കള്ളപ്രവാചകന്മാർ രംഗത്ത്

കള്ളപ്രവാചകന്മാർ രംഗത്ത്

ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാൻ നബി ﷺയുടെ അടൂത്തേക്ക് എത്തുന്ന നിവേദകസംഘങ്ങളുടെ വരവ് കൂടി. മക്കയുടെയും യമനിന്റെയും ഇടയിലെ യമാമയിൽ താമസിക്കുന്ന ബനൂഹനീഫയുടെ നിവേദകസംഘം അതിൽ പ്രധാനപ്പെട്ടതായിരുന്നു. ആ നിവേദകസംഘത്തിന്റെ തലവൻ മുസയ്‌ലിമത്ഇബ്‌നു ഥുമാമയായിരുന്നു. പതിനേഴ് പേരായിരുന്നു ആ കൂട്ടത്തിലുണ്ടായിരുന്നത്. നബി ﷺയെക്കാൾ പ്രായം കൂടുതലുള്ള ആളായിരുന്നു അയാൾ. അങ്ങനെ അയാൾ നബി ﷺയുടെ അടുത്തെത്തി മുസ്‌ലിമായി തിരിച്ചുപോയി. കൂടെയുള്ളവരും നബി ﷺയിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഇയാൾ നബി ﷺയുടെ അടുത്തേക്ക് വരാൻ അൽപം അഹങ്കാരം കാണിക്കുകയും നേതാവാകാൻ മോഹിക്കുകയും ചെയ്തിരുന്നു. ഞാൻ റഹ്‌മാനാണ് എന്നുവരെ അയാൾ വാദിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. യമാമക്കാരുടെ റഹ്‌മാനാണെന്ന് വാദിച്ച് നേതൃത്വം മോഹിച്ച് നടന്നിരുന്ന മുസയ്‌ലിമ നബി ﷺയുടെ അടുത്ത് വരുന്നത് നമുക്ക് ചരിത്രത്തിൽ ഇപ്രകാരം കാണാം:

ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലി ﷺന്റെ കാലത്ത് മുസയ്‌ലിമതുൽ കദ്ദാബ് വരികയുണ്ടായി. എന്നിട്ട് അയാൾ പറഞ്ഞു: ‘മുഹമ്മദ് തന്റെ കാലശേഷം കാര്യങ്ങൾ എന്നെ ഏൽപിക്കുകയാണെങ്കിൽ ഞാൻ അവനെ പിന്തുടരുന്നതാണ്.’ അയാളുടെ ജനതയിൽനിന്ന് ധാരാളം പേരും (അയാളുടെ കൂടെ) അവിടെ വന്നു. അല്ലാഹുവിന്റെ റസൂലും ﷺ കൂടെയുണ്ടായിരുന്ന ഥാബിത് ഇബ്‌നുക്വയ്‌സ് ഇബ്‌നു ശമ്മാസും അയാളിലേക്ക് (സ്വീകരിക്കാനായി) മുന്നോട്ടുവന്നു. അന്നേരം നബി ﷺയുടെ കൈയിൽ ഒരു ഈത്തപ്പന മട്ടൽ ഉണ്ടായിരുന്നു. അങ്ങനെ അവിടുന്ന് മുസയ്‌ലിമയുടെ ആളുകളുടെ മധ്യത്തിൽ നിന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘ഈ (ഈത്തപ്പന മട്ടലിന്റെ) കഷ്ണം നീ എന്നോട് ചോദിച്ചാലും ഞാൻ അത് നിനക്ക് തരുന്നതല്ല. (വിശ്വാസിക്കാതെ) നീ പുറകോട്ട് പോകുകയാണെങ്കിൽ അല്ലാഹു നിന്നെ അറുത്ത് കളയുന്നതാണ്. തീർച്ചയായും നിന്റെ കാര്യത്തിൽ ഞാൻ ചിലതെല്ലാം കണ്ടിട്ടുണ്ട്’’ (ബുഖാരി).

നബി ﷺ അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നു ഇപ്രകാരം പറഞ്ഞത്. മുസയ്‌ലിമയുടെ കള്ളത്തരത്തവും ദുർവിചാരവും അല്ലാഹു അവിടുത്തേക്ക് വെളിപ്പെടുത്തിക്കൊടുത്തു. മുസയ് ലിമ വരുന്നതിന് മുമ്പേ തന്നെ അല്ലാഹു ഇത് അറിയിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുകയാണ്:

“അബൂഹുറയ്‌റ എന്നോട് പറയുകയുണ്ടായി; തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ‘ഞാൻ ഉറങ്ങുന്നതിനിടയിൽ സ്വർണത്താലുള്ള രണ്ട് വളകൾ എന്റെ കൈയിൽ ഞാൻ കാണുകയുണ്ടായി. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ സ്വപ്‌നത്തിൽ എനിക്ക് വഹ്‌യ് നൽകപ്പെട്ടു: ‘അവ രണ്ടിലും ഊതുക.’ അപ്പോൾ ഞാൻ അവയിൽ ഊതി. അപ്പോൾ അവ പാറിപ്പോകുകയും ചെയ്തു. അവ രണ്ടിനെയും ഞാൻ വ്യാഖ്യാനിക്കുന്നത് എനിക്ക് ശേഷം രണ്ട് കള്ളന്മാർ രംഗത്ത് വരുമെന്നതാണ്. അവരിൽ ഒരാൾ അൽഅൻസിയും മറ്റേത് മുസയ്‌ലിമയുമായിരുന്നു’’ (ബുഖാരി).

എങ്ങനെയാണ് നബി ﷺ ആ സ്വപ്‌നത്തിന് ഈ രൂപത്തിൽ വ്യാഖ്യാനം നൽകിയത് എന്ന് പണ്ഡിതന്മാർ വിവരിക്കുന്നുണ്ട്: കളവ് എന്നത് ഒരു വസ്തുവിനെ അതിന്റെ യഥാർഥ സ്ഥാനത്തല്ലാതെ വെക്കലാണല്ലോ. സ്വർണത്താലുള്ള വളകൾ അണിയൽ സ്ത്രീകളാണല്ലോ അണിയൽ. അത് നബി ﷺ തന്റെ കൈകളിൽ കാണുന്നു. ഒരാൾക്ക് അവകാശമില്ലാത്ത ഒരു കാര്യം വാദിക്കുന്ന രണ്ടാളുകൾ പ്രത്യക്ഷപ്പെടാനിരിക്കുന്നു എന്ന് അവിടുന്ന് മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ അപ്രകാരം ആ സ്വപ്‌നത്തെ വ്യാഖ്യാനിച്ചത്.

 

മുസയ്‌ലിമയുടെ മോഹം കേട്ട നബി ﷺ ഈ സ്വപ്‌നത്തെ കുറിച്ച് ഓർത്തു. ഇതിൽ ഒരു ‘വള’ ഇവൻ തന്നെ. ഇവൻ കുഴപ്പക്കാരനാണ്. പക്ഷേ, അയാളെ കൊല്ലാൻ നബി ﷺ മുതിർന്നില്ല. എന്നാൽ അവന് അല്ലാഹുവിന്റെ റസൂൽ ﷺ മുന്നറിയിപ്പ് നൽകി. അധികനേരം അവനോട് സംസാരിക്കാൻ നബി ﷺ കൂട്ടാക്കിയതുമില്ല. കൂടെയുണ്ടായിരുന്ന ഥാബിതി(റ)നോട് സംസാരിക്കാൻ ഏൽപിച്ച് അവിടുന്ന് പിന്മാറി.

അങ്ങനെ മുസയ്‌ലിമ യമാമയിലേക്ക് മടങ്ങി. അവിടെ എത്തിയ ശേഷം നബി ﷺക്ക് ഇപ്രകാരം ഒരു കത്ത് എഴുതുകയുണ്ടായി: “അല്ലാഹുവിന്റെ റസൂലായ മുസയ്‌ലിമയിൽനിന്ന് അല്ലാഹുവിന്റെ റസൂലായ മുഹമ്മദിന്. താങ്കൾക്ക് സമാധാനം. തീർച്ചയായും താങ്കളുടെ കൂടെ കാര്യങ്ങളിൽ ഞാനും പങ്കാളിയാകാം. താങ്കൾക്ക് നല്ല വീടുകളിൽ കഴിയുന്നവരടെ കാര്യവും എനിക്ക് ഗ്രാമീണരുടെ കാര്യവും. പക്ഷേ, ക്വുറയ്ശികൾ അക്രമികളായ ജനതയാകുന്നു.’’ ഉടനെ അല്ലാഹുവിന്റെ റസൂൽ ﷺ അയാൾക്ക് മറുപടി എഴുതി: “അല്ലാഹുവിന്റെ റസൂലായ മുഹമ്മദിൽനിന്ന് പെരുംകള്ളനായ മുസയ്‌ലിമയിലേക്ക്, സന്മാർഗം പിന്തുടരുന്നവർക്കാകുന്നു സലാം. തീർച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അതിനെ അല്ലാഹു അവന്റെ അടിമകളിൽനിന്ന് അവനുദ്ദേശിക്കുന്നവരെ അനന്തരമാക്കുന്നതാണ്. സൂക്ഷ്മത പുലർത്തുന്നവർക്കത്രെ (നല്ല) പര്യവസാനം’’ (ഇബ്‌നു കഥീർ).

മുസയ്‌ലിമ നബി ﷺയുടെ കത്തിനെ തീരെ ഗൗനിച്ചതേയില്ല. അവൻ നാട്ടിൽ അനുയായികളെ ഉണ്ടാക്കാനായി നബിയാണെന്നും വാദിച്ച് നടക്കുകയായിരുന്നു. തനിക്കും ക്വുർആൻ ഇറങ്ങുന്നുണ്ടെന്നു പറഞ്ഞ് ചില വചനങ്ങൾ പ്രാസമൊപ്പിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ചു. യമാമക്കാരിൽ പലരും അവനിൽ വിശ്വസിച്ചു. അവരെ അവന്റെ വരുതിയിൽ തന്നെ നിർത്താനായി അവർക്ക് പല സൗകര്യങ്ങളും വാഗ്ദാനം നൽകുകയും ചെയ്തു. അഥവാ ക്വുർആൻ നിഷിദ്ധമാക്കിയ മദ്യം അയാൾ അനുവദനീയമാക്കി. വ്യഭിചാരത്തിനും അംഗീകാരം നൽകി. താൻ നബിയാണെന്നതിന് സാക്ഷ്യം വഹിച്ചവർക്ക് നിസ്‌കാരത്തിൽ നിന്ന് ഇളവും നൽകി. തെമ്മാടികൾ കൊതിക്കുന്ന എല്ലാ കാര്യത്തിനും മുസയ്‌ലിമഃ അനുവാദം നൽകിയതോടെ അവർക്കെല്ലാം പെരുത്ത് ഇഷ്ടമായി. അവർ അയാളുടെ പിന്നാലെ കൂടുകയും ചെയ്തു. സജാഹ് എന്ന് പറയുന്ന ഒരു പെണ്ണ് അയാളിലേക്ക് വല്ലാതെ ആകർഷിക്കപ്പെട്ടു. ഈ പെണ്ണും പ്രവാചകത്വം വാദിച്ച് നബിച്ചിയായി രംഗത്ത് വന്നിട്ടുണ്ട്. ഇവർ തമ്മിൽ വിവാഹവും നടന്നു. മുസയ്‌ലിമ കൊല്ലപ്പെട്ടതിന് ശേഷം ഇവർ മുസ്‌ലിമായി എന്നതാണ് ചരിത്രം.

മുസയ്‌ലിമതുൽ കദ്ദാബിന്റെ രണ്ട് ദൂതന്മാരായ ഇബ്‌നു നവ്വാഹയും ഇബ്‌നു ഉഥാലും അല്ലാഹുവിന്റെ റസൂലി ﷺന്റെ അടുക്കലേക്ക് വന്നു. അപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു: “ഞാൻ അല്ലാഹുവിന്റെ റസൂലാണ് എന്നത് നിങ്ങൾ സാക്ഷ്യംവഹിക്കുന്നവരാണോ?’’ അവർ പറഞ്ഞു: “മുസയ്‌ലിമ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങൾ സാക്ഷ്യംവഹിക്കുന്നു.’ അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ഞാൻ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുന്നവനാകുന്നു. ഞാൻ ദൂതന്മാരെ വധിക്കുന്നവനായിരുന്നെങ്കിൽ നിങ്ങളെ ഇരുവരെയും ഞാൻ വധിക്കുകതന്നെ ചെയ്യുമായിരുന്നു’’ (സീറതുന്നബവിയ്യ, ഇബ്‌നു കഥീർ).

ഹിജ്‌റ പത്താം വർഷത്തിലായിരുന്നു ഇയാളുടെ പ്രവാചകത്വം വാദിച്ചുള്ള രംഗപ്രവേശനം. അബൂബക്‌റി(റ)ന്റെ ഭരണകാലത്ത് അല്ലാഹുവിന്റെ റസൂലി ﷺന്റെ പ്രവചനം പുലരുകയുണ്ടായി. ഹിജ്‌റ പന്ത്രണ്ടാം വർഷത്തിൽ അബൂബക്‌റി(റ)ന്റെ ഭരണകാലത്ത് യമാമക്കാരുമായുണ്ടായ യുദ്ധത്തിൽ അവൻ കൊല്ലപ്പെടുകയും ചെയ്തു. വഹ്ശി(റ) ആയിരുന്നു അയാളെ വധിച്ചത്.

ഉഹ്ദ് യുദ്ധത്തിൽ നബി ﷺയുടെ പിതൃവ്യൻ ഹംസ(റ)യെ ചാട്ടുളികൊണ്ട് വധിച്ചത് വഹ്ശിയായിരുന്നല്ലോ. വഹ്ശി പിന്നീട് ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം തത്തുല്ല്യമായ ഒരു പ്രതികാരം ചെയ്ത് അതിന് പ്രായശ്ചിത്തം നൽകുമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഏറ്റവുംനല്ല മനുഷ്യനെ കൊന്നതിന് ഏറ്റവും ദുഷ്ടനായ ഒരാളെ കല്ലാൻ അവസരം ആഗ്രഹിച്ച ആളായിരുന്നു വഹ്ശി(റ). യമാമ യുദ്ധത്തിൽ മുസയ്‌ലിമയുടെ തലയറുത്തെടുത്തു എന്നതാണ് ചരിത്രം. അതെ, നബി ﷺ മുമ്പ് നടത്തിയ പ്രവചനം സത്യമാകുകയും ചെയ്തു. അസ്‌വദുൽ അനസി നബി ﷺയുടെ കാലത്തും മുസയ്‌ലിമ അബൂബക്‌റി(റ)ന്റെ കാലത്തും കൊല്ലപ്പെട്ടു. നബി ﷺ കണ്ട ആ രണ്ട് വളകളും പാറിപ്പോയി. കള്ളപ്രവാചകന്മാരുടെ രംഗപ്രവേശത്തെ സംബന്ധിച്ച് നബി ﷺ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “…മുപ്പതോളം വരുന്ന പെരുംനുണയന്മാരും വ്യാജന്മാരുമായവർ അയക്കപ്പെടുന്നതുവരെ അന്ത്യസമയം വരുന്നതല്ല. അവർ എല്ലാവരും അല്ലാഹുവിന്റെ റസൂലാണെന്ന് വാദിക്കുകയും ചെയ്യുന്നതാണ്’’ (ബുഖാരി).

ഥൗബാനി(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ‘എന്റെ സമുദായത്തിൽ നിന്ന് ചില വിഭാഗക്കാർ ബഹുദൈവാരാധകരോട് ചേരുന്നതുവരെയും എന്റെ സമുദായത്തിൽനിന്ന് ചില വിഭാഗക്കാർ വിഗ്രഹങ്ങളെ ആരാധിക്കുന്നതുവരെയും ഞാൻ നബിയാണെന്ന് വാദിക്കുന്ന മുപ്പത് പെരുംകള്ളന്മാർ എന്റെ സമുദായത്തിൽനിന്നും ഉണ്ടാകുന്നതുവരെയും അന്ത്യദിനം സംഭവിക്കുന്നതല്ല. ഞാൻ പ്രവാചകന്മാരിൽ അന്തിമനാകുന്നു. എനിക്ക് ശേഷം നബിയില്ല’’ (അബൂദാവൂദ്).

മുഹമ്മദ് നബി ﷺ അന്ത്യപ്രവാചകനാണ്. എന്നാൽ ഈ ഉമ്മത്തിൽനിന്ന് വ്യാജന്മാരായ നബിമാർ രംഗത്ത് വരുന്നതാണെന്ന് നബി ﷺ മുന്നറിയിപ്പ് നൽകുമ്പോൾ ചില കാര്യങ്ങൾ മാനസ്സിലാക്കേണ്ടതുണ്ട്. നബി ﷺയുടെ പ്രവചനം സത്യമാകും. ഇത്തരത്തിലുള്ള കള്ളന്മാർ വന്ന് പ്രവാചകത്വം വാദിക്കുമ്പോൾ അവരിൽ വിശ്വസിക്കാൻ പാടില്ല. മുഹമ്മദ് നബി ﷺ അവസാനത്തെ നബിയാണെന്ന വിശ്വാസം പ്രവാചകന്മാരിലുള്ള വിശ്വാസത്തിന്റെ കാതലായ ഭാഗമാണ്. സ്വഹാബിമാരുടെ കാലത്ത് കള്ളപ്രവാചകന്മാർ രംഗത്ത് വന്നപ്പോൾ അവർ എടുത്ത സമീപനം നാം ശ്രദ്ധിക്കേണ്ടതുണ്ട്. കള്ളപ്രവാചകന്മാർ നിരത്തുന്ന വ്യാജ തെളിവുകൾ സത്യമാണോ അല്ലയോ എന്ന് അവർ പരിശോധിച്ചില്ല. കാരണം നബി ﷺ അന്തിമദൂതനാകുന്നു എന്ന അടിസ്ഥാനവിശ്വാസത്തെ തകർക്കുന്നതാണ് അത്. ഇതേ സമീപനമാണ് നമ്മളും സ്വീകരിക്കേണ്ടത്. വ്യാജവാദി എന്ത് കാണിച്ചാലും അതൊന്നുംതന്നെ അയാൾ നബിയാണെന്ന് വിശ്വസിക്കാൻ കാരണമല്ല. അങ്ങനെ വിശ്വസിക്കുന്നവർ ഇസ്‌ലാമിൽനിന്നും പുറത്തുപോകുന്നതാണ്.

നബി ﷺയുടെ പ്രവചനംപോലെ ധാരാളം ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം നുബുവ്വത്ത് വാദിച്ച് രംഗത്തുവന്നതായി നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും. പലരും പിന്നീട് അവരുടെ വാദത്തിൽനിന്ന് പിന്മാറി ഇസ്‌ലാം സ്വീകരിച്ചവരാണ്. പലരും കാഫിറായിട്ട് തന്നെയാണ് മരണപ്പെടുകയുണ്ടായത്. അക്കൂട്ടത്തിൽ ഒരാളാണ് ഇന്ത്യയിൽ മുളപൊട്ടിയ മിർസാഗുലാം അഹ്‌മദ് ഖാദിയാനി. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ബട്ടാല താലൂക്കിൽ പെട്ട ഖാദിയാൻ ഗ്രാമത്തിൽ മിർസാഗുലാം മുർതസയുടെയും ചിറാഗ് ബീവിയുടെയും മകനായി 1835ൽ ജനിച്ചു. ഇയാളുടെ അനുയായികളാണ് ഇന്ന് ഖാദിയാനികളെന്നും അഹ്‌മദിയ്യാക്കളെന്നുമൊക്കെ അറിയപ്പെടുന്നത്.

ഈസാ(അ) മരണപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അയാളുടെ ആദ്യവെടി. അവസാനകാലത്ത് വരാനിരിക്കുന്ന മസീഹ് (മിശിഹ) താനാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ടിയാൻ ഇപ്രകാരം തട്ടിയത്. അയാളുടെ അത്ഭുതമായി പറയുന്നത് ചെറുപ്പം മുതൽക്കേ ചില രോഗങ്ങളുണ്ടായിരുന്നു എന്നതാണ്. അപസ്മാര രോഗിയായിരുന്നു അയാൾ. ഇടക്കിടെ ബോധരഹിതനായി വീഴാറുണ്ടായിരുന്നു. ഓർമശക്തി വളരെ കുറവായിരുന്നു. കാലിൽ സോക്‌സ് ധരിക്കുമ്പോൾ പോലും മുന്നും പിന്നും ശ്രദ്ധിക്കാതെ ഇടാറുണ്ടായിരുന്നു എന്നുവരെ ചരിത്രം പറയുന്നു. ഷൂ ധരിക്കുമ്പോൾ ഇടതും വലതും തിരിയാതെ മാറി ധരിക്കും. ചെറുപ്പം മുതൽതന്നെ വീട്ടിൽവെച്ച് ചെറിയ മോഷണം നടത്താറുണ്ടായിരുന്നു. ഒരു ദിവസം വീട്ടിൽനിന്ന് ഒരു സാധനം എടുക്കാൻ ആരോ നിർദേശിച്ചപ്പോൾ പഞ്ചസാരയാണെന്ന് വിചാരിച്ച് ഉപ്പ് വാരി കീശയിലിട്ട് വരികയും പഞ്ചസാരയാണെന്ന് വിചാരിച്ച് അത് കഴിക്കുകയും ചെയ്തു.

അയാൾക്ക് ഉണ്ടായിരുന്ന രോഗത്തെപോലും താൻ നബിയാണെന്നതിന് തെളിവായി വ്യാഖ്യാനിച്ചിരുന്നു! അപസ്മാരവും മൂത്രവാർച്ചയുമായിരുന്നു അസുഖങ്ങൾ. ഈസാ(അ) ദമസ്‌കസിലെ പള്ളി മിനാരത്തിൽ ഇറങ്ങുന്ന സമയത്ത് രണ്ട് മഞ്ഞപ്പുതപ്പ് അണിഞ്ഞിട്ടുണ്ടാകുമെന്ന് പറഞ്ഞത് അയാളുടെ രണ്ട് രോഗമാണ് സൂചിപ്പിക്കുന്നത് എന്നതായിരുന്നു ടിയാന്റെ കണ്ടെത്തൽ. അതിനാൽ രോഗം ചികിത്സിച്ച് സുഖപ്പെടുത്താൻ അയാൾ സമ്മതിക്കാറില്ലായിരുന്നു. ഇപ്രകാരമെല്ലാമുള്ള വഷളത്തരങ്ങൾ തട്ടിവിട്ടിട്ടും കൂടെക്കൂടാൻ ആളുകളുണ്ട്. അപ്പോൾ അയാളെ പറ്റി പഠിക്കാനും തെളിവുകൾ പരതാനും നാം പോകേണ്ടതില്ല. മുഹമ്മദ് നബി ﷺക്ക് ശേഷം പ്രവാചകത്വം വാദിക്കുന്നവർ എല്ലാവരും വ്യാജന്മാരാണെന്നതാണ് നമ്മുടെ വിശ്വസം. ഇവർ കാഫിറുകളാണെന്നാണ് ഇസ്‌ലാമിക ലോകത്തിന്റെ തീരുമാനം. ഇസ്‌ലാമിലെ ഒരു അവാന്തരവിഭാഗമായി പോലും അവരെ പരിഗണിച്ചുകൂടാ. മുഹമ്മദ് നബി ﷺയുടെ പ്രത്യേകതയായി അല്ലാഹുതന്നെ അറിയിച്ചത് കാണുക:

“മുഹമ്മദ് നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകൻമാരിൽ അവസാനത്തെ (ഖാതമുന്നബിയ്യീൻ) ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (ക്വുർആൻ 33:40).

‘ഖാതമുന്നബിയ്യീൻ’ എന്ന് പറഞ്ഞാൽ നബിമാരിൽ അവസാനത്തെയാൾ എന്നാണ് അർഥം. ‘ഖാതം’ എന്ന് പദത്തിന് ‘മുദ്ര’ എന്നും അർഥമുണ്ട്. ഒരു പേപ്പറിൽ എല്ലാം എഴുതി മുദ്രവെക്കപ്പെട്ടാൽ പിന്നെ അതിൽ മാറ്റമില്ലല്ലോ. അതെ, നബി ﷺയോടെ നുബുവ്വത്തിന് മുദ്ര വെക്കപ്പെട്ടു. ഇനി ഒരാളും നുബുവ്വത്ത് വാദിച്ച് വരാനില്ല. എന്നാൽ ഖാദിയാനികൾ ‘നബിമാരിൽ ശ്രേഷ്ഠൻ’ എന്ന അർഥമാണ് നൽകുന്നത്. ഈ അർഥം കൽപിക്കുവാൻ ഭാഷയിലോ മറ്റോ യാതൊരു രേഖയും തന്നെയില്ല.

നബി ﷺക്ക് ശേഷം പ്രവാചകത്വം വാദിക്കാതെ അല്ലാഹുവുമായി നേരിട്ട് തങ്ങൾക്ക് ബന്ധമുണ്ടെന്നും പുതിയ അറിവുകൾ അല്ലാഹു തങ്ങൾക്ക് നേരിട്ട് കൈമാറുന്നുണ്ടെന്നും ചില ത്വരീക്വത്ത് വാദികളും ഇക്കാലത്ത് പ്രചരിപ്പിക്കുന്നുണ്ട്. അവരും വ്യാജന്മാർ തന്നെ. ഇത്തരത്തിൽ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അവർ പറയുന്ന പുതിയ അറിവിന്റെ ഉറവിടം എവിടെയാണെന്ന് കാണുക:

“(നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കൾ ഇറങ്ങുന്നതെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? പെരും നുണയൻമാരും പാപികളുമായ എല്ലാവരുടെ മേലും അവർ (പിശാചുക്കൾ) ഇറങ്ങുന്നു’’ (ക്വുർആൻ 26:221,222).

‘വഹ്‌യ്’ (ദിവ്യബോധനം) എന്ന് പറയുന്നില്ലെങ്കിലും അല്ലാഹുവിൽനിന്ന് തങ്ങൾക്ക് നേരിട്ട് കാര്യങ്ങൾ നൽകപ്പെടുന്നുണ്ടെന്ന് പറയുന്നവർ എല്ലാവരും പാപികളും കള്ളന്മാരുമാകുന്നു. പിശാചുക്കളാകുന്നു അവരിൽ ഇറങ്ങുന്നത്. മഹാനായ ശൈഖ് മുഹമ്മദ് അബ്ദുൽ ക്വാദിർ ജീലാനി(റ)യെ പറ്റി ചിലർ പ്രചരിപ്പിക്കുന്നത് നോക്കൂ:

‘ചൊല്ലീല ഞാനൊന്നും എന്നോട് ചൊല്ലാതെ

ചൊല്ല് നീ എന്റെ അമാനിൽ അതെന്നോവർ’

മുഹമ്മദ് നബി ﷺക്ക് ശേഷമാണല്ലോ ശൈഖിന്റെ ജനനം. നബി ﷺയുടെ വഫാതിലൂടെ വഹ്‌യ് നിന്നു എന്നതാണ് സ്വഹാബിമാർ വിശ്വസിച്ചത്. അതുതന്നെയാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസവും. എന്നാൽ ശൈഖ് അല്ലാഹുവിന്റെ കൽപന പ്രകാരമാണ് സംസാരിച്ചിരുന്നതെന്നും അതിന് അല്ലാഹുവിന്റെ കാവൽ ശൈഖിന് ഉണ്ടായിരുന്നു എന്നെല്ലാമാണ് ഇത്തരക്കാർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്.

(അടുത്ത ലക്കത്തിൽ: നബി ﷺയുടെ വിവാഹങ്ങൾ)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

നിവേദക സംഘങ്ങളുടെ വരവ്

നിവേദക സംഘങ്ങളുടെ വരവ്

ഇസ്‌ലാമിന് അഭൂതപൂര്‍വകമായ വളര്‍ച്ച മദീനയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതേ വര്‍ഷത്തില്‍ (ഹിജ്‌റ 9ല്‍) തന്നെ വലിയ ദൗത്യസംഘങ്ങള്‍ നബി ﷺ യെ ലക്ഷ്യമാക്കി മദീനയിലേക്ക് എത്തിത്തുടങ്ങി. ഈ വര്‍ഷത്തില്‍ അറുപതോളം നിവേദക സംഘങ്ങള്‍ വിവിധ നാടുകളില്‍നിന്നും ഗോത്രങ്ങളില്‍നിന്നും എത്തി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മദീനയിലേക്ക് എത്തുന്ന ഈ നിവേദക സംഘങ്ങള്‍ മുസ്‌ലിംകള്‍ ആയിരുന്നില്ല. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനും നബി ﷺ യെ അറിയാനുമായിരുന്നു അവരുടെ വരവ്. പലരും പല സ്വഭാവക്കാരാണ്. പെരുമാറ്റ മര്യാദകള്‍ അറിയാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

തമീം ഗോത്രം

നിവേദക സംഘമായി എത്തിയവരില്‍ ഒരു വിഭാഗമായിരുന്നു തമീം ഗോത്രം. മരുഭൂമിയിലെ ഉള്‍നാടുകളില്‍ വസിക്കുന്നവരായിരുന്നു ഇക്കൂട്ടര്‍. അവര്‍ മദീനയില്‍ എത്തി. ‘മുഹമ്മദ് എവിടെ’ എന്നായിരുന്നു അവര്‍ അന്വേഷിച്ചിരുന്നത്. നബി ﷺ തന്റെ ഭാര്യമാര്‍ക്ക് താമസിക്കാനായി മദീന പള്ളിയോട് ചേര്‍ന്ന് ഉണ്ടാക്കിയ കൊച്ചു അറകള്‍ (ഹുജുറകള്‍) ഉണ്ടായിരുന്നു. അതിലായിരുന്നു തമീം ഗോത്ര ക്കാര്‍ വന്ന സമയത്ത് നബി ﷺ ഉണ്ടായിരുന്നത്. അവര്‍ നബി ﷺ യെ വിളിച്ചു: ‘മുഹമ്മദേ, പുറത്തേക്ക് വരൂ.’ തികച്ചും ഗ്രാമീണരായിരുന്നതിനാല്‍ സംസ്‌കാരമില്ലാത്ത പെരുമാറ്റം! നബി ﷺ ക്ക് പുറത്തിറങ്ങാനുള്ള സാവകാശം നല്‍കാനും ക്ഷമ കൈക്കൊള്ളാനും അവര്‍ക്ക് സാധിച്ചില്ല. നബിയെ ഹുജുറക്ക് പുറത്ത് നിന്ന് സ്വൈര്യം നഷ്ടപ്പെടുത്തുന്ന രൂപത്തില്‍ വിളിച്ചുകൊണ്ടേയിരുന്നു. അവരെ സംബന്ധിച്ചാണ് ക്വുര്‍ആന്‍ പറയുന്നത്:

‘‘(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നതുവരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (49:4,5).

നബി ﷺ യെ അറക്ക് പിന്നില്‍ നിന്ന് പേരെടുത്ത് വിളിച്ചുകൊണ്ടിരിക്കുന്ന ആ വിഭാഗക്കാര്‍ ചിന്തിച്ച് മനസ്സിലാക്കി പെരുമാറാന്‍ സാധിക്കുന്നവരല്ലായിരുന്നു. ഇത് അപമര്യാദയാണെന്ന് അറിയാത്തതിനാലാണ് അവര്‍ ഈ ശൈലിയില്‍ നബി ﷺ യെ വിളിച്ചിരുന്നത്. നബി ﷺ ക്ക് പുറത്തിറങ്ങാനുള്ള സാവകാശം നല്‍കി ക്ഷമിച്ചിരുന്നെങ്കില്‍ അതാകുമായിരുന്നു അവര്‍ക്ക് ഉത്തമം. പക്ഷേ, അറിവില്ലായ്മ കാരണത്താല്‍ അവരുടെ അപമര്യാദക്ക് അല്ലാഹു ശിക്ഷ നല്‍കില്ല. അല്ലാഹു പൊറുക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാകുന്നു.

