ഫിത്വ്ർ സകാത്ത് – സംശയങ്ങൾ മറുപടികൾ

ഫിത്വ്ർ സകാത്ത് - സംശയങ്ങൾ മറുപടികൾ

1. ഫിത്വ്ർ സകാത്ത് കൊണ്ടുള്ള വിവക്ഷ എന്ത്?

റമദാനിന്റെ അവസാനത്തോട് കൂടി ഒരാൾക്ക് ഒരു സ്വാഅ് എന്ന തോതിൽ പാവപ്പെട്ടവർക്കായി ഒരു വിശ്വാസി വിതരണം ചെയ്യുന്ന ഭക്ഷണത്തിനാണ് ഫിത്വ്ർ സകാത്ത് (സകാത്തുൽ ഫിത്വർ) എന്ന് പറയുന്നത്.

2. ഫിത്വ്ർ സകാത്ത് ആർക്കാണ് നിർബന്ധം?

എല്ലാ മുസ്ലിംകൾക്കും നിർബന്ധമാണ്. തന്റെയും തന്റെ ചെലവിന് കീഴിൽ ജീവിക്കുന്നവരുടെയും സകാത്തുൽ ഫിത്വ്ർ ഒരു വിശ്വാസി നൽകൽ നിർബന്ധമാണ്. അബ്ദുല്ലാഹിബ്നു ഉമർ പറഞ്ഞു: മുസ്ലിംകളിൽ പെട്ട സ്വതന്ത്രൻ, അടിമ, സ്ത്രീ, പുരുഷൻ, ചെറിയവൻ, വലിയവൻ എന്നിവരുടെ മേൽ ഒരു സ്വാഅ് കാരക്ക, അല്ലെങ്കിൽ ഒരു സ്വാഅ് ബാർലി എന്ന തോതിൽ നബി ഫിത്വ്ർ സകാത്ത് നിർബന്ധമാക്കി”

(ബുഖാരി, മുസ്ലിം).

റമദാനിന്റെ അവസാനദിവസം സൂര്യൻ അസ്തമിക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്കാണ് ഇത് നിർബന്ധം. അതിനാൽ ഗർഭസ്ഥ ശിശുവിന് സകാത്തുൽ ഫിത്ർ നിർബന്ധമില്ല. അതുപോലെ അസ്തമയത്തിന് മുമ്പ് മരണപ്പെട്ടവർ, അസ്തമയത്തിന് ശേഷം പിറന്ന കുഞ്ഞ് എന്നിവ രുടെ മേലും നിർബന്ധമില്ല.

3. സകാത്തുൽ ഫിത്റിലെ യുക്തിയെന്താണ്?

പെരുന്നാൾ ദിവസം ദരിദ്രർ യാചിക്കാതെ തന്നെ സന്തോഷത്തിലും ആനന്ദത്തിലും സമ്പന്നരോടെപ്പം പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ ദരിദ്രരോടുള്ള അനുകമ്പയാണ് സകാത്തുൽ ഫിത്ർ. നോമ്പിൽ സംഭവിച്ചിരിക്കുന്ന ന്യൂനതകൾ ഇവ മൂലം പരിഹരിക്കപ്പെടുന്നു. പിശുക്ക് പോലുള്ള മാനസിക ദുർഗുണങ്ങളെ അത് ഇല്ലാതാക്കുന്നു. റമദാനിലെ നോമ്പ് പരിപൂർണമാവാനും രാത്രി നമസ്കാരങ്ങളും മറ്റു സൽകർമങ്ങളും ചെയ്യുവാനും അല്ലാഹു അനുഗ്രഹിച്ചതിനാൽ അല്ലാഹുവോടുള്ള ഒരു നന്ദിപ്രകടനവുമാണിത്. മുസ്ലിം സമൂഹത്തിനിടയിൽ ഇതുമൂലം ഐക്യവും സ്നേഹവും ഉടലെടുക്കുന്നു.

ഇബ്നു അബ്ബാസ് പറഞ്ഞു: “ദരിദ്രനുള്ള ഭക്ഷണമായും അശ്ലീല, വ്യർഥ സംസാരങ്ങളിൽ നിന്ന് നോമ്പുകാരനെ ശുദ്ധീകരിക്കുന്നതിനും വേണ്ടി റസൂൽ സകാത്തുൽ ഫിത്വ്ർ നിർബന്ധമാക്കി. ആരെങ്കിലും പെരുന്നാൾ നമസ്കാരത്തിന് മുമ്പ് അത് നിർവഹിച്ചാൽ അത് സ്വീകാര്യയോഗ്യമായ സകാത്തായി. പെരുന്നാൾ നമസ്കാരത്തിന് ശേഷമാണ് അത് നൽകുന്നതെങ്കിൽ കേവലം ഒരു ധർമം മാത്രമാകും. (അബൂദാവൂദ്, ഇബ്നുമാജ).

4. ഫിത്വ്ർ സകാത്തായി എന്താണ് നൽകേണ്ടത്? എത്രയാണ് നൽകേണ്ടത്?

സാധാരണയായി മനുഷ്യർ ഭക്ഷിക്കുന്ന ആഹാര വസ്തുക്കളാണ് സകാത്തുൽ ഫിത്വറായി നൽകേണ്ടത്. അബൂസഈദിൽ ഖുദ്രി പറഞ്ഞു: ‘ഞങ്ങൾ നബിയുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണമാണ് സകാത്തുൽ ഫിത്വ്റായി നൽകിയിരുന്നത്. ഞങ്ങളുടെ ഭക്ഷ്ണം ബാർലി, ഉണക്കമുന്തിരി, കാരക്ക, പാൽക്കട്ടി എന്നിവയായിരുന്നു” (ബുഖാരി)

പെരുന്നാൾ ദിവസത്തെ ചെലവുകഴിച്ച് മിച്ചമുള്ള ആളുകളാണ് ഇത് നിർവഹിക്കേണ്ടത്. ഒരാൾക്ക് ഒരു സ്വാഅ് എന്ന തോതിലാണ് സകാത്തുൽ ഫിത്വ്ർ നൽകേണ്ടത്. ഒരു സാധാരണക്കാരൻ ഇരു കൈകൾ കൊണ്ടും നാല് പ്രാവശ്യം കോരിയാൽ കിട്ടുന്നതാണ് ഒരുസ്വാഅ്. അരിയാണെങ്കിൽ ഏകദേശം രണ്ടര കിലോ ആയിരിക്കും.

5. സകാത്തുൽ ഫിത്വ്ർ വിതരണം ചെയ്യേണ്ട സമയം എപ്പോഴാണ്?

ശ്രഷ്ഠമായ സമയം, അനുവദനീയമായ സമയം എന്നീ രണ്ട് സമയങ്ങൾ ഉണ്ട്. റമദാനിന്റെ അവസാന ദിവസം സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നമസ്കാരം വരെയാണ് ഉത്തമമായ സമയം. ഇബ്നു ഉമറിൽ നിന്നും മുസ്ലിം ഉദ്ധരിക്കുന്ന ഹദീഥിൽ ജനങ്ങൾ നമസ്കാരത്തിന് പോകുന്നതിന് മുമ്പായി സകാത്തുൽ ഫിത്വർ വിതരണം ചെയ്യാൻ നബി കൽപിച്ച്തായി കാണാം. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് വിതരണം ചെയ്യുന്നതാണ് അനുവദനീയമായ സമയം. ഇബ്നു ഉമർഷം പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ വിതരണം ചെയ്തിരുന്നു വെന്ന് സ്വഹീഹുൽ ബുഖാരിയിൽ കാണാം. പെരുന്നാൾ നമസ്കാര ശേഷം വിതരണം ചെയ്താൽ അത് സ്വീകാര്യയോഗ്യമാവില്ല. മുമ്പ് സൂചിപ്പിച്ച ഇബ്നു അബ്ബാസ്കുവിന്റെ ഹദീഥിൽ ആ കാര്യം വ്യക്തമാണ്.

6. സകാത്തുൽ ഫിത്ർ ആർക്കാണ് നൽകേണ്ടത്?

പാവപ്പെട്ടവരാണ് അതിന്റെ അവകാശികൾ. നോമ്പുകാരന്റെ ശുദ്ധീകരണത്തിനും പാവപ്പെട്ടവന്റെ ഭക്ഷണവുമായിട്ടാണ് റസൂൽ സകാത്തുൽ ഫിത്വർ നിർബന്ധമാക്കിയത്. ഒരാൾക്ക് ഒരു നിശ്ചിത വിഹിതം മാത്രമെ നൽകാവൂ എന്ന് പറയാൻ തെളിവില്ല.

7. സകാത്തുൽ ഫിത്വ്ർ പണമായി വിതരണം ചെയ്യാമോ?

അനുവദനീയമല്ല, കാരണം അത് പ്രവാചകൻ യുടെ കൽപനക്കും സ്വഹാബിമാരുടെ ചര്യക്കും വിപരീതവുമാണ്. നബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് നാണയങ്ങൾ നിലവിലുണ്ടായിരുന്നു. എന്നിട്ടും അവർ ഭക്ഷണസാധനങ്ങളാണ് സകാത്തുൽ ഫിത്വായി

നൽകിയിരുന്നത്. എന്നാൽ പ്രവാചക കൽപനകൾക്കനുസരിച്ച് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നവർ ഉണ്ട്ങ്കിൽ നമ്മുടെ സകാത്തുൽ ഫിത്റിന്റെതുക അവരെ ഏൽപിക്കാവുന്നതാണ്.

8. സകാത്തുൽ ഫിത്വർ എവിടെയാണ് വിതരണം ചെയ്യേണ്ടത്?

സകാത്തുൽ ഫിത്ർ കൊടുക്കുന്നവൻ എവിടെയാണോ താമസിക്കുന്നത് ആനാട്ടിലുള്ള ദരിദ്രർക്കാണ് നൽകേണ്ടത്. മറ്റ് സ്ഥലങ്ങളിലേക്ക് അത് നൽകിയാൽ നിശ്ചിത സമയത്ത് നിർവഹിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. നബിയുടേയോ ഖുലഫാഉർറാശിദീങ്ങളുടെയോ കാലത്ത് മദീനയിൽ നിന്ന് മറ്റേതെങ്കിലും സ്ഥലത്തേക്ക് സകാത്തുൽ ഫിത്വർ അയച്ചുകൊടുത്തതായി അറിയില്ല.

