രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍

രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍

woman, cooking, vietnamese cuisine-6754248.jpg

(രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ 2)

ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍

രോഗപ്രതിരോധ രംഗത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് കാര്യങ്ങളാണ് സമ്പര്‍ക്ക വിലക്കും സാമൂഹിക അകലം പാലിക്കലും. നബി ﷺ പറഞ്ഞു: ”രോഗമുള്ളവയെ രോഗമില്ലാത്തവയുടെ കൂടെ മേയാന്‍ വിടരുത്” (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം:”’ഒരു നാട്ടില്‍ പ്ലേഗ് ഉണ്ടെന്നു കേട്ടാല്‍ നിങ്ങള്‍ അവിടെ പ്രവേശിക്കരുത്. നിങ്ങള്‍ ഉള്ള ഒരു നാട്ടിലാണ് അത് സംഭവിക്കുന്നതെങ്കില്‍ നിങ്ങള്‍ അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്യരുത്” (ബുഖാരി, മുസ്‌ലിം).

ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു തിരുവചനം ഇപ്രകാരമാണ്: ”പ്ലേഗില്‍ നിന്ന് ഭയന്നോടുന്നവര്‍ യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞോടുന്നവനെ പോലെയാണ്. ആരെങ്കിലും അതില്‍ ക്ഷമിച്ചാല്‍ അവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്” (അഹ്മദ്).

പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചുവീഴുന്നവരെ കാണുമ്പോള്‍ അവിടെനിന്ന് രക്ഷപ്പെടരുത് എന്ന നിര്‍ദേശം പലര്‍ക്കും വിചിത്രമായി തോന്നിയേക്കാം. ലോകത്ത് മുസ്‌ലിംകള്‍ മാത്രമാണ് പ്രവാചക കല്‍പന മാനിച്ച് മാഹാമാരികളില്‍നിന്ന് ഓടി രക്ഷപ്പെടാതിരിക്കുന്നത്. രോഗലക്ഷണം പ്രകടപ്പിക്കാത്തവര്‍ പോലും രോഗവാഹകരായി മാറുന്നുണ്ടെന്നും ഇക്കൂട്ടരാണ് യഥാര്‍ഥത്തില്‍ കൂടുതല്‍ അപകടകാരികളായിത്തീരുന്നതെന്നും ഇന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ്  സമ്പര്‍ക്ക വിലക്കിന് ആഗോളതലത്തില്‍തന്നെ മുന്തിയ പരിഗണന നല്‍കപ്പെടുന്നത്.

വിരോധിക്കപ്പെട്ട ഭക്ഷണങ്ങള്‍

മാംസാഹാരം ഇസ്‌ലാം അനുവദിക്കുന്നുണ്ടെങ്കിലും ചില മാംസങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പന്നി, ചത്തമൃഗങ്ങള്‍, മാംസഭുക്കുകളായ വന്യജീവികള്‍ എന്നിവയുടെ മാംസം വിരോധിക്കപ്പെട്ടതാണ്. മനുഷ്യന് മാരകമായ രോഗങ്ങള്‍ പരത്തുന്ന പല കീടാണുക്കളുടെയും ആവാസകേന്ദ്രമായി ഗണിക്കപ്പെടുന്നത് ഇത്തരം മാംസങ്ങളാണ്. ചത്ത ജീവികളെ ജാഹിലിയ്യ കാലത്ത് ആളുകള്‍ ഭക്ഷിച്ചിരുന്നു. രോഗാണുബാധകൊണ്ട് മൃഗങ്ങള്‍ ചാകുമെന്നും അവയുടെ ശരീരത്തില്‍ ആകമാനം രോഗാണുക്കള്‍ നിറഞ്ഞിരിക്കുമെന്നും അക്കാലത്തുള്ളവര്‍ക്ക് അറിയുമായിരുന്നില്ല. എന്നാല്‍ വര്‍ത്തമാനകാലത്ത് രോഗാണുക്കളെക്കുറിച്ച് അവബോധം ഉള്ളതുകൊണ്ട് അധികപേരും ചത്തമൃഗങ്ങളെ ഭക്ഷിക്കാറില്ല. ജീവികളിലെ രക്തം രോഗാണുക്കളുടെ ആവാസകേന്ദ്രമായിട്ടാണ് ഗണിക്കപ്പെടുന്നത്. ശ്വേതരക്താണുക്കളുടെ സാന്നിധ്യമാണ് ഇവയുടെ ആക്രമണത്തെ ചെറുത്തുനിര്‍ത്തുന്നത്. എന്നാല്‍ ജീവികളുടെ ജീവന്‍ നഷ്ടപ്പെടുന്നതോടുകൂടി ശ്വേതരക്താണുക്കളുടെ സാന്നിധ്യം നഷ്ടപ്പെടുകയും രോഗാണുക്കള്‍ ക്രമാതീതമായി പെറ്റുപെരുകുകയും ചെയ്യും. ഇസ്‌ലാം നിഷ്‌ക്കര്‍ശിച്ചപോലെ അറുത്ത് രക്തം വാര്‍ന്നുപോകാന്‍ അനുവദിക്കുകയാണെങ്കില്‍ രക്തത്തില്‍ നിറഞ്ഞുനില്‍ക്കുന്ന രോഗാണുക്കള്‍ മാംസത്തിലൂടെ മനുഷ്യരിലേക്ക് പ്രവഹിക്കുന്നത് തടയാന്‍ കഴിയും.

പന്നിമാംസവും രോഗാണുക്കളും

പന്നിമാംസം ക്വുര്‍ആന്‍ വളരെ വ്യക്തമായി വിരോധിച്ചിട്ടുണ്ട്. (ക്വുര്‍ആന്‍ 6:145). ഏറ്റവും കൂടുതല്‍ രോഗാണു സാന്നിധ്യമുള്ള ഒരു ജീവിയാണ് പന്നി. ഏകദേശം അഞ്ഞൂറോളം പകര്‍ച്ചവ്യാധികള്‍ അതിനെ ബാധിക്കുന്നുണ്ട്. അതില്‍ നൂറോളം രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നതാണ്. പന്നിമാംസം കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഭക്ഷ്യഅലര്‍ജി, കരള്‍രോഗം, ദഹനക്കുറവ്, ആസ്തമ തുടങ്ങി പന്നിമാംസവും അതിന്റെ ഉത്പന്നവും കഴിക്കുന്നതിലൂടെ പകരുന്ന 13 രോഗങ്ങള്‍ക്ക് പുറമെയാണിത്. പന്നി നേരിട്ടോ മറ്റു മൃഗങ്ങള്‍ മുഖേനയോ അനേകം രോഗങ്ങള്‍ മനുഷ്യന് സമ്മാനിക്കുന്നുണ്ട്. ക്വുര്‍ആന്‍ മാത്രമല്ല ബൈബിളും പന്നി മാംസം ഭക്ഷിക്കുന്നത് വിരോധിക്കുന്നതായി കാണാം.

”പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പര്‍ശിക്കുകയോ അരുത്”(നിയമാവര്‍ത്തനം 14:8).

പന്നി കഴിഞ്ഞാല്‍ രോഗാണു കൈമാറ്റത്തിന് സാധ്യതയുള്ള മറ്റൊരു മൃഗം നായയാണ്. വേട്ടയാടുന്നതിനും കാവലിനും പോലുള്ളഅത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഇവയെ വാങ്ങുന്നതും വളര്‍ത്തുന്നതും ഇവയോട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്.

മാംസഭുക്കുകളായ വന്യമൃഗങ്ങളെയും പക്ഷികളെയും ഭക്ഷിക്കുന്നത് ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. തേറ്റയുള്ള വന്യമൃഗങ്ങളെയും കൂര്‍ത്ത നഖമുള്ള പക്ഷികളെയും അല്ലാഹുവിന്റെ ദൂതര്‍ ﷺ വിരോധിച്ചിട്ടുണ്ട്'(അഹ്മദ്). നബി ﷺ പറഞ്ഞു: ”തേറ്റയുള്ള എല്ലാ വന്യമൃഗങ്ങളും; അത് ഭക്ഷിക്കുന്നത് നിഷിദ്ധമാണ്”'(മുസ്‌ലിം).

ഇസ്‌ലാം നിരോധിച്ച ഇത്തരം ജീവികളിലൂടെ നേരിട്ടോ അല്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട മറ്റു ജീവികള്‍ മുഖേനയോ മനുഷ്യശരീരത്തിലേക്ക് ധാരാളം പാരാസൈറ്റുകള്‍ കടന്നുവരുന്നുണ്ടെന്നത് ഒരു അനിഷേധ്യ വസ്തുയാണ്.  ഇസ്‌ലാം ഭക്ഷിക്കുന്നത് വിരോധിച്ച പല ജീവികളും ചത്തമൃഗങ്ങളെ തിന്നുന്നതിലൂടെ രോഗാണുവാഹകരായിത്തീരുന്നവ കൂടിയാണ്.

ലഹരി വസ്തുക്കളുടെ നിരോധനം

ഭക്ഷ്യവസ്തുക്കളില്‍നിന്ന് ചിലത് നിഷിദ്ധമാക്കിയതുപോലെ ചില പാനീയങ്ങളും വിരോധിച്ചിട്ടുണ്ട്. മദ്യം തീര്‍ത്തും വിലക്കപ്പെട്ട ഒരു പാനീയമാണ്. അതിന്റെ ഉത്പാദനവും വിതരണവുമെല്ലാം വിരോധിക്കപ്പെട്ടത് തന്നെയാണ്. മദ്യവും ചൂതാട്ടവും പൈശാചികവും ദൈവസ്മരണയില്‍നിന്നും നമസ്‌കാരത്തില്‍നിന്നും പിന്തിരിപ്പിക്കുന്നതുമാണെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. എന്നാല്‍ മദ്യം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അനവധിയാണ്. അതില്‍ അല്ലറ ചില്ലറ ഗുണങ്ങളുണ്ടെങ്കിലും ദോഷങ്ങളാണ് കൂടുതലെന്നും ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു ഔഷധം എന്ന നിലയ്ക്ക് അത് സേവിക്കാനാവുമോ എന്ന ചോദ്യത്തിന് റസൂല്‍ ﷺ മറുപടി നല്‍കിയത് ‘നിശ്ചയം, അത് രോഗമാണ്; ഔഷധമല്ല’ എന്നാണ്. മദ്യത്തിന്റെ ഏറ്റവും വലിയ ദോഷം അത് കരളിന്റെ പ്രവര്‍ത്തനത്തെ തകര്‍ത്ത് ശരീരത്തിന്റെ മെറ്റബോളിസത്തെ ആകമാനം അവതാളത്തിലാക്കിത്തീര്‍ക്കുന്നു എന്നതാണ്. കരളിനെ മാത്രമല്ല ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും വ്യവസ്ഥകളെയും അത് അപകടത്തിലാക്കുന്നുണ്ട്. മിക്ക രോഗങ്ങളുടെയും ചികിത്സയില്‍ ആദ്യമായി മദ്യം വര്‍ജിക്കാനാണ് ആവശ്യപ്പെടാറുള്ളത്.

വഴിവിട്ട ബന്ധങ്ങള്‍

അസാന്മാര്‍ഗിക ലൈംഗിക ബന്ധങ്ങള്‍ ഇസ്‌ലാം കര്‍ശനമായി വിരോധിച്ചതാണ്. വ്യഭിചാരത്തോട് നിങ്ങള്‍ അടുക്കുകപോലും ചെയ്യരുതെന്നാണ്’ക്വുര്‍ആന്‍ ആജ്ഞാപിക്കുന്നത്.

”നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു” (17:32).

സ്വവര്‍ഗരതിയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്: ”ലൂത്വിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കുമുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്‍മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ?…”(ക്വുര്‍ആന്‍ 29:28,29).

എയിഡ്‌സ് അടക്കമുള്ള എല്ലാ ലൈംഗിക രോഗങ്ങളുടെയും അടിസ്ഥാന കാരണം ഇസ്‌ലാം വിലക്കിയ ലൈംഗിക ബന്ധങ്ങള്‍ തന്നെയാണ്. ഭൗതിക വീക്ഷണകോണിലൂടെ നോക്കിയാല്‍ ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ വിവാഹബന്ധവും വിവാഹേതര ബന്ധവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്നാല്‍ വിവാഹേതരബന്ധങ്ങളിലൂടെ മാത്രമാണ് ലൈംഗിക രോഗങ്ങള്‍ ഉണ്ടാകുകയും പകരുകയും ചെയ്യുന്നത്. വ്യഭിചാരം വ്യാപകമാകുന്ന സമൂഹങ്ങളില്‍ മഹാമാരികള്‍ പടരുമെന്ന്'(ഇബ്‌നു മാജ) ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ലൈംഗിക ബന്ധങ്ങളിലൂടെ പകരുന്ന രോഗാണുക്കള്‍ക്ക് ഇതര കീടാണുക്കളെ അപേക്ഷിച്ച് ചില പ്രത്യേകതകള്‍ കാണപ്പെടുന്നുണ്ട്. ഇവ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ അതിജയിക്കുമെന്ന് മാത്രമല്ല എയിഡ്‌സ് പോലുള്ള രോഗങ്ങളുടെ വൈറസുകള്‍ ആര്‍ജിത പ്രതിരോധത്തെതന്നെ തകര്‍ക്കുന്നതാണ്. അതുപോലെ സിഫിലിസ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന അണുക്കളെ പഠന-ഗവേഷണങ്ങള്‍ക്ക് വേണ്ടി ലാബുകളില്‍ വളര്‍ത്തിയെടുക്കുക പ്രയാസകരമാണ്. മനുഷ്യശരീരത്തിലെ ചര്‍മങ്ങളും ശ്ലേഷ്മസ്തരങ്ങളും സാധാരണ രോഗാണുക്കളെ തടയാന്‍ കെല്‍പ്പുള്ളവയാണ്. എന്നാല്‍ ലൈംഗിക രോഗാണുക്കള്‍ ഇവയെ ഭേദിച്ച് അകത്ത് കടക്കുന്നതാണ്. ഒരേസമയം ഒന്നിലധികം രോഗങ്ങളുണ്ടാക്കുമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ലൈംഗിക രോഗങ്ങളില്‍ അധികവും അടുത്ത തലമുറയിലേക്ക് പോലും പകരുമെന്നതും ഈ രോഗാണുക്കളുടെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നതാണ്. ഇത്തരം രോഗാണുക്കളില്‍ മിക്കതും മരുന്നുകൊണ്ട് ഫലപ്രദമായി നേരിടാന്‍ കഴിയാത്തവ കൂടിയായാണ്.  

നിയമാനുസൃതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വിലക്കിയത് പോലെത്തന്നെ ആര്‍ത്തവം പോലുള്ള അശുദ്ധ വേളകളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. ഇത്തരം അവസരങ്ങളില്‍ സ്വഭാവിക രോഗപ്രതിരോധം ഇല്ലാതാകും എന്ന് മാത്രമല്ല രക്തത്തിന്റെ സാന്നിധ്യം ഇരുവര്‍ക്കും അണുബാധയുണ്ടാക്കുന്നതുമാണ്. ലൈംഗിക സംസര്‍ഗ രംഗത്ത് ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പാലിക്കുന്നത് കൊണ്ടാകാം അസാന്മാര്‍ഗിക ബന്ധങ്ങളുടെ ഫലമായുണ്ടാകുന്ന ലൈംഗിക ജന്യ രോഗങ്ങളുടെ അനുപാതം മുസ്‌ലിം രാജ്യങ്ങളില്‍ താരതമ്യേന കുറവായിട്ടാണ് കാണപ്പെടുന്നത്.

വിശിഷ്ടമായ ഭക്ഷണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ അനുവദനീയമാക്കുക മാത്രമല്ല അമിതമാകാത്തവിധം അവ കഴിക്കാനും ഇസ്‌ലാം ആജ്ഞാപിക്കുന്നുണ്ട്.  പോഷകാഹാരക്കുറവ് കൊണ്ടാണ് മുന്‍കാലങ്ങളില്‍ കൂടുതല്‍ പേര്‍ക്കും രോഗങ്ങളുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അമിതാഹാരം നിമിത്തമുള്ള ഭക്ഷ്യജന്യ രോഗങ്ങളാണ് കൂടുതലും കാണപ്പെടുന്നത്. ആഹാരത്തിന്റെ കാര്യത്തില്‍ അമിതത്വം പാടില്ലെന്ന് ക്വുര്‍ആന്‍ കണിശമായി കല്‍പിച്ചതാണ്. ഈ കല്‍പന കാറ്റില്‍ പറത്തുന്നതാണ് പല രോഗങ്ങളുടെയും അടിസ്ഥാന കാരണമായിത്തീരുന്നത്. മനുഷ്യര്‍ പൊതുവെ തീറ്റപ്രിയരായതുകൊണ്ട് ഭക്ഷണ നിയന്ത്രണം ശ്രമകരമായിരിക്കും. അമിതാഹാരത്തിന്റെ കെടുതിയില്‍നിന്നും രക്ഷിക്കുന്നതിനും ആഹാര നിയന്ത്രണം ശീലിപ്പിക്കുന്നതിനും കൂടിയാണ് വര്‍ഷത്തില്‍ ഒരു മാസം വ്രതം നിര്‍ബന്ധമാക്കിയത്. ഭക്ഷ്യജന്യ രോഗങ്ങള്‍ക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയുടെ പ്രാഥമിക നടപടിയും വ്രതം തന്നെയാണ്. വ്രതത്തിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് അനവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവയെല്ലാം വ്രതത്തിന്റെ ആരോഗ്യതലങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ‘വ്രതം ഒരു പരിചയാണ്’ എന്ന തിരുവചനത്തിന്റെ അര്‍ഥവ്യാപ്തയില്‍ രോഗപ്രതിരോധവും കൂടി അടങ്ങിയിട്ടുണ്ട്.

മാനസികാരോഗ്യം

മാനസികപ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമാണ് പല രോഗങ്ങള്‍ക്കും നിമിത്തമായി മാറുന്നത്. ശാരീരിക രോഗങ്ങളില്‍ അറുപത് ശതമാനവും മാനസിക കാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്. വിശ്വാസവും സല്‍കര്‍മങ്ങളും മാനസികാരോഗ്യ സംരക്ഷണ രംഗത്ത് ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ക്വുര്‍ആന്‍ പറയുന്നു: ”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്…”(16:97).

രോഗപ്രതിരോധത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അതിനെക്കുറിച്ച് ലോകം ബോധവാന്മാരാകുന്നത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണെന്ന് കാണാം. എന്നാല്‍ ഇസ്‌ലാം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഈ രംഗത്ത് വ്യക്തമായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രോഗപ്രതിരോധം മാത്രമല്ല, വന്ന രോഗങ്ങളെ ചികിത്സിക്കാനും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. ‘

അനുചരന്മാര്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ചികിത്സിക്കേണ്ടതുണ്ടോ?” നബി ﷺ പറഞ്ഞു: ”അതെ, അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ ചികിത്സിക്കുക. വാര്‍ധക്യമൊഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും അവന്‍ ശമനവും ഉണ്ടാക്കിയിട്ടുണ്ട്”(അഹ്മദ്).

മറ്റൊരു നബിവചനം കാണുക: ”നിശ്ചയം, അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല; അതിന്റെ ശമനവും ഇറക്കിയിട്ടല്ലാതെ. അത് അറിയുന്നവന്‍ അറിയുന്നു, അറിയാത്തവന്‍ അറിയുന്നില്ല.”

അന്ധവിശ്വാസമുക്തമായ ഔഷധസേവയിലൂന്നിയ ചകിത്സാരീതിയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അതോടപ്പം ചികിത്സയെക്കാള്‍ ഉത്തമം പ്രതിരോധം എന്ന തത്ത്വത്തെ അന്വര്‍ഥമാക്കുംവിധം രോഗപ്രതിരോധത്തിന് പ്രമുഖ്യം നല്‍കുന്നുമുണ്ട്.

ഡോ. ടി. കെ യൂസുഫ്
നേർപഥം വാരിക

സല്‍കര്‍മങ്ങളുടെ ലക്ഷ്യം തെറ്റരുത്

സല്‍കര്‍മങ്ങളുടെ ലക്ഷ്യം തെറ്റരുത്

arrows, target, range-2889040.jpg

സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങി ജീവിക്കുന്നവനാണ് മുസ്‌ലിം. അവന്‍ ഏതൊരു സല്‍കര്‍മം ചെയ്യുന്നതും സ്രഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചുെകാണ്ടായിരിക്കണം. തന്റെ രഹസ്യപരസ്യങ്ങള്‍ അറിയുന്ന രക്ഷിതാവിന്റെ സംതൃപ്തി മാത്രം ആഗ്രഹിച്ചുകൊണ്ട് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ പ്രീതിക്കുവേണ്ടിയും ഭൗതികമായ നേട്ടങ്ങള്‍ ആഗ്രഹിച്ചുകൊണ്ടും ചെയ്യുന്നത് കനത്ത ശിക്ഷയര്‍ഹിക്കുന്ന വലിയ തെറ്റാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നമസ്‌കരിക്കുക, ഹജ്ജ് ചെയ്യുക, ദാനം ചെയ്യുക തുടങ്ങിയ അനേകം സല്‍കര്‍മങ്ങള്‍ ചെയ്യേണ്ടവനാണ് മുസ്‌ലിം. അതൊക്കെ അവന്റെ പരലോക വിജയത്തിന് അനിവാര്യമാണെന്നിരിക്കെ അക്കാര്യങ്ങള്‍ ലോകമാന്യത്തിനായി ചെയ്യുന്നത് ദൈവത്തെ നിസ്സാരനാക്കലാണ്, ദൈവത്തെ ധിക്കരിക്കലാണ്. മാത്രമല്ല ദൈവത്തില്‍ പങ്കുചേര്‍ക്കല്‍ കൂടിയാണത്. സോഷ്യല്‍ മീഡിയയുടെ കാലത്ത് നല്ലകാര്യങ്ങള്‍ ചെയ്യുന്നത് ആളുകള്‍ക്കിടയില്‍ കീര്‍ത്തി ലഭിക്കാനും പൊങ്ങച്ച പ്രകടനത്തിനായും ചിലര്‍ ഉപയോഗപ്പെടുത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങെള കാണിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായവര്‍ക്ക് നാശം” (107:4-6).

”സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തു പറഞ്ഞുകൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവഴിക്കുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ കനത്ത ഒരു മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക്  കഴിയുകയില്ല…. ” (2:264).

അല്ലാഹുവിനു വേണ്ടി ചെയ്യുന്നു എന്നു വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുകയും എന്നാല്‍ ചെയ്യുന്നതിന്റെ ലക്ഷ്യം ലോകമാന്യവുമാണെങ്കില്‍ ഒരുപക്ഷേ, ആളുകള്‍ അതറിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ അല്ലാഹു അതറിയാതിരിക്കില്ല.

”…നിങ്ങളുടെ മനസ്സിലുള്ളത് രഹസ്യമാക്കിയാലും പരസ്യമാക്കിയാലും അല്ലാഹു അതിനെക്കുറിച്ച് വിചാരണ നടത്തുന്നതാണ്” (2:284).

ജനങ്ങളെ കാണിക്കുവാനായി ഭക്തി പ്രകടമാക്കലും ആരാധനകള്‍ ചെയ്യലും യഥാര്‍ഥ വിശ്വാസിയുടെ സ്വഭാവമല്ല. പാരത്രികലോകത്ത് മനുഷ്യര്‍ തങ്ങളുടെ കര്‍മഫലങ്ങള്‍ സ്വീകരിക്കാനായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍,  ലോകമാന്യതയ്ക്കായി കര്‍മങ്ങള്‍ ചെയ്തവരോട് അല്ലാഹു ഇപ്രകാരം പറയുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്: ”ഐഹിക ജീവിതത്തില്‍ ആരെ കാണിക്കുവാന്‍ വേണ്ടിയാണോ നിങ്ങള്‍ പ്രവര്‍ത്തിച്ചത് അവരുടെ അടുക്കല്‍ പോയി പ്രതിഫലം വല്ലതുമുണ്ടോ എന്ന് അനേ്വഷിക്കുക” (അഹ്മദ്).

ലോകമാന്യത്തിനു വേണ്ടി കര്‍മം ചെയ്യുന്നവരുടെ ദൗര്‍ഭാഗ്യകരമായ പര്യവസാനം വ്യക്തമാക്കുന്ന, ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ദീര്‍ഘമായ ഒരു പ്രവാചക വചനമുണ്ട്. ധീരനെന്ന് പറയപ്പെടുവാന്‍ വേണ്ടി രക്തസാക്ഷ്യം വരിച്ചവനും പണ്ഡിതനെന്ന് ആളുകള്‍ പറയാന്‍ വേണ്ടി പഠിക്കുകയും ഓത്തുകാരന്‍ എന്ന് അറിയപ്പെടുവാന്‍ വേണ്ടി ക്വുര്‍ആന്‍ പാരായണം ചെയ്തവനും വലിയ ധര്‍മിഷ്ഠനാണെന്ന പേര് ലഭിക്കുവാനായി ധര്‍മം ചെയ്തവനും നരകത്തിലേക്ക് എറിയപ്പെടുന്നതായാണ് അതില്‍ വിശദീകരിക്കുന്നത്.

പത്രാധിപർ
നേർപഥം വാരിക

ചരിത്രത്തിലിടം കിട്ടാത്തവരുടെ ചരിത്രരചനകള്‍

ചരിത്രത്തിലിടം കിട്ടാത്തവരുടെ ചരിത്രരചനകള്‍

‘ഇപ്പോഴും മഴ പെയ്യുമ്പോള്‍ കുന്നിന്റെ മുകളില്‍ മൈതാനത്തുനിന്ന് വെള്ളം കുമിഞ്ഞ് താഴേക്കൊഴുകുന്നത് ബ്രിട്ടീഷുകാരന്റെ ഉണ്ട തൊളഞ്ഞ ആ ചെരിവു വഴിയാണ്. കുന്ന് അതിന്റെ വ്രണം കഴുകിക്കളയുകയാണ്. പക്ഷേ, ഏതു വശത്തു നിന്നു നോക്കിയാലും ചരിവ് ആ ഭാഗത്തേക്കല്ല. എന്നിട്ടും വെള്ളമൊഴുകുന്നത്… അത്ഭുതം തന്നെ. കുന്നിനൊക്കെ ഹൃദയമുണ്ടോ…?’

‘നീ കൂടുതല്‍ കുഴപ്പത്തിലേക്കു നീങ്ങുന്നു.’

‘താഴെയെത്തുമ്പോള്‍ വെള്ളത്തിന് ഈയത്തിന്റെ പശപ്പും ചവര്‍പ്പും തിളക്കവുമാണ്. ഈയ ഉണ്ടകളുടെ അവശേഷിപ്പ്… എന്നിട്ട്… എന്നിട്ടിപ്പോള്‍ ടാ… എനിക്കു ദേഷ്യം വരുന്നു.’

‘കുഴപ്പമില്ല.’

‘എന്നിട്ടിപ്പോള്‍ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ വന്ന പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിറക്കാന്‍ ഈ കുന്നിലെ മൈതാനത്തെ രണ്ടു കിണറുകള്‍ കുഴിച്ചുമൂടി. ഒരുത്തനും മിണ്ടിയില്ല, അറിയുമോ നിനക്ക്?’

‘ആ പൊട്ടക്കിണറുകളോ?’

‘ചവിട്ടും ഞാന്‍ നാറീ! പൊട്ടക്കിണറോടാ. എത്ര വെടികൊണ്ട ദേഹങ്ങളെയാടാ ബ്രിട്ടീഷുകാര്‍ അതിലിട്ടത്; ജീവനോടെയും അല്ലാതെയും. വെടികൊണ്ടവരെ വെട്ടിയരിഞ്ഞ് കാര്‍ക്കിച്ചുതുപ്പി അവന്‍മാര്‍… ഹോ! തെളിനീരൊഴുകിയിരുന്ന ആ കിണറുകളില്‍ വിലായത്ത് സമരക്കാരുടെ ജഡം നിറച്ചു. ചരിത്രം, അതിന്റെ ചത്തുതീരാത്ത അസ്ഥിക്കെട്ട് മണ്ണിനടിയില്‍ അനക്കം തീണ്ടാതെ ശ്വസിക്കുന്നുണ്ട്. അതാണ് ഇവിടൊരു പ്രധാനമന്ത്രിക്ക് ഹെലിപ്പാ… ഇവിടുത്തെ ഉദ്യോഗസ്ഥന്‍മാര്‍ മണ്ണിട്ടുമൂടിയത്.’

‘പിന്നല്ലാതെ. ഇന്നിന് പ്രസക്തിയില്ലാത്തതെല്ലാം മണ്ണുമൂടി പോകട്ടെ. ആര്‍ക്കു വേണം ചരിത്രം? ഏതു ….ക്കുവേണം. നിലവില്‍… ഇപ്പോള്‍ എന്തുണ്ട് അതാണു കാര്യം.’ (ചെറുകഥ – മലപ്പുറം കോട്ടക്കുന്ന്: ജി.ആര്‍. ഇന്ദുഗോപന്‍).

അതെ! അധികാരപീഠത്തിലിരിക്കുന്നവരുടെ പൈതൃകം പേറാത്തതോ അവര്‍ക്ക് സ്തുതിപാടാത്തതോ ഒന്നും ചരിത്രമല്ല. അതാണ് അഭിനവ രാഷ്ട്രീയം. അല്ല, പണ്ടും അങ്ങനെ തന്നെയായിരുന്നു; മനുനിയമ കാലത്തും.

സഹനത്തിന്റെയും ചെറുത്തുനില്‍പിന്റെയും തിരിച്ചടിയുടെയും വീരകഥകള്‍ അന്നും ഇന്നും ഭീരുക്കള്‍ക്ക് ചതുര്‍ഥിയാണ്. വെറുപ്പിന്റെ വായ്ത്താരികളായി അതവരുടെ കര്‍ണപുടങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും.

ഭൂതകാലത്തിന്റെ നന്മകളെ അപഹസിക്കുകയും അസഹിഷ്ണുതയുടെ തത്ത്വശാസ്ത്രത്തെ ഉപാസിക്കുകയും ചെയ്യുന്നത് പറയാന്‍ കൊള്ളാവുന്ന പാരമ്പര്യമില്ലാത്തതുകൊണ്ടുമാത്രമല്ല; ജനാധിപത്യ മൂല്യങ്ങളോട് വിശ്വാസമില്ലാത്തതുകൊണ്ട് കൂടിയാണ്.

അതെ, പറഞ്ഞുവരുന്നത് ICHRന്റെ രക്തസാക്ഷി പട്ടികയില്‍നിന്ന് മലബാര്‍ സമര നായകരെയടക്കം നീക്കം ചെയ്തതും അവര്‍ക്ക് വര്‍ഗീയപട്ടം ചാര്‍ത്തിക്കൊടുത്തതും തന്നെയാണ്.

കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചും (ICHR) സംയുക്തമായി പ്രസിദ്ധീകരിച്ച, സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളെ അടയാളപ്പെടുത്തിയ Dictionary of Matryrs of India’s Freedom Struggle (1857-1947) എന്ന രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് 387 ധീരരക്തസാക്ഷികളെ നീക്കംചെയ്തിരിക്കുകയാണ്. 2019 മാര്‍ച്ച് 7ന്, ന്യൂഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അഞ്ച് വാല്യങ്ങളുള്ള നിഘണ്ടു പ്രകാശനം ചെയ്തത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവരെ ഓര്‍മിക്കാനുള്ള പ്രഥമ പരിശ്രമമാണ് ഈ നിഘണ്ടുവെന്നാണ് അന്ന് പ്രകാശനവേളയില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത്. ഇന്ത്യാഗേറ്റ് പരിസരത്ത് കൊത്തിവച്ചിട്ടുണ്ടായിരുന്ന നാഷണല്‍ വാര്‍ മെമ്മോറിയല്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനെ പറ്റി അന്നദ്ദേഹം വാചാലനായപ്പോള്‍ പോലും ആരും ചിന്തിച്ചിട്ടുണ്ടായിരിക്കില്ല വരാന്‍ പോകുന്ന വെട്ടിമാറ്റലിന്റെ നാന്ദികൂടിയായിരിക്കും ഈ പ്രോഗ്രാം എന്നുള്ളത്.

കേരളം, കര്‍ണാടക. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തില്‍, ICHR ചെയര്‍മാനും നിഘണ്ടുവിന്റെ ജനറല്‍ എഡിറ്ററുമായ അരവിന്ദ് പി. ജാംഖേദ്കറുടെ നേതൃത്വത്തില്‍ വെട്ടിമാറ്റിയിരിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുസ്‌ലിംകളോടൊപ്പം ഹിന്ദുക്കളും അണിനിരന്ന മലബാര്‍ കലാപവും സര്‍ സി.പി.യുടെ ഏകാധിപത്യത്തിനെതിരെ നടന്ന പുന്നപ്ര വയലാര്‍ സമരവുമാണ് കേരളത്തിലെ രക്തസാക്ഷികളായി അഞ്ചാംവാല്യത്തില്‍ സ്ഥാനം പിടിച്ചിരുന്നത്. ഇതില്‍നിന്ന് മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാരുടെ തോക്കിനിരയായവരും 1921 നവംബര്‍ 19ന് നടന്ന നടന്ന ‘വാഗണ്‍ കൂട്ടക്കൊല’യില്‍ പ്രാണന്‍ നഷ്ടപ്പെട്ടവരുമടങ്ങിയ 387 പേരുകളാണ് ഇപ്പോള്‍ ലിസ്റ്റില്‍നിന്ന് നീക്കം ചെയ്തിരിക്കുന്നത്.

ഭരണാധികാരികള്‍ രചിക്കുന്ന ചരിത്രത്തെ His Story എന്ന് വിളിച്ചത് ആരാണെന്നറിയില്ല. പക്ഷേ, യഥാര്‍ഥത്തില്‍ സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തിലെങ്കിലും ആ ആരോപണം ശരിയെന്ന് തെളിയിക്കുന്നുണ്ട്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഭരണം കയ്യാളിയതിനുശേഷം ‘ഇന്ത്യന്‍ ചരിത്രത്തില്‍’ നടക്കുന്നത് മറ്റൊന്നല്ല. നെഹ്‌റുമുതല്‍ വാരിയന്‍കുന്നന്‍വരെ പോസ്റ്ററില്‍നിന്നും പേജുകളില്‍നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ബ്രിട്ടീഷുകാരോട് മാപ്പിരന്ന് കയ്യും നാവും തളര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അര്‍ധകായ ചിത്രമായി പ്രദര്‍ശിപ്പിക്കപ്പെടുന്ന വിരോധാഭാസമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്ര കയ്യേറ്റത്തിന്റെ ചരിത്രം

ഇന്ത്യയിലെ ചരിത്ര കയ്യേറ്റത്തിന്റെ സൈദ്ധാന്തിക അടിത്തറ പണിതത് സവര്‍ക്കര്‍ തന്നെയാണ്. ഹിന്ദുത്വം എന്നത് വെറുമൊരു കൂട്ടായ്മയല്ലെന്നും അത് ‘ഹിന്ദു’വിന്റെ ചരിത്രമാണെന്നും അതിനായി മറ്റു ചരിത്രങ്ങളെ നിഷ്‌കാസനം ചെയ്യേണ്ടതുണ്ടെന്നും പഠിപ്പിച്ച അതിതീവ്ര രാഷ്ട്രീയത്തിന്റെ ആദ്യ അണുക്കള്‍ നമുക്ക് സവര്‍ക്കറിലൂടെ കാണാന്‍ കഴിയും. ക്രിസ്ത്യാനികളും മുസ്‌ലിംകളും കമ്യൂണിസ്റ്റുകളുമടങ്ങിയ ഇന്ത്യാചരിത്രം നിഷേധത്തിന്റെതാണെന്നും പ്രത്യയശാസ്ത്ര വൈകാരികത നിലനിര്‍ത്തുന്ന ഹിന്ദുവിന്റെ ചരിത്രത്തിന് മാത്രമെ നിലനില്‍ക്കാന്‍ അര്‍ഹതയുള്ളൂ എന്നുമുള്ള സവര്‍ക്കറുടെ വാദങ്ങള്‍ക്ക് ഗോള്‍വാള്‍ക്കറുടെ ആശയ വ്യാഖ്യാനംകൂടി വന്നതോടെ ചരിത്രത്തെ മാറ്റിയെഴുതാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായി.

ഹിന്ദുക്കളല്ലാത്തവരെല്ലാം വിദേശികളാണെന്നും വൈദേശികമതത്തിന്റെ പിണിയാളുകളെല്ലാം ശത്രുക്കളാണെന്നും അവര്‍ വസിക്കുന്നിടത്തോളം കാലം ഭാരതാംബയുടെ കണ്ണിലെ കരട് നീക്കം ചെയ്യാന്‍ കഴിയില്ലെന്നും ഉദ്‌ഘോഷിച്ചുകൊണ്ട് പ്രതികാര പ്രത്യയശാസ്ത്രരചനക്ക് തുടക്കമിട്ട ഹിന്ദുത്വം മധ്യകാല ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരിലായിരുന്നു പിന്നീട് പ്രചാരണമഴിച്ചുവിട്ടത്. മധ്യകാല ഭരണാധികാരികളെല്ലാം ക്രൂരന്മായിരുന്നെന്നും തീവ്ര ഇസ്‌ലാമിക ചിന്തകളായിരുന്നു അവരെ ഭരിച്ചിരുന്നതെന്നും സ്വദേശികളായ ഹിന്ദുക്കള്‍ക്കെതിരെ അക്രമമഴിച്ചുവിട്ടവരായിരുന്നു അവരെന്നും ചിത്രീകരിക്കുന്ന രചനകളും തിരുത്തലുകളും ഇക്കാലത്ത് വ്യാപകമായി പുറത്തുവന്നു.

1970കളിലാണ് ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് കാവിചരിത്രം പുനര്‍രചിക്കാന്‍ സംഘ്പരിവാര്‍ മുന്നിട്ടിറങ്ങുന്നത്. ‘ജനകീയ പ്രക്ഷോഭ’ങ്ങളിലൂടെയാണ് ഭരണത്തിന്റെ ഓരംപറ്റി അവര്‍ കളത്തിലിറങ്ങിയത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സമര്‍ഥമായി അധികാരത്തില്‍ കയറിപ്പറ്റിയ ഹിന്ദുത്വം ഇന്ത്യാ ചരിത്രത്തെ വികലമാക്കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. 1977ല്‍ തന്നെ NCERTയുടെ ചരിത്ര പുസ്തകങ്ങള്‍ പിന്‍വലിക്കാനും പുതിയത് തിരുകിക്കയറ്റാനുമുള്ള ശ്രമങ്ങള്‍ നടത്തിയതായി മനസ്സിലാക്കാം. പ്രാചീന ഇന്ത്യാചരിത്രത്തെ കാല്‍പനീകരിച്ചും മധ്യകാല മുസ്‌ലിം ചരിത്രത്തെ അപരവത്കരിച്ചും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആശയപ്രചാരണം നടത്താന്‍ 1978ല്‍തന്നെ അവര്‍ കരുക്കള്‍ നീക്കിയിരുന്നു. ആര്‍.എസ്.എസ് രൂപീകരിച്ച ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയും സമാനമായ മറ്റു സംഘടനാ സംരംഭങ്ങളും ശാഖകളിലൂടെ ഇതിന്റെ പ്രചാരണമേറ്റെടുത്തു മുന്നോട്ടുപോയി.

2000ത്തോടെ രാജസ്ഥാന്‍, യു.പി, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ മിത്തുകളും പുരാണങ്ങളും ചരിത്രവുമായി സംയോജിപ്പിച്ച് തെറ്റുധാരണാപരമായ ചരിത്രാഖ്യാനങ്ങള്‍ സ്‌കൂള്‍ പാഠപദ്ധതികളില്‍ ഉള്‍പ്പെടുത്തിത്തുടങ്ങി. ഇക്കാലയളവില്‍തന്നെ ബി.ആര്‍ ഗ്രോവര്‍ എന്ന ഹിന്ദുത്വ ചരിത്രകാരനിലൂടെ ചരിത്ര അട്ടിമറിക്കുള്ള ശ്രമം ICHRല്‍ സംഘ്പരിവാര്‍ നടത്തിയിരുന്നു. ആര്‍.എസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും സാമ്രാജ്യത്വദാസ്യം പുറത്തുകൊണ്ടുവന്ന Towards Freedom Projectന്റ ഫണ്ട് നിര്‍ത്തലാക്കിയും അനാവശ്യ ഇടപെടലുകള്‍ നടത്തിയും അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് ഇക്കാലത്താണ്.

ചരിത്രരംഗത്ത് യാതൊരു സംഭാവനയും നല്‍കാത്ത ഹിന്ദുത്വ വേദിയായ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ആന്ധ്ര ഘടകത്തിന്റെ മേധാവിയായ യെല്ലപ്രഗത സുദര്‍ശന്‍ റാവു എന്ന പ്രചാരകനെ 2014ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചി(ICHR)ന്റെ ചെയര്‍മാനാക്കി ഇന്ത്യയുടെ ചരിത്രത്തെ കോട്ടിമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് മോഡി സര്‍ക്കാര്‍ തുടക്കമിട്ടു. ഹിന്ദു പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ചരിത്രപരത തെളിയിക്കലായിരുന്നു സുദര്‍ശന്‍ റാവുവിന്റെ ആദ്യ ഉദ്യമം. ഇന്ത്യന്‍ ജാതിവ്യവസ്ഥ യുക്തിഭദ്രമാണെന്നും അതിന് മാനവികമായ അടിത്തറയുണ്ടെന്നും തെളിയിക്കാനായിരുന്നു റാവുവിന്റെ അടുത്ത ശ്രമം. ഭരണകാലയളവില്‍ പ്രത്യക്ഷമായ പല ഹിന്ദുത്വ അജണ്ടകളും അദ്ദേഹം നടപ്പാക്കി. തന്റെ ഇംഗിതത്തിന് വഴങ്ങാത്ത ജീവനക്കാരെ പിരിച്ചുവിടാനും നട്ടെല്ലുള്ളവരെ പുകച്ചുപുറത്തുചാടിക്കാനും അദ്ദേഹം ഇക്കാലയളവില്‍ സമയം കണ്ടെത്തി.

കാവിവത്കരിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിലൂടെ ഊട്ടപ്പെട്ട ഹിന്ദുത്വ ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ആഖ്യാനങ്ങളാണ് വടക്കേ ഇന്ത്യയിലെ ചരിത്രബോധം എന്നത് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. ഈ വികല ചരിത്രത്തെ സ്റ്റേജിലും പേജിലും ചാനലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമല്ല തെരുവുകളിലും വീടുകളിലും നിലനിര്‍ത്തുകയെന്നത് ധാര്‍മികബാധ്യതയായിട്ടാണ് ആര്‍.എസ്.എസ്സിന്റെ കീഴിലുള്ള ‘ശിക്ഷാ സന്‍സ്‌കൃതി ഉത്ഥാന്‍ ന്യാസും’ ‘രാഷ്ട്രീയ സേവിക സമിതി’ പോലുള്ള സ്ത്രീ സന്നദ്ധ സംഘടനകളും കണക്കാക്കിയിരിക്കുന്നത്. ഹിന്ദു സ്ത്രീയെ മുസ്‌ലിം പുരുഷന്റെ അക്രമോത്സുകതയില്‍നിന്ന് രക്ഷിക്കുന്ന ശിവാജിയെ മഹാരാഷ്ട്രയിലും, ഹിന്ദു സ്ത്രീകളെ ഇരകളാക്കുന്ന അക്ബര്‍ രാജാവിനെ ഗുജറാത്തിലും, ഹാരെമുകള്‍ നിര്‍മിച്ച് ലൈംഗിക കേളികള്‍ക്ക് കമനീയ മുറികള്‍ ഒരുക്കി കാത്തിരിക്കുന്ന നൈസാമിനെ ഹൈദരാബാദിലും പ്രതിഷ്ഠിച്ച് മുസ്‌ലിം അപരവല്‍ക്കരണം സാധ്യമാക്കാനും ഒരുവേള കലാപത്തിന് സാധ്യത കണ്ടെത്താനും ഹിന്ദുത്വ പ്രഭൃതികള്‍ ഗൂഢമായി ശ്രമിച്ചുകൊണ്ടിരുന്നു.