നബി ﷺ ഹുജുറയില്‍നിന്നും ദുഹ്‌ർ നമസ്‌കാരത്തിന് വേണ്ടി പുറത്തിറങ്ങി. ഈ സന്ദര്‍ഭത്തില്‍ തമീം ഗോത്രക്കാര്‍ നബി ﷺ യുടെ പുറകെ കൂടി. നബി ﷺ യെ തോണ്ടി വിളിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ‘‘ഞങ്ങളുടെ കൂടെ നല്ല കവികളുണ്ട്, നന്നായി സംസാരിക്കുവാന്‍ കഴിവുള്ളവരുണ്ട്. ഞങ്ങളോട് മത്സരിക്കുവാന്‍ തയ്യാറുണ്ടോ?’’ നബി ﷺ ശാന്തനായി അവരോട് പറഞ്ഞു: ‘‘കവിതയുമായിട്ടല്ല ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതുപോലെ, പ്രസംഗിച്ച് ഗോത്ര മഹിമയും മറ്റും എടുത്തുപറഞ്ഞ് ആഭിജാത്യത്തിന്റെ പേരില്‍ അഹങ്കരിക്കാനുമല്ല അല്ലാഹു എന്നെ അയച്ചിട്ടുള്ളത്.’’

അങ്ങനെ തമീം ഗോത്രക്കാര്‍ നോക്കിനില്‍ക്കെ നബി ﷺ യും സ്വഹാബിമാരും നമസ്‌കാരത്തിലേക്ക് പ്രവേശിച്ചു. നമസ്‌കാരത്തിന് ശേഷം തമീമുകാര്‍ വീണ്ടും നബി ﷺ യുടെ സമീപത്തേക്ക് ചെന്നു. നബി ﷺ യുടെ വശ്യമായ പെരുമാറ്റവും ഇടപെടലും അവരെ സ്വാധീനിച്ചു. അവരെല്ലാവരും ഇസ്‌ലാം സ്വീകരിക്കുകയും തിരിച്ചുപോകുകയും ചെയ്തു.

ഈ കാലയളവില്‍ മറ്റു പല നാട്ടിലെയും ഗോത്രങ്ങളുടെയും നിവേദക സംഘങ്ങള്‍ വരികയുണ്ടായി. അവസാനമായി ബനൂ സഅ്ദ് ഗോത്രത്തിന്റെ പ്രതിനിധിയായി ദ്വിമാമ് ഇബ്‌നു ഥഅ്‌ലബയാണ് വന്നത്.അദ്ദേഹം വന്ന രംഗം ഇപ്രകാരം നമുക്ക് ചരിത്രത്തില്‍ കാണാം:

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ‘‘ഞങ്ങള്‍ പള്ളിയില്‍ നബി ﷺ യുടെ കൂടെ ഇരിക്കുന്നതിനിടയില്‍ ഒരാള്‍ ഒട്ടകപ്പുറത്ത് (അവിടെ) പ്രവേശിച്ചു. എന്നിട്ട് അദ്ദേഹം അതിനെ പള്ളിയില്‍ മുട്ടുകുത്തിക്കുകയും പിന്നീട് അതിനെ (അവിടെ) കെട്ടുകയും ചെയ്തു. പിന്നീട് അദ്ദേഹം അവരോട് ചോദിച്ചു: ‘നിങ്ങളില്‍ ആരാണ് മുഹമ്മദ്?’ ആ സമയത്ത് നബി ﷺ അവരുടെ മധ്യത്തില്‍ ചാരിയിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘ഇതാ ഈ ചാരിയിരിക്കുന്ന വെളുത്ത ആളാകുന്നു.’ അപ്പോള്‍ അവിടുത്തോട് അദ്ദേഹം പറഞ്ഞു: ‘ഓ, അബ്ദുല്‍ മുത്ത്വലിബിന്റെ മകനേ.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നു.’ അപ്പോള്‍ അദ്ദേഹം നബി ﷺ യോട് ചോദിച്ചു: ‘താങ്കളോട് താങ്കള്‍ക്ക് വിഷമമുണ്ടായേക്കാവുന്ന ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുകയാണ്. അതിനാല്‍ താങ്കളുടെ മനസ്സില്‍ എന്നെപ്പറ്റി യാതൊന്നും ഉണ്ടാകരുത്.’

അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് മനസ്സിലായതിനെപ്പറ്റി ചോദിച്ചോളൂ.’ അദ്ദേഹം പറഞ്ഞു: ‘താങ്കളുടെയും താങ്കളുടെ മുമ്പുള്ളവരുടെയും റബ്ബിനെ മുന്‍നിര്‍ത്തിയാണ് ഞാന്‍ ചോദിക്കുന്നത്. അല്ലാഹുവാണോ അങ്ങയെ മുഴുവന്‍ മനുഷ്യരിലേക്കുമായി അയച്ചത്?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ അങ്ങയോട് ചോദിക്കുന്നു; രാവും പകലുമായി അഞ്ചുനേരം ഞങ്ങള്‍ നമസ്‌കരിക്കാന്‍ അല്ലാഹുവാണോ അങ്ങയോട് കല്‍പിച്ചത്?’ അവിടുന്നു പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ അങ്ങയോട് ചോദിക്കുന്നു; കൊല്ലത്തിലെ ഈ മാസത്തില്‍ ഞങ്ങള്‍ നോമ്പെടുക്കാന്‍ അല്ലാഹുവാണോ അങ്ങയോട് കല്‍പിച്ചത്?’ അവിടുന്ന് പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു:

 

‘അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ അങ്ങയോട് ചോദിക്കുന്നു; ഞങ്ങളിലെ ധനികരില്‍നിന്ന് സകാത്ത് താങ്കള്‍ പിടിച്ചെടുത്ത് ഞങ്ങളിലെ പാവങ്ങളില്‍ അത് വീതിക്കാന്‍ അല്ലാഹുവാണോ അങ്ങയോട് കല്‍പിച്ചത്?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതെ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ കൊണ്ടുവന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ ജനതയിലെ പിന്നിലുള്ളവര്‍ക്കുള്ള ഒരു ദൂതനാണ്. ഞാന്‍ ബനൂ സഅ്ദുബ്‌നു ബക്‌റിന്റെ സഹോദരന്‍ ദ്വിമാമ് ഇബ്‌നു ഥഅ്‌ലബഃയാകുന്നു’’ (ബുഖാരി).

ദ്വിമാമ്(റ) ഇസ്‌ലാം സ്വീകരിക്കാനായി മദീനയില്‍ എത്തുന്ന രംഗമാണിത്. നബി ﷺ യും അനുചരന്മാരും പള്ളിയില്‍ ഇരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വരവ്. നബി ﷺ അവരുടെ നേതാവാണ്. മദീനയുടെ ഭരണാധികാരിയാണ്. എന്നാല്‍ വേഷമോ മറ്റോ കണ്ട് നബി ﷺ യെ അപരിചിതര്‍ക്ക് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. നിങ്ങളില്‍ ആരാണ് മുഹമ്മദ് എന്ന് ദ്വിമാമിന് ചോദിക്കേണ്ടിവന്നു. സ്വഹാബിമാര്‍ നബി ﷺ യെ കാണിച്ചു കൊടുത്തു. എല്ലാവിധ ആദരവോടെയും അദ്ദേഹം നബി ﷺ യോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. നബി ﷺ മറുപടി നല്‍കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി ലഭിച്ചപ്പോള്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നു. ഞാന്‍ എന്റെ ജനതക്ക് ഇത് എത്തിക്കുമെന്ന് പറയുകയും ചെയ്തു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘‘…(ചോദ്യത്തില്‍ നിന്ന്) ഒഴിവായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു എന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഈ നിര്‍ബന്ധ കാര്യങ്ങള്‍ ഞാന്‍ നിര്‍വഹിക്കുന്നതാണ്, അവിടുന്ന് എന്നോട് വിലക്കിയവയെ ഞാന്‍ വെടിയുന്നതുമാകുന്നു. പിന്നീട് ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതുമല്ല.’ അദ്ദേഹം (ഇബ്‌നു അബ്ബാസ്) പറഞ്ഞു: പിന്നീട് അദ്ദേഹം തന്റെ വാഹനത്തിന്റെ അടുത്തേക്ക് തിരിച്ചു. അങ്ങനെ അദ്ദേഹം പിന്തിരിഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘അദ്ദേഹം അത് സത്യസന്ധമായി പുലര്‍ത്തുന്നുവെങ്കില്‍ അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ അദ്ദേഹം (ഇബ്‌നു അബ്ബാസ്) പറഞ്ഞു: ‘എന്നിട്ട് അദ്ദേഹം തന്റെ വാഹനത്തിന്റെ അരികിലേക്ക് പോകുകയും അതിന്റെ കെട്ട് അഴിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം തന്റെ ജനതയിലേക്ക് മടങ്ങിച്ചെന്നു. എന്നിട്ട് അവരെ എല്ലാവരെയും തന്നിലേക്ക് സംഘടിപ്പിച്ചു. എന്നിട്ട് അദ്ദേഹം ആദ്യമായി പറഞ്ഞത് ‘ലാത്തയും ഉസ്സയും (ആരാധിക്കപ്പെടാന്‍) എത്രമോശ’മെന്നായിരുന്നു. അവര്‍ പറഞ്ഞു: ‘ഛെ, ദ്വിമാം…! നീ വെള്ളപ്പാണ്ഡും കുഷ്ഠരോഗവും ബാധിക്കുന്നതിനെ സൂക്ഷിക്കുക. ബുദ്ധിഭ്രമം സംഭവിക്കുന്നതിനെയും സൂക്ഷിക്കുക.’ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ക്ക് നാശം. അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും അവര്‍ രണ്ടുപേരും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യുന്നവരല്ല. തീര്‍ച്ചയായും അല്ലാഹു ഒരു ദൂതനെ അയച്ചിരിക്കുന്നു. അദ്ദേഹത്തിന് അവന്‍ ഒരു കിതാബും ഇറക്കിയിരിക്കുന്നു. നിങ്ങള്‍ അകപ്പെട്ടിട്ടുള്ള (വഴികേടില്‍)തില്‍നിന്നും അതു മുഖേന നിങ്ങള്‍ മോചിതരാകുന്നതാണ്. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, അവന്‍ ഏകനാണെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, മുഹമ്മദ് അവന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം നിങ്ങളോട് കല്‍പിച്ചിട്ടുള്ളതും അദ്ദേഹം നിങ്ങളോട് വിലക്കിയിട്ടുള്ളതുമായിട്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്.’ അദ്ദേഹം (ഇബ്‌നു അബ്ബാസ്) പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അന്ന് വൈകുന്നേരം ഒരു പുരുഷനോ സ്ത്രീയോ മുസ്‌ലിമായിട്ടല്ലാെത ഉണ്ടായിരുന്നില്ല.’ ഇബ്‌നു അബ്ബാസ് പറയുമായിരുന്നു: ‘ദ്വിമാമ് ഇബ്‌നു ഥഅ്‌ലബയെക്കാള്‍ ഉത്തമമായ ഒരു നിവേദക സംഘത്തെ ഞങ്ങള്‍ കേട്ടിരുന്നില്ല’’ (അഹ്‌മദ്).

അബൂബക്‌റി(റ)ന്റെ നേതൃത്വത്തിലുള്ള ഹജ്ജ്

ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ നടന്ന വളരെ പ്രസിദ്ധമായ ഒരു സംഭവമായിരുന്നു ഇത്. ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ ഉണ്ടായ മക്കാവിജയത്തെ സംബന്ധിച്ച് നാം മനസ്സിലാക്കിയല്ലോ. ആ വര്‍ഷത്തില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കാതെ ഉംറ മാത്രം നിര്‍വഹിച്ച് തിരിച്ചു പോരുകയായിരുന്നു ചെയ്തത്. ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ അബൂബക്‌റി(റ)ന്റെ നേതൃത്വത്തില്‍ പോയ സംഘത്തില്‍ മുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നബി ﷺ യുടെ കാലശേഷം ഖലീഫയായിരിക്കേണ്ട അബൂബക്‌റി(റ)നെയായിരുന്നു ആ സംഘത്തിന്റെ നേതൃത്വം നബി ﷺ ഏല്‍പിച്ചത്. ബലി നടത്താനുള്ള ഒട്ടകങ്ങളെയും കൂടെ കൊണ്ടുപോയി.

ആ കാലഘട്ടങ്ങളില്‍ മക്കാ മുശ്‌രിക്കുകള്‍ അവരുടെ വിശ്വാസപ്രകാരം ഹജ്ജ് നിര്‍വഹിച്ചു പോരലായിരുന്നു പതിവ്. അക്കാലത്ത് സ്ത്രീ-പുരുഷന്മാര്‍ സമ്പൂര്‍ണ നഗ്നരായിട്ടായിരുന്നു കഅ്ബയെ പ്രദക്ഷിണം (ത്വവാഫ്) ചെയ്തിരുന്നത്. പാപം ചെയ്യുമ്പോള്‍ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കഅ്ബയെ ത്വവാഫ് ചെയ്യാന്‍ പാടില്ലെന്നായിരുന്നു അതിന് അവരുടെ ‘ന്യായം.’ ഈ ആചാരങ്ങളെ നബി ﷺ ആദ്യ ഘട്ടത്തില്‍ വിലക്കിയിരുന്നില്ല. എന്നാല്‍ അബൂബക്‌റി(റ)ന്റെ നേതൃത്വത്തില്‍ വലിയ ഒരു സംഘം ഹജ്ജിന് പുറപ്പെട്ടതിന് ശേഷം ഇനി ഈ സമ്പ്രദായം തുടരാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നബി ﷺ ക്ക് ഇറങ്ങി. ചില ഉടമ്പടികള്‍ നബി ﷺ യും മുശ്‌രിക്കുകളും തമ്മില്‍ അക്കാലത്ത് ഉണ്ടായതിനാലായിരുന്നു നബി ﷺ അവരെ എതിര്‍ക്കാതെയോ വിലക്കാതെയോ നിന്നത്. എന്നാല്‍ അല്ലാഹുവിന്റെ കല്‍പന വന്നപ്പോള്‍ നബി ﷺ അത് വിരോധിക്കാന്‍ തീരുമാനിച്ചു. അല്ലാഹു നിയമം ഇറക്കുന്നതിന് മുമ്പുതന്നെ ഹജ്ജ് സംഘം യാത്ര പുറപ്പെട്ടിരുന്നു. അവരെ ഈ വിവരം അറിയിക്കാനായി നബി ﷺ അലി(റ)യോട് കല്‍പിച്ചു. അലി(റ)യോട് അവരോടൊപ്പം ചേരാനും അല്ലാഹുവിന്റെ നിയമം അറിയിക്കാനുമായിരുന്നു നബി ﷺ യുടെ കല്‍പന. മക്കാമുശ്‌രിക്കുകളുടെ നിലവിലെ സമ്പ്രദായത്തെ വിരോധിച്ചുകൊണ്ട് ഇറക്കപ്പെട്ട സൂക്തങ്ങളാണ് സൂറതുത്തൗബയിലെ ആദ്യ വചനങ്ങള്‍:

‘‘ബഹുദൈവവിശ്വാസികളിൽ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു. അതിനാല്‍ (ബഹുദൈവവിശ്വാസികളേ, നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ചുകൊള്ളുക. നിങ്ങള്‍ക്ക് അല്ലാഹുവിനെ തോല്‍പിക്കാനാവില്ലെന്നും സത്യനിഷേധികള്‍ക്ക് അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക. മഹത്തായ ഹജ്ജിന്റെ ദിവസത്തില്‍ മനുഷ്യരോട് (പൊതുവായി) അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും ചെയ്യുന്നു; അല്ലാഹുവിനും അവന്റെ ദൂതനും ബഹുദൈവവിശ്വാസികളോട് യാതൊരു ബാധ്യതയുമില്ലെന്ന്. എന്നാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. (നബിയേ,) സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക’’ (9:1-3).

മുശ്‌രിക്കുകളുമായി നബി ﷺ ക്ക് ഉടമ്പടിയുണ്ടായിരുന്നു എന്ന് പറഞ്ഞുവല്ലോ. ആ കരാറില്‍നിന്ന് അല്ലാഹുവും റസൂലും ഒഴിവായിരിക്കുന്നു. നബി ﷺ അല്ലാഹുവിന്റെ കല്‍പന പ്രകാരമായിരുന്നു അവരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. അതിനാലാണ് അല്ലാഹുവും റസൂലും കരാറില്‍നിന്ന് ഒഴിവായിരിക്കുന്നു എന്ന് പറഞ്ഞത്. അങ്ങനെ അല്ലാഹുവിന്റെ അറിയിപ്പ് ലഭിച്ചു. ഹജ്ജിന്റെ സന്ദര്‍ഭങ്ങളില്‍ നിലനിര്‍ത്തിപ്പോന്നിരുന്ന അവരുടെ രീതികള്‍ ഒഴിവാക്കാനുള്ള കല്‍പന വന്നു. ഹജ്ജുല്‍ അക്ബര്‍ എന്നതുകൊണ്ട് ഹജ്ജിലെ പ്രധാന കാര്യങ്ങള്‍ നടക്കുന്ന ദുല്‍ഹിജ്ജ പത്താണ് ഉദ്ദേശിക്കുന്നത്. ഹജ്ജും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നാലുള്ളതാണ് ‘ഹജ്ജുല്‍ അക്ബര്‍‘ എന്ന് വിചാരിക്കുന്നവരുണ്ട്. അത് ശരിയല്ല. ആ ദിവസത്തിലെ എല്ലാ കാര്യങ്ങളില്‍ നിന്നും അല്ലാഹുവും റസൂലും മുശ്‌രിക്കുകളില്‍നിന്നും ഒഴിവായിരിക്കുന്നു. സുപ്രധാന ദിവസത്തില്‍നിന്ന് തന്നെ ഒഴിവ് പ്രഖ്യാപിച്ചാല്‍ മറ്റു ദിവസങ്ങളിലേത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. എന്നാല്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള ശിക്ഷയെ കാത്തിരുന്ന് കൊള്ളുക എന്നതായിരുന്നു അല്ലാഹുവിന്റെ കല്‍പനയുടെ ചുരുക്കം.

 

ഹജ്ജിന് വേണ്ടി അബൂബക്ർ (റ) നേരത്തെ പുറപ്പെടുകയുണ്ടായല്ലോ. ഇനി ഈ വിവരം മക്കയില്‍ പോയി ദുല്‍ഹിജ്ജ പത്തിന് ജനങ്ങള്‍ക്കിടയില്‍ പരസ്യമായി പ്രഖ്യാപിക്കുകയും വേണം. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ കുടുംബത്തിലെ ഒരാളല്ലാതെ അത് നിര്‍വഹിക്കുകയില്ല.’ നബി ﷺ യുടെ നേതൃത്വത്തിലുള്ള കരാറാണല്ലോ. അതിനാല്‍ തന്റെ കുടുംബത്തില്‍നിന്നു തന്നെയുള്ള ഒരാളെ ആ കരാറില്‍നിന്നും ഒഴിവാകുന്ന വിവരം പരസ്യമാക്കാന്‍ നബി ﷺ ഇഷ്ടപ്പെടുകയും അലി(റ)യെ അതിനായി തെരഞ്ഞടുക്കുകയും ചെയ്തു. അങ്ങനെ അബൂബക്‌ർ (റ) അലി(റ)യെ കണ്ടു. അബൂബക്‌ർ (റ) അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കള്‍ അമീറാണോ അതല്ല അമീറിനെ അനുസരിക്കുന്നവനാണോ?’ അലി(റ)യെ കണ്ടപാടെ അബൂബക്‌റി(റ)ന് മനസ്സിലായി; അദ്ദേഹത്തെ നബി ﷺ അയച്ചതാണ് എന്ന്. തനിക്ക് പകരം അലി(റ)യെ നബി ﷺ നേതൃത്വം ഏല്‍പിച്ചിട്ടുണ്ടോ എന്ന സംശയമാണ് അബൂബക്‌റി(റ)നെ അപ്രകാരം ചോദിക്കാന്‍ പ്രേരിപ്പിച്ചത്. അലി(റ) പറഞ്ഞു: ‘അമീറല്ല, താങ്കളെ അനുസരിക്കുന്നവന്‍ തന്നെയാണ്.’ ഇരുവരും മുന്നോട്ടു പോയി. രണ്ടു പേരെയും രണ്ട് കാര്യമാണ് നബി ﷺ ഏല്‍പിച്ചത്. അബൂബക്‌ർ (റ) ഹജ്ജ് സംഘത്തിന്റെ അമീര്‍. അലി (റ) ഈ വാര്‍ത്ത ജനങ്ങളില്‍ പരസ്യമാക്കുന്നയാള്‍. അങ്ങനെ ദുല്‍ഹിജ്ജ പത്തിന് ജനങ്ങള്‍ കേള്‍ക്കെ അലി(റ) പരസ്യമായി നിയമങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങി. അലി(റ)യെ സഹായിക്കാനായി അബൂഹുറയ്‌റ(റ), ത്വുഫൈൽ(റ) തുടങ്ങിയ പ്രഗത്ഭരായ സ്വഹാബിമാരും ഉണ്ടായിരുന്നു. നാല് കാര്യങ്ങളായിരുന്നു ജനങ്ങള്‍ക്കിടയില്‍ വിളിച്ചുപറയാന്‍ കല്‍പിച്ചിരുന്നത്.

ഒന്ന്, വിശ്വാസിയല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.

രണ്ട്, നഗ്നരായി പരിശുദ്ധ ഗേഹത്തെ ത്വവാഫ് ചെയ്യാന്‍ പാടില്ല.

മൂന്ന്, ഈ വര്‍ഷത്തിന് ശേഷം മുശ്‌രിക്കുകള്‍ ഹജ്ജ് ചെയ്യാന്‍ പാടില്ല.

നാല്, അല്ലാഹുവിന്റെ റസൂലി ﷺ നും മറ്റൊരാള്‍ക്കുമിടയില്‍ വല്ല കരാറും ഉണ്ടെങ്കില്‍ ആ കാലയളവ് മാത്രമെ അത് നിലനില്‍ക്കൂ. ഇനിയൊരു ഉടമ്പടിക്കായി ആരും തയ്യാറാകേണ്ടതില്ല.

എന്നിട്ട് ക്വുര്‍ആനിലെ 9:1-3 സൂക്തം പാരായണം ചെയ്ത് പ്രഖ്യാപിക്കുകയും ചെയ്തു.

കഅ്ബാലയത്തില്‍ ഈ നിയമങ്ങള്‍ പ്രഖ്യാപിക്കാന്‍ കാരണമുണ്ട്. ഇബ്‌റാഹീം നബി (അ)യും മകന്‍ ഇസ്മാഈല്‍ നബി(അ) യും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ് അത് പടുത്തുയര്‍ത്തിയത്. ആ ലക്ഷ്യത്തില്‍നിന്നും മുശ്‌രിക്കുകള്‍ വഴിമാറിയിട്ടുണ്ട്. ഇബ്‌റാഹീം നബി (അ)യുടെ അതേ മാര്‍ഗം പഠിപ്പിക്കുന്നത്, അതേ മാര്‍ഗത്തില്‍ നിലകൊള്ളുന്നത് ഇപ്പോള്‍ നബി ﷺ യും അനുയായികളുമാണ്. ആദര്‍ശംകൊണ്ടും പാരമ്പര്യംകൊണ്ടും നബി ﷺ യുടെ പിതാവാണ് ഇബ്‌റാഹീം(അ). ആ പിതാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംരക്ഷിക്കുക കൂടിയാണ് നബി ﷺ ഇവിടെ ചെയ്തത്.

ഹറമുകളില്‍ ഇനി ബഹുദൈവ വിശ്വാസിക്ക് പ്രവേശനമില്ലെന്ന കല്‍പന വന്നു. ആരും എതിര്‍ത്തില്ല. ഹറമില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇനി ഇസ്‌ലാം സ്വീകരിക്കുകയേ മാര്‍ഗമുള്ളൂ എന്ന് മുശ്‌രിക്കുകള്‍ക്കും ബോധ്യമായി. അങ്ങനെ പിന്നെയും ഇസ്‌ലാമിനെ പഠിക്കാന്‍ നബി ﷺ യിലേക്ക് എത്തുന്ന നിവേദക സംഘങ്ങളുടെ വരവ് കൂടി.

(തുടരും)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

തബൂകിന് ശേഷം

തബൂകിന് ശേഷം

(മുഹമ്മദ് നബി ﷺ 67)

നബി ﷺ യുടെ ജീവിതത്തിലെ അവസാനത്തെ പടപ്പുറപ്പാടായിരുന്നു തബൂക് യുദ്ധം. അതിനുശേഷം ഹിജ്‌റ 9ന് പല സുപ്രധാനമായ സംഭവങ്ങളും ഉണ്ടാകുകയുണ്ടായി. നബി ﷺ യുടെ മഹത്ത്വവും ഹൃദയവിശാലതയുമെല്ലാം കൂടുതല്‍ അറിയാന്‍ സഹായകമാകുന്ന സംഭവങ്ങളായിരുന്നു അവ.

അബ്‌ദുല്ലാഹ് ഇബ്‌നു ഉബയ്യുബ്‌നുസലൂലിന്റെ അന്ത്യം

മദീനയിലെ കപടവിശ്വാസികളുടെ നേതാവായിരുന്നല്ലോ അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍. അയാളുടെ മരണത്തെ സംബന്ധിച്ച് പ്രസിദ്ധമായ ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു കാര്യത്തില്‍ നബി ﷺ ക്ക് അല്ലാഹുവില്‍നിന്നുള്ള വിലക്ക് വരുന്നതുവരെ അതിനെ നബി ﷺ വിശാലമായ മനസ്സോടുകൂടിയാണ് സമീപിക്കാറുള്ളത്. അത്തരം കാര്യങ്ങളോട് അങ്ങേയറ്റത്തെ സഹിഷ്ണുതയും വിട്ടുവീഴ്ചയും കാണിച്ചിരുന്ന ഉന്നത സ്വഭാവത്തിന്റെ ഉടമയായിരുന്നു നബി ﷺ . അതു മനസ്സിലാക്കാന്‍ സഹായകമാകുന്ന ഒരു സംഭവമാണ് അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂലിന്റെ മരണം. ഉമര്‍(റ) അതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

അദ്ദേഹം പറഞ്ഞു: ‘‘അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍ മരണപ്പെട്ടപ്പോള്‍ അയാള്‍ക്ക് വേണ്ടി, അയാളുടെമേല്‍ (ജനാസ) നമസ്‌കരിക്കുന്നതിനായി അല്ലാഹുവിന്റെ റസൂല്‍ ﷺ ക്ഷണിക്കപ്പെടുകയുണ്ടായി. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ നമസ്‌കാരത്തിന് നിന്നപ്പോള്‍ ഞാന്‍ നബിയിലേക്ക് ചാടി എഴുന്നേറ്റു നിന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഇബ്‌നു ഉബയ്യിന്റെ മേല്‍ നമസ്‌കരിക്കുകയാണോ? അയാള്‍ (ഇന്ന) ദിവസം ഇങ്ങനെയും ഇങ്ങനെയുമെല്ലാം പറഞ്ഞിരുന്നില്ലേ?’ ഞാന്‍ അവിടുത്തോട് അയാളുടെ വാക്കുകള്‍ എണ്ണിപ്പറഞ്ഞുകൊടുത്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പുഞ്ചിരിക്കുകയും (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉമറേ, എന്നില്‍നിന്നും താങ്കള്‍ വിട്ടു നില്‍ക്കൂ.’ അപ്പോള്‍ ഞാന്‍ അവിടുത്തോട് ധാരാളം (അതിനെ സംബന്ധിച്ചു) പറഞ്ഞുകൊടുത്തു. നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും തെരഞ്ഞടുക്കാനുള്ള അനുവാദം നല്‍കപ്പെട്ടപ്പോള്‍ ഞാന്‍ (അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കാന്‍) തെരഞ്ഞടുത്തു. എഴുപതിന് മുകളില്‍ ഞാന്‍ അധികരിപ്പിച്ചാല്‍ അദ്ദേഹത്തോട് പൊറുക്കപ്പെടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതിനെക്കാള്‍ അധികരിപ്പിക്കുമായിരുന്നു.’ അദ്ദേഹം (ഉമര്‍) പറഞ്ഞു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കുകയും അതില്‍നിന്ന് പിരിയുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും സൂറതുല്‍ ബറാഅയില്‍നിന്നുള്ള രണ്ട് സൂക്തങ്ങള്‍ ഇറങ്ങി: ‘‘അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു’’ (തൗബ 84). (ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് അന്നേദിവസം (സംസാരിച്ചതില്‍) എന്റെ ധൈര്യത്തെ സംബന്ധിച്ച് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.’’ (ബുഖാരി).

നബി ﷺ താഴെയുള്ള വചനത്തിന്റെ അടിസ്ഥാനത്തിലാണ് നമസ്‌കരിക്കാന്‍ തയ്യാറായത്: ‘‘(നബിയേ,) നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കുവേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല’’ (9:80).

എഴുപത് തവണ ആ കപടന്മാര്‍ക്കുവേണ്ടി അല്ലാഹുവിനോട് നബി ﷺ പാപമോചനം തേടിയാല്‍ പോലും അല്ലാഹു അവരോടു പൊറുക്കുകയില്ല എന്നാണ് അല്ലാഹു ഈ വചനത്തിലൂടെ അറിയിക്കുന്നത്. ഈ വചനത്തില്‍ നബി ﷺ പാപമോചനം തേടിയാലും ഇല്ലെങ്കിലും എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അതിന്റെ വെളിച്ചത്തിലാണ് അവിടുന്ന് അയാള്‍ക്കുവേണ്ടി നമസ്‌കരിച്ചത്. നമസ്‌കാരം കഴിഞ്ഞ് അധികം താമസിയാതെ അവരുടെമേല്‍ നമസ്‌കരിക്കരുത്, അത്തരക്കാരുടെ ക്വബ്‌റിന്റെ സമീപത്ത് നില്‍ക്കുകയും ചെയ്യരുത് തുടങ്ങിയ കല്‍പനകള്‍ അല്ലാഹു ഇറക്കുകയും ചെയ്തു. കാരണം അവര്‍ അല്ലാഹുവിലും റസൂലിലും അവിശ്വസിച്ചവരാകുന്നു.

നബി ﷺ യുടെ ലോലഹൃദയത്തിന്റെ ഉദാഹരണമാണ് നാം ഇവിടെ കാണുന്നത്. പുറമേക്ക് മുസ്‌ലിമായി നടക്കുകയും പലവിധ കുഴപ്പങ്ങളും ഉണ്ടാക്കുകയും ചെയ്തിട്ടുപോലും അല്ലാഹു പൊറുത്തുകൊടുത്താലോ എന്ന കാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും മനസ്സായിരുന്നു അവിടുത്തേക്ക്.

നബി ﷺ മദീനയില്‍ എത്തിയ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച് ദുരാരോപണം പ്രചരിപ്പിച്ച, തന്റെ ഭാര്യയെ സംബന്ധിച്ച് അപവാദ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച, സന്ദിഗ്ധഘട്ടങ്ങളില്‍ മുസ്‌ലിം സംഘത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമം നടത്തിയ, വഞ്ചനയുടെയും ചതിയുടെയും പ്രതീകമായ ഈ കപടവിശ്വാസി മരണപ്പെട്ടപ്പോള്‍ അയാള്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടാന്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ കാണിച്ച വിശാലമനസ്‌കത ചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ്.

