അങ്ങ് ദൂരെ…!

അങ്ങ് ദൂരെ...!

‘കളി നിര്‍ത്ത് കൂട്ടരേ; ദേ, ആരോ വരുന്നുണ്ട്’ ദൂരെ നിന്ന്  മിഠായിപ്പൊതികളുമായി, മെലിഞ്ഞ് അവശരായ കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് വരുന്ന യുവാവിനെ ചൂണ്ടി നൂറ പറഞ്ഞു.

‘ഹായ് അങ്കിള്‍, ഞാന്‍ നൂറ!’ ഒരു എട്ടു വയസ്സുകാരിയുടെ എല്ലാ നിഷ്‌ക്കളങ്കതയോടെയും നദീതീരത്തെ കളികള്‍ പെട്ടെന്ന് അവസാനിപ്പിച്ച് നൂറ അദ്ദേഹത്തെ വരവേറ്റു.

‘ഹായ്, കൂട്ടുകാരേ… എല്ലാവരും വരൂ. നിങ്ങള്‍ക്ക് ഒരുപാട് മിഠായികളുമായിട്ടാ അങ്കിള്‍ വന്നിരിക്കുന്നെ.’

ഇഷ്ടപ്പെട്ട മിഠായികള്‍ കിട്ടിയ ആവേശത്തില്‍, എല്ലാവര്‍ക്കും അത് വീതിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു നൂറ.

‘അതെന്താ, അവിടെ ആ കുട്ടി മാത്രം തനിച്ചിരിക്കുന്നത്?’ ഒറ്റക്ക് വിഷമിച്ച് മാറിയിരിക്കുന്ന കുഞ്ഞ് ഹവ്വയെ നോക്കി അദ്ദേഹം ചോദിച്ചു.

‘അത് ഹവ്വ. രണ്ടു ദിവസമായി അവള്‍ ഒന്നും കഴിച്ചിട്ടില്ല. ഹവ്വയുടെ വീട്ടില്‍ ഹവ്വയുടെ ഉമ്മയും അനിയനുമുണ്ട്. അവരും ഒന്നും കഴിച്ചുകാണില്ല’ നൂറ പറഞ്ഞു.

‘എങ്കില്‍ നമുക്ക് ആദ്യം ഹവ്വയുടെ വീട്ടില്‍ പോകാം. മിഠായികളും ഭക്ഷണപ്പൊതികളും എടുത്തോളൂ. എല്ലാവര്‍ക്കും കൊടുക്കാം’ മിഠായികളും ഭക്ഷണപ്പൊതികളും എടുത്ത് അവരെല്ലാവരും ഹവ്വയുടെ വീട്ടിലേക്ക് പോയി.

പഴകി തുരുമ്പ് പിടിച്ച, കുറച്ച് ഉയരമുള്ള തകരങ്ങള്‍ ഭിത്തിയാക്കിയ, ഓലകൊണ്ട് മേഞ്ഞ, മൂന്നാളുകള്‍ക്ക് വളരെ കഷ്ടപ്പെട്ട് മാത്രം കഴിയാവുന്ന ചോര്‍ന്നൊലിക്കുന്ന ഒരു കൂരയിലായിരുന്നു ഹവ്വയുടെ കുടുംബത്തിന്റെ താമസം! ഹവ്വയെ കണ്ടതും ഭയത്തോടെ പെട്ടെന്ന് അവളെ അകത്തേക്ക് വിളിച്ചുകയറ്റി, കതകെന്ന് പറയാവുന്ന തകരഷീറ്റ് നീക്കിക്കൊണ്ട് ഹവ്വയുടെ ഉമ്മ കരഞ്ഞുപറഞ്ഞു: ‘വേണ്ട! ആരും വരേണ്ട! ഇവിടേക്ക് ദയവുചെയ്ത് ആരും വരേണ്ട. ഞങ്ങള്‍ക്കിപ്പൊ ഇവിടെ സ്വാതന്ത്ര്യമുണ്ട്, സമാധാനമുണ്ട്. ദയവുചെയ്ത് ഈ ഇന്ത്യയുടെ മണ്ണിലെങ്കിലും ഞങ്ങളെ ജീവിക്കാനനുവദിക്കണം.’

ഹവ്വയുടെ ഉമ്മയുടെ നിലവിളി കേട്ട്, ഭക്ഷണപ്പൊതികള്‍ അവിടെ വെച്ചതിന് ശേഷം നൂറ പെട്ടെന്ന് അദ്ദേഹത്തെയും കൂട്ടി പുറത്തേക്കിറങ്ങി.

‘മോളേ നൂറാ, നമുക്കിനി നൂറയുടെ വീട്ടില്‍ പോയാലോ? നൂറയുടെ ഉമ്മയും ഉപ്പയും വല്ലതും കഴിച്ചു കാണുമോ?’ നൂറയോടായി അദ്ദേഹം ചോദിച്ചു.

‘തീര്‍ച്ചയായും പോകാം! വരൂ അങ്കിള്‍’ അദ്ദേഹത്തിന്റെ കൈ പിടിച്ച് നൂറ ധൃതിയില്‍ കൂട്ടിക്കൊണ്ടുപോയി. നേരെ പോയത് യമുനാ നദിയുടെ തീരത്തേക്കായിരുന്നു.

‘ഇതെന്താ ഇവിടെ?’ അദ്ദേഹം ആശ്ചര്യത്തോടെ ചോദിച്ചു. ഉത്തരമായി അവളില്‍നിന്ന് ഒരു തേങ്ങലാണുയര്‍ന്നത്. പിന്നെ നദിയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു:

‘ദേ, അവിടെ… അങ്ങ് ദൂരെയാണ് എന്റുമ്മ, എന്റെ പൊന്നുപ്പ, എന്റെ ഭയ്യ… എല്ലാവരും. നന്നായി വിശക്കുന്നുണ്ടാകും അവര്‍ക്ക്; ഒരുപാട് നാളായിക്കാണില്ലേ ഭക്ഷണമൊക്കെ കഴിച്ചിട്ട്. ഈ നദിയില്ലേ, ഇതിങ്ങനെ ഒരുപാട് ദൂരം ഒഴുകിയൊഴുകി അവസാനം ഒരുനാള്‍ കടലില്‍ പോയി ചേരില്ലേ? അന്ന് ഞാന്‍ ഇവിടെ നിന്ന് കൊടുത്തയക്കാറുള്ള മിഠായികളെല്ലാം അവര്‍ക്ക് കിട്ടും… ഈ യമുനയോട് ഞാന്‍ എന്നും പറയാറുള്ള എല്ലാ കഥകളും അവള്‍ അവിടെച്ചെന്ന് അവരോട് പറയുന്നുണ്ടാകും; എന്നാലും, അവരിപ്പോ, എന്നെക്കാണാത്തതുകൊണ്ട് എന്നെയോര്‍ത്ത് വിഷമിച്ചിരിക്കുകയാവും.’

സ്വന്തക്കാരായി ആരും ജീവിച്ചിരിപ്പില്ലാത്ത നൂറയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ കണ്ണുകള്‍നിറഞ്ഞൊഴുകി. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അറിയാതെ അയാളുടെ ഉള്ളില്‍നിന്നും പ്രാര്‍ഥനയുയര്‍ന്നു.

 

ശഹ്ബാസ് കെ. അബ്ബാസ്, ഒറ്റപ്പാലം
നേർപഥം വാരിക

യഥാര്‍ഥ കൂട്ടുകാരന്‍

യഥാര്‍ഥ കൂട്ടുകാരന്‍

സ്‌കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു മുനീബ്. കൊച്ചുകുട്ടികളെ വല്ലാതെ ഉപദ്രവിക്കും. അവരുടെ ഭക്ഷണം എടുത്ത് കഴിക്കും. അവരുടെ പുസ്തകങ്ങള്‍ സ്ഥലം മാറ്റിവെച്ച് പ്രയാസപ്പെടുത്തും. ചുരുക്കിപ്പറഞ്ഞാല്‍ സ്‌കൂളില്‍ എല്ലാവരും അവനെ വെറുത്തു. എന്നിട്ടും അവന്‍ വികൃതി അവസാനിപ്പിച്ചില്ല.

പഠിക്കുന്ന കാര്യത്തില്‍ അവന് ഒരു ഉത്സാഹവുമില്ല. എന്നും നേരം വൈകിയേ സ്‌കൂളിലെത്തൂ. മിക്ക ദിവസവും അധ്യാപകരില്‍നിന്ന് അടിവാങ്ങും. 

മുനീബിന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് അഹ്മദ്. അത്യുത്സാഹശാലി. പാഠമെല്ലാം നന്നായി പഠിക്കും. എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങും. സ്‌പോര്‍ട്‌സിലും മിടുമിടുക്കന്‍. അതുകൊണ്ടുതന്നെ അവനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.

ഒരു ദിവസം ക്ലാസ് ടീച്ചര്‍ അഹ്മദിന ആദരിക്കുന്ന ചടങ്ങ് ക്ലാസില്‍ സംഘടിപ്പിച്ചു. എല്ലാ കുട്ടികള്‍ക്കും പഠനത്തില്‍ താല്‍പര്യമുണ്ടാക്കലായിരുന്നു ടീച്ചറുടെ ലക്ഷ്യം. അഹ്മദിന്റെ കഴുത്തില്‍ ടീച്ചര്‍ തന്നെ മെഡല്‍ ചാര്‍ത്തിയപ്പോള്‍ അവന് വല്ലാത്ത സന്തോഷമായി. അവന്‍ അതിന് നന്ദി പറഞ്ഞു.

എന്നാല്‍ മുനീബിന് ഇത് ഇഷ്ടമായില്ല. അവന്റെ മനസ്സില്‍ അസൂയ നിറഞ്ഞു. അഹ്മദിന്റെ മെഡല്‍ തട്ടിയെടുക്കണമെന്ന് മുനീബ് തീരുമാനിച്ചു. അഹ്മദ് വീട്ടിലേക്ക് മടങ്ങവെ മുനീബ് അവനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മെഡല്‍ ആവശ്യപ്പെട്ടു. ഇത് എനിക്ക് എന്റെ ടീച്ചര്‍ എനിക്ക് സമ്മാനിച്ചതാണ്, തരില്ല എന്ന് അഹ്മദ് പറഞ്ഞു.  

മുനീബ് അവന്റെ മേല്‍ ചാടിവീണ് മെഡല്‍ തട്ടിപ്പറിച്ചെടുത്തു. അഹ്മദ് ദുഃഖിതനായി വീട്ടിലേക്ക് മടങ്ങി. ആരോടും അവന്‍ ഈ സംഭവം പറഞ്ഞില്ല.

അതിനു ശേഷം കുറെ ദിവസങ്ങള്‍ കഴിഞ്ഞു. മുനീബ് സ്‌കൂളില്‍ വന്നുകണ്ടില്ല. കുട്ടികള്‍ അതില്‍സന്തോഷിച്ചു. അവന്റെ ഉപദ്രവമില്ലാതെ പഠിക്കാമല്ലോ. അവന്‍ ഒരിക്കലും സ്‌കൂളിലേക്ക് മടങ്ങിവരരുതെന്ന് അവര്‍ ആഗ്രഹിച്ചുപോയി.

എന്നാല്‍ അവനെ കാണാത്തതില്‍ അഹ്മദിന് അസ്വസ്ഥതയായി. അവന്‍ കൂട്ടുകാരോട് പറഞ്ഞു: ”നമുക്ക് എന്തായാലും അവന്റെ വീട്ടിലൊന്ന് പോകണം. ചിലപ്പോള്‍ അവന് വല്ല രോഗം പിടിപെട്ടിട്ടുണ്ടാകും.” 

”അഹ്മദ്, നാം അതിന് ഒരുങ്ങേണ്ട. അവന്‍ അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ പഠനം നിര്‍ത്തിയതായിരിക്കും” കൂട്ടുകാര്‍ പറഞ്ഞു.

”എന്നാല്‍ ഞാന്‍ തനിയെ പോകും” അഹ്മദ് ഉറപ്പിച്ചു പറഞ്ഞു.

”എന്നാല്‍ നിന്റെ കൂടെ ഞാനും വരാം” അഹ്മദിന്റെ അടുത്ത കൂട്ടുകാരനായ ആമിര്‍ പറഞ്ഞു.

രണ്ടുപേരും മുനീബിന്റെ വീട്ടിലെത്തി. കോളിംഗ് ബെല്ലടിച്ചപ്പോള്‍ മുനീബിന്റെ ഉമ്മ പുഞ്ചിരിയോടെ കതക് തുറന്നു. അഹ്മദ് സലാം പറഞ്ഞു. ഉമ്മ സലാം മടക്കിക്കൊണ്ട് അവരെ അകത്തേക്ക് ഷണിച്ചു.

”എന്താണ് മുനീബിനെ സ്‌കൂളിലേക്ക് കാണാത്തത്?” ആമിര്‍ ചോദിച്ചു. 

ഉമ്മ ദുഃഖത്തോടെ പറഞ്ഞു: ”കടുത്ത പനിയായിരുന്നു. ഇപ്പോള്‍ ശരീരവേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ കിടക്കുകയാണ്. മരുന്ന് കുടിക്കുന്നുണ്ട്. കുറെ ദിവസങ്ങള്‍ പിടിക്കും ഭേദമാകുവാന്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്.” 

അഹ്മദും ആമിറും മുനീബ് കിടക്കുന്ന മുറിയിലേക്ക് ചെന്നു. അഹ്മദിനെ കണ്ടപ്പോള്‍ മുനീബ് ദുഖഃത്തോടെ തലതാഴ്ത്തി.

”സാരമില്ല മുനീബ്. ഞാന്‍ നിനക്ക് മാപ്പ് തന്നിരിക്കുന്നു. നിന്റെ അസുഖം അല്ലാഹു വേഗം ഭേദമാക്കിത്തരട്ടെ” അഹ്മദ് മുനീബിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

”ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ് എന്നാണല്ലോ നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. സഹോദരന് മാപ്പു നല്‍കല്‍ നമ്മുടെ കടമയല്ലേ?” ആമിര്‍ കൂട്ടിച്ചേര്‍ത്തു. 

അവര്‍ പരസ്പരം സന്തോഷത്താല്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. മുനീബ് അഹ്മദിന്റെ മെഡല്‍ തിരിച്ചുകൊടുക്കുവാന്‍ ഒരുങ്ങി.

”വേണ്ട. അത് നിന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെ. നമ്മുടെ സൗഹൃദത്തിന്റെ അടയാളമായി നീ തന്നെ അത് സൂക്ഷിക്കുക” അഹ്മദ് പറഞ്ഞു. 

കൂട്ടുകാര്‍ തിരിച്ചുപോകും മുമ്പ് ഇനി മുതല്‍ താന്‍ നല്ല കുട്ടിയായി മാറും എന്ന് മുനീബ് അവര്‍ക്ക് വാക്കുകൊടുത്തു.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ഹാദിയയുടെ വിജയം

ഹാദിയയുടെ വിജയം

ആ വീട്ടിലെ മൂന്ന് മക്കളില്‍ ഇളയവളാണ് ഹാദിയ. ഉപ്പയും ഉമ്മയും ജോലിക്കാരാണ്. രാവിലെ വീട്ടില്‍നിന്നും പോയാല്‍ വൈകുന്നേരമാണ് തിരിച്ചുവരിക. ഹാദിയയുടെ രണ്ട് സഹോദരങ്ങളും വികൃതിക്കുട്ടികളാണ്. ഹാദിയയെ കളിയാക്കലാണ് അവരുടെ പ്രധാനപ്പെട്ട വിനോദം. പലപ്പോഴും ശാരീരികമായി വേദനിപ്പിക്കുകയും ചെയ്യും.

വേനലവധി കാലത്താണ് അവള്‍ ഏറെ പ്രയാസപ്പെട്ടത്. ഉപ്പയും ഉമ്മയും ജോലിക്കു പോയാല്‍ ഹാദിയയും സഹോദരങ്ങളും മാത്രമാണ് വീട്ടില്‍. സഹോദരങ്ങള്‍ സന്ദര്‍ഭം മുതലാക്കി ഹാദിയയെ ഉപദ്രവിക്കും. അവള്‍ നിത്യവും ഉമ്മയോട് പരാതി പറയും. അവര്‍ അതൊന്നും അത്ര കാര്യമാക്കിയില്ല. കുട്ടികളല്ലേ, അല്‍പസ്വല്‍പമൊക്കെ വികൃതി കാട്ടാതിരിക്കുമോ, അതും വീട്ടില്‍ മറ്റാരുമില്ലെങ്കില്‍ പ്രത്യേകിച്ചും എന്നായിരുന്നു അവരുടെ ചിന്ത.

ഉപ്പയോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ഹാദിയയെ സമാധാനിപ്പിക്കുവാന്‍ അവള്‍ കേള്‍ക്കെ അവളുടെ സഹോദങ്ങളെ ശകാരിച്ചു. അത്രമാത്രം. അവള്‍ പിന്നെ ആരോടും ആവലാതി പറയാന്‍ പോയില്ല. 

എന്നാല്‍ സഹോദരങ്ങള്‍ വികൃതി അവസാനിപ്പിച്ചില്ല. അവരുടെ കളിയാക്കല്‍ കേള്‍ക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരും. എന്നാല്‍ മറുത്തൊന്നും പറയില്ല. അവള്‍ മൗനമായി കരയും. അത് കാണുമ്പോള്‍ അവര്‍ കളിയാക്കലിന് ശക്തി കൂട്ടും. ചിലപ്പോള്‍ തോണ്ടുകയോ പിച്ചുകയോ ചെയ്യും. 

അതോടെ അവള്‍ അവരില്‍നിന്ന് മനഃപൂര്‍വം ഒഴിഞ്ഞുമാറി നടക്കാന്‍ തുടങ്ങി. അവര്‍ എന്തെങ്കിലും പറയുമ്പോഴേക്കും ഹാദിയ റൂമില്‍ കയറി വാതിലടക്കും. അവര്‍ പിന്തിരിഞ്ഞാല്‍ മാത്രം പുറത്തിറങ്ങും. 

ഒരു ദിവസം മദ്‌റസയില്‍നിന്നും മടങ്ങിവന്ന ശേഷം പതിവു പോലെ സ്‌കൂളിലെ ഓരോ കാര്യം പറഞ്ഞ് സഹോദരങ്ങള്‍ വഴക്കിന് തുടക്കം കുറിച്ചു. ഉടന്‍ തന്നെ ഹാദിയ റൂമില്‍ പ്രവേശിച്ച് വാതിലടച്ചു.ഒരുപാട് സമയം കഴിഞ്ഞിട്ടും അവള്‍ പുറത്തിറങ്ങിവരുന്നത് കാണുന്നില്ല. മുറിക്കകത്തുനിന്നും ഒരു ശബ്ദവും കേള്‍ക്കുന്നുമില്ല. സഹോദരങ്ങള്‍ക്ക് പേടിയായി. അവര്‍ വാതിലില്‍ മുട്ടി. ‘ഇനി ഞങ്ങള്‍ കളിയാക്കില്ല, ബുദ്ധിമുട്ടിക്കില്ല… സോറി’ അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

അവള്‍ക്ക് അവരെ നന്നായി അറിയാം. അവര്‍ തല്‍ക്കാലം ഒന്നും ചെയ്യില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ തനിസ്വഭാവം കാണിക്കും. അന്നേരം താന്‍ പിന്നെയും റൂമിലേക്ക് മടങ്ങേണ്ടിവരും.ദുഃഖിതയായി തനിച്ചിരിക്കേണ്ടിവും. 

സഹോദരങ്ങള്‍ അവള്‍ മുറിയില്‍ എന്തെടുക്കുന്നു എന്നറിയാനുള്ള ആകാംക്ഷയിലാണ്. അവള്‍ മിണ്ടുന്നില്ല. അവര്‍ക്ക് ഒന്നും കാണാനും പറ്റുന്നില്ല. അന്ന് കുറെ വൈകി മാത്രമാണ് അവള്‍ മുറിയില്‍നിന്നും പുറത്തുവന്നത്. ഇത് പിന്നെ സ്ഥിരം പതിവായി. ഹാദിയ ആരോടും പരാതി പറയാനും പോയില്ല. 

ഒരു ദിവസം മദ്‌റസ വിട്ട് ഹാദിയ വീട്ടില്‍ വന്നത് വളരെ സന്തോഷവതിയായിട്ടാണ്. ഉമ്മയും ഉപ്പയും ജോലിക്ക് പോകുവാന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

”ഉമ്മാ, ക്വുര്‍ആന്‍ ഹിഫ്ദ് മത്സരത്തില്‍ എനിക്കാണ് ഒന്നാം സ്ഥാനം” ഹാദിയ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.

”നിനക്ക് ഒന്നാം സ്ഥാനമോ? അതും ഹിഫ്ദില്‍?” ഉമ്മ അത്ഭുതത്തോടെ ചോദിച്ചു.

”ശരിയാണ് ഉമ്മാ, അവള്‍ കാണാതെ ഓതുന്നത് കേട്ട് മദ്‌റസയിലെ എല്ലാവരും അത്ഭുതപ്പെട്ടു” ഹാദിയയുടെ മൂത്ത സഹോദരന്‍ പറഞ്ഞു.

”അതിന് നീ എന്നാണ് ക്വുര്‍ആന്‍ ഇത്രയധികം മനഃപാഠമാക്കിയത്?” ഉപ്പ ചോദിച്ചു.

അപ്പോള്‍ ഹാദിയ സംഭവം വിവരിച്ചുകൊടുത്തു. സഹോദരങ്ങളുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടാനായി ഒരുദിവസം മുറിയില്‍ കയറി സങ്കടപ്പെട്ടുകൊണ്ട് കുറെ നേരം ഇരുന്നപ്പോഴാണ് മുന്നിലെ മേശപ്പുറത്തുള്ള ക്വുര്‍ആന്‍ ശ്രദ്ധയില്‍ പെട്ടത്. വെറുതെ ഇരിക്കുന്നതിനെക്കാളും നല്ലതാണല്ലോ എന്ന വിചാരത്താല്‍ മദ്‌റസയില്‍നിന്ന് പഠിച്ച ഭാഗങ്ങള്‍ പാരായണം ചെയ്തു. മണിക്കൂറുകളോളം കതകടച്ചിരിക്കുന്ന സമയത്ത് മനഃപാഠമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ മദ്‌റസയില്‍ നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി. 

ഉപ്പയും ഉമ്മയും സഹോദരങ്ങളും ഇത് കേട്ട് ആശ്ചര്യപ്പെട്ടു. അവളെ അനുമോദനങ്ങള്‍കൊണ്ട് പൊതിഞ്ഞു. തങ്ങള്‍ ചെയ്തത് തെറ്റായിരുന്നെങ്കിലും അതുകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടായല്ലോ എന്ന് സഹോദരങ്ങള്‍ ആശ്വസിച്ചു. ഇനി മുതല്‍ തങ്ങള്‍ നല്ല കുട്ടികളാകുമെന്നും ഹാദിയയെ പോലെ സമയം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. 

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

നന്ദിയും ക്ഷമയും

നന്ദിയും ക്ഷമയും

വാഫിമോന്‍ വളരെ സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തി.

 ‘ഉമ്മാ, ഉപ്പാ, എനിക്ക് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.’ 

അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ട് പഠിച്ച് വാങ്ങിയ വിജയമാണത്. ഉറക്കമില്ലാത്ത നാളുകള്‍ക്കുള്ള സമ്മാനം.

‘നന്നായി മോനേ, അല്‍ഹംദുലില്ലാഹ്’- അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് പിതാവ് അവന്റെ അടുത്തേക്ക് വന്നു. 

ചുമലില്‍ കൈവെച്ചുകൊണ്ട് അദ്ദേഹം സൗമ്യഭാവത്തില്‍ ചോദിച്ചു: ‘മോനേ, നീ ഉറക്കമൊഴിച്ചിരുന്നു പഠിച്ചു. അതിന്റെ ഗുണം നിനക്ക് കിട്ടി. എന്നാല്‍ നീ നിന്റെ റബ്ബിന് വേണ്ടി ഒരു രാത്രിയെങ്കിലും ഉറക്കമൊഴിച്ചിട്ടുണ്ടോ?’

അവന് അതിന് മറുപടിയുണ്ടായിരുന്നില്ല. തഹജ്ജുദ് നമസ്‌കരിക്കുവാന്‍ ഉപ്പ വിളിച്ചിട്ടും എനിക്ക് പഠിക്കണം എന്നു പറഞ്ഞ് വായനയില്‍ മുഴുകിയിരുന്നത് അവന്‍ ഓര്‍ത്തു.

‘അല്ലാഹു നിന്നെ പൂര്‍ണ ആരോഗ്യവാനാക്കി, ബുദ്ധിശക്തിയും ഓര്‍മശക്തിയും നല്‍കി. ആ റബ്ബിന് നന്ദി ചെയ്യല്‍ നിന്റെ കടമയാണ്.’

മരണത്തിന് ശേഷമുള്ള ജീവിതമാണ് ശാശ്വതമെന്നും ലഭിച്ച നേട്ടത്തിന് നന്ദി കാണിക്കണമെന്നും അദ്ദേഹം മകനെ ഉപദേശിച്ചു. വാഫിമോന് ഉപ്പ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായി. ഇനി മുതല്‍ താന്‍ നന്ദിയും അനുസരണയുമുള്ള കുട്ടിയായി ജീവിക്കുമെന്ന് അവന്‍ ഉറപ്പിച്ചു.

നേര്‍പഥത്തിന്റെ വായനക്കാരായ കൂട്ടുകാരേ, നിങ്ങളില്‍ പല പ്രായക്കാരുമുണ്ടാകും. എല്ലാവരും മനസ്സിലാക്കുവാന്‍ ചില കാര്യങ്ങള്‍ പറയട്ടെ.

ജീവിതം ഒരു പരീക്ഷണവേദിയാണ.് അതില്‍ വിജയിക്കേണ്ടത് ഓരോ മുസ്‌ലിമിന്നും അനിവാര്യമാണ്. ‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍’ (67:2) എന്നാണ് അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ അറിയിച്ചിട്ടുള്ളത്. 

നബിമാരും അവരുടെ അനുയായികളും നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അവരെല്ലാം ക്ഷമിച്ചു. നമ്മുടെ നബി മുഹമ്മദ് ﷺ യും സ്വഹാബികളും മര്‍ദിക്കപ്പെട്ടു. അവര്‍ ക്ഷമിച്ചു. സ്വന്തം നാടും വീടും വിട്ട് മദീനയിലേക്ക് പലായനം ചെയ്തു. 

പ്രവാചകന്‍മാര്‍ അവര്‍ നേരിട്ട പരീക്ഷണങ്ങളിലെല്ലാം ക്ഷമയിലൂടെ വിജയം കൈവരിച്ചവരാണ്. പ്രതിന്ധികളില്‍ തളരാതെ ദൃഢവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അല്ലാഹു കൈവെടിയുകയില്ല.

ഇബ്‌റാഹീം നബിൗ തന്റെ മകനായ ഇസ്മാഈലിനെ അല്ലാഹുവിന്റെ കല്‍പനപ്രകാരം ബലിയറുക്കുവാന്‍ തയ്യാറായ കാര്യം കൂട്ടുകാര്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. ആ സംഭവം നമുക്ക് ക്വുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ”എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട്‌നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്”(37:102-107).

പരീക്ഷണത്തില്‍ അവര്‍ വിജയിച്ചു. മകനെ ബലിയറുക്കേണ്ടെന്നും പകരം ഒരു മൃഗത്തെ ഹറുത്താല്‍ മതിയെന്നും അല്ലാഹു അവരെ സന്തോഷവര്‍ത്ത അറിയിക്കുകയും ചെയ്തു. 

മുഹമ്മദ് നബി ﷺ  പറയുന്നു: ‘സത്യവിശ്വാസിയുടെ കാര്യം അത്ഭുകരം തന്നെ. നിശ്ചയം അവന്റെ എല്ലാം അവന് ഗുണകരമാണ്. സത്യവിശ്വാസിയല്ലാത്ത ഒരാള്‍ക്കും അതില്ല. അവന് വല്ല നന്മയും വന്ന്‌ചേര്‍ന്നാല്‍ അവന്‍ നന്ദി ചെയ്യും. അപ്പോള്‍ അത് അവന് ഗുണകരമാണ്. വല്ല വിപത്തും അവന് വന്ന് ചേര്‍ന്നാല്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അതും അവന് ഗുണകരമാണ്’ (മുസ്‌ലിം).

കുട്ടികളേ, ക്ഷമ മഹത്തായ ഒരു അനുഗ്രഹമാണ്. ക്ഷമകൊണ്ട് അളവറ്റ അനുഗ്രഹങ്ങള്‍ നേടിയെടുക്കുവാന്‍ നമുക്ക് സാധിക്കും. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന അല്ലാഹുവിനോട് സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’ (ക്വുര്‍ആന്‍ 2:153).

ബുദ്ധിമാനായ മനുഷ്യന്‍ എത്രവലിയ പരീക്ഷണം നേരിട്ടാലും ക്ഷമപാലിക്കും. കോപിക്കുകയോ സങ്കടപ്പെടുകയോ ഇല്ല. അതെല്ലാം അല്ലാഹുവിന്റെ വിധിയാണെന്ന് അവന്‍ മനസ്സിലാക്കും. ക്ഷമിച്ചാലും ഇല്ലെങ്കിലും സംഭവിക്കേണ്ടത് സംഭവിക്കും. ക്ഷമിച്ചാല്‍ പ്രതിഫലമുണ്ട്. വിപത്ത് സംഭവിക്കുമ്പോള്‍ ക്ഷമ കൈക്കൊള്ളുകയും ‘ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊന്‍’ എന്ന് പറയുകയും ചെയ്യുന്നവര്‍ക്ക് റബ്ബിന്റെ അനുഗ്രഹവും കരുണയും ലഭിക്കും. വീട്ടിലും സ്‌കൂളിലും മറ്റെല്ലാ സ്ഥലങ്ങളിലും ക്ഷമ കാണിച്ചുകൊണ്ട് ജീവിക്കുവാന്‍ നാം പഠിക്കണം.

 

കെ.എ. ബഷീര്‍
നേർപഥം വാരിക

പരോപകാരം

പരോപകാരം

ബാസിം ഒരു നല്ല കുട്ടിയാണ്. അവന്റെ പിതാവ് നാട്ടിലെ വലിയ സമ്പന്നനാണ്. അതിനാല്‍ അവന്‍ എന്ത് ആവശ്യപ്പെട്ടാലും അവന്റെ പിതാവ് അത് നിര്‍വഹിച്ചുകൊടുക്കും. എന്നാല്‍ അതിന്റെ പേരില്‍ അവന്‍ അഹങ്കാരം നടിച്ചിരുന്നില്ല. പാവങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയിരുന്ന, അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് അറിയാമായിരുന്ന കുട്ടിയാണ് ബാസിം. മദ്‌റസയില്‍ അവന്റെ കൂടെ പഠിക്കുന്ന കുട്ടികളില്‍ അധികവും പാവങ്ങളായിരുന്നു.

ഫുട്‌ബോള്‍ കളിയില്‍ തല്‍പരനായിരുന്ന ബാസിം ഒരു ദിവസം കളിക്കാന്‍ പോകുമ്പോള്‍ ഒരു നായ അവനെ പിന്തുടര്‍ന്നു. കടിക്കാനായി കുരച്ച് വരുന്ന നായയില്‍നിന്ന് രക്ഷപ്പെടുവാനായി പേടിച്ചുവിറച്ചുകൊണ്ട് അതിവേഗത്തില്‍ അവന്‍ ഓടി. എന്നാല്‍ നായയുണ്ടോ വിടുന്നു. ഒരു ഇടുങ്ങിയ ഇടവഴിയില്‍ വെച്ച് നായ അവന്റെ വസ്ത്രത്തില്‍ കടിക്കുകയും ഒരു കല്ലില്‍ തട്ടി അവന്‍ വീഴുകയും ചെയ്തത് ഒരുമിച്ചായിരുന്നു. 

പിന്നെ ഒന്നും അവന് ഓര്‍മയില്ല. കുറെ സമയം കഴിഞ്ഞാണ് ബോധം വന്നത്. കണ്ണു തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് സമപ്രായക്കാരനായ ഒരു ബാലനെയും അവന്റെ മാതാവിനെയുമാണ്. അവന്‍ ബാസിമിന്റെ കൂടെ മദ്‌റസയില്‍ പഠിക്കുന്നവനായിരുന്നു. മാതാവ് അവന്റെ മുറിവില്‍ മരുന്ന് തേച്ചു കൊടുക്കുകയാണ്. ബാസിമിനെ നായയില്‍നിന്നും കടികൊള്ളാതെ രക്ഷിച്ചത് അവരായിരുന്നു. അവരുടെ വീട്ടിലാണ് അവനിപ്പോള്‍ കിടക്കുന്നത്. 

ബാസിം പതുക്കെ എഴുന്നേറ്റിരുന്നു. അവന്‍ വീടിനുളളിലേക്ക് ആകമാനം കണ്ണോടിച്ചു. ചെറിയൊരു വീട്. വിലകൂടിയതും മുന്തിയതുമായ ഒന്നും വീട്ടില്‍ കാണാനില്ല. വളരെ പാവപ്പെട്ടവരുടെ വീടാണതെന്ന് അവന് മനസ്സിലായി. 

”നീ ഓടി വീഴുന്നത് ഉമ്മയാ ആദ്യം കണ്ടത്?” അജ്മല്‍ പറഞ്ഞു. 

”നായ എന്നെ കടിച്ചുപറിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചതാ” ബാസിം ചിരിച്ചുകൊണ്ട് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോള്‍ ബാസിം പോകാനൊരുങ്ങി. ഭക്ഷണം കഴിച്ചിട്ടാകാമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അവന്‍ അവരുടെ കൂടെ ഭക്ഷണം കഴിച്ചു. മുന്തിയ തരം ഭക്ഷണം മാത്രം കഴിച്ച് പരിചയിച്ച ബാസിം അവര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. എങ്കിലും അവന്‍ അത് പുറത്തു കാണിക്കാതെ എല്ലാം തിന്നുതീര്‍ത്തു.

തനിച്ചു പോകേണ്ട എന്നു പറഞ്ഞ് അജ്മലിന്റെ ഉമ്മയും അജ്മലും കുറച്ചു ദൂരം അവന്റെ കൂടെ പോയി. അവര്‍ സലാം പറഞ്ഞു പിരിഞ്ഞു.

ബാസിം വീട്ടില്‍ ചെന്ന ശേഷം സംഭവിച്ചതെല്ലാം അവന്റെ വീട്ടില്‍ അറിയിച്ചു. കാലിലെ മുറിവ് മാറിയശേഷം ഒരു ദിവസം അവന്റെ ഉമ്മ കൊതിയൂറുന്ന ഭക്ഷണമുണ്ടാക്കി ബാസിമിനോട് അത് അജ്മലിന്റെ വീട്ടില്‍ എത്തിക്കാന്‍ പറഞ്ഞു. അവന് വളരെ സന്തോഷമായി. 

അജ്മലിന്റെ വീടിനു മുന്നിലുള്ള വഴിയിലൂടെ കാറിന് പോകാന്‍ കഴിയില്ല. അത് വളരെ വീതി കുറഞ്ഞതാണ്. അതിനാല്‍ കുറച്ചകലെ കാര്‍ നിര്‍ത്തി. ഞാന്‍ ഇപ്പോള്‍ വരാം എന്ന് ഡ്രൈവറോടു പറഞ്ഞ് ഭക്ഷണവുമായി ബാസിം അജ്മലിന്റെ വീട്ടിലേക്ക് നടന്നു.

അവിടെ അജ്മലിന്റെ ഉപ്പയും ഉമ്മയും അജ്മലുമുണ്ടായിരുന്നു. അവര്‍ക്ക് ബാസിമിന്റെ പ്രവൃത്തിയില്‍ അത്ഭുതവും സന്തോഷവും തോന്നി. അവരുടെ കൂടെ അവരിലാരാളായി ഇരുന്ന് അവനും ഭക്ഷണം കഴിച്ചു. അങ്ങനെ വളരെ സന്തോഷത്തോടെ ബാസിം തിരിച്ചുപോയി. 

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

അഹങ്കാരം വരുത്തിയ നഷ്ടം

അഹങ്കാരം വരുത്തിയ നഷ്ടം

പൊങ്ങച്ചക്കാരിയും അഹങ്കാരിയുമായ കുട്ടിയായിരുന്നു ഹസീന. അവളുടെ പിതാവ് വളരെ സമ്പന്നനായിരുന്നു. അവള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കും. എപ്പോഴും വില പിടിപ്പുള്ള വസ്ത്രവും മുന്തിയ ചെരുപ്പും ധരിച്ചാണ് അവള്‍ നടക്കുക. 

അവളുടെ വീടിനു സമീപം പാവപ്പെട്ട ഒരാളുടെ വീടുണ്ട്. അവിടെ സൈനബ് എന്ന് പേരുള്ളഒരു പെണ്‍കുട്ടിയുണ്ട്. ഹസീനയുടെ അതേ പ്രായക്കാരി. അയല്‍ക്കാരാണെങ്കിലും താന്‍ പണക്കാരന്റെ മകളാണെന്ന അഹങ്കാരത്താല്‍ അവള്‍ സൈനബിനോട് കൂട്ടുകൂടാനും അവളോടൊപ്പം കളിക്കാനും തയ്യാറാകില്ല. എന്തിനേറെ സംസാരിക്കാന്‍ പോലും മടികാണിക്കും. അവരുടെ ഉപ്പമാര്‍ ചങ്ങാതിമാരായിരുന്നു.   

അങ്ങനെയിരിക്കെ ഒരു ദിവസം ഹസീനയുടെ പിതാവ് ഒരു അപകടത്തില്‍ മരണപ്പെട്ടു. ഹസീന വല്ലാതെ സങ്കടപ്പെട്ടു. കൊട്ടാരം പോലുള്ള വീടിന്റെ മുറ്റത്തുള്ള പൂന്തോട്ടത്തില്‍ ഒരു ദിവസം ഹസീന ദുഃഖിതയായി ഇരിക്കുമ്പോള്‍ സൈനബ് അങ്ങോട്ട് ഓടിച്ചെന്നു. 

”എന്റെ ഉപ്പാക്ക് തീരെ സുഖമില്ല. ഇനി രക്ഷയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉപ്പ നിന്നെ കാണണമെന്ന് ഓര്‍മ വരുമ്പോഴൊക്കെ പറയുന്നുണ്ട്. നിന്നോട് എന്തോ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നാണ് ഉപ്പ പറയുന്നത്” സൈനബ് സങ്കടം ഒതുക്കിവെച്ചുകൊണ്ട് പറഞ്ഞു.

ഹസീനക്ക് അവള്‍ പറഞ്ഞത് തീരെ ഇഷ്ടമായില്ല. വളരെ പാവപ്പെട്ട ആ മനുഷ്യന് എന്നോട് എന്തു പറയാന്‍ എന്നായിരുന്നു അവളുടെ ചിന്ത. 

”അയ്യേ! ഞാനില്ല നിന്റെ വീട്ടിലേക്ക്. നിന്റെ വീടിന് ഒരു വൃത്തികെട്ട മണമായിരിക്കും. എനിക്ക് അത് ഇഷ്ടമല്ല” ഹസീന വെറുപ്പോടെ പറഞ്ഞു. 

ഇത് കേട്ടപ്പോള്‍ ദുഃഖത്തോടെ സൈനബ് മടങ്ങിപ്പോയി. 

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സൈനബ് ഓടിക്കിതച്ചുകൊണ്ട് വീണ്ടും ഹസീനയുടെ മുമ്പിലെത്തി. കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു: 

”എന്റെ ഉപ്പാക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിന്നോട് പറയാനുള്ളത്. നിന്റെ ഉപ്പ ഒരു സ്ഥലത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിനക്ക് വേണ്ടി കുറെ സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ട്. അത് എവിടെയാണെന്ന് എന്റെ ഉപ്പാക്ക് മാത്രമെ അറിയൂ. നീ വലുതാകുന്നതുവരെ നിന്നോട് ഇക്കാര്യം പറയരുതെന്ന് നിന്റെ ഉപ്പ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ഉപ്പ മരണാസന്നനാണ്. മരിക്കുന്നതിന് മുമ്പ് അക്കാര്യം നിന്നോട് പറയണമെന്ന് ഉപ്പ ആഗ്രഹിക്കുന്നു. ദയവായി വേഗം വരൂ.”

സൈനബിന്റെ ഈ വാക്കുകള്‍ കേട്ട് ഹസീന ഞെട്ടിപ്പോയി. അവള്‍ പിന്നെ ഒന്നും ആലോചിക്കാതെ സൈനബിന്റെ വീട്ടിലേക്ക് ഓടി. പക്ഷേ, വൈകിപ്പോയി. അവള്‍ അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. 

ഹസീന വളരെയധികം ദുഃഖിച്ചു. അവള്‍ക്ക് അവളോടുതന്നെ ദേഷ്യം തോന്നി. തന്റെ അഹങ്കാരമാണല്ലോ വമ്പിച്ച നഷ്ടത്തിന് ഇടവരുത്തിയത്.

കൂട്ടുകാരേ, നാം ഒരിക്കലും അഹങ്കാരം കാണിക്കാന്‍ പാടില്ല. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിച്ചുകൊണ്ട് ജീവിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. 

”അണുമണിത്തൂക്കം അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” എന്ന് നബി ﷺ പറഞ്ഞത് നാം അറിയണം.

അഹങ്കാരം കാണിക്കുന്ന ആളുകളെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല എന്ന് അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ അറിയിച്ചിട്ടുമുണ്ട്.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

കുറ്റബോധം

കുറ്റബോധം

അതൊരു റമദാന്‍ മാസമായിരുന്നു. നല്ല രുചികരമായ റൊട്ടി ലഭിക്കുന്ന ഒരു കടയുണ്ട് ഗ്രാമത്തില്‍. നോമ്പ് തുറക്കാന്‍ സമയമാകുമ്പോഴേക്കും ഉമ്മ ആ കടയിലേക്ക് റൊട്ടി വാങ്ങാന്‍ പറഞ്ഞയച്ചതാണ് നൗഫലിനെ. അവിടെ ചെന്നപ്പോള്‍ പതിവുപോലെ വലിയ തിരക്ക്. ആളുകള്‍ വരിയായി നില്‍ക്കുകയാണ്. നൗഫലും വരിയില്‍ നില്‍പായി. 

നോമ്പ് തുറക്കാനുള്ള സമയമായിത്തുടങ്ങി. ആളുകള്‍ അക്ഷമരായി പിറുപിറുക്കാനും തുടങ്ങി.

 ”ഇയാള്‍ക്കെന്താ കൂടുതല്‍ ജോലിക്കാരെ കടയില്‍ നിര്‍ത്തിക്കൂടേ? രണ്ടുമൂന്ന് ആളുകളെക്കൊണ്ട് എങ്ങനെ എത്തിക്കൂടും…?” വരിയില്‍ നില്‍ക്കുന്ന ഒരു വൃദ്ധന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

റൊട്ടിയുണ്ടാക്കുവാന്‍ രണ്ടു ജോലിക്കാരാണ് കടയിലുള്ളത്. വിതരണം ചെയ്യുവാനും കാശ് വാങ്ങുവാനും കടയുടമ മാത്രം. ആവശ്യക്കാര്‍ക്ക് റൊട്ടി എടുത്തുകൊടുക്കുവാനും കാശ് എണ്ണി വാങ്ങുവാനും ബാക്കി നല്‍കുവാനുമൊക്കെ തിരക്കിനിടയില്‍ അയാള്‍ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. 

ഒടുവില്‍ നൗഫലിന്റെ ഊഴമെത്തി. അവന്‍ കൊടുത്ത നോട്ട് വാങ്ങി കടയുടമ ബാക്കി നല്‍കി. നൗഫല്‍ അത് എണ്ണി നോക്കി. അല്‍പം അധികമുണ്ട്. അവന്‍ ഒന്നു സംശയിച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി.

”ഉം… എന്താ? വല്ല പ്രശ്‌നവും…?” കടയുടമ ചോദിച്ചു.

”ഹേയ്…ഒന്നുമില്ല” എന്ന് പറഞ്ഞുകൊണ്ട് നൗഫല്‍ വീട്ടിലേക്ക് തിരിച്ചു.

രാത്രി കിടന്നപ്പോള്‍ അവന് ഉറക്കം വന്നില്ല. ആകെയൊരു അസ്വസ്ഥത. കുറ്റബോധം മനസ്സില്‍ വല്ലാത്തൊരു നീറലായി പടരുന്നു.

”നീ എന്തുകൊണ്ട് ആ കാശ് തിരിച്ചുകൊടുത്തില്ല? നിനക്ക് അര്‍ഹതപ്പെടാത്തതല്ലേ അത്?” എന്ന് ആരോ നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കുന്നതു പോലെ അവന് അനുഭവപ്പെട്ടു. 

ഉമ്മയോട് ഇപ്പോള്‍ തന്നെ എല്ലാം തുറന്നു പറഞ്ഞാലോ? വേണ്ട! ഉമ്മ ഇതറിഞ്ഞാല്‍ ദേഷ്യപ്പെടും. കുറ്റപ്പെടുത്തും. അങ്ങനെ ആ രാത്രി നൗഫല്‍ ഉറക്കമില്ലാതെ കഴിച്ചുകൂട്ടി.

രാവിലെ തീയതി അറിയാന്‍ കലണ്ടറിലേക്ക് നോക്കിയപ്പോഴാണ് കലണ്ടറില്‍ ഒരു പെട്ടിക്കോളത്തില്‍ കൊടുത്തിരിക്കുന്ന പ്രവാചക വചനം അവന്റെ ശ്രദ്ധയില്‍ പെട്ടത്. അത് ഇപ്രകാരമായിരുന്നു:

‘പാപം എന്നാല്‍ നിന്റെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്നതും മറ്റുള്ളവര്‍ അറിയുന്നത് നീ ഇഷ്ടപ്പെടാത്തതുമാകുന്നു.’

നൗഫലിന്റെ മുഖം ചുവന്നു. മനസ്സില്‍ സങ്കടം ഇരട്ടിച്ചു. നബി(സ്വ) ഇപ്പറഞ്ഞത് തന്നെപ്പറ്റിയാണോ? ഇപ്പോള്‍ താന്‍ അനുഭവിക്കുന്നത് ഇതുതന്നെയല്ലേ? ഇനിയും താനിത് സഹിക്കേണ്ടതുണ്ടോ? 

അവന്‍ ഉമ്മയെ സമീപിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചു.

”സാരമില്ല മോനേ. തെറ്റ് ആര്‍ക്കും പറ്റും. അത് തിരുത്താനുള്ള മനസ്സാണ് പ്രധാനം. നീ നിന്റെ തെറ്റ് മനസ്സിലാക്കി. അല്ലാഹുവിനോട് പാപമോചനം തേടുക. നിന്റെതല്ലാത്ത കാശ് നീ അതിന്റെ ഉടമസ്ഥന് തിരിച്ചുകൊടുക്കുക” ഉമ്മ നൗഫലിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഉമ്മ തന്നെ ശകാരിക്കുമെന്നും തന്നോട് ദേഷ്യപ്പെടുമെന്നും വിചാരിച്ചിരുന്ന നൗഫലിന് ഇത് കേട്ടപ്പോള്‍ സമാധാനമായി. ഉടനെ അവന്‍ കാശുമായി കടയിലേക്ക് ഓടി. കാശ് കടയുടമയെ ഏല്‍പിച്ച് ക്ഷമ ചോദിച്ചുകൊണ്ട് മടങ്ങുമ്പോള്‍ തന്റെ തലയില്‍നിന് വലിയൊരു ഭാരം ഇറക്കിവെച്ചതായി അവന് തോന്നി. ഇനിയൊരിക്കലും ഇങ്ങനെയൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അവന്‍ പ്രതിജ്ഞയെടുത്തു.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

മത്സരം

മത്സരം

ബിലാല്‍ സല്‍സ്വഭാവിയായ ഒരു കുട്ടിയാണ്. അവന്റെ ഇരു കണ്ണുകള്‍ക്കും കാഴ്ച ശക്തിയില്ല. ഒരു അപകടത്തില്‍ പെട്ടാണ് അവന്റെ കാഴ്ച നഷ്ടപ്പെട്ടത്. എന്നാല്‍ അവന്‍ അതില്‍ തളര്‍ന്നുപോയിട്ടില്ല. നിരാശപ്പെട്ട് ജീവിക്കുന്നുമില്ല. മറ്റുള്ളവര്‍ക്ക് ഭാരമാകാതെ കഴിയുന്നത്ര കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ അവന്‍ പഠിച്ചു കഴിഞ്ഞു. 

ബിലാലിന്റെ അയല്‍വാസിയായ സമപ്രായക്കാരനാണ് അംജദ്. വലിയ പണക്കാരന്റെ മകന്‍. അവന്‍ മഹാ അഹങ്കാരിയും വികൃതിയുമാണ്. ഒരു ദിവസം ബിലാലിനെ കളിയാക്കുവാനായി അംജദ് പറഞ്ഞു: ”നമുക്ക് അടുത്ത ഗ്രമമായ അസീറിലേക്ക് ഒരു ഓട്ട മത്സരം നടത്തിയാലോ? നീ തയ്യാറുണ്ടോ?”

അതിന് ബിലാല്‍ മറുപടിയൊന്നും പറഞ്ഞില്ല. കണ്ണുകാണാത്ത തന്നെ അപമാനിക്കലാണ് അംജദിന്റെ ഉദ്ദേശമെന്ന് അവന് മനസ്സിലായി. കണ്ണു കാണാത്ത താന്‍ ഒറ്റക്ക് പല തവണ അവിടെയുള്ള കുടുംബക്കാരെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കണ്ണ് കാണുന്ന ഒരാളുടെ കൂടെ ഓടി ജയിക്കാനാകുമോ? അവന്‍ ചിന്തിച്ചു. 

”എന്താ ഒന്നും മിണ്ടാത്തത്? ധൈര്യമുണ്ടെങ്കില്‍  എന്റെ വെല്ലുവിളി ഏറ്റെടുക്ക്. നീ ജയിച്ചാല്‍ എന്റെ വിലകൂടിയ പുതിയ ഷര്‍ട്ട് നിനക്ക് ഞാന്‍ സമ്മാനമായി നല്‍കാം” അംജദ് വിടാന്‍ ഒരുക്കമില്ലായിരിന്നു.

”ഉറപ്പാണോ?”ബിലാല്‍ ചോദിച്ചു.

അംജദ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ”നീ ജയിച്ചാല്‍ ഞാനത് തന്നിരിക്കും.”

”മത്സരം നടക്കുന്ന ദിവസവും സമയവും ഞാന്‍ തീരുമാനിക്കും. ഓടുമ്പോള്‍ ഒരു ഉപകരണവും കയ്യിലോ ശരീരത്തിലോ കരുതാനും പാടില്ല” ബിലാല്‍ നിബന്ധന വെച്ചു. 

കണ്ണ് കാണാത്ത ബിലാല്‍ ഒരിക്കലും ജയിക്കില്ല എന്ന ഉറപ്പില്‍ അംജദ് അത് അംഗീകരിച്ചു.

നിലാവില്ലാത്ത ഒരു രാത്രിയാണ് ബിലാല്‍ തിരഞ്ഞെടുത്തത്. അംജദിന് അത് അംഗീരിക്കുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. ഓടുമ്പോള്‍ ഒരു ഉപകരണവും കയ്യിലോ ശരീരത്തിലോ കരുതാനും പാടില്ല എന്ന് ബിലാല്‍ പറഞ്ഞതിന്റെ രഹസ്യം അപ്പോഴാണ് അംജദിന് മനസ്സിലായത്. വെളിച്ചമില്ലാതെ ഇരുട്ടില്‍ ഓടണം. എന്തു ചെയ്യും? ഓടുക തന്നെ! 

ബിലാല്‍ കണ്ണു കാണാതെ യാത്ര ചെയ്ത് പരിജയിച്ച വഴിയിലൂടെ നടന്ന് അസീറിലെത്തി. ഇരുട്ടായതിനാല്‍ അംജദിന് ഓടാനെന്നല്ല നടക്കാന്‍ തന്നെ പ്രയാസമായിരുന്നു. ഒരുപാട് ദൂരമൊന്നുമില്ലെങ്കിലും കുറേ കഴിഞ്ഞതിനുശേഷം കുഴികളില്‍ വീണും മറ്റുമുള്ള പരിക്കുകളോടെയാണ് അവന്‍ അസീറിലെത്തിയത്. 

തന്നെ കാത്ത് നില്‍ക്കുകയായിരുന്ന ബിലാലിനെ അവന്‍ കണ്ടെത്തി. 

”അംജദ് ഇപ്പോള്‍ എങ്ങനെയുണ്ട്?” ബിലാല്‍ ചോദിച്ചു.

”സുഹൃത്തേ, എന്നോട് ക്ഷമിക്കണം” അംജദ് കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.

ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു.

”എനിക്ക് ജയിച്ചതിന് നിന്റെ ഷര്‍ട്ടൊന്നും തരേണ്ട. നിന്റെ അഹങ്കാരം ഒന്നവസാനിപ്പിക്കണം എന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ” ബിലാല്‍ പറഞ്ഞു.

”ബിലാല്‍! നീ എന്റെ കണ്ണ് തുറപ്പിച്ചു. കണ്ണിന് കാഴ്ചയില്ലാത്തത് നിന്റെ കുഴപ്പമല്ല. കാഴ്ചയുള്ള ഞാന്‍ അതിന്റെ പേരില്‍ അഹങ്കരിച്ചത് ഒട്ടും ശരിയായില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരച്ചറിയുന്നു.”

”സ്‌നേഹിതാ, അല്ലാഹു എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എന്ത് കഴിവുണ്ടെങ്കിലും ആരും ആരുടെമേലും അഹന്ത കാണിച്ചു കൂടാ. വാ, നമുക്ക് പോകാം.”

ഇരുവരും കൈകള്‍ കോര്‍ത്തു പിടിച്ച് തിരിച്ചു നടക്കാന്‍ തുടങ്ങി.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ബെല്‍റ്റ്

ബെല്‍റ്റ്

നിഹാല്‍ ഒരു വികൃതിക്കുട്ടിയാണ്. വഴക്കാളിയും പരുക്കന്‍ സ്വഭാവക്കാരനുമായ അവന്‍ സഹോദരങ്ങളെ ഉപദ്രവിക്കുന്നതില്‍ ഒരു മടിയുമില്ലാത്തവനാണ്. അവന്റെ ഈ സ്വഭാവം അവന്റെ ഉമ്മയെ ഏറെ വേദനിപ്പിച്ചിരുന്നു. അവര്‍ എപ്പോഴും അവനെ ഉപദേശിക്കും: 

”പൊന്നു മോനേ, മറ്റുള്ളവരെ ഇങ്ങനെ വേദനിപ്പിക്കരുത്. ആരോടും പരുഷമായി പെരുമാറരുത്.”

പക്ഷേ, നിഹാല്‍ തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിക്കില്ല. 

അവന്‍ പറയും: ”അത് എന്റെ തെറ്റല്ല. ഞാന്‍ തെറ്റായി ഒന്നും ചെയ്യുന്നില്ല. അവര്‍ എന്നെ ദേഷ്യപ്പെടുത്തുന്നത് കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ പെരുമാറുന്നത്.”

ഒരു ദിവസം രാവില ഉമ്മ അവനോട് പറഞ്ഞു: 

”മോനേ, ഇന്ന് വൈകുന്നേരം വരെ നീ ആരോടും വഴക്കിടാതിരുന്നാല്‍ ഞാന്‍ ഒരു സമ്മാനം തരും.”

നിഹാല്‍ ചോദിച്ചു: ”അന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടും വാങ്ങിത്തരാതിരുന്ന ആ ബെല്‍റ്റ് വാങ്ങിത്തരുമോ?”

”തീര്‍ച്ചയായും വാങ്ങിത്തരും” ഉമ്മ ഉറപ്പ് കൊടുത്തു.

ഇൗ സംഭാഷണമെല്ലാം നിഹാലിന്റെ സഹോദരങ്ങളും കേള്‍ക്കുന്നുണ്ടായിരുന്നു. അവര്‍ അവനെ പല രൂപത്തിലും പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചു. നിഹാലിന് കടുത്ത ദേഷ്യം വരാതിരുന്നില്ല. എല്ലാവരെയും ചീത്ത പറയാനും അടിക്കാനുമൊക്കെയുള്ള അരിശം വരുന്നുണ്ട്. പക്ഷേ, അവന്‍ അതെല്ലാം അടക്കിപ്പിടിച്ചു. ഇന്നത്തേക്ക് മനസ്സിനെ നിയന്ത്രിച്ചേ തീരൂ. ഇല്ലെങ്കില്‍ മനോഹരമായ ആ ബെല്‍റ്റ് ഉമ്മ വാങ്ങിത്തരില്ല.  

വൈകുന്നേരം വരെ അവന്‍ അങ്ങനെ കഴിഞ്ഞു കൂടി. വൈകുന്നേരമായപ്പോള്‍ ഉമ്മ അവനോട് പറഞ്ഞു: 

”ഒരു ബെല്‍റ്റിനു വേണ്ടി നിന്നെ നിയന്ത്രിക്കാനും ഉമ്മയെ അനുസരിക്കാനും നിനക്ക് കഴിയുമെന്ന് നീ തെളിയിച്ചിരിക്കുന്നു. എങ്കില്‍ സ്രഷ്ടാവായ അല്ലാഹുവിനെ ഓര്‍ത്ത് നിനക്ക് എപ്പൊഴും ഇങ്ങനെ നല്ല കുട്ടിയായി ജീവിച്ചു കൂടേ? അല്ലാഹു പ്രതിഫലമായി നല്‍കുക ബെല്‍റ്റു പോലുള്ള നിസ്സാര വസ്തുവല്ല.സ്വര്‍ഗമാണ്, സ്വര്‍ഗം.”

ഉമ്മ നിഹാലിന്റെ മുഖത്തേക്ക് നോക്കി. അവന്റെ  കണ്ണുകള്‍ നിറഞ്ഞിരുന്നു. 

”ഉമ്മാ, ഇനി മുതല്‍ ഞാന്‍ ആരെയും ഉപദ്രവിക്കില്ല. ചീത്ത പറയില്ല. ആരോടും ദേഷ്യപ്പെടില്ല. എനിക്ക് സ്വര്‍ഗത്തില്‍ പോകണം.”

അത് കേട്ടപ്പോള്‍ ഉമ്മ അവനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു. നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു”എന്റെ മോന്‍ നല്ല കുട്ടിയാണ്. നല്ലവരെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കില്ല.”

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

പ്ലാസ്റ്റിക് പാത്രം

പ്ലാസ്റ്റിക് പാത്രം

ഒരിക്കല്‍ ഒരിടത്ത് സാധുവായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. വയസ്സേറെയായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു തുടങ്ങി. കൈകള്‍ വിറയ്ക്കുന്ന കാരണത്താല്‍ ഒരു സ്പൂണ്‍ പോലും നെരെ പിടിക്കാന്‍ വയ്യാതായി. വായിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിന്റെ നല്ലൊരു പങ്കും ഡൈനിംഗ് ടേബിളില്‍ വീഴും.

അദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയും അതിന്റെ പേരില്‍ അദ്ദേഹത്തെ ശകാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യും. ഒടുവില്‍ അവര്‍ അദ്ദേഹത്തിനു മാത്രമായി ഒരു മുറിയുടെ മൂലയില്‍ മറ്റൊരു മേശ ഒരുക്കിക്കൊടുത്തു.

അദ്ദേഹത്തിന്റെ കൊച്ചു പേരമകന്‍ ഹസന്‍ ഇതെല്ലാം കണ്ട് സങ്കടപ്പെട്ടു. വല്ല്യുപ്പ ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ വല്ല്യുപ്പയുടെ വായിലേക്ക് സ്പൂണ്‍ വെച്ചുകൊടുത്ത് സഹായിക്കാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹം ഭക്ഷണം കഴിക്കുന്നേരം യാദൃച്ഛികമായി പാത്രം താഴെവീണ് പൊട്ടിച്ചിതറി. അദ്ദേഹം നിറകണ്ണുകളോടെ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന മകന്റെയും മരുകളുടെയും മുഖത്തേക്ക് പേടിയോടെ നോക്കി. അവര്‍ അതിന്റെ പേരില്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. അന്നു മുതല്‍ അവര്‍ അദ്ദേഹത്തിന് പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം നല്‍കാന്‍ തുടങ്ങി.

പ്ലാസ്റ്റിക് പാത്രങ്ങള്‍ പാടെ ഉപയോഗ ശൂന്യമായിട്ടും അതില്‍ ഭക്ഷണം വിളമ്പാന്‍ ഭാര്യ ഒരുങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഭാര്യയോട് ആ പാത്രങ്ങള്‍ വലിച്ചെറിയാന്‍ പറഞ്ഞു.

ഉടനെ ഹസന്‍ രണ്ട് പാത്രങ്ങള്‍ കൈക്കലാക്കി, എന്നിട്ട് പറഞ്ഞു: ”വലിച്ചെറിയരുത്. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും.”

”എന്താണ് നീ പറയുന്നത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ” ഉമ്മ ചോദിച്ചു.

”നിങ്ങള്‍ രണ്ടു പേര്‍ക്കും വയസ്സാകുമ്പോള്‍ നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പാന്‍ എനിക്ക് ഇവ ഉപയോഗിക്കാമല്ലോ എന്നാണ് ഉദ്ദേശിച്ചത.്”

മകന്റെ ഈ വാക്കുകള്‍ കേട്ട് ഇരുവരും ലജ്ജിച്ച് തലതാഴ്ത്തി. അവര്‍ക്ക് തങ്ങളുടെ തെറ്റിന്റെ ആഴം ബോധ്യമായി. അന്നുമുതല്‍ അവര്‍ പിതാവിനെ കൂടെയിരുത്തി അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാനും അദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ സഹായിക്കാനും തുടങ്ങി.

സ്വര്‍ഗം നേടാനുള്ള ഉത്തമമായ വഴിയാണ് മാതാപിതാക്കളെ ശുശ്രൂഷിക്കലും സഹായിക്കലും സ്‌നേഹിക്കലും എന്ന് അറിയുമായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മകനും മരുമകളും അദ്ദേഹത്തോട് മോശമായി പെരുമാറുമായിരുന്നില്ല.

നമ്മുടെ നബി(സ്വ) മാതാപിതാക്കളുടെ വിഷയത്തില്‍ പറഞ്ഞതെന്താണെന്ന് അറിയാമോ? ”റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലാണ്. റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലാണ്” (തുര്‍മുദി). ”

കൂട്ടുകാരേ, നാം നമ്മുടെ മാതാപിതാക്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. എന്നാലേ നമുക്ക് സ്വര്‍ഗം ലഭിക്കുകയുള്ളൂ.

 

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക