സ്വാര്‍ഥനായ കുറുക്കനും കൊക്കും

സ്വാര്‍ഥനായ കുറുക്കനും കൊക്കും

മരപ്പൊത്തില്‍ താമസിക്കുകയായിരുന്ന ഒരു കൊക്കിനെ സ്വാര്‍ഥനായ ഒരു കുറുക്കന്‍ ഒരു ദിവസം ഉച്ചഭക്ഷണത്തിനായി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് കൊക്ക് കുറുക്കന്റെ വീട്ടിലേക്ക് പോകുകയും തന്റെ നീണ്ട കൊക്കുകൊണ്ട് വാതിലില്‍ മുട്ടുകയും ചെയ്തു. കുറുക്കന്‍ വാതില്‍ തുറന്നുകൊണ്ട് പറഞ്ഞു: ”അകത്തേക്ക് വരൂ. നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം.”

കൊക്ക് ഭക്ഷണം കഴിക്കുവാനായി ഇരുന്നു. അതിന് നല്ലവണ്ണം വിശക്കുന്നുണ്ടായിരുന്നു. നല്ല സ്വാദിഷ്ഠമായ ഭക്ഷണത്തിന്റെ മണവും വരുന്നു. കുറുക്കന്‍ ഒരു പരന്ന പാത്രത്തില്‍ സൂപ്പ് വിളമ്പി. അവന്‍ വളരെ വേഗത്തില്‍ ഒറ്റവലിക്ക് തന്നെ അത് കുടിച്ചുതീര്‍ത്തു. പാവം കൊക്ക്! പരന്ന പാത്രമായതിനാലും തന്റെ നീളന്‍ കൊക്ക് കാരണത്താലും അതിന് സൂപ്പ് വലിച്ചുകുടിക്കുവാനായില്ല. കൊക്ക് അമളി പറ്റിയത് പുറത്തുകാണിക്കാതെ ചെറുതായി ചിരിച്ചുകൊണ്ട് വിശപ്പു സഹിച്ച് ഇരുന്നു. സ്വാര്‍ഥനായ കുറുക്കന്‍ ചോദിച്ചു: ”നീയെന്താ സൂപ്പ് കഴിക്കാത്തത്? ഇഷ്ടമായില്ലേ?”

കൊക്ക് പറഞ്ഞു: ”എന്നെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിന് വളരെ നന്ദി. നാളെ വൈകുന്നേരം ഭക്ഷണത്തിനായി എന്റെ വീട്ടിലേക്ക് വരൂ.”

അടുത്ത ദിവസം കൊക്കിന്റെ വീട്ടില്‍ കുറുക്കന്‍ പോയി. കൊക്ക് സൂപ്പ് നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു. നീണ്ട ഉയരമുള്ള പാത്രത്തിലായിരുന്നു അത് വിളമ്പിയത്.  കൊക്ക് തന്റെ സൂപ്പ് വളരെ വേഗം കുടിച്ചു. എന്നാല്‍ കുറുക്കന് അത് കുടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിശന്നു വലന്നുകൊണ്ട് കുറുക്കന് തിരിച്ചുപോകേണ്ടിവന്നു.

കൂട്ടുകാരേ! നാമാരും സ്വാര്‍ഥന്മാരും ചതിയന്മാരുമാകരുത്. അത് ഒടുവില്‍  നമുക്കു തന്നെ വിനയായിത്തീരും.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

കുരങ്ങനും ഡോള്‍ഫിനും

കുരങ്ങനും ഡോള്‍ഫിനും

പണ്ടുപണ്ട് കച്ചവടച്ചരക്കുമായി ഒരു കപ്പല്‍ ദൂരദേശത്തേക്ക് പുറപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ഒരാള്‍ താന്‍ വളര്‍ത്തുകയായിരുന്ന ഒരു പെണ്‍കുരങ്ങിനെയും തന്റെ യാത്രയില്‍ കൂടെ കൂട്ടിയിരുന്നു. അവര്‍ കടലിന്റെ നടുവിലെത്തിയപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. അവരുടെ കപ്പല്‍ തകര്‍ന്നുപോയി. എല്ലാവരും വെള്ളത്തിലേക്ക് വീണു. താന്‍ മുങ്ങിമരിക്കുമെന്ന് കുരങ്ങിന് ഉറപ്പായി. പെട്ടെന്ന് ഒരു ഡോള്‍ഫിന്‍ പ്രത്യക്ഷപ്പെടുകയും കുരങ്ങിനെ ഒരു ദ്വീപിന്റെ തീരത്തെത്തിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു. തീരത്തെത്തിയപ്പോള്‍ കുരങ്ങിനോട് ഡോള്‍ഫിന്‍ ചോദിച്ചു: 

”നിനക്ക് ഈ സ്ഥലം ഏതെന്ന് അറിയാമോ?”

”അതെ, എനിക്കറിയാം. ഈ കരയിലെ രാജാവ് എന്റെ അടുത്ത സുഹൃത്താണ്. സത്യത്തില്‍ ഞാന്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരു രാജ്ഞിയാണെന്ന കാര്യം നിനക്കറിയാമോ?” ഇതായിരുന്നു പൊങ്ങച്ചക്കാരിയായ കുരങ്ങിന്റെ മറുപടി.

ആ കരയില്‍ ഒരാളും ജീവിക്കുന്നില്ലെന്ന് അറിയാവുന്ന ഡോള്‍ഫിന്‍ പറഞ്ഞു: 

”ശരിയാണ്. നിങ്ങള്‍ ഒരു രാജ്ഞിയായിരിക്കാം. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ രാജ്യത്തെ ഒരു രാജാവുമാകാം.”

കുരങ്ങന്‍ ചോദിച്ചു: ”ഞാന്‍ എങ്ങനെയാണ് ഈ രാജ്യത്തെ രാജാവാകുന്നത്?” 

ദൂരത്തേക്ക് നീന്തിക്കൊണ്ട് ഡോള്‍ഫിന്‍ പറഞ്ഞു: ”അത് വളരെ എളുപ്പമാണ്. ഈ കരയിലെ ഒരേയൊരു ജീവിയെന്ന നിലയ്ക്ക് നിങ്ങള്‍ ഇനി മുതല്‍ സ്വാഭാവികമായും ഒരു രാജാവാണ്.”

കൂട്ടുകാരേ! ഒരിക്കലും നുണ പറയരുത്. പൊങ്ങച്ചം കാണിക്കുകയുമരുത്. ഇസ്‌ലാം ഇത് രണ്ടും വിലക്കിയിട്ടുണ്ട്. നുണപറയുന്നവരും പൊങ്ങച്ചം നടിക്കുകയും ചെയ്യുന്നവര്‍ ഒടുവില്‍ വലിയ ആപത്തിലായിരിക്കും ചെന്ന് ചാടുക.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

17: പ്രവാചകനെ സ്‌നേഹിച്ച കുട്ടികള്‍

17: പ്രവാചകനെ സ്‌നേഹിച്ച കുട്ടികള്‍

കുട്ടികളിലെ വിശ്വാസ വളര്‍ച്ചയില്‍ പ്രവാചക സ്‌നേഹം ഉണ്ടാക്കുന്ന സ്വാധീവും അതിന്റെ പ്രാധാന്യവുമാണ്  കഴിഞ്ഞ ലക്കത്തില്‍ നാം പരാമര്‍ശിച്ചത്. പ്രവാചകന്‍(സ്വ) അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായി മാറുമ്പോള്‍ ആ പ്രവാചകന്റെ തിരുവചനങ്ങളിലൂടെ പഠിപ്പിക്കപ്പെട്ട വിശ്വാസവും ആദര്‍ശവും അവര്‍ക്ക് ഏറ്റവും സ്വീകാര്യമായി മാറുകയും തല്‍ഫലമായി നബിജീവിതത്തെ സ്വജീവിത നിലപാടുകളില്‍ അവലംബിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യും.

വിശ്വാസവും പ്രവാചക സ്‌നേഹവും രൂഢമൂലമാവുകയും തന്മൂലം സമര്‍പ്പണവും ത്യാഗസന്നദ്ധതയും ദൈവഭക്തിയും പ്രകടമാവുകയും ചെയ്യുകയെന്നത് മുതിര്‍ന്നവരില്‍ മാത്രമുണ്ടാകുന്നതല്ല എന്നാണ് നബിജീവിതത്തിന്റെ പരിസരങ്ങളില്‍ വളര്‍ന്ന കൊച്ചനുചരന്മാരുടെ ജീവിതം നമ്മോടു പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലുള്ളതുപോലെ പോലെ ഇവ മാറ്റത്തിന്റെ ആന്തോളനങ്ങള്‍ സൃഷ്ടിക്കും. നബി(സ്വ)ക്ക് ചുറ്റും വളര്‍ന്ന ചില കുട്ടികളുടെ പ്രതികരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

കേവലം എട്ട് വയസ്സ് കഴിഞ്ഞ അലി(റ) നബി(സ്വ)യുടെ സന്മാര്‍ഗത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കുന്നു. ചുറ്റുപാടുകളെ ഭയക്കാതെ വിശ്വാസവും ആദര്‍ശവും നബിയില്‍ നിന്ന് സ്വീകരിക്കുന്നു. തുടര്‍ന്ന് ഭയലേശമന്യെ മക്കയുടെ പ്രാന്ത പ്രദേശത്തു വെച്ച് നബി(സ്വ)ക്കും ഖദീജ(റ)ക്കും ഒപ്പം രഹസ്യമായി  നമസ്‌കരിക്കുന്നു. ഒരിക്കല്‍ പിതാവ്  അബൂത്വാലിബ് അത് കാണുന്നു. ഒരു ആശങ്കയും മറച്ചുവെക്കലും ഇല്ലാതെ അലി എന്ന കുട്ടി നമസ്‌കാരം തുടരുന്നു!

അനസ്(റ) പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ നബിയുടെ സേവകനായി കൂടെ നടക്കുന്നു. കളിപ്രായത്തില്‍ കളികള്‍ക്കിടയില്‍ പോലും പ്രവാചകന്റെ ആവശ്യങ്ങള്‍ക്ക് മടിയില്ലാതെ ഓടിച്ചെല്ലുന്ന സ്‌നേഹവും സമര്‍പ്പണവും സൂക്ഷ്മതയും ആരെയും അത്ഭുതപ്പെടുത്തും. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്  ചെയ്യുന്ന ഹദീഥില്‍ അനസ്(റ) ഇങ്ങനെ പറയുന്നത് കാണാം: ”ഞാന്‍ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നബി(സ്വ) എന്റെ അടുത്ത് വന്നു; എന്നിട്ട് ഞങ്ങള്‍ക്ക് സലാം പറഞ്ഞു. ശേഷം  എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ഒരു കാര്യത്തിന് വേണ്ടി പറഞ്ഞയച്ചു. അത് മൂലം ഞാന്‍ ഉമ്മയുടെ അടുത്തെത്താന്‍ വൈകി. ഞാന്‍ ചെന്നപ്പോള്‍ ഉമ്മ ചോദിച്ചു: ‘എന്താണ് നിന്നെ പിടിച്ചുവെച്ചത് (നീ വൈകിയത്)?’ ഞാന്‍ പറഞ്ഞു: ‘നബി(സ്വ) എന്നെ ഒരു കാര്യത്തിന് പറഞ്ഞയച്ചതായിരുന്നു.’ ഉമ്മ ചോദിച്ചു: ‘എന്തായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം?’ ഞാന്‍ പറഞ്ഞു: ‘അത് രഹസ്യമാണ്.’ അപ്പോള്‍ അവര്‍ പ്രതികരിച്ചു: ‘(അതെ) ദൈവദൂതരുടെ രഹസ്യം നീ ആരോടും പറയുകയേ അരുത്.”

നബി(സ്വ)യുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കളികള്‍ക്കിടയില്‍ പോലും ഓടിച്ചെല്ലുന്ന അനുസരണം! മാത്രമല്ല, രഹസ്യം സൂക്ഷിക്കുകയെന്ന, ഉയര്‍ന്ന തലത്തിലേക്ക് വരെ ഈ കുട്ടി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു!

 പ്രവാചകന് അനുസരണ പ്രതിജ്ഞ ചെയ്യുന്ന എട്ടു വയസ്സുകാരന്റെ നബിസ്‌നേഹത്തെ പറ്റി നമുക്കെന്തു തോന്നുന്നു? അതും പിതാവിന്റെ പ്രേരണ കൂടി കിട്ടിയ കുട്ടി! അതാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ). ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ഉര്‍വത് ബിന്‍ സുബൈറും ഫാത്വിമ ബിന്‍ത് മുന്‍ദിര്‍ ഇബ്‌നു സുബൈറും(റ) നിവേദനം. അവര്‍ പറഞ്ഞു: ”അബൂബക്കര്‍(റ)വിന്റെ മകള്‍ അസ്മാഅ് ഗര്‍ഭിണിയായ നിലയില്‍ ഹിജ്‌റക്കായി പുറപ്പെട്ടു. ക്വുബായില്‍ എത്തിയപ്പോള്‍ അവര്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനെ പ്രസവിച്ചു. എന്നിട്ട് കുഞ്ഞിനെ നബി(സ്വ)യുടെ അടുത്ത് മധുരം തോട്ടുകൊടുക്കാന്‍ കൊണ്ടുവന്നു. നബി(സ്വ) അവളില്‍ നിന്ന് അവനെ വാങ്ങി മടിയില്‍ വെച്ചു. എന്നിട്ട് അല്‍പം കാരക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. (നിവേദകന്‍ പറഞ്ഞു:) ആഇശ(റ) പറയുകയാണ് ‘ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ കാരക്ക കണ്ടത്താന്‍ സമയമെടുത്തു.’ നബി(സ്വ) അത് തന്റെ വായിലിട്ടു ചവച്ചു കുട്ടിയുടെ വായില്‍ കൊടുത്തു. ആദ്യമായ്  അവന്റെ വയറ്റില്‍ പോയത് നബി(സ്വ)യുടെ ഉമിനീരായിരുന്നു. എന്നിട്ട് നബി(സ്വ) അവനെ തടവി. അവന്നു അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു. എന്നിട്ട് അബ്ദുല്ല എന്ന് പേര് നല്‍കി. അങ്ങനെ (ഒരു ദിവസം) ഏഴ്/എട്ടു വയസ്സായപ്പോള്‍ അവഎ നബി(സ്വ)ക്ക് അഭിമുഖമായി അനുസരണ പ്രതിജ്ഞ ചെയ്യാന്‍ മുന്നിട്ട് വന്നു. (അവന്റെ പിതാവ് അങ്ങനെ ചെയ്യാന്‍ അവനോടു പറഞ്ഞു). അവന്‍ നബി(സ്വ)ക്ക് നേരെ വരുന്നത് കണ്ടപ്പോള്‍ നബി(സ്വ) പുഞ്ചിരിച്ചു. അങ്ങനെ അവന്‍ നബി(സ്വ)ക്ക് അനുസരണ പ്രതിജ്ഞ നല്‍കുകയും ചെയ്തു.” ഇവ്വിധമാണ് സ്വഹാബികളുടെ മക്കള്‍ നബിസ്‌നേഹത്തില്‍ വളര്‍ന്നത്. അവരുടെ മാതാപിതാക്കള്‍ ശൈശവം മുതലേ അവര്‍ക്ക് നബിസ്‌നേഹം പകര്‍ന്ന് നല്‍കിയിരുന്നുവെന്നും അത് അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നുവെന്നും വ്യക്തം.

കുട്ടികളുടെ പ്രകൃതത്തില്‍ പെട്ടതാണ്, അവര്‍ ആരെയെങ്കിലും ആഴത്തില്‍ സ്‌നേഹിച്ചാല്‍ അവരെ ആരും വെറുപ്പിക്കുന്നതോ ഉപദ്രവിക്കുന്നതോ അവര്‍ ഒരിക്കലും സഹിക്കുകയില്ലെന്നത്. മാത്രമല്ല അവരുടെ എല്ലാ സാധ്യതയും ഉപയോഗിച്ച അവര്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യും. നബിക്ക് ചുറ്റും വളര്‍ന്ന കുട്ടികള്‍ക്കു മറ്റാരെക്കാളും ഇഷ്ടം നബിയോടായിരുന്നു. അദ്ദേഹത്തിനെ ഉപദ്രവിക്കുന്നവരെ ഒരിക്കലും വെറുതെ വിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

അല്ലാഹുവിന്റെ തിരുദൂതരെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച ശത്രുവിനെ യുദ്ധത്തില്‍ വകവരുത്താനുള്ള അവസരം ലഭിക്കാന്‍ മത്സരിച്ച രണ്ടു കുട്ടികളുടെ കഥ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്; നബിയെ ജീവനെക്കാള്‍ സ്‌നേഹിച്ച രണ്ടു കുട്ടികളായിരുന്നു അവര്‍.

നമ്മുടെ മക്കള്‍ മാതൃകയാക്കുന്നത് ആരെയാണ്? കൂടുതല്‍ സ്‌നേഹിക്കുന്നത് ആരെയാണ്? രക്ഷിതാക്കള്‍ സ്വയം ചോദിക്കുക. കാല്‍പന്ത് ലോകത്തെ ഒരു ഇതിഹാസത്തിന്  മുമ്പ് ഒരു മത്സരത്തില്‍ ചുവടു പിഴച്ചതില്‍ മനംനൊന്ത് കേഴുകയും ഈര്‍ഷ്യ പ്രകടപ്പിച്ച് പൊട്ടിക്കരയുകയും ചെയ്യുന്ന ഒരു മലയാളി ബാലന്റെ വിഡിയോ മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടത് ഓര്‍മ വരികയാണ്. എല്ലാ ‘സ്റ്റാറു’കളുടെയും വിശദവിവരങ്ങള്‍ അവര്‍ക്കറിയാം. അവര്‍ അവമതിക്കപ്പെടുന്നത് കുട്ടികള്‍ക്ക് അസഹ്യമായിരിക്കും. എന്നാല്‍ പ്രവാചകനെക്കുറിച്ച് അവര്‍ക്കറിഞ്ഞുകൂടാ. അദ്ദേഹം അവമതിക്കപ്പെടുന്നത് അവരുടെ മനസ്സിനെ വേദനിപ്പിക്കുകയില്ല. പിഴച്ചത് രക്ഷിതാക്കളായ നമുക്കോ, അതോ കുട്ടികള്‍ക്കോ?  

പ്രവാചകനെ സ്‌നേഹിച്ച സ്വഹാബികളായ കുട്ടികള്‍ നബിയെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യാന്‍ അശക്തരായിരുന്നെങ്കിലും നബിക്കെതിരെയും സ്വഹാബികള്‍ക്കെതിരെയുമുള്ള ശത്രുക്കളുടെ നീക്കങ്ങളും അവരെക്കുറിച്ചുള്ള ആക്ഷേപങ്ങളും അവരുടെ ശ്രദ്ധയില്‍ പെട്ടാല്‍ തത്സമയം നബിക്ക് എത്തിക്കുന്നതില്‍ അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ദീനീ സേവനത്തില്‍ പങ്കാളികളായിരുന്നത് നമ്മെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. ക്വുര്‍ആനിലെ അല്‍മുനാഫിക്വൂന്‍ (കപടവിശാസികള്‍) എന്ന അധ്യായത്തിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള  വചനങ്ങളുടെ അവതരണ കാരണമായ സംഭവം ക്വുര്‍ആന്‍ വിവരണ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്നതും ബുഖാരിയടക്കമുള്ള ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്യുന്നതും ഇവിടെ സ്മരിക്കുന്നത് ഉചിതമാണ്.

ബനൂമുസ്തലഖ് യുദ്ധത്തില്‍ നിന്ന് വിരമിച്ച് മദീനയിലേക്ക് മടങ്ങും  മുമ്പ് ഒരു അന്‍സ്വാരിയുടെയും മുഹാജിറിന്റെയും ഇടയില്‍ ഉണ്ടായ ഒരു കശിപിശ മുതലെടുത്ത കപട വിശ്വാസികളുടെ മുന്‍നിര നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ബിന്‍ സലൂല്‍ മക്കക്കാരായ മുഹാജിറുകള്‍ക്കതിരെ മദീനക്കാരായ സ്വഹാബികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു. നബി(സ്വ)യെയും മുഹാജിറുകളെയും കുറിച്ച് മോശമായി പറഞ്ഞു. നബിക്കും മക്കക്കാരായ സഹാബികള്‍ക്കും വേണ്ടി ഒന്നും ചെലവ് ചെയ്യരുതെന്നും അതുമൂലം അവര്‍ മദീന വിട്ട് പോകേണ്ടി വെരുമെന്നും, മാത്രവുമല്ല ‘നാം മദീനയിലേക്ക് തിരിച്ചു ചെന്നാല്‍ അവരെ നാം പുറം തള്ളു’മെന്നും തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് അവിടെ ഉണ്ടായിരുന്ന കുട്ടിയായിരുന്ന സായിദ് ബിന്‍ അര്‍ഖം (റ) കേട്ടു. ഇതിന്റെ ഗൗരവവും അപകടവും ഉള്‍ക്കൊണ്ട ഈ കുട്ടി തന്റെ പിതൃവ്യനോട് അല്ലെങ്കില്‍ ഉമറിനോട് ഇത് സൂചിപ്പിച്ചെന്നും അല്ല സൈദ് തന്നെ നബിയോട് പറഞ്ഞെന്നും ഇമാം ബുഖാരിയുടെ വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. സൈദ് (റ) പറയുകയാണ്: ”അങ്ങനെ നബി(സ്വ) ഉബയ്യിബിന്‍ സലൂലിനെ വിളിച്ച വരുത്തി ചോദിച്ചപ്പോള്‍ അവന്‍ അല്ലാഹുവില്‍ സത്യമിട്ട് നിഷേധിക്കുകയും നബി(സ്വ) അതി സ്വീകരിക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തു. അതെന്റെ മനസ്സില്‍ വേദന ഉണ്ടാക്കി. ഞാന്‍ വീട്ടില്‍ തന്നെ ചടഞ്ഞിരിക്കാനും തുടങ്ങി. പിന്നീട് വിശുദ്ധ ക്വുര്‍ആനിലെ 63-ാം അധ്യായം  ഒന്ന് മുതല്‍ എട്ടു വരെയുള്ള വചനങ്ങള്‍ അവതരിക്കുകയും അതില്‍ ഞാന്‍ സൂചിപ്പിച്ച അവരുടെ സംസാരത്തിലേക്ക് അല്ലാഹു സൂചന നല്‍കുകയും ചെയ്തു.  അല്ലാഹു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല'(63:78). ഈ വചനം വരെയുള്ളത് അവതരിച്ചപ്പോള്‍ പ്രവാചകന്‍ ആളെ അയച്ചു എന്നെ വിളിച്ചു വരുത്തി പ്രസ്തുത വചനങ്ങള്‍ ഓതിത്തരികയും എന്റെ ചെവി പിടിച്ചു ‘അല്ലാഹു നിന്നെ (നീ പറഞ്ഞത്) സത്യപ്പെടുത്തിയിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു” (ബുഖാരി).

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംസാരങ്ങള്‍ പോലും അതിന്റെ ഗൗരവത്തില്‍ ഉള്‍കൊള്ളാനും അവ എത്തിക്കേണ്ടിടത്ത് എത്തിക്കാനും മാത്രം കുട്ടികള്‍ പ്രാപ്തരും ബോധവാന്മാരുമായിരുന്നു എന്നര്‍ഥം.

പ്രവാചക സ്‌നേഹം ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ചില കുട്ടികളെയും അവരുടെ ജീവതത്തില്‍ അവയുടെ പ്രതിഫലനത്തെയുമാണ് നാം മുകളില്‍ വായിച്ചത്. കുട്ടികള്‍ക്കും മനസ്സില്‍ ഈമാന്‍ അടിയുറക്കുമെന്നും അതിന്റെ ഫലം നിത്യജീവിതത്തില്‍ സ്വാധീനമുണ്ടാക്കുമെന്നും ആയതിനാല്‍ ഇത്തരം വിഷയങ്ങളില്‍ കുട്ടികളെ അവഗണിച്ചു കൂടാത്തതാണെന്നും ഇത് നമുക്ക്  മനസ്സിലാക്കിത്തരുന്നു. ‘ആ കുട്ടികളെല്ലാം നബി(സ്വ)യെ കണ്ടുകൊണ്ട് വളര്‍ന്നത് നിമിത്തമാണ് ഇത്തരം ഒരു നിലവാരത്തിലെത്തിയത്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ ഇവ്വിധം നബി(സ്വ)യുടെ ജീവിതം പതിയുമോ?’ എന്ന സംശയം നമ്മുടെ ഉള്ളില്‍ ഉയര്‍ന്നേക്കാം. മറുപടി അര്‍ഹിക്കുന്ന ചേദ്യം തന്നെയാണ്. (തുടരും)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

16: അനുകരണവും മാതൃകയും

16: അനുകരണവും മാതൃകയും

വിശ്വാസ വളര്‍ച്ചയുമായി ബന്ധപ്പട്ട രണ്ട് കാര്യങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കിയത്. പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ കൂടി ഈ വിഷയകമായി നാം അറിയേണ്ടതുണ്ട്. 

മൂന്ന്: അല്ലാഹുവോടുള്ള സ്‌നേഹം വളര്‍ത്തുകയും അവനെ അവലംബിക്കാന്‍  ശീലിപ്പിക്കുകയും ചെയ്യുക.

എല്ലാ കുട്ടികള്‍ക്കും അവരുടെ  വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്‌നങ്ങളും തേട്ടങ്ങളും ഉണ്ട്. അത് മാനസികമോ ശാരീരികമോ മറ്റു ചിലപ്പോള്‍ സാമൂഹികമോ സാമ്പത്തികമോ ആവാം. കുടും ബ സംബന്ധമോ അല്ലെങ്കില്‍ പഠന സംബന്ധമോ ആയേക്കാം. അതിന്റെ ശക്തിയും തോതും വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുമെന്നു മാത്രം. പല നിലക്കും മനഃപൂര്‍വമോ അല്ലാതെയോ അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്‌തേക്കും. കരച്ചില്‍, ദേഷ്യം, വാശി, അമിതമായ സഹകരണ പ്രകടനം ഇവയെല്ലാം അതിന്റെ ചില ബഹിര്‍ പ്രകടനങ്ങള്‍ ആയിരിക്കും. ഇത്തരം പ്രശ്‌നങ്ങളും തേട്ടങ്ങളും പരിഹരിക്കാനും നേടിയെടുക്കാനും ഉള്ള വഴികളും രീതികളും അവരുടെ ഉള്ളില്‍ നിന്ന് തന്നെ സൃഷ്ടിച്ചെടുക്കാന്‍ എന്ത് വഴികളുണ്ട്? ഏറ്റവും ചുരുങ്ങിയത് ആശങ്കകളും അസ്വസ്ഥതകളും ലഘൂകരിക്കാനെങ്കിലും അവരെ സഹായിക്കുന്ന മാര്‍ഗങ്ങളെന്തെങ്കിലും ഉണ്ടോ? തീര്‍ച്ചയായും ഉണ്ടെന്നാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹുവിനോടുള്ള സ്‌നേഹം അവരുടെ മനസ്സില്‍ ആഴത്തില്‍ ഉണ്ടാക്കിയെടുക്കുകയും അവനെ അവലംബിക്കാനും അവനോടു സഹായം തേടാനും അവരെ ശീലിപ്പിക്കുകയും ചെയ്യുകയെന്നതാണത്. 

തന്റെ ജീവിതത്തില്‍ തനിക്കേറ്റം ആവശ്യമുള്ളതും ഇഷ്ടമുള്ളതുമെല്ലാം ചോദിക്കാതെ നല്‍കിയ അല്ലാഹുവിനു നമ്മോടുള്ള ഇഷ്ടം മനസ്സിലാക്കിക്കൊടുത്തുകൊണ്ട് അവനെ തിരിച്ച് സ്‌നേഹിക്കേണ്ടതിന്റെ ബാധ്യത ബോധ്യപ്പെടുത്തുകയും ചെയ്യുക. കൂടാതെ നമ്മുടെ ജീവിതത്തില്‍ നടക്കുന്നതെല്ലാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചല്ലെന്നും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും അവര്‍ അറിഞ്ഞു വളരണം. ഇതിലൂടെ അവര്‍ക്ക് ജീവിത പ്രയാസങ്ങളെ നേരിടാന്‍ കഴിയും. അല്ലാഹുവിനെ അവലംബിക്കുന്നതിലൂടെ ജീവിതത്തില്‍ ഇറങ്ങി ഇടപെടാന്‍ അവരുടെ മനസ്സിന്ന് സ്‌ഥൈര്യം ലഭിക്കുകയും ചെയ്യുന്നു. ഇതാണ് നബി(സ്വ)യുടെയും അനുചരന്മാരുടെയും ശൈലി. അവര്‍ പ്രയോഗിച്ചതും ശീലിപ്പിച്ചതും ഈ രീതി ശാസ്ത്രമാണ്. 

ഇബ്‌നു അബ്ബാസ് (റ) പറയുകയാണ്: ”ഒരിക്കല്‍, ഞാന്‍ (കുട്ടിയായിരുന്ന കാലത്ത്) നബി(സ്വ)യുടെ  കൂടെ സഹയാത്രികനായിരുന്ന ഒരു ദിവസം നബി(സ്വ) എന്നോട് പറഞ്ഞു: ‘ഏയ് കുട്ടീ! ഞാന്‍ നിനക്ക് ചില  വചനങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അപ്പോള്‍ നിന്റെ കാര്യത്തില്‍ (സഹായിയായി) നിനക്കവനെ കാണാം. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ നീ അല്ലാഹുവോടു ചോദിക്കുക. നീ വല്ല സഹായവുംചോദിക്കുകയാണെങ്കില്‍ അവനോടു ചോദിക്കുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍  കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി” (ഇമാം അഹ്മദ്, തിര്‍മിദി). ഇമാം തിര്‍മിദിയുടേതല്ലാത്ത നിവേദനകളില്‍ ഇത്ര കൂടിയുണ്ട്: ”നിന്റെ സുഭിക്ഷതയില്‍ നീ അവനെ അറിഞ്ഞാല്‍ (ഓര്‍ത്താല്‍) നിന്റെ പ്രയാസത്തില്‍ അവന്‍ നിന്നെ കണ്ടറിയും. അത് കൊണ്ട് നീ അറിയുക! നിന്നെ ബാധിച്ചതെന്തോ അതൊരിക്കലും നിന്നില്‍ നിന്ന് ഒഴിഞ്ഞു പോകുമായിരുന്നില്ല. നിന്നില്‍ നിന്നും ഒഴിഞ്ഞു പോയതെന്തോ അത് നിന്നെ ബാധിക്കുമായിരുന്നില്ല, അറിയുക, ക്ഷമയോെടാപ്പമാണ് ആശ്വാസം. പ്രയാസത്തോെടാപ്പമാണ് എളുപ്പമുള്ളത്.”

എത്ര ലളിതമാണ് ഈ നബിവചനം! എന്നാല്‍ ഈടുറ്റതാണ് അതിന്റെ ആശയം. ഈ വചങ്ങള്‍ നന്നായി മനസ്സിലാക്കുന്ന കുട്ടികള്‍ അവര്‍ക്ക് മുമ്പില്‍ വരുന്ന തടസ്സങ്ങള്‍ നീക്കി ജീവിത യാത്ര സുഖകരമാക്കാന്‍ പരിശ്രമിക്കുക സ്വാഭാവികമാണ്. അല്ലാഹുവിനെ കുറിച്ചുള്ള ശുഭ പ്രതീക്ഷയും രക്ഷാബോധവും അവരെ മുന്നോട്ടു നയിക്കുകയും ധാര്‍മികതയില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും ചയ്യും. ഇത് അല്ലാഹുവിന്റെ വാഗ്ദത്തമാണ്; മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും. അല്ലാഹു പറയുന്നു: ”അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്” (65:23).

