സാറിന് കഞ്ചാവ് വേണോ..?

”സാറ് കഞ്ചാവ് കണ്ടിട്ടുണ്ടോ? സാറിന് കഞ്ചാവ് വേണോ…?”
നാലാം ക്ലാസ്സുകാരന്റെ ഈ ചോദ്യം എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു.
20 വര്‍ഷം മുമ്പ് പാലക്കാട് ജില്ലയിലെ മലയോര ഗോത്രവര്‍ഗ മേഖലയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തില്‍ താല്‍ക്കാലികാധ്യാപകനായി ജോലി നോക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.
നാലാം ക്ലാസ്സിലെ ശാസ്ത്രപഠനത്തിന്റെ ഭാഗമായി മദ്യവും മയക്കു മരുന്നും മറ്റു ലഹരി വസ്തുക്കളും മനുഷ്യശരീരത്തെ എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുമെന്നതിനെക്കുറിച്ചും വിവിധതരം ലഹരി വസ്തുക്കളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഒരു പത്തു വയസ്സുകാരന്റെ ഈ ചോദ്യങ്ങളെ നേരിടേണ്ടി വന്നത്.
സ്റ്റാഫ് റൂമില്‍ വെച്ച് കുട്ടിയുമായി ഒറ്റക്ക് നടത്തിയ സൗഹൃദ സംഭാഷണത്തിലൂടെ അവന്‍ പറഞ്ഞതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കി. ആദിവാസി മേഖലയായ ഈ പ്രദേശത്ത് എല്ലാ ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്കും ഉള്‍ക്കാട്ടില്‍ കൃഷി ഉണ്ട്. അപൂര്‍വം ചിലര്‍ കൃഷിയുടെ ഒത്ത നടുവില്‍ രഹസ്യമായി കുറച്ച് കഞ്ചാവും കൃഷി ചെയ്യും. മൂപ്പെത്തിയ കഞ്ചാവ് അവിടെ വെച്ച് തന്നെ വെട്ടി ഉണക്കി വീട്ടില്‍ കൊണ്ടുവന്ന് നീണ്ട, വണ്ണംകൂടിയ മുളങ്കുറ്റികളിലാക്കി വിറകടുപ്പിന്റെ മുകളില്‍ കെട്ടിത്തൂക്കിയിടും. കഞ്ചാവിന്റെ ഓഫ് സീസണായ മഴക്കാലത്ത് കൂടിയ വിലയ്ക്ക് മൊത്തക്കച്ചവടക്കാര്‍ക്ക് വിറ്റ് പണമാക്കും. തന്റെ വീട്ടില്‍ സൂക്ഷിച്ചതില്‍ നിന്നും ഒരു വിഹിതം വേണോ എന്നാണ് വിദ്യാര്‍ഥി എന്നോട് ആത്മാര്‍ഥമായി തന്നെ ചോദിച്ചത്!
ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിച്ചും അവ ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കരുത് എന്ന് ചട്ടം കെട്ടിയും ഞാന്‍ അവനെ ക്ലാസ്സിലേക്ക് പറഞ്ഞയച്ചു.
ഇതേ വര്‍ഷം തന്നെ മധ്യവേനല്‍ അവധിക്കാലത്ത് ഡി.പി.ഇ.പി പദ്ധതിയുടെ ഭാഗമായി ഉള്‍ക്കാട്ടിലെ ഒരു ആദിവാസി ഊര് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. വരിവരിയായി നട്ടുപിടിപ്പിച്ച ഒരാള്‍ പൊക്കത്തിലുള്ള മല്ലിക പോലെയുള്ള ചെടിയെക്കുറിച്ച് അന്വേഷിച്ച ഞാന്‍ അന്ധാളിച്ചു പോയി. എന്റെ ജീവിതത്തിലെ ആദ്യത്തെ കഞ്ചാവ് കാഴ്ച! ‘പരസ്യമായിത്തന്നെ ഇത് നട്ടു പിടിപ്പിക്കാമോ’ എന്നായി ഞാന്‍. ഇവിടുത്തെ ഊരുമൂപ്പന് ഒറ്റമൂലി ചികിത്സയുടെ ഭാഗമായി കഞ്ചാവ് വളര്‍ത്താന്‍ ലൈസന്‍സ് ഉണ്ട് എന്ന മറുപടി എന്നെ അമ്പരപ്പിച്ചു.
വീട്ടുകാരെ കാണിക്കാന്‍ കഞ്ചാവ് ചെടിയുടെ കൊമ്പോ ഉണങ്ങിയ കഞ്ചാവോ സ്‌കൂളില്‍ എത്തിച്ചു തരാമെന്ന സ്‌കൂള്‍ പരിസരവാസികളുടെ വാഗ്ദാനം വാഹന യാത്രക്കിടയില്‍ നടക്കുന്ന അധികാരികാരികളുടെ ആകസ്മിക പരിശോധന ഭയന്ന് ഞാന്‍ നിരസിച്ചിരുന്നു.
ഇതേ സ്‌കൂളിനു സമീപത്തുള്ള, പ്രീ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഒരു ആദിവാസി യുവാവിന്റെ വീട്ടില്‍ നിന്നുമാണ് പൂത്ത് വിളഞ്ഞു നില്‍ക്കുന്ന കഞ്ചാവ് ചെടി കാണാന്‍ ‘ഭാഗ്യം’ ലഭിച്ചത്! വീടിന്റെ തൊട്ടു പിന്നില്‍ ഒന്നരയാള്‍ ഉയരത്തില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന, ഇലകളും പൂക്കളും ശിഖരങ്ങളും കൂടി ഒട്ടിപ്പിടിച്ച് ജടകെട്ടിയ നിലയില്‍ ഒരു മുന്തിയ ഇനത്തില്‍പെട്ട കഞ്ചാവ് ചെടി. പൂത്ത് കഴിഞ്ഞതിനാല്‍ ചെടിക്ക് നല്ല എണ്ണമയം ഉണ്ടായിരുന്നു. പ്രത്യേക സുഗന്ധവും. ഊര് മൂപ്പനും ഒറ്റമൂലി ചികിത്സകനുമായ പിതാവിന് ലൈസന്‍സ് ഉള്ളതിനാല്‍ ഒറ്റുകാരെ അവരും ഭയക്കുന്നില്ല.
അട്ടപ്പാടിയിലേക്കും തിരിച്ചും ഉള്ള യാത്ര മിക്കവാറും ഉറങ്ങിത്തീര്‍ക്കാറാണ് പതിവ്. ബസ് യാത്രക്കിടയില്‍ പരിചയമില്ലാത്തവരില്‍ നിന്നും ബാഗോ സഞ്ചിയോ മറ്റൊ വാങ്ങി പിടിക്കരുത് എന്നത് അട്ടപ്പാടി ഭാഗത്തെ അന്നത്തെ ഒരു പ്രധാന മുന്നറിയിപ്പാണ്. പോലീസിന്റെയും എക്‌സൈസുകാരുടെയും അപ്രതീക്ഷിത പരിശോധന ഉണ്ടാകും. നമ്മുടെ കയ്യിലെ ബാഗില്‍ നിന്നും മദ്യം, കഞ്ചാവ് എന്നിങ്ങനെ നിരോധിത വസ്തുക്കള്‍ പിടിച്ചാല്‍ കേസില്‍ കുടുങ്ങും എന്നത് ഉറപ്പ്. അതിനാല്‍ നന്നായി പരിചയമുള്ളവരുടെ ബാഗ് മാത്രമെ ആരും വാങ്ങി പിടിക്കുകയുള്ളൂ.
ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം. അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്കുള്ള മയില്‍ വാഹനം ബസ് യാത്ര. പതിവുപോലെയുള്ള മയക്കത്തിനിടയില്‍ എന്നെ ആരോ കുലുക്കിയുണര്‍ത്തി. ഒരു കാക്കി യൂണിഫോം ധാരി. സീറ്റിനടിയിലെ കുട്ടിച്ചാക്ക് നിങ്ങളുടേതാണോ എന്ന ചോദ്യം എനിക്ക് സ്ഥലകാല ബോധം സമ്മാനിച്ചു. എന്റെ മടിയിലുള്ള ബാഗ് മാത്രമാണ് എന്റെതായി ഉള്ളതെന്ന സത്യസന്ധമായ മറുപടി പോലീസുകാരന് ബോധ്യപ്പെട്ടതിനാലാകും, പിന്നീട് കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
പിന്നെയാണ് കാര്യം മനസ്സിലായത്; കഞ്ചാവ് നിറച്ച കുട്ടിച്ചാക്ക് എന്റെ സീറ്റിനടിയില്‍ വെച്ച് കഞ്ചാവ് കടത്തുകാരന്‍ വെറെ ഏതോ സീറ്റില്‍ മാറിയിരിക്കുകയാണ്. ഗാഢനിദ്രയിലാണ്ട ഞാന്‍ അതൊന്നും അറിഞ്ഞില്ല. പരിശോധക സംഘത്തിന് തൊണ്ടിയായി കഞ്ചാവ് കിട്ടി. കടത്തുകാരന്‍ ആരെന്ന് ആര്‍ക്കുമറിയില്ല. അയാള്‍ ബസ്സില്‍ മാറിയിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകുമെന്ന് ഞാന്‍ ഊഹിച്ചു. അന്നു മുതല്‍ ബസ് യാത്രകളില്‍ സീറ്റിനടിയിലെ പരിശോധന ഞാന്‍ ശീലമാക്കി.
കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ കടത്തും പിടിക്കലും ഇന്ന് പത്ര മാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയായിരിക്കുന്നു. ആ വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഈ ലഹരി ഓര്‍മകള്‍ മനസ്സില്‍ ഓടി വരും. ഒപ്പം സ്വന്തം ശരീരത്തെയും ആത്മാവിനെയും സമൂഹത്തെയും കുടുംബത്തെയും നശിപ്പിക്കുന്ന ഈ ലഹരിയുടെ പിന്നാലെ പായുന്ന ബുദ്ധിശൂന്യരെ ഓര്‍ത്ത് സങ്കടവും…
രാജ്യത്തിന്റെ നട്ടെല്ലായി മാറേണ്ട വിദ്യാര്‍ഥി, യുവജനങ്ങളെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന ലഹരിയുടെ ഉപയോഗം ഹൈസ്‌ക്കൂള്‍ തലങ്ങളിലേക്ക് വരെ വ്യാപിച്ചിരിക്കുന്നുവെന്നത് നാം അതീവ ഗൗരവത്തില്‍ എടുക്കണം.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ജനപ്രതിനിധികളും മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളും മുന്നിട്ടിറങ്ങിയില്ലെങ്കില്‍ പ്രവചിക്കാനാവത്ത ദുരന്തമായിരിക്കും നാം നേരിടേണ്ടി വരിക.
സലാം സുറുമ എടത്തനാട്ടുകര
നേർപഥം വാരിക
Mashallah I feel a soothness in my mind. Something I studied from his feelings Alhamdulillah. Iam 13. Yesterday that I saw this option in zameel app.feelings of someone and my inspired me much more in my life. جزاكم الله خيرا