കരുണയുള്ള മനസ്സ്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സമീര്‍ ആ കാഴ്ച കണ്ടത്. അവന്റെ അതേ പ്രായമുള്ള ഒരു കുട്ടി റോഡുവക്കിലുള്ള വേസ്റ്റ് ബോക്‌സില്‍ കളഞ്ഞു പോയതെന്തോ തിരയും പോലെ പരതുന്നു. ഇടയ്ക്ക് എന്തോ എടുത്ത് തന്റെ കയ്യിലുള്ള സഞ്ചിയില്‍ ഇടുന്നു.
സമീര്‍ അവന്റെ അടുത്തുചെന്നുകൊണ്ട് ചോദിച്ചു: ”അയ്യേ എന്ത് വൃത്തികേടാണീ കാണിക്കുന്നത്? ഇത് മുഴൂവന്‍ മാലിന്യമല്ലേ? ഇതില്‍ കയ്യിട്ടാല്‍ രോഗമുണ്ടാകുമെന്ന് നിനക്കറിയില്ലേ?”
ആ കുട്ടി ദുഃഖത്തോടെ പറഞ്ഞു: ”നിനക്കറിയുമോ? എന്റെ ഉപ്പ കുറെ ദിവസമായി സുഖമില്ലാതെ കിടപ്പിലാണ്. അതുകൊണ്ട് ജോലിക്കു പോകാന്‍ പറ്റിയിട്ടില്ല. മരുന്നു വാങ്ങാനും ഭക്ഷണത്തിനും ഒരു വഴിയുമില്ല. വിശപ്പ് സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഞാന്‍ ഈ മാലിന്യത്തിനിടയില്‍ തിന്നാന്‍ വല്ലതും കിട്ടുമോ എന്ന് തിരയുന്നത്.”
ഇതു കേട്ടപ്പോള്‍ സമീറിന് വലിയ സങ്കടം തോന്നി. ‘പാവം കുട്ടി’. അവന്‍ മനസ്സില്‍ പറഞ്ഞു. സമീര്‍ വീട്ടിലേക്ക് മടങ്ങി. അപ്പോഴും അവന്റെ മനസ്സില്‍ മാലിന്യത്തില്‍ ഭക്ഷണം തിരയുന്ന ആ കുട്ടിയുടെ മുഖം മായാതെ നില്‍ക്കുന്നുണ്ടായിരുന്നു. അവനെ എങ്ങനെ സഹായിക്കുമെന്നായി സമീറിന്റെ ചിന്ത മുഴുവന്‍.
വീട്ടിലെത്തിയ ഉടന്‍ അവന്‍ തന്റെ മുറിയില്‍ കയറി. അവിടെ ഒരു മണ്‍പാത്രമുണ്ട്. അത് അവന്‍ കാശ് സൂക്ഷിക്കുന്നതാണ്. തനിക്ക് ലഭിക്കുന്ന കാശില്‍നിന്നും ആവശ്യം കഴിഞ്ഞുള്ളത് അതിലാണ് നിക്ഷേപിക്കാറുള്ളത്. കുടുംബക്കാര്‍ ആരെങ്കിലും വിരുന്നുവന്നാല്‍ തരുന്ന കാശ് മുഴുവന്‍ അവന്‍ അതിലിടുകയാണ് പതിവ്. കുറെ കാശാകുമ്പോള്‍ ഒരു സൈക്കിള്‍ വാങ്ങണമെന്നാണ് അവന്റെ ആഗ്രഹം.
‘സൈക്കിള്‍ വാങ്ങലല്ല ആ പാവം കുട്ടിയെ സഹായിക്കലാണ് ഇപ്പോള്‍ വലിയകാര്യം’ സമീര്‍ മനസ്സില്‍ പറഞ്ഞു. അവന്‍ ആ മണ്‍കലം പൊട്ടിച്ച് കാശെല്ലാം പുറത്തെടുത്തു. അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി ഉപ്പയെ സമീപിച്ചു. അവന്‍ താന്‍ കണ്ട കാഴ്ച വേദനയോടെ ഉപ്പയെ അറിയിച്ച ശേഷം പറഞ്ഞു:
”ഉപ്പാ, ഈ കാശൊക്കെ ഞാന്‍ ആ പാവം കുട്ടിക്ക് കൊടുക്കട്ടെ?”
ഉപ്പ സന്തോഷത്തോടെ പറഞ്ഞു: ”മോനേ, നീ നല്ല തീരുമാനമാണ് എടുത്തിരിക്കുന്നത്. നീ ഇത് പറഞ്ഞപ്പോള്‍ ഒരു കഥയാണ് എനിക്ക് ഒാര്‍മ വരുന്നത്.”
”കഥയോ? പറയൂ ഉപ്പാ…” സമീര്‍ ഉല്‍സാഹത്തോടെ പറഞ്ഞു.
ഒരു വലിയ പട്ടണത്തില്‍ ഒരു ന്യായാധിപനുണ്ടായിരുന്നു. എല്ലാ മാസത്തിലും ഒരു നിശ്ചിത ദിവസം നാട്ടുകാര്‍ അവരുടെ ആവലാതികളും പരാതികളും എഴുതി ന്യായാധിപനെ ഏല്‍പിക്കണമെന്നാണ് നിയമം. പിന്നെ ഒരു ദിവസം ആളുകളെയെല്ലാം ഒരുമിച്ചുകൂട്ടും. എന്നിട്ട് അതെല്ലാം വായിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ സഹായിക്കാനും അദ്ദേഹം തയ്യാറാകും. ഒരു ദിവസം വായിച്ച പരാതികളില്‍ ഒന്ന് ന്യായാധിപനെ വല്ലാതെ സ്വാധീനിച്ചു. മാസങ്ങള്‍ക്ക്മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വിധവയുടെ എഴുത്തായിരുന്നു അത്. അവര്‍ക്ക് നാല് ചെറിയ മക്കളുണ്ട്. ഒരു ജോലിയുമില്ല. സഹായിക്കാന്‍ ആരുമില്ല. മക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും നല്‍കാന്‍ ഒരു നിവൃത്തിയുമില്ല.
അവര്‍ക്ക് ആവശ്യമായതെല്ലാം ഉടന്‍ തന്നെ എത്തിക്കുവാന്‍ അദ്ദേഹം കല്‍പന പുറപ്പെടുവിച്ചു. അതോടൊപ്പം കൊടും തണുപ്പ് തടയുവാന്‍ ധരിച്ചിരുന്ന മേല്‍ വസ്ത്രം അഴിച്ചു മാറ്റി അദ്ദേഹം താഴെയിട്ടു.
ഇത് കണ്ട ഒരു കാവല്‍ക്കാരന്‍ ചോദിച്ചു: ”പ്രഭോ, എന്താണിത്? തണുപ്പ് കഠിനമാണ്. വല്ല രോഗവും പിടിപെടും.”
”സാരമില്ല. ഞാനും തണുപ്പ് അനുഭവിക്കട്ടെ. ആ സ്ത്രീയും കുട്ടികളും സംതൃപ്തരാകും വരെ ഞാനിത് ധരിക്കില്ല” ന്യയാധിപന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
ഉപ്പ കഥ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും സമീര്‍ കാശുമായി അതിവേഗത്തില്‍ വാതിലിനടുത്തേക്ക് കുതിച്ചിരുന്നു.
”മോനേ, സ്‌കൂള്‍ വിട്ട് വന്നിട്ട് ഭക്ഷണമൊന്നും കഴിച്ചില്ലല്ലോ. വല്ലതും കഴിച്ച് പോകൂ” ഉപ്പ വിളിച്ചു പറഞ്ഞു.
”ഉപ്പാ, ആ പാവം കുട്ടി വിശപ്പടക്കാതെ ഞാനും വിശപ്പടക്കില്ല” ഇതും പറഞ്ഞ് സമീര്‍ ആ കുട്ടിയെ തേടി യാത്രയായി.
കൂട്ടുകാരേ, കഷ്ടപ്പെടുന്നവരെ സഹായിക്കല്‍ മുസ്‌ലിമിന്റെ കടമയാണ്. ഉള്ളതിനനുസരിച്ച് മറ്റുള്ളവരെ സഹായിക്കുവാന്‍ ഒരിക്കലും മടി കാണിക്കരുത്. മറ്റുള്ളവരോട് കാരുണ്യം കാണിച്ചാലേ അല്ലാഹു നമ്മോട് കാരുണ്യം കാണിക്കുകയുള്ളൂ.
ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക
സൂപ്പർ കഥ
ഇത് പോലുള്ള കഥ കൾ കുട്ടി കൾക്ക്
ഉത്സാഹം നൽകുന്ന വയാണ്.
Jazakumullahu ഹൈർ