ഈ കപടവിശ്വാസിക്ക് ഒരു മകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും അബ്ദുല്ലാഹ് എന്നുതന്നെയായിരുന്നു. ആ മകന്‍ പിതാവ് മരണപ്പെട്ട സന്ദര്‍ഭത്തില്‍ നബി ﷺ യെ സമീപിക്കുന്ന രംഗം ഇബ്‌നു ഉമര്‍(റ) വിവരിക്കുന്നത് കാണുക:

അദ്ദേഹം പറഞ്ഞു: ‘‘അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാഹ് അല്ലാഹുവിന്റെ റസൂലി ﷺ നെ സമീപിച്ചു. എന്നിട്ട് തന്റെ പിതാവിനെ കഫന്‍ ചെയ്യുന്നതിനായി നബി ﷺ യുടെ കുപ്പായം നല്‍കാനായി ചോദിച്ചു. അപ്പോള്‍ നബി ﷺ അത് നല്‍കി. പിന്നീട് അദ്ദേഹത്തിനായി നമസ്‌കരിക്കാന്‍ നബി ﷺ യോട് അവന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ക്കുവേണ്ടി നമസ്‌കരിക്കാന്‍ നബി ﷺ എഴുന്നേറ്റു. അപ്പോള്‍ ഉമര്‍(റ) എഴുന്നേല്‍ക്കുകയും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വസ്ത്രത്തില്‍ പിടിക്കുകയും എന്നിട്ട് (ഇപ്രകാരം) ചോദിക്കുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നമസ്‌കരിക്കുന്നത് അങ്ങയെ വിലക്കിയിട്ടില്ലയോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എനിക്ക് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടല്ലോ.’ എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കുവേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും…’ (എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?). ഞാന്‍ എഴൂപതില്‍ അധികരിപ്പിക്കുന്നതാണ്.’ അങ്ങനെ നബി ﷺ നമസ്‌കരിച്ചു. അപ്പോള്‍ അല്ലാഹു ‘അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്…’(9:84) എന്ന സൂക്തം ഇറക്കുകയും ചെയ്തു’’ (ബുഖാരി).

പണ്ടൊരിക്കല്‍ നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസി(റ)ന് വസ്ത്രം ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഈ ഉബയ്യായിരുന്നു സഹായിച്ചിരുന്നത്. ആ കാര്യം നബി ﷺ ക്ക് ഓര്‍മയുണ്ടായിരുന്നു. അതിനാലാകാം നബി ﷺ യോട് അദ്ദേഹത്തിന്റെ മകന്‍ പിതാവിനെ കഫന്‍ ചെയ്യുന്നതിനായി കുപ്പായം ചോദിച്ചപ്പോള്‍ അവിടുന്ന് അത് നല്‍കിയത് എന്ന് വിവരിക്കപ്പെടുന്നത് നമുക്ക് കാണാന്‍ സാധിക്കും. പിതാവ് നബി ﷺ ക്കെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചപ്പോള്‍ പിതാവിനെ വധിക്കാന്‍ നബി ﷺ യോട് അനുവാദം ചോദിച്ചവനായിരുന്നു മകന്‍ അബ്ദുല്ലാഹ്. ഈ മകനാണല്ലോ പിതാവിനെ കഫന്‍ ചെയ്യാന്‍ നബി ﷺ യുടെ കുപ്പായം ചോദിക്കുന്നതും പിതാവിന് വേണ്ടി നമസ്‌കാരത്തിന് ആവശ്യപ്പെടുന്നതും. അന്നേരം നമ സ്‌കാരത്തെ വിലക്കിക്കൊണ്ടുള്ള ആയത്തും ഇറങ്ങിയിട്ടില്ല. അതിനാല്‍ നബി ﷺ തന്റെ കുപ്പായം നല്‍കുകയും നമസ്‌കാരത്തിന് തയ്യാറാകുകയും ചെയ്തു. മകന്റെ ഇഷ്ടം പരിഗണിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ മനസ്സിന് ആശ്വാസം ലഭിക്കുമല്ലോ. അദ്ദേഹത്തിന്റെ കുടുംബത്തിന് എക്കാലത്തേക്കുമായി ഒരു അപമാനം ഇല്ലാതിരിക്കാനും അത് കാരണമാകും. നബി ﷺ യെ പലനിലയ്ക്കും ദ്രോഹിച്ചിട്ടും അവിടുന്ന് അയാളുടെ അന്ത്യസമയത്ത് മാന്യമായിട്ടാണ് പെരുമാറിയതെന്നത് അവര്‍ ഇസ്‌ലാമിലേക്ക് വരാനും കാരണമാകും. വ്യാഖ്യാതാക്കള്‍ ഇങ്ങനെയെല്ലാം നബി ﷺ യുടെ ഈ പ്രവൃത്തിയെ വിവരിക്കുന്നത് കാണാം.

അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ച ആ മുനാഫിക്വിന് നബി ﷺ യുടെ കുപ്പായമോ, നബി ﷺ യുടെ നമസ്‌കാരമോ, പാപമോചന തേട്ടമോ ഒന്നും തന്നെ ഉപകാരപ്പെടുന്നതല്ല. അസ്‌ക്വലാനി(റഹി) വിവരിക്കുന്നത് കാണുക:

‘‘ഈ കഥ ക്വതാദയില്‍നിന്നും സഈദിന്റെ വഴിയിലൂടെ ത്വബ്‌രി ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: അപ്പോള്‍ അല്ലാഹു ‘അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്’ (എന്ന വചനം) ഇറക്കി. അദ്ദേഹം പറഞ്ഞു: നബി ﷺ ഞങ്ങളോട് പറഞ്ഞു: ‘അദ്ദേഹത്തിന് എന്റെ കുപ്പായം അല്ലാഹുവില്‍നിന്നും യാതൊരു ഉപകാരവും ചെയ്യുന്നതല്ല. തീര്‍ച്ചയായും അദ്ദേഹത്തിന്റെ വിഭാഗത്തില്‍നിന്നും ഒരായിരം ആളുകള്‍ മുസ്‌ലിമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’’

അല്ലാഹു വിലക്കേര്‍പ്പെടുത്തിയതിന് ശേഷം ഒരിക്കലും കപടവിശ്വാസികള്‍ക്ക് വേണ്ടി അവിടുന്ന് നമസ്‌കരിക്കുകയോ അവരുടെ ക്വബ്‌റിന്റെ സമീപത്ത് നില്‍ക്കുയോ ചെയ്തിട്ടില്ല. അതാണ് ഇസ്‌ലാമിന്റെ നിയമവും. എന്നാല്‍ ഇന്ന് ആരെല്ലാമാണ് കപടന്മാര്‍, ആരെല്ലാമാണ് നിഷ്‌കളങ്കര്‍ എന്ന് നമുക്ക് തീര്‍പ്പാക്കാന്‍ ഒരു വഴിയും ഇല്ല. ബാഹ്യമായ കാര്യങ്ങള്‍ പരിഗണിക്കാനേ നമുക്ക് സാധിക്കൂ. നബി ﷺ യുടെ രഹസ്യസൂക്ഷിപ്പുകാരന്‍ എന്ന് അറിയപ്പെടുന്ന സ്വഹാബിയായിരുന്നു ഹുദയ്ഫ(റ). അദ്ദേഹത്തിന് അല്ലാഹുവിന്റെ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ മദീനയില്‍ അന്ന് ഉണ്ടായിരുന്ന ചില മുനാഫിക്വുകളുടെ പേര് നബി ﷺ അറിയിച്ചുകൊടുത്തിരുന്നു. അത് ആരെല്ലാമെന്ന് ഹുദയ്ഫ(റ)ക്ക് പുറമെ മറ്റൊരു സ്വഹാബിക്കും അറിയുമായിരുന്നില്ല. സ്വഹാബിമാര്‍ക്ക് പോലും മുനാഫിക്വ് (കപട വിശ്വാസി) ആരെന്നോ മുഖ്‌ലിസ്വ് (നിഷ്‌കളങ്കന്‍) ആരെന്നോ പറയാന്‍ സാധ്യമായിരുന്നില്ല എന്ന് വ്യക്തം.

ഭാര്യമാരോട് ചില കല്‍പനകള്‍

തബൂക് യുദ്ധം കഴിഞ്ഞ അതേ വര്‍ഷത്തില്‍തന്നെ ഉണ്ടായ മറ്റൊരു പ്രധാന സംഭവമാണ് ഇനി നാം വിവരിക്കുന്നത്:

‘‘നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം. അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവച്ചിട്ടുണ്ട്’’ (33:28,29).

ഈ സൂക്തങ്ങള്‍ ഇറങ്ങാനുണ്ടായ പശ്ചാത്തലമാണ് നാം ഇവിടെ മനസ്സിലാക്കേണ്ടത്. ഈ സൂക്തം ഇറക്കപ്പെടുന്ന വേളയില്‍ നബി ﷺ യുടെ കൂടെ ഒമ്പത് ഭാര്യമാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. ആഇശ(റ), ഹഫ്‌സ(റ), ഉമ്മു ഹബീബ(റ), സൗദ(റ), ഉമ്മു സലമ(റ), സയ്‌നബ്(റ), മയ്മൂന(റ), സ്വഫിയ്യ(റ), ജുവയ് രിയ(റ) തുടങ്ങിയവരായിരുന്നു അവര്‍. ഇവര്‍ നബി ﷺ യുടെ കൂടെ സാമ്പത്തികമായ ഞെരുക്കാവസ്ഥയിലാണ് ജീവിച്ചിരുന്നത്. നബി ﷺ യുടെ കൂടെ പല സന്ദര്‍ഭങ്ങിലും പട്ടിണി കിടക്കേണ്ടി വന്നവരായിരുന്നു ഈ മഹതികള്‍. ഭക്ഷണം പാചകം ചെയ്യാത്ത പല രാവുകളും അവരില്‍ കടന്നുപോയത് ചരിത്രത്തില്‍ ഏറെ അറിയപ്പെട്ടതാണ്. പച്ചവെള്ളവും കാരക്കയും കഴിച്ച് ജീവിച്ചിരുന്ന ദിനങ്ങള്‍ അവര്‍ക്ക് ധാരാളമുണ്ടായിരുന്നു. എണ്ണയില്ലാത്തതിനാല്‍ വിളക്ക് കത്തിക്കാന്‍ പോലും സാധിക്കാതെ ഇരുട്ടത്ത് കഴിയേണ്ടിവന്ന രാത്രികളും അവര്‍ക്ക് ഉണ്ടായിരന്നു.

മക്കാവജിയവും തബൂകുമെല്ലാം കഴിഞ്ഞപ്പോള്‍ മദീനയുടെ പൊതുഖജനാവിലേക്ക് സ്വദക്വയുടെ വിഹിതങ്ങള്‍ വരുന്നതിന്റെ അളവ് കൂടാന്‍ തുടങ്ങി. അഥവാ, അല്‍പമെല്ലാം ഐശ്വര്യം ഉണ്ടാകാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ തങ്ങളുടെ പ്രയാസത്തിന് പ്രതിവിധി കാണുന്നതിനായി പൊതുഖജനാവില്‍നിന്ന് എടുത്ത് തങ്ങളുടെ ജീവിത നിലവാരം ഒന്ന് മെച്ചപ്പെടുത്തണമെന്ന് ഒരു പരാതിയെന്ന രൂപത്തില്‍ അവര്‍ നബി ﷺ യോട് അവതരിപ്പിച്ചു. ആ സന്ദര്‍ഭത്തിലാണ് മുകളിലെ വചനങ്ങള്‍ ഇറങ്ങുന്നത്!

‘ഐഹിക സൗകര്യമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കുള്ള മതാഅ് ഞാന്‍ നല്‍കാം. (വിവാഹമോചന സമയത്ത് വധുവിനെ സന്തോഷിപ്പിക്കാന്‍ വരന്‍ നല്‍കുന്ന സമ്മാനത്തെയാണ് മതാഅ് എന്ന് പറയുന്നത്). ഐഹിക സൗകര്യങ്ങളെയാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത് എങ്കില്‍ നിങ്ങള്‍ക്ക് എന്നെ സമീപിക്കാം. നിങ്ങള്‍ക്ക് അത് നല്‍കുകയും ചെയ്യാം. അങ്ങനെ നിങ്ങളെ വിവാഹമോചനം നടത്തുകയും ചെയ്യുന്നതാണ്. അതല്ല, അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരലോകത്തെയുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് ഇതിലേറെ അത്യുത്തമമായത് ഒരുക്കിവച്ചിരിക്കുന്നു. ഏതാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് തീരുമാനിക്കാം’ എന്ന് പറയാനാണ് നബി ﷺ യോട് അല്ലാഹു ആവശ്യപ്പെട്ടത്.

ആഇശ(റ) ഈ സംഭവത്തെ സംബന്ധിച്ച് പറയുന്നത് കാണുക: ‘‘തന്റെ ഭാര്യമാരെ തെരഞ്ഞെടുക്കാനായി അല്ലാഹു അവിടുത്തോട് കല്‍പിച്ച വേളയില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്റെ (ആഇശ(റ)യുടെ) അടുക്കല്‍ വന്നു. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നില്‍നിന്ന് ആരംഭിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘ഞാന്‍ നിന്നോട് ഒരു കാര്യം പറയുകയാണ്. അതിനാല്‍ നീ നിന്റെ മാതാപിതാക്കളോട് കൂടിയാലോചിക്കുന്നതുവരെ ധൃതികാണിക്കരുത്.’ തീര്‍ച്ചയായും എന്റെ മാതാപിതാക്കള്‍ എന്നെ പിരിയാന്‍ കല്‍പിക്കുന്നവരായിരിക്കില്ല എന്ന് (അവിടുത്തേക്ക്) അറിയാം. ആഇശ(റ) പറഞ്ഞു: ‘പിന്നീട് അവിടുന്ന് പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു പറയുന്നു: ‘നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക…’ അപ്പോള്‍ ഞാന്‍ അവിടുത്തോട് ചോദിച്ചു: ഇതില്‍ ഏതാണ് എന്റെ മാതാപിതാക്കളോട് ഞാന്‍ കൂടിയാലോചിക്കേണ്ടത്? തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും പരലോകത്തെയുമാണ് ഉദ്ദേശിക്കുന്നത്’’ (ബുഖാരി).

ഈ വചനം ഇറങ്ങിയതിന് ശേഷം നബി ﷺ തന്റെ ഭാര്യമാരില്‍ ഓരോരുത്തരോടും അവരുടെ അഭിപ്രായം ചോദിച്ചു. ആഇശ(റ)യില്‍നിന്നാണ് ആരംഭിച്ചത്. അല്ലാഹുവിന്റെ വചനം ഇറങ്ങിയപ്പോള്‍ മഹതികള്‍ കൂടിയാലോചനക്ക് മുതിര്‍ന്നതേയില്ല. അവര്‍ എല്ലാവരും അവരുടെ കരളായ പ്രചാകന്റെ കൂടെയുള്ള ജീവിതമാണ് തെരഞ്ഞടുത്തത്. നബി ﷺ യെ വേര്‍പിരിയുക എന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. മാത്രവുമല്ല, സത്യവിശ്വാസികളുടെ മാതാവ് എന്ന സ്ഥാനം, നബി ﷺ യുടെ ഭാര്യ എന്ന പദവി, സ്വര്‍ഗത്തിലെ സ്ഥാനം ഇത് ഒഴിവാക്കുക എന്നത് ഏറ്റവും വലിയ നഷ്ടമാണല്ലോ.

ഒരു ഭാര്യയോടും ഇതിന്റെ പേരില്‍ നബി ﷺ കയര്‍ക്കുകയോ വെറുക്കുകയോ ദേഷ്യപ്പെടുകയോ ഉണ്ടായിട്ടില്ല. കാരണം, നബി ﷺ യോടൊപ്പം ജീവിച്ച ആ മഹതികള്‍ക്ക് എന്നും ഞെരുക്കമേ ഉണ്ടായിട്ടുള്ളൂവെന്നും അവര്‍ ചോദിച്ചത് ന്യായമാണെന്നും അവിടുത്തേക്ക് അറിയാമായിരുന്നു. പട്ടിണിയുടെ രാവുകള്‍ ഏറെയായിരുന്നു. സൗകര്യങ്ങളും നന്നേ കുറവ്. പൊതുഖജനാവില്‍ അല്‍പം സമ്പത്തുണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ മാത്രമാണല്ലോ അവര്‍ നബി ﷺ യോട് ആവശ്യം ഉന്നയിച്ചത്. (തുടരും)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

സത്യസന്ധതക്ക് അംഗീകാരം

സത്യസന്ധതക്ക് അംഗീകാരം

(മുഹമ്മദ് നബി ﷺ 66)

 

കഅ്ബ്(റ) പറഞ്ഞു; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘എന്നാല്‍ ഇദ്ദേഹം സത്യമാണ് പറഞ്ഞത്. അതിനാല്‍ താങ്കള്‍ എഴുന്നേറ്റുപോകുക. അല്ലാഹു താങ്കളുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ.’ ബനൂസലമയില്‍നിന്നുള്ള കുറച്ചാളുകളും എന്നെ തുടര്‍ന്നു യാത്രയായി. അവര്‍ എന്നോട് പറയുകയും ചെയ്തു: ‘ഇതിനുമുമ്പ് താങ്കള്‍ ഒരു തെറ്റുചെയ്തത് ഞങ്ങള്‍ക്ക് അറിയില്ല. യുദ്ധത്തില്‍ പിന്തിനിന്നവര്‍ അല്ലാഹുവിന്റെ റസൂലി ﷺ നോട് കാരണം ബോധിപ്പിച്ചതുകൊണ്ട് താങ്കള്‍ കാരണം ബോധിപ്പിക്കാത്തതില്‍ അശക്തനായിരിക്കുന്നു. താങ്കള്‍ ചെയ്ത തെറ്റിന് അല്ലാഹുവിന്റെ റസൂലി ﷺ ന്റെ പാപമോചന തേട്ടം താങ്കള്‍ക്ക് മതിയാകുമായിരുന്നു.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അവര്‍ എന്നെ ആക്ഷേപിച്ചുകൊണ്ടേയിരുന്നു. അല്ലാഹുവിന്റെ റസൂലി ﷺ ങ്കലേക്ക് മടങ്ങിച്ചെന്ന് ഞാന്‍ എന്നോടുതന്നെ കളവ് പറഞ്ഞാലോ എന്ന് ഞാന്‍ വിചാരിച്ചു.’ പിന്നീട് ഞാന്‍ അവരോട് ചോദിച്ചു: ‘എന്റെ കൂടെ ഇതുപോലെയുള്ള ആരെങ്കിലും അദ്ദേഹത്തെ കണ്ടിട്ടുണ്ടോ?’ അവര്‍ പറഞ്ഞു: ‘അതെ, താങ്കള്‍ പറഞ്ഞതുപോലെ പറഞ്ഞ രണ്ടാളുകള്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. താങ്കളോട് പറയപ്പെട്ടതുപോലെ തന്നെയാണ് അവരോട് പറയപ്പെടുകയും ചെയ്തത്.’ ഞാന്‍ ചോദിച്ചു: ‘അവര്‍ ആരെല്ലാമാണ്?’ അവര്‍ പറഞ്ഞു: ‘മുറാറ ഇബ്‌നുര്‍റബീഅ് അല്‍അംരിയും ഹിലാല്‍ ഇബ്‌നു ഉമയ്യ അല്‍വാക്വിഫിയ്യും.’ അദ്ദേഹം പറഞ്ഞു: ‘ബദ്‌റില്‍ പങ്കെടുത്ത സ്വാലിഹുകളായ, മാതൃകായോഗ്യരായ രണ്ടാളുകളെ അവര്‍ എന്നോട് പറഞ്ഞു. അവര്‍ അവരെക്കുറിച്ച് എന്നോട് പറഞ്ഞ സന്ദര്‍ഭത്തില്‍ ഞാന്‍ (വീട്ടിലേക്ക്) പോയി.’

 

തന്നില്‍നിന്നും പിന്തിയ ഈ മൂന്നാളുകളായ ഞങ്ങളോട് സംസാരിക്കുന്നത് അല്ലാഹുവിന്റെ റസൂല്‍ ﷺ വിലക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘ജനങ്ങള്‍ ഞങ്ങളെ വെടിഞ്ഞു. അല്ലെങ്കില്‍ ഞങ്ങളോടുള്ള (പെരുമാറ്റത്തില്‍) മറ്റം വരുത്തി. ഈ ഭൂമി എനിക്ക് അപരിചിതമായി (തോന്നുന്നത്) വരെ (ഇത് തുടര്‍ന്നു). അതെ, ഈ ഭൂമി ഞാന്‍ മനസ്സിലാക്കിയതുപോലെയല്ലാതായി.’

 

അങ്ങനെ ഞങ്ങള്‍ അമ്പത് ദിവസം കഴിച്ചു കൂട്ടി. എന്നാല്‍ എന്റെ രണ്ട് കൂട്ടുകാര്‍ അവരുടെ വീടുകളില്‍ കരഞ്ഞുകൊണ്ടിരുന്ന് താമസമാക്കി. എന്നാല്‍ ആ കൂട്ടത്തില്‍ ഏറ്റവും ചെറുപ്പക്കാരനും ആരോഗ്യവാനും ഞാനായിരുന്നു. അതിനാല്‍ ഞാന്‍ (വീട്ടില്‍നിന്ന്) പുറത്തിറങ്ങുകയും മുസ്‌ലിംകള്‍ക്കൊപ്പം നമസ്‌കാരത്തിന് പങ്കെടുക്കുകയും ചെയ്തു. ഞാന്‍ അങ്ങാടികളിലൂടെ ചുറ്റിനടക്കും. ഒരാളും എന്നോട് സംസാരിക്കില്ല. നബി ﷺ നമസ്‌കാരശേഷം തന്റെ ഇരിപ്പിടത്തില്‍ ആകുമ്പോള്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ ﷺ സമീപത്ത് ചെല്ലുകയും സലാം പറയുകയും ചെയ്യും. അപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ പറയും; അവിടുന്ന് സലാം മടക്കിക്കൊണ്ട് ചുണ്ടുകള്‍ അനക്കിയോ ഇല്ലയോ? പിന്നീട് ഞാന്‍ അവിടുത്തെ അടുത്ത് (വെച്ച്) നമസ്‌കരിക്കും. (നമസ്‌കാരത്തില്‍) ഞാന്‍ അദ്ദേഹത്തെ കട്ടുനോക്കുമായിരുന്നു. ഞാന്‍ എന്റെ നമസ്‌കാരത്തിലായാല്‍ അവിടുന്ന് എന്നെയും നോക്കും. ഞാന്‍ അവിടുത്തേക്ക് തിരിഞ്ഞാല്‍ അവിടുന്ന് എന്നില്‍നിന്ന് (മുഖം) തിരിക്കുകയും ചെയ്യും. മുസ്‌ലിംകള്‍ക്കിടയില്‍നിന്ന് എന്റെമേല്‍ ആ (അവസ്ഥ) ദീര്‍ഘിച്ചപ്പോള്‍ ഞാന്‍ എന്റെ പിതൃവ്യ പുത്രനായ അബൂക്വതാദയുടെ മതില്‍ ചാടി (അദ്ദേഹത്തിന്റെ അടുത്തേക്ക്) നടന്നു. അദ്ദേഹം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനായിരുന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് സലാം പറഞ്ഞു. അല്ലാഹുവാണെ സത്യം, അദ്ദേഹം എന്നോട് സലാം മടക്കിയില്ല! അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘ഓ, അബൂക്വതാദാ…! ഞാന്‍ അല്ലാഹുവിനെക്കൊണ്ട് അങ്ങയോട് ചോദിക്ക‌െട്ടയോ? ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലി ﷺ നെയും ഇഷ്ടപ്പെടുന്നത് അങ്ങേക്ക് അറിയില്ലയോ?’ അദ്ദേഹം മൗനിയായി. അപ്പോള്‍ ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചു. അദ്ദേഹം മൗനം പാലിച്ചു. വീണ്ടും ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാെണ സത്യം, അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം.’ അപ്പോള്‍ എന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി. ഞാന്‍ അദ്ദേഹത്തില്‍നിന്ന് പിന്തിരിയുകയും ചുമര് ചാടിക്കടക്കുകയും ചെയ്തു.

 

അങ്ങനെ ഞാന്‍ മദീനയിലെ അങ്ങാടിയിലായിരിക്കെ, മദീനയില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാനായി വന്നിട്ടുള്ള ശാമുകാരില്‍പെട്ട ഒരു കര്‍ഷകനെ കാണുകയുണ്ടായി. അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു: ‘ആരാണ് കഅ്ബ് ഇബ്‌നു മാലികിനെ പറ്റിയുള്ള വിവരം (എനിക്ക്) അറിയിച്ചു തരിക?’ അപ്പോള്‍ ജനങ്ങള്‍ എന്നെ ചൂണ്ടിയപ്പോള്‍ അദ്ദേഹം എന്നെ സമീപിക്കുകയും ഗസ്സാന്‍ രാജാവില്‍നിന്നുള്ള ഒരു കത്ത് എനിക്ക് കൈമാറുകയും ചെയ്തു. ഞാന്‍ എഴുത്ത് അറിയുന്നവനായിരുന്നു. അങ്ങനെ ഞാന്‍ അത് വായിച്ചപ്പോള്‍ അതിലുള്ളത് (ഇതായിരുന്നു:) ‘തീര്‍ച്ചയായും താങ്കളുടെ കൂട്ടുകാരന്‍ താങ്കളോട് നിസ്സഹകരണം നടത്തിയ വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അല്ലാഹു താങ്കളെ നിന്ദ്യരുടെയും അവഗണിക്കുന്നവരുടെയും നാട്ടില്‍ ആക്കുകയില്ല. അതിനാല്‍ ഞങ്ങളിലേക്ക് താങ്കള്‍ ചേരുവിന്‍. ഞങ്ങള്‍ താങ്കളോട് സഹകരിക്കാം.’ ഞാന്‍ അത് വായിച്ചവേളയില്‍ പറഞ്ഞു: ‘ഇതും ഒരു പരീക്ഷണം തന്നെയാണ്.’ അതിനാല്‍ അത് പിച്ചിച്ചീന്തി അടുപ്പിലിട്ട് കത്തിക്കാന്‍ ഞാന്‍ വിചാരിച്ചു. അങ്ങനെ അമ്പതിലെ നാല്‍പത് (ദിവസങ്ങള്‍ കഴിഞ്ഞു) പോയി. വഹ്‌യ് ഇറങ്ങുന്നതും താമസിച്ചു. അങ്ങനെയിരിക്കെ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ ഒരു ദൂതന്‍ എന്നെ സമീപിച്ചു. എന്നിട്ട് പറഞ്ഞു: ‘താങ്കളോട് താങ്കളുടെ ഭാര്യയില്‍നിന്ന് അകലാന്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ കല്‍പിച്ചിരിക്കുന്നു.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഞാന്‍ അവളെ വിവാഹമോചനം ചെയ്യാനാണോ അതല്ല (വേറെ) എന്തെങ്കിലും ചെയ്യാനാണോ (അവിടുന്ന് കല്‍പിച്ചത്)?’ അദ്ദേഹം പറഞ്ഞു: ‘അല്ല. താങ്കള്‍ അവളെ മാറ്റിനിര്‍ത്തുക. അവളെ സമീപിക്കരുത്.’ എന്റെ കൂട്ടുകാരിലേക്കും അതുപോലെ അവിടുന്ന് അയച്ചിരുന്നു. അങ്ങനെ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു: ‘ഈ കാര്യത്തില്‍ അല്ലാഹു ഒരു തീരുമാനം എടുക്കുന്നതുവരെ നീ നിന്റെ കുടുംബക്കാരിലേക്ക് പോയിക്കൊള്ളുക.’

 

 

 

അങ്ങനെ ഹിലാല്‍ ഇബ്‌നു ഉമയ്യയുടെ ഭാര്യ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുക്കല്‍ ചെന്നു. എന്നിട്ട് അവിടുത്തോട് അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഹിലാല്‍ ഇബ്‌നു ഉമയ്യ വൃദ്ധനും അവശനുമാണ്. അദ്ദേഹത്തിന് മറ്റു സഹായിയുമില്ല. അതിനാല്‍ ഞാന്‍ അദ്ദേഹത്തിന് സേവനം ചെയ്യുന്നത് അങ്ങേക്ക് വെറുപ്പാകുമോ?’ അവിടുന്ന് പറഞ്ഞു: ‘ഇല്ല. പക്ഷേ, നീ അദ്ദേഹത്തെ (ശാരീരികമായി) സമീപിച്ചേക്കരുത്.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും അദ്ദേഹം അതിനൊന്നും താല്‍പര്യമുള്ളവനല്ല. അല്ലാഹുവാണെ സത്യം, അദ്ദേഹത്തിന് ഈ കാര്യമുണ്ടായത് മുതല്‍ ഇന്നുവരെ അദ്ദേഹം കരഞ്ഞിരിക്കുകയാണ്.’

 

എന്നോട് എന്റെ ചില കുടുംബക്കാര്‍ പറഞ്ഞു: ‘നിന്റെ ഭാര്യയുടെ കാര്യത്തിലും നീ അല്ലാഹുവിന്റെ റസൂലി ﷺ നോട് അനുവാദം ചോദിക്കൂ.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് അവളുടെ കാര്യത്തില്‍ ഞാന്‍ സമ്മതം ചോദിക്കുകയില്ല. ഞാന്‍ അവളുടെ കാര്യത്തില്‍ അവിടുത്തോട് സമ്മതം ചോദിച്ചാല്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നോട് എന്ത് പറയുമെന്ന് എനിക്കറിയാം. ഞാന്‍ ഒരു ചെറുപ്പക്കാരനാണല്ലോ!’ അങ്ങനെ ഞാന്‍ പത്ത് ദിവസം കഴിച്ചുകൂട്ടി. ഞങ്ങളോട് സംസാരിക്കുന്നതിനെതൊട്ട് വിലക്കിയ ആ അമ്പത് ദിവസം പൂര്‍ത്തിയായി. പിന്നീട് അമ്പതിന്റെ പ്രഭാതത്തില്‍ ഞാന്‍ ഞങ്ങളുടെ ഒരു വീട്ടിന്റെ മുകളില്‍വെച്ച് ഫജ്ര്‍ നമസ്‌കരിച്ചു. അല്ലാഹു പറഞ്ഞതുപോലെ ഭൂമി വിശാലമായിരുന്നിട്ടും എനിക്കതു ഇടുങ്ങിയതായിക്കൊണ്ടിരിക്കുകയായിരുന്നു.

