സകാത്ത് വിഹിതം സകാത്ത് സെല്ലില്‍ തന്നെ കൊടുക്കേണ്ടതുണ്ടോ ?. ഒറ്റക്ക് കൊടുക്കാമോ ?.

സകാത്ത് വിഹിതം സകാത്ത് സെല്ലില്‍ തന്നെ കൊടുക്കേണ്ടതുണ്ടോ ?. ഒറ്റക്ക് കൊടുക്കാമോ ?

ചോദ്യം: ഞങ്ങളുടെ മഹല്ലില്‍ സകാത്ത് സെല്‍ ഉണ്ട്. സകാത്തിന്‍റെ മുഴുവന്‍ പണവും സെല്ലില്‍ തന്നെ കൊടുക്കണോ ?.

 

ഉത്തരം:

 الحمد لله والصلاة والسلام على رسول الله وبعد؛

സകാത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം അത് അതിന്‍റെ അര്‍ഹരിലേക്ക് എത്തുക എന്നുള്ളതാണ്. ആര് മുഖാന്തിരം ആണെങ്കിലും അര്‍ഹരിലേക്ക് സകാത്ത് എത്തുക എന്നതാണ് സുപ്രധാനം. നമ്മുടെ നാട്ടില്‍ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ കാണാം. യഥാര്‍ത്ഥത്തില്‍ അവ രണ്ടും ശരിയല്ല.

ഒന്ന്: സകാത്ത് സെല്ലില്‍ ഏല്‍പ്പിച്ചാല്‍ മാത്രമേ സകാത്ത് വീടൂ. നേരിട്ട് അവകാശിക്ക് കൊടുത്താല്‍ വീടില്ല എന്ന അഭിപ്രായക്കാര്‍.

രണ്ട്: സംഘടിതമായി സകാത്ത് സംവിധാനം നടപ്പാക്കിയാല്‍ സകാത്ത് വീടില്ല. നേരിട്ട് തന്നെ നല്‍കണം എന്ന അഭിപ്രായക്കാര്‍.

 

യഥാര്‍ത്ഥത്തില്‍ ഈ രണ്ട് അഭിപ്രായങ്ങളും തെറ്റാണ്. സകാത്ത് അതിന്‍റെ അവകാശികള്‍ക്ക് നല്‍കണം എന്ന് പ്രമാണങ്ങളിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. അതാണ്‌ പ്രമാണം നിഷ്കര്‍ഷിക്കുന്നത്. അതിനാല്‍ത്തന്നെ ഒരാളുടെ സകാത്ത് നേരിട്ടോ അല്ലാതെയോ അവകാശിയുടെ കൈവശം എത്തിയാല്‍ സകാത്ത് വീടും എന്നത് സുവ്യക്തമാണ്.

സകാത്ത് സാമ്പത്തികമായ ആരാധനയാണ്. സാമ്പത്തികമായ ആരാധന ‘തൗകീല്‍’ അഥവാ മറ്റൊരാളെ ചെയ്യാന്‍ ഏല്‍പ്പിക്കല്‍ അനുവദനീയമായ ആരാധനയാണ് എന്നതില്‍ ഇമാമീങ്ങള്‍ക്ക് എകാഭിപ്രായമാണ്. അതിനാല്‍ത്തന്നെ ഒരാള്‍ക്ക് തന്‍റെ സകാത്ത് നല്‍കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താം. അതിനാല്‍ത്തന്നെ തന്‍റെ സകാത്ത്, സംഘടിത സകാത്ത് സെല്‍ സംവിധാനങ്ങളെ ഏല്‍പ്പിക്കാം. അവര്‍ കൃത്യമായ അവകാശികള്‍ക്ക് നല്‍കുന്നു എന്ന ഉറപ്പുണ്ടായിരിക്കണം എന്ന് മാത്രം.

അതുപോലെ ഒരാള്‍ തന്‍റെ സകാത്ത് നേരിട്ട് നല്‍കിയാലും വീടും. കാരണം സംഘടിതമായി നല്‍കിയാലേ വീടൂ എന്ന് പറയാന്‍ യാതൊരു തെളിവും ഇല്ല. റസൂല്‍(സ) യുടെ കാലത്തും പിന്നീട് ഖുലഫാഉ റാഷിദീങ്ങളുടെ കാലത്തും ഭരണകൂടമായിരുന്നു സകാത്ത് പിരിചിരുന്നത്. അവര്‍ക്ക് അതിനുള്ള ശറഇയ്യായ അധികാരം അഥവാ വിലായത്ത് ഉണ്ടായിരുന്നു. അവരെ ഏല്‍പ്പിക്കാത്ത ആളില്‍ നിന്നും വീണ്ടും അതാവശ്യപ്പെടാം. അതിനാല്‍ത്തന്നെ അവരെ ഏല്‍പ്പിക്കാന്‍ ഒരാള്‍ നിര്‍ബന്ധിതനാണ്. എന്നാല്‍ ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്ത ഇടങ്ങളില്‍ മുസ്ലിമീങ്ങളുടെ പൊതുമസ്’ലഹത്തിന് വേണ്ടി വിശ്വാസികള്‍ ആരംഭിക്കുന്ന സകാത്ത് സംവിധാനങ്ങള്‍ക്ക് ഈ വിലായത്ത് ഇല്ല.  തൗകീല്‍ അനുവദനീയമായ ആരാധന ആയതുകൊണ്ട് അപ്രകാരം ഒരു സംവിധാനം ഉണ്ടാകുന്നത് അനുവദനീയമാണ് എന്ന് മാത്രം. അതുകൊണ്ട് അത്തരം സംവിധാനം നടപ്പാക്കുന്നവര്‍ക്ക് തങ്ങളെ ഏല്‍പ്പിച്ചാലേ സകാത്ത് വീടൂ എന്ന് പറയാന്‍ യാതൊരു തെളിവും ഇല്ല. മാത്രമല്ല ഇസ്‌ലാമിക ഭരണകൂടം ഉള്ളിടത്ത് പോലും അവകാശിക്ക് നേരിട്ട് നല്‍കിയാല്‍ സകാത്ത് വീടും എന്ന് തന്നെയാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. പക്ഷെ ഭരണാധികാരി ഭരണകൂടത്തെ ഏല്‍പ്പിക്കണം എന്ന് കല്പ്പിചിട്ടുണ്ടെങ്കില്‍ അവിടെ ഭരണാധികാരിയെ അനുസരിക്കുക എന്നത് ഒരു വിശ്വാസിക്ക് ബാധ്യത ആയതുകൊണ്ട് അവരെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് മാത്രം. ഈ വിലായത്ത് അഥവാ ശറഇയ്യായ അധികാരം മറ്റൊരു സംവിധാനത്തിനും ഇല്ല.

ഇനി ഭരണകൂടം ഇല്ലാത്തിടത്ത് മുസ്ലിമീങ്ങള്‍ക്ക് ഇങ്ങനെ പൊതുസംവിധാനങ്ങള്‍ തുടങ്ങാന്‍ പാടുണ്ടോ എന്നാണ് സംശയം എങ്കില്‍. സകാത്ത് ‘തൗകീല്‍’ അനുവദനീയമായ ആരാധന ആയതുകൊണ്ട് അത് തുടങ്ങാം എന്നതില്‍ തര്‍ക്കമില്ല. പക്ഷെ അവകാശികളുടെ കയ്യിലേക്ക് സകാത്ത് എത്തുന്നുവെങ്കില്‍ മാത്രമേ അപ്പോഴും ഒരാളുടെ സകാത്ത് വീടൂ. മാത്രമല്ല പൊതു സംവിധാനങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്‌. കാരണം സകാത്തിന് അര്‍ഹരായ ആളുകളെ സംബന്ധിച്ചിടത്തോളം ഓരോ ആളുകളോടും സകാത്ത് ചോദിച്ചു നടക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് തന്നെ അര്‍ഹരായ ആളുകളെ കണ്ടെത്തി നല്‍കാനും, അവരുടെ പരാതികള്‍ അന്വേഷിക്കാനും ഒരു പൊതു സംരംഭം ഏറെ ആവശ്യമാണ്‌ എന്നതില്‍ സംശയമില്ല. അതുകൊണ്ട് സത്യസന്ധമായും സുതാര്യമായും അവകാശികളെ കണ്ടെത്തി അവര്‍ക്ക് സകാത്ത് എത്തിക്കുന്ന പൊതു സംവിധാനങ്ങളെ നാം വിജയിപ്പിക്കേണ്ടതുണ്ട്. അത് സമൂഹത്തിന്‍റെ ആവശ്യമാണ്‌. ഏതായാലും രണ്ട് രൂപത്തില്‍ കൊടുത്താലും കൃത്യമായ അവകാശിക്ക് ലഭിക്കുകയാണ് എങ്കില്‍ ഒരാളുടെ സകാത്ത് വീടും. ദരിദ്രന്റെ മസ്’ലഹത്ത് പരിഗണിച്ചുകൊണ്ട്‌ ഒരാള്‍ക്ക് അത് ചെയ്യാവുന്നതാണ്. തനിക്ക് കൂടുതല്‍ സൂക്ഷ്മതയോടെ ചെയ്യാന്‍ പറ്റുന്നതേതോ അതും ഒരാള്‍ക്ക് ഈ വിഷയത്തില്‍  പരിഗണിക്കാവുന്നതാണ്. നാമറിയാത്ത ഒട്ടനേകം അര്‍ഹരായ അവകാശികള്‍ക്ക് ലഭിക്കാന്‍ പൊതു സംരംഭം ആവശ്യമെങ്കില്‍ അതിലേക്ക് നല്‍കുക. അതുപോലെ തന്റെ അറിവിലുള്ള അടുത്ത ബന്ധുക്കളും മറ്റും സകാത്തിന് ഏറെ അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും നല്‍കുക. ഒന്ന് മറ്റൊന്നിന് തടസ്സമാകരുത്. ഓരോരുത്തരുടെയും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് അല്ലാഹു കൃത്യമായി അറിയുന്നു.

 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യോട് ഒരു ചോദ്യം: 

സകാത്ത് സഹായസഹകരണ സ്ഥാപനങ്ങളെ ഏല്‍പിക്കാന്‍ പാടുണ്ടോ ?.

ഉത്തരം: അതിന്‍റെ നടത്തിപ്പുകാര്‍ സകാത്തിന്‍റെ കൃത്യമായ അവകാശികളെ കണ്ടെത്തി നല്‍കുന്ന വിശ്വസ്ഥരും അമാനത്ത് കാത്തുസൂക്ഷിക്കുന്നവരുമാണ് എങ്കില്‍ അവരെ സകാത്ത് ഏല്‍പിക്കുന്നതില്‍ തെറ്റില്ല. അത് പുണ്യത്തിലും, തഖ്വയിലും അധിഷ്ടിതമായ സഹകരണത്തില്‍ പെട്ടതാണ്.

നല്‍കല്‍ നിര്‍ബന്ധമല്ല എന്നുള്ളതും, എന്നാല്‍ നല്‍കുന്നതില്‍ തെറ്റില്ല എന്നും ശൈഖിന്റെ ഫത്’വയില്‍ നിന്നും വ്യക്തമാണ്.

ഒറ്റക്ക് നല്‍കുന്നത് പലപ്പോഴും സകാത്തിന് അവകാശികളായ ആളുകള്‍ക്ക് തന്നെ അര്‍ഹതയില്‍ കൂടുതല്‍ കിട്ടുവാനും, അര്‍ഹരായ പല അവകാശികള്‍ക്കും കിട്ടാതിരിക്കാനും ഒക്കെ കാരണമായേക്കാം. അതുപോലെ മുഴുവന്‍ സകാത്തും സംഘടിത സംവിധാനത്തിന് നല്‍കുന്നത് പലപ്പോഴും, നമ്മില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന, മറ്റൊരാളില്‍ നിന്നും ലഭിക്കാന്‍ സാധ്യത ഇല്ലാത്ത ഏറെ അര്‍ഹരായ ആളുകള്‍ക്ക് കിട്ടാതിരിക്കാനും കാരണമാകും. അതുകൊണ്ടാണ് രണ്ടും ആവശ്യമാണ്‌, ഒന്ന് ഒന്നിന് തടസ്സമാകാത്ത വിധം മസ്’ലഹത്ത് മനസ്സിലാക്കി നല്‍കണം എന്ന് ഞാന്‍ സൂചിപ്പിച്ചത്. അടിസ്ഥാനപരമായി സകാത്ത് അവകാശിക്ക് ലഭിക്കുക എന്നുള്ളതാണ് ശറഇന്‍റെ നിയമം. അത് അവകാശിക്ക് നല്‍കപ്പെട്ടാല്‍ ധനികന്റെ ബാധ്യത വീടി. ഇനി സംഘടിതമായോ അല്ലാത്ത നിലക്കോ ആകട്ടെ, നല്‍കുന്നത് അവകാശിക്കല്ല എങ്കില്‍ സകാത്ത് വീടുകയുമില്ല.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

കൃഷിയുടെ സകാത്ത് :

കൃഷിയുടെ സകാത്ത് :

بسم الله ، الحمد لله ، والصلاة والسلام على رسول الله ؛

അല്ലാഹു പറയുന്നു :

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَنفِقُواْ مِن طَيِّبَٰتِ مَا كَسَبۡتُمۡ وَمِمَّآ أَخۡرَجۡنَا لَكُم مِّنَ ٱلۡأَرۡضِۖ

“സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ നാം ഉല്‍പാദിപ്പിച്ച്‌ തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍”. –[البقرة 267].

وَ هُوَ الَّذِى أَنشأَ جَنَّتٍ مَّعْرُوشتٍ وَ غَیرَ مَعْرُوشتٍ وَ النَّخْلَ وَ الزَّرْعَ مخْتَلِفاً أُكلُهُ وَ الزَّیْتُونَ وَ الرُّمَّانَ مُتَشبهاً وَ غَیرَ مُتَشبِهٍكلُوا مِن ثَمَرِهِ إِذَا أَثْمَرَ وَ ءَاتُوا حَقَّهُ یَوْمَ حَصادِهِوَ لا تُسرِفُواإِنَّهُ لا یحِب الْمُسرِفِینَ‏

“പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത്‌ അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതിന്‍റെ വിളവെടുപ്പ്‌ ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത്‌ വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” – [الأنعام 141]. 

• റസൂല്‍(ﷺ) പറഞ്ഞു: “അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നത്താന്‍ ഉണ്ടാകുന്നതോ ആയ കൃഷിയില്‍ നിന്നും 10% വും, നനച്ചുണ്ടാക്കുന്നതില്‍ നിന്നും 5% വും സകാത്ത് നല്‍കണം”. – [ബുഖാരി].

• റസൂല്‍(ﷺ)  പറഞ്ഞു: “അഞ്ചു  വിസ്ഖുകള്‍ക്ക് താഴെയാണ് വിളയെങ്കില്‍ അതിന് സകാത്ത് ബാധകമല്ല”. – [ബുഖാരി]. അഥവാ അഞ്ചു വിസ്ഖ് തികഞ്ഞാല്‍ അതിന് സകാത്ത് ബാധകമാണ്.

കൃഷിവിളകളില്‍ സകാത്ത് ബാധകമാകുന്ന ഇനങ്ങളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്:

1)       ധാന്യങ്ങളിലും, അളക്കുവാനും ഉണക്കി സൂക്ഷിക്കുവാനും സാധിക്കുന്ന ഫലവര്‍ഗങ്ങളിലും മാത്രമാണ് സകാത്ത് ബാധകം. ഹമ്പലീ മദ്ഹബിലെ പ്രശസ്തമായ അഭിപ്രായം ഇതാണ്.

2)       ഗോതമ്പ്, ബാര്‍ലി, കാരക്ക, ഉണക്കമുന്തിരി എന്നീ നാല് വിളകളില്‍ മാത്രമേ സകാത്ത് ബാധകമാകുകയുള്ളൂ എന്നതാണ് രണ്ടാമത്തെ അഭിപ്രായം. ദുര്‍ബലമായ ഒരു ഹദീസ് ആണ് ഇതിനാധാരം. ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ആ ഹദീസ് സ്വഹീഹായിരുന്നുവെങ്കില്‍ അതോടെ അഭിപ്രായഭിന്നത അവസാനിക്കുമായിരുന്നു. പക്ഷെ അത് പ്രതിപാദിക്കപ്പെട്ട ഹദീസ് ദുബലമാണ്”

3)       മനുഷ്യര്‍ കൃഷിചെയ്യുന്ന എല്ലാ കൃഷിവിളകളിലും സകാത്ത് ബാധകമാണ് എന്നതാണ് മൂന്നാമത്തെ അഭിപ്രായം. വിറക് മറ്റു ഭക്ഷ്യയോഗ്യമല്ലാത്ത കൃഷികള്‍ എല്ലാം ഇതില്‍ പെടും. കൃഷിവിലകളിലെ സകാത്തിനെ സൂചിപ്പിച്ചുകൊണ്ട് പൊതുവായി ഉദ്ദരിക്കപ്പെട്ട തെളിവുകള്‍ ആണ് ഈ അഭിപ്രായത്തിനാധാരം. ഇമാം അബൂ ഹനീഫ (റഹി) ഈ അഭിപ്രായക്കാരനാണ്. ഏറ്റവും സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് ഈ അഭിപ്രായമാണ് ഉചിതം എന്നു പറയാം.

4)        ജനങ്ങളുടെ അടിസ്ഥാന ഭക്ഷണവും(قوت) ഉണക്കി സൂക്ഷിക്കാന്‍ സാധിക്കുന്നതുമായ(مدخر) കൃഷിയിനം ആണെങ്കില്‍ മാത്രമേ സകാത്ത് ബാധകമാകുകയുള്ളൂ എന്നതാണ് നാലാമത്തെ അഭിപ്രായം. ഇതാണ് ഇമാം മാലിക്ക് (റഹി) യുടെയും, ഇമാം ശാഫിഇ (റഹി) യുടെയും അഭിപ്രായം.  ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (رحمه الله) യും ഈ അഭിപ്രായത്തെയാണ് പ്രബലമായ അഭിപ്രായമായി കാണുന്നത്. 

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല തുടങ്ങിയവരെല്ലാം ഉണക്കി സൂക്ഷിക്കുവാന്‍ സാധിക്കുന്നതും അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്നതുമായ കൃഷിക്കേ സകാത്ത് ബാധകമാകൂ എന്ന അഭിപ്രായക്കാരാണ്. വളരെ വലിയ ചര്‍ച്ച തന്നെ പണ്ഡിതന്മാര്‍കക്കിടയില്‍ ഈ വിഷയത്തിലുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ വിള നിസ്വാബെത്തിയാല്‍ ഏത് കൃഷിക്കും സകാത്ത് ബാധകമാണ് എന്നതാണ് ഏറ്റവും സൂക്ഷ്മത. കൃഷിയുടെ സകാത്ത് പ്രതിപാദിച്ച സൂറത്തുല്‍ അന്‍ആമിലെ ആയത്ത് ഈ അഭിപ്രായത്തിന് ഏറെ ബലം നല്‍കുകയും ചെയ്യുന്നു. 

 

കൃഷിയുടെ നിസ്വാബ് :

റസൂല്‍ (ﷺ) പറഞ്ഞു:

ليس فيما دون خمسة أوسق صدقة

“അഞ്ചു  വിസ്ഖുകള്‍ക്ക് താഴെയാണ് വിളയെങ്കില്‍ അതിന് സകാത്ത് ബാധകമല്ല”. – [ബുഖാരി].

ഒരു വിസ്ഖ് = 60 സ്വാഅ്, അഞ്ച് വിസ്ഖ് = 300 സ്വാഅ്. ഒരു സ്വാഅ് = 2.040kg അഥവാ രണ്ട് കിലോ നാല്‍പത് ഗ്രാം. അതുകൊണ്ടുതന്നെ 300 x 2.040= 612 കിലോഗ്രാം. ഇത് അഞ്ച് വിസ്ഖ് എന്ന അളവില്‍ ഗോതമ്പ് തൂക്കിയാല്‍ കിട്ടുന്ന തൂക്കമാണ്. വിള മാറുന്നതിനനുസരിച്ച് തൂക്കവും മാറും. അതുകൊണ്ട് തന്നെ തതലവിലുള്ള  ഓരോ വിളയുടെയും തൂക്കം ലഭിക്കാന്‍ ഏകദേശം പത്ത് കിലോ ഗോതമ്പ് കൊള്ളുന്ന ചാക്കിലോ പാത്രത്തിലോ തൂക്കമറിയേണ്ട വിള നിറച്ച് കിട്ടുന്ന തൂക്കത്തെ 61 കൊണ്ട് ഗുണിച്ചാല്‍ മതി.

 

സകാത്തായി നല്‍കേണ്ട വിഹിതം :

റസൂല്‍(ﷺ) പറഞ്ഞു: “അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നത്താന്‍ ഉണ്ടാകുന്നതോ ആയ കൃഷിയില്‍ നിന്നും 10% വും, നനച്ചുണ്ടാക്കുന്നതില്‍ നിന്നും 5% വും സകാത്ത് നല്‍കണം”. – [ബുഖാരി].

കൃഷി നട്ടത് മുതല്‍ വിളവെടുപ്പ് വരെയുള്ള ഏറിയ കാലവും മഴയും അരുവികളും അവലംബമാക്കിയുള്ള കൃഷികള്‍ക്കും, നന ആവശ്യമില്ലാതെ സ്വയം ഉണ്ടാകുന്നവക്കും വിളയുടെ 10% സകാത്തായി നല്‍കണം. കൃഷിയുടെ ഏറിയ പങ്കും അദ്ധ്വാനിച്ച് നനച്ചുണ്ടാക്കുന്നവക്ക് വിളയുടെ 5% സകാത്തായി നല്‍കണം. പകുതി കാലം മഴ കൊണ്ടും പകുതി കാലം അദ്ധ്വാനിച്ച് നനച്ചതുമാണ് എങ്കില്‍ 7.5% സകാത്തായി നല്‍കണം. എന്നാല്‍ ഏത് രൂപത്തിലുള്ള നനയാണ് കൂടുതല്‍ എന്ന് വ്യക്തതയില്ലാത്ത കൃഷികളില്‍ 10% തന്നെ നല്‍കണം.

 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

1.     ഓരോ വിളവെടുപ്പിന്റെ സമയത്തുമാണ് സകാത്ത് നല്‍കേണ്ടത് എങ്കിലും, നിസ്വാബ് തികയുന്ന വിഷയത്തില്‍ ഒരു വര്‍ഷത്തിലെ മൊത്തം വിളവെടുപ്പ് നിസ്വാബ് തികയുന്നുണ്ടോ എന്നുള്ളതാണ് പരിഗണിക്കുക.

2. അളവും തൂക്കവും പരിഗണിക്കുമ്പോള്‍ നാട്ടുനടപ്പനുസരിച്ച് എപ്രകാരമാണോ വിള തൂക്കുകയോ അളക്കുകയോ ചെയ്യുക. അപ്രകാരമാണ് തൂക്കേണ്ടതും അളക്കേണ്ടതും. അഥവാ പൊളിച്ച് തൂക്കുന്നവ അപ്രകാരവും പൊളിക്കാതെ തൂക്കുന്നവ അപ്രകാരവുമാണ് ചെയ്യേണ്ടത്. റസൂല്‍ (ﷺ) യുടെ കാലത്ത് മുന്തിരി ഒണക്ക മുന്തിരിയായി മതിച്ച് കണക്കാക്കിയാണ് സകാത്ത് നിശ്ചയിചിരുന്നത്. അതുപോലെ കാരക്ക ഉണക്കമെത്തിയ കാരക്കയായും മതിച്ച് കണക്കാക്കിയിരുന്നതായി കാണാം.

3. നനയെ ആസ്പദമാക്കിയാണ് സകാത്ത് നല്‍കേണ്ട വിഹിതം നിര്‍ണ്ണയിക്കേണ്ടത്. മറ്റു അദ്ധ്വാനങ്ങളും ചിലവുകളും പരിഗണിക്കില്ല. കാരണം റസൂല്‍ (ﷺ) യുടെ കാലത്തും കൃഷിക്ക് മറ്റു ചിലവുകള്‍ ഉണ്ടായിരുന്നു. അത് പരിഗണിക്കാതെ നനയുടെ രീതി ആസ്പദമാക്കി സകാത്ത് നിര്‍ണയിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. മറ്റു ചിലവുകള്‍ അതില്‍ പരിഗണിക്കില്ല എന്നതില്‍ നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും ഏകാഭിപ്രായമാണ്.

4. പാകമായി നില്‍ക്കുന്ന കൊയ്തെടുക്കാത്ത വിളകള്‍ മതിച്ച് സകാത്ത്  കണക്കാക്കുമ്പോള്‍ അതില്‍ നിന്ന് മൂന്നിലൊന്നോ, ഏറ്റവും ചുരുങ്ങിയത് കാല്‍ഭാഗമോ ഒഴിവാക്കി കണക്കാക്കണം എന്ന് റസൂല്‍ (ﷺ) നിര്‍ദേശിച്ചിട്ടുണ്ട്. കാരണം വിളകളില്‍ നിന്നും ദാനമായി നല്‍കുന്നവയും, പക്ഷികള്‍ തിന്നു പോകുന്നവയും എല്ലാം ഉണ്ടാകുമല്ലോ. ഉമര്‍ (റ) വില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.

5. വിളയോ, അതല്ലെങ്കില്‍ അതിന് തുല്യമായ പണമോ സകാത്തായി നല്‍കാം. ഇതാണ് ഇമാം അബൂ ഹനീഫയുടെ അഭിപ്രായം. അതുപോലെത്തന്നെ ഇമാം അഹ്മദില്‍ നിന്നും ഈ അഭിപ്രായം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. പാവങ്ങള്‍ക്ക് ഏറ്റവും ഉചിതമേത് എന്നത് പരിഗണിച്ചുകൊണ്ട്‌ നല്‍കുക എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

6. മഴവെള്ളവും, അരുവികളിലെ വെള്ളവും കൃഷിയിലെത്താന്‍ ചാല് കീറുക എന്നുള്ളത് അതിനെ അദ്ധ്വാനമുള്ള നനയാക്കി മാറ്റുന്നില്ല. എന്നാല്‍ അദ്ധ്വാനിച്ചുകൊണ്ടോ, ജോലിക്കാരെ നിര്‍ത്തിയോ, മറ്റു യാന്ത്രിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടോ വെള്ളം നനക്കേണ്ടി വരുന്ന കൃഷിക്കാണ് നനച്ചുണ്ടാക്കുന്ന കൃഷി എന്ന് പറയുക. യഥാര്‍ത്ഥത്തില്‍ നനച്ചുണ്ടാക്കുന്ന കൃഷി, പ്രകൃതി സ്രോതസുകള്‍ സ്വയം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ഉണ്ടാകുന്ന കൃഷി എന്നിങ്ങനെ വേര്‍തിരിക്കാന്‍ ഓരോ നാട്ടിലെയും നാട്ടുനടപ്പാണ് പരിഗണിക്കുക. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:

ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്

بسم الله ، الحمد لله والصلاة والسلام على رسول الله ، وبعد؛

ബിസിനസിലും മറ്റും നിക്ഷേപിച്ച ഷെയറുകളുടെ സകാത്ത് എപ്രകാരമാണ് നല്‍കേണ്ടത് എന്നത് ചര്‍ച്ച ചെയ്യുമ്പോള്‍ ഷെയറുകളുടെ രൂപം. കമ്പനിയുടെ രൂപം തുടങ്ങിയവ പരിഗണിക്കേണ്ടതുണ്ട്.

ഷെയറുകള്‍ തന്നെ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നവ ആണ് എങ്കില്‍ ആ ഷെയറിന്റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അഥവാ കച്ചവട വസ്തുവിന്‍റെ സകാത്താണ് അതിനു ബാധകമാകുക ഇവിടെ ഷെയര്‍ തന്നെ കച്ചവട വസ്തുവായി പരിഗണിക്കപ്പെടും.

എന്നാല്‍ വില്‍പനക്ക് വെച്ചിട്ടുള്ളതല്ലാത്ത ലാഭം പ്രതീക്ഷിച്ചുകൊണ്ട് ഉള്ള ഷെയറുകളുടെ സകാത്ത് ഇതില്‍ നിന്നും വിഭിന്നമാണ്. കമ്പനികള്‍ രണ്ടുവിധമാണ്. ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്ന കമ്പനികളും. സേവനങ്ങള്‍ നല്‍കുന്ന കമ്പനികളും.

ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളില്‍ ആണ് ഷെയര്‍ എങ്കില്‍ കമ്പനിയുടെ അസറ്റ്സ് അഥവാ ഉപയോഗ വസ്തുക്കള്‍ കഴിച്ച് കൈവശമുള്ള പണത്തിനും കച്ചവട വസ്തുക്കള്‍ക്കുമാണ് സകാത്ത് നല്‍കേണ്ടത്. അഥവാ കമ്പനിയുടെ ഓഫീസ്, ഡെലിവറി വാഹനങ്ങള്‍, മെഷിനറീസ്, ബില്‍ഡിങ്ങുകള്‍ തുടങ്ങിയവക്ക് സകാത്ത് ബാധകമല്ല. മറിച്ച് കച്ചവട വസ്തുക്കള്‍ക്കാണ് സകാത്ത് ബാധകം. അതിനാല്‍ കമ്പനിയുടെ കൈവശമുള്ള ‘ലിക്വിഡ് കാശ്’ അഥവാ പണം, അതുപോലെ അവരുടെ കൈവശമുള്ള കച്ചവടവസ്തുക്കളുടെ മാര്‍ക്കറ്റ് വില, ലഭിക്കുവാനുള്ള അവധിയെത്തിയ കടങ്ങള്‍ (കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക ലഭിക്കുമെന്ന് ഉറപ്പുള്ള അവധി എത്തിയിട്ടില്ലാത്ത കടങ്ങളും കൂട്ടുക) എന്നിവ കണക്കുകൂട്ടി, അതില്‍ നിന്നും കടം വീട്ടുവാനുണ്ടെങ്കില്‍ എത്രയാണോ വീട്ടുന്നത് അത് മാത്രം മാറ്റിവെച്ച് ബാക്കിയുള്ള പണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. ഇത് പലപ്പോഴും വ്യക്തികള്‍ക്ക് കണക്കുകൂട്ടാന്‍ സാധിക്കില്ല. അതിനാലാണ് കമ്പനികള്‍ തന്നെ സകാത്ത് കണക്കുകൂട്ടി ഓരോ വ്യക്തിയെയും അറിയിക്കുകയോ, അതല്ലെങ്കില്‍ അവരുടെ അറിവോടെ സകാത്ത് നല്‍കുകയോ ചെയ്യണം എന്ന് നമ്മള്‍ പറയാറുള്ളത്.

ഇനി കമ്പനി സകാത്ത് കണക്ക് കൂട്ടാറില്ല എങ്കില്‍ കമ്പനിയുടെ അസറ്റ്സ് കഴിച്ച് ബാക്കിയുള്ളവയില്‍ തന്റെ ഓഹരി എത്ര ശതമാനമാണോ അതിന്‍റെ രണ്ടര ശതമാനം നല്‍കണം. ഇനി കമ്പനിയുടെ അസറ്റ്സിനെ സംബന്ധിച്ചോ, കച്ചവട വസ്തുക്കളെ സംബന്ധിച്ചോ കൃത്യമായ ധാരണ ഇല്ലാത്തവര്‍ തങ്ങള്‍ നിക്ഷേപിച്ച മുഴുവന്‍ നിക്ഷേപത്തിന്‍റെയും ഇപ്പോഴുള്ള വില എത്രയാണോ അത് കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കണം. കാരണം എത്രയാണ് സകാത്ത് ബാധകമാകുന്ന സ്വത്ത് എന്ന് അറിയില്ലല്ലോ.

ഉദാ: മൂന്ന്‍ പേര്‍ ചേര്‍ന്ന് പണം നിക്ഷേപിച്ച് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി എന്ന് കരുതുക. ഒരു ഹിജ്റ വര്‍ഷക്കാലം തികയുമ്പോള്‍ ആ സൂപ്പര്‍മാര്‍ക്കറ്റിന്റെ സകാത്ത് കണക്കു കൂട്ടാന്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്.

1- കടയുടെ പേരിലുള്ള മൊത്തം പണം, തിരിച്ചു കിട്ടാന്‍ അവധിയെത്തിയ കടങ്ങള്‍, കടയിലെ മൊത്തം കച്ചവടവസ്തുക്കളുടെ അഥവാ സ്റ്റോക്കിന്റെ മാര്‍ക്കറ്റ് വില തുടങ്ങിയവ കണക്കുകൂട്ടുക.

2- മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള കടം, തത് സമയത്ത് തിരിച്ചുകൊടുക്കുന്നുവെങ്കില്‍ മാത്രം, തിരിച്ചുകൊടുക്കുന്ന സംഖ്യ ആ സംഖ്യയില്‍ നിന്നും കുറയ്ക്കുക.

3- സ്വാഭാവികമായും കടയുടെ കൈവശമുള്ള മൊത്തം പണം കണക്കുകൂട്ടുമ്പോള്‍ ലാഭമായോ മറ്റോ കടക്ക് ലഭിച്ച പണങ്ങളും കണക്കില്‍ പെട്ടു. ലാഭം പ്രത്യേകം കൂട്ടേണ്ടതില്ല.

4- എല്ലാം കൂട്ടിക്കിഴിച്ച് കിട്ടുന്ന മൊത്തം സംഖ്യയുടെ രണ്ടര ശതമാനം സകാത്തായി നല്‍കുക. രണ്ടര ശതമാനം കാണാന്‍ മൊത്തം സംഖ്യയെ നാല്‍പത് കൊണ്ട് ഹരിച്ചാല്‍ മതി.

ഇത് കമ്പനി സകാത്ത് കണക്കുകൂട്ടുന്നുവെങ്കിലാണ്. വ്യക്തികള്‍ക്കാണ് സകാത്ത് ബാധകം എങ്കിലും കമ്പനികള്‍ തന്നെ കണക്കുകൂട്ടുന്നതാണ് നല്ലത്. എന്നാല്‍ ഇതേ വിഷയത്തില്‍ കമ്പനി സകാത്ത് കണക്കുകൂട്ടുന്നില്ല എങ്കില്‍.

ആകെ കമ്പനിയുടെ അസറ്റ്സ് കഴിച്ച് ബാക്കിയുള്ള കച്ചവട വസ്തുക്കളും കാശും എത്രയുണ്ട് എന്ന് നോക്കുക. അതില്‍ തനിക്ക് ഉള്ള ഷെയറിന്റെ ശതമാനം എത്രയാണോ അതിന്‍റെ രണ്ടര ശതമാനം നല്‍കുക.

