അവധിക്കാലവും കുടുംബ സന്ദര്‍ശനവും

ഉപ്പ വീട്ടില്‍നിന്നും പുറത്തുപോകാനൊരുങ്ങിയ നേരം നജ്‌വമോള്‍ അടുത്തേക്ക് ഓടിച്ചെന്നുകൊണ്ട് ചോദിച്ചു: ”ഉപ്പാ ഞാനും കൂടെ വരട്ടെ?
പുഞ്ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: ”പോന്നോളൂ. ഞാന്‍ അങ്ങാടിയിലേക്കാ.”
അതു കേട്ടപ്പോള്‍ അകത്തുനിന്നും ഒാടിവന്നുകൊണ്ട് ഫൈസല്‍ പറഞ്ഞു: ”ഉപ്പാ ഇത് അവധിക്കാലമല്ലേ. നമുക്ക് എങ്ങോട്ടെങ്കിലും ടൂര്‍ പോയാലോ?”
”ഏതായാലും സ്‌കൂളും മദ്‌റസയും അവധിയാണ്. നമുക്ക് വിരുന്നു പോകാം” ഉമ്മയും ഇടപെട്ടു.
”എങ്കില്‍ മക്കളേ, നമുക്കിന്ന് നിങ്ങളുടെ അമ്മാവന്റെ വീട് സന്ദര്‍ശിക്കാം” ഉപ്പ അഭിപ്രായപ്പെട്ടു.
”നമുക്ക് ടൂര്‍ പോകാം ഉപ്പാ. ഊട്ടിയില്‍ പുഷ്പമേള നടക്കുകയാണെന്ന് എന്റെ കൂട്ടുകാരന്‍ ഫയാസ് പറഞ്ഞു. നല്ല രസമാണത്ര കാണാന്‍” ഫൈസല്‍ തന്റെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചു.
”മക്കളേ, അതിനൊക്കെ കുറെ കാശ് ചെലവാണ്. കാശിന് വലിയ ചെലവില്ലാത്തതും അല്ലാഹുവില്‍നിന്ന് പ്രതിഫലം കിട്ടുന്നതുമായ കാര്യമാണ് ഞാന്‍ നിങ്ങളോട് പറഞ്ഞത്. സ്‌കൂളില്‍ നിന്ന് നിങ്ങള്‍ ടൂര്‍ പോകാറുണ്ടല്ലോ” ഉപ്പ പറഞ്ഞു.
”ഉപ്പാ, ഇടയ്ക്കിടെ നിങ്ങള്‍ കുടുംബങ്ങളിലേക്ക് പോകുന്നുണ്ടല്ലോ. എന്തിനാ എപ്പഴും ഇങ്ങനെ പോകുന്നത്?” നജ്‌വമോള്‍ തന്റെ സംശയം പ്രകടിപ്പിച്ചു.
ചിരിച്ചുകൊണ്ട് ഉപ്പ പറഞ്ഞു: ”അതിനെന്താ? കുടുംബസന്ദര്‍ശനം അല്ലാഹുവിന്റെ മതം കല്‍പിക്കുന്ന കാര്യമാണെന്ന് മോള്‍ക്കറിയില്ലേ?”
”അടുത്ത കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ കല്‍പിച്ചിട്ടുണ്ടെന്നോ?”
”അതെ മോളേ, കുടുംബ ബന്ധം ചേര്‍ക്കാന്‍ നമ്മോട് കല്‍പനയുണ്ട്. പതിവായി സന്ദര്‍ശിക്കണം. അങ്ങനെ അവര്‍ക്കും നമുക്കുമിടയിലുള്ള ബന്ധം മുറിയാതെ നോക്കണം” ഉപ്പ വിശദീകരിച്ചു.
”എങ്കില്‍ ഇനി ഉപ്പ പോകുമ്പോഴൊക്കെ ഞാനും കൂടെ വരും” നജ്‌വ പറഞ്ഞു.
”ഞാനും വരും” ഫൈസല്‍ വിട്ടുകൊടുത്തില്ല.
അങ്ങനെ അവര്‍ അമ്മാവന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അമ്മാവനും കുടുംബവും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ചെന്നയുടന്‍ രുചികരമായ ജ്യൂസ് അവര്‍ക്ക് കുടിക്കാന്‍ കൊടുത്തു. അമ്മാവന്റെ മകള്‍ ഒരു പെട്ടി ചോക്കലേറ്റ് നജ്‌വക്ക് നല്‍കിക്കൊണ്ട് പറഞ്ഞു:
”നല്ല രസമുള്ള ചോക്കലേറ്റാ. നിനക്കും ഫൈസലിനും ഞങ്ങളെ സന്ദര്‍ശിച്ചതിനുള്ള സമ്മാനം.”
നജ്‌വ അത് ഫൈസലിന്റെ കയ്യില്‍ കൊടുത്തു. പെട്ടി തുറന്ന് അതില്‍നിന്ന് ഒരു ചോക്കലേറ്റ് കഷ്ണം വായിലിട്ടുകൊണ്ട് നജ്‌വ പറഞ്ഞു: ”അമ്മായീ, ഞാനിനി ഉപ്പാന്റെ കൂടെ ഇടയ്‌ക്കൊക്കെ ഇവിടെ വരും. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിന്റെ പ്രാധാന്യം ഉപ്പ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.”
”നല്ല കുട്ടി. എല്ലാ കുടുംബ വീടുകളിലും പോകണം. അടുത്ത കുടുംബങ്ങള്‍ തമ്മില്‍ ബന്ധം ചേര്‍ക്കല്‍ പരസ്പരമുള്ള സ്‌നേഹം വര്‍ധിപ്പിക്കും. ബന്ധം ചേര്‍ക്കുന്നവരോട് അല്ലാഹുവും ബന്ധം ചേര്‍ക്കും. ബന്ധം മുറിക്കുന്നവരോട് അല്ലാഹുവും ബന്ധം മുറിക്കും” അമ്മായി പറഞ്ഞു.
ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം മടങ്ങുമ്പോള്‍ നജ്‌വയും ഫൈസലും വളരെ സന്തോഷത്തിലായിരുന്നു. അവധിക്കാലം അവസാനിക്കുമ്പോഴേക്കും എല്ലാ കുടുംബവീടുകളിലേക്കും കൊണ്ടുപോകാമെന്ന് ഉപ്പ പറഞ്ഞപ്പോള്‍ അവരുടെ സന്തോഷം വര്‍ധിച്ചു.
അബൂഫായിദ
നേർപഥം വാരിക