ഈ ആദര്‍ം ഊട്ടപ്പെട്ടവരായിരുന്നു ഉത്തമ നൂറ്റാണ്ടിലെ മുസ്‌ലിംകള്‍. തദടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നു. ഒരിക്കല്‍ അബ്ദുല്ലാഹിബിനു ഉമര്‍(റ) ഒരു യാത്രയിലായിരിക്കെ ആടുകളെ മേയ്ക്കുന്ന ഒരു കുട്ടിയുടെ അടുത്തെത്തി. അന്നേരം അവനോട് (അവനെ പരീക്ഷിക്കാനായി) ചോദിച്ചു: ‘കുട്ടീ, ഇതില്‍ നിന്ന് ഒരാടിനെ എനിക്ക് വില്‍ക്കുമോ?’ കുട്ടി പറഞ്ഞു: ‘ഇത് എന്റെതല്ല.’ അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ഇതില്‍ ഒന്നിനെ ചെന്നായ പിടിച്ചെന്ന് യജമാനനോട് പറഞ്ഞാല്‍ പോരേ?’ അപ്പോള്‍ കുട്ടി തിരിച്ചു ചോദിച്ചു: ‘അപ്പോള്‍ അല്ലാഹു എവിടെ?’ (അവന്‍ കാണില്ലേ?). 

മറ്റൊരിക്കല്‍  ഉമര്‍(റ) ഖലീഫയായിരിക്കെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടെ നടന്നു പോയി. ഖലീഫ ഉമറിനെ കണ്ട കുട്ടികള്‍ ഓടിയകന്നു; ഒരു കൗമാരക്കാരനായ കുട്ടി ഒഴികെ. അത് കണ്ട് അത്ഭുതം തോന്നിയ ഉമര്‍(റ) ആ കുട്ടിയോട് മറ്റു കുട്ടികളെ പോലെ ഓടാതിരുന്നതിന്റെ കാരണം ചോദിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്ന് ഓടിയകലാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല. താങ്കള്‍ക്ക് വഴിമാറിത്തരാന്‍ മാത്രം താങ്കളെ ഞാന്‍ (അന്യായമായി) ഭയപ്പെടുന്നുമില്ല.’ (ഈ കൗമാരക്കാരന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആയിരുന്നു).

ഹൃദയത്തിനകത്ത് അല്ലാഹുവിനോടുള്ള സ്‌നേഹവും ഭയവും സ്ഥിരപ്രതിഷ്ഠ നേടുകയും ഞാന്‍ ലോകരക്ഷിതാവിന്റെ അടിമയാണെന്നും അവലംബിക്കാന്‍ അവനെക്കാള്‍ ശക്തിയും അര്‍ഹതയും മറ്റാരാര്‍ക്കുമിെല്ലന്നും അവന്റെ നിരീക്ഷണത്തില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ ഇവിടെ ഇടങ്ങളില്ലെന്നും ബോധ്യപ്പെട്ട് വളരുന്നുവരുന്ന കുട്ടികളുടെ യുവത്വവും വാര്‍ധക്യവും സുരക്ഷിതവും നിര്‍ഭയവുമായിരിക്കും. 

നാല്: പ്രവാചകനോടും അനുചരന്മാരോടും മനസ്സില്‍ സ്‌നേഹം നട്ടു വളര്‍ത്തുക.

മുകളില്‍ നാം പ്രതിപാദിച്ച വിശാസ വളര്‍ച്ചയുടെ ചുവട് വെപ്പുകളിലൂടെ ഇസ്‌ലാമിലെ സാക്ഷ്യ വചനത്തിന്റെ പ്രഥമ പാതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഈ ചുവട് വെപ്പിലൂടെ സാക്ഷ്യ വചനത്തിന്റെ മറുപാതി മനസ്സിലും ജീവിതത്തിലും സ്ഥായീഭാവം കൈവരിക്കുന്നു. ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെ’ന്നുമുള്ള സാക്ഷ്യവചന വേരുറക്കാന്‍ കേവല ദൈവബോധം മാത്രം മതിയാവില്ല. നമുക്കറിയാം, മനുഷ്യമനസ്സ് പൊതുവായും കുട്ടികളുടെ മനസ്സ് പ്രത്യേകിച്ചും തന്റെ ചുറ്റുപാടില്‍ ഒരു ശക്തനായ വ്യക്തിത്വത്തോടു സാമ്യപ്പെടാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നതാണ്. 

മുഹമ്മദ് നബി(സ്വ) പൂര്‍ണത കൈവരിച്ച വ്യക്തിത്വമാണ്. വിശ്വാസ ദാര്‍ഢ്യത്തിലും സ്വഭാവഗുണങ്ങളിലും കര്‍മങ്ങളിലുമെല്ലാം അനുപമമായ മാതൃകാവ്യക്തിത്ത്വമാണ് അദ്ദേഹത്തിന്റെത്. ആ പ്രവാചക വ്യക്തിത്വത്തെ മനസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും പ്രതിഷ്ഠിക്കാനും ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നു. അതിനായി പ്രവാചകനെയും അനുചരന്മാരെയും കുട്ടികള്‍ക്കു ചെറുപ്പം മുതലേ പരിചയപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേവല പരിചയപ്പെടുത്തലല്ല, അനുകരിക്കാന്‍ താല്‍പര്യപ്പെടുംവിധംഇഷ്ടപ്പെടുത്തുകയാണ് വേണ്ടത്. അതാണ് പാരന്റിങ്.

ഏത് കുട്ടിയുടെയും മനസ്സില്‍ അവന്/അവള്‍ക്ക് വലിയതായി തോന്നുന്ന പല ‘ക്യാറക്റ്ററു’കളുമുണ്ട്.  അവരുടെ ‘ചുറ്റുപാട്’ അവര്‍ക്ക് അവതരിപ്പിച്ച് നല്‍കുകയും അവയില്‍ കണ്ണും കാതും ഏറ്റവും കൂടുതല്‍ പരിചയപ്പെടുകയും ചെയ്യുന്നതില്‍ നിന്ന് അവര്‍ അത് കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവയോട് അവര്‍ക്ക് ആദരവും അനുകരണ ഭ്രമവും ഉണ്ടാവുക സ്വാഭാവികമാണ്. ഇവിടെ രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ടത്, പ്രവാചകനെയും സ്വഹാബി വര്യന്മാരെയും അവര്‍ക്ക് ഇഷ്ടപ്പെട്ടതാക്കി മാറ്റുന്ന രൂപത്തിലുള്ള ചുവടുവെപ്പുകള്‍ നടത്തുക എന്നതാണ്. അവര്‍ ഇഷ്ടപ്പെടുന്ന ‘വ്യക്തിത്വങ്ങള്‍’ ആരോ അവരുടെ വിശ്വാസവും ജീവിത ശീലങ്ങളും മൂല്യങ്ങളും അവര്‍ക്ക് സ്വീകാര്യവും ഇഷ്ടവുമായി മാറുന്നു. തല്‍സ്ഥാനത്ത് പ്രവാചകനും സ്വഹാബികളുമാണെങ്കില്‍, അവരുടെ വിശ്വാസവും മൂല്യങ്ങളും കുട്ടികള്‍ക്ക് ആകര്‍ഷണീയമാവുകയും യാഥാര്‍ഥ്യബോധത്തോടെ അത് സ്വീകരിക്കുകയും ചെയ്യും. സത്യവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്ന് അവര്‍ ആര്‍ജിച്ച വിജയങ്ങളും അവര്‍ നേരിട്ട പ്രയാസങ്ങളും കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന ശൈലിയില്‍ ലഭ്യമാക്കുന്നതിലൂടെ തത്തുല്യമായ ജീവത ാനുഭവങ്ങളെ അവര്‍ അതിനോട് ചേര്‍ത്ത് വായിക്കാന്‍ ശ്രമിക്കുന്നു. അത് വിശ്വാസപരമായി അവരുടെ മനസ്സിലും കര്‍മപരമായി അവരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടാക്കുന്നു.

ഇതിന്റെ മറ്റൊരു അര്‍ഥം, നമ്മുടെ മക്കളുടെ വിശ്വാസവും സംസ്‌കാരവും വളരുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണമെങ്കില്‍, പ്രവാചകനെക്കാളും സ്വഹാബികളെക്കാളും അനുകരിക്കപ്പെടേണ്ട മാതൃകകളായി മറ്റാരും അവരുടെ മനസ്സില്‍ പതിയാന്‍ ഇടവരുത്തരുതെന്നു കൂടിയാണ്. അഥവാ നന്മയുടെ ‘ലഭ്യത’യോടപ്പം പൊള്ളയായതിന്റെ ‘പ്രതിരോധം’ കൂടിയാണ് ഇസ്‌ലാമിക് പാരന്റിങ്. 

മാനവികത, കാരുണ്യം, ത്യാഗം, കുട്ടികളോടും വൃദ്ധരോടുമുള്ള സ്‌നേഹം, മാതൃവാത്സല്യം, രോഗികളോടും മറ്റ് അവശ വിഭാഗങ്ങളോടുമുള്ള അനുകമ്പ തുടങ്ങിയവയുടെ പുറംതൊലികളില്‍ പൊതിഞ്ഞു കുഞ്ഞുമനസ്സുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന പല വാര്‍പ്പ് മാതൃകകളും വിശ്വാസതലത്തിലോ നിത്യജീവിത ശൈലികളിലോ ഒരിക്കലും മാതൃകയാവണമെന്നില്ല. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ആളുകളുടെ പേരെഴുതാന്‍ കുട്ടികളോട് പറഞ്ഞു നോക്കൂ. ഒരു പക്ഷേ, അവരെഴുതുന്ന ആദ്യത്തെ അഞ്ചു പേരുകളിളൊന്നും ഉത്തമ മാതൃക ഉണ്ടെന്ന് അല്ലാഹു പറഞ്ഞ പ്രവാചകനോ സച്ചരിതരായ അനുചരരോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇവിടെയാണ് ഇസ്‌ലാമിക പേരന്റിംഗിലൂടെയുള്ള ചില ‘മനപ്പൂര്‍വ’ ഇടപെടലുകള്‍ വിശ്വാസികളായ രക്ഷിതാക്കളില്‍ നിന്നും  അധ്യാപകരില്‍ നിന്നും ഇസ്‌ലാം  ആവിശ്യപ്പെടുന്നത്.  അല്ലാഹുവിന്റെ തിരുദൂതനും അദ്ദേഹത്തെ പിന്‍പറ്റി ജീവിച്ച സച്ചരിതരായ വിശ്വാസി കളും തന്നെയാണ് മുതിര്‍ന്നവരില്‍ എന്ന പോലെ ഇളംതലമുറയുടെ മനസ്സിലും എക്കാലത്തെയും ഏറ്റവും വലിയ അത്ഭുത വ്യക്തിത്വങ്ങളായി (മാല്വശിഴ രവമൃമരലേൃ)െ നിലനില്‍ക്കേണ്ടത്. അതാണ് അല്ലാഹുവും റസൂലും നമ്മോട് ആവശ്യപ്പെടുന്നത്.

അനസ്(റ) പറയുകയാണ്: ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തു വന്ന് ഒരാള്‍ ചോദിച്ചു: ‘എപ്പോഴാണ് അന്ത്യസമയം സംഭവിക്കുക?’ അപ്പോള്‍ നബി(സ്വ) തിരിച്ച് ചോദിച്ചു: ‘താങ്കള്‍ എന്താണ് മുന്നൊരുക്കം നടത്തിയത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവും റസൂലുമാണ് എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടവര്‍ എന്നതൊഴിച്ചാല്‍ മറ്റൊന്നും കാര്യമായി ഇല്ല.’ നബി(സ്വ) പറഞ്ഞു: ‘അപ്പോള്‍ താങ്കള്‍, താങ്കള്‍ ഇഷ്ടപ്പെട്ടവരോടൊപ്പമാണ്.’ അനസ്(റ) പറയുകയാണ്: ‘നബിയുടെ ഈ (അപ്പോള്‍ താങ്കള്‍, താങ്കള്‍ ഇഷ്ടപ്പെട്ടവരോടൊപ്പമാണ്) വചനം ഞങ്ങളെ സന്തോഷിപ്പിച്ചത്ര ഇസ്‌ലാം സ്വീകരണമല്ലാതെ ഞങ്ങളെ സന്തോഷിപ്പിച്ചിട്ടില്ല.’ എന്നിട്ടദ്ദേഹം തുടര്‍ന്നു പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിന്റെ ദൂതരെയും അബൂബക്കറിനെയും ഉമറിനെയും ഏറ്റവും ഇഷ്ടപ്പെടുന്നു. അവരോടപ്പമാവാന്‍ ഞാന്‍ കൊതിക്കുകയും ചെയ്യുന്നു. അവരെ പോലെ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലങ്കിലും’ (മുസ്‌ലിം, അഹ്മദ്).

നമ്മുടെ മക്കളുടെയും സ്വപ്‌നവും ചിന്തയും ഈ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിലാണ് ഇസ്‌ലാമിക പാരന്റിംഗിന്റെ വിജയം. കാരണം അവരത്രെ ഏറ്റവും നല്ല കൂട്ടുകാര്‍. അല്ലാഹു പറഞ്ഞ പോലെ; ‘ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (4:69).

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

15: വിശ്വാസ വളര്‍ച്ചയുടെ ലളിത മാര്‍ഗങ്ങള്‍

15: വിശ്വാസ വളര്‍ച്ചയുടെ ലളിത മാര്‍ഗങ്ങള്‍

കുട്ടികള്‍ അല്ലാഹുവിലുള്ള വിശ്വാസത്തിലും അവന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള അവബോധത്തിലും വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയാണ് കഴിഞ്ഞ ലക്കത്തില്‍ നാംസ്സിലാക്കിയത്. പ്രസ്തുത വളര്‍ച്ച സാധ്യമാക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ചില ലളിത മാര്‍ഗങ്ങളാണ് ഇനി പറയുന്നത്. 

1. ചുറ്റുപാടുകളെ ചൂണ്ടി ദൈവാസ്തിത്വത്തെ ബോധ്യപ്പെടുത്തുക.

കുഞ്ഞുങ്ങളുടെ കാഴ്ചകള്‍ വളരുകയും ചുറ്റുപാടുകളെ തിരിച്ചറിയുകയും ചെയ്തു തുടങ്ങുന്നത് മുതല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ നമ്മുടെ ഇടപെടലുകളിലും സംസാരങ്ങളിലും ഉള്‍പെടുത്തുക. കണ്ടിട്ടില്ലാത്തതും എന്നാല്‍ ഒരിക്കലും തന്നെ വിട്ട് പിരിയാത്തതുമായ ഒരു ശക്തിയുടെ സാന്നിധ്യം, മാതാപിതാക്കളുടെയും അധ്യാപകരുടെയും നിത്യ പ്രതിപാദനങ്ങളില്‍ നിന്ന് കുട്ടിയുടെ മനസ്സില്‍ ഇടം പിടിക്കുകയും പതിയെ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യണം. 

മുന്നില്‍ കാണുന്നവരെ തിരിച്ചറിഞ്ഞു തുടങ്ങുന്ന കുഞ്ഞുങ്ങളില്‍, കാണാത്തതും എന്നാല്‍ എന്നും സംസാരങ്ങളില്‍ കടന്ന് വരുന്ന അല്ലാഹുവിനെക്കുറിച്ച്  ‘ആരാണ് അവന്‍?’ എന്ന ചിന്ത ഉടലെടുക്കുക സ്വാഭാവികം മാത്രമാണ്. ചിലപ്പോള്‍ അത് ചോദ്യങ്ങളായി പുറത്തുവന്നെന്നും വരാം. ഇവിടെ നാം ചെയ്യേണ്ടത്, അവന്റെ അപാരവും അത്ഭുതവുമാര്‍ന്ന സൃഷ്ടികളെ  ചൂണ്ടിക്കാട്ടി  അവരുടെ മനസ്സിനെ അല്ലാഹുവിന്റെ അസ്തിത്വം യാഥാര്‍ഥ്യമായി ഉള്‍ക്കൊള്ളുന്നതിലേക്ക് നാം പാകപ്പെടുത്തി കൊണ്ടുവരികയെന്നതാണ്. ചുറ്റുപാടുകളില്‍ ഉള്ളതും കണ്ണുകള്‍ക്ക് ദൃശ്യമായതുമായ പ്രതിഭാസങ്ങളെ അവര്‍ക്ക് മുമ്പില്‍ എടുത്ത് കാണിക്കുക. അവയുടെ ഉടമയും നാഥനുമാണ് സ്രഷ്ടാവായ അല്ലാഹുവെന്ന് പരിചയപ്പെടുത്തുക. ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തി പറയുകയും സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവത്തിന്റെ മഹാത്മ്യം ബോധ്യപ്പെടുത്തുന്ന രൂപത്തിലുള്ള സംസാരങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയും ചെയ്യുക. ഇങ്ങനെ സ്വന്തം ജീവിതപരിസരത്ത് നിന്ന് അല്ലാഹുവിന്റെ ഔന്നത്യം ബോധ്യപ്പെടുന്ന കുട്ടി സമാന സാഹചര്യങ്ങളില്‍ ഇക്കാര്യങ്ങളെ ആവര്‍ത്തിക്കാനും അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും പ്രചോദിതനായിത്തീരും.

ഉദാഹരണമായി മഴ പെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, മിന്നലുണ്ടാകുമ്പോള്‍, ആകാശത്ത് ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണിച്ചു കൊടുക്കുമ്പോള്‍, കടലും തിരമാലകളും കാണിക്കുമ്പോള്‍ അതിന്റെ ഉടമയായ അല്ലാഹുവിനെക്കുറിച്ചും അവന്റെ സൃഷ്ടി വൈഭവത്തെയും നിയന്ത്രണാധികാരത്തെയും കുറിച്ച അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തി വിശദീകരിച്ചു കൊടുക്കുന്നത് വിശ്വാസം വളര്‍ത്താനും ഉറപ്പിക്കാനും സഹായകമാകും. ചെറുതിലൂടെ വലുതിലേക്കും അടുത്തുള്ളവയില്‍ നിന്ന് അകലങ്ങളിലുള്ളതിലേക്കും ദൃശ്യമായവയില്‍ നിന്ന് തുടങ്ങി അനുഭവാത്മകതയിലേക്കും സ്പര്‍ശ്യമായതില്‍ നിന്ന് ആരംഭിച്ച് ചിന്തയില്‍ തെളിയുന്നതിലേക്കും നാം അവരുടെ കണ്ണിനെയും മനസ്സിനെയും കൈ പിടിച്ച് കൊണ്ടുപോകണം. ശാസ്ത്രീയവും പ്രായോഗികവുമായ ഈ രീതി തന്നെയാണ് മനുഷ്യമനസ്സുകളില്‍ ദൈവവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ക്വുര്‍ആന്‍ അവലംബിച്ചതും. ഈ വിഷയത്തില്‍ വന്ന ചില ക്വുര്‍ആന്‍ ചില സൂക്തങ്ങള്‍ പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. 

അല്ലാഹു പറയുന്നു: ”അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ക്ക് (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്. അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിത്തന്നിട്ടുള്ളവയും (അവന്റെ കല്‍പനയ്ക്ക് വിധേയം തന്നെ). ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ് (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്). ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും (അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു). (പുറമെ) പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു. അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്?”(16:10-17).

”നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (35:27,28).

”അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല. ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി” (50:68).

”എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്” (80:24-32).

2. ദൈവിക നിരീക്ഷണത്തെ ബോധ്യപ്പെടുത്തി ഭക്തിയും സമര്‍പ്പണ ബോധവും വളര്‍ത്തുക.

 തുറന്നുവെച്ച കണ്ണിലൂടെ ദൃശ്യമായ ഈ പ്രപഞ്ചവും അതിലെ അതുല്യവും അനന്തവുമായ പ്രതിഭാസങ്ങള്‍ക്ക് പിന്നിലെ അപാര ശക്തിയും നിയന്ത്രകനുമായ അല്ലാഹുവിനെക്കുറിച്ചുള്ള അറിവും ബോധവും ഉറച്ചു വരുന്ന ഹൃദയത്തില്‍ തല്‍ഫലമായി ഉണ്ടാവേണ്ടത് ഭക്തിയും സമര്‍പ്പണ ബോധവുമാണ്. നാം കാണുന്നതും കാണാത്തതുമായ എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്‍ നമ്മെയും നമ്മുടെ പ്രവര്‍ത്തനങ്ങളെയും സദാ കണ്ടുകൊണ്ടിരിക്കുകയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന സത്യത്തിലേക്കാണ് പിന്നീട് നമ്മുടെ കുട്ടികളെ സാന്ദര്‍ഭികമായി ഓര്‍മപെടുത്തുകയും കൊണ്ടുവരികയും ചെയ്യേണ്ടത്. ‘അല്ലാഹു കാണുന്നു,’ ‘അല്ലാഹു അറിയുന്നു,’ ‘അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്നു,’ ‘അത് അല്ലാഹുവിന്ന് ഇഷ്ടമാണ്,’  ‘ഇത് അല്ലാഹുവിന്ന് വെറുപ്പാണ്…’ തുടങ്ങിയ വാക്കുകള്‍ നിത്യജീവിതത്തില്‍ സമയവും സന്ദര്‍ഭവും നോക്കി പ്രയോഗിക്കണം. ഈ ബോധം ശക്തിപ്പെടുത്താനുള്ള പ്രായോഗിക മേഖലയാണ് നാം നമസ്‌കാരത്തിലെ സൂക്ഷ്മത. ക്വുര്‍ആന്‍ ഓതുമ്പോഴും കേള്‍ക്കുമ്പോഴും കരയുന്നത് കാണല്‍, പ്രയാസവേളകളില്‍ അല്ലാഹുവിനെ ഓര്‍മിക്കലും അവനിലേക്ക് അഭയം തേടലും, സന്തോഷഘട്ടത്തില്‍ അല്ലാഹുവിന്നു സ്തുതി കീര്‍ത്തനം പറയല്‍… ഇതെല്ലാം കാണുകയും കേള്‍ക്കുകയും ശീലിക്കുകയും ചെയ്തുവരുന്ന കുട്ടികളില്‍ സ്വാഭാവികമായും മാറ്റമുണ്ടാകും.  രക്ഷിതാക്കളുടെ അസാന്നിധ്യത്തിലും സാന്നിധ്യത്തിലും നമസ്‌കാരം അടക്കമുള്ള ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനും കളവ്, വഞ്ചന പോലുള്ള തെറ്റുകള്‍ ചെയ്യാതിരിക്കാനും അവര്‍ക്ക് സാധിക്കും.

ഇതെല്ലാം രക്ഷിതാക്കളുടെ ജീവിതത്തിലെ ശീലങ്ങളാകുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് കണ്ടും കേട്ടും പകര്‍ത്തുവാന്‍ കഴിയുക. കയ്യിലില്ലാത്തത് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയാത്തതു പോലെ, ജീവിതത്തിലില്ലാത്തതു മക്കളില്‍ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. ഭക്തി പൂര്‍ണമായ നമസ്‌കാരം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണല്ലോ. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരാണ് അവര്‍” (മുഅമിനൂന്‍: 1,2). 

വിശുദ്ധ ക്വുര്‍ആനിനെ ആദരിക്കുകയും അത് പാരായണം ചെയ്യുകയും അതിന്റെ  സ്വാധീനത്തില്‍ കണ്ണീര്‍ പൊഴിക്കുകയുമൊക്കെ ചെയ്യുന്ന രക്ഷിതാക്കളെ കാണാനുള്ള അവസരങ്ങള്‍ മക്കള്‍ക്കുണ്ടാവണം. ആ കാഴ്ചകളൊക്കെയാണ് അവരുടെ മനസ്സില്‍ മുളച്ചു വരുന്ന വിശ്വാസത്തെ വളര്‍ത്തുന്നതും പടര്‍ത്തുന്നതും. ക്വുര്‍ആനുമായി ഇടപെടുന്ന വിശ്വാസികളില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

”പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്” (19:58).

”അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം” (39:23).

ഇത്തരം സ്വാധീനങ്ങളുടെ പ്രകടമായ ചിത്രങ്ങള്‍ നബി ജീവിതത്തിലും സ്വഹാബികളുടെ ജീവിതത്തിലും നമുക്ക് ധാരാളം കാണാന്‍ കഴിയും. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം. ‘അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുകയാണ്: ”ഒരിക്കല്‍ അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ‘എനിക്ക് നീ ക്വുര്‍ആന്‍ പാരായണം ചെയ്ത് തരിക.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ക്വുര്‍ആന്‍  താങ്കള്‍ക്കാണല്ലോ അവതരിച്ചത്. എന്നിരിക്കെ ഞാന്‍ താങ്കള്‍ക്ക് ഓതിത്തരികയോ?’ നബി(സ്വ) പറഞ്ഞു: ‘ഞാനല്ലാത്ത മറ്റൊരാളില്‍ നിന്ന് അത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നു.’ അങ്ങനെ ഞാന്‍ സൂറഃ അന്നിസാഅ് ഓതിക്കേള്‍പിച്ചു. 41-ാം വചനമായ (എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ) എന്ന സൂക്തമെത്തിയപ്പോള്‍ നബി(സ്വ) എന്നോട് പറഞ്ഞു: ‘ഇപ്പോള്‍ ഇത് മതി.’ അങ്ങനെ ഞാന്‍ നബിയുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവിടുത്തെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു.” (അവസാനിച്ചില്ല)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

14: വിശ്വാസ വളര്‍ച്ച കുട്ടികളില്‍

14: വിശ്വാസ വളര്‍ച്ച കുട്ടികളില്‍

കുട്ടികളില്‍ വിശ്വാസപരമായ വളര്‍ച്ച ഉണ്ടാക്കിയെടുക്കേണ്ട രീതിശാസ്ത്രം മാതാപിതാക്കള്‍ ആര്‍ജിക്കേണ്ടതുണ്ട്. ഹൃദയത്തില്‍ ദൈവവിശ്വാസത്തിന്റെ ലക്ഷണമൊത്ത വിത്തുമായാണ് ഓരോ കുഞ്ഞുംഈ ഭൂമിയില്‍ ജനിച്ച് വീഴുന്നത്. അത് നനച്ചുവളര്‍ത്തുകയാണ് നമുക്ക് ചെയ്യാനുള്ളത്. അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്)” (7:172).

അല്ലാഹുവിന്റെ രക്ഷാധികാരം അംഗീകരിച്ച ഹൃദയവുമായി വന്ന ആദം സന്തതിയാണ് നമ്മുടെ കയ്യിലുള്ള കുഞ്ഞും. അതിനാല്‍ വിശ്വാസപരമായ അടിത്തറകളിലൂടെ വേണം അവനെ വളര്‍ത്തുന്നത്. എങ്കിലേ അവന്‍ ആദര്‍ശമുറച്ച മനുഷ്യനായി മാറുകയുള്ളൂ. 

മതം പഠിപ്പിക്കുന്ന മുഴുവന്‍ വിശ്വാസകാര്യങ്ങളും സന്ദേഹരഹിതമായി അവന്‍ അംഗീകരിക്കണം. അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, മരണാന്തര ജീവിതം, സ്വര്‍ഗം, നരകം, വിധി… ഇതുപോലുള്ള എല്ലാ വിശ്വാസ കാര്യങ്ങളും യാഥാര്‍ഥ്യമാണെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരിയകയാണ് വിശ്വാസപരമായ വളര്‍ച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ രക്ഷിതാക്കള്‍ ആശങ്കപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇതെല്ലാം അദൃശ്യ കാര്യങ്ങളാണ്, ഇതെങ്ങനെ കുട്ടികളെ ബോധിപ്പിക്കും? ഈ വിഷയങ്ങളോട് കുട്ടികളെങ്ങനെ പ്രതികരിക്കും? ഉയര്‍ന്ന ചിന്തയും ബുദ്ധിയും ആവശ്യമുള്ള ഈ വക കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ? ഇതെല്ലാം അവര്‍ ബുദ്ധി വളരുമ്പോള്‍ പഠിച്ചുകൊള്ളും എന്ന നിലക്ക് വിട്ടേക്കുന്നതല്ലേ നല്ലത്? 

ഇത്തരം ഒരുകൂട്ടം ചോദ്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തിയേക്കാം. എന്നാല്‍ കുട്ടികളെ സമൂഹത്തിന്റെയും മതത്തിന്റെയും വേര്‍പെടുത്താന്‍ പറ്റാത്ത ഒരു ഭാഗമായി കണ്ടുകൊണ്ടുള്ള  ഇസ്‌ലാമിക അധ്യാപനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഇതിന്റെ ലളിത മാര്‍ഗങ്ങളും മാതൃകകളും നമുക്ക് കാണാന്‍ കഴിയും.

കുട്ടികളുടെ വിശ്വാസ വളര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഇമാം ഗസ്സാലി പറയുന്നത് കാണുക: ”കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ വിശ്വാസ കാര്യങ്ങള്‍ സമര്‍പ്പിച്ച് തുടങ്ങണം. തുടക്കത്തില്‍ (വിശ്വാസ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍) മനഃപാഠമാക്കുന്ന രീതി സ്വീകരിക്കുക. അവരുടെ ബോധമണ്ഡലവും ബുദ്ധിയും വളരുന്നതിനനുസരിച്ച് ആശയങ്ങള്‍ അവരുടെ മുമ്പില്‍ അല്‍പാല്‍പമായി തെളിഞ്ഞു വന്നുകൊണ്ടിരിക്കും. അതിനാല്‍ മനഃപാഠത്തില്‍ നിന്ന് തുടങ്ങുക. തുടര്‍ന്ന്  മനസ്സിലാക്കലും വിശാസവും ഉറപ്പും സത്യപ്പെടുത്തലും അതിന്റെ തുടര്‍ച്ചയായി സംഭവിച്ചു കൊള്ളും. കുഞ്ഞുങ്ങളുടെ ശുദ്ധ പ്രകൃതി തെളിവുകളെ തേടാതെ സ്വീകരിക്കുന്നതാകയാല്‍ അത് എളുപ്പവുമാണ്. കുട്ടികള്‍ക്ക് വിശ്വാസം ഉള്‍ക്കൊള്ളാനും അവ സ്വീകരിക്കാനും തര്‍ക്കങ്ങളും വാചകക്കസര്‍ത്തുകളും ആവശ്യമില്ല. മറിച്ച് ക്വുര്‍ആന്‍ സൂക്തങ്ങളുടെ നിരന്തര പാരായണവും മനനവും നബി വചനങ്ങളുടെ വായനയും അവരിലുണ്ടായിക്കൊണ്ടിരിക്കുകയും ആവര്‍ത്തിതമായി വരുന്ന ആരാധനകള്‍ ആ ചൈതന്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യും”(ഇഹ്‌യാ ഉലൂമുദ്ദീന്‍).

വിശുദ്ധ ക്വുര്‍ആനിന്റെ അധ്യായങ്ങളില്‍ നിന്ന് ഏറ്റവും എളുപ്പം മനഃപാഠമാക്കാവുന്നതും ശൈശവം മുതല്‍ എല്ലാവരും മനഃപാഠമാക്കാന്‍ ശ്രദ്ധിക്കുന്നതുമായ അവസാന ഭാഗത്തുള്ള അധ്യായങ്ങളും സൂക്തങ്ങളും ഈ വസ്തുത അടയാളപ്പെടുത്തുന്നുണ്ട്. അവ അധികവും, അല്ല ഒരു പരിധി വരെ മുഴുവനായും അല്ലാഹുവിന്റെ അസ്തിത്വത്തെ ബോധ്യപ്പെടുത്തുന്നതും അരക്കിട്ടുറപ്പിക്കുന്നതുമാണ്. സൂറഃ അല്‍ ഇഖ്‌ലാസും കാഫിറൂനും ഏറ്റവും നല്ല രണ്ടു ഉദാഹരങ്ങളാണ്. ഒന്ന് ഏക ദൈവത്തിന്റെ കൃത്യത ബൗദ്ധികമായി ഉറപ്പിക്കുമ്പോള്‍ മറ്റേത് അതിന്റെ പ്രായോഗിക തലത്തെ ആരാധന ശീലത്തിലൂടെ പ്രഖ്യാപിക്കുന്നതും പ്രയോഗിക്കുന്നതുമാണ്. ഇവ രണ്ടും, മനനവും പാരായണവുമായി കുട്ടികളുടെ ജീവിതവുമായി ഇണചേര്‍ന്ന് നില്‍ക്കുന്നു. ഇത് പതിയെ പതിയെ അവരുടെ ഹൃദയങ്ങള്‍ക്ക് ബഹുദൈവത്വത്തിന്റെ മാലിന്യങ്ങള്‍ക്ക് പ്രവേശനം അസാധ്യമാകും വിധം ഏകദൈവ വിശ്വാസത്തിന്റെ ശക്തമായ ഭിത്തികള്‍ പണിയുന്നുവന്നു കാണാം.

വിശുദ്ധ ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ചരിത്രങ്ങളില്‍ നാം കാണുന്നത് അവര്‍ കുട്ടികളുടെ  മതവിഷയത്തിലും വിശ്വാസ മേഖലയിലും  പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നാണ്. അല്ലാഹു പറയുന്നു: ”ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി (മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)” (1:132).

രക്ഷിതാക്കള്‍ മക്കളില്‍ അല്ലാഹുവിനെ കുറിച്ചുള്ള ബോധം അങ്കുരിപ്പിക്കുന്ന തരത്തില്‍ അവരെ ഉപദേശിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ലുക്വ്മാന്‍ തന്റെ കുഞ്ഞു മകന് നല്‍കുന്ന ഉപദേശങ്ങള്‍. ലുക്മാന്‍ എന്ന അധ്യാത്തിലൂടെ അത് അല്ലാഹു നമ്മെ പഠിപ്പിക്കുന്നുണ്ട്: ”ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു” (31:13).

‘എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു”(31:16).

മുഹമ്മദ് നബി(സ്വ) കുട്ടികളുടെ മതവിശ്വാസത്തിന്റെ കാര്യത്തില്‍ പ്രത്യേകം പരിഗണന നല്‍കിയതായും അവരെ പ്രോത്സാഹിപ്പിച്ചതായും കാണാവുന്നതാണ്. അതിന്റെ ഒരു തെളിവാണ് കേവലം പത്തു വയസ്സുള്ള അലി എന്ന ‘കുട്ടി’ ഇസ്‌ലാം സ്വീകരിച്ച ആദ്യ നാലുപേരുടെ ലിസ്റ്റില്‍  ഒരാളായി ഇടം പിടിച്ചത്. ‘കുട്ടിയല്ലേ’ എന്ന ലളിത നയം ഇവിടെ അപ്രസക്തമാണെന്നര്‍ഥം. ജൂതനും തന്റെ പരിചാരകനുമായ കുട്ടിക്ക് അസുഖമായ സമയത്ത് അവനെ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയും അവന്റെ രക്ഷിതാക്കളുടെ സാനിധ്യത്തില്‍ വെച്ച് അവനെ ഏക ദൈവാരാധനയിലേക്കു ക്ഷണിക്കുകയും ചെയ്തത് സ്മരണീയമാണ്. വിശ്വാസത്തിലും (ഈമാന്‍) സമര്‍പ്പണത്തിലും (ഇസ്‌ലാം) മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല കുട്ടികള്‍ എന്നര്‍ഥം. വിശാസത്തില്‍ നിന്ന് പോഷണം നല്‍കപ്പെടേണ്ടവര്‍ തന്നെയാണവര്‍. അവരാണ് ഈ സമുദായത്തിന്റെ ഭാവി നായകരും പണ്ഡിതരുമാകേണ്ടവര്‍. അതിനാല്‍ ചുറ്റുപാടുകളില്‍ നിന്നുള്ള ബഹുദൈവ വിശ്വാസത്തിന്റെയും ദൈവനിരാസത്തിന്റെയും മറ്റു അനിസ്‌ലാമിക സംകാരത്തിന്റെയും പൊടിക്കാറ്റുകള്‍ അവരുടെ ഹൃദയങ്ങളെ മലിനമാക്കും മുമ്പ് അതിനെ സത്യവിശ്വാസത്തിന്റെ ആവരണമണിയിക്കാന്‍ രക്ഷിതാക്കള്‍ അലസത കാണിക്കരുത്.

മക്കളില്‍ വിശ്വാസ വളര്‍ച്ച ഉണ്ടാക്കിയെടുക്കുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക ദൃഷ്ട്യാ എത്ര വലുതാണെന്ന് നാം മനസ്സിലാക്കി. ഈ മേഖലയില്‍ അനുകൂലമല്ലാത്തതെന്നു നമുക്കു തോന്നുന്ന ആധുനിക പരിസരത്തു നിന്നുകൊണ്ട് തന്നെ, ഇത് സാധ്യമാക്കാനുള്ള ലളിതവും പ്രായോഗികവുമായ ഇസ്‌ലാമിക മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

13: വൈവിധ്യം: വളര്‍ച്ചയിലും പങ്കാളിത്തത്തിലും

13: വൈവിധ്യം: വളര്‍ച്ചയിലും പങ്കാളിത്തത്തിലും

നല്ല വ്യക്തിയില്‍ നിന്നാണ് ഭദ്രമായ കുടുംബവും സുരക്ഷിതസമൂഹവും നിര്‍മിക്കപ്പെടുന്നത്. കുഞ്ഞിന്റെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകളെ തിരിച്ചറിയുകയും അവയിലോരോന്നിനെയും പോഷിപ്പിക്കുന്ന അനിവാര്യമായ വിഭവങ്ങളെ ആവശ്യമായ അളവുകളില്‍ സമയനിര്‍ണിതമായി ലഭ്യമാക്കുകയാണ് നല്ല വ്യക്തിയുടെ വളര്‍ച്ചക്ക് പ്രധാനമായും രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഇവിടെ നമുക്ക് ചോദിക്കാവുന്ന മൂന്നു ചോദ്യങ്ങളുണ്ട്. ഒന്ന്: എന്താണ് വളര്‍ച്ച? രണ്ട്: എന്തിനെയാണ്/എന്തൊക്കെയാണ് നാം വളര്‍ത്തേണ്ടത്? മൂന്ന്: ആരൊക്കെയാണ് ഈ ദൗത്യത്തില്‍ പങ്കാളികളാേവണ്ടത്? പ്രമാണങ്ങളുടെയും മാനവിക അറിവുകളുടെയും പിന്‍ബലത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തലിലൂടെയാണ് ഇസ്‌ലാമിക പാരന്റിംഗിന്റെ പ്രവിശാല ലോകത്തേക്ക് നമുക്ക് പ്രവേശനം സാധ്യമാകുന്നത്.

കുട്ടികളില്‍ വളര്‍ച്ചയെന്ന പ്രതിഭാസം രണ്ടര്‍ഥത്തില്‍ നാം നോക്കിക്കാണേണ്ടതാണ്. ഒന്ന്: ജൈവികപ്രക്രിയയിലൂടെ സ്വാഭാവികമായി ഉണ്ടാകുന്ന വളര്‍ച്ച. ഉദാഹരണത്തിന് ലൈംഗിക വളര്‍ച്ച പോലെ. പ്രത്യേകിച്ച് നാം ഒന്നും ശ്രദ്ധിച്ചില്ലെങ്കിലും സ്വഭാവികമായ ചുറ്റുപാടില്‍ കേവല ഭക്ഷണവും ആരോഗ്യ പരിസരവും ഉള്ളിടത്ത് ആ കുട്ടിയില്‍ ലൈംഗിക വളര്‍ച്ച സമയമാകുമ്പോള്‍ സംഭവിച്ചിരിക്കും. ഇവിടെ നമുക്ക് ചെയ്യാനുള്ളത് ഈ ജൈവികവളര്‍ച്ചയെ ആവശ്യമായ കുത്തും പലകയും കൊടുത്ത് വളര്‍ച്ചക്കൊപ്പം ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയെന്നതാണ്. എന്നാല്‍ മറ്റൊരു വളര്‍ച്ച, പുറത്തു നിന്ന് നട്ടുപിടിപ്പിച്ച് ഉണ്ടാക്കേണ്ട വളര്‍ച്ചയാണ്. ഉദാഹരണം ആരാധനാശീലങ്ങളെ വളര്‍ത്തല്‍. ഈ ഇനം വളര്‍ച്ചയില്‍ പാരന്റിംഗില്‍ ചെയ്യാനുള്ളത് അനുയോജ്യവും അനിവാര്യവുമായ വിത്ത് കണ്ടത്തി മണ്ണും കാലാവസ്ഥയും പരിഗണിച്ച് വളര്‍ത്തി പരിപാലിച്ചു കൊണ്ടുവരികയെന്നതാണ്. ഈ രണ്ടുതരം വളര്‍ച്ചയെ കുറിച്ചും നമുക്ക് തിരിച്ചറിവുണ്ടാവേണ്ടതുണ്ട്.

അപ്രകാരം തന്നെ രക്ഷിതാക്കളുടെ പ്രധാന ജോലിയായി നാം സാധാരണ പറയാറുള്ളത് മക്കളെ വളര്‍ത്തുന്നുവെന്നാണ്. എന്താണ് അല്ലെങ്കില്‍ എന്തിനെയാണ് നമുക്ക് മക്കളില്‍ വളര്‍ത്താനുള്ളത്?

വ്യക്തിത്വവളര്‍ച്ച സന്തുലിതവും സുരക്ഷിതവുമാവാന്‍ പരിപാലകര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത്, മനുഷ്യന് വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകള്‍ ഉണ്ടന്നും അവ ഒരേസമയം ഒരു നിശ്ചിത അളവില്‍ വളര്‍ത്തേണ്ടതുണ്ടെന്നുമാണ്. ഏതെങ്കിലും ചിലതിനെ അവഗണിച്ചോ മറ്റ് ചിലതിനെ അമിതമായി പരിഗണിച്ചോ വളര്‍ത്തുന്നതിന്റെ ഫലമാണ് വ്യക്തികളും കുടുംബങ്ങളും സമൂഹവും ഇന്നനുഭവിക്കുന്ന പല ദുരന്തങ്ങളുടെയും കാരണം. കിഡ്‌നി കക്കുന്ന ഡോക്ടറും മുതിര്‍ന്നവരെ ബഹുമാനിക്കാത്ത സമര്‍ഥനായ വിദ്യാര്‍ഥിയും തീവ്രവാദം തലക്ക് പിടിച്ച മതാനുയായും വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചയിലെ സന്തുലനാവസ്ഥ ലഭിക്കാതെ പോയ ചിലര്‍ മാത്രമാണ്

ഈ വൈവിധ്യങ്ങളുടെ വളര്‍ച്ച സന്തുലിതമാവാതെ പോകുന്നതിലെ അപാകത മനസ്സിലാക്കാന്‍ നമ്മുടെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളുടെ വളര്‍ച്ചയെ കുറിച്ചോര്‍ത്താല്‍ മതി. തലയും കൈകാലുകളുമെല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. വളര്‍ച്ചയുടെ സന്തുലിതത്വം നഷ്ടപ്പെട്ട് തല മാത്രം അല്ലെങ്കില്‍ ഒരു കാലിന്റെ കണങ്കാല്‍ മാത്രം അല്‍പം അധികം വളര്‍ന്നാല്‍ അതില്‍ നാം സന്തോഷിക്കുകയല്ല മറിച്ച് ആശങ്ക പെടുകയാണ് ചെയ്യുക. അതിനാല്‍ നാം വളര്‍ച്ചകളെ തിരിച്ചറിയുകയും അവയ്ക്കാവശ്യമായ പോഷണങ്ങളുടെ തോതും സമയവും ക്രമീകരിക്കുകയും വേണം. 

കുഞ്ഞുങ്ങളുടെ വൈവിധ്യമാര്‍ന്ന വ്യക്തിത്വ വളര്‍ച്ചകളെ പഠനാവശ്യാര്‍ഥം താഴെ കാണും വിധം വിഭജിക്കാം.

ഒന്ന്: വിശ്വാസപരമായ വളര്‍ച്ച

രണ്ട്: ആരാധനാശീലങ്ങളുടെ വളര്‍ച്ച

മൂന്ന്: സാമൂഹിക വളര്‍ച്ച

നാല്: സ്വഭാവ വളര്‍ച്ച

അഞ്ച്: മാനസിക വൈകാരിക വളര്‍ച്ച

ആറ്: ശാരീരിക വളര്‍ച്ച

ഏഴ്: ബൗദ്ധിക വൈജ്ഞാനിക വളര്‍ച്ച

എട്ട്: ലൈംഗിക വളര്‍ച്ച

ഒമ്പത്: ആരോഗ്യ പരിപാലന ശീലങ്ങളുടെ വളര്‍ച്ച

രക്ഷിതാക്കള്‍ക്കും ഈ മേഖലയില്‍ ഇടപെടുന്നവര്‍ക്കും ചെയ്ത തീര്‍ക്കാനുള്ള പ്രധാന ദൗത്യം ഈ വളര്‍ച്ചയില്‍ ഇസ്‌ലാം കാണിച്ച വഴികളെ പിന്തുടരുകയും അവ സാധ്യമാവും വിധം നടപ്പിലാക്കുകയുമാണ്. ഇസ്‌ലാം ഈ മേഖലകളെയെല്ലാം പരിഗണിക്കുകയും, ഓരോന്നിനും ആവശ്യമായ മാര്‍ഗനിര്‍ദേശകങ്ങള്‍ താത്ത്വികമായും പ്രായോഗികമായും വിശുദ്ധ ഖുര്‍ആനും നബിചര്യയും സഹാബികളുടെ ജീവിതവും ഉപയോഗിച്ച് വരച്ച് കാണിച്ചു തന്നിട്ടുണ്ട്. ഇവ ഓരോന്നോരോന്നായി ഇവിടെ വിശദീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യപ്രകൃതിയെ കുറിച്ചുള്ള അല്ലാഹുവിന്റെ മൂന്നു വ്യത്യസ്ത പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അല്ലാഹു പറഞ്ഞു: ”നിങ്ങള്‍ക്ക് ഭാരം കുറച്ച് തരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു; ദുര്‍ബലനായി കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.”(4:28)

”തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.”(90:4)

”മനുഷ്യനെ ബലഹീനാവസ്ഥയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതക്ക് ശേഷം ശക്തിയുണ്ടാക്കി. പിന്നെ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി… (30:54)

ഇസ്‌ലാമിക ശിക്ഷണ രീതി അവലംബിച്ച് കുട്ടികളെ വളര്‍ത്തുമ്പോള്‍ ദൗര്‍ബല്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ ശക്തി ലഭിക്കുകയും ജൈവികമായി തന്നിലുണ്ടാകുന്ന പല ശക്തി സ്രോതസുകളും തനിക്കും സഹജീവികള്‍ക്കും ഗുണകരമാവും വിധം ക്രിയാത്മകമാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും. അവ അവഗണിച്ചാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ പെട്ട് ഒഴുക്കില്‍ ഒഴുകുന്ന ചണ്ടികളെ പോലെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവരായി അവര്‍ മാറും. ഈ തിരിച്ചറിവ് നമുക്കുണ്ടാകുമ്പോഴാണ് പ്രതികൂല കാലാവസ്ഥയിലും ഇസ്‌ലാമിക സംസ്‌കാരത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന മുസ്‌ലിം തലമുറകള്‍ ഉണ്ടാവുകയുള്ളൂ. അങ്ങനെയുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാവുകയല്ല, ചരിത്രം സൃഷ്ടിക്കുന്നവര്‍ ആയി മാറും

പക്ഷേ, ഇത്തരം തലമുറകളുടെ നിര്‍മിതി സാധ്യമാവാന്‍ പാരന്റിംഗില്‍ കേവലം മാതാപിതാക്കളുടെ മാത്രം പങ്കാളിത്തം മതിയാവില്ല. മറിച്ച് അവര്‍ക്കൊപ്പം അധ്യാപകരും വിദ്യാഭ്യാസ മേഖലയിലുള്ളവരും മതപ്രബോധകരും തുടങ്ങി മനുഷ്യന്റെ വ്യക്തിത്വ വളര്‍ച്ചയില്‍ സ്വാധീനമുണ്ടാക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്തവും കൂട്ടുത്തരവാദിത്തവും ഉണ്ടാകണം. ‘നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, നിങ്ങള്‍ നിങ്ങളുടെ ഭരണീയരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന’ നബി വചനത്തിന്റെ പരിധിയില്‍ കുട്ടികളുടെ പരിപാലനവുമായി ബന്ധപെട്ട എല്ലാവരും ഉള്‍പ്പെടുമെന്ന് നാം അറിയണം. അതിനാല്‍ തന്നെ മാതാപിതാക്കളെ പോലെ കുട്ടികളുമായി ഇടപെടുന്ന എല്ലാവര്‍ക്കും ഇസ്‌ലാമിക പാരന്റിംഗിനെ കുറിച്ചുള്ള അറിവും ബോധവും അനിവാര്യമാണ്. കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാര്‍ ചെയ്യുന്നവര്‍ക്കും അവ തെരഞ്ഞടുക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദിത്വമുണ്ടന്നര്‍ഥം. സ്ഥാപനങ്ങളുടെയും ചുറ്റുപാടുകളുടെയും ഭൗതിക സൗകര്യങ്ങളെ പ്ലാന്‍ ചെയ്യുന്നവരും അവര്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ പോലും പാരന്റിംഗില്‍ പരോക്ഷമായി പങ്കാളിയാവുന്നണ്ടെന്നര്‍ഥം.

ചുരുക്കത്തില്‍ മുകളില്‍ സൂചിപ്പിച്ച പ്രകാരം വളര്‍ച്ചകളെ തിരിച്ചറിയുകയും സമൂഹം ഉത്തരവാദിത്വ ബോധത്തോടെ പങ്ക് വഹിക്കുകയും ചെയ്തുകൊണ്ടുള്ള മഹാ ദൗത്യം തന്നെയാണ് പാരന്റിംഗ്. കാരണം, ആകാശങ്ങളും പര്‍വതങ്ങളും ഏറ്റെടുക്കാന്‍ ഭയപ്പെട്ട ‘അനാമത്ത്’ ഏറ്റെടുത്ത് നിര്‍വഹിക്കാനുള്ള മനുഷ്യനെ രൂപപ്പെടുത്തുന്ന മഹാ യജ്ഞമാണല്ലോ അത്.

അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്വം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.”(33:72)

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

12: അനാഥര്‍ക്ക് തണലേകുക

12: അനാഥര്‍ക്ക് തണലേകുക

നിര്‍ഭയത്വവും നിരീക്ഷണവും നിര്‍ലോഭം ലഭിക്കേണ്ട ബാല്യങ്ങള്‍ക്ക് അവയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അവയെ മറികടക്കാനുള്ള ഇസ്‌ലാമിക പരിഹാരങ്ങളും വിശകലനം ചെയ്യുന്നിടത്ത് പരാര്‍ശിക്കപ്പെടെണ്ടതാണ് അനാഥത്വം. മക്കളുടെ വഴിതെറ്റിയുള്ള സഞ്ചാരത്തിന് അനാഥത്വം പലപ്പോഴും കാരണമാകാറുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന യുദ്ധങ്ങളും ആധുനിക ജീവിത ശൈലി സമ്മാനിക്കുന്ന രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം വര്‍ധിക്കുന്ന മരണങ്ങള്‍ നിമിത്തം എണ്ണം പെരുകുന്ന അനാഥകളെ സ്‌നേഹത്തിന്റെയും സുരക്ഷയുടെയും ചിറകിനുള്ളിലേക്ക് ഒതൂക്കിപ്പിടിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഈ മനുഷ്യവിഭവങ്ങള്‍ മലിനപ്പെടുകയും മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറുകയും ചെയ്യുമെന്നത് ഒരു യാഥാര്‍ഥ്യമാണ്.

ജീവിതപുഷ്പത്തിന്റെ ഇതളുകള്‍ വിരിയുമ്പോഴേക്കും പിതാവിന്റെ മരണം സംഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌നേഹവും സുരക്ഷയും നിര്‍ദേശങ്ങളും നല്‍കാനും അവരെ നന്മയിലേക്ക് കൈപിടിച്ചു നടത്താനും ആളില്ലാതാകുന്നു. പിതാവിന്റെ അഭാവം അവരെ ക്രമരഹിതജീവിതത്തിലേക്ക് തള്ളിവിടുകയും അവരിലേക്ക് കുറ്റവാസനകള്‍ കയറിക്കൂടുകയും ചെയ്യും. എന്നാല്‍ ഇസ്‌ലാം അവര്‍ക്ക് ചുറ്റും സംരക്ഷണഭിത്തി തീര്‍ക്കുന്നുണ്ട്.

മരണം അല്ലാഹുവിന്റെ നിശ്ചയത്തില്‍ മാത്രം നടക്കുന്ന ഒന്നായതിനാല്‍ അനാഥരാകുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ഒരു ദൈവിക പരീക്ഷണമാണ്. ആയതിനാല്‍ ഒരിക്കലും അനാഥത്വം മൂലം ഒരു കുഞ്ഞിന്റെയും ജീവിതാവസരങ്ങള്‍ നിഷേധിക്കപ്പെടാവതല്ല. അതിനാവശ്യമായ കരുത്തുറ്റ മാര്‍ഗനിര്‍ദേശങ്ങളാണ് അല്ലാഹു വിശ്വാസികള്‍ക്കു നല്‍കിയത്.

ഇരുപത്തിരണ്ടോളം സ്ഥലങ്ങളിലാണ് വിശുദ്ധ ക്വുര്‍ആനില്‍ അനാഥകളെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അതിന്ന് പുറമെ നബി വചനകള്‍ നിരവധിയാണ്. ഇവ പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഇവ മൂന്ന് തലങ്ങളെ ഉള്‍കൊള്ളുന്നുവെന്നതാണ്.

ഒന്ന്: അനാഥകളോടു നന്മ ചെയ്യുന്നതിന്റെ പ്രാധാന്യവും പ്രതിഫലവും ഊന്നിപ്പറയുന്നത്.

രണ്ട്: അവരുടെ സാമൂഹ്യ അവകാശങ്ങളെ വിവരിക്കുന്നത്.

മൂന്ന്: അവരുടെ സാമ്പത്തിക അവകാശങ്ങളെ പരിഗണിക്കുന്നത്.

പിതാവിന്റെ ലാളനയും വാത്സല്യവും നഷ്ടപ്പട്ടവരാണല്ലോ അനാഥകള്‍. പക്ഷേ, ദൈവിക കാരുണ്യം അവര്‍ക്ക് നഷ്ടമാകുന്നില്ല. അവരുടെ നഷ്ടങ്ങളെ നികത്താന്‍ ഉതകും വിധം നിയമങ്ങള്‍ നിശ്ചയിച്ചു വെച്ച നാഥന്‍, ജീവിച്ചിരിക്കുന്ന ചുറ്റുമുള്ളവരോട് നിര്‍ദേശിച്ചത് അനാഥയെ കൈവിടാതെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനാണ്. അല്ലാഹു പറഞ്ഞു: ”അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല). അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു” (2:220).

”ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും” (76;8). അനാഥകളുടെ വിഷയത്തിലുള്ള ജാഗ്രതയും പരിഗണനയും ദൈവികമതത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലൊന്നാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇസ്‌റാഈല്‍ സന്തങ്ങളോട് അല്ലാഹു വാങ്ങിയ കരാറില്‍ അനാഥകളുടെ കാര്യം ഉള്‍പ്പെടുത്തി. അല്ലാഹു പറഞ്ഞു: ”മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം… എന്നെല്ലാം നാം ഇസ്‌റാഈല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)” (2:83).

മൂസാനബി(അ)യുടെ ചരിത്രത്തിലെ വിജ്ഞാനിയായ ഖിള്‌റിനോടാപ്പമുള്ള പഠനയാത്രയിലെ ഒരു സംഭവം പരാമര്‍ശിക്കുന്നിടത്ത്, വീഴാറായ ഒരു മതില്‍ കൂലി വാങ്ങാതെ കെട്ടി ശരിപ്പെടുത്തി കൊടുത്തതിന്റെ കാരണം വിശദമാക്കുന്നിടത്ത് അത് രണ്ട് അനാഥക്കുട്ടികളുടേതായിരുന്നെന്നും അതിനുള്ളില്‍ അവര്‍ക്കായുള്ള നിധി സൂക്ഷിപ്പ് ഉണ്ടായിരുന്നെന്നും പറയുന്നത് കാണാം (18:82).

അനാഥനായി ജനിച്ചു വളര്‍ന്ന മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ വിശുദ്ധ ക്വുര്‍ആന്‍ എടുത്ത് പറയുന്നത് കാണുക: ”നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു” (93:6-8).

അനാഥകള്‍ ഉത്തമ മനുഷ്യരായി വളരാനുള്ള മൂന്ന് അവശ്യ ഘടകങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട് ഈ വചനങ്ങള്‍. അവ തീര്‍ച്ചയായും അനാഥ സംരക്ഷകരും പരിപാലകരും ഉള്‍ക്കൊള്ളേണ്ടതും അവര്‍ക്ക് ലഭ്യമാക്കേണ്ടതുമായ അവകാശങ്ങളാണ്. ഈ വചനത്തിന്റെ വെളിച്ചത്തില്‍ മൂന്നു കാര്യങ്ങള്‍ അനാഥകള്‍ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കാം:

ഒന്ന്: അഭയമാകുന്ന ഒരു ഗേഹം.

രണ്ടു: നല്ല ധാര്‍മിക ശിക്ഷണവും വിദ്യഭ്യാസവും.

മൂന്നു: ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വേണ്ട സാമ്പത്തിക ശേഷി.

മാനസികമായ ഔന്നത്യമാണ് അനിവാര്യമായ മറ്റൊന്ന്. അല്ലാഹു പറഞ്ഞു: ”എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്”(93:9).

അഭിമാനത്തിനും ജീവിത സുരക്ഷക്കും പരിക്കേല്‍ക്കും വിധം അനാഥയോടു അവഗണന കാണിക്കുന്നവരെ മതനിഷേധികളായിട്ടാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: ”മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്” (107:12). ”അല്ല, പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല” (89:17).

അനാഥകള്‍ എപ്പോഴും ദരിദ്രരാവണം എന്നില്ല. പക്ഷേ, നാഥനില്ലാത്ത സമ്പത്ത് ചൂഷണം ചെയ്യാന്‍ എളുപ്പമാണന്ന് മലിനഹൃദയമുള്ളവര്‍ക്കറിയാം. ക്രിയാത്മകമായി വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട അനാഥകളുടെ സമ്പത്ത് പലപ്പോഴും അതിന്റെ കൈകാര്യ കര്‍ത്താക്കള്‍ സൂഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നതും നമുക്ക് കാണാം. ‘കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി’ എന്ന അര്‍ഥത്തില്‍ അനാഥകളുടെ മുതല്‍ സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നവര്‍ക്കു കടുത്ത താക്കീതാണ് അല്ലാഹു നല്‍കുന്നത്. അല്ലാഹു പറഞ്ഞു: ”അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു”(4:2).

”തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്” (4:10).

”ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം” (6:152).

എന്നാല്‍ പിതാവിന്റെ മരണത്തോടു കൂടി ജീവിത മാര്‍ഗം തടയപ്പെടുന്ന അനാഥകളാണെങ്കില്‍ അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഇസ്‌ലാമിക വഴികളിലൂടെ തന്നെ വിശ്വാസി സമൂഹം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരെ ദാരിദ്ര്യത്തിലേക്കും അത് മുഖേന കുറ്റവാസനകളിലേക്കും തള്ളിവിടരുത്.

”(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു”(2:215).

യുദ്ധാനന്തര സ്വത്തിലും (അന്‍ഫാല്‍ 41, അല്‍ ഹശ്ര്‍ 7) അനന്തര സ്വത്ത് വീതം വെക്കുന്നിടത്ത് അനാഥരുടെ സാന്നിധ്യമുണ്ടങ്കില്‍ അതിലും ഇസ്‌ലാം ഒരു ഓഹരി അനാഥക്ക് ഉണ്ടാവണമെന്ന് നിര്‍ദേശിക്കുന്നു (4:8). അനാഥ സംരക്ഷണവും പരിപാലനവും ഏെറ്റടുത്ത് നടത്തുന്ന സാമ്പത്തിക ശേഷിയുള്ളവരോട് അനാഥക്ക് സ്വന്തം സ്വത്തില്‍നിന്നും നല്‍കി മാന്യത പുലര്‍ത്താനും ദരിദ്രരോട് മര്യാദ പൂര്‍വം അനാഥയുടെ സ്വത്തില്‍ നിന്ന് ഉപയോഗിച്ചുകൊള്ളാനും ക്വുര്‍ആന്‍ അനുവാദം നല്‍കുന്നു (4:6).

ഈ ദൈവിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മടി കാണിക്കുന്നവര്‍ക്ക് മുമ്പില്‍ സ്വന്തം മരണവും അപ്പോള്‍ അനാഥമാവുന്ന മക്കളുടെ അവസ്ഥയും ഓര്‍മിപ്പിക്കുന്നുണ്ട് അല്ലാഹു: ”തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ” (4:9).

അനാഥകളെ ഇസ്‌ലാമിക പരിപാലനത്തിലൂടെ സംരക്ഷിച്ചിട്ടില്ലെങ്കില്‍ ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും വഴിപിഴച്ചുപോകും എന്നതിനാലാണ് ഇസ്‌ലാം അനാഥകളുടെ കാര്യത്തില്‍ ഇത്രയും കരുതല്‍ പുലര്‍ത്തുന്നത്.

കുട്ടികള്‍ വഴിതെറ്റുന്നതിനുള്ള പ്രധാന കാരണങ്ങളും ഇസ്‌ലാമിക പരിഹാരങ്ങളും നാം മനസ്സിലാക്കി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചുമലിലേല്‍പിക്കപ്പെട്ട ഉത്തരവാദിത്തം ഭാരിച്ചതാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. വളരെ ജാഗ്രതയും അവബോധവും ആവശ്യമുള്ള മേഖലയാണ് പാരന്റിങ്.

എല്ലാ വഴികേടിന്റെയും പാതയില്‍ നിന്ന് അകന്ന് കുട്ടികളുടെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചക്കാവശ്യമായ ഇസ്‌ലാമിക പോഷണങ്ങളെ നിശ്ചിത അളവിലും സമയങ്ങളിലും നല്‍കുക മാത്രമാണ് കുഞ്ഞിന്റെ സമഗ്ര വളര്‍ച്ചക്കുള്ള മാര്‍ഗം. അതാണ് സത്യത്തില്‍ ഇസ്‌ലാമിക് പാരന്റിങ്. എന്താണ് കുട്ടികളുടെ വൈവിധ്യമാര്‍ന്ന വളര്‍ച്ച? ഓരോ തരം വളര്‍ച്ചക്കും അനിവാര്യമായ ഇസ്‌ലാമിക പോഷണങ്ങള്‍ എന്തെല്ലാമാണ്? വരും ലക്കങ്ങളില്‍ വിവരിക്കാം.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

11: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…

11: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട...

മക്കള്‍ വഴിതെറ്റുന്നതിനുള്ള കാരണങ്ങളും ഇസ്‌ലാമിക പരിഹാരമാര്‍ഗങ്ങളുമാണ് നാം ചര്‍ച്ച ചെയ്ത് വരുന്നത്. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ശ്രദ്ധ പതിയേണ്ട മറ്റ് ചില വസ്തുതകള്‍ കൂടി വിവരിക്കാം:

1. മാതാപിതാക്കളുടെ മോശം പെരുമാറ്റം: മക്കള്‍ വഴിതെറ്റുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ പലപ്പോഴും കണ്ടെത്താന്‍ കഴിയുന്നത് കള്ളന്‍ ചിലപ്പോള്‍ കപ്പലില്‍ തന്നെയായിരിക്കുമെന്നതാണ്. ഇന്നത്തെ പല കുട്ടിക്കുറ്റവാളികളെയും സൃഷ്ടിക്കുന്നത് സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് എന്നാണ് ഇതിനെക്കുറിച്ച് പഠന നിരീക്ഷണങ്ങള്‍ നടത്തിയവര്‍ പറയുന്നത്!

മക്കളുടെ വ്യക്തിത്വമോ, പ്രായമോ, അഭിമാനമോ പരിഗണിക്കാതെയുള്ള നിരന്തര ശാപവും കോപവും അതിരു കടന്നതും അപക്വവുമാര്‍ന്ന മര്യാദ പഠിപ്പിക്കലും മൂലം വീട് ജയിലായി അനുഭവപ്പെടുന്ന കുട്ടികള്‍ പ്രതികാര മനസ്സോടെ ജീവിതത്തോട് പ്രതികരിക്കാന്‍ തുടങ്ങുന്നു. ഒരുതരം പ്രതികാര ബുദ്ധിയോടെ വീട് വിട്ടിറങ്ങുന്ന ഇവരുടെ ആശ്വാസ ലോകം അന്വേഷിച്ചുള്ള യാത്രയോടു കൂടി ആരംഭിക്കുന്നു ജീവിതത്തിന്റെ താളം തെറ്റലുകള്‍.

മക്കളോട് മാന്യമായും മൃദുവായും പെരുമാറാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങളൊന്നും പല രക്ഷിതാക്കളും അധ്യാപകരും മുഖവിലക്കെടുക്കുന്നില്ല. ആവശ്യത്തില്‍ കവിഞ്ഞു ശിക്ഷിക്കുകയും പ്രായം പരിഗണിക്കാതെ അപമാനിക്കുകയും ചെയ്യുന്നത് നിമിത്തം മുറിവേല്‍ക്കുന്ന കൗമാരവും ബാല്യവും, ധാര്‍മികതയും കുടുബ സംവിധാനവുമെല്ലാം പാരതന്ത്ര്യവും തന്മൂലം മനുഷ്യവിരുദ്ധവുമാണെന്ന അപകടമാര്‍ന്ന വിലയിരുത്തലിലേക്ക് എത്തുകയും സ്വന്തം നെയ്‌തെടുക്കുന്ന ഒരു സ്വതന്ത്ര ജീവിത രീതി ശീലിക്കുകയും നിയമ ലംഘനങ്ങളെ നിസ്സാരമായി കണ്ടു തുടങ്ങുകയും ചെയ്യുന്നു.

അല്ലാഹുവും റസൂലും എല്ലാ മനുഷ്യരോടും മാന്യമായി പെരുമാറുവാന്‍ പഠിപ്പിക്കുന്നു. കോപത്തെ നിയന്ത്രിക്കുവാന്‍ ഉപദേശിക്കുന്നു. ക്ഷമയും മാപ്പാക്കലും ജീവിത ഗുണമായി കൊണ്ടുനടക്കാന്‍ ആവശ്യപ്പെടുന്നു. ദയാദാക്ഷിണ്യം കൈവിടരുതെന്ന് ഓര്‍മപ്പെടുത്തുന്നു. പരുഷ ഹൃദയം വേണ്ടപ്പെട്ടവരെ പോലും നിന്നില്‍ നിന്ന് അകറ്റുമെന്നു താക്കീത് നല്‍കുന്നു. ഇതില്‍ മക്കള്‍ ഉള്‍പെടുകയിെല്ലന്ന് കരുതാനൊക്കുമോ? സന്തം വീട്ടിലല്ലേ നാം ഇതെല്ലൊം ആദ്യം നടപ്പിലാക്കേണ്ടത്? അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്…” (16:90).

ധര്‍മനിഷ്ഠ പാലിക്കുന്നവരുടെ ഗുണങ്ങളെണ്ണിക്കൊണ്ട് അല്ലാഹു പറയുന്നു: ”കോപം ഒതുക്കി വെക്കുകയും ജനങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവരത്രെ അവര്‍. അല്ലാഹു അത്തരം സല്‍കര്‍മകാരികളെ സ്‌നേഹിക്കുന്നു” (3 :134).

”ജങ്ങളോട് നല്ല വാക്ക് പറയണം..”(2:83 ). ”(നബിയേ) നീ പരുഷ സ്വാഭാവിയും കഠിന ഹൃദയനും ആയിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോകുമായിരുന്നു”(3 :159 ).

നബി(സ്വ) ഉണര്‍ത്തി: ”തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും ദയ ഇഷ്ടപെടുന്നു”(ബുഖാരി). ഇതിന്റെ പ്രയോഗവത്കരണമാണ് നമ്മുടെ വീടകങ്ങളില്‍ ഉണ്ടാവേണ്ടത്.

2. അജണ്ടകളില്ലാത്ത ഒഴിവ് വേളകള്‍: കുട്ടികളുടെയും കൗമാരക്കാരുടെയും ജൈവ പ്രകൃതിയാണ് കളിയോടുള്ള അവരുടെ അഭിനിവേശം. വളര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ ഈ ത്വരയും വളരുന്നു. സമപ്രായക്കാരോടൊപ്പം പ്രകൃതിയുടെ വിരിമാറില്‍ വിഹരിക്കുവന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഈ ജൈവ പ്രകൃതിയെ കണ്ടറിയുവാനും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനും രക്ഷിതാക്കള്‍ക്ക് കഴിയണം. ശാരീരിക, മാനസിക ഉല്ലാസവും ആരോഗ്യവും പ്രദാനം ചെയ്യുന്ന, നിരുപദ്രവകരമായ വിനോദങ്ങള്‍ക്കുള്ള അവസരങ്ങള്‍ മനഃപൂര്‍വം നാം സൃഷ്ടിച്ചു നല്‍കുകയോ, അത്തരം ചുറ്റുപാടിലേക്ക് അവരെ വഴി നടത്തുകയോ ചെയ്യണം. അല്ലാത്തപക്ഷം സ്വാഭാവികമായും അവര്‍ അവരുടെ അപക്വമായ തെരഞ്ഞെടുപ്പിലൂടെ ബദല്‍ സംവിധാനങ്ങള്‍ സ്വയം തട്ടിക്കൂട്ടുകയും മോശക്കാരുടെ വൃത്തത്തിലേക്ക് അവര്‍ ആനയിക്കപ്പെടുകയും ചെയ്യും. കുടുംബത്തിനും സമൂഹത്തിനും തലവേദന സൃഷ്ടിക്കുമാറ് അവര്‍ വഴികേടിലേക്ക് ചെന്നെത്തുകയായിരിക്കും പിന്നീട് സംഭവിക്കുക. ഈയിടെ കേരളത്തിലെ ചില നഗരങ്ങളില്‍ നിന്ന് പിടിക്കപ്പെട്ട ബൈക്ക് മോഷ്ടാക്കളായ കുട്ടികളെ പരിശോധിച്ചതില്‍ കണ്ടത്തിയ വസ്തുത, അവരാരും ജീവിക്കുവാന്‍ നിവൃത്തിയില്ലാത്ത ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരല്ല എന്നതാണ്. ധൂര്‍ത്തടിക്കാന്‍ പണം വേണം. ഒഴിവ് വേളകള്‍ ചെലവഴിക്കുവാന്‍ ഉപകാരപ്രദമായ അജണ്ടകള്‍ അവര്‍ക്കില്ല. അവര്‍ എവിടെയായിരുന്നു, എന്തെടുക്കുകയായിരുന്നു എന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല, അന്വേഷിക്കുന്നുമില്ല. ഇവിടെ രക്ഷിതാക്കള്‍ പ്രതികളായിത്തീരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ബൗദ്ധിക, മാനസിക, ശാരീരിക വളര്‍ച്ചക്കുതകുന്ന കാര്യങ്ങളെക്കുറിച്ച് മാര്‍ഗദര്‍ശനം നല്‍കിയ മതമാണ് ഇസ്‌ലാം. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരം മുറതെറ്റാതെ പള്ളിയില്‍ വെച്ചുതന്നെ നിര്‍വഹിക്കണം എന്ന മിനിമം അജണ്ടയെങ്കിലും ഒഴിവുകാലത്ത് ആണ്‍കുട്ടികള്‍ക്ക് ഉണ്ടായാല്‍ സമയത്തിന്റെ ഒരു നീണ്ട ലോകം അവര്‍ക്ക് മുമ്പില്‍ വെറുതെ തുറന്ന് കിടക്കുന്നതായി തോന്നില്ല. കൃത്യത, സമയനിഷ്ഠ തുടങ്ങിയ നല്ല ജീവിത ശൈലികള്‍ ആര്‍ജിക്കാന്‍ അതവരെ സഹായിക്കുകയും ചെയ്യും. വൃത്തിയും ശാരീരിക ചലനങ്ങളും അതുവഴി ലഭിക്കുന്ന മാനസിക-ശാരീരിക നവോന്മേഷവും അവരെ ഊര്‍ജസ്വലരാക്കും. അതുപോലെ വ്യത്യസ്തങ്ങളായ കായിക പരിശീലനങ്ങളില്‍ അവരെ എന്‍ഗേജിലാക്കുന്നത് ചീത്തകൂട്ടുകെട്ടില്‍ പെട്ട് പുതിയ പുതിയ പരീക്ഷണങ്ങളില്‍ അവര്‍ എത്തിപ്പെടാതിരിക്കാന്‍ സഹായിക്കും.

നമ്മുടെ നാട്ടില്‍ ധാരാളം ഇസ്‌ലാമിക സ്ഥാപനങ്ങള്‍ ഉണ്ട്. പക്ഷേ, സങ്കടകരമായ ഒരു കാര്യം, അവയുടെ പേരിന്റെ സൂചികക്കപ്പുറത്തേക്ക് പോവാന്‍ അവയുടെ നടത്തിപ്പുകാര്‍ മനസ്സ് വെക്കുന്നില്ല എന്നതാണ്. ഇസ്‌ലാമിക് സെന്റര്‍, ദാറുല്‍ ക്വുര്‍ആന്‍, ഇസ്‌ലാമിക് കോംപ്ലക്‌സ്, ദഅ്‌വാ സെന്റര്‍, മദ്‌റസ…തുടങ്ങി ഒട്ടനവധി പേരുകളില്‍ സ്ഥാപനങ്ങളുണ്ട്. പലതിനും വിശാലമായ മുറ്റങ്ങളും ഗ്രൗണ്ടുകളുമൊക്കെയുണ്ട്. പക്ഷേ, ഈ സ്ഥാപനങ്ങളിലെവിടെയും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമായ വിനോദ പരിപാടികളോ പരിശീലന സൗകര്യങ്ങളോ സാധ്യമാക്കുന്ന സംവിധാനങ്ങളൊന്നുമില്ല. അതിനാല്‍ തന്നെ അത്തരം സംവിധാനങ്ങളുള്ളിടത്തേക്ക് അവര്‍ പോകും. അവിടെ ധാര്‍മികതക്കും മാന്യതക്കും ഇടമുണ്ടാവണമെന്നില്ല. ആരും നിരീക്ഷിക്കാനുമുണ്ടാവില്ല. അത് ഇസ്‌ലാമിക സംസ്‌കാരത്തിന് അനുഗുണമല്ലാത്ത സ്വഭാവങ്ങളും ശീലങ്ങളും പകര്‍ത്താന്‍ അവസരം നല്‍കുമെന്നതില്‍ സംശയമില്ല. ‘കുടി’യുടെയും ‘അടി’യുടെയും കൂട്ടായ്മകളില്‍ മക്കള്‍ അംഗങ്ങളായിത്തീരും.

കുവൈത്ത് പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളോടൊപ്പം അവിടെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ആവശ്യമായ വിവിധങ്ങളായ വിനോദ കേന്ദ്രങ്ങള്‍(നാദി) കാണാവുന്നതാണ്. ഈ സ്ഥാപനങ്ങളില്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ അംഗങ്ങളാക്കുന്നു. വിനോദങ്ങള്‍ക്കിടയില്‍ കൃത്യമായ ജമാഅത്ത് നമസ്‌കാരങ്ങളും കളികളിലെ മാന്യമായ പങ്കാളിത്തവും എങ്ങനെ എന്ന് മക്കള്‍ ശീലിക്കും. ഇടക്കിടക്ക് അവിടെ നടക്കുന്ന ധാര്‍മിക ക്ലാസുകളിലും പഠന ശിബിരങ്ങളിലും കൗമാരക്കാര്‍ക്ക് പങ്കെടുക്കേണ്ടി വരും. ഒരാഴ്ചയിലെ പാക്കേജില്‍ ചില ദിവസം ക്വുര്‍ആന്‍ മനഃപാഠ ക്ലാസും കമ്പ്യൂട്ടര്‍ പരിശീലനവും കൂട്ടിച്ചേര്‍ക്കുന്നു. ഇസ്‌ലാമിക ശിക്ഷണത്തിലൂടെ ബാല്യവും കൗമാരവും കടന്നുപോകാന്‍ ഇതിലൂടെ മക്കള്‍ക്ക് കഴിയുന്നു.

എന്നാല്‍ നമ്മുടെ നാട്ടില്‍, ഏഴാം ക്ലാസ് മദ്‌റസ കഴിഞ്ഞുപോയ കുട്ടികളെ പിന്നെ നമുക്ക് വല്ലാതെ കിട്ടുന്നില്ല. പിന്നീട് ഈ ‘കൈവിട്ട’ തലമുറയെ ഇസ്‌ലാമിക സ്ഥാപനത്തിലേക്ക് നാം വിളിക്കുന്നത് വല്ലപ്പോഴും നടക്കുന്ന ഒരു ക്വുര്‍ആന്‍ ക്ലാസ്സിനോ നോമ്പ് തുറക്കോ ആയിരിക്കും. എന്നാല്‍ മേല്‍ സൂചിപ്പിച്ച പ്രകാരം വളര്‍ച്ചയുടെ ജൈവ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സംവിധാനങ്ങള്‍ കൂടി ഇസ്‌ലാലാമിക സ്ഥാപനങ്ങളോടാപ്പവും മഹല്ലുകളിലും ഉണ്ടെങ്കില്‍ ‘കുടി’യുടെയും ‘വലി’യുടെയും തുടര്‍ന്നുണ്ടാകുന്ന ‘അടി’യുടെയും കാലുറക്കാത്ത ന്യൂജെന്‍ കൂട്ടങ്ങള്‍ വളര്‍ന്നുവരില്ല.

3. ചീത്ത കൂട്ടുകെട്ട്: മക്കളെ അലങ്കാര മത്സ്യത്തെ പോലെ കൂട്ടിലിട്ട് വളര്‍ത്തണമെന്നു ഇസ്‌ലാം പഠിപ്പിക്കുന്നില്ല. കൂട്ട് കൂടലും സുഹൃത്തുക്കളുണ്ടാവലുമെല്ലാം മനുഷ്യ പ്രകൃതിയുടെ ഭാഗമെന്ന നിലക്ക് ഇസ്‌ലാം അംഗീകരിക്കുകയും അതിന് ആവശ്യമായ ഗൈഡന്‍സ് നല്‍കുകയും ചെയ്യുന്നുണ്ട്. അതിനെ നന്മയുടെ പങ്കുവെക്കലുകളുടെ വേദിയായി ഇസ്‌ലാം കാണുകയും ചെയ്യുന്നു. നല്ലവരുമായുള്ള കൂട്ടുകെട്ടിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ചീത്ത കൂട്ടുകെട്ടിന്റെ അപകടം ഉണര്‍ത്തുകയും ചെയ്യുന്നു. രക്ഷിതാക്കള്‍ കണ്ണ് തുറക്കാതിരിക്കുന്നതിനാലാണ് സൗഹൃദം മൂലം മക്കള്‍ വഴി തെറ്റുന്നത്. നല്ല സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുകയും ചീത്ത കൂട്ടുകെട്ടിന്റെ അപകടത്തെ ബോധ്യപെടുത്തുകയുമാണ് ഇതിന്റെ പരിഹാരം. അല്ലാഹു പറയുന്നു: ”അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം, റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നുവങ്കില്‍ എത്ര നന്നായിരുന്നേനെ! എന്റെ കഷ്ടമേ ഇന്നയാളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! എനിക്ക് ബോധനം വന്നു കിട്ടിയതിനു ശേഷം അതില്‍ ഇന്നവന്‍ എന്നെ തെറ്റിച്ചു കളഞ്ഞല്ലോ. പിശാച് മനുഷ്യനെ കൈവിട്ട് കളയുന്നവനാകുന്നു”(25:27-29). ”സുഹൃത്തുക്കള്‍ അന്നേദിവസം (ഉയര്‍ത്തെഴുന്നേല്‍പിന്റെ ദിനം) ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവര്‍ ഒഴികെ” (43:67). നല്ല സൗഹൃദം മാത്രമാണ് അല്ലാഹു അംഗീകരിക്കുന്നത് എന്ന് ഈ സൂക്തം പഠിപ്പിക്കുന്നു.

നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ ഓരോരുത്തരും അവരവരുടെ സുഹൃത്തിന്റെ ‘മത’ത്തിലായിരിക്കും. അതിനാല്‍ ഓരോരുത്തരും ആരുമായിട്ടാണ് കൂട്ട്കൂടുന്നതെന്ന് നോക്കട്ടെ” (തിര്‍മിദി). പല രക്ഷിതാക്കളും അവഗണിക്കുന്ന ഒരു കല്‍പനയാണിത്. ആ അവഗണനയാണ് മക്കളെ വഴി തെറ്റിക്കുന്നതിലെ മുഖ്യ പങ്കാളികളിലൊന്ന്.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

10: വഴി തെറ്റുന്ന ഇളം തലമുറ പ്രതികള്‍ ആര്?

10: വഴി തെറ്റുന്ന ഇളം തലമുറ പ്രതികള്‍ ആര്?

കുട്ടികളുടെ ജീവിതം വഴിതെറ്റിക്കുന്ന പ്രതികളെ തേടിയുള്ള അന്വേഷണത്തിലാണ് നമ്മളുള്ളത്. കഴിഞ്ഞ ലക്കത്തില്‍ രണ്ട് പ്രതികളെ നാം പിടികൂടി. ഇനി മറ്റ് ചില പ്രതികളെ കൂടി പരിചയപ്പെടാം.

വിവാഹമോചനങ്ങളും തന്മൂലം കണ്ണികള്‍ പൊട്ടുന്ന കുടുംബ ജീവിതവും: ഇളം തലമുറകളെ വഴികേടിലേക്ക് തള്ളിവിടുന്ന അടിസ്ഥാന കാരണങ്ങളില്‍ ഒന്നാണ് വര്‍ധിച്ച് വരുന്ന വിവാഹ മോചനങ്ങളും അതിനെ തുടര്‍ന്ന് അത്താണി നഷ്ടപ്പെട്ട് പെരുവഴിയിലാകുന്നവരും. മക്കള്‍ക്ക് മാനസിക സ്ഥൈര്യവും ജീവിത സുരക്ഷയും കിട്ടാക്കനിയാവുകയും അഭയം നല്‍കേണ്ട ചിറകുകള്‍ ദുര്‍ബലമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു തുടങ്ങുന്നു. വളര്‍ച്ചയുടെ ഓരോ പടവും ചവിട്ടിക്കയറുമ്പോഴും വാത്സല്യത്തിന്റെ നിറകുടമാവേണ്ട ഉമ്മയോ, മേല്‍ക്കൂര പണിയേണ്ട ഉപ്പയോ അവരോടൊപ്പമില്ലെന്ന തിരിച്ചറിവ് കൃത്രിമമായ അഭയ കേന്ദ്രങ്ങളെ തേടിയുള്ള യാത്രയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റു ചിലപ്പോള്‍ ഇത്തരം വീടുകളിലുള്ള പല മാതാക്കളും പുറത്തു ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു. മക്കളെ പരിപാലിക്കേണ്ട സമയങ്ങളിലധികവും അന്നം തേടി അവര്‍ പുറത്തായിരിക്കും. അതുമല്ലെങ്കില്‍ ആ സമയം മക്കള്‍ വീടിനു പുറത്ത് അലക്ഷ്യമായി അലഞ്ഞു നടക്കാന്‍ കഴിയും വിധം അവഗണിക്കപ്പെട്ടിരിക്കുകയാകും. ഇതെല്ലാം നന്മയുടെ ചട്ടക്കൂടില്‍ വളരേണ്ട മക്കളെ തിന്മയുടെ തരിശ് ഭൂമിയില്‍ വളരാന്‍ കാരണമാക്കുന്നു.

ഇവിടെയാണ് ഇസ്‌ലാം ഒരുക്കുന്ന സുരക്ഷിതമായ കുടുംബ സംവിധാനത്തിന്റെ പ്രസക്തി വിലപ്പെട്ടതാകുന്നത്. വിവാഹ മോചനത്തിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങള്‍ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നു വരാനുള്ള വാതായനങ്ങളെ ഇസ്‌ലാം പരമാവധി അടച്ചു കളയുകയാണ് ആദ്യമായി ചെയ്യുന്നത്. ദമ്പതികള്‍ക്ക് ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അവരവരുടെ ശാരീരിക മാനസിക പ്രകൃതി പരിഗണിച്ച കൊണ്ട് നിര്‍ണയിച്ചു നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്.

അവ ഇരുപേരും അറിഞ്ഞും അംഗീകരിച്ചും, കൊണ്ടും കൊടുത്തും, ജീവിക്കാന്‍ ശീലിക്കുകയെന്നത് മാത്രമാണ് വിശ്വാസികളുടെ സമൂഹത്തില്‍ വിവാഹമോചനങ്ങളും അതിലേക്ക് വഴിനടത്തുന്ന പിണക്കങ്ങളും കുറച്ച് കൊണ്ട് വരാനുള്ള വഴികളില്‍ പ്രധാനപ്പെട്ടത്. ഇന്നത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ഉയര്‍ന്ന വിദ്യഭ്യാസവും സാംസ്‌കാരിക ഔന്നിത്യവും പുലര്‍ത്തുന്ന വീടുകളിലാണ് ഇതൊന്നും വേണ്ടത്ര കിട്ടിയിട്ടില്ലാത്ത വീടുകളിലെക്കാള്‍ കൂടുതല്‍ കുടുംബ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നടക്കുന്നത് എന്നതാണ്. 

കുടുംബങ്ങളുടെ കണ്ണികള്‍ ഇഴചേര്‍ക്കുകയും അവയെ പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ആഴത്തില്‍ മനസ്സിലാക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ഇസ്‌ലാം നമുക്ക് നിര്‍ണയിച്ചു നല്‍കിയ ബാധ്യതകളും അവകാശങ്ങളും എന്തൊക്കെയെന്ന് ഒരു പുനര്‍വായന ഉണ്ടാവുകയും, ജീവിതപുസ്തകത്തിന്റെ താളുകളിലേക്ക് ഒരിക്കല്‍ കൂടി അവ പകര്‍ത്തി എഴുതുകയും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയാണവ? ദമ്പതികള്‍ക്ക് വെളിച്ചമാവും വിധം അവ ചുരുക്കിപ്പറയാം: 

1. കുടുംബ നാഥനായ ഭര്‍ത്താവിനോടുള്ള മാന്യമായ അനുസരണം: അല്ലാഹുവിന്റെ അടുക്കല്‍ അതിന്റെ പ്രതിഫലം എത്രയെന്ന് നമ്മുടെ കുടുംബിനികള്‍ അറിഞ്ഞിരുന്നെങ്കില്‍! പ്രത്യേകിച്ച് ‘ഈഗോ’യെ മോഡേണ്‍ ഡ്രസ്സ്‌കോഡായ് സ്വീകരിച്ച മുസ്‌ലിം വീടുകളിലെ ന്യൂജെന്‍ പത്‌നിമാര്‍. അനസ് ബിന്‍ മാലിക്(റ) നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു: ‘ഒരു സ്ത്രീ, അവളുടെ അഞ്ചു നേരത്തെ നമസ്‌കാരം മുറതെറ്റാതെ നിര്‍വഹിക്കുകയും ഒരു മാസത്തെ നോമ്പ് അനുഷ്ഠിക്കുകയും തന്റെ ജനനേന്ദ്രിയത്തെ സൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ സ്വര്‍ഗപ്രവേശനം സാധ്യമായി’ (അല്‍ബാനി: സഹീഹ് അല്‍ ജാമിഅ്).

2. ഭര്‍ത്താവിന്റെ സമ്പത്തും സ്വശരീരത്തെയും കാത്ത് സൂക്ഷിക്കുക: അല്ലാഹു പറയുന്നു: ‘നല്ലവരായ സ്ത്രീകള്‍ (ഭാര്യമാര്‍)അനുസരണ ശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതല്ലാം) സംരക്ഷിക്കുന്നവരുമാണ്’ (4:34). ഈ വചനത്തിന്റെ വിശദീകരണമായി നബി(സ്വ) പറഞ്ഞതായി ഇബ്ന്‍ജരീര്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: ‘നീ അവളില്‍ നിന്ന് അപ്രത്യക്ഷമായാല്‍ നിന്റെ സമ്പത്തും അവളുടെ ശരീരവും നിനക്ക് വേണ്ടി അവള്‍ കാത്ത് സൂക്ഷിക്കും.’

3. ഭര്‍ത്താവ് കുടുംബിനിയുടെയും കുട്ടികളുടെയും മുഴുവന്‍ സാമ്പത്തിക ബാധ്യതകളും ഏറ്റടുത്ത് നിര്‍വഹിക്കണം: അല്ലാഹു പറയുന്നു: ‘…മാതാക്കള്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് പിതാവിന്റെ ബാധ്യതയാകുന്നു…'( 2:233). പുരുഷന് കുടുബ നേതൃത്വ സ്ഥാനം കല്‍പിച്ചു നല്‍കിയതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ബാധ്യത ഏറ്റടുക്കേണ്ടതുണ്ട് എന്നതാണ്. അല്ലാഹു പറഞ്ഞു: ‘പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചത് കൊണ്ടുമാണ്”(4:34 ).

നബി(സ്വ) അരുളി: ‘നിങ്ങള്‍ സ്ത്രീകളുടെ (ഭാര്യമാരുടെ) കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു ഏല്‍പിച്ച ഒരു സൂക്ഷിപ്പുസ്വത്ത് എന്ന നിലക്കാണ് അവരെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ നിങ്ങള്‍ക്ക് അനുവദനീയമായത്. മര്യാദ അനുസരിച്ചുള്ള ഭക്ഷണവും വസ്ത്രവും നിങ്ങളുടെ ബാധ്യതയാകുന്നു’ (മുസ്‌ലിം).

4. വീട്ടുകാര്യങ്ങളില്‍ ഭാര്യയുമായി കൂടിയാലോചിക്കല്‍: നബി(സ്വ) പറഞ്ഞു: ‘നിങ്ങളുടെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ (അവര്‍ക്ക് വിവാഹാലോചന നടത്തും മുമ്പ്) നിങ്ങള്‍ വീട്ടുകാരിയോട് കൂടിയാലോചന നടത്തണം’ (അബൂദാവൂദ്, അഹ്മദ്).

5. കുടുംബിനിയുടെ മിക്ക കുറവുകളിലും പോരായ്മകളിലും കണ്ണടക്കുകയോ വിട്ട് കൊടുക്കുകയോ ചെയ്യുക: പോരായ്മകളെയും കുറവുകളെയും അതിജയിക്കുന്ന ധാരാളം നന്മകളും ത്യാഗങ്ങളും അവര്‍ക്കുണ്ടെന്ന കണ്ടത്തലുകളില്‍ അവ വിട്ട്‌കൊടുത്തും മാപ്പ് കൊടുത്തും അവരെ ഉയര്‍ത്തിക്കൊണ്ട് വരിക. നബിതിരുമേനി(സ്വ) അരുളി: ‘ഒരു സത്യവിശ്വാസിയായ ഭര്‍ത്താവ് സത്യവിശ്വാസിനിയായ ഭാര്യയോട് കോപിക്കുകയില്ല. അവളില്‍ നിന്ന് ഒരു വെറുപ്പുണ്ടാക്കുന്ന സ്വഭാവം ഉണ്ടായാല്‍ തന്നെ അവനെ തൃപ്തിപ്പെടുത്തുന്ന മറ്റൊരു സ്വഭാവം ഉണ്ടാകും’ (മുസ്‌ലിം).

5. ഇണയുമായി മര്യാദപൂര്‍വം ഇടപെടുകയും കളിതമാശകളില്‍ ഏര്‍പെടാന്‍ സമയം കണ്ടത്തുകയും ചെയ്യുക: അല്ലാഹു പറഞ്ഞു: ”സത്രീകളോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്. ഇനി നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങള്‍ ഒരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം” (4:19).

നബി(സ്വ) പറഞ്ഞു: ‘നിങ്ങളില്‍ ഉത്തമന്‍ തന്റെ കുടുംബത്തോട് ഉത്തമനായ് വര്‍ത്തിക്കുന്നവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് നിങ്ങളെക്കാള്‍ ഉത്തമനായി വര്‍ത്തിക്കുന്നു’ (ഇബ്‌നുമാജ, ഹാകിം). നബി(സ്വ) തന്റെ പത്‌നിയായ ആഇശ(റ)ക്ക് മദീന പള്ളിയിയില്‍ വെച്ചുനടന്ന ആയുധപ്പയറ്റ് മതിവരുവോളം കണ്ടാസ്വദിക്കാന്‍ തന്റെ കയ്യും ചുമലും സൗകര്യപ്പെടുത്തി നല്‍കിയതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ‘നിങ്ങളില്‍ ഏറ്റവും വിശ്വാസ പൂര്‍ണത നേടിയവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും തന്റെ കുടുംബത്തോട് ഏറ്റവും വാത്സല്യമുള്ളവരുമാകുന്നു’ (ബുഖാരി, മുസ്‌ലിം). 

6. വീട്ടു കാര്യങ്ങളില്‍ കുടുംബിനിയെ സഹായിക്കുക: ഇമാം ത്വബ്‌റാനിയും മറ്റും റിപ്പോര്‍ട്ടു ചെയ്യുന്നു: ഒരിക്കല്‍ നബി(സ്വ)യുടെ വീട്ടിനകത്തെ അവസ്ഥയെ കുറിച്ച് ആഇശ(റ)യോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ‘നിങ്ങളേവരെയും പോലെ ഒന്നെടുത്ത് നീക്കാനും എടുത്ത് വെക്കാനും ഭാര്യയുടെ വീട്ട് ജോലികളില്‍ സഹായിക്കാനും അവര്‍ക്ക് ഇറച്ചി മുറിച്ചു കൊടുക്കാനും വീട് തൂത്ത് വൃത്തിയാക്കാനും പരിചാരികയെ സഹായിക്കാനുമെല്ലാം അവിടുന്നുണ്ടാവും.’

7. കിടപ്പറയെ അപ്രധാനമാക്കാതിരിക്കുക: കുടുംബഛിദ്രതയിലേക്കും വിവാഹ മോചനത്തിലേക്കും പലരെയും എടുത്തെറിയുന്ന കാരണങ്ങളിലെ പ്രധാന വില്ലന്‍ പലപ്പോഴും കിടപ്പറയാണ്. ‘മുറ്റത്തെ മുല്ലക്ക് മണമില്ലെ’ന്ന പഴഞ്ചൊല്ല് ഇവിടെ തീര്‍ത്തും അപ്രസക്തമാണ്. ഭര്‍ത്താവിന്റെ താല്‍പര്യങ്ങളോട് നിഷേധാത്മക രീതി സ്വീകരിക്കുന്നതും ഭാര്യയുടെ ആവശ്യങ്ങള്‍ തീരുന്നത് വരെ കാത്തിരിക്കാതിരിക്കുന്നതുമെല്ലാം മതപരമായ വീഴ്ചകളായി പഠിപ്പിക്കുന്ന ഏക മതമാണ് ഇസ്‌ലാം. ഈ സഹകരണത്തിന്റെ അഭാവമാണ് അശ്ലീല സൈറ്റുകളിലും മറ്റും ഉറക്കം വരുന്നത് വരെ മുഖം പൂഴ്ത്തിയിരിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളെ ശ്രദ്ധിച്ചും ശീലിച്ചും ജീവിക്കുന്നവരാകണം നമ്മള്‍. 

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക