തമാശയും സഹായവും അബ്ദുല്‍ ജബ്ബാര്‍ മദീനി 2020 സെപ്തംബര്‍ 05

തമാശയും സഹായവും

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍)

അനിഷ്ടങ്ങളും പരിഹാസങ്ങളും കലരുകയോ സമ്മാനിക്കുകയോ ചെയ്യാത്ത വിധമുള്ള തമാശകളും നര്‍മങ്ങളും മറ്റുള്ളവരെ വശീകരിക്കുകയും അവരുടെ ഇഷ്ടം നേടിത്തരികയും ചെയ്യും. തമാശകള്‍ ഒരിക്കലും കൂടുതലാവരുത്. അപ്രകാരം അന്യരുടെ മനസ്സില്‍ മുറിവുകള്‍ വീഴ്ത്തുന്നതും സത്യത്തെ തമസ്‌കരിക്കുന്നതും അസത്യം സ്ഥാപിക്കുന്നതും ആവരുത്. അഭിസംബോധന ചെയ്യുന്നവന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതാവണം തമാശ.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; സ്വഹാബികള്‍ ഒരിക്കല്‍ ചോദിച്ചു: ”അല്ലാഹുവിന്റെ തിരുദതരേ, നിങ്ങള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ!” തിരുമേനി ﷺ  പറഞ്ഞു: ”ഞാന്‍ സത്യമേ പറയൂ”(സുനനുത്തുര്‍മുദി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര് ﷺ  പറഞ്ഞു:”നിശ്ചയം, ഞാന്‍ തമാശ പറയും. ഞാന്‍ സത്യമേ പറയൂ” (മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട് പറയപ്പെട്ടു: ”തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.” അദ്ദേഹം പ്രതികരിച്ചു: ”അല്ല, തമാശ സുന്നത്താണ്; അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. ജനങ്ങള്‍ തിരുനബി ﷺ യെ അനുധാവനം ചെയ്യുവാനും തിരുചര്യ പിന്‍പറ്റുവാനും കല്‍പിക്കപെട്ടവരായതിനാലാണ് അവിടുന്ന് തമാശ പറഞ്ഞിരുന്നത്. അഥവാ ജനങ്ങള്‍ തമാശ പറയുവാനാണ് തിരുനബി തമാശ പറഞ്ഞത്” (ഫയ്ദ്വുല്‍ക്വദീര്‍, മനാവി).

എപ്പോഴും തമാശ ആയിക്കൂടാ. അധികരിച്ചുള്ള തമാശകള്‍ മനസ്സിനെ കടുപ്പിക്കുകയും മനുഷ്യത്വം നശിപ്പിക്കുകയും മാന്യത നഷ്ടപ്പെടുത്തുകയും ചെയ്യും. മനസ്സ് ലോലമാവുകയും ഉല്‍ബോധനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തമാവുകയുമാണ് വേണ്ടത്. തമാശ പറഞ്ഞ് ചിരിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ തിരുനബി ﷺ  നടന്നപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു: ”നിങ്ങള്‍ ആസ്വാദനങ്ങളെ തകര്‍ക്കുന്ന മരണത്തെ സ്മരിക്കുന്നത് വര്‍ധിപ്പിക്കുക. കാരണം, ജീവിതത്തിന്റെ ഞെരുക്കത്തില്‍ വല്ലവനും മരണത്തെ ഓര്‍ത്താല്‍ അത് ജീവിതത്തെ അവനു വിശാലമാക്കും. ജീവിതത്തിന്റെ വിശാലതയില്‍ വല്ലവനും മരണത്തെ ഓര്‍ത്താല്‍ അത് അവന് ജീവിതത്തെ കുടുസ്സുമാക്കും”(അല്‍ബസ്സാര്‍. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).

കേവലം ആളുകളെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രം വ്യാജ വര്‍ത്തമാനങ്ങള്‍ പടക്കുന്നവര്‍ മുന്നറിയിപ്പുകള്‍ സൂക്ഷിക്കേതുണ്ട്. ഒരിക്കല്‍ തിരുനബി ﷺ  പറഞ്ഞു: ”സംസാരിക്കുകയും ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവുപറയുകയും ചെയ്യുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബൂ ഉമാമ(റ)യില്‍നിന്ന് നിവേദനം; തിരുദൂതര്  ﷺ  പറഞ്ഞു: ”തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന് ചുറ്റിലായി ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു; താന്‍ പറയുന്നത് സത്യമാണെങ്കിലും ശരി. കളവ് ഉപേക്ഷിക്കുന്നവന് സ്വര്‍ഗത്തിന്റെ നടുവില്‍ ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു; താന്‍ പറയുന്നത് തമാശക്കാണെങ്കിലും ശരി” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തിരുദൂതര് ﷺ  തമാശ കാണിച്ച ചില രംഗങ്ങള്‍ ഇവിടെ നല്‍കാം. അനസി(റ)ല്‍ നിന്ന് നിവേദനം: ”ഗ്രാമീണരില്‍ പെട്ട ഒരു വ്യക്തി; അദ്ദേഹത്തിന്റെ പേര് സാഹിര്‍ എന്നായിരുന്നു. ഗ്രാമത്തില്‍നിന്നുള്ള സമ്മാനങ്ങള്‍ അദ്ദേഹം തിരുമേനിക്ക് സമ്മാനിക്കാറുണ്ടായിരുന്നു. അദ്ദേഹം ഗ്രാമത്തിലേക്ക് പുറപ്പെടുവാനുദ്ദേശിക്കുമ്പോള്‍ മദീനഃയിലെ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കാറുണ്ടായിരുന്നു. തിരുനബി പറയും: ‘സാഹിര്‍, നമുക്ക് ഗ്രാമീണതയിലെ വിഭവങ്ങള്‍ എത്തിക്കുന്നു. നാം അദ്ദേഹത്തിനു നാട്ടിലെ വിഭവങ്ങളും ഒരുക്കുന്നു.’ തിരുനബി ﷺ  അദ്ദേഹത്തെ ഇഷ്ടപെട്ടിരുന്നു. അദ്ദേഹമാകട്ടെ വിരൂപനായ ഒരു വ്യക്തിയായിരുന്നു. ഒരുദിവസം സാഹിര്‍ തന്റെ ചരക്കുകള്‍ വിറ്റുകൊണ്ടിരിക്കെ തിരുനബി അദ്ദേഹത്തിനരികില്‍ചെന്നു. അദ്ദേഹം കാണാത്ത വിധം തിരുമേനി പിന്നില്‍നിന്ന് അദ്ദേഹത്തെ അരക്കെട്ടില്‍ അണച്ചുപിടിച്ചു. സാഹിര്‍ പറഞ്ഞു: ‘ആരാണിത്? എന്നെ വിടൂ.’ അദ്ദേഹം തിരിഞ്ഞ് നോക്കിയപ്പോള്‍ നബി ﷺ യെ തിരിച്ചറിഞ്ഞു. തിരച്ചറിഞ്ഞ വേളയില്‍ തിരുമേനിയുടെ മാറിടം തന്റെ മുതുകില്‍ അമര്‍ന്നഭാഗം അദ്ദേഹം കൂടുതല്‍ ചേര്‍ത്തുപിടിക്കുവാന്‍ തുടങ്ങി. തിരുമേനി പറഞ്ഞു: ‘ആരാണ് ഈഅടിമയെ വാങ്ങിക്കുക?’ അദ്ദേഹം പറഞ്ഞു: എങ്കില്‍ അല്ലാഹുവാണേ, തിരുദൂതരേ വില കുറഞ്ഞ ചരക്കായേ താങ്കള്‍ എന്നെ കണ്ടെത്തുകയുള്ളൂ. അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: ‘അല്ല, താങ്കള്‍ അല്ലാഹുവിങ്കല്‍ വിലകുറഞ്ഞ ചരക്കല്ല.’ അല്ലെങ്കില്‍ തിരുമേനി പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിങ്കല്‍ വിലകൂടിയ വിഭവമാകുന്നു” (മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അനസി(റ)ല്‍നിന്ന് നിവേദനം: ”ഒരു വ്യക്തി തിരുദൂതരോട് തന്നെ ഒരു ഒട്ടകപ്പുറത്ത് വഹിക്കണമെന്ന് ആവശ്യപ്പെട്ടു. തിരുമേനി ﷺ  പറഞ്ഞു: ‘ഞാന്‍ താങ്കളെ ഒരു പെണ്ണൊട്ടകക്കുട്ടിയുടെ പുറത്ത് വഹിക്കാം.’ അയാള്‍ പറഞ്ഞു: ‘തിരുദൂതരേ, ഒട്ടകക്കുട്ടിയെ കൊണ്ട് ഞാന്‍ എന്തു ചെയ്യാനാണ്?’ നബി ﷺ  പറഞ്ഞു: ‘ഒട്ടകങ്ങളെ പെണ്ണൊട്ടകങ്ങളല്ലാതെ പ്രസവിക്കുമോ?”(സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ആഇശ(റ)യില്‍നിന്ന് നിവേദനം: ”ബനൂആമിര്‍ ഗോത്രത്തില്‍ പെട്ട ഒരു വൃദ്ധ എന്റെ അടുക്കല്‍ ഉണ്ടായിരിക്കെ അല്ലാഹുവിന്റെ തിരുദൂതര്‍ എന്റെ അടുക്കലേക്ക് കടന്നുവന്നു. തിരുമേനി ﷺ  ചോദിച്ചു: ‘ആരാണ് ഈ വൃദ്ധ സ്ത്രീ?’ ഞാന്‍ പറഞ്ഞു: ‘എന്റെ മാതൃസഹോദരിയാണ്.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും.’ തിരുമേനി പ്രതികരിച്ചു: ‘മഹതീ, നിശ്ചയം ഒരു വൃദ്ധയും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ അതോടെ അവര്‍ കരഞ്ഞുകൊണ്ട് തിരിച്ചുപോയി. ഉടന്‍ തിരുമേനി പറഞ്ഞു: ‘അവര്‍ വൃദ്ധയായിക്കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് അവരോട് പറയുക. കാരണം അല്ലാഹു പറയുന്നു: തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരും സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു” (ക്വുര്‍ആന്‍ 56:35-37) (അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സഹായം

സഹോദരന്റെ പ്രയാസങ്ങള്‍ പരിഹരിക്കുന്ന മാര്‍ഗേണ സഹായഹസ്തം നീട്ടുവാനുള്ള ത്വര ഏറെ ശ്ലാഘനീയമാണ്. മതപരമായ ശാസനകളും പ്രോത്സാഹനങ്ങളും സഹായസഹകരണങ്ങളുടെ വിഷയത്തില്‍ ഏറെയാണ്. അല്ലാഹു—പറഞ്ഞു:

”ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുമായി കരാറിലേര്‍പ്പെട്ടു കഴിയുന്ന ജനതക്കെതിരായി (നിങ്ങളവരെ സഹായിക്കുവാന്‍) പാടുള്ളതല്ല” (ക്വുര്‍ആന്‍ 8:72).

”…പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്”(ക്വുര്‍ആന്‍ 5:2).

അബ്ദുല്ലാഹ് ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര് ﷺ  പറഞ്ഞു: ”ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരാണ്. പ്രവൃത്തികളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ഒരു മുസ്‌ലിമിന്റെ മനസ്സിലേക്ക് പ്രവേശിപ്പിക്കുന്ന സന്തോഷമാണ്. അല്ലെങ്കില്‍ അവനില്‍നിന്ന് ഒരുപ്രയാസം നീക്കുകയോ, അവന്റെ കടം വീട്ടിക്കൊടുക്കുകയോ, അവന്റെ വിശപ്പ് ശമിപ്പിക്കുകയോ ചെയ്യലാണ്. ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ ഞാന്‍ അതിനുവേണ്ടി നടക്കലാണ് എനിക്ക് ഈ പള്ളി(മസ്ജിദുന്നബവി)യില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ ഏറെ ഇഷ്ടകരം… ഒരാള്‍ തന്റെ മുസ്‌ലിമായ സഹോദരനോടൊപ്പം അദ്ദേഹത്തിന്റെ ഒരാവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതുവരെ നടന്നുപോവുകയാണ്, എങ്കില്‍ അയാളുടെ കാല്‍പാദങ്ങളെ അല്ലാഹു, കാലുകള്‍ പതറുന്ന നാളില്‍(അന്ത്യനാളില്‍) ഉറപ്പിച്ചുനിര്‍ത്തും”(ത്വബ്‌റാനി, അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു).

അനസി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര് ﷺ  പറഞ്ഞു: ”നിന്റെ സഹോദരനെ അവന്‍ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”തിരുദൂതരേ, അക്രമിക്കപ്പെട്ടവനാണെങ്കില്‍ എനിക്കവനെ സഹായിക്കാം. അവന്‍ അക്രമിയാണെങ്കില്‍ ഞാന്‍ എങ്ങനെ അവനെ സഹായിക്കും?” ”നീ അവനെ അക്രമത്തില്‍നിന്ന് തടയണം. നിശ്ചയം അതാണ് അവനുള്ള സഹായം” (ബുഖാരി).

ജാബിറി(റ)ല്‍നിന്നുള്ള മറ്റൊരു ഹദീഥില്‍ ഇപ്രകാരമാണുള്ളത്: ”അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും ഒരാള്‍ തന്റെ സഹോദരനെ സഹായിക്കട്ടെ.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”സഹോദരന്‍ അക്രമിക്കപ്പെട്ടവനാണെങ്കില്‍ അവനെ സഹായിക്കണം. അവന്‍ അക്രമിയാണെങ്കില്‍ അവനെ അക്രമത്തില്‍നിന്ന് തടയണം”(ബുഖാരി).

ബര്‍റാഅ് ഇബ്‌നുആസിബി(റ)ല്‍നിന്ന് നിവേദനം: ”രോഗസന്ദര്‍ശനം, ജനാസയെ അനുഗമിക്കല്‍, തുമ്മിയവനെ തശ്മീത്ത് ചെയ്യല്‍, ദുര്‍ബലനെ സഹായിക്കല്‍, മര്‍ദിതനെ തുണക്കല്‍, സലാം വ്യാപിപ്പിക്കല്‍, സത്യം ചെയ്തത് നിറവേറ്റല്‍ എന്നീ ഏഴു കാര്യങ്ങള്‍കൊണ്ട് തിരുദൂതന്‍ ഞങ്ങളോടു കല്‍പിച്ചു” (ബുഖാരി).

അന്യരെ സഹായിക്കുന്നതിന്റെ മഹത്ത്വമറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. തിരുദൂതന് ﷺ പറഞ്ഞു: ”അല്ലാഹു ഒരു അടിമയുടെ സഹായിയാണ്; അയാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം…” (മുസ്‌ലിം).

”ഒരാള്‍ സ്വസഹോദരനെ അവന്റെ അസാന്നിധ്യത്തില്‍ സഹായിച്ചാല്‍ അല്ലാഹു അവനെ ഇഹത്തിലും പരത്തിലും സഹായിക്കും.” സഹായിക്കും”(സുനനുല്‍ബയ്ഹക്വി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

തിരുനബി ﷺ യുടെ സവിശേഷ സ്വഭാവമായിരുന്നു അഗതികളെയും അശരണരെയും സഹായിക്കല്‍. വഹ്‌യു ലഭിച്ച ആദ്യനാളില്‍ ഭയന്നും പനിപിടിച്ചും ഭാര്യ ഖദീജ(റ)യുടെ അടുക്കലെത്തിയ തിരുനബി ﷺ യെ സമാശ്വസിപ്പിച്ച് അവര്‍ പറഞ്ഞു:

”ഒരിക്കലും ഭയപ്പെടേണ്ട. താങ്കള്‍ സന്തോഷിക്കുക. അല്ലാഹുവാണേ, അല്ലാഹു താങ്കളെ ഒരിക്കലും അപമാനിക്കുകയില്ല. താങ്കള്‍ കുടുംബ ബന്ധം ചാര്‍ത്തുന്നു. വര്‍ത്തമാനത്തില്‍ സത്യസന്ധത പുലര്‍ത്തുന്നു. ഭാരം പേറുന്നവന്റെ ഭാരം താങ്ങുന്നു. ധനം നിഷേധിക്കപ്പെട്ടവന് നേടിക്കൊടുക്കുന്നു. അഥിതിയെ സല്‍കരിക്കുന്നു. ആപത്തുകളില്‍ സഹായം നല്‍കുകയും ചെയ്യുന്നു”(ബുഖാരി).

ക്വിബ്ത്വികളുടെ മര്‍ദനങ്ങളിലും പരിഹാസങ്ങളിലും പൊറുതിമുട്ടുന്നവരായിരുന്നു ഇസ്‌റാഈല്യര്‍ ഈജിപ്തില്‍. അന്നാളുകളില്‍ മൂസാനബി(അ)യോട് സഹായമഭ്യര്‍ഥിക്കുകയും അദ്ദേഹം സഹായിക്കുവാനൊരുങ്ങുകയും ചെയ്ത ഇസ്‌റാഈല്യരുടെ കഥ വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്:

”അങ്ങനെ അദ്ദേഹം(മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോള്‍ അവിടെ രണ്ടു പുരുഷന്മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു” (ക്വുര്‍ആന്‍ 28:14,15)

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ? ഡോ.സബീല്‍ പട്ടാമ്പി 2020 സെപ്തംബര്‍ 05

ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ?

യുക്തിവാദ, നിരീശ്വരവാദ പ്രസ്ഥാനക്കാര്‍ മതങ്ങളെ വിമര്‍ശിക്കാന്‍ കൊണ്ടുനടക്കുന്ന ഒന്നാമത്തെ ആയുധമാണ് ശാസ്ത്രം. സര്‍ ഐസക് ന്യൂട്ടന്റെ കാലത്ത് (18ാം നൂറ്റാണ്ട്) ശാസ്ത്രത്തിനുണ്ടായ കുതിച്ചുചാട്ടത്തിനു ശേഷം അക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട പ്രധാനപ്പെട്ട ഒരു ചിന്ത ഇനിയങ്ങോട്ട് ശാസ്ത്രത്തിന്റെ കാലമാണ് എന്നും ശാസ്ത്രം വളരുന്നതോടെ ദൈവവിശ്വാസം തെറ്റാണെന്ന് തെളിയുകയും മതങ്ങളൊക്കെ മണ്ണടിഞ്ഞുപോവുകയും ശാസ്ത്രം അവയെ കീഴടക്കുകയും ചെയ്യുമെന്നുമായിരുന്നു. ചരിത്രത്തില്‍ ഈ പ്രചാരണ കാലഘട്ടം അറിയപ്പെടുന്നത് പോലും ‘നവോത്ഥാനകാലഘട്ടം’ (Renaissance period) എന്നാണ്. ശാസ്ത്രത്തിനു പ്രപഞ്ചരഹസ്യങ്ങള്‍ മുഴുവന്‍ വിശദീകരിക്കാനാവുമെന്നും മനുഷ്യനെ നയിക്കാന്‍ ഇനി ദൈവവും മതനിയമങ്ങളും ആവശ്യമില്ല എന്നും പ്രചരിപ്പിക്കപ്പെട്ടു.

 ഇക്കാലത്തായിരുന്നു പ്രമുഖ യൂറോപ്യന്‍ ചിന്തകനായിരുന്ന നീത്‌ഷെ ‘ദൈവം മരിച്ചുപോയി’ എന്ന് പ്രഖ്യാപിച്ചത്. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന് കാറല്‍ മാര്‍ക്‌സ് പ്രഖ്യാപിച്ചതും മനുഷ്യന്‍ കുരങ്ങില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന സിദ്ധാന്തമുണ്ടായതും ഇക്കാലത്തുതന്നെ. മത നിഷേധത്തിനാവശ്യമായ ഈ ചേരുവകളെല്ലാം കൃത്യമായ അളവില്‍ ഒരുമിച്ചുകൂടിയ ഇക്കാലം യുക്തിവാദ, നിരീശ്വരവാദ പ്രസ്ഥാനക്കാരുടെ സുവര്‍ണകാലമായിരുന്നു. യൂറോപ്യന്‍ ജനതക്കിടയില്‍ ക്രമേണ  ശാസ്ത്രത്തോടുള്ള ആരാധന കൂടുകയും ദൈവത്തിനോടുള്ള ആരാധന കുറയുകയും അവസാനം മതത്തെതന്നെ വലിച്ചെറിയുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു.

പരമ്പരാഗത മതങ്ങള്‍ പഠിപ്പിക്കുന്നത് പോലുള്ള ദൈവവിശ്വാസങ്ങള്‍ ഒഴിവാക്കപ്പെടേണ്ട അന്ധവിശ്വാസങ്ങളാണെന്നും ശാസ്ത്രമാണു പുതിയകാലത്തിന്റെ മതമെന്നും ശാസ്ത്രജ്ഞന്മാര്‍ അതിന്റെ പ്രവാചകന്മാരാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇന്നും ഇതേപ്രചാരണം യുക്തിവാദ, നിരീശ്വരവാദക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇവര്‍ പ്രചരിപ്പിക്കുന്ന ഒരു ചിന്ത ഇങ്ങനെയാണ്: ‘മതവിശ്വാസികള്‍ ശാസ്ത്ര ബോധം ഇല്ലാത്തവരാണ്. അവരുടെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ല. ഞങ്ങള്‍ നിരീശ്വര വാദക്കാര്‍ ശാസ്ത്രത്തിലൂന്നിയാണു മുന്നോട്ടുപോകുന്നത്.’

ശാസ്ത്രകുതുകികളും അഭ്യസ്തവിദ്യരായ പലരും ഇവരുടെ പ്രചാരവേലകളില്‍ ആകൃഷ്ടരായി മതംവലിച്ചെറിഞ്ഞു യുക്തിവാദ, നിരീശ്വര ചിന്തകള്‍ പുല്‍കുന്നത് ഇന്ന് നാം കാണുന്നു.  മതനിഷ്ഠയില്‍ വളര്‍ന്ന പല കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു ശേഷം നിരീശ്വര ചിന്തകളിലേക്ക് തെന്നിപ്പോകുന്നത് ഇത്തരം പ്രചാരണങ്ങളുടെ  കെണിയില്‍ പെട്ടതുകൊണ്ടാണ്. നിരീശ്വര,  യുക്തിവാദ പ്രസ്ഥാനക്കാരുടെ ഇത്തരം കുപ്രചാരണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ മുഖ്യ ലക്ഷ്യം. ‘ശാസ്ത്രം വളരുമ്പോള്‍ ദൈവവിശ്വാസത്തിന്റെ പ്രസക്തി ഇല്ലാതായി’ എന്ന നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ പ്രചാരണങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്ന് നമുക്കൊന്ന് പരിശോധിക്കാം.

പ്രമുഖ ശാസ്ത്രജ്ഞരെല്ലാം ദൈവവിശ്വാസികള്‍

നിരീശ്വര, യുക്തിവാദ പ്രസ്ഥാനക്കാരുടെ അവകാശവാദപ്രകാരം ശാസ്ത്രപഠനം ദൈവത്തെ ഇല്ലെന്ന് തെളിയിക്കുമെന്നാണല്ലോ. അങ്ങനെയായിരുന്നെങ്കില്‍ ‘ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരായിരുന്നു ഏറ്റവും വലിയ നിരീശ്വര വാദികളാകേണ്ടിയിരുന്നത്.’ എന്നാല്‍ ഈ വിഷയത്തില്‍ നാം ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കില്‍ മനസ്സിലാവുക മരണപ്പെട്ടുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ പ്രമുഖരായ ബഹുഭൂരിഭാഗം ശാസ്ത്രജ്ഞരും ദൈവവിശ്വാസികളായിരുന്നു എന്നതാണ്. അഥവാ ഇവര്‍ അവകാശപ്പെട്ടതുപോലെ ശാസ്ത്രവും ശാസ്ത്രപഠനവും ദൈവത്തെ നിരാകരിക്കുന്നതിലേക്കല്ല ശാസ്ത്രജ്ഞരെകൊണ്ടെത്തിച്ചത്, മറിച്ച് പ്രപഞ്ചത്തിന് ഒരു ദൈവമുണ്ട് എന്ന ചിന്തയിലേക്കാണ്. പ്രമുഖരായ ചില ശാസ്ത്രജ്ഞന്മാരുടെ ദൈവചിന്തകള്‍ എന്തായിരുന്നുവെന്നാണ് ഇനി നാം പരിശോധിക്കുന്നത്.

ലോകം കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ ശാസ്ത്രജ്ഞന്‍ ഐസക് ന്യൂട്ടനാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അല്ല അത് ഐന്‍സ്റ്റീന്‍ ആണെന്ന് വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. ശാസ്ത്രമേഖലയില്‍ ഇവരില്‍ ആരായിരുന്നു മുന്നില്‍ എന്ന കാര്യം നാം ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നില്ല. എന്നാല്‍ ഇവര്‍ രണ്ടുപേരും ദൈവവിശ്വാസികളായിരുന്നു എന്നതാണു സത്യം.

സര്‍ ഐസക് ന്യൂട്ടണ്‍

 

ന്യൂട്ടോണിയന്‍ ഫിസിക്‌സിക്‌സിനു ശേഷം ഇനി ദൈവത്തിനു പ്രസക്തിയില്ലെന്ന് അന്ന് പ്രചരിപ്പിക്കപ്പെട്ടു എന്ന് നാം പറഞ്ഞല്ലോ. എന്നാല്‍ അറിയുക; ആ ന്യൂട്ടണ്‍ ഒരു ദൈവ വിശ്വാസിയായിരുന്നു എന്നതാണു സത്യം! ന്യൂട്ടണ്‍ ഇവരുടെ ദൈവനിഷേധ ചിന്തകളില്‍നിന്ന് മുക്തനായിരുന്നു. ന്യൂട്ടണ്‍ പറയുന്നത് കാണുക:

‘സമയത്തിനും കാലത്തിനും അനുയോജ്യമായി കാണപ്പെടുന്ന പ്രകൃതിവൈവിധ്യങ്ങള്‍ ഏതോ ഒരു ശക്തിയുടെ ചിന്തയുടെയും ഉദ്ദേശ്യത്തിന്റെയും ഫലമായി രൂപംകൊണ്ടതായിരിക്കാം’ (ന്യൂട്ടന്റെPrincipia Mathematica എന്ന ഗ്രന്ഥത്തില്‍നിന്ന്).

ന്യൂട്ടന്റെ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളില്‍ ഒന്നാണല്ലോ ‘ഗുരുത്വാകര്‍ഷണ നിയമം’ (Law of Gravtiy). ഈ നിയമത്തെപ്പറ്റി പറയവെ ന്യൂട്ടണ്‍ പറയുന്നത് കാണുക: ‘ഗുരുത്വാകര്‍ഷണം (Gravtiy) ഗ്രഹങ്ങളുടെ സഞ്ചാരത്തെപ്പറ്റി വിവരിക്കുന്നു. എന്നാല്‍ ആരാണ് അവയുടെ സഞ്ചാരത്തെ നിയമിച്ചത് എന്ന് ഈ നിയമം പറയുന്നില്ല. ദൈവമാണ് ഈ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്, അവയുമായി ബന്ധപ്പെട്ട് എന്തെല്ലാമാണു ചെയ്യേണ്ടതെന്ന് അവനറിയാം. സൂര്യനും ഗ്രഹങ്ങളും ഉല്‍ക്കകളും ഉള്‍പ്പെടുന്ന ഈ മനോഹര സംവിധാനം ഒരു അതിബുദ്ധിമാനായ ശക്തിയില്‍നിന്നു മാത്രമെ ഉല്‍ഭവിക്കൂ’ (Quoted in the book “Isaac Newton: Inventor, Scientist and Teacher”, by J.H.Tiner þ1975).

മറ്റൊരിക്കല്‍ ന്യൂട്ടണ്‍ പറഞ്ഞു: ‘അവയെല്ലാം ലളിതമനോഹരമായി സംവിധാനിക്കപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ കൃത്യതയാണ്. ആ ദൈവം കൃത്യതയുള്ളവനാണ്; അല്ലാതെ ആശയക്കുഴപ്പമുള്ളവനല്ല’ (“The religion of Isaac Newton” by Frank. E. Manuel, Page: 120).

ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍

ഐന്‍സ്റ്റീനും ഒരു ദൈവവിശ്വാസിയായിരുന്നുവെന്ന് കാണാം. അദ്ദേഹം പറഞ്ഞതായി വന്ന ഒരു ഭാഗം കാണുക: ‘ശാസ്ത്രം കൂടുതല്‍ പഠിക്കുന്തോറും ഞാന്‍ കൂടുതല്‍ ദൈവവിശ്വാസിയാവുകയാണു ചെയ്യുന്നത്’ (The Wall Street Journal, 1997, Dec  24, article “Science resurrects God” by Jim Holt).

മറ്റൊരിക്കല്‍ ഐന്‍സ്റ്റീന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: ‘സയന്‍സ് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍പറ്റുന്ന ഒരുകാര്യം എന്തെന്നാല്‍ ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിലെല്ലാം ഒരു ഉന്നതശക്തിയുടെ സാന്നിധ്യം പ്രകടമാണ്, മനുഷ്യനെക്കാള്‍ ഉന്നതനായ ഒരു ശക്തി. ആ ശക്തിയുടെ മുന്നില്‍ നാം മനുഷ്യര്‍ വിനയാന്വിതരായിരിക്കണമെന്ന് മനസ്സിലാക്കുക’ (Ronald W Clark എഴുതിയ Einstein: The Life & Times എന്ന പുസ്തകം. Also quoted in the book “Einstein and Religion by Prof. Max Jammer).

ആല്‍ബെര്‍ട് ഐന്‍സ്റ്റീനിന്റെ കൂട്ടുകാരനും ഇസ്രായേലിലെ ബാര്‍ലന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് പ്രൊഫസറുമായിരുന്ന മാക്‌സ് ജാമ്മര്‍ ഐന്‍സ്റ്റീന്റെ മതവിശ്വാസത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് Einstein and Religion എന്നത്. ഈ പുസ്തകത്തില്‍ ഐന്‍സ്റ്റീന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിനയച്ച കത്തുകളും എടുത്തുകൊടുക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ ദൈവത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞതായി ഉദ്ധരിക്കുന്ന ചില പ്രസക്ത ഭാഗങ്ങള്‍ നമുക്ക് പരിശോധിക്കാം.

‘ഈ ഭൗതിക പ്രപഞ്ചത്തില്‍ ഒരു ദൈവം പ്രകടമാണ്’ (Max Jammer, Page: 151).

‘ദൈവം എങ്ങനെയാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്ന് ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു…ആ ദൈവത്തിന്റെ ചിന്തകളെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ (Max Jammer, Page:123).

 ‘എന്നെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം, ദൈവത്തിന് ഈ ലോകം മറ്റൊരു രീതിയില്‍ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നോ എന്നാണ്…’ (Max Jammer, Page: 124).

‘അനുഭവങ്ങളുടെ ഈ ലോകത്ത് ഉന്നതമായ ചിന്തകളുള്ള ഒരു ദൈവത്തിന്റെ സാന്നിധ്യം പ്രകടമാണ്… ഇതാണ് എന്റെ ദൈവചിന്ത’ (Max Jammer, Page: 132).

‘ഈ സങ്കീര്‍ണതക്കെല്ലാം പിന്നില്‍ മറഞ്ഞിരിക്കുന്ന, അനുഭവഭേദ്യമല്ലാത്ത, നമുക്ക് വിവരിക്കാന്‍ പറ്റാത്ത എന്തോഒന്ന് ഉണ്ട്. ആ ശക്തിയെ ഞാന്‍ വണങ്ങുന്നു. അതാണ് എന്റെ മതം. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ഒരു മതവിശ്വാസിയാണ്’ (Max Jammer, Page: 40).

‘അനന്തനായ (അന്ത്യമില്ലാത്തവന്‍), ഉന്നതനായ ഒരു ശക്തിയുടെ മുന്നില്‍ വിനയപ്പെടലാണ, എന്റെ മതം; ആ ഉന്നത ശക്തിസാന്നിധ്യമാണു ഞാന്‍ വിശ്വസിക്കുന്ന ദൈവം’ (The Quotable Einstein, Page: 195,196).

ഐന്‍സ്റ്റീന്റെ മുകളിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അദ്ദേഹം ഒരു പ്രപഞ്ച ശക്തിയില്‍ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ശക്തി എന്താണെന്നോ എങ്ങനെയാണെന്നോ ആ ശക്തിയോട് തനിക്ക് എന്തെങ്കിലും കടമകള്‍ ഉണ്ടോ എന്നോ ഉണ്ടെങ്കില്‍ അത് എങ്ങനെ നിര്‍വഹിക്കണം എന്നോ ഐന്‍സ്റ്റീനിനു മനസ്സിലാവുന്നില്ല. കാരണം അതൊന്നും മനുഷ്യ ബുദ്ധിയുടെയോ ശാസ്ത്രത്തിന്റെയോ പരിധിയില്‍ വരുന്ന കാര്യമല്ലല്ലോ. അത്തരം വിശദാംശങ്ങള്‍ കൂടുതല്‍ അറിയണമെങ്കില്‍ ആ ശക്തിതന്നെ സ്വയം പരിചയപ്പെടുത്തുന്ന, ആ ശക്തിയില്‍നിന്നുള്ള ഏതെങ്കിലും പ്രമാണഗ്രന്ഥങ്ങളോ സന്ദേശ വാഹകനോ ആവശ്യമാണ്. ഇവിടെയാണു വേദഗ്രന്ഥങ്ങളുടെ പ്രസക്തി കടന്നുവരുന്നത്.

അതുകൊണ്ട്തന്നെ മതവും ശാസ്ത്രവും ശത്രുക്കളല്ല. അവ രണ്ടും മിത്രങ്ങളായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഐന്‍സ്റ്റീന്‍ ചൂണ്ടിക്കാണിക്കുന്നത് കാണുക:

 ‘മതത്തിനും ശാസ്ത്രത്തിനുമിടയില്‍ ഒരു സംഘട്ടനം ഉണ്ടാകാന്‍ പാടില്ല. മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്. ശാസ്ത്രം ഇല്ലാത്ത മതം അന്ധനുമാണ്’ (Quoted by Max Jammer, Page: 31).

ഐന്‍സ്റ്റീന്റെയും ന്യൂട്ടന്റെയും ദൈവവിശ്വാസവും യുക്തിവാദിയുടെ വെപ്രാളവും

ഇതൊക്കെ  നാം പറയുമ്പോള്‍ യുക്തിവാദികള്‍ അസ്വസ്ഥരാകുന്നത് കാണാം. ഏറ്റവും കൂടുതല്‍ യുക്തിയും ശാസ്ത്രബോധവും ഉള്ളതായി ലോകം കണക്കാക്കുന്ന രണ്ട് ശാസ്ത്രജ്ഞര്‍ ദൈവ വിശ്വാസികളായിരുന്നു എന്നു പറഞ്ഞാല്‍ അത് യുക്തിവാദ, നിരീശ്വര ചിന്തകര്‍ക്ക് ക്ഷീണവും മതവിശ്വാസികള്‍ക്ക് അനുകൂലവുമാകും എന്നത് തന്നെയാണ് ഈ അസ്വസ്ഥതക്ക് കാരണം. അതുകൊണ്ട് തന്നെ ഈ ശാസ്ത്രജ്ഞരൊന്നും ദൈവവിശ്വാസികളായിരുന്നില്ല എന്ന് സ്ഥാപിക്കാനുള്ള വെപ്രാളം പല യുക്തിവാദക്കാരും കാണിക്കുന്നത് കാണാം. അത്തരത്തിലുള്ള ഒരു വ്യാഖ്യാന കസര്‍ത്ത് നമുക്ക് കാണാം.

ഇന്ന് ജീവിച്ചിരിക്കുന്ന യുക്തിവാദികള്‍ ഏറെക്കുറെ എല്ലാവരും അംഗീകരീക്കുന്ന ഒരു വ്യക്തിയാണ് ബ്രിട്ടനിലുള്ള റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഇദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ ദൈവവിമര്‍ശന പുസ്തകമാണ് ‘ദൈവമെന്ന മിഥ്യ’ (The God delusion). ഈ പുസ്തകത്തില്‍ ഐന്‍സ്റ്റീനും ന്യൂട്ടനുമൊന്നും ദൈവ വിശ്വാസികളായിരുന്നില്ല എന്ന് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന കാണാം:

‘ഐന്‍സ്റ്റീന്‍ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ വിളിച്ചതായി കാണാം. എന്നാല്‍ അദ്ദേഹം മാത്രമല്ല അങ്ങനെ (ദൈവത്തെ) വിളിച്ച ‘നിരീശ്വരവാദിയായ’ ശാസ്ത്രജ്ഞന്‍. പ്രകൃത്യാതീത ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം അവരുടെ ആളാണെന്ന (ദൈവവിശ്വാസി ആണെന്ന) ഒരു തെറ്റിദ്ധാരണക്ക് ഇത് കാരണമായിട്ടുണ്ട്’ (The God Delusion, Page: 34).

ഈ പ്രസ്താവന ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്ന ചില കാര്യങ്ങള്‍ പറയാം:

(1) ഐന്‍സ്റ്റീന്‍ ഒരു ദൈവത്തെ വിളിച്ചിരുന്നു എന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു. പക്ഷേ, ഐന്‍സ്റ്റീന്‍ ദൈവവിശ്വാസിയാണെന്ന് സമ്മതിക്കാന്‍ ഡോക്കിന്‍സിനു മടിയാണു താനും!

(2) ‘അദ്ദേഹം മാത്രമല്ല ദൈവത്തെ വിളിച്ച നിരീശ്വരവാദി” എന്ന ഭാഗം ശ്രദ്ധിക്കുക. അപ്പോള്‍ വേറെയും പ്രഗത്ഭരായ പല ശാസ്ത്രജ്ഞരും ദൈവത്തെ വിളിച്ച കാര്യം ഡോക്കിന്‍സിനു തന്നെ അറിയാം. (പക്ഷേ, മറച്ചുവെക്കുന്നു എന്ന് വ്യക്തം).

എന്നാല്‍ ഡോക്കിന്‍സ് പറയുന്നത് പോലെ ഐന്‍സ്റ്റീനിന്റെ ഈ ‘ദൈവ വിളി’ ദൈവവിശ്വാസികള്‍ വ്യാഖ്യാനിച്ചുണ്ടാക്കിയതല്ല എന്നത് ദൈവത്തെപ്പറ്റി ഐന്‍സ്റ്റീന്‍ തന്നെ പറഞ്ഞത് മുകളില്‍ നാം ഉദ്ധരിച്ചത്  വായിച്ചാല്‍ മനസ്സിലാകും.

(3) മറ്റൊരു കാര്യം ഡോക്കിന്‍സ് പറയുന്നത് ‘ഐന്‍സ്റ്റീന്‍ അവരുടെ ആള്‍ ആണെന്ന് ദൈവ വിശ്വാസികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു’ എന്നാണ്.

അത് ‘തെറ്റിദ്ധാരണയല്ല; ശരിയായ ധാരണതന്നെയാണ്’ എന്നാണു ഡോക്കിന്‍സിനോട് പറയാനുള്ളത്. മാത്രവുമല്ല ഐന്‍സ്റ്റീന്‍ താന്‍ നിരീശ്വരവാദികളുടെ ആളല്ല എന്നു സ്വയംതന്നെ തീര്‍ത്തു പറയുന്നതും കാണുക:

‘…ചില ആളുകള്‍ പറയുന്നത് ദൈവം എന്ന ഒന്ന് ഇല്ല എന്നാണ്. എന്നാല്‍  അത്തരക്കാര്‍ (നിരീശ്വര വാദികള്‍) എന്നെ അവരുടെ ആളാണെന്ന് പറഞ്ഞ് ഉദ്ധരിക്കുന്നതാണ് എന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന കാര്യം'(Max Jammer, Einstein and religion, Page: 97).

ഐന്‍സ്റ്റീന്‍ മരിച്ചത് 1955ലാണ്. ഡോക്കിന്‍സിനെ പോലുള്ള കുപ്രചാരകര്‍ ഐന്‍സ്റ്റീന്റെ കാലത്ത് തന്നെ ജീവിച്ചിരുന്നതുകൊണ്ടായിരിക്കണം, ‘ഞാന്‍ നിരീശ്വരവാദിയല്ല, എന്നെ അതിലേക്കൊട്ട് ചേര്‍ത്തു പറയുകയും വേണ്ട’ എന്ന് ഐന്‍സ്റ്റീന്‍ അന്ന് തന്നെ പറഞ്ഞുവെച്ചത്.

ഇനി ന്യൂട്ടനെക്കുറിച്ച് ഡോക്കിന്‍സ് പറയുന്നത് കാണാം. ആ ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്:’ബുദ്ധികൊണ്ട് അറിയപ്പെട്ട പലരും ദൈവവിശ്വാസികളായിരുന്നില്ല. എന്നാല്‍ അവര്‍ അക്കാര്യം മറച്ചു വെച്ചതിനു കാരണം ജീവിതവരുമാനം നിന്നുപോകുമോ എന്ന് പേടിച്ചതാണ്’ (The God delusion, by Dawkins, Page: 123).

ഇങ്ങനെ പറഞ്ഞ ശേഷം ഡോക്കിന്‍സിന്റെ അടുത്ത വാചകം ഇങ്ങനെയാണ്: ‘ന്യൂട്ടന്‍ ഒരു ദൈവ വിശ്വാസിയായിരുന്നു.’

അതായത് ഡോക്കിന്‍സ് പറയാന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്: ‘യഥാര്‍ഥത്തില്‍ ന്യൂട്ടന്‍ ദൈവ വിശ്വാസിയായിരുന്നില്ല. എന്നാല്‍ ഭൂരിപക്ഷംവരുന്ന മതവിശ്വാസികളോട് താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാല്‍ ജീവിതം വഴിമുട്ടിപ്പോകുമോ എന്നു പേടിച്ചതുകൊണ്ട് മാത്രമാണു താന്‍ ഒരു ദൈവവിശ്വാസിയാണെന്ന് ന്യൂട്ടന്‍ പറഞ്ഞത്!’

ന്യൂട്ടനെപ്പറ്റി ഇങ്ങനെ പറയാന്‍ ഡോക്കിന്‍സിനുള്ള തെളിവെന്താണെന്ന് ആരും ചോദിക്കരുത്. തനിക്ക് ബോധ്യപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ താന്‍ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് ന്യൂട്ടന്‍ സ്വയം പറയുമ്പോള്‍, അല്ല ന്യൂട്ടന്‍ സ്വന്തം നിലനില്‍പിനു വേണ്ടിയാണു ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞതെന്ന് യാതൊരു തെളിവുമില്ലാതെ ന്യൂട്ടന്റെ പേരില്‍ ആരോപിക്കാന്‍ ഈ യുക്തിവാദി എന്ത് മാത്രം ‘ശാസ്ത്രീയഗവേഷണം’ നടത്തിക്കാണും?

ഏറ്റവും പ്രമുഖരായ രണ്ട് ശാസ്ത്രജ്ഞന്മാരുടെ ദൈവത്തെപ്പറ്റിയുള്ള ചിന്തകളാണ് നാം പരിശോധിച്ചത്. എന്നാല്‍ ഇവര്‍ മാത്രമല്ല, ശാസ്ത്രം ഏറ്റവുമധികം വളര്‍ന്ന 20ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖരായ ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗം പേരും ദൈവവിശ്വാസികളായിരുന്നു എന്നതാണു വാസ്തവം. അവര്‍ ആരെല്ലാമായിരുന്നുവെന്ന് അടുത്ത ലേഖനത്തില്‍ പരിശോധിക്കാം.

 

ഡോ.സബീല്‍ പട്ടാമ്പി
നേർപഥം വാരിക

പ്രകാശത്തിന്നുമേല്‍ പ്രകാശം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2020 സെപ്തംബര്‍ 12

പ്രകാശത്തിന്നുമേല്‍ പ്രകാശം

(മനുഷ്യന്‍ ക്വുര്‍ആനില്‍ )

”അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക്ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രംപോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിനു മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ” (ക്വുര്‍ആന്‍ 24:35).

പകല്‍ മുഴുവനും വെയിലേറ്റു നില്‍ക്കുന്ന ഒലീവു മരത്തിന്റെ എണ്ണ ഏറ്റവും ശുദ്ധമായിരിക്കും. ജന്മനാ മനുഷ്യന്‍ ശുദ്ധപ്രകൃതിയിലാണുള്ളത്. ആ പ്രകൃതി ഒരു നിലയ്ക്കും മലിനമാകാതെ, അതിലേക്ക് ദൈവവിശ്വാസവും അവനെ സംബന്ധിച്ചുള്ള ജ്ഞാനവും പ്രവേശിക്കുന്നതോടെ അതിന് വെളിച്ചം കൂടി. പ്രകൃത്യാ ശുദ്ധമായ ഒലീവെണ്ണ വിളക്കിലൊഴിച്ച് തിരികത്തിച്ച പോലെ ഇരുട്ട് പോയി പ്രകാശം വന്നു. തനിക്കു ലഭിച്ച ജ്ഞാനത്തിന്നനുസരിച്ച് വിശ്വാസം (ഈമാന്‍) വര്‍ധിച്ചപ്പോള്‍ മനസ്സു മാലിന്യമുക്തമായി. തിളങ്ങുന്ന സ്ഫടികത്തെ പോലെ വിശുദ്ധിയുടെ വൈവിധ്യങ്ങളായ പ്രകാശം മേല്‍ക്കുമേല്‍ കാണാറായി. ശുദ്ധപ്രകൃതിയാല്‍ തിളങ്ങുന്ന ഹൃദയത്തിലേക്ക് ഈമാനിന്റെയും വിജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും പ്രകാശങ്ങള്‍ ഒത്തുചേര്‍ന്നു. ഇതാണ് ഉപമയുടെ പൊരുള്‍ എന്നാണ് മനസ്സിലാകുന്നത്.

മനുഷ്യന്‍ ഏതു സാഹചര്യത്തിലാണെങ്കിലും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. പിന്നീട് അവന്റെ വളര്‍ച്ചയില്‍ ഇടപെടുന്നവരാണ് ആ വിശുദ്ധിക്ക് കളങ്കമായ ശീലങ്ങളും ചിന്തകളും നല്‍കി അതിനെ മലിനമാക്കുന്നത്. എന്നാല്‍ ആ വിശുദ്ധിയെ പരിപോഷിപ്പിക്കുന്ന ഈമാനികബോധവും ദീനിജ്ഞാനവും ബോധവും നല്‍കിയാല്‍ ലോകത്തിന്ന് വെളിച്ചം നല്‍കാന്‍ മനുഷ്യന്ന് സാധിക്കുമെന്ന സൂചന ഈ ഉപമയില്‍ കാണാം.

മരീചികതേടി നിരാശപ്പെടുന്നര്‍

”അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായിത്തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ” (ക്വുര്‍ആന്‍ 24:39).

സത്യനിഷേധിയുടെ മനസ്സിനെ വരണ്ട മരുഭൂമിയോട് ക്വുര്‍ആന്‍ ഉപമിച്ചു. എന്നാല്‍ യഥാര്‍ഥ ഈമാന്‍ ഉള്‍ക്കൊണ്ട വിശ്വാസികളെ എക്കാലത്തും ഫലം നല്‍കുന്ന വൃക്ഷത്തിനോടാണ് അല്ലാഹു ഉപമിച്ചത്.

”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരംപോലെയാകുന്നു. അതിന്‍ന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍നിന്ന്അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പ്പുമില്ല” (ക്വുര്‍ആന്‍ 14:24-26).

അവിശ്വാസത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. മരുഭൂമിയില്‍ കാണുന്ന മരീചിക വെള്ളമാണെന്ന് കരുതി അവിടെ ചെന്നു നോക്കിയാല്‍ നിരാശരാകുന്നവരുടെ അവസ്ഥയാണവര്‍ക്കുള്ളത്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകും. ഒടുവില്‍ നിരാശ മാത്രം ബാക്കിയാകും. സത്യവിശ്വാസവും,ആത്മാര്‍ഥതയും നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കേ പ്രതീക്ഷക്ക് വകയുള്ളു.

 

കൂരിരുട്ടില്‍പെട്ട ഹതഭാഗ്യന്‍

”അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനുമീതെ വീണ്ടും തിരമാല. അതിനുമീതെ കാര്‍മേഘം. അങ്ങനെ ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല” (ക്വുര്‍ആന്‍ 24:40)

വിശ്വാസത്തിന്റെ പ്രകാശം ഒരാളുടെ ഹൃദയത്തില്‍നിന്ന് നഷ്ടമായാല്‍, പിന്നെ തന്റെ നിലപാടിലും പ്രവര്‍ത്തനത്തിലും സ്വഭാവത്തിലും വര്‍ത്തനങ്ങളിലും അത് പ്രകടമാവും. അറിവില്ലായ്മയും അവിവേകവും അവനെ നയിക്കും. ആകെക്കൂടി കൂരിരുട്ടാവും ജീവിതം. ആഴക്കടലിന്റെ സ്വഭാവികമായ ഇരുട്ടില്‍ മുകള്‍പ്പരപ്പിലെ മേല്‍ക്കുമേലുള്ള തിരമാലകളും മേഘംമൂടിയ അന്തരീക്ഷവും രാത്രിയുമായാല്‍ ഇരുട്ടിന്മേല്‍ ഇരുട്ടാവുന്ന പോലെ ഇത്തരം ആളുകളില്‍ നന്മയുടെ വെളിച്ചം കാണുകയില്ല.

എട്ടുകാലിയുടെ വീട്

”അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട്തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!” (ക്വുര്‍ആന്‍ 29:41).

അല്ലാഹുവല്ലാത്തവരോട് വിളിച്ചുപ്രാര്‍ഥിക്കുന്നതിനെയും അവരില്‍നിന്ന് ഗുണമോ ദോഷമോ പ്രതീക്ഷിക്കുന്നതിനെയും എട്ടുകാലി വലയോട് ഉപമിച്ചത് വ്യക്തമാണ്. കണ്ടാല്‍ വലിയതായി തോന്നുമെങ്കിലും എത്ര ദുര്‍ബലമാണ് ആ വല! ഇപ്രകാരം ശിര്‍ക്കിന്റെ കൂടാരങ്ങളായ  ദര്‍ഗകളും മറ്റു കേന്ദ്രങ്ങളും കൂടീരങ്ങളും അവയോടനുബന്ധിച്ച ഉല്‍സവച്ചടങ്ങുകളും എത്ര ഗംഭീരമായി തോന്നപ്പെട്ടാലും ഒന്നും ആര്‍ക്കും ചെയ്തുകൊടുക്കാന്‍ കഴിയാത്ത ദുര്‍ബല കേന്ദ്രങ്ങളാണവ എന്ന് ഈ ഉപമ വ്യക്തമാക്കുന്നു.

അടിമയെപ്പോലെ

”നിങ്ങളുടെ കാര്യത്തില്‍നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ(അടിമകളെ)യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു” (ക്വുര്‍ആന്‍ 30:28).

സൃഷ്ടികളെ ആരാധിക്കുകയും അവരില്‍നിന്ന് രക്ഷാശിക്ഷകള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഈ ഉപമ അഭിസംബോധന ചെയ്യുന്നത്. അടിമ-യജമാനന്‍ സമ്പ്രദായം നിലനിന്നിരുന്ന കാലത്തുള്ള സംബോധനയാകയാല്‍ ആ സമൂഹത്തിന്ന് പെട്ടെന്ന് മനസ്സിലാകുന്ന ചോദ്യമാണിത്. യജമാനന്നുള്ള അവകാശവും അധികാരവും തങ്ങളുടെ അടിമകള്‍ക്ക് അവര്‍ വകവെച്ചുകൊടുക്കുമോ? അപ്രകാരം ജഗന്നിയന്താവായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ആരാധന, അവന്റെ ദാസന്മാര്‍ക്ക് എങ്ങനെയാണ് അവര്‍ ചെയ്യുക? ശിര്‍ക്ക് എത്രമാത്രം അനീതിയും അനര്‍ഥവുമാണ്!

കുറെ യജമാനന്മാരുള്ള ഒരടിമ

”അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്‍മാര്‍. ഒരു യജമാനനു മാത്രം കീഴ്‌പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും അറിയുന്നില്ല” (ക്വുര്‍ആന്‍ 39:29).

ബഹുദൈവാരാധകന്റെ അവസ്ഥ വിവരിക്കുന്ന ഉപമയാണിത്. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരാള്‍ക്ക് അവന്റെ കല്‍പനകള്‍ മാത്രം അനുസരിച്ച് അവനെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ മതി. പല ദൈവങ്ങളെയും ആരാധിക്കുന്നവര്‍ ആരെയൊക്കെ, എപ്പോഴൊക്കെ, എങ്ങനെ തൃപ്തിപ്പെടുത്തണമെന്നറിയാത്ത ഗതികേടിലാകുന്നതാണ്. വഴക്കടിക്കുന്ന കുറെ യജമാനന്മാരുടെ ഒരു അടിമക്ക് സംഭവിക്കുന്നതും ഈ ഗതികേടുതന്നെയാണല്ലോ.

കൗതുകമുള്ള കൃഷി

”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്.അതാണ് തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക്  കൗതുകം തോന്നിച്ചുകൊണ്ട്അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 48:29).

കരുത്തുകാട്ടി വളര്‍ന്നു നിവര്‍ന്നുനില്‍ക്കുന്ന കാര്‍ഷികവിളകള്‍ ആരെയും കൗതുകപ്പെടുത്തുന്നത് പോലെ, വിശ്വാസി സമൂഹം വിശ്വാസപരമായ അടിത്തറയിന്മേല്‍ എല്ലാരംഗത്തും കരുത്തോടെ വളര്‍ന്നു പുരോഗതി പ്രാപിച്ച്, പരസ്പരം സഹകരിച്ച് ഭദ്രമായ ഒരു സമൂഹമായി വളരണമെന്ന സന്ദേശമാണ് ഇതില്‍ കാണുന്നത്. ഇന്‍ജീലില്‍ വിശേഷിപ്പിക്കപ്പെട്ട ഈ സാമൂഹ്യക്ഷമത സ്വഹാബികളില്‍ കാണപ്പെട്ടതിനാല്‍ ഇന്‍ജീലിന്റെ അനുയായികള്‍പോലും ക്ഷുഭിത മനസ്സോടെ മുസ്‌ലിംകളെ നോക്കിക്കണ്ടിരുന്നു എന്നത് ചരിത്രസാക്ഷ്യമാണ്. പിന്നാക്കക്കാരും പതിതരുമായി കഴിയേണ്ടവരല്ല മുഹമ്മദ് നബി ﷺ യുടെ അനുയായികളെന്നും, മറിച്ച് പ്രതാപത്തോടുകൂടി ഉയിര്‍ത്തെഴുന്നേറ്റ് പ്രവാചക സന്ദേശത്തിന്റെ വാഹകരാകാന്‍ ശ്രമിക്കണമെന്നുമുള്ള പാഠം ഈ ഉപമയിലടങ്ങിയിരിക്കുന്നു.

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി 2020 സെപ്തംബര്‍ 12

ദുരന്തങ്ങളില്‍ വിശ്വാസികള്‍ക്കൊരു മാര്‍ഗരേഖ

ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരന്തങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണ് എന്നതില്‍ സംശയമില്ല. മറ്റേതൊരു വിഷയത്തിലുമെന്നപോലെ ദുരന്തങ്ങളുടെ സന്ദര്‍ഭങ്ങളിലും വിശ്വാസികള്‍ക്ക് നിലപാടുകളുണ്ട്. അതവര്‍ സ്വയം കണ്ടെത്തിയതല്ല. മറിച്ച് കാരുണ്യവാനായ സ്രഷ്ടാവ് അവര്‍ക്കു നല്‍കിയ മാര്‍ഗദര്‍ശനത്തില്‍ പെട്ടതാണ്. ആ മാര്‍ഗദര്‍ശനത്തെ അവര്‍ പിന്‍പറ്റിയാല്‍ ഏതു പ്രതിസന്ധിയെയും ദുരന്തങ്ങളെയും വമ്പിച്ച ആത്മവിശ്വാസത്തോടെയും ആത്മസംയമനത്തോടെയും നേരിടാന്‍ അവര്‍ക്കു സാധിക്കുന്നതാണ്. അതവര്‍ക്ക് ദുഃഖവും ഭീതിയുമില്ലാത്ത ഒരവസ്ഥ നല്‍കുകയും ചെയ്യും.

ദുരന്തങ്ങളില്‍ ആത്മവിശ്വാസവും സമാധാനവും നല്‍കുന്ന സ്രഷ്ടാവിന്റെ ആ മാര്‍ഗദര്‍ശനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. പ്രധാനമായും നാലു കാര്യങ്ങളാണ് വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. അവ ഏതൊക്കെയാണെന്നും അവയുടെ തെളിവുകള്‍ ഏതൊക്കെയാണെന്നും കാണാം:

(1) അല്‍ഇഅ്തിക്വാദ് (വിശ്വാസം)

മരണമോ അപകടമോ സംഭവിച്ചാല്‍ വിശ്വാസി ഉടനെത്തന്നെ തന്റെ വിശ്വാസമെന്താണ് എന്ന് ഓര്‍മിക്കുകയും ഹൃദയത്തില്‍ ഉറപ്പിക്കുകയും വേണം. ആ വിശ്വാസമെന്തായിരിക്കണമെന്ന് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ”തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും” (2:156).

നാമെല്ലാം അല്ലാഹുവിന് ഉള്ളതാണെന്നും അവനിലേക്കു തന്നെ മടങ്ങേണ്ടവരാണെന്നുമുള്ള  പ്രഖ്യാപനം അടിസ്ഥാനപരമായ രണ്ട് വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു: 1. അല്ലാഹുവിലുള്ള വിശ്വാസം. 2. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം.

‘ഇന്നാ ലില്ലാഹി’ എന്ന വാക്യത്തില്‍ അല്ലാഹുവിലുള്ള വിശ്വാസം അടങ്ങുന്നു. ഈ പ്രപഞ്ചത്തിലുള്ള തെല്ലാം അവന്റെതാണെന്നും എല്ലാം അവന്റെ സൃഷ്ടികളാണെന്നും എല്ലാറ്റിന്റെയും ഉടമസ്ഥത അവനുള്ളതാണെന്നും മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ലെന്നും അവന്റെ തീരുമാനങ്ങളാണ് അവന്റെ സൃഷ്ടികളില്‍ നടപ്പിലാക്കപ്പെടുന്നതെന്നും സൃഷ്ടിപ്പ്, നാശം, ജനനം, മരണം, ഗുണം, ദോഷം തുടങ്ങിയവയെല്ലാം അവങ്കല്‍നിന്നാണെന്നും; അവന്റെ തീരുമാനങ്ങളില്‍ അവന്‍ നീതിമാനും കാരുണ്യമുള്ളവനാണ് എന്നും; അവന്‍ ഉടമയും സൃഷ്ടികള്‍ അവന്റെ അടിമകള്‍ മാത്രമാണെന്നും തുടങ്ങി അല്ലാഹുവിലുള്ള വിശ്വാസത്തി ന്റെ കാതലായ എല്ലാ വശങ്ങളും ‘ഇന്നാ ലില്ലാഹി’എന്ന വാക്കില്‍ ഉള്‍പ്പെടുന്നുണ്ട്.

നബി ﷺ യുടെ മകളുടെ മകന്‍ മരണപ്പെട്ടപ്പോള്‍ തിരുമേനി പറഞ്ഞ വാചകം ഈ ആശയത്തെ വ്യക്തമാക്കുന്നതായി കാണാം: ‘നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്. അവന്‍ നല്‍കിയതും അവന്റെതുതന്നെ. എല്ലാ വസ്തുവിനും അവന്റെയടുത്ത് ഒരു അവധിയുണ്ട്. അതിനാല്‍ അവള്‍ ക്ഷമിക്കട്ടെ, അതിനുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യട്ടെ.’ (ബുഖാരി, മുസ്‌ലിം)

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം (സാന്ത്വനം) അറിയിക്കുമ്പോഴുള്ള പ്രാര്‍ഥന കൂടിയാണിത്. അതെ, നമുക്ക് നല്‍കപ്പെട്ടതും നമുക്ക് നഷ്ടപ്പെട്ടതുമൊന്നും നമ്മുടെതായിരുന്നില്ല എന്നും എല്ലാം അല്ലാഹു നല്‍കിയതും അവന്റെതുമാണെന്നും മനസ്സിലാക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അത് എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും നല്‍കുന്നു.

ആരെങ്കിലും നമ്മെ ഏല്‍പിച്ച ഒരു വസ്തു തിരിച്ചുചോദിച്ചാല്‍ അത് തിരിച്ചുനല്‍കുന്നതില്‍ നമുക്ക് വിഷമം ഇല്ലാത്തതുപോലെ, അല്ലെങ്കില്‍ ഉണ്ടാവാന്‍ പാടില്ലാത്തത് പോലെത്തന്നെ അല്ലാഹു നല്‍കിയ ഏതൊരു അനുഗ്രഹവും; അത് കുടുംബങ്ങളോ സ്വത്തോ, മറ്റെന്തെങ്കിലുമോ ആകട്ടെ അല്ലാഹുവിന് അത് തിരിച്ചെടുക്കുവാനുള്ള അവകാശമുണ്ടെന്ന് നാം ഉള്‍ക്കൊണ്ടാല്‍ അത് നമുക്ക് വലിയ മനസ്സമാധാനം നല്‍കുന്നതാണ്.

ഇപ്രകാരം ഒരു ആപത്ത് (മുസ്വീബത്ത്) ബാധിക്കുമ്പോള്‍ നമ്മുടെ വിശ്വാസകാര്യങ്ങളിലേക്ക്  മനസ്സു കൊണ്ട് മടങ്ങുകയും അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യുക. ഇസ്‌ലാമിന്റെ ഈ വിഷയത്തിലെ  ഈയൊരു മാര്‍ഗദര്‍ശനം വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.  

രണ്ടാമത് നാം പറയുന്നത് ‘വ ഇന്നാ ഇലയ്ഹി റാജിഊന്‍’ (നിശ്ചയമായും നാമെല്ലാം അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണ്) എന്നാണ്. ഇത് പരലോകവിശ്വാസത്തെ കുറിക്കുന്നു. ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാണ് പരലോകവിശ്വാസം.  

അല്ലാഹു നമ്മെയെല്ലാം സൃഷ്ടിച്ചത് അവനെ  അനുസരിച്ചും അവന്ന് ഇബാദത്തുകള്‍ ചെയ്തുകൊണ്ടും ജീവിക്കാനാണെന്നും, അവന്‍ ജീവിതത്തിന് ഒരു നിര്‍ണിത അവധി വെച്ചിട്ടുണ്ടെന്നും, അത്  കഴിഞ്ഞാല്‍ നാമെല്ലാം അല്ലാഹുവിലേക്ക് മടക്കപ്പെടുമെന്നും ജീവിതത്തിന്റെ കണക്കുകള്‍ അവിടെ  ബോധിപ്പിക്കേണ്ടതുണ്ടെന്നുമുള്ള വിശ്വാസം ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍’ എന്ന വാക്കില്‍ അടങ്ങിയിട്ടുണ്ട്. വിധിയിലുള്ള വിശ്വാസത്തെ കൂടി അംഗീകരിക്കുകയാണ് നാം ഇതിലൂടെ ചെയ്യുന്നത്. ‘എല്ലാം അല്ലാഹുവിന്റെ അടുക്കല്‍ ഒരു  നിര്‍ണിത അവധിവരെ മാത്രമാണ്'(മുസ്‌ലിം) എന്ന പ്രവാചക വചനം ഈ ആശയത്തെ അരക്കിട്ടുറപ്പിക്കുന്നു.  

അപ്പോള്‍ അല്ലാഹു നിശ്ചയിച്ച അവധിയെത്തിയാല്‍ എല്ലാവരും അല്ലാഹുവിലേക്ക് മടങ്ങിപ്പോകേണ്ടതുണ്ട് എന്നും, അതിനെ മറികടക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നുമുള്ള അല്ലാഹുവിന്റെ വിധിയിലും പരലോകത്തിലുമുള്ള വിശ്വാസം പരീക്ഷണങ്ങളെ, ദുരന്തങ്ങളെ, മരണങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ വിശ്വാസികളെ സഹായിക്കുന്നു.

അപ്പോള്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ലാഹു നമ്മോട്  പറയാന്‍ കല്‍പിച്ച ‘ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍’ എന്ന വാക്യത്തിലൂടെ അല്ലാഹുവിലും അവന്റെ വിധിയിലും പരലോകത്തിലുമുള്ള വിശ്വാസം വിശ്വാസികളില്‍ ശക്തിപ്പെടുകയും അവര്‍ സമാധാനമടയുകയും ചെയ്യുന്നു.

(2) അല്‍ക്വൗല്‍ (നാവുകൊണ്ട് പറയല്‍)

ഒരു വിപത്ത് ബാധിച്ചാല്‍ വിശ്വാസത്തിനു പുറമെ വാക്കുകളായി നാം പറയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് നാം നേരത്തെ മനസ്സിലാക്കിയത്. സ്വീകാര്യയോഗ്യമായ ഹദീഥിലൂടെ അത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.

‘ഏതൊരു മുസ്‌ലിമിനും ഒരു ദുരന്തം ബാധിക്കുകയും അപ്പോള്‍ അവന്‍ അല്ലാഹു കല്‍പിച്ചതു പോലെ ‘ഞങ്ങള്‍ അല്ലാഹുവിന് ഉള്ളവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അതിനെക്കാള്‍ ഉത്തമമായത് അല്ലാഹു അവന്ന് നല്‍കാതിരിക്കുകയില്ല.’ (സ്വഹീഹു മുസ്‌ലിം)

ഈമാന്‍ എന്ന് പറഞ്ഞാല്‍ വിശ്വാസവും വാക്കും പ്രവൃത്തിയും അടങ്ങിയതാണല്ലോ. നാം നേരത്തെ വിശദീകരിച്ച, വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന വാക്കുകള്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. നാം ഇത് പ്രഖ്യാപിക്കുമ്പോള്‍ നമ്മെ സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുന്നു. നമ്മെ ആശ്വസിപ്പിക്കാന്‍ അതവര്‍ക്ക് എളുപ്പമായിത്തീരുകയും ചെയ്യുന്നു.

അതേപോലെ മറ്റൊരു വാക്കാണ് ‘നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്, അവന്‍ നല്‍കിയതും അവന്റെതു തന്നെ. എല്ലാ വസ്തുവിനും അവന്റെയടുത്ത് ഒരു അവധിയുണ്ട്. അതിനാല്‍ അവള്‍ (ഏതൊരാളും) ക്ഷമിക്കട്ടെ, അതിനുള്ള പ്രതിഫലം കാംക്ഷിക്കുകയും ചെയ്യട്ടെ’ എന്നത്.

ചുരുക്കത്തില്‍ ഇത്തരം പ്രാര്‍ഥനകളും മറ്റും, നമുക്കും നാം പറയുന്നത് കേള്‍ക്കുന്നവര്‍ക്കും  ആത്മവിശ്വാസവും സമാധാനവും വര്‍ധിക്കാന്‍ കാരണമായിത്തീരുന്നു.

(3) അല്‍അമല്‍ (പ്രവൃത്തി)

ദുരന്തങ്ങളും പരീക്ഷണങ്ങളും വരുമ്പോള്‍ നമ്മുടെ ഭാഗത്തുനിന്ന് നിര്‍ബന്ധമായും ഉണ്ടാവേണ്ടുന്ന രണ്ടു പ്രവര്‍ത്തനങ്ങള്‍ ഉണ്ട്: 1) ക്ഷമ. 2) പ്രതിഫലം ആഗ്രഹിക്കല്‍.

ഏതൊരു പരീക്ഷണ ഘട്ടത്തിന്റെയും ആദ്യഘട്ടത്തില്‍ തന്നെ നമുക്ക് വേണ്ടത് ക്ഷമയാണ്. ക്ഷമയെന്ന് പറഞ്ഞാല്‍ നാം നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട്  സമാധാനമടയലും അല്ലാഹുവിനെ സംബന്ധിച്ച് നല്ലവിചാരം വെച്ചുപുലര്‍ത്തലും അല്ലാഹുവിന് ഇഷ്ടപ്പെടാത്ത എല്ലാ വാക്കുകളില്‍നിന്നും പ്രവര്‍ത്തികളില്‍നിന്നും വിട്ടുനില്‍ക്കലുമാണ്.

പറയാനുള്ളതെല്ലാം പറഞ്ഞ്, ചെയ്യാനുള്ളതെല്ലാം ചെയ്ത് പിന്നീട് ‘ഞാന്‍ ക്ഷമിക്കുന്നു’ എന്ന് പറയുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല നാം നേരത്തെ വിശദീകരിച്ച വിശ്വാസകാര്യങ്ങളില്‍ നാം വിശ്വസിക്കുന്നു എന്നതിന്റെ അടയാളം പോലും ക്ഷമയിലൂടെയാണ് നാം തെളിയിക്കേണ്ടത്.

അതുകൊണ്ടാണ് പ്രവാചകന്‍ ﷺ  മകനെ നഷ്ടപ്പെട്ട തന്റെ മകളോട് ക്ഷമിക്കുവാന്‍ പറഞ്ഞത്.  ‘ക്ഷമാലുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക’ (ക്വുര്‍ആന്‍ 2:155) എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു ആഹ്വാനം ചെയ്യുന്നതും ക്ഷമിക്കാനാണല്ലോ. 

 

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
നേർപഥം വാരിക

ദെവവിശ്വാസികളായ ശാസ്ത്രജ്ഞര്‍ ഡോ.സബീല്‍ പട്ടാമ്പി 2020 സെപ്തംബര്‍ 12

ദെവവിശ്വാസികളായ ശാസ്ത്രജ്ഞര്‍

ശാസ്ത്രം വളര്‍ന്നപ്പോള്‍ ദൈവം തളര്‍ന്നോ?

മതത്തിന്റെ വക്താക്കള്‍ ശാസ്ത്രബോധമില്ലാത്തവരാണെന്നും ശാസ്ത്രം വളര്‍ന്നാല്‍, അല്ലെങ്കില്‍ മനുഷ്യര്‍ ശാസ്ത്ര പഠനത്തിന്റെ ഉന്നതിയില്‍ എത്തിയാല്‍ ദൈവം അപ്രസക്തമാകുമെന്നുമൊക്കെയുള്ള യുക്തിവാദ പ്രസ്ഥാനക്കാരുടെ പ്രചാരണത്തിന്റെ നിജസ്ഥിതിയാണ് നാം പരിശോധിച്ചു വരുന്നത്. കഴിഞ്ഞ ലക്കത്തില്‍ ഐന്‍സ്റ്റീനും ന്യൂട്ടണുമെല്ലാം ദൈവവിശ്വാസികളായിരുന്നുവെന്ന് നാം സൂചിപ്പിക്കുകയുണ്ടായി. ഇനി ദൈവവിശ്വാസികളായ മറ്റ് പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ആരെല്ലാമായിരുന്നു എന്ന് കൂടി പരിശോധിക്കാം.

ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള ദൈവവിശ്വാസികളായ ശാസ്ത്രജ്ഞര്‍

ഇന്നു നാം അനുഭവിക്കുന്ന പല ശാസ്ത്ര വൈജ്ഞാനിക മേഖലകളുടെയും തുടക്കം കുറിച്ചത് 16,17,18,19 നൂറ്റാണ്ടുകളിലായിരുന്നു. വിവിധ ശാസ്ത്രമേഖലകള്‍ക്ക് തുടക്കംകുറിച്ച പ്രമുഖരായ ശാസ്ത്രജ്ഞരെല്ലാം ദൈവവിശ്വാസികളായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗലീലിയോ ഗലീലിയും നികോളാസ് കോപ്പര്‍ നിക്കസും 17ാം നൂറ്റാണ്ടില്‍ ജീവിച്ച, പ്രസിദ്ധമായ ‘ഗ്രഹങ്ങളുടെ ചലന നിയമങ്ങള്‍’ (Kepler’s Law of Planetary motion) രൂപീകരിച്ച കെപ്ലറും ദൈവവിശ്വാസികളായിരുന്നു.

‘ശാസ്ത്ര പഠനത്തിന്റെ രീതികള്‍’ ആവിഷ്‌കരിച്ചെടുത്തത് ഗലീലിയോ ആയിരുന്നു. അദ്ദേഹം പറയുന്നത് കാണുക: ”മനുഷ്യശരീരത്തിലെ ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അത്ഭുതകരമായ പല കാര്യങ്ങളിലേക്കും നോക്കുമ്പോള്‍, എനിക്ക് കൂടുതല്‍ ബോധ്യംവന്ന ഒരു കാര്യം എന്തെന്നാല്‍, മനുഷ്യബുദ്ധി എന്നത് ദൈവത്തിന്റെ സൃഷ്ടിയാണ്. ഏറ്റവും മഹത്തരമായ സൃഷ്ടി വൈഭവം”(Michael CaputobpsS Einstein, Galileo, Newton: What did the three greatest scientists believe about God എന്ന പുസ്തകം, പേജ് 85ല്‍ ഉദ്ധരിച്ചത്).

‘ആധുനിക കെമിസ്ട്രിയുടെ പിതാവ്’ (Father of Modern Chemistry) എന്നറിയപ്പെടുന്ന റോബര്‍ട്ട് ബോയില്‍ (1627-1691) ഒരു ശക്തനായ മതവിശ്വാസിയായിരുന്നു എന്നതാണു വാസ്തവം. അദ്ദേഹം അദ്ദേഹത്തിന്റെ മതവിശ്വാസവും ചിന്തകളും ക്രോഡീകരിച്ച് എഴുതിയ ഗ്രന്ഥമാണ് The Excellency of Theology (1674) എന്നത്. ഇതില്‍ ദൈവനിഷേധികളെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആ ഗ്രന്ഥത്തില്‍നിന്നുള്ള ഒരു ഉദ്ധരണി കാണുക: ”ആകാശഗോളങ്ങളുടെ വിശാലത, സൗന്ദര്യം, ചലനങ്ങളിലുള്ള കൃത്യത, ജന്തുക്കളുടെയും സസ്യങ്ങളുടെയും അത്ഭുതകരമായ ഘടന പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ള, മുന്‍ധാരണയില്ലാത്ത ഏതൊരാള്‍ക്കും പരമാധികാരിയായ, ശക്തനായ ഒരു സ്രഷ്ടാവ് ഉണ്ടെന്ന നിഗമനത്തില്‍ എത്താന്‍ സാധിക്കും.”

ഇനി വൈദ്യശാസ്ത്രത്തിലേക്ക് വരാം. ‘മൈക്രോബയോളജിയുടെയും ഇമ്മ്യൂണോളജിയുടെയും പിതാവ്’ എന്നറിയപ്പെടുന്ന, ആന്ത്രാക്‌സ്, റാബീസ് എന്നിവക്കുള്ള വാക്‌സിന്‍ ആദ്യമായി വികസിപ്പിച്ചെടുത്ത മഹാനായ ലൂയിസ് പാസ്ച്ചര്‍ (1822-1895) ഒരു ദൈവവിശ്വാസിയായിരുന്നു. ആധുനിക ‘ജനിതക ശാസ്ത്രത്തിന്റെ പിതാവ്’ (Father of Genetics) എന്നറിയപ്പെടുന്ന ഗ്രിഗര്‍ മെന്‍ഡല്‍ (1822-1884) ഒരു ചര്‍ച്ചിലെ പുരോഹിതനായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച പ്രമുഖരായ ശാസ്ത്രജ്ഞര്‍

വിവിധ ശാസ്ത്രമേഖലകളില്‍ നിരവധി കണ്ടെത്തലുകള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നു 20ാം നൂറ്റാണ്ട്. 1900 മുതല്‍ 2000 വരെ ജീവിച്ച പ്രഗത്ഭരും ദൈവവിശ്വാസികളുമായ ശാസ്ത്രജ്ഞര്‍ ആരെല്ലാമായിരുന്നുവെന്ന് പരിശോധിക്കാം.

(1) മാക്‌സ് പ്ലാങ്ക്: (1858-1947).

ജര്‍മന്‍ സ്വദേശി, PhD in Physics. ക്വാണ്ടം തിയറിയുടെ (Quantum theory) ഉപജ്ഞാതാവ്. ആധുനിക ഫിസിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആപേക്ഷികതാ സിദ്ധാന്തത്തിനും (Theory of relativtiy) വൈദ്യുത കാന്തിക തരംഗ (Eletcromagnetic waves) പഠനത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1918ല്‍ ഫിസ്‌ക്‌സില്‍ നോബല്‍ സമ്മാനം നേടി. ഇനി അദ്ദേഹത്തിന് ദൈവത്തെ പറ്റി എന്താണു പറയാനുള്ളതെന്ന് നോക്കാം:

”മതവും ശാസ്ത്രവും തമ്മില്‍ ഒരു ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. ഗൗരവമായി ചിന്തിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ ഉള്ളില്‍ ഒരു മതബോധം കണ്ടെത്താനാകും. അതിനെ പരിപോഷിപ്പിക്കുക വഴി അവനു ജീവിതത്തില്‍ ഒരു സന്തുലിതത്വം കണ്ടെത്താനാകും. ചരിത്രത്തിലെ പ്രമുഖരെല്ലാം ദൈവ വിശ്വാസികളായിരുന്നു എന്നത് ആകസ്മികമായി സംഭവിച്ചതല്ല” (പ്ലാങ്കിന്റെ തന്നെ ഗ്രന്ഥമായ Where is science goingല്‍ ഉദ്ധരിച്ചത്).

മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ”…പ്രപഞ്ചത്തിലെ എല്ലാ ഊര്‍ജങ്ങള്‍ക്കും പിന്നില്‍ ഒരു ബുദ്ധിമാനായ ശക്തിയുണ്ട്. അതായത് എല്ലാത്തിന്റെയും കാരണക്കാരനായ ഒരു ബുദ്ധി” (Quoted in “Material science on the wrongt rack”).

(2) എര്‍വിന്‍ ഷ്രോഡിംഗര്‍ (1887-1961):

ഓസ്ട്രിയക്കാരന്‍. PhD in Physics. ആറ്റോമിക് തിയറിക്ക് 1933ല്‍ നോബല്‍ സമ്മാനം. തരംഗ സിദ്ധാന്തത്തിനും ക്വാണ്ടം മെക്കാനിക്‌സിനും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വേവ് മെക്കാനിക്‌സിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നു. അദ്ദേഹം പറയുന്നു: ”നമ്മള്‍ എവിടെനിന്ന് വന്നു? എവിടേക്കാണ് നാം പോകുന്നത്? ഇതൊരു വലിയ ചോദ്യമാണ്. എല്ലാവര്‍ക്കും ആശയക്കുഴപ്പമുള്ള ചോദ്യം. സയന്‍സിന് ഇതിനൊരു ഉത്തരവുമില്ല” (Nature and the Greeks, Page: 95,96).

ജീവിതത്തിന്റെ ലക്ഷ്യം, മരണാനന്തരം എന്ത് തുടങ്ങിയ കാര്യങ്ങള്‍ ഷ്രോഡിംഗറെ ചിന്തിപ്പിച്ചിരുന്നു എന്ന് ഈ വരികളില്‍നിന്ന് വ്യക്തമാണ്. ഇത് എല്ലാ കാലത്തുള്ളവര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും ശാസ്ത്രത്തിനു ഇവക്ക് ഉത്തരമില്ലെന്നും അദ്ദേഹം പറയുന്നു. യൂറോപ്യനായ ഷ്രോഡിംഗര്‍ ഇന്ത്യന്‍വേദങ്ങളിലും ഉപനിഷത്തുക്കളിലുമൊക്കെ തല്‍പരനായിരുന്നതായി കാണാം. അതായത് ദൈവത്തെ അന്വേഷിച്ച് വേദോപനിഷത്തുകള്‍ വരെ അദ്ദേഹം എത്തി എന്നര്‍ഥം.

(3) വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് (1901-1976):

ജര്‍മനിക്കാരന്‍. PhD in Physics. 1932ല്‍ നോബല്‍ സമ്മാനം. ഇദ്ദേഹത്തിന്റെ ‘അനിശ്ചിതത്വ സിദ്ധാന്തം’ (Uncertaintiy Principle) ഫിസിക്‌സിലെ ഒരു അടിസ്ഥാന സിദ്ധാന്തമാണ്. അദ്ദേഹം പറഞ്ഞു: ‘ശാസ്ത്രത്തിന്റെ ആദ്യ ഇറക്കുവെള്ളം കുടിച്ചാല്‍ നീ ഒരു നിരീശ്വരവാദി ആയേക്കാം. എന്നാല്‍ അതേ ഗ്ലാസ്സിന്റെ അടിഭാഗത്ത് ദൈവം നിന്നെ കാത്തിരിക്കുന്നു” (Heisenberg, quoted in Hilderbrand, 1988). ശാസ്ത്രത്തിലെ അല്‍പജ്ഞാനം നിന്നെ ഒരു നിരീശ്വരവാദി ആക്കാമെങ്കിലും ആഴത്തിലുള്ള പഠനം നിന്നെ ഒരു ദൈവവിശ്വാസിയാക്കും എന്നര്‍ഥം.

(4) റോബര്‍ട്മില്ലിക്കന്‍ (1868-1953):

അമേരിക്കക്കാരന്‍. PhD in Physics. ഇലക്ട്രോണ്‍ കണികയുടെ ചാര്‍ജ് കണ്ടെത്തിയതിനു 1923ല്‍ നോബല്‍ സമ്മാനം. മില്ലിക്കന്‍ അദ്ദേഹത്തിന്റെ ബയോഗ്രഫിയില്‍ എഴുതുന്നു: ”മനുഷ്യരാശിയുടെ നന്മയും വളര്‍ച്ചയും നിലകൊള്ളുന്നത് രണ്ട് കാര്യങ്ങളിലാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ കാര്യങ്ങള്‍ തകരും. അവയില്‍ ഒന്ന് അവനിലുള്ള മതത്തിന്റെ അംശമാണ്.മറ്റേത് ശാസ്ത്രബോധവും” (Autobiography of Millikan, Chapter 12, “The two supreme elements of human progress”).

അദ്ദേഹം ഇത്രകൂടി പറഞ്ഞു: ”ഒരു നിരീശ്വര വാദിക്ക്(ദൈവനിഷേധി) ഒരു നല്ല ശാസ്ത്രജ്ഞനാകാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഗൗരവമായി ചിന്തിക്കുന്ന ഒരാള്‍ ദൈവനിഷേധിയായതായി എനിക്കറിയില്ല” (Taken from an interview “A scientist’s God” in 1925).

മറ്റൊരിക്കല്‍ മില്ലിക്കന്‍ പറഞ്ഞു: ‘സയന്‍സ് നമുക്ക് വ്യവസ്ഥാപിതമായ ഈ പ്രപഞ്ചത്തെപ്പറ്റി അറിയിച്ച് തന്നു. കൃത്യമായ കണക്കുകളോടും നിയമങ്ങളോടുംകൂടി പ്രവര്‍ത്തിക്കുന്ന പ്രപഞ്ചം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രകൃതിനിയമങ്ങള്‍ വഴി പ്രവര്‍ത്തിക്കുന്ന ഒരു ദൈവം” (Science and Religion, Page: 70, Yale Universtiy press, 1930).

(5) ചാള്‍സ് ടൊവന്‍സ് (1915-2015):

അമേരിക്കക്കാരന്‍. PhD in Physics. 1964ല്‍ ക്വാണ്ടം ഇലക്ട്രോണിക്‌സില്‍ നോബല്‍ സമ്മാനം. ലേസര്‍ കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 2002 ഏപ്രിലില്‍ പാരീസില്‍ വെച്ചു നടന്ന The covergencs of Science and religion (മതത്തിന്റെയും ശാസ്ത്രത്തിന്റെയും സംഗമം) എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”സയന്‍സും മതവും വ്യത്യസ്തമായ ഘടകങ്ങളായാണ് സാധാരണ പരിഗണിക്കപ്പെടാറുള്ളത്. മതം പ്രപഞ്ചത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശാസ്ത്രം സംസാരിക്കുന്നത് പ്രപഞ്ചത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെ പറ്റിയാണ്. അഥവാ ഇവ രണ്ടും പരസ്പരബന്ധിതമാണ്.”

1998ല്‍ ‘ദി ന്യൂസ് വീക്’ മാഗസിന് കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ”പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ മതവീക്ഷണങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്” (ദി ന്യൂസ് വീക്, 1998, ജുലൈ 27).

(6) ആര്‍തര്‍ ഷാവ്‌ലോ (1921-1999):

അമേരിക്കക്കാരന്‍. PhD in Physics. ലേസര്‍ സ്‌പെക്ട്രോമെട്രിയിലുള്ള സംഭാവനകള്‍ക്ക് 1981ല്‍ നോബല്‍ സമ്മാനം. അദ്ദേഹം പറയുന്നത് കാണാം:

”ജീവനുകളുടെയും ഈ പ്രപഞ്ചത്തിന്റെയും അത്ഭുതങ്ങള്‍ കാണുമ്പോള്‍ ഒരാള്‍ ചോദിച്ചേക്കാം; ‘എന്തുകൊണ്ട്?’ ഇതിനുള്ള ഒരേയൊരു ഉത്തരം മതം എന്നാണ്. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. ശാസ്ത്ര പഠനം ഒരു ആരാധനയായി ഞാന്‍ കാണുന്നു. കാരണം, അതുവഴി ദൈവത്തിന്റെ അത്ഭുത സൃഷ്ടിപ്പിനെ കൂടുതല്‍ അടുത്തറിയാന്‍ എനിക്ക് സാധിക്കുന്നു” (Cosmos,Bios,TheosMargenau& Varghese.M.Roy).

(7) സര്‍ വില്യം ബ്രാഗ്:

ബ്രിട്ടീഷ് പൗരന്‍. 1915ല്‍ ഫിസിക്‌സില്‍ നോബല്‍ സമ്മാനം. ഇദ്ദേഹം 1941ല്‍ ‘സയന്‍സും വിശ്വാസവും’ എന്ന പേരില്‍ ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞു: ”ഒരു മനുഷ്യന്റെ ലക്ഷ്യം പഠിപ്പിക്കുന്നത് മതമാണ്. സയന്‍സ് ആ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ അവനെ സഹായിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ ചോദിക്കാറുണ്ട്; സയന്‍സും മതവും പരസ്പര വിരുദ്ധങ്ങളല്ലേ എന്ന്. ഞാന്‍ പറയും; അതെ, എന്റെ കൈയിലെ തള്ളവിരലും മറ്റു വിരലുകളും എതിര്‍ ദിശയിലായത് പോലെ. ഇവ എതിര്‍ദിശയിലായതുകൊണ്ടാണല്ലോ നമുക്ക് പിടിക്കാന്‍ സാധിക്കുന്നത്” (Caroe ഉദ്ധരിച്ചത്, പേജ്: 164).

(8) മാര്‍ക്കോണി:

ഇറ്റലിക്കാരന്‍. ഇദ്ദേഹമാണ് ടെലിഗ്രാഫിയും ഇന്ന് നമ്മള്‍ കേള്‍ക്കുന്ന റേഡിയോയും കണ്ടുപിടിച്ചത്. ഈ കണ്ടെത്തലിനാണ് 1909ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടിയത്. അദ്ദേഹം പറഞ്ഞു:

”പ്രകൃതിയെക്കുറിച്ചും ശാസ്ത്രത്തെപ്പറ്റിയും ഞാന്‍ എത്രയധികം പഠിക്കുന്നുവോ അത്രയുമധികം ദൈവത്തിന്റെ മനുഷ്യരോടുള്ള ബന്ധത്തെ ഞാന്‍ അറിയുന്നു. ആ സ്രഷ്ടാവും നിയന്താവുമായ ദൈവത്തെ ഞാന്‍ എത്ര അറിയാന്‍ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ ഞാന്‍ ശാസ്ത്രത്തോടടുക്കുന്നു”(മാര്‍ക്കോണിയില്‍ നിന്ന് ഭാര്യ ക്രിസ്റ്റീന മാര്‍ക്കോണി ഉദ്ധരിച്ചത്, പേജ്: 244).

(9) ആര്‍തര്‍ കോമ്പ്റ്റണ്‍:

അമേരിക്കക്കാരന്‍. 1927ല്‍ നോബല്‍ സമ്മാനം. എക്‌സറേ തരംഗത്തെ എലക്ട്രോണുകളുമായി കൂട്ടിമുട്ടിച്ച് പരീക്ഷണം നടത്തി. ‘മരണാനന്തര ജീവിതം ഒരു ശാസ്ത്രജ്ഞന്റെ വീക്ഷണത്തില്‍’ എന്ന ഒരു ലേഖനം (1931) ഇദ്ദേഹം എഴുതിയിട്ടുണ്ട്. Chicago daily News അദ്ദേഹം എഴുതി:

 ‘ഈ പ്രപഞ്ചത്തെയും മനുഷ്യനെയും ഒരു ഉന്നതശക്തി സൃഷ്ടിച്ചു എന്ന് മനസ്സിലാക്കുന്നതാണു എന്റെദൈവ വിശ്വാസം. ഇങ്ങനെ വിശ്വസിക്കാന്‍ എനിക്ക് യതൊരു തടസ്സവുമില്ല. എവിടെയൊക്കെ വ്യക്തമായ സംവിധാനം കാണാമോ അതിന്റെയൊക്കെ പിന്നില്‍ ഒരു ബുദ്ധി ഉണ്ട്” (1936 ഏപ്രില്‍ 12 ലെ ചിക്കാഗോ ഡെയിലി ന്യൂസില്‍ കോമ്പ്റ്റണ്‍ എഴുതിയ ലേഖനം).

ഇതുപോലെ ഓരോ ശാസ്ത്രജ്ഞന്റെയും പ്രസ്താവനകള്‍ ഉദ്ധരിക്കുകയാണെങ്കില്‍ ലേഖനം നീണ്ടു പോകും എന്നതുകൊണ്ട്, ഇനി ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരുടെ പേരുകള്‍ മാത്രം താഴെ കൊടുക്കുന്നു:

(10) വില്യം ഫിലിപ്‌സ്:

അമേരിക്കക്കാരന്‍. 1997ല്‍ ഫിസിക്‌സില്‍ നോബല്‍ സമ്മാനം.

(11) അര്‍ണോ പെന്‍സിയാസ്: 

ജര്‍മനിയില്‍ ജനനം. അമേരിക്കന്‍ പൗരത്വം. ബിഗ് ബാംഗ് സിദ്ധാന്തത്തെ ബലപ്പെടുത്തുന്ന കോസ്മിക് തരംഗങ്ങളുടെ സാന്നിധ്യം കണ്ടത്തിയതിന്റെ പേരില്‍ 1978ല്‍ നോബല്‍ സമ്മാനം.

(12)നെവില്‍മോട്ട്:

ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍. സെമി കണ്ടക്റ്ററുകളുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് 1977ല്‍ നോബല്‍ സമ്മാനം. അന്താരാഷ്ട്ര ഫിസിക്‌സ് കമ്മിറ്റിയുടെ പ്രസിഡന്റായി 5 വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

(13) ഇസിഡോര്‍ ഐസാക് റബി: 

ഓസ്ട്രിയയില്‍ ജനനം. അമേരിക്കയില്‍ പൗരത്വം. ഫിസിക്‌സില്‍ 1944ല്‍ നോബല്‍ സമ്മാനം.

(14) ഡോ: അബ്ദുസ്സലാം: 

പാക്കിസ്ഥാന്‍ പൗരന്‍. 1979 ല്‍ നോബല്‍ സമ്മാനം. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിന്റെ (ഇറ്റലി) ഡയറക്റ്റര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

(15) ആന്റണി ഹെവിഷ്: 

ബ്രിട്ടീഷ്, 1974ല്‍ നോബല്‍ സമ്മാനം.

(16) ജോസഫ് ടെയിലര്‍: 

അമേരിക്കക്കാരന്‍, 1993ല്‍ നോബല്‍ സമ്മാനം.

ശാസ്ത്രമേഖലയില്‍ ലഭിക്കാവുന്ന ഏറ്റവുംവലിയ അംഗീകാരമാണ് നോബല്‍ സമ്മാനം എന്നോര്‍ക്കുക. മുകളില്‍ നാം കൊടുത്ത ലിസ്റ്റ് 1901 മുതല്‍ 2000 വരെ ഫിസിക്‌സില്‍ മാത്രം നോബല്‍ സമ്മാനം നേടിയ ‘ദൈവ വിശ്വാസികളായ’ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റാണ്. ഇത് കൂടാതെ കെമിസ്ട്രിയിലെയും വൈദ്യശാസ്ത്രത്തിലെയും നോബെല്‍ ജേതാക്കളായ ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരുടെ ലിസ്റ്റ് വേറെയുമുണ്ട്. ഉദാഹരണമായി വൈദ്യശാസ്ത്രത്തിന്റെ ഗതിതന്നെ മാറ്റിയ പെനിസിലിന്‍ എന്ന ആന്റിബയോട്ടിക് കണ്ടെത്തിയതിനു നോബല്‍ സമ്മാനം നേടിയ അലക്‌സാണ്ടര്‍ ഫ്‌ളമ്മിംഗ് ഒരു ക്രിസ്ത്യാനിയായിരുന്നു.

1901 മുതല്‍ 2000 വരെയുള്ള വിവിധ ശാസ്ത്രശാഖകളിലുള്ള മൊത്തം നോബല്‍ സമ്മാന ജേതാക്കളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അവരില്‍ 65.4% പേരും ഏതെങ്കിലും ദൈവവിശ്വാസം ഉള്ളവരായിരുന്നു എന്ന് കാണാം. ഇത് മൊത്തത്തിലുള്ള കണക്കാണ്. ഇനി വേര്‍ത്തിരിച്ചുള്ള കണക്ക് നോക്കാം. ഈ 100 വര്‍ഷത്തിനിടയില്‍ കെമിസ്ട്രിയില്‍ നോബല്‍ സമ്മാനം നേടിയവരില്‍ 72.5% പേരും, ഫിസിക്‌സില്‍ നോബല്‍ നേടിയവരില്‍ 65.3% പേരും വൈദ്യ ശാസ്ത്രത്തില്‍ നോബല്‍ നേടിയവരില്‍ 62% പേരും സമാധാനത്തിന് നോബല്‍ സമ്മാനം നേടിയവരില്‍ 78.3% പേരും ദൈവവിശ്വാസികളായിരുന്നു. ((Source: Baruch Shalev എഴുതിയ 100 Years of Nobel Prizes എന്ന പുസ്തകം).

ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാനിടയുള്ള സംശയമുണ്ട്. അപ്പോള്‍ ബാക്കിയുള്ള 30-35% നോബല്‍ സമ്മാന ജേതാക്കള്‍ നിരീശ്വരവാദികളായിരുന്നോ എന്ന്. ഈ ധാരണയും തെറ്റാണ്. ബാക്കിയുള്ളവരില്‍ പലരും അവരുടെ വിശ്വാസം എന്താണെന്ന് വെളിപ്പെടുത്താത്തവരാണ്. വേറെ ചിലര്‍ ‘ആജ്ഞേയവാദികളാണ്. അഥവാ ദൈവം ഉണ്ടോ ഇല്ലേ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തവര്‍/തീരുമാനിക്കാന്‍ കഴിയാത്തവര്‍ ആണ്. അതായത് ദൈവം ഇല്ലെന്ന് പൂര്‍ണമായി നിഷേധിക്കാന്‍ അവര്‍ക്ക് മതിയായ തെളിവ് കിട്ടിയിട്ടില്ലെന്നര്‍ഥം. ഇതും ഒരു തരത്തിലുള്ള ദൈവ വിശ്വാസം തന്നെയാണല്ലോ. ഈ ഗണത്തില്‍ പെടുന്ന പ്രശസ്തയാണ് ‘റേഡിയോ ആക്റ്റിവിറ്റി’ പ്രഭാവം കണ്ടെത്തി നോബല്‍ സമ്മാനത്തിനര്‍ഹയായ മാഡം ക്യൂറി. ചുരുക്കത്തില്‍ നോബല്‍ സമ്മാന ജേതാക്കളിലെ ഭൂരിപക്ഷം വരുന്ന പ്രഗത്ഭരായ ശാസ്ത്രജ്ഞരെല്ലാം പ്രപഞ്ചത്തിന് ഒരു കാരണക്കാരനുണ്ട് എന്ന് വിശ്വാസമുള്ളവരായിരുന്നു.

മുകളില്‍ നാം കൊടുത്തത് നോബല്‍ ജേതാക്കളായവരുടെ പേരുകള്‍ മാത്രമാണ്. എന്നാല്‍ നോബല്‍ ജേതാക്കളല്ലാത്ത പ്രഗത്ഭര്‍ വേറെയുമുണ്ട്. ഉദാഹരണമായി, തോമസ് ആല്‍വാ എഡിസനും നികോള ടെസ്‌ലയും. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് മേഖലക്ക് ഏറ്റവുംകൂടുതല്‍ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞര്‍ ഇവര്‍ രണ്ടുപേരുമായിരുന്നുവെന്ന് നിസ്സംശയം പറയാം. നാം ഇന്ന് ഉപയോഗിക്കുന്ന ഇലക്ട്രികല്‍ ബള്‍ബിന്റെ പ്രാഥമികരൂപം കണ്ടുപിടിച്ചത് തോമസ് എഡിസണ്‍ ആയിരുന്നു. ഇന്ന് നാം ഉപയോഗിക്കുന്ന എ.സി കറന്റ് കണ്ടുപിടിച്ചത് നികോളാസ് ടെസ്‌ലയും. എഡിസന്റെ പേരില്‍ 1000ല്‍ അധികം കണ്ടെത്തെലുകളുടെ പേറ്റന്റ് ഉണ്ട്. എന്നിട്ടും ഇവര്‍ രണ്ടുപേരും നോബല്‍ സമ്മാനത്തിന് എന്തുകൊണ്ട് അര്‍ഹരായില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇവര്‍ രണ്ടുപേരും ഏതെങ്കിലും പ്രത്യേക മതത്തിലെ അംഗങ്ങളായിരുന്നില്ലെങ്കില്‍ കൂടി ഒരു ദൈവം ഉണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നതായി അവര്‍ തന്നെ പറഞ്ഞതായി കാണാം.

ഈ അടുത്ത കാലത്ത് മരണപ്പെട്ട പ്രഗത്ഭനായ വാന-ഖഗോള ശാസ്ത്രജ്ഞനാണു (Astrophysicist) ഫ്രെഡ് ഹോയില്‍. അദ്ദേഹം ആദ്യകാലത്ത് പ്രപഞ്ചത്തിനു ഒരു തുടക്കമോ ഒരു തുടക്കക്കാരനോ (സ്രഷ്ടാവ്) ഇല്ല എന്ന വീക്ഷണക്കാരനായിരുന്നു. എന്നാല്‍ അവസാന കാലത്ത് അദ്ദേഹം തന്റെ നിലപാട് തിരുത്തുകയും പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നും അത് കൃത്യമായ പ്ലാനിങ്ങോടുകൂടി ഉണ്ടായതാണെന്നും യാദൃച്ഛികമായി ഉണ്ടാവുക സാധ്യമല്ലെന്നും സമ്മതിച്ചു. അദ്ദേഹം പറയുന്നത് കാണുക: ”നിരവധി അമിനോ ആസിഡുകള്‍ കൂടിച്ചേര്‍ന്ന് ഒരു പ്രോടീന്‍ തന്മാത്ര സ്വയം ഉണ്ടായി എന്ന് പറയുന്നത്, കുറെ കണ്ണുപൊട്ടന്മാര്‍ റുബിക്‌സ് ക്യൂബ് പ്രശ്‌നം പരിഹരിച്ചു എന്ന് പറയുന്ന പോലെയാണ്” (Fred Hoylesâ The intelligent Universe എന്ന പുസ്തകം)

വീണ്ടും അദ്ദേഹം പറയുന്നു: ”ഇപ്രകാരം (താനെ) ജീവന്‍ രൂപപ്പെട്ടു എന്നു പറയുന്നത് ഒരു കാറ്റടിച്ചപ്പോള്‍ ഒരിടത്ത് കൂടിക്കിടക്കുന്ന പാഴ്‌വസ്തുക്കള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഒരു ബോയിംഗ് 747 വിമാനം ഉണ്ടായി എന്ന് പറയുന്നത് പോലെ അസംബന്ധമാണ്” (അതേ പുസ്തകം, പേജ് 17). അദ്ദേഹം തുടരുന്നു: ”ജീവന്‍ എന്നത് നമുക്ക് ഇന്ന് അറിയാവുന്നതുപോലെ ചുരുങ്ങിയത് രണ്ടായിരത്തോളം എന്‍സൈമുകള്‍ കൂടിച്ചേര്‍ന്നതാണ്. എങ്ങനെയാണ് അന്ധമായ ഒരു ശക്തി (താനെ) ചില രാസവസ്തുക്കള്‍ കൃത്യമായ അളവില്‍ ചേര്‍ന്ന് എന്‍സൈം ഉണ്ടാക്കുന്നത്? (അതേ പുസ്തകം).

സൃഷ്ടി നടത്തിയ ഈ പ്രപഞ്ചശക്തി ഏതാണെന്ന് ഫ്രെഡ് ഹോയിലിനു കൃത്യമായ ധാരണയില്ല. അദ്ദേഹത്തിന്റെ നിഗമനം ഇങ്ങനെയാണ്: ”നമ്മുടെതല്ലാത്ത മറ്റേതോലോകത്തുള്ള ഒരു ശക്തിയായിരിക്കും അത് ചെയ്തത്.” 2001 ആഗസ്റ്റ് 20നാണ് ഫ്രെഡ് ഹോയില്‍ മരിച്ചത്.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖനായ ഒരു വാനശാസ്ത്രജ്ഞനാണ് (Astrophysicist) കാനഡയിലുള്ള ഹ്യൂഗ് റോസ്സ്. അദ്ദേഹം ഒരു ‘സൃഷ്ടിവാദി’യായ (പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന) ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു പുസ്തകത്തിന്റെ പേരുതന്നെ കാണുക: Creator and Cosmos: How the greatest scientific discoveries of the century reveals GOD (പ്രപഞ്ചവും സ്രഷ്ടാവും: ഈ നൂറ്റാണ്ടിലെ ശാസ്ത്രീയ കണ്ടെത്തലുകള്‍ ദൈവത്തെ വെളിപ്പെടുത്തിയ വിധം). ഈ പുസ്തകത്തില്‍ എന്തുകൊണ്ട് അദ്ദേഹം ഒരു തികഞ്ഞ ദൈവവിശ്വാസിയായി എന്ന് അദ്ദേഹത്തിനു ബോധ്യമായ ശാസ്ത്രീയ തെളിവുകള്‍ ഉദ്ധരിച്ച് സ്ഥാപിക്കുണ്ട്.

ഈ വസ്തുതകളൊക്കെ പരിശോധിച്ചാല്‍ വ്യക്തമാകുന്നത്, ശാസ്ത്രപഠനം ഒരാളെ ദൈവ വിശ്വാസത്തിലേക്കാണ് എത്തിക്കുക. അല്ലാതെ യുക്തിവാദനിരീശ്വര വാദ പ്രസ്ഥാനക്കാര്‍ പറയുന്നത് പോലെ ‘ശാസ്ത്രം വളര്‍ന്നാല്‍, ദൈവം തളരുക’യല്ല ചെയ്യുന്നത്. ഇത് ശാസ്ത്ര യുഗമാണെന്നും, മതവും ദൈവവിശ്വാസവും പഴഞ്ചനും പിന്തിരിപ്പനുമാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് മേല്‍പറഞ്ഞ ശാസ്ത്രജ്ഞന്മാരുടെ ദൈവവിശ്വാസത്തെക്കുറിച്ച് എന്ത് പറയാനുണ്ട്?

