കറുത്ത അടയാളമുള്ള പഴം

കറുത്ത അടയാളമുള്ള പഴം

ആബിദ്ജാന്‍ ഒരു സമ്പന്ന യുവാവായിരുന്നു. നീന്തല്‍ക്കുളവും ടെന്നീസ് കോര്‍ട്ടും അടങ്ങിയ വലിയ വീടുകളും വലിയ പട്ടണങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണ ധനികരില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അയാള്‍. ആബിദ് ജനങ്ങളെ വഞ്ചിക്കുമായിരുന്നില്ല. കള്ളംപറഞ്ഞ് കച്ചവടം നടത്തുമായിരുന്നില്ല. അദ്ദേഹം തന്റെ ധനത്തിന്റെ നല്ലൊരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു.

ആബിദ്ജാന് ഒരേയൊരു മകളാണുള്ളത്. പേര് അസ്മാജാന്‍. ഒറ്റമകളായതുകൊണ്ട് തന്നെ ആബിദ്അവളെ നന്നായി ശ്രദ്ധിച്ചാണ് വളര്‍ത്തിയത്. അസ്മാജാന്‍ നല്ല കുട്ടിയും പിതാവിനെ പോലെ ദയാലുവുമായിരുന്നു; നല്ല അച്ചടക്കവും വൃത്തിയുമുള്ളവള്‍. അവള്‍ എത്ര തണുപ്പാണെങ്കിലും എന്നും രാവിലെ കുളിക്കും. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ നന്നായി വൃത്തിയാക്കല്‍ അവളുടെ ശീലമായിരുന്നു. തനിക്ക് കിട്ടുന്ന പണത്തില്‍നിന്ന് ധര്‍മം കൊടുക്കുന്നത് അവള്‍ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു.  അഞ്ചുനേരം കൃത്യമായി നമസ്‌കരിക്കുവാന്‍ അവള്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല. ദിവസവും നിശ്ചിത സമയത്ത് അവള്‍ ക്വുര്‍ആന്‍ ഓതും.

അവള്‍ ഭക്ഷണത്തെ കുറ്റം പറയില്ല. ഇഷ്ടഭക്ഷണത്തിനായി വാശിപിടിച്ച് കരയാറുമില്ല. അവളുടെ പിതാവ് അവള്‍ക്ക് ഏറ്റവും രുചികരമായ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ തയ്യാറായിരുന്നെങ്കിലും അവള്‍ അതിലൊന്നും താല്‍പര്യം പ്രകടിപ്പിച്ചില്ല. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികളോടും വേവിച്ച ധാന്യഭക്ഷണത്തോടുമായിരുന്നു അവള്‍ക്ക് താല്‍പര്യം. എന്ത് കഴിച്ചാലും അവള്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യും.

എന്നാല്‍ അവള്‍ വാഴപ്പഴം കഴിച്ചിരുന്നില്ല. അത് കാണുമ്പോള്‍ തന്നെ അവള്‍ക്ക് ഓക്കാനം വരും. അത്‌കൊണ്ടു ആബിദ്ജാന്‍ വീട്ടില്‍ വാഴപ്പഴം കൊണ്ടുവരാറില്ല. കുടുംബക്കാര്‍ വിരുന്ന് വരുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കും.

ഒരുദിവസം ആബിദ് ജാന്‍ അസ്മയോട് ചോദിച്ചു: ”പ്രിയപ്പെട്ട മോളേ, നിനക്ക് പഴം ഇഷ്ടമില്ലാത്തതിന്റെ കാരണം എന്താണ്?”

അസ്മ പറഞ്ഞു: ”ക്ഷമിക്കണം ഉപ്പാ. അതിനുപുറത്തെ കറുത്ത പാടുകളാണ് പ്രശ്‌നം. അത് കാണുമ്പോള്‍ ഛര്‍ദിക്കാന്‍ വരും. ചീഞ്ഞാലല്ലേ അങ്ങനെ കറുത്തുപോവുക?”

”ഓ അതാണ് നിന്റെ പ്രശ്‌നമല്ലേ? ഇത് പരിഹരിക്കാവുന്ന നിസ്സാര പ്രശ്‌നമാണ്. ഞാന്‍ നാളെ കറുത്ത പാടുകളില്ലാത്ത പഴം കൊണ്ടുതരാം” ആബിദ് ചിരിച്ചുകൊണ്ട് പറഞ്ഞു.

പിറ്റേദിവസം അയാള്‍ കറുത്ത ചെറിയ പാട്‌പോലുമില്ലാത്ത പഴവുമായി വീട്ടിലെത്തി. ശുദ്ധമായ മഞ്ഞനിറമുള്ള പഴം. അതിന്റെ അഗ്രഭാഗത്ത് ചെറിയ പച്ചക്കളറുമുണ്ട്. ആബിദ്ജാന്‍ ഒരു പഴമെടുത്ത് മകളുടെ കയ്യില്‍കൊടുത്ത് തൊലി കളയാന്‍ ആവശ്യപ്പെട്ടു.

അവള്‍ പഴത്തിന്റെ തൊലിയുരിഞ്ഞ് തൂവെള്ളനിറമുള്ള പഴത്തിലേക്ക് അത്ഭുതത്തോടെ നോക്കി.

”ഇനി തിന്നോളൂ” ആബിദ് പറഞ്ഞു.

അവള്‍ മടിച്ചുമടിച്ച് പതിയെ അത് തിന്നു.

”എങ്ങനെയുണ്ട് മോളേ?”ആബിദ് ചോദിച്ചു.

”കാണാന്‍ നല്ല ചന്തം. എന്നാല്‍ രുചി അത്ര നല്ലതല്ല” അസ്മ പറഞ്ഞു.

”ശരി ഇനി ഇത് നോക്കൂ” കറുത്ത അടയാളങ്ങളുള്ള ഒരു പഴം അയാള്‍ സഞ്ചിയില്‍നിന്ന് പുറത്തെടുത്ത് മകളുടെ കയ്യില്‍ കൊടുത്ത് പറഞ്ഞു.

അവള്‍ മനമില്ലാമനസ്സോടെ അത് വാങ്ങി. അതിന്റെ തൊലി നീക്കംചെയ്തു. ആദ്യം കിട്ടിയ പഴത്തെക്കാള്‍ മൃദുലമായ പഴം. എന്നാല്‍ കറുത്ത പാടുകള്‍ കണ്ടതിനാല്‍ തിന്നാന്‍ തോന്നിയില്ല.

”മടിക്കേണ്ട, കഴിച്ചുനോക്ക്” ആബിദ് പറഞ്ഞു.

അസ്മ അല്‍പം പ്രയാസത്തോടെയാണെങ്കിലും തിന്നാന്‍ തുടങ്ങി.

”എങ്ങനെയുണ്ട്?” ആബിദ് ചോദിച്ചു.

”കറുത്ത പാടുകള്‍ കണ്ടതിനാല്‍ ചീഞ്ഞപോലെ തോന്നി. എന്നാല്‍ ആദ്യം തിന്ന പഴത്തെക്കാള്‍ സ്വാദുണ്ട്” അസ്മയുടെ വാക്കുകളില്‍ വിസ്മയം.

”മോളേ, ഇപ്പോള്‍ നീ കാര്യം മനസ്സിലാക്കിയല്ലോ. ഇതാണ് എനിക്ക് നിന്നോട് പയാനുള്ളത്. പുറംചട്ട കണ്ട് ഒരു പുസ്തകത്തെ വിലയിരുത്തരുത്. ഇൗ പഴം പോലെ എല്ലാ മനുഷ്യരിലും കറുത്ത പാട് ഉണ്ടാകും. നിനക്ക് എല്ലാവരിലെയും എല്ലാതും ഇഷ്ടപ്പെടണെന്നില്ല. എന്നാലും എല്ലാവരെയും ഇഷ്ടപ്പെടണം. തെറ്റ് മാത്രം നോക്കിയാല്‍ ഒരാളെയും സുഹൃത്താക്കാന്‍ കഴിയില്ല. കാരണം കുറ്റവും കുറവുമില്ലാത്ത മനഷ്യരില്ല. ഗുരുതരമായ തെറ്റുകള്‍ ചെയ്ത് ജീവിക്കുന്നവരെ കൂട്ടുകാരാക്കുന്നത് ദോഷകരമാണ്. എന്നാല്‍ മാനുഷികമായ കൊച്ചുകൊച്ചു തെറ്റുകളും വീഴ്ചകളും നോക്കി നല്ലവരല്ലെന്ന് വിലയിരുത്തരുത്. ബാഹ്യമായ സൗന്ദര്യത്തിലേക്ക് നോക്കിയും ആളുകളെ വിലയിരുത്തരുത്.”

പിതാവിന്റെ ഈ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ട അസ്മ പഞ്ഞു: ”നല്ല ഒരു ഗുണപാഠമാണ് ഉപ്പ ഈ പഴത്തിലൂടെ എന്നെ പഠിപ്പിച്ചത്. ഇനി മുതല്‍ ഞാനിതെല്ലാം ശ്രദ്ധിച്ച് ജീവിക്കാം.”

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

മൂളികുമാരിയും തള്ളക്കൊതുകും

മൂളികുമാരിയും  തള്ളക്കൊതുകും

”അമ്മേ, എനിക്കു വയ്യ ഇനിയിങ്ങനെ വീട്ടില്‍ ഒതുങ്ങിക്കഴിയാന്‍. ഞാനുമുണ്ട് അമ്മയുടെ കൂടെ മനുഷ്യരുടെ ചോര കുടിക്കാന്‍”-മൂളികുമാരിക്കൊതുക് കൊഞ്ചിക്കൊണ്ട് തള്ളക്കൊതുകിനോട് പറഞ്ഞു.

”അയ്യോ! മോളേ, നീ അതിനൊന്നും ആയിട്ടില്ല. നീയിപ്പോള്‍ ഈ ചീഞ്ഞ പഴങ്ങളില്‍നിന്നും മറ്റും നീരൂറ്റിക്കുടിച്ച് കഴിഞ്ഞാല്‍ മതി. പുറത്തുപോയി മനുഷ്യരക്തം കുടിക്കാന്‍ മാത്രം നീ വളര്‍ന്നിട്ടില്ല. അവന്മാര്‍ വലിയ ക്രൂരന്മാരാണ്. ഒറ്റയടിക്ക് നിന്നെ അവര്‍ ചമ്മന്തിയാക്കും”-തള്ളക്കൊതുക് പറഞ്ഞു.

”ഈ അമ്മ എന്നും ഇങ്ങനെയേ പറയൂ. ഇന്ന് ഞാന്‍ എന്തായാലും മനഷ്യരക്തം കുടിക്കാന്‍ പോരും..ങാ…” മൂളികുമാരി ഗര്‍വോടെ പറഞ്ഞു.

”മോളേ അരുതെന്നാ ഞാന്‍ നിന്നോട് പറയുന്നത്. ആപത്തില്‍ ചെന്നുചാടരുത്. നിന്റെ അച്ഛന്‍ ഈ കൊതുകുകോളനിയിലെ ഏറ്റവും വലിയ ധീരനായിരുന്നു. അദ്ദേഹത്തെ പോലും മനുഷ്യര്‍ വകവരുത്തി. ശവം പോലു കണ്ടെത്താനായില്ല”-തള്ളക്കൊതുക് കണ്ണീര്‍ തുടച്ചു.

”എന്റെ പൊന്നു മോള്‍ പറഞ്ഞത് അനുസരിക്കണം. അമ്മ പുറത്ത് പോകുന്നു. കുട്ടുകാരോടൊപ്പം കളിച്ചോളൂ. അമ്മ വൈകാതെ തിരിച്ചെത്തും”-മകള്‍ക്ക് ഒരു മുത്തം നല്‍കി തള്ളക്കൊതുക് പറന്നുയര്‍ന്നു.

അമ്മ പറയുന്നത് കേട്ടാല്‍ ഒരിക്കലും മനുഷ്യരക്തത്തിന്റെ രുചിയറിയാന്‍ കഴിയില്ല. കൂട്ടുകാരില്‍ പലരും മനുഷ്യരക്തത്തിന്റെ രുചിയെക്കുറിച്ച് പറയുമ്പോള്‍ നാവില്‍ വെള്ളമൂറും. ഇന്നെന്തായാലും ഒന്നു പോയിനോക്കാം. മൂളികുമാരിക്കൊതുക് കൊച്ചുചിറകുകള്‍ ചലിപ്പിച്ച് പറന്നുയര്‍ന്നു.

മൂളികുമാരി ഒരു വലിയ വീട്ടില്‍ പ്രവേശിച്ചു. മുറികളിലെങ്ങും ഒരാളെയും കാണാനില്ല. ഒടുവില്‍ അവള്‍ ഒരു മുറിയിലെത്തി. അവിടെ ഒരാള്‍ ഇരുന്ന് വായിക്കുന്നത് കണ്ടു. മനുഷ്യരെ ദൂരെവച്ചു കണ്ട പരിചയമേയുള്ളൂ. ഇന്നിതാ സ്വാദുള്ള ചുടുരക്തം കുടിക്കാന്‍ പോകുന്നു. അവളുടെ വായില്‍ വെള്ളമൂറി.

മൂൡകുമാരി തുറന്നിട്ട ജനലിലൂടെ മുറിക്കുള്ളില്‍ പ്രവേശിച്ച് ആ മനുഷ്യനെ ലക്ഷ്യമാക്കി പറന്നു. അവളുടെ പ്രതീക്ഷ തെറ്റി. അയാളുടെ അടുത്തേക്ക് പറന്നടുക്കാന്‍ കഴിയുന്നില്ല. മേശപ്പുറത്ത് ഒരു സാധനം അതിശക്തമായി കറങ്ങുന്നു. പലവണ ശ്രമിച്ചിട്ടും അടുക്കുവാന്‍ കഴിഞ്ഞില്ല. അവളാകെ തളര്‍ന്നു. ഒടുവില്‍ അവശയായി അവള്‍ വീട്ടിലേക്ക് തിരിച്ചുപോയി.

”ഹാവൂ… എന്റെ അമ്മേ”-അവള്‍ അമ്മയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. അമ്മയാകട്ടെ മകളെ കാണാത്ത വിഷമത്താല്‍ വേവലാതിപൂണ്ടിരിക്കുകയായിരുന്നു.

”എന്റെ മോളേ, നീ എവിടെയായിരുന്നു ഇത്രയും നേരം? എന്തെങ്കിലും പറ്റിയോ?”-തള്ളക്കൊതുക് മകളെ കെട്ടിപ്പിടിച്ച് സന്തോഷാശ്രു പൊഴിച്ചു. മൂളികുമാരി നടന്നതെല്ലാം വിശദീകരിച്ചു. അപകടം പിണയാത്തതില്‍ ഇരുവരും ആശ്വസിച്ചു.

പിറ്റേദിവസവും മകളെ ഉപദേശിച്ച് തള്ളക്കൊതുക് പുറത്തുപോയി. മൂളികുമാരിക്ക് അടങ്ങിയിരിക്കാനായില്ല. ഇന്നും ഒന്ന് പരി്രശമിച്ചു നോക്കാം. ആ കറങ്ങുന്ന സാധനം ഫാനാണത്രെ; കാറ്റു നല്‍കുന്ന യന്ത്രം. ചെറിയ കുടിലുകളില്‍ അതുണ്ടാകില്ല പോലും. അമ്മ ഇത് പറഞ്ഞുതന്നത് നന്നായി. ഇന്ന് ഒരു ചെറിയ കുടിലില്‍ ചെല്ലാം.

മൂളികുമാരി ധൈര്യം സംഭരിച്ച് പറന്നുയര്‍ന്നു. കുറെ ചെന്നപ്പോള്‍ ഒരു കുടില്‍ കണ്ണില്‍ പെട്ടു. മുറ്റത്ത് കുറെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു. അവള്‍ക്ക് സന്തോഷമായി. അവരുടെമേല്‍ ഇരിക്കാന്‍ അവള്‍ ശ്രമിച്ചു. പക്ഷേ, അവര്‍ ഓടിക്കളിക്കുന്നതുകൊണ്ട് അതിന് കഴിഞ്ഞില്ല. എങ്കിലും പിന്‍മാറാന്‍ തയ്യാറായില്ല. അവള്‍ കുടിലിന്റെ അടുക്കളയില്‍ പ്രവേശിച്ചു. ഒരു സ്ത്രീ എന്തോ ജോലിയിലാണ്. ഇതു തന്നെ അവസരം. മൂളികുമാരി സ്ത്രീയുടെ നാലുപാടും മൂളിക്കൊണ്ട് പറന്നു. 

”ഹൊ, ഈ നശിച്ച കൊതുക് പണിയെടുക്കാന്‍ അനുവദിക്കില്ല” -ആ സ്ത്രീ വായുവില്‍ കൈചലിപ്പിച്ച് കൊതുകിനെ അകറ്റാന്‍ ശ്രമിച്ചു. മൂളികുമാരി ഭയന്ന് വാതിലിനു മുകളില്‍ പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ സ്ത്രീയുടെ ഇടതുകാല്‍തണ്ടയില്‍ പോയിരുന്നു. അന്നേരം മൂളികുമാരിയുടെ നെഞ്ച് ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. ദൈവമേ… ആദ്യമായാണ് …എന്ത്‌സംഭവിക്കുമാവോ… പള്ള നിറച്ച് ചോരകുടിച്ച് രക്ഷെപ്പട്ടാല്‍ അമ്മയുടെ മുമ്പില്‍ ചെന്ന് വീമ്പുപറയാം. കൂട്ടുകാരോട് വീരസ്യം പറയാം. അവള്‍ കണ്ണിറുകെ ചിമ്മി തന്റെ കൂര്‍ത്ത ചുണ്ട് ആ സ്ത്രീയുടെ കാലില്‍ ആഴ്ത്തി.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഒറ്റയടി! ‘അമ്മേ’ എന്ന് നിലവിളിക്കാന്‍ പോലും അവള്‍ക്കായില്ല. അതിനുമുമ്പേ അവള്‍ ചതഞ്ഞരഞ്ഞു. ആ സമയം മകളെ കാണാത്തതില്‍ വിഷമിച്ച് കരഞ്ഞുകൊണ്ട് തള്ളക്കൊതുക് വീട്ടിലിരിക്കുകയായിരുന്നു; അവള്‍ ഇപ്പോള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ.

കൂട്ടുകാരേ, അനുസരണക്കേടിന്റെ അനന്തര ഫലം ആപത്താണ്. മാതാപിതാക്കള്‍ ഒരു കാര്യം ചെയ്യരുതെന്ന് പറയുന്നത് നമ്മുടെ ഗുണത്തിനു വേണ്ടിയായിരിക്കും. നമുക്ക് അപകടം സംഭവിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അവര്‍ നമ്മെ എപ്പോഴും ഉപദേശിക്കുന്നത്. നാം അതില്‍ വെറുപ്പു കാണിക്കുകയോ അനുസരണക്കേട് കാണിക്കുകയോ ചെയ്യരുത്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

വിചിത്രമായ പരീക്ഷണം

വിചിത്രമായ പരീക്ഷണം

ദൂരെ കിഴക്കുള്ള ഒരു രാജ്യത്തെ രാജാവിന് വയസ്സൊരുപാടായി. തന്റെ പിന്‍ഗാമിയെ തെരഞ്ഞടുക്കാന്‍ സമയമായെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. തന്റെ മക്കളില്‍നിന്ന് ആരെയെങ്കിലും രാജാവായി തെരഞ്ഞെടുക്കുന്നതിനു പകരം വളരെ വ്യത്യസ്തമായ രീതിയില്‍ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനാണ് അദ്ദേഹം തീരുമാനിച്ചത്. 

ഒരു ദിവസം അദ്ദേഹം തന്റെ രാജ്യത്തെ മുഴുവന്‍ യുവാക്കളെയും വിളിച്ചുകൂട്ടി. എന്നിട്ട് അവരോട് പറഞ്ഞു: ”എനിക്ക് അധികാരം കൈമാറാന്‍ സമയമായിരിക്കുന്നു. ഞാന്‍ നിങ്ങളില്‍ നിന്ന് ഒരാളെ അടുത്ത രാജാവായി തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശിക്കുന്നു.”

ഈ വാക്കുകള്‍ വിശ്വസിക്കാനാവാതെ എല്ലാവരും പരസ്പരം നോക്കി. ആകാംക്ഷയോടെയും അത്ഭുതത്തോടെയും തന്നെ നോക്കിനില്‍ക്കുന്ന യുവാക്കളെ നോക്കി രാജാവ് തുടര്‍ന്നു: 

”ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ വിത്ത് തരാന്‍ പോകുകയാണ്. നിങ്ങള്‍ അത് കുഴിച്ചിട്ട് മുളപ്പിച്ച് പരിപാലിക്കണം. എന്നിട്ട് അതുമായി ഒരു വര്‍ഷം കഴിഞ്ഞ് ഇവിടെ വരണം. നിങ്ങള്‍ കൊണ്ടുവന്ന ചെടി കണ്ട ശേഷം നിങ്ങളില്‍നിന്നും യോഗ്യനായ ഒരാളെ ഞാന്‍ രാജാവായി തെരഞ്ഞെടുക്കും.”

ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവാണ് ലിങ്ങ്. എല്ലാവര്‍ക്കും കിട്ടിയ പോലെ അവനും ഒരു വിത്ത് കിട്ടി. അതുമായി അവന്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ലിങ്ങ് മാതാവിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു. അവര്‍ അവനെ ചെടിച്ചട്ടിയില്‍ മണ്ണുനിറക്കാനും വെള്ളമൊഴിക്കാനും മറ്റും സഹായിച്ചു. അത് മുളച്ചുവരുന്നുണ്ടോ എന്ന് ഓരോ ദിവസവും അവന്‍ നോക്കും. അങ്ങനെ ഒരാഴ്ച കഴിഞ്ഞു. നാട്ടിലെ ചില യുവാക്കള്‍ അവര്‍ക്ക് കിട്ടിയ വിത്ത് മുളച്ചുവെന്നും നന്നായി വളരുന്നുണ്ടെന്നും അവനോട് പറഞ്ഞു.

 ആഴ്ചകള്‍ പലതു കഴിഞ്ഞു. ലിങ്ങിന്റെ വിത്ത് മാത്രം മുളച്ചില്ല! മറ്റുള്ളവരെല്ലാം തങ്ങളുടെ ചെടിയെക്കുറിച്ച് മേനിപറയുമ്പോള്‍ അവന് സങ്കടം തോന്നും. താന്‍ പരാജയപ്പെടുമെന്ന് അവന് തോന്നി. എന്നാല്‍ തനിക്ക് കിട്ടിയ വിത്ത് മുളക്കാത്ത കാര്യം ആരോടും അവന്‍ പറഞ്ഞില്ല. 

ഒരു വര്‍ഷം പൂര്‍ത്തിയായി. എല്ലാവരും അവരവരുടെ ചെടികളുമായി രാജകൊട്ടാരത്തിന്റെ മുറ്റത്തെത്തി. തനിക്ക് കിട്ടിയ വിത്ത് മുളക്കാത്തതിനാല്‍ രാജാവിന്റെ അടുത്തേക്ക് പോകുന്നില്ല എന്നായിരുന്നു ലിങ്ങിന്റെ തീരുമാനം. വെറുതെ പോയി അപമാനിതനാകേണ്ടല്ലോ. എന്നാല്‍ അവന്റെ മാതാവ് അവനെ പോകുവാന്‍ നിര്‍ബന്ധിച്ചു. നട്ടുനനച്ച് പരിപാലിച്ചിട്ടും മുളച്ചില്ല എന്ന വിവരം രാജാവിനെ അറിയിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ലിങ്ങിന്റെ മനസ്സ് നീറുകയായിരുന്നു. മാതാവിനെ അനുസരിക്കണമല്ലോ എന്നതിനാല്‍ ഒടുവില്‍ അവന്‍ പോയി. 

കൊട്ടാരത്തിലെത്തിയപ്പോള്‍ വ്യത്യസ്തങ്ങളായ പൂക്കളുള്ള അനേകം ചെടികള്‍ കണ്ട് ലിങ്ങ് ആശ്ചര്യപ്പെട്ടു. അവന്‍ തന്റെ മണ്ണ് മാത്രമുള്ള ചട്ടി താഴെ വച്ചു. മറ്റുള്ളവര്‍ അത് കണ്ട് അവനെ കളിയാക്കിച്ചിരിച്ചു. ചിലര്‍ സഹതാപം പ്രകടിപ്പിച്ച് പരിഹസിച്ചു: ”അയ്യോ, പാവം. രാജാവായതുതന്നെ!”

അങ്ങനെ രാജാവ് ആഗതനായി. എല്ലാവരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ലിങ്ങ് അപമാനബോധത്താല്‍ മറ്റുള്ളവരുടെ പുറകില്‍ ഒളിക്കാന്‍ ശ്രമിച്ചു.  

രാജാവ് പറഞ്ഞു: ”ഹോ, എത്ര തരം ചെടികളം പൂക്കളുമാണ് ഞാന്‍ കാണുന്നത്! നിങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ന് ഞാന്‍ എന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ പോകുകയാണ്.” 

അന്നേരമാണ് ഒഴിഞ്ഞ ചട്ടിയുമായി പിന്നില്‍ നില്‍ക്കുന്ന ലിങ്ങിനെ രാജാവ് കണ്ടത്. രാജാവ് ഭടന്മാരോട് അവനെ മുന്നിലേക്ക് കൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ ഭയന്നുവിറച്ചു. എന്റെ വിത്ത് മാത്രം മുളച്ചിട്ടില്ല. ഒരുപക്ഷേ, രാജാവ് എന്നെ കൊന്നുകളയാന്‍ കല്‍പിക്കുമായിരിക്കും- അവന്‍ മനസ്സില്‍ കരുതി. 

”നിന്റെ പേരെന്താണ്” രാജാവ് ചോദിച്ചു.

”ലി…ലിങ്ങ്” വിറച്ചുകൊണ്ട് അവന്‍ മറുപടി പറഞ്ഞു.

യുവാക്കളെല്ലാം അവനെ കളിയാക്കിച്ചിരിച്ചു. 

”മിണ്ടരുതാരും…” രാജാവ് കല്‍പിച്ചു.

എന്നിട്ട് ലിങ്ങിനെ നോക്കി യുവാക്കളോടായി രാജാവ് പറഞ്ഞു: ”ശ്രദ്ധിക്കുക! ഈ നില്‍ക്കുന്ന ലിങ്ങ് എന്ന് പേരുള്ള യുവാവാണ് ഇനി മുതല്‍ നിങ്ങളുടെ രാജാവ്.” 

ഇതു കേട്ട് യുവാക്കളെല്ലാം അമ്പരന്നു. ലിങ്ങിന് രാജാവും തന്നെ കളിയാക്കുകയാണോ എന്ന് തോന്നി. കാരണം തനിക്ക് കിട്ടിയ വിത്ത് മുളച്ചിട്ടുപോലുമില്ല. പിന്നെ എങ്ങനെ രാജാവായി തെരഞ്ഞെടുക്കപ്പെടും?

എല്ലാവരും കാര്യമറിയാതെ മിഴിച്ചുനില്‍ക്കവെ രാജാവ് പറഞ്ഞു: ”ഒരു വര്‍ഷം മുമ്പ് ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓരോ വിത്ത് വീതം നല്‍കി. അത് നട്ടുവളര്‍ത്തി ഒരു വര്‍ഷത്തിനു ശേഷം കൊണ്ടുവരാനും പറഞ്ഞു.”

”ഞങ്ങളെല്ലാവരും നട്ടുവളര്‍ത്തി ചെടികളുമായി വന്നു. എന്നാല്‍ വെറും ചട്ടിയുമായി വന്ന ഇവന്‍ എങ്ങെനയാണ് രാജാവുക?” ചില യുവാക്കള്‍ ചോദിച്ചു. 

”നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ തന്നത് ഒരിക്കലും മുളക്കാത്ത വിത്തുകളായിരുന്നു. ലിങ്ങ് ഒഴികെ എല്ലാവരും ചെടികളുമായി വന്നു. ഞാന്‍ തന്ന വിത്ത് മുളക്കാത്തതിനാല്‍ നിങ്ങളെല്ലാവരും വേറെ വിത്ത് നട്ടാണ് ചെടികളുണ്ടാക്കിയത്. അധികാരം കിട്ടാനുള്ള അത്യാഗ്രഹത്താല്‍ നിങ്ങളെല്ലാവരും വഞ്ചന കാണിച്ചു. ലിങ്ങ് മാത്രമാണ് സത്യസന്ധത കാണിച്ചത്. നിങ്ങള്‍ ചെയ്തതുപോലെ അവനും ചെയ്യാമായിരുനു. എന്നാല്‍ വിശ്വസ്തനും സത്യസന്ധനുമായ അവന്‍ അതിന് തയ്യാറായില്ല. അതിനാല്‍ രാജാവാകാനുള്ള യോഗ്യത ലിങ്ങിന് മാത്രമാണുള്ളത്.”

രാജാവ് രാജകിരീടം ലിങ്ങിന്റെ തലയില്‍ വെച്ചുകൊടുക്കുമ്പോള്‍ മറ്റു യുവാക്കളെല്ലാം ലജ്ജിച്ച് തലതാഴ്ത്തി.

കൂട്ടുകാരേ, വഞ്ചനയും കള്ളത്തരവും നമ്മെ നാശത്തിലേക്കാണ് നയിക്കുക. എന്നാല്‍ വിശ്വസ്തതയും സത്യസന്ധതയും നമ്മെ വിജയികളാക്കും. അവര്‍ക്ക് ആരുടെ മുമ്പിലും അപമാനിതരാകേണ്ടി വരില്ല. അതിനാല്‍ സത്യസന്ധരായി ജീവിക്കുവാന്‍ എല്ലാവരും പരിശ്രമിക്കുക. 

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

കരുണയുള്ള മനസ്സ്

കരുണയുള്ള മനസ്സ്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സമീര്‍ ആ കാഴ്ച കണ്ടത്. അവന്റെ അതേ പ്രായമുള്ള ഒരു കുട്ടി റോഡുവക്കിലുള്ള വേസ്റ്റ് ബോക്‌സില്‍ കളഞ്ഞു പോയതെന്തോ തിരയും പോലെ പരതുന്നു. ഇടയ്ക്ക് എന്തോ എടുത്ത് തന്റെ കയ്യിലുള്ള സഞ്ചിയില്‍ ഇടുന്നു. 

സമീര്‍ അവന്റെ അടുത്തുചെന്നുകൊണ്ട് ചോദിച്ചു: ”അയ്യേ എന്ത് വൃത്തികേടാണീ കാണിക്കുന്നത്? ഇത് മുഴൂവന്‍ മാലിന്യമല്ലേ? ഇതില്‍ കയ്യിട്ടാല്‍ രോഗമുണ്ടാകുമെന്ന് നിനക്കറിയില്ലേ?”

ആ കുട്ടി ദുഃഖത്തോടെ പറഞ്ഞു: ”നിനക്കറിയുമോ? എന്റെ ഉപ്പ കുറെ ദിവസമായി സുഖമില്ലാതെ കിടപ്പിലാണ്. അതുകൊണ്ട് ജോലിക്കു പോകാന്‍ പറ്റിയിട്ടില്ല. മരുന്നു വാങ്ങാനും ഭക്ഷണത്തിനും ഒരു വഴിയുമില്ല. വിശപ്പ് സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഞാന്‍ ഈ മാലിന്യത്തിനിടയില്‍ തിന്നാന്‍ വല്ലതും കിട്ടുമോ എന്ന് തിരയുന്നത്.”

ഇതു കേട്ടപ്പോള്‍ സമീറിന് വലിയ സങ്കടം തോന്നി. ‘പാവം കുട്ടി’. അവന്‍ മനസ്സില്‍ പറഞ്ഞു. സമീര്‍ വീട്ടിലേക്ക് മടങ്ങി. അപ്പോഴും അവന്റെ മനസ്സില്‍ മാലിന്യത്തില്‍ ഭക്ഷണം തിരയുന്ന ആ കുട്ടിയുടെ മുഖം മായാതെ നില്‍ക്കുന്നുണ്ടായിരുന്നു. അവനെ എങ്ങനെ സഹായിക്കുമെന്നായി സമീറിന്റെ ചിന്ത മുഴുവന്‍. 

