്ചീന്തുകയാണ്.  

ഇന്നും പ്രവാചക മാതൃക പിന്തുടര്‍ന്ന് ഹജ്ജിനായി പുണ്യനഗരിയില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ വിശ്വാസികളെയും സാക്ഷിനിര്‍ത്തി ഇസ്ലാമിക പണ്ഡിതര്‍ പ്രസ്തുത പ്രഖ്യാപനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ലോക സമാധാനത്തിനും മാനവ ഐക്യത്തിനും തുല്യതയില്ലാത്ത മാതൃക തീര്‍ത്ത പ്രവാചകന്റെ ജീവിത സന്ദേശങ്ങള്‍ നിത്യപ്രസക്തമാണെന്നതിന് തെളിവ് കൂടിയാണ് ആണ്ടിലൊരിക്കല്‍ വിശ്വാസി സമൂഹത്തിന്റെ ഒത്ത് ചേരലും അത് ലോകത്തിന് കൈമാറുന്ന സന്ദേശവും. തല്‍പര കക്ഷികളുടെ തീവ്രവാദ ആരോപണങ്ങള്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്നും അത്തരം ക്രൂരതകള്‍ക്കെതിരെ മുസ്ലിം സമൂഹം ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും അറഫാ സംഗമത്തിലൂടെ മുസ്ലിം ലോകം ആഹ്വാനം ചെയ്യുന്നു.

അല്ലാഹു പറയുന്നു: ”…മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു…” (ക്വുര്‍ആന്‍: 5:32).

ഈ ക്വുര്‍ആനിന്റെ അനുയായികള്‍ക്കെങ്ങനെ തീവ്രവാദികളാകാന്‍ കഴിയും?

‘ഹറം’ എന്നാല്‍ ‘പരിശുദ്ധം’ എന്നാണ് അര്‍ഥം. അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടി പ്രവാചകന്‍ ഇബ്‌റാഹീമും(അ) മകന്‍ ഇസ്മാഈലും(അ) കൂടി പടുത്തുയര്‍ത്തിയ കഅ്ബയും പരിസരവും എന്നും പവിത്രമാണ്.

അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്). എന്നാല്‍ ഇഹ്റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 5:2).

തങ്ങളുടെ ചുറ്റും കൂടിയ ലക്ഷക്കണക്കിന് ആളുകളില്‍ ഒരാള്‍ക്ക് പോലും ഏതെങ്കിലും തരത്തിലുള്ള പ്രയാസം ഉണ്ടാകരുതെന്ന ആത്മാര്‍ഥമായ കരുതലും സൂക്ഷ്മതും ഏതൊരു വിശ്വാസിയും പാലിക്കേണ്ട മര്യാദയാണ്. ഹജ്ജിനോടും അത് നിര്‍വഹിക്കുന്ന പരിസരങ്ങളോടും അവനുള്ള ബാധ്യതയാണത്. നോക്കൂ! ശാന്തവും സമാധാനപരവുമായി ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കുവാന്‍ തന്നെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്നും ആ അവകാശം വകവെച്ചുകൊടുക്കേണ്ടത് തന്റെ ബാധ്യതയാണെന്നുമുള്ള തിരിച്ചറിവ് ഓരോ വിശ്വാസിയുടെയും മനസ്സിനെ പരിശീലിപ്പിക്കുന്നത് സഹജീവി സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും ഉത്തമ പാഠങ്ങളാണ്. തനിക്ക് ചുറ്റുമുള്ള സാഹചര്യങ്ങള്‍ തീര്‍ക്കുന്ന പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ആത്മധൈര്യത്തോടെ മുന്നേറാന്‍ വിശ്വാസിയെ ഇത് പരിശീലിപ്പിക്കുന്നു.

ഭൗതിക തിരക്കുകകള്‍ മാറ്റിവെച്ച് അതികഠിനമായ ചൂടില്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ഹജ്ജിന് പുറപ്പെടുന്ന വിശ്വാസി ത്യാഗങ്ങള്‍ സഹിക്കാനും അത് നാളെയുടെ ലോകത്ത് ഉപകാരപ്പെടാനും മാനസികമായി തയ്യാറെടുക്കുന്നു. പ്രവാചകന്മാരുടെ ത്യാഗ സുരഭിലമായ ജീവിത ചരിത്രമുണ്ട് ഹജ്ജിന് പിന്നില്‍. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതുല്യമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായ പ്രവാചകന്‍ ﷺ  തന്റെ ഉറച്ച വിശ്വാസത്തിന്റെ ബലത്തില്‍ പരീക്ഷണങ്ങളെ അതിജയിച്ച ചരിത്രം ലോകത്തിന് തന്നെ മാതൃകയാണ്. അല്ലാഹു തന്റെ കൂട്ടുകാരായി വിശേഷിപ്പിച്ച ഇബ്‌റാഹീം നബി(അ)യുടെയും മുഹമ്മദ് നബി ﷺ യുടെയും ജീവിതസന്ദേശം ലോകത്തിന് എന്നും വെളിച്ചമാണ്. തങ്ങള്‍ക്ക് ലഭിച്ച സത്യസന്ദേശം ജനങ്ങളോട് വിളിച്ചു പറഞ്ഞ സന്ദര്‍ഭത്തില്‍ നാട്ടുകാരും കുടുംബക്കാരും എതിര്‍ത്തപ്പോഴും സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കാന്‍ ഈ പ്രവാചകന്‍മാര്‍ക്ക് സാധ്യമായത് വിശ്വാസത്തിന്റെ കരുത്ത് കൊണ്ടാണ്. ആരൊക്കെ എതിര്‍ത്താലും സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ സാധിക്കണം എന്ന സന്ദേശമാണ് മാനവ സമൂഹത്തിന് ഇരു പ്രവാചകന്മാരുടെയും ജീവിതം നല്‍കുന്നത്.

ജീവിത സായാഹ്നത്തില്‍ ലഭിച്ച സന്താനത്തെയും തന്നെയും മരുഭൂമിയില്‍ തനിച്ചാക്കി പോകുന്ന പ്രിയതമന്‍ അല്ലാഹുവിന്റെ നിര്‍ദേശം അനുസരിച്ചാണ് പോകുന്നത് എന്നത് ഉള്‍കൊണ്ട് അതില്‍ സംതൃപ്തി കാണിച്ച ഹാജറ എന്ന ധീര വനിത വിശ്വാസിനികള്‍ക്ക് ഉദാത്തമായ മാതൃകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ വെള്ളത്തിനായി ഓടുന്നതും അല്ലാഹു ലോകര്‍ക്ക് സമ്മാനവും അത്ഭുതവുമായി സംസം നല്‍കുന്നതും ഹജ്ജില്‍ നാം അനുസ്മരിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങളാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും തന്റെ ഇണയെ അറിഞ്ഞ് കൂടെ നില്‍ക്കാനും പ്രിയതമന്റെ സന്തോഷ, സന്താപ ഘട്ടങ്ങളില്‍ കൂടെയുണ്ടാകാനും കുടുംബിനികള്‍ക്ക് ഹാജറ ബീവി നല്‍കുന്ന മാതൃക വെളിച്ചമാവണം.

ദീര്‍ഘകാലത്തെ കാത്തിരിപ്പിനും പ്രാര്‍ഥനക്കും ഒടുവില്‍ ജീവിത സായാഹ്നത്തില്‍ സന്താനത്തെ ലഭിച്ച ആ ദമ്പതികളില്‍ നമുക്ക് മാതൃകയുണ്ട്. സന്താനത്തെ ചോദിക്കേണ്ടത് അല്ലാഹുവിനോടാണ്. കാരണം അതിന് കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തി കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു” (ക്വുര്‍ആന്‍ 42:49,50).

ആളുകള്‍ വിശ്വാസ വൈകല്യങ്ങളിലേക്ക് വഴുതിപ്പോകുന്നതില്‍ പ്രധാനപ്പെട്ട ഒരു കാരണം സന്താന സൗഭാഗ്യം ലഭിക്കാതിരിക്കുക എന്നതാണ്. ലക്ഷങ്ങള്‍ ചെലവാക്കി, ലോകത്ത് ലഭ്യമായ മുഴുവന്‍ ചികിത്സകളും നടത്തി നിരാശരായ പലരും പിന്നീട് തിരിയുന്നത് സൃഷ്ടികളിലേക്കാണ്; ജാറങ്ങളിലേക്കും മക്വാമുകളിലേക്കുമാണ്. ഏത് കാര്യത്തിലും ഭൗതികമായി ചെയ്യാനുള്ളത് ചെയ്ത് അല്ലാഹുവില്‍ ഭരമേല്‍പിച്ചും നിരന്തരമായി അവനോട് പ്രാര്‍ഥിച്ചും മുന്നോട്ട് പോകാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ചൂഷകരുടെ വലയില്‍ പെട്ട് ഇഹപരലോകങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഹതഭാഗ്യരുടെ കൂട്ടത്തില്‍ നാം ഉള്‍പ്പെട്ടു പോകരുത്.

തന്നെ ബലി നല്‍കുവാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടെന്ന് പിതാവ് പറഞ്ഞപ്പോള്‍ ഇസ്മാഈല്‍ സസന്തോഷം അതിന് സമ്മതം മൂളിയതില്‍ വിശ്വാസികളായ എല്ലാ സന്താനങ്ങള്‍ക്കും അതുല്യമായ മാതൃകയുണ്ട്. അല്ലാഹു പറയുന്നു: ”എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്” (37:102).

ദാനധര്‍മങ്ങള്‍ വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഹജ്ജിന്റെ കര്‍മങ്ങളില്‍ പ്രധാനമാണ് ബലികര്‍മം. ബലി മാംസം പാവങ്ങള്‍ക്ക് ഭക്ഷണമായി വിതരം ചെയ്യപ്പെടുന്നു. ലോകത്തെ 25ല്‍ അധികം രാജ്യങ്ങളിലെ പാവങ്ങള്‍ക്ക് ഈ ബലിമാംസം ലഭിക്കുന്നുണ്ട്.  

”ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക” (സൂറതുല്‍ കൗഥര്‍)  എന്ന ക്വുര്‍ആനിന്റെ ആഹ്വാനം അനുസരിച്ച് ലോകത്തെ വിശ്വാസി സമൂഹം പെരുന്നാള്‍ ദിനം ബലിയറുക്കുന്നു. അതിന്റെ മാംസം ദാനം ചെയ്ത് വിശ്വാസികള്‍ സ്രഷ്ടാവിനോടുള്ള വിധേയത്വം വെളിവാക്കുന്നു.

ന്യുസിലന്റ് ഭീകരാക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്ന് 200 പേര്‍ക്ക് സുഊദി രാജാവിന്റെ പ്രത്യേക അതിഥികളായി ഈ വര്‍ഷം ഹജ്ജിന് അവസരം ഉണ്ട്. ഫലസ്തീന്‍ രക്തസാക്ഷികളുടെ ആയിരം ബന്ധുക്കളും ദരിദ്ര രാജ്യമായ സുഡാനില്‍ നിന്ന് ആയിരം പേരും ഈ വര്‍ഷം അതിഥികളായി ഹജ്ജിനെത്തും. ഇരകളോട് ലോകം സ്വീകരിക്കേണ്ട ആദരവും അനുഭാവവും പരിഗണനയും എങ്ങനെയാവണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് സുഊദി ഭരണകൂടം ഇത്തരം നടപടികളിലൂടെ. എന്നും അത്ഭുതത്തോടെ ലോകം നോക്കിക്കാണുന്ന, ഏറ്റവും വലിയ മാനവ സംഗമത്തിലൂടെ കൈമാറപ്പെടുന്നത് തുല്യതയില്ലാത്ത മാനവികതയുടെ മാതൃകയാണ്.

ഹജ്ജിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി ശിഷ്ടജീവിതത്തെ പ്രകാശപൂരിതമാക്കേണ്ടതുണ്ട്. അതിനായിരിക്കണം എല്ലാ ഹാജിമാരും ശ്രദ്ധിക്കേണ്ടത്.

ജീവിതയാത്രയില്‍ സംഭവിച്ച പോരായ്മകളും തെറ്റുകുറ്റങ്ങളും സ്രഷ്ടാവിനോട് ഏറ്റു പറഞ്ഞ് പുതിയ തീരുമാനങ്ങളുമായി നവജാത ശിശുവിന്റെ മനസ്സിന്റെ പവിത്രതയോടെ മടങ്ങുന്ന വിശ്വാസി-വിശ്വാസിനികള്‍ അവര്‍ണനീയമായ ഒരു അനുഭൂതിയാണ് നേടിയെടുക്കുന്നത്.

 

നബീല്‍ പയ്യോളി
നേർപഥം വാരിക

ആദര്‍ശ പ്രതിബദ്ധതയുടെ ബലിപെരുന്നാള്‍

ആദര്‍ശ പ്രതിബദ്ധതയുടെ ബലിപെരുന്നാള്‍

ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രസത്യമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച—കാണിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. എന്നാല്‍ പിതാവിനോടുള്ള ആദരവ് അദ്ദേഹം കയ്യൊഴിച്ചതുമില്ല. അമുസ്‌ലിമാണ്—എന്നതിനാല്‍ അദ്ദേഹം സ്വപിതാവിനെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്തില്ല.  

ഇബ്‌റാഹീം നബി(അ)— ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശികളായിത്തീരുന്നത് അവര്‍ തൗഹീദ് ആദര്‍ശമായി അംഗീകരിക്കുകയും ധാര്‍മിക ജീവിതം നയിക്കുകയും നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടല്ലാതെ ഏതൊരു വ്യക്തിക്കും സ്രഷ്ടാവിന്റെ അനുഗ്രഹവും അംഗീകാരവും നേടിയെടുക്കാന്‍ കഴിയില്ല എന്ന പരമാര്‍ഥത്തിന്റെ സാക്ഷ്യങ്ങളാണ് ഇബ്‌റാഹീം(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിത ചരിത്രം. 

എന്നാല്‍ ഇന്ന് ആദര്‍ശത്തെ സന്ദര്‍ഭത്തിനനുസരിച്ച് നീട്ടിവലിക്കാനും മറച്ചുവെക്കാനുമുള്ള പ്രവണത മുസ്‌ലിംകള്‍ക്കിടയില്‍ കാണുവാന്‍ സാധിക്കുന്നു. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കുറച്ചൊക്കെ ആദര്‍ശപരമായ നീക്കുപോക്കുകള്‍ നടത്തേണ്ടിവരും എന്ന് പലരും ചിന്തിക്കുന്നു. ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്ന കാര്യങ്ങളൊക്കെയും ഉള്‍ക്കൊണ്ടുകൊണ്ട് എങ്ങനെ ജീവിക്കും എന്ന അപകര്‍ഷതാബോധം നിറഞ്ഞ ചിന്ത പലരിലും പ്രകടമാണ്. ആദര്‍ശ ദൃഢതയില്ലാത്ത ഇത്തരക്കാര്‍—ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം പിന്തുടരുന്നവരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. 

സൃഷ്ടിപൂജ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന  ഇബ്‌റാഹീം നബി(അ)—ആ സമൂഹത്തിന്റെ വിശ്വാസപരമായ നിലപാടുകള്‍ക്ക് എതിരായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തന്റെ സമൂഹത്തെ ഏകദൈവ വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിലും ഭരണാധികാരിയോടും സമൂഹത്തോടും ഏകദൈവ വിശ്വാസത്തിന്റെ ആദര്‍ശപരമായ സവിശേഷത പ്രബോധിപ്പിക്കുകയും അവരെയെല്ലാം ഏകനാഥനെ മാത്രം വണങ്ങുന്ന ഋജുവായ വിശ്വാസ സരണിയിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം. അതില്‍ അവരുടെ ഇഷ്ടക്കേടും പിണക്കവും എതിര്‍പ്പുമൊന്നും അദ്ദേഹം കാര്യമാക്കിയില്ല. 

നേര്‍ക്കുനേരെ ഏകദൈവാദര്‍ശം— പ്രബോധനം ചെയ്യുന്നതിനെ കാലഘട്ടത്തിനും സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കും യോജിക്കാത്തതായി കാണുകയും അത് അസ്വാരസ്യങ്ങള്‍ക്ക് കാരണമായിത്തീരുമെന്ന് ധരിക്കുകയും അതിനെ വിശ്വാസതീവ്രതയായി കാണുകയും ചെയ്യുന്നവര്‍ക്ക് തങ്ങള്‍ ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം ഉള്‍ക്കൊള്ളുന്നവരാണെന്ന് അവകാശപ്പെടാന്‍ ധാര്‍മികമായി അവകാശമില്ല എന്ന് വ്യക്തം. 

സ്വാര്‍ഥതാല്‍പര്യക്കാരുടെ കൈകളിലെ പാവകളായി മാറി, അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദുഷ്‌പേരുണ്ടാക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുസ്‌ലിം നാമധാരികള്‍ക്കും സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ, ആദര്‍ശാധിഷ്ഠിതമായി പ്രബോധനം നടത്തുകയും ജീവിതം—നയിക്കുകയും ചെയ്ത ഇബ്‌റാഹീം നബി(അ)യുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതിയില്ല. തികച്ചും മനുഷ്യത്വവിരുദ്ധമായ, നിഷ്ഠൂരമായ നരവേട്ട നടത്തുന്ന ഇക്കൂട്ടര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ് ചെയ്യുന്നത്; സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ അക്രമത്തിന്റെ പ്രത്യയശാസ്ത്രമായി മുദ്രകുത്താനാനാണ് അവര്‍ പണിയെടുക്കുന്നത്. യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് അതിനെ അംഗീകരിക്കാനാവില്ല. 

ആഘോഷങ്ങളില്ലാത്ത മതങ്ങളില്ല ലോകത്ത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ലഹരിയില്‍ ആറാടി ആടിപ്പാടാനും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരമായല്ല ഇസ്‌ലാം ആഘോഷങ്ങളെ കാണുന്നത്. സ്രഷ്ടാവിനെ മറന്ന് തിമര്‍ത്താടാനുള്ള വേളയല്ല അത്. മറിച്ച് ഇസ്‌ലാമിലെ ആഘോഷങ്ങള്‍ പ്രാര്‍ഥനാമയമാണ്. പെരുന്നാള്‍ കടന്നുവരുമ്പോള്‍ എക്‌സൈസ് വകുപ്പിനോട് ജാഗ്രത പാലിക്കാന്‍ കല്‍പന കൊടുക്കേണ്ട അവസ്ഥ സര്‍ക്കാരിനുണ്ടാകുന്നില്ല. പെരുന്നാള്‍ ദിവസം മദ്യവില്‍പനയിലൂടെ സര്‍ക്കാര്‍ സമ്പാദിച്ച കോടികളുടെ കണക്ക് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കേണ്ടിവരാറുമില്ല. 

മുസ്‌ലിംകള്‍ക്ക് രണ്ടേ രണ്ട് ആഘോഷങ്ങളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. വ്രതശുദ്ധിയുടെ നിറവില്‍ ശവ്വാല്‍ മാസപ്പിറവിയോടെ സമാഗതമാകുന്ന ഈദുല്‍ഫിത്വ്‌റും ത്യാഗസ്മരണകളുയര്‍ത്തുന്ന—ഹജ്ജ് മാസത്തില്‍ കൊണ്ടാടുന്ന ഈദുല്‍ അദ്ഹയുമാണവ. കൃത്യമായ ലക്ഷ്യവും സന്ദേശവുമുണ്ട് എന്നതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ സവിശേഷത. — 

ഇബ്‌റാഹീം നബി(അ)യുടെയും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ഹാജറ ബീവിയുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഓര്‍മകളുണര്‍ത്തിയാണ് ദുല്‍ഹിജ്ജ പത്തിന് ബലിപെരുന്നാള്‍ കടന്നുവരിക. വാര്‍ധക്യത്തില്‍ തനിക്ക് പിറന്ന കുഞ്ഞിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലിനല്‍കാന്‍ മനസ്സു കാണിച്ച ഇബ്‌റാഹീം നബി(അ)യുടെയും തന്നെ ബലിയറുക്കാന്‍ സര്‍വാത്മനാ തയ്യാറായ ഇസ്മാഈല്‍(അ)യുടെയും ത്യാഗസന്നദ്ധത ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. തൗഹീദിന്റെ മാര്‍ഗത്തില്‍ അഗ്‌നി പരീക്ഷണങ്ങള്‍ക്ക് വിധേയനായ ഇബ്‌റാഹീം(അ)യുടെ വിളിയാളത്തിന് ഉത്തരമേകി ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും—വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തുകയും അതിന്റെ കര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുന്ന സമയത്താണ് ലോകമെങ്ങും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇഷ്ടപ്പെട്ടതെന്തും അല്ലാഹുവിനു വേണ്ടി ത്യജിക്കാനുള്ള സന്നദ്ധതയാണ് വിശ്വാസികള്‍  ഈ ആഘോഷത്തിലൂടെയും ബലികര്‍മത്തിലൂടെയും പ്രകടമാക്കുന്നത്. ഈ ആദര്‍ശ പ്രതിബദ്ധത നാം കാത്തു സൂക്ഷിക്കുക. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ ശ്രമിക്കുക.

കേരളം അടുത്തകാലത്തൊന്നും അനുഭവിക്കാത്ത അത്ര വലിയ പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന സാഹചര്യത്തലാണ് പെരുന്നാളും ഓണവും കടന്നുവന്നിരിക്കുന്നത്. ദുരന്ത മേഖലകളില്‍ ജാതി മത രാഷ്ട്രീയ വ്യത്യാസം മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി കൈ മെയ് മറന്ന് പ്രവര്‍ത്തിച്ച് നാടിന്റെ മഹിതമായ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചത് ആശാവഹമാണ്. ദുരന്ത ബാധിതരെ ഭക്ഷണവും മരുന്നും വസ്ത്രവുമടക്കമുള്ള അവശ്യസാധനങ്ങള്‍ നല്‍കി സഹായിക്കുവാന്‍ വ്യക്തികളും കൂട്ടായ്മകളും മത്സരബുദ്ധിയോടെ മുന്നോട്ടു വന്നതും നാം കാണുകയുണ്ടായി.

ആഘോഷ വേളയില്‍ ദുരന്തബാധിതരെ നാം വിസ്മരിക്കാതിരിക്കുക. ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല അവരെങ്കിലും അവരുടെ വിശപ്പകറ്റാന്‍ ആകുന്നത് ചെയ്യുക. എല്ലാം ഉണ്ടായിരുന്നവര്‍ ഒന്നും ഇല്ലാത്തവരായി പെട്ടെന്നൊരു ദിനം മാറുമ്പോഴുണ്ടാകുന്ന മനോവ്യഥ വിവരണാതീതമായിരിക്കും. സാന്ത്വനവും സഹായവുമായി അവരിലേക്കിറങ്ങിച്ചെല്ലുക.

നേർപഥം വാരിക 

തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

(ഭാഗം 04)

സൂഫികളുടെ ദിക്‌റ്‌ അതിന്റെ കോലവും

ദിക്‌റുല്ലാഹ് എന്നത് അല്ലാഹുവിനെ സ്മരിക്കലാണ്. ജീവിതത്തില്‍ എപ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ബോധം വിശ്വാസികളുടെ മനസ്സില്‍ സജീവമായി നിലനിര്‍ത്തുക എന്നാണ് ഇതിന്റെ ഉദ്ദേശം. ഇത് നാവുകൊണ്ട് ഉരുവിട്ടുകൊണ്ടും മനസ്സില്‍ ഓര്‍ത്തുകൊണ്ടുമാകാം. ജീവിതവ്യവഹാരങ്ങള്‍ക്കിടയിലും ഇത് ചെയ്യുവാന്‍ കഴിയും.

എന്നാല്‍ മനുഷ്യനെ ദിക്‌റില്‍ തളച്ചിടുകയും ദിക്‌റിനെ വലിച്ചുനീട്ടി സന്യാസത്തിന്റെ തുടക്കമായ ധ്യാനത്തിലേക്ക് എത്തിക്കുകയുമാണ് സകരിയ്യാ സാഹിബിനെ പോലെയുള്ള സൂഫികള്‍ ചെയ്തിട്ടുള്ളത്. സൂഫികള്‍ക്ക് പ്രത്യക്ഷം, അപ്രത്യക്ഷം എന്നിങ്ങനെ രണ്ടുതരം ദിക്‌റുകളുണ്ട്. ത്വരീക്വത്തില്‍ പ്രവേശിച്ച ഘട്ടത്തില്‍ പ്രത്യക്ഷ ദിക്‌റാണ് വേണ്ടത്. പിന്നീടങ്ങോട്ട് അപ്രത്യക്ഷമായ ദിക്‌റും!

ദിക്‌റിനെ കുറിച്ച് സകരിയ്യ സാഹിബ് എഴുതുന്നത് ശ്രദ്ധിക്കുക: ‘ദിക്‌റ്‌  തസവ്വുഫിന്റെ അടിസ്ഥാനസിദ്ധാന്തവും എല്ലാ സൂഫിയാക്കളുടെയും സര്‍വ ത്വരീക്വത്തിലും പ്രചാരമുള്ളതാകുന്നു’’ (ദിക്‌റിന്റെ മഹത്വങ്ങള്‍).

സൂഫികളുടെ പരമമായ ലക്ഷ്യം അല്ലാഹുവില്‍ ‘ലയിക്കുക’ എന്നതാണ്. സ്വയം ദൈവമായി മാറാനുള്ള ഈ പ്രയാണത്തിലേക്കുള്ള കവാടമാണ് അവര്‍ക്ക് ദിക്‌റ്‌ !

സകരിയ്യ സാഹിബ് എഴുതുന്നു: “ലക്ഷക്കണക്കിനല്ല കോടിക്കണക്കിന് മഷാഇഖുകള്‍ ഉണ്ട്. ഓരോ ഷൈഖിനും അനേകം മുരീദന്മാരും ഉണ്ടായിരിക്കുന്നതാണ്. ഒരോരുത്തരും കുറഞ്ഞപക്ഷം ദിനവും ആയിരം പ്രാവശ്യംവീതം പരിശുദ്ധകലിമ ചൊല്ലുന്നത് പതിവാക്കിയവരുമാണ്. ജാമിഉല്‍ ഉസൂല്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘അല്ലാഹ്’ എന്ന ദിക്ര്‍ പതിവായിട്ട് ദിനവും കുറഞ്ഞപക്ഷം അയ്യായിരം പ്രാവശ്യം ചൊല്ലണം. കൂടുതല്‍ എത്രയെന്ന് കണക്കില്ല. സൂഫിയാക്കള്‍ ദിനവും ഇരുപത്തിഅയ്യായിരം പ്രാവശ്യം കുറഞ്ഞത് ചൊല്ലണം. ലാ ഇലാഹ ഇല്ലല്ലാഹ് കുറഞ്ഞപക്ഷം ദിവസവും അയ്യായിരം പ്രാവശ്യം ചൊല്ലണമെന്ന് എഴുതിയിരിക്കുന്നു. മഷാഇഖുകളുടെ നടപടിയനുസരിച്ച് ഇതില്‍ കൂടുതലും കുറവും വരാം. നമ്മുടെ ഹല്‌റത്ത് ഷാഹ് വലിയുള്ളാഹ് സാഹിബ് (റഹ്:അ) ‘കൗലുല്‍ജമീല്‍‘ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ പിതാവ് തന്റെ സൂലുക്കിന്റെ (ആത്മീയ സംസ്‌കരണത്തിനുള്ള പ്രയത്‌ന മാര്‍ഗത്തിന്‍െ) പ്രാരംഭത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് ഒരുശ്വാസത്തില്‍ ഇരുന്നൂറ് പ്രാവശ്യം ചൊല്ലിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 141).

ചിന്തിക്കുക! അല്ലാഹുവിന്റെ മതം എളുപ്പമാണ്. അത് എല്ലാവര്‍ക്കും പ്രയോഗവത്കരിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇപ്പറഞ്ഞ രൂപത്തില്‍ ദിനേന ദിക്‌റുകള്‍ ചൊല്ലാന്‍ ആര്‍ക്കൊക്കെ കഴിയും? ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഒരുശ്വാസത്തില്‍ ഇരുന്നൂറ് പ്രാവശ്യം ചൊല്ലാന്‍ ആര്‍ക്കാണ് സാധിക്കുക?

ഗ്രന്ഥകാരന്‍ വീണ്ടും എഴുതുന്നു:

“ഞങ്ങളുടെ അയല്‍പക്കത്ത് ഒരു യുവാവ് താമസിച്ചിരുന്നു. അദ്ദേഹം സാഹിബുല്‍ കഷ്ഫ് ആണെന്ന് പ്രസിദ്ധമായിരുന്നു. സ്വര്‍ഗ്ഗനരകങ്ങളുടെ അവസ്ഥകള്‍ പോലും ചിലപ്പോള്‍ അദ്ദേഹത്തിന് വെളിവാക്കപ്പെടാറുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതു ശരിയാണെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ടായിരുന്നു. ഒരു പ്രാവശ്യം ഒരു യുവാവ് ഞങ്ങളോടൊപ്പമിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. പെട്ടെന്ന് അലറിക്കൊണ്ട് ഒരു ദീര്‍ഘശ്വാസത്തോടെ ‘എന്റെ മാതാവ് നരകത്തില്‍ കിടന്ന് കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ സ്ഥിതി എനിക്ക് കാണിക്കപ്പെട്ടു’ എന്നു പറഞ്ഞു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 142).

“ഇത് ഒരു സംഭവമാണ്. ഇതുപോലെയുള്ള എത്രയോ സംഭവങ്ങള്‍ ഈ ഉമ്മത്തികളിലുള്ള അനേകം വ്യക്തികളില്‍ അനുഭവപ്പെട്ടിരിക്കും. സൂഫിയാക്കളുടെ സാങ്കേതിക പ്രയോഗത്തില്‍ ‘ഫാസ്അന്‍ഫാസ്’എന്നു പറയപ്പെടുന്ന ഒരു കാലമുണ്ട്. അതിന്റെ ഉദ്ദേശം അല്ലാഹുവിന്റെ പേരോടുകൂടിയല്ലാതെ ഒരു ശ്വാവും ഉള്ളിലേക്ക് കടക്കുകയോ പുറത്തേക്ക് പോവുകയോ ചെയ്യാതിരിക്കുന്നതിനുള്ള ഒരു സാധാരണ പരിശീലനമാണ്. മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ്മയുട ഉമ്മത്തികളില്‍ കോടിക്കണക്കായ വ്യക്തികള്‍ ഇപ്രകാരം പരിശീലനം സിദ്ധിച്ചവരായുണ്ട്’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 142-143).

ദൈവസ്‌നേഹം സൂഫികളുടെ വീക്ഷണത്തില്‍

അല്ലാഹുവില്‍ വിശ്വസിക്കുന്ന ഏതൊരാളും അവനെ അതിരറ്റ് സ്‌നേഹിക്കാന്‍ ബാധ്യസ്ഥനാണ്. അല്ലാഹുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് അവന്റെ വിധിവിലക്കുകള്‍ മാനിച്ചുകൊണ്ടാണ്. അല്ലാഹുവിനെക്കുറിച്ച് ഓര്‍മവരുമ്പോള്‍ ഒരു വിശ്വാസിയുടെ മനോമുകുരത്തില്‍ തെളിഞ്ഞുവരേണ്ടത് അവന്റെ മഹത്ത്വവും അവന്റെ ഗാംഭീര്യവുമാണ്. അതോടൊപ്പം താന്‍ അവന്റെ മുമ്പില്‍ പ്രകടിപ്പിക്കേണ്ട ഭക്ത്യാദരവുകളും അവന്റെ മനസ്സില്‍ നിറയും. അവന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും അവന്റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയും മനസ്സില്‍ നിറയും. ഇത്രയും പറഞ്ഞത് ഒരു വിശ്വാസിക്ക് റബ്ബിനോടുള്ള സ്‌നേഹം ഏത് നിലയ്ക്കാവണം എന്ന് വ്യക്തമാക്കാനാണ്.

അല്ലാഹുവിനെ കണ്‍നിറയെ കാണലും അവനില്‍ ‘ലയിക്കലും’ പരമലക്ഷ്യമായി കാണുന്ന സൂഫികള്‍ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം മറ്റു വിശ്വാസികളുടേത് പോലെയല്ല; പ്രായപൂര്‍ത്തിയായ പുരുഷന് സ്ത്രീകളോടുള്ള സ്‌നേഹം പോലെയാണ്. ഇശ്ഖ്, വുജ്ദ് എന്നൊക്കെയാണ് ദൈവത്തോട് തങ്ങള്‍ക്കുള്ള സ്‌നേഹത്തിന് സൂഫികള്‍ നല്‍കുന്ന പേര്. ഈ രണ്ട് വാക്കുകളും കാമുകീകാമുകന്മാര്‍ക്കിടയിലുള്ള ലൈംഗിക വികാരത്തിലധിഷ്ഠിതമായ സ്‌നേഹത്തെ വിവരിക്കാനുള്ള പദങ്ങളാണ്. പ്രേമം, അനുരാഗം എന്നൊക്കെയാണതിന്റെ അര്‍ഥം. ദൈവത്തോടുള്ള അവന്റെ അടിമകളുടെ ബന്ധത്തെ കാമുകീകാമുക ബന്ധത്തോട് ഉപമിക്കുന്ന ഈ രീതി ക്വുര്‍ആനിനും ഹദീഥിനും വിരുദ്ധമാണ്. ഹുബ്ബ്, രിദാ എന്നൊക്കെയാണ് പടച്ചവനോടുള്ള സ്‌നേഹത്തെ പ്രകടിപ്പിക്കാന്‍ ക്വുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്.

എന്നാല്‍ സകരിയ്യ സാഹിബ് എഴുതുന്നത് നോക്കൂ:

“എന്നാല്‍ ഈ സാധുവിന്റെ അഭിപ്രായത്തില്‍ മറ്റൊരു വശവും ആകാം എന്ന് തോന്നുന്നു. അതായത് പ്രേമഭാജനത്തിന്റെ പേര്‍ പറയുമ്പോള്‍ ഒരു രസവും ഇമ്പവും അനുഭവപ്പെടാറുണ്ട്. പ്രേമവുമായി ബന്ധപ്പെടാനിടയുള്ളവര്‍ക്ക് ഇതറിയാവുന്നതാണ്. ഈ അടിസ്ഥാനത്തില്‍ ഇവിടത്തെ ഉദ്ദേശം രസംപിടിക്കുവോളം, ആനന്ദത്തോടെ അല്ലാഹുവിന്റെ പരിശുദ്ധനാമം സ്മരിക്കപ്പെടട്ടെയെന്നതാണ്. എന്റെ ചില ഷൈഖന്‍മാരെ (ഗുരുനാഥന്‍മാരെ) ഈ നിലയില്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്…’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 26).

“പ്രേമിക്കുന്നവന്റെയും പ്രേമഭാജനത്തിന്റെയും മധേ്യയുള്ള രഹസ്യ സംഭാഷണം മലക്കുകള്‍ക്കു പോലും അറിയാത്തതാണ്’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 68).

“ഹസ്‌റത് ജുനയ്ദ്(റ:അ)വില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നു: അദ്ദേഹം ഒരിക്കല്‍ സ്വപ്‌നത്തില്‍ ശൈത്വാനെ പൂര്‍ണ നഗ്‌നനായി കണ്ടു. അദ്ദേഹം ചോദിച്ചു: ‘മനുഷ്യരുടെ മുമ്പില്‍ നഗ്‌നനാവാന്‍ നിനക്ക് നാണമില്ലേ?’ അവന്‍ പറയുകയാണ്: ‘ഇവര്‍ വല്ല മനുഷ്യരുമാണോ? എന്റെ ശരീരത്തെ ശോഷിപ്പിച്ച, എന്റെ കരളിനെ കരിച്ചുകളഞ്ഞ, ഷൊനീസിയ്യഃ പള്ളിയിലിരിക്കുന്നവരാണ് മനുഷ്യര്‍.’ ഹസ്‌റത് ജുനയ്ദ്(റ:അ) പറയുന്നു: ‘ഞാന്‍ ഷൊനീസിയ്യഃ പള്ളിയില്‍ ചെന്നപ്പോള്‍, കാല്‍മുട്ടില്‍ തലവെച്ച് മുറാഖബയില്‍ വ്യാപൃതരായ ചില മഹാന്മാരെയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ആ നീചന്റെ വാക്കുകള്‍ മൂലം നീ എവിടെയെങ്കിലും വഞ്ചനയില്‍ പെട്ടുപോകരുതേ!

മസൂഹി(റഹ്:അ)യില്‍നിന്നും ഏകദേശം ഇതുപോലെതന്നെ ഉദ്ധരിക്കപ്പെടുന്നുണ്ട്. അദ്ദേഹം ശൈത്വാനെ നഗ്‌നനായി കണ്ടപ്പോള്‍ ‘മനുഷ്യര്‍ക്കിടയില്‍ ഇപ്രകാരം നടക്കുവാന്‍ നിനക്ക് നാണമില്ലേ?’ എന്നു ചോദിച്ചു. ‘അല്ലാഹുവില്‍ സത്യം! ഇവര്‍ മനുഷ്യരല്ല! ഇവര്‍ മനുഷ്യരായിരുന്നുവെങ്കില്‍ കുട്ടികള്‍ പന്ത് കളിക്കുന്നതുപൊലെ ഇവരെക്കൊണ്ട് ഞാന്‍ കളിക്കുകയില്ലായിരുന്നു! എന്റെ ശരീരത്തെ അസ്വസ്ഥമാക്കിയ അവരാണ് മനുഷ്യര്‍ എന്നു പറഞ്ഞ് അവന്‍ ഒരു സംഘം സൂഫിയാക്കളെ ചൂണ്ടിക്കാണിച്ചു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 69).

“നശ്വരമായ ഈ ലോകത്തിലെ സ്‌നേഹഭാജനത്തേക്കുറിച്ച് അറി യാനും ആസ്വദിക്കാനുമുള്ള ആഗ്രഹം വര്‍ധിച്ചുകൊണ്ടേ പോകുന്നു. തന്റെ പ്രേമഭാജനവുമായുള്ള ബന്ധവും അടുപ്പവും പരമാവധി വര്‍ധിപ്പിച്ച് അതില്‍ക്കൂടിയുള്ള ആനന്ദം കൂടുതല്‍ ആസ്വദിക്കാനുള്ള പരിശ്രമവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഹഖ് സുബ്ഹാനഹു വ തആലയില്‍ നാം ആഗ്രഹിക്കുന്നതും നമ്മെ ആകര്‍ഷിക്കുന്നതുമായ എല്ലാ മഹത്ത്വങ്ങളും അവര്‍ണനീയവും അനന്തവുമായ നിലയില്‍ ഉണ്ട്. അവന്‍ അവകളുടെയെല്ലാം ഉറവിടവും കൂടിയാണ്. ലോകത്ത് നമ്മെ ആകര്‍ഷിക്കുന്ന എല്ലാം അതിന്റെ നിഴല്‍ മാത്രമാണ്…’’ (ഖുര്‍ആനിന്റെ മഹത്ത്വങ്ങള്‍, പേജ് 104).

ഭൗതിക ചിന്തയില്ലാത്ത സൂഫി

നമസ്‌കരിക്കുമ്പോഴും മറ്റു സമയങ്ങളിലും ലൗകികമായ ചിന്ത മനസ്സില്‍ ഒരിക്കലും കടന്നുവരാത്ത ആരെങ്കിലും ഉണ്ടാകുമോ? ലൗകിക ചിന്ത ഒട്ടുമില്ലാതെ എങ്ങനെയാണ് ഈ ലോകത്ത് ഒരാള്‍ക്ക് ജീവിക്കുവാന്‍ സാധിക്കുക? ലളിതമായ ഈ യാഥാര്‍ഥ്യത്തെപോലും കള്ളക്കഥകള്‍കൊണ്ട് മറികടക്കാനാണ് സകരിയ്യാ സാഹിബിന്റെ ശ്രമം. നബി(സ)യുടെ വഫാത്തിനു ശേഷം ഭരണകര്‍ത്താവ് ആരാകണമെന്നതിനെക്കുറിച്ച് സ്വഹാബികള്‍ക്കിടയില്‍ തര്‍ക്കം ഉത്ഭവിച്ചതും ചര്‍ച്ചകളിലൂടെ പരിഹരിച്ചതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. ഇത് സ്വഹാബികള്‍ക്ക് ദുനിയാവിനെക്കുറിച്ചും ദീനിനെക്കുറിച്ചുമുള്ള ചിന്തയുണ്ടായത് കൊണ്ടല്ലേ?

വിശന്നു വലഞ്ഞ സന്ദര്‍ഭത്തില്‍ അബൂഹുറയ്‌റ(റ )യും മറ്റു ചില സ്വഹാബികളും ഭക്ഷണം തേടി ഇറങ്ങിയതും യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികള്‍ ശത്രുക്കള്‍ ഇട്ടേച്ചുപോയ വസ്തുക്കള്‍ ശേഖരിച്ചതും ബഹ്‌റൈനില്‍നിന്നും സകാത്തിന്റെ സമ്പത്ത് വന്ന സന്ദര്‍ഭത്തില്‍ അതിന്റെ പങ്ക് ലഭിക്കണം എന്ന ഉദ്ദേശത്തില്‍ ചില സ്വഹാബികള്‍ പള്ളിയിലേക്ക് വന്നതും നബി(സ)യുടെ എളാപ്പ അബ്ബാസ്(റ) തനിക്ക് കൂടുതല്‍ ലഭിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതും ഇവര്‍ക്കറിഞ്ഞുകൂടേ? യുദ്ധ സന്ദര്‍ഭത്തിലുള്ള നമസ്‌കാരത്തില്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് ശത്രുക്കളെക്കുറിച്ച് ജാഗ്രത പുലര്‍ത്തിക്കൊണ്ട് സ്വഹാബികള്‍ നമസ്‌കരിച്ചത് മൗലാനക്ക് അറിയാത്തതാണോ?

ചുരുക്കിപ്പറഞ്ഞാല്‍ നബിയും അനുചരന്മാരും കൃഷി, കച്ചവടം വൈവാഹിക ജീവിതം, യുദ്ധം തുടങ്ങി നിരവധി ഭൗതിക കാര്യങ്ങളില്‍ ഇടപ്പെട്ടിരുന്നു. പക്ഷേ, ഭൗതിക വ്യാപാരങ്ങളൊന്നും ദൈവസ്മരണയില്‍നിന്നോ നമസ്‌കാരത്തില്‍നിന്നോ അവരെ അശ്രദ്ധരാക്കിയിരുന്നില്ല.

എന്നാല്‍ സകരിയ്യാ സാഹിബ് പരിചയപ്പെടുത്ത ശൈഖുമാര്‍ സ്വഹാബികളെക്കാളെല്ലാം ഉപരിയിലാണ്. അദ്ദേഹം എഴുതുന്നു:

“റബിഅ് (റഹ്:അ) എന്ന മഹാന്‍ പറയുന്നു: ഞാന്‍ നമസ്‌കാരത്തിന് വേണ്ടി നിന്നുകഴിഞ്ഞാല്‍, എന്നോടെന്തെല്ലാം ചോദ്യങ്ങളാണുണ്ടാകുന്നത് എന്നുള്ള ചിന്ത ഉണ്ടായിക്കൊണ്ടേയിരിക്കുന്നതാണ്. ആമിറിബ്‌നു അബ്ദുല്ലാഹി(റഹ്:അ) നമസ്‌കാരത്തിനായി നിന്നാല്‍ വീട്ടുകാരുടെ സംസാരം കേള്‍ക്കാതിരിക്കുന്നത് പോകട്ടെ, ചെണ്ടയടിയുടെ ശബ്ദം പോലും അദ്ദേഹം അറിയുകയില്ലായിരുന്നു. നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ എന്തെങ്കിലും വിഷയത്തെ പറ്റിയുള്ള ചിന്ത ഉണ്ടാകാറുണ്ടോ എന്നദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഹാ! ഒരു ദിവസം അല്ലാഹുവിന്റെ സന്നിധിയില്‍ നില്‍ക്കേണ്ടി വരും. സ്വര്‍ഗ്ഗമോ നരകമോ, രണ്ടിലൊന്നില്‍ പോകേണ്ടി വരും, എന്നുള്ള ചിന്ത എന്നിലുണ്ടാവാറുണ്ട്’ എന്നദ്ദേഹം മറുപടി പറഞ്ഞു…’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 138).

“ഒരു മഹാന്റെ ഒരംഗത്തിന് കേടു സംഭവിക്കുകയാല്‍ അതുമുറിക്കേണ്ട ആവശ്യം നേരിട്ടു. അദ്ദേഹം നമസ്‌കാരത്തില്‍ പ്രവേശിക്കുമ്പോള്‍ മുറിച്ചെടുക്കുകയാണെങ്കില്‍ അദ്ദേഹത്തിന് അതിനെപ്പറ്റിയുള്ള അറിവേ ഉണ്ടാവുകയില്ല. അതുകൊണ്ട് ആ സമയത്ത് മുറിച്ചുക്കളയാം എന്ന് ജനങ്ങള്‍ തീരുമാനിച്ചു. അപ്രകാരം അദ്ദേഹം നമസ്‌കാരിക്കാന്‍ ആരംഭിച്ചപ്പോള്‍ അവര്‍ മുറിച്ചുകളഞ്ഞു. ഒരു മഹാനോട് നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ ദുന്‍യാവിന്റെ വല്ല ചിന്തകളും വരാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ നമസ്‌കാരത്തിലും നമസ്‌കാരത്തിനു  വെളിയിലും ദുന്‍യാവിന്റെ ഒരു ചിന്തയും എനിക്കു വരാറില്ല എന്നദ്ദേഹം മറുപടി പറഞ്ഞു. മറ്റൊരു മഹാന്റെ സംഭവം ഇപ്രകാരം എഴുതിയിരിക്കുന്നു: നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ മറ്റേതെങ്കിലും കാര്യത്തേക്കുറിച്ചുള്ള ചിന്ത ഉണ്ടാകാറുണ്ടോ എന്നദ്ദേഹത്തോട് ഒരാള്‍ ചോദിച്ചപ്പോള്‍ ‘നമസ്‌കാരത്തേക്കാള്‍ പ്രിയങ്കരമായ മറ്റു വല്ലതുമുണ്ടോ? നമസ്‌കാരത്തില്‍ അതിനെപ്പറ്റി  ചിന്തിക്കുവാന്‍‘ എന്നദ്ദേഹം ചോദിക്കുകയുണ്ടായി’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).

“ബഹ്ജത്തുന്നുഫൂസ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ഒരാള്‍ ഒരു മഹാനെ സന്ദര്‍ശിക്കുന്നതിനായി അദ്ദേഹത്തിന്റെ സന്നിധിയിലെത്തി. അപ്പോള്‍ അദ്ദേഹം ളുഹര്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വന്നയാള്‍ പ്രതീക്ഷിച്ചവിടെത്തന്നെയിരുന്നു. നമസ്‌കാരത്തില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ‘നഫ്‌ല്’ നമസ്‌കാരത്തിന് ആരംഭിച്ചു. അസര്‍വരെ നഫ്‌ല് നമസ്‌കരിച്ചുകൊണ്ടിരുന്നു. വന്നയാള്‍ പ്രതീക്ഷിച്ചു നിന്നിരുന്നു. നഫ്‌ല് നമസ്‌കാരങ്ങളില്‍ല്‍നിന്നും വിരമിച്ചയുടന്‍ അസര്‍ നമസ്‌കാരമാരംഭിച്ചു. അതു കഴിഞ്ഞയുടന്‍ മഗ്‌രിബ് നമസ്‌കാരം വരെ ദിക്‌റ് ചെയ്തുകൊണ്ടിരുന്നു. മഗ്‌രിബ് നമസ്‌കരിച്ച ശേഷം ഇഷാവരെ നഫ്‌ല് നമസ്‌കരിച്ചുകൊണ്ടിരുന്നു. ഇഷാ നമസ്‌കാരത്തിന് ശേഷം കാണാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയില്‍ വന്നയാള്‍ വിഷമിച്ചു കാത്തിരുന്നു. എന്നാല്‍ ഇഷാ നമസ്‌കരിച്ചു തീര്‍ന്നയുടനെ അദ്ദേഹം നഫ്‌ല് നമസ്‌കരിക്കാന്‍ തുടങ്ങി. സുബ്ഹിവരെയും അപ്രകാരം നമസ്‌കരിച്ചുകൊണ്ടിരുന്നു. സുബ്ഹി നമസ്‌കരിച്ചയുടനെ ദിക്‌റുകളും ആരംഭിച്ചു. ഇപ്രകാരമുള്ള അദ്ദേഹത്തിന്റെ ഇബാദത്തിനിടയില്‍ മുസല്ലയില്‍ത്തന്നെയിരുന്ന് അല്പം കണ്ണടഞ്ഞുപോയി. പെട്ടെന്ന് കണ്ണുതുറന്ന് ഇസ്തിഗ്ഫാറും തൗബായും ചെയ്യാന്‍ തുടങ്ങി . അനന്തരം ഇപ്രകാരം ദുആ ചെയ്തു: ഉറക്കം മതിയാകാത്ത കണ്ണില്‍നിന്നും ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).

“ഒരു മഹാനെക്കുറിച്ചുള്ള സംഭവം ഇപ്രകാരം എഴുതുന്നു: അദ്ദേഹം രാത്രി ഉറങ്ങുന്നതിനായി കിടന്നാല്‍ കണ്ണടക്കുന്നതിന് വളരെ പരിശ്രമിക്കും. എന്നാല്‍ ഉറക്കം വരാതിരിക്കുമ്പോള്‍ എഴുന്നേറ്റ് നമസ്‌കാരത്തിലേര്‍പ്പെടുകയും അല്ലാഹുവേ, ജഹന്നമിലെ തീയ്യെക്കുറിച്ചുള്ള ഭയത്താലാണ് എനിക്ക് ഉറക്കം വരാതിരിക്കുന്നത് എന്ന് നിനക്കറിയാമല്ലോ എന്നു പറഞ്ഞുകൊണ്ട് സുബ്ഹിവരെ നമസ്‌കരിച്ചുകൊണ്ടിരിക്കും’’  (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

നീർപഥം വാരിക 

LGBT: ആക്റ്റിവിസം ജീവനെടുക്കുമ്പോള്‍

LGBT: ആക്റ്റിവിസം ജീവനെടുക്കുമ്പോള്‍

ഗുരുതരമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗം ആളുകള്‍. അവരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ ശ്രമിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും പകരം കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് LGBT ആക്റ്റിവിസം. ട്രാന്‍സ്‌ജെന്‍ഡറുകളെപറ്റിയും ആക്റ്റിവിസത്തെപറ്റിയും ഗൗരവകരമായ പുനര്‍വിചിന്തനങ്ങള്‍ അത്യാവശ്യമാണ്.

ഇക്കഴിഞ്ഞ ജൂണ്‍ മാസം ലോകമെമ്പാടും ‘പ്രൈഡ് മന്ത്’ ആയാണ് സ്വവര്‍ഗാനുരാഗ, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ ആചരിച്ചിരുന്നത്. തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മര്‍ദിതരായ ഒരുപറ്റം മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും അവരെ അവരുടെ അസ്തിത്വത്തെ പറ്റി അഭിമാനമുള്ളവരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ ഒരു മാസം പിന്നിടുന്നതിന് മുമ്പേ തന്നെ നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും അവരുടെ പങ്കാളിയും ആത്മഹത്യ ചെയ്ത വേദനാജനകമായ വാര്‍ത്തയും നമുക്ക് വായിക്കേണ്ടി വന്നു.

അതിന്റെ കാരണമായി പറയപ്പെടുന്ന ലിംഗമാറ്റ ശസ്ത്രക്രിയയും അതില്‍ പറ്റിയ അബദ്ധവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമെല്ലാം ഇനിയും ചര്‍ച്ച ചെയ്യപ്പെടേണ്ട, വ്യക്തത വരുത്തേണ്ട വിഷയങ്ങളാണ്. എന്നാല്‍ ഈ സംഭവവും സമാന സംഭവങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചും LGBTQ ആക്റ്റീവിസത്തെ പറ്റിയുമുള്ള ഗൗരവകരമായ ചില ആലോചനകള്‍ക്ക് വഴിതെളിക്കേണ്ടതുണ്ട്.

ആരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍?

ആണ്, പെണ്ണ് എന്നിങ്ങനെ രണ്ട് ജെന്‍ഡറുകളാണ് ഉള്ളത് എന്നാണ് പൊതുവെ ജനം മനസ്സിലാക്കിയിട്ടുള്ളത്. ആണിന്റെയും പെണ്ണിന്റെയും ശരീരവും മനസ്സും സംസാരവും ചിന്തകളും ആഭിമുഖ്യങ്ങളും താല്‍പര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. അതിനെല്ലാം പിന്നിലുള്ള കാരണങ്ങള്‍ നാം ശാസ്ത്രീയമായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു മുണ്ട്. ആണ് എന്തുകൊണ്ട് ആണത്വം കാണിക്കുന്നു എന്നും പെണ്ണ് എന്തുകൊണ്ട് സ്ത്രീത്വം പ്രകടിപ്പിക്കുന്നു എന്നും ഇപ്പോള്‍ ലഭ്യമായ ശാസ്ത്രീയ വിജ്ഞാനങ്ങള്‍ കൊണ്ട്തന്നെ നമുക്ക് വിശദീകരിക്കാനാകും.

പൊതുവില്‍ ആണിന്റെ ശരീരത്തോടെ ജീവിക്കുന്ന ഒരാളുടെ മനസ്സും ആണിന്റെത് തന്നെയായിരിക്കും, പെണ്ണിന്റെതും തഥൈവ. ഇവിടെയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യത്യാസം അവകാശപ്പെടുന്നത്. അവരുടെ തന്നെ വാദപ്രകാരം ശാരീരികമായി പൂര്‍ണമായി പുരുഷന്‍ ആയിരിക്കുമ്പോഴും ഒരു പെണ്ണിന്റെ മനസ്സ് പേറി നടക്കേണ്ടി വരുന്ന (തിരിച്ചും) അവസ്ഥയെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറയുന്നത്. ശാരീരികമായി നോക്കുകയാണെങ്കില്‍ അവരുടെ ശരീരത്തിനോ ലൈംഗിക അവയവങ്ങള്‍ക്കോ യാതൊരു വ്യത്യാസവുമുണ്ടാവുകയുമില്ല, പക്ഷേ, അവരുടെ മനസ്സ് എതിര്‍ലിംഗത്തിന്റെതായിരിക്കും. ശരീരം ആണിന്റെതായിരിക്കുമ്പോഴും താനൊരു ആണാണെന്ന് അംഗീകരിക്കാന്‍ അവര്‍ക്കാവില്ല.

നമ്മുടെ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് പറയുമ്പോള്‍, അവര്‍ രണ്ട് ലൈംഗിക അവയവങ്ങള്‍ ഉള്ളവരാണെന്നും ലൈംഗിക അവയവങ്ങളില്‍ എന്തെങ്കിലും ദൗര്‍ബല്യം ഉള്ളവരാണെന്നുമുള്ള ഒരു തെറ്റുധാരണ നിലനില്‍ക്കുന്നുണ്ട്. അത്തരം അവസ്ഥകള്‍ ഉള്ളവരെ ആധുനിക സാങ്കേതിക പദാവലി പ്രകാരം ‘ഇന്റര്‍സെക്‌സ്’ എന്നാണ് വിളിക്കുന്നത്. അത് വേറെ തന്നെ വിശദമായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയവുമാണ്.

എന്തുകൊണ്ടിങ്ങനെ?

ഒരു പുരുഷശരീരത്തില്‍ സ്ത്രീയുടെ മനസ്സോടെയും സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സോടെയും ജീവിക്കേണ്ടി വരുന്ന ഈ അവസ്ഥ എന്തുകൊണ്ട് എന്നത് ഇന്നും പഠനങ്ങള്‍ നടക്കുന്ന ഒരു വിഷയമാണ്. ‘മനസ്സ്’ എന്നതുതന്നെ ശാസ്ത്രത്തിനും പഠനങ്ങള്‍ക്കും പിടിതരാത്ത ഒരു പ്രഹേളികയായി തുടരുന്ന അവസ്ഥയില്‍ പൂര്‍ണമായ ഒരു തീര്‍ച്ചയിലെത്തല്‍ അസാധ്യമാണ്.

ആണ്‍കുട്ടിയായി ജനിച്ച ഒരു കുട്ടിയെ പെണ്‍കുട്ടിയെ പോലെ വളര്‍ത്തുന്നതോ, അങ്ങനെ വസ്ത്രധാരണം ചെയ്യുന്നതോ ഇത്തരമൊരു അവസ്ഥയിലേക്ക് നയിക്കും എന്ന വാദം ശക്തമാണ്. ഒരു മനുഷ്യന്റെ വ്യക്തിത്വം പൂര്‍ണതയിലെത്തുന്നത് നാല്‍പത് വയസ്സോടെ മാത്രമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോള്‍, അതിന് മുമ്പുള്ള, പ്രത്യേകിച്ചും ചെറുപ്പത്തിലുള്ള സാഹചര്യങ്ങളും അനുഭവങ്ങളും ശിക്ഷണവുമെല്ലാം ഒരാളുടെ മനസ്സിനെ സാരമായ രീതിയില്‍ ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. ഇതോടൊപ്പം തന്നെ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങളും അശ്ലീല ചിത്രങ്ങളുമെല്ലാം ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. ജെന്‍ഡര്‍ എന്നത് ഒരു സാമൂഹിക നിര്‍മിതിയാണെന്ന ആധുനിക പുരോഗമനവാദക്കാരുടെ വാദപ്രകാരവും ഇത്തരം സാമൂഹികമായ കാരണങ്ങള്‍കൊണ്ട് ഈ അവസ്ഥകള്‍ സാധ്യമാണ് എന്ന കാര്യത്തിനാണ് കൂടുതല്‍ സാധുത.

ഇതോടൊപ്പം തന്നെ ഗര്‍ഭസ്ഥശിശു ആണ്‍കുട്ടിയാണെങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ടെസ്‌റ്റോസ്റ്റിറൊണ്‍ എന്ന ഹോര്‍മോണ്‍ കുട്ടിയുടെ തലച്ചോറിനെ തികച്ചും ഒരു ആണിന്റെ തലച്ചോറാക്കി മാറ്റുമെന്നും, ആ ഉത്പാദനം കൃത്യമായി നടന്നില്ലെങ്കില്‍ ആ കുട്ടിയുടെ തലച്ചോര്‍ ഒരു പെണ്ണിന്റെ തലച്ചോറിനോട് കുറച്ച് സാമ്യതകള്‍ കാണിക്കുമെന്നും കുട്ടിക്ക് സ്ത്രീത്വം കാണപ്പെടുമെന്നുമുള്ള വാദങ്ങളും നമുക്ക് കാണാന്‍ സാധിക്കും.

ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് കാരണമെന്നോ മറ്റുള്ളവ പൂര്‍ണമായി തള്ളിക്കളയണമെന്നോ നമുക്ക് പറയാനാകില്ല. ജൈവശാസ്ത്രപരമായ മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍ മുതല്‍ ചെറുപ്പത്തിലെ അനുഭവങ്ങളും പീഡനങ്ങളും സാമൂഹിക കാരണങ്ങളുമെല്ലാം ഇതില്‍ ഏറിയും കുറഞ്ഞും കാരണമായേക്കാം.

എന്നാല്‍ ഇതിലേറ്റവും വലിയ പ്രഹേളികയായി നിലനില്‍ക്കുന്നത് ആരെയാണ്, എന്തിന്റെ അടിസ്ഥാനത്തിലാണ് നാം ട്രാന്‍സ്‌ജെന്‍ഡറുകളായി മനസ്സിലാക്കേണ്ടത് എന്നതാണ്. ശാരീരികമായി ഒരു വ്യത്യാസവും ഇല്ലെന്നിരിക്കെ ഒരു വ്യക്തിയുടെ മനസ്സിലെ തോന്നല്‍ മാത്രമാണ് ഇതിന്റെ അടിസ്ഥാനം. മനസ്സ് വായിക്കാനോ എത്രത്തോളം ഗൗരവകരമാണ് വിഷയമെന്ന് നിശ്ചയിക്കാനോ നമ്മുടെ കയ്യില്‍ യാതൊന്നുമില്ലെന്നിരിക്കെ ഒരു വ്യക്തി സ്വയം സാക്ഷ്യപ്പെടുത്തുക എന്നത് മാത്രമാണ് നമുക്ക് അവലംബിക്കാന്‍ സാധിക്കുന്ന കാര്യം. വളരെ നിഷ്‌കപടമായി കാര്യങ്ങള്‍ പറയുന്ന ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും എന്നാല്‍ ചെറിയൊരു തോന്നലിന്റെ അടിസ്ഥാനത്തില്‍ മാത്രം താന്‍ എതിര്‍ ലിംഗമാണെന്ന് കരുതുന്നവരും അതേപോലെതന്നെ വ്യാജന്മാരും നിറഞ്ഞാടുന്ന അവസ്ഥയില്‍ എങ്ങനെ നാം വേര്‍തിരിക്കും എന്നത് വലിയൊരു പ്രശ്‌നമാണ്. നാം നിത്യജീവിതത്തില്‍ കാണുന്ന പല പുരുഷന്മാര്‍ക്കും അവരുടെ സംസാരത്തിലോ നടത്തത്തിലോ ഒക്കെ ചെറിയ അളവില്‍ സ്ത്രീത്വം പ്രകടമാകാറുണ്ട്. പൗരുഷം കൂടുതലുള്ള സ്ത്രീകളുമുണ്ട്. ഇവരെയെല്ലാവരെയും ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആയി വിധിപറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?!

ഇതൊരു വൈകല്യമാണോ?

ശരീരം ഒരുലിംഗവും മനസ്സ് എതിര്‍ലിംഗവുമാകുന്ന ഈ അവസ്ഥയെ ‘ജെന്‍ഡര്‍ ഡിസ്‌ഫോറിയ’ എന്നായിരുന്നു ശാസ്ത്രലോകം വിശേഷിപ്പിച്ചിരുന്നത്. മാനസിക വൈകല്യങ്ങളുടെ പട്ടികയായ ഡി.എസ്.എമ്മില്‍ ഇടംപിടിച്ച ഒരു കാര്യവും കൂടിയായിരുന്നു ഈ അവസ്ഥ. മാത്രവുമല്ല, റാപ്പിഡ് ഓണ്‍സെറ്റ്, ഓട്ടോജിനിഫിലിക്, ചൈല്‍ഡ്ഹുഡഓണ്‍സെറ്റ് ജെന്‍ഡര്‍ ഡിസ്‌ഫോറിയ എന്നിങ്ങനെ മൂന്നായി ഈ അവസ്ഥയെ തിരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെ വൈകല്യം എന്ന് വിശേഷിപ്പിക്കുന്നത് ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നവരോടുള്ള വിവേചനമാണെന്നും അത് അവരുടെ സ്വത്വമായി, സ്വാഭാവികമായി പരിഗണിച്ച് അവരെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്ന് വിശേഷിപ്പിക്കണം എന്നുമുള്ള LGBTQ ആക്റ്റിവിസ്റ്റ് വാദങ്ങള്‍ പിന്നീട് ശക്തിപ്പെട്ടു. അതോടെ പ്രസ്തുത പട്ടികയില്‍നിന്ന് അത് നീക്കംചെയ്യപ്പെടുകയാണുണ്ടായത്.

ഏതൊരു പ്രശ്‌നത്തെയും പ്രശ്‌നമായി അംഗീകരിക്കലാണ് പരിഹാരത്തിലേക്കുള്ള ആദ്യപടി. എന്നാലിവിടെ ഈ അവസ്ഥയെ വൈകല്യമെന്നോ പ്രശ്‌നമെന്നോ വിശേഷിപ്പിക്കാന്‍പോലും പാടില്ലെന്ന തിട്ടൂരമിറക്കുന്നതോടെ ഇത്തരക്കാര്‍ക്കുള്ള പരിഹാരത്തിലേക്കുള്ള വാതില്‍കൂടിയാണ് അടയ്ക്കുന്നത്. ആ നിലയ്ക്ക് ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് ഏറ്റവും ക്രൂരത ചെയ്യുന്നത് ഇത്തരം ആക്റ്റിവിസ്റ്റുകളാണ്. എത്ര ശ്രമിച്ചാലും മാറ്റിയെടുക്കാന്‍ പ്രയാസമുള്ളവര്‍ മുതല്‍ ചെറിയൊരു കൗണ്‍സിലിംഗ് കൊണ്ടുതന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നവര്‍വരെ ഉണ്ടെന്നിരിക്കെ പരിഹാരത്തിനുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നത് എന്തുമാത്രം ക്രൂരതയാണ്!

ശാസ്ത്രപഠനങ്ങള്‍ തടയുന്ന ആക്റ്റിവിസം!

ഏതൊരു പ്രശ്‌നത്തെപ്പറ്റിയും കൂടുതല്‍ പഠിക്കുമ്പോഴാണ് നമുക്ക് അതിന്റെ പരിഹാരത്തിനുള്ള വാതിലുകള്‍ തുറക്കപ്പെടുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ഇത് കൂടുതല്‍ പ്രസക്തമാണ്. അതുകൊണ്ട്തന്നെ ഈ വിഷയത്തിലും എല്ലാരീതിയിലുമുള്ള പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ആത്മാര്‍ഥമായി പരിഹാരം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.

എന്നാല്‍ ലോകത്തെമ്പാടുമുള്ള LGBTQ ആക്റ്റിവിസ്റ്റുകള്‍ ചെയ്യുന്നതാകട്ടെ ഈ വിഷയത്തിലുള്ള പഠനങ്ങള്‍ പരമാവധി തടയുക എന്നതാണ്. ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച് ചും അതിന്റെ കാരണങ്ങളെ പറ്റിയും അവരുടെ തലച്ചോറിനെപ്പറ്റിയുമെല്ലാം കൂടുതല്‍ പഠിച്ചാല്‍ ഒരുപക്ഷേ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടേക്കാം. എന്നാല്‍ LGBT ആക്റ്റിവിസം പറയുന്നത് അവരെക്കുറിച്ച് പഠിക്കുന്നതും അതിനുള്ള പരിഹാരങ്ങള്‍ തേടുന്നതും അവരെ ‘വൈകല്യമുള്ളവരാക്കി’ ചിത്രീകരിക്കല്‍ ആണെന്നും അതുകൊണ്ട് തന്നെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകള്‍ തേടിയുള്ള പഠനങ്ങളോ ഗവേഷണങ്ങളോ അനുവദിക്കരുത് എന്നുമാണ്.

അതിന്റെ ഭാഗമായി ലോകത്ത് ന്യൂറോളജിയും സെക്‌സോളജിയിലുമെല്ലാം നടക്കുന്ന അനവധി ഗവേഷണങ്ങള്‍ അവര്‍ തടയുകയും അതിന്റെ ഫണ്ടിങ് നിര്‍ത്തലാക്കിപ്പിക്കുകയും ചെയ്തു. പ്രമുഖ ന്യൂറോസയന്റിസ്റ്റ് ആയ ഡോ. ഡെബ്ര സോഹ് ഇവരുടെ ശല്യം സഹിക്കവയ്യാതെ പഠനവും ഗവേഷണങ്ങളും അവസാനിപ്പിക്കുകയും ‘എന്‍ഡ് ഓഫ് ജെന്‍ഡര്‍’ എന്ന പുസ്തകമെഴുതി ഇവരുടെ ശാസ്ത്ര വിരുദ്ധതയെ ചോദ്യംചെയ്ത് രംഗത്തുവരികയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കൗണ്‍സിലിംഗുകളും ചികിത്സകളും നിയമവിരുദ്ധമാക്കാനുള്ള ചരടുവലികളും ശക്തമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഇവരുടെ സങ്കല്‍പങ്ങള്‍ക്കും തിയറികള്‍ക്കുമപ്പുറം ആരും ഈ വിഷയത്തില്‍ പഠിക്കാനോ പറയാനോ പോലും പാടില്ലെന്ന സമീപനത്തിലൂടെ പരിഹാരത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കുകയാണ് ചെയ്യുന്നത്!

ലിംഗമാറ്റ ശസ്ത്രക്രിയ എന്ന പരിഹാരം?

സ്വന്തം ലിംഗത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കി, അതിന് സഹായിക്കുന്ന കൗണ്‍സിലിംഗുകള്‍ പോലും തടഞ്ഞ് LGBTQ ആക്റ്റിവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട പരിഹാരം ലിംഗമാറ്റ ശസ്ത്രക്രിയയാണ്. ആണിന്റെ ശരീരത്തില്‍ ‘അകപ്പെട്ട’ പെണ്ണിനെ മോചിപ്പിക്കാന്‍ ആ ശരീരം മുഴുവന്‍ അഴിച്ചുപണി നടത്തി സ്ത്രീശരീരമാക്കുക എന്നതാണ് അവര്‍ കാണുന്ന ഒരു പരിഹാരം.

എന്നാല്‍ ആണും പെണ്ണും തമ്മില്‍ ലൈംഗിക അവയവങ്ങള്‍ തമ്മില്‍ മാത്രമല്ല വ്യത്യാസമുള്ളത്. അക്ഷരാര്‍ഥത്തില്‍ ആണിന്റെ ഓരോ കോശവും ആണിന്റെതാണ്, പെണ്ണിന്റെ ഓരോ കോശവും പെണ്ണിന്റെതാണ് എന്നതാണ് വസ്തുത. രണ്ട് ലിംഗത്തില്‍ ഉള്ളവരിലും ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവുകള്‍ വ്യത്യസ്തമായതുകൊണ്ട് കേവലം ലൈംഗിക അവയവങ്ങളോ ഗര്‍ഭപാത്രവും സ്തനവുമോ മാറ്റിവെച്ചതുകൊണ്ട് അവസാനിക്കുന്നതല്ല ഈ സര്‍ജറികള്‍. ശരീരം മൊത്തത്തില്‍തന്നെ അഴിച്ചുപണിയാന്‍ ഒന്നിന് ശേഷം മറ്റൊന്ന് എന്ന രീതിയില്‍ ഒരുപാട് സര്‍ജറികളും അതിനുശേഷം ജീവിതകാലം മുഴുവനായി ഹോര്‍മോണ്‍ കുത്തിവെപ്പുകളുമൊക്കെ വേണ്ടിവരും എന്നതാണ് യാഥാര്‍ഥ്യം.

എന്നിട്ട് പോലും അവര്‍ക്ക് ജീവിതാവസാനം വരെ വേദനയും പ്രയാസവുമായി ജീവിക്കേണ്ടിവരുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരമായ വസ്തുത. അതുകൊണ്ട് കൂടിയാണ് ഇത്തരത്തില്‍ സര്‍ജറികള്‍ ചെയ്ത വലിയൊരു വിഭാഗം ആളുകള്‍ തങ്ങള്‍ ചെയ്ത കാര്യത്തില്‍ പശ്ചാതപിക്കുകയും തങ്ങളുടെ യഥാര്‍ഥ ലിംഗത്തിലേക്ക് തിരിച്ചുപോകണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നത്.

വാള്‍ട്ട് ഹയര്‍ എന്ന ലോകപ്രശസ്ത എഴുത്തുകാരന്‍ ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയാവുകയും എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് പുരുഷനായി ഡീട്രാന്‍സിഷന്‍ സര്‍ജറി ചെയ്യുകയും ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണ്. അദ്ദേഹമാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരുടെ നീറുന്ന അനുഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇത്തരം സര്‍ജറികള്‍ ചെയ്ത് പശ്ചാത്തപിക്കുന്നവരുടെ അനുഭവങ്ങള്‍ മാത്രം ഉള്‍പെടുത്തിക്കൊണ്ട് www. sexchangeregret.com എന്ന ഒരു വെബ്‌സൈറ്റ് തന്നെ ഇന്ന് നമുക്ക് ലഭ്യമാണ്.

ഇവിടെയാണ് സ്വന്തം ലിംഗത്തില്‍തന്നെ ജീവിക്കാനും അതിലേക്ക് മടങ്ങാനുമുള്ള സാധ്യതകളെ കൊട്ടിയടച്ച് ഈ ആക്റ്റീവിസ്റ്റുകള്‍ മുന്നോട്ടുവെക്കുന്ന ഈ പരിഹാരം എത്ര ഭീകരമാണ് എന്നത് നാം തിരിച്ചറിയേണ്ടത്. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെക്കൊണ്ട് തന്നെ ഈ സര്‍ജറികളാണ് നിങ്ങള്‍ക്കുള്ള പരിഹാരം എന്ന് വിശ്വസിപ്പിക്കുകയും മറിച്ചുള്ള പരിഹാരം അവതരിപ്പിക്കുന്നവരെ ശത്രുക്കളായി ചിത്രീകരിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.

ഇരകള്‍ക്കെതിരെയല്ല, വേട്ടക്കാര്‍ക്കെതിരെ

തങ്ങളുടെ ലിബറല്‍വാദങ്ങളും ലൈംഗികതയെപ്പറ്റിയുള്ള കുത്തഴിഞ്ഞ സങ്കല്‍പങ്ങളുമെല്ലാം നടപ്പിലാക്കാനാണ് LGBTQ ആക്റ്റിവിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രതീതിയുണ്ടാക്കുകയും തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെല്ലാം മനുഷ്യാവകാശങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആക്റ്റിവിസ്റ്റുകളാണ് ഈ മനുഷ്യരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

അവിടെയാണ് നാം ശബ്ദിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഈ റാഡിക്കല്‍ ലെഫ്റ്റ് സിദ്ധാന്തങ്ങള്‍ പേറി അരാജകത്വം സ്വപ്‌നം കാണുന്ന ആക്റ്റിവിസ്റ്റുകള്‍ക്കെതിരിലാ ണെന്നതും അല്ലാതെ പ്രയാസം അനുഭവിക്കുന്ന ഇരകള്‍ക്കെതിരെയല്ല എന്നതും പ്രസക്തമാകുന്നത്. അപൂര്‍വമെങ്കിലും ചിലരെങ്കിലും ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരായി നമ്മുടെ ചുറ്റിലുമുണ്ട്. അവരെ അനുഭാവപൂര്‍വം കാണാനും അവരെ ഈ ആക്റ്റിവിസ്റ്റുകളുടെ കെണിയില്‍ പെടാതെ സംരക്ഷിക്കാനും പരിഗണിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരാള്‍ക്ക് മാനസികമായി ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകുന്നു എന്നത് അവരെ കുറ്റക്കാരോ അവഗണിക്കേണ്ടവരോ ആക്കുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ ഒരു മാനസിക പ്രശ്‌നമായി തിരിച്ചറിയാനും ആ നിലയ്ക്ക് തന്നെ ഏറ്റവും നന്നായി അവരോട് പെരുമാറുവാനും അവരെ സാധാരണ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് നാം ശ്രമിക്കേണ്ടത്. ക്രോസ് ഡ്രസ്സിംഗ് ചെയ്തു കൊണ്ടോ സൗന്ദര്യവര്‍ധക വസ്തുക്കളും ആഭരണങ്ങളും ഉപയോഗിച്ചുകൊണ്ടോ അത്തരം സ്വത്വസങ്കല്‍പത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നില്ല.

മുസ്‌ലിം സമുദായത്തിലടക്കം ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് നിരുത്തരവാദപരമായ സമീപനങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് കാണപ്പെടുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങുമ്പോഴേക് ക് അവരെ മര്‍ദിച്ചും അനാവശ്യപേരുകള്‍ വിളിച്ചും ഒറ്റപ്പെടുത്തിയും പ്രയാസത്തിന്റെ കയങ്ങളിലേക്ക് തള്ളിവിടുന്ന അവസ്ഥ ദയനീയമാണ്. അങ്ങനെയുണ്ടാകുമ്പോഴാണ് ഇവര്‍ വീടും കുടുംബവും വിട്ടിറങ്ങുന്നതും ആക്റ്റിവിസ്റ്റുകളുടെയും സെക്‌സ് മാഫിയകളുടെയും കെണിയില്‍ അകപ്പെട്ട് ജീവിതം തന്നെ തുലയ്ക്കുന്നതും. അതിനുപകരം അവരോട് അവരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നല്ല നിലയില്‍ പെരുമാറുകയും ഇത് ഒരു പരീക്ഷണമാണെന്ന് അവരെ ബോധ്യപ്പെടുത്തി ക്ഷമിക്കാനും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കാനും പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.

സോഷ്യല്‍ മീഡിയയിലൂടെയും സിനിമകളിലൂടെയുമെല്ലാം വളരെ പ്രതിലോമകരമായ ആശയങ്ങള്‍ നിരന്തരം പ്രസരിപ്പിക്കുന്നത് കൊണ്ടുതന്നെ നമുക്ക് ചുറ്റിലും നമ്മുടെ കുടുംബങ്ങളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ വളരെ അവധാനതയോടെ നാമത് കൈകാര്യം ചെയ്യേണ്ടതുണ്ട്. വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയെന്ന പേരില്‍ അവര്‍ അവരുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണെന്നും അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ കെണിയിലായിരിക്കും അകപ്പെടുന്നത് എന്നും സമൂഹത്തോട് ഉറക്കെയുറക്കെ നാം പറഞ്ഞുകൊണ്ടേയിരിക്കണം.

ഏറ്റവും അവസാനം ജീവന്‍ വെടിഞ്ഞ വ്യക്തിയടക്കം ഇവര്‍ മുന്നോട്ടുവെക്കുന്ന വ്യാജ പരിഹാര സിദ്ധാന്തത്തിന്റെ ഇരയാണെന്നും ഇനിയുമൊരു ജീവന്‍ പൊലിഞ്ഞുകൂടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

അബ്ദുല്ല ബാസില്‍ സി.പി