ഇന്ത്യാചരിത്രത്തിലെ ഏറ്റുമുട്ടലുകളെല്ലാം തന്നെ ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തിലേക്ക് മാറ്റിയെഴുതി എന്നത് ഇതിന്റെ ഭാഗം തന്നെയാണ്. ബാബറും ഇബ്‌റാഹീം ലോധിയും ഔറംഗസീബും ഭീകരരും ഹിന്ദു രജപുത്രരും ശിവജിയും ഹിന്ദു നാട്ടുരാജാക്കന്മാരും വീരരുമായി മാറുന്ന വൈകാരിക പാഠപുസ്തകാഖ്യാനങ്ങള്‍ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്.

പോരാട്ടം മലബാര്‍ സമരത്തിന് നേരെയും

മലബാര്‍ സമരത്തെയും സമരനായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പ്രതിസ്ഥാനത്ത് നിറുത്തി ചരിത്രം രചിക്കാനും അതില്‍ വര്‍ഗീയത കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ക്ക് സമരകാലത്തോളംതന്നെ പഴക്കമുണ്ട്. പോരാട്ടവേളയില്‍തന്നെ അതിനെ വര്‍ഗീയകലാപമായി ചിത്രീകരിക്കാനും ഹിന്ദു-മുസ്‌ലിം വിഭജനം നടത്താനും ഭിന്നിപ്പിന്റെ വൈതാളികന്മാരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളിലും അക്കാലത്തെ ആനുകാലികങ്ങളിലും ഇത്തരം പദപ്രയോഗങ്ങള്‍ വരാന്‍ അവര്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നതായി അവരുടെ പ്രതികരണങ്ങളില്‍നിന്ന് ബോധ്യമാവും. ഇതില്‍ തെറ്റുധരിച്ചാണ് അംബേദ്കറെപോലുള്ള ദേശീയ നേതാക്കളും ബ്രിട്ടീഷുകാരില്‍നിന്ന് വാര്‍ത്തകള്‍ ശേഖരിച്ച മാധ്യമങ്ങളും ആദ്യകാലങ്ങളില്‍ സമരത്തില്‍ സംശയം പ്രകടിപ്പിച്ചത്.

മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുക എന്നത് കോളോണിയല്‍ ഭരണകൂടത്തിന്റെയും അതിന്റെ നിഴല്‍പറ്റി തങ്ങളുടെ വരേണ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ച ജന്മികളുടെയും ആവശ്യമായിരുന്നു. സമരത്തെ കായികമായി നേരിടാന്‍ മുന്നില്‍നിന്ന ഹിച്ച്‌കോക്ക് പോലുള്ളവരുടെ രേഖകളാണ് ഇന്നത്തെ സംഘ്പരിവാറിന്റെ ഈ വിഷയത്തിലുള്ള ജീവവായു. എന്നാല്‍ തന്റെ ഇംഗിതത്തിനനുസരിച്ച് ചരിത്രം രചിച്ച സാക്ഷാല്‍ ഹിച്ച്‌കോക്ക് പോലും ഗ്രന്ഥരചന നടത്തിയപ്പോള്‍ അതിന് നല്‍കിയ പേര് “Peasant Revolt in Malabar: A History of the Malabar Rebellion, 1921′ എന്നാണ്, ‘കമ്യൂണല്‍ റിവോള്‍ട്ട് ഇന്‍ മലബാര്‍’ എന്നായിരുന്നില്ല. സായിപ്പിന്റെ തലയില്‍പോലും ഇതിനെ വര്‍ഗീയമായി കാണാനുള്ള വൈമനസ്യം അറിയാതെ നിഴലിച്ചിരുന്നു എന്ന് സാരം.

അതേസമയം കൃത്യമായ വിശദീകരണങ്ങളില്‍ തൃപ്തരായി പലരും തിരുത്തിയെങ്കിലും ആശാന്റെ ‘ദുരവസ്ഥയെ’ പോലുള്ള ചില കൃതികളില്‍ തിരുത്തപ്പെടാത്ത സ്ഖലിതങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. കവിതയില്‍ പൊറുക്കാനാവാത്ത തെറ്റുകള്‍ വന്നിട്ടുണ്ടെന്നും തിരുത്തിയെഴുതണമെന്നും ആവശ്യപ്പെട്ട് കേരളകൗമുദി അക്കാലത്ത് തന്നെ മുഖപ്രസംഗമെഴുതുകയും സഹോദരന്‍ അയ്യപ്പനും സി.വി കുഞ്ഞുരാമനും ആശാനെ നേരില്‍ കാണുകയും ചെയ്യുന്നുണ്ടെങ്കിലും ദുരുപദിഷ്ടിത വിമര്‍ശകര്‍ക്ക് എക്കാലവും ഉപയോഗിക്കാവുന്ന തരത്തില്‍ പ്രസ്തുത വാചകങ്ങള്‍ ‘കാവ്യ അനീതിയായി’ വരികള്‍ക്കിടയില്‍ ഇന്നും നീണ്ടുനിവര്‍ന്ന് കിടക്കുന്നുണ്ട്. എന്നാല്‍ ആശാന്‍ എന്നും അഭിസംബോധന ചെയ്യാനും വിമര്‍ശിക്കാനും ശ്രമിച്ച ബ്രാഹ്മണ്യത്തിന്റെ ആചാരാന്ധവിശ്വാസങ്ങളെ കുറിച്ചുള്ള വരികള്‍ ‘ദുരവസ്ഥ’യില്‍ നിന്ന് മാത്രമല്ല അതിന്റെ ‘സഹോദരകൃതി’യായി പരിചയപ്പെടുത്തിയ ‘ചണ്ഡാലഭിക്ഷുകി’യില്‍നിന്നുപോലും കണ്ടെടുക്കാന്‍ പില്‍ക്കാല നിരൂപകര്‍ക്ക് സാധിച്ചിട്ടില്ല എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്.

മലബാര്‍ സമരത്തിന്റെ ത്യാഗോജ്വല സ്മരണകളുടെ ശതാബ്ദി വര്‍ഷവും രാജ്യത്തിന്റെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷവും ഒരുമിച്ച് വരുന്ന വേളയില്‍ മലബാര്‍ മാപ്പിളമാരുടെ നേതൃത്വത്തില്‍ നടന്ന തുല്യതയില്ലാത്ത സ്വാതന്ത്ര്യസമര പോരാട്ടം രാജ്യം അയവിറക്കുമെന്ന ചിന്തയാണ് തികച്ചും പ്രതിലോമകരമായ പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ സംഘ്പരിവാര്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. കുമ്മനം രാജശേഖരനിലൂടെ തുടക്കമിട്ട ഈ പ്രോപഗണ്ട പിന്നീട് സംഘി ബുദ്ധിജീവികളും മാധ്യമങ്ങളും ആവര്‍ത്തിച്ചു.

മാറിയ ചാനല്‍ സംസ്‌കാരത്തിനും അന്തിച്ചര്‍ച്ചക്കും അല്‍പം ചൂടും ചൂരും പകര്‍ന്നുകൊടുക്കാന്‍ കഴിയില്ലെങ്കില്‍ അത് റേറ്റിംഗിനെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവുള്ളതിനാല്‍ -അസാരം വിഡ്ഢിത്തങ്ങളുടെ മേമ്പൊടിയുണ്ടെങ്കിലും- വര്‍ഗീയത പച്ചയ്ക്ക് വിളിച്ചുപറയാന്‍ തയ്യാറാവുന്ന സംഘ്പരിവാര്‍ സ്‌പോക്‌സ്മാന്മാരെയും സഹയാത്രികരെയും മാധ്യമത്തമ്പുരാക്കന്മാര്‍ ഫ്‌ളോറിലേക്ക് ക്ഷണിച്ചുവരുത്തിയതു മുതലാണ് ശാഖയിലെ നിശാക്ലാസില്‍ മാത്രം പരസ്പരം പറഞ്ഞ് സായൂജ്യമടഞ്ഞിരുന്ന പല ‘അപസര്‍പ്പക വര്‍ഗീയകഥകള്‍ക്കും’ ചരിത്രത്തിന്റെ നിറം കൈവന്നത്.

മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയന്‍ കുന്നന്‍ എന്ന സിനിമയുടെ ട്രീസര്‍ പുറത്തുവന്നത് മുതല്‍ സംഘ്പരിവാര്‍ സൈബര്‍ വെട്ടുകിളികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. പൃഥ്വിരാജിനെയും കുടുംബത്തെയും മാത്രമല്ല ഫിലിം ഇന്‍ഡസ്ട്രിയെതന്നെ അവര്‍ വിമര്‍ശനശരങ്ങള്‍ക്ക് പാത്രമാക്കി. സിനിമക്ക് പകരം സിനിമ എന്ന തരത്തിലേക്ക് ചര്‍ച്ച കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഒ.ടി.ടി കാലത്തെ സിനിമാ റിലീസിംഗിലെ സങ്കീര്‍ണതകള്‍ മാത്രമല്ല, അതിലൂടെ ഉദരപൂരണം നടത്തുന്ന ‘ധര്‍മ മാമമാരെ’ അനുയായികള്‍ തന്നെ തിരിച്ചറിയുകയും ചെയ്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

മുസ്‌ലിം വിഷയം ചര്‍ച്ചക്ക് വരുന്ന അനിവാര്യസമയത്ത് നിദ്രയെ പുല്‍കാറുള്ള ചില സാംസ്‌കാരിക നായകരും ഇടതുപക്ഷ ബുദ്ധിജീവികളും കൂടി മലബാര്‍ സമരത്തെ വന്ധ്യംകരിക്കുന്നതിനെതിരില്‍ ഉണര്‍ന്നെണീറ്റതോടുകൂടി വോട്ട് രാഷ്ട്രീയം ലക്ഷ്യമിട്ടിറങ്ങിയ തീവ്ര രാഷ്ട്രീയക്കാര്‍ ശരിക്കും പ്രതിരോധത്തിലായി.

ഈ സമയത്താണ് നരേന്ദ്രമോഡി പ്രകാശനം ചെയ്ത -നേരത്തെ സൂചിപ്പിച്ച- രക്തസാക്ഷി നിഘണ്ടു ചര്‍ച്ചയായത്. കേരളത്തില്‍ ഹിന്ദുത്വര്‍ വര്‍ഗീയവാദിയായി ചിത്രീകരിച്ച് ഘോരഘോരം വാക്ശരങ്ങളെയ്തുവിട്ട വാരിയന്‍ കുന്നന്‍ മുതലുള്ള നേതാക്കള്‍, പ്രധാനമന്ത്രി പ്രകാശനം ചെയ്ത സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. സംഘ്പരിവാര്‍ സ്ഥാപനത്തിന്റെ അമരക്കാരനും മലയാളിയുമായ ഡോ.സി.ഐ ഐസക് എന്ന ആശ്രിതവത്സനെ ഉപയോഗിച്ച് ചരിത്രം തിരുത്തി പട്ടിക പരിഷ്‌കരിക്കുന്നതിലേക്കുവരെ എത്തിച്ചേര്‍ന്ന സംഭവവികാസങ്ങള്‍ക്ക് ഈ ജാള്യവുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് പിന്നീട് നടന്ന സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.

സി.ഐ ഐസക് എന്ന സംഘ്പരിവാര്‍ ഏജന്റ്

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരും വാഗണ്‍ കൂട്ടക്കൊലയിലെ രക്തസാക്ഷികളുമടക്കം 387 മലബാര്‍ സമര നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ മുന്‍കയ്യെടുത്തത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച ഡോ. സി.ഐ ഐസക് ആണ്. 1921ലെ സമരത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മൂന്നംഗ സമിതിയിലെ പ്രധാനിയാണിദ്ദേഹം. എന്നാല്‍ സംഘ്പരിവാരിന്റെ ബൗദ്ധിക കേന്ദ്രമായ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡണ്ടാണ് ഇദ്ദേഹമെന്നും നിരവധി സംഘ്പരിവാര്‍ അനുകൂല നീക്കങ്ങള്‍ ഐസക്കില്‍നിന്നുമുണ്ടായിട്ടുണ്ടെന്നും അതിനാല്‍തന്നെ രക്തസാക്ഷി പട്ടികയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും ആക്ഷേപമുയര്‍ന്നപ്പോള്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് രംഗത്തുവരികയാണ് ഡോ. ഐസക് ചെയ്തത്.

താന്‍ മാത്രമല്ല, ഖൊരഗ്പുര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹിമാന്‍ഷു ചതുര്‍വേദിയും ICHR ഒഫീഷ്യല്‍ ഡയരക്ടര്‍ ഡോ. ഓം ജി ഉപാധ്യായയുമെല്ലാമടങ്ങിയ ടീമാണ് ഈ ശ്രമത്തിന് പിന്നില്‍ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

എന്നാല്‍ വസ്തുത നേരെമറിച്ചാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150ാം വാര്‍ഷികമാഘോഷിച്ച 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അംഗീകാരം നല്‍കിയ പ്രൊജെക്ടാണ് മേല്‍പറഞ്ഞ രക്തസാക്ഷി പട്ടികയടങ്ങിയ ചരിത്രപുസ്തകം.

2016ല്‍ പൂര്‍ത്തിയായ ഈ പട്ടികയില്‍ കേരളത്തിലെ സ്വാതന്ത്ര്യ സമരസേനാനികളെ വിവരിക്കുന്ന അഞ്ചാം വാല്യത്തില്‍ തിരുത്തല്‍ നടത്താനായി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനും ഹിന്ദുത്വവേദിയായ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ആന്ധ്ര ഘടകത്തിന്റെ മേധാവിയുമായിരുന്ന യെല്ലപ്രഗത സുദര്‍ശന്‍ റാവുവിനെ സ്വാധീനിച്ച് ഉപജാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ഡോ. ഐസക്.

എന്നാല്‍ അന്നത് വിജയിക്കാതെ വരികയും, 2019ല്‍ നരേന്ദ്ര മോഡിതന്നെ വാരിയന്‍ കുന്നനും ആലി മുസ്‌ല്യാരുമടക്കം ഇപ്പോള്‍ നീക്കം ചെയ്ത 387 രക്തസാക്ഷികളുടെയും പേരുകളടങ്ങിയ നിഘണ്ടു പ്രസിദ്ധീകരിക്കുകയും ചെയ്തത് ഇവര്‍ക്ക് ഒരുപോലെ തിരിച്ചടിയാവുകയാണുണ്ടായത്. ഈ സംഭവത്തെകുറിച്ച് ‘1921നെ മഹത്ത്വവത്കരിക്കാന്‍ വേണ്ടി ചിലര്‍ നടത്തിയ ആസൂത്രിത അജണ്ടയില്‍ പ്രധാനമന്ത്രിയെ കരുവാക്കുകയായിരുന്നു’ എന്നാണ് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. ഐസക് പറയുന്നത്.

സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ഡോ. സി.ഐ. ഐസക് എന്നതിനാല്‍തന്നെ അദ്ദേഹത്തിന്റെ ചരിത്രത്തോടുള്ള നിലപാടും മലബാര്‍ സമരത്തോടുള്ള പുച്ഛവും ഊഹിക്കാവുന്നതേയുള്ളൂ. അദ്ദേഹത്തെ പോലെയുള്ള ഒരാളെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് എന്ന മഹത്തായ സംവിധാനത്തിന്റെ റിപ്പോര്‍ട്ട് തേടാനുള്ള റഫറന്‍സായി ഉപയോഗിക്കുന്നത് എന്തുമാത്രം അവഹേളനമാണ്!

മാപ്പിള സമരം സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമല്ലെന്നും അതില്‍ പങ്കെടുത്തവര്‍ രക്തസാക്ഷികളല്ലെന്നും ദേശീയതയ്ക്ക് വേണ്ടി ഒന്നും ചെയ്യാതെ മാപ്പിളസ്ഥാന്‍ ഉണ്ടാക്കാനുള്ള ഒരുകൂട്ടം മുസ്‌ലിംകളുടെ ശ്രമമമായിരുന്നു മലബാര്‍ സമരമെന്നും മതപരിവര്‍ത്തനം, ക്ഷേത്രാക്രമണം തുടങ്ങിയവയാണ് അന്ന് നടന്നതെന്നും കേരളത്തിലെ മുന്നണി രാഷ്ടീയ താല്‍പര്യത്തിനായി മുസ്‌ലിം ലീഗിനെ കൂടെ നിര്‍ത്താന്‍ 1981 ഡിസംബര്‍ 5ന് ഇന്ദിരാഗാന്ധി സര്‍ക്കാറാണ് മാപ്പിള സമരത്തെ സ്വാതന്ത്ര്യസമര വിധാനത്തിലേക്ക് ഉയര്‍ത്തിയതെന്നുമുള്ള നട്ടാല്‍ മുളക്കാത്ത കള്ളങ്ങള്‍ പൊതുസമൂഹത്തില്‍ മുമ്പേ പ്രചരിപ്പിച്ച സംഘ്പരിവാര്‍ ദാസനാണ് ഡോ. സി.ഐ ഐസക്.

മാത്രമല്ല, മലബാര്‍ സമരത്തെ മാപ്പിളമാര്‍ നേതൃത്വം കൊടുത്ത വര്‍ഗീയ കലാപമായി ചിത്രീകരിക്കുന്ന രക്തസാക്ഷി അനുസ്മരണ വര്‍ഷാചരണത്തിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയാണ് ഡോ. ഐസക് എന്ന കാര്യം ബന്ധപ്പെട്ടവര്‍ സൗകര്യപൂര്‍വം മറച്ചുവെക്കുകയാണ്.

ആഗസ്ത് 19ന് ജന്മഭൂമി ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത നോക്കുക:

”മാപ്പിളകലാപം: രക്തസാക്ഷി അനുസ്മരണ വര്‍ഷാചരണം രാം മാധവ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കേരള ചരിത്രത്തിലെ കറുത്ത അധ്യായമായ മാപ്പിളകലാപത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. കലാപത്തില്‍ രക്തസാക്ഷികളായവരെ അനുസ്മരിച്ചുകൊണ്ട് 1921 മാപ്പിള കലാപരക്തസാക്ഷി അനുസ്മരണസമിതി സംഘടിപ്പിക്കുന്ന വര്‍ഷാചരണത്തിന് നാളെ തുടക്കം. ആര്‍.എസ്.എസ് അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ് ദേശീയതല ഉദ്ഘാടനം നിര്‍വഹിക്കും. നാളെ രാവിലെ 10ന് കോഴിക്കോട് കേസരി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സമിതി അധ്യക്ഷനുമായ ഡോ.സി.വി. ആനന്ദബോസ് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ അംഗവും സമിതി ജനറല്‍ കണ്‍വീനറുമായ ഡോ. സി.ഐ ഐസക് സംസാരിക്കും.

കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പി.വി.കെ. നെടുങ്ങാടി എഴുതിയ ‘മാപ്പിള ലഹളയോ സ്വാതന്ത്ര്യ സമരമോ?,’ രാമചന്ദ്രന്‍ എഴുതിയ ‘വാരിയന്‍കുന്നന്റെ കശാപ്പുശാല,’ പി.മാധവ്ജിയുടെ ആമുഖത്തോടെ ദുരവസ്ഥ പുനഃപ്രസിദ്ധീകരണം, കാവാലം ജയകൃഷ്ണന്റെ ‘കുമാരനാശാന്റെ ദുരവസ്ഥ പഠനം,’ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന ‘1921 മലബാറും ആര്യസമാജവും’ എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും.

വര്‍ഷാചരണത്തിന്റെ ഭാഗമായി 14 ജില്ലാതല സെമിനാറുകള്‍ നടക്കും. വര്‍ഷാചരണത്തിന്റെ സമാപനത്തില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ.സി.എ ഐസക് അറിയിച്ചു. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ഡോക്യുമെന്ററി, ചരിത്ര പ്രദര്‍ശനം, ചരിത്രകാരസംഗമം, കലാലയവിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍, പുസ്തക പ്രസാധനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ന്യൂദല്‍ഹി അടക്കമുള്ള പ്രധാന നഗരങ്ങളിലും ഇതോടനുബന്ധിച്ച് പരിപാടികള്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.”

‘നിഷ്പക്ഷനായ’ ഈ ചരിത്രകാരനാണ് രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളെ അടയാളപ്പെടുത്തിയ Dictionary of Matryrs of India’s Freedom Struggle എന്ന രക്തസാക്ഷി നിഘണ്ടുവിലെ പട്ടിക പരിഷ്‌കരിക്കാനായി മുന്‍കയ്യെടുത്തതെന്ന വസ്തുത ഒരേസമയം നിരാശക്കും തമാശക്കും വക നല്‍കുന്നതാണ്.

‘മാപ്പിളലഹളയുടെ ചരിത്ര, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വിവിധ വീക്ഷണകോണുകളില്‍ വിലയിരുത്തുന്ന സമഗ്ര ലേഖനസമാഹാരമായ’ ‘മാപ്പിളലഹളയുടെ ബാക്കിപത്രങ്ങള്‍’ എന്ന, ഈ മാസം 25ാം തീയതി പുറത്തിറങ്ങുന്ന പുസ്തകത്തെ കുറിച്ചുള്ള വൃത്താന്തംകൂടി അറിയിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. വേദ ബുക്‌സ് പുറത്തിറക്കാന്‍ പോകുന്ന പ്രസ്തുത ഗ്രന്ഥത്തിന്റെ എഡിറ്റര്‍ നാം നേരത്തെ പരാമര്‍ശിച്ച ‘നിഷ്പക്ഷന്‍’ തന്നെ; ഡോ. സി.ഐ ഐസക്.

എങ്ങനെയൊക്കെ വികൃതമാക്കിയും വികലമാക്കിയും നശിപ്പിക്കാന്‍ ശ്രമിച്ചാലും ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. ചരിത്രത്തെ മറച്ചുപിടിക്കാനേ കഴിയൂ, ഇല്ലാതാക്കാന്‍ കഴിയില്ല. തമസ്സിന്റെ കരിമ്പടം കൊണ്ട് എത്ര തമസ്‌കരിക്കാന്‍ ശ്രമിച്ചാലും അത് ധവളപ്രകാശം ചൊരിഞ്ഞ് നേരറിവാഗ്രഹിക്കുന്നവര്‍ക്ക് വെളിച്ചമേകുക തന്നെ ചെയ്യും.

മലബാര്‍ സമരത്തിലേക്ക് നയിച്ച സാഹചര്യവും അന്നത്തെ സാമൂഹിക സാഹചര്യങ്ങളും അതിന്റെ ഉള്ളടക്കവും വിമര്‍ശകര്‍ അതിനെ നോക്കിക്കണ്ട വീക്ഷണകോണുകളും അവയോടുള്ള പ്രതികരണവുമെല്ലാം തുടര്‍ലക്കങ്ങളില്‍ ചര്‍ച്ച ചെയ്യാം.

(അവസാനിച്ചില്ല)

ചോദിക്കാം, പക്ഷേ…!

ചോദിക്കാം, പക്ഷേ...!

അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉപകാരപ്രദമല്ലാത്ത അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനെ അല്ലാഹുവും റസൂലും വിരോധിക്കുന്നു. അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി പലപ്പോഴും ചോദ്യകര്‍ത്താവിനുതന്നെ അതൃപ്തിയും വിഷമവും ഉളവാക്കുന്നതായേക്കാം. ഒരു കാര്യം ഇന്നിന്നപ്രകാരമാണെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്തപ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ ഹിതവും സൗകര്യവും അനുസരിച്ച് അത് കൈകാര്യം ചെയ്യാന്‍ വിഷമമുണ്ടാകില്ല. എന്നാല്‍ വിശദാംശങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിശദീകരണം അത് ഇന്നിന്നപ്രകാരമായിരിക്കണമെന്നുള്ള സുനിശ്ചിതത്വം ഉളവാക്കുന്നു. അതോടെ അതില്‍ മുമ്പുണ്ടായിരുന്ന വിശാലതയും സൗകര്യവും നീങ്ങിപ്പോവുകയും കൃത്യതയും കണിശതയും വര്‍ധിക്കുകയും ചെയ്യുന്നു.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി ﷺ ഇപ്രകാരം  പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു: ”ഞാന്‍ എന്തൊന്ന് നിരോധിച്ചുവോ അതിനെ നിങ്ങള്‍ വെടിയുക. ഞാന്‍ എന്തൊന്ന് കല്‍പിച്ചുവോ അത് നിങ്ങള്‍ കഴിവിനനുസരിച്ച് നിറവേറ്റുക. നിശ്ചയമായും നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും പ്രവാചകന്മാരോടുള്ള അവരുടെ വിയോജിപ്പുമായിരുന്നു” (ബുഖാരി, മുസ്‌ലിം).

വിവരമില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കരുതെന്നോ സംശയത്തിന് പരിഹാരം തേടരുതെന്നോ അല്ല ക്വുര്‍ആനികാധ്യാപനങ്ങളുടെയും തിരുവചനങ്ങളുടെയും പൊരുള്‍. മറിച്ച് അനാവശ്യമായ വിശദീകരണം ആവശ്യപ്പെടുക, പരീക്ഷിക്കുന്നതിനു വേണ്ടിയോ തര്‍ക്കത്തിനുവേണ്ടിയോ മാത്രം ചോദിക്കുക മുതലായ കാര്യങ്ങളാണ് വിരോധിക്കപ്പെട്ടിട്ടുള്ളത്. അറിയാത്ത കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന് ക്വുര്‍ആനില്‍നിന്നും ഹദീഥില്‍നിന്നും വ്യക്തമായിട്ടുള്ളതാണ്.

നബി(റ) പറഞ്ഞു: ”ഞാന്‍ നിങ്ങള്‍ക്കായുപേക്ഷിച്ച കാര്യങ്ങളില്‍ എന്നെ നിങ്ങള്‍ വിട്ടേക്കുക. നിശ്ചയം, അധികരിച്ച ചോദ്യങ്ങളും പ്രവാചകന്മാരോടുള്ള ഭിന്നതകളുമാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നാശത്തിലാക്കിയത്. ആയതിനാല്‍ ഞാന്‍ വിലക്കിയ കാര്യങ്ങള്‍ നിങ്ങളുപേക്ഷിക്കുക, കല്‍പിച്ച കാര്യങ്ങള്‍ പരമാവധി നിര്‍വഹിക്കുക” (മുസ്‌ലിം).

ഇൗ പ്രമാണവാക്യങ്ങള്‍ വ്യക്തമാക്കുന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോള്‍ ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റു മേഖലകളിലും നാം കാണുന്ന അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ നമുക്ക് സാധിക്കും. ഗുണകാംക്ഷയോടും സഹിഷ്ണുതയോടും കൂടി മാത്രമെ പ്രബോധന പ്രവ ര്‍ത്തന രംഗത്ത് നിലയുറപ്പിച്ചിട്ട് കാര്യമുള്ളൂ എന്ന കാര്യം ഓര്‍ക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ.

അബൂതെഹ്‌സീന്‍

നേർപഥം വരിക 

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

വിവിധ മതങ്ങളില്‍ കഴിഞ്ഞുകൂടുന്നവരാണെങ്കിലും ആത്യന്തികമായി മനുഷ്യരെല്ലാം ദൈവവിശ്വാസികളാണ്. ദൈവവിശ്വാസത്തിന്റെ വ്യാഖ്യാനങ്ങളിലാണ് മതവിശ്വാസികളുടെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. മാനവസമുദായത്തെയും ഇതര ജന്തുജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ ദൈവമെന്ന ധാരണയാണ് പൊതുവില്‍ മതവിശ്വാസികള്‍ക്കുള്ളത്. പ്രവാചകന്മാര്‍ വഴിയും വേദഗ്രന്ഥങ്ങള്‍ വഴിയും മനുഷ്യരുടെ വിശേഷബുദ്ധി വഴിയും മനുഷ്യമസ്തിഷ്‌ക്കങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വിശ്വാസമാണത്. മനുഷ്യരെല്ലാവരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്ന കാഴ്ചപ്പാട് മനുഷ്യര്‍ക്കിടയില്‍ അവര്‍ ഏകോദര സഹോദരങ്ങളാണെന്ന ബോധ്യം വളര്‍ത്തുന്നു. അത്തരമൊരു ബോധ്യം ജാതീയതയെ തകര്‍ക്കുന്നു. പണക്കാരനും പണിക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. വര്‍ണത്തിന്റെയും കുലത്തിന്റെയും പേരിലുള്ള ആഭിജാത്യങ്ങളെ നിര്‍വീര്യമാക്കുന്നു. സ്രഷ്ടാവിനെ വണങ്ങി, പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും അവങ്കലേക്ക് കൈകളുയര്‍ത്തി സമസൃഷ്ടികളെ സ്‌നേഹിച്ച് കഴിയുമ്പോള്‍ മനുഷ്യരില്‍ ഏകമാനവതയും പരസ്പര ബഹുമാനവും വളരുന്നു. വര്‍ഗീയവാദം അവരില്‍ നിന്ന് പാടേ ഇല്ലാതാകുന്നു.

 

മനുഷ്യര്‍ ഏകസമുദായം

 

ക്വുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം, ഏകസമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍. എന്നാല്‍ മനുഷ്യര്‍ കക്ഷികളായി പിരിഞ്ഞുകൊണ്ട് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതുകൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു” (23:52,53).

 

മാനവസമുദായം ഏകസമുദായമാണെന്നാണ് ക്വുര്‍ആനിന്റെ കാഴ്ചപ്പാട്. സ്രഷ്ടാവിനെ സൂക്ഷിച്ചും ആരാധിച്ചും ജീവിക്കുന്നതിന് പകരം പരസ്പരം കക്ഷികളും മതങ്ങളുമായി പിരിയുകയാണ് മനുഷ്യര്‍ ചെയ്തിട്ടുള്ളത്. ക്വുര്‍ആന്‍ പഠിപ്പിക്കുന്ന, ദൈവാര്‍പ്പണം എന്ന് അര്‍ഥംവരുന്ന ‘ഇസ്‌ലാം’ എന്നതിന്റെ വിശാലാര്‍ഥം സ്രഷ്ടാവിനെ അറിഞ്ഞ്, അവനെ മാത്രം ആരാധിച്ച്, അവന്റെ നിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നതാണ്. എല്ലാവര്‍ക്കും സമാധാനവും ശാന്തിയും നേര്‍ന്ന്, എല്ലാവര്‍ക്കും സേവനം ചെയ്ത് നന്മകളെ ധാരാളം ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് അതിന്റെ അന്തിമഫലം. എന്നാല്‍ ഇസ്‌ലാം എന്ന സുന്ദരമായ ആശയത്തെ വെറുപ്പും അസഹിഷ്ണുതയും വളര്‍ത്തിക്കൊണ്ടുള്ള കക്ഷിത്വം നിറഞ്ഞ ഒരു ‘പാര്‍ട്ടി’ എന്ന നിലക്ക് അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ചിലര്‍ കാണുന്നു. അങ്ങനെ അവരുടെ വീക്ഷണത്തിലുള്ള ‘ഇസ്‌ലാമിനെ’ സംരക്ഷിക്കാന്‍ അവര്‍ ഇസ്‌ലാം അനുവദിക്കാത്ത പകയും വിദ്വേഷവും ശത്രുതയും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

 

ശത്രുതകള്‍ അവസാനിപ്പിക്കുക

 

വാക്കുകള്‍കൊണ്ടും നോക്കുകള്‍കൊണ്ടും ഒരാളെപ്പോലും നോവിക്കരുതെന്നാണ് ദൈവവിശ്വാസത്തിന്റെ യഥാര്‍ഥ സന്ദേശം. ഒരാളും മറ്റൊരാളുടെ ശത്രുവല്ല. മനുഷ്യന് ഒരു ശത്രുവുണ്ടെങ്കില്‍ അത് മനുഷ്യരെ ദുര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന പിശാചുക്കള്‍ മാത്രമാണ്. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍, അത് മതത്തിന്റെയോ ദേശത്തിന്റെയോ കുടുംബത്തിന്റെയോ മറ്റേതെങ്കിലും കാരണങ്ങളുടെയോ പേരില്‍ ആയിരുന്നാലും മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്ന അഭിപ്രായാന്തരങ്ങള്‍ ആത്യന്തിക ശത്രുതയല്ല. കാലാകാലങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവണമെന്നും അതുവഴി മനുഷ്യര്‍ക്കിടയില്‍ ശത്രുതയുണ്ടാവണമെന്നും ഒരു യഥാര്‍ഥ ദൈവവിശ്വാസി ആഗ്രഹിക്കാന്‍ പാടില്ല. എവിടെയെങ്കിലും ശത്രുതയുടെ കനല്‍ ഉണ്ടെങ്കില്‍ അതിനെ ഊതിക്കത്തിക്കുവാനല്ല, ഊതിക്കെടുത്തുവാനാണ് മനസ്സില്‍ യഥാര്‍ഥ ദൈവവിശ്വാസം സൂക്ഷിച്ചുവെച്ചിട്ടുള്ള ഒരാള്‍ ചെയ്യേണ്ടത്.

 

ക്വുര്‍ആന്‍ പറയുന്നു: ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത്‌കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു” (41:34).

 

എന്നാല്‍ ഈ ഗുണം കേവലം ഒരാള്‍ വിശ്വാസിയാണെന്ന് പറയുന്നതുകൊണ്ടോ ഇസ്‌ലാമിക കുടുംബങ്ങളില്‍ ജനിച്ചതുകൊണ്ടോ ലഭ്യമാവില്ല. തുടര്‍ന്നുള്ള വചനത്തില്‍ നാം കാണുന്നത് ഇങ്ങനെയാണ്: ”ക്ഷമ കൈക്കൊണ്ടവര്‍ക്കും വമ്പിച്ച ഭാഗ്യമുള്ളവനുമല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.”ക്ഷമയും ആത്മസംയമനവും യഥാര്‍ഥ ദൈവവിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായിത്തീരുന്ന ഗുണങ്ങളാണ്. അതിനു വിപരീതമായി ശത്രുതയും പകയും വിദ്വേഷവും ജനിപ്പിക്കുന്നത് പൈശാചിക ശക്തികളാണ്. അതില്‍നിന്നും എപ്പോഴും സ്വന്തത്തെ സംരക്ഷിച്ചുനിര്‍ത്തുന്നവനാണ് യഥാര്‍ഥ വിശ്വാസി. അതുതന്നെയാണ് തുടര്‍ന്നുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത്: ”പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും” (41:36).

 

ചിന്താസ്വാതന്ത്ര്യം പ്രകൃതിപരം

 

അഭിപ്രായവ്യത്യാസങ്ങളും മതങ്ങളും മനുഷ്യരുടെ സ്വാഭാവിക പ്രകൃതിയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മനുഷ്യരുടെ ചിന്തകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് എന്നതുകൊണ്ടുതന്നെ അവയില്‍ ശരിതെറ്റുകള്‍ ഉണ്ടാകാവുന്നതാണ്. എല്ലാ മനുഷ്യരും ഒരുപോലെ ചിന്തിക്കുന്ന വിധത്തിലല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ പറയുന്നു: ”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കുന്നതാണ്. നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്” (11:118).  

 

മറ്റുള്ളവരുടെ ആരാധ്യരെ ശകാരിക്കരുത്

 

ഭിന്നതയുടെ പേരില്‍ പരസ്പരം ശത്രുത സൃഷ്ടിക്കുന്ന പ്രവണത ഒരു യഥാര്‍ഥ വിശ്വാസിയുടേതല്ല. തന്റെ മതം സ്വീകരിക്കാത്തവരെയോ അവരുടെ ആരാധ്യന്മാരെയോ ഒരിക്കലും ആക്ഷേപിച്ചു സംസാരിക്കാന്‍ പാടില്ല എന്നത് ദൈവിക നിയമമാണ്. ക്വുര്‍ആന്‍ പറയുന്നു: ”അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്” (6:108). ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം’ (109:6) എന്ന് പ്രഖ്യാപിക്കാനാണ് മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴും മറ്റുള്ളവരെ ആക്ഷേപിക്കുന്നതിലാണ് പലര്‍ക്കും താല്‍പര്യമുള്ളത്. ആക്ഷേപിച്ചും പരിഹസിച്ചും തെറ്റിദ്ധരിപ്പിച്ചും തര്‍ക്കിച്ച് ജയിക്കുക എന്നത് ചില മതപ്രബോധനങ്ങളുടെ അവിഭാജ്യ ചേരുവയായി മാറിയിരിക്കുന്നു. സ്വന്തം ആദര്‍ശത്തിന്റെ മഹിമ ഒരാള്‍ക്ക് ബോധ്യമാണെങ്കില്‍ മറ്റുള്ളവരെ കുറിച്ച് അയാള്‍ക്ക് ആക്ഷേപിക്കേണ്ടിവരില്ല. ക്വുര്‍ആന്‍ മതപ്രബോധനത്തിന്റെ മൂന്നു രീതികളെക്കുറിച്ച് പറയുന്നുണ്ട്. വൈജ്ഞാനിക സംവേദനം,  സദുപദേശങ്ങള്‍, സംവാദം എന്നിവയാണത്.

 

സംവാദങ്ങള്‍ സംഘര്‍ഷങ്ങളാകരുത്

 

ആദ്യത്തെ രണ്ടിനങ്ങളെക്കാള്‍ പല പ്രബോധകര്‍ക്കും അനുവാചകര്‍ക്കും താല്‍പര്യം മൂന്നാമത്തെ ഇനമാണ്. കാരണം അത് സംഘര്‍ഷാത്മകമാണ്. അതില്‍നിന്നും തിരിച്ചും മറിച്ചും വരുന്ന പ്രയോഗങ്ങളും ആക്ഷേപങ്ങളും ഇകഴ്ത്തലും ഒരു ‘സംഘര്‍ഷ സിനിമ’ കാണുന്ന പ്രതീതി ജനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സംവാദങ്ങള്‍ വീണ്ടും വീണ്ടും കാണുവാനും കേള്‍ക്കുവാനും ആളുകള്‍ ഇഷ്ടപ്പെടുന്നു.

 

സംവാദങ്ങള്‍ വര്‍ഗീയതയ്ക്ക് വളമാകരുത്

 

എന്നാല്‍ ക്വുര്‍ആന്‍ സംവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമാണ് സംവാദത്തെ ക്വുര്‍ആന്‍ അനുവദിക്കുന്നത്. തികച്ചും വൈജ്ഞാനികമായ അന്വേഷണത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സംവാദങ്ങളെയാണ് ക്വുര്‍ആന്‍ അംഗീകരിച്ചിട്ടുള്ളത്. ‘വ ജാദില്‍ഹും ബില്ലതീ ഹിയ അഹ്‌സന്‍’ അഥവാ ‘ഏറ്റവും നല്ലരൂപത്തില്‍ മാത്രം സംവാദത്തില്‍ ഏര്‍പ്പെടുക’ എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. അതുകൊണ്ടാണ് ‘വേദക്കാരായ ക്രിസ്ത്യാനികളോടും യഹൂദരോടും ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്’ (29:46) എന്ന് കല്‍പിച്ചത്. അതുകൊണ്ടാണ് പ്രവാചകനുമായി തര്‍ക്കത്തിന് മുതിര്‍ന്ന വേദക്കാരോട് ക്വുര്‍ആന്‍ ഇങ്ങനെ ചോദിച്ചത്: ”…നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന് തര്‍ക്കിക്കുന്നു?…” (3:66). അനാവശ്യമായ തര്‍ക്കമല്ല വൈജ്ഞാനികമായ സംവാദം. വൈജ്ഞാനികമായ സംവാദത്തിന്റെ ലക്ഷ്യം പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി പറയുക എന്നതാണ്. തോല്‍പിക്കുകയോ ഉത്തരം മുട്ടിക്കുകയോ അല്ല. അറിയുകയും അറിയിക്കുകയും ചെയ്യുക എന്നതാണ്. സംവാദങ്ങള്‍ അവയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നും തെറ്റിയാല്‍ പിന്നീട് സംഭവിക്കുന്നത് വാദിച്ചു ജയിക്കുവാനുള്ള ത്വരയാണ്. അത് കള്ളം പറയാനും മറുകക്ഷിയെ ഇകഴ്ത്താനും പ്രേരിപ്പിക്കും. വര്‍ഗീയമായ ചിന്തകള്‍ അത് വളര്‍ത്തിയെടുക്കും. സ്വന്തം കക്ഷിയെ അനീതിയിലും അക്രമത്തിലും സഹായിക്കാന്‍ അത് കാരണമാകും. ഇത്തരം വര്‍ഗീയതയെ ഏറ്റവും വലിയ രീതിയില്‍ പ്രവാചകന്‍ ﷺ താക്കീത് ചെയ്തിട്ടുണ്ട്. അത് യഥാര്‍ഥ ദൈവവിശ്വാസത്തെ പ്രതിനിധീകരിക്കുന്നില്ല.

 

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

 

മനുഷ്യര്‍ ഏതൊക്കെ തരത്തിലുള്ളവരായാലും അവര്‍ സ്‌നേഹത്തോടെ കഴിയണം എന്നതാണ് ദൈവികമതത്തിന്റെ അന്തസ്സാരം. പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ മാനസികമായ അകല്‍ച്ച സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എത്ര ഉന്നതര്‍ നടത്തിയാലും അവര്‍ യഥാര്‍ഥ ദൈവവിശ്വാസികളാവില്ല. കാരണം അവര്‍ക്ക് ദൈവത്തെ ഭയമില്ല എന്നതുതന്നെ. ദൈവഭയമുള്ളവര്‍ കുഴപ്പങ്ങള്‍ക്കും തെറ്റിദ്ധരിപ്പിക്കലുകള്‍ക്കും കൂട്ടുനില്‍ക്കില്ല. ദൈവവിശ്വാസം ഒരു അലങ്കാരമല്ല. മറിച്ച് അതൊരു സംസ്‌കാരമാണ്. ‘ഒരാള്‍ മറ്റൊരാളെ വെറുക്കരുത്, ഒരാള്‍ മറ്റൊരാള്‍ക്ക് മേല്‍ അസൂയ പുലര്‍ത്തരുത്, ഒരാള്‍ മറ്റൊരാളെ പരിത്യജിക്കരുത്’ തുടങ്ങിയ ദൈവിക ബോധനങ്ങളെ ഉള്‍ക്കൊണ്ടവനായിരിക്കും യഥാര്‍ഥ വിശ്വാസി. സ്വകാര്യപ്രബോധനത്തിലായിരുന്നാലും പരസ്യ പരിപാടികളിലായിരുന്നാലും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും സംശയങ്ങളും സൃഷ്ടിക്കുന്ന സംസാരങ്ങള്‍ ഏതു ഉന്നത പണ്ഡിതന്‍ നടത്തിയാലും അയാളില്‍ ‘ജാഹിലിയ്യത്ത്’ മാത്രമാണുള്ളതെന്നും യഥാര്‍ഥ ദൈവവിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ അയാള്‍ക്ക് സാധിച്ചില്ലെന്നുമാണ് മനസ്സിലാക്കേണ്ടത്. ഏതു മതത്തില്‍ പെട്ടവരായിരുന്നാലും അത്തരത്തിലുള്ളവരെ പൊതുസമൂഹം തള്ളിക്കളയുകയാണ് വേണ്ടത്.

സുഫ്‌യാന്‍ അബ്ദുസ്സലാം

 

നേർപഥം വരിക 

ആരാണ് മുസ്‌ലിം?

ആരാണ് മുസ്‌ലിം?

കുറ്റകൃത്യങ്ങളിലുള്ള  മുസ്‌ലിംനാമധാരികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി മുസ്‌ലിം സമുദായത്തെ മൊത്തമായും ഇസ്‌ലാമിനെ പ്രത്യേകമായും അപകീര്‍ത്തിപ്പെടുത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ചില സ്ഥാപിത താല്‍പര്യക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റേതൊരു മതത്തില്‍പെട്ട വ്യക്തികള്‍ ചെയ്യുന്ന തെറ്റുകളെയും ആ മതത്തിന്റെയോ സമുദായത്തിന്റെയോ മേല്‍ ചാര്‍ത്തപ്പെടാറില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഇസ്‌ലാം എന്തെന്നറിയാത്തവര്‍ അബദ്ധധാരണയില്‍ അകപ്പെടാന്‍ ഇത് കാരണമാകുന്നുവെന്നതില്‍ സംശയമില്ല.