വീട്ടിലെത്തിയ ഉടന്‍ അവന്‍ തന്റെ മുറിയില്‍ കയറി. അവിടെ ഒരു മണ്‍പാത്രമുണ്ട്. അത് അവന്‍ കാശ് സൂക്ഷിക്കുന്നതാണ്. തനിക്ക് ലഭിക്കുന്ന കാശില്‍നിന്നും ആവശ്യം കഴിഞ്ഞുള്ളത് അതിലാണ് നിക്ഷേപിക്കാറുള്ളത്. കുടുംബക്കാര്‍ ആരെങ്കിലും വിരുന്നുവന്നാല്‍ തരുന്ന കാശ് മുഴുവന്‍ അവന്‍ അതിലിടുകയാണ് പതിവ്. കുറെ കാശാകുമ്പോള്‍ ഒരു സൈക്കിള്‍ വാങ്ങണമെന്നാണ് അവന്റെ ആഗ്രഹം. 

‘സൈക്കിള്‍ വാങ്ങലല്ല ആ പാവം കുട്ടിയെ സഹായിക്കലാണ് ഇപ്പോള്‍ വലിയകാര്യം’ സമീര്‍ മനസ്സില്‍ പറഞ്ഞു. അവന്‍ ആ മണ്‍കലം പൊട്ടിച്ച് കാശെല്ലാം പുറത്തെടുത്തു. അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി ഉപ്പയെ സമീപിച്ചു. അവന്‍ താന്‍ കണ്ട കാഴ്ച വേദനയോടെ ഉപ്പയെ അറിയിച്ച ശേഷം പറഞ്ഞു:

”ഉപ്പാ, ഈ കാശൊക്കെ ഞാന്‍ ആ പാവം കുട്ടിക്ക് കൊടുക്കട്ടെ?”

ഉപ്പ സന്തോഷത്തോടെ പറഞ്ഞു: ”മോനേ, നീ നല്ല തീരുമാനമാണ് എടുത്തിരിക്കുന്നത്. നീ ഇത് പറഞ്ഞപ്പോള്‍ ഒരു കഥയാണ് എനിക്ക് ഒാര്‍മ വരുന്നത്.” 

”കഥയോ? പറയൂ ഉപ്പാ…” സമീര്‍ ഉല്‍സാഹത്തോടെ പറഞ്ഞു.

ഒരു വലിയ പട്ടണത്തില്‍ ഒരു ന്യായാധിപനുണ്ടായിരുന്നു. എല്ലാ മാസത്തിലും ഒരു നിശ്ചിത ദിവസം നാട്ടുകാര്‍ അവരുടെ ആവലാതികളും പരാതികളും എഴുതി ന്യായാധിപനെ ഏല്‍പിക്കണമെന്നാണ് നിയമം. പിന്നെ ഒരു ദിവസം ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടും. എന്നിട്ട് അതെല്ലാം വായിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ സഹായിക്കാനും അദ്ദേഹം തയ്യാറാകും. ഒരു ദിവസം വായിച്ച പരാതികളില്‍ ഒന്ന് ന്യായാധിപനെ വല്ലാതെ സ്വാധീനിച്ചു. മാസങ്ങള്‍ക്ക്മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വിധവയുടെ എഴുത്തായിരുന്നു അത്. അവര്‍ക്ക് നാല് ചെറിയ മക്കളുണ്ട്. ഒരു ജോലിയുമില്ല. സഹായിക്കാന്‍ ആരുമില്ല. മക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും നല്‍കാന്‍ ഒരു നിവൃത്തിയുമില്ല. 

അവര്‍ക്ക് ആവശ്യമായതെല്ലാം ഉടന്‍ തന്നെ എത്തിക്കുവാന്‍ അദ്ദേഹം കല്‍പന പുറപ്പെടുവിച്ചു.  അതോടൊപ്പം കൊടും തണുപ്പ് തടയുവാന്‍ ധരിച്ചിരുന്ന മേല്‍ വസ്ത്രം അഴിച്ചു മാറ്റി അദ്ദേഹം താഴെയിട്ടു.  

ഇത് കണ്ട ഒരു കാവല്‍ക്കാരന്‍ ചോദിച്ചു: ”പ്രഭോ, എന്താണിത്? തണുപ്പ് കഠിനമാണ്. വല്ല രോഗവും പിടിപെടും.”

”സാരമില്ല. ഞാനും തണുപ്പ് അനുഭവിക്കട്ടെ. ആ സ്ത്രീയും കുട്ടികളും സംതൃപ്തരാകും വരെ ഞാനിത് ധരിക്കില്ല” ന്യയാധിപന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു.

ഉപ്പ കഥ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും സമീര്‍ കാശുമായി അതിവേഗത്തില്‍ വാതിലിനടുത്തേക്ക് കുതിച്ചിരുന്നു.  

”മോനേ, സ്‌കൂള്‍ വിട്ട് വന്നിട്ട് ഭക്ഷണമൊന്നും കഴിച്ചില്ലല്ലോ. വല്ലതും കഴിച്ച് പോകൂ” ഉപ്പ വിളിച്ചു പറഞ്ഞു.

”ഉപ്പാ, ആ പാവം കുട്ടി വിശപ്പടക്കാതെ ഞാനും വിശപ്പടക്കില്ല” ഇതും പറഞ്ഞ് സമീര്‍ ആ കുട്ടിയെ തേടി യാത്രയായി.   

കൂട്ടുകാരേ, കഷ്ടപ്പെടുന്നവരെ സഹായിക്കല്‍ മുസ്‌ലിമിന്റെ കടമയാണ്. ഉള്ളതിനനുസരിച്ച് മറ്റുള്ളവരെ സഹായിക്കുവാന്‍ ഒരിക്കലും മടി കാണിക്കരുത്. മറ്റുള്ളവരോട് കാരുണ്യം കാണിച്ചാലേ അല്ലാഹു നമ്മോട് കാരുണ്യം കാണിക്കുകയുള്ളൂ. 

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

അത്യാഗ്രഹം അരുത്

അത്യാഗ്രഹം അരുത്

പതിവുപോലെ അന്നും ആ കുരങ്ങന്‍ വളരെ വിശപ്പോടുകൂടിയാണ് ഉറക്കില്‍നിന്നുണര്‍ന്നത്. ഉടനെ വല്ലതും കിട്ടുമോ എന്ന് നോക്കുവാന്‍ അവന്‍ പരക്കംപാഞ്ഞു. പഴുത്തുനില്‍ക്കുന്ന ഒരു വാഴക്കുല അവന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ അവന്‍ വാഴയില്‍ പാഞ്ഞു കയറി. പഴുത്തു പാകമായി നില്‍ക്കുകയായിരുന്ന കുലയില്‍ തൊട്ടപ്പോള്‍ കുറെ പഴങ്ങള്‍ താഴെ വീണു. അത് പെറുക്കിയെടുക്കാനായി കുരങ്ങന്‍ താഴെയിറങ്ങി. അന്നേരമാണ് ഒരു എലി വലിയൊരു ആപ്പിള്‍ തിന്നുന്നത് അവന്‍ കണ്ടത്. അവന്‍ ആപ്പിളിലേക്ക് കൊതിയോടെ നോക്കിക്കൊണ്ട് പഞ്ഞു: 

”ഹോ, എത്ര വലിയ പഴം. വാഴപ്പഴത്തെക്കാള്‍ സ്വാദ് ആപ്പിളിനു തന്നെ. ആപ്പിള്‍ കിട്ടുമോ എന്ന് നോക്കാം.”

താഴെ വീണുകിടക്കുന്ന വാഴപ്പഴം കുരങ്ങന്‍ മറന്നു. അവന്‍ ആപ്പിള്‍മരം തേടി നടന്നു. കുറെ ചെന്നപ്പോള്‍ ഒരു ആപ്പിള്‍മരം കണ്ടു. അതില്‍ ആകെയുള്ളത് ഒരു ആപ്പിള്‍ മാത്രം. കുരങ്ങള്‍ ആപ്പിള്‍ മരത്തില്‍ വലിഞ്ഞുകേറി. ആപ്പിളില്‍ തൊട്ടതും അത് താഴെ വീണു. ആപ്പിള്‍ എടുക്കാനായി കുരങ്ങന്‍ താഴേക്ക് ചാടി.

ആപ്പിള്‍ എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് ഒരു അണ്ണാന്‍ ഇളനീരിന്റെ കഴമ്പ് തിന്നുതും അതിലെ മധുരമുള്ള വെള്ളം കുടിക്കുന്നതും കുരങ്ങന്‍ കണ്ടത്. അവന്‍ പറഞ്ഞു: 

”ഹായ് ആപ്പിളിനെക്കാളും വലിയത് ഇളനീര്‍ തന്നെ. അതിലെ വെള്ളം നല്ല മധുരമായിരിക്കും.” 

ഉടന്‍ കുരങ്ങന്‍ ആപ്പിളിന്റെ കാര്യം മറന്ന് ഒരു തെങ്ങില്‍ കയറി. വലിയൊരു ഇളനീര്‍ പറിച്ച് അവന്‍ താഴെയിട്ടു. തെങ്ങില്‍നിന്നും താഴെയിറങ്ങിയപ്പോഴാണ് കുറച്ചകലെയായി ഒരു താറാവിനെ കണ്ടത്. അത് എന്തോ തിന്നുന്നുണ്ട്. എന്താണത്? കുരങ്ങന്‍ സൂക്ഷിച്ചുനോക്കി. അത് ഒരു തണ്ണിമത്തനാണ്. പുറത്ത് പച്ചയും ഉള്ളില്‍ ചുവപ്പും നിറമുള്ള തണ്ണിമത്തന്‍ കണ്ടപ്പോള്‍ കുരങ്ങന്റെ വായില്‍ വെള്ളമൂറി. ആരാണ് ഇത്രയും വലിയ തണ്ണിമത്തന്‍ ഈ താറാവിന് കൊടുത്തത്? എവിടെയാണിത് കിട്ടുക? കുരങ്ങന്‍ഇങ്ങനെ ചിന്തിച്ചുകൊണ്ട് ഇളനീര്‍ ഉപേക്ഷിച്ച് തണ്ണിമത്തന്‍ തേടിനടന്നു. 

കുറെ നടന്നപ്പോള്‍ കുരങ്ങന്‍ വലിയൊരു പാടം കണ്ടു. തണ്ണിമത്തന്‍ വിളഞ്ഞു നില്‍ക്കുന്ന പാടം. കുരങ്ങന് സന്തോഷമായി. പാകമായ തണ്ണിമത്തന്‍ തിരയുന്നതിനിടയിലാണ് പാടത്ത് അങ്ങുമിങ്ങും പായുന്ന ഒരു മുയലിനെ അവന്‍ കണ്ടത്. 

”ഹായ്, മുയല്‍! മുയലിന് തണ്ണിമത്തനെക്കാള്‍ രുചിയുണ്ടായിരിക്കും” എന്നു പറഞ്ഞ് തണ്ണിമത്തന്റെ കാര്യം മറന്ന് കുരങ്ങന്‍ മുയലിനെ പിടിക്കാനായി പിന്നാലെ കൂടി. 