ഉദാ: നേരത്തെ പറഞ്ഞ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉള്ള ഒരാള്‍ സ്വയം അയാളുടെ സകാത്ത് കണക്കുകൂട്ടുകയാണ് എങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ അസറ്റ്സ് കഴിച്ച് ബാക്കിയുള്ള കച്ചവട വസ്തുക്കളും പണവും അതുപോലെ ലഭിക്കുവാനുള്ള കടങ്ങളും എത്രയാണ് എന്ന് നോക്കുക. അതില്‍ നിന്നും കമ്പനി തത്’വര്‍ഷത്തില്‍ തിരിച്ചടക്കാന്‍ തീരുമാനിച്ച കടങ്ങള്‍ കിഴിക്കുക. ശേഷം കിട്ടിയ സംഖ്യ 60 ലക്ഷമാണ് എന്ന് സങ്കല്‍പ്പിക്കുക. മൂന്ന് പേര്‍ ചേര്‍ന്നുള്ള സംരംഭമായതിനാല്‍ ഒരാളുടെ വിഹിതമായി 20 ലക്ഷം ഉണ്ടാകും. അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അഥവാ 2000000 ÷40 = അതായത് 50000 സകാത്തായി നല്‍കണം.

ഇനി ഇപ്രകാരം കണക്ക് കൂട്ടാന്‍ ഒരു നിക്ഷേപകന് സാധിക്കാത്ത പക്ഷം തന്‍റെ ഷെയറിന്റെ ഇപ്പോഴുള്ള മൊത്തം മൂല്യം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ഇതുവരെ നമ്മള്‍ ചര്‍ച്ച ചെയ്തത് ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയെ സംബന്ധിച്ചാണ്.

എന്നാല്‍ ഹോസ്പിറ്റല്‍, ട്രാവെല്‍സ്, ഹോട്ടല്‍ തുടങ്ങി സേവനങ്ങള്‍ നല്‍കുന്ന ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപമുണ്ടെങ്കില്‍, ആ ഷെയര്‍ തന്നെ നാം വില്‍പനക്ക് വച്ചതാണ് എങ്കില്‍ നേരത്തെ സൂചിപ്പിച്ച പോലെ ആ ഷെയറിന്റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം. എന്നാല്‍ അതില്‍ നിന്നുമുള്ള വരുമാനം പ്രതീക്ഷിച്ചുകൊണ്ടുള്ള ഷെയര്‍ ആണ് എങ്കില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വരുമാനത്തിനും കൈവശമുള്ള ലിക്വിഡ് കാശിനും മാത്രമേ സകാത്ത് ബാധകമാകൂ. മൂലധനത്തിന് സകാത്ത് ബാധകമല്ല. അതുകൊണ്ട് തന്നെ അത്തരം ഒരു കമ്പനിയില്‍ നാം നിക്ഷേപിച്ചാല്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിനാണ് സകാത്ത്. സ്വാഭാവികമായും അതിന്‍റെ ബില്‍ഡിംഗുകള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവക്ക് സകാത്ത് ബാധകമാകുകയില്ല.

അതുകൊണ്ടുതന്നെ സേവനം നല്‍കുന്ന കമ്പനികള്‍, കമ്പനികള്‍ അവയുടെ സകാത്ത് കണക്കുകൂട്ടുകയാണ് എങ്കില്‍ ഒരു ഹിജ്റ വര്‍ഷം തികയുന്ന സമയത്ത് തങ്ങളുടെ കൈവശം പണമായി എത്രയുണ്ടോ അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. വ്യക്തിയാണ് സകാത്ത് കണക്കുകൂട്ടുന്നത് എങ്കില്‍ തനിക്ക് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം തന്‍റെ കൈവശമുള്ള പണത്തിലേക്ക് ചേര്‍ത്തുവച്ച് ഹൗല്‍ തികയുന്ന സമയത്ത് എത്രയാണോ കൈവശമുള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി. നിക്ഷേപിച്ച മുഴുവന്‍ സഖ്യക്കും സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പോലെ തനിക്ക് ആ കമ്പനിയില്‍ ഉള്ള ഷെയര്‍ തന്നെ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതാണ് എങ്കില്‍ ആ ഷെയറിന്റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ഉദാ: ഒരാള്‍ ഒരു ഹോസ്പിറ്റലില്‍ 50 ലക്ഷം നിക്ഷേപിച്ചു എന്ന് കരുതുക. സ്വാഭാവികമായും ഹോസ്പിറ്റല്‍ ആ പണം ബില്‍ഡിംഗുകളും മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും സ്ഥാപിക്കുവാനാണല്ലോ ഉപയോഗിക്കുക. അവക്ക് സകാത്ത് ബാധകമല്ല. മറിച്ച് അവ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന വരുമാനത്തിനാണ് സകാത്ത്. ഹൗല്‍ തികയുന്ന സമയത്ത് തന്‍റെ സകാത്ത് കണക്കു കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം പണം കണക്കുകൂട്ടി ഒരാള്‍ സകാത്ത് നല്‍കുമ്പോള്‍ സ്വാഭാവികമായും, തനിക്ക് ഈ നിക്ഷേപത്തില്‍ നിന്നും ലഭിച്ച സംഖ്യയില്‍ ബാക്കിയുള്ളതും അതില്‍ ഉള്‍പ്പെടുമല്ലോ. അഥവാ ഹൗല്‍ തികയുമ്പോള്‍ വരുമാനമായി ലഭിച്ചതില്‍ നിന്നും കൈവശം ബാക്കിയുള്ള സഖ്യക്കേ ഈ ഇനത്തില്‍ സകാത്ത് ബാധകമാകുന്നുള്ളൂ. ഇനി ഹോസ്പിറ്റല്‍ ആണ് സകാത്ത് കണക്കു കൂട്ടുന്നത് എങ്കില്‍. ഹൗല്‍ തികയുന്ന സന്ദര്‍ഭത്തില്‍ തങ്ങളുടെ കൈവശമുള്ള മൊത്തം ലിക്വിഡ് കാശിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി. ഹോസ്പിറ്റലിനോടൊപ്പം സ്റ്റോക്ക്‌ ഉള്ള മെഡിക്കല്‍ സ്റ്റോറു പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ മൊത്തം സ്റ്റോക്കിന്റെ മാര്‍ക്കറ്റ് വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. കടത്തിന്‍റെ വിഷയം നേരത്തെ സൂചിപ്പിച്ചതുപോലെത്തന്നെ. ഹോസ്പിറ്റല്‍ പോലുള്ള സേവനങ്ങള്‍ നല്‍കുന്ന മറ്റു സംരഭങ്ങളുടെ കാര്യവും ഇതുപോലെത്തന്നെ.

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

വാടകയുടെ സകാത്ത്:

വാടകയുടെ സകാത്ത്:

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين؛

സകാത്ത് കണക്കുകൂട്ടുമ്പോള്‍ വാടകവസ്തുക്കളുടെ മൂലധനം അതില്‍ കൂട്ടേണ്ടതില്ല. കിട്ടുന്ന വാടകക്ക് മാത്രമാണ് സകാത്ത് ബാധകം.

ഉദാ: ഒരാളുടെ കൈവശം പത്തുലക്ഷം വിലമതിക്കുന്ന ഒരു വീട് ഉണ്ട് എന്ന് കരുതുക. 4000 രൂപ മാസവാടകക്ക് ആണ് ആ വീട് വാടകക്ക് നല്‍കിയത് എങ്കില്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രമേ സകാത്ത് ബാധകമാകൂ. എന്നാല്‍ ആ ബില്‍ഡിംഗ് അയാള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവല്ല. മറിച്ച് തന്‍റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്ന വസ്തുവാണ്. അതിനാല്‍ ആ വീടിന്‍റെ വിലക്ക് സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രം അയാള്‍ സകാത്ത് നല്‍കിയാല്‍ മതി.

അതെപ്രകാരമാണ് നല്‍കേണ്ടത് ?.

–   ഒരാളുടെ കയ്യില്‍ നിസ്വാബ് തികഞ്ഞ പണമുണ്ടെങ്കില്‍, നിസ്വാബ് തികഞ്ഞതിന് ശേഷം ലഭിക്കുന്ന വാടകകളെല്ലാം ആ നിസ്വാബിലേക്ക് ചേര്‍ത്ത് വെക്കുക. ഹൗല്‍ തികയുമ്പോള്‍ കൈവശമുള്ളത് എത്രയാണോ അതിന്‍റെ 2.5% കൊടുക്കുക.

ഉദാ: ഒരാളുടെ കൈവശം ഒരു ലക്ഷം രൂപയുണ്ട്. വാടക ഇനത്തില്‍ ലഭിക്കുന്ന വാടകകള്‍ എല്ലാം അയാള്‍ ആ പണത്തോടൊപ്പം ചേര്‍ത്ത് വെക്കുന്നു. ആ ഒരു ലക്ഷം രൂപയുടെ ഹൗല്‍ തികയുന്ന ദിവസം തന്‍റെ കൈവശം ആ പണത്തില്‍ നിന്നും എത്ര അവശേഷിക്കുന്നുണ്ടോ അത് കണക്കുകൂട്ടി അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കുന്നു.

–   ഒരാളുടെ കയ്യില്‍ നിസ്വാബ് ഇല്ലെങ്കില്‍ നിസ്വാബ് തികയുന്നത് മുതല്‍ ആണ് ആ വാടകയുടെ ഹൗല്‍ ആരംഭിക്കുന്നത്. ഹൗല്‍ തികയുമ്പോള്‍ തന്‍റെ കൈവശം എത്രയുണ്ടോ അതിന്‍റെ 2.5% കൊടുക്കുക.

ഉദാ: ഒരാളുടെ കൈവശം യാതൊരു പണവുമില്ല. അയാള്‍ക്ക് വാടക ഇനത്തില്‍ മാസാമാസം നാലായിരം രൂപ ലഭിക്കുന്നു. അവ ചേര്‍ത്ത് വച്ച ശേഷം എപ്പോഴാണോ അയാളുടെ കയ്യില്‍ 595 ഗ്രാം വെള്ളിക്ക് തുല്യമായ പണം സ്വരൂപിക്കപ്പെടുന്നത് അപ്പോള്‍ അയാളുടെ ഹൗല്‍ ആരംഭിക്കുന്നു. ഒരു ഹിജ്റ വര്‍ഷക്കാലം തികയുമ്പോള്‍ എത്രയാണോ അയാളുടെ കൈവശം ഉള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കുന്നു.

എന്നാല്‍ ഹൗല്‍ തികയുന്നതിനു മുന്‍പായി ചിലവായിപ്പോകുന്ന പണത്തിന് സകാത്ത് ബാധകമല്ല. അതുപോലെ ഹൗല്‍ പൂര്‍ത്തിയാകുന്നതിനു നിസ്വാബില്‍ നിന്നും കുറവ് വന്നാല്‍ ഹൗല്‍ മുറിയും. പിന്നീട് എപ്പോഴാണോ വീണ്ടും നിസ്വാബ് എത്തുന്നത് അപ്പോള്‍ ഹൗല്‍ പുനരാരംഭിക്കുകയാണ് ചെയ്യുക.

വാടകയുടെ സകാത്തായി 2.5% മാണ് നല്‍കേണ്ടത് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) യും, ശൈഖ് ഇബ്നു ബാസ് (റഹി), ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയും സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. നാണയത്തിന്റെ സകാത്താണ് ഇതിനും ബാധകം. വാടകയുടെ സകാത്ത് എന്ന് പ്രത്യേകം ഒരു കണക്ക് പ്രമാണങ്ങളില്‍ വന്നിട്ടില്ല. സ്വാഭാവികമായും സ്വഹാബത്തിന്റെ കൈവശമുള്ള സ്വര്‍ണ്ണ നാണയവും വെള്ളി നാണയവുമെല്ലാം വാടക വഴിയോ, കൂലിപ്പണി വഴിയോ, ശമ്പളം വഴിയോ, കച്ചവടം വഴിയോ ഒക്കെ ലഭിച്ചതായിരിക്കുമല്ലോ. അതില്‍ വാടകയാണെങ്കില്‍ ഇത്ര. ശമ്പളമാണെങ്കില്‍ ഇത്ര എന്നിങ്ങനെ റസൂല്‍ (സ) വേര്‍തിരിച്ചിട്ടില്ല. മറിച്ച് നാണയത്തിന്റെ സകാത്ത് നല്‍കാനാണ് പഠിപ്പിച്ചത്. അതിനാല്‍ തന്നെ വാടകക്കും സകാത്തായി നല്‍കേണ്ടത് 2.5% തന്നെയാണ്.

വാടകക്ക് പത്തു ശതമാനവും അഞ്ചു ശതമാനവും ഒക്കെ നല്‍കണം എന്ന് പറയുന്നവര്‍ അതിനെ കൃഷിയുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ കൃഷിയും വാടകയും തമ്മില്‍ ബന്ധമില്ല. ഉസ്വൂലുല്‍ ഫിഖ്ഹില്‍ ‘قياس مع الفارق’ അഥവാ പരസ്പര ബന്ധമില്ലാത്തവ തമ്മിലുള്ള താരതമ്യം എന്ന ഗണത്തിലാണ് അത് പെടുക. അതിനാല്‍ തന്നെ ആ ഖിയാസ് തെളിവായി പരിഗണിക്കുകയില്ല.

ചോദ്യം: നമ്മുടെ നാട്ടില്‍ വാടകക്ക് മൈന്‍റനന്‍സ് ഉള്ളവ ആണെങ്കില്‍ പത്ത് ശതമാനവും(10%), ഇല്ലയെങ്കില്‍ അഞ്ചു ശതമാനവും(5%) ഇനി രണ്ടര നല്‍കുകയാണ് എങ്കില്‍ വാടകക്ക് നല്‍കുന്ന വസ്തുവിന്‍റെ മൊത്തം വിലയുംവാടകയും കണക്കാക്കി അതിന്‍റെ മൊത്തം രണ്ടര ശതമാനവും നല്‍കണം എന്ന് പലരും പറയാറുണ്ടല്ലോ അതിന് വല്ല അടിസ്ഥാനവും ഉണ്ടോ ?

ഉത്തരം: ഈ പറയുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല. പ്രാമാണികമായ ഒരു ഗ്രന്ഥങ്ങളിലും ഇതുവരെ അപ്രകാരം കാണാന്‍ സാധിച്ചിട്ടില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ ചില തലങ്ങളില്‍ വാടകയെ കൃഷിയോട് താരതമ്യം ചെയ്തതായി പലരും ഉദ്ധരിച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ ആ ഉദ്ദരണി പൂര്‍ണമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. ഏതായാലും മുകളില്‍ സൂചിപ്പിച്ച പോലെ ഇത് പരസ്പര ബന്ധമില്ലാത്ത ഖിയാസ് ആണ്.

നിങ്ങളുടെ കൈവശം ഇരുപത് സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടെങ്കില്‍ ഹൗല്‍ പൂര്‍ത്തിയാകുമ്പോള്‍ അതില്‍ നിന്നും അര സ്വര്‍ണ്ണനാണയം സകാത്തായി നല്‍കണം എന്നതാണല്ലോ റസൂല്‍ (സ) സ്വഹാബത്തിനെ പഠിപ്പിച്ചത്. സ്വാഭാവികമായും ആ സ്വര്‍ണ്ണനാണയം അവരുടെ കയ്യില്‍ ഹലാലായ ഒരു മാര്‍ഗത്തിലൂടെ വന്നതായിരിക്കുമല്ലോ. ഒരുപക്ഷേ വാടക വഴിയോ, ശമ്പളം വഴിയോ കച്ചവടം വഴിയോ ഒക്കെ വന്നതായിരിക്കാം. പക്ഷെ ലഭിച്ച മാര്‍ഗം വ്യത്യസ്ഥപ്പെടുന്നതിനനുസരിച്ച് നല്‍കേണ്ട വിഹിതം വ്യത്യാസപ്പെടുമെന്ന് റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് വാടക വഴി ലഭിച്ചതാണെങ്കില്‍ കൃഷിയെപ്പോലെ പത്തു ശതമാനമോ അഞ്ചു ശതമാനമോ ഒക്കെ നല്‍കണം എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. നാണയങ്ങള്‍ക്ക് നാണയങ്ങളുടെ സകാത്ത് തന്നെയാണ് ബാധകം. അതാകട്ടെ രണ്ടര ശതമാനമാണ്. ഇനി വാടക വസ്തുവിന്‍റെ മാര്‍ക്കറ്റ് വില കൂട്ടി രണ്ടര ശതമാനം നല്‍കണോ, അതല്ല വാടകക്ക് മാത്രം നല്‍കിയാല്‍ മതിയോ എന്നതിന് വാടകക്ക് മാത്രമാനുസകാത്ത് ബാധകം എന്നതാണ് ഉത്തരം. കാരണം ഒരാളുടെ ഉപകരണങ്ങള്‍, സ്വര്‍ണ്ണവും വെള്ളിയും ഒഴികെയുള്ള ഉപയോഗവസ്തുക്കള്‍, വില്പന ആഗ്രഹിക്കാത്ത ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന വസ്തുക്കള്‍ ഇവക്ക് സകാത്ത് ബാധകമല്ല. വാടകക്ക് നല്‍കുന്ന ആള്‍ വാടക വസ്തു വില്‍ക്കുന്നില്ലല്ലോ. അയാള്‍ അതിന്‍റെ ഉപയോഗം മാത്രമാണ് വില്‍ക്കുന്നത്. അതിനാല്‍ വരുമാനത്തിന് മാത്രമേ സകാത്ത് ബാധകമാകുന്നുള്ളൂ. നിസ്വാബ് തികയുകയും ഹൗല്‍ തികയുകയും ചെയ്‌താല്‍ രണ്ടര ശതമാനം സകാത്തായി നല്‍കണം

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna

 

സകാത്തിൻറെ അവകാശികൾ.

സകാത്തിൻറെ അവകാശികൾ

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

” ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിർബന്ധമാക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.” – [തൗബ – 60].

അവർ എട്ട് അവകാശികളാണ്. എട്ട് അവകാശികളിൽ അവർ പരിമിതമായതിനാൽ തന്നെ അവരല്ലാത്ത ആളുകൾക്ക് നൽകിയാൽ സകാത്ത് വീടുകയില്ല.

  1-  ദരിദ്രന്‍: الفقير

തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതി പോലും തികയാത്തവനാണ് ഫഖീര്‍ . സമ്പത്തും തൊഴിലുമില്ലാത്തവനാണ് ഫഖീര്‍ എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉദാ: ഒരാള്‍ക്ക് ഒരു വര്ഷം ഒരു ലക്ഷം രൂപ ചിലവ് ഉണ്ട് എന്ന് കരുതുക. എന്നാല്‍ അയാളുടെ വാര്‍ഷിക വരുമാനം അര ലക്ഷം പോലും തികയുന്നില്ല എങ്കില്‍ അയാള്‍ ഫഖീര്‍ ആണ്.

ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ഒരാള്‍ക്ക് ഭക്ഷിക്കാനും, കുടിക്കാനും, താമസിക്കാനും, ധരിക്കാനുമുണ്ടോ എന്നത് മാത്രമല്ല പരിഗണിക്കുക. മറിച്ച് അയാള്‍ക്ക് തന്‍റെ ശരീരത്തെ തിന്മകളില്‍ നിന്നും തടുത്ത് നിര്‍ത്താന്‍ ആവശ്യമായ നികാഹും അവശ്യഘടകമാണ്. അതിനാല്‍ തന്നെ ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അയാളുടെ കയ്യില്‍ മഹറിനുള്ള പണം തികയാതെ വരികയും ചെയ്‌താല്‍, അയാള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ പണം നാം നല്‍കും. അതുപ്പോലെ വിദ്യാര്‍ഥി അവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് ആവശ്യമായ പുസ്തകം മറ്റു കാര്യങ്ങള്‍ സകാത്തില്‍ നിന്നും നാം നല്‍കും”. (الشرح الممتع ج6 ص221).

  2-  അഗതികള്‍: المسكين

തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതിയിലധികം ഉണ്ടെങ്കിലും അത് തികയില്ല. ഈ അവസ്ഥയില്‍ ഉള്ളവനാണ് മിസ്കീന്‍. ഫഖീറിനേക്കാള്‍ പ്രാരാബ്ധം കുറഞ്ഞവനാണ് മിസ്കീന്‍. ഇതാണ് ഇമാം മാലിക്(رحمه الله), ഇമാം ശാഫിഇ(رحمه الله), ഇമാം  അഹ്മദ്(رحمه الله) തുടങ്ങിയവരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ശൈഖ് ഇബ്ന്‍ ബാസ്(رحمه الله), ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) തുടങ്ങിയവരും  ലിജ്നതുദ്ദാഇമയും സ്വീകരിച്ചിട്ടുള്ളത്.

أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا

അല്ലാഹു പറയുന്നു: “ എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത്‌ കേടുവരുത്തണമെന്ന്‌ ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു”. – [ الكهف 79].

ഇവിടെ അവര്‍ക്ക് കപ്പലുള്ള കാര്യം പ്രതിപാദിച്ചതോടൊപ്പം തന്നെ അവരെ മിസ്കീനുകള്‍ എന്ന് വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിക്കുകയും ചെയ്തു. ധനമുള്ള, എന്നാല്‍ ആ ധനം തന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് തികയാത്തവര്‍ ആണ് മിസ്കീന്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

  3-  ഉദ്യോഗസ്ഥര്‍: العاملون عليها

“സകാത്ത് അതിന്‍റെ ആളുകളില്‍ നിന്നും പിടിചെടുക്കുവാനും അവകാശികള്‍ക്ക് നല്‍കുവാനും ഭരണകൂടം അധികാരപ്പെടുത്തിയ ആളുകളാണവര്‍. അവര്‍ വെറും ശമ്പളക്കാരല്ല, അധികാരികളാണ്” – (الشرح الممتع).

  വിശുദ്ധ ഖുര്‍ആനില്‍ സകാത്ത് പിരിചെടുക്കുന്നവരെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ والعاملون عليها , എന്നാണ് പ്രയോഗിച്ചത്. ഇവിടെ على എന്നുപയോഗിച്ചത് അറബി വ്യാകരണ നിയമപ്രകാരം അവര്‍ക്കുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ ഒറ്റപ്പെട്ട വ്യക്തികള്‍ പരസ്പരം നിയോഗിക്കുന്ന ആളുകളെ സകാത്ത് ഉദ്യോഗസ്ഥരായി കാണാനാവില്ല.

 4-  ഇസ്ലാമിനോട് മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ : المؤلفة قلوبهم

മൂന്ന് വിധം ആളുകള്‍ ആണ് ഈ ഗണത്തില്‍ പെടുന്നത്:

• ഇസ്ലാമിലേക്ക് കടന്നുവരാന്‍ താല്പര്യം കാണിക്കുകയും ഇസ്ലാമിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍. അവര്‍ പ്രാരാബ്ധക്കാരും ആവശ്യക്കാരുമാണെങ്കില്‍ അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കും. ഇസ്ലാമിന്‍റെ സുന്ദരമായ നിയമങ്ങളെപ്പറ്റി അദ്ദേഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനും, ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നതിന് പ്രചോദനം നല്‍കാനും അതുപകരിക്കുന്നു എന്ന വലിയൊരു യുക്തി കൂടി അതിന്‍റെ പിന്നിലുണ്ട്.

• ഉപദ്രവം ഇല്ലാതാക്കാന്‍ വേണ്ടി നല്കപ്പെടുന്നവര്‍. അതായത് ഇസ്ലാമിനോട് ശത്രുത വച്ച് പുലര്‍ത്തുകയും, ദ്രോഹം ചെയ്യുകയും ചെയ്യുന്ന ആളുകളുടെ ഉപദ്രവത്തെ തടയാന്‍ സകാത്തില്‍ നിന്നും നല്കാം. അവരുടെ പകയും വിദ്വേഷവും ശത്രുതയുമുള്ള മനസ്സിനെ ഇണക്കമുള്ള മനസ്സാക്കി മാറ്റാന്‍ വേണ്ടിയാണിത്. ഈ കാര്യം സൂചിപ്പിച്ചുകൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) പറഞ്ഞ അര്‍ത്ഥവത്തായ ഒരു വാചകമുണ്ട്: “ചിലര്‍ക്ക് അവരുടെ ആവശ്യത്തെ പരിഗണിച്ചുകൊണ്ട്‌ സകാത്ത് നല്‍കപ്പെടുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് നല്‍കപ്പെടുന്നത് അവര്‍ക്ക് നല്‍കല്‍ മുസ്ലിമീങ്ങള്‍ക്ക് ആവശ്യമാണ്‌ എന്നതിനാലുമാണ്”. – (الشرح الممتعv6).  (ഈ രണ്ടു രൂപത്തിലല്ലാതെ അമുസ്ലിമീങ്ങള്‍ക്ക് സകാത്തില്‍ നിന്നും ലഭിക്കുകയില്ല.)

• പുതുമുസ്ലിമീങ്ങളാണ് മൂന്നാമത്തെ വിഭാഗം. അവര്‍ പ്രാരാബ്ധക്കാരാണെങ്കില്‍ മുസ്ലിമീങ്ങള്‍ ആണെന്ന നിലക്ക് തന്നെ അവര്‍ സകാത്ത് അര്‍ഹിക്കുന്നവര്‍ ആണ്. എന്നാല്‍ വിശ്വാസം സ്വീകരിച്ചത് കാരണത്താല്‍ മറ്റു മുസ്ലിമീങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നവരാണ് ഇവര്‍ എന്നത്കൊണ്ട് തന്നെ സഹായിക്കപ്പെടാന്‍ പ്രാരാബ്ധക്കാര്‍ എന്ന നിലക്കും പുതുമുസ്ലിമീങ്ങള്‍ എന്ന നിലക്കും കൂടുതല്‍ അര്‍ഹതയുണ്ട് എന്ന് സൂചിപ്പിക്കാനായിരിക്കണം പണ്ഡിതന്മാര്‍ അവരെ ഈ വിഭാഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞത്.

5-  അടിമ മോചനം : الرقاب

“الرقاب   എന്നതുകൊണ്ട്‌ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് യജമാനനുമായി മോച്ചനക്കരാറില്‍ ഏര്‍പ്പെട്ട അടിമയെ ആണ്. അന്യായമായി തടവിലാക്കപ്പെട്ട മുസ്ലിമീങ്ങളുടെ മോച്ചനത്തെയും ഈ ഗണത്തില്‍ പെടുത്താം. അടിമ മോചനത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണല്ലോ അന്യായമായി തടവിലാക്കപ്പെട്ടവന്‍റെ മോചനം ”. – [الشرح الممتع].

മൂന്നു വിഭാഗം ആളുകള്‍ ഈ ഇനത്തില്‍ പെടുന്നു:

•   മോച്ചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ.

•   അന്യായമായി തടവിലാക്കപ്പെട്ട വിശ്വാസി.

•   പീഡിപ്പിക്കപ്പെടുന്ന അടിമയെ പൂര്‍ണമായും വില നല്‍കി മോചിപ്പിക്കല്‍.

6-  കടക്കാരൻ‍: الغارمون

മറ്റുള്ളവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ കൊടുത്ത് വീട്ടാനുണ്ടാവുകയും, എന്നാല്‍ വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നവര്‍ക്കാണ് കടക്കാര്‍ എന്ന് പറയുക.

കടക്കാര്‍ രണ്ടുവിധമുണ്ട്:

• സ്വന്തം ആവശ്യത്തിനുവേണ്ടി കടക്കാരനായവന്‍. കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നാല്‍ മാത്രം സകാത്തില്‍ നിന്നും നല്‍കപ്പെടും.

• രണ്ടുപേര്‍ക്കിടയില്‍ പ്രശ്നം പരിഹരിക്കാനായി അന്യന്‍റെ ബാധ്യത ഏറ്റെടുത്തവന്‍. ധനികനാണെങ്കില്‍ പോലും സകാത്തില്‍ നിന്നും സഹായിക്കപ്പെടും.

പ്രശ്നപരിഹാരത്തിനു വേണ്ടി അന്യന്‍റെ കടബാധ്യത ഏറ്റെടുത്തവന് സകാത്തില്‍ നിന്നും നല്‍കപ്പെടുന്ന രണ്ടാവസരങ്ങളും, നല്കപ്പെടാത്ത രണ്ടവസരങ്ങളും ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പ്രതിപാദിച്ചിട്ടുണ്ട്‌:

നല്‍കപ്പെടുന്ന രണ്ടവസരങ്ങള്‍:

• ഏറ്റെടുക്കുകയും അത് കൊടുത്ത് വീട്ടാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍.

• സകാത്തില്‍ നിന്നും ധനസഹായം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചാണ് അദ്ദേഹം അതേറ്റെടുത്തതെങ്കില്‍.

നല്‍കപ്പെടാത്ത രണ്ടവസരങ്ങള്‍:

• അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ഏറ്റെടുക്കുകയും അദ്ദേഹത്തിന് സ്വന്തമായി അത് അടച്ചുവീട്ടുവാന്‍ സാധിക്കുകയും ചെയ്‌താല്‍.

• സകാത്തില്‍ നിന്നും ധനസഹായം ആഗ്രഹിക്കാതെ ഏറ്റെടുക്കുകയും അദ്ദേഹത്തിന് സ്വന്തമായി അത് അടച്ചുവീട്ടുവാന്‍ സാധിക്കുകയും ചെയ്‌താല്‍.

7- അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍: في سبيل الله

في سبيل الله  എന്നതിന് പൊതുവായ ഒരര്‍ത്ഥവും പ്രത്യേകമായ ഒരര്‍ത്ഥവും ഉണ്ട്. അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്ന പുണ്യകരമായ ഏത് മാര്‍ഗത്തിനും في سبيل الله    എന്ന് പറയാം. ഇതാണ് പൊതുവായ അര്‍ഥം. ജിഹാദ് അഥവാ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരം ഇതാണ് പ്രത്യേകമായ അര്‍ഥം. ആ അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

في سبيل اللهഎന്ന പദത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നല്ലകാര്യങ്ങള്‍ക്കും സകാത്ത് ഉപയോഗിക്കാം എന്ന വാദം ദുര്‍ബലമാണ്‌. ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു : “കാരണം നമ്മള്‍ ഈ ആയത്തിന്‍റെ പൊതുവായ അര്‍ത്ഥപ്രകാരം വ്യാഖ്യാനിച്ചാല്‍ ആയത്തിന്‍റെ ആരംഭത്തില്‍ إنما   എന്ന പ്രയോഗത്തിലൂടെ സകാത്തിന്‍റെ അവകാശികളെ അല്ലാഹു പരിമിതപ്പെടുത്തിയത് നിഷ്ഫലമാകും”. – (الشرح الممتع).

അഥവാ ഏതൊരു പുണ്യകര്‍മ്മത്തിനും സകാത്തില്‍ നിന്ന് നല്‍കാമെങ്കില്‍ 8 അവകാശികളെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ട് അവരില്‍ അവകാശികളെ പരിമിതപ്പെടുത്തേണ്ടതില്ലല്ലോ. മാത്രമല്ല ഈ ആയത്തില്‍ ഫീ സബീലില്ലാഹ് എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത് ജിഹാദ് ആണ് എന്ന് വിശദീകരിച്ചുകൊണ്ട് സ്വഹാബത്തില്‍ നിന്നും സ്വഹീഹായ അസറുകള്‍ വന്നിട്ടുമുണ്ട്.

8. വഴിമുട്ടിയ യാത്രക്കാരന്‍:  ابن السبيل

അല്ലാഹുവിന്റെ മാർഗത്തിനായി ഒഴിഞ്ഞു നിൽക്കുന്ന ആളുകൾക്കും, വഴിമുട്ടിയ യാത്രക്കാരനും ഇബ്നു സബീൽ എന്ന് പറയാം. അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങിത്തിരിച്ചവൻ എന്നർത്ഥം. വഴിമുട്ടിയ യാത്രക്കാരന് സുരക്ഷിതമായ ഇടത്തിലേക്ക്  എത്തിച്ചേരാനുള്ള യാത്രാചെലവ് സകാത്തില്‍ നിന്നും നല്‍കാം. തിന്മക്ക് വേണ്ടി യാത്രപുറപ്പെടുകയും വഴിമുട്ടുകയും ചെയ്ത ആള്‍ക്ക് സകാത്തില്‍ നിന്നും നല്‍കപ്പെടുകയില്ല. അയാള്‍ പശ്ചാത്തപിക്കുകയും, അയാളുടെ പശ്ചാത്താപം സത്യസന്ധമാണ്‌ എന്ന് മനസ്സിലാക്കാവുന്ന സൂചനകള്‍ ലഭിക്കുകയും ചെയ്തെങ്കിലല്ലാതെ.

കാരണം അല്ലാഹു പറയുന്നു :

وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖ وَلَا تَعَاوَنُواْ عَلَى ٱلۡإِثۡمِ وَٱلۡعُدۡوَٰنِۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ

പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു”. – [المائدة 2]

അല്ലാഹു അനുഗ്രഹിക്കട്ടെ….

 

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Ref: fiqhussunna

 

സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അതിന്റെ സകാത്ത് നൽകേണ്ടതെപ്പോൾ ?.

സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അതിന്റെ സകാത്ത് നൽകേണ്ടതെപ്പോൾ ?.

ചോ: സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അത് വിറ്റ്‌ ലാഭം കിട്ടുമ്പോള്‍ ആണോ കൊടുക്കേണ്ടത് ?

ഉത്തരം: വില്പനക്ക് വച്ച സ്ഥലത്തിനാണ് സകാത്ത് ബാധകമായിട്ടുള്ളത്. വില്പനക്കല്ലാതെ കൃഷിക്ക് വേണ്ടിയോ, വീട് വെക്കുന്നതിന് വേണ്ടിയോ, ഫാക്ടറി തുടങ്ങുന്നതിനു വേണ്ടിയോ, വാടകക്ക് നല്കാൻ വേണ്ടിയോ ഒക്കെയുള്ള  സ്ഥലമാണെങ്കില്‍ അതിന് സകാത്ത് ഇല്ല.

ഇനി വില്പനക്ക് വച്ച സ്ഥലത്തിന്‍റെ സകാത്ത് എപ്രകാരമാണ് നാം നല്‍കേണ്ടത് ?. ജനങ്ങളുടെ ഇടയില്‍ ഏറെ തെറ്റിദ്ധാരണ ഉള്ള ഒരു വിഷയമാണിത്. പലരും പല രൂപത്തിലാണ് ധരിച്ചു വച്ചിട്ടുള്ളത്. വില്പന വസ്തുവാണെങ്കില്‍ പോലും സ്ഥലത്തിന് സകാത്ത് ബാധകമാകുകയില്ല എന്ന് ധരിച്ചു വച്ചവരും ഏറെ. മൂല്യം നിസ്വാബ് തികയുന്ന കച്ചവട വസ്തുക്കള്‍ക്കെല്ലാം സകാത്ത് ബാധകമാണ്.

ഇനി വില്പന വസ്തുക്കളുടെ സകാത്ത് നിര്‍ബന്ധമാകുന്നത് അവയുടെ മൂല്യത്തിലാണ്. അഥവാ സകാത്ത് നിര്‍ബന്ധമാകുന്ന ഒരു ഹിജ്റ വര്‍ഷ  കാലാവധി (ഹൗല്‍) തികയുമ്പോള്‍ ആ വില്പന വസ്തുവിന് മാര്‍ക്കറ്റില്‍ ഉള്ള വിലയുടെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

ഉദാ: ഒരാള്‍ വില്‍ക്കുക എന്ന ഉദ്ദേശത്തോടെ പത്ത് ലക്ഷം രൂപക്ക് ഒരു സ്ഥലം വാങ്ങി എന്ന് കരുതുക. ഹൗല്‍ പൂര്‍ത്തിയാകുന്ന സമയത്ത് ആ സ്ഥലത്തിന് പന്ത്രണ്ട് ലക്ഷം രൂപ വില വരുമെങ്കില്‍ പന്ത്രണ്ട് ലക്ഷത്തിന്‍റെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

അഥവാ ഹൗല്‍ തികയുന്ന സമയത്തുള്ള മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം ആണ് സകാത്ത് ആയി നല്‍കേണ്ടത്.

ഇനിയുള്ള ചോദ്യം ആ സ്ഥലം വാങ്ങിയ അന്ന് മുതലാണോ ഞാന്‍ ഹൗല്‍ തുടങ്ങുന്ന ദിവസമായി പരിഗണിക്കേണ്ടത് ? അതല്ല ഞാന്‍ കച്ചവട വസ്തു വാങ്ങാന്‍ വേണ്ടി ഉപയോഗിച്ച പണം എന്‍റെ കയ്യില്‍ വന്നത് മുതല്‍ ആണോ ഹൗല്‍ തുടങ്ങുന്നത് എന്നതാണ് ? ( ഹൗല്‍ എന്നാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന ഒരു ഹിജ്റ വര്‍ഷ സമയപരിധി ) 

എന്‍റെ കയ്യില്‍ ആ പണം വന്നത് മുതലാണ്‌ ഞാന്‍ ഹൗല്‍ തുടങ്ങിയതായി പരിഗണിക്കുക. ഉദാ: ശഅബാന്‍ ഒന്നിന് എനിക്ക് ഒരാള്‍ അഞ്ചു ലക്ഷം രൂപ ഹദിയ്യ നല്‍കി എന്ന് സങ്കല്‍പ്പിക്കുക. ആ പണം കൊണ്ട് റമളാന്‍ മുപ്പതിന് ഞാന്‍ ഒരു കച്ചവട വസ്തു വാങ്ങി എന്ന് സങ്കല്‍പ്പിക്കുക. ഇനി അടുത്ത ശഅബാന്‍ ഒന്ന് വരുമ്പോഴാണോ അതല്ല റമളാന്‍ മുപ്പതിനാണോ ഞാന്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്തനാകുന്നത് എന്നതാണ് ചോദ്യം.  ഇവിടെ ഞാന്‍ കച്ചവട വസ്തു വാങ്ങിയ സമയമല്ല മറിച്ച് എന്‍റെ കയ്യില്‍ ആ പണം വന്ന ദിവസമാണ് ഞാന്‍ ഹൗലിന്‍റെ ആരംഭമായി പരിഗണിക്കേണ്ടത്. അഥവാ പിറ്റേ വര്‍ഷം ശഅബാന്‍ ഒന്ന് വരുമ്പോള്‍ തന്നെ എന്‍റെ കയ്യിലുള്ള കച്ചവട വസ്തുവിന്‍റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം   സകാത്ത് കൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാകുന്നു.


അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ … 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com


കടത്തിന്‍റെ സകാത്ത്. (മറ്റുള്ളവരില്‍ നിന്നും ലഭിക്കുവാനുള്ള കടം. മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം)​

കടത്തിന്‍റെ സകാത്ത്. (മറ്റുള്ളവരില്‍ നിന്നും ലഭിക്കുവാനുള്ള കടം. മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം)

കടത്തിന്‍റെ സകാത്ത്:

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

കടം രണ്ടുവിധമുണ്ട്. ഒന്ന് മറ്റുള്ളവരില്‍ നിന്നും തനിക്ക് ലഭിക്കുവാനുള്ള കടം. രണ്ട് മറ്റുള്ളവര്‍ക്ക് താന്‍ നല്‍കുവാനുള്ള കടം. 

ലഭിക്കുവാനുള്ള കടത്തിന്‍റെ സകാത്ത്:

മറ്റൊരാളില്‍ നിന്നും തനിക്ക് ലഭിക്കുവാനുള്ള പണത്തിന് സകാത്ത് നല്‍കേണ്ടതുണ്ടോ  എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഒരാളില്‍ നിന്നും തനിക്ക് ലഭിക്കാനുള്ള കടം രണ്ടു വിധമാണ്. തിരിച്ചു കിട്ടാനുള്ള സമയമെത്തിയതും സമയമെത്താത്തതും.

തിരിച്ചു കിട്ടാന്‍ സമയമെത്തിയതും, തിരിച്ചു കിട്ടും എന്ന് ഉറപ്പുള്ളതുമായ പണത്തിന് സകാത്ത് കൊടുക്കണം. കാരണം അത് എപ്പോള്‍ നാം ആവശ്യപ്പെടുന്നോ അപ്പോള്‍ നമുക്ക് ലഭിക്കുന്നു. അതിനാല്‍ത്തന്നെ നമ്മുടെ കൈവശമുള്ള പണത്തെപ്പോലെത്തന്നെയാണത്. എന്നാല്‍ അവധിയെത്താത്ത പിന്നീട് തിരിച്ചു ലഭിക്കാനുള്ള കടത്തിന്‍റെ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അവയെ രണ്ടായി തരം തിരിക്കാം തിരിച്ചു കിട്ടാന്‍ സാധ്യത ഉള്ളതും തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ലാത്തതും.

തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ലാത്ത കടം ആണ് എങ്കില്‍, അഥവാ കടക്കാരനായ ആള്‍ പാപ്പരായത് കാരണത്താല്‍ കടം തിരിച്ച് തരാന്‍ സാധിക്കാതെ വരുകയോ, അതല്ലെങ്കില്‍ കടം മനപ്പൂര്‍വം തിരിച്ച് തരാതിരിക്കുകയോ ചെയ്യുന്ന പക്ഷം അതിന് സകാത്ത് ബാധകമല്ല എന്നതാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ ശൈഖ് ഇബ്നു ബാസ് (റഹി) ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) തുടങ്ങിയവര്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്ത കടത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായമാണ് പ്രബലം എന്ന് രേഖപ്പെടുത്തിയതായി കാണാം. കാരണം അയാളുടെ പണം തന്നെ നഷ്ടപ്പെട്ടതുപോലെയാണ്. അതുകിട്ടുമെന്ന പ്രതീക്ഷയും ഇല്ല. പിന്നെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. മാത്രമല്ല സാമ്പത്തികമായ പ്രയാസം കാരണത്താലാണ് കടക്കാരന്‍ അത് തിരിച്ചു നല്‍കാത്തതെങ്കില്‍ അയാള്‍ക്ക് കുറച്ചുകൂടി ഇട നല്‍കുക എന്നത് ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച കാര്യം കൂടിയാണല്ലോ. അയാള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചുകൊടുക്കുന്നതോടൊപ്പം അതിന്‍റെ സകാത്ത് കൂടി അയാള്‍ നല്‍കണം എന്ന് പറയുന്നത് ഇസ്ലാമിന്റെ പൊതുതത്വങ്ങളോട് യോജിക്കുന്നുമില്ലല്ലോ. അതിനാല്‍ തന്നെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത പണത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായം ശറഇന്റെ പൊതു തത്വങ്ങളെ അന്വര്‍ത്ഥമാക്കുന്ന ഏറെ ഉചിതമായ അഭിപ്രായമാണ് എന്നതില്‍ സംശയമില്ല.

എന്നാല്‍ അവധിയെത്താത്ത തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള കടത്തിന് വര്‍ഷാവര്‍ഷം സകാത്ത് നല്‍കേണ്ടതുണ്ടോ എന്നതാണ് മറ്റൊരു ചര്‍ച്ചാ വിഷയം.

കടത്തിന്‍റെ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങള്‍ വളരെ സംക്ഷിപ്തമായി വിലയിരുത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ഗ്രഹിക്കാന്‍  സഹായകമാകും:

തിരിച്ചു ലഭിക്കുവാനുള്ള കടത്തിന്‍റെ വിഷയത്തില്‍ ഉള്ള അഭിപ്രായങ്ങള്‍:

1.      കടം തിരിച്ചു നല്‍കാനുള്ള വ്യക്തി തിരിച്ചു നല്‍കാന്‍ പ്രാപ്തിയുള്ള ആളാണ്‌ എങ്കില്‍, തന്‍റെ സകാത്ത് കണക്കു കൂട്ടുന്നതോടൊപ്പം കടമായി തിരിച്ചു കിട്ടാനുള്ള സംഖ്യയും കൂട്ടണം. അഥവാ ആ കടത്തിന് വര്‍ഷാവര്‍ഷം സകാത്ത് നല്‍കണം. ഇതാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം, അതുപോലെ ഇമാം അഹ്മദില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരഭിപ്രായവും ഇതാണ്. അബൂ ഉബൈദ് (റഹി), ഇസ്ഹാഖ് ബിന്‍ റാഹവൈഹി (റഹി) യുടെയും അഭിപ്രായവും ഇതാണ്. അതുപോലെ ഉമറുബ്നുല്‍ ഖത്താബ് (റ), ജാബിര്‍ (റ) ഇബ്നു ഉമര്‍ (റ) തുടങ്ങിയവരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്([1]).

2.       കടം തിരിച്ചുതരാനുണ്ട്‌ എന്നത് അംഗീകരിക്കുന്ന ആളില്‍ നിന്നും തിരികെ ലഭിക്കാനുള്ള കടമാണ് എങ്കിലും, ഇനി കടം മനപ്പൂര്‍വ്വം തിരിച്ചു നല്‍കാത്ത ആളാണെങ്കില്‍ അയാള്‍ക്കെതിരില്‍ തന്റെ  കൈവശം തെളിവുണ്ട് എങ്കിലും, തന്റെ കൈവശമുള്ള പണത്തെപ്പോലെത്തന്നെ കിട്ടാനുള്ള കടത്തിന്‍റെ സകാത്തും വര്‍ഷാവര്‍ഷം ബാധകമാണ്. എന്നാല്‍ അത് കടം തിരിച്ചുകിട്ടിയതിനു ശേഷം ഒരുമിച്ച് നല്‍കുകയോ, അതത് വര്‍ഷം നല്‍കുകയോ ചെയ്യാം. ഇതാണ് ഇമാം അബൂ ഹനീഫ (റഹി) യുടെ അഭിപ്രായം. ([2]) അവധി എത്തിയോ അതോ എത്തിയിട്ടില്ലേ എന്നുള്ളത് ഇമാം അബൂ ഹനീഫ (റഹി) പരിഗണിക്കുന്നില്ല.

3.       അതാത് വര്‍ഷങ്ങള്‍ക്കുള്ള സകാത്ത് ബാധകമാണ് അത് അതാത് വര്‍ഷം കൊടുക്കുകയോ  ഇമാം അഹ്മദില്‍ നിന്നുമുള്ള മറ്റൊരു അഭിപ്രായം ഇതാണ്. സുഫ്‌യാന്‍ അസൗരി (റഹി) യും ഈ അഭിപ്രായക്കാരനാണ്.

4.       കടം തിരിച്ചു നല്‍കാനുള്ള ആള്‍ തിരിച്ചു നല്‍കാന്‍ പ്രാപ്തിയുള്ള ആള്‍ ആണെങ്കിലും അല്ലെങ്കിലും ആ പണം തിരികെ ലഭിച്ചാല്‍ ഉടനെ ഒരു വര്‍ഷത്തെ സകാത്ത് മാത്രം നല്‍കുക. മുന്‍പ് പിന്നിട്ട് പോയ വര്‍ഷങ്ങളുടെ സകാത്ത് നല്‍കേണ്ടതില്ല. ഇമാം മാലിക് (റഹി) യുടെ അഭിപ്രായം ഇതാണ്([3]). ഹമ്പലീ മദ്ഹബിലെ അഭിപ്രായങ്ങളില്‍ ഒന്നും ഇതാണ്. ഉമറുബ്നു അബ്ദുല്‍ അസീസ്‌ (റഹി) യില്‍ നിന്നും ഇബ്നു അബ്ദുല്‍ ബര്‍ (റഹി) അദ്ദേഹത്തിന്‍റെ ഇസ്തിദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ ഇതേ അഭിപ്രായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്[4]. ഉമാറുബ്നു അബ്ദുല്‍ അസീസ്‌ (റഹി) ഇത് നിര്‍ദേശിച്ചുകൊണ്ട് മൈമൂന്‍ ബിന്‍ മഹ്റാന്‍ (റഹി) കത്തെഴുതിയതായി സുഫ്’യാനുബ്നു ഉയൈന (റഹി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ആ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ അത് തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത പണം ആയതുകൊണ്ടാണ്‌ ഉമറുബ്നു അബ്ദുല്‍ അസീസ്‌ (റഹി) ഒരു സകാത്ത് മാത്രം നല്‍കാന്‍ ആവശ്യപ്പെട്ടത് എന്ന് കാണാം. എന്നാല്‍ തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളതാണ് എങ്കില്‍ എല്ലാ വര്‍ഷത്തെ സകാത്തും നല്‍കണം എന്നതാണ് ഉമറുബ്നു അബ്ദുല്‍ അസീസ്‌ (റഹി) യുടെ അഭിപ്രായമെന്ന് മനസ്സിലാക്കാം.

5.       തിരിച്ചുകിട്ടാനുള്ള അവധിയെത്താത്ത കടത്തിന് സകാത്ത് ബാധകമല്ല. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹി) യുടെ അഭിപ്രായം. ശാഫിഈ മദ്ഹബിലെ പഴയ അഭിപ്രായവും ഇതാണ്. ഇബ്നുല്‍ മുന്‍ദിര്‍ ഇബ്നു ഉമര്‍ (റ) വില്‍ നിന്നും, ആഇശ (റ) യില്‍ നിന്നും, ഇക്’രിമ (റഹി) , അത്വാഅ് (റഹി) യില്‍ നിന്നും ഉദ്ദരിക്കുന്നതായി ഇമാം ബൈഹഖി അദ്ദേഹത്തിന്‍റെ സുനനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്([5]).  അഥവാ ഈ അഭിപ്രായപ്രകാരം കടം തിരിച്ചുകിട്ടിയാല്‍ പിന്നീട് ഹൗല്‍ തികയുമ്പോള്‍ അതിന്‍റെ സകാത്ത് നല്‍കിയാല്‍ മതി.

6.       കടത്തിന്‍റെ സകാത്തിനെ സംബന്ധിച്ച് പ്രതിപാദിക്കുന്ന സുവ്യക്തമായ പ്രമാണങ്ങള്‍ വരാത്തത് കൊണ്ടാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാകാന്‍ കാരണം. സകാത്ത് ബാധകമാണ് എന്ന് പറയുന്നവര്‍ പൊതുവേ സമ്പത്തുക്കളില്‍ സകാത്ത് ബാധകമാണ് എന്ന തെളിവുകളെ അവലംബിച്ചുകൊണ്ടാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. സകാത്ത് ബാധകമല്ല എന്ന അഭിപ്രായക്കാരാകട്ടെ അത് ബാധകമല്ല എന്ന് പ്രതിപാദിക്കപ്പെട്ട അസറുകളെ അവലംബിച്ചുകൊണ്ടും. ഏതായാലും ഇതൊരു ഇജ്തിഹാദിയായ വിഷയമാണ്. 

കൂടുതല്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നത് തിരിച്ചു കിട്ടാനുള്ള അവധിയെത്തിയിട്ടില്ലാത്ത കടത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായമാണ്. അത് പ്രബലമാണ് എന്ന് പറയാനുള്ള കാരണം:

1.  അവധി എത്തിയിട്ടില്ലാത്ത കടം കിട്ടുമെന്ന് ഇപ്പോള്‍ ഉറപ്പുണ്ടെങ്കില്‍ പോലും അതൊരുപക്ഷെ ഭാവിയില്‍ കിട്ടാതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അതിനാല്‍ത്തന്നെ കിട്ടുമെന്ന് ഉറപ്പിക്കാന്‍ സാധ്യമല്ല.

2.  കടം വാങ്ങിച്ച ആളുടെ കൈവശം ആ പണം സകാത്ത് ബാധകമാകുന്ന രൂപത്തില്‍ ഉണ്ടെങ്കില്‍ അതിന്‍റെ സകാത്ത് കൊടുക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. കടം നല്‍കിയ ആള്‍ കൂടി കൊടുക്കണം എന്ന് പറയുമ്പോള്‍ ഒരേ പണത്തിന് രണ്ടുപേര്‍ സകാത്ത് കൊടുക്കുന്ന അവസ്ഥ വരുന്നു. ഒരേ പണത്തിന് രണ്ട് സകാത്ത് ഇല്ല.

3.  കടം വാങ്ങുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമല്ലെങ്കിലും കടം നല്‍കുക എന്നത് ഇസ്‌ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച കാര്യമാണ്. എന്നാല്‍ ആ പണത്തിന് യാതൊരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ തന്‍റെ സഹോദരന് നല്‍കുന്ന ഒരാള്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്നത് ഇസ്ലാമിന്‍റെ മഖാസിദുകളോട് പൊരുത്തപ്പെടുന്നില്ല. ആരാണോ ആ പണത്തിന്‍റെ ഉപഭോക്താവ് സകാത്ത് ബാധകമാകുന്ന അവസ്ഥയില്‍ അയാളുടെ കൈവശം ആ പണം ഉണ്ട് എങ്കില്‍ അതിന്‍റെ സകാത്ത്  നല്‍കാനുള്ള ബാധ്യസ്ഥനും അയാള്‍ തന്നെയാണ്. അതുകൊണ്ടാണ് ഒരാളുടെ കൈവശം അമാനത്തായി ഏല്‍പിച്ചതാണ് എങ്കില്‍ ആവിടെ അതിന്‍റെ സകാത്ത് കൊടുക്കാന്‍ ഏല്‍പിച്ച ആള്‍ ഉത്തരവാദിയാണ് എന്ന് പറയാന്‍ കാരണം. ഏത് സമയത്തും അയാള്‍ക്കത് തിരിച്ചു വാങ്ങാമല്ലോ. എന്നാല്‍ അവധി എത്താത്ത കടം അവധി എത്താതെ തിരിച്ചു വാങ്ങാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ അതിനെ നിക്ഷേപമായി പരിഗണിക്കാന്‍ സാധിക്കില്ല.

പ്രബലമായ അഭിപ്രായം അവധിയെത്താത്ത തിരിച്ച് ലഭിക്കാനുള്ള കടത്തിന് സകാത്ത് ബാധകമല്ല എന്നതാണെങ്കിലും തിരിച്ചുകിട്ടുമെന്ന് ഏകദേശം ഉറപ്പുള്ള കടമാണ് എങ്കില്‍ തന്റെ സകാത്ത് കണക്കു കൂട്ടുമ്പോള്‍ ആ പണം കൂടി കൂട്ടുക എന്നത് തന്നെയാണ് സൂക്ഷ്മത. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ശൈഖ് ഇബ്നു ബാസ് (റഹി) തുടങ്ങിയ പണ്ഡിതന്മാര്‍ പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളതും അതാണ്‌.

നല്‍കുവാനുള്ള കടം:

അഥവാ സകാത്ത് കണക്കുകൂട്ടുന്ന വ്യക്തി മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം. സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഈ സംഖ്യ അതില്‍ നിന്നും കുറക്കാമോ എന്നതാണ് ഇവിടെയുള്ള ചര്‍ച്ച. ഈ വിഷയത്തിലെ പ്രബലമായ അഭിപ്രായം ഒരാള്‍ സകാത്ത് കണക്കുകൂട്ടുന്നതിന് മുന്‍പ് അയാളുടെ കടം വീട്ടുകയാണ് എങ്കില്‍ ആ പണത്തിന് സകാത്ത് ബാധകമാകുകയില്ല എന്നതാണ്. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ഈ വിഷയം വിശദീകരിച്ച ശേഷം രേഖപ്പെടുത്തിയത് ഒരാള്‍ സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പായി അയാളുടെ കടം വീട്ടുന്നതിലേക്ക് അഥവാ കടക്കാരന് നല്‍കുന്നത്തിലേക്ക് നീക്കിവെക്കുന്ന പണത്തിന് സകാത്ത് നല്‍കേണ്ടതില്ല എന്നതാണ്. കാരണം ഉസ്മാനു ബ്നു അഫ്ഫാന്‍ (റ) : “ഇതാകുന്നു നിങ്ങളുടെ സകാത്ത് നല്‍കാനുള്ള മാസം. അതിനാല്‍ നിങ്ങളുടെ കടങ്ങള്‍ കൊടുത്ത് വീട്ടുകയും ശേഷം സകാത്ത് നല്‍കുകയും ചെയ്യട്ടെ” എന്ന് ജനങ്ങളോട് പറയാറുണ്ടായിരുന്നു. ആ നിലക്ക് കടം വീട്ടിയ ശേഷം ബാക്കി കൈവശമുള്ള പണം നിസ്വാബ് തികയുന്നുണ്ട് എങ്കില്‍ സകാത്ത് നല്‍കിയാല്‍ മതി. എന്നാല്‍ ശൈഖ് ഇബ്നു ബാസ് (റഹി) രേഖപ്പെടുത്തിയിട്ടുള്ളത് തന്‍റെ കൈവശമുള്ള നിസ്വാബെത്തിയ പണത്തിന് ഹൗല്‍ തികഞ്ഞാല്‍ അതിന്‍റെ സകാത്ത് നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ് എന്നതാണ്. കടം വീട്ടുന്നുവെങ്കില്‍ അത് ഹൗല്‍ തികയുന്നതിന് മുന്‍പ് ചെയ്തുകൊള്ളട്ടെ.

ഏതായാലും ഇപ്പോള്‍ തിരിച്ച് നല്‍കാന്‍ ഉദ്ദേശിക്കാത്ത കടം സകാത്ത് കണക്കുകൂട്ടുന്നതില്‍ നിന്നും കിഴിക്കാന്‍ പാടില്ല എന്ന് മനസ്സിലാക്കാം. അതാണ്‌ പ്രബലമായ അഭിപ്രായം. ഒന്നുകില്‍ കടം വീട്ടുക ഇനി കടം ഇപ്പോള്‍ വീട്ടുന്നില്ല എങ്കില്‍ കടം പരിഗണിക്കാതെത്തന്നെ കൈവശമുള്ള പണം കണക്കുകൂട്ടി സകാത്ത് നല്‍കുക.

ഉദാ: ഒരാള്‍ക്ക് രണ്ടുവര്‍ഷത്തിനു ശേഷം തിരിച്ചു നല്‍കേണ്ടതായ അഞ്ചുലക്ഷം രൂപ കടമുണ്ട്. അയാളുടെ കൈവശം ആകെ പത്തുലക്ഷം രൂപയുമുണ്ട്. ഇന്ന് അയാളുടെ കൈവശമുള്ള പണത്തിന് ഹൗല്‍ തികയുന്ന ദിവസമാണ് എന്ന് കരുതുക. അയാള്‍ ആ പത്തുലക്ഷം രൂപക്കും സകാത്ത് നല്‍കേണ്ടതുണ്ടോ ? അതല്ല ആ പത്തുലക്ഷം രൂപയില്‍ നിന്നും കടമുണ്ട് എന്ന പേരില്‍ അഞ്ചുലക്ഷം കുറച്ചതിന് ശേഷം ബാക്കി അഞ്ഞുലക്ഷത്തിന് സകാത്ത് നല്‍കിയാല്‍ മതിയോ ഇതാണ് ചര്‍ച്ച. അയാള്‍ അയാളുടെ കടം ഇപ്പോള്‍ വീട്ടുകയാണ് എങ്കില്‍ ആ വീട്ടുന്ന പണം കഴിച്ച് ബാക്കിക്ക് സകാത്ത് നല്‍കിയാല്‍ മതി. എന്നാല്‍ കടം ഇപ്പോള്‍ വീട്ടുന്നുമില്ല. എങ്കില്‍ കടത്തിന്‍റെ പേരില്‍ അത് സകാത്ത് നല്‍കേണ്ട പണത്തില്‍ നിന്നും ആ സംഖ്യ കിഴിക്കാന്‍ പാടില്ല. അഥവാ കടം വീട്ടുകയുമില്ല സകാത്ത് കണക്കുകൂട്ടുമ്പോള്‍ കൈവശമുള്ള പണത്തില്‍ നിന്നും അത് കിഴിക്കുകയും വേണം എന്ന രണ്ടാഗ്രഹവും ഒരുമിച്ച് സാധിക്കില്ല എന്നര്‍ത്ഥം. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) അശറഹുല്‍ മുംതിഇല്‍ പറയുന്നു: “ അല്ലാഹുവിനെ സൂക്ഷിക്കുകയും തന്‍റെ മേലുള്ള കടം തിരിച്ചടക്കുകയും ചെയ്യുന്ന ആളാണ്‌ എങ്കില്‍, അയാളെ സംബന്ധിച്ചിടത്തോളം ബാക്കി കൈവശമുള്ള പണത്തിന്‍റെ സകാത്ത് നല്‍കിയാല്‍ മതി. എന്നാല്‍ കടം തിരിച്ചടക്കാതെ ആ പണം പ്രയോജനപ്പെടുത്തുന്ന ആള്‍ ആണെങ്കില്‍ അയാളുടെ മേല്‍ അതിന്‍റെ സകാത്ത് ബാധകമാണ്”.

________________________________________

[1] – إختلاف الفقهاء ( 1 / 112)

[2] – مختصر اختلاف العلماء (1/434)، حاشية رد المحتار (2/307). نور الإيضاح  ( 1/127)

[3] –  الاستذكار ( 9/96).

[4] –  الإستذكار كتاب الزكاة ، باب الزكاة في الدين 549. (9/96)

[5]-  سنن البيهقي  (4 /  150 ) حديث  : 7877

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna

 

കച്ചവട വസ്തുക്കളുടെ സകാത്ത് :

കച്ചവട വസ്തുക്കളുടെ സകാത്ത് :

വസ്തുക്കളെ രണ്ടായി തരം തിരിക്കാം:

ഉപയോഗ വസ്തുക്കള്‍: തന്‍റെ ഉടമസ്ഥതയില്‍ത്തന്നെ നിലനില്‍ക്കുന്നതും തന്‍റെ ആവശ്യങ്ങള്‍ക്കുള്ളതുമായ വസ്തുക്കള്‍. സകാത്ത് ബാധകമല്ല. തെളിവ്: പ്രവാചകന്‍ (ﷺ) പറഞ്ഞു: “ഒരു മുസ്ലിമിന് അവന്‍റെ അടിമയിലോ, കുതിരയിലോ സകാത്ത് നല്‍കേണ്ടതില്ല”. – [ബുഖാരി]. ഉപയോഗ വസ്തുക്കള്‍ക്ക് സകാത്ത് ബാധകമല്ല എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.

കച്ചവട വസ്തുക്കള്‍: തന്‍റെ ഉടമസ്ഥതയിലുള്ള വിൽപന ഉദ്ദേശിക്കുന്ന വസ്തുക്കൾ. അവക്ക് സകാത്ത് ബാധകമാണ്. തെളിവ്: മുആദ്(റ) വിനോട് പ്രവാചകന്‍(ﷺ) പറഞ്ഞു: “അവരുടെ സമ്പത്തില്‍ അല്ലാഹു ഒരു ദാനധര്‍മ്മത്തെ നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക”- [ബുഖാരി]. കച്ചവടവസ്തുവും ഒരു ധനമാണ്. ഹദീസില്‍ പ്രതിപാദിക്കപ്പെട്ട ധനത്തില്‍ നിന്നും അവ ഒഴിവാണ് എന്നതിന് തെളിവില്ല.

1- കച്ചവട വസ്തുവിന്‍റെ സകാത്ത് കണക്കു കൂട്ടുന്ന രീതി:

ഹൗല്‍ തികയുമ്പോള്‍ കച്ചവടവസ്തുവിന്‍റെ മാര്‍ക്കറ്റ് വില എത്രയാണോ അത് കണക്കാക്കി അതിന്‍റെ 2.5% സകാത്തായി നല്‍കണം.

– കച്ചവട വസ്തുവിന്‍റെ മാര്‍ക്കറ്റ് വില നിസ്വാബിന്‍റെയും ഹൗലിന്‍റെയും വിഷയത്തില്‍ തന്‍റെ കൈവശമുള്ള കറന്‍സിയെപ്പോലെ പരിഗണിക്കപ്പെടും. അഥവാ കച്ചവടവസ്തുവിന്റെ മാർക്കറ്റ്‌ വില കണക്കാക്കി ആ വില തന്റെ കൈവശമുള്ള കറൻസിയിലേക്ക് കൂട്ടി ഒരുമിച്ച് സകാത്ത് നൽകിയാൽ മതി. രണ്ടും ധനവും ഒരുപോലെയാണ്.  

–  കച്ചവടവസ്തു വാങ്ങിക്കുമ്പോഴുള്ള വിലയല്ല, മറിച്ച് കൂടിയാലും കുറഞ്ഞാലും ഹൗല്‍ തികയുന്ന സന്ദര്‍ഭത്തില്‍ അതിനുള്ള മാര്‍ക്കറ്റ് വിലയാണ് സകാത്ത് കണക്കുകൂട്ടാന്‍ പരിഗണിക്കേണ്ടത്.

– ഒരു വസ്തു വിൽപനക്കുള്ളതാണ് എന്ന് ഒരാള്‍ എപ്പോള്‍ തീരുമാനമെടുക്കുന്നുവോ ആ നിമിഷം മുതല്‍ അത് കച്ചവട വസ്തുവാണ്. തിരിച്ച് വില്‍ക്കുന്നില്ല എന്ന തീരുമാനമെടുക്കുന്നത് വരെ. ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം സകാത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാങ്കേതികമായ പദം മാറ്റങ്ങള്‍ കൊണ്ട് കഴിയില്ല. അല്ലാഹു കണ്ണിന്‍റെ കട്ടുനോട്ടവും, ഹൃദയങ്ങളില്‍ ഒളിച്ചുവെക്കുന്നതും അറിയുന്നവനാണ്.

2- കച്ചവടവസ്തുവിന്‍റെ സകാത്തായി  കച്ചവടവസ്തുക്കള്‍ തന്നെ നല്‍കാമോ അതല്ല പണം തന്നെ നല്‍കണോ ?.

ഉ: ഇബ്നു ഉസൈമീന്‍ (റ) യുടെ അഭിപ്രായപ്രകാരം കച്ചവടവസ്തുവിന്‍റെ സകാത്തായി പണം മാത്രമേ നല്‍കാവൂ. മാലിക്കീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ പ്രബലമായ അഭിപ്രായം ഇതാണ്. എന്നാല്‍ ആവശ്യമായി വരികയോ, അവകാശികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായി വരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കച്ചവട വസ്തുക്കളുടെ സകാത്തായി കച്ചവട വസ്തുക്കള്‍ തന്നെ നല്‍കുന്നത് അനുവദനീയമാണ് എന്നതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയും ശൈഖ് ഇബ്നു ബാസുമെല്ലാം അഭിപ്രായപ്പെടുന്നത്. രണ്ടാമത്തെ അഭിപ്രായമാണ് കൂടുതല്‍ പ്രായോഗികവും ശരിയുമായി തോന്നുന്നത്. ചിലപ്പോഴെല്ലാം കച്ചവടക്കാരുടെ കയ്യില്‍ സകാത്തായി പണം നല്കാനില്ലാതെ വരികയും, അവരുടെ കയ്യിലുള്ള കച്ചവട വസ്തുക്കള്‍ തന്നെ സകാത്തിന്‍റെ അവകാശികള്‍ക്ക് ആവശ്യമായി വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവിടെ അത് രണ്ടുകൂട്ടര്‍ക്കും ഉപകാരപ്രദമാണ്. എന്നാല്‍ കച്ചവടക്കാര്‍ തങ്ങളുടെ കൈവശം ചിലവാകാതെ കിടക്കുന്ന മോശം വസ്തുക്കളെല്ലാം സകാത്തിന്‍റെ ഗണത്തില്‍പ്പെടുത്തി സകാത്തിന്‍റെ അവകാശികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് സകാത്തിന്‍റെ ഉദ്ദേശ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നുതന്നെ മനസ്സിലാക്കാം. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവന്‍.

3- കച്ചവടാവശ്യത്തിന് വേണ്ടി വാങ്ങിച്ച സ്ഥലത്തിനും സകാത്ത് ബാധകമാണ്:

ലജ്നതുദ്ദാഇമയുടെ ഫത്’വ:

ചോദ്യം: തൻറെ കല്യാണമാകുമ്പോഴേക്കും പണം സൂക്ഷിക്കുകയും, പിന്നീട് വിൽക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വാങ്ങിച്ച സ്ഥലത്തിന് സകാത്ത് നിർബന്ധമാണോ ?..

ഉത്തരം: കല്യാണം ഉറപ്പിച്ചാൽ വിൽക്കാം എന്ന ഉദ്ദേശ്യത്തോടെ നീ വാങ്ങിച്ച ഈ ഭൂമി കച്ചവട വസ്തുവാണ്. എപ്പോഴാണോ കല്യാണക്കാര്യങ്ങൾ ശരിയാകുന്നത് അപ്പോൾ വിൽക്കുമെന്ന് നീ തീരുമാനിച്ചതിനാലാണത്, അതിനാൽ തന്നെ നീയത് വാങ്ങിക്കുകയും വിൽക്കാൻ തീരുമാനിക്കുകയും ചെയ്തത് പ്രകാരം അതിന്റെ ഹൗൽ എപ്പോൾ തികയുന്നുവോ, ആ സമയത്തെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഓരോ തവണ ഹൗൽ തികയുമ്പോഴും, ആ കച്ചവട വസ്തു വിൽക്കപ്പെട്ടിട്ടില്ലെങ്കിൽ ഹൗൽ തികയുന്ന സന്ദർഭത്തിലെ അതിന്റെ വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഹൗൽ തികയുന്ന സന്ദർഭത്തിൽ അതിന്റെ വില വാങ്ങിച്ച വിലയേക്കാൾ കൂടുതലോ, കുറവോ ആയിരുന്നാലും ശരി ഹൗൽ തികയുന്ന സന്ദർഭത്തിലെ വിലയാണ് പരിഗണിക്കപ്പെടുക. ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഏതൊരു നാണയത്തിന്റെ അടിസ്ഥാനത്തിലാണോ  അതിന്റെ വില കണക്കാക്കിയത്, ആ നാണയമോ, സ്വർണ്ണമോ, വെള്ളിയോ അതിന്റെ സകാത്തായി നൽകാം…. അപ്രകാരം ചെയ്യുന്നതാണ് അതിന്റെ വില നിർണ്ണയിക്കുന്നതിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുവാനും, തന്റെ ബാധ്യത നിറവേറ്റുവാനും ഏറ്റവും ഉചിതം”

[ഫതാവ ലിജ്നതുദ്ദാഇമ : അബ്ദുൽ അസീസ്‌ ഇബ്നു ബാസ് (റ) , അബ്ദുൽ അസീസ്‌ ആലു ശൈഖ്(ഹ), സ്വാലിഹ് അൽ ഫൗസാൻ (ഹ) , ബകർ അബൂ സൈദ്‌ (റ)].    

ഇബ്നു ഉസൈമീൻ(റഹി) യോട്  ചോദിക്കപ്പെട്ടു:

ചോദ്യം: ഞാൻ ഈജിപ്തിൽ ഒരു ഭൂമി വാങ്ങിച്ചു. അതിന് സകാത്തുണ്ടോ ?. ഉണ്ടെങ്കിൽ ഇപ്രകാരമാണ് അതിന്റെ നിസ്വാബ് ഞാൻ കണക്കാക്കേണ്ടത് ?

ഉത്തരം :  ഒരാൾ ഒരു ഭൂമി വാങ്ങിച്ചു. അത് ഈജിപ്തിലോ, സൗദിയിലോ, ഇറാഖിലോ, ശാമിലോ, ഇനി ഭൂമിയുടെ ഇത് ഭാഗത്തോ ആവട്ടെ, അത് അയാള് കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് അതിൽ ഒരു വീട് വെക്കാനോ, ഒരു വാടകക്കെട്ടിടം പണിയാനോ, അതല്ലെങ്കിൽ തന്റെ പണം ഒരു സമ്പത്തായി സംരക്ഷിച്ചു വെക്കാനോ ആണ് വാങ്ങിച്ചതെങ്കിൽ അതിൽ സകാത്ത് ബാധകമല്ല. കാരണം ഭൂമി എന്ന ഗണത്തിന് അതൊരു കച്ചവടവസ്തുവായാലല്ലാതെ  സകാത്ത് ബാധകമാകുന്നില്ല. അഥവാ ഒരാൾ തന്റെ മൂലധനമായി കണക്കാക്കുന്ന,  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വസ്തുവാണെങ്കിലാണ് ഭൂമിക്ക് സകാത്ത് ബാധകമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞതാണ് ഈ ഭൂമി വാങ്ങിച്ചതിലൂടെ നീ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് സകാത്ത് ബാധകമല്ല. എന്നാൽ റിയൽ എസ്റ്റേറ്റുകാർ  തങ്ങളുടെ ഭൂമി ചെയ്യാറുള്ളതുപോലെ വില്പനയാണ് നിന്റെ ഉദ്ദേശ്യമെങ്കിൽ (അത് പിന്നീടാണെങ്കിൽ പോലും) അതിൽ നിനക്ക് സകാത്ത് നിർബന്ധമാണ്‌.  ഓരോ ഹൗൽ പൂർത്തിയാകുമ്പോഴും അതിന്റെ ആ സമയത്തെ വിലയെത്രയാണ് എന്ന് കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം.

[ ഫതാവ നൂറുൻ അലദ്ദർബ് – ഇബ്നു ഉസൈമീൻ ].

————————————————————

4- കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്: 

ചോദ്യം: നല്ലവിലയുള്ള സമയത്ത് ഒരാള്‍ കുറച്ച് ഭൂമി വാങ്ങി. പക്ഷെ പിന്നീട് മാര്‍ക്കറ്റ് ഇടിഞ്ഞു. കുറഞ്ഞവിലക്കായാലും കൂടിയവിളക്കായാലും ആരും വാങ്ങാനില്ലാത്ത അവസ്ഥ. ഇപ്രകാരം കച്ചവടവസ്തുക്കള്‍ കെട്ടിക്കിടക്കുന്ന അവസരത്തിലും സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കുന്ന മറുപടി: “ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കച്ചവടവസ്തുവിന് സകാത്ത് ബാധകമല്ല എന്നതാണ്. കാരണം തിരിച്ചടക്കാന്‍ സാധിക്കാത്തവന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ള കടത്തെപ്പോലെയാണിത്‌. (അവന്‍റെ പണം തിരിച്ചുകിട്ടുമോ എന്ന് തന്നെ ഉറപ്പില്ലാതിരിക്കുമ്പോള്‍ അവന്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നത് ഉചിതമല്ലല്ലോ). അഥവാ അതയാള്‍ക്ക് വില്‍ക്കാന്‍ പറ്റിയാല്‍ ആ വിട്ട വര്‍ഷത്തെ സകാത്ത് മാത്രം അയാള്‍ നല്കിക്കൊള്ളട്ടെ. ഈ അഭിപ്രായം ശറഇന്‍റെ നിയമങ്ങളോട് യോജിക്കുന്നതും ആളുകള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതുമാണ്”.

അതോടൊപ്പം അദ്ദേഹം പറഞ്ഞു: “വാങ്ങിക്കാൻ ആളെക്കിട്ടാതെ വരികയും മുടങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വത്തിന്റെ വിഷയത്തിൽ അത് വിൽക്കപ്പെടുന്നതെപ്പോഴാണോ ആ വർഷത്തെ മാത്രം സകാത്ത് നൽകിയാൽ മതി എന്ന് പറയാമെങ്കിലും അത് വിറ്റുകഴിഞ്ഞാൽ, കഴിഞ്ഞ വർഷങ്ങളുടെയെല്ലാം സകാത്ത് കണക്കു കൂട്ടി നൽകുന്നതാണ് സൂക്ഷ്മത. കാരണം കടവും ഇതും തമ്മിലുള്ള വ്യത്യാസം ഇത് അവന്റെ തന്നെ കൈവശമാണ്. എന്നാൽ കടം നിവൃത്തികേടുകൊണ്ട് തിരിച്ചടക്കാൻ സാധിക്കാത്ത ദരിദ്രന്റെ മേൽ ബാധ്യതയായാണ് നിലകൊള്ളുന്നത് “. –

[ مجموع فتاوى ورسائل ابن عثيمين رحمه الله Vo:18, كتاب عروض التجارة ].

——————————-

കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്

ഏതായാലും കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ വിഷയത്തിൽ ആധുനിക കാലഘട്ടത്തിൽ ജീവിച്ച പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഈ വിഷയം വിശദമായി ചർച്ച ചെയ്ത മാലികീ മദ്ഹബിലെ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായഭിന്നതയുടെ തുടർച്ച തന്നെയാണിത്.

“കെട്ടിക്കിടക്കുന്ന കച്ചവടവസ്തുക്കൾക്ക് അവ വിൽക്കപ്പെടുന്ന വർഷത്തെ സകാത്ത് മാത്രമേ ബാധകമാകുകയുള്ളൂ എന്നതാണ് മാലികീ മദ്ഹബിലെ പണ്ഡിതന്മാരായ ابن الماجشون (റഹി) سحنون (റഹി) തുടങ്ങിയവർ തിരഞ്ഞെടുത്തിട്ടുള്ള അഭിപ്രായം. മാലികീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായത്തിൽ നിന്നും വ്യത്യസ്ഥമാണിത് ” . – [المنتقى شرح الموطأ 2/155 ، التاج والإكليل  3/189]

 مجلة البحوث الإسلامية യിൽ ശൈഖ് അബ്ദുല്ലാഹിബ്നു ഉമർ ബ്നു മുഹമ്മദ്‌ അസ്സുഹൈബാനി(ഹ) അവതരിപ്പിച്ച റിസർച്ചിൽ അദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായം, കെട്ടിക്കിടക്കുന്ന കച്ചവട വസ്തുവാണെങ്കിൽപോലും അത് സകാത്തിൽ നിന്നും ഒഴിവല്ല. എല്ലാ വർഷവും അതിന് സകാത്ത് ബാധകമാണ് എന്നതാണ്.

ഇബ്നു ഉസൈമീൻ(റഹി) തിരഞ്ഞെടുത്ത അഭിപ്രായമാണ് കൂടുതൽ പ്രബലമായി തോന്നുന്നതെങ്കിലും, ഏറെ സൂക്ഷ്മത കാണിക്കേണ്ട വിഷയമാണിത്. അല്ലാഹു ഹൃദയങ്ങളിൽ ഒളിച്ചു വെക്കുന്നതിനെ കൃത്യമായി അറിയുന്നവനാകുന്നു. തൗഹീദിന്റെ മൂന്നു വശങ്ങളും അതായത് റുബൂബിയ്യത്തും, ഉലൂഹിയ്യത്തും, അസ്മാഉ വ സ്വിഫാത്തും കൃത്യമായി ഉൾക്കൊണ്ടവർക്കേ സകാത്തെന്നല്ല എതൊരാരാധനയും സത്യസന്ധമായും കൃത്യതയോടെയും നിർവഹിക്കാൻ സാധിക്കൂ….

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ … 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത് :

ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത് :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

പലപ്പോഴും പലരും ചോദിക്കാറുള്ള ചോദ്യമാണ് .. ഭൂമിക്ക് സകാത്തുണ്ടോ ?. ഇനി ഉണ്ടാകുമെങ്കിൽ അതെപ്പോഴാണ്  ?. എങ്ങനെ കണക്കാക്കണം എന്നെല്ലാം ….

ഒരാൾ തന്റെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി, അഥവാ കൃഷിക്ക്, വീട് വെക്കാൻ, കെട്ടിടം പണിയാൻ, ഒരു സമ്പാദ്യം എന്ന നിലക്ക് സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ, മക്കൾക്കോ, ബന്ധുക്കൾക്കോ നൽകാൻ, വഖഫ് ചെയ്യാൻ  എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെ കച്ചവടാവശ്യത്തിനല്ലാതെ വാങ്ങിക്കുന്ന ഭൂമിക്ക് സകാത്ത് ബാധകമാകുകയില്ല. എന്നാൽ വിൽപന ഉദ്ദേശിച്ചുകൊണ്ട്‌ (അത് പിന്നീടായാലും ശരി) വാങ്ങിക്കുന്ന ഭൂമിക്ക് കച്ചവട വസ്തുവായതിനാൽ തന്നെ സകാത്ത് ബാധകമാണ്. ഇനി ഒരാൾ സ്വന്തം ആവശ്യത്തിന് വേണ്ടി വാങ്ങിച്ച വസ്തു എപ്പോഴാണോ വിൽക്കുവാൻ തീരുമാനിക്കുന്നത് അപ്പോൾ മുതൽ അത് കച്ചവട വസ്തുവായി മാറുന്നു. കച്ചവട വസ്തുക്കൾക്ക് സകാത്ത് ബാധകമാണ്. തിരിച്ച് വില്‍ക്കുന്നില്ല എന്ന  തീരുമാനമെടുക്കുന്നത് വരെ. ഇവിടെ ഓരോരുത്തരും മനസ്സിലാക്കേണ്ടത് സകാത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാങ്കേതികമായ പദം മാറ്റങ്ങള്‍ കൊണ്ട് കഴിയില്ല. അല്ലാഹു കണ്ണിന്‍റെ കട്ടുനോട്ടവും, ഹൃദയങ്ങളില്‍ ഒളിച്ചുവെക്കുന്നതും അറിയുന്നവനാണ്. അതിനാൽ അവനവന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവനവനു തന്നെയാണ് അറിയുക.

കച്ചവടവസ്തുവിന്റെ ഹൗൽ നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത്:

1- വാങ്ങിക്കുമ്പോൾ തന്നെ വിൽപന ഉദ്ദേശിച്ചുകൊണ്ടാണ്‌ വാങ്ങിച്ചതെങ്കിൽ, വാങ്ങിയ തിയ്യതിയല്ല മറിച്ച് വാങ്ങാനുപയോഗിച്ച പണത്തിന്റെ ഹൗൽ ആണ് പരിഗണിക്കേണ്ടത്. അഥവാ പണം കച്ചവട വസ്തുവായി മാറുന്നത് ഹൗലിനെ ബാധിക്കുന്നില്ല. ഉദാ: ഒരാളുടെ കൈവശം 10 ലക്ഷം രൂപയുണ്ട്. അതിന്റെ ഹൗൽ തികയുന്നത് മുഹറം 1 നാണ് എന്ന് കരുതുക. അയാള് ആ 10 ലക്ഷം രൂപക്ക് സ്വഫർ 3 ന് കച്ചവടാവശ്യത്തിനായി ഒരു സ്ഥലം വാങ്ങിച്ചുവെങ്കിൽ. അതിന്റെ സകാത്ത് കണക്കു കൂട്ടേണ്ടത് മുഹറം 1 നാണ്. എന്നാൽ കണക്കു കൂട്ടേണ്ട വിലയുടെ കാര്യത്തിൽ ഹൗൽ തികയുമ്പോഴുള്ള മാർകറ്റ് വിലയാണ് പരിഗണിക്കുക. അതായത് 10 ലക്ഷം രൂപക്ക് വാങ്ങിച്ച വസ്തുവിന് ഹൗൽ തികയുന്ന സന്ദർഭത്തിൽ 9 ലക്ഷം രൂപയാണ് എങ്കിൽ, 9 ലക്ഷം രൂപയുടെ 2.5% ആണ് സകാത്തായി നൽകേണ്ടത്, 12 ലക്ഷം രൂപയാണ് ആ സമയത്തെ വിലയെങ്കിൽ അതിന്റെ 2.5% ആണ് സകാത്തായി നൽകേണ്ടത്.

2-  എന്നാൽ വിൽക്കണമെന്നുള്ള  ഉദ്ദേശ്യത്തോടെയല്ലാതെ സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താൻ ആഗ്രഹിച്ചുകൊണ്ട്‌ ഒരാൾ വാങ്ങിച്ച ഭൂമിക്ക് സകാത്ത് ബാധകമല്ല. അത്തരം ഒരു സ്ഥലം എപ്പോഴാണോ ഒരാൾ വിൽക്കാൻ തീരുമാനിക്കുന്നത് അപ്പോൾ മാത്രമേ കച്ചവട വസ്തുവായി മാറുകയും സകാത്ത് ബാധകമാകുകയും ചെയ്യുന്നുള്ളൂ. വിൽക്കാനുള്ള തീരുമാനം എപ്പോൾ എടുക്കുന്നുവോ അന്ന് മുതലാണ്‌ അതിന്റെ ഹൗൽ ആരംഭിക്കുന്നത്.

———————————-

ലജ്നതുദ്ദാഇമയുടെ ഫത്’വ :

ചോദ്യം: തൻറെ കല്യാണമാകുമ്പോഴേക്കും പണം സൂക്ഷിക്കുകയും, പിന്നീട് വിൽക്കുകയും ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വാങ്ങിച്ച സ്ഥലത്തിന് സകാത്ത് നിർബന്ധമാണോ ?..

ഉത്തരം:   കല്യാണം ഉറപ്പിച്ചാൽ വിൽക്കാം എന്ന ഉദ്ദേശ്യത്തോടെ നീ വാങ്ങിച്ച ഈ ഭൂമി കച്ചവട വസ്തുവാണ്. എപ്പോഴാണോ കല്യാണക്കാര്യങ്ങൾ ശരിയാകുന്നത് അപ്പോൾ വിൽക്കുമെന്ന് നീ തീരുമാനിച്ചതിനാലാണത്, അതിനാൽ തന്നെ നീയത് വാങ്ങിക്കുകയും വിൽക്കാൻ തീരുമാനിക്കുകയും ചെയ്തത് പ്രകാരം അതിന്റെ ഹൗൽ എപ്പോൾ തികയുന്നുവോ, ആ സമയത്തെ മാർക്കറ്റ് വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഓരോ തവണ ഹൗൽ തികയുമ്പോഴും, ആ കച്ചവട വസ്തു വിൽക്കപ്പെട്ടിട്ടില്ലെങ്കിൽ ഹൗൽ തികയുന്ന സന്ദർഭത്തിലെ അതിന്റെ വില കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം. ഹൗൽ തികയുന്ന സന്ദർഭത്തിൽ അതിന്റെ വില വാങ്ങിച്ച വിലയേക്കാൾ കൂടുതലോ, കുറവോ ആയിരുന്നാലും ശരി ഹൗൽ തികയുന്ന സന്ദർഭത്തിലെ വിലയാണ് പരിഗണിക്കപ്പെടുക. ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള ഏതൊരു നാണയത്തിന്റെ അടിസ്ഥാനത്തിലാണോ  അതിന്റെ വില കണക്കാക്കിയത്, ആ നാണയമോ, സ്വർണ്ണമോ, വെള്ളിയോ അതിന്റെ സകാത്തായി നൽകാം…. അപ്രകാരം ചെയ്യുന്നതാണ് അതിന്റെ വില നിർണ്ണയിക്കുന്നതിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുവാനും, തന്റെ ബാധ്യത നിറവേറ്റുവാനും ഏറ്റവും ഉചിതം”

[ ഫതാവ ലിജ്നതുദ്ദാഇമ : അബ്ദുൽ അസീസ്‌ ഇബ്നു ബാസ് (റ) , അബ്ദുൽ അസീസ്‌ ആലു ശൈഖ്(ഹ), സ്വാലിഹ് അൽ ഫൗസാൻ (ഹ) , ബകർ അബൂ സൈദ്‌ (റ) ].    

——————————————————————————————————-

ഇബ്നു ഉസൈമീൻ(റഹി) യോട്  ചോദിക്കപ്പെട്ടു:

ചോദ്യം: ഞാൻ ഈജിപ്തിൽ ഒരു ഭൂമി വാങ്ങിച്ചു. അതിന് സകാത്തുണ്ടോ ?. ഉണ്ടെങ്കിൽ ഇപ്രകാരമാണ് അതിന്റെ നിസ്വാബ് ഞാൻ കണക്കാക്കേണ്ടത് ?

ഉത്തരം :  ഒരാൾ ഒരു ഭൂമി വാങ്ങിച്ചു. അത് ഈജിപ്തിലോ, സൗദിയിലോ, ഇറാഖിലോ, ശാമിലോ, ഇനി ഭൂമിയുടെ ഇത് ഭാഗത്തോ ആവട്ടെ, അത് അയാള് കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് അതിൽ ഒരു വീട് വെക്കാനോ, ഒരു വാടകക്കെട്ടിടം പണിയാനോ, അതല്ലെങ്കിൽ തന്റെ പണം ഒരു സമ്പത്തായി സംരക്ഷിച്ചു വെക്കാനോ ആണ് വാങ്ങിച്ചതെങ്കിൽ അതിൽ സകാത്ത് ബാധകമല്ല. കാരണം ഭൂമി എന്ന ഗണത്തിന് അതൊരു കച്ചവടവസ്തുവായാലല്ലാതെ  സകാത്ത് ബാധകമാകുന്നില്ല. അഥവാ ഒരാൾ തന്റെ മൂലധനമായി കണക്കാക്കുന്ന,  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വസ്തുവാണെങ്കിലാണ് ഭൂമിക്ക് സകാത്ത് ബാധകമാകുന്നത്. ഇതിൽ ആദ്യം പറഞ്ഞതാണ് ഈ ഭൂമി വാങ്ങിച്ചതിലൂടെ നീ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് സകാത്ത് ബാധകമല്ല. എന്നാൽ റിയൽ എസ്റ്റേറ്റുകാർ  തങ്ങളുടെ ഭൂമി ചെയ്യാറുള്ളതുപോലെ വില്പനയാണ് നിന്റെ ഉദ്ദേശ്യമെങ്കിൽ (അത് പിന്നീടാണെങ്കിൽ പോലും) അതിൽ നിനക്ക് സകാത്ത് നിർബന്ധമാണ്‌.  ഓരോ ഹൗൽ പൂർത്തിയാകുമ്പോഴും അതിന്റെ ആ സമയത്തെ വിലയെത്രയാണ് എന്ന് കണക്കാക്കി അതിന്റെ 2.5% സകാത്തായി നൽകണം.

[ ഫതാവ നൂറുൻ അലദ്ദർബ് – ഇബ്നു ഉസൈമീൻ ].

—————————————————————————————————–

കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്: 

ചോദ്യം: നല്ലവിലയുള്ള സമയത്ത് ഒരാള്‍ കുറച്ച് ഭൂമി വാങ്ങി. പക്ഷെ പിന്നീട് മാര്‍ക്കറ്റ് ഇടിഞ്ഞു. കുറഞ്ഞവിലക്കായാലും കൂടിയവിളക്കായാലും ആരും വാങ്ങാനില്ലാത്ത അവസ്ഥ. ഇപ്രകാരം കച്ചവടവസ്തുക്കള്‍ കെട്ടിക്കിടക്കുന്ന അവസരത്തിലും സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

ഉത്തരം : ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കുന്ന മറുപടി: “ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ കച്ചവടവസ്തുവിന് സകാത്ത് ബാധകമല്ല എന്നതാണ്. കാരണം തിരിച്ചടക്കാന്‍ സാധിക്കാത്തവന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ള കടത്തെപ്പോലെയാണിത്‌. (അവന്‍റെ പണം തിരിച്ചുകിട്ടുമോ എന്ന് തന്നെ ഉറപ്പില്ലാതിരിക്കുമ്പോള്‍ അവന്‍ അതിന്‍റെ സകാത്ത് കൂടി നല്‍കണം എന്ന് പറയുന്നത് ഉചിതമല്ലല്ലോ). അഥവാ അതയാള്‍ക്ക് വില്‍ക്കാന്‍ പറ്റിയാല്‍ ആ വിട്ട വര്‍ഷത്തെ സകാത്ത് മാത്രം അയാള്‍ നല്കിക്കൊള്ളട്ടെ. ഈ അഭിപ്രായം ശറഇന്‍റെ നിയമങ്ങളോട് യോജിക്കുന്നതും ആളുകള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതുമാണ്”.

അതോടൊപ്പം അദ്ദേഹം പറഞ്ഞു: “വാങ്ങിക്കാൻ ആളെക്കിട്ടാതെ വരികയും മുടങ്ങിക്കിടക്കുകയും ചെയ്യുന്ന സ്വത്തിന്റെ വിഷയത്തിൽ അത് വിൽക്കപ്പെടുന്നതെപ്പോഴാണോ ആ വർഷത്തെ മാത്രം സകാത്ത് നൽകിയാൽ മതി എന്ന് പറയാമെങ്കിലും അത് വിറ്റുകഴിഞ്ഞാൽ, കഴിഞ്ഞ വർഷങ്ങളുടെയെല്ലാം സകാത്ത് കണക്കു കൂട്ടി നൽകുന്നതാണ് സൂക്ഷ്മത. കാരണം കടവും ഇതും തമ്മിലുള്ള വ്യത്യാസം ഇത് അവന്റെ തന്നെ കൈവശമാണ്. എന്നാൽ കടം നിവൃത്തികേടുകൊണ്ട് തിരിച്ചടക്കാൻ സാധിക്കാത്ത ദരിദ്രന്റെ മേൽ ബാധ്യതയായാണ് നിലകൊള്ളുന്നത് “. –

[ مجموع فتاوى ورسائل ابن عثيمين رحمه الله Vo:18, كتاب عروض التجارة ].

——————————-

കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ സകാത്ത്

ഏതായാലും കെട്ടിക്കിടക്കുന്ന കച്ചവട വസ്തുക്കളുടെ വിഷയത്തിൽ ആധുനിക കാലഘട്ടത്തിൽ ജീവിച്ച പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഈ വിഷയം വിശദമായി ചർച്ച ചെയ്ത മാലികീ മദ്ഹബിലെ പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായഭിന്നതയുടെ തുടർച്ച തന്നെയാണിത്.

“കെട്ടിക്കിടക്കുന്ന കച്ചവടവസ്തുക്കൾക്ക് അവ വിൽക്കപ്പെടുന്ന വർഷത്തെ സകാത്ത് മാത്രമേ ബാധകമാകുകയുള്ളൂ എന്നതാണ് മാലികീ മദ്ഹബിലെ പണ്ഡിതന്മാരായ ابن الماجشون (റഹി) سحنون (റഹി) തുടങ്ങിയവർ തിരഞ്ഞെടുത്തിട്ടുള്ള അഭിപ്രായം. മാലികീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായത്തിൽ നിന്നും വ്യത്യസ്ഥമാണിത് ” . – [المنتقى شرح الموطأ 2/155 ، التاج والإكليل  3/189]

 مجلة البحوث الإسلامية യിൽ ശൈഖ് അബ്ദുല്ലാഹിബ്നു ഉമർ ബ്നു മുഹമ്മദ്‌ അസ്സുഹൈബാനി (ഹ) അവതരിപ്പിച്ച റിസർച്ചിൽ അദ്ദേഹം എത്തിച്ചേരുന്ന അഭിപ്രായം, കെട്ടിക്കിടക്കുന്ന കച്ചവട വസ്തുവാണെങ്കിൽപോലും അത് സകാത്തിൽ നിന്നും ഒഴിവല്ല എന്നതാണ്. എല്ലാ വർഷവും അതിന് സകാത്ത് ബാധകമാണ് എന്നതാണ്.

ഇബ്നു ഉസൈമീൻ (റഹി) തിരഞ്ഞെടുത്ത അഭിപ്രായമാണ് കൂടുതൽ പ്രബലമായി തോന്നുന്നതെങ്കിലും, ഏറെ സൂക്ഷ്മത കാണിക്കേണ്ട വിഷയമാണിത്. അല്ലാഹു ഹൃദയങ്ങളിൽ ഒളിച്ചു വെക്കുന്നതിനെ കൃത്യമായി അറിയുന്നവനാകുന്നു. തൗഹീദിന്റെ മൂന്നു വശങ്ങളും അതായത് റുബൂബിയ്യത്തും, ഉലൂഹിയ്യത്തും, അസ്മാഉ വ സ്വിഫാത്തും കൃത്യമായി ഉൾക്കൊണ്ടവർക്കേ സകാത്തെന്നല്ല എതോരാരാധനയും സത്യസന്ധമായും കൃത്യതയോടെയും നിർവഹിക്കാൻ സാധിക്കൂ…

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ …
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna

 

കറന്‍സിയുടെ സകാത്തും നിസ്വാബും:

കറന്‍സിയുടെ സകാത്തും നിസ്വാബും:

ധനമായതിനാലും, നമ്മുടെ കാലഘട്ടത്തില്‍ സ്വര്‍ണ്ണനാണയങ്ങള്‍ക്കും, വെള്ളിനാണയങ്ങള്‍ക്കും പകരമായി ഉപയോഗിക്കപ്പെടുന്നതായതിനാലും കറന്‍സിക്ക് സകാത്ത് നിര്‍ബന്ധമാണ്‌. പ്രവാചകന്‍(ﷺ)യുടെ കാലത്ത് കറന്‍സി സമ്പ്രദായം നിലവിലില്ലാത്തത് കൊണ്ടുതന്നെ അത് പ്രത്യേകം പ്രതിപാദിക്കുന്ന തെളിവുകള്‍ നമുക്ക് ലഭിക്കുകയില്ല. എന്നാല്‍ ഖിയാസ് മുഖേന കറന്‍സിയില്‍ സകാത്ത് ബാധകമാണ് എന്നത് സുവ്യക്തമാണ്.

 

  خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا

 

“അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന്‌ നീ വാങ്ങുക” – [التوبة 103].

അതുപോലെ  മുആദ്(റ) വിനോട് പ്രവാചകന്‍(ﷺ) പറഞ്ഞു:

 “فأعلمهم أن الله افترض عليهم صدقة في أموالهم”

 

“അവരുടെ സമ്പത്തില്‍ അല്ലാഹു ഒരു ദാനധര്‍മ്മത്തെ നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് നീ അവരെ അറിയിക്കുക”- [ബുഖാരി]. കറന്‍സിയാകട്ടെ ഈ കാലഘട്ടത്തില്‍ ഒരു ധനമായാണ് പരിഗണിക്കപ്പെടുന്നത് എന്നതില്‍ യാതൊരു സംശയവുമില്ലല്ലോ.

 

കറന്‍സിയുടെ നിസ്വാബ്:

 

വെള്ളിയുടെയും സ്വര്‍ണ്ണത്തിന്‍റെയും നിസ്വാബുമായി പരസ്പരം താരതമ്യം ചെയ്തുനോക്കുമ്പോള്‍ ഏതാണോ ഏറ്റവും കുറവ് മൂല്യമുള്ളത് അതാണ്‌ കറന്‍സിയുടെ നിസ്വാബായി പരിഗണിക്കുക. നമ്മുടെ കാലഘട്ടത്തില്‍ 595ഗ്രാം വെള്ളിക്ക് 85ഗ്രാം സ്വര്‍ണ്ണത്തെക്കാള്‍ മൂല്യം കുറവാണ്. അതിനാല്‍ തന്നെ വെള്ളിയുടെ നിസ്വാബാണ് കറന്‍സിയുടെ നിസ്വാബായി പരിഗണിക്കുക. കാരണം ഖിയാസ് ചെയ്യുമ്പോള്‍ സകാത്തിന്‍റെ അവകാശികള്‍ക്ക് ഏറ്റവും ഉചിതമേത് എന്നതാണ് ഇവിടെ പരിഗണിക്കുന്നത്.

 

സ്വർണ്ണവുമായും വെള്ളിയുമായും ഖിയാസ് ചെയ്യാമെന്നിരിക്കെ ഏതാണോ ആദ്യം നിസ്വാബ് എത്തുന്നത് ആ നിസ്വാബ് പരിഗണിക്കൽ നിർബന്ധമാകുന്നു. മാത്രമല്ല ദരിദ്രന് ഏറ്റവും ഉചിതമായതും അതാണ്‌. ഇപ്രകാരമാണ് ശൈഖ് ഇബ്നു ബാസും, ഇബ്നു ഉസൈമീനും (رحمهم الله), ലിജ്നതുദ്ദാഇമയുമെല്ലാം അഭിപ്രായപ്പെട്ടത്….

 

ശൈഖ് ഇബ്നു ബാസ്  (رحمه الله) പറയുന്നു:

 

” നിങ്ങൾ അയച്ച കത്തിലെ കറൻസിയുടെ നിസ്വാബ് എത്ര, സകാത്തായി നൽകേണ്ടത്  എത്രയാണ് ചോദ്യങ്ങൾക്കുള്ള മറുപടിയാണിത്.

 

അതിന്റെ മൂല്യം സ്വർണ്ണത്തിന്റെ നിസ്വാബുമായും, വെള്ളിയുടെ നിസ്വാബുമായും താരതമ്യം ചെയ്യുമ്പോൾ ഏതാണോ കുറഞ്ഞ നിസ്വാബ് അത് പ്രകാരം കറൻസിയിൽ സകാത്ത് നിർബന്ധമാകുന്നു. (നമ്മുടെ കാലഘട്ടത്തിൽ കുറവ് മൂല്യം വെള്ളിക്കാണല്ലോ. അപ്പോൾ കുറഞ്ഞ നിസ്വാബ് വെള്ളിയുടെതാണ്). ആ കറൻസിയോടൊപ്പം സകാത്ത് നിർബന്ധമാകുന്ന സന്ദർഭത്തിൽ കൈവശമുള്ള മറ്റു കച്ചവടവസ്തുക്കളുടെ (മാർക്കറ്റ് വില) കൂടി  കൂട്ടി മൊത്തത്തിൽ നിസ്വാബ് തികഞ്ഞാലും മതി. ഇന്ന് പ്രചാരത്തിലുള്ള കറൻസിയുടെ നിസ്വാബ് 56 സൗദി വെള്ളി റിയാൽ (സൌദിയിൽ ഇന്ന് പ്രചാരത്തിലുള്ള വെള്ളിനാണയമോ, 20 മിസ്ഖാൽ സ്വർണ്ണമോ (85 ഗ്രാം) ആണ്.

 

(ഇവയിൽ ഏതാണോ ആദ്യം നിസ്വാബ് തികയുന്നത് അത് പരിഗണിക്കണം എന്ന് ശൈഖ് സൂചിപ്പിച്ചുവല്ലോ. സ്വാഭാവികമായും വെള്ളിക്ക് മൂല്യം കുറവായതിനാൽ അതാണ്‌ ആദ്യം നിസ്വാബ് തികയുക. അതിനാൽ പരിഗനിക്കെണ്ടതും അതാണ്‌). 

 

 

ലിജ്നതുദ്ദാഇമയുടെ ഫത്’വ : 

فتوى لجنة الدائمة :  نصاب الذهب عشرون مثقالاً، وعشرون المثقال تساوي أحد عشر جنيهًا سعوديًّا وثلاثة أسباع الجنيه، ونصاب الفضة مائة وأربعون مثقالاً، وهي مائتا درهم من الدراهم الموجودة في عهد النبي صلى الله عليه وسلم وهي تساوي ستة وخمسين ريالاً سعوديًّا فضيًّا، فإذا اجتمع لدى المسلم من العملة المذكورة التركية ما يعادل نصاب الذهب أو الفضة وحال عليها الحول وجبت فيه الزكاة، وأخرج منه ربع العشر، وفي حالة بلوغ الموجود من العملة المذكورة كلاًّ من نصاب الذهب أو نصاب الفضة فتقدر بالأحظ للفقراء منهما لكونه أنفع لهم أما إذا بلغت مقدار نصاب أحدهما دون الآخر فيجب تقديرها بما بلغته منهما.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

 – عبد العزيز بن باز، عبد الله بن قعود ، عبد الله غديان ، عبد الرزاق عفيفي.

 

 

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ … 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com