സല്‍കര്‍മങ്ങളുടെ ലക്ഷ്യം തെറ്റരുത്

സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങി ജീവിക്കുന്നവനാണ് മുസ്‌ലിം. അവന്‍ ഏതൊരു സല്‍കര്‍മം ചെയ്യുന്നതും സ്രഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചുെകാണ്ടായിരിക്കണം. തന്റെ രഹസ്യപരസ്യങ്ങള്‍ അറിയുന്ന രക്ഷിതാവിന്റെ സംതൃപ്തി മാത്രം ആഗ്രഹിച്ചുകൊണ്ട് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ പ്രീതിക്കുവേണ്ടിയും ഭൗതികമായ നേട്ടങ്ങള്‍ ആഗ്രഹിച്ചുകൊണ്ടും ചെയ്യുന്നത് കനത്ത ശിക്ഷയര്‍ഹിക്കുന്ന വലിയ തെറ്റാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നമസ്‌കരിക്കുക, ഹജ്ജ് ചെയ്യുക, ദാനം ചെയ്യുക തുടങ്ങിയ അനേകം സല്‍കര്‍മങ്ങള്‍ ചെയ്യേണ്ടവനാണ് മുസ്‌ലിം. അതൊക്കെ അവന്റെ പരലോക വിജയത്തിന് അനിവാര്യമാണെന്നിരിക്കെ അക്കാര്യങ്ങള്‍ ലോകമാന്യത്തിനായി ചെയ്യുന്നത് ദൈവത്തെ നിസ്സാരനാക്കലാണ്, ദൈവത്തെ ധിക്കരിക്കലാണ്. മാത്രമല്ല ദൈവത്തില്‍ പങ്കുചേര്‍ക്കല്‍ കൂടിയാണത്. സോഷ്യല്‍ മീഡിയയുടെ കാലത്ത് നല്ലകാര്യങ്ങള്‍ ചെയ്യുന്നത് ആളുകള്‍ക്കിടയില്‍ കീര്‍ത്തി ലഭിക്കാനും പൊങ്ങച്ച പ്രകടനത്തിനായും ചിലര്‍ ഉപയോഗപ്പെടുത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”എന്നാല്‍ തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങെള കാണിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായവര്‍ക്ക് നാശം” (107:4-6).
”സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തു പറഞ്ഞുകൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവഴിക്കുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ കനത്ത ഒരു മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയുകയില്ല…. ” (2:264).
അല്ലാഹുവിനു വേണ്ടി ചെയ്യുന്നു എന്നു വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിക്കുകയും എന്നാല്‍ ചെയ്യുന്നതിന്റെ ലക്ഷ്യം ലോകമാന്യവുമാണെങ്കില്‍ ഒരുപക്ഷേ, ആളുകള്‍ അതറിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ അല്ലാഹു അതറിയാതിരിക്കില്ല.
”…നിങ്ങളുടെ മനസ്സിലുള്ളത് രഹസ്യമാക്കിയാലും പരസ്യമാക്കിയാലും അല്ലാഹു അതിനെക്കുറിച്ച് വിചാരണ നടത്തുന്നതാണ്” (2:284).
ജനങ്ങളെ കാണിക്കുവാനായി ഭക്തി പ്രകടമാക്കലും ആരാധനകള്‍ ചെയ്യലും യഥാര്‍ഥ വിശ്വാസിയുടെ സ്വഭാവമല്ല. പാരത്രികലോകത്ത് മനുഷ്യര്‍ തങ്ങളുടെ കര്‍മഫലങ്ങള്‍ സ്വീകരിക്കാനായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍, ലോകമാന്യതയ്ക്കായി കര്‍മങ്ങള്‍ ചെയ്തവരോട് അല്ലാഹു ഇപ്രകാരം പറയുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്: ”ഐഹിക ജീവിതത്തില്‍ ആരെ കാണിക്കുവാന്‍ വേണ്ടിയാണോ നിങ്ങള്‍ പ്രവര്‍ത്തിച്ചത് അവരുടെ അടുക്കല്‍ പോയി പ്രതിഫലം വല്ലതുമുണ്ടോ എന്ന് അനേ്വഷിക്കുക” (അഹ്മദ്).
ലോകമാന്യത്തിനു വേണ്ടി കര്‍മം ചെയ്യുന്നവരുടെ ദൗര്‍ഭാഗ്യകരമായ പര്യവസാനം വ്യക്തമാക്കുന്ന, ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ദീര്‍ഘമായ ഒരു പ്രവാചക വചനമുണ്ട്. ധീരനെന്ന് പറയപ്പെടുവാന്‍ വേണ്ടി രക്തസാക്ഷ്യം വരിച്ചവനും പണ്ഡിതനെന്ന് ആളുകള്‍ പറയാന്‍ വേണ്ടി പഠിക്കുകയും ഓത്തുകാരന്‍ എന്ന് അറിയപ്പെടുവാന്‍ വേണ്ടി ക്വുര്‍ആന്‍ പാരായണം ചെയ്തവനും വലിയ ധര്‍മിഷ്ഠനാണെന്ന പേര് ലഭിക്കുവാനായി ധര്‍മം ചെയ്തവനും നരകത്തിലേക്ക് എറിയപ്പെടുന്നതായാണ് അതില്‍ വിശദീകരിക്കുന്നത്.
പത്രാധിപർ
നേർപഥം വാരിക
👍🏻