 

അപ്പോഴതാ, സല്‍അ് മലയുടെ മുകളില്‍നിന്ന് ഒരാള്‍ അത്യുച്ചത്തില്‍ വിളിച്ചു പറയുന്നു: ‘കഅ്ബ് ഇബ്‌നു മാലികേ, സന്തോഷിച്ചുകൊള്ളുക.’ അപ്പോള്‍ ഞാന്‍ സുജൂദിലായി നിലത്തുവീണു. ഒരു തുറവി വന്നു കഴിഞ്ഞിട്ടുണ്ടെന്നു ഞാന്‍ മനസ്സിലാക്കുകയും ചെയ്തു. ഫജ്റ് നമസ്‌കാരാനന്തരം അല്ലാഹുവില്‍ നിന്നു (ഞങ്ങളുടെ) പശ്ചാത്താപം സ്വീകരിച്ച വിവരം നബി ﷺ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്തിരുന്നു. എന്റെ രണ്ടു കൂട്ടുകാരിലേക്കും ആളുകള്‍ പോയിരുന്നു. എന്റെ അടുക്കലേക്ക് ഒരാള്‍ കുതിരപ്പുറത്ത് കയറിയും വേറൊരാള്‍ ഓടിക്കൊണ്ടും കുതിച്ചുവന്നു. പക്ഷേ, (ആ മലയില്‍നിന്നും ഞാന്‍ കേട്ട) ആ ശബ്ദമായിരുന്നു ആദ്യം എനിക്ക് എത്തിയത്. ഞാന്‍ കേട്ട ശബ്ദം എന്റെ അടുക്കല്‍ വന്ന് എന്നെ സന്തോഷിപ്പിച്ചപ്പോള്‍ എന്റെ വസ്ത്രം അദ്ദേഹത്തിന് വേണ്ടി ഞാന്‍ അഴിക്കുകയും അദ്ദേഹത്തെ അവ അണിയിപ്പിക്കുകയും ചെയ്തു. അല്ലാഹുവാണെ സത്യം, അന്നേദിവസം അവ രണ്ടുമല്ലാത്തവ എനിക്ക് ഉണ്ടായിരുന്നില്ല. (ശേഷം) രണ്ട് വസ്ത്രങ്ങള്‍ വായ്പ വാങ്ങുകയും അവ ധരിക്കുകയും ചെയ്തുകൊണ്ട് ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ അടുത്തേക്ക് പോയി. ജനങ്ങള്‍ എന്നെ കൂട്ടം കൂട്ടമായി വന്നു കാണുകയും എന്നെ അനുമോദിക്കുകയും ചെയ്തുകൊണ്ട് എന്നോട് പറഞ്ഞു: ‘അല്ലാഹു താങ്കളുടെ പശ്ചാത്താപം സ്വീകരിച്ചതിനാല്‍ താങ്കള്‍ക്ക് മംഗളം.’

 

ഞാന്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പള്ളിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ചുറ്റും ജനങ്ങളുമുണ്ട്. ത്വല്‍ഹ(റ) ഓടിവരികയും എന്റെ കൈപിടിക്കുകയും എന്നെ അനുമോദിക്കുകയും ചെയ്തു. അല്ലാഹുവാണെ സത്യം, മുഹാജിറുകളില്‍ അദ്ദേഹമല്ലാത്ത വേറൊരാളും എഴുന്നേറ്റു വന്നിരുന്നില്ല. -(ത്വല്‍ഹ(റ)യെ അതുകാരണത്താല്‍ കഅ്ബ്(റ) മറക്കുമായിരുന്നില്ല).

 

കഅ്ബ്(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലി ﷺ നോട് ഞാന്‍ സലാം പറഞ്ഞപ്പോള്‍ അവിടുത്തെ മുഖം സന്തോഷത്താല്‍ പ്രകാശിക്കുന്നുണ്ടായിരുന്നു. (അങ്ങനെ) അവിടുന്ന് പറഞ്ഞു: ‘താങ്കളുടെ മാതാവ് താങ്കളെ പ്രസവിച്ചത് മുതല്‍ ഏറ്റവും നല്ല ഒരു ദിവസത്തെ കുറിച്ച് സന്തോഷിച്ചുകൊള്ളുക.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഇത് അല്ലാഹുവിന്റെ റസൂലില്‍നിന്നുള്ളതാണോ അതോ അല്ലാഹുവില്‍നിന്നുള്ളതാണോ?’ അവിടുന്ന് പറഞ്ഞു: ‘അല്ല, ഇത് അല്ലാഹുവില്‍നിന്നുള്ളത് തന്നെ. -അല്ലാഹുവിന്റെ റസൂല്‍ സന്തുഷ്ടനായാല്‍ ചന്ദ്രന്റെ കഷ്ണം പോലെ അവിടുത്തെ മുഖം പ്രകാശിക്കുമായിരുന്നു. അത് അവിടുത്തെ (മുഖത്ത്) നിന്ന് ഞങ്ങള്‍ മനസ്സിലാക്കാറുണ്ടായിരുന്നു- അങ്ങനെ ഞാന്‍ ഇരുന്നു. ഞാന്‍ (ഇപ്രകാരം) പറയുകയും ചെയ്തു: ‘എന്റെ തൗബയുടെ പൂര്‍ത്തീകരണമായി ഞാന്‍ എന്റെ ധനം മുഴുവന്‍ ധര്‍മമായി അല്ലാഹുവിനും റസൂലിനും ഒഴിഞ്ഞുതരുവാന്‍ ഉദ്ദേശിക്കുന്നു.’അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘കുറച്ചു ധനം താങ്കള്‍ സൂക്ഷിച്ചുകൊള്ളുക. അതു തനിക്ക് നല്ലതാണ്.’ ഞാന്‍ പറഞ്ഞു: ‘ഖയ്ബറിലുള്ള എന്റെ ഓഹരി ഞാന്‍ സൂക്ഷിച്ചുകൊള്ളാം’ (ബാക്കിയുള്ളതെല്ലാം ധര്‍മം ചെയ്യുന്നു). എന്നിട്ട് ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, തീര്‍ച്ചയായും അല്ലാഹു എന്നെ രക്ഷിച്ചത് (എന്റെ) സത്യസന്ധതകൊണ്ട് മാത്രമാകുന്നു. (അതിനാല്‍) ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ആരോടും കളവു പറയുകയില്ലെന്നുള്ളതും എന്റെ തൗബയില്‍ പെട്ടതാകുന്നു.’

 

അല്ലാഹുവാെണ സത്യം, അല്ലാഹുവിന്റെ റസൂല്‍ ﷺ നോട് അത് ഞാന്‍ പറഞ്ഞത് മുതല്‍ എന്നെ അല്ലാഹു പരീക്ഷിച്ചതിലേറെ സത്യസന്ധതയുടെ കാര്യത്തില്‍ മുസ്‌ലിംകളില്‍ ഒരാളെയും അല്ലാഹു പരീക്ഷിച്ചത് ഞാന്‍ അറിഞ്ഞിട്ടില്ല. അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ റസൂലി ﷺ നോട് അത് ഞാന്‍ പറഞ്ഞത് മുതല്‍ അറിഞ്ഞുകൊണ്ട് ഒരാളോടും ഈ ദിവസംവരെ കളവ് പറയുകയും ചെയ്തിട്ടില്ല. അവശേഷിക്കുന്ന ദിവസങ്ങളിലും അല്ലാഹു എന്നെ കാത്തുകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹു (ഈ ക്വുര്‍ആന്‍ സൂക്തം) ഇറക്കി: ‘തീര്‍ച്ചയായും നബിയുടെയും (ആ)ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു പോയവരായ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും പേരില്‍ അല്ലാഹു (കനിഞ്ഞു) മടങ്ങിയിട്ടുണ്ട്. (അവര്‍ക്കു പൊറുത്തുകൊടുത്തിട്ടുണ്ട്). അവരില്‍ നിന്നുള്ള ഒരു കൂട്ടരുടെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിന് ശേഷം:- (അതെ) പിന്നെ, അവരുടെ മേല്‍ അവന്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അവന്‍ അവരില്‍ വളരെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു. പിന്നേക്കു വെക്കപ്പെട്ടവരായ മൂന്നാളുകളുടെ പേരിലും (അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു). ഭൂമി വിശാലമായതോടെ(ത്തന്നെ അതവര്‍ക്ക് ഇടുങ്ങി(യതായിത്തോന്നി)പ്പോകുന്നതുവരെയും, തങ്ങളുടെ മനസ്സുകള്‍ തങ്ങള്‍ക്കു ഞെരുങ്ങിപ്പോകുകയും, അല്ലാഹുവില്‍നിന്നു (രക്ഷക്കു) അവങ്കലേക്കല്ലാതെ (വേറെ) ആശ്രയ സ്ഥാനമില്ലെന്നു അവര്‍ കരുതുകയും ചെയ്യുന്നതു വരെയും അവര്‍ ക്ലേശമനുഭവിച്ചു). (അതെ, എന്നിട്ടു) പിന്നെ അവര്‍ (പശ്ചാത്തപിച്ചു) മടങ്ങുവാന്‍ വേണ്ടി അവന്‍ അവരുടെ മേല്‍ (കനിഞ്ഞു) മടങ്ങി. നിശ്ചയമായും അല്ലാഹുതന്നെയാണ് വളരെ (കനിഞ്ഞു) മടങ്ങുന്നവനും കരുണാനിധിയുമായുള്ളവന്‍. ഹേ, സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യം പറയുന്നവരുടെ കൂടെയായിരിക്കുകയും ചെയ്യുവിന്‍’’ (9:117-119).

 

കഅ്ബി(റ)ന് അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെ തബൂകിലേക്ക് പുറപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ യാത്രക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു, നല്ല വാഹനവുമുണ്ട്. പോകാം.. പോകാം.. എന്നും വിചാരിച്ച് ഇരുന്നു. എന്നാല്‍ അവസാനം അദ്ദേഹത്തിന് അതിന് സാധിക്കാതെ പോയി. ഒരു നല്ല കാര്യം ചെയ്യാനുള്ള അവസരം നമുക്ക് മുമ്പില്‍ വന്നാല്‍ അത് പിന്നീടാകാം എന്ന് വിചാരിച്ച് നീട്ടിവെക്കുന്നത് നമുക്ക് തന്നെ വിനയായി മാറുമെന്നത് ഇതില്‍നിന്ന് നാം സ്വീകരിക്കേണ്ട ഗുണപാഠമാണ്. ഒരാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ പോകാനുള്ള സാമ്പത്തികവും ശാരീരികവുമായ സൗകര്യം ഒത്തുവന്നു. എന്നാലും അടുത്ത തവണയാകാം എന്നു വിചാരിച്ച് നീട്ടിവെച്ചാല്‍ അത് നടന്നുകൊള്ളണമെന്നില്ല. പിന്നീട് അതിന്റെ പേരില്‍ ദുഃഖിക്കേണ്ടിവരും. അതിനാല്‍ സല്‍കര്‍മം ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് ഉടനെത്തന്നെ നിര്‍വഹിക്കലാണ് നല്ലത്. അല്ലെങ്കില്‍ മനസ്സില്‍ പല തോന്നലുകളും വന്ന് അതില്‍നിന്നും പിന്മാറലാകും ഉണ്ടാകുക. ഈ മുന്ന് സ്വഹാബിമാര്‍ക്കും സംഭവിച്ചത് അതായിരുന്നു.

 

നബി ﷺ യും സ്വഹാബിമാരും തബൂകില്‍ എത്തിയപ്പോള്‍ പലരെക്കുറിച്ചും ചോദിച്ചിരുന്നു. മുസ്‌ലിം സൈന്യത്തില്‍ ആയിരക്കണക്കിനു പേര്‍ ഉണ്ടായിരുന്നതിനാല്‍ പലരും അതിന്റെ മറവില്‍ രക്ഷപ്പെടാന്‍ വഴി കണ്ടു; എന്നാല്‍ കഅ്ബ്(റ) അടക്കമുള്ള ഈ മൂന്ന് സ്വഹാബിമാര്‍ പോകാന്‍ താല്‍പര്യം കാണിച്ചവരായിരുന്നു.

 

നബി ﷺ മദീനയിലെ പള്ളിയില്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ എണ്‍പതോളം ആളുകള്‍ കഅ്ബി(റ)ന്റെ മുന്നില്‍ വെച്ച് നബി ﷺ യോട് കാരണം ബോധിപ്പിച്ചിരുന്നു. അങ്ങനെ കഅ്ബി(റ)ന്റെ ഊഴമായി. കഅ്ബ്(റ) നബി ﷺ യെ സമീപിച്ചു. നബി ﷺ യോട് സലാം പറഞ്ഞു. അപ്പോള്‍ നബി ﷺ അദ്ദേഹത്തോട് കുപിതനായി ഒന്നു ചിരിച്ചു. കഅ്ബ്(റ) തന്റെ കൂടെ വരാത്തതില്‍ വലിയ വിഷമമുണ്ടായിരുന്നു. എന്നിട്ട് നബി ﷺ കഅ്ബി(റ)നെ തന്റെ അടുത്തേക്ക് വിളിച്ചു. അദ്ദേഹം നബി ﷺ യുടെ മുമ്പില്‍ ഭവ്യതയോടെ ഇരുന്നു. യുദ്ധത്തിന് വരാതെ പിന്തിനില്‍ക്കാനുള്ള കാരണം നബി ﷺ ചോദിച്ചു. അദ്ദേഹം സത്യസന്ധമായി കാര്യം തുറന്നുപറഞ്ഞു. നബി ﷺ കഅ്ബ് പറഞ്ഞത് സത്യമാണെന്ന് പറഞ്ഞു. ‘നിന്റെ കാര്യത്തില്‍ അല്ലാഹു തീരുമാനം എടുക്കട്ടെ’ എന്ന് ആശ്വസിപ്പിച്ചു.

 

എന്തെങ്കിലും ഒരു കാരണം നബി ﷺ യോട് പറഞ്ഞാല്‍ അവിടുന്ന് താങ്കള്‍ക്കും മാപ്പ് നല്‍കില്ലേ എന്ന് പലരും ചോദിച്ചു. എന്നാല്‍ അദ്ദേഹം ഇല്ലാത്ത കാരണം പറഞ്ഞ് രക്ഷപ്പെടാന്‍ തയ്യാറായില്ല. അങ്ങനെ അദ്ദേഹം തനിക്ക് സംഭവിച്ചതുപോലെ സംഭവിച്ച ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. ഹിലാല്‍ ഇബ്‌നു ഉമയ്യയും മുറാറ ഇബ്‌നുര്‍റബീഉം ഉണ്ടെന്ന് മനസ്സിലാക്കി.

 

ഈ രണ്ടു സ്വഹാബിമാരും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത മഹാന്മാരാണ്. ഇവര്‍ തനിക്ക് കൂട്ടിനുണ്ടല്ലോ എന്നോര്‍ത്ത് കഅ്ബ്(റ) സന്തോഷിച്ചു. ഈ മൂന്ന് പേരും നബി ﷺ യുടെ മുന്നില്‍ സത്യസന്ധമായി അവരുടെ കാരണം ബോധിപ്പിച്ചവരാണ്.

 

അല്ലാഹു തീരുമാനം ഇറക്കി. നബി ﷺ യോട് ഈ മൂന്നു പേരെയും ബഹിഷ്‌കരിക്കാന്‍ വേണ്ടി അല്ലാഹു കല്‍പിച്ചു. അങ്ങനെ ഇവര്‍ക്ക് എതിരിലുള്ള ഉപരോധം തുടങ്ങി. അത് അമ്പത് ദിവസം നീണ്ടു. അവര്‍ക്കുള്ള ശിക്ഷയായിരുന്നു അത്. ഈ മൂന്ന് സ്വഹാബിമാര്‍ മദീനയില്‍ ഒറ്റപ്പെടുകയാണ്. അത് അവര്‍ക്ക് വല്ലാത്ത പ്രയാസമായി. അവരുടെ ആ പ്രയാസത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

 

ഭൂമി വിശാലമായിട്ടും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ എവിടെവെച്ചും സംസാരിക്കാത്ത, യാതൊരു ബന്ധവുമില്ലാത്ത അവസ്ഥ കാരണത്താല്‍ ഭൂമി അവര്‍ക്ക് ഇടുങ്ങിയതുപോലെ ആയിത്തീര്‍ന്നു. ഇതില്‍ നിന്നും മോചനം ലഭിക്കാന്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങലല്ലാതെ മറ്റൊരു വഴിയില്ലെന്ന് ഈ മഹാന്മാര്‍ക്ക് ബോധ്യമായി. മൂവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി. അങ്ങനെ അവരുടെ തൗബ അല്ലാഹു സ്വീകരിച്ചു. അവര്‍ക്ക് മാപ്പുകൊടുത്തതായുള്ള സന്തോഷവാര്‍ത്ത ക്വുര്‍ആന്‍ സൂക്തത്തിലൂടെ അല്ലാഹു അറിയിച്ചു.

 

ആ മൂന്ന് മഹാന്മാര്‍ക്കും അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്ത്വവും അംഗീകാരവും ലഭിക്കാനുള്ള കാരണം അവരുടെ സത്യസന്ധതയായിരുന്നു. അതിനാല്‍ ആ സല്‍ഗുണത്തിന്റെ വക്താക്കളാകാന്‍ മുഴുവന്‍ വിശ്വാസികളും പരിശ്രമിക്കേണ്ടതുണ്ട്. അവിടെയാണ് അല്ലാഹുവിന്റെ സഹായം ഉണ്ടാകുക. ആ മൂന്നു പേരുടെയും കാര്യം ഉണര്‍ത്തി അല്ലാഹു പറയുന്ന ആ വചനത്തിന് ശേഷം മുഴുവന്‍ വിശ്വാസികളോടും ഒരു കാര്യം ഉണര്‍ത്തി: ‘ഹേ, സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യം പറയുന്നവരുടെ കൂടെയായിരിക്കുകയും ചെയ്യുവിന്‍.’ (തുടരും)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

തബൂക് യാത്രയില്‍ പിന്തിനിന്നവര്‍

തബൂക് യാത്രയില്‍ പിന്തിനിന്നവര്‍

(മുഹമ്മദ് നബി ﷺ 65)

ക്വുര്‍ആനിനോടും സുന്നത്തിനോടും എതിരാകുന്ന വലുതും ചെറുതുമായ ധാരാളം വിശ്വാസ-ആചാര-അനുഷ്ഠാനമുറകള്‍ പ്രചരിപ്പിക്കുന്ന വിവിധ പള്ളികള്‍ ഉള്ള സ്ഥലത്ത് തൗഹീദിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലും, അതിന്റെ പ്രചാരണത്തിനായും തക്വ്‌വയുടെ അടിത്തറയില്‍ ഒരു പള്ളി നിര്‍മിക്കപ്പെട്ടാല്‍ അതിനെ മസ്ജിദുളിറാറായി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ചില ഉസ്താദുമാരുണ്ട്. അത് ശരിയല്ല. ഒരു നാട്ടില്‍ ആദ്യം നിര്‍മിച്ച പള്ളിയാണ് ശരിയായതെന്നും ശേഷം നിര്‍മിക്കപ്പെടുന്ന പള്ളികള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതാണെന്നുമുള്ള കണ്ടെത്തല്‍ തീര്‍ത്തും അബദ്ധമാണ്. എപ്പോള്‍ നിര്‍മിക്കപ്പെട്ടാലും ശരി, തക്വ്‌വയില്‍ അധിഷ്ഠിതമാണെങ്കില്‍ മാത്രമെ ഇസ്‌ലാം വിഭാവനം ചെയ്യുന്ന പള്ളിയാകുകയുള്ളൂ.

നമസ്‌കരിക്കേണ്ട പള്ളിയെപ്പറ്റി പറഞ്ഞപ്പോള്‍ ‘അതില്‍ ചില പുരുഷന്മാരുണ്ട്’ എന്നു പറഞ്ഞതിനെ (ഫീഹി രിജാലുന്‍) എടുത്ത് സ്ത്രീകള്‍ക്ക് പള്ളികളില്‍ പോയി നമസ്‌കരിക്കല്‍ നിഷിദ്ധമാണെന്ന് വാദിക്കുന്നവരുണ്ട്. മദീനയില്‍ നബി ﷺ ഒരു പള്ളി പണിതപ്പോള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിനായി പ്രത്യേകമായ വാതില്‍തന്നെ സംവിധാനിച്ചിരുന്നു. ഇന്നും മദീനയിലെ പള്ളിയടക്കം അനവധി പള്ളികളിലും നമുക്ക് അത് കാണാവുന്നതാണ്. നബി ﷺ സ്ഥാപിച്ച ആ വാതിലിലൂടെ പുരുഷന്മാര്‍ പ്രവേശിക്കുന്നത് ഉമറി(റ)ന്റെ ഭരണകാലത്ത് അദ്ദേഹം ശക്തമായി വിലക്കിയതായി ചരിത്രത്തില്‍ കാണാം. നബി ﷺ യുടെ കൂടെ സ്ത്രീകള്‍ ജമാഅത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തതിന് എത്രയോ തെളിവുകള്‍ സ്വഹീഹുല്‍ ബുഖാരിയടക്കമുള്ള പ്രസിദ്ധമായ എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും നമുക്ക് കാണാവുന്നതാണ്. നബി ﷺ യുടെ ചര്യനോക്കാതെ ക്വുര്‍ആനിനെ വ്യാഖ്യാനിക്കുന്നതിന് പറയുന്ന പേരാണ് ‘ദുര്‍വ്യാഖ്യാനം.’ അതാണ് ഇത്തരക്കാര്‍ പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇസ്‌ലാം അനുവദിച്ചിട്ടുള്ള ഒരു കാര്യത്തെ മനഃപൂര്‍വം ഒരാള്‍ നിഷേധിക്കുകയാണെങ്കില്‍ പരലോകത്ത് അവന്റെ കാര്യം എത്ര ഗുരുതരമാണെന്നത് ആലോചിക്കുക.

തബൂക് യുദ്ധം മുസ്‌ലിംകള്‍ക്ക് വിജയമാണ് സമ്മാനിച്ചത്. തബൂകില്‍നിന്നും നബി ﷺ യും അനുചരന്മാരും മദീനയില്‍ എത്തി. യുദ്ധത്തിന് പോകാതെ പലവിധ കാരണങ്ങളാലും മദീനയില്‍ തങ്ങിയവര്‍ ധാരാളമായിരുന്നു. അവര്‍ ഓരോരുത്തരും നബി ﷺ യുടെ സമീപത്ത് വരാന്‍ തുടങ്ങി. യുദ്ധത്തിന് വരാത്തതിന്റെ പേരില്‍ നബി ﷺ തങ്ങളെപ്പറ്റി ദുഷിച്ചതൊന്നും വിചാരിക്കരുതെന്ന് കരുതി യുദ്ധത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് നബി ﷺ നോട് മാപ്പു ചോദിക്കാനായിരുന്നു അവരുടെ ഓരോരുത്തരുടെയും വരവ്.

യുദ്ധത്തിന് പോകാതെ മദീനയില്‍ തങ്ങിയവരില്‍ ബഹുഭൂരിപക്ഷവും കപടവിശ്വാസികളായിരുന്നു എന്നത് നാം മനസ്സിലാക്കുകയുണ്ടായി. അവര്‍തന്നെയായിരുന്നു നബി ﷺ യോട് മാപ്പ് ചോദിക്കാനായി ആദ്യമാദ്യം മുമ്പോട്ടുവന്നതും. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

‘‘അവരുടെ അടുക്കലേക്ക് (യുദ്ധം കഴിഞ്ഞ്) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് ഒഴികഴിവ്പറയുന്നതാണ്. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേഇല്ല. (കാരണം) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക് അറിയിച്ച് തന്നിട്ടുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്റെ ദൂതനും കാണുന്നതുമാണ്. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്” (9:94).

അല്ലാഹുവും റസൂലും നിങ്ങളുടെ ചെയ്തികള്‍ കാണുമെന്ന് പറഞ്ഞതിനെ അല്ലാഹുവിന്റെയും റസൂലിന്റെയും കാഴ്ച ഒരുപോലെയാണെന്ന് വ്യാഖ്യാനിക്കാവതല്ല. ചിലര്‍ അങ്ങനെ ദുര്‍വ്യാഖ്യാനിക്കാറുണ്ട്.

തബൂക് യുദ്ധത്തിലേക്ക് പുറപ്പെടാത്തവരെ സംബന്ധിച്ച് അല്ലാഹു അറിയിച്ച സന്ദര്‍ഭത്തിലാണല്ലോ നബി ﷺ ക്ക് അവരുടെ തനിനിറം മനസ്സിലായത്. പിന്നെ അല്ലാഹുവും റസൂലും കാണും എന്ന് പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മുഫസ്സിറുകള്‍ പറയുന്നത് കാണുക:

‘ഇതിന് ശേഷം നിങ്ങളുടെ ചെയ്തികളെ അല്ലാഹുവും അവന്റെ റസൂലും കാണുന്നതാകുന്നു. (അഥവാ) നിങ്ങളുടെ കാപട്യത്തെ തൊട്ട് നിങ്ങള്‍ പശ്ചാത്തപിക്കുമോ, അതല്ല, നിങ്ങള്‍ അതില്‍തന്നെ നിലകൊള്ളുമോ (എന്നത്).’ (ഇമാം ബഗവി(റഹി).

‘അല്ലാഹുവും അവന്റെ റസൂലും നിങ്ങളുടെ പ്രവൃത്തിയെ കാണുന്നതാകുന്നു എന്നതിന്റെ അര്‍ഥം; റസൂലി ﷺ നോടും വിശ്വാസികളോടുമുള്ള സ്‌നേഹത്താലാണോ, അവരോടുള്ള അനുകമ്പയാലാണോ, അവരെ സഹായിക്കുന്നതിലുള്ള ആഗ്രഹത്താലാണോ ആ കാരണം ബോധിപ്പിക്കലിന്റെ സമയത്ത് അവര്‍ അവരുടെ മനസ്സുകളില്‍ ഉള്ളത് വെളിവാക്കിയിരുന്നത്? അതിനാല്‍ അല്ലാഹു പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ പ്രവൃത്തിയെ കാണും.’ (അതായത്), നിങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന സത്യസന്ധതയും തെളിമയുമെല്ലാമാകുന്ന അവസ്ഥയില്‍ നിലനില്‍ക്കുമോ അല്ലെങ്കില്‍ നിലനില്‍ക്കില്ലയോ (എന്നത് അല്ലാഹു കാണുന്നതാകുന്നു)’ (തഫ്‌സീര്‍ ഇബ്‌നുകസീര്‍).

നബി ﷺ യുടെ മുമ്പില്‍ വന്ന് കാരണം ബോധിപ്പിച്ച് മാന്യന്മാരാകാം എന്ന് വിചാരിച്ചവരെയും തക്കതായ കാരണത്താല്‍ മാറിനില്‍ക്കുകയും പിന്നീട് നബി ﷺ യോട് കാരണം ബോധിപ്പിക്കുകയും ചെയ്തവരെയും പിന്നീടുള്ള അവരുടെ ജീവിത രീതികളില്‍നിന്ന് മനസ്സിലാക്കാം എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ദൃശ്യവും അദൃശ്യവും ഒരുപോലെ അറിയുന്നവന്‍ അല്ലാഹുമാത്രമാണ് എന്നതും ഈ വചനത്തില്‍ വ്യക്തമാക്കിയതും നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. മാത്രമല്ല, ഇതേ അധ്യായത്തിലെ 105ാമത്തെ ആയത്തില്‍ വിശ്വാസികളെയും ചേര്‍ത്തിപ്പറഞ്ഞത് കാണാം. അപ്പോള്‍ എല്ലാവരുടെയും കാഴ്ച ഒരുപോലെയാണോ? അല്ല! ഈ വചനം ആരെ സംബന്ധിച്ചാണ് പറയുന്നതെന്നതും എപ്പോഴാണ് ഇറങ്ങിയതെന്നും മനസ്സിലാക്കല്‍ ഇതിന്റെ ദുര്‍വ്യാഖ്യാനത്തിലെ അര്‍ഥശൂന്യത തിരിച്ചറിയാന്‍ സഹായകമാണ്.

തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി കാരണം ബോധിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ദൃശ്യവും അദൃശ്യവും അറിയുന്നവനിലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നതെന്നും നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെ പറ്റിയും അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണെന്നും അല്ലാഹു അറിയിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഖേദവും പശ്ചാത്താപ മനഃസ്ഥിതിയും ഉണ്ടെങ്കില്‍ ഭാവിയിലെ നിങ്ങളുടെ ജീവിതരീതി അല്ലാഹു നോക്കിക്കാണുകയും അതിനനുസരിച്ച് നിങ്ങളെ അവന്‍ പരിഗണിക്കുകയും ചെയ്യുന്നതാണ്. അതുപോലെ നിങ്ങളുടെ നേതാവായ നബി ﷺ യും നിങ്ങളുടെ ചെയ്തികള്‍ കണ്ടു മനസ്സിലാക്കുകയും അതുപ്രകാരം നിങ്ങളെ അവിടുന്ന് വിശ്വാസത്തിലെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നതാണ്. കേവല മാപ്പപേക്ഷയിലൂടെ മാത്രം നിങ്ങളെ ഉള്‍കൊള്ളാന്‍ സാധ്യമല്ല.

കപടവിശ്വാസികളെ ആക്ഷേപിച്ചുകൊണ്ട് വീണ്ടും അല്ലാഹു പറഞ്ഞു: ‘‘നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടിയത്രെ അത്. അതുകൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്. നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച” (9:96).

നിങ്ങള്‍ അവരിലേക്ക് മടങ്ങിച്ചെന്നാല്‍ അവര്‍ നിങ്ങളോട് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് പല കാര്യങ്ങളും പറയുന്നതാണ്. എന്നാല്‍ അവരെ വിശ്വാസത്തിലെടുക്കരുത്. അവരെ അവഗണിച്ചേക്കണം. കാരണം, അവരുടെ മനസ്സ് മാലിന്യമാണ്. ദുഷിച്ചതേ അവര്‍ ചിന്തിക്കൂ. ദുഷിച്ചതേ അവര്‍ പ്ലാന്‍ ചെയ്യൂ. ദുഷിച്ചതിനേ അവര്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കൂ. കളവിലൂടെയാണ് അവര്‍ ജീവിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അവര്‍ക്ക് അവര്‍ ചെയ്തതിനുള്ള പ്രതിഫലമായി നരകം തയ്യാര്‍ ചെയ്തിട്ടുണ്ട്. ഇനി നിങ്ങളെ തൃപ്തിപ്പെടുത്താനായി ഏതെല്ലാം രൂപത്തില്‍ സത്യം ചെയ്യുകയും എന്നിട്ട് അവരെ അങ്ങ് തൃപ്തിപ്പെട്ടാലും അല്ലാഹു ഈ അധര്‍മകാരികളായ കപടന്മാരെ തൃപ്തിപ്പെടുന്നതല്ല.

തുടര്‍ന്ന് അല്ലാഹുവിന്റെ റസൂലി ﷺ നോട് ആ കപടന്മാരോട് പറയാനായി ഇപ്രകാരം അല്ലാഹു കല്‍പിക്കുകയും ചെയ്തു: ‘‘അല്ലാഹുവിന്റെ കല്‍പന കിട്ടുന്നതുവരെ തീരുമാനം മാറ്റിവെക്കപ്പെട്ട മറ്റുചിലരുമുണ്ട്. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു” (9:106).

യുദ്ധത്തില്‍നിന്നും വിട്ടുനിന്നവരില്‍ നല്ലവരായ ചില സ്വഹാബിവര്യന്മാരും ഉണ്ടായിരുന്നു. ചെറിയ ഒരു അലസതയാണ് അവരെ ബാധിച്ചത്. ദീര്‍ഘ ദൂരമുണ്ടല്ലോ തബൂകിലേക്ക്. തങ്ങള്‍ക്ക് നല്ല വാഹനവും വേഗത്തില്‍ കുതിക്കുന്ന കുതിരയുമെല്ലാം ഉണ്ടല്ലോ. നബി ﷺ യും സ്വഹാബാക്കളും അവിടെ എത്തുമ്പോഴേക്ക് തങ്ങള്‍ക്കും എത്താന്‍ സാധിക്കും. അതിനാല്‍ അല്‍പം കഴിഞ്ഞ് പോകാം എന്ന് വിചാരിച്ച് പിന്തിനിന്നവരായിരുന്നു അവര്‍. അവര്‍ യുദ്ധത്തിന് പോകണം എന്ന് ആത്മാര്‍ഥമായി തീരുമാനിച്ചവര്‍ തന്നെയായിരുന്നു. ആ കൂട്ടത്തില്‍ പ്രഗത്ഭരായ മൂന്ന് സ്വഹാബിമാര്‍ ഉണ്ടായിരുന്നു. കഅ്ബ് ഇബ്‌നു മാലിക്(റ), ഹിലാല്‍ ഇബ്‌നു ഉമയ്യ അല്‍വാക്വിഫിയ്യ്(റ), മുറാറ ഇബ്‌നുര്‍റബീഅ് അല്‍അംരിയ്യ്(റ) എന്നിവരായിരുന്നു ആ മൂന്ന് സ്വഹാബിമാര്‍. മറ്റു ചില സ്വഹാബിമാരും ഉണ്ടായിരുന്നു.