കഴിഞ്ഞ ലക്കത്തിലും ഈ ലക്കത്തിലും നാം ചര്‍ച്ച ചെയ്തതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ എഴുതാം: ‘ശാസ്ത്രബോധം കൂടുംതോറും ഒരു വ്യക്തിയില്‍ ദൈവബോധം കുറയുകയല്ല; കൂടുകയാണു ചെയ്യുന്നത്. ഗൗരവമായ ശാസ്ത്ര പഠനം ഒരാളെ ദൈവനിഷേധിയാക്കുകയല്ല, മറിച്ച് ദൈവ വിശ്വാസിയാക്കുകയാണ് ചെയ്യുക.’

ഡോ.സബീല്‍ പട്ടാമ്പി
നേർപഥം വാരിക

നേർപഥം – ഗ്രന്ഥച്ചുമടേറ്റിയ കഴുത – കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ – 2020 സെപ്തംബര്‍ 19 1442 സഫര്‍ 02

ഗ്രന്ഥച്ചുമടേറ്റിയ കഴുത

”തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല” (ക്വുര്‍ആന്‍ 62:5).

മുന്‍കഴിഞ്ഞ ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളെ പേരെടുത്തു പറഞ്ഞുകൊണ്ട് ഈ ഉപമ വിവരിക്കുന്നത് ക്വുര്‍ആന്‍ എന്ന വേദഗ്രന്ഥത്തിന്റെ അനുയായികളോടാണ്. വേദഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചത് അതിന്റെ സന്ദേശങ്ങള്‍ പഠിച്ചു ജീവിക്കാനാണ്. ക്വുര്‍ആനിന്റെ പ്രഥമ സന്ദേശംതന്നെ വായിക്കുക എന്നാണല്ലോ. ക്വുര്‍ആനിന്റെ ആളായി അഭിനയിക്കുകയും എന്നാല്‍ ക്വുര്‍ആന്‍ പഠിക്കാതെയും അതിലുള്ളത് എന്താണെന്നറിയാതെയും ജീവിക്കുന്നവന് ചേരുന്ന വിശേഷണം ഗ്രന്ഥം ചുമക്കുന്ന കഴുത എന്നതു തന്നെയാണ്. ക്വുര്‍ആനിന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവരെ സമാനമായ ഉപമയില്‍ അല്ലാഹു ആക്ഷേപിച്ചത് കാണുക:

”എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളിപിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)” (ക്വുര്‍ആന്‍ 74:49-51).

കഴുതയെപ്പോലെ എന്ന് പറഞ്ഞ് അല്ലാഹു തന്നെ ആക്ഷേപിച്ചത് വേദഗ്രന്ഥത്തെയും അതിലെ ഉപദേശങ്ങളെയും പഠിച്ചു ഗ്രഹിച്ച് ജീവിക്കാത്തവരെയാണല്ലോ. ഇത്രയും കഠിനമായ ഭാഷയില്‍ ആക്ഷേപിക്കപ്പെട്ട വിഭാഗത്തിന്ന് എങ്ങനെയാണ് മഹാന്മാരായ പ്രവാചകന്മാരും സദ്‌വൃത്തരും പ്രവേശിപ്പിക്കപ്പെടുന്ന സ്വര്‍ഗത്തില്‍ പ്രവേശിക്കാനാവുക എന്ന് നാമോര്‍ക്കണം. ക്വുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും പ്രവര്‍ത്തിക്കാനും നാം ശ്രമിച്ചേ തീരൂ.

കൈവിരല്‍കടിച്ച കൗശലക്കാര്‍

”ആ തോട്ടക്കാരെ നാം പരീക്ഷിച്ചതു പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു. അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു: നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക. അവര്‍ അന്യോന്യം മന്ത്രിച്ചുകൊണ്ടു പോയി. ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നുവരാന്‍ ഇടയാവരുത്എന്ന്. അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു. അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവുപറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. അവരുടെ കൂട്ടത്തില്‍ മധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ; എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്? അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു. അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം.  തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചുചെല്ലുന്നവരാകുന്നു. അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍!” (ക്വുര്‍ആന്‍ 68:17-33).

സമ്പത്തും സൗകര്യങ്ങളും തികഞ്ഞാല്‍, അതെല്ലാം നല്‍കി അനുഗ്രഹിച്ച അല്ലാഹുവിനെ മറക്കുക, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ അവഗണിക്കുക എന്നീ സ്വഭാവങ്ങള്‍ മനുഷ്യര്‍ സാധാരണ പ്രകടിപ്പിക്കാറുണ്ട്. ഇത് തന്നവന്നു തന്നെ തിരിച്ചെടുക്കാനും കഴിയുമെന്ന് സുഖഭോഗങ്ങള്‍ക്കിടയില്‍ പലരും ഓര്‍ക്കാറില്ല. ഇത്തരം മനുഷ്യരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ദരിദ്രന്മാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്നു മുമ്പ് തോട്ടത്തിലെ പഴങ്ങള്‍ പറിച്ച് അതുംകൊണ്ട് മടങ്ങാന്‍ വിചാരിച്ച ഉടമകള്‍ കണ്ടത് തലേന്ന് രാത്രിതന്നെ തോട്ടം നശിച്ചുപോയതാണ്. അപ്പോഴാണവര്‍ക്ക് വിവേകം തിരിച്ചുകിട്ടിയത്.

അല്ലാഹു നല്‍കിയ അനുഗ്രഹം ആര്‍ത്തിപൂണ്ട് പിടിച്ചുവെക്കുന്നവര്‍ക്ക് ഈ തോട്ടക്കാരുടെ അനുഭവം നല്ല പാഠമാണ്. ഏതൊരു സാധാരണ മനുഷ്യന്നും തന്റെ ജീവിത സാഹചര്യങ്ങളില്‍നിന്നും പരിസ്ഥിതിയില്‍നിന്നും നേരിട്ടനുഭവപ്പെടുന്ന, പ്രകൃതിയെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള ഉപമകളാണ് ക്വുര്‍ആന്‍ വിവരിച്ചത്. കാറ്റ്, മഴ, വെള്ളം, ഇടി, മിന്നല്‍, മല, നീരൊഴുക്ക്, ചെടികള്‍, മരങ്ങള്‍, കായ്കനികള്‍, ചെറുതും വലുതുമായ ജീവജാലങ്ങള്‍ തുടങ്ങിയവയിലാണ് ഈ ഉപമകള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. വിവേകമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ഇവ ഏറെ പര്യാപ്തവുമാണ്.

മനുഷ്യന്‍ വിചാരണക്ക് വിധേയന്‍

ഈ ജീവിതം അവസാനിക്കുന്നില്ലെന്നും ഇവിടെ ചെയ്യുന്ന നന്മതിന്മകള്‍ക്കനുസരിച്ച് രക്ഷയും ശിക്ഷയും നല്‍കപ്പെടുന്ന മറ്റൊരു ജീവിതം (പരലോകജീവിതം) മരണശേഷം വരാനിരിക്കുന്നുണ്ടെന്നും ക്വുര്‍ആന്‍ മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. ഒരു ജീവിതകാലം മുഴുവനും നന്മപ്രവര്‍ത്തിച്ചു മരിച്ചുപോയവര്‍ക്ക് തങ്ങളുടെ കര്‍മഫലം കിട്ടാതെപോകരുതെന്നതും ഒരു മഹാദ്രോഹി ദുഷ്‌കര്‍മത്തിന്റെ ശിക്ഷ അനുഭവിക്കണമെന്നതും സാമാന്യബുദ്ധിയുടെ തേട്ടമാണ്. ക്വുര്‍ആന്‍ പറയുന്നു:

”അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും” (ക്വുര്‍ആന്‍ 99:7-8).

പരമകാരുണികനായ അല്ലാഹുവിന്റെ നീതിനടപ്പാക്കല്‍ മാത്രമാണ് പരലോകം. പരലോകശിക്ഷയില്‍ നിന്ന് മനുഷ്യനെ ഏതുവിധേനയും രക്ഷപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അതിന്നുവേണ്ടിയാണ് സന്മാര്‍ഗം ഉപദേശിക്കാന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചത്. അവസാന വേദമായ ക്വുര്‍ആന്‍ അന്ത്യദിനംവരെ സംരക്ഷിക്കുമെന്ന് ഉറപ്പുതന്നത്. നബിമാരുടെ സാരോപദേശങ്ങള്‍ സത്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്.

കാരുണ്യവും ദയയുമായി ബന്ധപ്പെട്ട ഒട്ടേറെ നാമവിശേഷണങ്ങള്‍ അല്ലാഹുവിന്നുണ്ട്. പാപം ചെയ്യുന്ന മനുഷ്യനെ ശിക്ഷിക്കാനല്ല, മറിച്ച് അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കാനാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.

”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും” (ക്വുര്‍ആന്‍ 39:53).

ഏതൊരു സല്‍കര്‍മത്തിന്നും പ്രതിഫലം പത്തിരട്ടിയും, ആത്മാര്‍ഥതക്കനുസരിച്ച് അതിലധികവും അല്ലാഹുവര്‍ധിപ്പിച്ചുകൊടുക്കുമെന്ന് നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. ഒരു സല്‍പ്രവൃത്തി ചെയ്യാന്‍ വിചാരിക്കുന്നതിന്നുപോലും പ്രതിഫലമുണ്ട്. ചെയ്താല്‍ പ്രതിഫലം ഇരട്ടിപ്പിക്കുകയും ചെയ്യും. എന്നാല്‍ തിന്മ ചെയ്യാന്‍ വിചാരിച്ചാല്‍ ശിക്ഷയില്ല. ചെയ്താല്‍ മാത്രം അതിന്നനുസരിച്ച് ശിക്ഷ നല്‍കും. അഥവാ പശ്ചാത്തപിച്ചു മടങ്ങിയാല്‍ രക്ഷപ്പെടുകയും ചെയ്യും. ഇതാണ് അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നബി ﷺ  പഠിപ്പിച്ചത്. അതിനാല്‍ പരലോകം എന്നത് അല്ലാഹുവിന്റെ കാരുണ്യത്തെ മനുഷ്യന്ന് വെളിപ്പെടുത്തുന്ന, നീതി നടപ്പാക്കുന്ന സ്ഥലമാണ്.

”തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു. (നബിയേ,) പറയുക: അതെ; എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു” (ക്വുര്‍ആന്‍ 64:7).

”ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുകൊണ്ട് ഞാനിതാ സത്യംചെയ്യുന്നു. കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യംചെയ്തു പറയുന്നു. മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ” (ക്വുര്‍ആന്‍ 75:1-4).

രക്ഷപ്പെടാന്‍ മനുഷ്യന്ന് വഴിയുണ്ട്

ആദ്യത്തെ മനുഷ്യനായ ആദം നബി(അ)യുടെ സൃഷ്ടിപ്പും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും അല്ലാഹു വിവരിച്ചുതന്നപ്പോള്‍, മനുഷ്യന്‍ വഴിപിഴക്കാനുള്ള സാഹചര്യത്തെയും, പിഴപ്പിക്കുന്ന പിശാചിനെയും പറ്റി വിവരിച്ചത് കാണാം. ഈ ശത്രുവിന്റെ സാന്നിധ്യം മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കുമെന്നും അതില്‍നിന്ന് രക്ഷപ്പെട്ട് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള ഒരേയൊരു വഴി പശ്ചാത്താപമാണെന്നും ആദ്യസൃഷ്ടിയുടെ ചരിത്രത്തോടൊപ്പം ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

”അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 2:37).

”തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍)” (ക്വുര്‍ആന്‍ 87:14-15).

”അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ” (ക്വുര്‍ആന്‍ 26:88-89).

”തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ടായിരിക്കും. എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫലനടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചുതള്ളാന്‍ എന്തു ന്യായമാണുള്ളത്? അല്ലാഹു വിധികര്‍ത്താക്കളില്‍വെച്ചു ഏറ്റവുംവലിയ വിധികര്‍ത്താവല്ലയോ?” (ക്വുര്‍ആന്‍ 95:4-8).

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍​
നേർപഥം വാരിക

നബി ചരിത്രം – 81 – ഖാലിദുബ്നുൽ വലീദ് ഇസ്ലാമിലേക്ക്.

നബി ചരിത്രം - 81 - ഹിജ്റ എട്ടാം വർഷം [ഭാഗം: 3]:
ഖാലിദുബ്നുൽ വലീദ് ഇസ്ലാമിലേക്ക്.

താൻ ഇസ്‌ലാമിലേക്ക് കടന്നു വന്ന സംഭവത്തെക്കുറിച്ച് ഖാലിദുബ്നുൽ വലീദ്  رضي الله عنه വിശദീകരിക്കുകയാണ്.
അല്ലാഹു എന്റെ കാര്യത്തിൽ നന്മ ഉദ്ദേശിച്ചപ്പോൾ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ ഇട്ടു തന്നു. സന്മാർഗ്ഗം എന്റെ മുമ്പിൽ ഹാജരായി. മുഹമ്മദ് നബിﷺ ക്കെതിരെയുള്ള എല്ലാ സംരംഭങ്ങളിലും ഞാൻ സാക്ഷിയായിട്ടുണ്ട്. അതിലൊക്കെ ഞാൻ സാക്ഷിയായിട്ടുണ്ടെങ്കിലും എന്റെ മനസ്സ് പറയുന്ന മറ്റൊരു കാര്യം ഉണ്ടായിരുന്നു. മുഹമ്മദ് വിജയിക്കും.

അല്ലാഹുവിന്റെ പ്രവാചകൻ ഹുദൈബിയ്യയിലേക്ക് പുറപ്പെട്ടപ്പോൾ മുശ്രിക്കുകളോടൊപ്പം ഞാനും പുറപ്പെട്ടു. ഉസ്ഫാൻ പ്രദേശത്ത് വെച്ച് കൊണ്ട് മുഹമ്മദ് നബിﷺ യെ അദ്ദേഹത്തിന്റെ അനുയായികളോടൊപ്പം ഞാൻ കണ്ടു. മുഹമ്മദ് നബിﷺ ക്ക് ഒരു തടസ്സമായിക്കൊണ്ട് ഞാൻ മുമ്പിൽ പോയി നിന്നു. ഞങ്ങളുടെ മുമ്പിൽ നിന്ന് കൊണ്ട് അദ്ദേഹം തന്റെ അനുചരന്മാരെ കൊണ്ട് ളുഹ്‌റ് നമസ്കരിച്ചു. ഈ സന്ദർഭത്തിൽ മുഹമ്മദിനെ കടന്നാക്രമിച്ചാലോ എന്ന് ഞങ്ങൾ ചിന്തിച്ചു. എന്നാൽ ഞങ്ങളുടെ മനസ്സിലുള്ള ചിന്തയെ കുറിച്ച് മുഹമ്മദ് നബിﷺക്ക് വിവരം കിട്ടിയപ്പോൾ അസ്വ്‌ർ നമസ്കാരം തന്റെ സ്വഹാബിമാരെ കൊണ്ട് ഭയത്തിന്റെതായി നിർവഹിച്ചു. അതും ഞങ്ങളുടെ മനസ്സിൽ വലിയ ചിന്തക്ക് കാരണമായി. ഞങ്ങളിൽ നിന്ന് മുഹമ്മദ് നബിﷺ സുരക്ഷിതമാകുകയും വലതു ഭാഗത്തു കൂടെ മാറി പോവുകയും ചെയ്തു.

ഹുദൈബിയ്യ സന്ധി ഉണ്ടാവുകയും ഖുറൈശികൾ പ്രവാചകനെ പ്രയാസപ്പെടുത്തുകയും ചെയ്തപ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു. ഇനി എന്താണ് അവശേഷിച്ചിട്ടുള്ളത്?. എവിടേക്കാണ് ഞാൻ പോകേണ്ടത്? നജ്ജാശിയുടെ അടുക്കലേക്കാണോ? നജ്ജാശിയാകട്ടെ മുഹമ്മദ് നബിﷺയിൽ വിശ്വസിച്ചിരിക്കുന്നു. മുഹമ്മദ് നബിﷺയുടെ അനുയായികൾ നജ്ജാശിയുടെ അടുത്ത് നിർഭയരാണ്. ഹിറഖ്‌ലിന്റെ അടുക്കലേക്ക് പോകണോ?. അങ്ങിനെയാണെങ്കിൽ ഞാൻ എന്റെ മതം വിട്ട് ക്രിസ്തു മതത്തിലേക്കും യഹൂദ മദത്തിലേക്കും മാറി പ്പോകലല്ലേ?. ഇനി അവശേഷിച്ചിട്ടുള്ള ആളുകളോടൊപ്പം എന്റെ വീട്ടിൽ തന്നെ ഞാൻ നിലക്കൊള്ളണോ?. ഇങ്ങിനെ ഓരോ ചിന്തകളിലും കഴിയുമ്പോഴാണ് അടുത്ത വർഷം ഉംറതുൽ ഖളാഇന്ന് വേണ്ടി മുഹമ്മദ് നബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നത്. മുഹമ്മദ് നബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നത് കാണാൻ പോലും നിൽക്കാതെ ഞാൻ ഒഴിഞ്ഞു പോയി. ഈ ഉംറയിൽ മുഹമ്മദ് നബിﷺയോടൊപ്പം എന്റെ സഹോദരൻ വലീദുബ്നു വലീദുംرضي الله عنه ഉണ്ടായിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അങ്ങിനെയാണ് അദ്ദേഹം എനിക്കൊരു കത്തെഴുതുന്നത്. ആ കത്ത് ഇപ്രകാരമായിരുന്നു.

” പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. ഇസ്‌ലാമിൽ നിന്നും നീ അകന്നു പോയല്ലോ എന്നുള്ളതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം. നീ എന്തൊരു ബുദ്ധിമാനായ വ്യക്തിയാണ്. ഇസ്‌ലാം പോലുള്ള ഒരു മതത്തെ കുറിച്ച് ആരെങ്കിലും മനസ്സിലാക്കാതെ പോകുമോ!. നിന്നെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകൻ എന്നോട് ചോദിച്ചു; “എവിടെയാണ് ഖാലിദ്” അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ കൊണ്ടു വരും. നബിﷺ പറഞ്ഞു: “ഖാലിദുബ്നുൽവലീദിനെ പോലെയുള്ള ആളുകൾ ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരാവുകയില്ല. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി മാത്രം മുസ്ലിംകളോടൊപ്പം അദ്ദേഹം ആക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് അത് ഏറ്റവും നല്ലതാകുമായിരുന്നു. മറ്റുള്ളവരെക്കാൾ അദ്ദേഹത്തിന് നാം മുൻഗണന കൊടുക്കുകയും ചെയ്യുമായിരുന്നു”. അതു കൊണ്ട് സഹോദരാ താങ്കൾക്ക് നഷ്ടപ്പെട്ടത് ഇനിയെങ്കിലും നേടിയെടുക്കുക. ഒരുപാട് നല്ല രംഗങ്ങൾ താങ്കൾക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: എനിക്ക് സഹോദരന്റെ കത്ത് ലഭിച്ചപ്പോൾ ഇറങ്ങി പുറപ്പെടാനുള്ള ആവേശമുണ്ടായി. ഇസ്ലാമിനോടുള്ള എന്റെ താല്പര്യം വർദ്ധിക്കുകയും ചെയ്തു”. (അൽ ബിദായതു വന്നിഹായ: 6/405) മുഹമ്മദ് നബിﷺ എന്നെ ക്കുറിച്ച് അന്വേഷിച്ചു എന്നു കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞാനൊരു സ്വപ്നം കണ്ടിട്ടുണ്ടായിരുന്നു. വരൾച്ച ബാധിച്ചതും ഇടുങ്ങിയതുമായ ഒരു പ്രദേശത്തു നിന്നും വിശാലമായ പച്ചപിടിച്ച മറ്റൊരു പ്രദേശത്തേക്ക് ഞാൻ പോകുന്നതായിരുന്നു സ്വപ്നം. ഇതൊരു യഥാർത്ഥ സ്വപ്നം തന്നെയാണെന്ന് എനിക്ക് തോന്നി. മദീനയിലെത്തിയപ്പോൾ ഈ സംഭവം ഞാൻ അബൂബക്കറിرضي الله عنهനോട് പറയാൻ ഉദ്ദേശിച്ചു. അബൂബക്കറിرضي الله عنهനോട് ഈ സ്വപ്നത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: നീ സ്വപ്നം കണ്ട ആ ഇടുക്കം നീ നില കൊണ്ടിരുന്ന ശിർക്കാണ്. അതിൽ നിന്നും പുറത്തു വരുന്ന ഒന്ന് കണ്ടു എന്ന് പറഞ്ഞല്ലോ അല്ലാഹു നിനക്ക് മാർഗ്ഗം കാണിച്ചു തന്ന ഇസ്‌ലാമാകുന്നു അത്. 

അങ്ങിനെ അല്ലാഹുവിന്റെ പ്രവാചകന്റെ അടുക്കലേക്ക് പോകാനുള്ള തീരുമാനത്തിലേക്ക് ഞാൻ എത്തിയപ്പോൾ ആരാണ് എന്റെ കൂടെ വരിക എന്ന് ഞാൻ ചിന്തിച്ചു. അങ്ങിനെയിരിക്കെയാണ് സ്വഫ്‌വാനുബ്നുബ്നു ഉമയ്യയെ ഞാൻ കണ്ടുമുട്ടുന്നത്. ഞാൻ ചോദിച്ചു; അല്ലയോ അബൂ വഹബ്, ഇപ്പോൾ ഏതു അവസ്ഥയിലാണ് നമ്മൾ ഉള്ളത് എന്ന് താങ്കൾക്ക് അറിയാമല്ലോ. നമ്മൾ ഇപ്പോൾ തല തിന്നുന്നവരാണ്. അറബികളിലും അനറബികളിലും മുഹമ്മദ് വിജയം നേടിക്കഴിഞ്ഞു. നമ്മൾ മുഹമ്മദിന്റെ അടുക്കലേക്ക് പോവുകയും ആ മുഹമ്മദിനെ പിൻപറ്റുകയും ചെയ്താലോ? മുഹമ്മദിനു ലഭിക്കുന്ന ഉയർച്ച നമ്മുടെയും ഉയർച്ചയാണ്. പക്ഷേ സ്വഫ്‌വാൻ ശക്തമായ നിലക്ക് എന്റെ ആശയത്തെ എതിർത്തു. സ്വഫ്‌വാൻ പറഞ്ഞു: ഞാൻ മാത്രം അവശേഷിച്ചാലും മുഹമ്മദിനെ ഞാനൊരിക്കലും പിൻപറ്റുകയില്ല. അങ്ങിനെ ഞങ്ങൾ രണ്ടു പേരും വഴി പിരിഞ്ഞു പോയി. അദ്ദേഹത്തിന്റെ സഹോദരനും വാപ്പയും ബദറിൽ കൊല്ലപ്പെട്ടതാണ്. അതു കൊണ്ടായിരിക്കാം ഈ നിലപാട് എടുത്തിട്ടുള്ളത്. അപ്പോഴാണ് ഞാൻ ഇക്‌രിമതുബ്നു അബീ ജഹലിനെ കാണുന്നത്. സ്വഫ്‌വാനോട് പറഞ്ഞ അതേ കാര്യങ്ങൾ ഇക്‌രിമയുടെ മുമ്പിലും ഞാൻ അവതരിപ്പിച്ചു. സ്വഫ്‌വാനിന്റെ അതേ മറുപടി തന്നെയാണ് ഇക്‌രിമയും നൽകിയത്. ഞാൻ ഇക്‌രിമയോട് പറഞ്ഞു: എന്റെ കാര്യം നിങ്ങൾ മറച്ചു വെക്കണം. ആരോടും ഞാൻ പറഞ്ഞ കാര്യങ്ങൾ പറയരുത്. ഇക്‌രിമ പറഞ്ഞു: ഇല്ല, ഞാൻ ആരോടും പറയുകയില്ല. 

ഞാൻ വാഹനപ്പുറത്ത് കയറി എന്റെ വീട്ടിൽ നിന്നും പുറപ്പെട്ടു. അപ്പോഴാണ് ഉസ്മാനുബ്നു ത്വൽഹയെ ഞാൻ കണ്ടുമുട്ടിയത്. ഇദ്ദേഹം എന്റെ കൂട്ടുകാരനാണല്ലോ. ഞാൻ ഉദ്ദേശിക്കുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കൊല്ലപ്പെട്ട പിതാക്കന്മാരെ സംബന്ധിച്ച് ഞാൻ ആലോചിച്ചു. അതു കൊണ്ട് അദ്ദേഹത്തോട് കാര്യങ്ങൾ പറയാൻ എനിക്ക് പ്രയാസമായി. പക്ഷെ ഞാൻ ഒന്നു കൂടി ചിന്തിച്ചു. എന്റെ കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞാൽ എന്താ? ഞാനെന്റെ വാഹനപ്പുറത്താണല്ലോ. ഞാൻ പോവുകയാണല്ലോ. അങ്ങിനെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ അവതരിപ്പിച്ചു. ഞാൻ പറഞ്ഞു: നമ്മൾ സത്യത്തിൽ മാളത്തിലെ കുറുക്കന്മാരെ പോലെയാണ്. മാളത്തിലേക്ക് വെള്ളമൊഴിച്ചാൽ കുറുക്കന്മാർ പുറത്തുവരും. മുമ്പ് കണ്ട രണ്ട് സുഹൃത്തുക്കളോടും പറഞ്ഞ അതേ കാര്യങ്ങൾ ഞാൻ ഉസ്മാനിനോട് പറഞ്ഞു. ഉസ്മാനുബ്നു ത്വൽഹ എനിക്ക് വേഗത്തിൽ മറുപടി തന്നു. അദ്ദേഹം പറഞ്ഞു: ഞാനും പോരുവാൻ ഉദ്ദേശിക്കുന്നു. എൻറെ ഒട്ടകം ആലയിൽ ഉണ്ട്. അതിനെ എടുത്ത് വരാം. അങ്ങിനെ യഅ്‌ജുജിൽ വെച്ച് കണ്ടുമുട്ടാമെന്ന് ഞങ്ങൾ പരസ്പരം തീരുമാനിച്ചു. ഞാൻ ആദ്യം എത്തിയാൽ നിങ്ങളെ ഞാൻ കാത്തു നിൽക്കാമെന്നും നിങ്ങൾ ആദ്യം എത്തിയാൽ നിങ്ങൾ എന്നെ കാത്തു നിൽക്കണം എന്നും ഞാൻ പറഞ്ഞു.

അങ്ങിനെ രാത്രിയുടെ ഇരുട്ടിൽ ഞങ്ങൾ പുറപ്പെട്ടു. പ്രഭാതം ആകുന്നതിനു മുമ്പ് ഞങ്ങൾ യഅ്‌ജുജിൽ കണ്ടുമുട്ടി. ഞങ്ങൾ രണ്ടുപേരും പുറപ്പെടുകയും ‘ഹദത്’ എന്ന സ്ഥലത്ത് ഞങ്ങൾ എത്തിച്ചേരുകയും ചെയ്തു. അവിടെ എത്തിയപ്പോഴാണ് അംറുബ്നുൽ ആസ്വിനെرضي الله عنه ഞങ്ങൾ കാണുന്നത്. അംറ് പറഞ്ഞു: നിങ്ങൾക്ക് സ്വാഗതം. ഞങ്ങൾ പറഞ്ഞു താങ്കൾക്കും സ്വാഗതം. അംറ് ചോദിച്ചു; എങ്ങോട്ടാണ് നിങ്ങളുടെ യാത്ര? അപ്പോൾ ഞങ്ങൾ ചോദിച്ചു നിങ്ങൾ എങ്ങോട്ടാണ്? അദ്ദേഹം വീണ്ടും ചോദിച്ചു നിങ്ങൾ എങ്ങോട്ടാണ്? ഞങ്ങൾ പറഞ്ഞു: ഞങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കാനും മുഹമ്മദ് നബിﷺയെ പിൻപറ്റാനും പോവുകയാണ്. അപ്പോൾ അംറ് പറഞ്ഞു: അതിനു തന്നെയാണ് ഞാനും ഇറങ്ങിയത്. അങ്ങിനെ ഞങ്ങൾ എല്ലാവരും ഒന്നിച്ചു മദീനയിലേക്കെത്തി. മദീനക്ക് പുറത്തുള്ള ഒരു സ്ഥലത്ത് ഞങ്ങൾ ഒട്ടകങ്ങളെ മുട്ടുകുത്തിച്ചു. ഞങ്ങളുടെ വരവിനെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകന് വിവരം ലഭിച്ചു. നബിﷺ ഞങ്ങളുടെ കാര്യത്തിൽ ഏറെ സന്തോഷിച്ചു. ഞാൻ എന്റെ ഏറ്റവും നല്ല വസ്ത്രം എടുത്തു ധരിച്ചു. ശേഷം പ്രവാചകനെ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴാണ് എന്റെ സഹോദരൻ എന്നെ കാണുന്നത്. അദ്ദേഹം പറഞ്ഞു: വേഗം ചെല്ല്. നിന്റെ വരവിനെക്കുറിച്ച് പ്രവാചകനോട് പറഞ്ഞിട്ടുണ്ട്. നിന്റെ വരവിൽ പ്രവാചകൻ ഏറെ സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നിങ്ങളെ കാത്തിരിക്കുകയാണ്. ഇതു കേട്ടതോടെ ഞങ്ങൾ നടത്തമൊന്ന് വേഗത്തിലാക്കി.

ഞാൻ നബിﷺയെ കണ്ടു. നബിﷺ എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുമ്പിൽ പോയി ഞാൻ നിന്നു. ഞാൻ പ്രവാചകനോട് ഇസ്ലാമിന്റെ സലാം പറഞ്ഞു. പ്രസന്ന പൂരിതമായ മുഖവുമായിക്കൊണ്ട് നബിﷺ എന്റെ സലാം മടക്കി. ഞാൻ പറഞ്ഞു: ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും താങ്കൾ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ശേഷം നബിﷺ എന്നെ അടുത്തേക്ക് വിളിച്ചു കൊണ്ടു പറഞ്ഞു: നിങ്ങളെ സന്മാർഗത്തിലാക്കിയ അല്ലാഹുവിനു സർവ്വ സ്തുതിയും. ചിന്താ ശേഷിയുള്ള ഒരാളായി താങ്കളെ ഞാൻ കണ്ടിരുന്നു. നന്മയിലേക്കല്ലാതെ നിങ്ങൾ എത്തരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, സത്യത്തെ എതിർത്തു കൊണ്ട് അങ്ങേക്കെതിരെ രംഗത്തു വന്ന എല്ലാ സംഭവങ്ങളും ഞാനോർക്കുന്നു. അതെല്ലാം അല്ലാഹു എനിക്ക് പൊറുത്തു തരുന്നതിന് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. അപ്പോൾ നബിﷺ പറഞ്ഞു: ഇസ്ലാം അതിനു മുമ്പുള്ള കാര്യങ്ങളെല്ലാം മായ്ച്ചു കളയുന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ. എങ്കിലും ആ കാര്യത്തിനു വേണ്ടി എനിക്ക് താങ്കൾ പ്രാർത്ഥിക്കണം. നബിﷺ പറഞ്ഞു: ” അല്ലാഹുവേ നിന്റെ മാർഗ്ഗത്തിൽ നിന്നും ജനങ്ങളെ തടയുന്നതിനു വേണ്ടി ഖാലിദുബ്നുൽ വലീദ്رضي الله عنه എന്തെല്ലാം ചെയ്തിട്ടുണ്ടോ അതെല്ലാം നീ പൊറുത്തു കൊടുക്കേണമേ” ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുകയാണ്: ശേഷം ഉസ്മാനുംرضي الله عنه അംറുംرضي الله عنه വന്നു കൊണ്ട് നബിﷺയോട് ബൈഅത്ത് ചെയ്തു.

ഹിജ്റ എട്ടാം വർഷം സ്വഫർ മാസത്തിലായിരുന്നു ഞങ്ങളുടെ വരവ്. ഖാലിദ് رضي الله عنه പറയുന്നു: നബിﷺ തന്റെ സ്വഹാബിമാരിൽ എനിക്ക് തുല്യനായി ആരെയും കണ്ടിരുന്നില്ല. (ദലാഇലുന്നുബുവ്വ: 4/349. അൽ ബിദായത്തു വന്നിഹായ: 6/405)
ഖാലിദുബ്നുൽ വലീദ് رضي الله عنه ന്റെ മഹത്വങ്ങൾ പറഞ്ഞാൽ തീരാത്തതാണ്. ഫത്ഹു മക്കയിലും ഹുനൈൻ യുദ്ധത്തിലും മുസ്ലിംകളോടൊപ്പം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പല യുദ്ധങ്ങളിലും അമീറായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നബിﷺയുടെ മരണ ശേഷം ഇസ്‌ലാമിൽ നിന്ന് പുറത്തു പോയ ആളുകളോടും മുസൈലിമത്തുൽ കദ്ദാബിനോടും അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. ഇറാഖിനെതിരെയും ശാമിനെതിരെയുള്ള യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ശുഹദാക്കളുടെ മുദ്ര പതിയാത്ത ഒരു ചാൺ സ്ഥലം പോലും അദ്ദേഹത്തിന്റെ ശരീരത്തിൽ ബാക്കിയുണ്ടായിരുന്നില്ല. 60 വർഷമാണ് അദ്ദേഹം ജീവിച്ചത്. ധീരന്മാർ പലരും കൊല്ലപ്പെട്ടിട്ടുണ്ട് എങ്കിലും തന്റെ വിരിപ്പിൽ കിടന്നു കൊണ്ടാണ് ഖാലിദുബ്നുൽ വലീദ്رضي الله عنه മരണപ്പെടുന്നത്. ഒരിക്കൽ ഖാലിദിനെ സംബന്ധിച്ച് നബിﷺ പറയുകയുണ്ടായി: ഖാലിദുബ്നു വലീദിനെ നിങ്ങളെ പ്രയാസപ്പെടുത്തരുത്. ശത്രുക്കൾക്കെതിരെ അള്ളാഹു ചൊരിഞ്ഞ് വെച്ചിട്ടുള്ള അവന്റെ വാളുകളിൽ പെട്ട ഒരു വാളാണ് ഖാലിദ്. (ഇബ്നു ഹിബ്ബാൻ: 7091)

വിരിപ്പിൽ കിടന്നു കൊണ്ടാണ് ഖാലിദുബ്നുൽ വലീദ് رضي الله عنه മരിച്ചത് എന്ന് സൂചിപ്പിച്ചുവല്ലോ. രക്ത സാക്ഷിത്വം കൊതിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ വിരിപ്പിൽ കിടന്നു മരിക്കാനാണ് അല്ലാഹു അദ്ദേഹത്തിന് കണക്കാക്കിയത് ഉണ്ടായിരുന്നത്. മദീനയിൽ ദീർഘമായ ജിഹാദുകൾക്ക് ശേഷമായിരുന്നു ഖാലിദ്رضي الله عنه  ന്റെ മരണം. ഹിജ്റ വർഷം 21 നാണ് അദ്ദേഹം മരണപ്പെടുന്നത്. മരണസമയത്ത് ഖാലിദുബ്നു വലീദ്رضي الله عنه ഇപ്രകാരം പറയുകയുണ്ടായി: “രക്തസാക്ഷിത്വം ഞാനാഗ്രഹിച്ചു. പക്ഷേ വിരിപ്പിൽ മരിക്കുവാനുള്ള വിധിയാണ് എനിക്കുണ്ടായത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിച്ചതിനു ശേഷം സത്യ നിഷേധികൾക്കതിരെയുള്ള പോരാട്ടമാണ് ഏറ്റവും വലിയ പ്രതീക്ഷയായി ഞാൻ കാണുന്നത്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഞാൻ മരണപ്പെട്ടാൽ എന്റെ ആയുധവും എന്റെ കുതിരയും അല്ലാഹുവിന്റെ മാർഗത്തിൽ പ്രത്യേകമായി തയ്യാറാക്കി വെക്കണം.
നബിﷺയുടെ ഭാര്യ മൈമൂനرضي الله عنها യുടെ സഹോദരി ലുബാബ ആയിരുന്നു ഖാലിദുബ്നുൽവലീദിرضي الله عنهന്റെ ഉമ്മ.

റുഹാ, ഹുർറാൻ, റബ്ബ തുടങ്ങിയ സ്ഥലങ്ങളിലെ ഗവർണർ സ്ഥാനം ഉമർرضي الله عنه ഖാലിദ്رضي الله عنه നെ ഏൽപ്പിച്ചിരുന്നു. ഒരു വർഷത്തോളമാണ് അദ്ദേഹം അവിടെ നിന്നത്. ശേഷം മദീനയിലേക്ക് മടങ്ങി വന്ന് മരണപ്പെടുകയായിരുന്നു. (ഹാകിം: 5339)
കഅ്‌ബാലയത്തിന്റെ സംരക്ഷകനായിരുന്നു ഉസ്മാനുബ്നു ത്വൽഹرضي الله عنه. ബനൂ അബ്ദിദ്ദാർ ഗോത്രത്തിൽ പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ പിതാവ് ത്വൽഹയും പിതൃവ്യൻ ഉസ്മാനുബ്നു അബീ ത്വൽഹയും ഉഹ്ദിൽ സത്യ നിഷേധികളോടൊപ്പം കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം നബിﷺയുടെ മരണം വരെ അദ്ദേഹം മദീനയിൽ താമസിച്ചു. നബിﷺയുടെ മരണ ശേഷം മക്കയിലേക്ക് താമസം മാറ്റി. ഹിജ്റ 42 ൽ മരണപ്പെടുന്നത് വരെ അദ്ദേഹം മക്കയിൽ തന്നെയായിരുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

നബി ചരിത്രം – 80 – ഹിജ്റ എട്ടാം വർഷം [ഭാഗം: 2] അംറുബ്നുൽആസ്വിന്റെ ഇസ്‌ലാം സ്വീകരണം.

നബി ചരിത്രം - 80 - ഹിജ്റ എട്ടാം വർഷം [ഭാഗം: 2]
അംറുബ്നുൽആസ്വിന്റെ ഇസ്‌ലാം സ്വീകരണം.

സുദീർഘമായ ഒരു കഥയാണ് അംറുബ്നുൽആസ്വിന്റെرضي الله عنه ഇസ്‌ലാം സ്വീകരണം. അംറുബ്നുൽ ആസ് رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധം കഴിഞ്ഞ് തിരിച്ചു പോയപ്പോൾ ഞാൻ ഖുറൈശികളിലെ ചില ആളുകളെ ഒരുമിച്ചു കൂട്ടി. എന്റെ സ്ഥാനത്തെക്കുറിച്ച് അവർക്ക് നന്നായി അറിയാമായിരുന്നു. ഞാൻ പറയുന്നത് അവർ കേൾക്കുകയും ചെയ്യും. ഞാൻ അവരോട് പറഞ്ഞു: മുഹമ്മദിﷺന്റെ കാര്യം നാൾക്കുനാൾ കുതിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. എനിക്ക് ഒരു അഭിപ്രായം തോന്നുകയാണ്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ?. അവർ ചോദിച്ചു; എന്താണ് താങ്കളുടെ അഭിപ്രായം?. അംറ് പറഞ്ഞു: നമുക്ക് നജ്ജാശിയുടെ അടുക്കലേക്ക് പോകാം. എന്നിട്ട് അവിടെ താമസിക്കാം. നമ്മുടെ ആളുകളിൽ മുഹമ്മദ്ﷺ വിജയം നേടുകയാണെങ്കിൽ നമുക്ക് നജ്ജാശിയുടെ അടുക്കൽ സ്ഥിരതാമസമാക്കാം. മുഹമ്മദിﷺന്റെ കീഴിൽ നമ്മൾ ജീവിക്കുന്നതിനേക്കാൾ നല്ലത് നജ്ജാശിയുടെ കീഴിൽ ജീവിക്കുന്നതാണ്. ഇനി നമ്മുടെ ആളുകൾ വിജയിക്കുകയും മുഹമ്മദ്ﷺ പരാജയപ്പെടുകയും ചെയ്യുകയാണെങ്കിൽ നമ്മൾ അറിയുന്ന ആളുകളാണ്. അവരിൽ നിന്നും നന്മയല്ലാതെ നമുക്ക് ലഭിക്കുകയില്ല. അപ്പോൾ ആളുകൾ പറഞ്ഞു: ഇതൊരു നല്ല അഭിപ്രായമാണ്. അംറ് പറഞ്ഞു. നജ്ജാശി രാജാവിന് കൊടുക്കുവാനുള്ള സമ്മാനങ്ങൾ തയ്യാറാക്കുക.

നജ്ജാശിക്ക് മക്കയിൽ നിന്നും കൊണ്ടു പോകുന്നതിൽ ഏറ്റവും ഇഷ്ടമുള്ളത് അവിടത്തെ കറികളായിരുന്നു. അങ്ങിനെ ഒരുപാട് തരം കറികൾ ഞങ്ങൾ തയ്യാറാക്കി. ഞങ്ങൾ പുറപ്പെടുകയും നജ്ജാശിയുടെ അടുക്കൽ എത്തുകയും ചെയ്തു. ജഅ്‌ഫറിനെയും അനുയായികളെയും സഹായിക്കുന്നതിനു വേണ്ടി അംറുബ്നു ഉമയ്യതുള്ളംരിرضي الله عنهയെ നബിﷺ അബീസീനിയയിലേക്ക് അയച്ചിരുന്ന സന്ദർഭമായിരുന്നു അത്. അംറുബ്നു ഉമയ്യرضي الله عنه നജ്ജാശിയെ കണ്ട് സംസാരിച്ചു അവിടെ നിന്നും പുറത്ത് പോന്ന സന്ദർഭത്തിൽ ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു: ഇതാണ് അംറുബ്നു ഉമയ്യرضي الله عنه. ഞാൻ നജ്ജാശിയുടെ അടുക്കൽ പ്രവേശിച്ചാൽ അംറുബ്നു ഉമയ്യرضي الله عنهയെ എനിക്ക് വിട്ടു തരണമെന്ന് ഞാൻ ആവശ്യപ്പെടും. അങ്ങിനെ അയാളുടെ കഴുത്ത് ഞാൻ വെട്ടും.

അംറ് പറയുകയാണ്: അങ്ങിനെ ഞാൻ നജ്ജാശിയുടെ അടുക്കലേക്ക് പ്രവേശിച്ചു. പതിവ് പ്രകാരം അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ സുജൂദ് ചെയ്തു. നജ്ജാശി പറഞ്ഞു: എന്റെ കൂട്ടുകാരന് സ്വാഗതം. നിന്റെ രാജ്യത്തു നിന്നും എനിക്ക് സമ്മാനമായി വല്ലതും കൊണ്ടുവന്നിട്ടുണ്ടോ? ഞാൻ പറഞ്ഞു: ഉണ്ട് രാജാവേ, താങ്കൾക്ക് വേണ്ടി ഒരുപാട് കറികൾ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. അങ്ങിനെ ഞാൻ അവയെല്ലാം രാജാവിന്റെ മുമ്പിൽ സമർപ്പിച്ചു. രാജാവിന് അതെല്ലാം ഇഷ്ടപ്പെടുകയും അതിനോട് ഏറെ കൊതിക്കുകയും ചെയ്തു. ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അല്ലയോ രാജാവേ, നിങ്ങളുടെ അടുത്ത് നിന്നും ഇപ്പോൾ ഇറങ്ങിപ്പോയവരെ ഞാൻ കണ്ടു. ഞങ്ങളുടെ ശത്രുവായവരുടെ ദൂതനാകുന്നു അദ്ദേഹം. അദ്ദേഹത്തെ എനിക്ക് വിട്ടു തരുമോ? ഞാൻ അദ്ദേഹത്തെ കൊല്ലട്ടെ. ഞങ്ങളുടെ പ്രമാണിമാരെയും ഞങ്ങളിൽ നല്ലവരായ ആളുകളെയും പ്രയാസപ്പെടുത്തുന്ന വ്യക്തിയാണദ്ദേഹം. ഇതു കേട്ടപ്പോൾ നജ്ജാശിക്കു ദേഷ്യം വന്നു. നജ്ജാശി തന്റെ കൈ നീട്ടിപ്പിടിച്ച് എന്റെ മൂക്കിന് ഒരു ഇടി തന്നു. എന്റെ മൂക്ക് പൊട്ടിപ്പോയി എന്നാണ് ഞാൻ കരുതിയത്. ഭൂമി ഒന്ന് പിളർന്നു കിട്ടിയിരുന്നെങ്കിൽ അതിനുള്ളിലേക്ക് ഞാൻ പോകുമായിരുന്നു. അത്രയ്ക്ക് ഭയം എന്നെ പിടി കൂടി.

ഞാൻ ചോദിച്ചു; അല്ലയോ രാജാവേ, ഞാൻ ചോദിച്ചത് താങ്കൾക്ക് ഇഷ്ടമായില്ല എന്ന് തോന്നുന്നു. അപ്പോൾ നജ്ജാശി പറഞ്ഞു: മൂസാ നബിعليه السلام യുടെ അടുക്കൽ വന്നിരുന്ന നാമൂസ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഒരു വ്യക്തി അയച്ച ദൂതനെ നിനക്ക് കൊല്ലാൻ വിട്ടു തരണം എന്നാണോ നീ പറയുന്നത്? അപ്പോൾ അംറുബ്നുൽ ആസ്رضي الله عنه ചോദിച്ചു. അല്ലയോ രാജാവേ അങ്ങനെയാണോ കാര്യം?!. നജ്ജാശി പറഞ്ഞു: അംറേ എന്തുപറ്റി നിനക്ക്. നീ എന്നെ അനുസരിക്കുകയും ആ പ്രവാചകനെ പിൻപറ്റുകയും ചെയ്യുക. അല്ലാഹുവാണ് സത്യം, ആ പ്രവാചകൻ സത്യത്തിന്റെ മാർഗ്ഗത്തിലാണ്. ഫിർഔനിന്നും സൈന്യത്തിനും എതിരിൽ മൂസാ നബിعليه السلام വിജയിച്ചതു പോലെ തന്റെ എതിരാളികളിലെല്ലാം ഈ പ്രവാചകൻ വിജയം നേടുക തന്നെ ചെയ്യും. അംറ് പറഞ്ഞു: എങ്കിൽ ഇസ്ലാമിന്റെ കാര്യത്തിൽ എനിക്ക് ബൈഅത്തു തരണം. അങ്ങിനെ നജ്ജാശി തന്റെ കൈ നീട്ടുകയും ഞാൻ ബൈഅത്ത് ചെയ്യുകയും ചെയ്തു. ഞാൻ എന്റെ കൂട്ടുകാരുടെ അടുക്കലേക്ക് മടങ്ങിപ്പോയി.

എന്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഞാൻ മാറിക്കഴിഞ്ഞിരുന്നു. എന്നാൽ ഞാൻ മുസ്ലിമായ കാര്യം അവരുടെ മുമ്പിൽ വെളിപ്പെടുത്തിയില്ല. ശേഷം ഞാൻ ഇസ്ലാമിന്റ കാര്യത്തിൽ ബൈഅത്ത് ചെയ്യുന്നതിനു വേണ്ടി മുഹമ്മദ് നബിﷺയുടെ അടുക്കലേക്കു പുറപ്പെട്ടു. വഴിയിൽ വെച്ച് കൊണ്ട് ഞാൻ ഖാലിദുബ്നുൽവലീദിرضي الله عنهനെ കണ്ടുമുട്ടി. മക്കം ഫതഹിന് തൊട്ടു മുമ്പായിരുന്നു അത്. മക്കയിൽ നിന്നും വരികയായിരുന്നു അദ്ദേഹം. ഞാൻ ചോദിച്ചു; അല്ലയോ അബൂ സുലൈമാൻ എങ്ങോട്ടാണ് താങ്കൾ പോകുന്നത്? ഖാലിദുബ്നുൽ വലീദ്رضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, എന്റെ വീക്ഷണം ഇപ്പോൾ ശരിയായ മാർഗത്തിലായിരിക്കുന്നു. മുഹമ്മദ്ﷺ അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാണ്. മുഹമ്മദിﷺന്റെ അടുക്കലേക്ക് ഞാൻ പോവുകയാണ്. അല്ലാഹുവാണ് സത്യം, ഞാൻ മുസ്‌ലിമാവുകയാണ്. ഇനി ഏതു വരെയാണ് കാത്തു നിൽക്കുക? ഇതു കേട്ടപ്പോൾ അംറുബ്നുൽആസ്رضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാനും ഒരു മുസ്‌ലിമാകാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതാണ്.

അങ്ങിനെ ഞങ്ങളൊന്നിച്ച് നബിﷺയുടെ അടുക്കൽ എത്തി. ഖാലിദുബ്നുൽ വലീദ്رضي الله عنه മുസ്‌ലിമാവുകയും ബൈഅത്ത് ചെയ്യുകയും ചെയ്തു. ശേഷം ഞാൻ നബിﷺയുടെ അടുക്കലേക്ക് ചേർന്നു നിന്നു. എന്നിട്ട് ഞാൻ ചോദിച്ചു; അല്ലാഹുവിന്റെ പ്രവാചകരെ, എന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുത്തു കിട്ടുമെന്ന വ്യവസ്ഥയോടു കൂടിയേ ഞാൻ ഇസ്‌ലാം സ്വീകരിക്കുകയുള്ളു. എന്തൊക്കെയാണ് ഞാൻ ചെയ്തത് എന്ന് എനിക്ക് ഓർമ്മയില്ല. എനിക്ക് വീഴ്ച വന്നു പോയ വിഷയങ്ങളിലും എനിക്ക് പൊറുത്തു കിട്ടണം. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു: അല്ലയോ അംറ്. നിങ്ങൾ ബൈഅത്തു ചെയ്യുക. ഇസ്‌ലാം മുമ്പുള്ള പാപങ്ങളെ ഇല്ലാതെയാക്കുന്നു. ഹിജ്റയും മുമ്പുള്ള തിന്മകളെ ഇല്ലാതെയാകുന്നു. അങ്ങിനെ ഞാൻ നബിﷺയോട് ബൈഅത്ത് ചെയ്യുകയും അവിടെ നിന്ന് പിരിഞ്ഞു പോവുകയും ചെയ്തു. (അഹ്‌മദ്: 17777)

അംറുബ്നുൽആസിന്റെرضي الله عنه ഇസ്‌ലാം സ്വീകരണത്തെ പുകഴ്ത്തിക്കൊണ്ട് നബിﷺ ഇപ്രകാരം പറയുകയുണ്ടായി: “ജനങ്ങളെല്ലാം മുസ്ലിമായി. അംറുബ്നുൽആസ്വ് മുഅ്‌മിനായി”(അഹ്‌മദ്: 17413) അംറുബ്നുൽആസ്വ്رضي الله عنه ഇസ്‌ലാം സ്വീകരിച്ചപ്പോൾ നബിﷺ അദ്ദേഹത്തെ തന്നിലേക്ക് അടുപ്പിക്കുകയും എപ്പോഴും ചേർത്തു നിർത്തുകയും ചെയ്യാറുണ്ടായിരുന്നു. അംറിرضي الله عنهന്റെ വിജ്ഞാനവും അദ്ദേഹത്തിന്റെ സ്ഥാനവും ധൈര്യവുമൊക്കെയായിരുന്നു അതിനുള്ള കാരണം. അഭിപ്രായം പറയുന്നതിലും ബുദ്ധി ശക്തിയിലും മനക്കരുത്തിലും ഉൾകാഴ്ചയിലും യുദ്ധ കാര്യങ്ങളിലും ഖുറൈശികളിലെ പ്രഗൽഭന്മാരിൽ പെട്ട ആളായിരുന്നു അംറുബ്നുൽആസ്رضي الله عنه.

