12 – വിട്ടു വീഴച്ചക്കും സൗഖ്യത്തിനും​

12 - വിട്ടു വീഴച്ചക്കും സൗഖ്യത്തിനും

ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം ഹിദായത്തും (സന്മാർഗവും) ആഫിയത്തും (ആരോഗ്യവും) ആണ്. ഇവ നിലനിൽക്കാൻ എപ്പോഴും പ്രാർത്ഥിക്കണം. വിട്ടു വീഴ്ച്ച കാണിക്കുകയും അങ്ങേയറ്റം വിട്ടു വീഴ്ച്ച കാണിക്കുന്ന റബ്ബിനോട് വിട്ടു വീഴ്ച്ചക്കായി നാം തേടുകയും വേണം. അതാണ് നബി ﷺയുടെ മാതൃക. 

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

الترمذي

“അല്ലാഹുവേ, നിശ്ചയമായും നീ വിട്ടുവീഴ്ച്ച ചെയ്യുന്നവനാണ്. നീ വിട്ടു വീഴ്ച്ച ഇഷ്ടപ്പെടുന്നു. അതിനാൽ നീ എന്നോട് വിട്ടുവീഴ്ച്ച കാണിക്കെണമേ.” (തിർമിദി)

اَللَّهُمَّ إِنِّي أَسأَلُكَ العَفْـوَ وَالعَافِيةَ فِي الدُنيَا وَالآخِرَةِ، اَللّهُمَّ إِنِّي أَساَلُكَ العَفْـوَ وَالعَافِيَةَ فِي دِينِي وَدُنيَاي وَأَهلِي وَمَالِي، اَللَّهُمَّ اسْتُرْ عَوْرَاتِي وَ آمِنْ رَوْعَاتِي، اَللَّهُمَّ احْفَظْنيِ مِن بَينِ يَدَيَ وَمِن خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِن فَـوْقِـي، وَأَعُوذُ بِعَظَمَتِكَ أَن أُغتَالَ مِنْ تَحْتِي

أبي داود

“അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞാന്‍ നിന്നോട് മാപ്പും സൗഖ്യവും തേടുന്നു. അല്ലാഹുവേ, എന്റെ ആദർശത്തിലും ഇഹലോക ജീവിതത്തിലും കുടുംബത്തിലും സമ്പത്തിലും ഞാന്‍ നിന്നോട് പാപമോചനവും സൗഖ്യവും തേടുന്നു. അല്ലാഹുവേ, നീ എന്റെ നഗ്നത മറക്കേണമേ, എന്റെ ഭയപ്പാടുകൾക്ക് നിർഭയത്വമേകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതു ഭാഗത്തിലൂടെയും ഇടതു ഭാഗത്തിലൂടെയും മുകളിലൂടെയും (പിണഞ്ഞേക്കാവുന്ന അപകടങ്ങളിൽ നിന്ന്) നീ എനിക്ക് സംരക്ഷണമേകേണമേ. എന്റെ താഴ്ഭാഗത്തിലൂടെ (ഭൂഗർഭത്തിലേക്ക്) ആഴ്ത്തപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വത്തിൽ ഞാന്‍ അഭയംതേടുന്നു” (അബൂദാവുദ്)

اللَّهُمَّ إِنِّي أَسْأَلُكَ الْمُعَافَاةَ فِي الدُّنْيَا وَالْآخِرَةِ

ابن ماجه

‘അല്ലാഹുവേ, ഇഹലോകത്തും പരലോകത്തുമുള്ള മുആഫാത് (സൗഖ്യം) ഞാന്‍ നിന്നോട് തേടുന്നു.’ (ഇബ്‌നുമാജ)

اللَّهُمَّ إنِّي أسْألُكَ العفو و الْعَافِيَةَ واليقين فِي الآخِرَةِ والأولى

الترمذي

അല്ലാഹുവെ, ഇഹലോകത്തും പരലോകത്തും വിട്ട് വീഴ്ച്ചയും സൌഖ്യവും ഉറപ്പും ഞാൻ നിന്നോട് ചോദിക്കുന്നു. (തിർമിദി)

اللَّهُمَّ عَافِنِى فِى بَدَنِى اللَّهُمَّ عَافِنِى فِى سَمْعِى اللَّهُمَّ عَافِنِى فِى بَصَرِى لاَ إِلَهَ إِلاَّ أَنْتَ

أبي داود

“അല്ലാഹുവേ, നീ എനിക്ക് എന്റെ ശരീരത്തിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കേൾവിയിൽ സൗഖ്യമേകേണമേ. അല്ലാഹുവേ, നീ എനിക്ക് എന്റെ കാഴ്ചയിൽ സൗഖ്യമേകേണമേ. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല.” (അബൂദാവൂദ്)

11 – ദുനിയാവും ദുനിയാവിലെ അവസ്ഥകളും നന്നാവാൻ

11 - ദുനിയാവും ദുനിയാവിലെ അവസ്ഥകളും നന്നാവാൻ

اللَّهُمَّ كْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

الترمذي

“അല്ലാഹുവേ, നിന്റെ ഹറാമിൽ നിന്ന് നിന്റെ ഹലാലിൽ നീ എനിക്ക് മതി വരുത്തെണമേ, നിന്റെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരിൽ നിന്ന് നീ എനിക്ക് ധന്യത നൽകെണമേ.” (തിർമിദി)

കുറിപ്പ്:

അലി (റ)വിനെ അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ച വചനങ്ങളാണ് മുകളിലെ ദുആ. ഒരു പർവ്വതത്തോളം കടം ഉണ്ടെങ്കിലും ഇവ കൊണ്ടു ദുആ ചെയ്താൽ അല്ലാഹു അത് വീട്ടിത്തരുമെന്ന് അലിയ്യ് (റ) പറയുമായിരുന്നു എന്ന് സുനനുത്തിർമിദിയിലുണ്ട്. അൽബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ إِنِّى عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِى بِيَدِكَ مَاضٍ فِىَّ حُكْمُكَ عَدْلٌ فِىَّ قَضَاؤُكَ أَسْـأَلُكَ بِكُلِّ اسْـمٍ هُوَ لَكَ سَـمَّيْتَ بِهِ نَفْسَـكَ أَوْ عَلـَّمْتَهُ أَحَداً مِنْ خَـلْقِكَ أَوْ أَنْـزَلْتَهُ فِى كِتَابِكَ أَوِ اسْـتَـأْثَرْتَ بِهِ فِى عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِى وَنُورَ صَدْرِى وَجَلاَءَ حُزْنِى وَذَهَابَ هَمِّى

ابن حبان

അല്ലാഹുവേ, നിശ്ചയം ഞാന്‍ നിന്റെ ദാസനാണ്. നിന്റെ ദാസന്റെ പുത്രനാണ്. നിന്റെ ദാസിയുടെ പുത്രനാണ്. എന്റെ മൂർദ്ധാവ് നിന്റെ കയ്യിലാണ്. നിന്റെ തീരുമാനം എന്നിൽ നടപ്പിലാകുന്നതാണ്. നിന്റെ വിധി എന്നിൽ നീതിപൂർവ്വകമാണ്. നീ നിന്റെ നഫ്സിന് പേരുവെച്ച, നിന്റെ സൃഷ്ടികളിൽ ഒരാളെ പഠിപ്പിച്ച, നിന്റെ ഗ്രന്ഥത്തിൽ നീ അവതരിപ്പിച്ച, നിന്റെയടുക്കൽ അദൃശ്യജ്ഞാനത്തിൽ നീ നിനക്ക് പ്രത്യേകമാക്കിയ നിനക്കുള്ള എല്ലാ പേരുകളും മുന്‍ നിർത്തി ഞാന്‍ നിന്നോട് തേടുന്നു; ക്വുർആനിനെ എന്റെ ഹൃദയത്തിന്റെ വസന്തവും നെഞ്ചകത്തിന്റെ പ്രകാശവും ദുഃഖത്തെ നീക്കുന്നതും മനോവ്യഥ പോക്കുന്നതും ആക്കേണമേ.”  (ഇബ്‌നു ഹിബ്ബാൻ)

കുറിപ്പ്:

മുകളിൽ പറഞ്ഞ ദുആ ചെയ്താൽ ദുഃഖവും വ്യഥയുമുള്ളവന്റെ ദുഃഖവും വ്യഥയും പോകുമെന്നും സന്തോഷം വരുമെന്നും ഹദീഥുണ്ട്.

اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ العَرْشِ العَظِيمِ رَبَّنَا وَرَبَّ كُلِّ شَيْءٍ مُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالقُرْآنِ فَالِقَ الحَبِّ وَالنَّوَى أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ البَاطِنُ فَلَيْسَ دُونَكَ شَيْءٌاقْضِ عَنِّي الدَّيْنَ وَأَغْنِنِي مِنَ الفَقْرِ

الترمذي

“ഏഴ് വാനങ്ങളുടേയും മഹത്തായ സിംഹാസനത്തിന്റെയും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, തൗറാത്തും ഇഞ്ചീലും ഫുർക്വാനും അവതരിപ്പിച്ചവനായ വിത്തും ധാന്യവും മുളപ്പിച്ചവനുമായ, അല്ലാഹുവേ, നിന്റെ പിടുത്തത്തിലുള്ളതായ എല്ലാ വസ്തുക്കളുടേയും തിന്മയിൽനിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു (അൽ-അവ്വൽ) നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാകുന്നു (അൽആഖിർ) നിനക്ക് ശേഷം യാതൊന്നുമില്ല. നീയാകുന്നു (അളള്വാഹിർ) നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു (അൽബാത്വിന്‍) നിന്റെ (അറിവു)കൂടാതെ യാതൊന്നുമില്ല. നീ എന്റെ കടം വീട്ടേണമേ. ദാരിദ്ര്യത്തിൽനിന്ന് കരകയറ്റി എന്നെ ധന്യനാക്കേണമേ.” (തിർമിദി)

കുറിപ്പ്:

തന്റെ വീട്ടിലേക്ക് ഒരു ജോലിക്കാരിയെ ചോദിച്ച് വന്ന മകൾ ഫാത്വിമ (റ)യോട് അല്ലാഹുവിന്റെ റസൂൽ ഈ പ്രാർത്ഥന നിർവഹിക്കാൻ പറഞ്ഞത് ഇമാം തിർമിദി ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. 

اللَّهُمَّ لاَ سَهْلَ إلاَّ مَا جَعَلْتَة سَهْلاً، وَأَنْتَ تَجْعَل الْحَزْنَ إذَا شِئْتَ سَهْلاً

ابن حبان

“അല്ലാഹുവേ, നീ എളുപ്പമാക്കിയതല്ലാതെ ഒരു എളുപ്പവുമില്ല. ദുഖത്തെപ്പോലും നീ ഉദ്ദേശിച്ചാൽ നീ എളുപ്പമാക്കുന്നു.” (ഇബ്‌നു ഹിബ്ബാൻ)

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ أَصْـلِحْ لِي شَأْنِي كُلَّهُ وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ

“എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാന്‍ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കി തരേണ മേ. കണ്ണിമ വെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ.”

اَللَّهُمَّ إنِّي أَسْأَلُك مِنْ فَضْلِكَ

البيهقي

അല്ലാഹുവേ നിന്റെ ഔദാര്യത്തിൽ നിന്ന് ഞാന്‍ നിന്നോട് തേടുന്നു.”  (ബൈഹഖി)

കുറിപ്പ്:

പളളിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നിർവഹിക്കേണ്ട ദുആയാണിത്

കോവിഡ് കാലത്തെ നോമ്പും പെരുന്നാളും

കോവിഡ് കാലത്തെ നോമ്പും പെരുന്നാളും


വിശുദ്ധ രാവുകള്‍ ഓരോന്നായി നമ്മില്‍നിന്ന് കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ഏറ്റവും വിശുദ്ധമായ അവസാന പത്തിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സാഹചര്യമാണല്ലോ നമുക്കുള്ളത്. എന്നാലും ഒന്ന് മനസ്സു വെച്ചാല്‍ പുണ്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാം എന്ന് മാത്രമല്ല; ഒരുവേള മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ഏറെ പുണ്യങ്ങള്‍ നേടാനും നമുക്കാവും,  അല്ലാഹു തൗഫീക്വ് ചെയ്യട്ടെ- ആമീന്‍.

ലൈലത്തുല്‍ക്വദ്ര്‍

റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ നാം പ്രതീക്ഷിക്കുന്നതും ആയിരം മാസത്തെക്കാള്‍ പുണ്യം നിറഞ്ഞതുമായ രാത്രിയാണല്ലോ ലൈലത്തുല്‍ ക്വദ്ര്‍. നബി ﷺ  രാത്രി ആരാധനകളാല്‍ സജീവമാക്കുകയും അരമുറുക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു എന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

നബി ﷺ  പറഞ്ഞു: ”ക്വദ്‌റിന്റെ രാത്രിയില്‍ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും വല്ലവനും നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടും” (ബുഖാരി).

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാത്രി എന്നാണ് ക്വുര്‍ആനില്‍ ഇത് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. അഥവാ 83 വര്‍ഷത്തിലധികം! ചിന്തിച്ചു നോക്കൂ, നമ്മില്‍ ആര്‍ക്കാണ് 84 വര്‍ഷം ആരാധനകളില്‍ മുഴുകാന്‍ അവസരമുണ്ടാവുക? എന്നാല്‍ അതേ പ്രതിഫലം ഒരൊറ്റ രാത്രി കൊണ്ട് നേടാനുള്ള അവസരം അല്ലാഹു തആലാ നമുക്ക് ഒരുക്കിത്തരുന്നു!

1000 വര്‍ഷം വരെ ആയുസ്സ് കിട്ടിയ പൂര്‍വികസമുദായങ്ങള്‍ ആ ആയുസ്സ് കൊണ്ട് നേടിയതിനെക്കാള്‍ അധികം നേടാന്‍ 60നും 70നും മധെ്യ മാത്രം ആയുസ്സുള്ള നമുക്ക് അല്ലാഹു നല്‍കിയ സുവര്‍ണാവസരം; അതാണ് ലൈലത്തുല്‍ ക്വദ്ര്‍.

ഈ സന്ദര്‍ഭത്തില്‍ നമ്മുടെ വീടുകളില്‍വെച്ച് ലൈലത്തുല്‍ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊണ്ട് പരമാവധി ആരാധനകളില്‍ മുഴുകുക. ദാനധര്‍മങ്ങള്‍, പ്രാര്‍ഥനകള്‍, പ്രകീര്‍ത്തനങ്ങള്‍, ക്വുര്‍ആന്‍ പഠനവും പാരായണവും തുടങ്ങിയ പുണ്യകര്‍മങ്ങള്‍ അവസാന പത്തില്‍ വര്‍ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ലൈലത്തുല്‍ ക്വദ്‌റിന്റെ മഹത്ത്വം നഷ്ടപ്പെടുത്തിയവന്‍ എല്ലാ നന്‍മകളും നഷ്ടപ്പെട്ടവനായി എന്നാണ് മുന്‍ഗാമികള്‍ പറഞ്ഞിട്ടുള്ളത്.

ഇഅ്തികാഫ്

നിശ്ചിതസമയം പള്ളികളില്‍ പൂര്‍ണമായും ഭജനമിരിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. നബി ﷺ യും സ്വഹാബത്തും കുടുംബസമേതം ഈ പത്ത് ദിവസങ്ങളില്‍ പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബിയുടെ കാലശേഷം നബിയുടെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നു എന്ന് ഹദീഥുകളില്‍ കാണാം (ബുഖാരി).

എന്നാല്‍ ഈ വര്‍ഷം പള്ളികള്‍ പൊതുജനങ്ങള്‍ക്ക് തുറക്കപ്പെടാത്ത സാഹചര്യത്തില്‍ നമുക്ക് ഇഅ്തികാഫ് നിര്‍വഹിക്കാന്‍ കഴിയില്ല. വീടുകളില്‍ നമസ്‌കാരത്തിനായി പ്രത്യേകം നിശ്ചയിച്ച റൂമുകളില്‍ സ്ത്രീകള്‍ക്ക് ഇഅ്തികാഫ് പറ്റുമെന്ന് ഒറ്റപ്പെട്ട ചില പണ്ഡിതാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പള്ളികളിലല്ലാതെ ഇഅ്തികാഫ് നിര്‍വഹിക്കാന്‍ പ്രമാണങ്ങളില്‍ അധ്യാപനം ഇല്ല. നബി ﷺ യും ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു എന്നറിയിക്കുന്ന സ്വഹീഹ് മുസ്‌ലിമിലെ ഹദീഥ് വിശദീകരിക്കവെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം നവവി(റഹി) ഇക്കാര്യം വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. വീടുകളില്‍ ഇഅ്തികാഫ് അനുവദനീയമായിരുന്നുവെങ്കില്‍ ഒരിക്കലെങ്കിലും അവര്‍ അത് ചെയ്യുമായിരുന്നു എന്നും സ്ത്രീകള്‍ പോലും അങ്ങനെ ചെയ്യാതിരുന്നത് ഇത് പള്ളിയിലല്ലാതെ അനുവദനീയമല്ല എന്നതിന് തെളിവാണ് എന്നും കൂടി അദ്ദേഹം വ്യക്തമാക്കുന്നു (ശര്‍ഹു മുസ്‌ലിം).

എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ഇഅ്തികാഫ് പതിവാക്കുകയും ഈ വര്‍ഷം മാനസികമായി അതിന് ഒരുങ്ങുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒട്ടും കുറയാതെ തന്നെ പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

നബി ﷺ  പറഞ്ഞു: ”ഒരു അടിമ രോഗിയാവുകയോ യാത്രയില്‍ അകപ്പെടുകയോ ചെയ്താല്‍ ആരോഗ്യാവസ്ഥയിലും സ്വദേശത്ത് ആകുന്ന അവസ്ഥയിലും അവന്‍ ചെയ്തിരുന്ന കര്‍മങ്ങളുടെ അതേ പ്രതിഫലം അവന് രേഖപ്പെടുത്തപ്പെടും” (ബുഖാരി).

തബൂക് യുദ്ധം കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ നബി ﷺ  ഇപ്രകാരം പറഞ്ഞു: ”(നമ്മോടൊപ്പം വരാന്‍ കഴിയാതെ) മദീനയില്‍ തന്നെ നില്‍ക്കേണ്ടിവന്ന ചിലരുണ്ട്. നമുക്ക് ലഭിക്കുന്ന അതേ പ്രതിഫലം അവര്‍ക്കും ലഭിക്കാതിരിക്കില്ല. ന്യായമായ തടസ്സങ്ങളാണ് അവരെ തടഞ്ഞുവെച്ചത്” (ബുഖാരി).

 ഈ വര്‍ഷം ഇഅ്തികാഫ് നിര്‍വഹിക്കാതെ തന്നെ അതിന്റെ പ്രതിഫലം നേടാനാകുന്നവര്‍ മഹാ ഭാഗ്യവാന്മാരാണ്.

ഫിത്വ്ര്‍ സകാത്ത്

റമദാന്‍ പൂര്‍ത്തിയാകുന്ന മുറക്ക് വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയായി കല്‍പിക്കപ്പെട്ടതാണ് ഫിത്വ്ര്‍ സകാത്. പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പായി അത് അര്‍ഹരിലേക്ക് എത്തേണ്ടതുണ്ട്. റമദാനിലെ അവസാന ദിവസങ്ങളിലും വിതരണം ചെയ്യാവുന്നതാണ്.

പെരുന്നാള്‍ ദിവസം തനിക്കും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായത് കഴിച്ച് വല്ലതും മിച്ചമുള്ള മുഴുവന്‍ വിശ്വാസികളും ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടതാണ്. ഒരാള്‍ക്ക് നാല് മുദ്ദ് അതായത് 2.200 ഗ്രാം എന്ന തോതിലാണ് നിര്‍ബന്ധ ബാധ്യത. നാട്ടിലെ മുഖ്യ ആഹാരമാണ് നല്‍കേണ്ടത്.

കോവിഡ് പ്രതിരോധത്തിന്റെ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പ്രാദേശികമായി സംഘടിത സ്വഭാവത്തില്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കുക. സംഘടിത വിതരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ പരമാവധി സൂക്ഷ്മത പാലിക്കണം എന്ന്  ഉണര്‍ത്തുന്നു. സംഘടിതമായി വിതരണം ചെയ്യാന്‍ സംവിധാനമില്ലാത്തവര്‍ സ്വന്തം നിലക്ക് അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് എത്തിക്കേണ്ടതാകുന്നു.

പെരുന്നാള്‍ നമസ്‌കാരം

കുടുംബസമേതം മൈതാനത്ത് ഒരുമിച്ചുകൂടി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന രീതിയാണ് പ്രവാചകരും സ്വഹാബത്തും മാതൃകയായി കാണിച്ചിട്ടുള്ളത്. സ്വഹാബി വനിതയായ ഉമ്മു അത്വിയ്യ(റ) പറയുന്നു: ”ആര്‍ത്തവകാരികളെയും കൂടാരങ്ങളില്‍ കഴിയുന്ന സ്ത്രീകളെയും പോലും പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നബി ﷺ  ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു…”(ബുഖാരി, മുസ്‌ലിം).

പൂര്‍ണമായി ശരീരം മറക്കാന്‍ ആവശ്യമായ ജില്‍ബാബ് (മൂടുപടം) ഇല്ലാത്തവര്‍ ഒന്നിലധികം ഉള്ളവരില്‍ നിന്ന് കടം വാങ്ങി ധരിച്ചിട്ടെങ്കിലും അവര്‍ വരട്ടെ എന്ന് പോലും നബി ﷺ  നിര്‍ദേശിച്ചതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം അതിന് സാഹചര്യം ഉണ്ടാവാന്‍ സാധ്യത കുറവാണ്. അത്തരം സാഹചര്യത്തില്‍ കുടുംബസമേതം വീടുകളില്‍ വെച്ച് ജമാഅത്തായി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാം. അത്തരം ഘട്ടത്തില്‍ ഖുത്വുബ സുന്നത്തില്ല. സ്വഹാബിയായ അനസ്(റ) പെരുന്നാള്‍ നമസ്‌കാരം ജമാഅത്ത് നഷ്ടപ്പെട്ടപ്പോള്‍ തന്റെ വീട്ടില്‍ കുടുംബസമേതം ഇങ്ങനെ നിര്‍വഹിച്ചതായി ഇമാം ബുഖാരി അനുബന്ധ വാചകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പെരുന്നാള്‍ നമസ്‌കാരത്തിന്റെ രൂപം

പെരുന്നാള്‍ നമസ്‌കാരം രണ്ട് റക്അത്താണ്. ആദ്യ റക്അത്തില്‍ തക്ബീറതുല്‍ ഇഹ്‌റാമിന് ശേഷം ഏഴ് തക്ബീറുകളും രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീറുകളും ചൊല്ലണം. തക്ബീറുകളുടെ അവസരത്തില്‍ കൈകള്‍ ചുമലിന് നേരെ ഉയര്‍ത്തുകയും ശേഷം നെഞ്ചിലേക്ക് തന്നെ താഴ്ത്തുകയും ചെയ്യുക.

തക്ബീറുകള്‍ക്കിടയില്‍ പ്രത്യേക പ്രാര്‍ത്ഥനകളൊന്നും നബിചര്യയില്‍ സ്ഥിരപ്പെട്ടിട്ടില്ല. ബാക്കി കര്‍മങ്ങളെല്ലാം മറ്റു നമസ്‌കാരങ്ങളെ പോലെ തന്നെയാകുന്നു.

പെരുന്നാള്‍ നമസ്‌കാരത്തില്‍ സൂറതുല്‍ ക്വാഫ് /ക്വമര്‍ എന്നിവയോ സൂറതുല്‍ അഅ്‌ലാ /ഗാശിയ എന്നിവയോ ആണ് നബി ﷺ  പാരായണം ചെയ്യാറുണ്ടായിരുന്നത്.

പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ചൊല്ലല്‍, കുടുംബബന്ധങ്ങള്‍ കഴിയുംവിധം പുതുക്കല്‍ എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കുക. ധൂര്‍ത്തും അനാവശ്യങ്ങളും തീര്‍ത്തും ഒഴിവാക്കുക. എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

മനഃശുദ്ധി

മനഃശുദ്ധി


(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍ 17)

പക, വിരോധം, വിദ്വേഷം, വെറുപ്പ് തുടങ്ങിയ ദുര്‍ഗുണങ്ങളില്‍നിന്ന് ഹൃദയത്തെ ശുദ്ധമാക്കല്‍ അനിവാര്യമാണ്. ഹൃദയത്തെ ബാധിക്കുന്ന മഹാരോഗങ്ങളാണ് അവയെല്ലാം. ഇത്തരം രോഗങ്ങളില്‍നിന്നും സന്ദേഹങ്ങള്‍, സംശയങ്ങള്‍, ദേഹേഛകള്‍, തന്നിഷ്ടങ്ങള്‍ തുടങ്ങിയ രോഗങ്ങളില്‍നിന്നും സുരക്ഷിതമായി അല്ലാഹുവിനെ മരണാനന്തരം കണ്ടുമുട്ടുന്നവര്‍ക്കാണ് പാരത്രിക വിജയമെന്ന് വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നു:

”അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. (അന്ന്) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്”(ക്വുര്‍ആന്‍ 26:90).

ജനങ്ങളില്‍ ഉത്തമനും അതിശ്രേഷ്ഠനും ആരെന്ന ചോദ്യത്തിന് നബി ﷺ  നല്‍കിയ മറുപടിയില്‍ നിന്ന് ഭക്തിയുടെയും മനഃശുദ്ധിയുടെയും മഹത്ത്വവും പ്രാധാന്യവും തെളിയുന്നു.

അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)ല്‍ നിന്ന് നിവേദനം: ”അല്ലാഹുവിന്റെ ദൂതന്‍, ചോദിക്കപ്പെട്ടു: ‘ജനങ്ങളില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠന്‍?’ തിരുനബി ﷺ  പറഞ്ഞു: ‘എല്ലാ മഖ്മൂമുല്‍ക്വല്‍ബും സ്വദൂക്വുല്ലിസാനുമാണ്. അവര്‍ ചോദിച്ചു: ‘സ്വദൂക്വുല്ലിസാന്‍ (സംസാരത്തില്‍ സത്യസന്ധന്‍) ഞങ്ങള്‍ക്കറിയും. എന്നാല്‍ എന്താണ് മഖ്മൂമുല്‍ക്വല്‍ബ്?’ തിരുനബി പറഞ്ഞു: ‘പാപമോ അതിക്രമമോ ചതിയോ അസൂയയോ തീരെയില്ലാത്ത ശുദ്ധനും ഭക്തനുമാണ് അയാള്‍” (സുനനുഇബ്‌നിമാജഃ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സത്യവിശ്വാസികളായ ദാസന്മാരുടെ വിശേഷണം അറിയിച്ചുകൊണ്ട് അല്ലാഹു—പറഞ്ഞു: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരന്മാര്‍ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 59:10).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി പറഞ്ഞു: ”സത്യവശ്വാസി (തന്റെ മനഃശുദ്ധി കാരണത്താല്‍) വഞ്ചിക്കപ്പെടുന്നവനും മാന്യസ്വഭാവക്കാരനുമാണ്. തെമ്മാടിയാകട്ടെ, തെറ്റിനു മിടുക്കനും നീച സ്വഭാവക്കാരനുമാണ്” (സുനനുഅബീദാവൂദ്, മുസ്‌നദു അഹ്മദ്. ഹദീഥിന്റെ സനദ് ചുരുങ്ങിയ പക്ഷം ഹസനാണെന്ന് അഹ്മദ് ശാകിര്‍ വിശേഷിപ്പിച്ചു. അല്‍ബാനി ദഈഫെന്ന് വിധിച്ചു).

തിരുമേനി തന്റെ മനസ്സ് എത്രമാത്രം സുരക്ഷിതമാക്കുവാന്‍ ശ്രദ്ധിച്ചരുന്നുവെന്ന് താഴെ വരുന്ന ഹദീഥ് അറിയിക്കുന്നു.

ഇബ്‌നുമസ്ഊദി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു:”എന്റെ അനുചരന്മാരില്‍ ഒരാളും ഒരാളെക്കുറിച്ചും (മനസ്സില്‍ വെറുപ്പുളവാക്കുന്ന) ഒന്നും എന്നിലേക്ക് എത്തിക്കരുത്. കാരണം ഞാന്‍ സുരക്ഷിതമായ ഹൃദയവുമായി നിങ്ങളെ കണ്ടുമുട്ടുവാനാണ് ഇഷ്ടപ്പെടുന്നത്” (സുനനുഅബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

മനഃശുദ്ധിയുള്ള മനുഷ്യരുടെ മഹത്ത്വം വിളിച്ചറിയിക്കുന്ന ഒരു സംഭവം ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്. അനസി(റ)ല്‍ നിന്നും നിവേദനം; അദ്ദേഹം പറഞ്ഞു:

”ഞങ്ങള്‍ തിരുദൂതരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: ‘ഇപ്പോള്‍ നിങ്ങളുടെ അടുത്തേക്ക് സ്വര്‍ഗവാസികളില്‍പെട്ട ഒരാള്‍ വന്നെത്തും.’ അപ്പോള്‍ അന്‍സ്വാരികളില്‍പെട്ട ഒരാള്‍ വന്നു. അദ്ദേഹത്തിന്റെ താടിയിലൂടെ വുദൂഇന്റെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഇടതുകയ്യില്‍ അദ്ദേഹത്തിന്റെ ചെരിപ്പുകള്‍ പിടിച്ചിരുന്നു. അങ്ങനെ അടുത്ത ദിവസമായപ്പോള്‍ നബി ﷺ  അപ്രകാരം തന്നെ പറഞ്ഞു. അപ്പോഴും ആദ്യപ്രാവശ്യത്തെപ്പോലെ ആ മനുഷ്യന്‍ കടന്നുവന്നു. മൂന്നാം ദിവസമായപ്പോഴും നബി ﷺ  അപ്രകാരം തന്നെ പറഞ്ഞു. ആദ്യത്തെ അതേ അവസ്ഥയില്‍ ആ മനുഷ്യന്‍ അന്നും അവരിലേക്ക് കടന്നുവന്നു. അങ്ങനെ നബി ﷺ  എഴുന്നേറ്റപ്പോള്‍ അബ്ദുല്ലാഹ് ഇബ്‌നുഅംറ്(റ) ആ മനുഷ്യനെ പിന്തുടര്‍ന്നു പോയി… ശേഷം (അബ്ദുല്ലാഹ്) പറയുകയാണ്: ‘താങ്കള്‍ എന്തെല്ലാം പ്രവര്‍ത്തിക്കുന്നു എന്ന് വീക്ഷിച്ച് അവ പിന്തുടരുവാന്‍ താങ്കളുടെ കൂടെ താമസിക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. പക്ഷേ, താങ്കള്‍ ധാരാളമായി കര്‍മങ്ങള്‍ ചെയ്യുന്നതായി ഞാന്‍ കണ്ടില്ല. പിന്നെ എന്താണ് തിരുമേനി പറഞ്ഞതിലേക്ക് താങ്കളെ എത്തിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ കണ്ടതല്ലാത്ത മറ്റൊന്നും എന്നിലില്ല.’ ഞാന്‍ മടങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു: ‘മുസ്‌ലിംകളില്‍ ഒരാളോടും എന്റെ മനസ്സില്‍ ഒട്ടും ചതിയില്ല. ഞാന്‍ ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്ത നന്മയില്‍ അസൂയ കാണിക്കാറില്ല.’ അപ്പോള്‍ അബ്ദുല്ലാഹ്(റ) പറഞ്ഞു: ‘ഇത് തന്നെയാണ് (നബി ﷺ  പറഞ്ഞതിലേക്ക്) താങ്കളെ എത്തിച്ചത്” (മുസ്‌നദുഅഹ്മദ്. (മുസ്‌നദില്‍നിന്ന് ചുരുക്കരൂപത്തില്‍). ശുഐബുല്‍അര്‍നാഊത്വ് സനദിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്രകൂടിയുണ്ട്: ”ഒരാളോടും യാതൊരു പകയുമില്ലാതെയാണ് ഞാന്‍ എന്റെ കിടപ്പറ പ്രാപിക്കാറുള്ളത്” (ഇത്തിഹാഫുല്‍  മഹറ).