മുയല്‍ പ്രാണരക്ഷാര്‍ഥം അതിവേഗം ഓടി. പിന്നാലെ കുരങ്ങനും. ഏറെ നേരം കുരങ്ങന്‍ മുയലിനെ പിടിക്കാനായി ഓടി. അവന്‍ ഓടിയോടി തളര്‍ന്നു. അപ്പോഴേക്കും  വൈകുന്നേരമായിരുന്നു. അവന് ഒരു ഭക്ഷണവും തിന്നാന്‍ കിട്ടിയില്ല. വിശപ്പും ദാഹവും ക്ഷീണവും സഹിക്കാന്‍ വയ്യാതെ അവന്‍ തളര്‍ന്നുവീണു.  

കൂട്ടുകാരേ, ഉള്ളതില്‍ തൃപ്തിപ്പെടുവാന്‍ നമുക്ക് കഴിയണം. അത്യാഗ്രഹമരുത്. അത്യാഗ്രഹം കാരണത്താലാണ് നമ്മുടെ കഥയിലെ കുരങ്ങന് ഈ ഗതി വന്നത്. 

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

കള്ളം പറയരുതായിരുന്നു

കള്ളം പറയരുതായിരുന്നു

പണ്ടുപണ്ട് ഒരു കാട്ടിലെ വലിയൊരു മരക്കൊമ്പിലെ ഭംഗിയുള്ള കൂട്ടില്‍ ഒരു കുരുവിക്കുടുംബം നിര്‍ഭയത്വത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്നു. കൂട്ടില്‍ എപ്പോഴും കളിയും ചിരിയും സന്തോഷവുമാണ്. ആണ്‍കുരുവിയും പെണ്‍കുരുവിയും അതിരാവിലെ തീറ്റ തേടി ഒന്നിച്ച് പോകും. ഒന്നിച്ച് മടങ്ങും. ഇരുവരും പുറത്തു പോകുമ്പോള്‍ കൂട്ടില്‍ കൊച്ചുകുരുവി തനിച്ചാകും. പുറത്ത് പോകുമ്പോള്‍ എന്നും അമ്മക്കിളി പറയും: 

”കുഞ്ഞേ, ഞങ്ങള്‍ മടങ്ങിവരും വരെ പുറത്തിറങ്ങരുത്. അത് അപകടമാണ്. നീ കൊച്ചുകുഞ്ഞാണ്. പറക്കാന്‍ പഠിച്ചുതുടങ്ങിയിട്ടേയുള്ളൂ.”

”ഇല്ല, ഞാന്‍ പുറത്തെങ്ങും പോകില്ല” എന്ന് കുഞ്ഞിക്കുരുവി മറുപടി പറയും. 

ഒരു ദിവസം കുഞ്ഞിക്കുരുവി ചിന്തിച്ചു; കുറച്ചുനേരം കളിക്കാന്‍ വേണ്ടി പുറത്തു പോയാല്‍ എന്ത് സംഭവിക്കാനാണ്? ഇവിടെ തനിച്ചിരുന്ന് മടുത്തു. അമ്മ അങ്ങനെയൊക്കെ പറയും. അവര്‍ തിരിച്ചുവരാന്‍ വൈകും. അതിനുമുമ്പ് മടങ്ങിവരാം. അപ്പോള്‍ ഞാന്‍ പുറത്തുപോയത് അവര്‍ അറിയില്ല. 

അങ്ങനെ കുഞ്ഞിക്കുരു പുറത്തുപോയി. കുറച്ചു നേരം പറന്നു കളിച്ചു. മാതാപിതാക്കള്‍ മടങ്ങിവരും മുമ്പ് കൂടഞ്ഞു. 

”നീ കൂടിനു പുറത്തുപോയിരുന്നോ?” തിരിച്ചു വന്നയുടന്‍ അമ്മക്കുരുവി ചോദിച്ചു. 

അല്‍പനേരം ചിന്തിച്ച ശേഷം കുഞ്ഞിക്കുരുവി പറഞ്ഞു: ”ഇല്ല ഞാന്‍ പുറത്തെങ്ങും പോയില്ല. നിങ്ങള്‍ പറഞ്ഞതിനെതിരില്‍ ഞാന്‍ ഒന്നും ചെയ്യില്ല.”

ഇത് കേട്ടപ്പോള്‍ മാതാപിതാക്കള്‍ വളരെ സന്തോഷിച്ചു. കുഞ്ഞിക്കുരുവി പറയുന്നത് കള്ളമാണെന്ന് അവരുണ്ടോ അറിയുന്നു! 

ദിവസവും കുഞ്ഞിക്കിളി പുറത്തു പോകും. നേരത്തെ മടങ്ങിവരും. പുറത്തുപോയിരുന്നോ എന്ന്മാതാപിതാക്കള്‍ ചോദിക്കുമ്പോള്‍ ഇല്ല എന്ന് നുണപറയും. അവര്‍ക്ക് സമാധാനമാകും.

പതിവു പോലെ അന്നും കുഞ്ഞിക്കുരുവി പുറത്ത് കളിക്കാന്‍ പോയി. അന്നേരം ഒരു വലിയ പക്ഷി അവനു നേരെ പാറിവന്നു. കുഞ്ഞിക്കുരുവി പേടിച്ച് ആര്‍ത്തു കരഞ്ഞു. കരച്ചില്‍ ഒരു കുരുവി കേട്ടു. അത് വേഗത്തില്‍ ദൂരെയുള്ള കുഞ്ഞിക്കിളിയുടെ മാതാപിതാക്കളുടെ അടുത്തേക്ക്  ചെന്നുകൊണ്ട് പറഞ്ഞു: ”നിങ്ങളുടെ കുഞ്ഞ് കൂടിനുപുറത്താണ്. വലിയൊരു പക്ഷി അവനെ അക്രമിക്കാന്‍ ഒരുങ്ങുന്നുണ്ട്. വേഗം ചെന്ന് രക്ഷപ്പെടുത്തൂ.”

”ഹേയ്, അത് ഞങ്ങളുടെ കുഞ്ഞായിരിക്കില്ല. അവന്‍ ഒരിക്കലും പുറത്ത് പോകില്ല. അവന്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ട് പോകില്ലെന്ന്. അവന്‍ കളവുപറയില്ല” ഇതും പറഞ്ഞ് അവര്‍ അവരുട ജോലിയില്‍ മുഴുകി. 

മടങ്ങിവന്നപ്പോള്‍ കാണുന്നത് ഭയന്നുവിറച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിക്കുരുവിയെയാണ്.

”നീ ഇന്ന് പുറത്തു പോയിരുന്നോ?” 

കരഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: ”അതെ. ഞാന്‍ എന്നും പോകാറുണ്ട്.”

മകന്‍ അനുസരണക്കേട് കാണിച്ചതിനാല്‍, വാക്കുകേള്‍ക്കാത്തതിനാല്‍, കള്ളം പറഞ്ഞതിനാല്‍ മാതാപിതാക്കള്‍ ദുഃഖിച്ചു. അവന്‍ കള്ളം പറയില്ല എന്ന് വിശ്വസിച്ചുപോയി. അതിനാലാണ് ആ കുരുവി പറഞ്ഞത് വിശ്വസിക്കാതിരുന്നത്. എല്ലാവര്‍ക്കും സങ്കടമായി.

”എനിക്ക് വലിയ ദുഃഖമുണ്ട്. ഒരിക്കലുമിനി ഞാന്‍ ആരോടും നുണ പറയില്ല” കുഞ്ഞിക്കുരുവി പൊട്ടിക്കരഞ്ഞു.

”സാരമില്ല മോനേ, നീ ഒരു കാര്യം അറിയണം. സ്ഥിരമായി കളളം പറയുന്നവര്‍ അപകടത്തില്‍ പെടും. ആരും അവരെ ഇഷ്ടപ്പെടില്ല. എന്നാല്‍ സത്യസന്ധത പ്രയാസങ്ങളില്‍ രക്ഷ നല്‍കും” അമ്മക്കുരുവി പറഞ്ഞു.

”ഇനി ഞാന്‍ ഒരിക്കലും കള്ളം പറയില്ല. എല്ലാവരോടും സത്യമേ പറയു” കുഞ്ഞിക്കുരുവി ഉറപ്പു പറഞ്ഞു. 

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

സ്വാബിറിന്റെ നോമ്പ്

സ്വാബിറിന്റെ നോമ്പ്

സ്വാബിര്‍ സമര്‍ഥനും മിടുക്കനുമായ ഒരു ബാലനാണ്. ഉപ്പയുടെയും ഉമ്മയുടെയും കൂടെ നമസ്‌കരിക്കുവാന്‍ അവന് വലിയ താല്‍പര്യമാണ്. സ്‌കൂളില്‍ പോയാലും തിരിച്ചുവന്നാലും അവന്‍ നമസ്‌കാരം ഒഴിവാക്കാറില്ല. അങ്ങനെയിരിക്കവെയാണ് നോമ്പുകാലം വന്നത്. വീട്ടിലുള്ളവരെല്ലാം നോമ്പ് നോല്‍ക്കുന്നതുപോലെ താനും നോമ്പ് നോല്‍ക്കുമെന്ന് അവന് വാശിയുണ്ടായിരുന്നു. അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന വലിയ പ്രതിഫലം അല്ലാഹുവില്‍ നിന്ന് തനിക്കും കിട്ടണമെന്ന് അവന്‍ ആഗ്രഹിച്ചു. 

റമദാന്‍ ആദ്യദിനം സന്തോഷത്തോടെ സ്വാബിര്‍ അത്താഴം കഴിക്കാന്‍ എഴുന്നേറ്റു. അത്താഴത്തിനു ശേഷം ഉപ്പയുടെ കൂടെ പള്ളിയിലേക്ക് സ്വുബ്ഹി നമസ്‌കരിക്കുവാന്‍ പോയി. നേരത്തെ എഴുന്നേറ്റതിനാല്‍ പള്ളിയില്‍ നിന്ന് വന്നശേഷം അവന് ഉറക്കംവന്നു. സ്‌കൂള്‍ അവധിയാണല്ലോ എന്ന ചിന്തയില്‍ അവന്‍ കിടന്നുറങ്ങി. 

ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ സ്വാബിറിന് വലിയ ദാഹം. എന്നും രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു കഴിഞ്ഞാല്‍ ഒരു ഗ്ലാസ് ചായ കുടിക്കുന്ന പതിവ് അവനുണ്ട്. അന്ന് അടുക്കളയില്‍ പോയി നോക്കിയപ്പോള്‍ അവിടെ ഉമ്മയുമില്ല, ചായയുമില്ല. അവന്‍ പൂമുഖത്തേക്ക് ഉമ്മയെ തിരഞ്ഞുചെന്നു. അവര്‍ ക്വുര്‍ആന്‍ ഓതുകയാണ്. 

”ഉമ്മാ, ഭയങ്കര ദാഹം! നല്ല ചൂടും. കുറച്ച് തണുത്ത വെള്ളം കുടിക്കട്ടെ?” സ്വാബിര്‍ ചോദിച്ചു.