അറേബ്യൻ രാജാക്കന്മാരിൽ പ്രധാനിയായിരുന്നു അദ്ദേഹം. മുഹാജിറുകളിലെ കണ്ണായ വ്യക്തിയായിരുന്നു. ബുദ്ധി കൂർമ്മതയിലും ചിന്താ ശക്തിയിലും ഉപമയായി അംറ് പറയപ്പെടാറുണ്ടായിരുന്നു. 
മുസ്‌ലിംകൾക്കെതിരെ വലിയ ക്രൂര കൃത്യങ്ങൾ ചെയ്ത വ്യക്തിയായിരുന്നു അംറുബ്നുൽ ആസ്വ്رضي الله عنه. അദ്ദേഹം മുസ്‌ലിമായപ്പോൾ മുമ്പു മുഹമ്മദ് നബിﷺക്ക് എതിരെ ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ബഹുമാനം കാരണത്താലും ലജ്ജ കാരണത്താലും പലപ്പോഴും മുഹമ്മദ് നബിﷺയെ നോക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഹിജ്റ വർഷം 43 ലാണ് അംറുബ്നുൽ ആസ്വ്رضي الله عنه മരണപ്പെടുന്നത്. അന്ന് എൺപത്തി ചില്ലറ വയസ്സായിരുന്നു അദ്ദേഹത്തിന്. മിസ്വ്‌റിന്റെ ഗവർണർ സ്ഥാനം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. 


“ശിമാസതുൽമഹ്‌രിرضي الله عنهയിൽ നിന്നും നിവേദനം; അംറുബ്നുൽആസ്വ്رضي الله عنهന് മരണം അടുത്ത സമയത്ത് അദ്ദേഹത്തിന്റെ അടുക്കൽ ഞങ്ങൾ ഹാജരായി. അദ്ദേഹം ദീർഘമായി കരയുകയായിരുന്നു. തന്റെ മുഖം ചുമരിന്റെ ഭാഗത്തേക്ക് തിരിച്ചു പിടിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മകൻ ചോദിച്ചു. അല്ലയോ പിതാവേ, അല്ലാഹുവിന്റെ പ്രവാചകൻ അങ്ങേയ്ക്ക് ഇന്ന ഇന്ന സന്തോഷ വാർത്തകളൊക്കെ നൽകിയിട്ടില്ലേ? അപ്പോൾ അദ്ദേഹം തന്റെ മുഖം ഇങ്ങോട്ട് തിരിച്ചു കൊണ്ട് പറഞ്ഞു: നാം തയ്യാറാക്കി വെക്കുന്നതിൽ ഏറ്റവും ശ്രേഷ്ഠമായത് ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകണെന്നോള്ള സാക്ഷ്യ വചനങ്ങളാണ്. എനിക്ക് എന്റെ ജീവിതത്തിൽ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. അല്ലാഹുവിന്റെ പ്രവാചകനോട് എന്നെക്കാൾ വെറുപ്പുള്ള മറ്റൊരാളും എനിക്ക് ഉണ്ടായിരുന്നില്ല. അവസരം ലഭിച്ചാൽ അല്ലാഹുവിന്റെ പ്രവാചകനെ കൊല്ലുന്നതിനേക്കാൾ സന്തോഷകരമായ മറ്റൊരു കാര്യവും എനിക്കുണ്ടായിരുന്നില്ല. ഞാനെങ്ങാനും ആ അവസ്ഥയിൽ മരണപ്പെട്ടിരുന്നു എങ്കിൽ നരകക്കാരനായി ഞാൻ മാറുമായിരുന്നു.

എന്നാൽ അല്ലാഹു എന്റെ ഹൃദയത്തിൽ ഇസ്ലാമിനെ ഇട്ടു തന്നപ്പോൾ ഞാൻ നബിﷺയുടെ അടുത്തു ചെന്നു കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കളുടെ കൈ നീട്ടി തരൂ ഞാൻ ബൈഅത് ചെയ്യട്ടെ. അപ്പോൾ നബിﷺ തന്റെ കൈ നീട്ടി. ഉടനെ ഞാൻ എന്റെ കൈ പിറകോട്ട് വലിച്ചു. നബിﷺ ചോദിച്ചു; എന്തു പറ്റി അംറേ നിനക്ക്? ഞാൻ പറഞ്ഞു: എനിക്ക് ഒരു നിബന്ധന വക്കാനുണ്ട്. നബിﷺ ചോദിച്ചു; എന്ത് നിബന്ധനയാണ് നിനക്ക് വക്കാനുള്ളത്? ഞാൻ പറഞ്ഞു എന്റെ പാപങ്ങളെല്ലാം എനിക്ക് പുറത്തു കിട്ടണം. നബിﷺ പറഞ്ഞു: ഇസ്‌ലാം അതിനു മുമ്പുള്ളതിനെയെല്ലാം തകർത്തു കളയുന്നു എന്നും ഹിജ്റ അതിനു മുമ്പുള്ളവയെയെല്ലാം തകർത്തുകളയും എന്നും ഹജ്ജ് അതിനു മുമ്പുള്ളതിനെയെല്ലാം തകർത്തു കളയും എന്നും നിനക്കറിയില്ലേ?!. പിന്നീട് മുഹമ്മദ് നബിﷺയോളം സ്നേഹമുള്ള മറ്റൊരാളും എനിക്കുണ്ടായിരുന്നില്ല. എന്റെ കണ്ണിൽ മുഹമ്മദ് നബിﷺയെക്കാൾ ബഹുമാനമുള്ള മറ്റൊരാൾ ഉണ്ടായിരുന്നില്ല. നബിﷺയോടുള്ള ബഹുമാനത്താൽ എന്റെ കണ്ണ് നിറയെ എനിക്ക് നബിﷺയെ നോക്കാൻ പോലും സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ നബിﷺയെ കുറിച്ച് വർണ്ണിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ എനിക്ക് അതിന് സാധ്യമല്ല. ആ സമയത്ത് ഞാൻ മരണപ്പെട്ടിരുന്നു എങ്കിൽ സ്വർഗ്ഗക്കാരനാകാൻ ഞാൻ ആഗ്രഹിക്കുമായിരുന്നു.

പിന്നീട് ഒരുപാട് കാര്യങ്ങൾ എന്നിൽ ഏൽപ്പിക്കപ്പെട്ടു. അതിലെല്ലാം എന്റെ അവസ്ഥകൾ എന്താണെന്ന് പോലും എനിക്കറിയില്ല. ഞാൻ മരിച്ചു കഴിഞ്ഞാൽ മയ്യിത്തിന്റെ പേരിൽ വിലപിക്കുന്നവർ എന്റെ കൂടെ പോരരുത്. എന്റെ മയ്യിത്തിന്റെ കൂടെ തീ കൊണ്ട് അനുഗമിക്കരുത്. എന്നെ മറമാടിക്കഴിഞ്ഞാൽ എന്റെ മുകളിൽ നിങ്ങൾ മണ്ണ് വാരി ഇടുക. ശേഷം ഒരു ഒട്ടകത്തെ അറുത്ത അതിന്റെ മാംസം വിതരണം ചെയ്യുന്ന അത്രയും സമയം എന്റെ ഖബറിന് ചുറ്റും നിങ്ങൾ നിൽക്കണം. എനിക്ക് നിങ്ങളെക്കൊണ്ട് ആശ്വാസം ലഭിക്കുവാനും എന്റെ റബ്ബിന്റെ ദൂതൻമാരോട് ഞാൻ എന്ത് മറുപടി പറയും എന്ന് നോക്കുവാൻ വേണ്ടി കൂടിയാണത്. (മുസ്‌ലിം: 121)

 

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 79 – ഹിജ്റ എട്ടാം വർഷം [ഭാഗം: 1] ചില സുപ്രധാന സംഭവങ്ങൾ.

നബി ചരിത്രം - 79 - ഹിജ്റ എട്ടാം വർഷം [ഭാഗം: 1]
ചില സുപ്രധാന സംഭവങ്ങൾ.

(ഒന്ന്)  എട്ടാം വർഷത്തിന്റെ തുടക്കത്തിൽ നബിﷺയുടെ പുത്രി സൈനബ്رضي الله عنها  മരണപെട്ടു. അബുൽ ആസ് ഇബ്നു റബീആرضي الله عنهയിരുന്നു അവരുടെ ഭർത്താവ്. നബിﷺയുടെ മൂത്ത മകളാണ് സൈനബ്رضي الله عنها. നാല് പെൺമക്കളാണ് നബിﷺക്കുണ്ടായിരുന്നത്. സൈനബ്رضي الله عنها റുഖിയ്യرضي الله عنها ഉമ്മു കുൽസൂംرضي الله عنها  ഫാത്വിമرضي الله عنها എന്നിവരായിരുന്നു അവർ. സൈനബിرضي الله عنهاനെ നബിﷺ ഏറെ ഇഷ്ടപ്പെടുകയും അവരെ എപ്പോഴും പുകഴ്ത്തി പറയുകയും ചെയ്യാറുണ്ടായിരുന്നു. 30 കൊല്ലമാണ് അവർ ജീവിച്ചത്. മദീനയിൽ ഭർത്താവിനോടൊപ്പം ഏതാണ്ട് ഒരു വർഷം മാത്രമേ ജീവിച്ചിട്ടുള്ളൂ. അപ്പോഴേക്കും അവർ മരണപ്പെട്ടു. അബുൽ ആസ്വിൽرضي الله عنه നിന്നും സൈനബക്കുണ്ടായ മകളാണ് ഉമാമرضي الله عنه. ഈ കുട്ടിയെയായിരുന്നു നബിﷺ നമസ്കാര സന്ദർഭത്തിൽ പോലും എടുത്തിരുന്നത്.

ഫാത്തിമ رضي الله عنها യുടെ മരണ ശേഷം അലിرضي الله عنه ഉമാമرضي الله عنها യെ കല്യാണം കഴിച്ചു. അലി എന്ന് പേരുള്ള ഒരു കുട്ടിയും സൈനബرضي الله عنها ക്കുണ്ടായിരുന്നു. മക്കം ഫതഹിന്റെ സന്ദർഭത്തിൽ തന്റെ വാഹനത്തിന്റെ പിറകിലായിരുന്നു നബിﷺ കുട്ടിയെ ഇരുത്തിയിരുന്നത്. നബിﷺ ജീവിച്ചിരിക്കെ തന്നെ പ്രായപൂർത്തിയാകുന്നതോടെ ആ കുട്ടി മരണപ്പെട്ടു. ‘ഉമ്മു അതിയ്യ رضي الله عنها യിൽ നിന്നും നിവേദനം ; സൈനബرضي الله عنها  മരണപ്പെട്ട ദിവസം നബിﷺ ഞങ്ങളുടെ അടുക്കലേക്കു വന്നു. എന്നിട്ട് പറഞ്ഞു: മൂന്നോ അഞ്ചോ തവണ അവരെ കുളിപ്പിക്കുക. ആവശ്യമായി വരികയാണെങ്കിൽ അതിൽ കൂടുതലും ആകാം. വെള്ളവും താളിയും ഉപയോഗിച്ച് കഴുകണം. അവസാനം കർപ്പൂരം ഉപയോഗിക്കണം. കുളിപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾ എന്നെ വിവരമറിയിക്കുക….”( ബുഖാരി: 1253. മുസ്‌ലിം: 939)

(രണ്ട്)  ഹിജ്റ എട്ടാം വർഷത്തിൽ മദ്യം എന്നെന്നേക്കുമായി നിരോധിക്കപ്പെട്ടു.”സത്യ വിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.”(മാഇദ 90)
“സഅ്‌ദുബ്നു അബീ വഖാസിرضي الله عنه ൽ നിന്നും നിവേദനം; മുഹാജിറുകളും അൻസാറുകളുമുള്ള ഒരു സംഘത്തിന്റെ അടുക്കലേക്ക് ഞാൻ ചെന്നു. അവർ പറഞ്ഞു: വരൂ ഞങ്ങൾ നിങ്ങളെ കള്ളു കുടിപ്പിടിക്കാം. കള്ള് നിഷിദ്ധമാക്കപ്പെടുന്നതിനു മുമ്പായിരുന്നു അത്. അങ്ങിനെ ഞാൻ അവരുടെ കൂടെ ഒരു തോട്ടത്തിലേക്ക് ചെന്നു. ഒട്ടകത്തിന്റെ തല അവിടെ ചുട്ടു വെച്ചിട്ടുണ്ടായിരുന്നു. കൂടെ മദ്യം നിറച്ച തോൽ പാത്രവും ഉണ്ട്. അങ്ങിനെ ഞാൻ അവരുടെ കൂടെ തിന്നുകയും കുടിക്കുകയും ചെയ്തു. അവിടെ വെച്ചു കൊണ്ട് മുഹാജിറുകളെക്കുറിച്ചും അൻസാറുകക്കുറിച്ചും ഞാൻ അവരോട് പറഞ്ഞു. അതായത് അൻസാരികളെക്കാൾ നല്ലവരാണ് മുഹാജിറുകൾ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ കൂട്ടത്തിൽ നിന്നും ഒരാൾ എന്റെ മുടി പിടിച്ചു വലിച്ച് എന്നെ അടിച്ചു. അങ്ങിനെ എന്റെ മൂക്കിന് മുറിവു പറ്റി. ഞാൻ നബിﷺ യുടെ അടുക്കലേക്ക് വന്നു. ഉണ്ടായ സംഭവങ്ങൾ നബിﷺ യോട് പറയുകയും ചെയ്തു. അങ്ങിനെ എന്റെ കാര്യത്തിലാണ് കള്ളുമായി ബന്ധപ്പെട്ട ആയത്ത് ഇറങ്ങിയത്. കള്ളും ചൂതാട്ടവും പ്രശ്നം നോക്കാനുള്ള അമ്പുകളും പ്രതിഷ്ഠകളും എല്ലാം പൈശാചികമാകുന്നു എന്നു പറയുന്ന ആയത്ത്. (മുസ്ലിം mb2 2412)

“ഇബ്നു അബ്ബാസിرضي الله عنه ൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: സഖീഫ് ദൗസ് ഗോത്രത്തിൽ നിന്നുമുള്ള ഒരു കൂട്ടുകാരൻ നബിﷺക്കുണ്ടായിരുന്നു. ഫത്ഹ് മക്കയുടെ ദിവസം ആ കൂട്ടുകാരൻ വാഹനത്തിലായിരിക്കെ നബിﷺയെ കണ്ടു മുട്ടി. നബിﷺക്ക് സമ്മാനമായി കൊടുക്കുവാനുള്ള മദ്യവും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നു. അപ്പോൾ നബിﷺ ചോദിച്ചു; മദ്യം നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് നിങ്ങൾക്കറിയില്ലേ? ഇത് കേട്ടപ്പോൾ ആ വ്യക്തി തന്റെ ഭൃത്യനോട് പറഞ്ഞു: ഈ മദ്യം കൊണ്ടു പോയി വിൽക്കുക. അപ്പോൾ നബിﷺ പറഞ്ഞു: കുടിക്കൽ നിഷിദ്ധമാക്കപ്പെട്ടവ വിൽക്കലും നിഷിദ്ധമാണ്. അപ്പോൾ അത് ഒഴിച്ചു കളയുവാൻ ആ വ്യക്തി ആവശ്യപ്പെട്ടു. അപ്രകാരം ചെയ്യുകയും ചെയ്തു. (മുസ്‌ലിം: 1579)

അനസുബ്നു മാലികിرضي الله عنه ൽ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: അബൂ ത്വൽഹرضي الله عنه യുടെ വീട്ടിൽ ആളുകൾക്ക് മദ്യം ഒഴിച്ചു കൊടുക്കുന്ന ആളായിരുന്നു ഞാൻ. അങ്ങിനെ മദ്യം നിഷിദ്ധമാണെന്ന ആയത്ത് അവതരിച്ചു. വിളിച്ചു പറയുന്നവരോട് ഇത് വിളിച്ചു പറയുവാൻ കല്പിക്കുകയും ചെയ്തു. അതു വിളിച്ചു പറയുന്ന ശബ്ദം കേട്ടപ്പോൾ അബൂ ത്വൽഹرضي الله عنه പറഞ്ഞു: എന്താണ് ആ ശബ്ദം എന്ന് ഒന്ന് പുറത്തിറങ്ങി നോക്കൂ. ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ വിളിച്ചു പറയുന്ന ആൾ ഇപ്രകാരം വിളിച്ചു പറയുന്നുണ്ടായിരുന്നു; അറിയുക, നിശ്ചയമായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അപ്പോൾ അബൂത്വൽഹرضي الله عنه എന്നോട് പറഞ്ഞു: നീ ചെല്ലുക ആ മദ്യങ്ങളെല്ലാം ഒഴിച്ചു കളയുക.

അങ്ങിനെ മദീനയുടെ തെരുവീഥിയിലൂടെ മദ്യം ചാലിട്ടൊഴുകി. മുന്തിരി കൊണ്ടായിരുന്നു അന്ന് മദ്യം ഉണ്ടാക്കിയിരുന്നത്. അപ്പോൾ ചില ആളുകൾ പറഞ്ഞു. മദ്യം വയറിൽ ഉണ്ടായിരിക്കെ ചില ആളുകൾ മരണപ്പെട്ടിട്ടുണ്ടല്ലോ. ഈ സന്ദർഭത്തിൽ വിശുദ്ധ ഖുർആനിലെ ആയത്ത് അവതരിച്ചു. “വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ (മുമ്പ്‌) കഴിച്ചു പോയതില്‍ കുറ്റമില്ല. അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍ പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍. അതിനു ശേഷവും അവര്‍ സൂക്ഷ്മത പാലിക്കുകയും, നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍. സദ്‌വൃത്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (ബുഖാരി: 4620. മുസ്‌ലിം: 1980)

മദ്യം നിഷിദ്ധമാക്കപ്പെട്ട ആയത്ത് അവതരിച്ചപ്പോൾ അതിനു മുമ്പ് അതു കുടിച്ചു മരിച്ച ആളുകളെ സംബന്ധിച്ച് സ്വഹാബികൾ നബിﷺയോട് ചോദിച്ചു. അവർക്കുള്ള വിശദീകരണമായിരുന്നു മുകളിൽ നാം സൂചിപ്പിച്ച ആയത്ത്. 

(മൂന്ന്) സഫർ മാസമായപ്പോൾ ഖാലിദുബ്നുൽവലീദ്رضي الله عنه അംറുബ്നുൽ ആസ്വ്رضي الله عنه ഉസ്മാനുബ്നു ത്വൽഹرضي الله عنه തുടങ്ങിയവർ ഇസ്ലാം സ്വീകരിക്കുന്നതിന് വേണ്ടി മദീനയിലേക്ക് വരികയും അങ്ങിനെ അവർ മുസ്‌ലിംകളാവുകയും ചെയ്തു. ശിഷ്ട കാല ജീവിതം നന്നാക്കിക്കൊണ്ട് ഇസ്‌ലാമിൽ അവർ ജീവിച്ചു. ഇവർ വരുന്നത് കണ്ടപ്പോൾ നബിﷺ തന്റെ സ്വഹാബിമാരോട് പറഞ്ഞു: മക്ക അതിന്റെ കരളിന്റെ കഷ്ണങ്ങളെ നിങ്ങൾക്കിതാ എറിഞ്ഞു തന്നിരിക്കുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

നബി ചരിത്രം – 78 – ഹിജ്റ ഏഴാം വർഷം [ഭാഗം: 11] ഉംറതുൽ ഖളാഅ്‌.

നബി ചരിത്രം - 78 - ഹിജ്റ ഏഴാം വർഷം [ഭാഗം: 11]
ഉംറതുൽ ഖളാഅ്‌.

ദുൽഖഅ്‌ദ് മാസമായപ്പോൾ നബിﷺ തന്റെ സ്വഹാബിമാരോട് ഉംറക്ക് വേണ്ടി പുറപ്പെടുവാൻ കൽപിച്ചു. ഹുദൈബിയ്യാ സന്ധിയിൽ ഖുറൈശികളോട് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വർഷം തിരിച്ചു പോകണം എന്നും അടുത്ത വർഷം ദുൽഖഅദ് മാസത്തിൽ ഉംറ ചെയ്യാം എന്നുമായിരുന്നു കരാർ. അങ്ങിനെ നബിﷺ ഉംറക്ക് വേണ്ടി പുറപ്പെട്ടു. ഹുദൈബിയ്യാ സന്ധിയുടെ സന്ദർഭത്തിൽ നബിﷺയുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും നബിﷺയുടെ കൂടെ ഇറങ്ങി. ചില ആളുകൾ ഖൈബറിലും മറ്റുമായി മരണപ്പെട്ടിരുന്നു.

2000 മുസ്‌ലിംകളാണ് അന്ന് നബിﷺയോടൊപ്പം പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഈ എണ്ണത്തിൽ പെടുകയില്ല. മദീനയുടെ ഉത്തരവാദിത്വം നബിﷺ ഉവൈഫുബ്നുൽഅള്വ്‌ബതി رضي الله عنه നെ ഏൽപ്പിച്ചു. 60 ഒട്ടകങ്ങളെ നബിﷺ കൂടെ കൊണ്ടു പോയി. അവയുടെ സംരക്ഷണ ചുമതല നാജിയതുബ്നു ജുൻദുബുൽഅസ്‌ലമി رضي الله عنه ക്കായിരുന്നു. ബലി മൃഗങ്ങളെയും തെളിച്ച് അദ്ദേഹം മുന്നിൽ നടന്നു. അസ്‌ലം ഗോത്രത്തിൽ പെട്ട നാലു യുവാക്കൾ വേറെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മക്കക്കാർ ചതിക്കുമോ എന്ന ഭയം കാരണത്താൽ ആയുധങ്ങളും പടയങ്കിയും കുന്തങ്ങളും നബിﷺ തന്റെ കൂടെ കരുതി. സൂക്ഷ്മത എന്ന നിലയ്ക്ക് 100 കുതിരപ്പടയാളികളെയും തന്റെ കൂടെ തയ്യാറാക്കി.

ദുൽഹുലൈഫയിൽ എത്തിയപ്പോൾ കുതിരപ്പടയെ നബിﷺ മുൻപിൽ നിർത്തി. അവരുടെ ചുമതല മുഹമ്മദുബ്നു മസ്‌ലമ رضي الله عنه നായിരുന്നു. ആയുധങ്ങളും മുൻ ഭാഗത്തായിരുന്നു. അതിന്റെ ചുമതല ബഷീറുബ്നു സഅ്‌ദി رضي الله عنه നെ ഏൽപ്പിച്ചു. ദുൽഹുലൈഫയിലെ പള്ളിയിൽ നിന്ന് നബിﷺയും സ്വഹാബിമാരും ഇഹ്റാമിൽ പ്രവേശിക്കുകയും തൽബിയത്ത് ചൊല്ലുകയും ചെയ്തു. മുഹമ്മദുബ്നു മസ്‌ലമرضي الله عنه കുതിരപ്പട യോടൊപ്പം നടന്നു. മക്കയുടെയും അസ്ഫാനിന്റെയും ഇടക്കുള്ള മർറുള്ളഹ്‌റാൻ എന്ന താഴ്‌വരയിൽ എത്തിയപ്പോൾ ഖുറൈശികളിലെ ചില ആളുകളെ അവർ കണ്ടു. കുതിരപ്പടയുമായുള്ള ഈ വരവിന ലക്ഷ്യത്തെക്കുറിച്ച് അവർ മുഹമ്മദ് ബിനു മസ്‌ലമرضي الله عنه യോട് ചോദിച്ചു. നബിﷺ പിറകെ വരുന്നുണ്ട് എന്നും നാളെ ഇൻഷാ അള്ളാ ഈ സ്ഥലത്ത് എത്തും എന്നും അദ്ദേഹം അറിയിച്ചു. ബശീറുബ്നു സഅ്‌ദിرضي الله عنه ന്റെ കൂടെയുള്ള ആയുധങ്ങളും അവർ കണ്ടു. അവർ അതി വേഗത്തിൽ മക്കയിലേക്ക് കുതിക്കുകയും അവർ കാണുകയും കേൾക്കുകയും ചെയ്ത സംഭവം ഖുറൈശികളെ അറിയിക്കുകയും ചെയ്തു. ഇതു കേട്ടതോടെ ഖുറൈശികൾക്ക് ഭയമായി. അവർ പറഞ്ഞു: അല്ലാഹുവാണ് സത്യം, നമ്മൾ ഒന്നും ചെയ്തിട്ടില്ല. മുമ്പ് നമ്മൾ എടുത്ത അതേ കരാറിലാണ് ഇപ്പോഴും നമ്മൾ ഉള്ളത്. പിന്നെ എന്തിനാണ് മുഹമ്മദ്ﷺ തന്റെ അനുയായികളെയും കൂട്ടി നമ്മോട് യുദ്ധത്തിനു വരുന്നത്?!.