മനസ്സിന്റെ സുരക്ഷയും പകയില്ലായ്മയും വലിയ അനുഗ്രഹവും സുഖദായകവുമാണ്. പകയും വിദ്വേഷവും മനസ്സിന് ഭാരവും ശിക്ഷയുമാണ്. അന്ത്യനാളില്‍ വിശ്വാസികളുടെ മനസ്സിനെ സ്ഫുടം ചെയ്യുകയും അസൂയയും വിദേഷവും നീക്കി ഹൃദയത്തെ സംശുദ്ധമാക്കി അല്ലാഹു അവരെ ആദരിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗവാസികളെക്കുറിച്ച് പറയുന്നത് നോക്കൂ:

”അവരുടെ (വിശ്വാസികളുടെ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കിക്കളയുന്നതാണ്. അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക് നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്. അവരോട് വിളിച്ചു പറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു”(ക്വുര്‍ആന്‍ 7:43).

”അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും”(ക്വുര്‍ആന്‍ 15:47).

സഹോദരങ്ങള്‍ക്കു നേരെ പകയും വിദേഷവും മനസ്സില്‍ കൊണ്ടുനടക്കല്‍ നിഷിദ്ധവും അത്യന്തം അപകടവുമാണ്. ഒരു തിരുമൊഴി അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:

”തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും അല്ലാഹുവില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്ത എല്ലാ ദാസന്മാര്‍ക്കും പൊറുത്തു കൊടുക്കുകയും ചെയ്യും; തന്റെയും സഹോദരന്റെയും ഇടയില്‍ പിണക്കമുള്ള ഒരു വ്യക്തിക്കൊഴിച്ച്. പറയപ്പെടും: ‘തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക. തെറ്റുതീര്‍ത്ത് നന്നാവുന്നതുവരെ ഈ രണ്ടുപേര്‍ക്കും ഇടകൊടുക്കുക”(മുസ്‌ലിം).

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

സമാധാനചിത്തത

സമാധാനചിത്തത

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍ 16)

അടക്കവും ഒതുക്കവും സമാധാനചിത്തതയും വലിയ അനുഗ്രഹമാണ്. വിശിഷ്യാ ഭീതിയും ഭയപ്പാടും തീക്ഷ്ണവും തീവ്രവുമാകുമ്പോള്‍. മനസ്സും മസ്തിഷ്‌കവും മറ്റു ശരീരാവയവങ്ങളും സമാധാനപ്പെടുമ്പോള്‍ മനുഷ്യനുണ്ടാകുന്ന അനുഭൂതി വിവരാണാതീതമാണല്ലോ. സമാധാനം കൈക്കൊള്ളുവാനുള്ള ആജ്ഞകള്‍ പ്രമാണവചനങ്ങളില്‍ നമുക്കു കാണാം. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു നിവേദനം:

”അദ്ദേഹം അറഫാദിനം തിരുനബി ﷺ യോടൊപ്പം പുറപ്പെട്ടു. അപ്പോള്‍ നബി ﷺ തന്റെ പിന്നില്‍ ഒട്ടകങ്ങളെ ശക്തമായി വിരട്ടി തെളിക്കുന്നതും അടിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടു. ഉടന്‍ തന്റെ ചമ്മട്ടികൊണ്ട് അവരെ ചൂണ്ടി തിരുമേനി ﷺ  പറഞ്ഞു: ‘ജനങ്ങളേ, നിങ്ങള്‍ സമാധാനം കൈക്കൊള്ളുക” (ബുഖാരി).

ഉസാമ(റ)യെ തന്റെ പിന്നിലിരുത്തി അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്കു പോകുമ്പോള്‍ തിരുമേനി ജനങ്ങളോട് മൊത്തത്തില്‍ ഇപ്രകാരം ആജ്ഞാപിച്ചു: ”ജനങ്ങളേ, സമാധാനം കൈക്കൊള്ളുക. സമാധാനം കൈക്കൊള്ളുക”(മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ”നിങ്ങള്‍ ഇക്വാമത്തു കേട്ടാല്‍ നമസ്‌കാരത്തിലേക്കു നടന്നുപോവുക. നിങ്ങളുടെമേല്‍ സമാധാനവും അടക്കവും ഉണ്ടാകണം. നിങ്ങള്‍ വേഗത കൂട്ടരുത്. നിങ്ങള്‍ക്കു കിട്ടിയത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്കു നഷ്ടപ്പെട്ടതു പൂര്‍ത്തിയാക്കുക” (ബുഖാരി).

ഇക്വാമത്ത് വിളിച്ച് നമസ്‌കാരത്തിനു തിരക്കുകൂട്ടി എഴുന്നേല്‍ക്കുന്നവരോട് തിരുമേനി ﷺ  ഉപദേശിച്ചു: ”നിങ്ങള്‍ എന്നെ കാണുന്നതുവരെ എഴുന്നേല്‍ക്കരുത്. നിങ്ങളുടെ മേല്‍ സമാധാനം ഉണ്ടാകണം” (ബുഖാരി).

സമാധാനവും ശാന്തിയും അല്ലാഹുവില്‍നിന്നുള്ള ദാനവായ്പാകുന്നു. പ്രസ്തുത ദാനത്തിന്റെ ഫലങ്ങളും പ്രാധാന്യവും ധര്‍മവുമെല്ലാം അറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ താഴെ നല്‍കുന്നു:

”പിന്നീട് അല്ലാഹു അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 09:26).

”അദ്ദേഹം തന്റെ കൂട്ടുകാരനോട്; ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു” (ക്വുര്‍ആന്‍ 09:04 ).

”അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിക്കൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍” (ക്വുര്‍ആന്‍ 48:04).

”ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു” (ക്വുര്‍ആന്‍ 48:18).

”സത്യനിഷേധികള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദുരഭിമാനം- ആ അജ്ഞാനയുഗത്തിന്റെ ദുരഭിമാനം -വെച്ചുപുലര്‍ത്തിയ സന്ദര്‍ഭം! അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന്റെ മേലും സത്യവി ശ്വാസികളുടെമേലും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു” (ക്വുര്‍ആന്‍ 48:26).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”ഒരു വിഭാഗം അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളില്‍ ഒരു പള്ളിയില്‍ ഒരുമിച്ചുകൂടുകയും അല്ലാഹുവിന്റെ കിതാബ് പാരായണം ചെയ്യുകയും അവരത് അന്യോന്യം പഠിക്കുകയുമായാല്‍ അവരുടെമേല്‍ സമാധാനം വന്നിറങ്ങുകയും റഹ്മത്ത് അവരെ മൂടുകയും മലക്കുകള്‍ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുക്കലുള്ളവരില്‍ അവരെ അനുസ്മരിക്കുകയും ചെയ്യും, തീര്‍ച്ച”(മുസ്‌ലിം).

അല്‍ബറാഅ് ഇബ്‌നുആസിബി(റ)ല്‍ നിന്നും നിവേദനം; അദ്ദേഹം പറഞ്ഞു: ”ഒരു വ്യക്തി, സൂറതുല്‍കഹ്ഫ് പാരായണം ചെയ്യുകയായിരുന്നു. അയാള്‍ക്കരികില്‍ രണ്ടു കയറുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ട ഒരു കുതിരയുമുണ്ട്. അപ്പോള്‍ ആയാളെ ഒരു കാര്‍മുകില്‍ മൂടി. അങ്ങനെ ആ കാര്‍മുകില്‍ അയാളോട് അടുക്കുവാന്‍ തുടങ്ങി. അയാളുടെ കുതിരയാകട്ടെ വിരണ്ടോടുവാനും തുടങ്ങി. പ്രഭാതമായപ്പോള്‍, അയാള്‍ നബി ﷺ യുടെ അടുക്കല്‍ എത്തുകയും തിരുമേനിയോട് അത് ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ക്വുര്‍ആന്‍ കാരണത്താല്‍ വന്നിറങ്ങിയ ശാന്തിയത്രെ അത്” (ബുഖാരി, മുസ്‌ലിം).

ശാന്തതയും അടക്കവും ഒതുക്കവും സമാധാനചിത്തതയും തിരുനബിയുടെ സഭാവ ഗുണമായിരുന്നു. തിരുനബി ﷺ യെ കുറിച്ച് പ്രിയപത്‌നി ആഇശ(റ) പറയുന്നത് നോക്കൂ:

”നിറുത്തം, ഇരുത്തം എന്നിവയില്‍ നബിയോടുള്ള അനുധാവനത്തിലും സ്വഭാവത്തിലും ഒതുക്കത്തിലും നബിപുത്രി ഫാത്വിമ(റ)യോളം തിരുനബിയോടു സാദൃശ്യമുള്ളവരായി ആരെയും ഞാന്‍ കണ്ടിട്ടില്ല” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്നു വിശേഷിപ്പിച്ചു).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

അന്യരുടെ ന്യൂനതകള്‍ പരസ്യമാക്കരുത്

അന്യരുടെ ന്യൂനതകള്‍ പരസ്യമാക്കരുത്

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 15)

 

മറവിലും ഒളിവിലുമായി ഒരു മുസ്‌ലിമില്‍നിന്നു സംഭവിച്ചുപോയ തെറ്റുകളും കുറവുകളും പരസ്യമാക്കാതിരിക്കലും അതിന്റെ പേരില്‍ അവന്റെ അഭിമാനത്തെ മോശപ്പെടുത്താതിരിക്കലും ഉത്തമ ഗുണവും മാന്യതയുമാണ്. വിശിഷ്യാ തെറ്റുപറ്റിയ വ്യക്തി സച്ചരിതനും സല്‍കീര്‍ത്തിയുള്ളവനുമാണെങ്കില്‍. അഭിമാനം അന്യോന്യം സംരക്ഷിക്കുവാനും പ്രതിരോധിക്കുവാനുമാണ് കല്‍പനയുള്ളത്. അടിയാറുകളുടെ കുറവുകളും നഗ്നതകളും മറയ്ക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു. നീചവൃത്തികള്‍ പരസ്യപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും വിരോധിച്ചു. അത് പരസ്യപ്പെടുത്തുന്നവര്‍ക്ക് നോവേറുന്ന ശിക്ഷയുണ്ടെന്ന് അവന്‍ മുന്നറിയിപ്പേകുകയും ചെയ്തു.

”തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല” (ക്വുര്‍ആന്‍ 24:19).

അബൂബര്‍സ(റ)യില്‍നിന്നു നിവേദനം; അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ”ഹൃദയത്തിലേക്ക് ഈമാന്‍ പ്രവേശിക്കാതെ നാവുകൊണ്ട് മാത്രം വിശ്വസിച്ചവരേ! നിങ്ങള്‍ മുസ്‌ലിംകളെക്കുറിച്ച് പരദൂഷണം പറഞ്ഞു നടക്കരുത്. അവരുടെ കുറവ് അന്വേഷിച്ച് പിറകെ നിങ്ങള്‍ നടക്കുകയുമരുത്. കാരണം ആരാണോ അവരുടെ കുറവുകള്‍ അന്വേഷിച്ച് അവരുടെ പിറകെ നടക്കുന്നത് അവരുടെ കുറവുകള്‍ അല്ലാഹു പിന്തുടര്‍ന്ന് പിടിക്കും. ആരുടെ കുറവുകളാണോ അല്ലാഹു പിന്തുടര്‍ന്ന് പിടികൂടുന്നത് അവനെ തന്റെ ഭവനത്തില്‍ വെച്ച് അല്ലാഹു വഷളാക്കും”(സുനനു അബീദാവൂദ്. അല്‍ബാനി ഹദീഥിനെ സഹീഹാക്കിയിട്ടുണ്ട്).

ഥൗബാനി(റ)ല്‍ നിന്ന് നിവേദനം. തിരുനബി ﷺ  പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിന്റെ ദാസന്മാരെ ദ്രോഹിക്കരുത്. അവരെ നിങ്ങള്‍ ആക്ഷേപിക്കുകയും ചെയ്യരുത്. അവരുടെ കുറവുകള്‍ നിങ്ങള്‍ അന്വേഷിക്കരുത്. കാരണം വല്ലവനും തന്റെ മുസ്‌ലിമായ സഹോദരന്റെ കുറവുകള്‍ അന്വേഷിച്ചാല്‍ അല്ലാഹു അവന്റെ കുറവുകള്‍ അന്വേഷിക്കുകയും അങ്ങനെ അവന്റെ വീട്ടില്‍ വെച്ച് അവനെ വഷളാക്കുകയും ചെയ്യും”(മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് സ്വഹീഹുന്‍ലിഗയ്‌രിഹീയെന്നുപറഞ്ഞു).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; തിരുനബി ﷺ  പറഞ്ഞു: ”…നിങ്ങള്‍ തെറ്റുകള്‍ രഹസ്യമായി അന്വേഷിക്കരുത്…” (ബുഖാരി).

അന്യരുടെ കുറവുകളും പോരായ്മകളും മറയ്ക്കുന്നതിന് അല്ലാഹു—മഹത്തായ പ്രതിഫലമാണ് വാഗ്ദാനമേകിയിരിക്കുന്നത്. അബുദ്ദര്‍ദാഇ(റ)ല്‍നിന്നു നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ”തന്റെ സഹോദരന്റെ അഭിമാനത്തെ ആരെങ്കിലും പ്രതിരോധിച്ചാല്‍ ക്വിയാമത്ത് നാളില്‍ അല്ലാഹു അവന്റെ മുഖത്തുനിന്നും നരകത്തെ തടുക്കും” (സുനനുത്തിര്‍മിദി. അല്‍ബാനി ഹദീഥിനെ ഹസനാക്കിയിട്ടുണ്ട്).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”…ഒരു മുസ്‌ലിമിന്റെ (ന്യൂനത) ഒരാള്‍ മറച്ചുവെച്ചാല്‍, അല്ലാഹു അയാളുടെ ഇഹത്തിലെയും പരത്തിലെയും (ന്യൂനതകള്‍) മറയ്ക്കുന്നതാണ്…” (മുസ്‌ലിം).

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയുണ്ട്: ”ഏതൊരു അടിമയാണോ മറ്റൊരു ദാസന്റെ കുറവുകള്‍ ഇഹലോകത്തു മറച്ചുവെക്കുന്നത് അല്ലാഹു അവന്റെ കുറവ് പരലോകത്ത് മറച്ചുവെക്കുക തന്നെ ചെയ്യും” (മുസ്‌ലിം).

തെറ്റുചെയ്യുന്ന വ്യക്തികളെ നേരിട്ടാണെങ്കില്‍ ഗുണദോഷിച്ചും പരസ്യമായിട്ടാണെങ്കില്‍ വ്യക്തിപരാമര്‍ശം നടത്താതെ പൊതുവില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമായിരുന്നു തിരുമേനി ﷺ .

 അബൂഹുമയ്ദ് അസ്സാഇദീ(റ)യില്‍നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഒരു സംഭവത്തില്‍ പിരിവിന്നയച്ച ഒരു വ്യക്തിയെ തിരുമേനി ﷺ  ഇപ്രകാരം കൈകാര്യം ചെയ്തത് നമുക്ക് വായിക്കാം:

 ”തിരുനബി ﷺ , അസ്ദ് ഗോത്രത്തിലെ ഇബ്‌നുല്ലത്ഫിയ്യ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിയെ സ്വദക്വ മുതല്‍ ശേഖരിക്കുവാന്‍ നിയോഗിച്ചു. (ശേഖരണ ശേഷം) അദ്ദേഹം വന്നുകൊണ്ട് പറഞ്ഞു: ‘ഇത് നിങ്ങള്‍ക്കാകുന്നു. ഇത് എനിക്ക് സമ്മാനമായി നല്‍കപ്പെട്ടതാകുന്നു.’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അയാളുടെ വീട്ടിലിരുന്നാല്‍ തനിക്ക് ഹദ്‌യ നല്‍കപ്പെടുമോ ഇല്ലയോ എന്ന് അയാള്‍ക്ക് നോക്കിക്കൂടേ? അല്ലാഹുവാണെ സത്യം, വല്ലവനും അതില്‍നിന്ന് വല്ലതും എടുത്താല്‍ അവന്‍ അത് വഹിച്ചുകൊണ്ട് അന്ത്യനാളില്‍ വരുന്നതാണ്. (ഹദ്‌യയായി(ഗിഫ്റ്റായി) ലഭിച്ചത്) ഒട്ടകമാണെങ്കില്‍ ആ ഒട്ടകത്തിന് അലറിക്കരയുന്ന ശബ്ദമുണ്ടാകും. പശുവാണെങ്കില്‍ അതിന് അമര്‍ച്ചയുണ്ടാകും. ആടാണെങ്കില്‍ അതിന് കരച്ചിലുമുണ്ടാകും.’ ശേഷം തിരുമേനി ﷺ  തന്റെ ഇരുകരങ്ങളും (കക്ഷത്തിന്റെ (വെളുപ്പും ചുവപ്പും കലര്‍ന്ന) നിറം ഞങ്ങള്‍ കാണുവോളം ഉയര്‍ത്തി. എന്നിട്ട് തിരുമേനി ﷺ  പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ എത്തിച്ചു നല്‍കിയില്ലേ?’ മൂന്ന് തവണ തിരുമേനി ഇത് ആവര്‍ത്തിച്ചു” (ബുഖാരി).

ഈ വിഷയത്തില്‍ പരസ്യമായ ഒരു പ്രസംഗം തിരുമേനി ﷺ  നടത്തുകയും ശക്തമായ ഭാഷ അതില്‍ പ്രയോഗിക്കുകയും എന്നാല്‍ വ്യക്തി പരാമര്‍ശം നടത്താതെ പൊതുവില്‍ സംസാരിക്കുകയും ചെയ്തത് ബുഖാരിയുടെ തന്നെ മറ്റൊരു നിവേദനത്തില്‍ കാണാം:

”നാം നിയോഗിക്കുന്ന ഉദ്യോഗസ്ഥന് എന്തു പറ്റി? അദ്ദേഹം വന്നുകൊണ്ട് പറയുന്നു; ഇത് നിങ്ങള്‍ക്കാകുന്നു, ഇത് എനിക്ക് സമ്മാനമായി നല്‍കപ്പെട്ടതാകുന്നു എന്ന്.”

സ്വന്തം കുറവുകളും തെറ്റുകളും പരസ്യപ്പെടുത്താതിരിക്കുവാനും നഗ്‌നതകള്‍ മറയ്ക്കുവാനും കല്‍പനയുണ്ട്. യഅ്‌ലാ ഇബ്‌നുഉമയ്യ(റ)യില്‍ നിന്ന് നിവേദനം; ഒരു സംഭവം ഇപ്രകാരമുണ്ട്: ”തിരുനബി ﷺ  ഒരു വ്യക്തി തുറന്ന സ്ഥലത്ത് മുണ്ടുടുക്കാതെ കുളിക്കുന്നത് കണ്ടു. അപ്പോള്‍ തിരുദൂതര്‍ മിമ്പറില്‍ കയറി അല്ലാഹുവിന് ഹംദുകള്‍ അര്‍പ്പിച്ച് അവനെ വാഴ്ത്തിപ്പുകഴ്ത്തിക്കൊണ്ടു പറഞ്ഞു: ‘നിശ്ചയം, അല്ലാഹു–ഏറെ ലജ്ജയുള്ളവനും സിത്തീറുമാകുന്നു. അവന്‍ ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. നിങ്ങളില്‍ ഒരാള്‍ കുളിക്കുകയായാല്‍ അവന്‍ മറ സ്വീകരിക്കട്ടെ”(സുനനുന്നസാഈ, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

വ്യഭിചാരമാകുന്ന പാപം ചെയ്ത ഒരു വ്യക്തി തിരുമേനി ﷺ യുടെ അടുക്കലെത്തി കുറ്റസമ്മതം നടത്തിയപ്പോള്‍ അയാളോടുള്ള തിരുമേനിയുടെ പ്രതികരണം ശ്രദ്ധേയമാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്നു നിവേദനം: ”തിരുദൂതര്‍ ﷺ  പള്ളിയിലായിരിക്കെ മുസ്‌ലിംകളില്‍പെട്ട ഒരാള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. തിരുമേനി ﷺ യെ വിളിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു.’ അപ്പോള്‍ തിരുമേനി അയാളില്‍ നിന്നു മുഖം തിരിച്ചു. അയാള്‍ തിരുനബി ﷺ യുടെ മുഖത്തിനു നേരെനീങ്ങിനിന്നുകൊണ്ട് പറഞ്ഞു: ‘തിരുദൂതരേ, ഞാന്‍ വ്യഭിചരിച്ചിരിക്കുന്നു.’ അപ്പോള്‍ തിരുമേനി അയാളില്‍ നിന്നു മുഖംതിരിച്ചു. അയാള്‍ നാലു തവണ ഇത് തിരുമേനിയോട് ആവര്‍ത്തിച്ചു. അയാള്‍ സ്വന്തത്തിന് എതിരില്‍ നാലു തവണ സാക്ഷ്യം വഹിച്ചപ്പോള്‍ തിരുമേനി അയാളെ വിളിച്ചു. അവിടുന്ന് ചോദിച്ചു: ‘താങ്കള്‍ക്കു ഭ്രാന്തുണ്ടോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ  ചോദിച്ചു: ‘താങ്കള്‍ വിവാഹിതനാണോ?’ അയാള്‍ പറഞ്ഞു: ‘അതെ.’ അപ്പോള്‍ തിരുനബി പറഞ്ഞു: ‘നിങ്ങള്‍ ഇദ്ദേഹത്തെ കൊണ്ടുപോയി എറിഞ്ഞുകൊല്ലുക” (ബുഖാരി, മുസ്‌ലിം).

വ്യഭിചരിച്ച ഈ വ്യക്തിയെ തിരുസവിധത്തിലേക്ക് അയച്ചതും തന്റെ തെറ്റ് അറിയിക്കുവാന്‍ ആവശ്യപ്പെട്ടതും ഹസ്സാല്‍ ഇബ്‌നു രിആബ് എന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തോടു വരെ തിരുനബി ഇപ്രകാരം അരുളി:

”ഹസ്സാല്‍, നിങ്ങള്‍ക്ക് അയാളെ നിങ്ങളുടെ വസ്ത്രം കൊണ്ടു മറച്ചുപിടിച്ചുകൂടായിരുന്നുവോ?”

”ഹസ്സാല്‍, നിങ്ങള്‍ക്കു നാശം! നിങ്ങള്‍ അയാളെ നിങ്ങളുടെ വസ്ത്രംകൊണ്ടു മറച്ചു പിടിച്ചിരുന്നുവെങ്കില്‍ അതായിരുന്നു നിങ്ങള്‍ക്ക് ഉത്തമം”(മുസ്തദ്‌റക്, ഹാകിമും ദഹബിയും സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അയാളുടെ തെറ്റ് പരസ്യപ്പെടുത്താതെ പശ്ചാത്തപിക്കുവാനും പാപമോചനത്തിനു തേടുവാനും അയാളോട് ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് എന്നതാണ് നബി ﷺ  ഇപ്പറഞ്ഞതിന് അര്‍ഥം. ജനങ്ങളുടെ കുറവുകള്‍ മറയ്ക്കുവാനും തെറ്റുകള്‍ക്ക് മറയിടുവാനും അഭിമാനങ്ങള്‍ സംരക്ഷിക്കുവാനുമാണ് അപവാദപ്രചാരണത്തെ ഇസ്‌ലാം നിഷിദ്ധവും വന്‍പാപവുമാക്കിയത്. അല്ലാഹു പറഞ്ഞു:

”പതിവ്രതകളും(ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്”(ക്വുര്‍ആന്‍ 24:23).

അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള ഹദീഥില്‍ ഇപ്രകാരമുണ്ട്. തിരുനബി ﷺ  പറഞ്ഞു: ”നാശത്തില്‍ ആപതിപ്പിക്കുന്ന ഏഴ് (വന്‍പാപങ്ങളെ) നിങ്ങള്‍ വെടിയുക… ”നബി ﷺ  അവയില്‍ ഇപ്രകാരമുണര്‍ത്തി: ”പതിവ്രതകളും സത്യവിശ്വാസിനികളും (തെറ്റുകളെ കുറിച്ച്) ആലോചിക്കുകപോലും ചെയ്യാത്തവരുമായ സ്ത്രീകളെ കുറിച്ച് അപവാദപ്രചാരണം നടത്തല്‍” (ബുഖാരി, മുസ്‌ലിം).

അപവാദ പ്രചാരണത്തിന്നുള്ള ശിക്ഷ ഇസ്‌ലാമില്‍ കഠിനമാണ്. ജനങ്ങളുടെ കുറവുകള്‍ മറയ്ക്കുക, അഭിമാനങ്ങള്‍ സംരക്ഷിക്കുക, തിന്മ പ്രചരിപ്പിക്കുന്ന നാവുകളെ നിശ്ശബ്ദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അപവാദ പ്രചാരണത്തിന്നുള്ള ശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇസ്‌ലാമിനുള്ളത്. വല്ലവനും ഒരു മുസ്‌ലിമിനെ വ്യഭിചാരാരോപണം നടത്തുകയും താന്‍ ആരോപിച്ചതിന്റെ സത്യസന്ധതക്ക് തെളിവ് സ്ഥാപിക്കാതിരിക്കുകയുമായാല്‍ എണ്‍പതു അടിയാണ് അവനുള്ള ശിക്ഷ. അല്ലാഹു—പറഞ്ഞു:

”ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക”(ക്വുര്‍ആന്‍ 24:23).

ഈ ശിക്ഷ നടപ്പാക്കുന്നതോടൊപ്പം ആരോപണമുന്നയിച്ചവനില്‍ മറ്റൊരു ശിക്ഷകൂടി അനിവാര്യമാകും. അവന്റെ സാക്ഷ്യം തള്ളുകയും അവനില്‍ ഫിസ്‌ക്വ്(തെമ്മാടിയാണെന്ന്) വിധിക്കുകയും ചെയ്യലാണത്. അല്ലാഹു—പറഞ്ഞു:

”അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മകാരികള്‍” (ക്വുര്‍ആന്‍ 24:4).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

സൗമ്യത

സൗമ്യത

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 14)

കാര്യങ്ങളിലെല്ലാം സൗമ്യതയും മൃദുലതയും സാവകാശവും എളുപ്പമായത് സ്വീകരിക്കലും, രൂക്ഷതയും തീവ്രതയും കൈവെടിയലും അനുഗ്രഹവും നന്മ മാത്രവുമാണ്. തിരുനബി ﷺ  പറയുന്നതു നോക്കൂ: ”മൃദുലത തടയപ്പെട്ടവന് നന്മകള്‍ തടയപ്പെട്ടിരിക്കുന്നു” (മുസ്‌ലിം).

തന്റെ വിഷയത്തിലായാലും മറ്റുള്ളവരുടെ വിഷയത്തിലായാലും ഒരാളുടെ പെരുമാറ്റം സൗമ്യതാപൂര്‍ണമായിരിക്കണം. ഇല്ലായെങ്കില്‍ പ്രസ്തുത പെരുമാറ്റം അനുഗ്രഹംകെട്ടതും പ്രയോജന രഹിതവുമായി മാറും. ഏതാനും തിരുമൊഴികള്‍ ഇവിടെ ശ്രദ്ധേയമാണ്.

ആഇശ(റ)യില്‍ നിന്ന് നിവേദനം; തിരുനബി ﷺ  പറഞ്ഞു: ”ആഇശാ, നിശ്ചയം അല്ലാഹു സൗമ്യ(റഫീക്വ്)നാകുന്നു. അവന്‍ മൃദുലപെരുമാറ്റം ഇഷ്ടപ്പെടുന്നു. അവന്‍ രൂക്ഷമായപെരുമാറ്റത്തിനും മൃദുലപെരുമാറ്റമല്ലാത്ത(ഇതര സല്‍പെരുമാറ്റങ്ങള്‍)ക്കും നല്‍കാത്തത് മൃദുലപെരുമാറ്റത്തിന്,  നല്‍കുന്നു”(മുസ്‌ലിം).

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ പറഞ്ഞു: ”ഒരു വീട്ടുകാര്‍ക്ക് വിനയം നല്‍കപ്പെട്ടിട്ടു എങ്കില്‍ അത് അവര്‍ക്ക് ഉപകരിക്കുകതന്നെ ചെയ്യും. വിനയം തടയപ്പെട്ടിട്ടുെങ്കില്‍ അവര്‍ക്ക് വിനയാവുകയും ചെയ്യും, തീര്‍ച്ച” (മുഅ്ജമുത്ത്വബ്‌റാനി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ജരീര്‍ ഇബ്‌നു അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ”നിശ്ചയം, അല്ലാഹു രൂക്ഷമായപെരുമാറ്റത്തിനു നല്‍കാത്തത് മൃദുലമായപെരുമാറ്റത്തിനു നല്‍കുന്നു. ഒരു ദാസനെ അല്ലാഹു ഇഷ്ടപ്പെട്ടാല്‍ അല്ലാഹു അവന്ന് മൃദുലപെരുമാറ്റം നല്‍കുന്നു. മൃദുലപെരുമാറ്റം തടയപ്പെട്ട ഒരു കുടുംബവുമില്ല; നന്മകള്‍ തങ്ങള്‍ക്കുതടയപ്പെടാതെ”(മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി ഹസനുന്‍ലിഗയ്‌രിഹി എന്ന് വിശേഷിപ്പിച്ചു).

തന്റെ ശത്രുവിനോടാണെങ്കില്‍ പോലും അയാളോടുള്ള വര്‍ത്തമാനവും വര്‍ത്തനവും സൗമ്യമായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അഹങ്കാരിയും അധമനും അന്യായക്കാരനുമായ ഫിര്‍ഔനെ പ്രബോധനം നടത്തുവാന്‍ ദൂതന്മാരായ മൂസായെയും ഹാറൂനെയും അല്ലാഹു നിയോഗിച്ച പ്പോള്‍ അല്ലാഹു അവരോട് കല്‍പിക്കുന്നത് ഇപ്രകാരമാണ്:

”എന്റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക.തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരുവേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം. അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേ. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്” (ക്വുര്‍ആന്‍ 20:42-46).

സമാധാനത്തിന്റെ ദൂതനായ തിരുനബിയോട് കൊടിയ വൈര്യവും നിറഞ്ഞ ശത്രുതയും അടങ്ങാത്ത അസൂയയും ജൂതന്മാര്‍ വച്ചുപുലര്‍ത്തിയിരുന്നു. തിരുദതരുടെ മരണവും നാശവും മനസ്സില്‍ കൊണ്ടു നടക്കുന്നവരായിരുന്നു അവര്‍. ഒരിക്കല്‍ ജൂതന്മാര്‍ തിരുമേനിയെ പ്രകോപിതമാക്കും വിധം അഭിസംബോധന ചെയ്തപ്പോള്‍ തിരുദൂതര്‍ ﷺ  പ്രതികരിച്ചത് പ്രിയപത്‌നി ആഇശ(റ) നിവേദനം ചെയ്യുന്നു:

”ജൂതന്മാരില്‍ ഒരു സംഘം നബി ﷺ യുടെ അനുവാദം ചോദിച്ചുവന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അസ്സാമുഅലയ്കും(നിങ്ങള്‍ക്ക് മരണം ഭവിക്കട്ടെ).’ ഞാന്‍ പറഞ്ഞു: ‘അല്ല. നിങ്ങളുടെമേല്‍ മരണവും ശാപവും ഉണ്ടാവട്ടെ.’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ആഇശാ! നിശ്ചയം അല്ലാഹു റഫീക്വാകുന്നു. അവന്‍ കാര്യങ്ങളിലെല്ലാം സാവകാശ പെരുമാറ്റം ഇഷ്ടപ്പെടുന്നു.’ ഞാന്‍ ചോദിച്ചു: ‘അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ?’ തിരുമേനി പറഞ്ഞു: ‘നിങ്ങളുടെമേലും എന്നു ഞാനും പറഞ്ഞില്ലേ?” (ബുഖാരി).

തികഞ്ഞ സൗമ്യശീലനും മൃദുല പെരുമാറ്റക്കാരനുമായിരുന്നു നബി ﷺ . തിരുമേനിയെ കുറിച്ച് അല്ലാഹു പറയുന്നതുനോക്കൂ:

”(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞു പോയിക്കളയുമായിരുന്നു…”(ക്വുര്‍ആന്‍ 3:159).

മാലിക് ഇബ്‌നുല്‍ഹുവയ്‌രിഥി(റ)ല്‍ നിന്ന് നിവേദനം: ”എന്റെ ഗോത്രത്തിലെ ആളുകള്‍ക്കൊപ്പം ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നു. ഇരുപതു രാവുകള്‍ ഞങ്ങള്‍ തിരുമേനിയുടെ അടുക്കല്‍ താമസിച്ചു. തിരുമേനി കരുണാമയനും മൃദുലപെരുമാറ്റക്കാരനുമായിരുന്നു. കുടുംബത്തോടുള്ള ഞങ്ങളുടെ ഭ്രമം കണ്ടപ്പോള്‍ തിരുനബി ﷺ  പറഞ്ഞു: ‘നിങ്ങള്‍ മടങ്ങുക. കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടുകയും അവരെ നിങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ നമസ്‌കരിക്കുക. നമസ്‌കാര സമയമായാല്‍ നിങ്ങളില്‍ ഒരാള്‍ നിങ്ങള്‍ക്കു ബാങ്കുവിളിക്കുകയും നിങ്ങളില്‍ മുതിര്‍ന്നവന്‍ ഇമാമത്തു നില്‍ക്കുകയും ചെയ്യട്ടെ”(ബുഖാരി).

സ്വന്തത്തോടു പോലും സൗമ്യതയില്‍ വര്‍ത്തിക്കുവാന്‍ അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)നോട് തിരുമേനി ഉപദേശിച്ച സംഭവം ഹദീഥുകളില്‍ കാണാം. യൗവനാരംഭത്തില്‍ ധാരാളം ഇബാദത്തുകള്‍ എടുക്കുന്ന വ്യക്തിയായിരുന്നു അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ). കാലം മുഴുവന്‍ പകലില്‍ നോമ്പെടുക്കുമായിരുന്നു. രാത്രി മുഴുവന്‍ നമസ്‌കരിക്കുമായിരുന്നു. രാത്രിയിലെ തഹജ്ജുദില്‍ ക്വുര്‍ആന്‍ ഓതിത്തീര്‍ക്കുമായിരുന്നു. ഇത് പിന്നീട് അദ്ദേഹത്തിന് ക്ലേശകരമായി. നിര്‍ബന്ധമായി ചെയ്തുതീര്‍ക്കേണ്ട ചില ബാധ്യതകള്‍ അദ്ദേഹത്തിന് നഷ്ടപ്പെടുമാറ് അദ്ദേഹം ക്ഷീണിതനായി. അപ്പോള്‍ അദ്ദേഹത്തോട് നബി ﷺ  പറഞ്ഞു: ”ഹേ, അബ്ദുല്ലാഹ് ഇബ്‌നു അംറ്! താങ്കള്‍ പകലുകള്‍ മുഴുവന്‍ നോമ്പെടുക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്നു എന്ന വാര്‍ത്ത എനിക്ക് എത്തിയിരിക്കുന്നു. താങ്കള്‍ അപ്രകാരം ചെയ്യരുത്. കാരണം, താങ്കളുടെ ശരീരത്തിന് താങ്കളില്‍ നിന്ന് അവകാശം ഉണ്ട്. താങ്കളുടെ കണ്ണിന് താങ്കളില്‍ നിന്ന്അവകാശം ഉണ്ട്. താങ്കളുടെ ഭാര്യക്കും താങ്കളില്‍ നിന്നും അവകാശമുണ്ട്”(ബുഖാരി).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

കാരുണ്യം

കാരുണ്യം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 13)

വിശ്വാസികളുടെ ഉത്തമമായ സ്വഭാവങ്ങളിലൊന്നാണ് റഹ്മത്ത്(കാരുണ്യം). വിശ്വാസികളുടെ സ്വഭാവഗുണങ്ങള്‍ താഴെവരുന്ന വചനങ്ങളില്‍ അല്ലാഹു—എണ്ണുന്നത് ഇപ്രകാരമാണ്:

”എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക; കുടുംബബന്ധമുള്ള അനാഥയ്ക്ക്, അല്ലെങ്കില്‍ കടുത്തദാരിദ്ര്യമുള്ള സാധുവിന്. ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടുംപരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക” (ക്വുര്‍ആന്‍ 90:11-16).

”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം കരുണയുള്ളവരുമാകുന്നു” (ക്വുര്‍ആന്‍ 48:29).

പരസ്പര കാരുണ്യം വിശ്വാസികളുടെ സ്വഭാവഗുണമാണെന്ന് തിരുമൊഴികളിലും വന്നിട്ടുണ്ട്. തിരുദൂതരുടെ ഒരു വര്‍ണന നോക്കൂ. നുഅ്മാന്‍ ഇബ്‌നുബശീറി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു:

”പരസ്പര സ്‌നേഹത്തിലും വാത്‌സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനു വേണ്ടി പരസ്പരം നിലകൊള്ളും” (മുസ്‌ലിം).

അല്ലാഹു—നൂറു കരുണ പടച്ചിരിക്കുന്നുവെന്നും അവനു നൂറ് കരുണയുെണ്ടന്നും അതില്‍ ഒന്നു മാത്രമാണ് ഭൂമിയില്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഹദീഥില്‍ പ്രസ്താവനയുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള നിവേദനം:

”നിശ്ചയം അല്ലാഹു റഹ്മത്തിനെ സൃഷ്ടിച്ചനാളില്‍ നൂറ് റഹ്മത്ത് സൃഷ്ടിച്ചു. അവന്‍ തന്റെയടുക്കല്‍ തൊണ്ണൂറ്റി ഒമ്പത് റഹ്മത്തിനെ പിടിച്ചുവെച്ചു. അവന്റെ മുഴു സൃഷ്ടികളില്‍ എല്ലാവരിലേക്കും ഒരു റഹ്മത്ത് അയക്കുകയും ചെയ്തു…”(ബുഖാരി).

അല്ലാഹു—അവതരിപ്പിച്ച പ്രസ്തുത കാരുണ്യം കൊണ്ടാണ് മനുഷ്യരും ജന്തുമൃഗാദികളും മറ്റും അന്യോന്യം കരുണ കാണിക്കുന്നത് തിരുദൂതര്‍ പറഞ്ഞിട്ടുണ്ട്:

”നിശ്ചയം, അല്ലാഹുവിനു നൂറ് കാരുണ്യമുണ്ട്. അവയില്‍ നിന്ന് ഒന്ന് അവന്‍ ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും ഇടയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആ കരുണകൊണ്ട് അവര്‍ അന്യോന്യം അലിവു കാണിക്കുകയും അന്യോന്യം കരുണ കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വന്യമൃഗങ്ങള്‍ അവയുടെ കുഞ്ഞുങ്ങളോട് മയത്തില്‍ പെരുമാറുന്നത്. അല്ലാഹു—തൊണ്ണൂറ്റി ഒമ്പത് കാരുണ്യത്തെ പിന്തിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവന്‍ തന്റെ ദാസന്മാരോട് അന്ത്യനാളില്‍ കരുണ കാണിക്കും” (ബുഖാരി).

ഇത് പ്രസ്താവനയാണെങ്കിലും കരുണ കാണിക്കുവാനുള്ള അനുശാസന ഉള്‍കൊള്ളുന്നത് കൂടിയാണ്. കല്‍പനകള്‍ വേറെയും തിരുമൊഴികളിലുണ്ട്:

”നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ആകാശത്തിലുള്ളവന്‍(അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും” (തുര്‍മുദി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

”നിങ്ങള്‍ കരുണ കാണിക്കുക; നിങ്ങള്‍ക്കു കരുണ കനിയപ്പെടും.”

പടപ്പുകളോട് കാരുണ്യത്തില്‍ വര്‍ത്തിക്കുവാനും അവര്‍ കരുണ അരുളപ്പെടുന്നവരാണെന്നും ഈ തിരുമൊഴികള്‍ അറിയിക്കുന്നു. കരുണാവാരുധിയായവനില്‍ നിന്നുള്ള കാരുണ്യവായ്പ് ദയാലുക്കള്‍ക്കും കരുണ കാണിക്കുന്നവര്‍ക്കും ആണെന്നറിയിക്കുന്ന മറ്റു ചില തിരുമൊഴികള്‍:

”നിശ്ചയം തന്റെ ദാസന്മാരില്‍ കരുണയുള്ളവരില്‍ മാത്രമാണ് അല്ലാഹു കരുണ്യം ചൊരിയുന്നത്” (ബുഖാരി, മുസ്‌ലിം).

”കരുണ കാണിക്കാത്തവര്‍ക്ക് കരുണ നല്‍കപ്പെടുകയില്ല”(ബുഖാരി, മുസ്‌ലിം).

”കരുണ കാണിക്കുന്നവരോട് കരുണാവാരുധിയായവന്‍ കരുണകാണിക്കും…” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ദയാവായ്പിന്റെയും കാരുണ്യപെരുമാറ്റത്തിന്റെയും മഹത്ത്വങ്ങളറിയിക്കുന്ന മറ്റു ചില തിരുമൊഴികള്‍ കൂടി ചുവടെ നല്‍കുന്നു.

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”ഒരു നായ ദാഹം കാരണം മണ്ണു തിന്നുന്നത് ഒരാള്‍ കണ്ടു. അയാള്‍ തന്റെ പാദരക്ഷ ഊരി അതിന്റെ ദാഹം തീരുന്നതു വരെവെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാളോട് നന്ദി കാണിച്ചു, അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു” (ബുഖാരി).

ഇയാദ്വ് ഇബ്‌നു ഹിമാറി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു:

”സ്വര്‍ഗാര്‍ഹര്‍ മൂന്നു വിഭാഗമാണ്. നീതിമാനും ധര്‍മിഷ്ഠനും അനുഗൃഹീതനുമായ ഭരണാധികാരി, എല്ലാ അടുത്ത ബന്ധുക്കളോടും മുസ്‌ലിമിനോടും കാരുണ്യവാനും ലോലഹൃദയനുമായ വ്യക്തി, പതിവ്രതനും ചാരിത്രശുദ്ധിയില്‍ തന്റെ കുടുംബത്തെ വളര്‍ത്തുന്നവനും കുടുംബഭാരമുള്ളവനും” (മുസ്‌ലിം).

കാരുണ്യവും ദയയും കാണിക്കാത്തവര്‍ മുസ്‌ലിംകളുടെ ഗണത്തില്‍ പെട്ടവനെല്ലന്ന് തിരുമൊഴിയുണ്ട്.കരുണ കാണിക്കാതിരിക്കല്‍ വന്‍പാപമാണെന്ന് ഇത്തരം ഹദീഥുകള്‍ അറിയിക്കുന്നു. ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്നും നിവേദനം:

”നമ്മിലെ വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കരുണ കാണിക്കാത്തവനും നമ്മില്‍പെട്ടവനല്ല” (മുസ്‌നദുഅഹ്മദ്. അര്‍നാഈത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

വിഷയത്തിന്റെ ഗൗരവമറിയിക്കുന്ന മറ്റൊരു തിരുമൊഴി ഇപ്രകാരമാണ്: ”ദൗര്‍ഭാഗ്യവാനില്‍ നിന്നല്ലാതെ കാരുണ്യം ഊരിയെടുക്കപ്പെടുകയില്ല” (സുനനുത്തുര്‍മുദി. തുര്‍മുദി ഹസനെന്നു വിശേഷിപ്പിച്ചു).

കാരുണ്യത്തിന്റെ പെരുമാറ്റം അന്യമായ ചില ഗ്രാമവസികളോട് തിരുനബി ﷺ യുടെ മുന്നറിയിപ്പും ഗൗരവസ്വരവും രുസംഭവങ്ങളില്‍ വന്നത് ഇപ്രകാരമാണ്. അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം:

”അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഹസന്‍ ഇബ്‌നുഅലിയ്യിനെ ചുംബിച്ചു. തിരുമേനിയുടെ അടുക്കല്‍ അല്‍അക്വ്‌റഅ് ഇബ്‌നുഹാബിസ് അത്തമീമി ഉണ്ടായിരുന്നു. അപ്പോള്‍ അക്വ്‌റഅ് പറഞ്ഞു: ‘എനിക്ക് പത്തു മക്കളുണ്ട്. അവരില്‍ ഒരാളേയും ഞാന്‍ ചുംബിച്ചിട്ടില്ല.’ അപ്പോള്‍ അയാളിലേക്ക് തിരുദൂതര്‍ ﷺ  നോക്കി. ശേഷം പറഞ്ഞു: ‘കരുണ കാണിക്കാത്തവനോട് കരുണ കാണിക്കപ്പെടുകയില്ല”(ബുഖാരി).

ആഇശ(റ)യില്‍ നിന്നും നിവേദനം: ”തിരുദൂതരുടെ അടുക്കലേക്ക് അഅ്‌റാബികളില്‍ നിന്നുള്ള ഒരു വിഭാഗം ആഗതരായി. അവര്‍ ചോദിച്ചു: ‘നിങ്ങള്‍ കുട്ടികളെ ചുംബിക്കുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘അതെ.’ എന്നാല്‍ അല്ലാഹുവാണേ, ഞങ്ങള്‍ ചുംബിക്കുകയില്ല.’ അപ്പോള്‍ തിരുദൂതര്‍ ﷺ  പറഞ്ഞു: ‘അല്ലാഹു നിങ്ങളില്‍നിന്ന് കാരുണ്യം ഊരിയെടുത്തിട്ടുെങ്കില്‍ ഞാനത് ഉടമപ്പെടുത്തുമോ” (മുസ്‌ലിം).

മുഹമ്മദ് നബി ﷺ  കാരുണ്യത്തിന്റെ തിരുദൂതനായിരുന്നു. കാരുണ്യത്തിന്റെ നബി എന്ന പേരു തന്നെ തിരുമേനിക്കുണ്ടായിരുന്നു.

അബൂമൂസല്‍ അശ്അരി(റ) പറയുന്നു: തിരുനബി ﷺ  തനിക്കുള്ള പേരുകളെ ഞങ്ങളോട് പറയുമായിരുന്നു: ”ഞാന്‍ മുഹമ്മദും അഹ്മദും മുക്വഫ്ഫയും ഹാശിറും നബിയ്യുത്തൗബഃയും(പശ്ചാത്താപത്തിന്റെ പ്രവാചകന്‍) നബിയ്യര്‍റഹ്മയു(കാരുണ്യത്തിന്റെ പ്രവാചകന്‍)മാകുന്നു”(മുസ്‌ലിം).

തിരുമേനി ﷺ യെ അല്ലാഹു– വിശേഷിപ്പിക്കുന്നതു നോക്കൂ: ”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം” (ക്വുര്‍ആന്‍ 09:128).

”ലോകര്‍ക്ക് കാരുണ്യമായിക്കൊല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (ക്വുര്‍ആന്‍ 21:107).

കാരുണ്യത്തിന്റെ തിരുദൂതന്‍ ﷺ  കാരുണ്യത്താല്‍ കണ്ണീര്‍വാര്‍ത്ത ഏതാനും സംഭവങ്ങള്‍ ഇവിടെ നല്‍കുന്നു: അനസ് ഇബ്‌നുമാലികി(റ)ല്‍ നിന്ന് നിവേദനം:

”ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പം കൊല്ലപ്പണിക്കാരന്‍ അബൂസെയ്ഫിന്റെ അടുക്കല്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ(ഭാര്യ) (നബിയുടെ പുത്രന്‍) ഇബ്‌റാഹീമിനെ മുലയൂട്ടുന്നവരായിരുന്നു. അപ്പോള്‍ തിരുദൂതര്‍ ഇബ്‌റാഹീമിനെ എടുക്കുകയും ചുംബിക്കുകയും മണത്തുനോക്കുകയും ചെയ്തു. അതിനുശേഷവും ഞങ്ങള്‍ ഇബ്‌റാഹീമിന്റെ അടുക്കല്‍പ്രവേശിച്ചു. ഇബ്‌റാഹീമാകട്ടെ(മരണാസന്നനായി) പ്രയാസപ്പെട്ടു ശ്വസിക്കുന്നു. അപ്പോഴതാ തിരുദൂതരുടെ ഇരുകണ്ണുകളും നിറഞ്ഞൊലിക്കുവാന്‍ തുടങ്ങി. അപ്പോള്‍ അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫ്(റ) പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ ദൂതരായിട്ടും കരയുകയാണോ?’ തിരുമേനി ﷺ  പറഞ്ഞു: ‘ഇബ്‌നു ഔഫ്, ഇതു കാരുണ്യമാണ്. (അക്ഷമ പ്രകടിപ്പിക്കലല്ല).’ കണ്ണുനീരു വാര്‍ത്തുകൊണ്ട് വീണ്ടും തിരുദൂതര്‍ ﷺ  പറഞ്ഞു: ‘നിശ്ചയം, കണ്ണ് കരയും, ഹൃദയം ദുഃഖിക്കും. എന്നാല്‍ നമ്മള്‍ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതല്ലാതെ പറയുകയില്ല. ഇബ്‌റാഹീം, നിന്റെ വിരഹത്തില്‍ ഞാന്‍ദുഃഖിതനാണ്” (ബുഖാരി).

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ യുടെ പുത്രി സെയ്‌നബ്(റ) മരണാസന്നയായ തന്റെ പുത്രിയുടെ അടുക്കലേക്ക് തിരുമേനി വരുവാന്‍ ആളെ നിയോഗിച്ച സംഭവത്തില്‍ ഇപ്രകാരം കാണാം:

”അപ്പോള്‍ നബി ﷺ  എഴുന്നേറ്റു. തിരുമേനിയോടൊപ്പം സഅ്ദ്ഇബ്‌നു ഉബാദ(റ)യും മുആദ് ഇബ്‌നു ജബലും(റ) എഴുന്നേറ്റു. അപ്പോള്‍ നബി ﷺ യിലേക്ക് കുട്ടിയെ നല്‍കപ്പെട്ടു. കുട്ടിയുടെ റൂഹ് ഒരു തോല്‍പാത്രത്തിലെന്ന പോലെ കിടന്നുപിടയുന്നു. അപ്പോള്‍, തിരുമേനിയുടെ ഇരുകണ്ണുകളും നിറഞ്ഞൊലിച്ചു. സഅ്ദ്(റ) ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണിത്?’ തിരുമേനി ﷺ  പറഞ്ഞു: ‘ഇതു കാരുണ്യമാണ്. (അക്ഷമ പ്രകടിപ്പിക്കലല്ല) പ്രസ്തുത കാരുണ്യത്തെ അല്ലാഹു തന്റെ ദാസന്മാരുടെ ഹൃദയത്തില്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയം അല്ലാഹു തന്റെ ദാസന്മാരില്‍ കരുണയുള്ളവരോട് മാത്രം കരുണ കാണിക്കുന്നു”(ബുഖാരി).

അനസി(റ)ല്‍ നിന്നു നിവേദനം: ”തിരുനബി ﷺ  നമസ്‌കാരത്തിലായിരിക്കെ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. അപ്പാള്‍ തിരുമേനി നമസ്‌കാരം ലഘൂകരിച്ചു. നമസ്‌കാരത്തില്‍ കുഞ്ഞിനോടൊപ്പം ഉമ്മയുെണ്ടന്നു മനസ്സിലാക്കിയതിനാല്‍ ആ കുഞ്ഞിനോടുള്ള കാരുണ്യത്താലാണ് തിരുമേനി അപ്രകാരം ചെയ്തതെന്ന് ഞങ്ങള്‍ മനസിലാക്കി”(മുസ്‌നദുഅഹ്മദ്. അര്‍നാഈത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).

കാരുണ്യത്തിന്റെ ദൂതന്‍ നമസ്‌കാത്തിനു നേതൃത്വം നല്‍കുന്നവരോട് ഇപ്രകാരം ആജ്ഞാപിക്കുകയും ചെയ്തു: ”നിങ്ങളിലൊരാള്‍ ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയായാല്‍ (ഇമാമത്തു നിന്നാല്‍) അവന്‍ നമസ്‌കാരത്തെ ലഘൂകരിക്കട്ടെ. കാരണം അവന്റെ പിന്നില്‍ ചെറിയവരും വലിയ വൃദ്ധരും ദുര്‍ബലരും രോഗികളും ആവശ്യക്കാരും ഉണ്ടായിരിക്കും. ഒറ്റക്കു നമസ്‌കരിക്കുകയായാല്‍ അവന്‍ ഉദ്ദേശിക്കുന്നത്ര നമസ്‌കാരം ദീര്‍ഘിപ്പിക്കട്ടെ”(ബുഖാരി, മുസ്‌ലിം, അഹ്മദ്).

മിണ്ടാപ്രണികളോടുവരെ തിരുദൂതര്‍ ﷺ  കാണിച്ചിരുന്ന കാരുണ്യചരിത്രങ്ങള്‍ ധാരാളമാണ്. ഒരു ദിവസം തിരുദൂതര്‍ അബ്ദുല്ലാഹ് ഇബ്‌നു ജഅ്ഫറി(റ)നെ തന്റെ പിന്നിലിരുത്തി സഞ്ചരിക്കവെ നടന്ന ഒരു സംഭവം ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്:

”തിരുദൂതര്‍ അന്‍സ്വാരികളില്‍പെട്ട ഒരു വ്യക്തിയുടെ തോട്ടത്തില്‍ പ്രവേശിച്ചു. അപ്പോഴതാ ഒരു ഒട്ടകം. അത് തിരുമേനിയെ കണ്ടപ്പോള്‍ ഒച്ചവെക്കുകയും കണ്ണീര്‍ വാര്‍ക്കുകയുമുണ്ടായി. തിരുനബി അതിന്റെ അടുക്കലെത്തി. അതിന്റെ കണ്ണുനീര്‍ തുടച്ചുകൊടുത്തു. അതോടെ അത് അടങ്ങി. തിരുമേനി ചോദിച്ചു: ‘ആരാണ് ഈ ഒട്ടകത്തിന്റെ ഉടമ? ആരുടേതാണ് ഈ ഒട്ടകം?’ അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരു യുവാവ് ആഗതനായി. അയാള്‍ പറഞ്ഞു: ‘തിരുദൂതരേ, എന്റെതാണ്.’ തിരുനബി ﷺ  പറഞ്ഞു: ‘അല്ലാഹു താങ്കള്‍ക്ക് ഉടമപ്പെടുത്തിത്തന്ന ഈ മിണ്ടാപ്രാണിയുടെ വിഷയത്തില്‍ താങ്കള്‍ അല്ലാഹുവിനെ ഭയക്കാത്തത് എന്ത്? നിശ്ചയം, താങ്കള്‍ അതിനെ പട്ടിണിക്കിടുകയും അതിനെ കൊണ്ട് നിത്യവേല ചെയ്യിക്കുകയും ചെയ്യുന്നതായി അത് എന്നോട് സങ്കടപ്പെട്ടിരിക്കുന്നു”(മുസ്‌നദുഅഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

ലജ്ജാശീലം

ലജ്ജാശീലം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 12)

മോശമായതും അര്‍ഹരുടെ അര്‍ഹതയില്‍ കുറവു വരുത്തുന്നതും വെടിയുവാന്‍ പ്രചോദനമാകുന്ന ഉത്തമ സ്വഭാവമാണ് ‘ഹയാഅ്’ അഥവാ ‘ലജ്ജ.’ ചിലര്‍ ലജ്ജാലുക്കളായി ജനിക്കുന്നു. ലജ്ജ അവര്‍ക്ക് പ്രകൃതിദത്തമായി റബ്ബിന്റെ ഔദാര്യമാകുന്നു. ലജ്ജാശീലം മുസ്‌ലിം മതനിഷ്ഠയിലൂടെ നേടിയെടുക്കുകയുംചെയ്യുന്നു. അതിനാലാണ് മതപരമായി തന്നോട് വിലക്കപ്പെട്ടതില്‍ നിന്ന് ഒരു മുസ്‌ലിം വിട്ടകലുന്നത്.

ഇബ്‌നുല്‍ക്വയ്യിം(റഹി) പറയുന്നു: ”ലജ്ജാശീലം ഏറ്റവും ഉല്‍കൃഷ്ഠവും ഉന്നതവും ഉദാത്തവും കൂടുതല്‍ ഉപകാരപ്രദവുമായ സ്വഭാവമാകുന്നു. എന്നു മാത്രമല്ല, അത് മനുഷ്യത്വത്തിന്റെ മാത്രം പ്രത്യേകതയാണ്. ലജ്ജ ഒട്ടുമില്ലാത്തവന് മനുഷ്യത്വത്തിന്റെ മാംസവും രക്തവും അവയുടെ പുറം തോടുമല്ലാതെ ഒന്നുമില്ല. അപ്രകാരം അവനില്‍ യാതൊരു നന്മയുമില്ല.”

ലജ്ജ നന്മ മാത്രമാണെന്നും അതു നന്മ മാത്രമാണ് സമ്മാനിക്കുകയെന്നും തിരുമൊഴികളുണ്ട്. ഇംറാന്‍ ഇബ്‌നു ഹുസ്വയ്‌നി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ പറഞ്ഞു: ”ലജ്ജ മുഴുവനും നന്മ മാത്രമാണ്.”

ഇംറാനില്‍നിന്നു തന്നെയുള്ള മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ”ലജ്ജാശീലം നന്മയല്ലാതെ കൊണ്ടുവരികയില്ല” (ബുഖാരി).

ഇസ്‌ലാമില്‍ ലജ്ജയെന്ന മഹനീയ സ്വഭാവത്തെ ഈമാനിന്റെ (വിശ്വാസത്തിന്റെ) ഭാഗമാക്കയിത് അതിന്റെ പ്രധാന്യവും അനിവാര്യതയുമാണ് അറിയിക്കുന്നത്. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”…ലജ്ജ ഈമാനിന്റെ ശാഖയാണ്” (ബുഖാരി).

മനുഷ്യന്‍, തന്റെ രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിന്റെ മുന്നിലാണ് യഥാര്‍ഥത്തില്‍ ലജ്ജയുള്ളവനാകേണ്ടത്. ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ”നിങ്ങള്‍ അല്ലാഹുവില്‍നിന്ന് യഥാവിധം ലജ്ജിക്കുക.’ ഞങ്ങള്‍ പറഞ്ഞു: ‘തിരുദൂതരേ, ഞങ്ങള്‍ ലജ്ജിക്കുന്നു, അല്‍ഹംദുലില്ലാഹ്.’ തിരുനബി ﷺ  പറഞ്ഞു: ‘അങ്ങനെയല്ല. എന്നാല്‍ അല്ലാഹുവില്‍ നിന്നു യഥാവിധമുള്ള ലജ്ജയെന്നാല്‍ താങ്കള്‍ താങ്കളുടെ തലയും തലയുള്‍ക്കൊണ്ട അവയവങ്ങളും വയറും അതിലടങ്ങിയ അവയവങ്ങളും സംരക്ഷിക്കലാണ്. താങ്കള്‍ മരണത്തേയും നാശത്തെയും ഓര്‍ക്കലാണ്. വല്ലവനും പരലോകത്തെ ഉദ്ദേശിച്ചാല്‍ അവന്‍ ഭൗതികലോകത്തെ അലങ്കാരങ്ങള്‍ ഉപേക്ഷിച്ചു. വല്ലവനും ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ അയാള്‍ അല്ലാഹുവില്‍നിന്ന് യഥാവിധം ലജ്ജിച്ചു” (സുനനുത്തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

ആദരണീയരെല്ലാവരും ലജ്ജയുള്ളവരായിരുന്നു. തിരുനബി ﷺ  ലജ്ജയാകുന്ന ഉത്തമ സ്വഭാവത്തിന്റെ മഹനീയ ഉദാഹരണവുമായിരുന്നു. തിരുദൂതരുടെ പ്രത്യേകത അല്ലാഹു ഉണര്‍ത്തുന്നത് നോക്കൂ: ”സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നുചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷേ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്നുചെല്ലുക. നിങ്ങള്‍ ഭക്ഷണംകഴിച്ചാല്‍ പിരിഞ്ഞുപോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല” (ക്വുര്‍ആന്‍ 33:53).

തിരുദൂതരുടെ സ്വഭാവത്തെ കുറിച്ച് അബൂസഈദ്(റ) പറയുന്നു: ”നബി ﷺ  മണിയറയില്‍ ഇരിക്കുന്ന കന്യകയെക്കാള്‍ ലജ്ജാശീലമുള്ള വ്യക്തിയായിരുന്നു” (ബുഖാരി).

അല്ലാഹു—ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. ഒരു സംഭവം ഇപ്രകാരമുണ്ട്. യഅ്‌ലാ ഇബ്‌നുഉമയ്യ(റ)യില്‍ നിന്ന് നിവേദനം: ”ഒരു വ്യക്തി തുറന്ന സ്ഥലത്ത് മുണ്ടുടുക്കാതെ കുളിക്കുന്നത് തിരുദൂതര്‍ കണ്ടു. അപ്പോള്‍ തിരുമേനി മിമ്പറില്‍ കയറി അല്ലാഹുവിനെ സ്തുതിച്ചും അവനെ വാഴ്ത്തിക്കൊണ്ടും പറഞ്ഞു: ‘നിശ്ചയം, അല്ലാഹു ഏറെ ലജ്ജയുള്ളവനും സിത്തീറുമാകുന്നു. അല്ലാഹു ലജ്ജയും മറയും ഇഷ്ടപ്പെടുന്നു. നിങ്ങളില്‍ ഒരാള്‍ കുളിക്കുകയായാല്‍ അവന്‍ മറ സ്വീകരിക്കട്ടെ.”(സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മൂസാനബി(അ)യെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ”നിശ്ചയം മൂസാ ഏറെ ലജ്ജയുള്ളവനും സിത്തീറുമായിരുന്നു. ലജ്ജയാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്ന് യാതൊന്നും കാണപ്പെടുമായിരുന്നില്ല…” (ബുഖാരി).

മൂസാ നബി(അ) മദ്‌യന്‍ ദേശത്ത് കണ്ടുമുട്ടുകയും ആടുകള്‍ക്ക് വെള്ളം നല്‍കുവാന്‍ സഹായിക്കുകയും ചെയ്ത സ്ത്രീകളുടെ വിശേഷങ്ങള്‍ അല്ലാഹു പറയുമ്പോള്‍ അവരുടെ ലജ്ജാശീലത്തെ പ്രത്യേകം സ്മരിക്കുന്നത് നോക്കൂ: ”അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു” (ക്വുര്‍ആന്‍ 28:25).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

യുക്തിദീക്ഷയും സഹനശീലവും

യുക്തിദീക്ഷയും സഹനശീലവും

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 11)

വേണ്ടത് വേണ്ടരീതിയില്‍ വേണ്ടസമയം പ്രവര്‍ത്തിക്കല്‍ ഹിക്മത്താണ്. ശരി പറയലും ശരി പ്രവര്‍ത്തിക്കലും ശരിയായ വിശ്വാസം വെച്ചുപുലര്‍ത്തലും ഒരു വസ്തു വെക്കേണ്ടിടത്ത് വെക്കലും ഹിക്മത്താണ്. ഒരാള്‍ ഹിക്മത്തോടെ വര്‍ത്തിക്കുമ്പോള്‍ അവകാശങ്ങള്‍ അര്‍ഹരായവര്‍ക്ക് അയാള്‍ വകവെക്കുകയും അതില്‍ അതിരുവിടാതിരിക്കുകയും അത് കൃത്യസമയത്താക്കുകയും ചെയ്യും.

അറിവും വിവേകവും അവധാനതയും ഹിക്മത്തിന്റെ അടിസ്ഥാനങ്ങളാണ്. അജ്ഞതയും അവിവേക വും ധൃതിയും ഹിക്മത്തിനെ ഹനിക്കുന്നവയും അതിന് നിരക്കാത്തതുമാണ്. ഹിക്മത്ത് അല്ലാഹുവില്‍ നിന്നാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ നല്‍കുന്നു:

”താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു (യഥാര്‍ഥ) ജ്ഞാനം നല്‍കുന്നു. ഏതൊരുവന്ന് (യഥാര്‍ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോ അവന്ന് (അതുവഴി) അത്യധികമായ നേട്ടമാണ് നല്‍കപ്പെടുന്നത്” (ക്വുര്‍ആന്‍ 2:269).

അല്ലാഹു–ഹിക്മത്ത് ഏകി അനുഗ്രഹിച്ച രണ്ടു മഹനീയ വ്യക്തിത്വങ്ങളായിരുന്നു ദാവൂദ് നബി(അ)യും പുത്രന്‍ സുലൈമാന്‍ നബി(അ)യും. ഗവേഷണാത്മക വിഷയങ്ങളില്‍, യുക്തിപരമായ തീരുമാനങ്ങളില്‍ ദാവൂദ് നബി(അ)യെക്കാള്‍ സുലൈമാന്‍ നബി(അ) മികച്ചുനിന്നതായി നമുക്ക് ചരിത്ര ത്തില്‍ വായിക്കാം. അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:

”രണ്ടു സ്ത്രീകള്‍, അവരോടൊപ്പം അവരുടെ ആണ്‍മക്കളുണ്ടായിരിക്കെ ഒരു ചെന്നായ വന്ന് രണ്ടില്‍ ഒരു കുഞ്ഞിനെ കൊണ്ടുപോയി. ഒരുവള്‍ തന്റെ കൂട്ടുകാരിയോടു പറഞ്ഞു: ‘നിന്റെ കുഞ്ഞിനെയാണ് ചെന്നായ കൊണ്ടുപോയത്.’ അപര പറഞ്ഞു: ‘നിന്റെ കുഞ്ഞിനെയാണ് കൊണ്ടുപോയത്.’ സ്ത്രീകള്‍ ഇരുവരും ദാവൂദ് നബി(അ)യോട് വിധി തേടി. ദാവൂദ് നബി(അ) മുതിര്‍ന്ന സ്ത്രീക്ക് കുഞ്ഞിനെ വിധിച്ചു. അങ്ങനെ അവരിരുവരും സുലൈമാന്‍ നബി(അ)യുടെ അടുക്കലേക്ക് പുറപ്പെട്ടു. സുലൈമാന്‍ നബിയെ അവരിരുവരും വിവരം അറിയിച്ചു. അദ്ദേഹം പറഞ്ഞു: ‘ഒരു കത്തികൊണ്ടു വരൂ. ഇവര്‍ ഇരുവര്‍ക്കുമിടയില്‍ ഞാന്‍ കുഞ്ഞിനെ കഷ്ണിച്ചു വിഭജിക്കാം.’ ഉടന്‍ ഇളയവള്‍ പറഞ്ഞു: ‘അല്ലാഹു താങ്കളില്‍ കരുണ ചൊരിയട്ടെ. കുഞ്ഞ് അവരുടേതാണ്. നിങ്ങള്‍ കുഞ്ഞിനെ കഷ്ണിക്കരുത്.’ അപ്പോള്‍ സുലൈമാന്‍ നബി(അ) കുഞ്ഞിനെ ഇളയവള്‍ക്കു വിധിച്ചു നല്‍കി” (ബുഖാരി).

ഇവിടെ രണ്ടു സ്ത്രീകളുടെ കൈകളിലും ഒരു പോലെ ഇരിക്കുവാന്‍ കുട്ടി തയ്യാറായിക്കണ്ടതിനാലാണ് ദാവൂദ് നബി(അ) മൂത്ത സ്ത്രീക്ക് അവരുടെ വയസ്സു മാനിച്ച് അനുകൂലമായി വിധിച്ചത്. എന്നാല്‍ കുഞ്ഞ് രണ്ടു പേരുടെതും ആകുവാനുള്ള സാധ്യത സുലൈമാന്‍ നബി(അ) കാണുകയാണ്. അതിനാല്‍ അദ്ദേഹം നല്ല രീതിയില്‍ ഗവേഷണം നടത്തി. രണ്ടു പേരുടെതും ഗവേഷണമായിരുന്നു. എന്നാല്‍ പിതാവിനെക്കാള്‍ ബുദ്ധികൂര്‍മതയായിരുന്നു പുത്രനായ സുലൈമാന്‍ നബിക്ക്.

ഹിക്മത്ത് അല്ലാഹു അരുളി അനുഗ്രഹിച്ച മഹദ്‌വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി ﷺ . തിരുന ബിയുടെ ഹിക്മത്തുള്ള പെരുമാറ്റങ്ങളും മൊഴികളും ധാരാളമാണ്. തന്റെ ജനതയോട് തികഞ്ഞ ഹിക്മത്തോടെ വര്‍ത്തിച്ച ഒരു ചരിത്രത്തിലേക്കു മാത്രം ഇവിടെ വെളിച്ചമേകുന്നു:

സംരക്ഷകനായിരുന്ന പിതൃവ്യന്‍ അബൂത്വാലിബിന്റെയും പ്രിയപത്‌നി ഖദീജ(റ)യുടെയും മരണശേ ഷം ബഹുദൈവവിശ്വാസികളുടെ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ താങ്ങാവുന്നതിലുമധിക മായി തിരുനബി ﷺ ക്ക്. അതിനാല്‍ തിരുമേനി മക്കയില്‍നിന്ന് ത്വാഇഫിലേക്ക് പലായനം ചെയ്തു. ത്വാഇ ഫിലെത്തിയ ശേഷം ഉത്തരവാദപ്പെട്ടവരോട് തന്റെ ദൗത്യ നിര്‍വഹണത്തിന് തന്നെ സഹായിക്കണമെന്നും തനിക്ക് അഭയംനല്‍കണമെന്നും കേണപേക്ഷിച്ചു. പരിഹാസങ്ങളും കുത്തുവാക്കുകളും മാത്രമായിരുന്നു അവരുടെ പ്രതികരണം. അവര്‍ അവിവേകികളെയും അടിമകളെയും തിരുമേനിക്കെതിരില്‍ പ്രലോഭിപ്പിച്ച് ഇളക്കി വിട്ടു. തിരുമേനി പ്രാണനും കൊണ്ടോടി. അവര്‍ കൂക്കി വിളിച്ച് പിറകെയും. ഓടുവാന്‍ ഉയര്‍ത്തുന്ന ഓരോകാലും നോക്കി വഴിവക്കില്‍ കല്ലുകളുമായി കാത്തുനിന്നവര്‍ തിരുമേനിയെ എറിഞ്ഞു. ഇരു കാലുകളിലും മുറിവുകള്‍ വീണു. രക്തം വാര്‍ന്നൊലിച്ചു. വാരകള്‍ക്കപ്പുറം ഒരു മതിലിനുള്ളിലെ തോട്ട ത്തില്‍ തിരുമേനി ﷺ  തല്‍കാലം രക്ഷപ്രാപിച്ചു. ത്വാഇഫുകാര്‍ ഏറും കൂവും മതിയാക്കി മടങ്ങി. തിരുമേനി ﷺ  പറയുന്നു: ‘ക്വര്‍നുഥആലിബ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ തലയുയര്‍ത്തി. അപ്പോഴതാ ഒരു കാര്‍മേഘം എനിക്ക് തണല്‍വിരിച്ചിരിക്കുന്നു. ജിബ്‌രീല്‍ എന്നെ വിളിക്കുന്നു: ‘നിശ്ചയം അല്ലാഹു താങ്കളുടെ ജനതയുടെ സംസാരവും താങ്കളോട് അവര്‍ പ്രതികരിച്ചതും കേട്ടിരിക്കുന്നു. അവരുടെ വിഷയത്തില്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് കല്‍പിക്കുവാനായി മലകുല്‍ജിബാലിനെ അല്ലാഹു താങ്കളിലേക്ക് അയച്ചിരിക്കുന്നു. അപ്പോള്‍ മലകുല്‍ജിബാല്‍ എന്നെ വിളിച്ചു. എനിക്ക് സലാം പറഞ്ഞു. ശേഷം പറഞ്ഞു: ‘മുഹമ്മദ്! താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അഖ്ശബയ്ന്‍(മക്കയിലെ അബൂഖുബയ്‌സ്, ക്വുഐക്വിആന്‍ എന്നീ രണ്ടു പര്‍വതങ്ങള്‍) അവരുടെമേല്‍ മറിച്ചിടുവാന്‍ അല്ലാഹു പറഞ്ഞിരിക്കുന്നു.’ തിരുനബി പറഞ്ഞു: ‘വേണ്ട. അല്ലാഹുവെ മാത്രം ആരാധിക്കുന്ന, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്തവരെ അല്ലാഹു അവരുടെ മുതുകില്‍ നിന്ന് ജന്മമേകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

പ്രശ്‌നങ്ങളില്‍ അവസരോചിതമായി ഇടപെടലും അത് കൈകാര്യം ചെയ്യലും അതില്‍ ഉചിതമായി സംസാരിക്കലും ഒരു വ്യക്തിയുടെ ഹിക്മത്താണ് വിളിച്ചറിയിക്കുന്നത്. നബി ﷺ യുടെ വിയോഗാനന്തരം ഉമര്‍(റ) ഏറെ വിഷമം പ്രകടിപ്പിക്കുകയും വികാരഭരിതനാവുകയുമുണ്ടായി. തിരുമേനി മരണപ്പെട്ടു എന്ന വാര്‍ത്ത നിരാകരിച്ചുകൊണ്ട് ഉമര്‍(റ) സംസാരിക്കുവാനും പെരുമാറുവാനും തുടങ്ങി. തിരുനബി ﷺ യോടുള്ള സ്‌നേഹാധിക്യത്താല്‍ മാത്രമായിരുന്നു അതെല്ലാം. ഈ സന്ദര്‍ഭത്തില്‍ അബൂബകറി(റ)ന്റെ ഹിക്മത്തോടു കൂടിയുള്ള പ്രസംഗവും സമീപനങ്ങളും ഇപ്രകാരം ചരിത്രത്തില്‍ വായിക്കാം:

 ”നിശ്ചയം, ഉമര്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ അബൂബകര്‍ വന്നു. അദ്ദേഹം ഉമറിനോട് പറഞ്ഞു: ‘താങ്കള്‍ ഇരിക്കൂ.’ ഉമര്‍ വിസമ്മതിച്ചു. അബൂബകര്‍ പ്രസംഗിക്കുവാനെന്നോണം സാക്ഷ്യവചനങ്ങള്‍ ചൊല്ലി. ജനങ്ങള്‍ അദ്ദേഹത്തിലേക്ക് അടുക്കുകയും ഉമറിനെ ഒഴിവാക്കുകയും ചെയ്തു. അബൂകര്‍ ഇപ്രകാരം പ്രസംഗിച്ചു: ‘നിങ്ങളില്‍ വല്ലവരും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. വല്ലവരും അല്ലാഹുവെ ആരാധിച്ചിരുന്നുവെങ്കില്‍ അല്ലാഹു മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിപ്പുള്ളവനുമാകുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു: മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്”(ക്വുര്‍ആന്‍ 3:144). അല്ലാഹുവാണെ സത്യം! അബൂബകര്‍ പാരായണം ചെയ്യുന്നതുവരെ ജനങ്ങള്‍ ആ ആയത്ത് അറിയാതെ അദ്ദേഹത്തില്‍ നിന്ന് അത് സ്വീകരിച്ചവരെപ്പോലെയായി. അതോടെ പ്രസ്തുത ആയത്ത് എല്ലാവരും പാരായണം ചെയ്യുന്നതായി കേള്‍ക്കപ്പെട്ടു.”

സഹനശീലം

കോപം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കലും പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും പ്രാപ്തിയുണ്ടായിട്ടും ആത്മനിയന്ത്രണം അവലംബിക്കലുമാണ് ഹില്‍മ് (സഹനശീലം). വിശ്വാസികള്‍ ഇത്തരം സ്വഭാവക്കാരാകണമെന്നത് വിശുദ്ധ വചനങ്ങളുടെ തേട്ടവും ആഹ്വാനവുമാണ്. തത്തുല്യ പ്രതികരണവും തിന്മയെ തിന്മകൊണ്ട് ചെറുക്കലും ഇസ്‌ലാം വിലക്കി. തിന്മയെ നന്മകൊണ്ട് തടുക്കുവാനും മാപ്പേകുവാനും വിട്ടുവീഴ്ച ചെയ്യുവാനും പ്രോത്സാഹനം നല്‍കി.

”നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും,അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:199).

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു” (ക്വുര്‍ആന്‍ 41:34).

ബനൂഅബ്ദില്‍ക്വയ്‌സ് ഗോത്രത്തിലെ അശജ്ജിനോട് തിരുദൂതര്‍ പറഞ്ഞു:”താങ്കളില്‍ രണ്ടു സ്വഭാ വങ്ങളുണ്ട്. അവ രണ്ടും അല്ലാഹു ഇഷ്ടപ്പെടുന്നു; വിവേകവും അവധാനതയും” (മുസ്‌ലിം).

 അനസി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്. അല്ലാഹുവെക്കാള്‍ കൂടുതല്‍ ഒഴിവുകഴിവുകളെടുക്കുന്ന ഒരാളുമില്ല. ഹംദിനോളം അല്ലാഹുവിലേക്ക് ഇഷ്ടകരമായ യാതൊന്നുമില്ല” (മുസ്‌നദു അബീയഅ്‌ലാ. അല്‍ബാനി ഹസനെന്നു വിശേഷിപ്പിച്ചു).

അബൂഹുറയ്(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”ശക്തന്‍ ഗുസ്തിപിടിച്ചു നിലം പറ്റിക്കുന്നവനല്ല. കോപം വരുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്‍” (ബുഖാരി, മുസ്‌ലിം).

സഹനശീലത്തിന്റെ മഹത്ത്വമറിയിക്കുന്ന മഹല്‍വചനങ്ങള്‍ ധാരാളാമണ്. അലിയ്യ് ഇബ്‌നുഅബീത്വാലിബ്(റ) പറഞ്ഞു: ”താങ്കളുടെ സമ്പത്തും സന്തതികളും വര്‍ധിക്കലല്ല നന്മ. പ്രത്യുത, താങ്കളുടെ അറിവ് വര്‍ധിക്കലും സഹനശീലം മഹത്തരമാകലും അല്ലാഹുവിന്ന് ഇബാദത്തെടുത്ത് ജനങ്ങളോട് പെരുമകാണിക്കാതിരിക്കലുമാണ് നന്മ. താങ്കള്‍ സുകൃതം ചെയ്താല്‍ അല്ലാഹുവെ സ്തുതിക്കുക. തെറ്റു ചെയ്താല്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുക” (ഹില്‍യതു അബീനുഐം 1:75).

സഹനത്തിന്റെ അനിവാര്യതയും പ്രാധാന്യവമറിയിക്കുന്ന ഒരു വചനം കാണുക: ഉമര്‍ ഇബ്‌നു അബ്ദില്‍അസീസില്‍(റഹ്)നിന്നു നിവേദനം:”അഞ്ചു സ്വഭാവങ്ങള്‍ ഉണ്ടാകുന്നതുവരെ ഒരാള്‍ ക്വാദി (വിധികര്‍ത്താവ്) ആകല്‍ ഭൂഷണമല്ല. പവിത്രത, വിവേകം, തന്റെ മുമ്പുണ്ടായിരുന്നത് (വിധികളും സുന്നത്തുകളും) അറിയുന്നവനാകല്‍, ബുദ്ധിയുള്ളവരോടു കൂടിയാലോചന നടത്തല്‍, അല്ലാഹുവിന്റെ വിധി നടപ്പാക്കുന്നതില്‍ യാതൊരു ആക്ഷേപകന്റെയും ആക്ഷേപത്തെ ഭയക്കാതിരിക്കല്‍ എന്നിവയാണവ” (അല്‍ബാനിയുടെ ഇര്‍വാഉല്‍ഗലീല്‍ 8:239).

തിരുനബി ﷺ യില്‍ വിവേകവും സഹനവും മികച്ച് നില്‍ക്കുമായിരുന്നു. അവിവേകിയുടെ പെരുമാറ്റം നബി ﷺ യെ കൂടുതല്‍ വിവേകമുള്ളവനാക്കുകയും ചെയ്തിരുന്നു. സെയ്ദ് ഇബ്‌നുസഅ്‌ന എന്ന ജൂത പുരോഹിതന്‍ തന്റെ അനുഭവം നോക്കൂ:

ഒരു ദിനം അദ്ദേഹം തിരുനബി ﷺ യോടൊത്ത് നില്‍ക്കവെ, ഒരാള്‍ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്‌ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം പറഞ്ഞു. അവരെ സഹായിക്കുവാനുള്ള സമ്പത്ത് നബി ﷺ യുടെ കയ്യിലില്ലായിരുന്നു. ആ സമയം സെയ്ദ് ഇബ്‌നുസഅ്‌നഃ തിരുനബി ﷺ യുടെ അടുത്തുചെന്ന് പറഞ്ഞു: ‘ഇതാ എണ്‍പത് സ്വര്‍ണ നാണയങ്ങള്‍. നിര്‍ണിത തീയതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടംവീട്ടിയാല്‍ മതി.’ തിരുനബി ﷺ  അത് സ്വീകരി ക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പിക്കുകയും ചെയ്തു. നബി ﷺ  അയാളോട് പറഞ്ഞു: ‘ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.’

സെയ്ദ് ഇബ്‌നുസഅ്‌ന പറയുന്നു: ”വ്യവസ്ഥപ്രകാരം ബാധ്യത തീര്‍ക്കുവാന്‍ രണ്ടുമൂന്ന് നാളുകള്‍ ശേഷിക്കുന്നുണ്ട്. നബി ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് ക്വബ്‌റിസ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരില്‍ അബൂകറും ഉമറും ഉഥ്മാനും മറ്റുമുണ്ട്. ജനാസ നമസ്‌കരിച്ച തിരുമേനി ചാരിയിരിക്കുവാന്‍ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായ മാറും ശിരോവ സ്ത്രവും കൂട്ടി അദ്ദേഹത്തെ കടന്നുപിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി. ഞാന്‍ പറഞ്ഞു: ‘മുഹമ്മദ്, എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ? നിങ്ങള്‍, അബ്ദുല്‍മുത്ത്വലിബിന്റെ മക്കള്‍ ബാധ്യത തീര്‍ക്കുന്നതില്‍ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലില്‍ എനിക്ക് നിങ്ങളെ യെല്ലാം നന്നായി അറിയാം.’ സെയ്ദ് ഇബ്‌നുസഅ്‌നഃ തുടരുന്നു: ‘ഞാന്‍ ഉമറിനെ നോക്കി. കോപാകുലനായ ഉമറിന്റെ ഇരുകണ്ണുകളും ഗോളങ്ങള്‍ക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു. എന്നെ നോക്കി ഉമര്‍ പറഞ്ഞു: ‘ശത്രൂ, തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹു വാണെ, ഞാന്‍ ചില കാര്യങ്ങള്‍ ഭയക്കുന്നില്ലായിരുന്നുവെങ്കില്‍ എന്റെ ഈ വാളുകൊണ്ട് നിന്റെ തല ഞാന്‍ കൊയ്യുമായിരുന്നു. എന്നാല്‍, തിരുദൂതരാകട്ടെ തീര്‍ത്തും ശാന്തനാണ്. തികഞ്ഞ അടക്കത്തോടെ അദ്ദേഹം എന്നെ നോക്കുന്നു. അദ്ദേഹം ഉമറിനെ വിളിച്ചു: ‘ഉമര്‍, ഞാനും സെയ്ദ് ഇബ്‌നുസെയ്‌നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലക്ക് ബാധ്യത തീര്‍ക്കുവാന്‍ എന്നോടും നല്ലരീതിയില്‍ അത് സ്വീകരിക്കുവാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഉമര്‍, നിങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കുക. നിങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്യുക.’ സെയ്ദ് ഇബ്‌നു സെയ്‌ന തുടരുന്നു: ‘ഉമര്‍ എന്നെ കൂട്ടി നടന്നു. ശേഷം എന്റെ കടംവീട്ടി. ഇരു പത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്തു. ഞാന്‍ ചേദിച്ചു: ഏറെ നല്‍കിയത് എന്തിനാണ്? ഉമര്‍: ‘ഞാന്‍ നിങ്ങളെ ഭയപ്പെടുത്തിയതിന് പകരമായി കൂടുതല്‍ നല്‍കുവാന്‍ തിരുദൂതര്‍ പറഞ്ഞതാണ്. ഞാന്‍ പറഞ്ഞു: ‘ഉമര്‍, താങ്കള്‍ക്ക് ഞാന്‍ ആരെന്ന് അറിയുമോ?’ ഉമര്‍: ‘ഇല്ല, ആരാണ് താങ്കള്‍?’ ഞാന്‍ പറഞ്ഞു: ‘സെയ്ദ് ബ്‌നു സെയ്‌നയാണ്.’ ഉമര്‍: ‘വേദപണ്ഡിതന്‍?’ ഞാന്‍ പറഞ്ഞു: ‘അതെ, വേദപണ്ഡിതന്‍.’ ഉമര്‍: ‘തിരുദൂതരോട് പരുഷമായി പെരുമാറുവാനും സംസാരിക്കുവാനും നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?’ ഞാന്‍ പറഞ്ഞു: ‘ഉമര്‍, തിരുദൂതരുടെ മുഖത്തേക്ക് ഒരുനോക്ക് നോക്കിയപ്പോള്‍ തന്നെ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തില്‍ ഒത്തതായി ഞാന്‍ മനസ്സിലാക്കി. ശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്; അവയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചില്ല. ‘വിവേകം അദ്ദേഹത്തില്‍ മികച്ച് നില്‍ക്കും, അദ്ദേഹത്തോടുള്ള അവിവേകിയുടെ പെരുമാറ്റം അദ്ദേഹത്തെ കൂടുതല്‍ വിവേകമുള്ളവനാക്കും’ ഇവയായിരുന്നു അവ രണ്ടും. ഇതോടെ അവ രണ്ടും തീര്‍ച്ചയായും ഞാന്‍ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. ഉമര്‍, താങ്കളെ ഞാന്‍ സാക്ഷിയാ ക്കുന്നു; തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ആരാധ്യനായും ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ പ്രവാച കനായും തൃപ്തിപ്പെട്ടിരിക്കുന്നു.”

അതിനുശേഷം സെയ്ദ് ഇബ്‌നുസെയ്‌ന തിരുസവിധത്തില്‍വെച്ച് ഇസ്‌ലാം ആശ്ലേഷിച്ചു. ഇതു പോലുള്ള സംഭവങ്ങള്‍ തിരുചരിതത്തില്‍ ധാരാളമാണ്. നബിപുംഗവന്മാരില്‍ ചിലരുടെ സ്വഭാവങ്ങളെ അല്ലാഹു എടുത്തു പറയുമ്പോള്‍ അവരുടെ സഹനശീലത്തെ പ്രത്യേകം പറഞ്ഞതായി നമുക്ക് കാണാം. ഇസ്മാഈലി(അ)നെ കുറിച്ച് അല്ലാഹു–പറയുന്നു: ‘അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു” (ക്വുര്‍ആന്‍ 37:101).

തന്നെ അറുക്കണമെന്ന നാഥന്റെ കല്‍പന പിതാവ് ഇബ്‌റാഹീം(അ) ഇസ്മാഈലി(അ)നെ അറിയിച്ചപ്പോള്‍ ഇസ്മാഈലിന്റെ പ്രതികരണം അദ്ദേഹത്തിന്റെ സഹനശീലവും അവധാനതയും സഹിഷ്ണുതയുമാണ് വിളിച്ചറിയിക്കുന്നത്. അദ്ദേഹം പറഞ്ഞതു നോക്കൂ:

”അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കെണ്ടത്തുന്നതാണ്” (ക്വുര്‍ആന്‍ 37:102).

ഇബ്‌റാഹീം നബി(അ)യും അപ്രകാരം സഹനീശീലവും അവധാനതയുമുള്ള പ്രവാചകനായിരുന്നു. വിശുദ്ധ ക്വുര്‍ആനില്‍ രണ്ടിടങ്ങളില്‍ അദ്ദേഹത്തിനുള്ള വിശേഷങ്ങള്‍ നോക്കൂ: ”തീര്‍ച്ചയായും ഇബ്‌റാഹീം സഹനശീലനും ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്” (ക്വുര്‍ആന്‍ 11:75).

”തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു” (ക്വുര്‍ആന്‍ 9:114).

കോപം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കലും പ്രതികരണ ശേഷിയുണ്ടായിട്ടും പ്രതികരിക്കാതെ സഹിഷ്ണുത അവലംബിക്കലും മഹത്തായ കാര്യമാണ്. അത്തരക്കാര്‍ ഏറെ വിശിഷ്ടരുമാണ്. ചില തിരുമൊഴികള്‍ ഇവിടെ നല്‍കുന്നു:

മുആദ്അല്‍ജുഹനി(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ പറഞ്ഞു: ”ആരെങ്കിലും കോപം നടപ്പിലാക്കു വാന്‍ കഴിവുണ്ടായിട്ടും അത് അടക്കിയാല്‍ അന്ത്യനാളില്‍ അയാളെ അല്ലാഹു മുഴുസൃഷ്ടികള്‍ക്കിടയില്‍ പ്രശംസിച്ചുകൊണ്ട് വിളിക്കും. ശേഷം സ്വര്‍ഗീയസ്ത്രീകളില്‍ താനുദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കും” (സുനനുത്തിര്‍മിദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടക്കാരന്‍ കോപം അടക്കുന്നവനാണ്. വല്ലവനും തന്റെ ദേഷ്യം അടക്കിയാല്‍ അയാളുടെ നഗ്നത അല്ലാഹു മറക്കുന്നതാണ്. ഒരാള്‍, അയാളുദ്ദേശിച്ചാല്‍ തന്റെ കോപം തീര്‍ക്കാന്‍ അയാള്‍ക്ക് സാധി ക്കുന്നതാണ്, എന്നിട്ടും അയാള്‍ അത് ഒതുക്കിയാല്‍ അന്ത്യനാളില്‍ അയാളുടെ ഹൃദയം അല്ലാഹു തൃപ്തി കൊണ്ട് നിറക്കുന്നതാണ്” (മുഅ്ജമുത്ത്വബറാനി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക