എനിക്ക് റെഡിമെയ്ഡ് ഷോപ്പ്, ആട് ഫാം, ജിംനേഷ്യം എന്നിവയുണ്ട്. സകാത്ത് എങ്ങനെ കണക്കാക്കാം ?.

എനിക്ക് റെഡിമെയ്ഡ് ഷോപ്പ്, ആട് ഫാം, ജിംനേഷ്യം എന്നിവയുണ്ട്. സകാത്ത് എങ്ങനെ കണക്കാക്കാം ?

എനിക്ക് ഒരു റെഡിമെയ്ഡ് ഷോപ്പ് ഉണ്ട്(50%ഷെയർ ബ്രദർ ഉണ്ട് ).

ഒരു ജിം ഉണ്ട് (50%ഷെയർ ഫ്രണ്ട് ഉണ്ട് ).

2മാസം മുൻപ്  24ആടുകൾ ഉള്ള സ്വന്തം ഫാം തുടങ്ങി (സ്ഥലം ഭാര്യന്‍റെ 17sent).

8 വർഷമായി ഷോപ്പ് തുടങ്ങിട്ട്, 80%ക്യാഷ് ഇട്ടത് ബ്രദർ ആണ്. 30% ക്യാഷ് ഞാൻ കടം വീട്ടണം . ഞാൻ ആണ് ഷോപ്പ് നടത്തുന്നത് പ്രോഫിറ്റ് 65% + 15000rs മാസം ശമ്പളം എനിക്കും , 35%പ്രോഫിറ്റ് ബ്രദറിനും.

ഇതു വരെ 2.5 lakh മൊതലും ലാഭവും കൂടി കൊടുക്കാൻ പറ്റിയുളൂ കാരണം ബിസിനസ് വളരെ കുറവാണ്. ആദ്യം ഷോപ്പിൽ ഇട്ട മൊതലിൽ നിന്നും കുറവാണ് ഇപ്പോൾ ഉള്ള സ്റ്റോക്ക്. മൊത്തം ഒന്നും മനസ്സിൽ ആകാത്ത ഒരു അവസ്ഥ (ലാഭവും മൊതലും) കുറേ ഡെഡ് സ്റ്റോക്കും ഉണ്ട്.

ജിം ലാഭത്തിൽ നിന്നും 2.5% ഈ കഴിഞ്ഞ വർഷംവരെ സകാത്ത് കൊടുത്തു

ആട് ഫാം തുടങ്ങിട്ട് 2മാസം ആയുള്ളൂ.

എനിക്ക് 3 പെണ്ണ് മക്കൾ, വീട് സ്വന്തം ആയില്ല, ബ്രദർനു   ഇപ്പോൾ ഏകദേശം 9ലക്ഷം (ഷോപ്പിന്റെ പേരിൽ) കടം വീടാൻ ഉണ്ട്, ഫാമിന്‍റെ പേരിൽ 3.75 ലക്ഷം കടം ഉണ്ട് (ഫാം ഇതു വരെ മൊത്തം 7ലക്ഷം ചിലവായി ). സ്വർണം 2 വർഷം മുൻപ് വരെ സകാത്ത് കൊടുത്തു ഇപ്പോൾ സ്വർണം വിറ്റു ഉപയോഗതിന്നു വളരെ കുറച്ചു മാത്രം ഉള്ളൂ. 

പള്ളി കുറി വെക്കുന്നുണ്ട്  7.5 ലക്ഷം (പകുതി അടച്ചു തീർന്നു ). കുറി വന്നില്ല.

ഹെൽപ് ചെയ്യാൻ പറ്റുമോ

സകാത്ത് കൊടുക്കാൻ വളരെ ആഗ്രഹം ഉണ്ട്

ഒന്നും മനസിലാകുന്നില്ല അതാ………

 

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد

وعليكم السلام ورحمة الله وبركاته .

സാധാരണ ഓരോ വ്യക്തിയുടെയും സകാത്ത് പ്രത്യേകമായി കണക്ക് കൂട്ടി നല്‍കാറില്ല. എന്നാല്‍ പൊതുവായി ഓരോ ഇനങ്ങളും എങ്ങനെ കണക്ക് കൂട്ടണം എന്ന് നാം വിശദീകരിച്ചതിനാലും, ഓരോരുത്തര്‍ക്കും സകാത്ത് കണക്കുകൂട്ടി നല്‍കുക എന്നത് വളരെ പ്രയാസകരമായതിനാലുമാണ് അവ പരിഗണിക്കാത്തത്.

എന്നാല്‍ നിങ്ങളുടെ ആഗ്രഹം കണക്കിലെടുത്തും, മറ്റുള്ളവര്‍ക്ക് ഒരു കേസ് സ്റ്റഡി എന്ന നിലക്ക് പഠനാര്‍ഹമാകും എന്നതും കണക്കാക്കിയാണ് ഈ ചോദ്യം പരിഗണിക്കുന്നത്. താങ്കളുടെ ആഗ്രഹത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. കാര്യങ്ങള്‍ കൃത്യമായി വിശദമാക്കാന്‍ എനിക്കും, മനസ്സിലാക്കാന്‍ താങ്കള്‍ക്കും വായനക്കാര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.

ഓരോന്നോരോന്നായി നമുക്ക് കണക്കാക്കാം:

നമുക്ക് കടമുണ്ടെങ്കിലും സകാത്ത് ബാധകമാകുന്ന നിബന്ധനകളോടെ നമ്മുടെ കൈവശം ഒരു ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുന്നവക്ക് സകാത്ത് നല്‍കാന്‍ നാം ബാധ്യസ്ഥരാകും. സകാത്ത് ബാധകമാകുന്നതിന് മുന്പായി കടം വീട്ടിയാല്‍ സ്വാഭാവികമായും കണക്കില്‍ ആ സംഖ്യ വരുകയുമില്ല. അതുകൊണ്ട് നിങ്ങളുടെ കടം എന്നത് താല്‍ക്കാലികമായി നാം പരിഗണിക്കുന്നില്ല.

കട: സത്യത്തില്‍ സ്റ്റോക്കും, കടയുടെ അസറ്റ് (വസ്തു വകകള്‍) തുടങ്ങിയവ കണക്കാക്കി, അതുപ്രകാരം മുടക്കുമുതല്‍ കിഴിച്ചശേഷം അധികം ലഭിക്കുന്ന തുകയാണ് ലാഭം എന്ന് പറയുന്നത്. അവ മുഴുവന്‍ കണക്കാക്കിയാലും മുടക്ക് മുതലിനേക്കാള്‍ താഴുന്ന അവസ്ഥയിലേക്ക് ബിസിനസ് തളര്‍ന്നാല്‍ താങ്കള്‍ക്ക് ലാഭം എന്ന ഇനത്തില്‍ ഒന്നുമുണ്ടാകില്ല. ശമ്പളം മാത്രമേ ഉണ്ടാകൂ. സാന്ദര്‍ഭികമായി സൂചിപ്പിച്ചതാണ്. അല്ലാഹു നിങ്ങളുടെ സംരഭം വിജയിപ്പിച്ചു തരട്ടെ …

കടയുടെ സകാത്ത്: ഓരോ വര്‍ഷവും നിങ്ങള്‍ സകാത്ത് കൊടുക്കണം. കൈവശമുള്ള മൊത്തം സ്റ്റോക്കിന്‍റെ വില്പന മൂല്യം കണക്കാക്കുക. ഉദാ: 100 രൂപക്ക് നിങ്ങള്‍ വാങ്ങിയ സാധനം ഏകദേശം 15% പ്രോഫിറ്റ് ഇട്ടാണ് വില്‍ക്കുന്നത് എങ്കില്‍ 115 രൂപ ആണ് കണക്കാക്കേണ്ടത് എന്നര്‍ത്ഥം. സ്റ്റോക്ക്‌ കണക്കാക്കിയ ശേഷം. കടയുടേതായി കൈവശമുള്ള കറന്‍സി കണക്കാക്കുക. അതിന്‍റെ രണ്ടര ശതമാനമാണ് സകാത്ത്. ഒരുമിച്ച് നല്‍കുകയോ, നിങ്ങളുടെ ഷെയര്‍ അനുസരിച്ച് നിങ്ങള്‍ നല്‍കുകയും, സഹോദരന്‍റെ ഷെയര്‍ അനുസരിച്ച് അദ്ദേഹം നല്‍കുകയും ചെയ്യുകയോ ചെയ്യുക.

ഡെഡ് സ്റ്റോക്ക്‌, വില്‍ക്കാന്‍ സാധിക്കാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്കിനാണ് ഡെഡ് സ്റ്റോക്ക്‌ എന്ന് പറയുന്നത്. അതിനെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അത് വില്‍ക്കുമ്പോള്‍ എത്ര വിലയിട്ടാണോ വിറ്റൊഴിക്കുന്നത് അത് കണക്കാക്കി ആ സമയം നല്‍കിയാല്‍ മതി.

ബ്രദറും നിങ്ങളും തമ്മിലുള്ള കടബാധ്യതകള്‍ ഈ കണക്കില്‍ ബാധകമാകുന്നില്ല. നിങ്ങള്‍ക്ക് എത്ര ഉടമസ്ഥതയുണ്ടോ അത് നിങ്ങള്‍ നല്‍കണം. ബ്രദറിന് എത്ര ഉടമസ്ഥത ഉണ്ടോ അത് അദ്ദേഹവും നല്‍കണം. അല്ലെങ്കില്‍ ഒരുമിച്ച് കണക്കാക്കി പരസ്പര അറിവോടെ നല്‍കിയാലും മതി.

ആട് ഫാം: മേഞ്ഞ് തിന്നുന്നതും, ക്ഷീരോല്‍പാദനം സന്താനോല്‍പാദനം എന്നിവ ലക്ഷ്യം വച്ചുള്ളതുമാണ് എങ്കില്‍ കാലികളുടെ സകാത്ത് ആണ് അതിന് ബാധകമാകുക. 40 ആട് തികഞ്ഞ് ഒരു ഹിജ്റ വര്‍ഷം പിന്നിടുമ്പോള്‍ ഒരാടിനെ സകാത്തായി നല്‍കണം. ചെമ്മരിയാടില്‍ നിന്നും 6 മാസം തികഞ്ഞ പെണ്ണാടിനെയും, കൊലാടില്‍ നിന്നും ഒരു വയസ് തികഞ്ഞ പെണ്ണാടിനെയുമാണ് സകാത്തായി നല്‍കേണ്ടത്. 121 ആടായാല്‍ രണ്ടാടിനെ നല്‍കണം. അത് 201 മുതല്‍ 300 വരെ 3 ആട്. പിന്നെ ഓരോ നൂറിനും ഒരാട് എന്ന അനുപാതത്തില്‍ 400ന് നാലാട്. 500ന് അഞ്ചാട് എന്ന തോതില്‍. 

വിലകൊടുത്ത് ഭക്ഷണം എത്തിച്ച് കൊടുക്കുന്ന ആടാണ് എങ്കില്‍ അവക്ക് കാലികളുടെ സകാത്ത് ബാധകമല്ല. അതില്‍നിന്നുള്ള വരുമാനത്തില്‍ നിന്ന് അവശേഷിക്കുന്ന തുകക്കേ സകാത്ത് ബാധകമാകൂ. നിങ്ങളുടെ വാര്‍ഷിക സകാത്ത് കണക്കുകൂട്ടുമ്പോള്‍ സ്വാഭാവികമായും കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുമല്ലോ. അത് പ്രത്യേകം വേറെ കണക്കാക്കേണ്ടതില്ല എന്നര്‍ത്ഥം. ഓരോരുത്തര്‍ക്കും കിട്ടിയത് കയ്യില്‍ അവശേഷിക്കുന്നുവെങ്കില്‍ തന്‍റെ സകാത്ത് കണക്കുകൂട്ടുമ്പോള്‍ അതില്‍ കണക്കില്‍പ്പെടും. 

എന്നാല്‍ കച്ചവടാവശ്യമുള്ള ആടാണ് എങ്കില്‍ അഥവാ (ആരെങ്കിലും ചോദിച്ചു വന്നാല്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ) വളര്‍ത്തുന്ന ആടാണ് എങ്കില്‍  അതിന്‍റെ മൊത്തം വിലയുടെ രണ്ടര ശതമാനം ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും നല്‍കണം. ഇവിടെ ആടിന്‍റെ എണ്ണം ബാധകമല്ല. നേരത്തെ സൂചിപ്പിച്ച സാധാ കച്ചവട വസ്തുവിന്‍റെ സകാത്ത് പോലെത്തന്നെ ഇതും. എത്രയാണോ ആവറേജ് മാര്‍ക്കറ്റ് വില കാണുന്നത് അതിന്‍റെ രണ്ടര ശതമാനം നല്‍കണം.

ജിം: അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നും നിങ്ങളുടെ പക്കല്‍ അവശേഷിക്കുന്ന തുക സ്വാഭാവികമായും നിങ്ങളുടെ കണക്കില്‍വരും. നിങ്ങളുടെ സുഹൃത്തിന്‍റേത് അദ്ദേഹത്തിന്‍റെ കണക്കിലും. അഥവാ അതില്‍ മുടക്ക് മുതലിനല്ല സകാത്ത് കിട്ടുന്ന വരുമാനത്തിനാണ്. ആ വരുമാനം വ്യക്തികള്‍ എന്ന നിലക്ക് നിങ്ങളുടെ കൈകളിലേക്ക് വരുമ്പോള്‍, പണം അവശേഷിക്കുന്നുവെങ്കില്‍ സ്വാഭാവികമായും നിങ്ങളുടെ കണക്കില്‍ അത് ഉള്‍പ്പെടും. ഇനി പ്രത്യേക അക്കൗണ്ടിലോ മറ്റോ ജിമ്മിന്‍റെ കാശ് പ്രത്യേകമായി സൂക്ഷിക്കുന്നുണ്ട് എങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. അവിടത്തെ ഉപയോഗ വസ്തുക്കള്‍ക്ക് സകാത്ത് ബാധകമാകുകയില്ല.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍… അല്ലാഹു അനുഗ്രഹിക്കട്ടെ … നിങ്ങളുടെയും സഹോദരന്‍റെയും സമ്പത്തില്‍ അഭിവൃദ്ധിയും അനുഗ്രഹവും ചൊരിയട്ടെ . 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

Leave a Comment