മർറുള്ളഹ്‌റാൻ എന്ന സ്ഥലത്തെത്തിയപ്പോൾ നബിﷺ അവിടെ ഇറങ്ങി. അവിടെ അല്പം വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അതിനു ശേഷം മക്കയുടെ സമീപത്തുള്ള താഴ്‌രയായ യഅ്‌ജുജിന്റെ ഭാഗത്തേക്ക് ആയുധങ്ങളുമായി പറഞ്ഞയച്ചു. ഈ സ്ഥലത്തു നിന്ന് നോക്കിയാൽ ഹറമിന്റെ അടയാളങ്ങൾ കാണാമായിരുന്നു. നബിﷺയും സ്വഹാബിമാരും മക്കയിലെത്തിയതോടെ ഖുറൈശികൾക്ക് ഭയം കൂടി. യഅ്‌ജുജ് താഴ്‌വരയിൽ വെച്ചു കൊണ്ട് നബിﷺയെ കണ്ടു സംസാരിക്കുന്നതിന് വേണ്ടി ഖുറൈശികൾ അവരുടെ കൂട്ടത്തിൽ നിന്നും മിക്റസുബ്നു ഹഫ്സിനെ ചില ആളുകളോടൊപ്പം പറഞ്ഞയച്ചു. നബിﷺ തന്റെ അനുചരന്മാരോടും ആയുധങ്ങളോടും മൃഗങ്ങളോടുമൊത്ത് ഇരിക്കുകയായിരുന്നു. അവർ നബിﷺയോട് പറഞ്ഞു: അല്ലയോ മുഹമ്മദ്, ചെറുപ്പത്തിലോ വലുതായതിനു ശേഷമോ താങ്കൾ ഒരു വഞ്ചകനായി അറിയപ്പെട്ടിട്ടില്ല. താങ്കളുടെ സമൂഹത്തിനെതിരെ ഹറം പ്രദേശത്ത് ആയുധങ്ങളുമായി നിങ്ങൾ പ്രവേശിക്കാൻ പോകുന്നു. യാത്രക്കാരന്റെ ആയുധമല്ലാതെ മറ്റൊന്നും കയ്യിൽ വെക്കരുത് എന്ന് നിങ്ങൾ നിബന്ധന വെച്ചതല്ലേ. അതും വാളുകൾ ഉറയിൽ ഇട്ടു കൊണ്ടായിരിക്കണം കയ്യിൽ പിടിക്കേണ്ടത്. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ അവർക്കെതിരെ ആയുധവുമായി ഹറമിൽ പ്രവേശിക്കുകയില്ല. മിക്‌റസ് പറഞ്ഞു: ഇതാണ് കരാർ പാലനം എന്നുപറഞ്ഞാൽ.
ഇതിനു ശേഷം മിക്റസ് വളരെ വേഗത്തിൽ തന്റെ ജനതയിലേക്ക് മടങ്ങി. എന്നിട്ട് അവരോട് പറഞ്ഞു: മുഹമ്മദ്ﷺ ആയുധവുമായി പ്രവേശിക്കുകയില്ല. നിങ്ങളോട് മുമ്പ് പറഞ്ഞ അതേ നിബന്ധനയിൽ തന്നെയാണ് മുഹമ്മദ്ﷺ ഇപ്പോഴും ഉള്ളത്.

മുസ്‌ലിംകൾ മക്കയിലേക്ക് ഉംറക്ക് വേണ്ടി വരുന്നുണ്ട് എന്നും മദീനയിലെ പനി നിമിത്തം അവർക്ക് ക്ഷീണം ബാധിച്ചിട്ടുണ്ട് എന്നും മക്കയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിംകളിൽ നിന്നുള്ള രോഗം ഞങ്ങൾക്കും പകരുമോ എന്ന ഭയത്താൽ മക്കയിലുള്ള അധികമാളുകളും മക്കയെ വലയം ചെയ്തു നിൽക്കുന്ന മലകളുടെ മുകളിൽ കയറി. നബിﷺ യഅ്‌ജുജിൽ നിന്നും പുറപ്പെട്ടു. അമ്പുകളും കുന്തങ്ങളും പരിചകളുമെല്ലാം അവിടെ വെച്ചതിനു ശേഷമായിരുന്നു പുറപ്പെട്ടത്. ഔസുബ്നു ഖൗലിയ്യുൽഅൻസ്വാരിرضي الله عنه യെ അവയുടെ സംരക്ഷണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. 200 ആളുകളെ വേറേയും അദ്ദേഹത്തിന്റെ കൂടെ നിർത്തി. ബലി മൃഗങ്ങളെ നബിﷺ തന്റെ മുൻപിൽ നടത്തി. ദീ ത്വുവായിൽ എത്തിയപ്പോൾ നബിﷺ ബലിമൃഗങ്ങളെ അവിടെ തടഞ്ഞു വെച്ചു. മദീനയിൽ നിന്നും വരുന്ന ആളുകൾക്ക് മക്കയിലേക്കുള്ള പ്രവേശന കവാടമായിരുന്നു ദീ ത്വുവാ.
ഏഴു വർഷം വിട്ടു നിന്നതിനു ശേഷം നബിﷺ മക്കയിലേക്ക് പ്രവേശിക്കുകയാണ്. ഹുജൂനിന്റെ ഭാഗത്ത് കൂടെയാണ് നബിﷺ പ്രവേശിച്ചത്. നബിﷺയുടെ കാര്യത്തിൽ സ്വഹാബികൾ സൂക്ഷ്മ ജാഗ്രതയിൽ ആയിരുന്നു. വാളുകൾ തൂക്കിയിട്ട അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. അവർ തൽബിയത് ചൊല്ലിക്കൊണ്ടേയിരുന്നു. മക്കയിൽ നിന്ന് ആരെങ്കിലും അമ്പെയ്യുമോ എന്ന ഭയം അവർക്കുണ്ടായിരുന്നു.

“അബ്ദുല്ലാഹിബിനു അബീ ഔഫയിرضي الله عنه യിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു: നബിﷺ ഉംറ ചെയ്യുമ്പോൾ മക്കയിലെ മുശ്രിക്കുകളിൽ നിന്നും അവരുടെ കുട്ടികളിൽ നിന്നും ഞങ്ങൾ നബിﷺയെ മറച്ചു പിടിക്കുകയായിരുന്നു. നബിﷺയെ അവർ ദ്രോഹിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഞങ്ങൾ അങ്ങിനെ ചെയ്തത്.” (ബുഹാരി 4255) ബനൂ ശൈബ വാതിലിലൂടെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുന്നത് വരെ നബിﷺ തൽബിയത് ചൊല്ലിക്കൊണ്ടിരുന്നു. നബിﷺയെ കാണാൻ ഖുറൈശികൾ ദാറുന്നദ്‌വയിൽ വരിവരിയായി നിന്നിരുന്നു – ഹിജ്റിന്റെ അടുത്താണ് എന്ന് അഭിപ്രായമുണ്ട്-. “

അനസുബ്നു മാലികിرضي الله عنهൽ നിന്ന് നിവേദനം; നബിﷺ മക്കയിൽ പ്രവേശിക്കുമ്പോൾ മക്കക്കാർ രണ്ടു വരിയായിക്കൊണ്ടായിരുന്നു നിന്നിരുന്നത്. (ഇബ്നു ഹിബ്ബാൻ: 3812) നബിﷺയുടെ ഒട്ടകത്തെിന്റെ കടിഞ്ഞാൺ പിടിച്ചു കൊണ്ട് അബ്ദുല്ലാഹിബ്നു റവാഹرضي الله عنه കൂടെയുണ്ടായിരുന്നു. ഖുറൈശികളെ ആക്ഷേപിച്ചു കൊണ്ട് അദ്ദേഹം ചെറിയ ഒരു കവിത പാടി. അപ്പോൾ ഉമർ رضي الله عنه  ചോദിﷺച്ചു: അല്ലാഹുവിന്റെ പ്രവാചകന്റെ മുമ്പിലാണോ നിന്റെ കവിത. നബിﷺ പറഞ്ഞു: വിട്ടേക്കൂ ഉമറേ -അദ്ദേഹം പാടട്ടെ- അമ്പ് തറക്കുന്നതിനേക്കാൾ വേദനയോടെ ഈ കവിതകൾ അവരിൽ തറക്കുന്നുണ്ട്. (ഇബ്നു ഹിബ്ബാൻ: 5788)

നബിﷺ കഅ്‌ബയുടെ സമീപമെത്തിയപ്പോൾ ഹജറുൽ അസ്‌വദിനെ തന്റെ വടി കൊണ്ട് സ്പർശിച്ചു. കാരണം നബിﷺ ഒട്ടകപ്പുറത്തായിരുന്നു. ഇഹ്റാമിന്റെ വസ്ത്രം ഇള്വ്‌ത്വിബാഅ്‌ (ഇടതു ചുമലിനു മുകളിലൂടെയും വലതു ചുമലിന്റെ അടിയിലൂടെയും മുണ്ട് ഇടുക) ചെയ്തതിനു ശേഷം തവാഫ് ആരംഭിച്ചു. നബിﷺയും സ്വഹാബിമാരും വരുന്നുണ്ട് എന്നുള്ള വാർത്ത കേട്ടപ്പോൾ അരിശവും പകയും അസൂയയും പകർച്ചവ്യാധികളെക്കുറിച്ചുള്ള പേടിയും കാരണത്താൽ എല്ലാവരും മലകൾക്കു മുകളിലേക്ക് കയറിയിരുന്നു. മുസ്‌ലിംകൾ പനി ബാധിച്ച് എല്ലാവരും ദുർബലരായിട്ടുണ്ട് എന്നുള്ള വാർത്ത മക്കയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ നബിﷺ അവരോട് റംല നടത്തുവാനും തങ്ങളുടെ ശക്തി പ്രകടിപ്പിക്കുവാനും കൽപിച്ചു. (കാലുകൾ അടുപ്പിച്ചു വെച്ച് വേഗത്തിൽ നടക്കുന്നതിനാണ് റംല് എന്നു പറയുന്നത്) കഅ്‌ബക്കു ചുറ്റുമുള്ള ആദ്യത്തെ മൂന്ന് ചുറ്റിലാണ് റംല് നടത്തേണ്ടത്. മുസ്‌ലിംകൾ ഇപ്രകാരം ചെയ്തപ്പോൾ ഖുറൈശികൾ പറഞ്ഞു: നിങ്ങളല്ലേ പറഞ്ഞത് മുഹമ്മദിന്റെ കൂടെയുള്ള ആളുകളെ പനി ദുർബലരാക്കിയിരിക്കുന്നു എന്ന്. അവർക്ക് എന്തൊരു ശക്തിയും കഴിവുമാണ്!. (ബുഖാരി: 1602. മുസ്‌ലിം: 1266)

കഅ്‌ബക്ക് ചുറ്റുമുള്ള തവാഫ് പൂർത്തിയായപ്പോൾ നബിﷺ മഖാമു ഇബ്രാഹിമിന്റെ പിന്നിൽ ചെന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. നബിﷺക്ക് മറയായി കൊണ്ട് തന്റെ സ്വഹാബിമാർ കൂടെയുണ്ടായിരുന്നു. ശേഷം തന്റെ വാഹനപ്പുറത്തു തന്നെ സഫയുടെയും മർവയുടെയും ഇടയിൽ സഅ്‌യ് നടത്തി. സ്വഹാബിമാരും നബിﷺയുടെ കൂടെ സഅ്‌യ് നടത്തുന്നുണ്ടായിരുന്നു. അവിടെ വെച്ച് നബിﷺ ഇപ്രകാരം പ്രാർത്ഥിച്ചു “വേദഗ്രന്ഥങ്ങൾ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണ ചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ പരാജയപ്പെടുത്തിയ അല്ലാഹുവേ, അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തേണമേ. അവരെ നീ വിറപ്പിക്കേണമേ. മക്കക്കാർ നബിﷺയെ ഒന്നും ചെയ്യാതിരിക്കാൻ സ്വഹാബിമാർ നബിﷺയുടെ കൂടെത്തന്നെ മറയായി എപ്പോഴും ഉണ്ടായിരുന്നു. (ബുഖാരി: 1791)

സഫക്കും മർവക്കും ഇടയിലുള്ള സഅ്‌യ് പൂർത്തിയായപ്പോൾ നബിﷺ ബലി മൃഗങ്ങളെ കൊണ്ടു വരാൻ പറഞ്ഞു. 60 ഒട്ടകങ്ങളായിരുന്നു ഉണ്ടായിരുന്നത്. ദീത്വുവാ എന്ന സ്ഥലത്ത് ബന്ധിച്ചിരിക്കുകയായിരുന്നു മൃഗങ്ങളെ. മർവയുടെ സമീപത്ത് വച്ച് കൊണ്ട് അവയെ ബലിയറുക്കുകയും ശേഷം മുടി എടുക്കുകയും ചെയ്തു. മഅ്‌മറുബ്നു അബ്ദുല്ലാഹിൽഹുദവിرضي الله عنه യാണ് നബിﷺയുടെ മുടി കളഞ്ഞു കൊടുത്തത്. സഹാബികൾ എല്ലാവരും നബിﷺ ചെയ്തത് പോലെ ചെയ്തു.

മൂന്ന് ദിവസമാണ് നബിﷺയും സ്വഹാബിമാരും മക്കയിൽ താമസിച്ചത്. ഹുദൈബിയ്യാ സന്ധിയിൽ ഉണ്ടായ കരാറ് അപ്രകാരമായിരുന്നു. കഅബക്ക് അകത്ത് ചിത്രങ്ങളും ബിംബങ്ങളും ഉള്ള കാരണത്താൽ നബിﷺ അങ്ങോട്ട് പ്രവേശിച്ചില്ല. (ബുഖാരി: 1600) മൂന്ന് ദിവസം പൂർത്തിയായപ്പോൾ ഖുറൈശികൾ നബിﷺയോട് മക്ക വിട്ടു പോകുവാൻ ആവശ്യപ്പെട്ടു. നബിﷺ മദീനയിലേക്ക് മടങ്ങുകയും ചെയ്തു. (ബുഖാരി: 2701)

ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: “എന്റെ സഹോദരൻ വലീദുബ്നു വലീദ്رضي الله عنه നബിﷺയോടൊപ്പം ഉംറതുൽ ഖളാഅഇൽ ഉണ്ടായിരുന്നു. കൂട്ടത്തിൽ അദ്ദേഹം എന്നെ അന്വേഷിച്ചു. പക്ഷേ എന്നെ അക്കൂട്ടത്തിൽ കണ്ടില്ല. അപ്പോൾ എനിക്ക് ഒരു കത്തെഴുതി. ആ കത്തിൽ ഇപ്രകാരം ആയിരുന്നു ഉണ്ടായിരുന്നത്: ” പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. ഇസ്ലാമിൽ നിന്നും നീ അകന്നു പോയല്ലോ എന്നുള്ളതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം. നീ എന്തൊരു ബുദ്ധിമാനായ വ്യക്തിയാണ്. ഇസ്‌ലാം പോലുള്ള ഒരു മതത്തെ കുറിച്ച് ആരെങ്കിലും മനസ്സിലാക്കാതെ പോകുമോ!. നിന്നെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകൻﷺ എന്നോട് ചോദിച്ചു; “എവിടെയാണ് ഖാലിദ്” അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ കൊണ്ടു വരും. നബിﷺ പറഞ്ഞു: “ഖാലിദുബ്നുൽവലീദിرضي الله عنهനെ പോലെയുള്ള ആളുകൾ ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരാവുകയില്ല. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി മാത്രം മുസ്ലിംകളോടൊപ്പം അദ്ദേഹം ആക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് അത് ഏറ്റവും നല്ലതാകുമായിരുന്നു. മറ്റുള്ളവരെക്കാൾ അദ്ദേഹത്തിന് നാം മുൻഗണന കൊടുക്കുകയും ചെയ്യുമായിരുന്നു”. അതു കൊണ്ട് സഹോദരാ താങ്കൾക്ക് നഷ്ടപ്പെട്ടത് ഇനിയെങ്കിലും നേടിയെടുക്കുക. ഒരുപാട് നല്ല രംഗങ്ങൾ താങ്കൾക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: എനിക്ക് സഹോദരന്റെ കത്ത് ലഭിച്ചപ്പോൾ ഇറങ്ങി പുറപ്പെടാനുള്ള ആവേശമുണ്ടായി. ഇസ്ലാമിനോടുള്ള എന്റെ താല്പര്യം വർദ്ധിക്കുകയും ചെയ്തു. (അൽ ബിദായതു വന്നിഹായ: 6/405)

ബർറാഉബ്നു ആസിബിرضي الله عنه ൽ നിന്നും നിവേദനം. നബിﷺ ദുൽഖഅ്‌ദ് മാസത്തിൽ ഉംറക്ക് വേണ്ടി മക്കയിൽ എത്തിയപ്പോൾ മക്കക്കാർ അവിടെ പ്രവേശിക്കുന്നതിൽ നിന്നും മുഹമ്മദ് നബിﷺയെ തടഞ്ഞു. അങ്ങിനെ ഖുറൈശികളുമായി കരാറിലേർപ്പെട്ടു. കരാറിന്റെ തുടക്കത്തിൽ ഇപ്രകാരം എഴുതി. അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ് നബിﷺ നടത്തുന്ന കരാർ. അപ്പോൾ ഖുറൈശികൾ പറഞ്ഞു: ഞങ്ങൾ ഇത് അംഗീകരിക്കുകയില്ല. നിങ്ങൾ പ്രവാചകനാണെന്ന് ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ടായിരുന്നെങ്കിൽ നിങ്ങളെ ഒന്നിൽ നിന്നും ഞങ്ങൾ തടയുമായിരുന്നില്ല. നിങ്ങൾ മുഹമ്മദുബ്നു അബ്ദില്ലയാണ്. അപ്പോൾ നബിﷺ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. ഞാൻ അബ്ദുല്ലയുടെ മകൻ മുഹമ്മദുമാണ്. ശേഷം നബിﷺ അലിയ്യുബ്നു അബീ ത്വാലിബിرضي الله عنهനോട് “റസൂലുള്ള” എന്നുള്ളത് മായ്ച്ചുകളയാൻ ആവശ്യപ്പെട്ടു. അലിرضي الله عنه പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാൻ ഒരിക്കലും മായ്ച്ചുകളയുകയില്ല. അപ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ ആ രേഖ വാങ്ങി. നബിﷺക്ക് നന്നായി എഴുതാൻ അറിയുമായിരുന്നില്ല. അങ്ങിനെ നബിﷺ ഇപ്രകാരം എഴുതി: അബ്ദുല്ലയുടെ മകൻ മുഹമ്മദ് നടത്തുന്ന കരാർ. വാളുകൾ ഉറയിൽ ഇട്ടു കൊണ്ടല്ലാതെ മക്കയിലേക്ക് ആയുധം പ്രവേശിപ്പിക്കരുത്. മുഹമ്മദിനെ പിൻപറ്റാൻ ഉദ്ദേശിച്ച ആരെയും മക്കയിൽ നിന്ന് പുറത്താക്കരുത്. മക്കയിൽ താമസിക്കാൻ ഉദ്ദേശിച്ച ഒരാളെയും തടയുകയും ചെയ്യരുത്. അങ്ങിനെ (അടുത്തവർഷം) നബിﷺ മക്കയിൽ പ്രവേശിക്കുകയും നിശ്ചയിക്കപ്പെട്ട കാലാവധി തീരുകയും ചെയ്തപ്പോൾ മക്കക്കാർ അലിرضي الله عنهയോട് പറഞ്ഞു: നിന്റെ ആളോട് (മുഹമ്മദ് നബിയോട്) മക്കയിൽ നിന്നും പുറത്തു പോകുവാൻ പറയണം. സമയം തീർന്നിരിക്കുന്നു. അപ്പോൾ നബിﷺ മക്കയിൽ നിന്ന് പുറപ്പെട്ടു.

ഈ സന്ദർഭത്തിൽ ഹംസയുടെ മകൾ (അമ്മാറ) പിതൃവ്യാ പിതൃവ്യാ എന്ന് വിളിച്ചു കൊണ്ട് നബിﷺയുടെ പിറകെ ഓടി വന്നു. അപ്പോൾ അലിرضي الله عنه അവരെ എടുക്കുകയും അവരുടെ കൈ പിടിക്കുകയും ചെയ്തു. എന്നിട്ട് ഫാത്തിമرضي الله عنهയോട് പറഞ്ഞു: നിന്റെ പിതൃവ്യ പുത്രിയെ എടുത്തു കൊള്ളുക. ശേഷം ഈ വിഷയത്തിൽ അലിرضي الله عنهയും സൈദുംرضي الله عنه ജഅ്‌ഫറുംرضي الله عنه തമ്മിൽ തർക്കമായി. അലിرضي الله عنه പറഞ്ഞു: ഞാനാണ് അവളെ ആദ്യം എടുത്തത്. എന്റെ പിതൃവ്യ പുത്രിയാണ്. ജഅ്‌ഫർرضي الله عنه പറഞ്ഞു: എന്റെ പിതൃവ്യ പുത്രിയാണ്. മാത്രവുമല്ല അവരുടെ ഇളയുമ്മ എന്റെ കീഴിലാണ്. സൈദ്رضي الله عنه പറഞ്ഞു: എന്റെ സഹോദരന്റെ മകളാണ്. അവസാനം നബിﷺ അവരെ അവരുടെ ഇളയുമ്മക്ക് വിധിച്ചു. എന്നിട്ട് നബിﷺ പറഞ്ഞു: “ഇളയുമ്മ ഉമ്മയുടെ സ്ഥാനത്താണ്”. അലിرضي الله عنهയോട് നബിﷺ പറഞ്ഞു: നീ എന്നിൽ നിന്നുള്ളതാണ് ഞാൻ നിന്നിൽ നിന്നുള്ളതാണ്. ജാഫറിرضي الله عنهനോട് നബി ഇപ്രകാരം പറഞ്ഞു: എന്റെ രൂപത്തോടും സ്വഭാവത്തോടും നീ സാദൃശ്യ പെട്ടിരിക്കുന്നു. സൈദിرضي الله عنهനോട് നബിﷺ പറഞ്ഞു: നീ നമ്മുടെ സഹോദരനാണ്. അലി നബിﷺയോട് ചോദിച്ചു. താങ്കൾക്ക് ഹംസرضي الله عنهയുടെ മകളെ കല്യാണം കഴിച്ചു കൂടെ. അപ്പോൾ നബിﷺ പറഞ്ഞു. അവൾ മുലകുടി ബന്ധത്തിലൂടെയുള്ള എന്റെ സഹോദര പുത്രിയാണ്. (ബുഖാരി: 4251)

ഈ ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ഹാരിസുൽഹിലാലിയ്യയുടെ മകൾ മൈമൂനയെ رضي الله عنها നബിﷺ വിവാഹം കഴിക്കുന്നത്. ബർറ എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. മൈമൂനرضي الله عنها എന്ന് നബിﷺയാണ് അവർക്ക് പേരിട്ടത്. അബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബിന്റെ ഭാര്യ ഉമ്മുൽഫള്ലിന്റെ സഹോദരിയായിരുന്നു മൈമൂന رضي الله عنها. മസ്‌ഊദുബ്നു ഉർവതുസ്സഖഫിയുമായി ഒരു വിവാഹം ജാഹിലിയ്യാ കാലഘട്ടത്തിൽ മൈമൂന رضي الله عنها യുടെ കഴിഞ്ഞിരുന്നു. അയാൾ അവരെ പിന്നീട് ഒഴിവാക്കിയതാണ്. മുസ്‌ലിമായതിനു ശേഷം അബൂ റുഹ്‌മ്رضي الله عنه അവരെ വിവാഹം ചെയ്തു. പക്ഷേ അയാൾ മരണപ്പെട്ടു. അതിനു ശേഷമാണ് നബിﷺ അവരെ വിവാഹം കഴിക്കുന്നത്. അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വരും ഏറ്റവും കൂടുതൽ കുടുംബ ബന്ധം പുലർത്തുന്ന മഹതിയും ആയിരുന്നു മൈമൂന رضي الله عنها  എന്ന് ആയിഷ رضي الله عنها പറയുന്നുണ്ട്. (ഹാകിം: 6778) അമ്പത്തി ഒന്നാമത്തെ വയസ്സിൽ സരിഫ് എന്ന സ്ഥലത്ത് വെച്ച് കൊണ്ടാണ് മൈമൂന رضي الله عنها മരണപ്പെടുന്നത്. ആ സ്ഥലത്ത് വെച്ച് കൊണ്ട് തന്നെയായിരുന്നു നബിﷺ അവരെ വിവാഹം കഴിച്ചതും. യസീദുബ്നു അസ്വമ്മുംرضي الله عنه ഇബ്നു അബ്ബാസുംرضي الله عنه ചേർന്നാണ് അവരെ ഖബറിലേക്ക് ഇറക്കി വെച്ചത്. (ഇബ്നു ഹിബ്ബാൻ:4134)

ഉംറതുൽ ഖളാഅ്‌ കഴിഞ്ഞ് നബിﷺ മദീനയിൽ തിരിച്ചുവന്നപ്പോൾ അഖ്റമുബ്നു അബിൽഅവ്‌ജാഇ رضي الله عنه നെ 50 ആളുകളോടൊപ്പം ബനൂ സുലൈമുകാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി പറഞ്ഞയച്ചു. അദ്ദേഹം അവിടെ എത്തുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. നിങ്ങൾ ഏതൊന്നിലേക്കാണോ ഞങ്ങളെ ക്ഷണിക്കുന്നത് ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല എന്നായിരുന്നു ബനൂ സുലൈമുകാരുടെ മറുപടി. മുസ്ലിംകൾ വരുന്നുണ്ട് എന്നുള്ള വിവരം അവർ മുൻകൂട്ടി അറിഞ്ഞതിന്റെ പേരിൽ ഒരുപാട് ആളുകൾ ഒരുമിച്ചു കൂടുകയും ഒരുങ്ങി നിൽക്കും ചെയ്തിരുന്നു. മുസ്ലിംകളോടൊപ്പം അവർ പരസ്പരം അമ്പെയ്തു. നാനാ ഭാഗത്തു നിന്നും മുസ്ലിംകളെ അവർ വലയം ചെയ്തു. അവർക്കിടയിൽ ശക്തമായ യുദ്ധമുണ്ടായി. അഖ്‌റമിرضي الله عنه നു ശക്തമായ പരിക്കേൽക്കുകയും മുസ്ലിംകൾ പലരും കൊല്ലപ്പെടുകയും ചെയ്തു. ശരീരത്തിലുള്ള മുറിവുകളുമായി കഴിയുന്ന വിധത്തിൽ അഖ്‌റം മദീനയിലെത്തി. സംഭവിച്ച കാര്യങ്ങളെല്ലാം നബിﷺയോട് അദ്ദേഹം പറയുകയും ചെയ്തു. ഹിജ്റ എട്ടാം വർഷം സഫർ മാസത്തിലെ ആദ്യ ദിവസമായിരുന്നു ഇത്.


ഫദ്‌ലുല്‍ ഹഖ് ഉമരി