ഈ മൂന്ന് സ്വഹാബിമാര്‍ തബൂകിലേക്ക് പോകാതിരിക്കാനുള്ള കാരണം എന്തായിരുന്നു? അവര്‍ പോകാം… ചെയ്യാം… എന്നിങ്ങനെ ചിന്തിച്ചിരുന്നു. ഉച്ചക്കാകാം, വൈകുന്നേരമാകാം, രാത്രിയാകാം, നാളെയാകാം എന്നിങ്ങനെ അവര്‍ കണക്കൂ കൂട്ടി. അവസാനം അവര്‍ക്ക് തബൂകിലേക്ക് പോകാന്‍ സാധിച്ചില്ല.

തബൂകില്‍നിന്നും നബി ﷺ മദീനയില്‍ തിരിച്ചെത്തി. നമസ്‌കാരം നിര്‍വഹിച്ചു. ശേഷം അവിടുന്ന് പള്ളിയില്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഓരോരുത്തരും വന്ന് നബി ﷺ യോട് കാരണം ബോധിപ്പിച്ച് സംസാരിക്കാന്‍ തുടങ്ങി. പലരുടെയും കാര്യം നബി ﷺ അല്ലാഹുവിലേക്ക് ഏല്‍പിച്ചു. പലരുടെയും കാരണങ്ങളെ നബി ﷺ ഉള്‍കൊള്ളുകയും സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ നേരത്തെ സൂചിപ്പിച്ച മൂന്നുപേരുടെ സ്ഥിതി വ്യത്യസ്തമായിരുന്നു. കഅ്ബ്(റ) ആ സംഭവം വിവരിക്കുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു കഅ്ബ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ‘‘കഅബ് ഇബ്‌നു മാലിക് അന്ധനായി മാറിയ സന്ദര്‍ഭത്തില്‍ മക്കളായിരുന്നു അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്. തബൂക് യുദ്ധവേളയില്‍ അല്ലാഹുവിന്റെ റസൂലി ﷺ ല്‍നിന്ന് പിന്തിനിന്ന സംഭവം അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: തബൂക് യുദ്ധത്തിലൊഴികെ ഒരു യുദ്ധത്തിലും അല്ലാഹുവിന്റെ റസൂലി ﷺ നെ തൊട്ട് ഞാന്‍ പിന്തിനിന്നിട്ടില്ല. ബദ്ര്‍ യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. ബദ്‌റില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ആരെയും ആക്ഷേപിച്ചിട്ടില്ലല്ലോ. (ബദ്‌റിലേക്ക് പുറപ്പെടുമ്പോള്‍) നബി ﷺ യും മുസ്‌ലിംകളും ക്വുറയ്ശികളുടെ കച്ചവട സംഘത്തെ ഉദ്ദേശിച്ചു പുറപ്പെട്ടതായിരുന്നു. (എന്നാല്‍) അല്ലാഹു അവരെയും ശത്രുക്കളെയും കൂട്ടിമുട്ടിച്ചു. ഇസ്‌ലാമിന്റെ പേരില്‍ കരാറിലേര്‍പ്പെട്ട അക്വബയുടെ രാത്രിയില്‍ ഞാനും നബി ﷺ യുടെ കൂടെയുണ്ടായിരുന്നു. ബദ്‌റിലെ പങ്കാളിത്തത്തിന് ഞാന്‍ ഇതിനെക്കാള്‍ പ്രാധാന്യം നല്‍കിയിരുന്നില്ല. ബദ്‌റിനാണ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്മരിക്കപ്പെട്ടിരുന്നത്.

തബൂക് യുദ്ധത്തില്‍ അല്ലാഹുവിന്റെ റസൂലി ﷺ നെ തൊട്ട് ഞാന്‍ പിന്തിനിന്ന എന്റെ കാര്യം ഇതായിരുന്നു: അന്ന് ഞാന്‍ ഒരിക്കലുമില്ലാത്ത വിധം ആരോഗ്യവാനും സമ്പന്നനുമായിരുന്നു. അല്ലാഹുവാണെ സത്യം, അതിന് മുമ്പൊന്നും എനിക്ക് രണ്ട് വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. ആ യുദ്ധത്തില്‍ പങ്കെടുക്കാനായി ഞാന്‍ രണ്ടു വാഹനങ്ങള്‍ തയ്യാറാക്കിയിരുന്നു. (സാധാരണ ഗതിയില്‍) യുദ്ധത്തിന് പുറപ്പെടന്ന സമയത്ത് അല്ലാഹുവിന്റെ റസൂല്‍ ﷺ വ്യംഗമായി സൂചിപ്പിക്കലായിരുന്നു പതിവ്. എന്നാല്‍ ഈ യുദ്ധം കഠിനമായ ഉഷ്ണകാലത്തായിരുന്നു. മരുഭൂമിയിലൂടെ ദീര്‍ഘമായി യാത്രചെയ്യേണ്ടതും ഉണ്ടായിരുന്നു. ശത്രു സൈന്യം ധാരാളവും. ഈ കാരണത്താല്‍ യുദ്ധോപകരണങ്ങള്‍ ഒരുക്കാനായി നബി ﷺ മുസ്‌ലിംകളോട് യുദ്ധകാര്യം വ്യക്തമാക്കി പറഞ്ഞു. ലക്ഷ്യസ്ഥാനവും വ്യക്തമാക്കി.

ഒരു രേഖയില്‍ ഉള്‍കൊള്ളാനാവാത്തവിധം ധാരാളം മുസ്‌ലിം യോദ്ധാക്കള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെയുണ്ടായിരുന്നു. കഅ്ബ്(റ) പറയുന്നു: ആരെങ്കിലും അപ്രത്യക്ഷമാകാന്‍ ഉദ്ദേശിക്കുന്ന പക്ഷം എളുപ്പത്തില്‍ അപ്രത്യക്ഷമാകാമായിരുന്നു. അല്ലാഹുവില്‍നിന്ന് വഹ്‌യ് ഇറങ്ങിയില്ലെങ്കില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അത് അറിയില്ലെന്ന് അത്തരക്കാര്‍ ഊഹിച്ചു. അല്ലാഹുവിന്റെ റസൂല്‍ ﷺ ഈ യുദ്ധത്തിന് പുറപ്പെടുന്നത് ഈന്തപ്പനകള്‍ കുലക്കുന്ന, നിഴലുകള്‍ക്ക് കനം കൂടുന്ന സന്ദര്‍ഭത്തിലായിരുന്നു. എനിക്ക് അവയില്‍ അതീവ താല്‍പര്യമായിരുന്നു. നബി ﷺ യും മുസ്‌ലിംകളും യുദ്ധോപകരണങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. പ്രഭാതത്തില്‍ ഞാനും യുദ്ധസന്നാഹങ്ങള്‍ക്കായി പുറപ്പെടുമായിരുന്നെങ്കിലും വൈകുന്നേരം മടങ്ങുമ്പോള്‍ ഒരുക്കങ്ങള്‍ക്കൊന്നും ചെയ്തിട്ടുണ്ടായിരിക്കുകയില്ല. ഞാന്‍ ഉദ്ദേശിക്കുമ്പോള്‍, എനിക്ക് അതിന് സാധിക്കാമല്ലോ എന്ന് ഞാന്‍ സ്വയം പറഞ്ഞു. ഈ അവസ്ഥയില്‍ ദിവസങ്ങള്‍ കഴിഞ്ഞു. മുസ്‌ലിംകള്‍ അന്തിമമായി യാത്രക്ക് ഒരുങ്ങി. അങ്ങനെ അല്ലാഹുവിന്റെ റസൂലും മുസ്‌ലിംകളും പ്രഭാതത്തില്‍ യാത്രയായി. ഞാന്‍ തീരെ ഒരുങ്ങിയിട്ടുണ്ടായിരുന്നില്ല. ഞാന്‍ പ്രഭാതത്തില്‍ പുറപ്പെടുകയും ഒന്നും ഒരുങ്ങാതെ തിരിച്ചുപോരുകയും ചെയ്യും. സമയം അതിക്രമിച്ചു. മുസ്‌ലിം സൈന്യം ധൃതിയില്‍ മുന്നേറി. യുദ്ധം എന്റെ പിടുത്തത്തില്‍നിന്ന് അകലുന്നുവെന്ന് കണ്ടപ്പോള്‍ എത്രയും വേഗം യാത്ര ചെയ്ത് അവരെ കണ്ടെത്താമെന്ന് ഞാന്‍ വിചാരിച്ചു. ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ! പക്ഷേ, എനിക്ക് അതിന് ഭാഗ്യമുണ്ടായിരുന്നില്ല.

അല്ലാഹുവിന്റെ റസൂല്‍ ﷺ പോയശേഷം പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച എന്നെ ദുഃഖിപ്പിക്കുന്നതായിരുന്നു. കാപട്യം ആരോപിക്കപ്പെടുന്ന ചിലരെയോ, അല്ലാഹു ഒഴിവ്കഴിവ് നല്‍കിയ ദുര്‍ബല വിഭാഗത്തെയോ അല്ലാതെ എന്റെ കൂട്ടാളികളായി ഞാന്‍ കണ്ടില്ല. തബൂകില്‍ എത്തുന്നതുവരെ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നെ ഓര്‍ത്തില്ല. തബൂകില്‍ എത്തിയ ശേഷം അവിടുന്ന് ജനങ്ങളോട് ചോദിച്ചു: ‘കഅ്ബ് ഇബ്‌നു മാലികിന് എന്തുപറ്റി?’ ബനൂ സലമയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, കരിമ്പടവും ആഡംബരവും അഹന്തയും അദ്ദേഹത്തെ തടഞ്ഞിരിക്കുന്നു.’ നീ പറഞ്ഞത് വളരെ മോശമായിപ്പോയി, അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ റസൂലേ, നന്മയല്ലാതെ അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല’ മുആദ് ഇബ്‌നു ജബല്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ റസൂല്‍ ﷺ മൗനം പാലിച്ചു. ഞങ്ങള്‍ അങ്ങനെയായിരിക്കെ ഒരു ശുഭ്രവസ്ത്രധാരി മരീചികയെ വകഞ്ഞ് മാറ്റിക്കൊണ്ട് വരുന്നതായി കണ്ടു. അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘അത് അബൂഖയ്ഥമയാകട്ടെ.’ അത് അബൂഖയ്ഥമതുല്‍ അന്‍സ്വാരിയായിരുന്നു. ഒരു സ്വാഅ് കാരക്ക ധര്‍മം ചെയ്തതിന്റെ പേരില്‍ കപടവിശ്വാസികള്‍ കുത്തുവാക്ക് പറഞ്ഞയാളായിരുന്നു. കഅ്ബ്(റ) പറയുന്നു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തബൂകില്‍ നിന്ന് തിരിച്ച് വരുന്ന വിവരം ലഭിച്ചപ്പോള്‍ എനിക്ക് വിഷമമായി. അപ്പോള്‍ ഞാന്‍ കള്ള (സൂത്രങ്ങള്‍ പലതും) ഓര്‍ത്തു. ഞാന്‍ പറയുന്നുണ്ടായിരുന്നു: നാളെ അവിടുത്തെ കോപത്തില്‍നിന്നും എന്തുകൊണ്ടാണ് ഞാന്‍ പുറത്തുകടക്കുക (രക്ഷപ്പെടുക)? അതിനായി എന്റെ കുടുംബത്തില്‍ പെട്ട ചിന്തകന്മാരുടെ സഹായവും തേടി. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തിരിച്ചെത്തിയ വിവരം കിട്ടിയപ്പോള്‍ എന്നില്‍നിന്നും ആ കളവുകളെല്ലാം മാഞ്ഞു. നബി ﷺ യില്‍നിന്ന് അവകൊണ്ടൊന്നും ഞാന്‍ ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഞാന്‍ മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ അതിന്റെ സത്യാവസ്ഥ ഒരുമിപ്പിച്ചു. അല്ലാഹുവിന്റെ റസൂല്‍ ﷺ പ്രഭാതത്തില്‍ വരികയും ചെയ്തു. അവിടുന്ന് ഒരു യാത്ര കഴിഞ്ഞെത്തിയാല്‍ പള്ളിയില്‍ (വരികയും) രണ്ട് റക്അത് നിസ്‌കരിച്ച് ജനങ്ങള്‍ക്ക് (സംസാരിക്കാനായി) ഇരിക്കലുമാണ് ആദ്യം ചെയ്യാറ്. അങ്ങനെ അതുപ്രകാരം അവിടുന്ന് ചെയ്തു. (യുദ്ധത്തില്‍ നിന്ന്) പിന്തിനിന്നവര്‍ അവിടുത്തെ സമീപിക്കുകയും അവിടുത്തോട് കാരണം ബോധിപ്പിക്കുകയും അവിടുത്തോട് സത്യം ചെയ്ത് പറയുകയും ചെയ്യാന്‍ തുടങ്ങി. അവര്‍ എണ്‍പത് പേരുണ്ടായിരുന്നു. അവരുടെ (സംസാരത്തിന്റെ) പ്രത്യക്ഷ (സ്വഭാവത്തെ പരിഗണിച്ച്) അവരിലെ (കാരണങ്ങളെ) അവിടുന്ന് പരിഗണിച്ചു. അവിടുന്ന് അവരോട് ബയ്അത് ചെയ്യുകയും അവര്‍ക്കായി പാപമോചനം തേടുകയും അവരുടെ പരോക്ഷാവസ്ഥ അല്ലാഹുവിലേക്ക് ഏല്‍പിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ (നബി ﷺ യിലേക്ക് വന്നു. ഞാന്‍ സലാം പറഞ്ഞപ്പോള്‍ കുപിതന്‍ ചിരിക്കുന്നത് പോലെ അവിടുന്ന് (എന്നോട്) ചിരിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു: ‘വരൂ.’ അപ്പോള്‍ ഞാന്‍ നടന്ന് ചെല്ലുകയും അവിടുത്തെ മുമ്പില്‍ ഇരിക്കുകയും ചെയ്തു. എന്നിട്ട് എന്നോട് ചോദിച്ചു: ‘താങ്കളെ പിന്തിപ്പിച്ച് നിര്‍ത്തിയ കാരണം എന്താണ്? താങ്കള്‍ വാഹനം തയ്യാര്‍ ചെയ്തിരുന്നല്ലോ!’ കഅ്ബ്(റ) പറയുന്നു; ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം, ദുന്‍യാവിലെ മറ്റാരുടെയെങ്കിലും സമീപത്താണ് ഞാന്‍ (ഇപ്പോള്‍) ഇരിക്കുന്നതെങ്കില്‍ അയാളുടെ ദേഷ്യത്തില്‍നിന്ന് രക്ഷപ്പെടാനായി പല കാരണങ്ങളും ഞാന്‍ കണ്ടെത്തുമായിരുന്നു. (അങ്ങനെ) തര്‍ക്കത്തിനുള്ള (കഴിവ്) എനിക്ക് നല്‍കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അല്ലാഹുവാണെ സത്യം! അങ്ങ് തൃപ്തിപ്പെടുന്ന വിധത്തില്‍ ഞാന്‍ ഇന്ന് ഒരു കളവ് അങ്ങയോട് പറയുകയാണെങ്കില്‍ അല്ലാഹു എന്റെ മേല്‍ അങ്ങയെ കോപിപ്പിച്ചേക്കുമോ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇനി ഞാന്‍ അങ്ങയോട് സത്യം പറഞ്ഞാലോ അങ്ങേക്ക് എന്റെ മേല്‍ വല്ലതും തോന്നുകയും ചെയ്‌തേക്കാം. അതിനാല്‍ അല്ലാഹുവിന്റെ (അടുക്കല്‍ നിന്നുള്ള നല്ല) പര്യവസാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവാണെ സത്യം, എനിക്ക് ഒരു ഒഴികഴിവും ഉണ്ടായിരുന്നില്ല. അല്ലാഹുവാെണ സത്യം, അങ്ങയില്‍നിന്ന് ഞാന്‍ പിന്തിനിന്ന സന്ദര്‍ഭത്തെക്കാള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സൗകര്യമുള്ളവനും ആരോഗ്യമുള്ളവനും ആയിട്ടില്ല തന്നെ…” (തുടരും)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

ഹുദയ്ബിയ കരാറിന്റെ പ്രസക്തി

ഹുദയ്ബിയ കരാറിന്റെ പ്രസക്തി

(മുഹമ്മദ് നബി ﷺ : 52)

അല്ലാഹുവിന്റെ നാമംകൊണ്ട് എഴുതിത്തുടങ്ങാന്‍ നബി ﷺ അലി(റ)യോട് കല്‍പിച്ചു. അത് സുഹയ്‌ലിന് പിടിച്ചില്ല. അദ്ദേഹം അത് എതിര്‍ത്തു. ‘ബിസ്മില്ലാഹ്’ എന്നതിന്റെ കൂടെ ‘അര്‍റ്വഹ്മാനിര്‍റ്വഹീം’ എന്ന് ചേര്‍ക്കുവാന്‍ തയ്യാറായില്ല. ആയിരത്തിലധികം വരുന്ന സ്വഹാബിമാര്‍ ഈ രംഗത്തിന് സാക്ഷികളാണ്. ‘ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം എന്ന് തന്നെ ഞങ്ങള്‍ എഴുതും എന്നായി അവര്‍.

പരസ്പരം തര്‍ക്കമായി. കരാര്‍ തെറ്റിപ്പിരിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഉടനെ നബി ﷺ അലി(റ)യോട് ‘ബിസ്മികല്ലാഹുമ്മ’ (അല്ലാഹുവേ, നിന്റെ നാമത്തില്‍) എന്ന് എഴുതിക്കൊള്ളുക എന്ന് പറഞ്ഞു. അതിന്റെ പേരില്‍ ഒരു പ്രശ്‌നം നടക്കരുത്. കരാര്‍ മുടങ്ങരുത് എന്നതായിരുന്നു നബിയുടെ വലിയ ആഗ്രഹം.

‘അല്ലാഹുവിന്റെ റസൂലായ മുഹമ്മദ്’ എന്ന പ്രയോഗവും മുശ്‌രിക്കുകള്‍ക്ക് അസ്വീകാര്യമായിരുന്നു. ‘താങ്കള്‍ അല്ലാഹുവിന്റെ റസൂലാണ് എന്ന് ഞങ്ങള്‍ക്ക് അറിയാമെങ്കില്‍ താങ്കളെ ഞങ്ങള്‍ പിന്തുടരുമല്ലോ. അത് ഞങ്ങള്‍ക്ക് അറിയുമെങ്കില്‍ താങ്കളെ ഞങ്ങള്‍ കഅ്ബയെ തൊട്ട് എന്തിന് തടുക്കണം? എന്തിന് താങ്കളോട് യുദ്ധം ചെയ്യണം? അതിനാല്‍ താങ്കളുടെ പിതാവിലേക്ക് ചേര്‍ത്ത് മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ് എന്ന് എഴുതിക്കൊള്ളുക’ എന്നായി സുഹയ്ല്‍. ‘എന്നാല്‍ ഞാന്‍ കരാറിന് ഉണ്ടായിരിക്കുന്നതാണ്. മറിച്ചാണെങ്കില്‍ ഈ കരാറിന് ഞാനില്ല’-സുഹയ്ല്‍ പിടിവാശി കാണിച്ചു.

ഇതും സുഹയ്‌ലിന് അനുവദിച്ച് കൊടുക്കരുത് എന്ന് മുസ്‌ലിംകള്‍ നബി ﷺ യോട് ആവശ്യപ്പെടുന്നു. ‘അവര്‍ എന്നെ കളവാക്കിയാലും ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെയല്ലയോ’ എന്ന ചോദ്യത്തിനു മുന്നില്‍ അവര്‍ അടങ്ങി. അങ്ങനെ ‘മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ്’ എന്ന് എഴുതുവാന്‍ അനുവദിച്ചു.

മുസ്‌ലിംകള്‍ക്കും കഅ്ബക്കും ഇടയിലുള്ള വിലക്കുകള്‍ നീക്കി അതിനെ ത്വവാഫ് ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് സമ്മതം നല്‍കണം എന്നതാണ് അടുത്തതായി നബി ﷺ അലി(റ)യോട് എഴുതാനായി കല്‍പിക്കുന്നത്. അതും സുഹയ്ല്‍ സമ്മതിച്ചില്ല. സുഹയ്ല്‍ പറഞ്ഞു: ‘ഈ പ്രാവശ്യം നിങ്ങള്‍ കഅ്ബയിലേക്ക് പ്രവേശിച്ചാല്‍ മുഹമ്മദും കൂട്ടരും കഅ്ബ പെെട്ടന്നുതന്നെ പിടിച്ചെടുത്തു എന്നും മക്കക്കാര്‍ മുഹമ്മദിന് വഴങ്ങി എന്നും അറബികള്‍ സംസാരിക്കും. അത് ഞങ്ങള്‍ക്ക് അപമാനമാണ്. അതിനാല്‍ ഈ വര്‍ഷം അത് വേണ്ട. അടുത്ത വര്‍ഷം വന്ന് നിങ്ങള്‍ കഅ്ബ ത്വവാഫ് ചെയ്തുകൊള്ളുക.’ ഇത് കേട്ടപ്പോള്‍ മുസ്‌ലിംകള്‍ക്ക് വിഷമമായി. അവര്‍ സമ്മതിച്ചില്ല. ഈ തവണ തന്നെ ഉംറ നിര്‍വഹിക്കാന്‍ അവര്‍ നബി ﷺ യോട് പറഞ്ഞു. എന്നാല്‍ സുഹയ്ല്‍ പറഞ്ഞത് പോലെ അടുത്ത വര്‍ഷം വന്ന് ഉംറ ചെയ്യുക എന്നത് കരാറായി എഴുതാന്‍ അലി(റ)യോട് നബി ﷺ കല്‍പിച്ചു. അദ്ദേഹം അത് എഴുതി.

അടുത്ത കരാര്‍ എഴുതാന്‍ പറഞ്ഞത് സുഹയ്‌ലായിരുന്നു. മക്കയില്‍നിന്ന് മുസ്‌ലിമായി നബി ﷺ യുടെ അടുത്തേക്ക് അഭയംതേടി വന്നാല്‍ അവരെ സ്വീകരിക്കാന്‍ പാടില്ലെന്നും മക്കയിലേക്ക് തന്നെ അയാളെ തിരിച്ചു വിടണമെന്നും എന്നാല്‍ മുസ്‌ലിംകളില്‍നിന്ന് വല്ലവരും മക്കയിലേക്ക് വന്നാല്‍ അവരെ തിരിച്ചു തരികയുമില്ല എന്നുമായിരുന്നു സുഹയ്ല്‍ പറഞ്ഞ കരാര്‍. മുസ്‌ലിംകള്‍ ഇത് കേട്ടപ്പോള്‍ അമ്പരന്നു. അവര്‍ അതിനെ ചോദ്യം ചെയ്തു: ‘ഇത് എന്ത് കരാറാണ്? മുസ്‌ലിമായി ഒരാള്‍ വന്നാല്‍ ഞങ്ങള്‍ അയാളെ സ്വീകരിക്കാന്‍ പാടില്ലെന്നോ? അയാളെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണമെന്നോ? സമ്മതിക്കില്ല. തികച്ചും ഏകപക്ഷീയമായ കരാറല്ലേ ഇത്? അല്ലാഹുവിന്റെ റസൂലേ, ഈ കരാറും നാം അംഗീകരിക്കുകയാണോ?’

നബി ﷺ പറഞ്ഞു: ‘അതെ. കാരണം, നമ്മില്‍നിന്ന് അവരിലേക്ക് വല്ലവനും പോയാല്‍ അല്ലാഹു അവനെ അകറ്റുന്നതാണ്. എന്നാല്‍ അവരില്‍നിന്ന് വല്ലവനും നമ്മുടെ അടുത്തേക്ക് വന്നാല്‍ അല്ലാഹു അവന് ഒരു പോംവഴിയും തുറവിയും നല്‍കുന്നതാണ്.’

ഇത് കേട്ടപ്പോള്‍ സ്വഹാബത്തിന് ആശ്വാസമായി. അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് ആ കരാറും നബി ﷺ അംഗീകരിച്ചു. എഴുത്ത് കഴിയും മുമ്പ് അബൂജന്ദല്‍(റ) അവിടേക്ക് പ്രവേശിക്കുന്നു. അദ്ദേഹം ശത്രുക്കളുടെ അടുക്കല്‍ ആമം വെക്കപ്പെട്ടിട്ടുണ്ടായിരുന്നു.

നബി ﷺ യുടെ കൂടെ ശത്രുഭാഗത്ത് നിന്നും കരാര്‍ എഴുതിക്കൊണ്ടിരിക്കുന്ന സുഹയ്‌ലിന്റെ മകനാണ് അബൂ ജന്ദല്‍(റ). മക്കയില്‍വെച്ച് ഇസ്‌ലാം സ്വീകരിച്ച്, അതിന്റെ കാരണത്താല്‍ പിതാവ് ഉള്‍പ്പെടെയുള്ള ശത്രുക്കളുടെ തല്ലും കുത്തും ചവിട്ടും എല്ലാം ഏറ്റുവാങ്ങി, മദീനയിലേക്ക് ഹിജ്‌റ പോകാന്‍ സമ്മതിക്കാതെ, ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് തടവിലാക്കപ്പെട്ട ആളായിരുന്നു അബൂജന്ദല്‍(റ). എങ്ങനെയോ ചങ്ങല പൊട്ടിച്ച് ശത്രുക്കളുടെ കണ്ണില്‍ പെടാതെ, ശത്രുക്കളുമായി നബി ﷺ കരാര്‍ എഴുതുന്ന ഹുദയ്ബിയയിലേക്ക് വേച്ചുവേച്ച് അദ്ദേഹം എത്തിയിരിക്കുകയാണ്. അബൂ ജന്ദല്‍(റ) മുസ്‌ലിംകള്‍ക്കിടയില്‍ വന്ന് വീഴുകയായിരുന്നു.

മകനെ കണ്ടമാത്രയില്‍ പിതാവ് സുഹയ്ല്‍ മുഖത്ത് ശക്തമായി അടിച്ചു. എന്നിട്ട് സുഹയ്ല്‍ നബി ﷺ യോട് പറഞ്ഞു: ‘ഇതാ, ഇത് എന്റെ മകനാണ്. ആദ്യത്തെ ഈ കരാര്‍ അവന്റെ മേലാണ്. അവനെ എന്നിലേക്ക് മടക്കിത്തരണം. നമ്മുടെ തീരുമാനത്തിലെ ഒന്നാമത്തേത് നടപ്പിലാക്കേണ്ട സന്ദര്‍ഭമാണിത്. അതിനാല്‍ വേഗം നടപ്പിലാക്കണം.’ അപ്പോള്‍ നബി ﷺ സുഹയ്‌ലിനോട് പറഞ്ഞു: ‘സുഹയ് ലേ, നാം കരാര്‍ എഴുതിത്തുടങ്ങിയിട്ടല്ലേ ഉള്ളൂ; തീര്‍ന്നിട്ടില്ലല്ലോ.’ ഇത് കേട്ടപ്പോള്‍ സുഹയ്ല്‍ കോപാകുലനായി. ഇങ്ങനെയെങ്കില്‍ ഞാന്‍ കരാറുമായി മുന്നോട്ടില്ലെന്ന് പറഞ്ഞു. അങ്ങനെ സുഹയ്ല്‍ കരാര്‍ എഴുത്ത് നിര്‍ത്തി അവിടെ നിന്നും പോകാന്‍ തയ്യാറെടുത്തു. അബൂജന്ദലിന്റെ കാര്യത്തില്‍ മാത്രം ഒരു ഇളവ് അനുവദിച്ചു കൂടേ എന്ന് നബി ﷺ സുഹയ്‌ലിനോട് ചോദിച്ചു. ഒരിക്കലും സമ്മതിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അവസാനം സുഹയ്‌ലിന്റെ വാശി ജയിച്ചു. അബൂജന്ദലി(റ)നെ തിരിച്ചയച്ചു.

വീണ്ടും എന്നെ മുശ്‌രിക്കുകളുടെ കൈകളിലേക്ക് ഏല്‍പിക്കുകയാണോ എന്ന് അബൂജന്ദല്‍ വിലപിച്ചു. ദേഹമാസകലമുള്ള ക്രൂരമായ പീഡനത്തിന്റെ പാടുകളും മുറിവുകളും അദ്ദേഹം മുസ്‌ലിംകള്‍ക്ക് കാണിച്ചുകൊടുത്തു. ആ സമയത്ത് നബി ﷺ അദ്ദേഹത്തെ സമാധാനിപ്പിച്ചു: ‘അബൂജന്ദല്‍! ക്ഷമിച്ചേക്കുക, പ്രതിഫലം ആഗ്രഹിച്ചേക്കുക. തീര്‍ച്ചയായും അല്ലാഹു താങ്കള്‍ക്ക് ഒരു തുറവിയും പോംവഴിയും ഉണ്ടാക്കിത്തരുന്നവനാണ്. നിനക്കും നിന്നെ പോലെ മക്കയില്‍ ശത്രുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ പേര്‍ക്കും അല്ലാഹു ഒരു വഴി കാണിക്കുന്നതാണ്.’

അബൂജന്ദല്‍(റ) തേങ്ങിക്കരഞ്ഞ് അവിടെനിന്നും മടങ്ങിപ്പോകുന്ന രംഗം കണ്ടപ്പോള്‍ ഉമര്‍(റ) നബി ﷺ യെ സമീപിച്ചു. എന്തിന് നാം നമ്മുടെ മതത്തിന്റെ കാര്യത്തില്‍ ശത്രുവിന് ഇങ്ങനെ വിട്ടുവീഴ്ച നല്‍കണം എന്നും ഉംറ ചെയ്യാന്‍ അടുത്തവര്‍ഷം വരെ എന്തിന് കാത്തിരിക്കണമെന്നും അദ്ദേഹം ചോദിച്ചു.

തുടര്‍ന്ന് ഉമര്‍(റ) അബൂബക്‌റി(റ)ന്റെ അടുത്ത് ചെന്ന് നബി ﷺ യോട് ചോദിച്ചത് അദ്ദേഹത്തോടും ആവര്‍ത്തിച്ചു. നബി ﷺ മറുപടി നല്‍കിയത് പോലെ അബൂബക്‌റും മറുപടി നല്‍കി. അല്ലാഹുവിന്റെ റസൂല്‍ ﷺ എടുത്ത ഒരു തീരുമാനത്തെ പറ്റി ചോദ്യം ചെയ്തതില്‍ ഉമറി(റ)ന് വലിയ ദുഃഖമായി. അത് അദ്ദേഹത്തിന്റെ മനസ്സിനെ പിടിച്ചുലച്ചിരുന്നു. അതിന് പ്രായശ്ചിത്തമെന്നോണം അദ്ദേഹം കുറെ നോമ്പനുഷ്ഠിക്കുകയും ദാനധര്‍മങ്ങള്‍ ചെയ്യുകയും അടിമകളെ മോചിപ്പിക്കുകയും ചെയ്തു.

രേഖകള്‍ എഴുതി പരസ്പരം കൈമാറി. തുടര്‍ന്ന് നബി ﷺ സ്വഹാബിമാരോട് എഴുന്നേറ്റ് ബലിയറുക്കുവാനും തല മുണ്ഡനം ചെയ്യുവാനും കല്‍പിച്ചു. ഇഹ്‌റാമിലാണല്ലോ എല്ലാവരും. അതില്‍നിന്ന് ഒഴിവാകണമെങ്കില്‍ തല മുണ്ഡനം ചെയ്യണം. എന്നാല്‍ ആരും എഴുന്നേല്‍ക്കുന്നില്ല. ദുഃഖഭാരത്താല്‍ അവര്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ആ രൂപത്തിലാണ് അബൂജന്ദലി(റ)നെ മക്കയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. നബി ﷺ മൂന്ന് തവണ ആവര്‍ത്തിച്ചു. നബി ﷺ ക്ക് വിഷമമായി. അനുചരന്മാര്‍ വിഷമത്താല്‍ ഒന്നും ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ്. അത് അനുസരണക്കേടായിരുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ നബി ﷺ പത്‌നി ഉമ്മു സലമ(റ)യുടെ അടുത്ത് ചെന്ന് വിഷമം പറഞ്ഞു. അപ്പോള്‍ ഉമ്മു സലമ(റ) നബി ﷺ ക്ക് ഒരു തന്ത്രം പറഞ്ഞുകൊടുത്തു: ‘അങ്ങ് ആദ്യം എഴുന്നേല്‍ക്കുക. ഒരാളോടും ഒന്നും പറയാതെ നിങ്ങള്‍ നിങ്ങളുടെ ബലിമൃഗത്തെ അറുക്കുക. അതുപോലെ അങ്ങയുടെ ക്ഷുരകനെയും വിളിക്കുക. എന്നിട്ട് അദ്ദേഹം അങ്ങയുടെ മുടി നീക്കുകയും ചെയ്യട്ടെ.’ നബി ﷺ അതുപ്രകാരം ചെയ്തു. അതോടെ എല്ലാവരും എഴുന്നേറ്റു. അറവ് നടത്തി. പരസ്പരം തല മുണ്ഡനം ചെയ്തു.

മുടി നന്നായി നീക്കിയവര്‍ക്കായി നബി ﷺ മൂന്ന് തവണയും വെട്ടി ചെറുതാക്കിയവര്‍ക്ക് ഒരു തവണയും അവിടെവെച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. ഇഹ്‌റാമില്‍നിന്ന് ഒഴിവാകുമ്പോള്‍ തല മുണ്ഡനം ചെയ്യലാണ് കൂടുതല്‍ പ്രതിഫലാര്‍ഹം എന്ന് ഇതിലൂടെ നബി ﷺ സ്വഹാബിമാരെ പഠിപ്പിക്കുകയും ചെയ്തു.

പത്തു കൊല്ലം ഇനി പരസ്പരം യുദ്ധം പാടില്ല എന്നതായിരുന്നു അതിലെ രണ്ടാമത്തെ കരാര്‍. എല്ലാവരും നിര്‍ഭയരായി കഴിയണം. ആരും ആരെയും ആക്രമിക്കുവാന്‍ പാടില്ല. മോഷണമില്ല, വഞ്ചനയില്ല… എല്ലാവരും അവരുടെ മതം പ്രബോധനം നടത്തട്ടെ. ആരും ആരെയും ബുദ്ധിമുട്ടിക്കരുത്. കച്ചവടത്തിന് അങ്ങോട്ടും ഇങ്ങോട്ടും വരവും പോക്കുമെല്ലാം ആകാം. മാത്രമല്ല, നബി ﷺ യുടെ സംഘത്തിലുള്ളവര്‍ക്ക് ക്വുറയ്ശികളിലും ക്വുറയ്ശികളില്‍ ഉള്ളവര്‍ക്ക് നബി ﷺ യുടെ സംഘത്തിലും ചേരാം. അതിന്റെ അടിസ്ഥാനത്തില്‍ പല അറബി ഗോത്രങ്ങളും നബി ﷺ യുടെ സംഘവുമായി സഖ്യത്തിലായി. വേറെ ചില ഗോത്രങ്ങള്‍ ക്വുറയ്ശികളുടെ കൂടെയും സഖ്യങ്ങളായി ചേര്‍ന്നു. ഈ വര്‍ഷം ഇവിടെനിന്ന് മടങ്ങി പ്പോകുകയും അടുത്ത വര്‍ഷം വന്ന് ഉംറ നിര്‍വഹിക്കുകയും ചെയ്യാം. അന്ന് മൂന്ന് ദിവസം മക്കയില്‍ തങ്ങുകയും ചെയ്യാം. അത് കഴിഞ്ഞ് തിരിച്ചുപോകുകയും വേണം. ഉംറക്ക് വരുമ്പോള്‍ കൈയില്‍ ഉറയിലുള്ള വാളല്ലാതെ മറ്റു യുദ്ധോപകരണങ്ങള്‍ ഒന്നും ഉണ്ടാകരുത് എന്നും നിര്‍ദേശിച്ചിരുന്നു. എല്ലാം നബി ﷺ സമ്മതിച്ചു. പത്തൊമ്പത് ദിവസമോ അല്ലെങ്കില്‍ ഇരുപത് ദിവസമോ അവിടെ തങ്ങിയതിന് ശേഷം നബി ﷺ യും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങാന്‍ ഒരുങ്ങി.

ചില ഹുദയ്ബിയാ വിശേഷങ്ങള്‍

ഹുദയ്ബിയ സന്ധിയുടെ ബാഹ്യവശം നോക്കുന്നവര്‍ക്ക് മുസ്‌ലിംകള്‍ ശത്രുക്കളുടെ മുമ്പില്‍ എല്ലാം അടിയറ വെച്ച് ഭീരുക്കളായി മാറിയ അവസ്ഥയാണ് തോന്നുക. എന്നാല്‍ അല്ലാഹുവിന്റെ പ്രത്യേകമായ കാവലുള്ള പ്രവാചകന്‍ ﷺ ആണല്ലോ ആ കരാറുകള്‍ എഴുതാന്‍ നിര്‍ദേശിച്ചത്. അതിനാല്‍തന്നെ ഹുദയ്ബിയ സന്ധിയുടെ പര്യവസാനം മറ്റൊരു നിലയ്ക്കായിരുന്നു. അഥവാ, ഈ കരാറുകളിലൂടെ മുസ്‌ലിം ലോകത്തിന് വലിയ വിജയമാണ് അല്ലാഹു സമ്മാനിച്ചത്.

ഹുദയ്ബിയയില്‍നിന്നുള്ള മടക്കയാത്രയില്‍ അല്ലാഹു നബി ﷺ ക്ക് ഒരു അധ്യായം ഇറക്കിക്കൊടുത്തു. ആ അധ്യായമാണ് സൂറതുല്‍ ഫത്ഹ്.

”തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്റെ പാപത്തില്‍നിന്ന്മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും അവന്റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും” (48:1-3).

ഈ സൂക്തങ്ങള്‍ ഇറക്കപ്പെട്ട സമയത്ത് അല്ലാഹുവിന്റെ റസൂല്‍ ﷺ സ്വഹാബിമാരോട് പറഞ്ഞു: ‘ഈ രാത്രിയില്‍ എനിക്ക് ഒരു സൂറത്ത് ഇറക്കപ്പെട്ടിരിക്കുന്നു. സൂര്യന്‍ ഉദിച്ചിട്ടുള്ള ദിവസങ്ങളില്‍ എനിക്ക് ഏറെ പ്രിയങ്കരമായതാകുന്നു അത്’ (ബുഖാരി).

ഈ സൂറത്ത് ഇറക്കപ്പെട്ടതില്‍ നബി ﷺ ക്ക് ഏറെ സന്തോഷം ഉണ്ടായി. കാരണം, ഈ സൂറത്തിന്റെ തുടക്കത്തില്‍തന്നെ പറയുന്നത് ‘നബിയേ, അങ്ങേക്ക് നാം പ്രത്യക്ഷമായ ഒരു വിജയം തന്നിരിക്കുന്നു’ എന്നാണ്. ശത്രുക്കളുടെ മുമ്പില്‍ പരാജിതരായി എല്ലാം നാം അടിയറവെച്ച് പോയോ, നാം ഭീരുക്കളായോ, നാം സത്യത്തിന്റെ കക്ഷികളും അവര്‍ അസത്യത്തിന്റെ കക്ഷികളും ആയിട്ട് പോലും മക്കയിലേക്ക് പ്രവേശിക്കുവാന്‍ പോലും പറ്റാതെ പരാജിതരായോ തുടങ്ങിയ ചിന്തകളായിരുന്നു സ്വഹാബിമാരുടെ മനസ്സില്‍ ഈ സന്ധിയെ പറ്റി ഉണ്ടായിരുന്നത്. ഈ രൂപത്തിലുള്ള വിഷമത്താല്‍ കഴിയുന്ന സ്വഹാബിമാര്‍ക്ക് നബി ﷺ ഈ വചനങ്ങള്‍ ഓതിക്കേള്‍പിക്കുകയാണ്.

ഈ ആയത്തിനെ പറ്റി അനസ്(റ) വിവരിക്കുന്നത് ഇപ്രകാരമാണ്: ‘അങ്ങേക്ക് നാം പ്രത്യക്ഷമായ ഒരു വിജയം തന്നിരിക്കുന്നു.’ (അത്) ഹുദയ്ബിയ ആകുന്നു. നബി ﷺ യുടെ അനുചരന്മാര്‍ പറഞ്ഞു: ‘സന്തോഷം, സന്തോഷം, ഞങ്ങള്‍ക്ക് എന്താണ് ഉള്ളത്?’ അപ്പോള്‍ അല്ലാഹു (ഈ ക്വുര്‍ആന്‍ സൂക്തം) ഇറക്കി: ‘താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തില്‍ സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും പ്രവേശിപ്പിക്കുന്നതിന് വേണ്ടി’ (അല്‍ഫത്ഹ് 5). (ബുഖാരി)

സത്യവിശ്വാസികള്‍ക്ക് എന്തിന് വേണ്ടിയാണ് അല്ലാഹു ഈ വിജയം നല്‍കിയത്? ചെയ്തുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ നബി ﷺ ക്ക് അല്ലാഹു പൊറുത്തുനല്‍കുന്നതിന് വേണ്ടിയും, അല്ലാഹുവിന്റെ അനുഗ്രഹം അവിടുത്തേക്ക് പരിപൂര്‍ണമാക്കുന്നതിനും, ചൊവ്വായ മാര്‍ഗത്തില്‍ അവിടുത്തെ നയിക്കുന്നതിന് വേണ്ടിയും, അന്തസ്സുറ്റ ഒരു സഹായം അല്ലാഹു അവിടുത്തേക്ക് നല്‍കുന്നതിന് വേണ്ടിയുമാകുന്നു. അല്ലാഹു നബി ﷺ ക്ക് നല്‍കുന്ന നാല് കാര്യങ്ങള്‍ ഇവിടെ എണ്ണിപ്പറഞ്ഞിരിക്കുകയാണല്ലോ. ഇത് അവര്‍ കേട്ടപ്പോള്‍ അവര്‍ക്ക് ആശ്വാസവും ആനന്ദവുമായി. കാരണം, അല്ലാഹു ഇതിനെ സംബന്ധിച്ച് പ്രത്യക്ഷമായ വിജയം എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാല്‍ സ്വഹാബിമാര്‍ക്ക് അത് വലിയ സന്തോഷമായി. അല്ലാഹുവിന്റെ റസൂലി ﷺ നുള്ള നാല് കാര്യങ്ങളാണല്ലോ ആദ്യ വചനങ്ങളില്‍ അല്ലാഹു സൂചിപ്പിക്കുന്നത്. അതിനാല്‍ സ്വഹാബിമാര്‍ നബി ﷺ യോട് ചോദിച്ചു: ‘ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹു എന്താണ് പറഞ്ഞിരിക്കുന്നത്?’ അപ്പോള്‍ ‘സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയും അവരുടെ തെറ്റുകള്‍ അല്ലാഹു മായ്ക്കുന്നതിന് വേണ്ടിയും ആകുന്നു’ എന്ന ഭാഗം അല്ലാഹു ഇറക്കി.

നബി ﷺ യുടെ മഹത്ത്വം വിവരിക്കപ്പെട്ടിട്ടുള്ള ഒരു അധ്യായമാണ് ഇത്. പ്രവാചക ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തെ പറ്റി ഉണര്‍ത്തുന്ന അധ്യായം. ഹുദയ്ബിയ സന്ധി മുഖേന വലിയ വിജയം തന്നെയാണ് മുസ്‌ലിംകള്‍ക്ക് ലഭിച്ചത് എന്നത് ചരിത്രം വെളിപ്പെടുത്തിയിട്ടുള്ള ഒരു യാഥാര്‍ഥ്യം തന്നെയാണ്.

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

ഹുദയ്ബിയ സന്ധിയിലെ നയതന്ത്ര ചാരുത

ഹുദയ്ബിയ സന്ധിയിലെ നയതന്ത്ര ചാരുത

(മുഹമ്മദ് നബി ﷺ: 51)

”തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്” (48:10).

ആ വൃക്ഷത്തിന്റെ ചുവട്ടില്‍വച്ച് നബി ﷺ യോട് സ്വഹാബിമാര്‍ എടുത്ത ആ ബയ്അത്ത് അല്ലാഹുവിനോട് ചെയ്ത ബയ്അത്തിനെ പോലെയാണ്. ആയതിനാല്‍, ആരെങ്കിലും ആ കരാര്‍ ലംഘിച്ചാല്‍ അവര്‍ സ്വന്തത്തിന് എതിരായിട്ടാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അല്ലാഹുവിനോട് ചെയ്ത കരാര്‍ പാലിക്കുന്നവര്‍ക്ക് അല്ലാഹു വമ്പിച്ച പ്രതിഫമായി സ്വര്‍ഗം നല്‍കുന്നതാണ്. ഈ ബയ്അത്തിനെ തന്നെ പ്രശംസിച്ചു കൊണ്ട് ഇതേ അധ്യായത്തില്‍ തന്നെ മറ്റൊരിടത്ത് ഇപ്രകാരം കാണാം:

”ആ മരത്തിന്റെ ചുവട്ടില്‍വച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും (അവന്‍ നല്‍കി). അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (48:18,19).

അല്ലാഹുവിന്റെ പ്രത്യേകമായ തൃപ്തി (രിദ്‌വാന്‍) അവര്‍ക്ക് ലഭിച്ചു. അതിനാലാണ് ഈ ബയ്അത്തിന് ‘ബയ്അതുര്‍രിദ്‌വാന്‍’ എന്നും പേര് വന്നത്. അവരുടെ മനസ്സറിയുന്ന അല്ലാഹു അവര്‍ക്ക് അതു മുഖേന സമാധാനം നല്‍കി. ശേഷം ഉണ്ടായ വമ്പിച്ച വിജയവും അവര്‍ക്ക് നല്‍കി. അഥവാ, ഈ സന്ദര്‍ഭത്തില്‍ വലിയ വിജയം മുസ്‌ലിംകള്‍ക്ക് ഉണ്ടായില്ലെങ്കിലും അതിന് തൊട്ടുടനെയായി നടന്ന ഖയ്ബര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ഇതു മുഖേന വമ്പിച്ച വിജയം ഉണ്ടായിട്ടുണ്ട്. ആ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ഏറെ യുദ്ധാര്‍ജിത സ്വത്തും ലഭിക്കുകയുണ്ടായി.

യുദ്ധത്തില്‍നിന്ന് പിന്തിരിയുകയില്ലെന്നും മരണംവരെ പോരാടുമെന്നുമെല്ലാം നബി ﷺ യോട് സ്വഹാബിമാര്‍ ഹുദയ്ബിയയില്‍വെച്ച് കരാര്‍ ചെയ്ത വിവരം ക്വുറയ്ശികളുടെ കാതിലെത്തി. അവര്‍ അങ്കലാപ്പിലായി. മുസ്‌ലിംകള്‍ മക്കയിലേക്ക് കടന്നുകയറാന്‍ സാധ്യതയുണ്ടെന്നും അവര്‍ മക്കക്കാരോട് പോരാടുമെന്നും മക്കക്കാര്‍ക്കിടയില്‍ സംസാരമായി. അവര്‍ക്ക് നേരത്തെയുണ്ടായിരുന്ന വീറും വാശിയുമെ ല്ലാം അയഞ്ഞു. പ്രവാചകനോട് ഒരു സന്ധിസംഭാഷണത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണലാകും ബുദ്ധി എന്ന് മക്കക്കാര്‍ക്ക് തോന്നി. പിന്നീട് അവര്‍ നബി ﷺ യുടെ അടുത്തേക്ക് ദൂതന്മാരെ അയക്കാന്‍ തുടങ്ങി. ആദ്യമായി വന്നത് ഉര്‍വതുബ്‌നു മസ്ഊദ് അസ്സക്വഫിയ്യ്(റ) ആയിരുന്നു. അദ്ദേഹം പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. അദ്ദേഹം അന്ന് നബി ﷺ യുടെ അടുത്തേക്ക് വന്ന് പല രൂപത്തിലും മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. മുസ്‌ലിംകളെ പരസ്പരം പോരടിപ്പിക്കുന്ന വിധത്തില്‍ ഗോത്ര വിഷയങ്ങളും മറ്റും എടുത്ത് പറഞ്ഞു. നബി ﷺ പറഞ്ഞു: ‘ഇവരെല്ലാം എന്റെ അനുയായികളാണ്. അവര്‍ എന്നെ വിട്ട് പോകുകയില്ല. ഞങ്ങള്‍ പരസ്പരം ബയ്അത്ത് ചെയ്ത് നില്‍ക്കുന്ന വിശ്വാസികളാണ്.’

അപ്പോള്‍ ഉര്‍വത് അബൂബക്ര്‍(റ) അടക്കമുള്ള സ്വഹാബിമാരുടെ മുഖത്ത് നോക്കി ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും ഞാന്‍ (മാന്യന്മാരായ ഒരാളുടെയും) മുഖം കാണുന്നില്ല. (ഒരു യുദ്ധം പുറപ്പെട്ടാല്‍) നിന്നെ ഒഴിവാക്കി ഓടിപ്പോകുന്ന വ്യത്യസ്ത ഗോത്രങ്ങളിലുള്ളവരെയാണ് ഞാന്‍ കാണുന്നത്.’ അബൂബക്ര്‍(റ) അതിന് വായടപ്പന്‍ മറുപടി നല്‍കുകയുണ്ടായി.

മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കുവാന്‍ ആവുന്നതെല്ലാം ചെയ്ത് നോക്കിയ ഉര്‍വക്ക് മനസ്സിലായി; കാര്യമില്ല, മടങ്ങാം. സ്വഹാബിമാര്‍ക്ക് നബി ﷺ യോട് എത്രത്തോളം സ്‌നേഹവും ആദരവും ഉണ്ടെന്ന് ഉര്‍വത് മനസ്സിലാക്കി. അദ്ദേഹം തന്റെ അനുഭവം മുശ്‌രിക്കുകളായ ക്വുറയ്ശികളോട് വിശദീകരിക്കുന്നത് കാണുക:

”ജനങ്ങളേ, അല്ലാഹുവാണെ സത്യം! തീര്‍ച്ചയായും (പല) രാജാക്കന്മാരുടെ അടുക്കലും നിവേദക സംഘവുമായി ഞാന്‍ ചെന്നിട്ടുണ്ട്. ക്വയ്‌സ്വര്‍, കിസ്‌റാ, നജ്ജാശി (രാജാക്കന്മാരുടെ അടുത്തെല്ലാം) ഞാന്‍ ചെന്നിട്ടുണ്ട്. അല്ലാഹുവാണെ സത്യം, മുഹമ്മദിനെ മുഹമ്മദിന്റെ ആളുകള്‍ ബഹുമാനിക്കുന്നത് (പോലെ) ഒരു രാജാവിനെയും അയാളുടെ ആളുകള്‍ ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണെ സത്യം, അദ്ദേഹം തുപ്പിയാല്‍ അത് അവരില്‍ ഒരാളുടെ കൈയ്യില്‍ വീഴാതിരിക്കുകയില്ല. എന്നിട്ട് (അത് ലഭിച്ചയാള്‍) അത് തന്റെ മുഖത്തും (മറ്റു) തൊലികളിലും പുരട്ടുന്നു. അദ്ദേഹം അവരോട് (വല്ലതും) കല്‍പിച്ചാല്‍ അദ്ദേഹത്തിന്റെ കല്‍പനയെ വേഗത്തില്‍ അവര്‍ സ്വീകരിക്കുന്നു. അദ്ദേഹം വുദ്വൂഅ് ചെയ്താല്‍ അദ്ദേഹത്തിന്റെ വുദ്വൂഇന്റെ വെള്ളത്തിന് വേണ്ടി യുദ്ധം ചെയ്യുമാറ് (അതിന് അവര്‍ തിരക്ക് കൂട്ടുന്നു). അദ്ദേഹം സംസാരിച്ചാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വെച്ച് അവരുടെ ശബ്ദം അവര്‍ താഴ്ത്തുന്നു. അദ്ദേഹത്തോടുള്ള ബഹുമാനം നിമിത്തം അവര്‍ അദ്ദേഹത്തിലേക്ക് തുറിച്ചു നോക്കുന്നവരല്ല. (അതിനാല്‍) നിങ്ങള്‍ക്ക് സന്മാര്‍ഗത്തിന്റെ വല്ല കാര്യവും കണ്ടാല്‍ അത് നിങ്ങള്‍ സ്വീകരിക്കുവീന്‍.”

ഈ ഹദീഥിന്റെ വിശദീകരണത്തില്‍ ഇബ്‌നു ഹജര്‍(റ) പറയുന്നു:

”ഉര്‍വയുടെ സാന്നിധ്യത്തില്‍ അനുയായികള്‍ അങ്ങനെ ചെയ്യുവാനും അതില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുവാനുമുള്ള (കാരണം) അവര്‍ (നബി ﷺ യില്‍ നിന്ന്) ഓടിപ്പോകുന്നതിനെ തൊട്ട് അദ്ദേഹം പേടിപ്പിച്ചതിനുള്ള മറുപടി എന്നോണം അവരില്‍ നിന്ന് ഒരു സൂചന ആയിരിക്കാം. അവര്‍ അവരുടെ നാവ് കൊണ്ട് സംസാരിച്ചത് പോലെ (ഉര്‍വക്ക് കാണിച്ചു കൊടുത്തു:) ഈ സ്‌നേഹം പോലെ തങ്ങളുടെ നേതാവിനെ സ്‌നേഹിക്കുന്ന, ഈ ബഹുമാനം പോലെ അദ്ദേഹത്തെ ബഹുമാനിക്കുന്ന എങ്ങനെ അവിടുത്തെ വിട്ട് ഓടിപ്പോകുമെന്ന് വിചാരിക്കും? (എങ്ങനെ) അദ്ദേഹത്തെ തന്റെ ശത്രുക്കള്‍ക്ക് വിട്ടു നല്‍കും? കുടുംബ ബന്ധം കൊണ്ട് പരസ്പരം സ്‌നേഹിക്കുന്ന ഗോത്രങ്ങളേക്കാള്‍ അവിടുത്തെ സഹായിച്ചും, അവിടുത്തെ ദീന് (സ്വീകരിച്ച്) കൊണ്ടും അവര്‍ അങ്ങേയറ്റം സന്തുഷ്ടരാണ് (എന്ന് അറിയിക്കുന്നത്) ആയേക്കാം.

നബി ﷺ ക്ക് അല്ലാഹു നല്‍കിയ പ്രത്യേകതകൡപെട്ട ഒന്നായിരുന്നു അത്. അബൂബക്‌റി(റ)ലോ ഉമറി(റ)ലോ മറ്റു സ്വഹാബിമാരിലോ ഒന്നുംതന്നെ സ്വഹാബിമാരോ അവരെ കണ്ട താബിഉകളോ ഇത്തരം കാര്യങ്ങളില്‍ ബറകത്ത് കണ്ടിട്ടില്ല. പ്രവാചകന്റെ അനുചരന്മാര്‍ക്ക് അത്തരം ഒരു മഹത്ത്വം ഉണ്ടെന്ന് അവരാരും വിശ്വസിച്ചിട്ടുമില്ല. തങ്ങള്‍ അത്രമാത്രം നബിയെ സ്‌നേഹിക്കുന്നു എന്ന് ശത്രുക്കളെ ബോധ്യപ്പെടുത്താനും അവരുടെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുമായിരുന്നു ആ സന്ദര്‍ഭത്തില്‍ സ്വഹാബിമാര്‍ മനഃപൂര്‍വം അങ്ങനെ ചെയ്ത്. ഇന്ന് ചിലര്‍ അല്ലാഹുവിന്റെ റസൂലിന്റെ മുടി, പാത്രം എന്നെല്ലാം പറഞ്ഞ് സാമ്പത്തിക ചൂഷണം നടത്തുന്നുണ്ട്. അല്ലാഹുവിന്റെ റസൂലി ﷺ ന്റെതായ ആഥാറുകള്‍ (തിരുശേഷിപ്പുകള്‍) ഒന്നും ഇന്ന് നിലവിലില്ല എന്നതാണ് അതിനെ പറ്റി പഠനം നടത്തിയ പണ്ഡിതന്മാര്‍ പറയുന്നത്.

മുഹമ്മദ് നബി ﷺ യെ അനുചരന്മാര്‍ എത്രമാത്രം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കിയ ഉര്‍വത്(റ) ക്വുറയ്ശികളോട് പറഞ്ഞു: ‘അവര്‍ അദ്ദേഹത്തെ ഒഴിവാക്കുകയില്ല. അവര്‍ മരണംവരെ പോരാടുകതന്നെ ചെയ്യും. അതിനാല്‍ ഞാന്‍ അവരോടുള്ള യുദ്ധത്തിനില്ല. അവര്‍ ഉംറ നിര്‍വഹിച്ച് മദീനയിലേക്ക് തിരിച്ചുപോകാന്‍ സമ്മതിക്കലാണ് നല്ലത്.’ ഉര്‍വയുടെ വാക്കുകള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അവര്‍ അത് അവഗണിച്ചു. കൂട്ടത്തില്‍ നിന്ന് ഹുലയ്‌സ് ഇബ്‌നു അല്‍ക്വമ എന്ന ആള്‍ എഴുന്നേറ്റു. ‘മുഹമ്മദിന്റെ അടുത്തേക്ക് ഞാന്‍ പോകാം’ എന്ന് അയാള്‍ പറഞ്ഞു. നബി ﷺ യെ സമീപിക്കുന്ന രണ്ടാമത്തെ ദൂതനാണ് ഹുലയ്‌സ്. നബി ﷺ ക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. ഹുലയ്‌സിനെ ദൂരെനിന്ന് കണ്ടമാത്രയില്‍തന്നെ നബി ﷺ സ്വഹാബിമാരോട് പറഞ്ഞു:

‘ബലി മൃഗങ്ങളെ ബഹുമാനിക്കുന്നവരുടെ കൂട്ടത്തില്‍പെട്ട ആളാണ് ഇദ്ദേഹം. അതിനാല്‍ അവയെ (ബലി മൃഗങ്ങളെ) അദ്ദേഹത്തിന് അയച്ച് (കാണിച്ചുകൊടുക്കുക).’

അങ്ങനെ അദ്ദേഹത്തിന് അവ അയക്കപ്പെട്ടു. തല്‍ബിയത്ത് ചൊല്ലുന്നവരായി സ്വഹാബിമാര്‍ അദ്ദേഹത്തെ വരവേറ്റു. അത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, എന്തിനാണ് ഇക്കൂട്ടരെ അവര്‍ കഅ്ബയെതൊട്ട് തടയുന്നത്?’ എന്നിട്ട് അദ്ദേഹം തന്റെ കൂട്ടുകാരിലേക്ക് മടങ്ങി. അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ബലിമൃഗങ്ങളെ കണ്ടു. തീര്‍ച്ചയായും അവ (കഴുത്തില്‍ വടം) ചാര്‍ത്തപ്പെടുകയും അടയാളപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ കഅ്ബയെ തൊട്ട് അവര്‍ തടുക്കപ്പെടാന്‍ ഞാന്‍ (ഒന്നും അവരില്‍) കാണുന്നില്ല.’

നബി ﷺ യെയും സ്വഹാബിമാരെയും ഉംറക്ക് അനുവദിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹവും മക്കക്കാരോട് പറഞ്ഞത്. അവര്‍ക്ക് അദ്ദേഹത്തിന്റെ സംസാരവും പിടിച്ചില്ല. അവര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ഇരിക്കൂ. നീ ഒരു അഅ്‌റാബിയാണ്, നിനക്ക് ഒരു വിവരവുമില്ല.’

അടുത്ത ദൂതനും വരവായി. മിക്‌റസ് ഇബ്‌നു ഹഫ്‌സ്വായിരുന്നു മൂന്നാമത്തെ ദൂതന്‍. മിക്‌റസിനെ നബി ﷺ കണ്ടു. ഉടനെ അവിടുന്ന് പറഞ്ഞു: ‘അത് മിക്‌റസാണ്. അവന്‍ തെമ്മാടിയായ ആളാണ്. അവന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവനാണ്. എന്തും പറയാന്‍ മടിയില്ലാത്തവനാണ്. അവനെ സൂക്ഷിക്കണം.’

അയാള്‍ നബി ﷺ യോട് സംസാരിച്ചു തുടങ്ങി. അവനോട് നബി ﷺ സംസാരിക്കുന്നതിനിടയില്‍ മറ്റൊരു ദൂതനും അവിടേക്ക് വന്നു; സുഹയ്ല്‍ ഇബ്‌നു അംറ്. സുഹയ്ല്‍ വരുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്ത് ശുഭ സൂചനയായി നബി ﷺ സ്വഹാബിമാരോട് പറഞ്ഞു: ‘നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പമാകുന്നതാണ്. ഇദ്ദേഹത്തെ അയച്ചതുവഴി അവര്‍ സന്ധി ഉദ്ദേശിക്കുന്നുണ്ട്.’ സുഹയ്ല്‍ അവരിലെ പ്രമുഖനും പ്രസംഗകനും ആയിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹത്തിലൂടെ കാര്യം എളുപ്പമാകാന്‍ സാധ്യതയുണ്ടെന്ന് നബി ﷺ ക്ക് തോന്നി. അങ്ങനെ സുഹയ്‌ലുമായുള്ള സംസാരം നീണ്ടു. നബി ﷺ യും മിക്‌റസു സുഹയ്‌ലുമാണ് ഇപ്പോള്‍ ഇരിക്കുന്നത്. മിക്‌റസ് മൗനിയായി ഇരുവരുടെയും സംഭാഷണം കേട്ടിരുന്നു. അവസാനം ക്വുറയ്ശി മുശ്‌രിക്കുകളുമായി ഒരു കരാര്‍ പത്രം എഴുതാന്‍ ധാരണയായി. അങ്ങനെ അവിടെവച്ച് യുദ്ധം നടക്കാതെ ഒരു കരാര്‍ എഴുതി പിരിഞ്ഞു.

അങ്ങനെ സുഹയ്ല്‍ കരാര്‍ എഴുതാനുള്ള ഏട് കൊണ്ടുവരാന്‍ കല്‍പിച്ചു. നബി ﷺ തന്റെ എഴുത്തുകാരനെയും വിളിച്ചു. ഇത് ഇസ്‌ലാമിക ചരിത്രത്തില്‍ ‘ഹുദയ്ബിയ സന്ധി’ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കരാര്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് വലിയ പരാജയമാണ് എന്ന് തോന്നുമെങ്കിലും, ഈ സന്ധിക്ക് ശേഷമാണ് പ്രവാചക ചരിത്രത്തിലെ തുല്യതയില്ലാത്ത വിജയവും ഇസ്‌ലാമിന് പ്രചാരണവും ലഭിച്ചത് എന്ന് ഈ ചരിത്രം മനസ്സിലാക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്.

കരാര്‍ എഴുതുന്നതിന്റെ തുടക്കത്തില്‍ തന്നെ ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. നബി ﷺ ഭാഗത്ത് നിന്ന് കരാര്‍ പത്രത്തില്‍ കരാര്‍ എഴുതുന്നതിനായി അലി(റ)െയയാണ് നബി ﷺ ചുമതലപ്പെടുത്തിയത്. അപ്പുറത്തുള്ളത് സുഹയ്ല്‍ ഇബ്‌നു അംറും. (അദ്ദേഹം പില്‍ക്കാലത്ത് ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ട്).

കരാര്‍ എഴുതുമ്പോള്‍ അതിന് ഒരു ഇസ്‌ലാമിക മാനം ഉണ്ടായിരിക്കണം എന്ന നിലയ്ക്ക് നബി ﷺ തന്റെ എഴുത്തുകാരന്‍ അലി(റ)യോട് ‘ബിസ്മി’ എഴുതാന്‍ കല്‍പിച്ചു. അതിനെ തുടര്‍ന്ന് അവിടെ തര്‍ക്കങ്ങള്‍ രൂപപ്പെട്ടു. സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണാം:

”അങ്ങനെ നബി ﷺ പറഞ്ഞു: ‘ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം (എന്ന് എഴുതുക).’ സുഹയ്ല്‍ പറഞ്ഞു: ‘അര്‍റ്വഹ്മാനോ? അല്ലാഹുവാണെ സത്യം, അത് ആരാണെന്ന് എനിക്ക് അറിയില്ലല്ലോ. താങ്കള്‍ എഴുതിയിരുന്നത് പോലെ ബിസ്മികല്ലാഹുമ്മ (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് എഴുതിക്കൊള്ളുക.’ അപ്പോള്‍ മുസ്‌ലിംകള്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം അല്ലാതെ ഞങ്ങള്‍ എഴുതില്ല.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ബിസ്മികല്ലാഹുമ്മ (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് എഴുതിക്കൊള്ളുക.’ പിന്നീട് അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് തീരുമാനിച്ചതാകുന്നു ഇത് (എന്നും എഴുതുക).’ അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: ‘അല്ലാഹുവെണ സത്യം, താങ്കള്‍ അല്ലാഹുവിന്റെ റസൂലാണ് എന്ന് ഞങ്ങള്‍ക്ക് അറിയുമായിരുന്നുവെങ്കില്‍ കഅ്ബയെ തൊട്ട് താങ്കളെ ഞങ്ങള്‍ തടയുകയോ താങ്കളോട് ഞങ്ങള്‍ യുദ്ധം ചെയ്യുകയോ ചെയ്യുമായിരുന്നില്ല. എന്നാല്‍, മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ് എന്ന് എഴുതിക്കൊള്ളുക.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, നിങ്ങള്‍ എന്നെ കളവാക്കുകയാണെങ്കിലും തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെയാണ്. (അതിനാല്‍) മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ് എന്ന് എഴുതിക്കൊള്ളുക.’ സുഹ്‌രി പറഞ്ഞു: ‘അല്ലാഹു പവിത്രമാക്കിയവയെ ബഹുമാനിക്കുന്ന കാര്യങ്ങള്‍ അവര്‍ എന്നോട് ചോദിച്ചിട്ടില്ല, ഞാന്‍ അവര്‍ക്ക് അത് നല്‍കിയിട്ടല്ലാതെ എന്ന അവിടുത്തെ വാക്കാണ് അത്.’ അപ്പോള്‍ നബി ﷺ അലി(റ)യോട് (എഴുതാന്‍) പറഞ്ഞു: ‘ഞങ്ങള്‍ക്കും കഅ്ബക്കും ഇടയില്‍ (ഉള്ള പ്രയാസങ്ങള്‍) ഇല്ലാതാകുകയും ഞങ്ങള്‍ക്ക് അതിനെ ത്വവാഫ് ചെയ്യുകയും വേണം.’ അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, ഞങ്ങള്‍ സമ്മര്‍ദത്തിലായി എന്ന് അറബികള്‍ സംസാരിക്കാതിരിക്കില്ല. പക്ഷേ, അത് അടുത്ത വര്‍ഷം ആകാം.’ അപ്പോള്‍ (അത്) അദ്ദേഹം എഴുതി. എന്നിട്ട് സുഹയ്ല്‍ പറഞ്ഞു: ‘താങ്കളുടെ മതത്തിലായി ഞങ്ങളില്‍നിന്ന് ഒരാള്‍ താങ്കളുടെ അടുത്ത് വന്നാല്‍ ഞങ്ങളിലേക്കുതന്നെ മടക്കി അയക്കണം (എന്നതിലും കരാര്‍ എഴുതണം).’ മുസ്‌ലിംകള്‍ പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, ഒരാള്‍ മുസ്‌ലിമായി വന്നിട്ട് (അയാളെ) മുശ്‌രിക്കുകളിലേക്ക് എങ്ങനെ മടക്കും?’ അങ്ങനെയിരിക്കെ അബൂജന്ദല്‍ ഇബ്‌നു സുഹയ്ല്‍ ഇബ്‌നു അംറ് ആമങ്ങളില്‍ ബന്ധിക്കപ്പെട്ടവനായി അവിടേക്ക് കടന്നുവന്നു. മക്കയുടെ ഏറ്റവും താഴ്ന്ന പ്രദേശത്തുനിന്നാണ് മുസ്‌ലിംകള്‍ക്കിടയിലേക്ക് അദ്ദേഹം വന്ന് വീണിരിക്കുന്നത്. അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: ‘മുഹമ്മദേ, ഇതാ; ആദ്യത്തെ ഈ കരാര്‍ അവന്റെ മേലാണ്. അവനെ എന്നിലേക്ക് മടക്കിത്തരണം.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും, നാം കരാര്‍ എഴുതി തീര്‍ന്നിട്ടില്ലല്ലോ. അതിന് ശേഷം (ഉണ്ടാകുന്ന കാര്യങ്ങളിലേ കരാര്‍ നടപ്പിലാക്കാവൂ).’ അപ്പോള്‍ സുഹയ്ല്‍ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, എങ്കില്‍ ഇനി നിന്നോട് ഒരു സന്ധിക്കും ഞാനില്ല.’ നബി ﷺ പറഞ്ഞു: ‘എന്നാല്‍ അദ്ദേഹത്തിന്റെ (അബൂജന്ദലിന്റെ) കാര്യത്തില്‍ മാത്രം നീ എനിക്ക് ഒരു ഇളവ് തരണം.’ (സുഹയ്ല്‍) പറഞ്ഞു: ‘അവന്റെ കാര്യത്തില്‍ ഞാന്‍ നിനക്ക് ഇളവുതരില്ല.’ നബി ﷺ പറഞ്ഞു: ‘അതെ, എന്നാല്‍ നീ (അപ്രകാരം) ചെയ്യുക.’ സുഹയ്ല്‍ പറഞ്ഞു: ‘ഞാന്‍ അത് ചെയ്യുന്നവനല്ല.’ മിക്‌റസ് പറഞ്ഞു: ‘ഞങ്ങള്‍ അതിന് അനുവാദം നല്‍കിയിരിക്കുന്നു.’ അേപ്പാള്‍ അബൂജന്ദല്‍(റ) പറഞ്ഞു: ‘ഓ, മുസ്‌ലിം സമൂഹമേ…ഞാന്‍ മുസ്‌ലിമായി വന്നിട്ടും മുശ്‌രിക്കുകളിലേക്ക് ഞാന്‍ മടക്കപ്പെടുകയാണ്. ഞാന്‍ അനുഭവിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ശക്തമായി ശിക്ഷിക്കപ്പെട്ടിരിക്കുന്നു.’ റിേപ്പാര്‍ട്ടര്‍ പറയുന്നു: ‘അപ്പോള്‍ ഉമര്‍ ഇബ്‌നുല്‍ ഖത്ത്വാബ്(റ) പറഞ്ഞു: ‘അപ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘സത്യമായും അങ്ങ് അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയല്ലയോ?’ അവിടുന്ന് പറഞ്ഞു: ‘അതെ.’ ഞാന്‍ ചോദിച്ചു: ‘ഞങ്ങള്‍ സത്യത്തിലും നമ്മുടെ ശത്രുക്കള്‍ അസത്യത്തിലുമല്ലേ?’ അവിടുന്ന് പറഞ്ഞു: ‘അതെ.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എങ്കില്‍ എന്തിനാണ് നമ്മുടെ ദീനിന്റെ കാര്യത്തില്‍ നാം താഴ്ന്നുകൊടുക്കുന്നത്?’ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ റസൂലാണ്. ഞാന്‍ അവനോട് അനുസരണക്കേട് കാണിക്കുന്നവനല്ല. അവന്‍ എന്റെ സഹായിയാകുന്നു.’ ഞാന്‍ ചോദിച്ചു: ‘നാം കഅ്ബഃയില്‍ ചെല്ലുമെന്നും അതിനെ ത്വവാഫ് ചെയ്യുമെന്നും അങ്ങ് ഞങ്ങളോട് പറഞ്ഞിരുന്നല്ലോ?’ നബി ﷺ പറഞ്ഞു: ‘അതെ, ഈ വര്‍ഷം നാം അതിന്റെ അടുത്ത് ചെല്ലുന്നതാണ് എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടുണ്ടോ?’ ഉമര്‍(റ) പറയുന്നു: ‘ഞാന്‍ പറഞ്ഞു; ഇല്ല.’ നബി ﷺ പറഞ്ഞു: ‘എന്നാല്‍ തീര്‍ച്ചയായും താങ്കള്‍ അതിന്റെ അടുത്ത് ചെല്ലുകയും അതിനെ ത്വവാഫ് ചെയ്യുകയും ചെയ്യുന്നതാണ്.’ ഉമര്‍(റ) പറയുന്നു: ‘ഞാന്‍ അബൂബക്‌റി(റ)ന്റെ അടുത്ത് ചെന്നു. എന്നിട്ട് ചോദിച്ചു: അബൂബക്‌റേ, സത്യമായും ഇത് അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയല്ലെയോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ഞാന്‍ ചോദിച്ചു: ‘നാം സത്യത്തിലും നമ്മുടെ ശത്രുക്കള്‍ അസത്യത്തിലുമല്ലെയോ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ‘എങ്കില്‍ എന്തിന് നാം നമ്മുടെ മതത്തിന്റെ കാര്യത്തില്‍ ശത്രുവിന് ഇങ്ങനെ വിട്ടുവീഴ്ച നല്‍കണം?’ അദ്ദേഹം പറഞ്ഞു: ‘ഏയ്, മനുഷ്യാ! തീര്‍ച്ചയായും അവിടുന്ന് അല്ലാഹുവിന്റെ റസൂല്‍ തന്നെയാണ്. അവിടുന്ന് റബ്ബിനോട് അനുസരണക്കേട് കാണിക്കുന്നവനല്ല. അവന്‍ അവിടുത്തെ സഹായിയാകുന്നു. അതിനാല്‍ താങ്കള്‍ അവിടുന്ന് കാണിച്ചുതരുന്നതിനെ മുറുകെ പിടിച്ചുകൊള്ളുക. അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും അവിടുന്ന് സത്യത്തിലാണ്.’ ഞാന്‍ ചോദിച്ചു: ‘നാം കഅ്ബാലയത്തില്‍ ചെന്ന് ത്വവാഫ് ചെയ്യും എന്നല്ലേ അവിടുന്ന് നമ്മളോട് പറഞ്ഞിരുന്നത്?’ അദ്ദേഹം പറഞ്ഞു: ‘അതെ. എന്നാല്‍ ഈ വര്‍ഷം താങ്കള്‍ അവിടെ ചെല്ലുമെന്ന് പറഞ്ഞിരുന്നോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും താങ്കള്‍ അവിടെ ചെല്ലുകയും അതിനെ ത്വവാഫ് ചെയ്യുകയും ചെയ്യുന്നതാണ്.’ സുഹ്‌രി പറയുന്നു: ‘ഉമര്‍(റ) പറഞ്ഞു: അങ്ങനെ അതുപ്രകാരം ഞാന്‍ പ്രവര്‍ത്തിച്ചു.’ ഉമര്‍(റ) പറയുന്നു: ‘രേഖ തയ്യാറായിക്കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ റസൂല ﷺ തന്റെ സ്വഹാബിമാരോട് പറഞ്ഞു: ‘എല്ലാവരും എഴുന്നേല്‍ക്കുവിന്‍. എന്നിട്ട് ബലിയറുക്കുകയും തല മുണ്ഡനം നടത്തുകയും ചെയ്യുവിന്‍.’ ഉമര്‍(റ) പറയുന്നു: ‘അല്ലാഹുവാെണ സത്യം, മൂന്ന് തവണ അവിടുന്ന് അത് ആവര്‍ത്തിച്ചു പറയുന്നതുവരെ അവരില്‍ ഒരാളും എഴുന്നേറ്റില്ല. അവരില്‍ ഒരാളും എഴുന്നേല്‍ക്കാത്തത് കണ്ടപ്പോള്‍ അവിടുന്ന് ഉമ്മു സലമയുടെ അടുത്ത് പ്രവേശിച്ചു. എന്നിട്ട് ജനങ്ങളില്‍നിന്ന് കണ്ട കാര്യങ്ങള്‍ അവരോട് അവിടുന്ന് പറഞ്ഞു. അപ്പോള്‍ ഉമ്മു സലമ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് അത് ഇഷ്ടപ്പെടുന്നുണ്ടോ? അങ്ങ് പുറപ്പെടുക. പിന്നീട് അവരില്‍ ഒരാളോടും ഒരു വാക്ക് പോലും സംസാരിക്കാതെ അങ്ങയുടെ ബലിമൃഗത്തെ അറുക്കുന്നത് വരെ (പുറപ്പെട്ടു കൊള്ളുക). അങ്ങയുടെ ക്ഷുരകനെയും വിളിക്കുക. എന്നിട്ട് അദ്ദേഹം അങ്ങയെ മുണ്ഡനം ചെയ്യട്ടെ. അങ്ങനെ അവരില്‍ ഒരാളോടും സംസാരിക്കാതെ അവിടുന്ന പുറപ്പെടുകയും തന്റെ ബലിമൃഗത്തെ അറവ് നടത്തുകയും ചെയ്തു. അവിടുന്ന് തന്റെ ക്ഷുരകനെ വിളിച്ചു. അങ്ങനെ അദ്ദേഹം അവിടുത്തെ തല മുണ്ഡനം നടത്തി. അത് കണ്ടപ്പോള്‍ അവരും എഴുന്നേറ്റു. എന്നിട്ട് അവര്‍ അറവ് നടത്തി. പരസ്പരം തല മുണ്ഡനം നടത്തുകയും ചെയ്തു…”

(ബുഖാരി)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

ഹുദയ്ബിയ സന്ധി

ഹുദയ്ബിയ സന്ധി

(മുഹമ്മദ് നബി ﷺ : 50)

ശത്രുക്കളെക്കൊണ്ടും കപടന്മാരെക്കൊണ്ടും പൊറുതിമുട്ടിയ ഘട്ടമായിരുന്നു ഇത്. പരീക്ഷണങ്ങള്‍ പലവിധത്തില്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായി. എന്നാല്‍ അല്ലാഹുവിന്റെ സഹായം കൊണ്ട് നബി ﷺ യുടെ മനസ്സിനെ ഭീരുത്വമോ പരിഭ്രമമോ ബാധിച്ചതേയില്ല. അവിടുന്ന് അല്ലാഹുവിന്റെ കല്‍പന പ്രകാരം യുദ്ധ രംഗത്ത് ഉറച്ചുനിന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ സഖ്യകക്ഷികള്‍ക്ക് എതിരില്‍ പ്രാര്‍ഥിച്ചു: ”വേദഗ്രന്ഥം ഇറക്കിയ, വേഗത്തില്‍ വിചാരണ നടത്തുന്ന അല്ലാഹുവേ, സഖ്യകക്ഷികളെ നീ നിലംപരിശാക്കേണമേ. അല്ലാഹുവേ, അവരെ തകര്‍ക്കുകയും വിറപ്പിക്കുകയും ചെയ്യേണമേ”(ബുഖാരി).

അല്ലാഹു നബി ﷺ യുടെ പ്രാര്‍ഥന സ്വീകരിച്ചു. സന്തോഷ വാര്‍ത്തയുമായി ജിബ്‌രീല്‍(അ) നബി ﷺ യുടെ അടുത്ത് ചെന്നു. അല്ലാഹുവിന്റെ കാരുണ്യത്തിന് നബി ﷺ നന്ദി പ്രകടിപ്പിച്ചു.

യുദ്ധത്തിനായി സഖ്യസേന മദീനയിലേക്ക് വരുന്നുണ്ടെന്ന വിവരം നബി ﷺ ക്ക് ലഭിച്ചപ്പോള്‍ അവരെക്കുറിച്ചുള്ള വിവരം അറിയുന്നതിനായി ഹുദൈഫ(റ)യെ അയച്ചിരുന്നു.

ഇബ്‌റാഹീം അത്തയ്മിയ്യ്(റ) തന്റെ പിതാവില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”…ആ ജനതയുടെ വിവരം എനിക്ക് കൊണ്ടുവന്നു തരാന്‍ ഒരാളും ഇല്ലേ? (എന്നാല്‍) അവനെ അല്ലാഹു അന്ത്യനാളില്‍ എന്റെ കൂടെയാക്കുന്നതാണ്.” അപ്പോള്‍ ഞങ്ങള്‍ നിശ്ശബ്ദരായി. ഞങ്ങളില്‍ ഒരാളും അവിടുത്തേക്ക് മറുപടി നല്‍കിയില്ല. പിന്നെയും (അവിടുന്ന്) ചോദിച്ചു: ”ആ ജനതയുടെ വിവരം എനിക്ക് കൊണ്ടുവന്നു തരാന്‍ ഒരാളും ഇല്ലേ? (എന്നാല്‍) അവനെ അല്ലാഹു അന്ത്യനാളില്‍ എന്റെ കൂടെയാക്കുന്നതാണ്.” അപ്പോള്‍ ഞങ്ങള്‍ നിശ്ശബ്ദരായി. ഞങ്ങളില്‍ ഒരാളും അവിടുത്തേക്ക് മറുപടി നല്‍കിയില്ല. എന്നിട്ട് അവിടുന്ന് പറഞ്ഞു: ”ഓ, ഹുദൈഫാ, എഴുന്നേല്‍ക്കൂ. എന്നിട്ട് ആ ജനതയുടെ വിവരം നമുക്ക് എത്തിക്കൂ…”(മുസ്‌ലിം).

ശത്രുസേനയുടെ നീക്കങ്ങള്‍ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വഹാബിമാരാകട്ടെ വിശപ്പും ക്ഷീണവും തണുപ്പുമെല്ലാം സഹിച്ച് പ്രയാസകരമായ അവസ്ഥയിലുമാണ്. അതിനാല്‍ സ്വഹാബിമാര്‍ ഒന്നും പറയാനാവാതെ നിശ്ശബ്ദരായി നില്‍ക്കുമ്പോള്‍ നബി ﷺ ഹുദയ്ഫ(റ)യെ വിളിച്ച് ആ കാര്യം ഏല്‍പിച്ചു. അല്ലാഹുവിന്റെ റസൂല്‍ ﷺ ന്റെ കല്‍പനയനുസരിച്ച് ഹുദയ്ഫ(റ) പുറപ്പെട്ടു. അതിശൈത്യവും കൂരിരുട്ടുമുള്ള ആ രാത്രിയില്‍ ശത്രുപാളയത്തിലേക്ക് അല്ലാഹു കൊടുങ്കാറ്റിനെ അയച്ചു. ശത്രുക്കളുടെ മുഖത്തും കണ്ണിലും മണ്ണ് നിറഞ്ഞു. അവരുടെ തമ്പുകള്‍ പറന്നുപോയി. തീ കെട്ടുപോയി. ഭക്ഷണ പാത്രങ്ങള്‍ മറിഞ്ഞുവീണു. കുതിരകള്‍ അലറിപ്പാഞ്ഞു. ചരല്‍മഴ വര്‍ഷിച്ചു. കൂട്ട നിലവിളിയായി. ശത്രുക്കള്‍ അങ്ങേയറ്റം ഭയവിഹ്വലരായി. അവരുടെ നേതാവ് അവരോട് ഓടി രക്ഷപ്പെടാന്‍ ആഹ്വാനം നടത്തി. നേതാവ് ആദ്യം ഓടി രക്ഷപ്പെട്ടു. ശത്രുസേന ഛിന്നഭിന്നമായി സ്ഥലം വിട്ടു. ഒരു ഏറ്റുമുട്ടല്‍ നടക്കാതെ മുസ്‌ലിംകള്‍ക്ക് രക്ഷ ലഭിക്കുകയും ചെയ്തു.

നബി ﷺ യെ അല്ലാഹു ഈ വിവരം അറിയിച്ചു. ഹുദയ്ഫ(റ)യും വിവരവുമായി വന്നു. ആ സമയത്ത് നബി ﷺ പറഞ്ഞു: ”അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവര്‍ ഏകനാണ്. അവന്റെ സൈന്യത്തെ അവന്‍ അന്തസ്സുള്ളതാക്കി, അവന്റെ ദാസനെ അവന്‍ സഹായിച്ചു, സഖ്യകക്ഷികളെ അവന്‍ മാത്രം അതിജയിച്ചു, അവന്നുശേഷം ഒന്നും ഇല്ല”(ബുഖാരി).

മുസ്‌ലിംകള്‍ക്ക് അല്ലാഹു നല്‍കിയ ഈ അനുഗ്രഹത്തെ ഓര്‍മിപ്പിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക: ”സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു” (33:9).

ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള ഭാഗങ്ങളിലെല്ലാം നബി ﷺ സ്വഹാബിമാരെ സജ്ജരാക്കി നിര്‍ത്തിയിരുന്നു. ശത്രുക്കളുടെ പ്രത്യാക്രമണത്തെ ചെറുക്കാനായുള്ള ഈ നിറുത്തത്തില്‍ അവര്‍ക്കന്ന് അസ്വ്ര്‍ നമസ്‌കാരം കൃത്യസമയത്ത് നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. സ്വന്തത്തിനെതിരെ എന്ത് ചെയ്താലും വിട്ടുവീഴ്ച കാണിച്ച പ്രവാചകന്‍ ﷺ തങ്ങളുടെ നമസ്‌കാരം നഷ്ടമാകാന്‍ കാരണക്കാരായ ഈ കക്ഷികള്‍െക്കതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

”സൂര്യന്‍ അസ്തമിക്കുന്നതുവരെ അസ്വ്ര്‍ നമസ്‌കാരത്തെ തൊട്ട് ഞങ്ങളെ വ്യാപൃതരാക്കിയവരുടെ ക്വബ്‌റുകളെയും വീടുകളെയും അല്ലാഹു തീകൊണ്ട് നിറക്കട്ടെ” (ബുഖാരി).

‘സ്വലാത്തുല്‍ ഖൗഫ്’ നിയമമാക്കുന്നതിന് മുമ്പായിരുന്നു ഖന്തക്വ് യുദ്ധം എന്നാണ് ചില റിപ്പോര്‍ട്ടുകൡ ഉള്ളത്. നമസ്‌കാരം നഷ്ടമായതില്‍ നബി ﷺ അങ്ങേയറ്റം വിഷമിച്ചു. അതിനാലാണ് അവിടുന്ന് അവര്‍ക്കെതിരില്‍ അപ്രകാരം പ്രാര്‍ഥിച്ചത്.

ഹുദയ്ബിയ സന്ധി

ഹിജ്‌റ ആറാം വര്‍ഷം ദുല്‍ക്വഅ്ദ മാസത്തിന്റെ തുടക്കത്തില്‍ നബി ﷺ സ്വഹാബിമാരെയും കൂട്ടി മദീനയില്‍നിന്നും ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെട്ടു. അതിന് ഒരു കാരണവും ഉണ്ടായിരുന്നു. നബി ﷺ ഒരു സ്വപ്‌നം കാണുകയുണ്ടായി. നബി ﷺ യും സ്വഹാബിമാരും മുടി മുണ്ഡനം ചെയ്തവരും മുറിച്ചവരുമായി നിര്‍ഭയരായിക്കൊണ്ട് മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്യും എന്നതായിരുന്നു ആ സ്വപ്‌നത്തിന്റെ ഉള്ളടക്കം. ഒരു ശുഭസൂചനയായിരുന്നു ആ സ്വപ്‌നം.

നബി ﷺ യുടെ നേതൃത്വത്തില്‍ സ്വഹാബിമാര്‍ ഉംറ നിര്‍വഹിക്കുന്നതിനായി പുറപ്പെട്ടു. ഇങ്ങനെ പുറപ്പെടുന്നതില്‍ നബി ﷺ ക്ക് വേറെയും ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. മക്കയില്‍നിന്നും മദീനയിലേക്ക് നബി ﷺ യും സ്വഹാബിമാരും ഹിജ്‌റ പോയതിന്റെ പേരില്‍ മക്കയിലെ മുശ്‌രിക്കുകള്‍ പല ആരോപണങ്ങളും പ്രചരിപ്പിച്ചിരുന്നു. ‘മുഹമ്മദിനും അവന്റെ ആളുകള്‍ക്കും ഇപ്പോള്‍ കഅ്ബയോട് സ്‌നേഹമില്ല, മക്കയോട് ആദരവില്ല, ഹറമിന് പവിത്രത കല്‍പിക്കുന്നില്ല’ തുടങ്ങിയവയായിരുന്നു അവരുടെ ആരോപണങ്ങള്‍. ഉംറ ചെയ്യുന്നതിനോടൊപ്പം ഈ ആരോപണങ്ങളുടെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുമായിരുന്നു നബി ﷺ യുടെ ഈ പുറപ്പാട്. മദീന ഹിജ്‌റക്ക് ശേഷമുണ്ടായ ആദ്യത്തെ മക്കാ യാത്രയായിരുന്നു അത്.

മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ ശത്രുക്കള്‍ തടയാന്‍ സാധ്യതയുണ്ട് എന്ന ആശങ്ക നബി ﷺ ക്ക് ഉണ്ടായിരുന്നു. അവര്‍ തടയുന്നതിനെ പറ്റിയുള്ള ധാരണയില്‍ തന്നെയാണ് നബി ﷺ അവിടേക്ക് പുറപ്പെടുന്നത്. അതിനാല്‍തന്നെ മദീനയിലുള്ള വിശ്വാസികളോെടല്ലാം മക്കയിലേക്കുള്ള യാത്രക്ക് സജ്ജരാകാന്‍ റസൂല്‍ ﷺ കല്‍പിച്ചിരുന്നു. ഗ്രാമങ്ങളില്‍ വസിക്കുന്ന അറബി ഗോത്രങ്ങളെവരെ ഈ യാത്രക്ക് നബി ﷺ ക്ഷണിച്ചു. എന്നാല്‍ ഗ്രാമീണരായ പല അറബികളും മക്കയിലേക്ക് പോയാല്‍ അവിടെ വല്ല പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി പേടിച്ച് പിന്മാറുകയുണ്ടായി എന്നാണ് ക്വുര്‍ആനും തിരുവചനങ്ങളും മനസ്സിലാക്കിത്തരുന്നത്. എന്നാലും നബി ﷺ യുടെ കൂടെ ആയിരത്തി നാനൂറോളം ആളുകള്‍ ഉണ്ടായിരുന്നു. ഈ യാത്രക്ക് സാക്ഷികളായ ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ്(റ), ബറാഅ് ഇബ്‌നു ആസിബ്(റ), മഅ്ക്വല്‍ ഇബ്‌നു യസാര്‍(റ), സലമത് ഇബ്‌നു അല്‍അക് വഅ്(റ), അല്‍ മുസയ്യബ് ഇബ്‌നു ഹസന്‍(റ) തുടങ്ങിയ സ്വഹാബിമാര്‍ ആ യാത്രയെ സംബന്ധിച്ചുള്ള വിവരണം വിശദമായി മുസ്‌ലിം ലോകത്തിന് കൈമാറിത്തന്നിട്ടുണ്ട്.

മദീനയില്‍നിന്ന് പുറപ്പെട്ട മുസ്‌ലിംകള്‍ മക്കയില്‍ എത്തുന്നതിന് മുമ്പായുള്ള ദുല്‍ഹുലയ്ഫ എന്ന സ്ഥലത്തുവെച്ച് ഇഹ്‌റാമില്‍ പ്രവേശിച്ചു. മദീനയില്‍നിന്ന് ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്കായി പോകുന്നവര്‍ ഇഹ്‌റാമില്‍ പ്രവേശിക്കുവാനായി നബി ﷺ നിശ്ചയിച്ച മീക്വാത്താണ് ദുല്‍ഹുലയ്ഫ. ഇന്ന് അത് ബിഅ്‌റു അലി എന്ന പേരിലാണ് അറിയപ്പെടുന്നത്. എഴുപതോളം ഒട്ടകങ്ങള്‍ നബി ﷺ യുടെ കൂടെ ഉണ്ടായിരുന്നു. മക്കയില്‍നിന്ന് കുറേ കാലമായല്ലോ നബി ﷺ പോന്നിട്ട്. അവിടെ വെച്ച് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ബലിയറുക്കണം എന്ന് അവിടുത്തേക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനാണ് ഈ എഴുപതോളം ഒട്ടകങ്ങളെ കരുതിയിരുന്നത്.

പതിവുപോലെ, നബി ﷺ ഒരു ദൂതനെ മക്കയിലേക്ക് അയച്ചു. ബുസ്ര്‍ ഇബ്‌നു സുഫ്‌യാന്‍(റ) ആയിരുന്നു ആ ദൂതന്‍. മക്കക്കാര്‍ മുസ്‌ലിംകളുടെ ഈ പുറപ്പാട് അറിഞ്ഞിട്ടുണ്ടോ, എന്താണ് അവരുടെ നീക്കം തുടങ്ങിയ കാര്യങ്ങള്‍ അറിയാനായിരുന്നു അദ്ദേഹത്തെ നബി ﷺ അയച്ചത്.

മുസ്‌ലിംകള്‍ യാത്ര പുറപ്പെട്ടു. അസ്ഫാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ബുസ്ര്‍(റ) മുഖേന നബി ﷺ ക്ക് വിവരം കിട്ടി. മക്കക്കാര്‍ വിവരം അറിഞ്ഞിട്ടുണ്ടെന്നും, അവര്‍ ഇളകിമറിഞ്ഞിരിക്കുകയാണെന്നും, മുസ്‌ലിംകളെ മക്കയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും, തടയാനായി ഖാലിദ് ഇബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈനികവ്യൂഹം തന്നെ പുറപ്പെട്ടിട്ടുണ്ടെന്നും നബി ﷺ ക്ക് വിവരം ലഭിച്ചു.

നയപരമായ കാര്യങ്ങളില്‍ എപ്പോഴും നബി ﷺ അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുചരന്മാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തിരുന്നത്. എന്നിട്ട് അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് മുന്നോട്ട് പോകലായിരുന്നു അവിടുത്തെ പതിവ്. അതേ രീതി ഇവിടെയും നബി ﷺ സ്വീകരിച്ചു. സ്വഹാബിമാരോട് നബി ﷺ ചര്‍ച്ച നടത്തി.