 
സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

വിശപ്പിന്റെ വേദനിപ്പിക്കുന്ന കാഴ്ച

വിശപ്പിന്റെ വേദനിപ്പിക്കുന്ന കാഴ്ച

”ശല്യപ്പെടുത്താതെ മാറിനില്‍ക്കങ്ങോട്ട്…”

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന റോഡരികിലെ സിമന്റ് റിംഗുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന ഈ ശബ്ദം എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

വര്‍ഷം 1991. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.സി.ക്ക് പഠിക്കുന്ന കാലം. അവിചാരിതമായി ഒരു ദിവസം സ്‌കൂള്‍ നേരത്തെ വിട്ടപ്പോള്‍, കിട്ടുന്ന ബസിന് വീടെത്താന്‍ ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോഴാണ് ചന്തപ്പടിയിലെ ഒരുരുഹോട്ടലിലെ വേസ്റ്റുകള്‍ നിക്ഷേപിക്കാനായി റോഡരികില്‍ സ്ഥാപിച്ച സിമന്റ്‌റിംഗുകള്‍ക്കുള്ളില്‍ നിന്നും മേല്‍വാചകം മുഴങ്ങിയത്.

ഞാന്‍ റിംഗിലേക്ക് എത്തിനോക്കി. റിംഗിന്റെ പൊട്ടിയവശത്തുകൂടി എച്ചില്‍ കഴിക്കാനായി കടന്നു കൂടാന്‍ ശ്രമിക്കുന്ന തെരുവു നായയാടാണ് മനോദൗര്‍ബല്യമുള്ള ഒരുരുമനുഷ്യന്റെ ഈ രോഷപ്രകടനം!

മിക്കപ്പോഴും ശൂന്യതയിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അങ്ങാടിയില്‍ അലയുന്ന ഈ മനുഷ്യന്‍ നാട്ടുകാര്‍ക്ക് സുപരിചിതനായിരുന്നു. ചെളി കട്ടപിടിച്ച കറുത്ത നിറമുള്ള ദേഹം. കീറിപ്പറിഞ്ഞ, അങ്ങേയറ്റം മുഷിഞ്ഞ വസ്ത്രം മാത്രമെ ധരിച്ച് കണ്ടിട്ടുള്ളൂ. കയ്യില്‍ എപ്പോഴും മുഴുത്ത ഒരുരുവടികാണും. യാചിക്കുന്ന സ്വഭാവമൊന്നും അദ്ദേഹത്തിനില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ വാങ്ങുമെന്ന്ന്നുമാത്രം. ഉറക്കം കടത്തിണ്ണകളില്‍.

അയാളുടെ ഉച്ചഭക്ഷണം എന്നും ഈ കുപ്പത്തൊട്ടിയില്‍ നിന്നാണ്! അതില്‍ നിന്നും പങ്കുപറ്റാന്‍ വന്ന തെരുവുനായയെ കയ്യിലിരിക്കുന്ന വടികൊണ്ട് തല്ലിയോടിക്കുമ്പോഴാണ് ഞാന്‍ അതുവഴി കടന്ന് പോയത്.

എച്ചിലായികുകുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ച വാഴയിലകളില്‍ നിന്നും വാരിക്കൂട്ടിയ ചോറും കറികളും മീന്‍ മുള്ളുമൊക്കെ രുചിയോടെ ആസ്വദിച്ച് കഴിക്കുന്ന ഈ മനുഷ്യന്റെ രൂപം കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.

വിശപ്പിന്റെ വേദനിക്കുന്ന അന്നത്തെ ആ കാഴ്ച ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. വിശപ്പ് ഏതൊരാളെയും എന്തും ചെയ്യിക്കും. കിട്ടുന്നതെന്തും തീറ്റിക്കും!

അമിതാഹാരമൂലം അസുഖബാധിതരായി ആയിരങ്ങള്‍ ദിനം തോറും ആശുപത്രികള്‍ കയറിയിറങ്ങുന്ന നമ്മുടെ നാട്ടില്‍ വിശപ്പടക്കാന്‍ തെരുവുനായയെ ആട്ടിയോടിക്കുന്ന ഈ മനുഷ്യന്‍ ഒരുരുകൈച്ചൂണ്ടിയാണ്.

രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ് ഇതെങ്കിലും ഇന്നും ഇത്തരക്കാരെ നമുക്ക് കാണുവാന്‍ സാധിക്കും.  

ആഹാരം പാഴാക്കിക്കളയുമ്പോള്‍ ഇത്തരം ആളുകള്‍ കൂടി നമ്മുടെ ചുറ്റുപാടുകളില്‍ ഉണ്ടെന്ന് നാം ഓര്‍ക്കണം. വിശക്കുന്ന വയറുകളെ  നാം മറക്കരുത്. അവഗണിക്കരുത്. സ്വന്തമായി സഹായിക്കാന്‍ കഴിയില്ലെങ്കില്‍ കഴിയുന്നവരെ അതിന് പ്രേരിപ്പിക്കുകയെങ്കിലും ചെയ്യുക എന്നത് ഒരു പുണ്യകര്‍മമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

”മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്‌സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍” (ക്വുര്‍ആന്‍ 107:1-3).

 

സലാം സുറുമ എടത്തനാട്ടുകര
നേർപഥം വാരിക

കുറ്റബോധത്തിന്റെ കണ്ണീര്‍കണങ്ങള്‍

കുറ്റബോധത്തിന്റെ കണ്ണീര്‍കണങ്ങള്‍

ഒരു റമദാന്‍ പുലരിയില്‍ കാളിങ് ബെല്‍ ചിലച്ചു. സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് ചെറു മയക്കത്തിലായിരുന്ന സുഹൃത്ത് വാതില്‍ തുറന്നു പുറത്ത് വന്നു. ഒരു വൃദ്ധനും ഒരു സ്ത്രീയും. കാഴ്ചയില്‍ ദാനം ചോദിക്കാന്‍ വന്ന ലക്ഷണമല്ല. കണ്ണില്‍ ഉറക്കച്ചടവ് ബാക്കി നിന്ന സുഹൃത്തിനെ അയാള്‍ കെട്ടിപ്പിടിച്ചു. ‘അന്ന് പട്ടിണി കൊണ്ട് ചെയ്ത് പോയതാണ്, പൊറുക്കണം, മാപ്പാക്കണം…’ എന്നു പറഞ്ഞ് ഉറക്കെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഒപ്പം പ്രായമായ സ്ത്രീയും തേങ്ങാന്‍ തുടങ്ങി. പുറത്തെ ഒച്ചപ്പാട് കേട്ട് അകത്തുനിന്ന് വന്ന സുഹൃത്തിന്റെ മാതാവിനും അത് കണ്ടപ്പോള്‍ കരയാതിരിക്കാനായില്ല. ആ കൂട്ടരെ അവര്‍ക്ക് പരിചയമുണ്ടായിരുന്നു.

‘അന്ന് കട്ടുവിറ്റ ഉണങ്ങിയ അടക്കക്ക് ഇന്നത്തെ വില, അല്ലെങ്കില്‍ പറയുന്ന വില തരാം… പൊരുത്തപ്പെടണം, പൊറുത്ത് തരണം…’ എന്ന് അയാള്‍ വിലപിച്ചു കൊണ്ടേയിരുന്നു!

സുഹൃത്തിന് ആഗതരെയും കുടുംബത്തെയും നേരിയ ഓര്‍മ വന്നു. മൂന്ന് പതിറ്റാണ്ടിനപ്പുറത്തെ കഥയാണ്. അന്ന് സുഹൃത്ത് പച്ച അടക്ക വാങ്ങി ഉണക്കി തോട് കളഞ്ഞ് വില്‍ക്കുന്ന ഒരു ചെറിയ സംരംഭം തുടങ്ങിയിരുന്നു. ഉണങ്ങിയ അടക്കയുടെ തൊലി നീക്കാന്‍ ചില വീടുകളില്‍ എത്തിക്കും. തോട് കളഞ്ഞ പാക്ക് തുക്കി കൂലി കൊടുക്കും. ഒരു കിലോ അടക്ക തോട് കളഞ്ഞാല്‍ രണ്ട് രൂപക്കടുത്തേ അന്ന് കൂലി ഉണ്ടായിരുന്നുള്ളു.

മുന്നില്‍ വന്നുനില്‍ക്കുന്ന വയസ്സായ ആളുടെ വീട്ടിലും അടക്ക തോട് കളയാന്‍ കൊടുക്കാറുണ്ടായിരുന്നു. മുപ്പത് കൊല്ലം മുമ്പ് ദാരിദ്ര്യം കൊണ്ട്, തൊലി കളയാന്‍ കൊടുത്തതില്‍ നിന്ന് രണ്ട് കിലോ അടക്ക എടുത്ത് വിറ്റതിന്റെ കുറ്റബോധം കൊണ്ടാണ് കിലോമീറ്ററുകള്‍ താണ്ടി ആ മനുഷ്യന്‍ ഭാര്യയെയും കൂട്ടി വന്നിരിക്കുന്നത്. ഇന്ന് അയാളുടെ മക്കള്‍ മുതിര്‍ന്നിരിക്കുന്നു. പണിക്ക് പോയി സമ്പാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. പട്ടിണി മാറിയിരിക്കുന്നു. അന്നത്തെ വിലയുടെ എത്ര ഇരട്ടി ചോദിച്ചാലും കൊടുക്കാന്‍ അയാള്‍ക്കിന്ന് ഉണ്ട്. പരലോകത്ത് വെച്ച് തിരിച്ച് ചോദിക്കരുതേ എന്നാണ് അയാളുടെ തേട്ടം. രണ്ട് കിലോ അടക്കയുടെ പേരില്‍ നരകത്തില്‍ പോകരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കുറ്റബോധം ഈ വയസ്സുകാലത്ത് അയാളെ കിലോമീറ്ററുകള്‍  യാത്ര ചെയ്യിച്ചിരിക്കുന്നു.

വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തിയത്, അനര്‍ഹമായി പറ്റിയത്, ഭുജിച്ചത് എത്രയെത്ര  പൊരുത്തപ്പെടുവിക്കാന്‍ ബാക്കി കിടപ്പുണ്ടാവും നമുക്കോരോരുത്തര്‍ക്കും!

പട്ടിണിക്കാരെ ഒരു പാട് കണ്ട, അവരുടെ കണ്ണീരും അവശതയും പരിഹരിക്കാന്‍ വര്‍ഷങ്ങളായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിന് ആ വൃദ്ധന്റെ അവസ്ഥ മറ്റാരെക്കാളും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. സുഹൃത്ത് ആ മനുഷ്യനെ ചേര്‍ത്ത് പിടിച്ച്, ‘കുട്ടികളുടെ പട്ടിണി മാറ്റാന്‍ അല്ലേ, രണ്ട് കിലോ അല്ല, രണ്ട് ചാക്ക് നിറയെ എടുത്തിരുന്നാലും ഞാന്‍ പൊരുത്തപ്പെട്ടിരിക്കുന്നു’ എന്ന് മന്ത്രിച്ചു. സംതൃപ്തമായ മനസ്സോടെ അയാള്‍ യാത്ര പറഞ്ഞു.

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

സാറിന് കഞ്ചാവ് വേണോ..?

സാറിന് കഞ്ചാവ് വേണോ..?

”സാറ് കഞ്ചാവ് കണ്ടിട്ടുണ്ടോ? സാറിന് കഞ്ചാവ് വേണോ…?”

നാലാം ക്ലാസ്സുകാരന്റെ ഈ ചോദ്യം എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു.

20 വര്‍ഷം മുമ്പ് പാലക്കാട് ജില്ലയിലെ  മലയോര ഗോത്രവര്‍ഗ മേഖലയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തില്‍ താല്‍ക്കാലികാധ്യാപകനായി ജോലി നോക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.

നാലാം ക്ലാസ്സിലെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി മദ്യവും മയക്കു മരുന്നും മറ്റു ലഹരി വസ്തുക്കളും മനുഷ്യശരീരത്തെ എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ചും വിവിധതരം ലഹരി വസ്തുക്കളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഒരു പത്തു വയസ്സുകാരന്റെ ഈ ചോദ്യങ്ങളെ നേരിടേണ്ടി വന്നത്.

സ്റ്റാഫ് റൂമില്‍ വെച്ച് കുട്ടിയുമായി ഒറ്റക്ക് നടത്തിയ സൗഹൃദ സംഭാഷണത്തിലൂടെ അവന്‍ പറഞ്ഞതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കി. ആദിവാസി മേഖലയായ ഈ പ്രദേശത്ത് എല്ലാ ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്കും ഉള്‍ക്കാട്ടില്‍ കൃഷി ഉണ്ട്. അപൂര്‍വം ചിലര്‍ കൃഷിയുടെ ഒത്ത നടുവില്‍ രഹസ്യമായി കുറച്ച് കഞ്ചാവും കൃഷി ചെയ്യും. മൂപ്പെത്തിയ കഞ്ചാവ് അവിടെ വെച്ച് തന്നെ വെട്ടി ഉണക്കി വീട്ടില്‍ കൊണ്ടുവന്ന് നീണ്ട, വണ്ണംകൂടിയ മുളങ്കുറ്റികളിലാക്കി വിറകടുപ്പിന്റെ മുകളില്‍ കെട്ടിത്തൂക്കിയിടും. കഞ്ചാവിന്റെ ഓഫ് സീസണായ മഴക്കാലത്ത് കൂടിയ വിലയ്ക്ക് മൊത്തക്കച്ചവടക്കാര്‍ക്ക് വിറ്റ് പണമാക്കും. തന്റെ വീട്ടില്‍ സൂക്ഷിച്ചതില്‍ നിന്നും ഒരു വിഹിതം വേണോ എന്നാണ് വിദ്യാര്‍ഥി എന്നോട് ആത്മാര്‍ഥമായി തന്നെ ചോദിച്ചത്!

ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിച്ചും അവ ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കരുത് എന്ന് ചട്ടം കെട്ടിയും ഞാന്‍ അവനെ ക്ലാസ്സിലേക്ക് പറഞ്ഞയച്ചു.

ഇതേ വര്‍ഷം തന്നെ മധ്യവേനല്‍ അവധിക്കാലത്ത് ഡി.പി.ഇ.പി പദ്ധതിയുടെ ഭാഗമായി ഉള്‍ക്കാട്ടിലെ ഒരു ആദിവാസി ഊര് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. വരിവരിയായി നട്ടുപിടിപ്പിച്ച ഒരാള്‍ പൊക്കത്തിലുള്ള മല്ലിക പോലെയുള്ള ചെടിയെക്കുറിച്ച് അന്വേഷിച്ച ഞാന്‍ അന്ധാളിച്ചു പോയി. എന്റെ ജീവിതത്തിലെ ആദ്യത്തെ കഞ്ചാവ് കാഴ്ച! ‘പരസ്യമായിത്തന്നെ ഇത് നട്ടു പിടിപ്പിക്കാമോ’ എന്നായി ഞാന്‍. ഇവിടുത്തെ ഊരുമൂപ്പന് ഒറ്റമൂലി ചികിത്സയുടെ ഭാഗമായി കഞ്ചാവ് വളര്‍ത്താന്‍ ലൈസന്‍സ് ഉണ്ട് എന്ന മറുപടി എന്നെ അമ്പരപ്പിച്ചു.

വീട്ടുകാരെ കാണിക്കാന്‍ കഞ്ചാവ് ചെടിയുടെ കൊമ്പോ ഉണങ്ങിയ കഞ്ചാവോ സ്‌കൂളില്‍ എത്തിച്ചു തരാമെന്ന സ്‌കൂള്‍ പരിസരവാസികളുടെ വാഗ്ദാനം വാഹന യാത്രക്കിടയില്‍ നടക്കുന്ന അധികാരികാരികളുടെ ആകസ്മിക പരിശോധന ഭയന്ന് ഞാന്‍ നിരസിച്ചിരുന്നു.

ഇതേ സ്‌കൂളിനു സമീപത്തുള്ള, പ്രീ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഒരു ആദിവാസി യുവാവിന്റെ വീട്ടില്‍ നിന്നുമാണ് പൂത്ത് വിളഞ്ഞു നില്‍ക്കുന്ന കഞ്ചാവ് ചെടി കാണാന്‍ ‘ഭാഗ്യം’ ലഭിച്ചത്! വീടിന്റെ തൊട്ടു പിന്നില്‍ ഒന്നരയാള്‍ ഉയരത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന, ഇലകളും പൂക്കളും ശിഖരങ്ങളും കൂടി ഒട്ടിപ്പിടിച്ച് ജടകെട്ടിയ നിലയില്‍ ഒരു മുന്തിയ ഇനത്തില്‍പെട്ട കഞ്ചാവ് ചെടി. പൂത്ത് കഴിഞ്ഞതിനാല്‍ ചെടിക്ക് നല്ല എണ്ണമയം ഉണ്ടായിരുന്നു. പ്രത്യേക സുഗന്ധവും. ഊര് മൂപ്പനും ഒറ്റമൂലി ചികിത്സകനുമായ പിതാവിന് ലൈസന്‍സ് ഉള്ളതിനാല്‍ ഒറ്റുകാരെ അവരും ഭയക്കുന്നില്ല.

അട്ടപ്പാടിയിലേക്കും തിരിച്ചും ഉള്ള യാത്ര മിക്കവാറും ഉറങ്ങിത്തീര്‍ക്കാറാണ് പതിവ്. ബസ് യാത്രക്കിടയില്‍ പരിചയമില്ലാത്തവരില്‍ നിന്നും ബാഗോ സഞ്ചിയോ മറ്റൊ വാങ്ങി പിടിക്കരുത് എന്നത് അട്ടപ്പാടി ഭാഗത്തെ അന്നത്തെ ഒരു പ്രധാന മുന്നറിയിപ്പാണ്. പോലീസിന്റെയും എക്‌സൈസുകാരുടെയും അപ്രതീക്ഷിത പരിശോധന ഉണ്ടാകും. നമ്മുടെ കയ്യിലെ ബാഗില്‍ നിന്നും മദ്യം, കഞ്ചാവ് എന്നിങ്ങനെ നിരോധിത വസ്തുക്കള്‍ പിടിച്ചാല്‍ കേസില്‍ കുടുങ്ങും എന്നത് ഉറപ്പ്. അതിനാല്‍ നന്നായി പരിചയമുള്ളവരുടെ ബാഗ് മാത്രമെ ആരും വാങ്ങി പിടിക്കുകയുള്ളൂ.

ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം. അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്കുള്ള മയില്‍ വാഹനം ബസ് യാത്ര. പതിവുപോലെയുള്ള മയക്കത്തിനിടയില്‍ എന്നെ ആരോ കുലുക്കിയുണര്‍ത്തി. ഒരു കാക്കി യൂണിഫോം ധാരി. സീറ്റിനടിയിലെ കുട്ടിച്ചാക്ക് നിങ്ങളുടേതാണോ എന്ന ചോദ്യം എനിക്ക് സ്ഥലകാല ബോധം സമ്മാനിച്ചു. എന്റെ മടിയിലുള്ള ബാഗ് മാത്രമാണ് എന്റെതായി ഉള്ളതെന്ന സത്യസന്ധമായ മറുപടി പോലീസുകാരന് ബോധ്യപ്പെട്ടതിനാലാകും, പിന്നീട് കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.

പിന്നെയാണ് കാര്യം മനസ്സിലായത്; കഞ്ചാവ് നിറച്ച കുട്ടിച്ചാക്ക് എന്റെ സീറ്റിനടിയില്‍ വെച്ച് കഞ്ചാവ് കടത്തുകാരന്‍ വെറെ ഏതോ സീറ്റില്‍ മാറിയിരിക്കുകയാണ്. ഗാഢനിദ്രയിലാണ്ട ഞാന്‍ അതൊന്നും അറിഞ്ഞില്ല. പരിശോധക സംഘത്തിന് തൊണ്ടിയായി കഞ്ചാവ് കിട്ടി. കടത്തുകാരന്‍ ആരെന്ന് ആര്‍ക്കുമറിയില്ല. അയാള്‍ ബസ്സില്‍ മാറിയിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകുമെന്ന് ഞാന്‍ ഊഹിച്ചു. അന്നു മുതല്‍ ബസ് യാത്രകളില്‍ സീറ്റിനടിയിലെ പരിശോധന ഞാന്‍ ശീലമാക്കി.

കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ കടത്തും പിടിക്കലും ഇന്ന് പത്ര മാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയായിരിക്കുന്നു. ആ വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഈ ലഹരി ഓര്‍മകള്‍ മനസ്സില്‍ ഓടി വരും. ഒപ്പം സ്വന്തം ശരീരത്തെയും ആത്മാവിനെയും സമൂഹത്തെയും കുടുംബത്തെയും നശിപ്പിക്കുന്ന ഈ ലഹരിയുടെ പിന്നാലെ പായുന്ന ബുദ്ധിശൂന്യരെ ഓര്‍ത്ത് സങ്കടവും…

രാജ്യത്തിന്റെ നട്ടെല്ലായി മാറേണ്ട വിദ്യാര്‍ഥി, യുവജനങ്ങളെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന ലഹരിയുടെ ഉപയോഗം ഹൈസ്‌ക്കൂള്‍ തലങ്ങളിലേക്ക് വരെ വ്യാപിച്ചിരിക്കുന്നുവെന്നത് നാം അതീവ ഗൗരവത്തില്‍ എടുക്കണം.

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ജനപ്രതിനിധികളും മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളും മുന്നിട്ടിറങ്ങിയില്ലെങ്കില്‍ പ്രവചിക്കാനാവത്ത ദുരന്തമായിരിക്കും നാം നേരിടേണ്ടി വരിക.

 


സലാം സുറുമ എടത്തനാട്ടുകര
നേർപഥം വാരിക

കുറച്ച് കച്ചവടവും പഠിക്ക് മാഷേ…!

കുറച്ച് കച്ചവടവും പഠിക്ക് മാഷേ...!

സ്ഥലം: എല്‍.പി.സ്‌കൂള്‍ സ്റ്റാഫ് മുറി.

കുറ്റാരോപിതര്‍: നാലാം ക്ലാസ്സിലെ രണ്ട് ആണ്‍തരികള്‍.