സ്രഷ്ടാവിനുള്ള സമ്പൂര്‍ണ സമര്‍പണമാണ് ഇസ്‌ലാം. ജീവിത പരിശുദ്ധി അതിന്റെ എല്ലാ അര്‍ഥത്തിലും വിശ്വാസി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവും അവന്റെ തിരുദൂതനും കാണിച്ചുതന്ന പാതയില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്. വിശ്വാസകാര്യങ്ങളും കര്‍മപരമായ കാര്യങ്ങളും വിധിവിലക്കുകളും പെരുമാറ്റ-സംസാര മര്യാദകളുമെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ മനുഷ്യന്‍ പാലിക്കേണ്ടതായി ഇസ്‌ലാം അനുശാസിക്കുന്ന ഓരോ കാര്യവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഗുണകരം മാത്രമാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബ(സ്വ) പറഞ്ഞു: ”നിങ്ങള്‍ അന്യോനം അസൂയ കാണിക്കരുത്. വ്യാപാരത്തില്‍ പരസ്പരം വില കൂട്ടിപ്പറയരുത്. പരസ്പരം പകവെക്കരുത്. അന്യോന്യം അവഗണിക്കരുത്. മറ്റുള്ളവര്‍ കച്ചവടം നടത്തിയതിനുമേല്‍ കച്ചവടം നടത്തരുത്. നിങ്ങള്‍ അല്ലാഹുവിന്റെ അടിമകള്‍ പരസ്പരം സഹോദരന്മാരായി വര്‍ത്തിക്കുക…” (മുസ്‌ലിം).

മുകളിലുദ്ധരിച്ച നബിവചനം ശ്രദ്ധിക്കുക. അതില്‍ പറഞ്ഞ ഒന്നിനോടും ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല. ആ കാര്യങ്ങള്‍ അനുസരിക്കുന്നവരാണ് മുസ്‌ലിം സമൂഹമെങ്കില്‍ അത് ഒരു മാതൃകാസമൂഹമായിരിക്കുെമന്നതില്‍ സംശയമില്ല. ഇസ്‌ലാം സുഭദ്രമായ ഒരു സാമൂഹിക ജീവിതത്തിന് ആവ്യമായ മുഴുവന്‍ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണുവാന്‍ സാധിക്കും.

ഒരു യഥാര്‍ഥ മുസ്‌ലിം അസൂയയില്‍നിന്നും മുക്തി നേടിയവനായിരിക്കും. ‘നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകുതിന്നുന്നതു പോലെയോ പുല്ല് കരിച്ചുകളയുന്നതുപോലെയോ അസൂയ സല്‍കര്‍മങ്ങളെ നശിപ്പിച്ചുകളയും” എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

കച്ചവടത്തില്‍ എന്തുമാകാം എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരുണ്ട്. കൃത്യമായി സമസ്‌കരിക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍. പക്ഷേ, കച്ചവടത്തില്‍ മാന്യത പുലര്‍ത്താറില്ല. കച്ചവടത്തില്‍ തനിക്ക് ഉന്നതിയിലെത്തണം എന്ന ചിന്തയില്‍ മറ്റുള്ളവരുടെ പരാജയത്തിനായി ഏതറ്റംവരെ പോകാനും തയ്യാറാകുന്നവര്‍ ഏറെയുണ്ട്. ‘അല്ലാഹു പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനുവദിക്കുകയും ചെയ്തിരിക്കുന്നു’ എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട്. പലിശ ചൂഷണമാണ്. ദ്രോഹമാണ്. അതുകൊണ്ടുതന്നെ അത് നിഷിദ്ധമാക്കപ്പെട്ടു. എന്നാല്‍ അനുവദിക്കപ്പെട്ട കച്ചവടത്തെയും ചൂഷണവും ദ്രോഹവുമാക്കി മാറ്റുന്നത് ന്യായീകരണമര്‍ഹിക്കുന്നില്ല.

ഇതരരുടെ അഭിമാനത്തിന് ക്ഷതം വരുത്തുവാനും ധനം അപഹരിക്കുവാനും അന്യായമായി രക്തം ചിന്തുവാനും ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. സൂക്ഷ്മതയോടുകൂടി ജീവിക്കുന്ന ഒരു സത്യവിശ്വാസിയില്‍നിന്നും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ ഉണ്ടാവുകയില്ല. അല്‍പവിശ്വാസിയില്‍നിന്നുണ്ടാകുന്ന അബദ്ധങ്ങളെ ജിഹാദുമായി ബന്ധിപ്പിച്ചു പറയുന്ന അല്‍പന്മാര്‍ക്ക് വിശുദ്ധജീവിതത്തിലൂടെയാണ് വിശ്വാസികള്‍ മറുപടി നല്‍കേണ്ടത്.

പത്രാധിപർ

നേർപഥം വരിക 

ആവിഷ്‌കാരത്തിലെ മഞ്ഞക്കണ്ണടകള്‍

ആവിഷ്‌കാരത്തിലെ മഞ്ഞക്കണ്ണടകള്‍

1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുന്‍ അഫ്ഗാന്‍ പോരാളികള്‍ 1994ല്‍ രൂപീകരിച്ച താലിബാന്‍ അഫ്ഗാനിസ്ഥാനിന്റ ഭരണം പിടിച്ചടക്കിയതോടെ കേരള സാംസ്‌കാരിക മണ്ഡലത്തിലെ നവോന്‍മേഷവും ഉണര്‍വും പ്രത്യേകിച്ച് മാധ്യമങ്ങളിലൂടെ പ്രകടമാവുകയാണ്. താലിബാന്‍ ഭരണകൂടത്തിന്റ കരാളഹസ്തങ്ങളില്‍ പിടയുന്ന അവിടത്തെ ജനതയുടെ വേദനകള്‍ തൊട്ടറിഞ്ഞ് അതില്‍നിന്നുള്ള മോചനത്തിനായുള്ള ശ്രമത്തിനായി ലോകരെ പ്രേരിപ്പിക്കും വിധമുള്ള അവതരണങ്ങളാല്‍ ധന്യമായ മാധ്യമധര്‍മം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയുള്ള അന്തിച്ചര്‍ച്ചകള്‍ ഇപ്പോഴും പൊടിപൊടിക്കുകയാണ്. ഇസ്‌ലാം എന്ന സമാധാന ദര്‍ശനത്തെ കശാപ്പ് ചെയ്യാനുള്ള അവസരം ഒത്തുകിട്ടിയതിന്റെ ആരവങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ വര്‍ണപ്പൊലിമയാല്‍ പെയ്തിറങ്ങുകയാണ്. ഇസ്‌ലാം വെറുപ്പ് മനസ്സുകളെ അന്ധകാരങ്ങളില്‍ തളച്ചിടുന്നതിന്റെ ഉദാഹരണങ്ങളാണിത്.

സ്വൂഫിസം ദര്‍ശനമായി സ്വീകരിച്ചും സലഫികളോട് ശത്രുത വെച്ചുപുലര്‍ത്തിയുമുള്ള ആശയ പ്രചാരണം താലിബാനികളുടെ നയനിലപാടുകളായിരുന്നിട്ട്‌പോലും അവരെ ന്യായികരിക്കുന്ന പ്രസ്താവനകളിറക്കിയോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചോ കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും ഇതേവരെ മുന്നോട്ട് വന്നിട്ടില്ല. ത്വാലിബാന്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിന്റെ പിന്തുണയില്ലാത്ത അക്രമ രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പാണതിന് കാരണം. എന്നിട്ടും അന്തിച്ചര്‍ച്ചകളില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സാംസ്‌കാരിക ഭൂമികയിലെന്നും ഭാരമായ പുഴുക്കുത്തുകളുടെ നിയന്ത്രണങ്ങളില്ലാത്ത, സഭ്യമല്ലാത്ത വാചകക്കസര്‍ത്തുകള്‍ക്കവസരം നല്‍കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ പോലും താലിബാനുമായി ചേര്‍ത്ത് പറയാനുള്ള മാധ്യമങ്ങളുടെ ആവേശം എന്തായാലും മുസ്‌ലിം സമുദായത്തിന്റെ നന്മക്ക് വേണ്ടിയല്ലെന്നുറപ്പാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലുപകാരപ്പെടാത്ത, ധാര്‍മിക, സദാചാരമൂല്യങ്ങളെ കശാപ്പുചെയ്യാന്‍ കരുക്കള്‍ നീക്കുന്ന, സ്ത്രീത്വത്തിന്റയും കുടുംബ മാഹാത്മ്യത്തിന്റെയും അടിവേര് പിഴുതെറിയാന്‍ അണിയറയില്‍ വിയര്‍പ്പൊഴുക്കുന്ന കേവല സാമൂഹിക മാലിന്യങ്ങള്‍ക്ക് അവസരം കൊടുത്തുകൊണ്ടുള്ള പ്രമുഖ മലയാള ചാനല്‍ അവതാരകന്‍മാര്‍ ലക്ഷ്യമാക്കുന്നത് സമുദായത്തെ ഒറ്റപ്പെടുത്തുകതന്നെയാണന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല.

മാനവികതക്കെതിരായ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഒരേരീതിയും ഭാവവുമാണുണ്ടാവാറുള്ളത്. കേരളത്തിലെ മാധ്യമങ്ങളുടെ ശൈലിയിലും അത് വ്യക്തമാണ്. നിഷ്‌കളങ്കമായ സ്‌നേഹവും സാഹോദര്യവും സദാസമയങ്ങളിലും കാത്തുസൂക്ഷിക്കുന്ന ഒരു സമുദായത്തെ ക്രൂരമായ ആരോപണങ്ങളില്‍ തളച്ചിട്ട് അരക്ഷിതാവസ്ഥയില്‍ മഥിക്കുന്ന മനസ്സുകളാക്കി മരവിപ്പിക്കാന്‍ പെരുംനുണകള്‍ പടച്ചുവിടുന്നതും അതേറ്റെടുത്തിരുന്ന മാധ്യമങ്ങള്‍ സ്വീകരിച്ച രീതിയും നാസികളുടെയും ഫാസിസ്റ്റുകളുടെയും കുതന്ത്രങ്ങളുടെതാണ്. നാസിസവും ഫാസിസവുമാകട്ടെ മനുഷ്യത്വത്തിന്റ ശവപ്പറമ്പുമാണ്. അവര്‍ക്കുള്ള മാതൃകാപുരുഷന്‍മാരാകട്ടെ അഡോള്‍ഫ് ഹിറ്റ്‌ലറും അയാളുടെ പ്രചാരണ ചുമതലയുള്ള ജോസഫ് ഗീബല്‍സും മുസോളനിയുമെല്ലാമാണ്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അതു സത്യമായി എടുത്തുകൊള്ളും എന്ന അപകടകരമായ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്നു ഗീബല്‍സ്. അങ്ങനെയാണ് അയാള്‍ ഹിറ്റ്‌ലറുടെ മറ്റു പല കൂട്ടാളികളേക്കാളുമേറെ ലോകത്തു കുപ്രസിദ്ധി നേടിയതും. ഗീബല്‍സിയന്‍ നുണകള്‍ എന്ന വാക്കും ഇന്ന് പ്രസിദ്ധമാണ്.

1933 ഫെബ്രുവരി 27ന് ജര്‍മന്‍ പാര്‍ലമെന്റായ ‘റീഷ്താഗ്’ മന്ദിരം തീയിട്ട് നശിപ്പിച്ചപ്പോള്‍ ആ കുറ്റം കമ്യൂണിസ്റ്റുകാരില്‍ ആരോപിച്ച് അവരെ കൊടും കുറ്റവാളിയാക്കി അവര്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ച്‌വിട്ടുകൊണ്ടിരുന്നു. അവരോട് ചെയ്ത ക്രൂരതകള്‍ക്ക് മിതഭാഷ്യം നല്‍കാന്‍ ഗീബല്‍സിയന്‍ നുണകള്‍ക്ക് സാധിച്ചു. ഫാര്‍ ഡെയര്‍ ലുബ്ബെ എന്ന പോളണ്ടുകാരനെ കരുവാക്കി കമ്യൂണിസ്റ്റുകള്‍ ചെയ്തതാണെന്ന് വരുത്താന്‍ ഗീബല്‍സ് ആയിരക്കണക്കിന് നുണകള്‍ ആവിഷ്‌കരിച്ചു പ്രചാരണം നല്‍കി. ന്യൂറംബര്‍ഗ് വിചാരണയില്‍ നാസീ കൊടും കുറ്റവാളികള്‍ സത്യം വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് യാഥാര്‍ഥ്യം ലോകം മനസ്സിലാക്കിയത്. സമകാലിക മലയാളമാധ്യമങ്ങളിലെ നിറംപിടിപ്പിച്ച കഥകളില്‍ മുസ്‌ലിംകള്‍ക്ക് അപരിഷ്‌കൃത വേഷം കല്‍പിച്ചുനല്‍കി ഫാഷിസ്റ്റ് ചിന്തകള്‍ക്ക് വേഗം കൂട്ടിക്കൊണ്ടിരിക്കുന്നതിന് പിന്നിലുള്ള വികാരവും ഗീബല്‍സിയന്‍ തന്ത്രങ്ങളോടുള്ള അനുരാഗാത്മക ഭ്രമം തന്നെയാണ്. അതെ, കേരളത്തിലെ മുസ്‌ലിം സമുദായത്തിന് അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികളുടെ പരിവേഷം നല്‍കുന്നതിന് മലയാളമാധ്യമങ്ങള്‍ പോലും മത്സരിക്കുന്നത് കാണുമ്പോള്‍ നാസീ മസ്തിഷ്‌കം കടമെടുത്തത് പോലെ തോന്നും.

ഇസ്‌ലാമിനോടുള്ള അടങ്ങാത്ത കലിപ്പുമായി ഊര് തെണ്ടുന്ന പെണ്‍കൊടിമാരുടെ നാവുകള്‍കൊണ്ട് ദൃശ്യമാധ്യമങ്ങളിലൂടെ മാരകപ്രഹരമേല്‍പിക്കാനുള്ള തിടുക്കം ഭൂലോകവലയില്‍ കാണാമറയത്തായിപ്പോയ ചില അവതാരകര്‍ക്കും പത്രമുത്തശ്ശിമാരുടെ പേരക്കിടാങ്ങള്‍ക്കുമുണ്ട്. മുഖപുസ്തകത്തിലൂടെ ബൗദ്ധിക മേല്‍ക്കോയ്മ അവകാശപ്പെടാന്‍ വാക്കുകള്‍ക്ക് ചമയങ്ങള്‍ തീര്‍ക്കുന്ന ചില ഇടത് സൈദ്ധാന്തികരും കേരള മുസ്‌ലിംകളില്‍ താലിബാനെ കണ്ടെത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ നാസികളുടെ ശിഷ്യന്‍മാരായ സംഘപരിവാരങ്ങള്‍ പോലും ലജ്ജിച്ച് തലതാഴ്ത്തിയേക്കാം.

മാധ്യമങ്ങളുടെ തിരിനോട്ടം

താലിബാന്‍ സേന അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ സാംസ്‌കാരിക ഭൂമികയിലെ മാധ്യമങ്ങളുടെ ഉള്‍ക്കാഴ്ചകളില്‍ തെളിഞ്ഞ ഭീകരമാനങ്ങളാണ് നാം കേട്ടറിഞ്ഞത്. 2001 സെപ്തംബര്‍ 11ന് ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ സൗധങ്ങള്‍ സാമ്രാജ്യത്വത്തിനും പറിഞ്ഞാറന്‍ സംസ്‌കാരത്തിനും എന്നും എതിര്‍പക്ഷത്താണ് ഇസ്‌ലാമെന്ന ഖ്യാതിക്ക് അടിവരയിടാന്‍ കാരണമാക്കി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. പ്രതികാരമായി അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശത്തിലൂടെ ഐക്യസേന നിറഞ്ഞാടിയിപ്പോള്‍ ഒഴുകിയ രക്തത്തുള്ളികളില്‍ ക്രൂരതകളെ ദര്‍ശിക്കാന്‍ മാധ്യങ്ങള്‍ക്കായില്ല. അനാഥരായ പിഞ്ചോമനകളുടെ വിലാപങ്ങളില്‍ അതിന് കാരണക്കാരായ പാശ്ചാത്യ ദാര്‍ശനിക പ്രയോക്താക്കളുടെ ഭീകരതയും കണ്ടില്ല.

അരക്ഷിതരായ സ്ത്രീകളുടെ വേദനകളിലെ ഉണങ്ങാത്ത ചുടുകണ്ണീരില്‍ നിരാലംബതയുടെ സ്ത്രീത്വത്തെ കാണാനും മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ക്വാണ്ഡനാമോ ജയിലുകളില്‍ പച്ചമാംസം ജീവനുള്ള ശരീരങ്ങളില്‍നിന്ന് അരിഞ്ഞെടുത്തും വേട്ടനായകളുടെ പല്ലിന്റെ ശൗര്യം മാംസളഭാഗങ്ങളില്‍ പരിശോധിച്ചും അമേരിക്കന്‍ പട്ടാളം ചെയ്ത ക്രൂരതയില്‍ വേദനകൊണ്ട് പുളഞ്ഞ അഫ്ഗാന്‍ യുവാക്കളുടെ ദീനരോദനങ്ങള്‍ക്കും ഇവര്‍ ചെവികൊടുത്തില്ല. മനുഷ്യാവകാശത്തിനായുള്ള ശബ്ദം ലോകത്തെവിടെയും മുഴങ്ങിയില്ല. യുദ്ധക്കെടുതിയില്‍ നിത്യരോഗികളായിപ്പോയവരും അംഗവൈകല്യം സംഭവിച്ചവരും വിധവകളും ഭവനരഹിതരുമെല്ലാം അനുഭവിക്കുന്ന വേദനകള്‍ക്കറുതിവരുത്താനും പുനരധിവാസത്തിനായി ലോകരെ പ്രേരിപ്പിക്കുവാനും സത്യസന്ധമായ പത്രപ്രവര്‍ത്തനം പ്രതീക്ഷിച്ച വരെ നിരാശരാക്കി ചിന്തകള്‍ക്ക് വര്‍ഗീയനിറം നല്‍കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കുറ്റപത്രം തയ്യാറാക്കാന്‍ പഴുതുകള്‍ തേടിയാണ് മാധ്യമ ദൂരദര്‍ശനികള്‍ സഞ്ചരിച്ചത്. മുസ്‌ലിം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ അരക്ഷിതരാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരങ്ങള്‍ തേടിയാണ് അവരുടെ നയനങ്ങള്‍ വിഹരിച്ചത്. മതനിയമങ്ങളുടെ അപ്രായോഗികതയും നിരര്‍ഥകതയും വിളിച്ച് പറയാനുള്ള കഥകളെയാണ് അവര്‍ തേടിയിറങ്ങിയത്. വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചിരുന്ന, താലിബാന്‍ ഭീകരതയുടെ ആക്രമണങ്ങള്‍ക്ക് വിധേയയായ മലാല യൂസുഫ് സായിയുടെ നൊമ്പരങ്ങളെ അതിനായി അവര്‍ ദുരുപയോഗം ചെയ്തു.

I am Malala: The Girl who Stood Up for Education and was Shot by the Taliban ‘വിദ്യാഭ്യാസത്തിനു വേണ്ടി നിലകൊണ്ടതിനാല്‍ ത്വാലിബാന്റെ വെടിയേറ്റ പെണ്‍കുട്ടി’ എന്ന ആത്മകഥയിലൂടെ താനനുഭവിച്ച വേദനകള്‍ വിശദീകരിക്കുമ്പോള്‍തന്നെ പാശ്ചാത്യസംസ്‌കാരത്തെ പ്രകീര്‍ത്തിച്ചും ഇസ്‌ലാമിക വസ്ത്രധാരണരീതിയെ വിമര്‍ശിച്ചുമുള്ള വരികള്‍ ഇസ്‌ലാം വെറുപ്പിനായി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റ കുതന്ത്രങ്ങളെ തിരിച്ചറിയാനാകും. ക്രിസ്റ്റിനാ ലാംപിന്റെ സഹായത്തോടെയാണിത് എഴുതിയതെന്ന് പറയുമ്പോള്‍ ചിത്രം വളരെ വ്യക്തവുമാണ്. മനഃസാക്ഷിയുള്ളവരെയെല്ലാം ഏറെ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ തന്നെയാണ് മലാല യൂസുഫ് സായി കടന്നുപോയിട്ടുള്ളതെന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യവുമാണ്.

2008ല്‍ ‘ഗ്ലാമര്‍ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ട യമനില്‍നിന്നുള്ള നുജൂദ് അലിയുടെ I am Nujood, Age 10 and Divorced ‘ഞാന്‍ നൂജൂദ്, വയസ്സ് പത്ത്, വിവാഹമോചിത’ എന്ന ആത്മകഥയിലെ ചില വരികള്‍ക്കും നല്‍കിയ പ്രചാരണങ്ങളുടെ ലക്ഷ്യവും ഇസ്‌ലാംവെറുപ്പ് തന്നെ. ഡെല്‍ഫിന്‍ മിനോയിയാണ് ഇത് തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് പറയുമ്പോഴും കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ട്. പിതാവ് അടിച്ചേല്‍പിച്ച പീഡനങ്ങളുടെ വൈവാഹിക ജീവിതത്തില്‍നിന്ന് വിവാഹമോചനത്തിലേക്ക് നടന്നുകയറിയ ഈ പത്തുവയസ്സുകാരിയെ പാശ്ചാത്യന്‍ ആശയങ്ങളുടെ പിന്‍ബലത്തില്‍ രക്ഷപ്പെട്ടവളായാണ് ഡെല്‍ഫിന്‍ മിനോയ് അവള്‍ക്കുവേണ്ടി തയ്യാറാക്കിയ പുസ്തകം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നുജൂദിന്റെ ന്യായമായ വിവാഹമോചന ആവശ്യത്തെ അംഗീകരിക്കുകയും കാലതാമസങ്ങളില്‍ തട്ടിത്തടയാന്‍ അനുവദിക്കാതെ വെറും നാലുദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ആവശ്യപ്പെട്ട നീതി അവളുടെ കയ്യില്‍ വെച്ചുകൊടുക്കുകയും ചെയ്ത യമനിലെ കോടതി വിവാഹത്തിനുമുമ്പ് പെണ്‍കുട്ടിയുടെ സമ്മതം തേടേണ്ടതുണ്ടെന്ന ഇസ്‌ലാമിക നിയമത്തിന്റെ പിന്‍ബലത്തിലാണ് നുജൂദിന് വിവാഹമോചനം അനുവദിച്ചതെന്ന സത്യം എല്ലായിടത്തും തമസ്‌കരിക്കാന്‍ മാധ്യമ ഗൂഢാലോചനകള്‍ക്ക് സാധിച്ചു. നുജൂദിന്റ പിതാവിന്റെ അവിവേകമായ സമീപനങ്ങളെയും പ്രവൃത്തിയെയും ഇസ്‌ലാമിന്റ പേരില്‍ പ്രചരിപ്പിക്കാനാണ് ശ്രമം നടന്നത്.

