ഉമ്മ മകന് സകാത്ത് നൽകിയാൽ അത് വീടുമോ ?.

ഉമ്മ മകന് സകാത്ത് നൽകിയാൽ അത് വീടുമോ ?

ചോദ്യം: ഉമ്മ മകന് സകാത്ത് നൽകിയാൽ സകാത്ത് വീടുമോ ?. ഉമ്മ മകന് ചിലവിനു നൽകാൻ ബാധ്യസ്ഥയല്ലല്ലോ .

  ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

 അല്പം വിശദീകരണം ആവശ്യമായ ഒരു വിഷയമാണിത്. സകാത്തിൻ്റെ അവകാശിയായ, താൻ ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയല്ലാത്ത മകന് ഉമ്മ സകാത്ത് നൽകിയാലേ അത് വീടുകയുള്ളൂ. 

 അഥവാ എല്ലാ സാഹചര്യത്തിലും ഉമ്മ മകന് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയല്ലാതാകുന്നില്ല. ചില സാഹചര്യങ്ങളിൽ ഉമ്മ മകന് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയാകും. അത്തരം സന്ദർഭങ്ങളിൽ ഉമ്മ തൻ്റെ സകാത്ത് പ്രാരാബ്ധക്കാരനായ മകന് നൽകിയാൽ വീടില്ല. കാരണം അല്ലാതെത്തന്നെ തൻ്റെ മകൻ്റെ നൽകാൻ പ്രാഥമികാവശ്യങ്ങൾക്ക് നൽകാൻ അവർ ബാധ്യസ്ഥയാണ്. താഴെ പറയുന്ന നിബന്ധനകളോടെ ഒരുമ്മ മക്കൾക്ക് ചിലവിന് കൊടുക്കാൻ ബാധ്യസ്ഥയാകും:

 1 – പിതാവ് ജീവിച്ചിരിപ്പില്ലയെങ്കിൽ. (അതുപോലെ പിതാവിന് ധനമില്ലാതെ വരുകയും മാതാവിൻ്റെ കൈവശം ധനം ഉണ്ടാകുകയും ചെയ്‌താൽ).

 2- ഉമ്മയുടെ കൈവശം തൻ്റെ ആവശ്യം കഴിച്ച് ചിലവിന് കൊടുക്കാനുള്ള സംഖ്യ മിച്ചമുണ്ടെങ്കിൽ.

 3- മകൻ പാവപ്പെട്ട തൻ്റെ പ്രാഥമികാവശ്യങ്ങൾക്ക് ധനം ആവശ്യമുള്ളവനാണ് എങ്കിൽ.  (പ്രായപൂർത്തി എത്തുകയും സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തി നേടുകയും ചെയ്യുന്നത് വരെയാണ് മാതാപിതാക്കൾ ചിലവിന് കൊടുക്കാൻ ബാധ്യസ്ഥരാകുന്നത്   എന്നതാണ് ഭൂരിപക്ഷാഭിപ്രായം ).

 ഈ സാഹചര്യത്തിൽ ഒരുമ്മ മകന് ചിലവിന് കൊടുക്കണം.

 ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

“يجب على الأم أن تنفق على ولدها إذا لم يكن له أب ، وبهذا قال أبو حنيفة والشافعي، وَلِأَنَّهَا أَحَدُ الْوَالِدَيْنِ، فَأَشْبَهَتْ الْأَبَ، وَلِأَنَّ بَيْنَهُمَا قَرَابَةً تُوجِبُ رَدَّ الشَّهَادَةِ، فَأَشْبَهْت الْأَبَ. فَإِنْ أَعْسَرَ الْأَبُ، وَجَبَتْ النَّفَقَةُ عَلَى الْأُمِّ، .

 “ബാപ്പയില്ലാത്ത പക്ഷം ഉമ്മ മക്കൾക്ക് ചിലവിന് കൊടുക്കണം. ഇതാണ് ഇമാം അബൂഹനീഫ (റ) യുടെയും ഇമാം ശാഫിഇ (റ) യുടെയും അഭിപ്രായം. കാരണം അവർ മാതാപിതാക്കളിൽ ഒരാളാണല്ലോ. അതുകൊണ്ട് ബാപ്പയെപ്പോലെയാണ് അവരുടെ സ്ഥാനവും. മാത്രമല്ല ഉമ്മ മകന് വേണ്ടി സാക്ഷി പറഞ്ഞാൽ അത് സ്വീകരിക്കപ്പെടുകയില്ല. അഥവാ ഉമ്മയും മക്കളുമായുള്ള ബന്ധം ബാപ്പയുമായുള്ള ബന്ധത്തെപ്പോലെത്തന്നെ. അതുകൊണ്ടുതന്നെ ബാപ്പ മക്കൾക്ക് ചിലവിന് കൊടുക്കാൻ സാധിക്കാത്ത വ്യക്തിയായിരിക്കുകയും ഉമ്മ അതിനു സാധിക്കുന്നവരുമാണ് എങ്കിൽ ചിലവിന് കൊടുക്കാൻ അവർ ബാധ്യസ്ഥയാണ്”. – [المغني:8/ 212] .

 അഥവാ മക്കൾ മാതാപിതാക്കളുടെ ആശ്രിതരായി ജീവിക്കുന്ന വേളയിൽ പിതാവിനാണ് ചിലവിന് കൊടുക്കാൻ ബാധ്യത. അതിന് പിതാവിന് സാധിക്കാത്ത പക്ഷം മാതാവ് സാധിക്കുന്നവരാണ് എങ്കിൽ ആ ബാധ്യത അവരിലേക്ക് നീങ്ങും എന്നർത്ഥം. അതുപോലെത്തന്നെ മക്കൾ ധനമുളളവരായിരിക്കുകയും മാതാപിതാക്കൾ ആവശ്യക്കാരായിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അവരുടെ ജീവിതാവശ്യങ്ങൾ നിർവഹിച്ചു കൊടുക്കേണ്ട ബാധ്യത മക്കൾക്കുമാണ്.

 മേൽ സൂചിപ്പിച്ച സാഹചര്യത്തിൽ ഒരു മകൻ ഉമ്മയുടെ ആശ്രിതനായി ജീവിക്കുന്ന സാഹചര്യത്തിൽ ആ ഉമ്മയുടെ സകാത്തിൽ നിന്നും ആ മകന് നൽകാവതല്ല. കടക്കാരൻ എന്ന ഗണത്തിൽ മാത്രമേ ഈ ഒരവസ്ഥയിൽ അവർക്ക് സകാത്ത് നൽകാൻ പറ്റൂ. കാരണം മക്കളുടെ കടം മാതാപിതാക്കളുടെയോ , മാതാപിതാക്കളുടെ കടം മക്കളുടെയോ ബാധ്യതയല്ല എന്നതുകൊണ്ടാണത്.

 അതുകൊണ്ട് മക്കൾ സ്വയം പര്യാപ്തത നേടുന്നത് വരെ പിതാവ് മക്കൾക്ക് ചിലവിന് നൽകണം. പിതാവിന് സാധിക്കാത്ത പക്ഷം മാതാവിന് സാധിക്കുമെങ്കിൽ അവർ അത് നിർവഹിക്കണം. എന്നാൽ ഉമ്മയുടെ ആശ്രിതരല്ലാത്ത മക്കൾക്ക്, അവർ സകാത്തർഹിക്കുന്നവരാണ് എങ്കിൽ ഉമ്മയുടെ സകാത്തിൽ നിന്നും നൽകിയാൽ ആ സകാത്ത് വിടുന്നതാണ്.

 ഇനി ഏതൊരാൾക്കും തൻ്റെ മക്കളോ മാതാപിതാക്കളോ പ്രാരാബ്ധക്കാരും പാവപ്പെട്ടവരുമായിരിക്കുകയും സകാത്തിൻ്റെ പണമല്ലാതെ അവർക്ക് നൽകാൻ തൻ്റെ കയ്യിൽ യാതൊന്നും അവശേഷിക്കുന്നുമില്ലെങ്കിൽ അവർക്കത് നൽകാം. ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റ) ഇത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: 

” ويجوز صرف الزكاة إلى الوالدين وإن علوا ، وإلى الولد وإن سفل ، إذا كانوا فقراء ، وهو عاجز عن نفقتهم ، وهو أحد القولين في مذهب أحمد” 

 ” പാവപ്പെട്ടവരായ മാതാപിതാക്കൾക്കും അവരുടെ ഗണത്തിൽ പെടുന്നവർക്കും, മക്കൾക്കും അവരുടെ ഗണത്തിൽ പെടുന്നവർക്കും അവർക്ക് ചിലവിന് നൽകാൻ തൻ്റെ കയ്യിൽ മറ്റൊന്നും അവശേഷിക്കുന്നില്ലയെങ്കിൽ,  സകാത്തിന്റെ ധനത്തിൽ നിന്നും നൽകാവുന്നതാണ്. ഇമാം അഹ്മദിൽ നിന്നുമുള്ള ഒരഭിപ്രായവും അതാണ്.” – [الاختيارات الفقهية : 104].

 മാതാപിതാക്കൾക്കോ മക്കൾക്കോ ചിലവിന് നൽകാൻ ഒരാൾ ബാധ്യസ്ഥനാകുന്ന സാഹചര്യത്തിൽ തൻ്റെ സകാത്ത് അവർക്ക് അതിനായി നൽകാൻ പാടില്ല എന്നതാണ് ഈ വിഷയത്തിലെ രത്നച്ചുരുക്കം.  ഏതായാലും ഏതാവസ്ഥയിലും മക്കളോ മാതാപിതാക്കളോ പ്രാരാബ്ധക്കാരാണ് എന്ന് വന്നാൽ അവർക്ക് നൽകുന്ന ധനം തൻ്റെ സകാത്തല്ലാത്ത ധനത്തിൽ നിന്നും നൽകുക എന്നതാണ് സൂക്ഷ്മത.

 

 അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ശമ്പളത്തിൻറെ സകാത്ത് അതാത് മാസം തന്നെ നൽകുന്നതിൽ തെറ്റുണ്ടോ ?

ശമ്പളത്തിൻറെ സകാത്ത് അതാത് മാസം തന്നെ നൽകുന്നതിൽ തെറ്റുണ്ടോ ?

ചോദ്യം:  ഞാൻ സാധാരണ എൻറെ ശമ്പളത്തിന്റെ സകാത്ത്  അതാത് മാസം തന്നെ കൊടുക്കാറാണ് പതിവ്. അങ്ങനെ  ചെയ്യുന്നതിൽ തെറ്റുണ്ടോ ?.

 

ഉത്തരം: 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

 

സകാത്ത് തൻ്റെ മേൽ ബാധ്യതയാകുന്നതിന് മുൻപേ ഒരാൾ നൽകുന്നതിൽ തെറ്റില്ല. പക്ഷെ അപ്പോഴും നിങ്ങളുടെ കയ്യിലുള്ള മറ്റു തുകക്ക് ഓരോ വർഷവും സകാത്ത് ബാധകമാകുമല്ലോ. അതുകൊണ്ട് തന്നെ മാസാമാസം നൽകിയാലും വാർഷിക കാൽക്കുലേഷൻ  നടക്കണം. ഒന്നുകൂടി വ്യക്തമാക്കിയാൽ സകാത്ത് വാർഷികമായി ബാധകവുമാകുന്ന ഒരു നിർബന്ധ ബാധ്യതയായതുകൊണ്ട് സകാത്ത് നൽകാൻ  ബാധ്യസ്ഥനാകുന്ന ഏതൊരാൾക്കും വാർഷിക സകാത്ത് കണക്കുകൂട്ടൽ അനിവാര്യമാണ്. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ കൈവശം ലഭിക്കുന്ന സാലറിക്ക് മാത്രമല്ലേ  നിങ്ങൾക്ക് അതത് മാസം സകാത്ത് നൽകാൻ സാധിക്കൂ. നിങ്ങളുടെ കയ്യിൽ അൽകൗണ്ടിലോ മറ്റോ മുൻവർഷങ്ങളിലെ  നിക്ഷേപമായുള്ള ധനം, കൈവശമുള്ള കച്ചവടവസ്തുക്കൾ ഇവയുടെയൊക്കെ സകാത്ത് നിങ്ങൾ എങ്ങനെ കണക്കാക്കും ?. എപ്പോൾ കണക്കാക്കും ?.

 

അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിലേക്ക്  വരുന്ന തുകയുടെ സകാത്ത് നിങ്ങൾ ആ സംഖ്യ വരുമ്പോൾത്തന്നെ നൽകിയാലും, നിങ്ങൾ വാർഷികമായ കണക്കുകൂട്ടൽ നടത്തണം. എന്നിട്ട് ഇതുവരെ നിങ്ങൾ എത്ര സകാത്തായി നൽകിയോ അതിലും കൂടുതൽ നൽകാൻ നിങ്ങൾ ബാധ്യസ്ഥനാണ് എങ്കിൽ ബാക്കി സംഖ്യ കൂടി നൽകണം. തൻ്റെ കയ്യിലേക്ക് വരുന്ന ധനത്തിന് ജീവിതത്തിൽ ആകെ ഒരുതവണ സകാത്ത് നൽകിയാൽ മതി എന്ന മിഥ്യാ ധാരണയിൽ നിന്നാണ് അതത് മാസം നൽകിയാൽ പിന്നെ എന്നെന്നേക്കുമായി ബാധ്യത കഴിഞ്ഞു എന്ന ചിന്ത ഉണ്ടാകുന്നത്. എന്നാൽ തൻ്റെ കൈവശം ആ ധനം ബാക്കിയാകുന്ന പക്ഷം അടുത്ത വർഷം അതേ ധനത്തിന് വീണ്ടും സകാത്ത് ബാധകമാകും. അതുകൊണ്ടാണ് സകാത്ത് ബാധകമാകുന്ന ഏതൊരു വ്യക്തിക്കും തൻ്റെ സകാത്ത് കണക്കാക്കുന്ന ഒരു വാർഷിക സമയം ആവശ്യമായി വരുന്നത്. കാരണം തൻ്റെ കൈവശമുള്ള നിസ്വാബ് എത്തിയ ധനത്തിന് ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും വീണ്ടും സകാത്ത്  ബാധകമാകുന്നു. ആ സമയം തിട്ടപ്പെടുത്തുന്നതിന് ഒരു വാർഷിക സകാത്ത് കാൽക്കുലേഷൻ ഡേറ്റ് ആവശ്യമായി വരുന്നു.

 

ഉദാ: ഒരാൾക്ക് മാസം 50000 രൂപ ശമ്പളം കിട്ടുന്നു എന്ന് കരുതുക. അയാൾ 10000 രൂപ ചിലവഴിച്ച്‌ ബാക്കി 40000 ഓരോ മാസവും സേവ് ചെയ്യുന്നു. ഈ വ്യക്തി നിങ്ങൾ സൂചിപ്പിച്ചത് പോലെ ശമ്പളം കിട്ടുമ്പോൾത്തന്നെ സകാത്ത് കൊടുക്കുന്ന   വ്യക്തിയാണ് എന്ന് സങ്കൽപ്പിക്കുക. ഇദ്ദേഹം ഈ വർഷം അതിൻ്റെ സകാത്ത് കൊടുത്തിരിക്കും. എന്നാൽ തൻ്റെ കയ്യിൽ സേവ് ചെയ്ത ധനത്തിന് അടുത്ത ഒരു ഹിജ്‌റ വർഷം തികയുമ്പോൾ വീണ്ടും സകാത്ത് ബാധകമാകും. അപ്പോൾ കൃത്യമായ ഒരു വാർഷിക സകാത്ത് കാൽക്കുലേഷൻ ഡേറ്റ് ഇല്ലാതെ വന്നാൽ തൻ്റെ കൈവശമുള്ള ധനത്തിന് ഹൗൽ (വർഷം) തികയുന്നത് എപ്പോഴാണ് എന്ന് കണക്കാക്കാൻ സാധിക്കില്ല. ഒരാൾ വർഷം തികയുന്നതിന് മുൻപേ തൻ്റെ സകാത്ത് കൊടുക്കുന്നതിന് മതപരമായി തെറ്റൊന്നുമില്ല. പക്ഷെ എങ്കിലും അയാളുടെ വാർഷികമായ കണക്കുകൂട്ടൽ നടക്കണം എന്നർത്ഥം. അതുവരെ സകാത്തിനത്തിൽ നൽകിയ സംഖ്യ കഴിച്ചു ബാക്കി നൽകാനുണ്ടെങ്കിൽ നൽകിയാൽ മതി. പക്ഷെ വാർഷിക കണക്കുകൂട്ടൽ വരുമ്പോഴേ തന്റെ കൈവശമുള്ള ധനത്തിന്റെ സകാത്ത് കൂടി കണക്കാക്കാൻ പറ്റൂ.

 

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

വീട്ടിലുള്ള എല്ലാവരുടെയും സ്വർണ്ണം ചേർത്ത് കണക്കാക്കിയാണോ സകാത്ത് കൊടുക്കേണ്ടത് ?

വീട്ടിലുള്ള എല്ലാവരുടെയും സ്വർണ്ണം ചേർത്ത് കണക്കാക്കിയാണോ സകാത്ത് കൊടുക്കേണ്ടത് ?

ചോദ്യം:  സ്വർണ്ണത്തിന്റെ സകാത്ത് നൽകേണ്ട പരിധി 85 ഗ്രാം അഥവാ പത്തര പവൻ ആണല്ലോ. എന്നാൽ വീട്ടിൽ ഭാര്യയുടെ കൈവശം  8 പവൻ , ഉമ്മയുടെ കൈവശം 8 പവൻ, മകളുടെ കൈവശം 3 പവൻ എന്നിങ്ങനെ ഉണ്ടെങ്കിൽ അവയെല്ലാം കൂട്ടി ഒരുമിച്ച് കണക്കാക്കി അതിന്റെ സകാത്ത് നൽകണോ ?. അതല്ല ഓരോ വ്യക്തിയുടേതും വ്യത്യസ്തമായാണോ കണക്കാക്കേണ്ടത് ?. 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഉത്തരം: സകാത്ത് ഒരു കുടുംബത്തിന് ബാധകമാകുന്ന ബാധ്യതയല്ല. അത് ഓരോ വ്യക്തിയിലും ബാധകമാകുന്നതായ ഒരു സാമ്പത്തിക ഇബാദത്താണ്‌. അതുകൊണ്ടുതന്നെ സകാത്ത് നിർബന്ധമാകുന്ന പരിധി കണക്കാക്കുമ്പോൾ വീട്ടിലെ മുഴുവൻ അംഗങ്ങളുടെയും എന്ന അർത്ഥത്തിലല്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം സകാത്ത് ബാധകമാകുന്ന പരിധിയെത്തുന്നുണ്ടോ എന്നതാണ് സകാത്ത് നിർബന്ധമാകാൻ പരിഗണിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ കൈവശമുള്ള സ്വർണ്ണം നിസ്വാബ് തികയുന്നുവെങ്കിൽ ആ വ്യക്തി കൈവശമുള്ള മുഴുവൻ സ്വർണ്ണത്തിന്റെ രണ്ടര ശതമാനം സകാത്തായി നൽകാൻ ബാധ്യസ്ഥയാണ്.

മകളുടെ സ്വർണ്ണവും, ഭാര്യയുടെ സ്വർണ്ണവും, ഉമ്മയുടെ സ്വർണ്ണവും എല്ലാം കൂട്ടേണ്ടതില്ല. ഓരോന്നും ഓരോ വ്യക്തിയുടെ ഉടമസ്ഥതയിലാണ്. അവർ മരണപ്പെടുന്ന പക്ഷം അവരുടെ അനന്തരാവകാശികൾക്കാണല്ലോ  അത് പോകുക.

ഇനി വില്പനക്ക് വേണ്ടി സൂക്ഷിച്ച സ്വർണ്ണമാണ് എങ്കിൽ അത് വില്പന വസ്തുവാണ്. അവിടെ വില്പന വസ്തുവിന്റെ നിയമങ്ങളാണ് അതിനു ബാധകമാകുന്നത്. പത്തര പവനിൽ താഴെയാണ് എങ്കിലും അവിടെ വില്പനവസ്തു എന്ന നിലക്ക് അതിനു സകാത്ത് ബാധകമാകും. കാരണം കച്ചവടവസ്തുക്കളുടെ സകാത്ത് അതിന്റെ വിലയെ അപേക്ഷിച്ചാണ്‌ നിലനിൽക്കുന്നത്, തൂക്കത്തെ അപേക്ഷിച്ചല്ല. അതുകൊണ്ടുതന്നെ 595 ഗ്രാം വെള്ളിക്ക് തത്തുല്യമായതോ അതിനുമുകളിലോ ഉള്ള സ്വർണ്ണം വില്പന ഉദ്ദേശിച്ച് സൂക്ഷിച്ചവയായുണ്ടെങ്കിൽ അതിനു രണ്ടരശതമാനം സകാത്ത് കൊടുക്കണം. അവിടെ പത്തര പവൻ എന്ന നിയമം ബാധകമാകുന്നില്ല. 

അമൂല്യമായ ആഭരണങ്ങൾ വില്പനക്ക് വെച്ചത് ഉണ്ട് എന്ന് കരുതുക. വലിയ തൂക്കമൊന്നുമില്ല പക്ഷെ അമൂല്യമായതിനാൽ വലിയ വിലയുണ്ട്. അവിടെ അതിന്റെ വിലക്കനുസരിച്ചാണ് സകാത്ത് കൊടുക്കേണ്ടത് തൂക്കത്തിനനുസരിച്ചല്ല. കാരണം അത് വില്പന വസ്തുവാണ്.

 

والله تعالى أعلم

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

കടം വീട്ടാൻ വേണ്ടി വെച്ച സംഖ്യക്ക് സകാത്ത് കൊടുക്കണോ ?

കടം വീട്ടാൻ വേണ്ടി വെച്ച സംഖ്യക്ക് സകാത്ത് കൊടുക്കണോ ?

ചോദ്യം:  എൻ്റെ സാധാരണ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതി റമദാൻ പതിനഞ്ചിനാണ്.  എൻ്റെ കൈവശമുള്ള ഏകദേശം ഇരുപത്തഞ്ചു ലക്ഷം രൂപ  ആ തിയ്യതിക്ക് ഒരാഴ്ചക്ക് ശേഷം മറ്റൊരാൾക്ക് നൽകാനുള്ളതാണ്. അതായത് എൻ്റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി കഴിഞ്ഞു ഒരാഴ്ചക്ക് ശേഷമേ അയാൾക്ക് പണം നൽകേണ്ട തിയ്യതിയെത്തൂ. അപ്പോൾ ആ പണത്തിന് സകാത്ത് നൽകാൻ ഞാൻ ബാധ്യസ്ഥനാണോ ?.

ഉത്തരം:

الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

നമുക്കറിയാവുന്ന പോലെ സകാത്ത് എന്നത് വാർഷിക ബാധ്യതയാണല്ലോ. കൈവശമുള്ള ധനത്തിനു ഒരു ഹിജ്‌റ വർഷം തികഞ്ഞാൽ അതിനു സകാത്ത് കൊടുക്കാൻ നാം ബാധ്യസ്ഥരാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതിക്ക് മുന്നേ നിങ്ങളുടെ മേലുള്ള കടം കൊടുത്ത് വീട്ടുകയാണ് എങ്കിൽ നിങ്ങൾക്ക് ആ പണത്തിന് സകാത്ത് ബാധകമാകുകയില്ല. എന്നാൽ സകാത്ത് നൽകേണ്ട തിയ്യതി വന്നെത്തിയാൽ നിങ്ങളുടെ കൈവശം ആ പണം ഉണ്ട് എങ്കിൽ പിന്നീട് കടം വീട്ടാൻ എന്ന ഉദ്ദേശത്തോടെ വകയിരുത്തിയതാണെങ്കിലും അതിൻ്റെ  സകാത്ത് നൽകണം എന്നതാണ് കൊടുത്താൽ സൂക്ഷ്മമായ അഭിപ്രായം.

മുസ്വന്നഫ് അബ്ദുറസാഖിൽ ഉസ്മാൻ ബ്ൻ അഫ്ഫാൻ (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ട ഒരു അസറിൽ ഇപ്രകാരം കാണാം. അദ്ദേഹം ജനങ്ങളോട് ഇപ്രകാരം ഉപദേശിക്കാറുണ്ടായിരുന്നു:

من كان عليه دين فليقضه ثم ليزك   

“ആരുടെയെങ്കിലും മേൽ കടമുണ്ടെങ്കിൽ അവനത് വീട്ടട്ടെ. ശേഷം സകാത്ത് കൊടുക്കട്ടെ” . – [مصنف عبد الرزاق: 7087].

അഥവാ കടമുള്ള ഒരാൾ ആ കടം വീട്ടിയ ശേഷം ബാക്കി കൈവശമുള്ള ധനത്തിനു സകാത്ത് കൊടുത്താൽ മതി. എന്നാൽ കടം ഇപ്പോൾ വീട്ടുന്നില്ലയെങ്കിൽ ആ തുക സകാത്തിൽ നിന്ന് ഒഴിവാകുകയുമില്ല. അതുകൊണ്ടു ബാധ്യതകൾ ഉള്ളവർ അത് സകാത്ത് കണക്കുകൂട്ടുന്നതിന് മുൻപായി കൊടുത്ത് വീട്ടുക. എന്നാൽ സകാത്ത് കണക്കുകൂട്ടുന്നതിന് മുൻപായി കൊടുത്ത് വീട്ടാത്ത തുക സകാത്തിൽ നിന്നും ഒഴിവാകുന്നുമില്ല. എത്രത്തോളമെന്നാൽ ചില പണ്ഡിതന്മാർ ഒരാളുടെ കയ്യിലുള്ള സംഖ്യക്ക് ഒരു ഹിജ്‌റ വർഷം തികഞ്ഞാൽ പിന്നെ നിരുപാധികം സകാത്ത് നൽകാൻ ബാദ്യസ്ഥനാണ് എന്ന് അഭിപ്രായപ്പെട്ടത് കാണാം. ഇനി ആ ദിവസം അയാൾ കടം അടച്ചുതീർക്കാൻ പോകുകയാണെങ്കിൽപ്പോലും സകാത്ത് ബാധകമായിക്കഴിഞ്ഞു എന്നർത്ഥം. ശൈഖ് ഇബ്നു ബാസ് (റ) ഈ അഭിപ്രായക്കാരനാണ്. അതുകൊണ്ടു ഒന്നുകിൽ നിങ്ങളുടെ സകാത്ത് കണക്കുകൂട്ടാനുള്ള സമയം വന്നെത്തുന്നതിന് മുൻപ് കടങ്ങൾ കൊടുത്ത് വീട്ടുക.  അതല്ലെങ്കിൽ ആ പണത്തിൻറെ സകാത്ത് കൊടുക്കുക ഇതാണ് സൂക്ഷമവും പ്രബലവുമായ  നിലപാട്.

സാന്ദർഭികമായി സൂചിപ്പിക്കാനുള്ളത് ഓരാൾ വീടുണ്ടാക്കാൻ വേണ്ടിയോ, സംരംഭം തുടങ്ങാൻ വേണ്ടിയോ, വിവാഹത്തിനായോ ഒക്കെ നീക്കിവെച്ച പണമാണെങ്കിലും ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും അതിന്റെ സകാത്ത് കൊടുക്കണം. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

സകാത്തിന്‍റെ ധനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?

സകാത്തിന്‍റെ ധനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയും ദുരന്തത്തിലൂടെയുമാണല്ലോ കടന്നു പോകുന്നത്. അകമഴിഞ്ഞ് ആളുകള്‍ പരസ്പരം സഹായിക്കുകയാണ്. ഈ സഹജീവി സ്നേഹവും സഹായമനസ്കതയും റബ്ബ് എന്നും നിലനിര്‍ത്തുമാറാകട്ടെ. 

ഒരുപാാട്  സഹോദരങ്ങള്‍ ഈയിടേയായി അയച്ചുതരുന്ന ചോദ്യമാണ് ദുരിതാശ്വാസ നിധിയിലേക്ക് സകാത്തിന്‍റെ ധനം നല്‍കാമോ എന്നത്. ദുരിതാശ്വാസ നിധികളിലേക്ക് നല്‍കേണ്ടത് പൊതുവായ അര്‍ത്ഥത്തിലുള്ള ദാനധര്‍മ്മങ്ങളില്‍ നിന്നാണ്. സകാത്താകട്ടെ നിര്‍ണിതമായ അവകാശികള്‍ക്ക് നല്‍കിയാല്‍ മാത്രം വീടുന്ന നിര്‍ബന്ധ ദാനധര്‍മ്മമാണ്. വിഷയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ചെറിയൊരു ആമുഖം ആവശ്യമാണ്‌. 

പൊതുവേയുള്ള ദാനധര്‍മ്മങ്ങളും സകാത്തും തമ്മില്‍ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഈ ചോദ്യം ഉയരുന്നത്. സകാത്ത് നിര്‍ബന്ധ ദാനധര്‍മ്മവും എന്നാല്‍ മറ്റു ദാനധര്‍മ്മങ്ങള്‍ ഐച്ഛികമോ, സാഹചര്യത്തിന്‍റെ അനിവാര്യതയെ അപേക്ഷിച്ച് നിര്‍ബന്ധമാകുന്നവയോ ആണ്.

ഇസ്‌ലാം ദാനധര്‍മ്മത്തെയും പരസഹായത്തെയും ഏറെ പ്രോത്സാഹിപ്പിക്കുന്നു. പച്ചക്കരളുള്ള ഏത് ജീവനും സഹായമേകുന്നതും തണലാകുന്നതും പുണ്യമാണ് എന്നാണ്  നബി (സ) പഠിപ്പിച്ചത്:

في كل ذات كبد رطبة أجر

” പച്ചക്കരളുള്ള ഏത് ജീവിയോടും കാണിക്കുന്ന നന്മക്ക് പ്രതിഫലമുണ്ട്” – [ബുഖാരി: 2466, മുസ്‌ലിം: 2244].

അതുപോലെ നബി (സ) പറഞ്ഞു: 

الراحمون يرحمهم الرحمن ، ارحموا من في الأرض يرحمكم من في السماء 

“കരുണയുല്ലവരോട് പരമകാരുണ്യകനും  കരുണ കാണിക്കും. നിങ്ങള്‍ ഭൂമിയുലുല്ലവരോട് കരുണ കാണിക്കുവിന്‍. ഉപരിയിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.” – [തിര്‍മിദി: 6/43]. 

സമാനമായി അദ്ദേഹം പറയുന്നു: 

من لا يرحم لا يرحم

“കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല” – [ബുഖാരി: 5/75 മുസ്‌ലിം: 4/1809]. 

ജാതിമതഭേദമന്യേ പ്രയാസപ്പെടുന്ന സര്‍വ്വ ജനങ്ങള്‍ക്കും സഹായവും കാരുണ്യവും എത്തിക്കുക എന്നത് ഇസ്‌ലാം വലിയ നന്മയായി പഠിപ്പിക്കുന്നു. അതുതന്നെ ആദര്‍ശ ബന്ധുവോ, കുടുംബമോ, അയല്‍വാസിയോ ആകുമ്പോള്‍ ബാധ്യത വര്‍ദ്ധിക്കുന്നു. 

അതുകൊണ്ടുതന്നെ ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ മുസ്‌ലിമും അകമഴിഞ്ഞ് സംഭാവന ചെയ്യേണ്ടതുണ്ട്. അതവന് സ്വദഖയാണ്. അതിന്‍റെ ഗുണഭോക്താവ് ആര് തന്നെ ആയാലും അവനതില്‍ വലിയ പ്രതിഫലമുണ്ട്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ ഖുത്ബ പറയുന്ന പള്ളിയില്‍ നിന്നും ജുമുഅ നമസ്കാരശേഷം മാത്രം ബോക്സില്‍ രണ്ട് ലക്ഷം രൂപയാണ് പ്രലയാനന്തര ദുരിതാശ്വാസനിധിയിലേക്ക് നമസ്കാരത്തിന് വന്നവർ നിക്ഷേപിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘടുവായി നല്ലൊരു വിഹിതം കുവൈറ്റിലെ സന്മനസ്സുക്കള്‍ അവരുടെ വേതനത്തില്‍ നിന്നും പിടിച്ച് നല്‍കുകയും ചെയ്തു.  ഇത് ദാനധര്‍മ്മത്തിന്‍റെ പ്രസക്തി എത്രമാത്രം വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നു എന്നതും അവരുടെ നന്മയും സൂചിപ്പിക്കുന്നു. 

ഇനിയാണ് നമ്മള്‍ ചോദ്യത്തിലേക്ക് കടക്കുന്നത്. സകാത്ത് എന്ന് പറയുന്നത് ഒരു നിര്‍ബന്ധ ദാനധര്‍മ്മമാണ്. അത് മറ്റു ദാനധര്‍മ്മങ്ങളെപ്പോലെ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. അതാര്‍ക്കാണ് ബാധകമാകുന്നത്, അതിന്‍റെ അവകാശികള്‍ ആര്, ഏതെല്ലാം ഇനങ്ങളിലാണ് അത് നിര്‍ബന്ധമാകുന്നത് തുടങ്ങി സകാത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്ലിംകള്‍ക്ക് ഇടയില്‍ത്തന്നെ എല്ലാ ഇനങ്ങള്‍ക്കും, അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സകാത്തിന്‍റെ പണം ഉപയോഗിക്കാന്‍ അനുവാദമില്ല.  ഉദാ: ഒരാള്‍ ഒരു മസ്ജിദ് ഉണ്ടാക്കാന്‍ സകാത്തില്‍ നിന്ന് നല്‍കാന്‍ വിചാരിച്ചാല്‍ പോലും അനുവദനീയമല്ല. പള്ളിയുണ്ടാക്കാന്‍ സ്വദഖയായി വേറെത്തന്നെ നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. സകാത്ത് അതിന്‍റെ അവകാശിക്കും നല്‍കണം.

ഒരു പൊതു ദുരിതാശ്വാസനിധിയിലേക്ക് സകാത്തിന്‍റെ സംഖ്യ നല്‍കുമ്പോള്‍ അത് അവകാശികളായ ആളുകളിലേക്കും, അല്ലാത്തവരിലേക്കും, സകാത്ത് അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും ഒക്കെ വിനിയോഗിക്കപ്പെടാം. മാത്രമല്ല സകാത്ത് മുസ്ലിംകളായ ആളുകളില്‍ നിന്ന് മാത്രം നിര്‍ബന്ധദാനധര്‍മ്മമായി പിരിച്ചെടുക്കുന്നതും അവരിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതുമായ ഒന്നാണ്. അമുസ്ലിംകളില്‍ ഇസ്ലാമിനോട് ആഭിമുഖ്യമുള്ള പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്കും (مؤلفة القلوب) അത് നല്‍കാം. ഒരു മുസ്‌ലിം ഭരണാധികാരിയുടെ വിവേചനാധികാരമനുസരിച്ച് അപ്രകാരമുള്ള അവിശ്വാസികള്‍ക്ക്‌ നല്‍കപ്പെട്ടിരുന്നു. നബി (സ) അമുസ്‌ലിംകളായ പല ഗോത്ര നേതാക്കന്മാര്‍ക്കും സകാത്തില്‍ നിന്നും നല്‍കിയിരുന്നു. ഒന്നുകില്‍ അവരുടെ ഇണക്കമുള്ള മനസ്സിനെ നിലനിര്‍ത്താനോ, അല്ലെങ്കില്‍ ഇടഞ്ഞുനില്‍ക്കുന്ന മനസ്സിനെ ഇണക്കമുള്ളതാക്കാനോ നല്‍കപ്പെടുന്ന ഒന്നാണത്. എന്നാല്‍ അടിസ്ഥാനപരമായി മുസ്ലിംകളിലെ ധനികരില്‍ നിന്ന് പിരിച്ചെടുക്കപ്പെടുകയും അവരിലെ ദരിദ്രര്‍ക്ക് നല്‍കപ്പെടുകയും ചെയ്യുന്ന ഒരു നിര്‍ബന്ധ ദാനമാണ് സകാത്ത്. 

ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ മറ്റു ദാനധര്‍മ്മങ്ങളെപ്പോലെ പൊതുവായ അര്‍ത്ഥത്തില്‍ എന്ത് നന്മക്കും ചിലവഴിക്കാവുന്ന ഒന്നല്ല അത്. മുസ്ലിംകള്‍ക്ക് തന്നെ എല്ലാ കാര്യത്തിനും സകാത്ത് ഉപയോഗിക്കാവതല്ല. അതുകൊണ്ടാണ് പള്ളിയുണ്ടാക്കാന്‍ പോലും സകാത്തില്‍ നിന്ന് എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞത്.  അത് അതിന്‍റെ അവകാശികളായ ആളുകളിലേക്ക് എത്തേണ്ട ഒന്നാണ്. പൊതു ആവശ്യത്തിനുപയോഗപ്പെടുത്തുന്ന ഒന്നല്ല. പെട്ടെന്ന് മനസിലാവാന്‍ ഒരു ചെറിയ ഉദാഹരണം പറയാം: സര്‍ക്കാര്‍ തന്നെ അതിന്‍റെ പണം വകമാറ്റി ചിലവഴിക്കാന്‍ സര്‍ക്കാരിനാകുമോ ?. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ ഇരിക്കുന്ന പണം മുഴുവന്‍ ദുരിതാശ്വാസത്തിലേക്ക് നല്‍കാന്‍ സാധിക്കുമോ ?. ഇല്ല. കാരണം അതിന്‍റെ ഓരോന്നിന്‍റെയും അവകാശികള്‍ നിര്‍ണിതമാണ്. എന്നത് പോലെയാണ് സകാത്തും. അതിന്‍റെ അവകാശികള്‍ നിര്‍ണിതമാണ്.

 അതുകൊണ്ട് പൊതു ദുരിതാശ്വാസ നിധികളിലേക്ക് തങ്ങളുടെ സ്വദഖയില്‍ നിന്നും ദാനധര്‍മ്മങ്ങളില്‍ നിന്നും അകമഴിഞ്ഞ് നല്‍കുക. സകാത്തില്‍ നിന്ന് അതിലേക്ക് നല്‍കാവതല്ല. കാരണം സകാത്ത് ചിലവഴിക്കപ്പെടേണ്ട കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും അത് വിനിയോഗിക്കപ്പെട്ടേക്കാം. അതുകൊണ്ട്  സകാത്ത് അതിന്‍റെ അവകാശികളാണ് എന്ന് കൃത്യമായി ബോധ്യമുള്ള ആളുകള്‍ക്ക് മാത്രം നല്‍കുക. കാരണം അവകാശികള്‍ക്ക് എത്തിയാലേ സകാത്ത് വീടൂ.

 അപ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായേക്കാം (في سبيل الله) എന്ന ഇനത്തില്‍ എല്ലാ നന്മകള്‍ക്കും സകാത്ത് നല്‍കാം എന്ന് വരില്ലേ എന്ന്.

في سبيل الله  എന്നതിന് പൊതുവായ ഒരര്‍ത്ഥവും പ്രത്യേകമായ ഒരര്‍ത്ഥവും ഉണ്ട്. അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്ന പുണ്യകരമായ ഏത് മാര്‍ഗത്തിനും في سبيل الله    എന്ന് പറയാം. ഇതാണ് പൊതുവായ അര്‍ഥം. ജിഹാദ് അഥവാ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരം ഇതാണ് പ്രത്യേകമായ അര്‍ഥം. ആ അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

في سبيل اللهഎന്ന പദത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നല്ലകാര്യങ്ങള്‍ക്കും സകാത്ത് ഉപയോഗിക്കാം എന്ന വാദം ദുര്‍ബലമാണ്‌. ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു : “കാരണം നമ്മള്‍ സകാത്തിന്‍റെ അവകാശികളെ തിട്ടപ്പെടുത്തുന്ന ആയത്തിലെ (في سبيل الله) ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്നതിനെ, അതിന്‍റെ പൊതുവായ അര്‍ത്ഥപ്രകാരം വ്യാഖ്യാനിച്ചാല്‍ ആയത്തിന്‍റെ ആരംഭത്തില്‍ إنما   എന്ന പ്രയോഗത്തിലൂടെ സകാത്തിന്‍റെ അവകാശികളെ അല്ലാഹു പരിമിതപ്പെടുത്തിയത് നിഷ്ഫലമാകും”. – (الشرح الممتع).

അഥവാ ഏതൊരു പുണ്യകര്‍മ്മത്തിനും സകാത്തില്‍ നിന്ന് നല്‍കാമെങ്കില്‍ 8 അവകാശികളെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ട് അവര്‍ക്ക് നല്‍കിയാലേ സകാത്ത് വീടൂ എന്ന് അവകാശികളെ പ്രത്യേകം പരിമിതപ്പെടുത്തേണ്ടതില്ലല്ലോ. മാത്രമല്ല അവകാശികളെ പരാമര്‍ശിച്ച (سورة التوبة : 60) എന്ന ആയത്തില്‍ ‘ഫീ സബീലില്ലാഹ്’ എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്  പരിമിതമായ അര്‍ത്ഥമാണ് എന്ന് സൂചിപ്പിക്കുന്ന സ്വഹീഹായ അസറുകള്‍ സ്വഹാബത്തില്‍ നിന്നും വന്നിട്ടുമുണ്ട്. 

അതുകൊണ്ട് പൊതുവായ ദുരിതാശ്വാസ നിധിയിലേക്ക് നാം നമ്മുടെ ദാനധര്‍മ്മങ്ങളില്‍ നിന്നും അകമഴിഞ്ഞ് നല്‍കുക. സകാത്ത് അതിന്‍റെ നിര്‍ണിതമായ അവകാശികള്‍ക്കും നല്‍കുക. പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്നവരില്‍ ധാരാളം സകാത്തിന്‍റെ അവകാശികള്‍ ഉണ്ടാകും അവര്‍ക്ക് സകാത്തിന്‍റെ ധനം എത്തിക്കുക. സകാത്തിന്‍റെ അവകാശികളെ പരിഗണിച്ച് നല്‍കുന്ന ദുരിതാശ്വാസ ഫണ്ട് ഉണ്ടെങ്കില്‍ അതിന് സകാത്തില്‍ നിന്നും നല്‍കാം. എന്നാല്‍ പലപ്പോഴും ദുരിതാശ്വാസനിധി എന്നത് ഒരു പൊതു ഫണ്ട് ആണ്. അത് സകാത്ത് അനുവദിക്കപ്പെടുന്ന കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും വിനിയോഗിച്ചേക്കാം. അതിനാല്‍ അതിലേക്ക് സകാത്തിന്‍റെ ധനം നല്‍കാവതല്ല. മറ്റു സ്വദഖകള്‍ നല്‍കുക.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ ?

ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ ?

ചോദ്യം:  എന്‍റെ ഒരു സ്നേഹിതന്‍റെ രണ്ടാം ഭാര്യക്ക് അവളുടെ വീട് വെച്ചതുമായി ബന്ധപ്പെട്ട് ഒരു സംഖ്യ കടം ഉണ്ട്.  സ്നേഹിതന്‍റെ സക്കാത്ത് അവന്‍റെ ഭാര്യയുടെ കടം വീട്ടാനായി അവൾക്കു നൽകാൻ പാടുണ്ടോ ?.  ഭാര്യയുടെ സക്കാത്ത് ഭർത്താവിന് കൊടുക്കാം എന്ന് താങ്കൾ എഴുതിക്കണ്ടു. അങ്ങിനെ എങ്കിൽ ഭർത്താവിന്‍റെ സകാത്ത് വിഹിതം വാങ്ങാൻ ഭാര്യക്ക് അർഹതയില്ലേ, അവൾ കടക്കാരിയാണെങ്കിൽ പ്രത്യേകിച്ചും. 

താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഭാര്യയെന്നത് ഒരാള്‍ നിര്‍ബന്ധമായും ചിലവിന് കൊടുക്കേണ്ട തന്‍റെ നിര്‍ബന്ധ ബാധ്യതയില്‍പ്പെട്ടവളാണ്. എന്നാല്‍ ഭര്‍ത്താവിന് ചിലവിന് കൊടുക്കാന്‍ ഭാര്യ ബാധ്യസ്ഥയല്ല. അതുകൊണ്ട് അത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. അടിസ്ഥാനപരമായി ഒരാള്‍ താന്‍ നിര്‍ബന്ധമായും ചിലവിന് കൊടുത്തിരിക്കേണ്ട ബന്ധങ്ങള്‍ക്ക്, ആ ചിലവ് സകാത്ത് ഇനത്തില്‍ നല്‍കാവതല്ല. അതായത് താന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒരു കാര്യത്തില്‍ നിന്നും ഒഴിയാന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട സകാത്തിനെ വിനിയോഗിക്കാന്‍ പാടില്ല എന്നര്‍ത്ഥം.

എന്നാല്‍ അവരുടെ കടബാധ്യത തന്‍റെ ബാധ്യതയില്‍ പെടാത്ത കാര്യമായതുകൊണ്ട്, സ്വന്തമായി കടം വീട്ടാന്‍ കഴിവില്ലാത്തവരാണ് അവര്‍ എങ്കില്‍, താന്‍ ചിലവിന് കൊടുക്കുന്നവരാണ്‌ എങ്കില്‍പ്പോലും കടം വീട്ടാനായി അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം.

അതുകൊണ്ട് ഫഖീര്‍, മിസ്കീന്‍ എന്നീ കാരണങ്ങളാല്‍ ഭാര്യക്ക് സകാത്തില്‍ നിന്ന് നല്‍കാവതല്ല. കാരണം അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ധനമില്ലാതെ വരുന്നതിനാണ് ഫഖീര്‍ മിസ്കീന്‍. ആ അടിസ്ഥാന ആവശ്യങ്ങള്‍ ഒരു ഭര്‍ത്താവിന്‍റെ മേല്‍ സകാത്തല്ലാതെത്തന്നെ നിര്‍ബന്ധമാണ്‌.  എന്നാല്‍ സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാരി എന്ന ഇനത്തില്‍ ഭാര്യക്ക് തന്‍റെ സകാത്തില്‍ നിന്നും നല്‍കാം.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) നല്‍കിയ ഈ മറുപടിയില്‍ ഈ വിഷയത്തിലെ നല്‍കാവുന്ന സാഹചര്യവും നല്‍കാന്‍ പാടില്ലാത്ത സാഹചര്യവും വേര്‍തിരിക്കുന്ന മാനദണ്ഡം മനസ്സിലാക്കാന്‍ സാധിക്കും:

دفع الزكاة إلى أصله وفرعه أعني آباءه وأمهاته وإن علوا ، وأبناءه وبناته وإن نزلوا إن كان لإسقاط واجب عليه لم تجزئه ، كما لو دفعها ليسقط عنه النفقة الواجبة لهم عليه إذا استغنوا بالزكاة ، أما إن كان في غير إسقاط واجب عليه ، فإنها تجزئه ، كما لو قضى بها ديناً عن أبيه الحي ، أو كان له أولاد ابن وماله لا يحتمل الإنفاق عليهم وعلى زوجته وأولاده ، فإنه يعطي أولاد ابنه من زكاته حينئذ ؛ لأن نفقتهم لا تجب عليه في هذه الحال

“തന്‍റെ ഉസൂലിനും അതുപോലെ ഫുറൂഇനും സകാത്തില്‍ നിന്നും നല്‍കുന്നത്, അഥവാ മാതാപിതാക്കള്‍ അത് എത്ര മുകളിലോട്ടും, തന്‍റെ ആണ്‍ മക്കളും പെണ്‍മക്കളും അതെത്ര താഴോട്ടും അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കുന്നത്, താന്‍ അവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട വല്ല ബാധ്യതക്കും പകരമായാണ് എങ്കില്‍ അതുകൊണ്ട് അയാളുടെ സകാത്ത് വീടുകയില്ല. അതുപോലെ അവന്‍ അവര്‍ക്ക് ചിലവിന് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് സകാത്തില്‍ നിന്നും നല്‍കുന്നത് എങ്കില്‍ അതും അനുവദനീയമല്ല. എന്നാല്‍ തന്‍റെ മേല്‍ ഉള്ള ബാധ്യതയല്ലാത്ത ഒരു കാര്യത്തിനാണ് നല്‍കിയത് എങ്കില്‍, ഉദാ: ജീവിച്ചിരിക്കുന്ന തന്‍റെ പിതാവിന്‍റെ കടം പോലുള്ള കാര്യങ്ങള്‍ക്കാണ് എങ്കില്‍ സകാത്ത് വീടും. അതുപോലെ തന്‍റെ മകന് മക്കള്‍ ഉണ്ടായിരിക്കുകയും ഭാര്യക്കും, മക്കള്‍ക്കും കൂടി ചിലവിന് നല്‍കാന്‍ ഉള്ള വരുമാനം ആ മകന് ഇല്ലാതിരിക്കുകയും ചെയ്‌താല്‍, സകാത്തിന് അര്‍ഹരായ ആ മകന്‍റെ മക്കള്‍ക്ക് തന്‍റെ സകാത്തില്‍ നിന്നും നല്‍കുക എന്നതും അനുവദനീയമാണ്. കാരണം അവര്‍ക്ക് ചിലവിന് നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനല്ല.” – [മജ്മൂഉ ഫതാവ : 18/415]

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

എനിക്ക് ഒരു ലക്ഷം ശമ്പളം, 19 ലക്ഷം കടമുണ്ട്, 9 ലഷം ഷെയറും, 30 പവന്‍ ബേങ്കില്‍ പണയം വെച്ചിട്ടുമുണ്ട്. സകാത്ത് കൊടുക്കണോ ?.

എനിക്ക് ഒരു ലക്ഷം ശമ്പളം, 19 ലക്ഷം കടമുണ്ട്, 9 ലഷം ഷെയറും, 30 പവന്‍ ബേങ്കില്‍ പണയം വെച്ചിട്ടുമുണ്ട്. സകാത്ത് കൊടുക്കണോ ?

ചോദ്യം: എനിക്ക് ജോലി അബൂധാബിയിൽ ആണ്. മാസം ഒരു ലക്ഷം ശമ്പളമുണ്ട്. എനിക്ക് 19 ലക്ഷത്തോളം കടമുണ്ട്. കിട്ടുന്ന ശമ്പളം കടം വീട്ടാനും വീട്ടു ചിലവിനുമായി ഉപയോഗിക്കുന്നു.

എനിക്ക് ഒരു കച്ചവട സ്ഥാപനത്തിൽ ഷെയർ ഉണ്ട് 9 ലക്ഷം. അതിൽ നിന്നും വരുമാനം ഒന്നും കിട്ടാൻ തുടങ്ങിയിട്ടില്ലാ. ഭാര്യക്കു 30 പവൻ സ്വർണാഭരണം ഉണ്ട് അതു ഞാൻ ബാങ്കിൽ പണയം വച്ചിരിക്കുകയാണ്. ഞാൻ സകാത്ത്  കൊടുക്കാൻ ബാധ്യസ്ഥാനാണോ ?. 

 

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

നിങ്ങളുടെ ചോദ്യത്തിലുള്ള ഭാഗങ്ങള്‍ എല്ലാം മുന്‍പ് നാം വിശദീകരിച്ചവയാണ്. എങ്കിലും മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടും എന്ന നിലക്ക് ലളിതമായി വിശദീകരിക്കുകയാണ്.

താങ്കളുടെ കൈവശം മിനിമം ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് തതുല്യമായ കറന്‍സി ഏകദേശം 23000 രൂപ, പണമായോ കച്ചവട വസ്തുവായോ ഒരു ഹിജ്റ വര്‍ഷക്കാലം ബേസിക് ബാലന്‍സ് ആയി (മിനിമം ബാലന്‍സ്) ആയി നിലകൊള്ളുന്നയാളാണ് താങ്കള്‍ എങ്കില്‍ ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും താങ്കള്‍ സകാത്ത് കണക്കുകൂട്ടി നല്‍കണം.

ഉദാ: ഒരു ഹിജ്റ വര്‍ഷം പരിഗണിച്ചാല്‍,  എന്‍റെ കയ്യിലെ മിനിമം തുക 23000 ത്തെക്കാള്‍ താഴെ പോകാറില്ല, അത് കാശ് ആയോ, കച്ചവട വസ്തുവായോ ഉണ്ടായാല്‍ മതി. എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. താങ്കളുടെ ചോദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ് എന്നാണ് മനസ്സിലാകുന്നത്. ഒരു മുസ്‌ലിം നിസ്വാബ് ഉടമപ്പെടുത്തുകയും ഹൗല്‍ തികയുകയും ചെയ്‌താല്‍ സകാത്ത് നിര്‍ബന്ധമാണ്‌ എന്ന് ചുരുക്കം. 

എന്‍റെ കയ്യില്‍ നിസ്വാബ് (സകാത്ത് നിര്‍ബന്ധമാകുന്ന പരിധി) തികഞ്ഞ ദിവസം മുതല്‍ ഒരു ഹിജ്റ വര്‍ഷം കണക്കാക്കിയാണ് സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി നിര്‍ണയിക്കുന്നത്. താങ്കള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി സകാത്ത് കൊടുത്ത് വരുന്ന വ്യക്തിയാണ് എങ്കില്‍ ആ തിയ്യതി തന്നെ ഈ വര്‍ഷവും തുടര്‍ന്നാല്‍ മതി. ഇനി ഇല്ലായെങ്കില്‍ ഇന്ന് തന്നെ കണക്കുകൂട്ടുകയും ഇനി വര്‍ഷാവര്‍ഷം ഇതേ തിയ്യതി കണക്കാക്കുകയും ചെയ്‌താല്‍ മതി.

താങ്കളുടെ സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റില്‍ കണക്കാക്കേണ്ടത് ഇപ്രകാരമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:

തന്‍റെ കൈവശമുള്ള കറന്‍സി + തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം + തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.

ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ഉദാ: കൈവശം 1 ലക്ഷം ഉണ്ട്.  അക്കൗണ്ടില്‍ 2 ലക്ഷവും. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്‍ ഉണ്ട് 4 ലക്ഷം. മൊത്തം 7 ലക്ഷം. അതിന്‍റെ രണ്ടര ശതമാനം സകാത്തായി  നല്‍കണം. അതായത് 700000 x 2.5÷100 = 17500. അഥവാ 17500 സകാത്തായി നല്‍കണം.

ഇനി നിക്ഷേപം, കടം എന്നിവ :

കടത്തിന്‍റെ ഇനത്തിലേക്ക് നിങ്ങള്‍ അടച്ച തുക സ്വാഭാവികമായും നിങ്ങളുടെ കൈവശം ഉണ്ടാവില്ല. അതുകൊണ്ട് അത് കണക്കില്‍ വരുന്നില്ല. ഇനി അടക്കാനുള്ള തുക, അടക്കാനുണ്ട് എന്ന പേരില്‍ ഇപ്പോള്‍ കൈവശമുള്ള സംഖ്യയില്‍ നിന്നും കുറക്കാനും സാധ്യമല്ല.

നിക്ഷേപത്തിന്‍റെ ഇനം നോക്കിയേ ഇപ്പോള്‍ കൊടുക്കാന്‍ ബാധ്യസ്ഥനാണോ അല്ലയോ എന്ന് പറയാന്‍ സാധിക്കൂ. അതുകൊണ്ട് നിക്ഷേപത്തെക്കുറിച്ച് നാം മുന്‍പ് എഴുതിയത് ഇവിടെ നല്‍കുന്നു: 

ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:

സേവനാധിഷ്ടിതമായ ബിസിനസ്: അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ  മുടക്ക് മുതലിന് സകാത്തില്ല.  സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ്‌ ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.

ഉദാ: ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര  ശതമാനം ആണ് നല്‍കേണ്ടത്.  ഇനി അവരുടെ കൈവശം സ്റ്റോക്ക്‌ എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. 

ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.

അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും  ബാധ്യസ്ഥനായിരിക്കും.

ഉദാ:  പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക്‌ ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക്‌ 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത് 2700000 X 2.5 ÷ 100 =   67500.  അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.

സ്റ്റോക്ക്‌ എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക്‌ എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍  യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.

താങ്കളുടെ ഭാര്യയുടെ സ്വര്‍ണ്ണം: സ്വര്‍ണ്ണം പണയം വെച്ച് പലിശക്ക് കടമെടുക്കല്‍ വളരെ ഗൗരവപരമായ പാപമാണ്. പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് ബാധകമാണ്. ഇനി അത് മുന്‍കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ നല്‍കിയില്ലെങ്കില്‍ അതിനും നല്‍കണം.

30 പവന്‍ എന്നാല്‍ 240 ഗ്രാം സ്വര്‍ണ്ണം ആണ്. അതിന്‍റെ രണ്ടര ശതമാനം എന്ന് പറയുന്നത് 6ഗ്രാം സ്വര്‍ണ്ണം. അത് സ്വര്‍ണ്ണമായോ അതിന് തതുല്യമായ കറന്‍സിയായോ നല്‍കാവുന്നതാണ്. അതുകൊണ്ട് താങ്കളുടെ ഭാര്യ ആ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥയാണ്. ആ സ്വര്‍ണ്ണം താങ്കള്‍ക്ക് കടമായി നല്‍കിയതാണ് എങ്കില്‍, താങ്കളുടെ കൈവശമായതിനാല്‍ താങ്കളാണ് നല്‍കേണ്ടത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

എനിക്ക് റെഡിമെയ്ഡ് ഷോപ്പ്, ആട് ഫാം, ജിംനേഷ്യം എന്നിവയുണ്ട്. സകാത്ത് എങ്ങനെ കണക്കാക്കാം ?.

എനിക്ക് റെഡിമെയ്ഡ് ഷോപ്പ്, ആട് ഫാം, ജിംനേഷ്യം എന്നിവയുണ്ട്. സകാത്ത് എങ്ങനെ കണക്കാക്കാം ?

എനിക്ക് ഒരു റെഡിമെയ്ഡ് ഷോപ്പ് ഉണ്ട്(50%ഷെയർ ബ്രദർ ഉണ്ട് ).

ഒരു ജിം ഉണ്ട് (50%ഷെയർ ഫ്രണ്ട് ഉണ്ട് ).

2മാസം മുൻപ്  24ആടുകൾ ഉള്ള സ്വന്തം ഫാം തുടങ്ങി (സ്ഥലം ഭാര്യന്‍റെ 17sent).

8 വർഷമായി ഷോപ്പ് തുടങ്ങിട്ട്, 80%ക്യാഷ് ഇട്ടത് ബ്രദർ ആണ്. 30% ക്യാഷ് ഞാൻ കടം വീട്ടണം . ഞാൻ ആണ് ഷോപ്പ് നടത്തുന്നത് പ്രോഫിറ്റ് 65% + 15000rs മാസം ശമ്പളം എനിക്കും , 35%പ്രോഫിറ്റ് ബ്രദറിനും.

ഇതു വരെ 2.5 lakh മൊതലും ലാഭവും കൂടി കൊടുക്കാൻ പറ്റിയുളൂ കാരണം ബിസിനസ് വളരെ കുറവാണ്. ആദ്യം ഷോപ്പിൽ ഇട്ട മൊതലിൽ നിന്നും കുറവാണ് ഇപ്പോൾ ഉള്ള സ്റ്റോക്ക്. മൊത്തം ഒന്നും മനസ്സിൽ ആകാത്ത ഒരു അവസ്ഥ (ലാഭവും മൊതലും) കുറേ ഡെഡ് സ്റ്റോക്കും ഉണ്ട്.

ജിം ലാഭത്തിൽ നിന്നും 2.5% ഈ കഴിഞ്ഞ വർഷംവരെ സകാത്ത് കൊടുത്തു

ആട് ഫാം തുടങ്ങിട്ട് 2മാസം ആയുള്ളൂ.

എനിക്ക് 3 പെണ്ണ് മക്കൾ, വീട് സ്വന്തം ആയില്ല, ബ്രദർനു   ഇപ്പോൾ ഏകദേശം 9ലക്ഷം (ഷോപ്പിന്റെ പേരിൽ) കടം വീടാൻ ഉണ്ട്, ഫാമിന്‍റെ പേരിൽ 3.75 ലക്ഷം കടം ഉണ്ട് (ഫാം ഇതു വരെ മൊത്തം 7ലക്ഷം ചിലവായി ). സ്വർണം 2 വർഷം മുൻപ് വരെ സകാത്ത് കൊടുത്തു ഇപ്പോൾ സ്വർണം വിറ്റു ഉപയോഗതിന്നു വളരെ കുറച്ചു മാത്രം ഉള്ളൂ. 

പള്ളി കുറി വെക്കുന്നുണ്ട്  7.5 ലക്ഷം (പകുതി അടച്ചു തീർന്നു ). കുറി വന്നില്ല.

ഹെൽപ് ചെയ്യാൻ പറ്റുമോ

സകാത്ത് കൊടുക്കാൻ വളരെ ആഗ്രഹം ഉണ്ട്

ഒന്നും മനസിലാകുന്നില്ല അതാ………

 

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد

وعليكم السلام ورحمة الله وبركاته .

സാധാരണ ഓരോ വ്യക്തിയുടെയും സകാത്ത് പ്രത്യേകമായി കണക്ക് കൂട്ടി നല്‍കാറില്ല. എന്നാല്‍ പൊതുവായി ഓരോ ഇനങ്ങളും എങ്ങനെ കണക്ക് കൂട്ടണം എന്ന് നാം വിശദീകരിച്ചതിനാലും, ഓരോരുത്തര്‍ക്കും സകാത്ത് കണക്കുകൂട്ടി നല്‍കുക എന്നത് വളരെ പ്രയാസകരമായതിനാലുമാണ് അവ പരിഗണിക്കാത്തത്.

എന്നാല്‍ നിങ്ങളുടെ ആഗ്രഹം കണക്കിലെടുത്തും, മറ്റുള്ളവര്‍ക്ക് ഒരു കേസ് സ്റ്റഡി എന്ന നിലക്ക് പഠനാര്‍ഹമാകും എന്നതും കണക്കാക്കിയാണ് ഈ ചോദ്യം പരിഗണിക്കുന്നത്. താങ്കളുടെ ആഗ്രഹത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. കാര്യങ്ങള്‍ കൃത്യമായി വിശദമാക്കാന്‍ എനിക്കും, മനസ്സിലാക്കാന്‍ താങ്കള്‍ക്കും വായനക്കാര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.

ഓരോന്നോരോന്നായി നമുക്ക് കണക്കാക്കാം:

നമുക്ക് കടമുണ്ടെങ്കിലും സകാത്ത് ബാധകമാകുന്ന നിബന്ധനകളോടെ നമ്മുടെ കൈവശം ഒരു ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുന്നവക്ക് സകാത്ത് നല്‍കാന്‍ നാം ബാധ്യസ്ഥരാകും. സകാത്ത് ബാധകമാകുന്നതിന് മുന്പായി കടം വീട്ടിയാല്‍ സ്വാഭാവികമായും കണക്കില്‍ ആ സംഖ്യ വരുകയുമില്ല. അതുകൊണ്ട് നിങ്ങളുടെ കടം എന്നത് താല്‍ക്കാലികമായി നാം പരിഗണിക്കുന്നില്ല.

കട: സത്യത്തില്‍ സ്റ്റോക്കും, കടയുടെ അസറ്റ് (വസ്തു വകകള്‍) തുടങ്ങിയവ കണക്കാക്കി, അതുപ്രകാരം മുടക്കുമുതല്‍ കിഴിച്ചശേഷം അധികം ലഭിക്കുന്ന തുകയാണ് ലാഭം എന്ന് പറയുന്നത്. അവ മുഴുവന്‍ കണക്കാക്കിയാലും മുടക്ക് മുതലിനേക്കാള്‍ താഴുന്ന അവസ്ഥയിലേക്ക് ബിസിനസ് തളര്‍ന്നാല്‍ താങ്കള്‍ക്ക് ലാഭം എന്ന ഇനത്തില്‍ ഒന്നുമുണ്ടാകില്ല. ശമ്പളം മാത്രമേ ഉണ്ടാകൂ. സാന്ദര്‍ഭികമായി സൂചിപ്പിച്ചതാണ്. അല്ലാഹു നിങ്ങളുടെ സംരഭം വിജയിപ്പിച്ചു തരട്ടെ …

കടയുടെ സകാത്ത്: ഓരോ വര്‍ഷവും നിങ്ങള്‍ സകാത്ത് കൊടുക്കണം. കൈവശമുള്ള മൊത്തം സ്റ്റോക്കിന്‍റെ വില്പന മൂല്യം കണക്കാക്കുക. ഉദാ: 100 രൂപക്ക് നിങ്ങള്‍ വാങ്ങിയ സാധനം ഏകദേശം 15% പ്രോഫിറ്റ് ഇട്ടാണ് വില്‍ക്കുന്നത് എങ്കില്‍ 115 രൂപ ആണ് കണക്കാക്കേണ്ടത് എന്നര്‍ത്ഥം. സ്റ്റോക്ക്‌ കണക്കാക്കിയ ശേഷം. കടയുടേതായി കൈവശമുള്ള കറന്‍സി കണക്കാക്കുക. അതിന്‍റെ രണ്ടര ശതമാനമാണ് സകാത്ത്. ഒരുമിച്ച് നല്‍കുകയോ, നിങ്ങളുടെ ഷെയര്‍ അനുസരിച്ച് നിങ്ങള്‍ നല്‍കുകയും, സഹോദരന്‍റെ ഷെയര്‍ അനുസരിച്ച് അദ്ദേഹം നല്‍കുകയും ചെയ്യുകയോ ചെയ്യുക.

ഡെഡ് സ്റ്റോക്ക്‌, വില്‍ക്കാന്‍ സാധിക്കാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്കിനാണ് ഡെഡ് സ്റ്റോക്ക്‌ എന്ന് പറയുന്നത്. അതിനെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അത് വില്‍ക്കുമ്പോള്‍ എത്ര വിലയിട്ടാണോ വിറ്റൊഴിക്കുന്നത് അത് കണക്കാക്കി ആ സമയം നല്‍കിയാല്‍ മതി.

ബ്രദറും നിങ്ങളും തമ്മിലുള്ള കടബാധ്യതകള്‍ ഈ കണക്കില്‍ ബാധകമാകുന്നില്ല. നിങ്ങള്‍ക്ക് എത്ര ഉടമസ്ഥതയുണ്ടോ അത് നിങ്ങള്‍ നല്‍കണം. ബ്രദറിന് എത്ര ഉടമസ്ഥത ഉണ്ടോ അത് അദ്ദേഹവും നല്‍കണം. അല്ലെങ്കില്‍ ഒരുമിച്ച് കണക്കാക്കി പരസ്പര അറിവോടെ നല്‍കിയാലും മതി.

ആട് ഫാം: മേഞ്ഞ് തിന്നുന്നതും, ക്ഷീരോല്‍പാദനം സന്താനോല്‍പാദനം എന്നിവ ലക്ഷ്യം വച്ചുള്ളതുമാണ് എങ്കില്‍ കാലികളുടെ സകാത്ത് ആണ് അതിന് ബാധകമാകുക. 40 ആട് തികഞ്ഞ് ഒരു ഹിജ്റ വര്‍ഷം പിന്നിടുമ്പോള്‍ ഒരാടിനെ സകാത്തായി നല്‍കണം. ചെമ്മരിയാടില്‍ നിന്നും 6 മാസം തികഞ്ഞ പെണ്ണാടിനെയും, കൊലാടില്‍ നിന്നും ഒരു വയസ് തികഞ്ഞ പെണ്ണാടിനെയുമാണ് സകാത്തായി നല്‍കേണ്ടത്. 121 ആടായാല്‍ രണ്ടാടിനെ നല്‍കണം. അത് 201 മുതല്‍ 300 വരെ 3 ആട്. പിന്നെ ഓരോ നൂറിനും ഒരാട് എന്ന അനുപാതത്തില്‍ 400ന് നാലാട്. 500ന് അഞ്ചാട് എന്ന തോതില്‍. 

വിലകൊടുത്ത് ഭക്ഷണം എത്തിച്ച് കൊടുക്കുന്ന ആടാണ് എങ്കില്‍ അവക്ക് കാലികളുടെ സകാത്ത് ബാധകമല്ല. അതില്‍നിന്നുള്ള വരുമാനത്തില്‍ നിന്ന് അവശേഷിക്കുന്ന തുകക്കേ സകാത്ത് ബാധകമാകൂ. നിങ്ങളുടെ വാര്‍ഷിക സകാത്ത് കണക്കുകൂട്ടുമ്പോള്‍ സ്വാഭാവികമായും കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുമല്ലോ. അത് പ്രത്യേകം വേറെ കണക്കാക്കേണ്ടതില്ല എന്നര്‍ത്ഥം. ഓരോരുത്തര്‍ക്കും കിട്ടിയത് കയ്യില്‍ അവശേഷിക്കുന്നുവെങ്കില്‍ തന്‍റെ സകാത്ത് കണക്കുകൂട്ടുമ്പോള്‍ അതില്‍ കണക്കില്‍പ്പെടും. 

എന്നാല്‍ കച്ചവടാവശ്യമുള്ള ആടാണ് എങ്കില്‍ അഥവാ (ആരെങ്കിലും ചോദിച്ചു വന്നാല്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ) വളര്‍ത്തുന്ന ആടാണ് എങ്കില്‍  അതിന്‍റെ മൊത്തം വിലയുടെ രണ്ടര ശതമാനം ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും നല്‍കണം. ഇവിടെ ആടിന്‍റെ എണ്ണം ബാധകമല്ല. നേരത്തെ സൂചിപ്പിച്ച സാധാ കച്ചവട വസ്തുവിന്‍റെ സകാത്ത് പോലെത്തന്നെ ഇതും. എത്രയാണോ ആവറേജ് മാര്‍ക്കറ്റ് വില കാണുന്നത് അതിന്‍റെ രണ്ടര ശതമാനം നല്‍കണം.

ജിം: അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നും നിങ്ങളുടെ പക്കല്‍ അവശേഷിക്കുന്ന തുക സ്വാഭാവികമായും നിങ്ങളുടെ കണക്കില്‍വരും. നിങ്ങളുടെ സുഹൃത്തിന്‍റേത് അദ്ദേഹത്തിന്‍റെ കണക്കിലും. അഥവാ അതില്‍ മുടക്ക് മുതലിനല്ല സകാത്ത് കിട്ടുന്ന വരുമാനത്തിനാണ്. ആ വരുമാനം വ്യക്തികള്‍ എന്ന നിലക്ക് നിങ്ങളുടെ കൈകളിലേക്ക് വരുമ്പോള്‍, പണം അവശേഷിക്കുന്നുവെങ്കില്‍ സ്വാഭാവികമായും നിങ്ങളുടെ കണക്കില്‍ അത് ഉള്‍പ്പെടും. ഇനി പ്രത്യേക അക്കൗണ്ടിലോ മറ്റോ ജിമ്മിന്‍റെ കാശ് പ്രത്യേകമായി സൂക്ഷിക്കുന്നുണ്ട് എങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. അവിടത്തെ ഉപയോഗ വസ്തുക്കള്‍ക്ക് സകാത്ത് ബാധകമാകുകയില്ല.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍… അല്ലാഹു അനുഗ്രഹിക്കട്ടെ … നിങ്ങളുടെയും സഹോദരന്‍റെയും സമ്പത്തില്‍ അഭിവൃദ്ധിയും അനുഗ്രഹവും ചൊരിയട്ടെ . 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത കടം സകാത്തായി പരിഗണിച്ച് വിട്ടു കൊടുക്കാമോ ?

തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത കടം സകാത്തായി പരിഗണിച്ച് വിട്ടു കൊടുക്കാമോ ?

ചോദ്യം: എനിക്ക് ഒരാള്‍ കടം താരാനുണ്ട്. അയാള്‍ക്ക് തരാന്‍ ആഗ്രഹമുണ്ട് , പക്ഷെ സാധിക്കുന്നില്ല. അയാള്‍ക്കിപ്പോള്‍ അത് തിരികെ നല്‍കാന്‍  ബുന്ധിമുട്ടുണ്ട്. എനിക്കയാള്‍ തരാനുള്ള പൈസ, എന്‍റെ സകാത്തായി കണക്കാക്കി വിട്ടുകൊടുക്കാന്‍ പറ്റുമ്മോ ?. 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഒരാള്‍ക്ക് കടം തിരികെ നല്‍കാന്‍ സാധിക്കാത്ത പക്ഷം അത് വിട്ടുവീഴ്ച ചെയ്ത് കൊടുക്കുകയോ, സമയം അധികരിപ്പിച്ച് കൊടുക്കുകയോ ഒക്കെ ചെയ്യുകയെന്നാല്‍ അത്യധികം പുണ്യകരമായ കാര്യമാണ്. അല്ലാഹു പറയുന്നു:

وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

“ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍”. – [അല്‍ബഖറ: 280].

എന്നാല്‍ താന്‍ മറ്റൊരാള്‍ക്ക് കടം എന്ന ഉദ്ദേശത്തോടെ നല്‍കുകയും, പിന്നീട് തിരികെ ലഭിക്കാതെ വരുമ്പോള്‍ അത് സകാത്തായി പരിഗണിച്ച് വിട്ട് കൊടുക്കുകയും ചെയ്യല്‍ അനുവദനീയമല്ല എന്നതാണ് ബഹുഭൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. കാരണം അത് കടം എന്ന ഉദ്ദേശത്തില്‍ ആണ് അയാള്‍ക്ക് നല്‍കിയത്. ഏത് ഉദ്ദേശത്തിലാണ് നാം നല്‍കിയത് എന്നത് വളരെ പ്രസക്തമാണ്. കാരണം إنما الأعمال بالنيات കര്‍മ്മങ്ങളെല്ലാം അവയുടെ നിയ്യത്ത് അനുസരിച്ചാണ് കണക്കാക്കപ്പെടുന്നത്. തിരികെ നല്‍കാന്‍ പ്രയാസമാകുമ്പോള്‍ അത് സകാത്തായി പരിഗണിക്കുക എന്നത് , ഏതായാലും താന്‍ സകാത്ത് നല്‍കാണമല്ലോ ആ അര്‍ത്ഥത്തിലെങ്കിലും അത് ഈടാക്കാം എന്ന നിലക്കാണ്. അവിടെ സകാത്ത് അര്‍ഹന് നല്‍കുക എന്ന ഉദ്ദേശത്തെക്കാള്‍ തന്‍റെ ധനം നഷ്ടപ്പെടാതെ നോക്കുക എന്നതാണ് പ്രകടമാകുന്നത്.

ഇമാം നവവി (റ) പറയുന്നു:    

إذا كان لرجل علي معسر دين فأراد أن يجعله عن زكاته وقال له جعلته عن زكاتي فوجهان حكاهما صاحب البيان (أصحهما) لا يجزئه وهو مذهب أبى حنيفة وأحمد

“ഒരാള്‍ക്ക് തിരിച്ചടക്കാന്‍ കഴിയാത്ത ഞെരുക്കക്കാരനായ ഒരാളില്‍ നിന്നും കടം തിരികെ ലഭിക്കാനുണ്ടാകുകയും, അത് തന്‍റെ സകാത്തായി കണക്കാക്കാന്‍ അയാള്‍ ഉദ്ദേശിച്ച് അയാളോട് ‘ഞാനത് എന്‍റെ സകാത്തായി കണക്കാക്കി നിനക്ക് വിട്ടുതന്നിരിക്കുന്നു’ എന്ന് പറയുകയും ചെയ്‌താല്‍, അതില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. അതില്‍ ശരിയായ അഭിപ്രായം, അത് സകാത്തായി സാധുവാകുകയില്ല എന്നതാണ്. അതാണ്‌ ഇമാം അബൂ ഹനീഫയുടെയും, ഇമാം അഹ്മദിന്‍റെയും അഭിപ്രായവും” – [المجموع വോ:6 പേ:210]. ഇമാം ഹസനുല്‍ ബസ്വരി (റ), അത്വാഅ് (റ) തുടങ്ങിയവരില്‍ നിന്നും ഒറ്റപ്പെട്ട അഭിപ്രായമാണ് അത് സാധുവാകും എന്ന നിലക്കുള്ളത്. 

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) എന്തുകൊണ്ട് സാധുവാകുകയില്ല എന്നത് വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ الشرح الممتع على زاد المستقنع എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

مسألة: إبراء الغريم الفقير بنية الزكاة.

صورتها: رجل له مدين فقير يطلبه ألف ريال، وكان على هذا الطالب ألف ريال زكاة، فهل يجوز أن يسقط الدائن عن المدين الألف ريال الذي عليه بنية الزكاة؟

الجواب: أنه لا يجزئ قال شيخ الإسلام: بلا نزاع، وذلك لوجوه هي:

الأول: أن الزكاة أخذ وإعطاء قال تعالى: {خُذْ مِنْ أَمْوَالِهِمْ صَدَقَةً} [التوبة: 103] وهذا ليس فيه أخذ.

الثاني: أن هذا بمنزلة إخراج الخبيث من الطيب قال تعالى: {وَلاَ تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ} [البقرة: 267] ووجه ذلك أنه سيخرج هذا الدين عن زكاة عين، فعندي مثلاً أربعون ألفاً، وزكاتها ألف ريال، وفي ذمة فقير لي ألف ريال، والذي في حوزتي هو أربعون ألف ريال، وهي في يدي وتحت تصرفي، والدين الذي في ذمة المعسر ليس في يدي.

ومعلوم نقص الدين عن العين في النفوس، فكأني أخرج رديئاً عن جيد وطيب فلا يجزئ.

الثالث: أنه في الغالب لا يقع إلا إذا كان الشخص قد أيس من الوفاء، فيكون بذلك إحياء وإثراء لماله الذي بيده؛ لأنه الآن سيسلم من تأدية ألف ريال.

മസ്അല: സകാത്ത് എന്ന ഉദ്ദേശത്തോടെ കടക്കാരന് കടം ഒഴിവാക്കിക്കൊടുക്കല്‍.  അതിന്‍റെ രൂപം: ഒരാള്‍ തനിക്ക് 1000 റിയാല്‍ കടം തിരിച്ച് തരാനുള്ള പാവപ്പെട്ട ഒരാളോട് അത് തിരികെ ആവശ്യപ്പെടുന്നു. അതേ സമയം താന്‍ സകാത്ത് എന്ന നിലക്ക് 1000 റിയാല്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇവിടെ അയാള്‍ തിരിച്ച് തരാനുള്ള ആ 1000 റിയാല്‍ താന്‍ നല്‍കേണ്ട സകാത്തായി പരിഗണിച്ച് ആ കടബാധ്യത വിട്ടുകൊടുക്കാന്‍ പറ്റുമോ എന്നതാണ്.

ഉത്തരം: അത് സകാത്തായി കണക്കാക്കാന്‍ പറ്റുകയില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) അതില്‍ തര്‍ക്കമില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. താഴെ പറയുന്ന കാരണങ്ങളാലാണത്: 

ഒന്ന്: സകാത്ത് ഒരാളുടെ ധനത്തില്‍ നിന്ന് എടുത്ത് നല്‍കലാണ്. അല്ലാഹു പറയുന്നു: خُذْ مِنْ أَمْوَالِهِمْ صَدَقَةً , “(പ്രാവച്ചകരെ) അവരുടെ ധനത്തില്‍ നിന്നും, (ഒരു നിര്‍ബന്ധ) ദാനധര്‍മ്മം പിരിച്ചെടുക്കുക”. ഇവിടെ എടുക്കുക എന്നത് നടപ്പാകുന്നില്ല.വിട്ടുവീഴ്ച ചെയ്യുക എന്നതെ സംഭവിക്കുന്നുള്ളൂ. 

രണ്ട്: അത് മോശമായത് ദാനധര്‍മ്മത്തിന് വേണ്ടി മാറ്റിവെക്കുന്നത് പോലെയാണ്. അല്ലാഹു പറയുന്നു: “وَلاَ تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ”, “മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌”. അതിവിടെ ബാധകമാണെന്ന് പറയാന്‍ കാരണം, തന്‍റെ കൈവശമുള്ള ധനത്തിന്‍റെ സകാത്തായാണല്ലോ ഈ കിട്ടാത്ത കടം അവന്‍ കണക്കാക്കുന്നത്. ഉദാ: എന്‍റെ കയ്യില്‍ 40000 റിയാല്‍ ഉണ്ട്. അതിന്‍റെ സകാത്ത്  1000 റിയാല്‍ ആണ്. പാവപ്പെട്ട ആളില്‍ നിന്നും തിരികെ ലഭിക്കാന്‍ 1000 റിയാലും ഉണ്ട്. 40000 എന്‍റെ കയ്യിലുണ്ട്. എന്‍റെ ആവശ്യങ്ങള്‍ക്കത് ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ തിരികെ നല്‍കാന്‍ കഴിയാത്ത പാവപ്പെട്ടവന്‍റെ കൈവശമുള്ള കടം എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്തതാണ്. (അതാണ്‌ ഞാന്‍ സകാത്തായി പരിഗണിക്കുന്നത്). സ്വാഭാവികമായും കൈവശമുള്ള പണത്തെ അപേക്ഷിച്ച് തിരികെ കിട്ടാത്ത ആ പണം താഴ്ന്നതാണ്. അതുകൊണ്ട് താഴ്ന്നത് സകാത്തിന് വേണ്ടി നീക്കിവെക്കുക എന്നതിനോടത് സാമ്യപ്പെടുന്നു.

മൂന്ന്‍: സാധാരണ നിലക്ക് കിട്ടുമെന്ന് പ്രതീക്ഷയില്ലാതെ വരുമ്പോഴാണ്  ഒരാള്‍, തന്‍റെ സകാത്തില്‍ നിന്നും എന്ന് കണക്കാക്കി അത് വിട്ടു കൊടുക്കാന്‍ തയ്യാറാകാറുള്ളത്. അപ്പോള്‍ തന്‍റെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. കാരണം (കിട്ടാന്‍ സാധ്യതയില്ലാത്ത 1000) സകാത്തായി പരിഗണിക്കുന്നതിലൂടെ താന്‍ നല്‍കേണ്ട ആയിരം ഒഴിവായിക്കിട്ടുമല്ലോ.   – [الشرح الممتع , വോ: 6 പേ: 237].

കാര്യങ്ങള്‍ വ്യക്തമായല്ലോ. സൗദി അറേബ്യയിലെ പണ്ഡിത സഭയും ഇതേ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്. [http://www.alifta.net/fatawa/fatawaDetails.aspx?languagename=ar&BookID=5&View=Page&PageNo=5&PageID=4258].

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ള ഒരു കാര്യം. എനിക്ക് കടം തിരികെ തരാനുള്ള ഒരാള്‍ക്ക് അയാള്‍ സകാത്തിന് അര്‍ഹനാണ് എങ്കില്‍,  അയാള്‍ക്ക് എന്‍റെ കൈവശമുള്ള സകാത്തില്‍ നിന്നും നല്‍കാമോ എന്നതാണ്. നല്‍കാം പക്ഷെ, ഞാന്‍ നല്‍കുന്ന സകാത്തില്‍ നിന്നും എന്‍റെ കടം തിരികെ തരണം എന്ന് ഉപാധി വെക്കാന്‍ പാടില്ല. അപ്രകാരം ഉപാധി വെച്ചാല്‍ തന്‍റെ സകാത്ത് വീടുകയില്ല എന്നത് എകാഭിപ്രായമുള്ള കാര്യമാണ് എന്ന് ഇമാം നവവി സൂചിപ്പിച്ചത് കാണാം. – [المجموع വോ:6 പേ:211]. എന്നാല്‍ നിരുപാധികം, അയാള്‍ സകാത്തിന് അര്‍ഹനാണ് എന്നത് മാത്രം കണക്കിലെടുത്ത് ഞാന്‍ അയാള്‍ക്ക് എന്‍റെ കൈവശമുള്ള സകാത്തിന്‍റെ പണം നല്‍കുകയും, ഞാന്‍ ഉപാധി വെക്കുകയോ, ആവശ്യപ്പെടുകയോ ഒന്നും ചെയ്യാതെ അയാള്‍ സ്വയം ആ പണവുമായി എനിക്ക് തന്നെ നല്‍കാനുള്ള കടം വീട്ടാന്‍ വരുകയും ചെയ്‌താല്‍, എനിക്കത് സ്വീകരിക്കാവുന്നതും എന്‍റെ സകാത്ത് വീടുന്നതുമായിരിക്കും. കാരണം എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്തിന് അര്‍ഹനാണ് എന്നത് മാത്രം പരിഗണിച്ചുകൊണ്ട്‌ മറ്റു ലക്ഷ്യങ്ങളില്ലാതെയാണ് അയാള്‍ക്ക് ധനം നല്‍കിയത്. അയാള്‍ അതുകൊണ്ട് കടം വീട്ടുകയും ചെയ്തു. ഞാന്‍ ഉപാധി വെക്കാത്തതുകൊണ്ട് മറ്റേതൊരാളുടെ കടം അയാള്‍ വീട്ടുന്നുവോ അതു വീട്ടുന്നതുപോലെത്തന്നെ എനിക്ക് നല്‍കാനുള്ള കടവും വരുന്നുള്ളൂ.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?.

പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഇസ്ലാമികമായ പണയം എന്ന് പറയുന്നത് സാധാരണ നിലക്ക് കടം വാങ്ങുന്നതിന് ഈട് നല്‍കുക എന്നത് മാത്രമാണ്. എന്നാല്‍ പലിശക്ക് കടമെടുക്കുന്നതിന് ഈടായി സ്വര്‍ണ്ണം വെക്കുന്ന നമ്മുടെ നാട്ടിലെ പതിവ് സ്വര്‍ണ്ണപ്പണയം അനിസ്‌ലാമികവും അത്യധികം ഗുരുതരമായ പാപവുമാണ്. നമ്മുടെ കൈവശം സ്വര്‍ണ്ണമുണ്ടാവുകയും നമുക്ക് ഒരാവശ്യം നേരിടുകയും ചെയ്‌താല്‍ ആ സ്വര്‍ണ്ണം വിറ്റ്‌ കാര്യം നിര്‍വഹിക്കുകയോ, ഹലാലായ രൂപത്തില്‍ ഉള്ള കടം വാങ്ങുകയോ ആണ് ചെയ്യേണ്ടത്. പലിശയില്‍ അധിഷ്ഠിതമായ സ്വര്‍ണ്ണപ്പണയത്തെ അവലംബിക്കരുത്. അല്ലാഹു പൊറുത്ത് തരട്ടെ. ആത്മാര്‍ത്ഥമായി തൗബ ചെയ്യുകയും ഇനി ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

നിങ്ങള്‍ ചോദിച്ച ചോദ്യവുമായി ബന്ധപ്പെട്ട് പണയം വെച്ച (ഈടായി നല്‍കിയ) വസ്തുവാണ് എന്നതുകൊണ്ട്‌ അതില്‍ സകാത്ത് ബാധകമാകാതാകുന്നില്ല. പണയം വെച്ച സമ്പത്തിനും അവ സകാത്ത് ബാധകമാകുന്ന ഇനത്തില്‍ പെടുന്നതും, പരിധിയെത്തിയതുമാണ് എങ്കില്‍ മറ്റേത് സകാത്ത് നല്‍കേണ്ട ധനത്തെയും പോലെ അതിനും സകാത്ത് ബാധകമാകും.

ഇമാം നവവി (റ) പറയുന്നു:

” لو رهن ماشية أو غيرها من أموال الزكاة ، وحال الحول وجبت فيها الزكاة ؛ لتمام الملك “

“ഒരാള്‍ കാളികളോ മറ്റു സകാത്ത് ബാധകമാകുന്ന വസ്തുക്കളോ പണയം (ഈടായി) നല്‍കിയാല്‍ അതിന്‍റെ ഹൗല്‍ പൂര്‍ത്തിയാകുമ്പോള്‍ അതിന് സകാത്ത് ബാധകമാകും. കാരണം തതവസരത്തില്‍ പൂര്‍ണമായും അതിന്‍റെ ഉടമസ്ഥത  തന്നില്‍ നിലനില്‍ക്കുന്നു” – [المجموع വോ: 5 പേ: 343 . അദ്ദേഹം നല്‍കിയ ചര്‍ച്ചയില്‍ നിന്നും സംഗ്രഹിച്ച് രേഖപ്പെടുത്തിയ പദങ്ങളാണ് മുകളില്‍]. 

ഇമാം ഖിറഖി (റ) പറയുന്നു: 

ومن رهن ماشية فحال عليها الحول أدى منها إذا لم يكن له مال يؤدي عنها والباقي رهن

“ആരെങ്കിലും കാലികളെ പണയം (ഈട്) വെക്കുകയും അതിന്‍റെ ഹൗല്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌താല്‍, അവന്‍റെ കയ്യില്‍ നല്‍കാനായി മറ്റു ധനമില്ലെങ്കില്‍ ആ പണയപ്പെടുത്തിയത്തില്‍ നിന്ന് തന്നെ നല്‍കണം. ബാക്കി പണയമായി അവശേഷിക്കും.” – [مختصر الخرقي , പേജ്: 44]

അതുപോലെ ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു: 

لِأَنَّ الزَّكَاةَ مِنْ مُؤْنَةِ الرَّهْنِ، وَمُؤْنَةُ الرَّهْنِ تَلْزَمُ الرَّاهِنَ

“സകാത്ത് നല്‍കുക എന്നത് ഈട്‌ വെച്ച (പണയം വെച്ച) വസ്തുവിന്‍റെ ചിലവില്‍പ്പെട്ടതാണ്. ആ ചിലവ് വഹിക്കേണ്ടത് അതിന്‍റെ ഉടമസ്ഥനായ പണയം വെച്ച വ്യക്തി തന്നെയാണ്” – [المغني വോ: 2 പേ: 511]. തുടര്‍ വിശദീകരണത്തില്‍ സകാത്ത് പാവപ്പെട്ടവരുടെ അവകാശമാണ് എന്നും, ഈട്‌ വെക്കപ്പെട്ട വസ്തുവില്‍ കടം നല്‍കിയ വ്യക്തിക്കുള്ള, കടം തിരികെ നല്‍കാതെ വന്നാല്‍ മാത്രം തന്‍റെ പണം അതില്‍നിന്നും പിടിക്കാവുന്ന അവകാശത്തെക്കാള്‍ വലിയ അവകാശമാണ് പാവപ്പെട്ടവര്‍ക്ക് അതിലുള്ള അവകാശംഎന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഏതായാലും പണയം അഥവാ താന്‍ വാങ്ങിയ കടത്തിന് ഈടായി കടം നല്‍കിയ വ്യക്തിക്ക് നല്‍കുന്ന വസ്തു സകാത്ത് ബാധകമാകുന്ന വസ്തുവാണ് എങ്കില്‍ ഓരോ ഹൗല്‍ (ഹിജ്റ വര്‍ഷം) പൂര്‍ത്തിയാകുമ്പോഴും അതിന്‍റെ സകാത്ത് നല്‍കണം.

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ളത്, നമ്മുടെ നാട്ടില്‍ പലിശക്ക് കടം വാങ്ങുന്നതിന് സ്വര്‍ണ്ണം ഈട്‌ വെക്കുന്ന സ്വര്‍ണ്ണപ്പണയം പോലെ കണ്ടു വരുന്ന വലിയൊരു വിപത്താണ്. കടം നല്‍കുന്ന വ്യക്തി പണയ വസ്തു ഉപയോഗിക്കുക എന്നത്. ഉദാ: ഒരാള്‍ക്ക് അഞ്ചു ലക്ഷം രൂപ കടം നല്‍കുകയും, അതിന് ഈട്‌ എന്ന നിലക്ക് അയാളുടെ വാഹനം, വീട് തുടങ്ങിയവ വാങ്ങി ആ പണം തിരികെ നല്‍കുന്നത് വരെ അത് ഉപയോഗിക്കുക എന്നത്. ഇത് പലിശയുടെ ഇനത്തില്‍പ്പെടുന്ന ഗൗരവപരമായ കാര്യമാണ്. ഒരാള്‍ ആ വാഹനത്തില്‍ സഞ്ചരിക്കുന്നുവെങ്കില്‍, വീട്ടില്‍ താമസിക്കുന്നുവെങ്കില്‍ അതിന്‍റെ മാന്യമായ വാടക കൊടുക്കണം. അല്ലാതെ ഈട് വസ്തു ഉപയോഗിക്കാന്‍ പാടില്ല. കടം നല്‍കിയതിന്‍റെ പേരില്‍ കടത്തിന് പുറമേ ഈടാക്കുന്ന ഉപകാരങ്ങളെല്ലാം പലിശയുടെ ഗണത്തിലാണ് പെടുക.

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com