നാം അവരോട് യുദ്ധത്തിന് ഒരുങ്ങണോ? എന്താണ് നാം ചെയ്യേണ്ടത്? അന്നേരം അബൂബക്ര്‍(റ) പറഞ്ഞു:

‘അല്ലാഹുവിന്റെ റസൂലേ, ഈ ഭവനത്തിലേക്ക് ഉംറ ചെയ്യുന്നവനായിട്ടാണല്ലോ അവിടുന്ന് പുറപ്പെട്ടിരിക്കുന്നത്. ഒരാളെയും വധിക്കുവാനോ ഒരാളോടും യുദ്ധം ചെയ്യാനോ അവിടുന്ന് ഉദ്ദേശിച്ചിട്ടില്ല. അതിനാല്‍ അതിന് (കഅ്ബക്ക്) നേരെ ഗമിച്ചേക്കുക. അങ്ങനെ ആരെങ്കിലും അതില്‍നിന്ന് നമ്മെ തടുക്കുന്നുവെങ്കില്‍ അവനോട് നാം യുദ്ധം ചെയ്യും.’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ നാമത്തില്‍ നിങ്ങള്‍ പോകൂ’ (ബുഖാരി).

നബി ﷺ യും സ്വഹാബിമാരും മക്കയിലേക്കുള്ള യാത്ര തുടര്‍ന്നു. ശത്രുവിന്റെ സാന്നിധ്യം നബി ﷺ ക്ക് മനസ്സിലായി. ശത്രുക്കളുടെ കുതിരപ്പട അടുത്ത് എത്താറായിരിക്കുന്നു എന്ന് അവിടുത്തേക്ക് ബോധ്യമായി. നമസ്‌കാരത്തിന്റെ സമയവും ആയി. അങ്ങനെ അവിടെ വെച്ച് നബി ﷺ സ്വഹാബിമാരെയും കൂട്ടി നമസ്‌കരിച്ചു. സ്വലാത്തുല്‍ ഖൗഫാണ് (ഭയത്തിന്റെ അവസരത്തിലുള്ള നമസ്‌കാരം) അവര്‍ നിര്‍വഹിച്ചത്. യുദ്ധ സാഹചര്യത്തിലും ശത്രുവിന്റെ മുമ്പില്‍ വെച്ചും പേടിക്കുന്ന സമയത്ത് ഇപ്രകാരമാണ് നമസ്‌കരിക്കേണ്ടത് എന്ന് നബി ﷺ സ്വഹാബിമാരെ പഠിപ്പിച്ചു. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സ്വലാത്തുല്‍ ഖൗഫ് ഹുദയ്ബിയക്ക് അടുത്തുള്ള ഈ അസ്ഫാനില്‍ വെച്ചായിരുന്നു നടന്നത് എന്ന് ചരിത്രത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

നമസ്‌കാരം നിര്‍വഹിച്ചശേഷം യാത്ര തുടര്‍ന്നു. അങ്ങനെ ഹുദയ്ബിയ എന്ന സ്ഥലത്ത് നബി ﷺ യും അനുചരന്മാരും എത്തി. ഹുദയ്ബിയയുടെ പല ഭാഗങ്ങളും ഹറമില്‍ ഉള്‍പെട്ടതാണ്. അത്രത്തോളം കഅ്ബയുടെ സമീപത്ത് നബി ﷺ യും സ്വഹാബിമാരും എത്തി എന്നര്‍ഥം. ശുമയ്‌സിയ എന്ന പേരിലാണ് ഇന്ന് അത് അറിയപ്പെടുന്നത് എന്ന് ചില ഗ്രന്ഥങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഹുദയ്ബിയയില്‍ നബി ﷺ എത്തിയപ്പോള്‍ അവിടുത്തെ ഒട്ടകമായ ക്വസ്‌വാഅ് മുന്നോട്ട് പോകാതെ മുട്ടുകുത്തി കിടന്നു. ഇതു കണ്ട സ്വഹാബിമാര്‍ പറഞ്ഞു: ‘ക്വസ്‌വാഅ് ക്ഷീണിച്ചിരിക്കുന്നു, ക്വസ്‌വാഅ് ക്ഷീണിച്ചിരിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ക്വസ്‌വാഅ് ക്ഷീണിച്ചിട്ടില്ല, അത് അതിന്റെ സ്വഭാവവും അല്ല. പക്ഷേ, ആനയെ തടഞ്ഞവന്‍ തടഞ്ഞതാണ്.’ പിന്നീട് നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ (സത്യം), അല്ലാഹുവിന്റെ പവിത്രതകളെ ബഹുമാനിക്കുന്ന ഏതൊരു കാര്യവും അവര്‍ എന്നോട് ചോദിച്ചിട്ടില്ല, ഞാന്‍ അവര്‍ക്ക് അത് നല്‍കിയിട്ടല്ലാതെ…'(ബുഖാരി).

കഅ്ബ പൊളിക്കാന്‍ വന്ന അബ്‌റഹത്തിനെയും അവന്റെ സൈന്യത്തെയും അല്ലാഹു നശിപ്പിച്ചത് മുമ്പ് നാം വിവരിച്ചിട്ടുണ്ട്. അബ്‌റഹത്ത് കൊണ്ടുവന്ന ആനകള്‍ കഅ്ബക്ക് നേരെ തിരിയുമ്പോള്‍ നിലത്തേക്ക് ആണ്ടുപോവുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് കഅ്ബയെ സംരക്ഷിക്കാനായി, അതിന് അര്‍ഹിക്കുന്ന സ്ഥാനവും പദവിയും നല്‍കുന്നതിന് വേണ്ടിയാണ് നബി ﷺ യും സ്വഹാബിമാരും അവിടേക്ക് പുറപ്പെടുന്നത്. അന്ന് ആനയെ പിടിച്ചുവെച്ചവന്‍ ഇപ്പോള്‍ നമ്മുടെ ഒട്ടകത്തെയും പിടിച്ചുവെക്കുകയാണെന്നും, അതല്ലാതെ അതിന് ക്ഷീണം ബാധിച്ചതല്ലെന്നും അവിടുന്ന് സ്വഹാബത്തിനെ പഠിപ്പിക്കുകയാണ്. എന്തിനാണ് നബി ﷺ യുടെ ഒട്ടകത്തെ അല്ലാഹു പിടിച്ചു വെക്കുന്നത്? അതെ, ശേഷം വലിയ ഒരു വിജയം മുസ്‌ലിംകള്‍ക്ക് വരാനിരിക്കുന്നു. അതിന് മുന്നോടിയായി അല്ലാഹു നിശ്ചയിച്ച കാര്യങ്ങള്‍ സംഭവിപ്പിക്കുകയാണ്.

യാത്രയില്‍ അവരുടെ ആവശ്യങ്ങള്‍ക്കായി അവര്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നുപോയി. ദാഹാര്‍ത്തരായി മുസ്‌ലിംകള്‍ വലഞ്ഞു. അവിടെവെച്ച് നബി ﷺ യിലൂടെ മറ്റൊരു അത്ഭുതം സംഭവിക്കുകയാണ്. അവിടെ അല്‍പം മാത്രം വെള്ളമുള്ള ഒരു കിണര്‍ ഉണ്ടായിരുന്നു. അതിലേക്ക് തന്റെ ഉമിനീര്‍ പുരട്ടിയ ഒരു അമ്പ് എടുത്ത് എറിഞ്ഞു. അതോടെ വെള്ളം ഊര്‍ന്ന് വരാന്‍ തുടങ്ങി. അങ്ങനെ സ്വഹാബിമാര്‍ മുഴുവനും അത് ഉപയോഗിക്കുകയും ചെയ്തു. അത് ഒരു മുഅ്ജിസത്തായിരുന്നു, അഥവാ നബി ﷺ യിലൂടെ അല്ലാഹു വെളിവാക്കിയ അവന്റെ ദൃഷ്ടാന്തമായിരുന്നു.

ഈ സമയത്തെല്ലാം ദൂതന്മാര്‍ മുഖാന്തിരം തന്റെ ആഗമനോദ്ദേശ്യം എന്താണെന്ന് നബി ﷺ ക്വുശയ്ശികളെ അറിയിച്ചു കൊണ്ടിരുന്നു. മക്കയോട് അടുത്താണല്ലോ നബി ﷺ യും സ്വഹാബിമാരും ഉള്ളത്. രംഗം വഷളാകാന്‍ പോകുന്ന അവസ്ഥയിലായി. ക്വുറയ്ശികള്‍ പ്രക്ഷുബ്ധരായിക്കഴിഞ്ഞിട്ടുണ്ട്. അവരെ കാര്യം അറിയിക്കാനായി സ്വഹാബിമാരെ ഇടയ്ക്കിടെ അയക്കുന്നുണ്ട്. അതൊന്നും ഫലം കാണാതായി. ദൂതന്മാര്‍ അവരോട് പറഞ്ഞു: ‘അവിടുന്ന് ഒരാളോടും യുദ്ധം ഉദ്ദേശിച്ചിട്ടില്ല. നിശ്ചയമായും അവിടുന്ന് ഉദ്ദേശിച്ചത് കഅ്ബ സന്ദര്‍ശിക്കുവാനും അതിനെ ആദരിക്കുവാനും മാത്രമാകുന്നു.’

ബുദയ്ല്‍(റ) നബി ﷺ യെ സമീപിച്ചു. നബി ﷺ യെയും വിശ്വാസികളെയും തടയാന്‍ തന്നെയാണ് അവരുടെ തീരുമാനം എന്ന് നബി ﷺ യെ അദ്ദേഹം അറിയിച്ചു. നബി ﷺ തന്റെ നിലപാട് അദ്ദേഹത്തെയും അറിയിച്ചു. ബുദയ്ല്‍ അത് ക്വുറയ്ശികളെയും അറിയിച്ചു. അതിന് അവര്‍ ഇപ്രകാരം മറുപടി നല്‍കി:

”അവന്‍ അതിനുവേണ്ടി മാത്രമാണ് വന്നത് എങ്കില്‍ അല്ലാഹുവാണ (സത്യം), സമാധാനത്തിലൂടെ അവന്‍ ഞങ്ങളിലൂടെ അതില്‍ പ്രവേശിക്കുന്നതല്ല. അറബികള്‍ക്ക് അങ്ങനെ ഒരു സംസാരം തന്നെ ഉണ്ടാകാവതല്ല”(അഹ്മദ്).

മുസ്‌ലിംകളെ ശത്രുക്കള്‍ തടഞ്ഞാലും ഇല്ലെങ്കിലും നബി ﷺ യും അനുയായികളും വിശുദ്ധ ഹറമിനെ ആദരിക്കുന്നവരാണ് എന്ന് വെളിപ്പെടുത്തുവാന്‍ സാധിച്ചിരിക്കുകയാണ്. തടഞ്ഞാല്‍ ജനങ്ങള്‍ പറയും: ‘മുഹമ്മദും അനുയായികളും കഅ്ബയെ ബഹുമാനിച്ച് വന്നപ്പോള്‍ അറബികള്‍ അവരെ തടഞ്ഞു.’ അത് അവര്‍ക്ക് ചീത്തപ്പേരാണല്ലോ നല്‍കുക. നബി ﷺ കഅ്ബയെ ആദരിക്കുന്നുണ്ട് എന്ന വസ്തുത അപ്പോള്‍ വെളിപ്പെടും. ഇനി തടഞ്ഞില്ലെങ്കിലോ, അപ്പോഴും ഇത് ബോധ്യപ്പെടും. കാരണം, എത്രയോ ദൂരം യാത്ര ചെയ്താണല്ലോ നബി ﷺ യും സ്വഹാബിമാരും മക്കയിലേക്ക് വരുന്നത് ഹറമിന്റെ പവിത്രത ഉള്‍ക്കൊണ്ടും അതിനെ ബഹുമാനിക്കുന്നത് കൊണ്ടുമാണല്ലോ. രണ്ടായിരുന്നാലും ശത്രുക്കള്‍ മുസ്‌ലിംകളെ പറ്റി മക്കയില്‍ പ്രചരിപ്പിച്ച കള്ളപ്രചാരണം തകരാന്‍ പോകുകയാണ്.

അവസാനമായി ഉഥ്മാന്‍ ഇബ്‌നു അഫ്ഫാനെ(റ)യായിരുന്നു നബി ﷺ സന്ദേശവുമായി അയച്ചത്.അദ്ദേഹം മക്കയിലെ പ്രമുഖരെ സമീപിച്ച് മുസ്‌ലിംകളെ ഉംറ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് അവര്‍ പറഞ്ഞു: ‘ഏതായിരുന്നാലും ഇവിടേക്ക് വന്ന സ്ഥിതിക്ക് താങ്കള്‍ ത്വവാഫും ഉംറയും നിര്‍വഹിച്ചു കൊള്ളുക.’ ഉഥ്മാന്‍(റ) പറഞ്ഞു: ‘ഞാന്‍ ഒരു നേതാവിന്റെ അനുമതിയോടെയാണ് ഇവിടേക്ക് വന്നിട്ടുള്ളത്. ആ നേതാവായ പ്രവാചകന്‍ ﷺ അനുവാദം നല്‍കാത്ത ഒരു ത്വവാഫിനോ ഉംറക്കോ ഞാന്‍ ഒരുക്കമല്ല. എന്റെ നേതാവിന് ത്വവാഫിന് അവസരം ഇല്ലാത്ത സ്ഥലത്ത് എനിക്കും ത്വവാഫ് ചെയ്യേണ്ട.’

ചര്‍ച്ചകള്‍ വീണ്ടും നീണ്ടുപോയി. ഉഥ്മാന്‍(റ) തിരിച്ചുവരുന്നത് കാണാതായപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരു കിംവദന്തി പ്രചരിപ്പിക്കപ്പെട്ടു. ഉഥ്മാനെ അവര്‍ കൊന്നിരിക്കുന്നു! അങ്ങനെ നബി ﷺ തന്റെ അനുചരന്മാരെ എല്ലാവരെയും ഒരു വൃക്ഷത്തിന് താഴെ വിളിച്ചു ചേര്‍ത്തു. എല്ലാവരോടുമായി നബി ﷺ പറഞ്ഞു: ‘രംഗം വളരെ മോശമാണ്. നാം അയച്ച നമ്മുടെ ദൂതന്‍ ഉഥ്മാനെ ശത്രുക്കള്‍ വധിച്ചിരിക്കുന്നു എന്നാണ് നാം കേള്‍ക്കുന്നത്. അതിനാല്‍ അവരോട് ഒരു യുദ്ധംതന്നെ വേണ്ടിവരും. ഒരിക്കലും ഓടിപ്പോകില്ലെന്നും മരണംവരെ പോരാടുമെന്നും എന്നോട് കൈപിടിച്ച് ബയ്അത്ത് ചെയ്യണം.’ അങ്ങനെ ആ വൃക്ഷത്തിന്റെ ചുവട്ടില്‍വെച്ച് എല്ലാ സ്വഹാബിമാരും കൈ പിടിച്ച് പ്രതിജ്ഞയെടുത്തു. അവിടെ വെച്ച് പ്രതിജ്ഞ ചെയ്ത സ്വഹാബിമാരോട് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി:

”ഭൂവാസികളില്‍ ഇന്ന് ഏറ്റവും ഉത്തമരാണ് നിങ്ങള്‍” (മുസ്‌ലിം).

”അല്ലാഹു ഉദ്ദേശിച്ചാല്‍ ഈ വൃക്ഷത്തിന്റെ ആളുകളില്‍ പെട്ട ഒരാളും-ചുവട്ടില്‍ നിന്ന് ബയ്അത്ത് ചെയ്തവരായ-നരകത്തില്‍ പ്രവേശിക്കുന്നതല്ല”(മുസ്‌ലിം).

ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ച് നബി ﷺ യോട് സ്വഹാബിമാര്‍ ചെയ്ത ബയ്അത്താണ് ഇസ്‌ലാമിക ചരിത്രത്തില്‍ ‘ബയ്അത്തുര്‍രിദ്‌വാന്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ബയ്അത്തുശ്ശജറ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

അതേ സമയം, മക്കക്കാരോട് ചര്‍ച്ചക്ക് പോയി കാണാതായ ഉഥ്മാന്‍(റ)വിന് നബി ﷺ യോട് കരാര്‍ ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹത്തിന് പകരം നബി ﷺ തന്റെ ഒരു കൈ മറ്റേ കൈയ്യില്‍ പിടിച്ച് കരാര്‍ ചെയ്യുകയായിരുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം:

”അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ വലതുകൈ (പിടിച്ചു)കൊണ്ട് പറഞ്ഞു: ‘ഇത് ഉഥ്മാന്റെ കൈയാകുന്നു.” എന്നിട്ട് അവിടുന്ന് അത്‌കൊണ്ട് മറ്റേ കൈയില്‍ അടിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇത് ഉഥ്മാന് വേണ്ടിയാകുന്നു.’ അതോടെ ഉഥ്മാന്‍(റ) ബയ്അതുര്‍രിദ്‌വാനില്‍ പങ്കെടുത്ത സ്വഹാബിമാരില്‍ അംഗമായി.

താമസിയാതെ ഉഥ്മാന്‍(റ) അവിടേക്ക് കടന്നുവന്നു. ഉഥ്മാന്‍(റ) വധിക്കപ്പെട്ടിരിക്കുന്നു എന്ന നേരത്തെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത കളവാണെന്ന് അദ്ദേഹത്തിന്റെ വരവോടെ ബോധ്യമാകുകയും ചെയ്തു.

(തുടരും)

ഹുസൈന്‍ സലഫി, ഷാര്‍ജ
നേർപഥം വാരിക

സ്വാബിറിന്റെ നോമ്പ്

സ്വാബിറിന്റെ നോമ്പ്

സ്വാബിര്‍ സമര്‍ഥനും മിടുക്കനുമായ ഒരു ബാലനാണ്. ഉപ്പയുടെയും ഉമ്മയുടെയും കൂടെ നമസ്‌കരിക്കുവാന്‍ അവന് വലിയ താല്‍പര്യമാണ്. സ്‌കൂളില്‍ പോയാലും തിരിച്ചുവന്നാലും അവന്‍ നമസ്‌കാരം ഒഴിവാക്കാറില്ല. അങ്ങനെയിരിക്കവെയാണ് നോമ്പുകാലം വന്നത്. വീട്ടിലുള്ളവരെല്ലാം നോമ്പ് നോല്‍ക്കുന്നതുപോലെ താനും നോമ്പ് നോല്‍ക്കുമെന്ന് അവന് വാശിയുണ്ടായിരുന്നു. അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന വലിയ പ്രതിഫലം അല്ലാഹുവില്‍ നിന്ന് തനിക്കും കിട്ടണമെന്ന് അവന്‍ ആഗ്രഹിച്ചു. 

റമദാന്‍ ആദ്യദിനം സന്തോഷത്തോടെ സ്വാബിര്‍ അത്താഴം കഴിക്കാന്‍ എഴുന്നേറ്റു. അത്താഴത്തിനു ശേഷം ഉപ്പയുടെ കൂടെ പള്ളിയിലേക്ക് സ്വുബ്ഹി നമസ്‌കരിക്കുവാന്‍ പോയി. നേരത്തെ എഴുന്നേറ്റതിനാല്‍ പള്ളിയില്‍ നിന്ന് വന്നശേഷം അവന് ഉറക്കംവന്നു. സ്‌കൂള്‍ അവധിയാണല്ലോ എന്ന ചിന്തയില്‍ അവന്‍ കിടന്നുറങ്ങി. 

ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ സ്വാബിറിന് വലിയ ദാഹം. എന്നും രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു കഴിഞ്ഞാല്‍ ഒരു ഗ്ലാസ് ചായ കുടിക്കുന്ന പതിവ് അവനുണ്ട്. അന്ന് അടുക്കളയില്‍ പോയി നോക്കിയപ്പോള്‍ അവിടെ ഉമ്മയുമില്ല, ചായയുമില്ല. അവന്‍ പൂമുഖത്തേക്ക് ഉമ്മയെ തിരഞ്ഞുചെന്നു. അവര്‍ ക്വുര്‍ആന്‍ ഓതുകയാണ്. 

”ഉമ്മാ, ഭയങ്കര ദാഹം! നല്ല ചൂടും. കുറച്ച് തണുത്ത വെള്ളം കുടിക്കട്ടെ?” സ്വാബിര്‍ ചോദിച്ചു.

”മോനേ, നീ നോമ്പിന്റെ കാര്യം മറന്നോ?” ഉമ്മ ചോദിച്ചു.

”മറന്നിട്ടൊന്നുമില്ല ഉമ്മാ… നല്ല ദാഹം…”

”ദാഹവും വിശപ്പുമൊക്കെ നോമ്പ് നോല്‍ക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും മോനേ. നീ അതിനെക്കുറിച്ചൊന്നും ആലോചിക്കാതെ ക്വുര്‍ആന്‍ ഓതിയും മറ്റും സമയം ഉപയോഗപ്പെടുത്താന്‍ നോക്ക്” ഉമ്മ അവനെ ഉപദേശിച്ചു.

എന്നാല്‍ സ്വാബിറിന് ദാഹം കൂടിക്കൊണ്ടേയിരുന്നു! ഉമ്മയറിയാതെ അടുക്കളയില്‍ ചെന്ന് വെള്ളം കുടിക്കാമെന്നവന്‍ തീരുമാനിച്ചു. അവന്‍ അടുക്കളയില്‍ ചെന്ന് ശബ്ദമുണ്ടാക്കാതെ ഫ്രിഡ്ജില്‍നിന്ന് തണുത്ത വെള്ളമെടുത്തു. അത് വായിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങിയ നേരത്താണ് ഉമ്മ അവിടെ എത്തിയത്.

”മോനേ, നീ എന്താ ഈ കാണിക്കുന്നത്? നിനക്ക് നോമ്പില്ലേ?” ഉമ്മ ചോദിച്ചു.

”ഹേയ്… ഒന്നുമില്ല…” വെള്ളം കുടിക്കുവാനൊരുങ്ങിയത് ഉമ്മ കണ്ട ജാള്യതയില്‍ അവന്‍ പറഞ്ഞു.

”നീ വെള്ളം കുടിക്കുകയാണോ?”

”ഉമ്മാ ഭയങ്കര ദാഹം… അതുകൊണ്ട്…” 

”മോനേ, നോമ്പിന്റെ പ്രതിഫലം കിട്ടണമെങ്കില്‍ കുറച്ചൊക്കെ സഹിച്ചേ തീരൂ. ഇസ്‌ലാം കാര്യങ്ങളില്‍ നാലാമത്തേതാണ് നോമ്പ് എന്ന് നിനക്കറിയാമല്ലോ?”

”അറിയാം ഉമ്മാ…”

”റയ്യാന്‍ എന്ന പ്രത്യേക കവാടത്തിലൂടെ നോമ്പുകാര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഭാഗ്യമുണ്ടാകുമെന്ന് നീ പഠിച്ചിട്ടില്ലേ?”

”ഉണ്ട്, ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ട്.”

”ആരോഗ്യപരമായും നോമ്പുകൊണ്ട് പല ഗുണങ്ങളുണ്ട്. വിശപ്പിന്റെ പ്രയാസം മനസ്സിലാക്കാനും നോമ്പുകാരന് കഴിയും. ഒരുനേരം പോലും ഭക്ഷണം കഴിക്കാനില്ലാത്ത പാവങ്ങളുടെ അവസ്ഥയറിയാനും നോമ്പുകാരന് കഴിയും. അപ്പോള്‍ നമുക്ക് അവരോട് ദയയും സ്‌നേഹവുമുണ്ടാകും…” 

ഉമ്മ ഇങ്ങനെ കുറെ കാര്യങ്ങള്‍ സ്വാബിറിനെ പറഞ്ഞു മനസ്സിലാക്കി. അതോടെ അവന്റെ ദാഹവും വിശപ്പും മാറി.  ഇന്‍ശാ അല്ലാഹ്, ഈ റമദാനിലെ ഒരു നോമ്പും ഒഴിവാക്കില്ലെന്ന് അവന്‍ ഉറപ്പിച്ചു. ഉമ്മ അവനെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരു മുത്തം സമ്മാനിച്ചു.

 

ഉസ്മാന്‍ പാലക്കാഴി

നേർപഥം വാരിക

റമദാനിലെ ഭക്ഷണം

റമദാനിലെ ഭക്ഷണം

നോമ്പ് തുറക്കുമ്പോള്‍

 

പെട്ടെന്ന് ദഹിക്കുന്നതും അന്നജ സമൃദ്ധവുമായ അരിപ്പൊടി, ഗോതമ്പ് പൊടി എന്നിവകൊണ്ടുണ്ടാക്കിയ നൂലപ്പം, പത്തിരി, അപ്പം, പുട്ട്, ചപ്പാത്തി എന്നിത്യാദി വിഭവങ്ങള്‍ പെട്ടെന്ന് ഊര്‍ജം നല്‍ക്കുന്നു.

 

എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും എരിവുള്ള വിഭവങ്ങളും കഴിയുന്നതും ഒഴിവാക്കുക. കാരണം അത് പുളിച്ച്തികട്ടല്‍, ഗ്യാസ്ട്രബിള്‍, ചര്‍ദി, വയറ് വേദന, ഏമ്പക്കം, ആമാശയ വീക്കം എന്നിവക്ക് കാരണമാകും. മൈദ കൊണ്ടുള്ള പൊറോട്ടയും ഖുബൂസും ഒഴിവാക്കുക.

 

വെള്ളം തന്നെ പ്രധാനം

 

ശരീരത്തിലെ എല്ലാ അവയവ പ്രവര്‍ത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ജലം രക്ത സമ്മര്‍ദത്തെയും രക്ത ചംക്രമണത്തെയും ഒരളവോളം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാളമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. നോമ്പിന്റെ തുടക്കം വേനലിലായത് കൊണ്ട് പകലില്‍ നിര്‍ജലീകരണ’സാധ്യത കൂടുതലായതിനാല്‍ മൂത്രച്ചൂട് ഒഴിവാക്കാന്‍  രാത്രി കൂടുതല്‍ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

ധാതുലവണങ്ങളും ജലാംശവുമുള്ള വത്തക്ക, പപ്പായ, പൈനാപ്പിള്‍, വെള്ളരിക്ക, സപ്പോട്ട, നേന്ത്രപ്പഴം, ചെറുപഴം, ഈത്തപ്പഴം, മാങ്ങ എന്നീ  പഴവര്‍ഗങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. നല്ല മധുരമുള്ള പെട്ടെന്ന് ഷുഗര്‍ കൂടുന്ന ഭക്ഷണം പ്രമേഹ രോഗികള്‍ ഒഴിവാക്കണം.

 

ഗ്യാസ്ട്രബിളും മലബന്ധവും

 

എരിവും പുളിയുമുള്ള ഭക്ഷണങ്ങളും എണ്ണക്കടിയുമൊക്കെ കാലിയായ വയറ്റില്‍ കഴിക്കുന്നത് കൊണ്ടാണ് ഗ്യാസ്ട്രബില്‍ കൂടുതലാകുന്നത്. ജലാംശവും നാരുമുള്ള ഭക്ഷണങ്ങള്‍ (പച്ചക്കറി) കുറയുന്നുത് കൊണ്ട് മലബന്ധം ഉണ്ടാകുന്നത് പതിവാണ്.

 

അല്‍പാല്‍പം ഇടവിട്ട് കഴിക്കുക 

 

നോമ്പുതുറയോടെ തന്നെ വയറ് നിറയെ തിന്നാല്‍ വയറ് വീര്‍ക്കല്‍, ഗ്യാസ്ട്രബിള്‍, വയറ്‌വേദന തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാകുമെന്ന് മാത്രമല്ല; രാത്രിയിലെ ആരാധനകളുടെ ചൈതന്യം നഷ്ടപ്പെടുമാറ് മനസ്സ് നിര്‍ജീവമാവുകയും ചെയ്യും.

 

ഈത്തപ്പഴം കൊണ്ട് നോമ്പ് തുറന്നതിന് ശേഷം വെള്ളമോ ജ്യൂസോ കുടിക്കുക. പഴവര്‍ഗങ്ങള്‍ ആവാം. മഗ്‌രിബ് നമസ്‌കാരാനന്തരം അരിപ്പൊടി ഭക്ഷണം കുറച്ച് കഴിച്ചതിന് ശേഷം ഇശാഅ് നമസ്‌കാരത്തിന് പോകുന്നതിന്ന് മുമ്പ് അല്‍പം ഫ്രൂട്‌സ് വേണമെങ്കില്‍ ആവാം. ഇശാഉും തറാവീഹും കഴിഞ്ഞ ശേഷം പച്ചക്കറി കൂട്ടാന്‍ കൂട്ടി അല്‍പം കഞ്ഞി കുടിക്കല്‍ നല്ലതാണ്. 

 

ഭക്ഷണം സമീകൃതമാക്കാന്‍ ശ്രമിക്കുക

 

അരിപ്പൊടി വിഭവങ്ങള്‍ക്കൊപ്പം ഇറച്ചി/മീന്‍/കടല കഴിച്ചാല്‍ ആവശ്യമുള്ള പ്രോട്ടീന്‍ ലഭിക്കും. പച്ചക്കറി സലാഡുകളും ഉപ്പേരികളും ഉള്‍പ്പെടുത്തിയാല്‍ നാരുകളുള്ളത് കൊണ്ട് മലബന്ധം ഒഴിവാക്കാന്‍ കഴിയും.

 

അത്താഴം

 

അത്താഴം അരിഭക്ഷണത്തില്‍ മാത്രം ഒതുക്കരുത്. പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പാലും പഴവും കഴിച്ചാല്‍ (ഇവ കുട്ടികള്‍ക്ക് വളരെ നല്ലതാണ്) പ്രോട്ടീനും ജലാംശവും അന്നജവും കിട്ടും. അവില്‍മില്‍ക് വളരെ അഭികാമ്യമാണ്. വെള്ളം ധാരാളം കുടിക്കണം. നല്ല എരിവുള്ളതും പുളിയുള്ളതുമായവ കഴിയുന്നതും ഒഴിവാക്കുക. പഴവര്‍ഗങ്ങള്‍ ഉള്‍പെടുത്തി സമീകൃതമാക്കാന്‍ ശ്രമിക്കുക.

 

വെള്ളം ധാരാളം കുടിക്കുക. കുടുതല്‍ ഒന്നിച്ച് കഴിക്കുന്നതിന്ന് പകരം കുറേശ്ശെയായി ഇടവിട്ട് കഴിക്കുക. എണ്ണയില്‍ പൊരിക്കുന്നതിന് പകരം ആവിയില്‍ വേവിക്കുക; അല്ലെങ്കില്‍ ഡ്രില്‍ ചെയ്യുക. ചുവന്ന മുളക് ഉപയോഗിക്കുന്നതിന്ന് പകരം കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുന്നത് ദഹനത്തിന് സഹായിക്കും, ഗ്യാസ്ട്രബിള്‍ കുറക്കും. അത്താഴം ഒരിക്കലും ഒഴിവാക്കരുത്. റമദാനില്‍ ഭക്ഷണം ഹോട്ടലുകളില്‍നിന്ന് കഴിക്കരുത്. ബിരിയാണി, നെയ്‌ചോര്‍ ഉണ്ടാക്കുന്നുവെങ്കില്‍ ധരാളം പച്ചക്കറികള്‍ ചേര്‍ക്കുക. പച്ചക്കറി സലാഡ് ധാരാളമായി കൂടെ കഴിക്കുക.

 

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

നേർപഥം വാരിക