”മോനേ, നീ നോമ്പിന്റെ കാര്യം മറന്നോ?” ഉമ്മ ചോദിച്ചു.

”മറന്നിട്ടൊന്നുമില്ല ഉമ്മാ… നല്ല ദാഹം…”

”ദാഹവും വിശപ്പുമൊക്കെ നോമ്പ് നോല്‍ക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും മോനേ. നീ അതിനെക്കുറിച്ചൊന്നും ആലോചിക്കാതെ ക്വുര്‍ആന്‍ ഓതിയും മറ്റും സമയം ഉപയോഗപ്പെടുത്താന്‍ നോക്ക്” ഉമ്മ അവനെ ഉപദേശിച്ചു.

എന്നാല്‍ സ്വാബിറിന് ദാഹം കൂടിക്കൊണ്ടേയിരുന്നു! ഉമ്മയറിയാതെ അടുക്കളയില്‍ ചെന്ന് വെള്ളം കുടിക്കാമെന്നവന്‍ തീരുമാനിച്ചു. അവന്‍ അടുക്കളയില്‍ ചെന്ന് ശബ്ദമുണ്ടാക്കാതെ ഫ്രിഡ്ജില്‍നിന്ന് തണുത്ത വെള്ളമെടുത്തു. അത് വായിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങിയ നേരത്താണ് ഉമ്മ അവിടെ എത്തിയത്.

”മോനേ, നീ എന്താ ഈ കാണിക്കുന്നത്? നിനക്ക് നോമ്പില്ലേ?” ഉമ്മ ചോദിച്ചു.

”ഹേയ്… ഒന്നുമില്ല…” വെള്ളം കുടിക്കുവാനൊരുങ്ങിയത് ഉമ്മ കണ്ട ജാള്യതയില്‍ അവന്‍ പറഞ്ഞു.

”നീ വെള്ളം കുടിക്കുകയാണോ?”

”ഉമ്മാ ഭയങ്കര ദാഹം… അതുകൊണ്ട്…” 

”മോനേ, നോമ്പിന്റെ പ്രതിഫലം കിട്ടണമെങ്കില്‍ കുറച്ചൊക്കെ സഹിച്ചേ തീരൂ. ഇസ്‌ലാം കാര്യങ്ങളില്‍ നാലാമത്തേതാണ് നോമ്പ് എന്ന് നിനക്കറിയാമല്ലോ?”

”അറിയാം ഉമ്മാ…”

”റയ്യാന്‍ എന്ന പ്രത്യേക കവാടത്തിലൂടെ നോമ്പുകാര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഭാഗ്യമുണ്ടാകുമെന്ന് നീ പഠിച്ചിട്ടില്ലേ?”

”ഉണ്ട്, ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ട്.”

”ആരോഗ്യപരമായും നോമ്പുകൊണ്ട് പല ഗുണങ്ങളുണ്ട്. വിശപ്പിന്റെ പ്രയാസം മനസ്സിലാക്കാനും നോമ്പുകാരന് കഴിയും. ഒരുനേരം പോലും ഭക്ഷണം കഴിക്കാനില്ലാത്ത പാവങ്ങളുടെ അവസ്ഥയറിയാനും നോമ്പുകാരന് കഴിയും. അപ്പോള്‍ നമുക്ക് അവരോട് ദയയും സ്‌നേഹവുമുണ്ടാകും…” 

ഉമ്മ ഇങ്ങനെ കുറെ കാര്യങ്ങള്‍ സ്വാബിറിനെ പറഞ്ഞു മനസ്സിലാക്കി. അതോടെ അവന്റെ ദാഹവും വിശപ്പും മാറി.  ഇന്‍ശാ അല്ലാഹ്, ഈ റമദാനിലെ ഒരു നോമ്പും ഒഴിവാക്കില്ലെന്ന് അവന്‍ ഉറപ്പിച്ചു. ഉമ്മ അവനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരു മുത്തം സമ്മാനിച്ചു

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

അവധിക്കാലവും കുടുംബ സന്ദര്‍ശനവും

അവധിക്കാലവും കുടുംബ സന്ദര്‍ശനവും

ഉപ്പ വീട്ടില്‍നിന്നും പുറത്തുപോകാനൊരുങ്ങിയ നേരം നജ്‌വമോള്‍ അടുത്തേക്ക് ഓടിച്ചെന്നുകൊണ്ട് ചോദിച്ചു: ”ഉപ്പാ ഞാനും കൂടെ വരട്ടെ?

പുഞ്ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: ”പോന്നോളൂ. ഞാന്‍ അങ്ങാടിയിലേക്കാ.”

അതു കേട്ടപ്പോള്‍ അകത്തുനിന്നും ഒാടിവന്നുകൊണ്ട് ഫൈസല്‍ പറഞ്ഞു: ”ഉപ്പാ ഇത് അവധിക്കാലമല്ലേ. നമുക്ക് എങ്ങോട്ടെങ്കിലും ടൂര്‍ പോയാലോ?”

”ഏതായാലും സ്‌കൂളും മദ്‌റസയും അവധിയാണ്. നമുക്ക് വിരുന്നു പോകാം” ഉമ്മയും ഇടപെട്ടു.

”എങ്കില്‍ മക്കളേ, നമുക്കിന്ന് നിങ്ങളുടെ അമ്മാവന്റെ വീട് സന്ദര്‍ശിക്കാം” ഉപ്പ അഭിപ്രായപ്പെട്ടു.

”നമുക്ക് ടൂര്‍ പോകാം ഉപ്പാ. ഊട്ടിയില്‍ പുഷ്പമേള നടക്കുകയാണെന്ന് എന്റെ കൂട്ടുകാരന്‍ ഫയാസ് പറഞ്ഞു. നല്ല രസമാണത്ര കാണാന്‍” ഫൈസല്‍ തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചു.

”മക്കളേ, അതിനൊക്കെ കുറെ കാശ് ചെലവാണ്. കാശിന് വലിയ ചെലവില്ലാത്തതും അല്ലാഹുവില്‍നിന്ന് പ്രതിഫലം കിട്ടുന്നതുമായ കാര്യമാണ് ഞാന്‍ നിങ്ങളോട് പറഞ്ഞത്. സ്‌കൂളില്‍ നിന്ന് നിങ്ങള്‍ ടൂര്‍ പോകാറുണ്ടല്ലോ” ഉപ്പ പറഞ്ഞു.

”ഉപ്പാ, ഇടയ്ക്കിടെ നിങ്ങള്‍ കുടുംബങ്ങളിലേക്ക് പോകുന്നുണ്ടല്ലോ. എന്തിനാ എപ്പഴും ഇങ്ങനെ പോകുന്നത്?” നജ്‌വമോള്‍ തന്റെ സംശയം പ്രകടിപ്പിച്ചു.

ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: ”അതിനെന്താ? കുടുംബസന്ദര്‍ശനം അല്ലാഹുവിന്റെ മതം കല്‍പിക്കുന്ന കാര്യമാണെന്ന് മോള്‍ക്കറിയില്ലേ?”

”അടുത്ത കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ കല്‍പിച്ചിട്ടുണ്ടെന്നോ?”

”അതെ മോളേ, കുടുംബ ബന്ധം ചേര്‍ക്കാന്‍ നമ്മോട് കല്‍പനയുണ്ട്. പതിവായി സന്ദര്‍ശിക്കണം. അങ്ങനെ അവര്‍ക്കും നമുക്കുമിടയിലുള്ള ബന്ധം മുറിയാതെ നോക്കണം” ഉപ്പ വിശദീകരിച്ചു.

”എങ്കില്‍ ഇനി ഉപ്പ പോകുമ്പോഴൊക്കെ ഞാനും കൂടെ വരും” നജ്‌വ പറഞ്ഞു.

”ഞാനും വരും” ഫൈസല്‍ വിട്ടുകൊടുത്തില്ല.

അങ്ങനെ അവര്‍ അമ്മാവന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അമ്മാവനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ചെന്നയുടന്‍ രുചികരമായ ജ്യൂസ് അവര്‍ക്ക് കുടിക്കാന്‍ കൊടുത്തു. അമ്മാവന്റെ മകള്‍ ഒരു പെട്ടി ചോക്കലേറ്റ് നജ്‌വക്ക് നല്‍കിക്കൊണ്ട് പറഞ്ഞു:

”നല്ല രസമുള്ള ചോക്കലേറ്റാ. നിനക്കും ഫൈസലിനും ഞങ്ങളെ സന്ദര്‍ശിച്ചതിനുള്ള സമ്മാനം.”

നജ്‌വ അത് ഫൈസലിന്റെ കയ്യില്‍ കൊടുത്തു. പെട്ടി തുറന്ന് അതില്‍നിന്ന് ഒരു ചോക്കലേറ്റ് കഷ്ണം വായിലിട്ടുകൊണ്ട് നജ്‌വ പറഞ്ഞു: ”അമ്മായീ, ഞാനിനി ഉപ്പാന്റെ കൂടെ ഇടയ്‌ക്കൊക്കെ ഇവിടെ വരും. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിന്റെ പ്രാധാന്യം ഉപ്പ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.”

”നല്ല കുട്ടി. എല്ലാ കുടുംബ വീടുകളിലും പോകണം. അടുത്ത കുടുംബങ്ങള്‍ തമ്മില്‍ ബന്ധം ചേര്‍ക്കല്‍ പരസ്പരമുള്ള സ്‌നേഹം വര്‍ധിപ്പിക്കും. ബന്ധം ചേര്‍ക്കുന്നവരോട് അല്ലാഹുവും ബന്ധം ചേര്‍ക്കും. ബന്ധം മുറിക്കുന്നവരോട് അല്ലാഹുവും ബന്ധം മുറിക്കും” അമ്മായി പറഞ്ഞു.

ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം മടങ്ങുമ്പോള്‍ നജ്‌വയും ഫൈസലും വളരെ സന്തോഷത്തിലായിരുന്നു. അവധിക്കാലം അവസാനിക്കുമ്പോഴേക്കും എല്ലാ കുടുംബവീടുകളിലേക്കും കൊണ്ടുപോകാമെന്ന് ഉപ്പ പറഞ്ഞപ്പോള്‍ അവരുടെ സന്തോഷം വര്‍ധിച്ചു.

 

അബൂഫായിദ
നേർപഥം വാരിക

ചുവന്ന തട്ടമിട്ട പെണ്‍കുട്ടി

ചുവന്ന തട്ടമിട്ട പെണ്‍കുട്ടി

പണ്ടുപണ്ട് കാടിനു സമീപത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി ജീവിച്ചിരുന്നു. ‘ചുവന്ന തട്ടമിട്ട പെണ്‍കുട്ടി’ എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്. അങ്ങനെ വിളിക്കാന്‍ ഒരു കാരണമുണ്ട്. അവള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം അവളുടെ പ്രിയപ്പെട്ട വലിയുമ്മ സമ്മാനമായി നല്‍കിയ ചുവന്ന തട്ടമാണ് ധരിക്കാറുള്ളത്. 