ഞങ്ങള്‍ക്ക് ഭയമാകുന്നു

താലിബാന്‍ സംഘത്തിന്റെ പരാക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ മൗനമായിരിക്കുന്ന മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഭയമാകുന്നുവെന്ന് പരിതപിച്ച സംഘപുത്രന്റ വിലാപം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട ഒരു മതേതര ബുദ്ധിജീവിയുടെ സമീപനമാണ് ഏറെ അത്ഭുതപ്പെടുത്തിയത്. മുസ്‌ലിം സ്വത്വം ഭയപ്പെടേണ്ട സാമൂഹിക വിപത്താണെന്ന ബോധം പൊതുജനങ്ങളില്‍ രൂപപ്പെടുത്താനുള്ള വിത്ത് പാകുകയാണിവിടെ. സമീപകാല സംഭവവികാസങ്ങളും ആയുധങ്ങളേന്തിയുള്ള പ്രകടമായ വിധ്വംസകരൂപങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭയം വിതക്കാനുള്ള ശ്രമം നടത്തുന്ന കാവിക്കൊടിവാഹകരും നാടിന് ഭീഷണിയല്ലാതിരിക്കുകയും ആയിരക്കണക്കിന് വര്‍ഷങ്ങളായി സാഹോദര്യമനസ്സോടെ സമാധാനപൂര്‍വം ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന് ഭീഷണിയാവുകയും ചെയ്യുന്നത് ആരെയാണ് ആശ്ചര്യപ്പെടുത്താതിരിക്കുക!

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സിവില്‍ ഡിഫന്‍സ് ഉദേ്യാഗസ്ഥയായ റാബിയ സെയ്ഫി പൈശാചികമായി കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നിലുള്ള ശക്തികളുടെ ദര്‍ശനംപേറുന്നവര്‍ കേരളത്തിലുണ്ടെന്ന ചിന്ത ആരെയും ഭയപ്പെടുത്തുന്നില്ല. മാറിടങ്ങള്‍ മുറിച്ചുമാറ്റിയും കഴുത്തറുത്തും ജനനേന്ദ്രിയം കുത്തിക്കീറിയും അതിനിഷ്ഠൂരമായാണ് ആ കൊലപാതകം നടന്നത്. അതിനോട് നിസ്സംഗത പുലര്‍ത്തിയ ഭരണകൂടത്തിന്റയും ഒരു പറ്റം മാധ്യമങ്ങളുടെയും നിലപാടുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അവരുടെ രാഷ്ട്രീയാനുഭാവികളും പ്രവര്‍ത്തകരും കേരളക്കരയിലെ ആയിരക്കണക്കിന് ശാഖകളില്‍ സൈ്വര്യവിഹാരം നടത്തിയിട്ടും അതാരെയും അലോസരപ്പെടുത്തിയില്ല. പുതിയ കഥകള്‍ മെനഞ്ഞെടുത്ത് കേസിന്റ ഗതി മാറ്റാന്‍ ശ്രമിക്കുന്ന പോലീസിന്റ കുറ്റവാസനയും ഭയപ്പെടേണ്ടതാണെന്ന ബോധം ആര്‍ക്കും ഉണ്ടായതായി തോന്നിയില്ല.

ഗുജറാത്തിലെ തെരുവുകളില്‍ ജീവനുള്ള പച്ചമനുഷ്യരെ അഗ്‌നിനാളങ്ങളിലെറിഞ്ഞ നരാധമന്‍മാരുടെ അക്രമസ്വഭാവം സ്വാംശീകരിക്കാന്‍ പരിശീലനം നടത്തുന്ന ത്രിശൂല വാഹകരെക്കുറിച്ച് ആര്‍ക്കും ആശങ്കയില്ല. പശുവിന്റെ പേരില്‍ വയോധികരെയും യുവാക്കളെയും അറുകൊല നടത്തിയവരുടെ, ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്‌റ്റെയിനിനെയും രണ്ട് കുഞ്ഞുങ്ങളെയും കാറിലിട്ട് ചുട്ടുകൊന്നവരുടെ, ഉത്തരേന്ത്യന്‍ തെരുവീഥികളില്‍ ദളിതരെ കൂട്ടക്കശാപ്പുനടത്തിയ മനുഷ്യ പിശാചുക്കളുടെ, മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ആദര്‍ശം സ്വീകരിച്ച് മലയാളക്കരയില്‍ സൈ്വര്യം കെടുത്തുന്നവരെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ നൂറുകണക്കിന് പിഞ്ചോമനകളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കിയും വിദഗ്ധ ചികില്‍സ നല്‍കിയും ആത്മാര്‍ഥ സേവനമനുഷ്ഠിച്ച ഡോ. കഫീല്‍ഖാനെ കല്‍തുറുങ്കിലടച്ച ഭരണകൂടത്തിന് ഓശാന പാടുന്നവരും കേരളത്തിലുണ്ടെന്നിരിക്കെ അവരെക്കുറിച്ചും ലവലേശം പേടി നമ്മെ പിടികൂടിയില്ല.

മതപ്രഭാഷകരുടെ ഭാഷണങ്ങളിലെ അക്ഷരസ്ഖലിതങ്ങള്‍ക്ക് യുഎപിഎ ചാര്‍ത്തി ലോക്കപ്പിലിടാന്‍ ശ്രമിക്കുമ്പോഴും വെട്ടുകളുടെ എണ്ണംകൂട്ടി അറുകൊല നടത്തുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ വിഹരിച്ചപ്പോഴും നമ്മുടെ മനസ്സുകളില്‍ ഭീതിയുടെ നിഴലാട്ടമുണ്ടായില്ല. സമാധാന സന്ദേശ രേഖകള്‍ സൗഹൃദഹസ്തമായി കൈമാറിയത് ‘വഴിമരുന്നായിട്ടും’ വിദ്വേഷ പ്രസംഗങ്ങളും വിഭാഗീയ ശബ്ദങ്ങളും ഭരണകൂടത്തിന് തെല്ലും പ്രയാസപ്പെടുത്തിയില്ല. അപ്പോഴും മനസ്സില്‍ ഉദിക്കുന്ന ചോദ്യം ആര് ആരെയാണ് ഭയപ്പെടേണ്ടത് എന്ന് തന്നെയാണ്.

‘സ്ത്രീ’ അവകാശങ്ങളിലെ മാധ്യമ ജാഗ്രത

സ്ത്രീകളുടെ സംരക്ഷണവും അവകാശങ്ങളും ഏതുകാലത്തും മാധ്യമ ചര്‍ച്ചകളില്‍ ചൂടുള്ള വിഭവങ്ങളാണ്. ഭരണ കേന്ദ്രങ്ങള്‍മുതല്‍ വീടകംവരെ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണിന്ന്. അതിനെതിരെ സാമൂഹിക ബോധവല്‍കരണത്തിനും കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാനും മാധ്യമങ്ങളുടെ ഇടപെടല്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ സമൂഹത്തില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം. സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്‌ലാമിക മതനിയമങ്ങളാണെന്ന് വരുത്താന്‍ ചില മാധ്യമങ്ങളുടെ ശ്രമം ഏറെ ദൗര്‍ഭാഗ്യകരമാണ്. ഇസ്‌ലാമിക വസ്ത്രധാരണയും കുടുംബവ്യവസ്ഥയും പൊതുമേഖലകളിലെ ഇടപെടലുമെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ചിലര്‍ ചര്‍ച്ചകള്‍ക്ക് മാറ്റ് കൂട്ടാറുള്ളത്. സമകാലിക രാഷ്ട്രീയ കേരളത്തില്‍ മുസ്‌ലിം ലീഗിലെ വിദ്യാര്‍ഥി വിഭാഗങ്ങളിലുണ്ടായ തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും ചര്‍ച്ച ചെയ്ത് പിണക്കങ്ങളിലെ ‘സ്ത്രീവിരുദ്ധത’ ഇസ്‌ലാമിന്റ പേരില്‍ ചാര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നാം കാണുന്നത്. അതീവ ഗുരുതരമായ അവകാശധ്വംസനങ്ങളും അക്രമങ്ങളും പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെ നിറഞ്ഞാടിയിട്ടും അതൊന്നും വാര്‍ത്തയും ചര്‍ച്ചയുമാകാതെ മറഞ്ഞുപോകുന്നതിലെ യുക്തി ഇപ്പോഴും ദുരൂഹമാണ്. മുസ്‌ലിം വേഷങ്ങളിലെ തട്ടങ്ങളില്‍ കാണുന്ന ‘അടിമത്തം’ സ്വന്തം ഭാര്യയെ പണസമ്പാദനോപകരണമായി കൂട്ടിക്കൊടുത്ത ചുംബന സമരക്കാരന്റെ കച്ചവട താല്‍പര്യങ്ങളില്‍ മാധ്യമങ്ങള്‍ കണ്ടില്ല.

മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിക്കുന്നത് നാസ്തികരാണെങ്കില്‍ അവരത് കാണുന്നില്ല. പിടിക്കപ്പെടുന്ന കുറ്റവാളികളുടെ ദര്‍ശനവും അവരുടെ അപ്പോസ്തലന്‍മാരുടെ പിന്നാമ്പുറങ്ങളും ചര്‍ച്ചയാക്കുന്നില്ല. മാതാവിനെപോലും ഭോഗിക്കാമെന്ന ഇന്‍സ്റ്റിറ്റ് ലൈംഗികതക്ക് ദാര്‍ശനികമാനം നല്‍കുന്ന മതനിഷേധികളായ നാസ്തികരിലെ സ്ത്രീവിരുദ്ധതയും അന്തിച്ചര്‍ച്ചകളില്‍ വിഷയീഭവിക്കുന്നില്ല. മാതാവാകാനുള്ള സ്വാതന്ത്ര്യംപോലും ഹനിച്ചുകളഞ്ഞ് മഠങ്ങളിലെത്തി വിശുദ്ധ വസ്ത്രമണിഞ്ഞ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അരമനകളില്‍നിന്ന് നുരഞ്ഞ് പൊങ്ങിയിട്ടും അവിടങ്ങളിലെ സ്ത്രീ സുരക്ഷ ചര്‍ച്ചയാവുന്നില്ല. നൂറുകണക്കിന് കന്യാസ്ത്രീകളുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അടക്കിപിടിച്ച സംസാരങ്ങള്‍ വ്യാപകമായിട്ടും അതിലെ മതത്തെക്കുറിച്ചോ ആദര്‍ശത്തെക്കുറിച്ചോ തലനാരിഴകീറിയ ചര്‍ച്ച എവിടെയും കേള്‍ക്കുന്നില്ല. സിസ്റ്റര്‍ ലൂസി കളപ്പുരയടക്കം ധാരാളം പേര്‍ ഇത്തരം പേക്കൂത്തുകളെക്കുറിച്ച് വിളിച്ചുകൂവിയിട്ടും ആര്‍ക്കും കേട്ട ഭാവം പോലുമില്ല.

ഉത്തരേന്ത്യയിലെ അവര്‍ണരായ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളും അവരുടെ രോദനങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞൊഴുകിയിട്ടും അതിന് പിന്നിലുള്ള രാഷ്ട്രീയ, മത, ഫാസിസ്റ്റ് ദാര്‍ശനികത നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നില്ല. അക്രമരാഷ്ട്രീയത്തില്‍ വിധവകളാക്കപ്പെട്ടവര്‍, ജീവിത സായാഹ്നങ്ങളില്‍ കാരുണ്യഹസ്തമാകേണ്ടിയിരുന്ന മക്കള്‍ കൊല്ലപ്പെട്ടവര്‍, ഇങ്ങനെ തോരാത്ത കണ്ണു നീരില്‍ വേദനയുടെ നെരിപ്പോടില്‍ ദിവസങ്ങളെണ്ണി ജീവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ സങ്കടങ്ങള്‍ക്കുനേരെ സഹതാപത്തിന്റെ ഒരു നോട്ടമെങ്കിലും സാധ്യമാകാത്തവര്‍. അപ്പോഴും നാം അഫ്ഗാനിലും സൗദിയിലും മറ്റു അറേബ്യന്‍ നാടുകളിലുമുള്ള സ്ത്രീകളെക്കുറിച്ച് പരിതപിക്കുകയാണ്, മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്കായി കണ്ണ് നിറക്കുകയാണ്.

മാധ്യമങ്ങളിലൂടെ നിഷ്പക്ഷതയുടെ സത്യസന്ധമായ വാര്‍ത്തകളാണ് സമൂഹം പ്രതീക്ഷിക്കുന്നത്. കണ്ണടകള്‍ക്ക് വിവിധ വര്‍ണങ്ങള്‍ നല്‍കുന്നതവസാനിപ്പിച്ച് നേരിന്റെ വഴിയിലൂടെ സഞ്ചരിക്കാനാവണം.

മുജീബ് ഒട്ടുമ്മല്‍

നേർപഥം വരിക 

ബാപ്പ

ബാപ്പ

വീടിന്‍ വെളിച്ചവും താങ്ങും തണലുമായ്
സന്തോഷമേകിടും പൊന്നു ബാപ്പ.
വീഴ്ചകള്‍ മക്കളെ വീഴ്ത്താതിരിക്കുവാന
ആജ്ഞകള്‍ നല്‍കും കെടാവിളക്ക്.
പിണങ്ങിയാല്‍ പെട്ടെന്നിണക്കിടും പിന്നെ
പലപല കഥകള്‍ പറഞ്ഞുറക്കും.
സ്വായത്തമാക്കേണ്ട സദ്ഗുണമെല്ലാം
പഠിപ്പിച്ചു നല്‍കുന്നു പൊന്നു ബാപ്പ.
സൂര്യന്‍ ഉദിക്കുന്ന വേളയില്‍തന്നെ
ജോലിക്കു പതിവായി പോയിടുന്നു.
വീടിന്‍ വെളിച്ചമാണെന്നുമെന്‍ ബാപ്പ
വീടിന്റെ സന്തോഷമാണു ബാപ്പ.
ബുദ്ധിമുട്ടെല്ലാം സഹിക്കുന്നു ബാപ്പ
സ്വന്തം കുടുംബത്തിനായി എന്നും.
വിഷമങ്ങളെല്ലാം സഹിക്കുവാനായി
ഉപദേശം നല്‍കിടാറുണ്ട് ബാപ്പ.
ദീനിന്റെ മാര്‍ഗത്തിലെന്നും ചരിക്കാന്‍
കര്‍ശന നിര്‍ദേശം നല്‍കിടുന്നു.

അബൂവാഫി

നേർപഥം വരിക 

വിശ്വാസിയും തമാശയും

വിശ്വാസിയും തമാശയും

ഏതെങ്കിലും രൂപത്തിലുള്ള പരീക്ഷണത്തിലോ പ്രയാസങ്ങളിലോ അകപ്പെടാത്തവരായി ആരുമുണ്ടാവില്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു” (ക്വുര്‍ആന്‍ 90:4).

കുറച്ചുകാലം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയില്‍ മനുഷ്യന്‍ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതില്‍നിന്ന് പുറത്തുവരുന്നതും ക്ലേശമനുഭവിച്ചുകൊണ്ടുതന്നെ. അന്നുമുതല്‍ മരണംവരെ, ദേഹത്തിനും മനസ്സിനുമായി, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലുമായി, സാമ്പത്തികവും സാമൂഹികവുമായി… ഇങ്ങനെ പലവിധത്തില്‍ എത്രയെത്ര വിഷമങ്ങള്‍ അവന്‍ അനുഭവിക്കണം, പ്രതിസന്ധികള്‍ തരണം ചെയ്യണം?!

മാനസിക സമ്മര്‍ദവും മനഃപ്രയാസങ്ങളും മനുഷ്യനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ചിലര്‍ മനഃപ്രയാസങ്ങള്‍ നേരിടാന്‍ കഴിയാതെ മാനസികരോഗ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടെയും അടുക്കല്‍ നിത്യസന്ദര്‍ശകരായി മാറുന്നു. മറ്റുചിലര്‍ മാനസിക പിരിമുറുക്കങ്ങള്‍ക്ക് മരുന്നുകളിലൂടെ പരിഹാരം തേടുന്നു.    

ചുരുക്കത്തില്‍ മനുഷ്യജീവിതം ക്ലേശകരമാണ്. എന്നാല്‍ ജീവിതത്തിലെ വലിയ പ്രയാസങ്ങള്‍ക്കിടയിലും ദുഃഖങ്ങള്‍ക്കിടയിലും അല്‍പസമയമെങ്കിലും എല്ലാം മറന്ന് ഒന്ന് സന്തോഷിക്കാനും സമാധാനിക്കാനും തമാശകള്‍കൊണ്ട് സാധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. തമാശ പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സന്തോഷിക്കാത്തവരായി ആരുമുണ്ടാവില്ല മനുഷ്യരുടെ കൂട്ടത്തില്‍.

മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും പാലിക്കുകയും അനുസരിക്കുകയും പിന്തുടരുകയും ചെയ്യേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ഇസ്‌ലാം തമാശയുടെ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട് പറഞ്ഞു: ‘തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.’അദ്ദേഹം പ്രതികരിച്ചു: ‘അല്ല, തമാശ സുന്നത്താണ്; അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. തമാശയില്‍ സുന്നത്താക്കപ്പെട്ടവയും വിരോധിക്കപ്പെട്ടവയും ഉണ്ട്.”

തമാശ പറയുമ്പോള്‍ പറയുന്ന കാര്യം സത്യമുള്ളതായിരിക്കണം. യാഥാര്‍ഥ്യമുള്ളതും കളവ് കലര്‍ന്നിട്ടില്ലാത്തും ആവണം തമാശയുടെ ഉള്ളടക്കം. മാത്രവുമല്ല അത് നന്നായി അവതരിപ്പിക്കുകയും വേണം.

നബി ﷺ യുടെ ജീവിതത്തിലും തമാശയുടെ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായതായി പ്രമാണങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച സന്ദര്‍ഭങ്ങള്‍

നുഗൈര്‍ എന്തു ചെയ്യുന്നു?

അനസില്‍(റ)നിന്ന് നിവേദനം, അദ്ദേഹം പറയുന്നു: ”നബി ﷺ ഞങ്ങളോട് ഇടകലര്‍ന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാല്‍ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: ‘അബൂ ഉമൈര്‍, നുഗൈര്‍ എന്തുചെയ്യുന്നു?’ (നുഗൈര്‍ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്)” (ബുഖാരി).

ഇരുചെവിയന്‍

അനസി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി ﷺ തന്നെ ഇരുചെവിയന്‍ എന്ന് വിളിച്ചു.” അബൂഉസാമ(റ) പറയുന്നു: ”നബി ﷺ അദ്ദേഹത്തോട് തമാശ പറയുകയായിരുന്നു അത്” (തിര്‍മിദി)

സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല

ഹസനി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരു വൃദ്ധ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി പ്രാര്‍ഥിക്കണം.’ നബി ﷺ പറഞ്ഞു: ‘ഹേ, ഇന്നയാളുടെ മാതാവേ, തീര്‍ച്ചയായും സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല.’ അപ്പോള്‍ അവര്‍ തിരിഞ്ഞു പോകുകയും കരയുകയും ചെയ്തു. നബി ﷺ പറഞ്ഞു: ‘അവര്‍ വൃദ്ധയായ അവസ്ഥയില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ലെന്ന് അവരെ അറിയിക്കുക.’ (അവര്‍ യുവതിയായിട്ടാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്). അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും അവരെ (സ്വര്‍ഗ സ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു” (56:35-37) (സില്‍സിലതുസ്സ്വഹീഹ്).

നബി ﷺ യും സ്വഹാബികളും

നബി ﷺ യും സ്വഹാബികളും തമാശ പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നു.

സിമാകിബ്‌നു ഹര്‍ബി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ജാബിര്‍(റ) എന്നോട് ചോദിച്ചു: ‘നിങ്ങള്‍ നബി ﷺ യുടെ സദസ്സില്‍ ഇരിക്കുമായിരുന്നോ?’ ഞാന്‍ പറഞ്ഞു: ‘അതെ, ധാരാളമായി (ഇരിക്കുമായിരുന്നു). സ്വുബ്ഹി നമസ്‌കരിച്ച മുസ്വല്ലയില്‍നിന്നും സൂര്യന്‍ ഉദിക്കുന്നതുവരെ നബി ﷺ എഴുന്നേല്‍ക്കുമായിരുന്നില്ല. അങ്ങനെ സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍ അവിടുന്ന് എഴുന്നേല്‍ക്കും. അവര്‍ (സ്വഹാബിമാര്‍) പരസ്പരം സംസാരിക്കുകയും ജാഹിലിയ്യത്തിലെ കാര്യങ്ങള്‍ സംസാരിച്ച് ചിരിക്കുകയും ചെയ്യുമായിരുന്നു. അതുകേട്ട് നബി ﷺ പുഞ്ചിരിക്കും” (മുസ്‌ലിം).

ഇന്ന് തമാശയുടെ രൂപവും ഭാവവും മാറി അപകടകരമായ അവസ്ഥയിലേക്കുവരെ എത്തിയിട്ടുണ്ട്. വിവാഹവേളകളില്‍ വധുവിനെയും വരനെയും പരിഹസിച്ചുകൊണ്ടും അവരെ കുഴപ്പിക്കാന്‍ ചില അപകടകരമായ വേലത്തരങ്ങള്‍ ഒപ്പിച്ചുകൊണ്ടുമൊക്കെ തമാശയൊപ്പിക്കുന്നവരെ നമുക്ക് കാണാം. തമാശയുടെ പേരില്‍ സമൂഹത്തില്‍ പല തോന്നിവാസങ്ങളും നടക്കുന്നു.

വധൂവരന്മാര്‍ അറിയാതെ അവരെ കളിപ്പിക്കാനും തമാശയാക്കാനും വേണ്ടി അവരുടെ ബെഡ്‌റൂം അലങ്കരിക്കുന്ന വേളയില്‍ ഷോക്കടിപ്പിക്കാന്‍ ഒപ്പിച്ചുവെച്ച വേലത്തരം ആദ്യരാത്രിതന്നെ അവസാനരാത്രിയായി മാറിയതിന്റെയും കല്ല്യാണ വീട് ദുരന്തവീടായി മാറിയതിന്റെയും അനുഭവം ഇതിന് ഉദാഹരണമാണ്.

യൂട്യൂബ് ചാനലുകളുടെ വളര്‍ച്ചക്ക് വേണ്ടി എന്തും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാന്‍ യാതൊരു ലജ്ജയും ഇല്ലാത്തവരുണ്ട്. ധാര്‍മികത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത പാട്ടും നൃത്തച്ചുവടുകളും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പോസ്റ്റുചെയ്തുകൊണ്ടിരിക്കുന്നു. കൂടുതല്‍ റീച്ച് കിട്ടുന്നതിനുവേണ്ടിയും ഷെയര്‍ ലഭിക്കുവാനും അങ്ങനെ ലക്ഷക്കണക്കിന് വരിക്കാരെയും കാണികളെയും ഒപ്പിച്ച് അതിലൂടെ വരുമാനം കണ്ടെത്തുന്നതിനുമായി അശ്ലീല സംസാരങ്ങളും നഗ്നതാ പ്രദര്‍ശനവും വരെ കാണിക്കുന്നവരുണ്ട്. ഇതൊക്കെ വെറും തമാശയല്ലേ എന്നായിരിക്കും അവരുടെ ന്യായീകരണം.

അതുപോലെ തന്നെയാണ് ഇന്ന് ട്രോളുകളും ട്രോളന്മാരും. മറ്റുള്ളവരുടെ, വിശിഷ്യാ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ വാക്കിലും പ്രവൃത്തിയിലും വരുന്ന പിഴവുകളെയും ജന്മനായുള്ള വൈകല്യങ്ങളെയും അനുകരിച്ചും പര്‍വതീകരിച്ചും അപഹസിക്കുന്നതും തേജോവധം ചെയ്യുന്നതും ഇവരൂടെ തൊഴിലാണ്. ചിലരെ ചിരിപ്പിക്കുവാനായി മറ്റു ചിലരെ വിഷമിപ്പിക്കുകയാണ് ഇവര്‍ പലപ്പോഴും ചെയ്യുന്നത്.

ഇതിലേറെ അപകടകരമാണ് ദീനീ രംഗത്ത് നേതൃത്വം നല്‍കുകയും ഖുത്വുബയും പ്രഭാഷണങ്ങളും ക്വുര്‍ആന്‍ ക്ലാസ്സുകളും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പറയുന്ന തമാശകള്‍. തന്റെ മുമ്പിലിരിക്കുന്ന സദസ്യരെ ചിരിപ്പിക്കുന്നതിന് വേണ്ടി ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മര്യാദകള്‍ പാലിക്കാതെയുള്ള തമാശ പറച്ചില്‍ ഒരു പ്രഭാഷകനും ഗുണം ചെയ്യില്ലെന്നു മാത്രമല്ല അറിവും വിവേകമുള്ളവരുടെ കണ്ണില്‍ അയാള്‍ അപഹാസ്യനാത്തീരും.

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ ഖുത്വുബ പറയുമ്പോള്‍ കണ്ണുകള്‍ ചുവന്ന് വരുമായിരുന്നു. ശബ്ദം ഉയരുമായിരുന്നു. ഗൗരവം കൂടുമായിരുന്നു. ഒരു സൈന്യത്തിന് താക്കീത് നല്‍കുന്നവനെപോലെ(കമാന്ററെപോലെ)യായിരുന്നു. എന്നിട്ട് നബി ﷺ പറയുമായിരുന്നു: നിങ്ങള്‍ പ്രഭാതത്തിലും ശത്രുവിനെ പ്രതീക്ഷിക്കുക, വൈകുന്നേരവും ശത്രുവിനെ പ്രതീക്ഷിക്കുക.” പ്രവാചകന്‍ പറയുമായിരുന്നു: ”ഞാനും അന്ത്യദിനവും ഇതുപോലെയാണുള്ളത് (അന്ത്യദിനം സംഭവിക്കാനായിരിക്കുന്നു)” (മുസ്‌ലിം).

തമാശ പറയുമ്പോള്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്:

1. തമാശ പറയുന്ന സന്ദര്‍ഭവും ആളുകളെയും പരിഗണിക്കുക:

തമാശ പറയുന്ന അവസരത്തില്‍ അത് ആരോടാണ് പറയുന്നതെന്നും, പറയുന്ന സന്ദര്‍ഭവും സാഹചര്യവും അനുയോജ്യമാണോയെന്നുമുള്ള ധാരണ ഉണ്ടായിരിക്കണം. അനവസരത്തിലെ തമാശകള്‍ അപകടത്തിലായിരിക്കും കലാശിക്കുക. മരിച്ചവീട്ടിലെ തമാശ സാഹചര്യത്തിനെതിരെയുള്ള അക്രമമാണല്ലോ.

2. ഓരോരുത്തരും അവര്‍ക്ക് യോജിച്ച ആളോടായിരിക്കണം തമാശ പറയേണ്ടത്:

കൂട്ടുകാരോട് പറയുന്ന തമാശകള്‍ മാതാപിതാക്കളോടും ഭാര്യയോട് പറയുന്ന തമാശകള്‍ മക്കളോടും സഹപ്രവര്‍ത്തകരോട് പറയുന്ന തമാശകള്‍ മേലുദ്യോഗസ്ഥരോടും പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. വ്യക്തികളെ പരിഗണിക്കുക:

ഒരു സാധാരണക്കാരന്‍ ബഹുമാനിക്കപ്പെടേണ്ടവരായ പണ്ഡിതന്മാരുടെയും പ്രായമുള്ളവരുടെയും അടുത്തായിരിക്കെ തമാശ പറയുന്നത് അനുയോജ്യമല്ല:

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”പണ്ഡിതനെ ആദരിക്കുകയെന്നത് സുന്നത്തില്‍ പെട്ടതാണ്.”

അബൂമൂസല്‍അശ്അരി(റ)യ്യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ ആദരിക്കുന്നതില്‍ പെട്ടതാണ് മുസ്‌ലിമായ പ്രായമുള്ളവരെ ആദരിക്കുന്നത്” (അബൂദാവൂദ്).

4. തമാശയില്‍ കളവ് പാടില്ല:

കള്ളം കെട്ടിച്ചമക്കുക എന്നുള്ളത് സത്യനിഷേധികളുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍” (16:105).

കളവുപറയലിനെ കപടവിശ്വാസികളുടെ അടയാളമായിക്കൊണ്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളതും. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”കപട വിശ്വാസികളുടെ ലക്ഷണം മൂന്നാകുന്നു. സംസാരിച്ചാല്‍ കളവുപറയും, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ ചതിക്കും” (ബുഖാരി).

5. തമാശക്ക് പോലും കളവ് പറയരുത്:

തമാശയായി അല്‍പമൊക്കെ കളവ് പറയാമെന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. തമാശയില്‍ പോലും കളവ് പറയാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.

നബി ﷺ പറഞ്ഞു: ”സംസാരിക്കുമ്പോള്‍ ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവുപറയുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം” (അബൂദാവൂദ്).

6. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറഞ്ഞാല്‍:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ഒരാള്‍ തന്റെ സദസ്യരെ ചിരിപ്പിക്കുന്നതിനായി (കളവായ) ചില വാക്കുകള്‍ പറയുന്നുവെങ്കില്‍ അവന്‍ ഭൂമിയില്‍നിന്നും വിദൂരത്തേക്ക് ആണ്ടുപോകുന്നു” (അഹ്മദ്).

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച ചില സന്ദര്‍ഭങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെങ്ങും കളവിന്റെ യാതൊരു അംശവും കാണാന്‍ കഴിയില്ല.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ?” നബി ﷺ പറഞ്ഞു: ”അതെ, പക്ഷേ, ഞാന്‍ സത്യമായതല്ലാതെ പറയില്ല”(തിര്‍മിദി).

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”തീര്‍ച്ചയായും ഞാന്‍ തമാശ പറയാറുണ്ട്. പക്ഷേ, സത്യമല്ലാതെ ഞാന്‍ പറയാറില്ല” (ത്വബ്‌റാനി).

7. തമാശയില്‍ ഭയപ്പെടുത്തല്‍ പാടില്ല:

ആളുകളെ തമാശയാക്കുന്നതിന് വേണ്ടി അവരുടെ ചെരുപ്പ്, കുട, ബാഗ്, വാഹനത്തിന്റെ താക്കോല്‍ തുടങ്ങിയുള്ള വസ്തുക്കള്‍ ഒളിപ്പിച്ച് വെക്കുന്ന ചിലരുണ്ട്. എന്നാല്‍ അതിന്റെ അപകടം എത്രമാത്രമാണെന്ന് അവര്‍ ചിന്തിക്കാറില്ല. തമാശക്ക് വേണ്ടി മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ച് വെക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബ്ദുര്‍റ്വഹ്മാനുബ്‌നു അബൂലൈല(റ)യില്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി ﷺ യും സ്വഹാബികളും ഒരു യാത്ര പോകുകയായിരുന്നു. യാത്രാമധ്യെ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സ്വഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഒരു കയര്‍ (ചാട്ട) എടുത്ത് ഒളിപ്പിച്ച് വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല” (അബൂദാവൂദ്).

8. തമാശക്ക് ആയുധം ചൂണ്ടരുത്:

കയ്യിലുള്ള വടി, കത്തി, അപകടം വരുത്തുന്നതോ ശരീരത്തില്‍ തട്ടിയാല്‍ വേദനിക്കുന്നതോ ആയിട്ടുള്ള മറ്റു വസ്തുക്കള്‍ എന്നിവ ചൂണ്ടി പലരും തമാശ കാണിക്കാറുണ്ട്. അപ്രതീക്ഷിതമായി ആ ആയുധം കൊണ്ട് അപകടമുണ്ടായേക്കാം. തമാശക്കുപോലും ആയുധം ചൂണ്ടുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:”നിങ്ങളില്‍ ആരും തന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും” (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും; അവന്‍ സ്വന്തം സഹോദരനാണെങ്കിലും”(മുസ്‌ലിം).

9. തമാശയില്‍ പരിഹാസം പാടില്ല.

തമാശ പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് അന്യന്റെ അഭിമാനത്തെ പിച്ചിച്ചീന്തലാണ്. മറ്റുള്ളവര്‍ക്കിടയില്‍ ഒരുത്തനെ ഇകഴ്ത്തുകയും വഷളാക്കുകയും ചെയ്യല്‍ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. അത്തരം പ്രവണതയുള്ളവരില്‍ അതിന് പ്രേരിപ്പിക്കുന്ന ചില കാര്യങ്ങള്‍കൂടിയുണ്ട്. ഒന്നുകില്‍ അവന്‍ പരിഹസിക്കുന്ന വ്യക്തി അവനെക്കാള്‍ മികച്ചവനാവുക. അതല്ലെങ്കില്‍ അവനെക്കാള്‍ കഴിവുള്ളവനാവുക. അതുകൊണ്ടുതന്നെ അപരനെ മാനസികമായി വേദനിപ്പിക്കലും തന്റെ അസൂയയും ദേഷ്യവും തീര്‍ക്കലും അപരനെ തമാശയിലൂടെ ജനങ്ങള്‍ക്കിടയില്‍ വഷളാക്കുകയോ ഇകഴ്ത്തുകയോ ചെയ്യുമ്പോള്‍ നടക്കുന്നു.  

ആഇശ(റ)യില്‍നിന്ന് നിവേദനം, അവര്‍ പറഞ്ഞു: ”ഞാന്‍ നബി ﷺ യോട് പറഞ്ഞു: ‘താങ്കള്‍ക്ക് ഇന്നയിന്നവളായ (അതായത് കുറിയവളായ) സ്വഫിയ്യ(റ) മതി.’ നബി ﷺ പറഞ്ഞു: ‘ആഇശാ, നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു” (അബൂദാവൂദ്).

തമാശ പറയല്‍ തെറ്റല്ല. എന്നാല്‍ തമാശക്കാരനായി ജീവിക്കല്‍ അഥവാ എല്ലായ്‌പ്പോഴും തമാശ പറഞ്ഞു നടക്കല്‍ പാടില്ലാത്തതാണ്.

അല്ലാഹു പറയുന്നു: ”അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ…” (ക്വുര്‍ആന്‍ 8:82).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”നിങ്ങള്‍ ചിരി അധികരിപ്പിക്കരുത്, തീര്‍ച്ചയായും ചിരിയുടെ ആധിക്യം ഹൃദയത്തെ നിര്‍ജീവമാക്കും” (ഇബ്‌നുമാജ).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു”(ബുഖാരി).

ഉമര്‍ ഇബ്‌നുഅബ്ദുല്‍ അസീസ്(റഹി) പറഞ്ഞു: ”നിങ്ങള്‍ തമാശയെ സൂക്ഷിക്കുക. അത് വ്യക്തിത്വത്തെ നശിപ്പിക്കും.”

ഉമര്‍(റ) പറഞ്ഞു: ”ആര് ചിരി അധികരിപ്പിക്കുന്നുവോ അവന്റെ ഗാംഭീര്യം നഷ്ടപ്പെടും. ആര് തമാശ അധികരിപ്പിക്കുന്നുവോ അവന്‍ നിസ്സാരനാക്കപ്പെടും. ഒരാള്‍ ഏത് കാര്യമാണോ വര്‍ധിപ്പിക്കുന്നത് അവന്‍ ആ കാര്യത്തിലായിരിക്കും അറിയപ്പെടുന്നത്.”

കേട്ടിരിക്കുന്നവരെ ചിരിപ്പിക്കുവാനായി നാവ് ചലിപ്പിക്കുമ്പോള്‍ നാവ് തനിക്കെതിരില്‍ സംസാരിക്കുന്ന ലോകത്ത് അക്കാരണത്താല്‍ ദുഃഖിക്കേണ്ടിവരുമോ എന്ന ഭയം വിശ്വാസിയില്‍ ഉണ്ടായിരിക്കണം.

 

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

 

നേർപഥം വരിക 

ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

(ഭാഗം: 02)

പൊതുവില്‍ ദൈവത്തിന് തെളിവ് സമര്‍ഥിക്കുന്ന തത്ത്വശാസ്ത്ര യുക്തികളില്‍നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ച ഇസ്‌ലാമിക ചിന്തകനാണ് ഇബ്‌നു തൈമിയ്യ(റഹി). ദൈവത്തിന് ശാസ്ത്രത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ തെളിവുകളുടെ പിന്‍ബലം വേണമെന്ന് വാദിക്കുമ്പോള്‍ ആദ്യത്തില്‍ തെളിവില്ലാത്തതും പിന്നീട് തെളിയിക്കപ്പെടേണ്ടതുമാണ് ദൈവമെന്ന് വരുന്നു. ഇങ്ങനെ തത്ത്വശാസ്ത്ര യുക്തിയെ ആശ്രയിച്ച് ദൈവം സ്ഥാപിക്കപ്പെടണമെന്ന ചിന്തക്കുതന്നെ ഇബ്‌നു തൈമിയ്യ എതിരായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മൂന്നു കൃതികള്‍ ദൈവവുമായി ബന്ധപ്പെട്ട ഈ ജ്ഞാനശാസ്ത്ര രീതികളെ അവലോകനം ചെയ്യുന്നതാണ്.

അരിസ്‌റ്റോട്ടിലിയന്‍ ഗ്രീക്ക് തത്ത്വചിന്തകളെ അടിസ്ഥാനമാക്കിയുള്ള ജ്ഞാനമാര്‍ഗ യുക്തികളെ ഈ കൃതികളിലൂടെ അദ്ദേഹം വിമര്‍ശന വിധേയമാക്കിയിട്ടുള്ളതായി കാണാം. വാസ്തവത്തില്‍ സംശയവാദത്തില്‍നിന്നാണ് ഒന്നിനു തെളിവ് തേടേണ്ടിവരുന്നത്. എന്നാല്‍ പ്രാഥമികമായി യുക്തി സംശയിക്കപ്പെടേണ്ടതോ, പ്രത്യേകിച്ച് തെളിവ് അനിവാര്യമായതോ അല്ല എന്നതാണ് ഈ കൃതികളിലൂടെയെല്ലാം ഇബ്‌നു തൈമിയ്യ പ്രകടിപ്പിക്കുന്ന നിലപാട്.(14)

അദ്ദേഹം അറിവുകളെ തന്നെ രണ്ടായി തരംതിരിക്കുന്നു. ഒന്ന് ജ്ഞാനേന്ദ്രിയങ്ങള്‍ വഴി മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്നും (Ilm Muktasab) രണ്ടാമത്തേത് മനുഷ്യനില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളടങ്ങിയ അറിവെന്നും (Ilm Daruri). ഇതില്‍ ആദ്യത്തേത് മനുഷ്യന്റെ ബൗദ്ധികശേഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. എന്നാല്‍ ഈ ബൗദ്ധികശേഷിയെ സന്ദേഹവാദത്തോടെ സമീപിച്ചാല്‍ അത് പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന് തീര്‍ച്ചയായും വാദിക്കാമെന്ന് നാം കണ്ടതാണ്. അതിനാല്‍ മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളെയോ ബൗദ്ധികശേഷിയെയോ യാഥാര്‍ഥ്യമറിയാനുള്ള ആത്യന്തിക മാനദണ്ഡങ്ങളായി സ്വീകരിക്കാന്‍ കഴിയില്ല. കൂടാതെ മനുഷ്യനെ ചില കപടയുക്തികള്‍ ആവര്‍ത്തിച്ച് പറയുന്നതിലൂടെ യാഥാര്‍ഥ്യബോധത്തില്‍നിന്നും കബളിപ്പിക്കാനും കഴിയുന്നു. ഭൂമിയുടെ ശരിയായ ആകൃതി പരന്നതാണെന്നും നാസ അടക്കമുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്തിനൊക്കെയോ വേണ്ടി മനുഷ്യരെ ഒന്നടങ്കം വഞ്ചിക്കുകയാണെന്നും ചില അന്യഗ്രഹ ജീവികളാണ് ലോകം ഭരിക്കുന്നതെന്നും തുടങ്ങി ചുറ്റുപാടുകള്‍ തന്നെ യാഥാര്‍ഥ്യമല്ലെന്നും എല്ലാം മിഥ്യയാണെന്നുംവരെ വിശ്വസിക്കുന്ന മനുഷ്യരുണ്ട്. ഇത് തെളിയിക്കുന്നത് ചില സന്ദേഹവാദങ്ങളെ മനുഷ്യനില്‍ ആവര്‍ത്തിച്ച് കുത്തിവെച്ചാല്‍ യാഥാര്‍ഥ്യബോധത്തില്‍നിന്നും അവരെ വ്യതിചലിപ്പിക്കാന്‍ കഴിയുമെന്നാണ്. നിരീശ്വരവാദം മനുഷ്യനിലേക്ക് ഇന്‍ജക്റ്റ് ചെയ്യപ്പെടുന്നതും സമാന മനഃശാസ്ത്രം ഉപയോഗിച്ചുതന്നെയാണ്. അഥവാ യുക്തിവാദമെന്ന പേരില്‍ ചില ദുര്‍ബല ന്യായങ്ങളും അബദ്ധവാദങ്ങളും ആവര്‍ത്തിച്ച് കുത്തിവെക്കുന്നതില്‍നിന്നു മാത്രമാണ് ദൈവനിഷേധികള്‍ ഉണ്ടാകുന്നത്. ചരിത്രപരമായി ഒരു നാസ്തിക ഭൂരിപക്ഷ നാഗരികതയോ സംസ്‌കാരമോ ഇല്ലാതിരുന്നതിന്റെ അടിസ്ഥാന കാരണവും അതാണ്.

ദൈവാസ്തിത്വത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന്റെ യഥാര്‍ഥ്യബുദ്ധിയില്‍നിന്നും ഉണ്ടാകുന്നതാണ് എന്നതുകൊണ്ടുതന്നെ കൃത്രിമമായ പ്രോപ്പഗണ്ടകള്‍ മനുഷ്യനില്‍ പയറ്റിയല്ലാതെ നാസ്തികരെ ഉണ്ടാക്കാന്‍ പറ്റില്ല. ഇന്റര്‍നെറ്റിന്റെ വ്യാപനം വലിയതോതിലുള്ള മതപരിത്യാഗത്തിനും നാസ്തിക മുന്നേറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്ന് വലിയവായില്‍ വീമ്പുപറയുന്ന നിരീശ്വര ബുദ്ധിജീവികള്‍ വാസ്തവത്തില്‍ ഇതിന്റെ മനഃശാസ്ത്ര യാഥാര്‍ഥ്യം അറിയാത്തവര് കൂടിയാണ്. ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന വലിയൊരു ശതമാനത്തെ ആ ചിന്താഗതിയിലേക്ക് എത്തിച്ചത് യൂട്യൂബ് വീഡിയോകള്‍ ആണെന്നാണ് പ്രൊഫ. ആഷ്‌ലി ലാന്‍ഡ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ പറയുന്നത്.(15) യൂട്യൂബ് മാത്രമല്ല പൊതുവില്‍ സോഷ്യല്‍ മീഡിയകളില്‍നിന്നുണ്ടാകുന്ന പ്രധാന ആധുനിക പ്രതിസന്ധി അവയുപയോഗിച്ച് പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്തകളും പ്രോപ്പഗണ്ടകളുമാണ്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് യാഥാര്‍ഥ്യത്തില്‍ വിശ്വാസമില്ലാത്ത മന്ദബുദ്ധികള്‍ സൃഷ്ടിക്കപ്പെടുന്നപോലെ മാത്രമെ നാസ്തികരും ഉണ്ടാകുന്നുള്ളൂ. പ്രത്യേകിച്ച് വലിയ സാമ്പത്തിക പിന്തുണകൂടി ഉണ്ടെങ്കില്‍ സ്‌റ്റേജ് കെട്ടിയും വീഡിയോ പിടിച്ചും യൂട്യൂബ് ചാനല്‍ തുടങ്ങിയും ഏത് സമൂഹത്തിന് ഇടയിലേക്കും ഈ രീതിക്ക് സംശയ ചിന്തകളെ ഇന്‍ജക്റ്റ് ചെയ്യാനാകും.

കേരളത്തില്‍ പല പേരുകളിലും അറിയപ്പെടുന്ന നാസ്തിക പ്രചാരണ സംഘങ്ങളുടെ നിലവാരവും ഇതൊക്കെത്തന്നെയാണ്. ഇന്റര്‍നെറ്റ് എന്ന ആധുനിക സംവിധാനത്തെ ഉപയോഗിച്ച് ഗുഢാലോചനാസിദ്ധാന്തക്കാര്‍ യാഥാര്‍ഥ്യലോകത്തെ സംബന്ധിച്ച് സാധാരണക്കാരില്‍ സംശയമുണ്ടാക്കുകയും മന്ദബുദ്ധികളെ നിര്‍മിക്കുകയും ചെയ്യുന്നപോലെത്തന്നെയാണ് ചില ആവര്‍ത്തിച്ചുള്ള നുണപ്രചാരണങ്ങളിലൂടെ ഈ നാസ്തികസംഘങ്ങള്‍ കുറച്ച് ദൈവസംശയരോഗികളെ ഉണ്ടാക്കുന്നത്. മനുഷ്യന്റെ ബൗദ്ധികശേഷിയെ കബളിപ്പിക്കാമെന്നതിന് വ്യക്തമായ കുറച്ച് ഉദാഹരണങ്ങളാണിവ. ഇബ്‌നു തൈമിയ്യയുടെ അഭിപ്രായത്തില്‍ തെറ്റാകാവുന്ന, എന്നാല്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്ന് ഇതിനെ പറയാം. സകല അറിവുകളും ആശ്രയിച്ച് നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ സംബന്ധിച്ച മനുഷ്യന്റെ പ്രാഥമികവും നൈസര്‍ഗികവുമായ അറിവാണ് ഏറ്റവും ആധികാരികമായതെന്നും ഇബ്‌നു തൈമിയ്യ പറയുന്നു. അത്തരം പ്രാഥമിക യുക്തികള്‍ക്ക് ആര്‍ജിച്ചെടുക്കുന്ന ദുര്‍ബലമായ ഒരു തെളിവിന്റെയും പിന്‍ബലവും ആവശ്യമില്ല. ഫിത്വ്‌റിയ്യായ അറിവ് എന്ന് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നു. പ്രാഥമികമായ ഈ ബോധത്തില്‍നിന്നല്ലാതെ മനുഷ്യന് യാതൊന്നിനെയും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. ഇവയ്ക്കുള്ള ചില ഉദാഹരണങ്ങള്‍ നോക്കാം:

(A) യാഥാര്‍ഥ്യത്തിനുള്ള തെളിവ്

യാഥാര്‍ഥ്യമെന്ന് നാം അനുഭവിക്കുന്ന കാര്യങ്ങള്‍ക്ക് എന്താണ് തെളിവെന്നു ചോദിച്ചാല്‍ ഒന്നുമില്ലെന്നതാണ് വാസ്തവം. തലച്ചോറിലേക്ക് ലഭിക്കുന്ന ചില രൂപത്തിലുള്ള വിവരങ്ങള്‍ മാത്രമാണ് നമ്മുടെ അനുഭവങ്ങളെ നിര്‍മിക്കുന്നത്. അത് യാഥാര്‍ഥ്യത്തില്‍നിന്നും നമുക്ക് നേര്‍ക്കുനേരെ ലഭിക്കുന്നതോ അതല്ലെങ്കില്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കപ്പെടുന്നതോ ആകാം. ചിലപ്പോള്‍ എല്ലാം ആഴത്തിലുള്ള ഒരു സ്വപ്‌നാവസ്ഥയാകാം. അതുമല്ലെങ്കില്‍ ഉയര്‍ന്ന ബുദ്ധിവൈഭവമുള്ള ചില നാഗരിക ജീവികള്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നിര്‍മിച്ച ഒരു കൃത്രിമ ബുദ്ധി മാത്രമാകാം നാം. ഇങ്ങനെ നിരവധി സാധ്യതകള്‍ ഉണ്ടെന്നിരിക്കെ അവയൊന്നും ശരിയല്ലെന്നും ചുറ്റുപാടുകളെ സംബന്ധിച്ച അറിവുകള്‍ യാഥാര്‍ഥ്യമാണെന്നും നാം കരുതുന്നത് തെളിവുകളെ ആശ്രയിച്ചല്ല. മറിച്ച് അത് പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയാണ്. അതില്‍ നിന്നുകൊണ്ടേ പിന്നെ അറിവ് ആര്‍ജിക്കാന്‍ പോലും മനുഷ്യന് കഴിയൂ.

(B) സംശയിക്കാനുള്ള തെളിവ്

സര്‍വതിനെയും സംശയിക്കണം എന്ന സന്ദേഹവാദ യുക്തിയനുസരിച്ച് ഈ നിലപാടിനെ സ്വയം തന്നെയും സംശയിക്കാമല്ലോ. അതായത് എന്തിനുവേണ്ടി സംശയിക്കണം? സംശയിക്കുന്നത് യാഥാര്‍ഥ്യമറിയാനാണ്! എന്നാല്‍ വസ്തുനിഷ്ഠമായ മറ്റൊരു യാഥാര്‍ഥ്യം ഉണ്ട് എന്നതിന് എന്തു തെളിവാണ് പറയാന്‍ കഴിയുക? അഥവാ സംശയിക്കുകയെന്ന നിലപാട് തന്നെ അതിലൂടെ അറിയാനുള്ള യാഥാര്‍ഥ്യമുണ്ടെന്ന അനുമാനത്തില്‍നിന്നുണ്ടാകുന്നതാണ്. ആ അനുമാനത്തിന് സ്വയം തെളിവില്ലതാനും. അപ്പോള്‍ സംശയവാദത്തിനുതന്നെ തെളിവുകള്‍ക്കന്യമായ ഒരടിസ്ഥാന വിശ്വാസം അനിവാര്യമാണ്.

(D) സ്വയമുള്ള വിശ്വാസം

നിങ്ങളാരാണെന്ന സ്വയംബോധം സ്വന്തം മസ്തിഷ്‌കത്തിന്റെതന്നെ അറിവുകളും ഓര്‍മകളുമാണ്. മസ്തിഷ്‌കപരമായ ഈ വിവരങ്ങളെ ഏതെങ്കിലും തരത്തില്‍ പുനഃക്രമീകരിക്കുന്നതുകൊണ്ട് വ്യക്തിയുടെ ആത്മബോധത്തെ തന്നെ കബളിപ്പിക്കാനാകും. ഇങ്ങനെ നിങ്ങള്‍ ആരാണെന്ന സ്വയംബോധം തന്നെ മിഥ്യയാകാന്‍ സാധ്യതയുണ്ടെന്നിരിക്കെ അത് മിഥ്യയല്ലെന്ന് എപ്പോഴും കരുതുന്നത് ഒരു തെളിവിനെയും ആശ്രയിച്ചല്ല.

(E) മറ്റുള്ളവരിലുള്ള വിശ്വാസം

നമുക്ക് സമാനമായ ബോധമുള്ള (Conscious) വ്യക്തികള്‍തന്നെയാണ് മറ്റുള്ളവരുമെന്ന അറിവ് ഒരിക്കലും തെളിവുകളെ ആശ്രയിച്ചുള്ള ഒന്നല്ല. കാരണം ബോധം സ്വയം അനുഭവിക്കാന്‍ കഴിയുന്ന ഒന്നു മാത്രമാണ്. മറ്റൊരാളുടെ ബോധം നമുക്കനുഭവിക്കാനോ തെളിയിക്കാനോ കഴിയില്ല.

(F) പാപത്തിന്റെ തെളിവ്

പരസ്പരബന്ധമില്ലാതെ കിടക്കുന്ന ഏതൊരു നാഗരികതയുടെ ചരിത്രമെടുത്തു നോക്കിയാലും മോഷണവും കൊലയും പാപമാണെന്ന പൊതുധാരണ അവര്‍ക്കിടയിലെല്ലാം നിലനിന്നിരുന്നതായി കാണാം. അഞ്ചു വയസ്സുള്ളൊരു കൊച്ചിനെ കൊല്ലുന്നത് ശരിയാണോയെന്നു ചോദിച്ചാല്‍ ഏത് രാഷ്ട്രക്കാരനും സംശയലേശമന്യെ ശരിയല്ലെന്നു തന്നെ പറയും. ഈ പാപ-പുണ്യ ചിന്ത മനുഷ്യന്റെ നൈസര്‍ഗിക ബോധമായതുകൊണ്ടാണ് അങ്ങനെ.

(G) ലോജിക്കിലുള്ള വിശ്വാസം

ഏതൊരു കാര്യത്തെയും മനുഷ്യന്‍ അംഗീകരിക്കുന്നതുതന്നെ ലോജിക്കുമായി തട്ടിച്ചുനോക്കിയാണ്. എന്നാല്‍ ഈ യുക്തി വാസ്തവമായിരിക്കണം എന്നതിന് തെളിവൊന്നും പറയാന്‍ കഴിയില്ല. ഉദാഹരണത്തിന്, മൂന്നുകോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്ന ഒരു ഗ്രഹത്തില്‍ ഒന്നും ഒന്നും കൂടിച്ചേര്‍ന്നാല്‍ രണ്ടാകുന്നതിന് പകരം മൂന്നാകും എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് തെറ്റാണെന്ന് സ്വാഭാവികമായും തന്നെ നമ്മള്‍ തീര്‍പ്പിലെത്തും. അവിടെ ത്രികോണങ്ങള്‍ക്ക് ചതുര്‍ഭുജം ആണെന്നു വാദിച്ചാലും നാം അത് നിഷേധിക്കും. ഇത് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തെ ഗണിതശാസ്ത്ര സ്വഭാവം നേരിട്ടു നിരീക്ഷിക്കുന്നതില്‍ നിന്നെത്തുന്ന തീര്‍പ്പല്ല. മറിച്ച് പ്രാഥമിക യുക്തിയാണ്. അതിന് തെളിവിന്റെ ആവശ്യമില്ല.

ആര്‍ജിച്ചെടുക്കുന്ന ഒരു തെളിവും ഇല്ലാതെയും എന്നാല്‍ സകലതിനെയും ഉള്‍ക്കൊള്ളാന്‍ പ്രാഥമികമായി മനുഷ്യന്‍ അംഗീകരിച്ചിരിക്കേണ്ടതുമായ യുക്തിക്ക് ഉദാഹരണങ്ങളാണ് മുകളില്‍ പറഞ്ഞവ. ഇല്‍മുദ്ദരൂരി എന്ന് ഇബ്‌നുതൈമിയ്യ വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. മനുഷ്യനില്‍ പ്രാഥമികവും നൈസര്‍ഗികവുമായി അടങ്ങിയിട്ടുള്ള ഈ അടിസ്ഥാനബോധത്തെ ഉള്‍ക്കൊള്ളാതെ യുക്തിചിന്ത സാധ്യമല്ല. ദൈവാസ്തിത്വത്തെ സംബന്ധിച്ച അറിവും ബോധവും ഈ രീതിക്ക് തന്നെ മനുഷ്യനില്‍ ഉള്ളടങ്ങിയ നൈസര്‍ഗികതയാണ്. അതിനാല്‍ പുറത്തുനിന്നും ആര്‍ജിച്ചെടുക്കുന്നതോ ബാഹ്യമായ തെളിവുകള്‍കൊണ്ട് തെളിയിക്കപ്പെടേണ്ടതോ അല്ല ദൈവം, മറിച്ച് ദൈവം സ്വയം തന്നെ തെളിവാണെന്ന (ദലീല്‍) അഭിപ്രായം അദ്ദേഹം പങ്കുവെക്കുന്നു.

മുകളില്‍ മനുഷ്യന്റെ നൈസര്‍ഗികമായ ബോധത്തിന് പറഞ്ഞ ഉദാഹരണങ്ങള്‍ നിരീക്ഷിച്ചാല്‍ അവ യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യരില്‍ നിലനില്‍ക്കുന്ന ബഹിസ്ഫുരണങ്ങളാണെന്ന് (Meaningfal Representation of Realtiy) മനസ്സിലാകും. സകല പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിലും സംവിധാനത്തിലും ദൈവത്തിന്റെ ഉദ്ദേശ്യമുണ്ടെന്ന ബോധവും സമാനമായ യാഥാര്‍ഥ്യബോധവും പ്രാഥമിക ബുദ്ധിയുമാണ്. ചരിത്രത്തില്‍ മനുഷ്യനാഗരികതകള്‍ ഏതെടുത്തു പരിശോധിച്ചാലും അവര്‍ ഒരു ദൈവത്തില്‍ വിശ്വസിച്ചവരായിരുന്നു എന്നുകാണാം. മനുഷ്യരില്‍ ഒന്നടങ്കം ഉള്ളടങ്ങിയിട്ടുള്ള ദൈവബോധത്തിന്റെ തെളിവാണിതെന്നാണ് ഇബ്‌നുതൈമിയ്യ നിരീക്ഷിക്കുന്നത്. ആധുനികശാസ്ത്രം ഈ ചിന്തകളെ കൂടുതല്‍ ശരിവെക്കുകയും ചെയ്യുന്നു. ദൈവം ഇല്ലെന്നാണ് നാസ്തികവാദമെങ്കില്‍ നാസ്തികര്‍ തന്നെയില്ലെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഈ രംഗത്തെ പഠനം

പ്രശസ്തമാണ്. മനുഷ്യനില്‍ ഒന്നടങ്കം ദൈവാസ്തിത്വത്തിലുള്ള ബോധം നൈസര്‍ഗികമായി കാണപ്പെടുന്നതാണെന്നും അത് മനുഷ്യന്റെ തന്നെ പ്രാഥമിക യുക്തിയാണെന്നുമാണ് പഠനം തെളിയിക്കുന്നത്.(16)

ഓക്‌സിടോസിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം മനുഷ്യനില്‍ ആത്മീയബോധത്തെ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയുടെ പഠനമുണ്ട്.(17) നൈസര്‍ഗികമായ യുക്തിക്കനുസരിച്ച് ചിന്തിക്കുന്നത് (Intuitive Thinking) ദൈവവിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മനഃശാസ്ത്ര വിഭാഗത്തിന്റെ നിരീക്ഷണം.(18) തീര്‍ത്തും ആന്തരികമായ പ്രാഥമികബുദ്ധി ദൈവവിശ്വാസമുള്‍ക്കൊള്ളുന്നതാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. പ്രയാസഘട്ടങ്ങളിലും പ്രതിസന്ധികളിലും സ്വാഭാവികമായും മനുഷ്യന്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതാണ് അംഗീകരിക്കപ്പെടുന്ന മറ്റൊരു വസ്തുത. മരണത്തെ സംബന്ധിച്ച ചിന്ത മനുഷ്യനില്‍ ദൈവാസ്തിത്വത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതായി പറയുന്ന നിരവധി പഠനങ്ങളുണ്ട്. ദൈവവിശ്വാസംകൊണ്ട് ആശ്വസിപ്പിക്കപ്പെടുന്ന മനുഷ്യമനഃശാസ്ത്രത്തെയാണ് വാസ്തവത്തില്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്നതുകൊണ്ട് കാള്‍മാര്‍ക്‌സ് ഉദ്ദേശിക്കുന്നത്. ജീവിത ദുരിതങ്ങളില്‍ മനുഷ്യന്‍ സ്വാഭാവികമായിത്തന്നെ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായിത്തന്നെ മനുഷ്യനില്‍ ആശ്വാസമായി ദൈവവിശ്വാസം പ്രവര്‍ത്തിക്കുന്ന ഈ പ്രകൃതത്തെ മനസ്സിലാക്കിയതുകൊണ്ടാണ് കാള്‍മാര്‍ക്‌സ് മതത്തെ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമെന്നും ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവെന്നും വിശേഷിപ്പിച്ചത്. മതവുമായി ബന്ധപ്പെട്ട മനുഷ്യന്റെ സാമൂഹ്യ മനഃശാസ്ത്രത്തെ കേന്ദ്രമാക്കിയുള്ള ഓക്‌സ്‌ഫോര്‍ഡ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജസ്റ്റിന്‍ ബാരറ്റ് (Justin Barret) ദി ബോണ്‍ ബിലീവേഴ്‌സ് (The Born Believers) എന്ന പേരില്‍ ഒരു പുസ്തകം കൂടി രചിച്ചിട്ടുണ്ട്. മനുഷ്യന്‍ ജന്മനാതന്നെ ദൈവവിശ്വാസമുള്‍ക്കൊള്ളുന്ന ജീവിയാണെന്നാണ് തെളിവുസഹിതം അദ്ദേഹം ഇതില്‍ സമര്‍ഥിക്കുന്നത്.

അദ്ദേഹം എഴുതുന്നത് നോക്കുക: “That belief in god begins in childhood and typically continues into adulthood places it in the same class as believing in gravtiy, the continutiy of time, the predictabiltiy of natural laws.”

”ഗ്രാവിറ്റിയിലും സമയത്തിന്റെ മുന്നോട്ടുള്ള ചലനത്തിലും പ്രകൃതി നിയമങ്ങളുടെ സ്ഥിരതയിലും വിശ്വസിക്കുന്നപോലെത്തന്നെ ദൈവാസ്തിത്വത്തിലുള്ള അറിവ് ശൈശവത്തിലേ തുടങ്ങുന്നു.”

ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞ ഒരു കുഞ്ഞിന്റെ അടുത്തുനിന്ന് എന്തെങ്കിലും ശബ്ദമുണ്ടാക്കി നോക്കുക. കുഞ്ഞ് ആ ശബ്ദത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി കാണാം. ആ ശബ്ദത്തിന് പിന്നിലൊരു കാരണവും അതിനൊരു ഉല്‍പത്തി കേന്ദ്രവും ഉണ്ടാകണമെന്ന അറിവ് കുഞ്ഞില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളതുകൊണ്ടാണത്. യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച ഈ അടിസ്ഥാന ബോധ്യങ്ങളെ പോലെത്തന്നെയാണ് ദൈവാസ്തിത്വവും. അത് മനുഷ്യന്റെ പ്രാഥമികമായ അറിവും നൈസര്‍ഗിക യുക്തിയുമാണ്. ദൈവാസ്തിത്വത്തെ തെളിയിക്കുന്ന മറ്റു തത്ത്വശാസ്ത്രപരമായ വാദങ്ങളെല്ലാം ഈ അടിസ്ഥാനയുക്തിക്ക് ഉപോല്‍ബലകമായി നിലനില്‍ക്കുന്നവ മാത്രമാണെന്നാണ് ഇബ്‌നു തൈമിയ്യ(റഹി)യുടെ അഭിപ്രായം. അതിനാല്‍ ആ നിലയ്ക്ക് അവയെ ഉപയോഗിക്കാവുന്നതുമാണ്. ഇബ്‌നു തൈമിയ്യയാണ് ഈ രീതിക്ക് യുക്തിപരമായി ദൈവം വ്യക്തമാണെന്ന് അഭിപ്രായപ്പെട്ടതെങ്കിലും ഇത് കേവലം അദ്ദേഹത്തിന്റെതായ നിര്‍മിതിയല്ല. മറിച്ച് മനുഷ്യന്റെ ശുദ്ധപ്രകൃതം ഏകദൈവ ബോധത്തില്‍ അധിഷ്ഠിതമാണെന്ന ചിന്ത ഇസ്‌ലാമിക അധ്യാപനങ്ങളുടെ തന്നെ ഭാഗമാണുതാനും. മനുഷ്യരെല്ലാം ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവര്‍ വ്യത്യസ്ത ആശയക്കാരാകുന്നത് സോഷ്യല്‍ കണ്ടീഷനിങ് വഴിയാണെന്നും പ്രവാചകന്‍ വിശദീകരിക്കുന്ന ഹദീഥുണ്ട്.(19) ‘അല്‍ഫിത്വ്‌റ’ എന്നാണ് ഈ നൈസര്‍ഗികാവസ്ഥയെ ഇസ്‌ലാം വിശേഷിപ്പിക്കുന്നത്. ഇസ്‌ലാം സ്വയംതന്നെയും മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ ഭാഗമാണെന്ന് പഠിപ്പിക്കുന്നു; അതിലേക്ക് ക്ഷണിക്കുന്നു.

”ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.”(20)

ഈ പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയെയും ഫിത്‌റയെയും നിഷേധിക്കുന്നത് സ്വയം നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം പ്രാഥമികമായ യുക്തിബോധത്തെ നിഷേധിച്ചുകൊണ്ട് ഒരു ജ്ഞാനാന്വേഷണംതന്നെ സാധ്യമല്ല. അത്തരമൊരു നിലപാട് അങ്ങേയറ്റത്തെ അപഹാസ്യതയാണുതാനും. അതിനാല്‍ റാഡിക്കല്‍ സ്‌കെപ്ടിസിസത്തിന്റെ കേവല മസ്തിഷ്‌ക സര്‍ക്കസുകള്‍ കൊണ്ട് പോലും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ദൈവാസ്തിത്വം വ്യക്തമാണ്.

 

കുറിപ്പുകള്‍

14. The most extensive studies undertaken so far of Ibn Taymiyyah’s epistemological framework include Carl Sharif ElTobgui, Ibn Taymiyya on Reason and Revelation: A Study of Dartaaru alaql walnaql (Leiden: Brill, 2020), 25376 and, particularly on his conceptualization of the firah, Yasir Kazi [Qadhi], “Reconciling Reason and Revelation in the Writings of Ibn Taymiyya (d. 728/1328): An Analytical Study of Ibn Taymiyya’s Dar altaaru ” (Ph.D. diss., Yale University, 2013), 23292. In addition, the significance of Ibn Taymiyyah’s ideas within epistemological debates on belief in God has been discussed in Jamie B. Turner, “An Islamic Account of Reformed Epistemology, ” Philosophy East and West, December 13, 2019, http://dx.doi.org/10.1353/pew.0.0193 and, previously, in Wael Hallaq, “Ibn Taymiyya on the Existence of God,” Acta Orientalia 52 (1991): 66. However, the present essay offers a detailed examination of Ibn Taymiyyah’s epistemic approach to atheism with reference to his writings on radical skepticism, which has not been hitherto undertaken.

15. https://www.theguardian.com/science/2019/feb/17/studyblamesyoutube forriseinnumberofflatearthers.

16. https://www.sciencedaily.com/releases/2011/07/110714103828.htm

17. https://www.livescience.com/56208 oxytocinhormonespiritualtiy.html

18. https://www.apa.org/news/press/releases/2011/09/thinkinggod

19. Sahih Muslim 2659/In-book reference: Book 46, Hadith 40, USCMSA web (English) reference: Book 33, Hadith 6429 (deprecated numbering scheme)

20. Quran 30:30.

 

ശാഹുല്‍ പാലക്കാട്

നേർപഥം വാരിക