കേസ്: സ്‌കൂളില്‍ വെച്ച് മത്സ്യ വില്‍പന നടത്തി.

പരാതിക്കാരന്‍: മത്സ്യം നേരത്തെ ബുക്ക് ചെയ്തിരുന്നുവെങ്കിലും കിട്ടാതെ പോയ നിരാശന്‍.

വിചാരണക്കു പകരം സൗഹൃദ സംഭാഷണം തെരഞ്ഞെടുത്തു ഞാന്‍.

ജൂണ്‍ മാസത്തില്‍ മഴ ചന്നംപിന്നം പെയ്യുന്ന സമയത്ത് മത്സ്യവില്‍പനക്കാരനായ പ്രതിയുടെ അടുത്തുള്ള ചെറിയ തോട്ടില്‍ നിറയെ മുശി (മുയ്യ്), വരാല്‍ (കണ്ണന്‍) തുടങ്ങിയ ഇനത്തില്‍ പെട്ടമീന്‍കുഞ്ഞുങ്ങള്‍ നീന്തിത്തുടിക്കും. അനിയത്തിയുടെ സഹായത്തോടെ ഇവയില്‍ നിന്നും തോര്‍ത്ത് മുണ്ട് കൊണ്ട് കോരിപ്പിടിക്കുന്ന മീന്‍കുഞ്ഞുങ്ങളെ സ്‌കൂളിലെ അവശ്യക്കാര്‍ക്ക് കാശിന് വില്‍ക്കും. മത്സ്യം സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊണ്ടുവരുന്നതിനു പകരം കുപ്പിയിലാക്കി തൊട്ടടുത്തുള്ള റബര്‍ തോട്ടത്തില്‍ ഒളിപ്പിച്ചുവെക്കും. ആവശ്യക്കാരനില്‍ നിന്നും പണം കൈപ്പറ്റിയതിനു ശേഷം കുപ്പി ഒളിപ്പിച്ചു വെച്ച സ്ഥലം പറഞ്ഞു കൊടുക്കും. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മീന്‍കുപ്പി എടുത്ത് പോയ്‌ക്കോളണം. കുപ്പി ഒളിപ്പിക്കുന്ന ഇടങ്ങള്‍ നിത്യവും മാറ്റിക്കൊണ്ടേയിരിക്കും!

പിന്നെ നടന്നത് മത്സ്യം വാങ്ങിയതിന് പിടിക്കപ്പെട്ടവന്റെ മൊഴിയെടുപ്പ്.

മുശി, വരാല്‍ എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് വില്‍പനക്കാരനില്‍ നിന്നും വാങ്ങിയിട്ടുള്ളത്. പരല്‍ മീനിന് വലിയ ഡിമാന്റില്ല.

ഇവനില്‍ നിന്നും വാങ്ങാതെ മത്സ്യം വില്‍ക്കുന്ന പെറ്റ്‌ഷോപ്പില്‍ നിന്നും വാങ്ങിയാല്‍ പോരേ എന്നായി ഞാന്‍.

 മറുപടിക്ക് പകരം ഉശിരന്‍ ചോദ്യം വന്നു അവനില്‍ നിന്നും.

‘സാറിനെന്തറിയാം? ഇവന്റെ ഒരു മത്സ്യക്കുഞ്ഞിന് അഞ്ചു രൂപയേ ഉള്ളൂ. പെറ്റ്‌ഷോപ്പില്‍നിന്നും വാങ്ങുമ്പോള്‍ പതിനഞ്ച് രൂപയെങ്കിലും കൊടുക്കണം. ഇവന് തോട്ടില്‍ നിന്നും വെറുതെ കിട്ടുന്നതാണ് മീന്‍. കച്ചവടത്തിലൂടെ കിട്ടുന്നതൊക്കെ ഇവന് ലാഭം. ഇവനില്‍ നിന്നും അഞ്ച് രൂപക്ക് വാങ്ങിയ മീന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് പത്ത് രൂപക്ക് ഞാന്‍ മറിച്ചു വില്‍ക്കുന്നു. എനിക്കും വാങ്ങുന്നവനും അഞ്ച് രൂപ വെച്ച് ലാഭം. സാറിന് കണക്ക് ‘പഠിപ്പിക്കാന്‍’ മാത്രമേ അറിയൂ.’ ഇത്രയും പറഞ്ഞത് കേട്ട് ഞാന്‍ സ്തബ്ധനായി നില്‍ക്കവെ ഉടന്‍ വന്നു ഒരു സൗജന്യ ഉപദേശവും: ‘കുറച്ചൊക്കെ കച്ചവടവും പഠിക്കണമെന്റെ സാറേ.’

പകച്ചു പോയി ഞാന്‍ എന്ന് പ്രതേ്യകം പറയേണ്ടതില്ലല്ലോ. അവനില്‍ ഭാവിയിലെ വലിയൊരു ബിസിനസ്സുകാരനെ ഞാന്‍ ഭാവനയില്‍ കണ്ടു.

ഇപ്പോഴത്തെ വിദ്യാര്‍ഥി തലമുറ മുന്‍ഗാമികളെ പോലെയല്ല. ഇവര്‍ ഏറെ മാറിയിരിക്കുന്നു. സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളും ആരുടെ മുമ്പിലും വെട്ടിത്തുറന്ന് പറയുന്നതില്‍ ആവര്‍ ആരെയും ഭയക്കുന്നില്ല.

പ്രായം കൊണ്ട് ‘ചെറുതാണെങ്കിലും’ വിദ്യാലയങ്ങളിലെ പാഠ്യ, പാഠ്യാനുബന്ധ, പാഠ്യേതര വിഷയങ്ങളുടെ നവീനത കൊണ്ടും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും അടക്കമുള്ള ആധുനിക സൗകരൃങ്ങളുടെ ഉപയോഗത്താലും മാനസികമായും ശാരീരികമായും അവര്‍ ഏറെ ‘മുതിര്‍ന്നവരായിരിക്കുന്നു.’ അവരോട് നോക്കിയും കണ്ടുമൊക്കെ ഇടപെട്ടാല്‍ നന്ന്!

അവര്‍ വഴിതെറ്റാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ വികലവും അപക്വവുമായ പെരുമാറ്റം അവരെ നിഷേധികളാക്കി മാറ്റുമെന്ന് നാം തിരിച്ചറിയുകയും ചെയ്യുക.

 


സലാം സുറുമ എടത്തനാട്ടുകര
നേർപഥം വാരിക

അലമാരയിലെ നിറംമങ്ങാത്ത വസ്ത്രങ്ങള്‍

അലമാരയിലെ നിറംമങ്ങാത്ത വസ്ത്രങ്ങള്‍

”നീ ഈ വര്‍ഷത്തെ എന്‍.എസ്.എസ് ക്യാമ്പിന്നുപേര് കൊടുക്കുന്നില്ലേ?”

ചോദ്യം കേട്ട ആത്മസുഹൃത്തിന്റെ മുഖം വാടുന്നത് ഞാന്‍ ശ്രദ്ധിച്ചു. മറ്റു സുഹൃത്തുക്കള്‍ ക്ലാസ്സില്‍ ഒപ്പം ഉള്ളതിനാല്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് ഞാന്‍ കടന്നില്ല. ഉച്ചസമയത്തെ ഇടവേളയില്‍ നമസ്‌കാരത്തിന്നുക്യാമ്പസ് പള്ളിയില്‍ പോകുന്ന വഴിക്ക് അവന്‍ കാര്യങ്ങള്‍ തുറന്ന് സംസാരിച്ചു.

25 വര്‍ഷംമുമ്പ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണീ സംഭവം. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുനുകീഴില്‍ സംഘടിപ്പിക്കുന്ന പതിനഞ്ച് ദിവസത്തെ കമ്യൂണിറ്റി ലീവിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്ന ക്യാമ്പ് അംഗങ്ങള്‍ മുഴുവന്‍ ദിനരാത്രങ്ങളിലും ക്യാമ്പ് സ്ഥലത്ത് തന്നെ താമസിക്കണം. ഒരു ദിവസം പോലും വീട്ടിലേക്ക് വിടില്ല. വസ്ത്രം അലക്കാനും ഉണക്കാനുമൊന്നും അവിടെ സൗകര്യമുണ്ടാകില്ല. അതിനാല്‍ പതിനഞ്ച് ദിവസത്തിന് ആവശ്യമായ വസ്ത്രം നിര്‍ബന്ധമായും കരുതണം. സുഹൃത്തിനാകട്ടെ മൂന്ന് കൂട്ടം ഡ്രസ്സ് പോലും തികച്ചില്ല. നല്ല ഒരു ലുങ്കി പോലും ഇല്ലെന്ന് സങ്കടത്തോടെ അവന്‍ പറഞ്ഞു.

അവന്റെ ചെറുപ്പത്തിലേ പിതാവ് മരിച്ചതാണ്.  ഉമ്മ കൂലിവേല ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ് അവന്റെയും രണ്ട് സഹോദരിമാരുടെയും പഠനം മുന്നോട്ടു പോകുന്നത് എന്ന് ഞാന്‍ അപ്പോഴാണറിയുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ വലിയ ആഗ്രഹമുണ്ടെങ്കിലും മാറ്റിയുടുക്കാന്‍ ആവശ്യത്തിന് വസ്ത്രമില്ലാത്തതിനാല്‍ അവന്‍ ക്യാമ്പില്‍നുവന്നില്ല.

ക്യാമ്പിന് എന്റെ പേര് കൊടുക്കാന്‍ സുഹൃത്ത് സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടു. എന്റെ സാഹചരൃം അവനെ സഹായിക്കാന്‍ മാത്രം പര്യാപ്തമായിരുന്നില്ല. ഞങ്ങള്‍ രണ്ട് പേരും ക്യാമ്പിന് പോകേണ്ടെന്ന് തീരുമാനമെടുത്തു.

രണ്ട് വര്‍ഷം കഴിഞ്ഞ് ടി.ടി.സിക്ക് പഠിക്കുമ്പോള്‍ പതിനഞ്ച് ദിവസത്തെ കമ്യൂണിറ്റി ലീവിംഗ് ക്യാമ്പില്‍ പങ്കെടുത്ത് ഞാന്‍ പഴയ നഷ്ടസങ്കടം തീര്‍ത്തു. ബി.എഡ് പഠനകാലത്ത് അവനും ഒരു ക്യാമ്പ് ഒത്തുവെന്ന് പിന്നീടറിഞ്ഞു.

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞ് നാട്ടിലെ സലഫി സെന്ററിനു കീഴില്‍ബീഹാര്‍ പോലുള്ള അന്യ സംസ്ഥാനങ്ങളിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി കീറാത്തതും നിറം മങ്ങാത്തതുമായ ഉപയോഗിച്ച വസ്ത്രങ്ങളുടെ ശേഖരണം ആരംഭിച്ചപ്പോള്‍ എന്റെ മനസ്സില്‍ കോളേജ് കാലത്തെ ആ പഴയ സുഹൃത്തിന്റെ മുഖം ഓടിയെത്തി. രണ്ട്’നാഷണല്‍ പെര്‍മിറ്റ് ലോറി’കൡ കൊള്ളാവുന്നത്ര വസ്ത്രങ്ങള്‍ ആ വര്‍ഷം ശേഖരിച്ച് അയച്ചുകൊടുക്കുന്നതില്‍ പങ്കാളിയായത് ഓര്‍ക്കുമ്പോള്‍ ഇന്നും നിറഞ്ഞ സന്തോഷം.

മലപ്പുറം പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഷെല്‍ട്ടര്‍ ഇന്ത്യ’യുടെ ഡ്രസ്സ്ബാങ്ക് വിഭാഗവുമായി സഹകരിച്ച്, ഞാന്‍ ജോലി ചെയ്തിരുന്ന എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്‌കൂളില്‍ നിന്നും 2017 മുതല്‍ മുന്ന് വര്‍ഷം തുടര്‍ച്ചയായി പഴയതും പുതിയതുമായ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ പ്രചോദനമായതും ആ പഴയ കോളേജ് അനുഭവം തന്നെയായിരുന്നു.

കടയില്‍ നിന്നും വാങ്ങിയിട്ട് ഒരിക്കല്‍പോലും ഉടുത്തിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള ഒന്നേകാല്‍ ടണ്‍ വസ്ത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം മൂച്ചിക്കല്‍ സ്‌കൂളിനു കീഴില്‍ ശേഖരിച്ച് ഷെല്‍ട്ടര്‍ ഇന്ത്യക്ക് കൈമാറിയത്. പഴയ ആ സുഹൃത്തിനെപ്പോലെയോ അതിനെക്കാള്‍ അധികമായോ വസ്ത്ര ദാരിദ്ര്യം അനുഭവിക്കുന്ന ആയിരങ്ങള്‍ ആയിരുന്നു ഓരോ വസ്ത്രവുംപായ്ക്ക് ചെയ്യുമ്പോള്‍ മനസ്സു നിറയെ.

ഡ്രസ്സ്‌കോഡിന്നുചേരാത്തതിനാലോ ഫാഷന്‍ മാറിയതിന്റെ പേരിലോ ഒക്കെ പുതുപുത്തന്‍ വസ്ത്രങ്ങള്‍വരെ ഒഴിവാക്കുന്ന ഇന്നത്തെ പുതുതലമുറ മാറിയുടുക്കാന്‍ വസ്ത്രമില്ലാതെ വിഷമിക്കുന്ന ജനലക്ഷങ്ങളെ ഓര്‍ക്കേണ്ടതുണ്ട്. അലമാരയിലും മറ്റും സ്ഥലം മുടക്കി കിടക്കുന്ന ഈ ഉപയോഗിച്ച വസ്ത്രങ്ങള്‍കൈമാറിഇല്ലാത്തവരെ  ഉടുപ്പിക്കാക്കുള്ള പദ്ധതികള്‍ക്ക് സര്‍വരും കൈത്താങ്ങേകണം.

 


സലാം സുറുമ എടത്തനാട്ടുകര
നേർപഥം വാരിക

അവധിക്കാലത്തും ക്ലാസ്സ് വെക്കാമോ സാറേ?

അവധിക്കാലത്തും ക്ലാസ്സ് വെക്കാമോ സാറേ?

‘പത്തുദിവസത്തെ അവധിക്കാലത്തും സ്‌കൂളില്‍ ക്ലാസ്സ് വെക്കാന്‍ പറ്റുമോ സാറേ?”

അവധികള്‍ക്കായി കാത്തിരിക്കുന്ന കുഞ്ഞുമനസ്സുകള്‍ക്കിടയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഈ ആവശ്യം ക്ലാസ്സിലെ എല്ലാവരെയുംആശ്ചര്യപ്പെടുത്തി.

പാലക്കാട് ജില്ലയിലെ ഒരുരുഗോത്രവര്‍ഗമേഖലയില്‍ അധ്യാപന ജോലി ആരംഭിച്ച കാലത്താണ് ഈ സംഭവം നടക്കുന്നത്. ഒന്നാം പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞ ശേഷം ‘ഇനിപത്തുദിവസം സ്‌കൂളിന് അവധിയായിരിക്കും’ എന്ന അറിയിപ്പ് ക്ലാസ്സില്‍ വായിച്ചപ്പോഴാണ് ഒരു നാലാം ക്ലാസ്സുകാരന്‍ ഈ ആവശ്യം ഉന്നയിച്ചത്. പഠന വിഷയങ്ങളില്‍ വലിയ താല്‍പര്യമൊന്നും കാണിക്കാത്ത അവന്റെ ഈ ആവശ്യം ഞാന്‍ ഒരു കേസ് സ്റ്റഡിക്ക് വിധേയമാക്കി.

നൂറില്‍ താഴെ എണ്ണം മാത്രം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തിയാണ് ഉച്ചഭക്ഷണം വിളമ്പിയിരുന്നത്. ഉച്ചഭക്ഷണം വിളമ്പിത്തുടങ്ങുന്ന അറ്റത്തു വന്നിരിന്ന് ആദ്യം തന്നെ ഈ കുട്ടി അവന്റെ വലിയപ്ലേറ്റ് നിറയെ ഭക്ഷണം വാങ്ങും. എല്ലാവര്‍ക്കും വിളമ്പിക്കഴിയുമ്പോഴേക്കും പ്ലേറ്റിലെ ഭക്ഷണം തുടച്ച് കഴിച്ച് വീണ്ടും ഒരു പ്ലേറ്റ് ഭക്ഷണം കൂടി വാങ്ങി മാറിയിരുന്ന് ആസ്വദിച്ച് കഴിക്കുന്ന അവനെയും അവന്റെ അനിയത്തിയെയും ഉച്ചക്കഞ്ഞി വിളമ്പുന്ന എല്ലാ അധ്യാപകരും പ്രത്യേകം പരിഗണിച്ചിരുന്നു.  

ഉച്ചഭക്ഷണം കഴിച്ച് അവരുമായി ഒറ്റക്ക് ക്ലാസ്സില്‍ ഇരുന്ന് വിശദമായി സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്.

അവരുടെ അമ്മ മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. മദ്യപാനിയായ പിതാവിന് മക്കളുടെ കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നുമില്ല. രാവിലെ വീട്ടില്‍ വെറും കട്ടന്‍ചായ മാത്രം ഉണ്ടാക്കും. പലഹാരമൊന്നും ഉണ്ടാക്കാറേയില്ല. രാത്രിയില്‍ കഞ്ഞി വെച്ച് കുടിക്കും. അച്ചാറോ ചമ്മന്തിയോ ആണ് പതിവ് കൂട്ടാന്‍. സ്‌കൂളില്‍ നിന്നും കഴിക്കുന്ന ഉച്ചക്കഞ്ഞിയാണ് അവരുടെ പ്രധാന ഭക്ഷണം.

സ്‌കൂള്‍ അവധി ദിവസങ്ങളില്‍ അയല്‍വാസികള്‍ കനിഞ്ഞില്ലെങ്കില്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഉച്ചപ്പട്ടിണിയായിരിക്കും. ശനിയും ഞായറും വയറു നിറക്കാന്‍ പാടുപെടുന്ന ഇവര്‍ക്ക് പത്തുദിവസം സ്‌കൂളില്‍ പോകാതെ തള്ളിനീക്കുന്നത് ആലോചിക്കാനേ വയ്യ. അത് ഓര്‍ത്തപ്പോഴാണ് അവന്‍ ഓണാവധിക്കും സ്‌കൂള്‍ നടത്താന്‍ പറ്റുമോ എന്ന് മനസ്സില്‍ തട്ടിത്തന്നെ ചോദിച്ചത്.

സ്‌കൂളിനടുത്തുള്ള, സ്ഥലം വാര്‍ഡ് മെംബറുമായിആലോചിച്ച് അവര്‍ക്ക് അവധി ദിവസങ്ങളില്‍ പട്ടിണി ഒഴിവാക്കാനുള്ള സംവിധാനം ഒരുക്കി.

സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി മാറ്റി ചോറ്’ആക്കിയപ്പോഴും പാല്‍, മുട്ട എന്നിവയുടെ വിതരണം ആരംഭിച്ചപ്പോഴും പ്രഭാതഭക്ഷണ സംവിധാനം നടപ്പിലാക്കിയപ്പോഴും രണ്ട് മാസത്തെ വേനലവധിക്കാലത്ത് ഉപയോഗിക്കാനായി ഓരോ വിദ്യാര്‍ഥിക്കും അഞ്ച് കിലോഗ്രാം വീതം അരി വിതരണം ചെയ്തപ്പോഴും എനിക്ക് ഓര്‍മ വന്നത് ഈ വിദ്യാര്‍ഥിയെയായിരുന്നു.

വിഭവങ്ങള്‍ കുറഞ്ഞുപോയി, ഭക്ഷണത്തിന് ചൂടില്ല, എരിവ് കൂടിപ്പോയി, വിളമ്പിയപാത്രങ്ങള്‍ക്ക് ഭംഗിയില്ല തുടങ്ങിയ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഭക്ഷണം തട്ടിക്കളയുന്നവരും വീടുകളിലും വിവാഹപാര്‍ട്ടികളിലും സല്‍ക്കാര വേളകളിലും മറ്റും നിരവധി പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം പാഴാക്കിക്കളയുന്നവരുമൊക്കെ ആ നാലാം ക്ലാസ്സുകാരന്റെ ഈ വാക്കുകള്‍ കൂടി ഓര്‍മയില്‍ സൂക്ഷിക്കണം:”വെയിലും മഴയും ചൂടും തണുപ്പുമൊക്കെ സഹിക്കാം. പക്ഷേ, വിശപ്പ് സഹിക്കാന്‍ കഴിയില്ല സാറേ…’

 


സലാം സുറുമ എടത്തനാട്ടുകര
നേർപഥം വാരിക

വെറുപ്പിന്റെ കാലത്ത് ഓര്‍ക്കാനൊരു സ്‌നേഹത്തിന്റെ നോമ്പുതുറ

വെറുപ്പിന്റെ കാലത്ത് ഓര്‍ക്കാനൊരു സ്‌നേഹത്തിന്റെ നോമ്പുതുറ

‘മാഷേ, നാളേ എന്റെ വീട്ടിലേക്ക് നോമ്പ് തുറക്കാന്‍ വരണം.’

അട്ടപ്പാടിയിലെ കുടിയേറ്റ കര്‍ഷകനായ ശശിയേട്ടന്റെ ആ ക്ഷണം ഇന്നും എന്റെ മനസ്സില്‍ പച്ച പിടിച്ചു കിടക്കുന്നു.

വര്‍ഷം1998. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ ഡിഗ്രി രണ്ടാം വര്‍ഷ പഠനം നടക്കുന്നതിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനത്തിലൂടെ അട്ടപ്പാടി കാരറ ഗവ. എല്‍.പി.സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഈ നോമ്പുതുറ ക്ഷണം ലഭിച്ചത്.

മണ്ണാര്‍ക്കാട് ആനക്കട്ടി റൂട്ടില്‍ ഗൂളിക്കടവില്‍ നിന്നും ഏഴ് കിലോ മീറ്റര്‍ അകലെയുള്ള കാരറയെന്ന കുടിയേറ്റ പ്രദേശത്ത് രണ്ട് മുസ്‌ലിം കുടുംബം മാത്രമാണ് അന്നുള്ളത്. ജുമുഅയില്‍ പങ്കെടുക്കണമെങ്കില്‍ 9 കിലോമീറ്റര്‍ അകലെയുള്ള അഗളിയില്‍ എത്തണം. ബാങ്ക് വിളി കേള്‍ക്കാന്‍ പോലും കൊതിച്ചു പോകും. കാരറയില്‍ എത്തിയപ്പഴേ ഇപ്രാവശ്യത്തെ നോമ്പ് വലിയ പരീക്ഷണം ആയിരിക്കുമെന്ന് ബോധ്യപ്പെട്ടു.

എടത്തനാട്ടുകരയില്‍ നിന്നും കാരറയിലേക്ക് മൂന്നര മണിക്കൂറിലേറെ യാത്രാദൂരം ഉണ്ട്. യാത്രാ സൗകര്യങ്ങളും കുറവ്. തിങ്കളാഴ്ച ചുരം കയറി വെള്ളിയാഴ്ച വരെ സ്‌കൂളിനടുത്ത് തന്നെ തന്നെ താമസിക്കുകയായിരുന്നു പതിവ്. കൂട്ടിന് മണ്ണാര്‍ക്കാട് പുല്ലുവായില്‍കുന്ന് സ്വദേശിയായ പ്രധാനാധ്യാപകന്‍ കൃഷ്ണന്‍ കുട്ടി മാഷും കാരറ പോസ്‌റ്റോഫീസിലെ പോസ്റ്റ്മാനായ തച്ചമ്പാറ മുതുകുര്‍ശ്ശി സ്വദേശി രാമചന്ദ്രനും ഉണ്ടായിരുന്നു. സ്‌കൂളിന് മുന്‍പിലുള്ള വാസുവേട്ടന്റെ ചായക്കടയില്‍ നിന്നുമാണ് അഞ്ചു നേരവും ഭക്ഷണം കഴിച്ചിരുന്നത്. ശമ്പളം കിട്ടുമ്പോള്‍ പറ്റു തീര്‍ത്തു കൊടുക്കും.

റമദാന്‍ അടുത്തു. അത്താഴവും നോമ്പ് തുറയും എല്ലാം അവതാളത്തിലാകും എന്ന പൂര്‍ണ ബോധ്യത്തോടെ തന്നെ നോമ്പിനെ സ്വീകരിച്ചു. നേന്ത്രപ്പഴവും വെള്ളവും കൊണ്ട് അത്താഴം ഒപ്പിച്ചു. നോമ്പ് തുറക്കാന്‍ വാസുവേട്ടന്റെ കടയില്‍ നിന്നും ചായയും ചൂട് ബോണ്ടയും തന്നെ ശരണം. രാത്രിയില്‍ കഴിക്കുന്ന കഞ്ഞിയും ചോറും അല്ലാത്ത ‘ചൊറിഞ്ഞി’ എന്ന് ഞങ്ങള്‍ പേരിട്ട ഭക്ഷണവും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

രണ്ട് ദിവസം തുടര്‍ച്ചയായി പകല്‍ സമയത്ത് ഭക്ഷണം കഴിക്കാന്‍ ചെല്ലാത്തതിന്റെ കാരണം തിരക്കിയ വാസുവേട്ടന്റെ ഭാര്യ കൗസല്യ ചേച്ചി അപ്പോഴാണ് നോമ്പിന്റെ കാര്യം അറിഞ്ഞത്. ഹോട്ടലിലെ സഹായിയായ പയ്യനെ വിട്ട് എന്നെ വിളിപ്പിച്ചു. നോമ്പിന്റെ കാര്യം മുന്‍കൂട്ടി പറയാത്തതിന് ചെറിയ രൂപത്തില്‍ വഴക്ക് പറഞ്ഞു.

നോമ്പ് തുറക്ക് പ്രത്യേക വിഭവങ്ങള്‍ ഒന്നും ഉണ്ടാവില്ല. നല്ല ചൂടു ചായയും ബോണ്ടയും നെയ്യപ്പവും ഉണ്ടാകും. അതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. രാത്രി എട്ടരക്ക് വിളമ്പുന്ന ‘ചൊറിഞ്ഞി’ ഏഴര മണിയോടെ തന്നെ തരാം എന്നും പറഞ്ഞു.

പുലര്‍ച്ചെ നാലര മണിക്ക് എണീറ്റ് എനിക്ക് മാത്രമായി ചൂടു ദോശയും ചട്‌നിയും കട്ടന്‍ ചായയും ഉണ്ടാക്കിത്തരാം എന്ന ഓഫര്‍ എന്റെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ചു.

നോമ്പ് മൂന്നാമത്തെ പത്തില്‍ എത്തിയപ്പോഴാണ് തറപ്പേല്‍ ശശിയേട്ടന്റെ നോമ്പ് തുറക്കുള്ള ക്ഷണം ലഭിച്ചത്. പ്രധാനാധ്യാപകന്‍ കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍, പോസ്റ്റ്മാന്‍ രാമചന്ദ്രന്‍, കാരറയിലെ സുഹൃത്തുക്കളായ ബിജു, ഷാജി എന്നിവരെയും ശശിയേട്ടന്‍ നോമ്പ് തുറക്കായി ക്ഷണിച്ചിരുന്നു.

എല്ലാവര്‍ക്കുമൊപ്പം ഒന്നര കിലോ മീറ്ററോളം നടന്ന് ശശിയേട്ടന്റെ വീട്ടിലെത്തി. തെക്ക് ഭാഗത്ത് നിന്നുള്ള കുടിയേറ്റ കര്‍ഷകനായ ശശിയേട്ടന്റെ വീടര്‍ക്ക് ഇറച്ചിയും പത്തിരിയും ഒന്നും ഉണ്ടാക്കാന്‍ അറിയില്ല എന്ന് ക്ഷണിക്കുന്ന സമയത്തു തന്നെ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു.

തണുത്ത പച്ചവെള്ളം,  നാടന്‍ പേരയ്ക്ക, വായില്‍ ഇട്ടാല്‍ അലിഞ്ഞു പോകുന്ന രൂപത്തിലുള്ള വെന്തുടഞ്ഞ കപ്പ, പുഴുങ്ങിയ കാച്ചില്‍ (കാവത്ത്), തൊട്ടുകൂട്ടാന്‍ വെളിച്ചെണ്ണയൊഴിച്ച, പാകത്തിന് എരിവുള്ള രസികന്‍ ഉള്ളിച്ചമ്മന്തി എന്നിവയാണ് നോമ്പ് തുറ വിഭവങ്ങള്‍. കൂട്ടിന് ആവി പറക്കുന്ന കട്ടന്‍ കാപ്പിയും. വിഭവങ്ങള്‍ എല്ലാവരും ആസ്വദിച്ച് കഴിച്ചു.

എല്ലാറ്റിനും നന്ദി പറഞ്ഞ്, കൈ കൊടുത്ത് വീട്ടില്‍ നിന്നിറങ്ങുമ്പാള്‍ ഒരു വിശ്വാസിയെ നോമ്പ് തുറപ്പിച്ചതില്‍ ശശിയേട്ടന്റെ മുഖത്ത് കണ്ട സന്തോഷവും സംതൃപ്തിയും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

തീന്‍മേശ നിറയെ വിഭവങ്ങള്‍ നിരന്ന ഒരുപാട് ഇഫ്താര്‍ പാര്‍ട്ടികളില്‍ പില്‍ക്കാലത്ത് പങ്കെടുത്തിട്ടുണ്ടെങ്കിലും ശശിയേട്ടന്റെ ഈ നോമ്പ് തുറയുടെ അത്രക്കൊന്നും ആസ്വാദനം വന്നിട്ടില്ല മറ്റൊരു നോമ്പു തുറക്കും.

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യ സൗഹാര്‍ദത്തിന് വിലകല്‍പിക്കാത്തവര്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത്, അവനവന്റെ മതത്തിലും ജാതിയിലും പെട്ടവരോട് മാത്രം കൂട്ടുകൂടാനും ക്രയവിക്രയങ്ങള്‍ നടത്താനും കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെ നെരിപ്പോടുകള്‍ കത്തിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സ്വന്തം മതത്തിന്റെ ആദര്‍ശം മുറുകെ പിടിച്ചുകൊണ്ട് തന്നെ മറ്റുള്ളവരെ ആദരിക്കാനും സ്‌നേഹിക്കാനും തയ്യാറായ സുഹൃത്തിന്റെ കുടുംബത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ വല്ലാത്ത ഒരു സന്തോഷം മനസ്സില്‍ കൊണ്ടുവരുന്നു; ഇപ്പോഴും.

സലാം സുറുമ
നേർപഥം വാരിക

വിയര്‍പ്പുമണമുള്ള പണം

വിയര്‍പ്പുമണമുള്ള പണം

നല്ലപാതിയുടെ അടുത്ത കുടുംബത്തിലൊരു കല്യാണം. ഉള്ള വസ്ത്രങ്ങള്‍ പോരാ, പുതിയത് വേണമെന്ന് നിര്‍ബന്ധം. ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരനാകേണ്ടയെന്ന് ഞാനും!

അടുത്ത ടൗണില്‍ പോയി, മാളില്‍ നിന്ന് എനിക്കും രണ്ട് മക്കള്‍ക്കും ഓരോ ഷര്‍ട്ട് വാങ്ങി. ബ്രാന്റഡ് ഐറ്റം ആയത് കൊണ്ട് വില തീരെ കുറവായിരുന്നില്ല. കുപ്പായ സഞ്ചിയുമായി പുറത്തിറങ്ങി. മാളിലെ ചില കടകളില്‍ കയറിയിറങ്ങാന്‍ ആവശ്യമുണ്ടാക്കി ഭാര്യ പതിവ് പരിപാടി തുടങ്ങി. മാളിന്റെ നടുത്തളത്തിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ കുറെ നേരം കളഞ്ഞു. പിന്നീട് കുറച്ച് നേരം അങ്ങുമിങ്ങും നടന്നു ഞാന്‍. പിന്നെ മക്കള്‍ കുറച്ച് നേരമവിടെയിരുന്ന് വര്‍ത്തമാനം പറഞ്ഞു.

കടകള്‍ കയറിയിറങ്ങി അവരെത്തിയതോടെ ധൃതിയില്‍ കാറോട്ടിച്ച് രാത്രി വീട്ടിലെത്തി. പുതുവസ്ത്രങ്ങള്‍ ഒന്ന് കാണണമെന്ന തോന്നല്‍ സ്വാഭാവികം. എന്നാല്‍ വസ്ത്ര സഞ്ചിമാത്രമില്ല! അത് എവിടെയോ വെച്ച് മറന്നിരിക്കുന്നു. മാളിലെ നടുത്തളത്തിലെ സീറ്റിനരികിലായിരിക്കുമതെന്ന് ഓര്‍ത്തു. മകന്‍ ഒരു രസത്തിനെടുത്ത മൊബൈല്‍ ഫോട്ടോ അത് സത്യപ്പെടുത്തുകയും ചെയ്തു. രോഷവും സങ്കടവും പതഞ്ഞുയര്‍ന്നു. ബാഗ് മറന്നതിന് ഭാര്യയെയും മക്കളെയും ചീത്ത പറയാതിരിക്കാനും കഴിഞ്ഞില്ല.

നിരവധിയാളുകള്‍ കയറിയിറങ്ങുന്ന മാളില്‍നിന്ന് ഇനി അതെങ്ങനെ കിട്ടാനാണ്? ബില്ലിന്‍ നിന്ന് ഫോണ്‍ നമ്പര്‍ കണ്ടെത്തി കടയില്‍ വിളിച്ചു. ഫോണെടുത്തില്ല, കടയടച്ചിട്ടുണ്ടാകും. കടയുടമയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ സ്വിച്ചോഫ്!

ടൗണിനടുത്ത സുഹൃത്തിനെ രാത്രി വിളിച്ചുണര്‍ത്തി ഏതാനും കിലോമീറ്റര്‍ ബൈക്ക്‌യാത്ര ചെയ്യിച്ച് മാളിലെ സെക്യൂരിറ്റിക്കാരനെ സ്വാധീനിച്ച് അകത്ത് കയറി തിരഞ്ഞെങ്കിലും വച്ചിടത്ത് വസ്ത്രസഞ്ചിയില്ല.

ദേഷ്യവും നിരാശവും ബാക്കിയായി. എന്തായാലും കല്യാണത്തിന് ഇനി പുതിയ വസ്ത്രം വാങ്ങില്ലെന്ന് വീട്ടില്‍ പ്രസ്താവനയിറക്കി.

പിറ്റേന്നൊരു ഫോണ്‍; കടയുടമയുടേതാണ്. കടയടച്ച് സ്റ്റാഫ് പുറത്തിറങ്ങിയപ്പോള്‍ ബാഗ് കണ്ടെന്നും അത് കടയില്‍ സുരക്ഷിതമാണെന്നുമായിരുന്നു അറിയിപ്പ്. അദ്ദേഹം സംസ്ഥാനത്തിന് പുറത്ത് ബിസിനസ് ആവശ്യത്തിലാണെന്നും രാത്രി വൈകിയത് കൊണ്ടാണ് അറിയിക്കാതിരുന്നതെന്നും കൂടി പറഞ്ഞു. ഞാന്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതിരുന്നത് ബാറ്ററി തീര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയത് കൊണ്ടാണെന്നും വ്യക്തമായി. റബ്ബിനെ സ്തുതിച്ചു ഞാന്‍. അധ്വാനത്തിലൂടെ സമ്പാദിച്ചത് നഷ്ടമാവില്ലെന്നും മനസ്സിലുറപ്പിച്ചു.

കുട്ടിക്കാലത്തെ സമാനമായൊരു കാര്യം എനിക്ക് ഓര്‍മിക്കാതിരിക്കാനായില്ല. മണിക്കൂറിലേറെ കാത്ത് നിന്നാണ് റേഷന്‍ കടയില്‍ നിന്ന് അരി കിട്ടിയത്. സന്തത സഹചാരിയായ ചക്രവണ്ടിയോടിച്ച് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് വേഗത്തില്‍ മടങ്ങി. നാല് പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള കാര്യമാണ്. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഞാന്‍ അരിസഞ്ചി തലയില്‍ വെച്ച് ബാക്കി രണ്ട് രൂപയും ചില്ലറയും റേഷന്‍ കടയിലെ ബില്ലിനൊപ്പം ചുരുട്ടി വള്ളിട്രൗസറിന്റെ കീശയിലിട്ടിട്ടാണ് യാത്ര. വീട്ടിലെത്തി നോക്കുമ്പോള്‍ കീശയില്‍ നോട്ടില്ല. ഉമ്മയില്‍ നിന്ന് കണക്കിന് ചീത്ത കേട്ടു. ഉപ്പ വന്നാല്‍ അടികിട്ടുമെന്ന പേടിയില്‍ വിറച്ചാണ് കാത്തിരുന്നത്. അന്ന് രണ്ട് രൂപ ചെറിയ നോട്ടായിരുന്നില്ല!

വാപ്പ വീട്ടിലെത്തി കാര്യമറിഞ്ഞെങ്കിലും കനം കുറഞ്ഞ ചീത്തക്കും കുറച്ച് നേരത്തെ തുറിച്ച് നോട്ടത്തിനുമപ്പുറം കാര്യമായൊന്നും ഉണ്ടായില്ല. വേഗം റേഷന്‍ കടയില്‍ പോയി പൈസ വാങ്ങിവരാന്‍ ആജ്ഞ ലഭിച്ചു. കേട്ട മാത്രയില്‍ ഞാന്‍ കടയിലേക്ക് ഓടി, ചക്രവണ്ടി കൂടാതെ.

വൈകുന്നേരം ലോഡിംഗ് പണികഴിഞ്ഞ് വാപ്പയും കൂട്ടുകാരും മടങ്ങും വഴി നോട്ട് കാണുകയും റേഷന്‍ കടയിലെ ബില്ല് കൂടെയുള്ളത് കൊണ്ട് അവിടെ ഏല്‍പിക്കുകയുമാണ് ചെയ്തിരുന്നത്.

‘വിയര്‍പ്പൊഴുക്കി അധ്വാനിച്ച് സമ്പാദിച്ച പണമാണ്. അത് നഷ്ടപ്പെടില്ല’ എന്ന വാപ്പയുടെ അന്നേരത്തെ ആത്മഗതം ഇന്നും ഒാര്‍ത്തുപോകുന്നു

 

ഇബ്‌നു അലി എടത്തനാട്ടുകര
നേർപഥം വാരിക

കറവ വറ്റിയ പശു

കറവ വറ്റിയ പശു

ഗള്‍ഫില്‍ മധ്യവേനലവധിക്ക് സ്‌കൂളുകള്‍ അടക്കുമ്പോള്‍ നാട്ടിലേക്ക് പോകാനുള്ള തിരക്കിലായിരിക്കും. മുന്‍കൂട്ടിയെടുത്ത് ഭദ്രമായി സൂക്ഷിച്ചുവെച്ച വിമാന ടിക്കറ്റ് ഒന്നുകൂടി എടുത്ത് ദിവസവും സമയവും നോക്കി വെക്കും. ഈ വര്‍ഷം കാര്യമായൊന്നും വാങ്ങുന്നില്ല. എത്ര വാങ്ങിയാലും വീതിച്ചു നല്‍കുമ്പോള്‍ ആര്‍ക്കും കാര്യമായൊന്നും ലഭിക്കില്ല. പിന്നെ വെറുതെ ടിക്കറ്റില്‍ കൂടെ കൊണ്ടുപോകാന്‍ അനുവദിച്ച ലഗേജിലും കൂടുതല്‍ വാങ്ങി വെറുതെ പണം അടക്കേണ്ടല്ലോ.

 ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് വര്‍ഷമായി കണക്ഷന്‍ ഫ്‌ളൈറ്റുകളായ ഇത്തിഹാദ്, ഒമാന്‍ എയര്‍വെയ്‌സ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങളില്‍ മുപ്പത് കിലോ മാത്രമെ ലഗേജ് അനുവദിക്കുകയുള്ളൂ. അവയ്ക്കാണെങ്കില്‍ വേനലവധി സീസണില്‍ ഭയങ്കര ചാര്‍ജുമാണ്. തിരക്കുള്ള സമയമായതിനാല്‍ പരമാവധി യാത്രികരെ ചൂഷണം ചെയ്യുന്ന ഏര്‍പ്പാടാണത്. എങ്ങനെയൊക്കെയാണെങ്കിലും അനുവദിച്ച ലഗേജ് എത്രയാണെന്ന് അറിവുണ്ടെങ്കിലും രണ്ടു കിലോയെങ്കിലും കൂടുതല്‍ തൂക്കത്തില്‍ പെട്ടി കെട്ടുകയെന്നത് മലയാളികളുടെ പ്രത്യേകതയാണ്.

റമദാന്‍ മാസത്തില്‍ ഉംറ ചെയ്താല്‍ ഹജ്ജു ചെയ്തത്ര പുണ്യമാണ്, മാത്രമല്ല നാട്ടിലേക്ക് പോകാന്‍ നേരത്ത് ഒരു ഉംറ ചെയ്യുകയെന്നാല്‍ അതൊരു വിടപറച്ചില്‍ കൂടിയാണ്. കാരണം ഇനി മടങ്ങി വന്ന് ഒന്നുകൂടി നിര്‍വഹിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലല്ലോ. 

കഴിഞ്ഞ വര്‍ഷം റമദാനില്‍ ഞാന്‍ ഒറ്റക്കാണ് ഉംറ നിര്‍വഹിക്കുവാന്‍ പോയത്. കാരണം മറ്റൊന്നുമല്ല; സുഹൃത്തുക്കളെയെല്ലാം ‘തട്ടിക്കൂട്ടി ‘ പോകാന്‍ പ്രയാസമാണെന്നതിനാല്‍.

ഉംറ കഴിഞ്ഞ് തിരികെ പോരാന്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ ഒരു മലപ്പുറത്തുകാരനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് ഏകദേശം അറുപത് വയസ്സ് കാണും. ഞങ്ങള്‍ സംസാരം തുടങ്ങി: 

”എത്ര കൊടുക്കേണ്ടി വരും” (ജിദ്ദയിലേക്ക് തിരിച്ചു പോകാന്‍). 

”ഇരുപതോ ഇരുപത്തഞ്ചോ (റിയാല്‍) കൊടുക്കേണ്ടി വരും.”

”ഞാനിങ്ങോട്ട് പതിനഞ്ചാണ് കൊടുത്തത്.”

”ഞാനും.”

പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും വാഹനം കിട്ടി.

ഞാന്‍ ചോദിച്ചു:

”ജിദ്ദ കം?” (ജിദ്ദയിലേക്ക് എത്രയാണ്?).

”തലാത്തീന്‍” (മുപ്പത്).

”ഫീ നഫറൈന്‍ കം?” (രണ്ടു പേരുണ്ട് എത്രയാ?)

”യാ അഖീ സിത്തീന്‍” (സഹോദരാ അറുപത്)

പേശലിനൊടുവില്‍ നാല്‍പത് റിയാലിന് സമ്മതിച്ചു. ഞങ്ങള്‍ ഇരുവരും അതില്‍ കയറി.

അദ്ദേഹം സംസാരത്തിന്റെ കെട്ടഴിക്കുവാന്‍ തുടങ്ങി. തന്റെ ഗള്‍ഫ് അനുഭവങ്ങള്‍ ജിദ്ദയിലെത്തും വരെ വിവരിച്ചു. കഥ കേള്‍ക്കുന്നതില്‍ താല്‍പര്യമുള്ളതിനാല്‍ ഒരു മടുപ്പും തോന്നിയില്ല. ആവാഹനത്തില്‍ മലയാളികളായി ഞങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. മുപ്പത്തിയഞ്ച് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുകയാണ്. തുടക്കത്തില്‍ മൂന്നു തവണയായി പത്തു വര്‍ഷത്തോളം ഉംറ വിസയിലെത്തി ജോലി ചെയ്തു. പിന്നീട് ലഭിച്ച വിസയില്‍ പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. നാട്ടില്‍ തന്നെ പത്ത് സെന്റ് സ്ഥലം വാങ്ങി. ചെറിയ ഒരു വീടു വെച്ചു. മൂന്ന് പെണ്‍മക്കളെ നല്ല നിലയില്‍ കെട്ടിച്ചയച്ചു. ഇളയതാണ് ആണ്‍കുട്ടി. അവന്‍ ഡിഗ്രിക്ക്  പഠിക്കുന്നു. 

ഞാന്‍ ചോദിച്ചു: ”മുപ്പത്തിയഞ്ച് വര്‍ഷമായില്ലേ ഇവിടെ? അവസാനിപ്പിക്കാനായില്ലേ? നാട്ടില്‍ വരുമാനമാര്‍ഗം വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ?” 

ചെറുതായൊന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു:

 ”വരുമാനമോ? എന്തു വരുമാനം! പത്ത് സെന്റ് സ്ഥലവും വലിയ ഒരു വീടും. അതില്‍ നിന്ന് എന്തു വരുമാനം?”

 ”അപ്പോള്‍ മുപ്പത്തിയഞ്ച് കൊല്ലം ഗള്‍ഫില്‍ കഷ്ടപ്പെട്ടിട്ട്…?”

”ഞങ്ങള്‍ക്ക് തറവാട്ടില്‍ കൂടുതല്‍ സ്ഥലമൊന്നുമില്ല. എനിക്ക് മൂന്ന് അനുജന്‍മാരുണ്ട്. ഉള്ള സ്ഥലത്ത് ഞെരുങ്ങിക്കുടുങ്ങിയാണവര്‍ തന്നെ വീടുവച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ വീടുവയ്ക്കാന്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഉള്ള പൈസയും വലിയ ഒരു സംഖ്യ ലോണും എടുത്ത് പത്ത് സെന്റ് സ്ഥലം വാങ്ങിയത്. അതിന്റെ അടവു തീരാന്‍ എട്ടുവര്‍ഷത്തോളമെടുത്തു. എത്ര പൈസ അടച്ചാലും പലിശയിനത്തിലേക്ക് കൂടുതലും മുതലിലേക്ക് ചെറിയ ഒരു സംഖ്യയുമായിരിക്കും എത്തിയിരിക്കുക. പിന്നെ വീടു വയ്ക്കാന്‍ ലോണെടുത്തു. അത് തീരുന്നതിനു മുമ്പ് വലിയ മകള്‍ക്ക് വിവാഹപ്രായമായി. അവളുടെ വിവാഹം…പിന്നെ താഴെയുള്ളവരുടെ വിവാഹം, സല്‍ക്കാരം, പ്രസവം… പിന്നെ അവര്‍ക്കൊക്കെ വീടുണ്ടാക്കുവാനുള്ള സഹായം… ഇതെല്ലാം കഴിഞ്ഞ് നടുനിവര്‍ത്തി വരുമ്പോഴാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്; വീടിന് സ്ഥലസൗകര്യമില്ല. എല്ലാവരും ഒരുമിച്ച് കൂടുമ്പോള്‍ കിടക്കാന്‍ സ്ഥലമില്ല, അതു കൊണ്ട് ഒരു നിലകൂടി ഉണ്ടാക്കണമെന്ന്! 

നമ്മളിവിടെ തലേ ദിവസത്തെ കുബ്ബൂസ് കറിയിലോ കട്ടന്‍ ചായയിലോ മുക്കിത്തിന്നാണ് പ്രാതല്‍ കഴിച്ചെന്ന് വരുത്തുന്നത്. കമ്പനി വക നല്‍കിയ അക്കമഡേഷനിലെ ഇരുനില കട്ടിലും അതില്‍ താഴെ കിടക്കുന്നവന്‍ അറിയാതെ അതിസാഹസികമായുള്ള കയറ്റവും ഇറക്കവും… ഇതൊന്നും വീട്ടുകാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. എത്ര കൊല്ലമായി ഗള്‍ഫില്‍ പോയി സമ്പാദിക്കുന്നു, വീട് ഒന്ന് വലുതാക്കിയാല്‍ അത്‌കൊണ്ടുള്ള ഗുണം നിങ്ങള്‍ക്കും മക്കള്‍ക്കും തന്നെയല്ലേ എന്ന് കുടുംബക്കാരും അയല്‍ക്കാരുമൊക്കെ ചോദിക്കുമ്പോള്‍ എന്ത് ഉത്തരംപറയാന്‍! 

 ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി മുകളില്‍ രണ്ടു റൂമും ഒരു ഹാളുമെടുത്തു. അങ്ങനെ വീണ്ടും കടക്കാരനായി. ഇടക്കൊക്കെ ഭാര്യ പറയും; ഗള്‍ഫ് നിര്‍ത്തിപ്പോരണമെന്നും നമുക്ക് എങ്ങനെയെങ്കിലുമൊക്കെ കഴിയാമെന്നും.പക്ഷേ, നിറുത്തണമെങ്കില്‍ കടം വീടേണ്ടേ? ഒന്ന് കഴിയുമ്പോഴേക്കും മറ്റൊന്ന്; അങ്ങനെ ആയുസ്സ് തീര്‍ന്നുകൊണ്ടിരിക്കുകയല്ലേ? ഏതായാലും ചെറിയ സംഖ്യ മാത്രമെ ഇനി കടം വീട്ടാനുള്ളൂ. അതുംകൂടി വീട്ടിയിട്ട് വേണം നാട്ടിലേക്ക് മടങ്ങാന്‍ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കമ്പനി സാമ്പത്തിക പ്രശ്‌നത്തില്‍ അകപ്പെട്ട് ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചത്. ആദ്യം അറുപത് വയസ്സ് കഴിഞ്ഞവരെയാണ് പിരിച്ചുവിടാന്‍ തുടങ്ങിയത്. അതില്‍ ആദ്യത്തെ ലിസ്റ്റില്‍ തന്നെ ഞാനുണ്ടായിരുന്നു. 

നാട്ടില്‍ പോകണമെങ്കില്‍ പോകാം. പക്ഷേ, ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ കമ്പനിക്ക് കഴിയില്ല. അല്ലെങ്കില്‍ വേറെ എവിടേക്കെങ്കിലും വിസ മാറ്റാം. അതിന് റിലീസ് തരാം എന്നെല്ലാം കമ്പനി അറിയിച്ചു. പക്ഷേ, എനിക്കിനി ആര് പണി തരാന്‍? തന്നാല്‍ തന്നെ എന്തു പണിയെടുക്കും? എന്നാലും പണി അന്വേഷിച്ചു. കിട്ടിയതൊന്നും എന്റെ ആരോഗ്യത്തിനനുസരിച്ച് എടുക്കാന്‍ കഴിയുന്നതായിരുന്നില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ നാട്ടിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു, വീട്ടുകാര്‍ക്കെങ്കിലും സന്തോഷമാകുമല്ലോ. വീട്ടിലേക്ക് വിളിക്കാന്‍ തുടങ്ങി. ആദ്യം കിട്ടിയത് പെണ്‍മക്കളെയാണ്. 

 ‘അപ്പോഴിനി ഉപ്പ കൊണ്ടുവന്നിരുന്ന സാധനങ്ങളൊന്നും കിട്ടില്ല അല്ലേ’ എന്നതായിരുന്നു അവരുടെ സങ്കടത്തോടെയുള്ള ചോദ്യം!

എന്റെ മനസ്സൊന്നു പിടഞ്ഞു. എപ്പോഴും ‘കിട്ടുന്ന’തിന്റെ പ്രതീക്ഷയിലാണവര്‍. പിന്നീടാണ് ഭാര്യയാണ് ഫോണ്‍ എടുത്തത്. അവളോടും കാര്യം പറഞ്ഞു. 

‘ഞാനെപ്പോഴും നിങ്ങളോട് പറയുന്നതല്ലേ നിറുത്തിപ്പോരാന്‍. ഇപ്പോള്‍ നമ്മുടെ മകന്‍ എവിടെയും എത്തിയിട്ടില്ല. പഠിപ്പ് കഴിഞ്ഞ് ഒരു ജോലിയാവാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ഏതായാലും ഇനി അധികകാലമൊന്നുമില്ലല്ലോ (എന്റെ ആയുസ്സിന്റ പരിധി വീട്ടുകാര്‍ നിശ്ചയിച്ചിരിക്കുന്നുവെന്ന് അര്‍ഥം!) കുട്ടികളുടെ സന്തോഷം കളഞ്ഞിട്ട് ഇനി ഇവിടെ വന്നു നിന്നിട്ട് എന്താ കാര്യം? എന്തെങ്കിലും പണി കണ്ടെത്തി അവിടെത്തന്നെ നില്‍ക്കാന്‍ നോക്കിക്കൂടേ?’ എന്നാണ് അവള്‍ക്ക് പറയുവാനുണ്ടായിരുന്നത്. അതെന്നെ ശരിക്കും തളര്‍ത്തിക്കളഞ്ഞു.”

സംസാരം ഇവിടെയെത്തിയപ്പോള്‍ അദ്ദേഹം ശബ്ദം താഴ്ത്തി കരയുന്നുണ്ടായിരുന്നു. അദേഹത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനും വിഷമത്തിലായി. 

 വരുമാനം ലഭിക്കില്ലെന്നായാല്‍ സ്വന്തം കുടുംബത്തിന് പോലും (എല്ലാ കുടുംബങ്ങളും ഇങ്ങനെയാണെന്നല്ല പറയുന്നത്) താന്‍ നാട്ടില്‍ വരുന്നത് സന്തോഷമില്ലാത്ത കാര്യമാണെന്ന് എന്നാണ് പ്രവാസീ നിനക്ക് മനസ്സിലാവുക? 

 

ദസ്തഗീര്‍ ടി.കെ
നേർപഥം വാരിക