ഒരു ദിവസം കാലത്ത് അവളുടെ ഉമ്മ അവളോട് പറഞ്ഞു:

”മോളേ, ഇന്നു നീ വലിയുമ്മയെ സന്ദര്‍ശിക്കുവാന്‍ പോകണം. ഇന്ന് നിന്നെ പറഞ്ഞയക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്.”

വലിയുമ്മയെ കാണാന്‍ കൊതിയുള്ളതിനാല്‍ അവള്‍ ഉടനെ സമ്മതിച്ചു. അവളുടെ ഉമ്മ വലിയുമ്മക്ക് നല്‍കാനായി ഭംഗിയുള്ള ഒരു കുട്ടയില്‍ പഴങ്ങളും മറ്റും നിറച്ചു. പോകാന്‍ നേരം അവള്‍ ചുവന്ന തട്ടം ധരിച്ചു. ഉമ്മാക്ക് ഒരു മുത്തം നല്‍കി സലാം പറഞ്ഞുകൊണ്ട് അവള്‍ വീട്ടില്‍നിനിറങ്ങി. ഉമ്മ പറഞ്ഞു: ”ചുവന്ന തട്ടക്കാരീ, നേരെ വലിയുമ്മയുടെ വീട്ടിലേക്കുതന്നെ പോകണം. പരിചയമില്ലാത്തവരോ ട് സംസാരിക്കാന്‍ നില്‍ക്കരുത്.” 

അവര്‍ പല മുന്നറിയിപ്പുകളും നല്‍കി. കാട് അപകടം നിറഞ്ഞതാണെന്ന് ഓര്‍മിപ്പിച്ചു.

”ഉമ്മാ, നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ശ്രദ്ധിച്ചോളാം” എന്ന് പറഞ്ഞുകൊണ്ട് അവള്‍ നടന്നകന്നു.

പോകും വഴിയില്‍ കാട്ടില്‍ അതിമനോഹരമായ പൂക്കള്‍ അവളുടെ കണ്ണുകളില്‍ ഉടക്കി. ഒരു കാരണവശാലും കാട്ടില്‍ നില്‍ക്കരുത് എന്ന് ഉമ്മ താക്കീതു നല്‍കിയത് അവള്‍ മറന്നു. അവള്‍ ഭംഗിയുള്ള ചില പൂക്കള്‍ പറിച്ചു. പൂമ്പാറ്റകളെ നോക്കിനിന്നു. തവളകളുടെ കരച്ചില്‍ കേട്ടു. അങ്ങനെ ആ ചുവന്ന തട്ടക്കാരി കുറെ നേരം ഓരോന്നും ആസ്വദിച്ച് നിന്നു. 

പെട്ടെന്നാണ് ഒരു ചെന്നായ അരികില്‍ പ്രത്യക്ഷപ്പെട്ടത്. അത് സ്‌നേഹ സ്വരത്തില്‍ ചോദിച്ചു: ”അല്ലയോ കുട്ടീ, നീ എന്താണിവിടെ ചെയ്തുകൊണ്ടിരിക്കുന്നത്?” 

കാടിന്റെ താഴ്‌വരയിലെ ഗ്രാമത്തില്‍ താമസിക്കുന്ന വലിയുമ്മയെ കാണുവാന്‍ പോകുകയാണ് ഞാന്‍ എന്നവള്‍ മറുപടി പറഞ്ഞു

പെട്ടെന്നവള്‍ നിശ്ശബ്ദയായി. ഉമ്മ പറഞ്ഞതെല്ലാം അവള്‍ക്ക് ഓര്‍മ വന്നു. താന്‍ കുറെ വൈകിയതായി അവള്‍ മനസ്സിലാക്കി. ഉടനെ അവള്‍ ചെന്നായയോടുള്ള സംസാരം മതിയാക്കി യാത്ര തുടരാനൊരുങ്ങി. മുന്നില്‍ ചെന്നായയും നടക്കാന്‍ തുടങ്ങി. പിന്നെ അത് അതിവേഗം ഓടിപ്പോയി. ചെന്നായ നേരെ പോയത് ചുവന്ന തട്ടക്കാരിയുടെ വലിയുമ്മയുടെ വീട്ടിലേക്കായിരുന്നു. ചെന്നായ കതകില്‍ മുട്ടി. പേരക്കുട്ടിയായിരിക്കുമെന്ന് കരുതി വലിയുമ്മ പറഞ്ഞു: 

”അല്ലാഹുവിന് സ്തുതി. മോളേ, നീ എത്താന്‍ വൈകിയതില്‍ ഞാന്‍ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു.”

എന്നാല്‍ വലിയുമ്മ കതക് തുറന്നപ്പോള്‍ കണ്ടത് ചെന്നായയെയാണ്, പേരക്കുട്ടിയെയല്ല. അവര്‍ പേടിച്ച് കതകടച്ചപ്പോഴേക്കും ചെന്നായ അകത്ത് കടന്നിരുന്നു.

ദുഷ്ടനായ ആ ചെന്നായ രോഗിയും വൃദ്ധയുമായ വലിയുമ്മയെ ഒരു മുറിയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. ഒച്ചയുണ്ടാക്കിയാല്‍ കടിച്ചുതിന്നുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആ പാവം മിണ്ടാതെ ഭയന്നുവിറച്ചിരുന്നു. ചെന്നായ വലിയുമ്മയുടെ കിടക്കയില്‍ പുതച്ചുമൂടിക്കിടന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ചുവന്ന തട്ടക്കാരി കതകില്‍ മുട്ടി. വലിയുമ്മയുടെ ശബ്ദം അനുകരിച്ചുകൊണ്ട് ചെന്നായ പറഞ്ഞു: ”കടന്നുവരൂ മോളേ, വാതില്‍ ചാരിയിട്ടേയുള്ളൂ.”

ചുവന്ന തട്ടക്കാരിക്ക് ആ ശബ്ദത്തില്‍ എന്തോ പന്തികേട് തോന്നി. വലിയുമ്മയുടെ ശബ്ദം ഇങ്ങനെയല്ലല്ലോ! 

”വലിയുമ്മാ…എന്താ നിങ്ങളുടെ ശബ്ദത്തിനൊരു മാറ്റം?”

”മോളേ, കുറെ ദിവസമായി വല്ലാത്ത ജലദോഷം. അതുകൊണ്ടാ.”

മടിച്ചുമടിച്ച് അവള്‍ കതകുതുറന്ന് അകത്തുകടന്നു. ചെന്നായ പതുക്കെ തലയില്‍നിന്ന് പുതപ്പു നീക്കി. അതിന്റെ കണ്ണുകളും മൂക്കും അവളെ ഭയപ്പെടുത്തി. ഇത് വലിയുമ്മയോ? വലിയുമ്മയുടെ കിടക്കയില്‍ ഇതാര്? അവളാകെ ഭയന്നു. 

ദുഷ്ടനായ ചെന്നായ പെട്ടെന്ന് ചാടിയെണീറ്റു. ചുവന്ന തട്ടക്കാരിക്ക് അപ്പോഴാണ് താന്‍ അപകടത്തില്‍ പെട്ടതായി മനസ്സിലായത്. തന്റെ നേരെ വരുന്ന ചെന്നായയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ ശ്രമിച്ചു. മുറിയില്‍ തലങ്ങും വിലങ്ങും അവള്‍ ഓടി, പുറകില്‍ ചെന്നായയും!

”രക്ഷിക്കണേ… എന്നെ രക്ഷിക്കണേ… ചെന്നായ എന്നെ തിന്നാന്‍ വരുന്നേ…”

അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കാട്ടില്‍ വിറക് ശേഖരിക്കുകയായിരുന്ന ഒരാള്‍ ഈ ശബ്ദം കേട്ട് ഓടിെയത്തി. അയാള്‍ ഒരു മുട്ടന്‍ വടികൊണ്ട് ചെന്നായയെ അടിച്ചു വീഴ്ത്തി. അതിനെ അയാള്‍ വനത്തിലെ അഗാധമായ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ വലിയുമ്മയും ചുവന്ന തട്ടക്കാരിയും ചെന്നായയില്‍ നിന്ന് രക്ഷപ്പെട്ടു. അപ്പോഴും ചുവന്ന തട്ടക്കാരി ഭയന്നുവിറച്ച് പൊട്ടിക്കരയുകയായിരുന്നു. അവള്‍ക്ക് തന്റെ തെറ്റ് മനസ്സിലായി. 

”ഇനി മേലില്‍ ഞാന്‍ ഉമ്മയുടെ വാക്കുകള്‍ക്ക് എതിരു പ്രവര്‍ത്തിക്കില്ല…” കരയുന്നതിനിടയില്‍ അവള്‍ പറഞ്ഞു. 

കൂട്ടുകാരേ, ഇത് കേവലം സാങ്കല്‍പികമായ കഥയാണ്. എന്നാല്‍ ഇതില്‍ നമുക്ക് ചില ഗുണപാഠങ്ങളുണ്ട്. മാതാപിതാക്കള്‍ നമ്മുടെ ഗുണം മാത്രം ആഗ്രഹിക്കുന്നവരാണ്. നമ്മള്‍ അപകടത്തില്‍ പെടുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ഉപദേശങ്ങളും നാം അവഗണിക്കരുത്. ഈ കഥയില്‍ ചെന്നായയാണ് അക്രമിയായ കഥാപാത്രമെങ്കിലും ജീവിതത്തില്‍ ഈ ചെന്നായയെപോലുള്ള ദുഷ്ടരായ മനുഷ്യന്‍മാര്‍ നമ്മെ നശിപ്പിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കും. അതില്‍ അകപ്പെടാതിരിക്കാന്‍ മാതാപിതാക്കളും അധ്യാപകരും നല്‍കുന്ന മുന്നറിയിപ്പുകളും ഉപദേശങ്ങളും നാം സ്വീകരിക്കണം. ആപത്തില്‍ പെട്ടാല്‍ രക്ഷയ്ക്കായി ഉറക്കെ വിളിച്ചുപറയല്‍ നല്ലതാണെന്നും ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ജന്തുക്കളോടും കരുണ കാണിക്കുക

ജന്തുക്കളോടും കരുണ കാണിക്കുക

സ്‌കൂളിലെയും മദ്‌റസയിലെയും വാര്‍ഷിക പരീക്ഷ കഴിഞ്ഞ സന്തോഷത്തിലാണ് ഉസാമ. ഇനി കുറെ ദിവസങ്ങള്‍ കളിയില്‍ മുഴുകാം. വിരുന്നു പോകാം…

”ഉമ്മാ, എനിക്ക് അമ്മാവന്റെ വീട്ടിലേക്ക് വിരുന്നു പോകണം” അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയായിരുന്ന ഉമ്മയുടെ അടുത്തുചെന്ന് ഉസാമ പറഞ്ഞു. 

