നല്ല അയല്‍ക്കാരന്‍

നല്ല അയല്‍ക്കാരന്‍

വളരെ നല്ലവനും ധനികനുമായ ഒരാളാണ് മുനീര്‍. അദ്ദേഹത്തിന് അഹ്മദ് എന്നു പേരുള്ള ഒരു അയല്‍ക്കാരനുണ്ട്. അഹ്മദ് വളരെ ദരിദ്രനാണ്. എന്താവശ്യമുണ്ടെങ്കിലും മുനീര്‍ അഹ്മദിനെ സഹായിക്കും. ധനികനാണെന്ന നാട്യമോ അഹങ്കാരമോ അദ്ദേഹത്തില്‍ ഒട്ടുമില്ല.

ഒരിക്കല്‍ മുനീര്‍ കച്ചവടാവശ്യാര്‍ഥം ദൂരെയെങ്ങോ പോയി. ഇടയ്ക്കിടെ അങ്ങനെ പോകാറുണ്ട്. പിന്നീട് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ആയിടയ്ക്കാണ് അഹ്മദിന്റെ ഭാര്യ തീരെ സുഖമില്ലാതെ ആശുപത്രിയില്‍ കിടപ്പിലായത്. താമസിയാതെ അവര്‍ക്ക് ഒരു ഓപ്പറേഷന്‍ ആവശ്യമാണെന്നും അല്ലാത്തപക്ഷം ജീവന്‍ രക്ഷപ്പെടില്ലെന്നും അതിന് ഭീമമായ സംഖ്യ വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ അഹ്മദ് വളരെയധികം ദുഃഖിതനായി. കൂലിപ്പണിക്കാരനായ തനിക്ക് ഭീമമായ ഒരു സംഖ്യ ആരെങ്കിലും കടംതരുമോ? ആരോടെങ്കിലും യാചിച്ച് കാശുണ്ടാക്കാന്‍ മനസ്സ് സമ്മതിക്കുന്നുമില്ല. മുനീര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ എന്തെങ്കിലും പോംവഴിയുണ്ടാകുമായിരുന്നു.

ഒടുവില്‍ അഹ്മദ് കാശുണ്ടാക്കാന്‍ ഒരു വഴി കണ്ടെത്തി; തന്റെ കൊച്ചുവീടും സ്ഥലവും വില്‍ക്കുക! ഭാര്യയുടെ ജീവനാണല്ലോ പ്രധാനം. അവള്‍ സുഖംപ്രാപിച്ച ശേഷം വല്ല വാടകവീട്ടിലും താമസിക്കാം.

വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ച വിവരമറിഞ്ഞ് ഒരു കച്ചവടക്കാരന്‍ അഹ്മദിനെ സമീപിച്ചു. അയാള്‍ വില പറഞ്ഞു; ഒരുലക്ഷം രൂപ.

”വെറും ഒരു ലക്ഷമോ” അഹ്മദ് ചോദിച്ചു.

”അതുതന്നെ അധികമാണ്. അതിന്റെ പകുതിപോലും കിട്ടാന്‍ മാത്രം ഈ വീടും സ്ഥലവുമില്ല” -കച്ചവടക്കാരന്‍ തറപ്പിച്ചു പറഞ്ഞു.

”സ്‌നേഹിതാ! ഒരു ലക്ഷത്തിന് ഈ വീടും സ്ഥലവും ഇല്ലായിരിക്കാം. പക്ഷേ, ഈ വീടിന് ഒരു അയല്‍ക്കാരനുണ്ട്; മുനീര്‍. ഉദാരനും മാന്യനും ഭക്തനുമായ ഒരു മനുഷ്യന്‍. ഞാന്‍ രോഗിയായാല്‍ അയാള്‍ എന്നെ സന്ദര്‍ശിക്കും. എന്റെ ആവശ്യങ്ങള്‍ ചോദിച്ചറിയും. എന്റെ സുഖത്തില്‍ സന്തോഷിക്കും. എന്റെ ദുഃഖത്തില്‍ അയാളും ദുഃഖിക്കും. ഇന്നേവരെ അയാളില്‍നിന്ന് മോശമായ ഒരു വാക്കുപോലും കേള്‍ക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല. എപ്പോള്‍ വരുമെന്നുമറിയില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ആവശ്യമായ സഹായം ചെയ്തു തന്നേനെ”-നല്ലവനായ അയല്‍വാസിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അഹ്മദിന്റെ കണ്ണുകള്‍ നിറഞ്ഞു.

ഈ വാക്കുകള്‍ കേട്ടപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു: ”മുനീറിനെപ്പോലുള്ള ഒരു അയല്‍വാസിയുണ്ടെങ്കില്‍ എത്രകിട്ടിയാലും ഈ വീട് വില്‍ക്കുന്നത് ശരിയല്ല. കാശിന് പടച്ചവന്‍ എന്തെങ്കിലും വഴി കാണിച്ചുതരും. ഞാന്‍ പോകുന്നു”.

ഇതും പറഞ്ഞ് കച്ചവടക്കാരന്‍ തിരിച്ചുപോയി. അഹ്മദ് കൂടുതല്‍ ദുഃഖിതനായി. ആകെയുള്ള ഒരു വഴിയായിരുന്നു വീടുവില്‍ക്കല്‍. അതും മുടങ്ങിയാല്‍ എന്തുചെയ്യും?

എന്നാല്‍ അന്നു രാത്രിതന്നെ മുനീര്‍ മടങ്ങിയെത്തി. വിവരങ്ങളെല്ലാം അറിഞ്ഞ മുനീര്‍ പിറ്റേദിവസം കാലത്തുതന്നെ ആശുപത്രിയിലെത്തി. അഹ്മദിന്റെ ഭാര്യയെ ആശ്വസിപ്പിച്ചു; രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിച്ചു. അഹ്മദിനെ അരികില്‍ വിളിച്ചുകൊണ്ട് മുനീര്‍ പറഞ്ഞു:

”സഹോദരാ, നിനക്ക് ആകെയുള്ള കിടപ്പാടം നീ വില്‍ക്കരുത്. നിന്നെ അയല്‍ക്കാരനായി എനിക്കുവേണം. നിന്റെ ഭാര്യയെ ചികിത്സിക്കാന്‍ കാശില്ലാതെ നീ വിഷമിക്കേണ്ട. എന്തു വന്നാലും അത് ഞാന്‍ വഹിക്കാം”.

സന്തോഷാധിക്യത്താല്‍ മുനീറിനെ കെട്ടിപ്പിടിച്ച് അഹ്മദ് വിതുമ്പിക്കരഞ്ഞു.

ഈ വിവരമറിഞ്ഞ പലരും തങ്ങള്‍ക്ക് മുനീറിനെപ്പോലുള്ള ഒരു അയല്‍വാസിയെ കിട്ടിയെങ്കില്‍ എന്നാശിച്ചുപോയി.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

അലിവുള്ള ഹൃദയം

അലിവുള്ള ഹൃദയം

വൈകുന്നേരം സ്‌കൂളില്‍നിന്നും മടങ്ങിയെത്തിയപ്പോള്‍ സലീമിന്റെ മുഖം വാടിയിരുന്നു. ഉമ്മ ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു:

”എനിക്കു വേണ്ട ഉമ്മാ…”

”എന്തുപറ്റി മോനേ നിനക്ക്, പനിക്കുന്നുണ്ടോ?”- ഉമ്മ അവനെ തൊട്ടുനോക്കി.

”എനിക്ക് പനിയും തലവേദനയുമൊന്നുമില്ലുമ്മാ.”

”പിന്നെ എന്തുപറ്റി നിനക്ക്? എന്താ ഭക്ഷണം വേണ്ടെന്നു പറഞ്ഞത്? സാധാരണ സ്‌കൂളില്‍നിന്നു വരാറുള്ളത് നല്ല വിശപ്പോടെയാണല്ലോ!”

”എന്റെ കൂട്ടുകാരന്‍ സുബൈര്‍ ഇന്ന് സ്‌കൂളില്‍ വന്നില്ല. അവന്‍ സുഖമില്ലാതെ കിടപ്പിലാണത്രെ.”

”കഷ്ടം! അവന്റെ അസുഖം അല്ലാഹു മാറ്റിക്കൊടുക്കട്ടെ. പക്ഷേ, അതിന് നീയിങ്ങനെ വിഷമിച്ചിരുന്നിട്ടെന്തുകാര്യം?”

”എനിക്ക് അവനെയൊന്നു സന്ദര്‍ശിക്കണം. രോഗിയെ സന്ദര്‍ശിക്കല്‍ മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍പെട്ട ഒന്നാല്ലോ. ഉമ്മ അതിന് അനുവാദം തരുമോ?”

”വളരെ നല്ലകാര്യം! എങ്കില്‍ മോന്‍ വേഗം പോയി വാ. ഇരുട്ടുംമുമ്പ് ഇങ്ങ് തിരിച്ചെത്തണം.”

സലീമിന്റെ മുഖം പ്രസന്നമായി. അവന്‍ സലാം പറഞ്ഞ് മുറ്റത്തിറങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു:

”സലീം! അവിടെ നില്‍ക്ക്.”

അവന്‍ നിന്നു. ഉമ്മ ഒരു നൂറുരൂപ നോട്ട് അവന്റെ കയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു:

”വെറും കയ്യോടെ പോകേണ്ട. അവന് ഇഷ്ടമുള്ള പഴമോ മറ്റോ വാങ്ങിക്കൊടുക്ക്.”

സലീം കാശുവാങ്ങി കീശയിലിട്ട് നടന്നു. നടക്കവെ അവന്‍ ഓര്‍ത്തു. സുബൈര്‍ പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ്. നല്ലവണ്ണം പഠിക്കും. സ്‌കൂളിലും മദ്‌റസയിലും അവനും താനും അടുത്തടുത്താണിരിക്കുന്നത്. ഓറഞ്ച് അവനു വലിയ ഇഷ്ടമാണ്. ഈ കാശിന് ഓറഞ്ചു വാങ്ങാം. അല്ലെങ്കില്‍ പഴമൊന്നും വാങ്ങാതിരുന്നാലോ? മരുന്നിനൊക്കെ ഒരുപാട് കാശ് വേണ്ടിവരില്ലേ? കാശ് കൊടുത്താല്‍ അതായിരിക്കില്ലേ അവന് കൂടുതല്‍ ഉപകാരപ്രദം? കഴിഞ്ഞ ആഴ്ചയാണ് രോഗികളെ സന്ദര്‍ശിക്കല്‍ പുണ്യകരമാണെന്നും മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതയില്‍പെട്ടതാണെന്നുമൊക്കെ മദ്‌റസയില്‍നിന്ന് പഠിച്ചത്. തനിക്ക് കൂട്ടുകാരനെ കാണുകയും ചെയ്യാം; പടച്ചവന്‍ അതിന് പ്രതിഫലവും നല്‍കും.

സുബൈറിന്റെ വീട്ടിലെത്തിയപ്പോള്‍ സലീം കതകില്‍ മുട്ടി.

”ആരാ?”- അകത്തുനിന്നും സുബൈറിന്റെ ഉമ്മ.

”ഞാന്‍ സലീം. സുബൈറിന്റെ കൂട്ടുകാരന്‍”- ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ അകത്തുള്ളവര്‍ ആരാണെന്നു ചോദിച്ചാല്‍ വ്യക്തമായി പേരുപറയണമെന്ന ഇസ്‌ലാമിക മര്യാദ ഓര്‍മയുള്ളതുകൊണ്ട് സലീം തന്നെ പരിചയപ്പെടുത്തി.

സുബൈറിന്റെ ഉമ്മ കതകു തുറന്നു.

”അസ്സലാമു അലൈക്കും” -അകത്തേക്കു പ്രവേശിക്കവെ സലീം സലാം പറഞ്ഞു.

”വ അലൈക്കുമുസ്സലാം” -കിടക്കുകയായിരുന്ന സുബൈറും ഉമ്മയും ഒപ്പമാണ് സലാം മടക്കിയത്.

”വാ മോനേ, കേറിയിരിക്ക്” – ഉമ്മ സ്‌നേഹത്തോടെ പറഞ്ഞു.

സലീം സുബൈറിന്റെ അരികിലിരുന്നു. സുബൈര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

”വേണ്ട, എഴുന്നേല്‍ക്കേണ്ട…”- സലീം അവനെ തടഞ്ഞു. സലീം കൂട്ടുകാരന്റെ നെറ്റിയിലും നെഞ്ചിലുമൊക്കെ തൊട്ടുനോക്കി.

”എപ്പോഴാണ് നിനക്ക് പനി തുടങ്ങിയത്? ഡോക്ടറെ കാണിച്ചില്ലേ?”

”വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടുവന്ന ഉടനെ തുടങ്ങിയതാണ്. ഭയങ്കരമായ ശരീരവേദനയുമുണ്ട്. ശനിയാഴ്ച കാലത്തുതന്നെ ഡോക്ടറെ കാണിച്ചു. അഞ്ചുതരം മരുന്നിനെഴുതി. മൂന്നു ദിവസം കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞു.”

”മരുന്ന് കൃത്യമായി കഴിക്കുന്നില്ലേ?”- ആ ചോദ്യം കേട്ടപ്പോള്‍ സുബൈറിന്റെ കണ്ണുകള്‍ നിറഞ്ഞു.

”എന്താ സുബൈര്‍! മരുന്ന് വാങ്ങിയില്ലേ?”

ഉപ്പാന്റെയടുത്തുണ്ടായിരുന്ന കാശിന് ഒരു കുപ്പിമരുന്ന് വാങ്ങി. ഉപ്പാന്റെയടുത്ത് കാശില്ലാഞ്ഞിട്ടാണ്. കഠിനമായ പണിയൊന്നുമെടുക്കാന്‍ ഉപ്പാക്ക് കഴിയില്ലെന്ന് നിനക്കറിയാമല്ലോ. കഴിഞ്ഞാഴ്ച പുസ്തകത്തിനു തന്ന കാശുതന്നെ ആരുടെയോ അടുത്തുനിന്ന് കടംവാങ്ങിയതാണ്”- സുബൈറിന്റെ ശബ്ദമിടറി. അതുകണ്ടപ്പോള്‍ സലീമിന്റെ കണ്ണുകളും നിറഞ്ഞു.

ഈ രംഗം കണ്ടുകൊണ്ടാണ് സുബൈറിന്റെ ഉമ്മ ചായയുമായി കടന്നുവന്നത്. അവര്‍ ചോദിച്ചു:

”എന്തിനാ സുബൈറേ നീ നമ്മുടെ ഇല്ലായ്മകളും വല്ലായ്മകളും പറഞ്ഞ് ഈ കുട്ടിയുടെ മനസ്സു വിഷമിപ്പിക്കുന്നത്?”

”ഉമ്മാ! സുബൈര്‍ എന്റെ ആത്മാര്‍ഥ കൂട്ടുകാരനാണ്. അവന്റെ അവസ്ഥ എന്നോടു പറയുന്നതില്‍ യാതൊരു തെറ്റുമില്ല”-സലീം പറഞ്ഞു.

കൂട്ടുകാരുടെ പരസ്പര സ്‌നേഹം കണ്ടപ്പോള്‍ ഉമ്മയുടെ കണ്ണുകളും നിറഞ്ഞു.

”എവിടെ സുബൈര്‍ നിന്റെ മരുന്നിന്റെ ലിസ്റ്റ്, ഞാനൊന്നു കാണട്ടെ”- സലീം.

സുബൈര്‍ തലയണയുടെ ചുവട്ടില്‍നിന്നും ലിസ്‌റ്റെടുത്തു കൊടുത്തു. ചായ ഒരിറക്കു കുടിച്ചിട്ട് ലിസ്റ്റ് പോക്കറ്റിലിട്ട് ഞാനിപ്പോള്‍ വരാമെന്നു പറഞ്ഞ് സുബൈര്‍ പുറത്തിറങ്ങി. ഇറങ്ങിയ പാടെ അവന്‍ ഓടുകയായിരുന്നു.

”സലീം…”

”സലീം… കുട്ടി എങ്ങോട്ടാ…?”

സുബൈറിന്റെയും ഉമ്മയുടെയും വിളി കേള്‍ക്കാത്ത അകലത്തില്‍ അപ്പോഴേക്കും അവന്‍ എത്തിയിരുന്നു.

ഓടുന്നതിനിടയില്‍ സലീം ചിന്തിച്ചു: പഴം വാങ്ങാതിരുന്നത് നന്നായി. മരുന്നു വാങ്ങാന്‍ കാശായല്ലോ. തികയുമോ ആവോ?

മരുന്നുഷോപ്പില്‍ ചെന്ന് ലിസ്റ്റ് നല്‍കിക്കൊണ്ട് സലീം ചോദിച്ചു:

”ഇതിലെ മരുന്നിന് എത്രയാകും?”.

ലിസ്റ്റുവാങ്ങി നോക്കിയിട്ട് കടക്കാരന്‍ പറഞ്ഞു:

”നൂറ്റി അമ്പതു രൂപ”.

”എന്റെ പക്കല്‍ നൂറുരൂപയേ ഉള്ളൂ. ബാക്കി എന്തായാലും ഞാന്‍ നാളെ എത്തിക്കാം. മരുന്ന് തന്നുകൂടേ?”

”പറ്റില്ല. മരുന്ന് കടംകൊടുക്കുന്ന എര്‍പ്പാടില്ല”- കടക്കാരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സലീം വിഷണ്ണനായി നിന്നു. ഇനി എന്തുചെയ്യും? കുറച്ചുേനരം ചിന്തിച്ചുനിന്ന ശേഷം സലീം തന്റെ വാച്ച് അഴിച്ച് കടക്കാരനുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു:

”ഇതാ, ഇത് വെച്ചോളൂ. ആയിരം രൂപ വിലയുള്ള വാച്ചാണ്. അമ്പതുരൂപ നാളെ തരുമ്പോള്‍ തിരിച്ചുതന്നാല്‍ മതി. മരുന്നെല്ലാം ഇേപ്പാള്‍ തന്നെ വേണം.”

കടക്കാരന്‍ സ്തബ്ധനായിനിന്നു. അയാള്‍ ചോദിച്ചു:

”നീ ആരുടെ കുട്ടിയാ?”

അവന്‍ പിതാവിന്റെ പേരും വീട്ടുപേരും പറഞ്ഞുകൊടുത്തു.

”അയ്യോ! മോനെ അറിയാത്തതുകൊണ്ട് പറഞ്ഞതാണ് കേട്ടോ. വാച്ച് മോന്‍ കയ്യില്‍ വെച്ചോ. മരുന്ന് തരാം. ബാക്കി കാശ് നാളെ എത്തിച്ചാല്‍ മതി.”

മരുന്നുമായി സലീം തിരിച്ചോടി. തിരിച്ചു ചെല്ലുമ്പോള്‍ സുബൈറിന്റെ ഉമ്മ മുറ്റത്ത് നില്‍പുണ്ടായിരുന്നു. മരുന്ന് ഉമ്മയുടെ കയ്യില്‍ കൊടുത്തുകൊണ്ട് സലീം പറഞ്ഞു:

”ഇന്നു തന്നെ കുടിച്ചു തുടങ്ങണം.”

”എന്തിനാ മോനേ നീയിത്ര ബുദ്ധിമുട്ടിയത്? മരുന്ന് അവന്റെ ഉപ്പ വാങ്ങുമായിരുന്നു” – ഇതു പറഞ്ഞപ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

”ഉമ്മാ! എന്റെ കയ്യില്‍ കാശുണ്ടായിരുന്നു. അതുകൊണ്ട് മരുന്നു വാങ്ങി. ഇതില്‍ എനിക്കെന്തു ബുദ്ധിമുട്ട്? കഴിവുള്ളവര്‍ ഇല്ലാത്തവനെ സഹായിക്കണമെന്നല്ലേ ഇസ്‌ലാം പഠിപ്പിക്കുന്നത്? അതല്ലേ സുബൈറേ മദ്‌റസയില്‍നിന്നും നമ്മള്‍ പഠിച്ചത്?”

ഉമ്മറത്തിരിക്കുകയായിരുന്ന സുബൈര്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.

”നേരം വൈകി. ഇരുട്ടുംമുമ്പ് തിരിച്ചെത്താന്‍ ഉമ്മ പറഞ്ഞതാ. ഇന്‍ശാ അല്ലാഹ്; ഞാന്‍ നാളെ വരാം”- സലീം സലാം പറഞ്ഞ് ഇറങ്ങിനടന്നു. സുബൈറും ഉമ്മയും അവന്‍ പോകുന്ന് കണ്ണിമവെട്ടാതെ നോക്കിനിന്നു.

വീട്ടില്‍ തിരിച്ചെത്തിയ പാടെ സലീമിനോട് ഉമ്മ ചോദിച്ചു:

”എങ്ങനെയുണ്ട് നിന്റെ കുട്ടുകാരന്? ആശ്വാസമുേണ്ടാ? ഡോക്ടറെ കാണിച്ചിട്ടില്ലേ?”

”ഡോക്ടറെ കാണിച്ചിരുന്നു. പക്ഷേ, കാശില്ലാത്തതിനാല്‍ എല്ലാ മരുന്നും വാങ്ങി കഴിച്ചിരുന്നില്ല. ബാക്കി മരുന്ന് ഞാന്‍ വാങ്ങിക്കൊടുത്തു.”

”അതിന് നിനക്ക് കാശെവിടെനിന്ന് കിട്ടി?”- ഉമ്മ അത്ഭുതത്തോടെ ചോദിച്ചു.

അവന്‍ നടന്നതെല്ലാം ഉമ്മയോടു പറഞ്ഞു. ഉമ്മ മകനെ സന്തോഷത്തോടെ വാരിപ്പുണര്‍ന്നുകൊണ്ട്പറഞ്ഞു:

”മോനേ, ഇങ്ങനെയായിരിക്കണം ഒരു നല്ല മുസ്‌ലിം. തന്റെ സഹോദരനുവേണ്ടി എന്തു ത്യാഗവും ചെയ്യാനുള്ള മനസ്സ് നീ നിലനിര്‍ത്തണം. ഉപ്പ വന്നാല്‍ നിന്റെയീ സന്മനസ്സിനെപ്പറ്റി ഞാന്‍ പറഞ്ഞുകൊടുക്കും. ഉപ്പാക്ക് വലിയ സന്തോഷമാകും. പിന്നെ, കടക്കാരനോടുള്ള കരാര്‍ പാലിക്കാന്‍ മറക്കരുത്. ബാക്കി തുക നാളെത്തന്നെ കൊടുക്കണം.”

പള്ളിയില്‍നിന്നും മഗ്‌രിബ് ബാങ്ക് മുഴങ്ങി. സലീം വുദൂഅ് ചെയ്ത് പള്ളിയിലേക്കു പുറപ്പെട്ടു. അവന്റെ മനസ്സില്‍ എെന്തന്നില്ലാത്ത ഒരാനന്ദം അലതല്ലുന്നുണ്ടായിരുന്നു.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

മാതാപിതാക്കളെ അനുസരിക്കുക

മാതാപിതാക്കളെ അനുസരിക്കുക

”മോനേ… ഫൈസലേ… യൂനിഫോം മാറ്റി വിശക്കുന്നതിന് വല്ലതും കഴിച്ച് ഒന്ന് കടയില്‍ പോയി വരണം. കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്” ഫൈസല്‍ സ്‌കൂള്‍ വിട്ട് വന്നയുടനെ ഉമ്മ പറഞ്ഞു.

അതുകേട്ടപ്പോള്‍ അവനാകെ ദേഷ്യം കയറി. ഭക്ഷണം കഴിച്ചയുടന്‍ ക്രിക്കറ്റ് കളിക്കാന്‍ ചെല്ലാമെന്ന് കൂട്ടുകാര്‍ക്ക് ഉറപ്പു കൊടുത്തതാണ്. ഇന്നലെ സലീമിന്റെ ടീം തന്റെ ടീമിനെ തോല്‍പിച്ചതാണ്. ഇന്ന് അവരെ തോല്‍പിച്ചേ അടങ്ങൂ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഒരു കടയില്‍ പോക്ക്. ഈ ഉമ്മാക്ക് വേറെ പണിയൊന്നുമില്ലേ?

”എന്നെക്കൊണ്ടാവില്ല കടയിലും കുടയിലുമൊക്കെ പോകാന്‍. ഞാന്‍ കളിക്കാന്‍ പോകുകയാണ്”- ഫൈസല്‍ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.

”കളിയൊക്കെ പിന്നെ. ഇപ്പോള്‍ കടയില്‍ പോയേ തീരൂ”- ഉമ്മ.

”എനിക്കിപ്പോള്‍ സൗകര്യമില്ല. കളി കഴിഞ്ഞിട്ട് സമയമുണ്ടെങ്കില്‍ പോകാം”- അവന്‍ തറപ്പിച്ചു പറഞ്ഞു.

”ഏതായാലും നീ വല്ലതും കഴിക്ക്”- കൂടുതല്‍ തര്‍ക്കിച്ചാല്‍ മകന്‍ ഭക്ഷണം കഴിക്കില്ല എന്നോര്‍ത്ത് സ്‌നേഹനിധിയായ ആ ഉമ്മ അനുനയരൂപത്തില്‍ പറഞ്ഞു.

ഭക്ഷണം വേഗത്തില്‍ വാരിവലിച്ചുതിന്ന് ഫൈസല്‍ കളിക്കാനായി ഇറങ്ങിയോടി. ഉമ്മയുടെ ‘മോനേ’ എന്ന വിളി കേള്‍ക്കാത്ത മട്ടില്‍ അവന്‍ കൂട്ടുകാരെ കൂക്കിവിളിച്ച് മുന്നോട്ടു കുതിച്ചു.

കളി തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞുകാണും. അന്നേരമാണ് അതു സംഭവിച്ചത്. ബോളിന്റെ പിന്നാലെ ഓടുകയായിരുന്ന ഫൈസല്‍ മറിഞ്ഞുവീണു. വീണിടത്തു കിടന്നുരുണ്ടു. എഴുന്നേല്‍ക്കാനുള്ള ശ്രമം വിഫലമായി. കൂട്ടുകാര്‍ ഓടിവന്ന് താങ്ങി എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. കാലുകള്‍ നിലത്തുറക്കുന്നില്ല. ശക്തമായ വേദനയാല്‍ അവന്‍ വാവിട്ടു കരഞ്ഞു. കാലിന്റെ എല്ല് എവിടെയോ പൊട്ടിയിട്ടുണ്ട്. കളി അവസാനിപ്പിച്ച് എല്ലാവരും ഫൈസലിന്റെ ചുറ്റും കൂടി.

”എന്നെ വേഗം ആശുപത്രിയില്‍ കൊണ്ടുപോകണേ… എന്റെ കാലൊടിഞ്ഞേ…എന്റെ ഉമ്മാ….” കഠിനമായ വേദനയാല്‍ അവന്‍ എരിപൊരികൊണ്ടു.

ആ സമയത്താണ് നജീബ് മൗലവി അതുവഴി വന്നത്. കരച്ചില്‍ കേട്ട് അദ്ദേഹം കുട്ടികളുടെ അടുത്തേക്ക് ചെന്നു. ഫൈസലിന്റെ പരിക്ക് ചെറുതല്ലെന്ന് ബോധ്യമായപ്പോള്‍ ഒരു ഒാട്ടോറിക്ഷ വിളിച്ചുവരുത്തി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിച്ചതിനു ശേഷം ഫൈസലിന്റെ വീട്ടില്‍ വിവരമറിയിച്ചു. അവന്റെ ഉപ്പ ഗള്‍ഫിലാണ്. പിന്നെയുള്ളത് ജ്യേഷ്ഠനാണ്. അവന്‍ കോളേജ് വിട്ട് വരുമ്പോള്‍ സന്ധ്യയാകും. വിവരമറിഞ്ഞയുടന്‍ ഉമ്മ ആശുപത്രിയിലോടിയെത്തി.

”എന്റെ പൊന്നുമോനെന്തു പറ്റി….”- പൊട്ടിക്കരഞ്ഞുകൊണ്ടാണവര്‍ മകനെ സമീപിച്ചത്.

”പേടിക്കാനൊന്നുമില്ല. കാലിന്റെ എല്ലിന് ചെറിയ പൊട്ടുണ്ടോ എന്നു സംശയമുണ്ട്. എക്‌സ്‌റേ എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്”- നജീബ് മൗലവി ഉമ്മയെ ആശ്വസിപ്പിച്ചു.

ഉമ്മ ഫൈസലിന്റെ അരികത്തിരുന്നു. കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് അവനെ തലോടി.

”എന്റെ മോനേ… ഉമ്മ പറഞ്ഞതു കേള്‍ക്കാതെ മോന്‍ ഇറങ്ങി ഓടിയതല്ലേ….” അവര്‍ വിതുമ്പി.

അന്നു രാത്രി തന്നെ ഫൈസലിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു. പിറ്റേ ദിവസം ആശുപത്രി വിട്ടു. അവന്‍ വീട്ടില്‍ നടക്കാന്‍ വയ്യാതെ കിടപ്പിലായി. ഒന്നരമാസം ഈ കിടപ്പു കിടക്കണം. അതോര്‍ത്തപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു.

നജീബ് മൗലവി ഫൈസലിനെ കാണാന്‍ വന്നു. അവന്റെ അരികിലിരുന്ന് അവന്റെ രോഗശമനത്തിനായി പ്രാര്‍ഥിച്ച ശേഷം അദ്ദേഹം ചോദിച്ചു:

”ഉമ്മ പറഞ്ഞതു കേള്‍ക്കാതെ മോന്‍ ഇറങ്ങി ഓടിയതല്ലേ എന്ന് നിന്റെ ഉമ്മ ആശുപത്രിയില്‍ വെച്ച് നിന്നോട് ചോദിക്കുന്നത് കേട്ടു. അതു ശരിയാണോ?”

”ശരിയാണ്. കടയിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി ഓടിയതാണ്.”

”നീ അങ്ങനെ അനുസരക്കേട് കാട്ടിയിട്ടും നിന്റെ ഉമ്മ നിന്നോട് ദേഷ്യപ്പെടുകയോ നിന്നെ വെറുക്കുകയോ ചെയ്തിട്ടില്ല. നിനക്ക് അപകടം പറ്റി എന്നറിഞ്ഞപ്പോള്‍ ആശുപത്രിയിലേക്ക് അവര്‍ ഓടിവന്നു. ‘എന്റെ പൊന്നുമോനെന്തു പറ്റി’ എന്ന് പൊട്ടിക്കരച്ചിലോടെ ചോദിച്ചു. അങ്ങനെ ജീവനുതുല്യം നിന്നെ സ്‌നേഹിക്കുന്ന ഉമ്മയോട് അനുസരണക്കേടു കാണിച്ചത് ശരിയായില്ലെന്ന് നിനക്കിപ്പോള്‍ ബോധ്യമായോ? മാതാപിതാക്കളെ വെറുപ്പിച്ചാല്‍, അവരെ അനുസരിക്കാതിരുന്നാല്‍ അല്ലാഹുവിന്റെ കോപമുണ്ടാകും എന്നു നീ മദ്‌റസയില്‍നിന്ന് പഠിച്ചിട്ടില്ലേ?”

അതുകേട്ടപ്പോള്‍ അവന്‍ കണ്ണുകള്‍ ഇറുകിയടച്ചു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

താന്‍ അനുസരണക്കേടു കാണിച്ചിട്ടും ദേഷ്യപ്പെട്ടിട്ടും ഉമ്മാക്കെന്നോട് ദേഷ്യമില്ല. അവര്‍ തന്നെ അതിരറ്റു സ്‌നേഹിക്കുന്നുണ്ട്. പകരം താന്‍ സ്‌നേഹം കൊടുക്കുന്നില്ല- ഈ ചിന്തകള്‍ അവനെ ദുഃഖിതനാക്കി.

നജീബ് മൗലവി പറഞ്ഞു:

”മാതാപിതാക്കളോടുള്ള കടമയുടെ ഗൗരവം മോന്‍ മനസ്സിലാക്കണം. സൂറതുല്‍ ഇസ്‌റാഇലെ ഇതു സംബന്ധിച്ച ആയത്തുകള്‍ നീ കേട്ടിട്ടില്ലേ? അതില്‍ അല്ലാഹു പറഞ്ഞു: ”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക.”

”ഈ ആയത്ത് ഞാന്‍ മദ്‌റസയില്‍നിന്ന് പഠിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഞാന്‍ ഓര്‍ക്കാറില്ല”- കണ്ണുനീര്‍ തുടച്ചുകൊണ്ട് ഫൈസല്‍ പറഞ്ഞു.

”മാതാവിനോടുള്ള കടപ്പാട് പ്രത്യേകം സൂചിപ്പിക്കുന്ന ഹദീസുകളുമുണ്ട്. ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തു വന്ന് ഒരാള്‍ ചോദിച്ചു: ‘പ്രവാചകരേ, ഏറ്റവും നല്ല സഹവാസത്തിന് കടമപ്പെട്ടവര്‍ ആരാണ്?’. അവിടുന്ന് അരുളി: ‘നിന്റെ മാതാവ്’. ‘പിന്നീടാരാണ്?’. ‘നിന്റെ മാതാവ്’. ‘പിന്നീടാരാണ്?’. ‘നിന്റെ മാതാവ്’. പിന്നീടാരാണെന്ന് (നാലാംതവണ) തിരുമേനിയോട് ചോദിച്ചപ്പോള്‍ ‘നിന്റെ പിതാവ്’ എന്നു പറഞ്ഞു. ഇതില്‍നിന്നും മാതാവിനോടുള്ള കടമയുടെ ആഴം മനസ്സിലായല്ലോ.”

”എന്റെ തെറ്റുകള്‍ എനിക്ക് ബോധ്യമായിട്ടുണ്ട്. ഇനി ഞാന്‍ എന്റെ ഉമ്മയെ അനുസരിക്കാതിരിക്കില്ല. അവരോട് ഉച്ചത്തില്‍ സംസാരിക്കില്ല. ദേഷ്യപ്പെടില്ല”- ഉറച്ച തീരുമാനത്തോടെ ഫൈസല്‍ പറഞ്ഞു.

”വളരെ നല്ല തീരുമാനം. പടച്ചവന്‍ അനുഗ്രഹിക്കട്ടെ. ഞാന്‍ പോകുന്നു. അസ്സലാമു അലൈക്കും”-നജീബ് മൗലവി യാത്ര പറഞ്ഞിറങ്ങി.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

നമ്മുടെ മാതാപിതാക്കള്‍

നമ്മുടെ മാതാപിതാക്കള്‍

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഏറെ ലഭിച്ചവരാണ് നാമേവരും. ഈ ലോകത്ത് മനുഷ്യനായി ജനിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വലിയൊരു അനുഗ്രഹമാണല്ലോ. അതിനു മുമ്പ് നാമെവിടെയായിരുന്നു? നമുക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം ശൂന്യമായ ഒരു കാലം, ഒരു ലോകം നമുക്കുണ്ടായിരുന്നു. ഒമ്പത് മാസത്തിലേറെ കാലം നാം മാതാവിന്റെ ഗര്‍ഭാശയത്തില്‍ സുഖമായി കഴിഞ്ഞുകൂടി. വളരെ സുരക്ഷിതമായി നമ്മെ അല്ലാഹു അവിടെ വെച്ച് വളര്‍ത്തി. 

എന്നാല്‍, നമ്മുടെ മാതാവ് അതേസമയം പ്രയാസമനുഭവിക്കുകയായിരുന്നു. എന്തിന്? നമുക്കുവേണ്ടി! നമ്മുടെ ജീവനുവേണ്ടി! അല്ലാഹു പറയുന്നു: ”അവന്റെ മാതാവ് ക്ഷീണത്തിനുമേല്‍ ക്ഷീണത്തോടെ അവനെ (ഗര്‍ഭം) ചുമന്നു” (സൂറഃ ലുക്വ്മാന്‍:14). ഈ വാക്യം വളരെ വ്യക്തമാണ്. മാതാവ് ഗര്‍ഭിണിയായിരിക്കെ ഓരോ ചലനവും വളരെ സൂക്ഷിച്ചും പ്രയാസപ്പെട്ടുമായിരുന്നു ചെയ്തിരുന്നത്. സുഖത്തോടെ ഒന്ന് തല ചായ്ക്കാന്‍ വരെ അവര്‍ക്ക് സാധിച്ചിരുന്നില്ല. നമ്മെ പ്രസവിച്ചതോ? മരണ വേദനക്ക് തുല്യമായ വേദനയോടെ. ശാസ്ത്രം പറയുന്നു; 28 അസ്ഥികള്‍ ഒരേ സമയം മുറിയുന്നത്രയും കഠിനമായതാണ് പ്രസവവേദന എന്ന്! ഇതെല്ലാം ആര്‍ക്കുവേണ്ടിയാണ് അവര്‍ സഹിച്ചത്? ഓര്‍ക്കുക, നമുക്ക് വേണ്ടി മാത്രം!

ഒരിക്കല്‍ ഖലീഫയായിരുന്ന ഉമര്‍(റ)വിന്റെ അടുക്കല്‍ വന്നുകൊണ്ട് ഒരാള്‍ ചോദിച്ചു: ”എന്റെ മാതാവിന് വളരെയധികം പ്രായമായിരിക്കുന്നു. അവര്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ അവരെ ഞാന്‍ ചുമലിലേറ്റിയാണ് അവരുടെ പലകാര്യങ്ങളും നിര്‍വഹിക്കാറുള്ളത്. എല്ലാ കാര്യത്തിനും അവര്‍ എന്നെയാണ് ആശ്രയിക്കാറുള്ളത്. അതുകൊണ്ട് അവര്‍ എനിക്ക് ചെറുപ്പത്തില്‍ ചെയ്തു തന്ന കാര്യങ്ങള്‍ക്ക് ഇത് പകരമാകുമോ?” അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ”ഒരിക്കലുമില്ല! അവര്‍ നിന്നെ വളര്‍ത്തിയതും പരിചരിച്ചതും വളരെ പ്രതീക്ഷയോടെയാണ്. നിന്റെ ഓരോ ഉയര്‍ച്ചയും അവര്‍ സന്തോഷത്തോടെ വീക്ഷിച്ചിരുന്നു. എന്നാല്‍, നീ അവരെ പരിചരിക്കുമ്പോള്‍ നീ ആഗ്രഹിക്കുന്നത് അവരുടെ ആയുസ്സ് വേഗം തീരാനാണ്.”

അതുകൊണ്ട് നാമെത്ര നന്‍മകള്‍ ചെയ്താലും സഹായങ്ങള്‍ ചെയ്താലും അതവരുടെ കര്‍മങ്ങള്‍ക്ക് പകരമാവില്ല. ഒരിക്കല്‍ നബി(സ്വ)യുടെ അരികില്‍ ഒരാള്‍ വരികയും ഞാന്‍ ഏറ്റവും നന്നായി പെരുമാറേണ്ടത് ആരോടാണെന്നു ചോദിക്കുകയും ചെയ്തു. തിരുനബി(സ്വ) പറഞ്ഞു: ‘നിന്റെ ഉമ്മയോട്.’ അയാള്‍ ചോദിച്ചു: ‘പിന്നെ ആരോട്?’ നബി(സ്വ) പറഞ്ഞു: ‘നിന്റെ ഉമ്മയോട്.’ ഇത് വീണ്ടും ആവര്‍ത്തിച്ചു. നാലാം തവണ അദ്ദേഹം ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘നിന്റെ ഉപ്പയോട്.’

ഉപ്പയെക്കാള്‍ ആദ്യത്തെ മൂന്ന് സ്ഥാനം നബി(സ്വ) ഉമ്മക്ക് നല്‍കി. പിതാവ് സഹിക്കാത്ത മൂന്ന് കാര്യങ്ങള്‍ മാതാവ് സഹിച്ചിട്ടുണ്ട്. ഗര്‍ഭം ചുമന്നു, പ്രസവിച്ചു, മുലയൂട്ടി വളര്‍ത്തി. ഈ മൂന്നു കാര്യങ്ങള്‍ പിതാവിനു കഴിയാത്തതാണ്. അതിനാലാണ് മാതാവിന് ആദ്യ മൂന്നു സ്ഥാനം. ഈ മൂന്ന് സ്ഥാനം നമ്മളും അവര്‍ക്ക് നല്‍കണം. അവരെ നാം അനുസരിക്കണം. അവരോട് നല്ലരീതിയില്‍ പെരുമാറണം.

എന്നാല്‍, നാമേവരും വളരെ വേഗം കയര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് നമ്മോട് ദേഷ്യപ്പെടാത്ത, നമ്മെ സ്‌നേഹിക്കുന്ന മാതാവിനോടാണ്. അല്ലാഹു പറഞ്ഞു: ”അവര്‍ (മാതാപിതാക്കള്‍) രണ്ടിലൊരാള്‍ അല്ലെങ്കില്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുന്ന പക്ഷം അവരോട് ‘ഛെ’ എന്നു നീ പറയരുത്. അവരോട് കയര്‍ക്കുകയും ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.” (സൂറഃ അല്‍ ഇസ്‌റാഅ്:23).

‘ക്രൂരനായ ഒരു ഭരണാധികാരിയുടെ മുന്നില്‍ ഒരു ദാസന്‍ എത്രമാത്രം ഭയത്തോടെയും സൂക്ഷ്മതയോടെയും പെരുമാറുമോ, സംസാരിക്കുമോ അതുപോലെ മാതാപിതാക്കളോട് പെരുമാറണം’ എന്ന് ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞതായി കാണാം.അതുകൊണ്ട് നാമൊരിക്കലും നമ്മുടെ മാതാപിതാക്കള്‍ക്ക് തൃപ്തിയില്ലാത്ത ഒരു കാര്യവും ചെയ്തുകൂടാ. നമുക്കെതിരില്‍ നമ്മുടെ ഉമ്മയെങ്ങാനും കൈ ഉയര്‍ത്തിയാല്‍ തീര്‍ച്ചയായും അത് അല്ലാഹു സ്വീകരിക്കുന്നതാണ്. അതിന്റെ ഫലം ഈ ലോകത്തുവെച്ചു തന്നെ നമുക്ക് അനുഭവിക്കേണ്ടിവരും. അതില്‍ സംശയമില്ല. 

ബനൂ ഇസ്‌റാഈല്‍ ഗോത്രത്തിലെ ഒരു പണ്ഡിതനായിരുന്ന ജുറൈജ് തന്റെ ആരാധനാ സ്ഥലത്ത് നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമ്മയുടെ വിളി. ആശയക്കുഴപ്പത്തിലായ അദ്ദേഹം ആരാധനക്ക് മുന്‍തൂക്കം നല്‍കി നമസ്‌കാരത്തില്‍ തുടര്‍ന്നു. ഉമ്മ തിരിച്ചുപോയി. അടുത്ത ദിവസവും ഇതാവര്‍ത്തിച്ചു. മൂന്നാം തവണയും ഉത്തരം ലഭിക്കാതെ ഉമ്മ മനംനൊന്ത് ജുറൈജിനെതിരെ അവിടെ വെച്ച് കൈയുയര്‍ത്തി. അത് സ്വീകരിക്കപ്പെടുകയും ജുറൈജ് അത് അനുഭവിക്കുകയും ചെയ്തു.

ഇതില്‍ നിന്നും നാമുള്‍ക്കൊള്ളേണ്ട വലിയൊരു പാഠമുണ്ട്. ഒരു മഹാപണ്ഡിതന് മാതാവിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയാതിരുന്നത് ആരാധനയിലായതുകൊണ്ടായിരുന്നു. എന്നിട്ടും ആ മകനെതിരായുള്ള ഉമ്മയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. എങ്കില്‍ നമുക്കെതിരായി നമ്മുടെ ഉമ്മ പ്രാര്‍ഥിച്ചാല്‍ എന്തായിരിക്കും ഫലം? അല്ലാഹു അത് സ്വീകരിക്കും. അതിനാല്‍ ഇസ്‌ലാമിനെതിരല്ലാത്ത ഏത് കാര്യത്തിലും നമ്മുടെ മാതാപിതാക്കളെ നാം അനുസരിക്കണം. നമുക്ക് വേണ്ടി നമ്മുടെമാതാപിതാക്കള്‍ പ്രാര്‍ഥിക്കണം. അതിന് നാം അവരുടെ തൃപ്തി നേടണം. 

ഒരിക്കല്‍ മിമ്പറില്‍ കയറുകയായിരുന്ന നബി(സ്വ) മൂന്ന് തവണ ‘ആമീന്‍’ എന്ന് പറയുകയുണ്ടായി. എന്തിനാണിതെന്ന അനുയായികളുടെ ചോദ്യത്തിനുത്തരമായി റസൂല്‍(സ്വ) പറഞ്ഞു: ജിബ്‌രീല്‍(റ) മൂന്ന് പ്രാര്‍ഥന ചൊല്ലുകയുണ്ടായി. ഞാനതിന് ആമീന്‍ പറഞ്ഞു. അതില്‍ ഒന്ന് ‘വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടായിട്ടും സ്വര്‍ഗം ലഭിക്കാത്തവന്‍ നശിക്കട്ടെ’ എന്നായിരുന്നു.” 

ഓര്‍ക്കുക! പ്രാര്‍ഥിച്ചത് ജിബ്‌രീല്‍(അ), ആമീന്‍ പറഞ്ഞത് നബി(സ്വ). അതുകൊണ്ട് ആ ശാപക്കാരില്‍ പെടാതിരിക്കാന്‍ നാം സൂക്ഷിക്കുക, പരിശ്രമിക്കുക. വൃദ്ധമാതാപിതാക്കള്‍ സ്വര്‍ഗം നേടാനുള്ള ഒരു വഴികൂടിയാണെന്നും നാമിതില്‍ നിന്ന് മനസ്സിലാക്കണം. 

എന്നാല്‍, ഇന്ന് നാം കാണുന്നതെന്താണ്? വൃദ്ധസദനങ്ങള്‍ അധികരിച്ചു വരുന്നു. തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം കൂടുന്നു. വിദ്യാഭ്യാസവും ജോലിത്തിരക്കുകളും കൂടുമ്പോള്‍ നൊന്ത് പെറ്റ മാതാവും മക്കള്‍ക്കു വേണ്ടി അധ്വാനിച്ച് തളര്‍ന്ന പിതാവും ശല്യമായി മാറുന്നു! അങ്ങനെ മക്കള്‍ തങ്ങളുടെ സ്വര്‍ഗത്തിലേക്കുള്ള വഴി സ്വയം അടച്ചുകളയുന്നു.

നാം നമ്മുടെ മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. അവരുടെ മരണശേഷവും അവര്‍ക്കുവേണ്ടി നമുക്കു ചെയ്യാന്‍ കഴിയുന്ന ഒന്നാണ് പ്രാര്‍ഥന. അല്ലാഹു പറഞ്ഞു: ”…കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (സൂറഃ അല്‍ ഇസ്‌റാഅ്:24).

മാതാപിതാക്കളെ അനുസരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അവരെ പരിചരിക്കുകയും അവരുടെ തൃപ്തി ലഭിക്കുകയും ചെയ്യുന്ന, അവരിലൂടെ സ്വര്‍ഗം കരസ്ഥമാക്കാന്‍ കഴിയുന്ന സല്‍കര്‍മികളായ മക്കളില്‍ അല്ലാഹു നാമേവരെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ!  

കെ.സഫ്‌വാന്‍ മുഹമ്മദ്, ആമയൂര്‍
നേർപഥം വാരിക

സമയത്തിന്റെ വില

സമയത്തിന്റെ വില

ഫാത്വിമയും അമലും അമ്മായി വരുന്നത് ദൂരെ നിന്ന് തന്നെ കാണുന്നുണ്ടായിരുന്നു.

”ഉമ്മാ….! സല്‍മമ്മായി വരുന്നൂ…..” അമല്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഫാത്വിമ മുറ്റത്തേക്കിറങ്ങി. അവള്‍ സന്തോഷത്തോടെ പറഞ്ഞു: ”ഹായ് സല്‍മമ്മായി…!”

”അസ്സലാമു അലൈക്കും” സല്‍മ സലാം ചൊല്ലി.

”വ അലൈക്കുമുസ്സലാം വറഹ്മതുല്ലാഹ്” എല്ലാവരും ഒന്നിച്ച് സലാം മടക്കി.

”ഉച്ച മുതല്‍ നീ വരുന്നതും കാത്ത് നില്‍പ്പാണ് രണ്ടുപേരും..” ഉമ്മ സല്‍മയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

സല്‍മ അമ്മായി വന്നാല്‍ പിന്നെ ഫാത്വിമക്കും അമലിനും പെരുന്നാളാണ്! അത്രയ്ക്കിഷ്ടമാണ് അവര്‍ക്ക് സല്‍മയെ.

കൊച്ചു കൊച്ചു കഥകളും പാട്ടും പഴംചൊല്ലും ക്വുര്‍ആന്‍ പാരായണവുമായി പിന്നെ വീട്ടില്‍ നല്ല രസം തന്നെയാണ്. ഫാത്വിമയുടെയും അമലിന്റെയും ഉപ്പയുടെ ചെറിയ പെങ്ങളാണ് സല്‍മ. കോളേജില്‍ പഠിക്കുന്നു.

”ഇക്കാക്ക എപ്പോള്‍ വരും ഇത്താത്താ..?” സല്‍മ ഡ്രസ്സ് മാറി അടുക്കളയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

”ഇന്ന് ഇത്തിരി വൈകും” ഉമ്മ പഞ്ഞു.

”എന്നാ ഇന്ന് കുറേ നേരം കഥപറഞ്ഞിരിക്കാലോ അമ്മായീ…” അമലാണത് പറഞ്ഞത്.

”ങാ… അത് തരക്കേടില്ല! ഉപ്പ വരാന്‍ വൈകുന്നതിലുള്ള ബേജാറല്ല! ഓന് കഥകേള്‍ക്കാനുള്ള തിടുക്കമാ…” ഫാത്വിമ ചൊടിച്ചു.

”അത് ശരിയാ…” ഉമ്മയും അവളുടെ കൂടെ കൂടി.

”അവന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. ഉപ്പക്കും ഉമ്മക്കും വേണ്ടി നിത്യേന പ്രാര്‍ഥിക്കുന്ന മക്കളാ എന്റേത്.പിന്നെ നല്ല നല്ല കഥകളും ചരിത്രങ്ങളും മറ്റും കഴിയുന്നത്ര കേള്‍ക്കാനും കേള്‍പ്പിക്കാനും മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം” സല്‍മ അമ്മായി അവന്റെ പക്ഷം ചേര്‍ന്നു.

ഉമ്മ ചായയും കടിയും എടുത്ത് വെച്ചു. എല്ലാവരും ചായ കുടിക്കാന്‍ റെഡിയായി.

മേശമേലുണ്ടായിരുന്ന സല്‍മയുടെ ഫോണ്‍ അമലിന്റെ ശ്രദ്ധയില്‍ പെട്ടു. അവന്‍ അത് എടുത്ത് സോഫയില്‍ ചെന്നിരുന്നു.

”മോനേ, ഇങ്ങനെ എപ്പോഴും മൊബൈലില്‍ കളിക്കുന്നത് ശരിയല്ല. നീ അത് അവിടെ വെച്ച് ചായകുടിക്കാന്‍ വാ…” ഉമ്മ പറഞ്ഞു.

മനമില്ലാ മനസ്സോടെ അമല്‍ ഫോണ്‍ കിട്ടിയേടത്തുതന്നെ വെച്ച് ചായ കുടിക്കാന്‍ ചെന്നിരുന്നു.

ഉമ്മയും സല്‍മയും കുടുംബ കാര്യങ്ങളും മറ്റും സംസാരിച്ചിരിക്കെ അബ്ദു വീണ്ടും മൊബൈല്‍ കയ്യിലെടുത്തു.

”അമ്മായീ… ഓന്‍ ചായ കുടിച്ച് തീരുംമുമ്പ് ഫോണെടുത്തു…” ഫാത്വിമ വിളിച്ചു പറഞ്ഞു.

സല്‍മയും ഉമ്മയും എഴുന്നേറ്റു.

”വാ.. ഇനി നമുക്ക് കഥ തുടങ്ങാം” സല്‍മ പറഞ്ഞു. അമലിന് ഫോണ്‍ ഒഴിവാക്കാന്‍ ഇഷ്ടക്കുറവുണ്ടെങ്കിലും അമ്മായി വിളിച്ചപ്പോള്‍ ഓടിച്ചെന്നു.

സല്‍മ കഥ പറഞ്ഞു തുടങ്ങി:

”പണ്ട് ഒരു നാട്ടില്‍ ഒരു കര്‍ഷകന്‍ ഉണ്ടായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ വയല്‍ വിത്തിടുന്നതിന് വേണ്ടി ഉഴുതുമറിക്കുകയായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെ തൂമ്പ ഉറപ്പുള്ള എന്തിലോ ചെന്നു കൊണ്ടു. കര്‍ഷന്‍ മണ്ണ് ഇളക്കി മാറ്റി അതിനടിയില്‍ എന്താണെന്ന് നോക്കി. അത് ഒരു പെട്ടിയായിരുന്നു. അദ്ദേഹം അതെടുത്ത് വളരെയധികം ആകാംക്ഷയോടെ മാറിയിരുന്ന് പൊളിച്ച് നോക്കി. അതില്‍ നിറയെ കറുത്ത ചെറിയ ചെറിയ കല്ലുകള്‍…

ആരായിരിക്കും ഈ കറുത്ത കുഞ്ഞുകല്ലുകള്‍ ഇങ്ങനെ പെട്ടിയിലാക്കി കുഴിച്ചിട്ടിരിക്കുന്നത്? കര്‍ഷകന്‍ ആലോചിച്ചു. ഹാ..! ഏതായാലും കുഞ്ഞുകല്ലുകളാണല്ലോ. ഇതുകൊണ്ടൊരു പണിയുണ്ട്.

വിളഞ്ഞ് നില്‍ക്കുന്ന പാടത്ത് ധാന്യമണികള്‍ കൊത്തിത്തിന്നാന്‍ പറവകള്‍ വരും. അവയെ ഈ കുഞ്ഞുകല്ലുകള്‍ വാരിയെറിയാം. ഒരേറിനു തന്നെ എല്ലാറ്റിനെയും പറത്താന്‍ കഴിയും. കര്‍ഷകന്‍ ആത്മഗതം ചെയ്തു.

അയാള്‍ ആ കല്ലുകളുള്ള പെട്ടി സൂക്ഷിച്ചു വെച്ചു.

ദീവസങ്ങളും മാസങ്ങളും കഴിഞ്ഞു. വയല്‍ നിറയെ ധാന്യങ്ങള്‍. മുഴുവന്‍ വിത്തുകളും മുളച്ച് കതിരായി ധാന്യമണികള്‍ വിളഞ്ഞു നില്‍ക്കുന്നു. കര്‍ഷകന് സന്തോഷമായി. നാളെ വയലിലേക്ക് വരുമ്പോള്‍ ആ പെട്ടി കൂടി കൊണ്ട് വരണം. വയലിന്റെ ഒരു ഓരത്തിരുന്ന് പെട്ടിയിലുള്ള കല്ലുകളെടുത്തെറിഞ്ഞാല്‍ ധാന്യം തിന്നാന്‍ വരുന്ന പക്ഷികളെല്ലാം പറന്നു പോകും. കര്‍ഷകന്‍ ചിന്തിച്ചു.

അയാള്‍ അടുത്ത ദിവസം രാവിലെ പെട്ടിയുമായി വയലിലേക്കെത്തി. നനയും കളപറിക്കലും കഴിഞ്ഞ് അദ്ദേഹം വയലിന്റെ വക്കിലിരുന്നു. അന്നേരം തെക്ക് ഭാഗത്തുനിന്നും ഒരു കൂട്ടം പ്രാവുകള്‍ വയലിലിറങ്ങി. അയാള്‍ പെട്ടിയില്‍ നിന്നും കല്ലുകള്‍ വാരിയെറിഞ്ഞു. പക്ഷികളെല്ലാം കൂട്ടമായി പറന്നു പോയി.

അന്ന് അത് പലപ്രാവശ്യം ആവര്‍ത്തിച്ചു. പക്ഷികള്‍ വരുമ്പോഴൊക്കെ അയാള്‍ കല്ലുകള്‍ വാരിയെടുത്ത് എറിഞ്ഞു.

അടുത്ത ദിവസം പെട്ടിയില്‍ ഏതാനും കല്ലുകള്‍ മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ അയാള്‍ ഒന്നോ രണ്ടോ കല്ലുകളെടുത്താണ് എറിഞ്ഞിരുന്നത്.

അതിനിടയില്‍ ഒരു രത്‌നവ്യപാരി ആ വഴിക്ക് കടന്നുപോയി. കര്‍ഷന്‍ എറിഞ്ഞ കല്ലുകളില്‍ ഒന്ന് അയാളുടെ മുന്നില്‍ ചെന്ന് വീണു. അയാള്‍ ആ കല്ലെടുത്ത് നോക്കി. എന്നിട്ട് നേരെ കര്‍ഷകന്റെ അടുക്കലേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു:

”ഈ പെട്ടിയിലുള്ള കല്ലുകള്‍ എനിക്ക് തരുമോ…?”

കര്‍ഷകന്‍ പറഞ്ഞു: ”ഇല്ല.”

രത്‌നവ്യാപാരി ആ കല്ലുകള്‍ക്ക് അഞ്ഞൂറു സ്വര്‍ണനാണയം തരാമെന്ന് പറഞ്ഞു. കര്‍ഷകന്‍ തരില്ലെന്നറിയിച്ചു. വീണ്ടു രത്‌ന വ്യാപാരി അതിന് അയ്യായിരം സ്വര്‍ണനാണയം തരാമെന്ന് പറഞ്ഞു. അപ്പോള്‍ കര്‍ഷകന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു: ”നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ? ഈ കല്ലുകള്‍ക്ക് നിങ്ങള്‍ ഇത്രയും വിലയിടുന്നതെന്താണ്.”

അപ്പോള്‍ രത്‌നവ്യാപാരി ആ കല്ലുകള്‍ അപൂര്‍വ ഇനം രത്‌നക്കല്ലുകളാണെന്ന് അയാളെ അറിയിച്ചു. ഹോ…! അപ്പോഴാണ് കര്‍ഷകന്ന് താന്‍ ഇന്നലെ മുതല്‍ ചളിയിലെറിഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുകല്ലുകളുടെ വില മനസ്സിലായത്. അയാള്‍ ഉടന്‍ ആ ചെളിയില്‍ നിന്നും കല്ലുകള്‍ തപ്പിയെടുക്കാന്‍ തുടങ്ങി. എന്നാല്‍ ഏതാനും കല്ലുകള്‍ മാത്രമാണ് അയാള്‍ക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞത്. അയാള്‍ ആര്‍ത്തിയോടെ ഇരുന്നും ചേറില്‍ കിടന്നുരുണ്ടും കല്ലുകള്‍ തിരയാന്‍ തുടങ്ങി. അവിടെയെല്ലാം ധാന്യക്കതിരുകള്‍ നാശമാവുകയും ചെയ്തു. കിട്ടിയ കല്ലുകളുടെ വില നല്‍കി രത്‌നവ്യാപാരി പോവുകയും ചെയ്തു. ഇതോടെ കഥ കഴിഞ്ഞു…” സല്‍മ അമ്മായി പറഞ്ഞു നിര്‍ത്തി.

”ഹോ… അയാളുടെ കാര്യം കഷ്ടം…! കിട്ടിയതെന്താണെന്നറിയാതെ വാരിവലിച്ച് എറിഞ്ഞു തീര്‍ത്തു അല്ലേ അമ്മായീ..?” അമല്‍ ചോദിച്ചു.

”അതെ, അതു പോലെ നിന്റെ കയ്യിലും വളരെയധികം വിലയേറിയതും ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്തതുമായ ഒരു കാര്യമുണ്ട്. നീയും ആ കര്‍ഷകനെ പോലെ അത് ഒരിക്കലും തിരിച്ചികിട്ടാന്‍ കഴിയാത്ത രൂപത്തില്‍ വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്” സല്‍മ പറഞ്ഞു.

”അതെന്താണ് അമ്മായീ…?” അമലും ഫാത്വിമയും വളരെ ആകാംക്ഷയോടെ ചോദിച്ചു.

”സമയം…! രത്‌നക്കല്ലുകളെക്കാള്‍ വിലയുള്ള സമയം. അതാണ് നീ ഒരു മൊബൈലില്‍ ഗെയിം കളിച്ചും മറ്റുമൊക്കെയായി കളഞ്ഞു തീര്‍ക്കുന്നത്. അതിനാല്‍ സമയത്തെ വളരെ കൃത്യമായി സൂക്ഷിച്ച് ഉപയോഗിക്കണം. അത് പാഴാക്കരുത്.”

”പരലോകത്ത് അത് ചോദ്യം ചെയ്യപ്പെടുമോ അമ്മായീ…?” ഫാത്വിമ ചോദിച്ചു.

”അതെ, സമയം അഥവാ ആയുസ്സ്, ആരോഗ്യം, സമ്പത്ത്, അറിവ് എന്നിവയെക്കുറിച്ചെല്ലാം ചോദിക്കപ്പെടും. അതിന് ഉത്തരം പറയാതെ പരലോകത്ത് കാലടികള്‍ മുന്നോട്ട് വെക്കാന്‍ കഴിയില്ല നമുക്കാര്‍ക്കും… ബാങ്കു വിളിക്കാന്‍ സമയമായി…”

അപ്പോഴേക്കും മഗ്‌രിബ് നമസ്‌കാരത്തിന് സമയമായെന്നറിയിച്ച് ബാങ്കുവിളിയുയര്‍ന്നു. എല്ലാവരും വുദൂഅ് ചെയ്യാനായി പിരിഞ്ഞു.

 

തന്‍വീല്‍
നേർപഥം വാരിക

മോറല്‍ സ്‌കൂളിലെ അനുഭവം

മോറല്‍ സ്‌കൂളിലെ അനുഭവം

അന്ന് രാവിലെ അമ്മാവന്‍ റാശിദ്ക്ക വീട്ടിലേക്ക് വരുമെന്ന് വിചാരിച്ചിട്ടേ ഉണ്ടായിരുന്നില്ല സല്‍മാന്‍. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ അതാ നില്‍ക്കുന്നു റാശിദ്ക്ക! സല്‍മാന്‍ ഉപ്പയുടെ കൂടെ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് വന്ന് ഒന്ന് ഉറങ്ങിയെഴുന്നേറ്റതാണ്. ഞായറാഴ്ച സ്‌കൂളില്ലാത്തതിനാല്‍ ഒമ്പത് മണിവരെ അവന് ഒഴിവാണ്. പത്തു മണിക്ക് അവന്‍ മോറല്‍ സ്‌കൂളില്‍ പോകും. പിന്നെ പന്ത്രണ്ട് മണിക്കേ വരാറുള്ളൂ.

റാശിദ്ക്കയാണ് അവനെ മോറല്‍ സ്‌കൂളില്‍ ആദ്യമായി കൊണ്ടാക്കിയത്. ഒരു ഞായറാഴ്ച ദിവസം രാവിലെ റാശിദ്ക്ക വന്നപ്പോള്‍ ഉറങ്ങിയും കളിച്ചും സമയം കളയുന്ന അവനോട് പറഞ്ഞു: നമുക്ക് പത്തു മണിയാകുമ്പോഴേക്കും ഒരിടം വരെ പോകണം.

സ്‌കൂളില്ലാത്ത ദിവസം പുറത്തിറങ്ങുന്നത് തന്നെ മടിയായിരുന്ന സല്‍മാന് അത് ഒട്ടും ഇഷ്ടമായില്ല. പക്ഷേ, റാശിദ്ക്കയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. സല്‍മാന് മാത്രമല്ല കുടുംബത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും റാശിദ്ക്കയോട് വലിയ സ്‌നേഹവും ബഹുമാനവുമാണ്.

വളരെ നല്ല സ്വഭാവമുള്ള റാശിദ്ക്ക എപ്പോള്‍ കുടുംബത്തിലെ കുട്ടികളോടൊത്ത് കൂടുന്നുവോ അപ്പോഴൊക്കെ അവര്‍ക്കിഷ്ടമുള്ള കഥകളും കളികളും ഒക്കെയായി അവരുടെ കൂട്ടത്തില്‍ ഒരാളായി മാറും. വിനോദത്തിനൊപ്പം ഒരുപാട് അറിവുകളും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കും.

അന്ന് റാശിദ്ക്കയോടൊപ്പം മോറല്‍ ക്ലാസിലേക്ക് പോയിത്തുടങ്ങിയതാണ്. നാട്ടിലെ എം.എസ്.എം പ്രവര്‍ത്തകര്‍ നടത്തിവരുന്ന ക്വുര്‍ആന്‍ പഠന സംവിധാനമാണത്. ചെറുപ്പത്തില്‍ വിശുദ്ധ ക്വുര്‍ആനും ഇസ്‌ലാമിക വിജ്ഞാനങ്ങളും വേണ്ട രൂപത്തില്‍ പഠിക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്കും തുടര്‍പഠനം ആവശ്യമുള്ളവര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് മോറല്‍ സ്‌കൂള്‍.

റാശിദ്ക്ക നല്ല തിരക്കുള്ള ഒരു എം.എസ്.എം പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

”ഓന് ആ കുട്ട്യാെള കൂടെ കൂട്യേപ്പളാ പൊറത്തെറങ്ങാനും നല്ല കാര്യങ്ങള് ചെയ്യാനും തൊടങ്ങ്യേത്. വല്യ നാണംകുണുങ്ങ്യായിര്ന്നല്ലോ. ഇപ്പൊ ക്ലാസെട്ക്കാനും മറ്റും തുടങ്ങീലേ…”-വല്യുമ്മ ഇത്തിരി അഭിമാനത്തോട് കൂടിയാണ് റാശിദ്ക്കായെപ്പറ്റി പറയാറുള്ളത്.

പഠനത്തില്‍ മികവു പുലര്‍ത്തുന്ന റാശിദ്ക്ക ഇന്ന് നാട്ടിലെ യുവാക്കള്‍ക്ക് മാതൃകയായിട്ടാണ് ജീവിക്കുന്നത്.

ഒരു ദിവസം മോറല്‍ സ്‌കൂളിലിരിക്കുമ്പോഴാണ് ഒരു കുട്ടിയെയും കൂട്ടി റാശിദ്ക്കയുടെ ഒന്നുരണ്ട്‌സുഹൃത്തുക്കള്‍ വരുന്നത്. റാശിദ്ക്കയാണ് ക്ലാസെടുക്കുന്നത്.

”ഇത് അജ്മല്‍. ഇവന്റെ ഉപ്പ ഇവനെ നമ്മുടെ ക്ലാസില്‍ ചേര്‍ക്കാന്‍ പറഞ്ഞു വിട്ടതാ…” അതിലൊരാള്‍ പറഞ്ഞു. അവര്‍ അവനെ ക്ലാസിലാക്കി മടങ്ങി. അവന് ക്ലാസിലിരിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല.

റാശിദ്ക്ക ക്ലാസ് തുടങ്ങി.

ഇന്ന് ഒരു കഥ പറഞ്ഞ് നമുക്ക് തുടങ്ങാം…

”ശരി, ആയിക്കോട്ടെ!” കുട്ടികളെല്ലാവരും ആവേശത്തോടെ പറഞ്ഞു.

”ഒരിക്കല്‍ ഒരു പണ്ഡിതന്റെയടുത്ത് ഒരാള്‍ വന്നു പറഞ്ഞു: എനിക്ക് എന്നെ തിന്മകളില്‍ നിന്നും നിയന്ത്രിക്കാനാവുന്നില്ല. അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ കഴിയുന്നില്ല. ഒരു നിഷേധിയായി ജീവിക്കുന്ന എന്നെ താങ്കള്‍ക്ക് സഹായിക്കാന്‍ കഴിയുമോ..?”

പണ്ഡിതന്‍ പറഞ്ഞു: ”ഞാന്‍ പറയുന്ന അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ താങ്കള്‍ ചെയ്യുന്ന തിന്മകള്‍ കാരണം റബ്ബിന്റെ ശിക്ഷ താങ്കള്‍ക്ക് ലഭിക്കുകയില്ല. അതിന് താങ്കള്‍ക്ക് കഴിയുമോ?”

വന്നയാള്‍ പറഞ്ഞു: ”അതെ, ആ കാര്യങ്ങള്‍ പറയൂ. അത് എന്തായാലും ഞാന്‍ ചെയ്യാം. കാരണം എനിക്ക് എന്റെ നിലവിലുള്ള ജീവിത രീതിയില്‍ നിന്നും മാറേണ്ടതുണ്ട്.”

പണ്ഡിതന്‍ പറഞ്ഞു: ”അതില്‍ ഒന്നാമത്തെ കാര്യം ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. താങ്കള്‍ ലോകര്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കുന്ന റാസിക്വ് ആയ അല്ലാഹു ഉത്പാദിപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും ഒന്നും തന്നെ കഴിക്കില്ലെന്ന് തീരുമാനിക്കുക. എങ്കില്‍ താങ്കള്‍ക്ക് അല്ലാഹുവിനെ നിഷേധിക്കാം.”

”അതെങ്ങനെ കഴിയും?! ഈ ഭൂമിയില്‍ അവന്‍ ഉണ്ടാക്കുന്നതല്ലാതെ മറ്റെന്താണ് ഉള്ളത്. പിന്നെ ഞാനെന്ത് കഴിക്കും…?”

”അതെ! ലോകരക്ഷിതാവ് കനിഞ്ഞരുളുന്ന ഭക്ഷണം കഴിക്കുകയും അവനെ നിഷേധിക്കുകയും ചെയ്യുകയെന്നത് എങ്ങനെ ശരിയാകും?”

”ഇല്ല! അതിനെനിക്ക് കഴിയില്ല. ഞാന്‍ പട്ടിണികിടന്ന് മരിക്കേണ്ടി വരും”-അയാള്‍ പറഞ്ഞു.

”അത് വേണ്ട. രണ്ടാമത്തെ കാര്യം എന്തെന്ന് പറയൂ. അതെനിക്ക് കഴിയും.”

പണ്ഡിതന്‍ അടുത്ത കാര്യം പറഞ്ഞു: ”വീട്..! സകലരുടെയും രക്ഷകനായ നാഥന്റെ മണ്ണിലാണ് യഥേഷ്ടം വിശ്രമിക്കുകയും ഉറങ്ങുകയും മറ്റുമെല്ലാം ചെയ്യുന്ന താങ്കളുടെ വീടുള്ളത്. എന്നാല്‍ അതിന്റെ ‘മാലിക്’ ആയ നാഥന്റെ കല്‍പനകളും നിര്‍ദേശങ്ങളും നിരസിക്കുകയും ചെയ്യുന്നു. അതിലെന്ത് ന്യായമാണുള്ളത്? ആയതിനാല്‍ താങ്കളുടെ വീട് ഉപേക്ഷിച്ച് പോവുക.”

”താങ്കളെന്താണ് ഈ പറയുന്നത്? അതിനൊന്നും എനിക്കാവില്ല. താങ്കള്‍ മൂന്നാമത്തെ കാര്യം പറയൂ. അത് ഞാനെന്തായാലും ചെയ്യാം.”

”ഈ ലോകം..! അതെ, ഈ ലോകത്തുവെച്ച് താങ്കള്‍ എന്ത് ചെയ്താലും അത് അവന്‍ അറിയും. അവന്‍ കല്‍പിച്ചത് പ്രവര്‍ത്തിക്കുകയും നിരോധിച്ചത് വെടിയുകയും ചെയ്യാതെ ഈ ലോകത്തില്‍ ജീവിച്ചാല്‍ അതിന്റെ ഗുണദോഷങ്ങള്‍ താങ്കള്‍ അനുഭവിക്കേണ്ടി വരും. ആയതിനാല്‍ ഈ ലോകത്തില്‍നിന്ന് മാറി മറ്റെവിടെയെങ്കിലും പോയി ജീവിക്കുക.”

”താങ്കള്‍ എന്തൊക്കെയാണീ പറയുന്നത്?! ഞാനൊരു മനുഷ്യനല്ലേ? ഈ ലോകത്തിലല്ലാതെ എനിക്കെവിടെ ജീവിക്കാന്‍ സാധിക്കും?”

”നാലാമത്തെ കാര്യം പറയൂ… അതിനെങ്കിലും ഞാനൊന്ന് ശ്രമിക്കട്ടെ.”

”സമയം…” പണ്ഡിതന്‍ പറഞ്ഞു.

”സമയമോ?” അയാള്‍ ചോദിച്ചു.

”അതെ, താങ്കള്‍ക്ക് റബ്ബ് നല്‍കിയ സമയം മുഴുവന്‍ അവനെ നിഷേധിച്ച് താങ്കള്‍ ജീവിച്ചു. താങ്കളുടെ അടുത്ത് മരണത്തിന്റെ മലക്ക് വരുമ്പോള്‍ താങ്കളെപ്പോലുള്ളവര്‍ നിശ്ചയമായും ‘ദയവായി അല്‍പം സമയം എനിക്ക് നീട്ടിത്തരൂ.. ഞാന്‍ വളരെ നന്നായി ജീവിച്ച് കാണിച്ചു തരാം’ എന്ന് ആവശ്യപ്പെടും. അതിലേക്കായി താങ്കള്‍ ഇപ്പോള്‍ കുറച്ചധികം സമയം മാറ്റി വെക്കുക.”

”അതിന് ആ സമയം മരണത്തിന്റെ മലക്ക് ഞാന്‍ പറയുന്നത് അനുസരിക്കുകയില്ലല്ലോ…!”

”ങ്‌ഹേ…! അപ്പോള്‍ താങ്കള്‍ക്ക് അതും അറിയാം അല്ലേ? ആരോഗ്യവും സമയവും സമ്പത്തുംകൊണ്ട് കാരുണ്യവാന്‍ താങ്കളെ അനുഗ്രഹിച്ചു. എന്നിട്ട് അതൊന്നും നേരാംവണ്ണം താങ്കള്‍ ചെലവഴിച്ചില്ല. ഈ ലോക ജീവിതമല്ലാതെ അതിന് മറ്റൊരവസരമില്ലെന്ന ബോധ്യവും താങ്കള്‍ക്കുണ്ട്. പിന്നെയെങ്ങനെയാണ് താങ്കള്‍ രക്ഷപ്പെടുന്നത്?”

”ഹോ..! എന്തൊരു കഷ്ടം. ഏതായാലും താങ്കള്‍ അഞ്ചാമത്തെ കാര്യംകൂടി പറയൂ. അതെങ്കിലും ചെയ്യാന്‍ കഴിഞ്ഞെങ്കിലോ.”

”ഇനി താങ്കളുടെ മുമ്പില്‍ ഒരു കാര്യം മാത്രമെയുള്ളൂ. അതിന് താങ്കള്‍ക്കാവുമെങ്കില്‍ ചെയ്‌തോളൂ. സര്‍വലോക നാഥനായ അല്ലാഹുവിന്റെ സകലമാന അനുഗ്രഹങ്ങളും അനുഭവിച്ചും അവനെ നിഷേധിച്ചും ജീവിക്കുകയും എന്നിട്ട് അവന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന താങ്കള്‍ അല്ലാഹുവിന്റെ മലക്കുകള്‍ നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അവരുടെ കണ്ണ് വെട്ടിച്ച് കടന്നു കളയുക.”

അയാള്‍ അമ്പരന്നു. അതെങ്ങനെ സാധിക്കും?

”ദയവായി എന്നോട് ക്ഷമിക്കൂ. ഞാനെന്തൊരു ധിക്കാരിയാണെന്ന് താങ്കള്‍ എന്നെ ബോധ്യപ്പെടുത്തി. വേണ്ട… എല്ലാം ക്ഷമിക്കുന്ന നാഥനോട് എനിക്കായി താങ്കള്‍ പ്രാര്‍ഥിക്കുക… ഞാന്‍ ഈ നിമിഷം മുതല്‍ എല്ലാ നിഷേധ നിലപാടുകളും മാറ്റി നാഥന്റെ കല്‍പനകള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കാം. എന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് രക്ഷിതാവിനോട് മാപ്പിരക്കാം. എനിക്ക് രക്ഷ കിട്ടുമോ?”

”അതെ, തീര്‍ച്ചയായും! ഉഹ്ദ് മല കണക്കെ പാപം ചെയ്താലും ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങിയാല്‍ അത് പൊറുത്ത് തരാന്‍ അല്ലാഹു ഒരുക്കമാണെന്ന് വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും സാക്ഷ്യപ്പെടുത്തിയതാണ്. താങ്കളെ അല്ലാഹു രക്ഷിക്കുമാറാകട്ടെ.”

അന്ന് തൊട്ട് അജ്മല്‍ മോറല്‍ ക്ലാസിന്റെ ഭാഗമായി. ഇന്ന് വരെ ഒരു ക്ലാസിലും മതിയായ കാരണമില്ലാതെ പങ്കെടുക്കാതിരുന്നിട്ടില്ല.

 

തന്‍വീല്‍
നേർപഥം വാരിക

കണ്ണുള്ളവരുടെ കടമ

കണ്ണുള്ളവരുടെ കടമ

സ്‌കൂള്‍ വിട്ടാല്‍ സാവകാശം നടന്ന് വീട്ടിലെത്താറുള്ള ജാസിമും അനുജന്‍ ഫാഹിമും അന്ന് ഓടിയാണെത്തിയത്. ബാഗ് മേശപ്പുറത്തു വെച്ചുകൊണ്ട് ജാസിം ഉറക്കെ പറഞ്ഞു:

”ഉമ്മാ…. അസ്സലാമു അലൈക്കും.”

”വ അലൈക്കുമുസ്സലാം…. എന്താ മക്കളേ, ഇന്ന് ഓടിക്കിതച്ചാണല്ലോ എത്തിയിരിക്കുന്നത്. എന്തുപറ്റി? നായയോ മറ്റോ പിന്നാലെ കൂടിയോ?”- ഉമ്മ.

”അതൊന്നുമല്ല ഉമ്മാ കാര്യം”- ഫാഹിമാണതു പറഞ്ഞത്.

”പിന്നെ എന്താണു കാര്യം? എന്തോ സംഭവിച്ചതുപോലുണ്ടല്ലോ”- ഉമ്മ ജിജ്ഞാസയോടെ ചോദിച്ചു.

”ഉമ്മാ അല്ലാഹു എന്നെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യം ഞാന്‍ ചെയ്തു”- ജാസിം പറഞ്ഞു.

”ഞാനും”- ഫാഹിം കൂട്ടിച്ചേര്‍ത്തു.

”ഓ… അതുശരി. ഞാന്‍ പേടിച്ചുപോയി. ആകട്ടെ, എന്താണു മക്കള്‍ ചെയ്ത വലിയ കാര്യം?”

ജാസിം പറഞ്ഞു:

”ഞങ്ങള്‍ നടന്നു വരുമ്പോള്‍ റോട്ടില്‍ കണ്ണുകാണാത്ത ഒരാളെ കണ്ടു. റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. എന്നാല്‍ വണ്ടികളൊന്നു പോയിക്കഴിഞ്ഞിട്ടു വേണ്ടേ റോഡു മുറിച്ചു കടക്കാന്‍! അങ്ങോട്ടുമിങ്ങോട്ടും വണ്ടികള്‍ പരക്കം പായുന്നതിനാല്‍ അയാള്‍ പ്രയാസപ്പെട്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാനയാളുടെ കൈപിടിച്ച് അപ്പുറത്തെത്തിച്ചു…”

ജാസിം പറഞ്ഞ് പൂര്‍ത്തിയാക്കും മുമ്പ് ഫാഹിം ഇടപെട്ടു:

”ഉമ്മാ, ഞാനും അയാളെ സഹായിച്ചു. ആ സാധുവായ മനുഷ്യന് എന്റെ കയ്യിലുണ്ടായിരുന്ന രണ്ടുരൂപ ഞാന്‍ കൊടുത്തു.”

”ഫാഹിം പറഞ്ഞത് ശരിയാണുമ്മാ. അവന്റെ കയ്യിലുണ്ടായിരുന്ന് രണ്ടുരൂപ അവന്‍ അയാള്‍ക്കു കൊടുത്തു. മിഠായി വാങ്ങാന്‍ എനിക്കു തന്നിരുന്ന രണ്ടുരൂപ ഞാനും കൊടുത്തു”- അനുജന് ഞാന്‍ വിട്ടുകൊടുക്കില്ല എന്ന മട്ടില്‍ ജാസിം കൂട്ടിച്ചേര്‍ത്തു.

ഉമ്മ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: ”വളരെ നന്നായി മക്കളേ, നിങ്ങള്‍ ചെയ്തത് വളരെ നന്നായി. എന്നാല്‍ നിങ്ങള്‍ ഒരുകാര്യം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.”

”അതെന്താണുമ്മാ…?” രണ്ടുപേരും ഒന്നിച്ചാണതു ചോദിച്ചത്.

”ഒരാളെ സഹായിച്ചാല്‍ അത് മറച്ചുവെക്കുന്നതാണ് കൂടുതല്‍ ഉചിതം. ഖലീഫ ഉമര്‍(റ) തന്റെ പ്രജകളുടെ സ്ഥിതിഗതികള്‍ കണ്ടറിയാനായി താന്‍ ആരാണെന്നറിയാതിരിക്കാന്‍ രാത്രിയില്‍ വേഷംമാറി ചുറ്റിസഞ്ചരിച്ചിരുന്നതും കഷ്ടപ്പെടുന്നവരെ സഹായിച്ചിരുന്നതും നിങ്ങള്‍ കേട്ടിട്ടില്ലേ? അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചുകൊണ്ട് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ അന്യര്‍ക്ക് ചെയ്തുകൊടുക്കുക. ചെയ്ത സഹായങ്ങള്‍ പരസ്യപ്പെടുത്താതിരിക്കുക. അതാണ് കൂടുതല്‍ പുണ്യകരം. ഏതായാലും നിങ്ങള്‍ ചെയ്തത് ഉമ്മാക്ക് ഇഷ്ടമായി. അല്ലാഹു നിങ്ങളുടെ സല്‍പ്രവൃത്തിക്ക് തക്കതായ പ്രതിഫലം തരട്ടെ…”

”ആമീന്‍”- ജാസിമും ഫാഹിമും ഒപ്പം പറഞ്ഞു.

”കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക നിയ്യത്തനുസരിച്ചാണെന്നും ജനങ്ങളെ കാണിക്കാനായി സല്‍കര്‍മങ്ങള്‍ ചെയ്താല്‍ അത് ശിക്ഷാര്‍ഹമാണെന്നും നബി(സ) പറഞ്ഞതായി ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞങ്ങള്‍ അന്ധനെ സഹായിച്ചത് ഉമ്മാനോട് പറഞ്ഞ് തെറ്റാണോ ഉമ്മാ? ഞങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം തരില്ലേ?”- അല്‍പം വിഷമത്തോടെയാണ് ജാസിം ചോദിച്ചത്.

”എന്റെ മക്കള്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചല്ലേ സഹായം ചെയ്തത്? അതിനാല്‍ പ്രതിഫലം ലഭിക്കാതിരിക്കില്ല. ഒരു നന്മ ചെയ്യാനായ സന്തോഷം ഉമ്മാനെ അറിയിച്ചതും തെറ്റല്ല. എന്നാലിനി പുറത്തിറങ്ങി കണ്ടവരോടൊക്കെ ഇതു പറഞ്ഞു നടക്കാതിരുന്നാല്‍ മതി”- ഉമ്മ ഇരുവരെയും സമാധാനിപ്പിച്ചു.

”ഉമ്മാ… ഭയങ്കര വിശപ്പ്…” -ഫാഹിം അടുക്കളയിലേക്കോടി. പിന്നാലെ ജാസിമും.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

പാപഭാരം വര്‍ധിക്കുമ്പോള്‍…

പാപഭാരം വര്‍ധിക്കുമ്പോള്‍...

”ഞാനാദ്യം, ഞാനാദ്യം” മദ്‌റസയുടെ വരാന്തയിലേക്ക് ഓടിക്കയറിയ സലീം വിളിച്ചു പറഞ്ഞു. സ്വഫിയ്യയും സ്വാദിഖും സല്‍മാനും പിന്നാലെ ഓടിയെത്തിയെങ്കിലും ആദ്യം കയറിയത് സലീം തന്നെയാണ്.

”ബെല്ലടിക്കാന്‍ ഇനിയും അഞ്ചു മിനുട്ടുണ്ട്” സ്വാദിഖ് ഇന്നലെ ഉപ്പ വന്നപ്പോള്‍ കൊണ്ടുവന്ന പുതിയ വാച്ചില്‍ നോക്കി പറഞ്ഞു.

”ഓ ഇന്നിനി പലപ്രവാശ്യം സമയത്തെക്കുറിച്ച് മുന്നറിയിപ്പുണ്ടാവും” സ്വഫിയ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

അയല്‍വാസികളായ അവര്‍ നാലുപേരും മദ്‌റസയില്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരാണ്. നന്നായി പഠിക്കുകയും കളിക്കുകയും ചെയ്യുന്ന നാലുപേരും മദ്‌റസയില്‍ വരുന്നതും പോകുന്നതുമെല്ലാം ഒന്നിച്ചാണ്.

സമീനയും നൗഷാദും അബ്ദുവുമെല്ലാം ക്ലാസിലേക്ക് ഓടിക്കയറി. ഫസ്റ്റ് ബെല്ലടിച്ചു. ആദ്യത്തെ പീരിയഡ് വിശുദ്ധ ക്വുര്‍ആന്‍ പാരായണമാണ്. യൂനുസ് മാഷ് ബെല്ലടിച്ചപ്പോഴേക്കും ക്ലാസിലെത്തി.

”അസ്സലാമു അലൈക്കും.”

”വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്” എല്ലാവരും ഒന്നിച്ച് സലാം മടക്കി.

സെക്കന്റ് ബെല്ലടിച്ചു. കുട്ടികളെല്ലാവരും എഴുന്നേറ്റ് നിന്ന് പ്രാര്‍ഥന ചൊല്ലി ഇരുന്നു. യൂനുസ് മാഷ് വിശുദ്ധ ക്വുര്‍ആന്‍ എടുത്തു. കുട്ടികള്‍ ക്വുര്‍ആന്‍ തുറന്നിരുന്നു.

”സാര്‍, ഇന്ന് സൂറത്തുല്‍ ഫത്ഹ് എടുക്കുമെന്ന് പറഞ്ഞിരുന്നു.”

”അതെ, ഇന്ന് നമ്മള്‍ പഠിക്കാന്‍ പോകുന്നത് സൂറത്തുല്‍ ഫത്ഹ് ആണ്. എന്താണ് ഫത്ഹ് എന്ന വാക്കിന്റെ അര്‍ഥം?” മാഷ് ചോദിച്ചു.

”വിജയം” സല്‍മാന്‍ വിളിച്ചു പറഞ്ഞു.

യൂനുസ് മാഷ് തജ്‌വീദ് നിയമങ്ങള്‍ അനുസരിച്ച് സൂറത്തുല്‍ ഫത്ഹ് ഓതാന്‍ തുടങ്ങി. അദ്ദേത്തിന്റെ ശ്രവണ മധുരമായ പാരായണം കുട്ടികള്‍ക്കെല്ലാം നല്ല ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാരായണം കേട്ട് അതുപോലെ കുട്ടികളും പാരായണം ചെയ്തുകൊണ്ടിരുന്നു.

ക്ലാസ് കഴിയുമ്പോഴേക്കും ഓരോ കുട്ടിയും നന്നായി ഓതാന്‍ പഠിച്ചിട്ടുണ്ടാകും.

‘ര്‍ണീം…!’

സെക്കന്റ് പീരിയഡിന്റെ അറിയിപ്പായി. കുട്ടികളെല്ലാവരും ക്വുര്‍ആന്‍ അടച്ചു വെച്ചു. അധ്യാപകന്‍ സലാം പറഞ്ഞ് പുറത്തിറങ്ങി.

”നീ സ്വഭാവപാഠത്തിന്റെ നോട്ട് എഴുതിയോ?” സമീന സ്വഫിയ്യയോട് ചോദിച്ചു.

”ങാ… ഞാനിന്നലെ നോട്ട് എഴുതിത്തീര്‍ത്തു.”

”നിനക്കെന്താ പറ്റിയത്?” മുഖം കനപ്പിച്ചിരിക്കുകയായിരുന്ന നാദിറയോട് സ്വഫിയ്യ ചോദിച്ചു.

”കഴിഞ്ഞ പാഠങ്ങളുടെ നോട്ട് എഴുതിയെടുക്കാന്‍ ഞാന്‍ അവളുടെ പുസ്തകം വാങ്ങിയിരുന്നു. ഇന്നലെ വീട്ടില്‍ പുസ്തകം എത്തിക്കാമെന്നു പറഞ്ഞിരുന്നു. ഞാനത് മറന്നുപോയി” സമീന പറഞ്ഞു.

”വാഗ്ദത്തം ചെയ്താല്‍ ലംഘിക്കാന്‍ പാടില്ലാന്ന് നീ പഠിച്ചിട്ടില്ലേ? അതുകൊണ്ട് അവള്‍ക്ക് നോട്ട് എഴുതാന്‍ പറ്റിയതുമില്ല” സഫിയ പറഞ്ഞു.

ഇതിനിടയില്‍ യൂസുഫ് മാഷ് സലാം പറഞ്ഞുകൊണ്ട് ക്ലാസിലെത്തി. കയ്യില്‍ ഒരു ഗ്ലാസ് വെള്ളവുമുണ്ട്!

”എന്തിനാ ഈ വെള്ളം?” സലീമിന് കാരണമറിയാന്‍ തിടുക്കമായി.

”എല്ലാവരും അടങ്ങിയിരിക്കൂ…”

എല്ലാവരും ആകാംക്ഷയോടെ നിശ്ശബ്ദരായി ഇരുന്നു.

”ഈ ഗ്ലാസില്‍ എത്ര മില്ലിഗ്രാം വെള്ളമുണ്ടാകും?” മാഷ് ചോദിച്ചു.

50, 100, 75… കുട്ടികളോരോരുത്തരും അവനവന് തോന്നിയ അളവ് വിളിച്ചു പറയാന്‍ തുടങ്ങി.

”ശരി, ശരി… കൃത്യമായി അറിയണമെങ്കില്‍ അളന്നു നോക്കണം. എനിക്ക് ചോദിക്കാനുള്ളത് മറ്റൊരു ചോദ്യമാണ്.”

കുട്ടികള്‍ക്ക് ആകാക്ഷ വര്‍ധിച്ചു.

”ഈ വെള്ളമുള്ള ഗ്ലാസ് ഏതാനും മിനുട്ടു നേരത്തേക്ക് ഞാനിങ്ങനെ നീട്ടിപിടിച്ചു നിന്നാല്‍ എന്റെ കൈകള്‍ക്ക് എന്ത് സംഭവിക്കും?”

”ഒന്നും സംഭവിക്കില്ല” കുട്ടികളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

”ശരി. ഒരു ഒരു മണിക്കൂര്‍ നേരം ഞാനിതിങ്ങനെ നീട്ടിപ്പിടിച്ചു നിന്നാലോ?”

”കൈ വേദനിക്കും, കൈക്ക് കടച്ചില്‍ വരും…” സല്‍മാന്‍ പറഞ്ഞു.

”അതെ, എന്റെ കൈ വേദനിക്കും. എന്നാല്‍ ഞാനിതിങ്ങനെ ഒരു ദിവസം മുഴുവന്‍ പിടിച്ചു നിന്നാല്‍ എന്ത് സംഭവിക്കും?”

”സാറിന്റെ കൈ അതോടെ മരവിച്ച് പോകും. പിന്നെ ആ കൈ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ശരിയാക്കേണ്ടി വരും” സ്വാദിഖ് വിളിച്ചു പറഞ്ഞു. അത് കേട്ട് കുട്ടികളെല്ലാവരും ചിരിച്ചു.

”അതെ, സ്വാദിഖ് പറഞ്ഞത് ശരിയാണ്, എന്നെ നിങ്ങള്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വരും. അങ്ങനെ ആവാതിരിക്കാന്‍ ഞാന്‍ എന്റെ കയ്യിലെ ഗ്ലാസിലെ വെള്ളത്തിന്റെ അളവ് കുറച്ചാല്‍ മതിയാകുമോ?”

”അത് കൊണ്ടൊന്നും കാര്യമില്ല. ഗ്ലാസ് ഇപ്പോള്‍ തന്നെ താഴെ വെച്ചാല്‍ പ്രശ്‌നമൊഴിവാക്കാമല്ലോ” സ്വഫിയ്യ അല്‍പം തമാശയോടെ പറഞ്ഞു.

”അതെ, ശരിയാണ്. സ്വഫിയ്യ പറഞ്ഞതാണ് ശരി. കുട്ടികളേ… നമ്മുടെ ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഇതുപോലെയാണ്. നമ്മള്‍ അതിനെക്കുറിച്ച് അതിരുവിട്ട് ചിന്തിച്ച് നടക്കും. അവസാനം അത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും.”

കുട്ടികള്‍ സാകൂതം കേട്ടിരിക്കുകയാണ്.

”അതിനെക്കാളേറെ നഷ്ടം സംഭവിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതെന്താണെന്നറിയുമോ?” മാഷ് ചോദിച്ചു.

സലീം ചാടിയെഴുന്നേറ്റ് പറഞ്ഞു: ”നമ്മുടെ ചെറിയ ചെറിയ പാപങ്ങള്‍!”

”അതെ, മിടുക്കന്‍! അതൊന്ന് വിശദീകരിക്കാമോ?”

”നാം ചെയ്തു പോകുന്ന പാപങ്ങള്‍ പൊറുത്തുതരുവാന്‍ അല്ലാഹുവിനോട് തേടാതെ നടക്കുകയും പാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ ദിവസം തോറും അതുകൊണ്ട് പ്രയാസം വര്‍ധിച്ചുകൊണ്ടിരിക്കും.”

”അതെ, നീട്ടിപ്പിടിച്ചിരിക്കുന്ന കയ്യിലെ ഗ്ലാസിന്റെ ഭാരം കൂടിക്കൊണ്ടിരിക്കുകയും സമയം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ കൈ പൂര്‍വ സ്ഥിതിയിലാകാന്‍ ഏറെ പ്രയാസമായിരിക്കും. പാപങ്ങള്‍ നിസ്സാരമായതാണെങ്കിലും അധികരിച്ചാല്‍ നമ്മള്‍ വലിയ പാപികളായി മാറും. നമ്മള്‍ എന്ത് തെറ്റും ചെയ്യാന്‍ മടിക്കാത്തവരായിത്തീരും. എന്നാല്‍ തന്റെ മനസ്സിലെ വിഷമങ്ങളും പ്രയാസങ്ങളും അറിഞ്ഞോ അറിയാതെയോ ചെയ്തു പോകുന്ന പാപങ്ങളും കാരുണ്യവാനായ അല്ലാഹുവിന്റെ മുമ്പില്‍ ആത്മാര്‍ഥമായി അവതരിപ്പിക്കുകയും തെറ്റില്‍ ഖേദം പ്രകടിപ്പിച്ച് പൊറുത്തു തരാന്‍ ആവശ്യപ്പെടുകയും അതില്‍ നിന്ന് കഴിവിന്റെ പരമാവധി അകന്ന് നില്‍ക്കുകയും ചെയ്യുന്നവന് വല്ലാത്തൊരു സമാധാനം ലഭിക്കും. അവന്റെ പാപഭാരം വര്‍ധിക്കില്ല.”

”സാര്‍, നേരത്തെ ഞങ്ങള്‍ പഠിച്ച സൂറത്തുല്‍ ഫത്ഹിലെ 4ാമത്തെ ആയത്തിന്റെ അര്‍ഥം പറഞ്ഞുതന്നപ്പോള്‍ ‘അല്ലാഹുവാകുന്നു സത്യവിശ്വാസികളുടെ ഹൃദയത്തില്‍ ശാന്തി ഇറക്കിക്കൊടുത്തത്’ എന്ന് മാഷ് പറഞ്ഞു തന്നിരുന്നു” സലീം പറഞ്ഞു.

”അതെ, മിടുമിടുക്കന്‍! അല്ലാഹുവാകുന്നു സമാധാനമേകുന്നവന്‍. വിജയം പ്രാപിച്ചവര്‍ പരമമായ ശാന്തിയിലും സമാധാനത്തിലുമായിരിക്കും.”

”സാര്‍, അവരെ സംബന്ധിച്ചു തന്നെയല്ലേ സൂറത്തുല്‍ ഫജ്‌റില്‍ സമാധാനമടഞ്ഞ ആത്മാവ് എന്ന് അല്ലാഹു പറഞ്ഞത്?” സമീന ചോദിച്ചു.

”യാ അയ്യതുഹന്നഫ്‌സുല്‍ മുത്മഇന്ന…”

അത് കേട്ടപ്പോള്‍ അധ്യാപകന്റ മനം കുളിര്‍ത്തു.

 

അറബി കഥ – പുനരാഖ്യാനം: തൻസീൽ
നേർപഥം വാരിക

തുള വീണ മനസ്സുകൾ

തുള വീണ മനസ്സുകൾ

പണ്ടുപണ്ട്‌ ഒരു ഗ്രാമത്തിൽ മഹാവികൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു. അവൻ തന്റെ മാതാപിതാക്കൾക്ക്‌ അസഹനീയമാംവിധം പ്രയാസങ്ങളുണ്ടാക്കി. അയൽക്കാർക്കും സമപ്രായക്കാർക്കും അവൻ ഒരു ശല്യമായി മാറി. മാതാപിതാക്കൾ നിരന്തരം അവനെ ഉപദേശിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.

തന്റെ ഇഷ്ടത്തിന്‌ എതിരായി ആര്‌ എന്ത്‌ പറഞ്ഞാലും അത്‌ അനുസരിക്കാൻ അവൻ തയ്യാറാവുകയില്ലെന്ന്‌ മാത്രമല്ല, അവരോട്‌ കയർത്തു സംസാരിക്കുകയും ചെയ്യും. തന്നെക്കാളും ചെറിയവരാണ്‌ അടുത്തേക്ക്‌ വരുന്നതെങ്കിൽ അവരെ ഭീഷണിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും.

എല്ലാവരും `വികൃതിക്കുട്ടി`?എന്ന്‌ അവനെ വിളിക്കാൻ തുടങ്ങി. സ്കൂളിലെ കൂട്ടുകാരും അയൽക്കാരുമെല്ലാം തന്നെ അകറ്റുന്നുണ്ടെന്ന തോന്നൽ ഇടയ്ക്ക്‌ അവനുണ്ടാകാറുണ്ട്‌. അപ്പോഴൊക്കെ നന്നാകണമെന്ന്‌ അവന്‌ തോന്നും. പക്ഷേ, എത്ര ശ്രമിച്ചിട്ടും ദേഷ്യം അടക്കിവെക്കാൻ അവന്‌ കഴിഞ്ഞില്ല. ഇത്‌ അവനെക്കാളേറെ മാതാപിതാക്കളെ ആശങ്കയിലാക്കി. പലപ്പോഴായി പല വിധത്തിൽ പലരും അവനെ ഉപദേശിച്ചെങ്കിലും അവനിൽ മാറ്റമുണ്ടായില്ല. അതിനാൽ അവൻ കൂടുതൽ ഒറ്റപ്പെട്ടു തുടങ്ങി. അവനുമായി കൂട്ടുകൂടുവാനും കളിക്കുവാനും കൂട്ടുകാർ മടികാണിച്ചു.

ഒരുദിവസം അവൻ തനിച്ച്‌ വീടിനു സമീപത്തുള്ള പുഴയോരത്ത്‌ ഓളങ്ങളിൽ കണ്ണുംനട്ടിരിക്കുകയായിരുന്നു. അന്നേരം ഉപ്പ അവന്റെ അടുത്ത്‌ ചെന്നിരുന്ന്‌ അവന്റെ മുടിയിഴകളിൽ സ്നേഹത്തോടെ തലോടിക്കൊണ്ട്‌ അവനോട്‌ തമാശകൾ പറയാൻ തുടങ്ങി. കൊച്ചു കുഞ്ഞായിരിക്കുമ്പോൾ അവൻ ചെയ്ത കുസൃതികളെ സംബന്ധിച്ചും മറ്റും പറഞ്ഞുകൊണ്ടിരുന്നു. ഉപ്പയുടെ വാത്സല്യത്തോടെയുള്ള ഇടപെടലും ഉമ്മയും ഉപ്പയും തനിക്കു വേണ്ടി സഹിച്ച പ്രയാസങ്ങളും മറ്റുമൊക്കെ കേട്ടപ്പോൾ ഇപ്പോൾ തന്നോട്‌ ആരും ഇങ്ങനെയല്ലല്ലോ പെരുമാറുന്നത്‌ എന്ന്‌ അവൻ ചിന്തിച്ചു. തന്റെ മോശം സ്വഭാവംകൊണ്ടായിരിക്കും അതെന്നും അവൻ ഊഹിച്ചു.

എനിക്ക്‌ മാറണം. ഇനി ഞാൻ ആരോടും ചീത്തയായി പെരുമാറുകയില്ല; എത്ര ദേഷ്യം വന്നാലും ശരി, അവൻ തീരുമാനിച്ചു. അവനും ഉപ്പയും പുഴവക്കിൽനിന്നും വീട്ടിലേക്ക്‌ തിരിച്ചുനടന്നു. അകത്തെത്തിയപ്പോൾ അടുക്കളയിൽ നിന്നും ഓടിവന്ന പൂച്ച അവനെ നോക്കി ഒന്ന്‌ മുരണ്ടു. തന്നെ നോക്കി മുരണ്ടതിലുള്ള ദേഷ്യംകൊണ്ട്‌ അവൻ നിലത്തുകിടന്നിരുന്ന ക്രിക്കറ്റ്‌ ബോൾകൊണ്ട്‌ പൂച്ചക്ക്‌ ഒരേറു കൊടുത്തു. അത്‌ കണ്ട ഉമ്മ അവനോട്‌ പറഞ്ഞു: “എത്ര പറഞ്ഞാലും നീ എന്താ മോനേ ഇങ്ങനെ? എന്തിനാ അതിനെ എറിയുന്നേ?”

അത്‌ കേട്ടപ്പോൾ അവന്‌ ദേഷ്യം കൂടി. പക്ഷേ, ഉപ്പ അവന്റെ കൈപിടിച്ചു. അതോടെ അവന്റെ ദേഷ്യം മാറി.

പിറ്റേന്ന്‌ ഉപ്പ ജോലി കഴിഞ്ഞ്‌ വന്നത്‌ ഒരു പ്ളാസ്റ്റിക്‌ ബാഗ്‌ നിറയെ ആണികളുമായിട്ടായിരുന്നു. ആ ബാഗിൽ ഒരു ചെറിയ ചുറ്റികയും ഉണ്ട്‌. ഉപ്പ അവനോട്‌ പറഞ്ഞു:

“ഇന്ന്‌ മുതൽ നിനക്ക്‌ ദേഷ്യം വരുമ്പോൾ വീടിനു പിന്നിൽ ചെന്ന്‌ കയ്യാലയിൽ ഈ ബാഗിലുള്ള ആണികളിൽ നിന്നും ഓരോന്നെടുത്ത്‌ ചുറ്റികകൊണ്ട്‌ തറക്കുക. ദേഷ്യം തീരുന്നത്‌ വരെ നല്ല ശക്തിയിൽ കയ്യാലയിൽ തറച്ചുകൊണ്ടിരിക്കുക. ദേഷ്യം വരുമ്പോഴെല്ലാം ഇതുപോലെ ചെയ്യുക.”

അന്ന്‌ മുതൽ അവൻ അങ്ങനെ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ എല്ലാ ദിവസങ്ങളിലും ധാരാളം ആണികൾ വളരെ ശക്തമായി കയ്യാലയിൽ അവൻ തറച്ചു. പിന്നീട്‌ ഇടയ്ക്കിടയ്ക്കായി; അത്പോലെ തന്നെ തറക്കുന്ന ആണികളുടെ എണ്ണവും തറക്കുന്നതിന്റെ ശക്തിയും കുറഞ്ഞു വന്നു. ദിവസങ്ങൾ കഴിഞ്ഞു വരുന്നതിനനുസരിച്ച്‌ ഇടവേളകളുടെ ദൈർഘ്യം വർധിക്കുകയും തറക്കുന്ന ആണികളുടെ എണ്ണം കുറയുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട്‌ അവന്‌ ദേഷ്യം വന്നാൽ തന്നെ പെട്ടെന്ന്‌ മാറുന്ന സ്ഥിതിയായി.

അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഉപ്പ അവനെയും കൂട്ടി വീടിനു പിൻവശത്തെ കയ്യാലക്കരികിലേക്ക്‌ ചെന്നു. കയ്യാലയിൽ നിറയെ ആണികൾ…! ആദ്യഭാഗത്ത്‌ ആണികൾ കയ്യാലയിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്‌. കഠിനമായ ദേഷ്യത്തിന്റെ അടയാളമാണത്‌. പിന്നീടങ്ങോട്ട്‌ ആണികൾ വല്ലാതെ ആഴ്ന്നിറങ്ങിയിട്ടില്ല. എണ്ണം വളരെ കുറയുകയും ചെയ്തിട്ടുണ്ട്‌.

ഉപ്പ അവനോട്‌ തറച്ച ആണികൾ ഓരോന്നായി വരും ദിവസങ്ങളിൽ പറിച്ചെടുക്കാൻ പറഞ്ഞു. അന്ന്‌ മുതൽ ഉപ്പ പറഞ്ഞ പോലെ അവൻ ആണികൾ ഓരോന്നായി പറിച്ചെടുക്കാൻ ആരംഭിച്ചു. അവസാന നാളുകളിൽ തറച്ച ആണികൾ വളരെ പെട്ടെന്ന്‌ തന്നെ അവന്‌ പറിച്ചെടുക്കാനായി. എന്നാൽ ആദ്യനാളുകളിൽ അവൻ തറച്ച ആണികൾ അവന്‌ ഇളക്കാൻ പോലും കഴിഞ്ഞില്ല.

അടുത്ത ദിവസം അവൻ ഉപ്പയോട്‌ താൻ ആണികൾ പറിച്ചെടുത്ത വിവരം അറിയിച്ചു. ഉപ്പ അവനെയും കൂട്ടി കയ്യാലയ്ക്കരിലേക്ക്‌ പോയി. ആദ്യദിവസങ്ങളിൽ തറച്ച ആണികൾ ഇളക്കാൻ പറ്റാത്തതും പിന്നീട്‌ തറച്ചവ പറിച്ചെടുത്തതും പറിച്ചെടുത്തേടത്തെല്ലാം തറച്ച പാടുകളും കണ്ടു. ഉപ്പ അവനോട്‌ വളരെയധികം സ്നേഹവാത്സല്യത്തോട്‌ കൂടി പറഞ്ഞു: “മോനേ, ഈ കയ്യാലയെ നീ മുമ്പ്‌ ദേഷ്യപ്പെട്ടവരുടെ മനസ്സായി കരുതുക. അതിൽ തറച്ച ആണികളെല്ലാം അവരുടെ മനസ്സിൽ നിന്റെ സംസാരം കാരണം തറഞ്ഞ വേദനകളാണെന്നും കരുതുക. ആ മനസ്സുകളിൽ തറഞ്ഞ ആണികൾ പറിച്ചെടുത്താലും അതിന്റെ പാടുകൾ കാലപ്പഴക്കം കൊണ്ടേ മാറൂ. എന്നാലും ചില ആണികൾ പറിച്ചെടുക്കാനാവാത്ത വിധം മനസ്സുകളിൽ അവശേഷിക്കും.”

അപ്പോൾ ദുഃഖഭാരത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

 

അറബി കഥ – പുനരാഖ്യാനം: തൻസീൽ
നേർപഥം വാരിക

അല്ലാഹു കാണും

അല്ലാഹു കാണും

പണ്ടുപണ്ട് ക്വുറാ എന്ന ഒരു ഗ്രാമത്തില്‍ ഹസന്‍ എന്ന് പേരുള്ള ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു ഹസന്‍. കാരണം എന്താവശ്യത്തിനും യാതൊരു മടിയും കൂടാതെ ആര്‍ക്കും ഹസനെ സമീപിക്കാമായിരുന്നു. കഴിയുന്ന എന്ത് സഹായവും മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തവനായിരുന്നു ഹസന്‍. മുഹമ്മദ് നബി (സ്വ) യഥാര്‍ഥ മുസ്‌ലിമിന്റെ ലക്ഷണങ്ങള്‍ പറഞ്ഞു പഠിപ്പിച്ചത് നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഹസന്‍ അങ്ങനെയുള്ള സ്വഭാവക്കാരനായി മാറിയത്.

ഹസന് മൂന്ന് മക്കളുണ്ടായിരുന്നു. കാസിം, ഫാറൂഖ്, അബ്ദുല്ല. കാസിമായിരുന്നു അവരില്‍ മൂത്തവന്‍. ഫാറൂഖും അബ്ദുല്ലയും ഇരട്ട സഹോദരങ്ങളായിരുന്നു. തന്റെ മക്കള്‍ വളരെ നല്ലവരായി വളരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഹസന്‍ അവര്‍ക്ക് എല്ലാ സമയത്തും ക്വുര്‍ആനികാധ്യാപനങ്ങളും പ്രവാചകന്മാരുടെയും സ്വഹാബത്തിന്റെയും കഥകളും പറഞ്ഞ് കൊടുക്കാറുണ്ടായിരുന്നു. വളരെ താല്‍പര്യത്തോടെ അതെല്ലാം കേട്ട് മനസ്സിലാക്കിയിരുന്ന മൂവരും ഗ്രാമത്തിലുള്ള മറ്റു കുട്ടികളെക്കാളെല്ലാം സ്വഭാവശുദ്ധിയില്‍ മികച്ചുനിന്നു.

ഒരു ദിവസം ഹസന്‍ മൂന്ന് മക്കളെയും വിളിച്ചു വരുത്തി മൂവര്‍ക്കും ഓരോ മിഠായി വീതം നല്‍കി . എന്നിട്ട് പറഞ്ഞു: ”മക്കളേ, ഈ മിഠായി നിങ്ങള്‍ മൂന്ന് പേരും ആരും കാണാതെ തിന്നണം. ആരും കാണാതെ ഇത് കഴിക്കുന്നവന് ഉപ്പ ഒരു സമ്മാനം തരും.”

മിഠായി കിട്ടിയ ഉടനെ അബ്ദുല്ല പതിയെ വീടിനകത്തേക്കും അവിടെ നിന്ന് ഹാളിലേക്കും കടന്നു. ഓ, അവിടെ ഉമ്മ…! അവന്‍ മെല്ലെ വാതിലിന്റെ മറവില്‍ ഒളിച്ചു. ഉമ്മ അടുക്കളയിലേക്ക് പോയതോടെ അവന്‍ മെല്ലെ സ്റ്റെയര്‍കെയ്‌സ് കയറി മുകളിലെത്തി. അവിടെ ഉപ്പയുടെ മേശയുടെ അടിയിലേക്ക് വലിഞ്ഞുകയറി ഇരിപ്പായി. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നും ഇവിടേക്ക് പോന്നത് ആരും കണ്ടിട്ടില്ലെന്നും ഉറപ്പായ അവന് സന്തോഷം അടക്കാനായില്ല. എന്തായാലും ഇന്ന് ഉപ്പയുടെ മുന്നില്‍ ഞാന്‍ തന്നെ വിജയി. അവനുറപ്പിച്ചു. മെല്ലെ മിഠായിയുടെ കടലാസ് കളഞ്ഞ് അവന്‍ മിഠായി തിന്നു.

ഫാറുഖാകട്ടെ മിഠായി കിട്ടിയത് കയ്യില്‍പിടിച്ച് നിന്നുവെന്നല്ലാതെ അവിടെ നിന്നും അനങ്ങിയില്ല. കാസിമും ഉപ്പയും സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോകുന്നതുവരെ അവന്‍ അവിടെത്തന്നെ നിന്നു. അവര്‍ രണ്ടുപേരും അകത്തേക്ക് കയറി എന്നുറപ്പായപ്പോള്‍ അവന്‍ ക്ഷണനേരം കൊണ്ട് അയല്‍ക്കാരനായ അബ്ദുക്ക തങ്ങളുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ഓടിക്കയറി, ആരും തന്നെ ശ്രദ്ധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി മിഠായി അകത്താക്കി.

എന്നാല്‍ കാസിം ആ മിഠായി കയ്യില്‍ പിടിച്ച് അകത്തും മുറ്റത്തുമൊക്കെ മാറി മാറി നടന്നു. പക്ഷേ, എവിടെയും തന്നെ ആരും കാണുന്നില്ലെന്ന് അവന് ഉറപ്പിക്കാനായില്ല. ഏത് മൂലയില്‍ കയറി നിന്നാലും ചുറ്റും ആരെയും കണ്ടില്ലെങ്കിലും മുകളിലേക്ക് നോക്കുമ്പോള്‍ അല്ലാഹു കാണുന്നുണ്ടല്ലോ ഇനിയെന്ത് ചെയ്യും എന്നാണ് അവന്‍ ആലോചിക്കുക. അവന് ഉറപ്പായി; അല്ലാഹു കാണാതെ ഇത് തിന്നുവാന്‍ ഈ ലോകത്തിന്റെ ഏത് കോണില്‍ പോയാലും കഴിയില്ലെന്ന്. ഉപ്പയാണെങ്കില്‍ ആരും കാണാതെ കഴിച്ചാലാണ് സമ്മാനം തരിക എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. അവന്‍ ആ മിഠായി തിന്നാതെ കയ്യില്‍ തന്നെ പിടിച്ചു.

കുറച്ച് കഴിഞ്ഞ് ഹസന്‍ മക്കളെ വിളിച്ചു. ചെയ്ത കാര്യങ്ങള്‍ ചോദിച്ചു. അബ്ദുല്ല വളരെ ആവേശപൂര്‍വം തന്റെ സാഹസികത വിവരിച്ചു. ഉമ്മയെക്കണ്ടപ്പോള്‍ വാതിലിന്റെ മറവില്‍ ഒളിച്ചത് പറഞ്ഞപ്പോള്‍ ഉമ്മ മൂക്കത്ത് വിരല്‍വെച്ചു: ”ഹൊ… ഭയങ്കരാ..!”

ഫാറൂഖ് തന്റെ താന്‍ ചെയ്തതും വിവരിച്ചു. കാസിം മിണ്ടാതെ നില്‍ക്കുകയാണ്. ഉപ്പ കാസിമിനോട് ചോദിച്ചു: ”താന്‍ എന്തു ചെയ്തു കാസിം?”

കാസിം കൈ മലര്‍ത്തി കാണിച്ചു. മിഠായി അതാ അവന്റെ കയ്യില്‍ തന്നെ! അത് കണ്ടപ്പോള്‍ ഫാറൂഖ് ഉറക്കെ ചിരിച്ചു. ഈ ഇക്കാക്ക് ഒരു മിഠായിപോലും ആരും കാണാതെ തിന്നാന്‍ പറ്റിയില്ല. എന്തൊരു കഷ്ടം..!

ഉപ്പ ചോദിച്ചു: ”എന്തുപറ്റി കാസിം.”

അവന്‍ പറഞ്ഞു: ”ഞാനെവിടെ ഒളിച്ചിരുന്ന് തിന്നാലും അല്ലാഹു എന്നെ കാണും. അതിനാല്‍ എനിക്ക് ആരും കാണാതെ തിന്നാന്‍ പറ്റിയില്ല.”

ഉപ്പാക്കും ഉമ്മാക്കും വളരെ സന്തോഷമായി. ഫാറൂഖും അബ്ദുല്ലയും അന്തം വിട്ട് നില്‍ക്കുകയാണ്; തങ്ങള്‍ക്ക് സമ്മാനം നഷ്ടപ്പെട്ടല്ലോ എന്ന സങ്കടത്തോടെ.

കുട്ടികളേ, നമ്മള്‍ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട്. ഈ പ്രപഞ്ചത്തില്‍ അവന്‍ അറിയാതെയും കാണാതെയും ഒന്നും നടക്കുകയില്ല. അതിനാല്‍ നാം നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത് ജീവിക്കുക.

 

തന്‍വീര്‍
നേർപഥം വാരിക