കടം വീട്ടാൻ വേണ്ടി വെച്ച സംഖ്യക്ക് സകാത്ത് കൊടുക്കണോ ?
ചോദ്യം: എൻ്റെ സാധാരണ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതി റമദാൻ പതിനഞ്ചിനാണ്. എൻ്റെ കൈവശമുള്ള ഏകദേശം ഇരുപത്തഞ്ചു ലക്ഷം രൂപ ആ തിയ്യതിക്ക് ഒരാഴ്ചക്ക് ശേഷം മറ്റൊരാൾക്ക് നൽകാനുള്ളതാണ്. അതായത് എൻ്റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി കഴിഞ്ഞു ഒരാഴ്ചക്ക് ശേഷമേ അയാൾക്ക് പണം നൽകേണ്ട തിയ്യതിയെത്തൂ. അപ്പോൾ ആ പണത്തിന് സകാത്ത് നൽകാൻ ഞാൻ ബാധ്യസ്ഥനാണോ ?.
ഉത്തരം:
الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛
നമുക്കറിയാവുന്ന പോലെ സകാത്ത് എന്നത് വാർഷിക ബാധ്യതയാണല്ലോ. കൈവശമുള്ള ധനത്തിനു ഒരു ഹിജ്‌റ വർഷം തികഞ്ഞാൽ അതിനു സകാത്ത് കൊടുക്കാൻ നാം ബാധ്യസ്ഥരാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതിക്ക് മുന്നേ നിങ്ങളുടെ മേലുള്ള കടം കൊടുത്ത് വീട്ടുകയാണ് എങ്കിൽ നിങ്ങൾക്ക് ആ പണത്തിന് സകാത്ത് ബാധകമാകുകയില്ല. എന്നാൽ സകാത്ത് നൽകേണ്ട തിയ്യതി വന്നെത്തിയാൽ നിങ്ങളുടെ കൈവശം ആ പണം ഉണ്ട് എങ്കിൽ പിന്നീട് കടം വീട്ടാൻ എന്ന ഉദ്ദേശത്തോടെ വകയിരുത്തിയതാണെങ്കിലും അതിൻ്റെ സകാത്ത് നൽകണം എന്നതാണ് കൊടുത്താൽ സൂക്ഷ്മമായ അഭിപ്രായം.
മുസ്വന്നഫ് അബ്ദുറസാഖിൽ ഉസ്മാൻ ബ്ൻ അഫ്ഫാൻ (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ട ഒരു അസറിൽ ഇപ്രകാരം കാണാം. അദ്ദേഹം ജനങ്ങളോട് ഇപ്രകാരം ഉപദേശിക്കാറുണ്ടായിരുന്നു:
من كان عليه دين فليقضه ثم ليزك
“ആരുടെയെങ്കിലും മേൽ കടമുണ്ടെങ്കിൽ അവനത് വീട്ടട്ടെ. ശേഷം സകാത്ത് കൊടുക്കട്ടെ” . – [مصنف عبد الرزاق: 7087].
അഥവാ കടമുള്ള ഒരാൾ ആ കടം വീട്ടിയ ശേഷം ബാക്കി കൈവശമുള്ള ധനത്തിനു സകാത്ത് കൊടുത്താൽ മതി. എന്നാൽ കടം ഇപ്പോൾ വീട്ടുന്നില്ലയെങ്കിൽ ആ തുക സകാത്തിൽ നിന്ന് ഒഴിവാകുകയുമില്ല. അതുകൊണ്ടു ബാധ്യതകൾ ഉള്ളവർ അത് സകാത്ത് കണക്കുകൂട്ടുന്നതിന് മുൻപായി കൊടുത്ത് വീട്ടുക. എന്നാൽ സകാത്ത് കണക്കുകൂട്ടുന്നതിന് മുൻപായി കൊടുത്ത് വീട്ടാത്ത തുക സകാത്തിൽ നിന്നും ഒഴിവാകുന്നുമില്ല. എത്രത്തോളമെന്നാൽ ചില പണ്ഡിതന്മാർ ഒരാളുടെ കയ്യിലുള്ള സംഖ്യക്ക് ഒരു ഹിജ്‌റ വർഷം തികഞ്ഞാൽ പിന്നെ നിരുപാധികം സകാത്ത് നൽകാൻ ബാദ്യസ്ഥനാണ് എന്ന് അഭിപ്രായപ്പെട്ടത് കാണാം. ഇനി ആ ദിവസം അയാൾ കടം അടച്ചുതീർക്കാൻ പോകുകയാണെങ്കിൽപ്പോലും സകാത്ത് ബാധകമായിക്കഴിഞ്ഞു എന്നർത്ഥം. ശൈഖ് ഇബ്നു ബാസ് (റ) ഈ അഭിപ്രായക്കാരനാണ്. അതുകൊണ്ടു ഒന്നുകിൽ നിങ്ങളുടെ സകാത്ത് കണക്കുകൂട്ടാനുള്ള സമയം വന്നെത്തുന്നതിന് മുൻപ് കടങ്ങൾ കൊടുത്ത് വീട്ടുക. അതല്ലെങ്കിൽ ആ പണത്തിൻറെ സകാത്ത് കൊടുക്കുക ഇതാണ് സൂക്ഷമവും പ്രബലവുമായ നിലപാട്.
സാന്ദർഭികമായി സൂചിപ്പിക്കാനുള്ളത് ഓരാൾ വീടുണ്ടാക്കാൻ വേണ്ടിയോ, സംരംഭം തുടങ്ങാൻ വേണ്ടിയോ, വിവാഹത്തിനായോ ഒക്കെ നീക്കിവെച്ച പണമാണെങ്കിലും ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും അതിന്റെ സകാത്ത് കൊടുക്കണം.
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna.com