”അതിനെന്താ? പോകാമല്ലോ! സ്‌കൂളും മദ്‌റസയുമൊക്കെ പൂട്ടിയതല്ലേ. നീ മാത്രമല്ല നമ്മള്‍ എല്ലാവരും പോകും, നാളെത്തന്നെ.”

ഉമ്മയുടെ ഈ വാക്കുകള്‍ ഉസാമയെ സന്തോഷഭരിതനാക്കി. അമ്മാവന്റെ വീട്ടില്‍ കൂടെ കളിക്കാന്‍ സമപ്രായക്കാരനായ ഫാരിസുണ്ട്. വീടിനടുത്ത് കളിക്കുവാന്‍ വിശാലമായ മൈതാനമുണ്ട്. 

പിറ്റേദിവസം തന്നെ അവര്‍ വിരുന്നു പോയി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് അവര്‍ തിരിച്ചുപോയത്. തിരിച്ചുവരുമ്പോള്‍ ഒരു പൂച്ചക്കുഞ്ഞ് ഉസാമയുടെ കയ്യിലുണ്ടായിരുന്നു. അമ്മാവന്റെ മകന്‍ നല്‍കിയ സമ്മാനം. അമ്മാവന്റെ വീട്ടില്‍ ഒരു തള്ളപ്പൂച്ചയും മൂന്ന് കുഞ്ഞിപ്പൂച്ചകളുമുണ്ടായിരുന്നു. കൗതുകം തോന്നിയ ഉസാമ ഒരു പൂച്ചക്കുഞ്ഞിനെ എനിക്ക് തരുമോ എന്ന് ചോദിച്ചു. വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഭംഗിയുള്ള ഒരു പൂച്ചക്കുഞ്ഞിനെ ഒരു സഞ്ചിയിലിട്ട് ഉസാമക്ക് നല്‍കിക്കൊണ്ട് ഫാരിസ് പറഞ്ഞു: 

”ഇവന്‍ നല്ല തീറ്റക്കാരനാ. നല്ലവണ്ണം ഭക്ഷണം നല്‍കണം.”

ഉസാമയും കുടുംബവും വീട്ടില്‍ തിരിച്ചെത്തി. അന്ന് പകല്‍ പൂച്ചക്കുഞ്ഞിന്റെ കൂടെയായിരുന്നു ഉസാമ. അതിന്റെ ചാട്ടവും കളിയുമൊക്കെ അവന്‍ ആസ്വദിച്ചു. എന്നാല്‍ രാത്രിയായപ്പോഴേക്കും അവന് മടുത്തു. ഇതിനെ കൊണ്ടുവരേണ്ടായിരുന്നു എന്ന് അവന് തോന്നി. ആരും കാണാതെ അവന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടന്ന് മുറ്റത്തെ പൂന്തോട്ടത്തിന്റെ മൂലയില്‍ പൂച്ചക്കുഞ്ഞിനെ കെട്ടിയിട്ടു. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാനായി തന്റെ മുറിയിലേക്ക് പോയി.  

കുറെ കഴിഞ്ഞപ്പോഴേക്കും വിശപ്പും തണുപ്പും സഹിക്കാനാവാതെ പൂച്ചക്കുഞ്ഞ് കരയാന്‍ തുടങ്ങി. നായകള്‍ കുരക്കുന്നതു കേട്ട് അത് ഭയന്നുവിറച്ചു. കെട്ടിയിട്ടതിനാല്‍ ഓടിപ്പോകാനും കഴിയില്ലല്ലോ. ഇതൊന്നും ഉസാമ അറിയുന്നുണ്ടായിരുന്നില്ല. 

കിടക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഉസാമയുടെ പിതാവ് അവന്റെ മുറിയിലേക്ക് ചെന്നത്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വീഡിയോ സീഡിയുണ്ടായിരുന്നു. 

”അസ്സലാമു അലൈക്കും. മോനേ ഉറങ്ങുന്നതിനു മുമ്പ് ഇതൊന്ന് കാണണം” സീഡി അവന്റെ നേരെ നീട്ടിക്കൊണ്ട് ഉപ്പ പറഞ്ഞു. 

സലാം മടക്കിക്കൊണ്ട് അവനത് വാങ്ങി. ഉപ്പ മുറിയില്‍ നിന്നും പോയ ഉടനെ ഉസാമ ആകാംക്ഷയോടെ സീഡി കംപ്യൂട്ടറിലിട്ട് പ്ലേ ചെയ്തു. മൃഗങ്ങളോട് കരുണകാണിക്കേണ്ടതിനെക്കുറിച്ചുള്ള മനോഹരമായ ഗാനങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഉപ്പ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവന് മനസ്സിലായി. തനിക്ക് കിട്ടിയ പൂച്ചക്കുഞ്ഞിനോട് കരുണ കാണിക്കണമെന്ന് ഉണര്‍ത്തുവാന്‍ തന്നെയാണ്. എന്നാല്‍ അവന്‍ സ്വയം പറഞ്ഞു: രാത്രി കുറെയായി. പുറത്ത് നല്ല തണുപ്പ്. പൂന്തോട്ടത്തില്‍ നല്ല ഇരുട്ടും. നേരം വെളുക്കട്ടെ. എന്നിട്ടാവാം… അങ്ങനെ അവന്‍ ഉറങ്ങാന്‍ കിടന്നു.

അന്ന് അവന്‍ ഒരു സ്വപ്‌നം കണ്ടു. അവനെ ഒരു കയറില്‍ കെട്ടിയിട്ടിരിക്കുന്നു. അടുത്ത് ഒരു കൃഷിക്കാരനും ഒരു കശാപ്പുകാരനുമുണ്ട്. അവരെയും കെട്ടിയിട്ടിരിക്കുകയാണ്. ഒരു വലിയ മനുഷ്യന്‍ കസേരയില്‍ ഇരിക്കുന്നു. അയാളുടെ മുമ്പില്‍ ചെറിയൊരു പൂച്ചക്കുഞ്ഞും ഒരു ഒട്ടകവും ഒരു കഴുതയുമുണ്ട്. അവ മനുഷ്യരെ പോലെ സംസാരിക്കുന്നു!

പൂച്ചക്കുഞ്ഞ് അവന്റെ നേരെ കൈചുണ്ടിക്കൊണ്ട് ആ വലിയ മനുഷ്യനോട് പറഞ്ഞു: ”ഇവന്‍ ഭക്ഷണം തരാതെ എന്നെ കെട്ടിയിട്ടു. തണുപ്പും വിശപ്പും ഭയവും സഹിക്കാതെ ഞാന്‍ നിലവിളിച്ചതൊന്നും ഇവന്‍ കേട്ടില്ല. എന്നോട് അല്‍പം പോലും കാരുണ്യം കാട്ടിയില്ല.”

ഒട്ടകം കശാപ്പുകാരനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: ”ഇവന്‍ എന്നെ ഭക്ഷണത്തിനായി അറുത്തപ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. അറുക്കുന്നതിനു മുമ്പ് വെള്ളമോ ഭക്ഷണമോ നല്‍കിയില്ല. കാരുണ്യം കാണിച്ചില്ല. മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് ദയ കാണിക്കാതെയാണ് എന്നെ അറുത്തത്.” 

കഴുത പറഞ്ഞു: ”ഈ കര്‍ഷകനോട് പ്രതികാരം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇയാള്‍ എനിക്ക് വഹിക്കാന്‍ കഴിയാത്തത്ര ഭാരം എന്നെ വഹിപ്പിച്ചു. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും കഠിനമായി മര്‍ദിക്കും. പട്ടിണിക്കിടും. താങ്കള്‍ കരുണയുള്ള ന്യായാധിപനാണെങ്കില്‍ ഇയാളോട് പകരം വീട്ടാന്‍ എന്നെ അനുവദിക്കണം.”

മൂന്നു പേരിലേക്കും തിരിഞ്ഞുകൊണ്ട് ന്യായാധിപന്‍ ചോദിച്ചു: ”ഈ പാവപ്പെട്ട മൃഗങ്ങള്‍ പറഞ്ഞ വല്ലകാര്യവും നിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?”

ആര്‍ക്കും മറുപടിയില്ലായിരുന്നു. മൂന്നുപേരും തലതാഴ്ത്തിനിന്നു. 

”ഹേ പട്ടാളക്കാരേ, ഈ അക്രമത്തിന് വിധേയരായ പാവം ജീവികള്‍ക്ക് അവരോട് അക്രമം കാണിച്ചവരോട് പ്രതികാരം ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുക്കൂ” ന്യായാധിപന്‍ കല്‍പിച്ചു. 

ഉടനെ പട്ടാളക്കാര്‍ ആ മൂന്നു മൃഗങ്ങളെയും ഉസാമയടക്കം മൂന്നുപേരെയും കൊണ്ട് ശിക്ഷ നടപ്പാക്കാനുള്ള സ്ഥലത്തേക്ക് പുറപ്പെട്ടു. 

‘വേണ്ടാ…വേണ്ടാ… എന്നെ ശിക്ഷിക്കരുതേ…’ എന്ന് അലറിക്കൊണ്ട് ഉസാമ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. 

താന്‍ തന്റെ മുറിയില്‍ കിടക്കുകയാണ് എന്ന് ബോധ്യമായപ്പോഴാണ് അവന് സമാധാനമായത്. ഉടന്‍ അവന്‍ ചാടിയെണീറ്റു. നേരെ അടുക്കളയിലേക്കാടി. ഫ്രിഡ്ജില്‍നിന്നും ഭക്ഷണമടുത്ത് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പുന്തോട്ടത്തിലേക്കോടി. പൂച്ചക്കുഞ്ഞിന് ഭക്ഷണവും വെള്ളവും നല്‍കി. അതിന്റെ കെട്ടഴിച്ച് വീടിനകത്ത് തണുപ്പുകൊള്ളാത്ത സുരക്ഷിതമായ സ്ഥലത്ത് അതിനെ വെക്കുകയും ചെയ്തു. പിന്നീട് ആശ്വാസത്തോടെ പോയി കിടക്കുമ്പോള്‍ ഉസാമയുടെ ചുണ്ടുകള്‍ ‘അല്ലാഹുവേ, എന്നോട് പൊറുക്കണേ’ എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. 

കൂട്ടുകാരേ, ഒരു സ്ത്രീ പൂച്ചക്ക് ഭക്ഷണം കൊടുക്കാതെ അതിനെ കെട്ടിയിടുകയും അതിന് സ്വന്തമായി വല്ലതും തേടിപ്പിടിച്ച് ഭക്ഷിക്കുവാന്‍ അവസരം നല്‍കാതെ തടഞ്ഞുവെക്കുകയും ചെയ്തതിന്റെ പേരില്‍ നരകത്തില്‍ പ്രവേശിച്ചതായി നബി ﷺ പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ. എല്ലാ ജീവികളോടും കാരുണ്യം കാണിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നമ്മള്‍ അങ്ങനെയുള്ള ഉത്തമ സ്വഭാവത്തിനുടമകളായി ജീവിക്കണം. 

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക