വിനയം

വിനയം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 8)

വിനയം ഒരു വിശിഷ്ട സ്വഭാവമാണ്. നേതൃത്വമോഹമില്ലായ്മയും സ്ഥാനമാനങ്ങളോടുള്ള വിരക്തിയും വിനയത്തിന്റെ ലക്ഷണങ്ങളാണ്. ഇബാദുര്‍റഹ്മാന്റെ സവിശേഷതകളില്‍ ഒന്നായി അല്ലാഹു–പറയുന്നു:

”പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരാണ്” (ക്വുര്‍ആന്‍ 25:63).

ഇബ്‌നുല്‍ക്വയ്യിം പറയുന്നു: ‘അഥവാ ആഢ്യതയോ നിഗളിപ്പോ അഹങ്കാരമോ ഇല്ലാതെ സമാധാനവും അടക്കവും വിനയവുമുള്ളവരായി നടക്കുന്നവരാകുന്നു അവര്‍.’

ഇബ്‌നുകഥീര്‍ പറയുന്നു: ‘സ്വര്‍ഗവും മാറിപ്പോവുകയോ നീങ്ങിപ്പോവുകയോ ചെയ്യാത്ത നൈതികമായ സ്വര്‍ഗീയ അനുഗ്രഹവും അല്ലാഹു നിശ്ചയിച്ചത് വിനയാന്വിതരും വിശ്വാസികളുമായ അവന്റെ ദാസന്മാര്‍ക്കാണെന്ന് അവന്‍ പ്രസ്താവിക്കുന്നു.”

അല്ലാഹു പറയുന്നു: ”ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രികഭവനം നാം ഏര്‍പെടുത്തിക്കൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും”(ക്വുര്‍ആന്‍ 28:83).

വിനയം കാണിക്കുവാനും സൗമ്യതയില്‍ വര്‍ത്തിക്കുവാനുമുള്ള അല്ലാഹുവിന്റെ കല്‍പനകള്‍ ധാരാളമാണ്. മാതാപിതാക്കളുടെ വിഷയത്തില്‍ അല്ലാഹു പറയുന്നു:

”കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17:24).

—”സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക” (ക്വുര്‍ആന്‍ 15:88).

”നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക”(ക്വുര്‍ആന്‍ 26:215).

ഇയാദ്വ് ഇബ്‌നുഹിമാരി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”നിങ്ങളില്‍ ഒരാളും ഒരാളോടും ഗര്‍വ് കാണിക്കാതിരിക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്കു ബോധനം നല്‍കിയിരിക്കുന്നു”(മുസ്‌ലിം).

വിനയം കാണിക്കുന്നതിന്റെ മഹത്ത്വവും വിനയാന്വിതരുടെ മഹത്ത്വവും അറിയിക്കുന്ന ഹദീഥുകളും ധാരാളമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു:

”ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാണിച്ചതിനാല്‍ അല്ലാഹു ഒരു ദാസനും പ്രതാപമല്ലാതെ വര്‍ധിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്നായി ഒരാളും വിനയം കാണിച്ചിട്ടില്ല; അവന്ന് അല്ലാഹു ഉയര്‍ച്ച നല്‍കാതെ”(മുസ്‌ലിം).

വിനയത്താല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നവന്റെ വിഷയത്തില്‍ നബി ﷺ  പറഞ്ഞു: ”വല്ലവനും അല്ലാഹുവിനോടുള്ള വിനയത്താല്‍ (ആര്‍ഭാട)വസ്ത്രം തനിക്ക് (അത് വാങ്ങി ഉപയോഗിക്കുവാന്‍) കഴിഞ്ഞിട്ടുകൂടി അതിനെ ഉപേക്ഷിച്ചാല്‍ അല്ലാഹു അദ്ദേഹത്തെ (മഹ്ശറില്‍) സൃഷ്ടികള്‍ക്കു മുന്നിലേക്ക് വിളിക്കുകയും പിന്നീട് ഈമാനിന്റെ ഉടയാടകളില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുത്ത് ധരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യും”(സുനനുത്തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

തിരുനബി ﷺ  എല്ലാ സല്‍സ്വാഭാവങ്ങളുടെയും നിറഞ്ഞ ഉദാഹരണമായിരുന്നു. അവയില്‍ ഒരു മഹനീയ സ്വഭാവമായിരുന്നു വിനയം. സ്രഷ്ടാവായ അല്ലാഹുവിനു മുമ്പില്‍ വിനയാന്വിതനായിരുന്നു അദ്ദേഹം. പടപ്പുകളോട് വിനയത്തിലും കാരുണ്യത്തിലുമായിരുന്നു നബി ﷺ  പെരുമാറിയുരുന്നത്.

”(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു” (ക്വുര്‍ആന്‍ 3:159).

അബൂദര്‍റ്(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ പറയുന്നു: ”അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  തന്റെ അനുചരന്മാരോടൊത്ത് ഇരിക്കുമായിരുന്നു. എത്രത്തോളമെന്നാല്‍ അപരിചിതനായ ഒരു വ്യക്തി വന്നാല്‍ തങ്ങളില്‍ ആരാണ് നബിയെന്ന് ചോദിച്ചു മനസ്സിലാക്കുന്നതുവരെ അയാള്‍ക്ക് അറിയുമായിരുന്നില്ല. അതിനാല്‍ അപരിചിതന്‍ വന്നാല്‍ തിരുമേനിയെ തിരിച്ചറിയുവാന്‍ ഒരു ഇരിപ്പിടം ഉണ്ടാക്കിക്കൊടുക്കുവാന്‍ അദ്ദേഹത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടു” (സുനനുത്തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു ശിഖ്ഖീറി ﷺ ല്‍നിന്നും നിവേദനം: ”ബനൂആമിര്‍ സംഘത്തോടൊപ്പം ഞാന്‍ നബി ﷺ യുടെ അടുക്കല്‍ പോയി. ഞങ്ങള്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളുടെ സയ്യിദ് ആണ്.’ തിരുമേനി പറഞ്ഞു: ‘സയ്യിദ് അല്ലാഹുവാണ്.’ ഞങ്ങള്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളില്‍ അതിശ്രേഷ്ഠരും മഹത്തായ നേതൃത്വം ഉള്ളവരുമാകുന്നു.’ അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: ‘നിങ്ങള്‍ക്ക് പറയുവാനുള്ള വാക്കുകള്‍ നിങ്ങള്‍ പറയുക. നിങ്ങളെ പിശാച് വഴിതെറ്റിക്കാതിരിക്കട്ടെ” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹാക്കിയത്).  

മറ്റൊരിക്കല്‍, ‘തിരുദൂതരേ, ഞങ്ങളില്‍ ശ്രേഷ്ഠരേ, ഞങ്ങളില്‍ ശ്രേഷ്ഠരുടെ പുത്രരേ! ഞങ്ങളുടെ സയ്യിദേ, ഞങ്ങളുടെ സയ്യിദിന്റെ പുത്രരേ… തുടങ്ങിയുള്ള വിളികളുമായി വന്നവരോടു തിരുമേനി ﷺ  പറഞ്ഞു: ”ജനങ്ങളേ, നിങ്ങളുടെ വാക്കുകള്‍ നിങ്ങള്‍ പറഞ്ഞുകൊള്ളുക. പിശാച് നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ഞാന്‍ അല്ലാഹുവിന്റെ ദാസനും ദൂതനുമായ മുഹമ്മദ് ആണ്. അല്ലാഹു എന്നെ അവരോധിച്ച സ്ഥാനത്തിന് മുകളിലേക്ക് നിങ്ങള്‍ എന്നെ ഉയര്‍ത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല” (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് ഹദീഥിന്റെ സനദ് സ്വഹീഹാണെന്ന് വിശേഷിപ്പിച്ചു).

 അനസി(റ)ല്‍നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ”അദ്ദേഹത്തിന്റെ വല്യുമ്മയായ മുലൈക, അവര്‍ പാകം ചെയ്ത ഭക്ഷണത്തിലേക്ക് തിരുമേനി ﷺ യെ ക്ഷണിച്ചു. അപ്പോള്‍ തിരുമേനി ﷺ  അതില്‍നിന്ന് ഭക്ഷിച്ചു. അവിടുന്ന് പറഞ്ഞു: ‘എഴുന്നേല്‍ക്കുക. ഞാന്‍ നിങ്ങളോടൊത്ത് നമസ്‌കരിക്കാം.’ അപ്പോള്‍ ഞാന്‍ ഞങ്ങളുടെ ഒരു പായ എടുക്കുവാന്‍ എഴുന്നേറ്റു. അത് ദീര്‍ഘനാള്‍ ഉപയോഗിച്ചതിനാല്‍ കറുത്തുപോയിരുന്നു. അങ്ങനെ ഞാന്‍ അതില്‍ വെള്ളംതളിച്ചു. തിരുദൂതര്‍ ﷺ  നമസ്‌കരിക്കുവാന്‍ നിന്നു. ഒരു അനാഥന്‍ എന്നോടൊപ്പവും. ഞങ്ങളുടെ പിന്നില്‍ വൃദ്ധയായ സ്ത്രീയും. അങ്ങനെ നബി ﷺ  ഞങ്ങളോടൊത്ത് രണ്ടു റക്അത്ത് നമസ്‌കരിച്ചു” (ബുഖാരി, മുസ്‌ലിം).

അബൂബകര്‍(റ) ഉമര്‍(റ)വിനോടു പറഞ്ഞു: ”…നമുക്കൊന്നിച്ച് ഉമ്മുഅയ്മന്റെ അരികിലേക്ക് പുറപ്പെടാം. തിരുദൂതര്‍ ﷺ  അവരെ സന്ദര്‍ശിച്ചിരുന്നതു പോലെ നമുക്കും അവരെ സന്ദര്‍ശിക്കാം…” (മുസ്‌ലിം).

 അനസി(റ)ല്‍ നിന്ന് നിവേദനം: ”യഹൂദനായ ഒരു കുട്ടി നബി ﷺ ക്ക് സേവനം ചെയ്തിരുന്നു. ആ കുട്ടി രോഗിയായി. അപ്പോള്‍ നബി ﷺ  കുട്ടിയെ രോഗസന്ദര്‍ശനം നടത്തുവാന്‍ വന്നു. നബി ﷺ  കുട്ടിയുടെ തലക്കരികില്‍ ഇരുന്നു. എന്നിട്ട് കുട്ടിയോട് പറഞ്ഞു: ‘നീ ഇസ്‌ലാം സ്വീകരിക്കൂ.’ ആ കുട്ടി തന്റെ അടുക്കലുള്ള പിതാവിലേക്ക് നോക്കി. പിതാവ് കുട്ടിയോടു പറഞ്ഞു: ‘അബുല്‍ക്വാസിമിനെ (നബിയുടെ വിളിപ്പേരാണ് അബുല്‍ക്വാസിം) അനുസരിക്കുക.’ അപ്പോള്‍ കുട്ടി ഇസ്‌ലാം സ്വീകരിച്ചു. ആ കുട്ടിയെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിനു മാത്രമാകുന്നു സ്തുതികള്‍ മുഴുവനും എന്നു പറഞ്ഞു കൊണ്ട് നബി ﷺ  പുറപ്പെട്ടു” (ബുഖാരി).

സഹ്ല്‍ ഇബ്‌നു സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ”അല്ലാഹുവിന്റെ തിരുദൂതര്‍ക്കരികിലേക്ക് ഒരു പാനീയം കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതില്‍നിന്ന് കുടിച്ചു. നബിയുടെ വലതു ഭാഗത്ത് ഒരു കുട്ടിയും ഇടതു ഭാഗത്ത് പ്രായമുള്ളവരുമായിരുന്നു. നബി ﷺ  കുട്ടിയോടു ചോദിച്ചു: ‘ഇവര്‍ക്കു നല്‍കുവാന്‍ നീ അനുവാദം തരുമോ?’ കുട്ടി പറഞ്ഞു: ‘അല്ലാഹുവാണെ, തിരുദൂതരേ, താങ്കളില്‍നിന്നുള്ള എന്റെ വിഹിതത്തില്‍ ഞാന്‍ ഒരാള്‍ക്കും പ്രാമുഖ്യം കല്‍പിക്കില്ല.’ ഉടന്‍ തിരുദൂതര്‍ അത് ആ കുട്ടിയുടെ കയ്യില്‍ വെച്ചു കൊടുത്തു” (ബുഖാരി).

അനസി(റ)ല്‍ നിന്ന് നിവേദനം: ”ഒരു ജൂതന്‍ നബി ﷺ യെ ഗോതമ്പുറൊട്ടിയും മണപ്പകര്‍ച്ച വന്ന നെയ്യും (ഒരുക്കി അതിലേക്ക്) ക്ഷണിച്ചു. അപ്പോള്‍ തിരുമേനി ആ ജൂതനു ഉത്തരമേകി” (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

വിനയത്തിന്റെ നിറകുടമായിരുന്ന തിരുദൂതരുടെ മഹനീയ ജീവിതത്തിന്റെ ചില ചരിത്ര സാക്ഷ്യങ്ങള്‍ കൂടി ഇവിടെ നമുക്ക് വായിക്കാം. ഉമറി(റ)ല്‍ നിന്നും നിവേദനം:

”അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഒരു പായയില്‍ കിടക്കുകയായിരുന്നു. തിരുമേനി ﷺ യുടെയും പായയുടെയും ഇടയില്‍ (വിരിപ്പൊന്നും) ഉണ്ടായിരുന്നില്ല. ഈത്തപ്പനനാരു നിറച്ച തോലിന്റെ ഒരുതലയിണ അദ്ദേഹത്തിന്റെ തലക്കടിയിലുണ്ടായിരുന്നു. തിരുമേനി ﷺ യുടെ കാലുകള്‍ക്കരികില്‍ തോലുകള്‍ ഊറക്കിടുവാന്‍ ഉപയോഗിക്കുന്ന കൊന്നയും തലക്കരികില്‍ കെട്ടിത്തൂക്കിയ തോല്‍സഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാളങ്ങള്‍ അല്ലാഹുവിന്റെ റസൂലിന്റെ പാര്‍ശ്വഭാഗത്ത് ഞാന്‍ കണ്ടു. ഞാന്‍ കരഞ്ഞു. തിരുമേനി ﷺ  ചോദിച്ചു: ‘താങ്കളെ കരയിക്കുന്നത് എന്താണ്?’ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, കിസ്‌റയും ക്വയ്‌സറും (അവിശ്വാസികളായിട്ടും) എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്! താങ്കള്‍ അല്ലാഹുവിന്റെ റസൂലായിട്ടും (എത്രമാത്രം ഭൗതിക വിരക്തിയിലാണ്!)’ അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ‘അവരിരുവര്‍ക്കും ഇഹലോക സുഖങ്ങളും എനിക്ക് പാരത്രികവിജയവും ആകുന്നത് താങ്കള്‍ ഇഷ്ടപ്പെടുന്നില്ലേ?” (ബുഖാരി, മുസ്‌ലിം).

 സഹോദരീ പുത്രന്‍ ഉര്‍വ(റ)യുടെ ചോദ്യത്തിനു മറുപടിയായി ആഇശ(റ) പറയുന്നു: ”സഹോദരിയുടെ പുത്രാ, ഉദയചന്ദ്രനിലേക്ക് ഞങ്ങള്‍ നോക്കുമായിരുന്നു. പിന്നെയും നോക്കും. രണ്ടു മാസങ്ങളിലായി മൂന്ന് ഉദയചന്ദ്രന്മാര്‍. അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വീടുകളില്‍ തീ കത്തിക്കപ്പെട്ടിട്ടുണ്ടാവില്ല.” (ഉര്‍വ(റ) പറയുന്നു:) ഞാന്‍ ചോദിച്ചു: ‘മാതൃസഹോദരീ, നിങ്ങളുടെ ജീവിതമാര്‍ഗം എന്തായിരുന്നു?’ അവര്‍ പറഞ്ഞു: ‘അല്‍അസ്‌വദാനി, അഥവാ വെള്ളവും കാരക്കയും”(ബുഖാരി).

 അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”ഗോതമ്പുറൊട്ടിയില്‍നിന്ന് വയറുനിറഞ്ഞിട്ടില്ലാത്ത അവസ്ഥയിലാണ് അല്ലാഹുവിന്റെ ദൂതര്‍ ﷺ  ഭൗതികലോകത്തുനിന്ന് യാത്രയായത്”(ബുഖാരി).

വ്യാജവാദികളും കപടന്മാരും ആഇശ(റ)ക്കെതിരല്‍ ആരോപണമുന്നയിക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്ത വിഷയത്തില്‍ അല്ലാഹു—അവരെ നിരപരാധിയാക്കി. അന്ത്യനാളുവരേക്കും പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ വചനങ്ങള്‍ അല്ലാഹു—അവരുടെ വിഷയത്തില്‍ അവതരിപ്പിച്ചു. അവര്‍ നല്ല സ്ത്രീകളില്‍ പെട്ടവരാണെന്ന് അല്ലാഹു— സാക്ഷ്യം പറഞ്ഞു. അല്ലാഹു—അവര്‍ക്കു പാപമോചനവും നല്ല ഉപജീവനവും വാഗ്ദാനം ചെയ്തു. ഇത്തരം ഉന്നത സ്ഥാനങ്ങളെല്ലാം ഉണ്ടായിട്ടും അവര്‍ അല്ലാഹു വിനു മുന്നില്‍ വിനയപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്തു:

”അല്ലാഹുവാണേ സത്യം! പാരായണം ചെയ്യപ്പെടുന്ന ഒരു വഹ്‌യ് (ദിവ്യബോധനം) എന്റെ പേരില്‍ അല്ലാഹു അവതരിപ്പിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. എന്റെ വിഷയത്തില്‍ അല്ലാഹു വല്ലതും സംസാരിക്കുന്നതിനെക്കാള്‍ എത്രയോ എളിയവളാണ് ഞാന്‍ എന്നതാണ് എന്റെ കാര്യം” (ബുഖാരി).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

സമര്‍പ്പണം, സഹകരണം

സമര്‍പ്പണം, സഹകരണം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 07)

മഹനീയവും ഉന്നതവുമായ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ശരീരവും സമ്പത്തും സമയവും വിനിയോഗിക്കലാണ് തദ്വ്ഹിയ്യഃ അഥവാ സമര്‍പ്പണം. സ്വാര്‍ഥതകളെ ബലികഴിച്ച്, ആദര്‍ശത്തിന് പ്രാമുഖ്യം നല്‍കി തനിക്ക് വിലപ്പെട്ടതും കനിപ്പെട്ടതുമെല്ലാം അല്ലാഹുവിനായി സമര്‍പ്പിച്ച ഇബ്‌റാഹീം നബി(അ)യുടെ സമര്‍പ്പണ കഥ  സുവിദിതമാണല്ലോ. പുത്രന്‍ ഇസ്മാഈലിനെ ബലിയറുക്കുവാനുള്ള അദ്ദേഹത്തിന്റെ ത്യാഗമനഃസ്ഥിതി ഏവര്‍ക്കും മാതൃകാപരവുമാണ്.

അഹ്‌സാബ് യുദ്ധത്തില്‍ തിരുനബി ﷺ  യുടെ സ്ഥൈര്യവും ക്ഷമയും സമര്‍പ്പണവും ജിഹാദും അനുധാവനം ചെയ്യുവാന്‍ അല്ലാഹു വിശ്വാസികളോട് കല്‍പിച്ചു. നബി ﷺ  യില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട്‌സ്വഹാബികള്‍ ധീരധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും അല്ലാഹുവിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്തു. അല്ലാഹു– പറയുന്നത് നോക്കൂ:

”’തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്. സത്യവിശ്വാസികള്‍ സംഘടിത കക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ധിപ്പിക്കുക മാത്രമെ ചെയ്തുള്ളൂ. സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍(രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്) കാത്തിരിക്കുന്നു. അവര്‍(ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല” (ക്വുര്‍ആന്‍ 33: 21-23).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരം സമര്‍പ്പിച്ചുള്ള രക്തസാക്ഷ്യം സമര്‍പ്പണത്തിന്റെ ഏറ്റവും മികച്ച രൂപമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു:

”ജനങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ ജീവിതം, ഒരു വ്യക്തി; അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ കുതിരയുടെ കടിഞ്ഞാണ്‍പിടിക്കുകയും അതിന്റെ പുറത്ത് കുതിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്റെ ആരവമോ ഭീതിപ്പെടുത്തുന്ന ശബ്ദമോ കേള്‍ക്കുകയായാല്‍ അവന്‍ അതിന്റെ പുറത്ത് കുതിക്കുകയും അവിടെ മരണമോ കൊലയോ കൊതിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ ഒരു വ്യക്തി; മലമേട്ടിലോ താഴ്‌വാരത്തോ അയാള്‍ ഗനീമത്ത് (യുദ്ധാര്‍ജിത) സ്വത്തിലാണ്. അയാള്‍ നമസ്‌കാരം നിലനിര്‍ത്തുന്നു. സകാത്ത് നല്‍കുന്നു. മരണം വന്നെത്തും വരെ തന്റെ രക്ഷിതാവിനെ ആരാധിക്കുന്നു. ജനങ്ങളോടുള്ള അയാളുടെ വര്‍ത്തനം നന്മയില്‍ മാത്രമാകുന്നു”(മുസ്‌ലിം).

അനസ്(റ) പറയുന്നു: അദ്ദേഹത്തിന്റെ പിതൃവ്യന്‍ അനസ് ഇബ്‌നുന്നദ്വ്ര്‍(റ) ബദ്‌റില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ അദ്ദേഹം പറഞ്ഞു: ”നബി ﷺ  യോടൊത്തുള്ള ആദ്യയുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തില്ല. നബി ﷺ  യോടൊത്ത് ഒരു യുദ്ധത്തില്‍ അല്ലാഹു എന്നെ പങ്കെടുപ്പിച്ചാല്‍ എന്റെ ത്യാഗം അല്ലാഹു കാണുകതന്നെ ചെയ്യും.” അങ്ങനെ അദ്ദേഹം ഉഹ്ദില്‍ പങ്കെടുത്തു. ജനങ്ങള്‍ തോറ്റോടി. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവേ, മുസ്‌ലിംകള്‍ ചെയ്തതില്‍ ഞാന്‍ നിന്നോട് മാപ്പിരിക്കുന്നു. മുശ്‌രിക്കുകള്‍ കൊണ്ടെത്തിച്ചതില്‍ എന്റെ നിരപരാധിത്വം ഞാന്‍ നിന്നോട് ബോധിപ്പിക്കുന്നു.” അങ്ങനെ അദ്ദേഹം തന്റെ വാളുമായി മുന്നോട്ടായുകയും സഅ്ദ് ഇബ്‌നുമുആദിനെ കണ്ടുമുട്ടുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ”സഅ്ദ്, എങ്ങോട്ടാണ്? ഉഹ്ദിന്നിപ്പുറത്ത് ഞാന്‍ സ്വര്‍ഗം അനുഭവിക്കുന്നു.’ അങ്ങനെ അദ്ദേഹം മുന്നേറുകയും രക്തസാക്ഷിയാവുകയും ചെയ്തു. തിരച്ചറിയാനാവാത്ത വിധം അദ്ദേഹം വികൃതമാക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയാണ് ഒരു കാക്കപ്പുള്ളി കൊണ്ട് അല്ലെങ്കില്‍ വിരലറ്റം കൊണ്ട് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. എണ്‍പതില്‍പരം കുത്തുകളും വെട്ടുകളും അമ്പുകൊണ്ടുള്ള ഏറുകളും അദ്ദേഹത്തിലുായിരുന്നു”(ബുഖാരി).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നത് സമര്‍പ്പണത്തിന്റെ മേന്മയാര്‍ന്ന മറ്റൊരു രൂപമാണ്. സമ്പത്ത് ചെലവഴിക്കുവാനുള്ള ആഹ്വാനവും പ്രോത്സാഹനവും പൊരുളുമായി അല്ലാഹു പറയുന്നു:

”ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍ നിന്നു(മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു. ആരുണ്ട് അല്ലാഹുവിന് ഒരു നല്ല കടം കൊടുക്കുവാന്‍? എങ്കില്‍ അവനത് അയാള്‍ക്ക് വേണ്ടിഇരട്ടിപ്പിക്കുന്നതാണ്. അയാള്‍ക്കാണ് മാന്യമായ പ്രതിഫലമുള്ളത്” (ക്വുര്‍ആന്‍ 57:10,11).

സമ്പത്ത് സ്വദകഃയാക്കിക്കൊണ്ടുള്ള സ്വഹാബികളുടെ സമര്‍പ്പണ മനഃസ്ഥിതിയുടെ ചരിത്രവും ഏറെ ശ്രദ്ധേയമാണ്. ഒരു ഉദാഹരണം ഇവിടെ നല്‍കുന്നു. ഉമര്‍(റ) പറയുന്നു:

”ദാനധര്‍മം നിര്‍വഹിക്കുവാന്‍ ഒരു ദിനം തിരുദൂതര്‍ ﷺ   ഞങ്ങളോട് കല്‍പിച്ചു. എന്റെ അടുക്കല്‍ സ്വത്തുള്ള ഒരു ദിവസമായിരുന്നു അത്. ഞാന്‍ പറഞ്ഞു: ‘ഇന്ന് അബൂബക്‌റിനെ ഞാന്‍ മുന്‍കടക്കും. ഒരു ദിവസം എനിക്ക് അദ്ദേഹത്തെ മുന്‍കടക്കാനായെങ്കില്‍.’ അങ്ങനെ ഞാന്‍ എന്റെ പകുതിസ്വത്ത് കൊണ്ടുവന്നു. തിരുദൂതര്‍ ﷺ   ചോദിച്ചു: ‘താങ്കള്‍ എന്താണ് കുടുംബത്തിന് ശേഷിപ്പിച്ചത്?’ ഞാന്‍ പറഞ്ഞു: ‘അതിനു തുല്യം.’ അബൂബക്ര്‍(റ) തന്റെ അടുക്കലുള്ള മുഴുവന്‍ സ്വത്തുമായി വന്നു. തിരുദൂതര്‍ ﷺ   അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കള്‍ എന്താണ് കുടുംബത്തിന് ശേഷിപ്പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അവര്‍ക്കായി അല്ലാഹുവെയും തിരുദൂതനെയും ശേഷിപ്പിച്ചിട്ടുണ്ട്.’ ഞാന്‍ പറഞ്ഞു: ‘ഒരു കാര്യത്തിലേക്കും ഒരിക്കലും ഞാന്‍ താങ്കളോട് മത്സരിക്കില്ല” (സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

സഹകരണം

സൃഷ്ടികളില്‍ ഊട്ടപ്പെട്ട പ്രകൃതിയാണ് പരസ്പര സഹകരണവും സഹായവും. മനുഷ്യന്‍ വിശിഷ്യാ സാമൂഹ്യ ജീവിയാണ്. വിശുദ്ധ ക്വുര്‍ആനില്‍ ‘സത്യവിശ്വാസികളേ’ എന്ന് എണ്‍പത്തി ഒന്‍പത് തവണയും ‘മനുഷ്യരേ’ എന്ന് ഇരുപത് തവണയും ‘ആദം സന്തതികളേ’ എന്ന് അഞ്ച് തവണയും അഭിസംബോധന ചെയ്തത് കാണാം. സംഘടിക്കുന്നതിന്റെയും സഹകരിക്കുന്നതിന്റെയും പ്രധാന്യം ഇത് വിളിച്ച റിയിക്കുന്നുെന്ന് പണ്ഡിതന്മാര്‍ ഉണര്‍ത്തി.

സഹകരിക്കാനുള്ള ആജ്ഞകള്‍ പ്രമാണങ്ങളില്‍ ഏറെയാണ്. സൂറത്തുല്‍ അസ്വ്‌റില്‍ സത്യം അന്യോന്യം ഉപദേശിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. അതത്രെ പുണ്യം കൊണ്ടും തക്വ്‌വകൊണ്ടുമുള്ള സഹകരണം. അല്ലാഹു–പറയുന്നു:

”കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ” (ക്വുര്‍ആന്‍ 103:1-3).

സല്‍പ്രവര്‍ത്തനങ്ങൡ സഹകരിക്കുവാന്‍ അനുശാസിച്ചുകൊണ്ട് അല്ലാഹു വിശ്വാസികളോട് കല്‍പിക്കുന്നത് നോക്കൂ: ”…പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്” (ക്വുര്‍ആന്‍ 5:2).

സഹകരണത്തിന്റെ വിഷയത്തില്‍ പ്രോത്സാഹനമേകുന്ന തിരുമൊഴികളും ധാരാളമാണ്. അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: ”നബി ﷺ   പറഞ്ഞു: ‘നിശ്ചയം ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ഒരു എടുപ്പുപോലെയാണ്; അതില്‍ ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നു.’ നബി തന്റെ വിരലുകള്‍ കോര്‍ത്തുപിടിച്ചു”(ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ   പറഞ്ഞു: ”…ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ തന്റെ സഹോദരനെ അക്രമിക്കുകയോ അധിക്ഷിപ്തനാക്കുകയോ നിന്ദിക്കുകയോ ഇല്ല” (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് തന്നെയുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്: ”…അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങളാവുക…” (ബുഖാരി).

നുഅ്മാന്‍ ഇബ്‌നുബശീറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു: ”പരസ്പര സ്‌നേഹത്തിലും വാത്സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനു വേണ്ടി പരസ്പരം നിലകൊള്ളും” (മുസ്‌ലിം).

അബ്ദുല്ലാഹ് ഇബ്‌നുഉമറി(റ)ല്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ   പറഞ്ഞു: ”…ഒരു സഹോദരനോടൊപ്പം ഒരു ആവശ്യം വീട്ടുന്നതുവരെ അതിനുവേണ്ടി ഞാന്‍ നടക്കലാണ്, എനിക്ക് ഈ പള്ളി(മസ്ജിദുന്നബവി)യില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനെക്കാള്‍ ഏറെ ഇഷ്ടം… ഒരാള്‍ മുസ്‌ലിമായ തന്റെ സഹോദരനോടൊപ്പം അയാളുടെ ഒരു ആവശ്യം നിര്‍വഹിച്ചുകൊടുക്കുന്നതുവരെ നടന്നുപോവുകയാണെങ്കില്‍ അയാളുടെ കാല്‍പാദങ്ങളെ അല്ലാഹു, കാലുകള്‍ പതറുന്ന നാളില്‍ (അന്ത്യനാളില്‍) ഉറപ്പിച്ചു നിര്‍ത്തും” (ത്വബ്‌റാനി. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു).

അബൂദര്‍റി(റ)ല്‍ നിന്നും നിവേദനം. അദ്ദേഹം തന്റെ ഒരു അടിമയെ ശകാരിച്ചപ്പോള്‍ അദ്ദേഹത്തെ ഗുണദോഷിച്ചുകൊണ്ട് തിരുനബി ﷺ   പറഞ്ഞു: ”അബൂദര്‍റ്! താങ്കള്‍ ജാഹിലിയ്യത്തുള്ള ഒരു വ്യക്തി തന്നെ. അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അവരെ അല്ലാഹു നിങ്ങളുടെ കീഴിലാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഭക്ഷിക്കുന്നതില്‍നിന്ന് നിങ്ങളവരെ ഭക്ഷിപ്പിക്കുക. നിങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ അവരെ ധരിപ്പിക്കുക. അവര്‍ക്കു കഴിയാത്തത് നങ്ങള്‍ അവരോട് കല്‍പിക്കരുത്. നിങ്ങള്‍ അവരോട് കല്‍പിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കുക” (മുസ്‌ലിം).

സഹകരണം ഫലം കൊയ്യുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ദുല്‍ക്വര്‍നയ്‌നിയുടെയും അദ്ദേഹത്തോട് സഹായമര്‍ഥിച്ച ജനതയുടെയും ചരിത്രം. അക്രമികളായ ഒരു ജനവിഭാഗത്തിന് മറികടക്കുവാനും ദ്വാരമുണ്ടാക്കുവാനും കഴിയാത്ത വിധം ശക്തിമത്തായ ഒരു അണ നിര്‍മിക്കുവാന്‍ സാധിച്ചുവെന്നതാണ് ഈ സഹകരണത്തിന്റെ പ്രകടമായ മേന്മയും ഫലവും.

അല്ലാഹു—പറയുന്നു: ”അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ച് തരാം” (ക്വുര്‍ആന്‍ 18:83).

 ”അങ്ങനെ അദ്ദേഹം രണ്ട് പര്‍വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ല. അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ്-മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ടുവന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്) തീപോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ. ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ്-മഅ്ജൂജിന്ന്) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല” (ക്വുര്‍ആന്‍ 18:93-97).

തിരുനബി ﷺ   തന്റെ കുടുംബത്തോട് സഹകരിക്കാറുള്ളത് ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ നല്‍കാം. അല്‍അസ്‌വദി(റ)ല്‍ നിന്ന് നിവേദനം: ”ഞാന്‍ ആഇശ(റ)യോടു ചോദിച്ചു: ‘നബി ﷺ   തന്റെ വീട്ടില്‍ എന്താണ് ചെയ്തിരുന്നത്?’ അവര്‍ പറഞ്ഞു: ‘തിരുമേനി വീട്ടുകാരെ ഖിദ്മത്ത് (വീട്ടുജോലികളില്‍ സഹായിക്കുക) ചെയ്യുകയായിരിക്കും. നമസ്‌കാര സമയമായാല്‍ അദ്ദേഹം നമസ്‌കാരത്തിനു പുറപ്പെടും”(ബുഖാരി).

ആഇശ(റ)യില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ”അല്ലാഹുവിന്റെ തിരുദൂതര്‍ രാത്രിയില്‍ നമസ്‌കരിക്കുമായിരുന്നു. തിരുമേനി വിത്‌റാക്കിയാല്‍ പറയും: ആഇശാ, എഴുന്നേറ്റ് വിത്ര്‍ നമസ്‌കരിക്കൂ” (മുസ്‌ലിം).

മദീനയിലേക്കുള്ള ഹിജ്‌റക്കു ശേഷം മസ്ജിദുന്നബവി നിര്‍മിക്കുവാന്‍ തന്റെ അനുചരന്മാരോടൊത്ത് തിരുമേനി സഹകരിച്ചതും അഹ്‌സാബ് യുദ്ധത്തില്‍ തന്റെ അനുചരന്മാരോടൊത്ത് കിടങ്ങു കുഴിച്ചതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. അന്‍സ്വാരികളുടെയും മുഹാജിറുകളുടെയും സഹകരണവും സഹകരണത്തില്‍ അന്‍സ്വാരികളുടെ വിശാല മനസ്‌കതയും വിശ്രുതമാണ്.

അബ്ദുര്‍റഹ്മാന്‍ ഇബ്‌നുഔഫ്(റ) പറഞ്ഞു: ”ഞങ്ങള്‍ മദീനയിലേക്ക് വന്നപ്പോള്‍ തിരുദൂതര്‍ ﷺ   എന്റെയും സഅ്ദ് ഇബ്‌നു റബിഇന്റെയും ഇടയില്‍ സാഹോദര്യമുണ്ടാക്കി. അപ്പാള്‍ എന്നോട് സഅ്ദ് പറഞ്ഞു: ‘അന്‍സ്വാരികളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളവനാണ്. എന്റെ സ്വത്തിന്റെ പകുതി ഞാന്‍ നിങ്ങള്‍ക്ക് ഭാഗിച്ചുതരുന്നു. എന്റെ രണ്ടു ഭാര്യമാരില്‍ താങ്കള്‍ ഇച്ഛിക്കുന്നവളെ നിങ്ങള്‍ കാണുക. അവളെ ഞാന്‍ താങ്കള്‍ക്കായി ഒഴിഞ്ഞുതരാം. അവളുടെ ദീക്ഷാകാലം കഴിഞ്ഞാല്‍ താങ്കള്‍ക്കവരെ വിവാഹം കഴിക്കാമല്ലോ.’ അപ്പോള്‍ അബ്ദുര്‍റഹ്മാന്‍(റ) പറഞ്ഞു: ‘അതില്‍ എനിക്ക് ആവശ്യമില്ല. കച്ചവടമുള്ള വല്ല അങ്ങാടിയുമുേണ്ടാ?’ അദ്ദേഹം പറഞ്ഞു: ‘ക്വയ്‌നുക്വാഅ് അങ്ങാടിയുണ്ട്…”(ബുഖാരി).

യജമാനനുമായി മോചന കരാറിലേര്‍പ്പെട്ട സല്‍മാനുല്‍ഫാരിസി(റ) കരാറനുസരിച്ച് മോചനസംഖ്യ ഉടമപ്പെടുത്തിയിരുന്നില്ല. അദ്ദേഹം ദരിദ്രനായിരുന്നു. അപ്പോള്‍ തിരുനബി ﷺ   സ്വഹാബത്തിനോട് പറഞ്ഞു: ”നിങ്ങള്‍ നിങ്ങളുടെ സഹോദരനെ സഹായിക്കുക.” അവര്‍ അദ്ദേഹത്തെ സഹായിക്കുകയും അടിമത്തത്തില്‍ നിന്ന് മോചിതനായി അദ്ദേഹം സ്വതന്ത്രനാവുകയും ചെയ്തു.

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

അവധാനത

അവധാനത

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 6)

ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും കാര്യങ്ങള്‍ അവധാനതയോടെ ഉറപ്പാക്കലും തീര്‍പ്പാക്കലും നിയന്ത്രിക്കലും സല്‍സ്വഭാവങ്ങളില്‍ പെട്ടതാണ്. ഒരു വ്യക്തിയുടെ മികച്ച ബുദ്ധിയും ഹൃദയസമാധാനവുമാണ് അയാളുടെ അവധാനത വിളിച്ചറിയിക്കുന്നത്. വഴികേടില്‍ നിന്നും തെറ്റുകളില്‍നിന്നും ദുര്‍ഗുണങ്ങളില്‍ നിന്നും പൈശാചിക തന്ത്രങ്ങള്‍, ആധിപത്യം എന്നിവയില്‍ നിന്നും അത് മനുഷ്യനെ സംരക്ഷിക്കും. അല്ലാഹുവിന്റെ പ്രീതിയും ഇഷ്ടവും അത് മനുഷ്യന് നേടിക്കൊടുക്കുകയും ചെയ്യും.

അബ്ദുല്‍ക്വയ്‌സ് ഗോത്രത്തിലെ അശജ്ജിനോട് തിരുദൂതര്‍ ﷺ പറഞ്ഞു:

”താങ്കളില്‍ രണ്ട് സ്വഭാവങ്ങളുണ്ട്. അവരണ്ടും അല്ലാഹു ഇഷ്ടപ്പെടുന്നു. വിവേകവും അവധാനതയും”(മുസ്‌ലിം). അനസി(റ)ല്‍നിന്ന് നിവേദനം:

”സാവകാശം അല്ലാഹുവില്‍ നിന്നാണ്. ധൃതി പിശാചില്‍ നിന്നുമാണ്” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സാവകാശം അല്ലാഹുവില്‍ നിന്നാണ് എന്നു പറഞ്ഞാല്‍ അവന്‍ ഇഷ്ടപ്പെടുകയും പ്രതിഫലമേകുകയും ചെയ്യുന്ന കാര്യമാണത് എന്നാണ്. ധൃതി പിശാചില്‍ നിന്നാണ് എന്നാല്‍ വസ്‌വാസിലൂടെ ധൃതി കാണിക്കുവാന്‍ പ്രേരണയേകുന്നത് പിശാചാണെന്നാണ്; കാരണം ധൃതി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പര്യവസാനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും തടയിടുന്നു.

അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം: ”സാവകാശം എല്ലാ വിഷയത്തിലും ഉത്തമമാണ്. പരലോകത്തിനായുള്ള കര്‍മങ്ങളിലൊഴികെ” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

വാര്‍ത്തകള്‍ വരുമ്പോഴും കേര്‍ക്കുമ്പോഴും അവധാനത കാണിക്കലും ഉറപ്പാക്കലും സ്ഥിരീകരിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പോയാല്‍ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്. ഇഹലോക ജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്). എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്‍) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ (കാര്യങ്ങള്‍) വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 4:94).

”സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുംകൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കുവാന്‍ വേണ്ടി” (ക്വുര്‍ആന്‍ 49:06).

നമസ്‌കാരത്തിലേക്ക് പോകുമ്പോള്‍ സാവകാശവും സമാധാനവും പാലിക്കല്‍ കല്‍പിക്കപ്പെട്ട കാര്യമാണ്. ധൃതിയും തിരക്കുകൂട്ടലും വിരോധിക്കപ്പെട്ടതുമാണ്. അബൂക്വത്വാദ(റ) പറയുന്നു:

”നബിയോടൊപ്പം ഞങ്ങള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കവെ ആളുകളുടെ കോലാഹലം നബി ﷺ  കേട്ടു. നബി ﷺ  നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ചോദിച്ചു: ‘നിങ്ങളുടെ കാര്യം എന്താണ്?’ അവര്‍ പ്രതികരിച്ചു: ‘നമസ്‌കാരത്തിലേക്ക് ധൃതികാണിച്ചതാണ്.’ തിരുമേനി ﷺ  പറഞ്ഞു: ‘നിങ്ങള്‍ ധൃതി കാണിക്കരുത്. നിങ്ങള്‍ നമസ്‌കാരത്തിലേക്ക് വരികയായാല്‍ നിങ്ങളില്‍ സമാധാനമുണ്ടാകണം. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങള്‍ പൂര്‍ത്തിയാക്കുക”(മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബൂഹുറയ്‌റ(റ) പറയുന്നു: ”നിങ്ങള്‍ ഇക്വാമത്ത് കേട്ടാല്‍ സമാധാനവും ഒതുക്കവുമുള്ളവരായി നമസ്‌കാരത്തിലേക്ക് നടന്നുചെല്ലുക. നിങ്ങള്‍ ധൃതികാണിക്കരുത്. നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങള്‍ നമസ് കരിക്കുക. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങള്‍ പൂര്‍ത്തിയാക്കുക” (ബുഖാരി).

വിജ്ഞാനം നുകരുമ്പോഴും അറിവ് അഭ്യസിക്കുമ്പോഴും ധൃതി വെടിയലും സാവകാശം കൈക്കൊള്ളലും അനിവാര്യമാണ്. തിരുദൂതരോട് അല്ലാഹു പറയുന്നു:

”നീ അത്(ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ടു നിന്റെ നാവ് ചലിപ്പിക്കേണ്ട” (ക്വുര്‍ആന്‍ 75:16).

സംസാരിക്കുമ്പോള്‍ മനസ്സിലാകുംവിധം സാവകാശത്തിലും വ്യക്തതയിലും സംസാരിക്കണം. നബി ﷺ യുടെ സംസാര മര്യാദയെ കുറിച്ച് ആഇശ(റ) പറയുന്നു:

”തിരുമേനി സംസാരിക്കുമായിരുന്നു. എണ്ണുന്ന ഒരാള്‍ അത് എണ്ണിയിരുന്നുവെങ്കില്‍ അതിനെ തിട്ടപ്പെടുത്താമായിരുന്നു”(സുനനു അബൂദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അനസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ  ഒരു വചനം പറഞ്ഞാല്‍ അത് തിരുമേനിയില്‍ നിന്ന് മനസ്സിലാക്കപ്പെടുവാന്‍ മൂന്നു തവണ ആവര്‍ത്തിക്കുമായിരുന്നു…” (ബുഖാരി).

നിരപരാധിയായിട്ടും ജയില്‍ജീവിതം നയിക്കേണ്ടിവന്നു യൂസുഫ് നബി(അ)ക്ക്. തന്നെ ജയിലിലടച്ച ഭരണാധികാരി അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ തീരുമാനിക്കുകയും പ്രസ്തുത വിവരം വിളിച്ചറിയിക്കുവാന്‍ ആളെ നിയോഗിക്കുകയും ചെയ്തപ്പോള്‍ യൂസുഫ് നബി(അ) ധൃതി കാണിക്കുകയോ എടുത്ത് ചാടുകയോ ചെയ്തില്ല. പ്രത്യുത അദ്ദേഹത്തിന്റെ പ്രതികരണം,

നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തംകൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. (ക്വുര്‍ആന്‍ 12:50)

യൂസുഫ് നബി കാണിച്ച അവധാനതയെ ഒരിക്കല്‍ തിരുദൂതര്‍ പറഞ്ഞു:

”യൂസുഫ് കഴിച്ചു കൂട്ടിയ കാലം ഞാന്‍ ജയിലില്‍ കഴിച്ചു കൂട്ടുകയും എന്നെ വിളിക്കുവാന്‍ രാജദൂതന്‍ വരുകയും ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ക്ഷണത്തിന് ഞാന്‍ ഉത്തരമേകുമായിരുന്നു.”(ബുഖാരി)

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

പുണ്യകര്‍മങ്ങള്‍

പുണ്യകര്‍മങ്ങള്‍

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 5)

ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ aസ്വഭാവഗുണങ്ങളില്‍ ഒന്നാണ് ‘ബിര്‍റ്.”’ബിര്‍റ്’ എന്തെന്നു വിശദീകരിച്ച് നബി ﷺ   പറഞ്ഞു: ”സല്‍സ്വഭാവമാകുന്നു ബിര്‍റ്. നിന്റെ മനസ്സിന് ചൊറിച്ചിലുണ്ടാക്കുകയും ജനങ്ങള്‍ നോക്കിക്കാണുന്നത് നിനക്ക് അനിഷ്ടകരമാവുകയും ചെയ്യുന്നത് പാപവും”(ബുഖാരി).

വാബിസ്വ ഇബ്‌നു മഅ്ദ്(റ) പറഞ്ഞു: ”ഞാന്‍ തിരുദൂതരുടെ അടുക്കല്‍ ചെന്നു. തിരുമേനി ﷺ   ചോദിച്ചു: ‘താങ്കള്‍ ബിര്‍റിനെ കുറിച്ചും പാപത്തെ കുറിച്ചും ചോദിക്കുവാനാണോ വന്നിരിക്കുന്നത്?’ ഞാന്‍ പറഞ്ഞു: ‘അതെ.’ തിരുമേനി ﷺ   പറഞ്ഞു: ‘താങ്കളുടെ മനസ്സിനോട് വിധി ചോദിക്കുക. മനസ്സ് സമാധാനമടഞ്ഞതേതോ അതാണ് ബിര്‍റ്. ഹൃദയം ശാന്തി കണ്ടതുമാണ് ബിര്‍റ്” (മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ബന്ധം ചാര്‍ത്തലും നന്മയേകലും നന്നായി വര്‍ത്തിക്കലുമാണ് ബിര്‍റ്. ഏഴു കാര്യങ്ങള്‍ ബിര്‍റിലെ നിധികളായി പരിചയപ്പെടുത്തപെട്ടിട്ടുണ്ട്. ആരാധനയിലുള്ള ആത്മാര്‍ഥത (ഇഖ്‌ലാസ്വ്), മാതാപിതാക്കള്‍ുള്ള പുണ്യം, കുടുംബബന്ധം ചാര്‍ത്തല്‍, അമാനത്തിന്റെ നിര്‍വഹണം, പാപത്തിന്റെ വിഷയത്തില്‍ ആരെയും അനുസരിക്കാതിരിക്കല്‍, ദേഹേച്ഛ പ്രവൃത്തിക്കാതിരിക്കല്‍, പുണ്യകര്‍മത്തില്‍ കഠിനാധ്വാനിയാകലും അല്ലാഹുവെ ഭയക്കലും അവന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കലും തക്വ്‌വ കൈകൊള്ളലും നാഥനെ ഭയക്കലും ബിര്‍റിനുള്ള മാര്‍ഗമാണ്. (സമര്‍ക്വന്ദിയുടെ തന്‍ബീഹുല്‍ഗാഫിലീന്‍ പേജ്: 253).

അല്ലാഹു—പറഞ്ഞു: ”പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍” (ക്വുര്‍ആന്‍ 2:189).

”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല” (ക്വുര്‍ആന്‍ 3:92).

ലുബ്ധ്, പിശുക്ക് എന്നീ രോഗങ്ങളില്‍നിന്ന് മനസ്സിനെ ചികിത്സിക്കുക, ദാനം നിര്‍വഹിക്കുക, നന്മയുടെ മാര്‍ഗത്തില്‍ ധനം വ്യയം ചെയ്യുവാനും പരിശ്രമിക്കുക എന്നിവ ബിര്‍റിന് സഹായകമാവുന്ന മാര്‍ഗമാണ്. അല്ലാഹു— പറഞ്ഞു:

”നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍” (ക്വുര്‍ആന്‍ 2:177).

ബിര്‍റിന്റെ മഹത്ത്വവും പ്രാധാന്യവും അറിയിച്ച് തിരുമേനി ﷺ   പറഞ്ഞു: ”പുണ്യം മാത്രമാകുന്നു ആയുസ്സില്‍ വര്‍ധനവുണ്ടാക്കുന്നത്. പ്രാര്‍ഥന മാത്രമാകുന്നു വിധിയെ തടുക്കുന്നത്” (സുനനു ഇബ്‌നി മാജ. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ   പറഞ്ഞു: ”നിങ്ങള്‍ സത്യസന്ധത കൃത്യമായി പാലിക്കുക. കാരണം സത്യസന്ധത നന്മയി(ബിര്‍റ്)ലേക്കു നയിക്കും. നന്മയാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കും”(മുസ്‌ലിം).

അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവെ കാണുന്നതുപോലെ നിങ്ങള്‍ അവനെ ആരാധിക്കുക. നിങ്ങളെ നിങ്ങള്‍ മരണംവരിച്ചവരില്‍ എണ്ണുക. നിങ്ങള്‍ക്ക് ഐശ്വര്യമേകുന്ന തുച്ഛമായതാണ് നിങ്ങളെ അശ്രദ്ധമാക്കുന്ന കൂടുതല്‍ സമ്പത്തിനെക്കാള്‍ ഉത്തമം. ബിര്‍റ് ഒരിക്കലും നശിക്കുകയില്ലെന്നും പാപം ഒരിക്കലും മറയുകയില്ലെന്നും നിങ്ങള്‍ അറിയുക”  (മുസ്വന്നഫു ഇബ്‌നിഅബീ ശയ്ബ).

അബൂദര്‍റ് അല്‍ഗിഫാരി(റ) പറഞ്ഞു: ”ബിര്‍റ് ചെയ്യുന്നതോടൊപ്പം ദുആ, ഭക്ഷണത്തില്‍ ഉപ്പ് എത്രമാത്രം മതിയോ അത്രമാത്രം മതി” (മുസ്വന്നഫു ഇബ്‌നി അബീശെയ്ബ).

ഇബ്‌നുല്‍ക്വയ്യിം പറഞ്ഞു: ”പുണ്യപ്രവൃത്തികള്‍ ദാസനെ സജീവമാക്കുകയും അവനെ നിലനിര്‍ത്തുകയും ചെയ്യും. അവ അവനെയുംകൊണ്ട് അല്ലാഹുവിലേക്ക് കയറും. അവന് പുണ്യങ്ങളോടുള്ള ബന്ധത്തിന്റെ ശക്തിക്കനുസരിച്ച് അവയുടെ ഉയര്‍ച്ചയോടൊപ്പം അവനും ഉയര്‍ച്ചയുാകും” (ത്വരീക്വുല്‍ഹിജ്‌റതയ്ന്‍).

എല്ലാ സല്‍പ്രവൃത്തികളും ബന്ധം ചാര്‍ത്തലും നന്മയും ‘ബിര്‍റ്’ എന്ന പദം ഉള്‍കൊള്ളുന്നു. എന്നാല്‍ ബിര്‍റിന്റെ ഏറ്റവും പ്രധാനമായ ഒരു രൂപം മാതാപിതാക്കള്‍ക്കു നേരെയുള്ളതാകുന്നു. ഈസാ നബി(അ)യെയും യഹ്‌യാനബി(അ)യെയും പ്രശംസിച്ചു കൊണ്ട് അല്ലാഹു പറയുന്നത് നോക്കൂ:

”തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല” (ക്വുര്‍ആന്‍ 19:14).

”(അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല” (ക്വുര്‍ആന്‍ 19:32).

മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുന്നതിന്റെ മഹത്ത്വമറിയിക്കുന്ന ഏതാനും തിരുമൊഴികളും സംഭവങ്ങളും താഴെ നല്‍കുന്നു.

അബൂ ഉസയ്ദ് അസ്സാഇദീ(റ)യില്‍ നിന്ന് നിവേദനം:

”ഞങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരോടൊപ്പമായിരിക്കെ ബനൂസലമ ഗോത്രത്തില്‍പെട്ട ഒരു വ്യക്തി തിരുസവിധത്തിലെത്തി. അയാള്‍ ചോദിച്ചു: ‘എന്റെ മാതാപിതാക്കളുടെ മരണാനന്തരം ഞാന്‍ അവര്‍ക്ക് നിര്‍വഹിക്കുവാന്‍ ശേഷിക്കുന്ന വല്ല ബിര്‍റും ഉേണ്ടാ?’ തിരുമേനി ﷺ   പറഞ്ഞു: ‘അതെ. അവരുടെ മേല്‍ ജനാസ നമസ്‌കാരം, അവര്‍ക്ക് വേണ്ടിയുള്ള പാപമോചന തേട്ടം, അവരുടെ വാഗ്ദാനങ്ങള്‍ അവരുടെ വിയോഗാനന്തരം നടപ്പിലാക്കല്‍, അവരിലൂടെ മാത്രം ചേര്‍ക്കപ്പെടുന്ന കുടുംബബന്ധം ചാര്‍ത്തല്‍, അവരുടെ കൂട്ടുകാരെ ആദരിക്കല്‍” (ഇബ്‌നി ഹിബ്ബാന്‍).

മുആവിയത് അസ്സുലമി(റ)യില്‍ നിന്ന് നിവേദനം: ”ഞാന്‍ അല്ലാഹുവിന്റെ റസൂലിന്നരികില്‍ ചെന്നു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു.’ തിരുമേനി ﷺ   പറഞ്ഞു: ‘താങ്കള്‍ക്ക് നാശം, താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യം ചെയ്യുക. ശേഷം ഞാന്‍ മറുഭാഗത്തിലൂടെ തിരുമേനി യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ആഗ്രഹിക്കുന്നു. തിരുമേനി പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യംചെയ്യുക. പിന്നീട് ഞാന്‍ മുന്നിലൂടെ തിരുമേനി ﷺ  യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു. നബി(റ) പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പ്രതികരിച്ചു: താങ്കള്‍ക്കു നാശം. അവരുടെ കാല്‍പാദത്തെ വിടാതെ കൂടുക. കാരണം അവിടെയാണ് സ്വര്‍ഗം” (സുനനുഇബ്‌നിമാജഃ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: ”തന്റെ പിതാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോട് ബന്ധം ചാര്‍ത്തുകയെന്നത് ഏറ്റവും വലിയ പുണ്യമാകുന്നു.”(മുസ്‌ലിം)

മുഖപ്രസന്നത

സന്തോഷവും പുഞ്ചിരിയും നല്ല മുഖഭാവവും തന്മയത്തവും ആളുകളെ അഭിമുഖീകരിക്കുമ്പോഴുള്ള പ്രസന്നതയുമൊക്കെ അനിവാര്യവും അഭികാമ്യവുമാണ്. തിരുസുന്നത്തില്‍ തല്‍വിഷയത്തില്‍ കല്‍പനകളും നിര്‍ദ്ദേശങ്ങളും ഏറെയാണ്. അബൂദര്‍റില്‍ഗിഫാരി(റ)യില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. തിരുനബി എന്നോടു പറഞ്ഞു:

 ”നന്മയില്‍ യാതൊന്നും താങ്കള്‍ നിസാരവല്‍കരിക്കരുത്; താങ്കളുടെ സഹോദരനെ മുഖപ്രസന്നതയില്‍ കണ്ടുമുട്ടുന്നതായാല്‍പോലും.” (മുസ്‌ലിം) മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്:

 ”നിന്റെ സഹോദരന്റെ മുഖത്തു(നോക്കിയുള്ള) നിന്റെ പുഞ്ചിരി നിനക്കു സ്വദക്വഃയാണ്.” ജാബിറി(റ)

യില്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമാണുള്ളത്:

”എല്ലാ നന്മയും സ്വദക്വഃയാകുന്നു. നിശ്ചയം താങ്കളുടെ സഹോദരനെ മുഖപ്രസന്നതയില്‍ കണ്ടുമുട്ടുന്നത് നന്മയില്‍പെട്ടതാകുന്നു.” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

തിരുദൂതരുടെ മാതൃക ഈ വിഷയത്തില്‍ അനുചരന്മാരും പ്രവാചകപത്‌നിമാരും വര്‍ണിക്കുന്നത് ഏറെ വശ്യമാണ്. ഏതാനും വര്‍ണനകള്‍ ഇവിടെ നല്‍കുന്നു. ആഇശ(റ)യില്‍ നിന്ന് നിവേദനം:

”തിരുനബി ﷺ  യെ ഒരിക്കലും ഗൗരവതരത്തിലും ചെറുനാക്ക് കാണും വിധം ചിരിക്കുന്നതായും ഞാന്‍ കണ്ടിട്ടില്ല. തിരുമേനി പുഞ്ചിരിക്കുക മാത്രമായിരുന്നു.” (ബുഖാരി)

ജരീര്‍ ഇബ്‌നു അബ്ദില്ല(റ)യില്‍ നിന്ന് നിവേദനം: ”ഞാന്‍ ഇസ്‌ലാം സ്വീകരിച്ച നാളുമുതല്‍ തിരുനബി എന്നെ(തിരുദൂതരു ﷺ  ടെ അടുക്കലേക്ക് പ്രവേശിക്കുന്നത്) തടഞ്ഞിട്ടില്ല. എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കാതെ എന്നെ തിരുമേനിക്ക് മുട്ടിയിട്ടുമില്ല.” (ബുഖാരി)

ബര്‍റാഅ് ഇബ്‌നു ആസിബില്‍ നിന്ന് നിവേദനം:

”തിരുനബി മനുഷ്യരില്‍ ഏറ്റവുമധികം മുഖസൗന്ദര്യം ഉള്ളവനായിരുന്നു.” (ബുഖാരി) അബൂ ഇസ്ഹാക്വി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. ബറാഇ(റ)നോട് ചോദിക്കപ്പെട്ടു:

”തിരുനബി ﷺ  യുടെ മുഖം തിളങ്ങുന്ന വാളു പോലെയായിരുന്നുവോ അദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു.”(ബുഖാരി)

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

നിസ്വാര്‍ഥത

നിസ്വാര്‍ഥത

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 4)

 

ഉപകാരപ്രദമായ ഒരു വസ്തുവിന് താന്‍ ആവശ്യക്കാരനായിട്ടും തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന് ഈഥാര്‍ എന്ന് അറബി ഭാഷയില്‍ പറയും. ഔദാര്യത്തിന്റെയും ദാനവായ്പിന്റെയും ഏറ്റവും മികച്ച പദവിയാണത്. ഇത്തരം സ്വഭാവക്കാരെ പുകഴ്ത്തിയും ഇഹത്തിലും പരത്തിലും അവര്‍ വിജയികളാണെന്ന് വ്യക്തമാക്കിയും ഒരു വിശുദ്ധ വചനമുണ്ട്. മദീനയില്‍ നബി ﷺ യെയും മുഹാജിറുകളെയും മനസാ വാചാ കര്‍മണാ സ്വീകരിച്ച മദീനക്കാരായ അന്‍സ്വാരികളുടെ വിഷയത്തില്‍ അവതീര്‍ണമായതാണ് പ്രസ്തുത വചനം:

”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും” (ക്വുര്‍ആന്‍ 59: 9).

ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ‘അഥവാ, അന്‍സ്വാരികള്‍ തങ്ങളുടെ ആവശ്യങ്ങളെക്കാള്‍ ഇതര ആവശ്യക്കാരെ മുന്തിപ്പിക്കുന്നു. തങ്ങള്‍ ഒരു കാര്യത്തിന് ആവശ്യമുള്ളവരായിരിക്കെ തന്നെ തങ്ങള്‍ക്കു മുമ്പായി അവര്‍ ജനങ്ങളില്‍ തുടങ്ങുന്നു.’

തങ്ങള്‍ക്കു സ്വാര്‍ഥമായത് ചെലവഴിക്കുന്നതിന്റെ മഹത്ത്വമറിയിച്ചുകൊണ്ട് അല്ലാഹു—പറയുന്നു: ”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 3:92).

”തീര്‍ച്ചയായും പുണ്യവാന്മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും. അല്ലാഹുവിന്റെ ദാസന്മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും. നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്നുപിടിക്കുന്ന ഒരു ദീവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും. ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയുംചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല” (ക്വുര്‍ആന്‍ 76:5-9).

തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്നതിന്റെ മഹത്ത്വവും അത്തരക്കാരുടെ സ്ഥാനവും അറിയിക്കുന്ന ഒരുസംഭവം ഇമാം ബുഖാരി അബൂമൂസല്‍അശ്അരി(റ)യില്‍നിന്ന് നിവേദനം ചെയ്യുന്നു:

”യുദ്ധത്തില്‍ അശ്അരികളുടെ ഭക്ഷണം തീര്‍ന്നാല്‍, അല്ലെങ്കില്‍ മദീനയില്‍ അവരുടെ കുടുംബത്തിന്റെ ഭക്ഷണം കമ്മിയായാല്‍ അവരുടെ അടുക്കലുള്ളതെല്ലാം ഒരു വസ്ത്രത്തില്‍ ശേഖരിക്കും. പിന്നീട് ഒരു പാത്രത്തില്‍ തന്നെ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. അവര്‍ എന്നില്‍ പെട്ടവരാണ്. ഞാന്‍ അവരില്‍ പെട്ടവനും”(ബുഖാരി).

ഭക്ഷണം കഴിക്കുമ്പോള്‍ മാന്യത കാണിക്കുക, സമത്വം കാണിക്കുക, സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുക എന്നിവയ്ക്കു പ്രോത്സാഹനമേകുന്ന ഒരു തിരുമൊഴി നോക്കൂ. ജാബിറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു. തിരുദൂതര്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടു:

”ഒരാളുടെ ഭക്ഷണം രണ്ടു പേര്‍ക്ക് മതിയാകും. രണ്ടു പേരുടെ ഭക്ഷണം നാലു പേര്‍ക്ക് മതിയാകും. നാലുപേരുടെ ഭക്ഷണം എട്ടു പേര്‍ക്ക് മതിയാകും” (മുസ്‌ലിം).

ജാബിര്‍(റ) പറയുന്നു: ഒരു യുദ്ധയാത്ര ഉദ്ദേശിച്ചപ്പോള്‍ നബി ﷺ  പറഞ്ഞു: ”മുഹാജിര്‍, അന്‍സ്വാരീ സമൂഹമേ, നിങ്ങളുടെ സഹോദരങ്ങളില്‍ ഒരു വിഭാഗത്തിന് സ്വത്തുക്കളോ സ്വന്തക്കാരോ ഇല്ല. അ തിനാല്‍ നിങ്ങളിലൊരാള്‍ ഒരു വ്യക്തിയെ അല്ലെങ്കില്‍ രണ്ടു വ്യക്തികളെ തന്നിലേക്ക് ചേര്‍ത്തു കൊള്ളട്ടെ. ഞങ്ങളിലാകട്ടെ ഒരാള്‍ക്കും അവരെ ഊഴമനുസരിച്ച് വഹിക്കാവുന്ന ഒരു ഒട്ടകമല്ലാതെ ഇല്ലതാനും. അങ്ങനെ ഞാന്‍ എന്നിലേക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് ആളുകളെ ചേര്‍ത്തു.”

ജാബിര്‍(റ) പറയുന്നു: എന്റെ ഒട്ടകപ്പുറത്ത് എനിക്കു സഞ്ചരിക്കുവാന്‍ അവര്‍ക്കുള്ള ഊഴമല്ലാതെ ഒരു ഊഴം എനിക്കുണ്ടായിരുന്നില്ല.”(1)

അനുപമ മാതൃകകള്‍

തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്ന തിരുദൂതരുടെയും അനുചരന്മാരുടെയും മഹനീയ മാതൃകകള്‍ ധാരാളമാണ്. ചിലത് ഇവിടെ നല്‍കുന്നു. സഹ്ല്‍ ഇബ്‌നു സഅദി(റ)ല്‍ നിന്ന് നിവേദനം:

”ഒരു മഹതി ഒരു ബുര്‍ദയുമായി വന്നു. സഹ്ല്‍(റ) ചോദിച്ചു: ‘ബുര്‍ദ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?’ അദ്ദേഹത്തോട് പറയപ്പെട്ടു: ‘കരയില്‍ നെയ്തുള്ള ഒരു വസ്ത്രമാണത്.’ ആ മഹതി പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയെ ധരിപ്പിക്കുവാന്‍ എന്റെ കൈകൊണ്ട് ഞാന്‍ ഇത് നെയ്തുണ്ടാക്കിയിരിക്കുന്നു.’ അതിന് ആവശ്യക്കാരനെന്ന നിലയ്ക്ക് തിരുമേനി അത് സ്വീകരിച്ചു. അത് ഉടുമുണ്ടായി ധരിച്ചുകൊണ്ട് അവിടുന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോള്‍ ജനങ്ങളില്‍ ഒരാള്‍ പറഞ്ഞു: ‘തിരുദൂതരേ, അത് എനിക്ക് ധരിപ്പിച്ചാലും.’ തിരുമേനി ﷺ  പറഞ്ഞു: ‘അതെ.’ നബി ﷺ  സദസ്സില്‍ ഇരുന്നു. ശേഷം തിരുമേനി മടങ്ങുകയും ആ തുണി മടക്കി ആ വ്യക്തിക്ക് കൊടുത്തയക്കുകയും ചെയ്തു. ആളുകള്‍ അയാളോട് പറഞ്ഞു: ‘താങ്കള്‍ ചെയ്തത് ശരിയായില്ല. ചോദിക്കുന്നവനെ നബി ﷺ  വെറുതെ മടക്കില്ലെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹത്തോട് താങ്കളത് ചോദിച്ചു.’ അയാള്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! ഞാന്‍ മരിക്കുന്ന ദിവസം എന്റെ കഫന്‍ തുണിയാക്കുവാന്‍ മാത്രമാണ് അത് ഞാന്‍ ചോദിച്ചത്.’ സഹ്ല്‍(റ) പറയുന്നു: ‘അങ്ങനെ അതായിരുന്നു അയാളുടെ കഫന്‍ തുണി” (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”ഒരു വ്യക്തി നബി ﷺ യുടെ അടുക്കല്‍ വന്നു. തന്റെ ഭാര്യമാരുടെ അടുക്കലേക്ക് (ആഗതനെ സല്‍കരിക്കുവാന്‍ ഭക്ഷണമുേണ്ടാ എന്നന്വേഷിച്ച്) തിരുമേനി ആളെ വിട്ടു. അവര്‍ പറഞ്ഞു: ‘ഞങ്ങളുടെ അടുക്കല്‍ വെള്ളം മാത്രമാണുള്ളത്.’ തിരുദൂതര്‍ ﷺ  പറഞ്ഞു: ‘ആരാണ് ഇയാളെ വിരുന്നുകാരനായി കൂടെകൂട്ടുക?’ അന്‍സ്വാരികളില്‍പെട്ട ഒരു വ്യക്തി ഞാന്‍ സന്നദ്ധനാണെന്ന് പറയുകയും തന്റെ ഭാര്യയുടെ അടുക്കലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹം ഭാര്യയോട് പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരുടെ അതിഥിയെ ആദരിക്കുക.’ അവര്‍ പറഞ്ഞു: ‘എന്റെ അടുക്കല്‍ മക്കള്‍ക്കുള്ള ഭക്ഷണമല്ലാതെ യാതൊന്നുമില്ല.’ അദ്ദേഹം പറഞ്ഞു: ‘ഭക്ഷണം ഒരുക്കുക. വിളക്ക് കത്തിക്കുക. കുട്ടികള്‍ രാത്രിഭക്ഷണം ആവശ്യപ്പെട്ടാല്‍ അവരെ ഉറക്കുക.’ അങ്ങനെ അവര്‍ ഭക്ഷണം തയ്യാറാക്കി, വിളക്കു കത്തിച്ചു, മക്കളെ കിടത്തിയുറക്കി. ശേഷം അവര്‍ വിളക്ക് ശരിയാക്കുവാനെന്നോണം എഴുന്നേല്‍ക്കുകയും വിളക്ക് കെടുത്തുകയും ചെയ്തു. ഭാര്യാഭര്‍ത്താക്കന്മാര്‍ ഭക്ഷിക്കുന്നവരായി അതിഥിക്കു മുന്നില്‍ നടിക്കുകയും വിശപ്പിനാല്‍ ചുരുണ്ടുകൂടി രാത്രി കഴിച്ചുകൂട്ടുകയും ചെയ്തു. പുലര്‍ന്നപ്പോള്‍ അവരിരുവരും തിരുദൂതരുടെ അടുക്കല്‍ ചെന്നു. തിരുമേനി ﷺ  പറഞ്ഞു: ‘നിങ്ങള്‍ രണ്ടു പേരുടെയും ചെയ്തികളില്‍ അല്ലാഹു ചിരിച്ചു-അല്ലെങ്കില്‍ ആശ്ചര്യപ്പെട്ടു.’ ഈ സന്ദര്‍ഭത്തില്‍ അല്ലാഹു—ഈ വചനം അവതരിപ്പിച്ചു:

”തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 59:10).

ഈ വിഷയത്തില്‍ അബൂബക്ര്‍(റ)മഹനീയ മാതൃകയാണ്. ഒരിക്കല്‍ അദ്ദേഹം അലിയ്യി(റ)നോട് പറഞ്ഞു: ”അല്ലാഹുവാണേ സത്യം! എന്റെ കുടുംബത്തോടു ബന്ധം ചാര്‍ത്തുന്നതിനെക്കാള്‍ നബി ﷺ യുടെ കുടുംബത്തോടുള്ള ബന്ധം ചാര്‍ത്തലാകുന്നു എനിക്ക് ഏറെ ഇഷ്ടകരം.”

അമീറുല്‍മുഅ്മിനീന്‍ ഉമറി(റ)ന് കുത്തേറ്റ സന്ദര്‍ഭത്തില്‍ മകന്‍ അബ്ദുല്ല(റ)യെ വിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഉമ്മുല്‍മുഅ്മിനീന്‍ ആഇശയുടെ അടുക്കലേക്ക് നീ ചെല്ലുക.’ ഉമറുബ്‌നുല്‍ഖത്ത്വാബ് നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു എന്ന് പറയുകയും എന്റെ രണ്ട് കൂട്ടുകാരോടൊത്തു ഞാന്‍ മറമാടപ്പെടുന്നതിനെ കുറിച്ച് അവരോട് ചോദിക്കുകയും ചെയ്യുക.’ ആഇശ(റ) പറഞ്ഞു: ‘എനിക്കായി ഞാന്‍ ഉദ്ദേശിച്ച സ്ഥലമായിരുന്നു അത്. എന്നാല്‍ ഇന്ന് ഞാന്‍ അദ്ദേഹത്തിന് എന്നേക്കാള്‍ പ്രാമുഖ്യം കല്‍പിക്കുക തന്നെ ചെയ്യും.’ അബ്ദുല്ല(റ) തിരിച്ചു വന്നപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ‘എന്താണ് അവരുടെ പ്രതികരണം?’ ‘അമീറുല്‍ മുഅ്മിനീന്‍, അവര്‍ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു.’ ഉമര്‍(റ) പറഞ്ഞു: ‘ആ ക്വബ്‌റിടത്തോളം പ്രധാനമായ ഒന്നും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്റെ ജനാസ വഹിക്കുകയും സലാം പറയുകയും ഉമര്‍ അനുവാദം ചോദിക്കുന്നു എന്ന് പറയുകയും ചെയ്യുക. അവര്‍ എനിക്ക് അനുവാദം നല്‍കിയാല്‍ നിങ്ങള്‍ എന്നെ മറമാടുക. അനുവാദം നല്‍കിയില്ലെങ്കില്‍ മുസ്‌ലിംകളുടെ മക്വ്ബറയിലേക്ക് എന്നെ തിരിച്ചു കൊണ്ടുപോവുക.”

ആഇശ(റ)യില്‍ നിന്ന് നിവേദനം: ”എന്റെ അടുക്കലേക്ക് ഒരു സാധുസ്ത്രീ തന്റെ രണ്ടു പെണ്‍മക്കളെയും വഹിച്ചുകൊണ്ടുവന്നു. ഞാന്‍ അവര്‍ക്ക് മൂന്നു കാരക്കകള്‍ തിന്നുവാന്‍ നല്‍കി. അവര്‍ രണ്ടു കുട്ടികള്‍ക്കും ഒരോ കാരക്ക വീതം നല്‍കി. ഒരു കാരക്ക അവര്‍ തിന്നുവാന്‍ തന്റെ വായിലേക്ക് ഉയര്‍ത്തി. അപ്പോള്‍ ആ രണ്ടു പെണ്‍മക്കള്‍ ഉമ്മയോട് ആ കാരക്കയും അവര്‍ക്ക് തിന്നുവാന്‍ ചോദിച്ചു. അപ്പോള്‍ ആ ഉമ്മ താന്‍ തിന്നുവാന്‍ ഉദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി അവര്‍ക്കിടയില്‍ വീതിച്ചു നല്‍കി. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ പ്രവര്‍ത്തിച്ചത് അല്ലാഹുവിന്റെ ദൂതരോട് ഞാന്‍ ഉണര്‍ത്തി. അപ്പോള്‍ തിരുദൂതര്‍ ﷺ  പറഞ്ഞു: നിശ്ചയം, അല്ലാഹു അവര്‍ക്ക് ആ കാരക്കകൊണ്ട് സ്വര്‍ഗം അനിവാര്യമാക്കി. അല്ലെങ്കില്‍ അതിനാല്‍ അല്ലാഹു അവരെ നരകത്തില്‍ നിന്നും മോചിപ്പിച്ചു” (മുസ്‌ലിം).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

അമാനത്ത്

അമാനത്ത്

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 3)

ബാധ്യതകളുടെ നിര്‍വഹണവും സംരക്ഷണവുമാണ് അമാനത്ത്. ഒരാളുടെ മേല്‍ ബാധ്യതയാക്കപ്പെട്ട നമസ്‌കാരം, സകാത്ത്, നോമ്പ് പോലുള്ളതെല്ലാം അമാനത്തുകളാണ്. സൂക്ഷിപ്പുസ്വത്തുക്കള്‍, രഹസ്യങ്ങള്‍, സ്വകാര്യതകള്‍ തുടങ്ങിയവയും ഗൗരവപ്പെട്ട അമാനത്തുകളാകുന്നു. വിജയികളായ വിശ്വാസികള്‍ അമാനത്തിന്റെ പരിപാലകരും പരിരക്ഷകരുമാണ്. ഒരു വിശുദ്ധ വചനം നോക്കൂ:

”തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരുമത്രേ (ആ വിജയം പ്രാപിച്ചവരായ വിശ്വാസികള്‍)”

(ക്വുര്‍ആന്‍ 23:8)

വിധിവിലക്കുകള്‍ യഥാവിധം പാലിക്കല്‍ അമാനത്തിന്റെ നിര്‍വഹണമാണ്. കല്‍പനകളെ ശിരസ്സാവഹിച്ചും വിരോധങ്ങളെ വിട്ടകന്നും അമാനത്ത് പാലിക്കുവാന്‍ വിശുദ്ധ ക്വുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്. അമാനത്തുകള്‍ നിര്‍വഹിക്കേണ്ടുന്നതിന്റെ ഗൗരവവും പ്രധാന്യവുമാണ് പ്രസ്തുത അവതരണം അറിയിക്കുന്നത്.

”തീര്‍ച്ചയായും നാം ആ അമാനത്ത് (വിശ്വസ്ത ദൗത്യം, ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു” (ക്വുര്‍ആന്‍ 33:72).

അമാനത്തിന്റെ വിവരണത്തില്‍ ധാരാളം വാക്കുകള്‍ നല്‍കിയ ശേഷം ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ‘പുണ്യകര്‍മങ്ങള്‍, നിര്‍ബന്ധകര്‍മങ്ങള്‍, മതകാര്യങ്ങള്‍, ശിക്ഷാവിധികള്‍ എന്നിവയെല്ലാം അമാനത്തില്‍ പെട്ടതാണ്.’ അദ്ദേഹം പറഞ്ഞു: ‘ഈ അഭിപ്രായങ്ങളെല്ലാം ഒന്നൊന്നിനെ നിരാകരിക്കുന്നില്ല. പ്രത്യുത, വിധിവിലക്കുകള്‍ ബാധകമാക്കുക, കല്‍പനകളും വിരോധങ്ങളും അവയുടെ നിബന്ധനകള്‍ക്കൊത്ത് സ്വീകരിക്കുക എന്നതില്‍ എല്ലാം യോജിക്കുകയും പ്രസ്തുത ആശയത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. കല്‍പനകളും വിരോധങ്ങളും നിബന്ധനകള്‍ക്ക് ഒത്ത് സ്വീകരിക്കുക എന്നത് മനുഷ്യന്‍ അവ നിര്‍വഹിച്ചാല്‍ അവന് പ്രതിഫലം നല്‍കപ്പെടുമെന്നതും കയ്യൊഴിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്നതുമാണ്. എന്നാല്‍ അല്ലാഹു—നന്മയിലക്ക് ഉദവിനല്‍കിയവരൊഴിച്ചുള്ളവര്‍ തങ്ങളുടെ ദുര്‍ബലതയും അജ്ഞതയും അന്യായവുമുള്ള നിലയ്ക്ക് അവ സ്വീകരിച്ചു.’

ഉടമസ്ഥനോ അല്ലെങ്കില്‍ അയാളുടെ പ്രതിനിധിയോ പ്രതിഫലമൊന്നും നല്‍കാതെ സൂക്ഷിക്കുന്നവന്റെ അടുക്കല്‍ നിക്ഷേപിക്കുന്ന വസ്തുക്കളാണല്ലോ വദീഅത്തുകള്‍ (സൂക്ഷിപ്പുസ്വത്തുകള്‍). അവയെല്ലാം യഥാവിധം നിര്‍വഹിക്കല്‍ അമാനത്തിന്റെ തേട്ടമാകുന്നു. ഈ വിഷയത്തില്‍ അല്ലാഹുവിന്റെ വചനം നോക്കൂ:

”ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ(വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റട്ടെ” (ക്വുര്‍ആന്‍ 2:283).

”വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിയോടെതീര്‍പ്പു കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു” (ക്വുര്‍ആന്‍ 4:58).

നബി ﷺ  പറഞ്ഞു: ”നിന്നെ വിശ്വസിച്ചേല്‍പിച്ചവനിലേക്ക് അമാനത്ത് തിരിച്ചേല്‍പിക്കുക. നിന്നെ ചതിച്ചവനെ നീ ചതിക്കരുത്”(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

‘അമാനത്ത്’ എന്നതിന്റെ വിപരീതപദമാണ് ‘ഖിയാനത്ത്.’ ഖിയാനത്ത് വഞ്ചനയാണ്. വഞ്ചന ഇസ്‌ലാമില്‍ വിരോധിക്കപ്പെട്ട കൊടിയ കുറ്റവുമാണ്.

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 8:27).

ഈ ആയത്തിന്റെ വിവരണത്തില്‍ ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ”ഈ ഖിയാനത്ത്(വഞ്ചന) ചെറുതും വലുതുമായ എല്ലാ പാപങ്ങളെയും പൊതുവില്‍ ഉള്‍കൊള്ളുന്നു; പ്രസ്തുത പാപങ്ങള്‍ സ്വന്തത്തോട് ചെയ്തതാകട്ടെ, അന്യരോട് ചെയ്തതാകട്ടെ.”

അലിയ്യ് ഇബ്‌നു അബീത്വല്‍ഹ(റ)യില്‍ നിന്നും ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി നിവേദനം: ”നിങ്ങള്‍ അമാനത്തുകളില്‍ വഞ്ചന കാണിക്കുകയും ചെയ്യരുത്. അമാനത്ത് എന്നാല്‍ അല്ലാഹു അടിയാറുകളെ വിശ്വസിച്ചേല്‍പിച്ച നിര്‍ബന്ധ കര്‍മങ്ങളാണ്. നിങ്ങള്‍ വഞ്ചന കാണിക്കരുത് എന്നാല്‍ നിങ്ങള്‍ അവ ലംഘിക്കരുത് എന്നുമാണ്. വഞ്ചന മുസ്‌ലിമിന്റെ ലക്ഷണമല്ല; വിശിഷ്യാ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളിലും വസ്തുവകകളിലും. അത് കപടന്മാരുടെ ദുര്‍ഗുണമാണ്.”

നബി ﷺ  പറഞ്ഞു: ”കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാകുന്നു. അവന്‍ സംസാരിച്ചാല്‍ കളവ് പറയും. കരാര്‍ ചെയ്താല്‍ ലംഘിക്കും. വിശ്വസിച്ചേല്‍പിക്കപ്പെട്ടാല്‍ വഞ്ചിക്കും” (ബുഖാരി).

അമാനത്ത് നിര്‍വഹിക്കുന്നതിന്റെ പ്രാധാന്യമറിയിക്കുന്ന ഒരു തിരുമൊഴി ഇപ്രകാരം വന്നിട്ടുണ്ട്: ”നബി ﷺ  ഞങ്ങളോട് പ്രസംഗിക്കുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: അമാനത്തില്ലാത്തവര്‍ക്ക് ഈമാനില്ല. കരാര്‍ പാലനമില്ലാത്തവര്‍ക്ക് ദീനുമില്ല”(മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

നബി ﷺ യും അബൂദര്‍റും(റ) തമ്മില്‍ നടന്ന ഒരു സംഭാഷണം അമാനത്തിന്റെ ഗൗരവം ഉറക്കെ വിളിച്ചോതുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു:

‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?’ അപ്പോള്‍ നബി ﷺ  തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: ‘അബൂദര്‍റ്! താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്തുമാണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെമേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്.’ (മുസ്‌ലിം).

അബൂദര്‍റി(റ)ല്‍നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ നബി ﷺ  പറഞ്ഞതായി ഇപ്രകാരമാണുള്ളത്: ”അബൂദര്‍റ്! താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ ആളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്’ (മുസ്‌ലിം).

മതനിഷ്ഠകളില്‍ ആദ്യമായി ആളുകള്‍ക്ക് കൈമോശം വന്നുപോകുന്നത് അമാനത്തായിരിക്കുമെന്ന മുന്നറിയിപ്പും വിഷയത്തിന്റെ ഗൗരവമാണറിയിക്കുന്നത്. അനസ് ഇബ്‌നുമാലികി ﷺ ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”നിങ്ങളുടെ ദീനില്‍ ആദ്യമായി നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് അമാനത്തായിരിക്കും. അതില്‍ അവസാനത്തേത് നമസ്‌കാരവുമായിരിക്കും” (മകാരിമുല്‍അഖ്‌ലാക്വ്, ഇമാം അല്‍ഖറാഇത്വി. അല്‍ബാനി സ്വഹീഹെന്ന്‌വിശേഷിപ്പിച്ചു).

അന്ത്യനാളിന്റെ അടയാളങ്ങള്‍ അനവധിയാണ്. അവയെക്കുറിച്ചുള്ള അനുസ്മരണ വേളയില്‍ അമാനത്തിനെ വിശേഷിച്ച് എണ്ണിയതും അമാനത്ത് നഷ്ടപ്പെടുത്തല്‍ അന്ത്യനാളിന്റെ അടയാളമാണെന്ന് പ്രത്യേകം പറഞ്ഞതും അതിന്റെ പ്രാധാന്യവും ഗൗരവവും തന്നെയാണ് അറിയിക്കുന്നത്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു സംഭവം നോക്കൂ:

”നബി ﷺ  ഒരു സദസ്സില്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഒരു ഗ്രാമീണ അറബി നബി ﷺ യുടെ അടുക്കല്‍ ആഗതനായി. അയാള്‍ ചോദിച്ചു: ‘അന്ത്യനാള്‍ എപ്പോഴാണ്?’ തിരുമേനി ﷺ  തന്റെ സംസാരം തുടര്‍ത്തികൊണ്ടുപോയി. ജനങ്ങളില്‍ ചിലര്‍പറഞ്ഞു: ‘അയാളുടെ ചോദ്യം റസൂല്‍ ﷺ കേട്ടിരിക്കുന്നു; എന്നാല്‍ അദ്ദേഹത്തിന് അതില്‍ നീരസമുണ്ടായി.’ ചിലര്‍ പറഞ്ഞു: ‘നബി ﷺ  അത് കേട്ടിട്ടില്ല.’ തിരുദൂതര്‍ ﷺ  തന്റെ സംസാരം അവസാനിപ്പിച്ചപ്പോള്‍ ചോദിച്ചു: ‘അന്ത്യനാളിനെ കുറിച്ച് ചോദിച്ച വ്യക്തി എവിടെയാണ്?’ അയാള്‍ പറഞ്ഞു: ‘തിരുദൂതരേ, ഞാന്‍ ഇതാ.’ നബി ﷺ  പറഞ്ഞു: ‘അമാനത്ത് നഷ്ടപ്പെടുത്തപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക.’ അയാള്‍ ചോദിച്ചു: ‘എങ്ങനെയാണ് അത് നഷ്ടപ്പെടുത്തല്‍?’ തിരുമേനി ﷺ  പറഞ്ഞു: ‘കാര്യങ്ങള്‍ അതിന്റെ അര്‍ഹരല്ലാത്തവരിലേക്ക് ഏല്‍പിക്കപ്പെട്ടാല്‍ താങ്കള്‍ അന്ത്യനാളിനെ പ്രതീക്ഷിക്കുക’ (ബുഖാരി).

മഹച്ചരിതങ്ങള്‍

പ്രവാചകത്വത്തിനു മുമ്പുതന്നെ മക്കാനിവാസികളുടെ ‘അല്‍അമീന്‍’ (വിശ്വസ്തന്‍) ആയിരുന്നു നബി  ﷺ  എന്നത് സുവിദിതമാണല്ലോ. തിരുദൂതരുടെ സംസാരത്തിലെ സത്യസന്ധതയും അമാനത്ത് നിര്‍വഹണത്തിലെ കാര്യക്ഷമതയും സ്വഭാവ മാഹാത്മ്യവും മക്കയില്‍ പാട്ടായിരുന്നു. അതിനാലാണ് കുലീനയും സമ്പന്നയുമായ ഖദീജ(റ) തിരുമേനി ﷺ യെ വിളിച്ചുവരുത്തി സിറിയയിലേക്കുള്ള തന്റെ കച്ചവടച്ചരക്കുകളുടെ ചുമതല ഏല്‍പിച്ചത്. ഖദീജ(റ)യുടെ ഭൃത്യന്‍ മയ്‌സറയോടൊപ്പം കച്ചവട സംഘത്തെ നയിച്ച തരുദൂതരി ﷺ ല്‍ മയ്‌സറ കണ്ടത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. പ്രസ്തുത സ്വഭാവ വിശേഷതകള്‍ തന്നെയാണ് ഖദീജ(റ)യെ നബി ﷺ യിലേക്ക് അടുപ്പിച്ചതും അവരില്‍ നിന്നുള്ള വിവാഹാഭ്യര്‍ഥനയിലേക്കെത്തിച്ചതും.

ഹിറോക്ലിയസ് രാജാവും റോമന്‍ അധിപന്മാരും അബൂസുഫ്‌യാന്‍(റ) അവിശ്വാസിയായിരുന്ന നാളില്‍ അദ്ദേഹവുമായി ഈലിയാ പട്ടണത്തില്‍ സന്ധിച്ചപ്പോള്‍ ഹിറോക്ലിയസ് ചോദിച്ചു: ‘മുഹമ്മദ് ചതിപ്രയോഗം നടത്താറുണ്ടോ?’ ഇല്ലെന്ന അബൂസുഫ്‌യാന്റെ പ്രതികരണത്തിന് ഹിറോക്ലിയസിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘അപ്രകരമാണ് ദൈവദൂതന്മാര്‍; അവര്‍ ചതിക്കുകയില്ല.’

മുഹമ്മദ് നബി ﷺ  അനുശാസിക്കുന്ന കാര്യങ്ങളേതെന്ന ഹിറോക്ലിയസിന്റെ ചോദ്യത്തിന് അബൂസുഫ്‌യാന്‍ നല്‍കിയ മറുപടിയും അമാനത്തിന്റെ പ്രധാന്യം വിളച്ചോതുന്നു. അബൂസുഫ്‌യാന്‍ പറഞ്ഞു: ‘നിങ്ങള്‍ ഏകനായ അല്ലാഹുവെ മാത്രം ആരാധിക്കണം; അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കരുത്. നിങ്ങളുടെപൂര്‍വികര്‍ പറയുന്ന തെറ്റുകള്‍ നിങ്ങള്‍ കയ്യൊഴിക്കുക. കൂടാതെ, നമസ്‌കരിക്കുവാനും ദാനം നല്‍കുവാനും പരിശുദ്ധി പ്രാപിക്കുവാനും ബന്ധങ്ങള്‍ നല്ല രീതിയിലാക്കുവാനും കരാര്‍ പാലിക്കുവാനും അമാനത്ത് നിര്‍വഹിക്കുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിക്കുന്നു.’

നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് എന്നീനബിമാരുടെ ചരിത്രങ്ങള്‍ സൂറതുശ്ശുഅറാഇല്‍ അല്ലാഹു നല്‍കിയപ്പോള്‍ അവരെക്കുറിച്ച് പറഞ്ഞത് ‘തീ ര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു’ (ക്വുര്‍ആന്‍ 26:107) എന്നാണ്.

പ്രസ്തുത അധ്യായത്തിലെ 125, 143, 162,178 എന്നീ വചനങ്ങളും നബിമാരുടെ വിഷയത്തില്‍ ഇതേ സ്വഭാവഗുണം എടുത്തുപറയുന്നുണ്ട്.

മൂസാ നബി(അ) മദ്‌യന്‍കാരനായ വ്യക്തിയുടെ രണ്ട് പെണ്‍മക്കള്‍ക്ക് വെള്ളം കോരി നല്‍കിയപ്പോള്‍ അവരില്‍ ഒരു പെണ്‍കുട്ടി മൂസാനബി(അ)യെ കുറിച്ച് തന്റെ പിതാവിനോടു പറഞ്ഞതായി അല്ലാഹു പറയുന്നു:

 ”എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ” (ക്വുര്‍ആന്‍ 27:26).

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

റജബ് മാസവും അനാചാരങ്ങളും

റജബ് മാസവും അനാചാരങ്ങളും

അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും എന്ന ഹദീസ്

“اللهم بارك لنا في رجب وشعبان وبلغنا رمضان

അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ”

ഇത് ഉദ്ദരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ زوائد المسند എന്ന ഗ്രന്ഥത്തില്‍ 1346 നമ്പര്‍ ഹദീസായും,
ഇമാം ത്വബറാനി തന്‍റെ  الأوسط എന്ന ഗ്രന്ഥത്തില്‍ 3939 നമ്പര്‍ ഹദീസായും, ഇമാം ബൈഹഖി തന്‍റെ ശുഅബില്‍ 3534 നമ്പര്‍ ഹദീസായുമാണ്. സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് അത് ഉദ്ധരിക്കുന്നത്.

ഹദീസ് ഇപ്രകാരമാണ്:

 “كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ:اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ

റജബ് മാസം പ്രവേശിച്ചാല്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു: “അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ”. ഇതിന്‍റെ സനദ് ളഈഫാണ്.

ഈ ഹദീസിന്‍റെ സനദില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ ‘ളഈഫ്’ അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഹാതിം: “ഇയാളെ തെളിവ് പിടിക്കാന്‍ കൊള്ളില്ല” എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ, ഇമാം ഇബ്നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും ‘ഇയാളുടെ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ല’ എന്ന് പറയുകയും ചെയ്തിട്ടുണ്ട്. – [ميزان الإعتدال : 2 /91] നോക്കുക.

ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ധരിച്ച സാഇദ ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ ‘മുന്‍കറുല്‍ ഹദീസ്’ ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം നവവി തന്‍റെ ‘അല്‍അദ്കാര്‍’ എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്

وروينا فيحلية الأولياءبإسناد فيه ضعفٌ، عن زياد النميري، عن أنس رضي الله عنه، قال: كان رسول الله صلى الله عليه وسلم إذا دخل رجب قال: اللَّهُمَّ بارِكْ لَنا في رَجَبَ وَشَعْبَانَ وَبَلِّغْنا رَمَضَانَ

ورويناه أيضاً في كتاب ابن السني بزيادة

الكتاب: الأذكار 1/189

النووي، أبو زكريا 631 – 676هـ، 1234- 1278م

അതുപോലെ ഇബ്നു റജബ് തന്‍റെ ‘ലത്വാഇഫുല്‍ മആരിഫ്’ എന്ന ഗ്രന്ഥത്തിലും (പേജ്: 121)

ശൈഖ് അല്‍ബാനി തന്‍റെ ‘ളഈഫുല്‍ ജാമിഅ്’ എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു:

وَعَنْ أَنَسٍ «أَنَّ النَّبِيَّصَلَّى اللَّهُ عَلَيْهِ وَسَلَّمَكَانَ إِذَا دَخَلَ رَجَبٌ قَالَ: ” اللَّهُمَّ بَارِكْ لَنَا فِي رَجَبٍ وَشَعْبَانَ وَبَلِّغْنَا رَمَضَانَ»وَكَانَ إِذَا كَانَ لَيْلَةُ الْجُمُعَةِ قَالَ: ” «هَذِهِ لَيْلَةٌ غَرَّاءُ وَيَوْمٌ أَزْهَرُ»
رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ وَجَهَّلَهُ جَمَاعَةٌ

الكتاب: مجمع الزوائد ومنبع الفوائد (2/165) الهيثمي 735 – 807 هـ = 1335 – 1405 م

 “ഇമാം ബസാര്‍ അതുദ്ധരിച്ചിട്ടുണ്ട്. അതിന്‍റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ ‘മുന്‍കറുല്‍ ഹദീസ്’ ആണ്. അയാള്‍ മജ്ഹൂലായ ആളാണ്‌ എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്” 

അതുകൊണ്ടുതന്നെ, അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നതായി സ്വഹീഹായ ഹദീസുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. അതിനാല്‍ അപ്രകാരം പ്രത്യേകം ദുആ റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.

റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്.
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി റഹിമഹുല്ല പറയുന്നു:
“റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.” –

[ تبيين العجب بما ورد في فضل رجبص9] 

അബൂ ഹുറൈറ(റ)യിൽ നിന്ന് “വല്ലവനും റജബ് 27 ലെ നോമ്പ് അനുഷ്ഠിക്കുന്ന പക്ഷം അവന് 60 മാസം നോമ്പ് നോറ്റതിന്‍റെ പ്രതിഫലം അല്ലാഹു രേഖപ്പെടുത്തുന്നതാണ്
” (ഇഹ്‌യാഉൽ ഉലൂമുദ്ദീൻ, മുഖ്തദറുന്നഫീസ്‌, ഫദാ ഇലുൽ അയ്യാമി വല്ലയാലീ, ബാജൂരി, ഗുൻയ, ഇആനതുത്ത്വാലിബീൻ

ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു:- ഇത്‌ ഹദീസല്ല , അസറാണ്. (നബിയിലേക്കെത്തുന്നില്ല ,സ്വഹാബിയിലേക്ക്‌ മാത്രം) , ഇതിന്‍റെ പരമ്പര ദുർബലമാണ്”.

ഇതിന്‍റെ പരമ്പരയിലെ റിപ്പോർട്ടർ ‘ശഹർ ബിൻ ഹൗഷബ്‌ ‘ ഏറെ വിമർശ്ശിക്കപ്പെട്ടയാളാണ് എന്നു ഇമാം ‘ദിഹ്‌യതുൽ കൽബി’ തന്‍റെ أداء ما وجب من بيان وضع الوضاعين في رجب  എന്ന കിതാബിൽ വിവരിച്ചിട്ടുണ്ട്‌.

ഇത്‌ ഹദീസാണെന്നാണ് കള്ളപ്രചരണം!‼ ഇബ്നു ഹജർ (റ) പറയുന്നു:

 واما الأحاديث الواردة في فضل رجب، او فضل صيامه، او صيام شيئ منه صريحة فهي على قسمين : ضعيفة و موضوعة.  تبيين العجب بما ورد في فضل رجب

“എന്നാൽ റജബിന്‍റെ പുണ്യത്തെ പറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ നിശ്ചിത ദിവസത്തെ നോമ്പിനെ കുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോ, നിർമ്മിതമോ ആണ്.”

قال أبو حاتم : يحدث عن زياد النميري عن أنس ، أحاديث مرفوعة منكرة ، ولا ندري منه أو من زياد . وقال البخاري : منكر الحديث . وقال النسائي : منكر الحديث . وقال في الكنى : ليس بثقة . وقال ابن حبان : يروي مناكير عن مشاهير لا يحتج بخبره ، ولا يكتب إلا للاعتبار . وقال ابن عدي : يروي عنه المقدمي وغيره أحاديث إفرادات ، وفي بعض أحاديثه ما ينكر.

تهذيب التهذيب” 3/ 305-306

ابن حَجَر العَسْقلاني 773 هـ – 852هـ، 1372م1448م

ആഗ്രഹ സഫലീകരണ നമസ്കാരം

(صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله.

الكتاب: المجموع شرح المهذب (4/56)

النووي، أبو زكريا (631 – 676هـ، 1234- 1278م).
 

“സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. ‘ഖൂതുല്‍ ഖുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്’യാ ഉലൂമുദ്ദീന്‍’ എന്ന ഗ്രന്ഥത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലയ്ക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും ബിദ്അത്തും വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ.” -[അല്‍മജ്മൂഅ് : 3/548].

അപ്പോൾ ഒരു കാര്യം ദീനിൽ പുണ്യമുള്ളതാവുന്നത്‌ അത്‌ ഒരുപാട്‌ കിതാബുകളിൽ വന്നത്‌ കൊണ്ടായില്ല മറിച്ച്‌ പ്രാമാണികമായി സ്വഹീഹാണെന്നു തെളിയിക്കപ്പെടണം,

ദീനിലില്ലാത്തത്‌‌ ചെയ്തു (ബിദ്‌അത്ത്‌ ) നരകത്തിലേക്ക്‌ പോകാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ.

സ്വലാത്തിന്റെ ശ്രേഷ്ടതകള്‍

സ്വലാത്തിന്റെ ശ്രേഷ്ടതകള്‍

  1. അല്ലാഹു പത്ത് പ്രാവശ്യം സ്വലാത്ത് നേരുന്നതാണ്

   عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ  مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: “നബി (സ്വ)പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചെയ്യുന്നതാണ്”. ( മുസ്ലിം: 408)

       

അല്ലാഹു അവനു വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ കുറിച്ച് പ്രശംസിച്ച് പറയുമെന്നും അവനെ അനുഗ്രഹിക്കുമെന്നുമാണ്.

2.പദവികള്‍ ഉയര്‍ത്തപ്പെടും

3.നന്‍മകള്‍ രേഖപ്പെടുത്തും

4.പാപങ്ങള്‍ മായ്ക്കപ്പെടും

عن أبي بردة بن نيار رضي الله عنه قال قال رسول الله صلى الله عليه وسلم قال: من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات

അബൂബര്‍ദതു ബ്നുനയ്യാറില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “എന്റെ ഉമ്മത്തില്‍ നിന്നു വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചെയ്യുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്‍മകള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്. (നസാഇ – ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/1659)

   

5.അന്ത്യനാളില്‍ നബിയുടെ അടുപ്പം ലഭിക്കും

عن ابن مسعود رضي الله عنه قال قال رسول الله صلى الله عليه وسلم إن أولى الناس بي يوم القيامة أكثرهم علي صلاة 

ഇബ്നുമസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും”. (തിര്‍മിദി –  ഇബ്നുഹിബ്ബാന്‍ – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് : 2/1668)

عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كان أكثرهم علي صلاة كان أقربهم مني منزلة

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)

6.പ്രാ൪ത്ഥനയ്ക്ക് ഉത്തരം ലഭിക്കും

    

“നബി(സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു”. (സില്‍സിലത്തു സ്വഹീഹ :2035  – സ്ഹീഹ് ജാമിഉ :4523)

7.പരലോകത്ത് നബയുടെ ശുപാര്‍ശ ലഭിക്കും

    

നബി(സ്വ) അരുളി : “ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ പരലോക ശുപാര്‍ശ ഖിയാമത്ത് നാളില്‍ ലഭിക്കപ്പെടും”. (സ്ഹീഹ് ജാമിഉ :6357)

8.മന:ക്ളേശങ്ങള്‍ മാറിക്കിട്ടും                       

أنّ رجلا قال يا رسول الله إني أكثر الصلاة ، فما أجعل لك من صلاتي ؟ قال ما شئت، قال الثلث، قال ماشئت ، وإن زدت فهو خير – إلى أن قال – أجعل لك كل صلاتي . قال إذا تكفى همك أخرجه

ഉബയ്യുബ്നു കഅബില്‍ (റ) നിന്ന് നിവേദനം: “ഒരാള്‍ നബിയോട്(സ്വ) ചോദിച്ചു : ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്”? അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക”. “എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്?” അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്”. അങ്ങനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ളേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുന്നതാണ്”.(അഹ്മദ്, സ്വഹീഹു ജാമിഉതിര്‍മിദി : 4/636, 2457)

9.മലക്കുകളുടെ സ്വലാത്ത് ലഭിക്കും

  

عَنْ  عَبْدَ اللَّهِ بْنَ عَامِرِ بْنِ رَبِيعَةَ، عَنْ أَبِيهِ،، قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَا مِنْ عَبْدٍ يُصَلِّي عَلَيَّ إِلا صَلَّتْ عَلَيْهِ الْمَلائِكَةُ مَا صَلَّى عَلَيَّ 

നബി(സ്വ) പറഞ്ഞു : “ഒരാള്‍ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുമ്പോഴെല്ലാം മലക്കുകള്‍ അയാള്‍ക്കു വേണ്ടിയും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും.” (അഹ്മദ്)

ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി

മതവും രാഷ്ട്രീയവും

ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി

? “ മതവും രാഷ്ട്രീയവും രണ്ടാണ്. മതം രാഷ്ട്രീയത്തിൽ ഇടപെടരുത്. മതം  മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണ്. രാഷ്ട്രീയത്തിന്റെ ലക്ഷ്യം മനുഷ്യൻറ ഭൗതിക പുരോഗതിയാണ്. മതവും രാഷ് ട്രീയവും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്ന മതവാദികൾ  ഇതറിയില്ല. ആളുകൾ വളരെ കുറവുള്ള കാലത്ത് നബിയും നാല് ഖലീഫമാരും മതരാഷ്ട്രീയം പയറ്റിനോക്കി. അവർക്കുശേഷം ജനം പെരുത്തു. മതരാഷ്ട്രത്തിനു ഭൗതിക പുരോഗതി വളർത്താൻ കഴിഞ്ഞില്ല. അങ്ങനെ അത് താനെ നശിച്ചു. ഇന്ന് മതരാഷ്ട്രീയം എവിടെയും നിലവിലില്ല. ഇനി അതിന് ജനങ്ങളെ കിട്ടുകയുമില്ല. അതുകൊണ്ടാണ് ഇന്നത്തെ മതവാദികൾ പോലും നിലവിലുള്ള രാഷ്ട്രീയ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്നത്. ” ഈ വാദം ശരിയാണോ ?

ഈ ഉദ്ധരണിയിൽ ഒരു പ്രേത്യേകതയുണ്ട്. ഒരു ചത്ത പ്രത്യയശാസ്ത്രത്തിന്റെ നാറ്റം. മതങ്ങൾ പലതരമുണ്ട്. മുസ്ലിം   വിശ്വസിക്കുന്നത് ദൈവിക മതത്തിലാണ്. അതിന്റെ നിയമങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചുകിടക്കുന്ന, ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവമെന്തായിരികണമെന്നും, ഒരു ന്യായാധിപൻ എങ്ങനെ തീർപ്പ് കല്പിക്കണമെന്നും, അത് നിർദേശി ച്ചിട്ടുണ്ട്. കൊലയാളിക്കും മോഷ്ടാവിനും വ്യഭിചാരിക്കും അപവാദപ്രചാരകനും എന്ത് ശിക്ഷ നൽകണമെന്നത് അനുശാസിച്ചിട്ടുണ്ട്. സാമ്പത്തിക വ്യവഹാരങ്ങളിൽ ചിലത് അനുവദിക്കുകയും ചിലത് നിരോധിക്കുകയും ചെയ്തിടുണ്ട്. സാമൂഹിക ബന്ധങ്ങൾക്ക് മാർഗനിർദേശക തത്വങ്ങൾ നല്കിയിട്ടുണ്ട്.


ഈ നിയമനിർദ്ദേശങ്ങളൊക്കെ മനുഷ്യനെ ദൈവവുമായി ബന്ധിപ്പ കുന്നത് പോലെ മനുഷ്യനെ മനുഷുനുമായും ബന്ധിപ്പിക്കുന്നതാണ്. ഈ നിയമനിർദേശങ്ങളുടെ ആത്യന്തിക ലക്ഷ്യം ഭൗതിക പുരോഗതിയല്ലെങ്കിലും ദൈവി കമാർഗദർശനം സ്വീകരിക്കുന്നവന് ഭൗതികമായും പുരോഗതിയുണ്ടാകുമെന്ന കാര്യം മതത്തിന്റെ ശത്രുക്കൾ പോലും അംഗീകരിക്കുന്നതാണ്. വ്യഭിചാരവും പ്രകൃതിവിരുദ്ധ രതിയും മദ്യവും മയക്കുമരുന്നും ചൂതാട്ടവും പലിശയും അപവാദവും പരദൂഷണവും ചൂഷണവും അഴിമതിയും പോയാൽ വ്യക്തിയും സമൂഹവും രാഷ്ട്രവും അഭിവൃദ്ധിപ്പെടുമെന്ന കാര്യം വിവേകമതികൾഎല്ലാം നിർവിവാദം സമ്മതിക്കുന്ന വസ്തുതയാണ്. ചുരുങ്ങിയ ആളുകൾക്ക് നന്മ കൈവരുത്താൻ പര്യാപ്തമായ ഒരു ജീവിത ദർശനത്തിനു കൂടുതൽ പേർക്ക് ഗുണമുണ്ടാക്കാൻ കഴിയില്ല എന്ന് പറയുന്നതിലെ ലോജിക് മനസിലാകുന്നില്ല. കുറച്ച് ആളുകളുള്ള ഒരു ഗ്രാമത്തിൽ കോളറയുണ്ടായപ്പോൾ ഫലപ്രദമെന്ന് തെളിഞ്ഞ മരുന്ന് ഒരു വലിയ രാഷ്ട്രത്തിൽ കോളറയുണ്ടാകുമ്പോൾ പരീക്ഷിച്ചുനോക്കാൻ പോലും പറ്റില്ലെന്ന് ശഠിക്കുന്നത് എന്തൊരസംബന്ധമാണ് ?

നബി ( സ ) യുടെയും നാലു ഖലീഫമാരുടെയും കാലത്ത് മാത്രമല്ല ജിബ്രാൾട്ടർ മുതൽ മംഗോളിയ വരെ ഇസ്‌ലാമിക രാഷ്ട്രം വികസിച്ചപ്പോ മതതത്വങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത ഭരണത്തിന് കീഴിൽ മുസ് ലിംകൾക്ക് ഭൗതികവും ആത്മീയവുമായ പുരോഗതിയുണ്ടായിട്ടുണ്ട് , അബ്ബാസിയ ഖിലാഫത്തിന്റെ സുവർണ ദശയിൽ ഇസ്‌ലാമിക പ്രതിബദ്ധതയുള്ള ഭരണാധികാരികളുടെ കീഴിൽ മുസ്ലിം ലോകംനേടിയ വൈജ് ഞാനികവും സാങ്കതികവുമായ പുരോഗതി അദ്വിതീയമായിരുന്നു. അക്കാലത്തോ തൊട്ടടുത്ത നൂറ്റാണ്ടുകളിലാ അതിന് തുല്യമായ പുരോഗതി കൈവരി ക്കാൻ മറ്റൊരു രാഷ്ട്രത്തിനും കഴിഞ്ഞിട്ടില്ലെന്ന വസ്തുത ലോകചരിത്രകാരൻമാർ ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട് . പീന്നീട് മുസ്ലിം ഭരണത്തിന് ജീർണതയുണ്ടായിട്ടുണ്ട്. ഇസ് ലാമിന് വിരുദ്ധമായ പ്രവണതകളുടെ ദുസ്വാധീനത്തിന് ചില മുസ് ലിം ഭരണാധികാരികൾ വിധേയരായതാണ് അതിന് കാരണം. അതിന്നിടയിലും ചില നവോഥാനങ്ങൾ ഉണ്ടായത് മതാധ്യാപനങ്ങൾ ഭരണത്തിൽ പകർത്താൻ തയ്യാറായ ചില സാത്വികരായ ഭരണാധികാരികൾ മുഖേനയായിരുന്നു. ഇന്നും അനേകം മുസ്ലിം രാജ്യങ്ങളിലെ ഭരണനിയമങ്ങളിൽ ഇസ്‌ലാമിൻന്റെ ശക്തയാമ സ്വാദിനമുണ്ട്. ചില വ്യതിയാനങ്ങളുള്ളതുകൊണ്ട് മതം ഭരണരംഗത്തുനിന്നു നിഷ് കാസിതമായെന്ന് കരുതുന്നത് അബദ്ധമാണ്. മുസ് ലിം ലോകത്തെ വിവേകമതികൾ ഇന്നും ഉറ്റുനോക്കുന്നത് രാഷ്ട്രീയത്തിൽ മതമൂല്യങ്ങളുടെ പുനസ്ഥാപനത്തെയാണ്. മുസ് ലിംകൾക്ക് സ്വയം നിർണയാവകാശമില്ലാത്ത നാടുകളിൽ ഇസ്‌ലാമിനെയും മുസ് ലിംകളെയും എതിർക്കാതെ ചില രാഷ്ട്രീയ സംഘടനകളുമായി മുസ്ലിംകൾ സഹകരിക്കുന്നത് രാഷ് ട്രീയ രംഗത്ത് മതത്തെ തഴഞ്ഞുവെന്നതിന് തെളിവായി ചൂണ്ടികാണിക്കുന്നത് ശുദ്ധ വിവരക്കേടാണ്. മതവും രാഷ് ട്രീയവും തികച്ചും വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളാണ് എന്ന വാദം പോലെ തന്നെ മതവും രാഷ് ട്രീയവും പൂർണമായും ഒന്നാണെന്ന വാദവും തെറ്റാണ്. മതത്തിന്റെ അധ്യാപനങ്ങൾക്ക് വിരൂദ്ധമാകാത്തവിധം കൈകാര്യം ചെയ്യാൻ ബാധ്യസ്ഥമായ ഒരു ലൗകിക  സയമാണ് ഇസ് ലാമിന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയ വ്യവഹാരം. അല്ലാഹുവിന്റെയും റസൂവിൻറ ( സ ) യും ഭരണനിയമങ്ങൾ മാറ്റുവാനാ തിരുത്തുവാനോ ഒരു മുസ്ലിം ഭരണാധിപനും അവകാശമില്ല. അങ്ങനെ ഒരു ഭരണാധിപൻ ചെയ്യുന്നനതിനെ എതിർക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരുമാണ് 

മതം രാഷ്ട്രീയം ഇസ്‌ലാഹിപ്രസ്ഥാനം എന്ന കൃതിയിൽ നിന്ന്

ചങ്ങാത്തം

ചങ്ങാത്തം

(ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍: 2)

ഹൃദയം ഇണങ്ങിയുള്ള ചങ്ങാത്തവും ഐക്യത്തോടുകൂടിയുള്ള ഒത്തുകൂടലും ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച സ്വഭാവമാണ്. വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത് നോക്കൂ:

”’നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്” (ക്വുര്‍ആന്‍ 3:103).

പരസ്പര കലഹത്തിലും കലാപത്തിലും കൊലപാതകങ്ങളിലും കാലംകഴിച്ചിരുന്ന ജാഹിലീ അറബികളെ ഇസ്‌ലാമിലൂടെ ഇണക്കുകയും അവരെ പരസ്പരം വിളക്കിച്ചേര്‍ക്കുകയും ചെയ്തത് അല്ലാഹുവിന്റെ വലിയ അനുഗ്രഹമായാണ് വിശുദ്ധക്വുര്‍ആന്‍ എടുത്ത് പറയുന്നത്:

”നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു” (3:103).

”ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍. അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു” (8:62,63.)

പാരസ്പര്യത്തിലും ഒത്തൊരുമയിലും ചങ്ങാത്തത്തിലും ജീവിക്കുന്നതിന്റെ സ്ഥാനവും മഹത്ത്വവും അറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”സത്യവിശ്വാസി ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യും. ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യാത്തവനില്‍ യാതൊരു നന്മയുമില്ല”(സുനനുദ്ദാറക്വുത്വ്‌നി. അല്‍ബാനി ഹസനുന്‍സ്വഹീഹെന്ന് വിധിച്ചത്).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തിരിക്കുന്നവര്‍ പെരുമാറുവാന്‍ കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവര്‍ (തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകുകയും ചെയ്യുന്നവരായിരിക്കും” (ത്വബ്‌റാനി. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

ഇമാം സുയൂത്വി പറഞ്ഞു: ”യഥാര്‍ഥ ആരാധ്യനായ അല്ലാഹുവാണെ സത്യം! ഐക്യം അനുഗ്രഹമാണ്. അനൈക്യം പീഡനവും.”

അബ്ശീഹീ പറഞ്ഞു: ”പരസ്പര ഐക്യം ശക്തിയുടെയും ശക്തി തക്വ്‌വയുടെയും കാരണമാകുന്നു. തക്വ്‌വയാകട്ടെ സുഭദ്രമായ കോട്ടയും സുശക്തമായ സ്തംഭവുമാകുന്നു.”

ചങ്ങാത്തത്തില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാന വിഷയം ആരുമായി ചങ്ങാതിയാകുന്നു എന്നതാണ്. നബി ﷺ യുടെ ഒരു വസ്വിയ്യത്ത് നോക്കൂ:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”ഒരാള്‍ തന്റെ കൂട്ടുകാരന്റെ ആദര്‍ശത്തിനനുസരിച്ചാണ്. അതിനാല്‍ നിങ്ങളിലൊരാള്‍ ആരോടു കൂട്ടുകൂടുന്നുവെന്ന് പര്യാലോ ചികട്ടെ” (സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).

പരലോകത്ത് ഉപകരിക്കുന്ന ചങ്ങാതിമാരുടെ വിഷയ ത്തില്‍ അല്ലാഹു—പറഞ്ഞു: ”സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും; സൂക്ഷ്മത പാലിക്കുന്നവരൊഴികെ” (43:67).

ചങ്ങാത്തം കരഗതമാകുവാന്‍

ഒന്ന്: പരിചയപ്പെടുക, സഹവസിക്കുക.

നുഅ്മാന്‍ ഇബ്‌നുബശീറി(റ)ല്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”പരസ്പര സ്‌നേഹത്തിലും വാത്സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനുവേണ്ടി പരസ്പരം നിലകൊള്ളും” (മുസ്‌ലിം).

രണ്ട്: അന്യോന്യം വിനയം കാണിക്കുക

ഇയാദ്വ് ഇബ്‌നുഹിമാരി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”നിങ്ങളില്‍ ഒരാളും ഒരാളോടും ഗര്‍വ് കാണിക്കാതിരിക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്കു ബോധനം നല്‍കിയിരിക്കുന്നു” (മുസ്‌ലിം).

മൂന്ന്: ബാധ്യതകള്‍ നിറവേറ്റുക

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിനോട് ബാധ്യതയായി അഞ്ച് കാര്യങ്ങളുണ്ട്. സലാം മടക്കുക, രോഗിയെ സന്ദര്‍ശിക്കുക, ജനാസയെ പിന്തുടരുക, ക്ഷണത്തിനു ഉത്തരമേകുക, തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക (തശ്മീത്തുചെയ്യുക)”(ബുഖാരി).

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: ”ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ ആറാകുന്നു.” ചോദിക്കപ്പെട്ടു: ”അല്ലാഹുവിന്റെ തിരുദൂതരേ, അവ ഏതാണ്?” നബി ﷺ  പറഞ്ഞു: ”നീ അവനെ കണ്ടുമുട്ടിയാല്‍ അവനോട് സലാം പറയുക. അവന്‍ ക്ഷണിച്ചാല്‍ ഉത്തരമേകുക. ഉപദേശം ആരാഞ്ഞാല്‍ ഉപദേശിക്കുക. അവന്‍ തുമ്മിയ ശേഷം അല്‍ഹംദുലില്ലാഹ് പറഞ്ഞാല്‍ ‘യര്‍ഹമുകല്ലാഹ്’ എന്നു പറയുക. അവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കുക. അവന്‍ മരണപ്പെട്ടാല്‍ അവനെ അനുഗമിക്കുക” (മുസ്‌ലിം).

അല്‍ബര്‍റാഅ് ഇബ്‌നുആസിബി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ ഏഴ് കാര്യങ്ങള്‍ ഞങ്ങളോടു കല്‍പിച്ചു. രോഗസന്ദര്‍ശനം, ജനാസയെ അനുഗമിക്കല്‍, തുമ്മിയവനെ തശ്മീത്തു ചെയ്യല്‍, ദുര്‍ബലനെ സഹായിക്കല്‍, മര്‍ദിതനെ തുണക്കല്‍, സലാം വ്യാപിപ്പിക്കല്‍, സത്യം ചെയ്തതു നിറവേറ്റല്‍ എന്നിവയാണവ” (ബുഖാരി).

നാല്: സലാം വ്യാപിപ്പിക്കല്‍

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം! നിങ്ങള്‍ വിശ്വാസികള്‍ ആകുന്നതുവരെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്കു പരസ്പരം സ്‌നേഹിക്കാവുന്ന ഒരു സംഗതി ഞാന്‍ അറിയിച്ചുതരട്ടെയൊ? നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക!” (മുസ്‌ലിം).

അഞ്ച്: സന്ദര്‍ശനങ്ങള്‍

സന്ദര്‍ശനങ്ങള്‍ ഹൃദയങ്ങളെ അടുപ്പിക്കുകയും സാഹോദര്യം ഊട്ടിയുറപ്പിക്കുകയും ചെയ്യും. സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രതിഫലം മഹത്തരമാക്കിയതിലെ പൊരുളുകളിലൊന്നാണത്.

അനസി(റ)ല്‍ നിന്നും നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”സ്വര്‍ഗത്തില്‍ നിങ്ങളുടെ ആളുകളെ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ?” ഞങ്ങള്‍ പറഞ്ഞു: ”അതെ. അല്ലാഹുവിന്റെ ദൂതരേ.” നബി ﷺ  പറഞ്ഞു: ”…പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോദരനെ സന്ദര്‍ശിക്കുന്ന വ്യക്തി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മാത്രമാണ് ആ സന്ദര്‍ശനം നടത്തുന്നതെങ്കില്‍ അയാളും സ്വര്‍ഗത്തിലാണ്” (ത്വബ്‌റാനി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. നബി ﷺ  പറഞ്ഞു:Ÿ”ഒരാള്‍ തന്റെ ഒരു സഹോദരനെ മറ്റൊരു നാട്ടില്‍ സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. അപ്പോള്‍ അല്ലാഹു അയാളുടെ വഴിയെ ഒരു മലക്കിനെ നിരീക്ഷിക്കാനായി അയാളിലേക്കു നിയോഗിച്ചു. മലക്ക് അയാളുടെ അടുക്കലെത്തിയപ്പോള്‍ ചോദിച്ചു: ‘താങ്കള്‍ എവിടേക്കാണ് ഉദ്ദേശിക്കുന്നത്?’ അയാള്‍ പറഞ്ഞു: ‘ഈ നാട്ടില്‍ എന്റെ ഒരു സഹോദരനെ സന്ദര്‍ശിക്കുവാന്‍.’ മലക്ക് ചോദിച്ചു: ‘താങ്കള്‍ക്ക് ഉപകാരം ലഭിക്കുന്ന വല്ല അനുഗ്രഹവും താങ്കള്‍ക്കായി അയാളുടെ പക്കലുണ്ടോ?’ സന്ദര്‍ശകന്‍ പറഞ്ഞു: ‘ഇല്ല. പക്ഷേ, ഞാന്‍ അയാളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇഷ്ടപ്പെടുന്നു.’ മലക്ക് പ്രതികരിച്ചു: ‘എങ്കില്‍ ഞാന്‍ താങ്കളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു; താങ്കള്‍ അയാളെ ഇഷ്ടപ്പെട്ടതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെട്ടിരിക്കുന്നു” (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ ദൂതര്‍ ﷺ  പറഞ്ഞു: ”ഒരാള്‍ തന്റെ സഹോദരനെ രോഗാവസ്ഥയില്‍ സന്ദര്‍ശനം നടത്തി, അല്ലെങ്കില്‍ ഒരു സൗഹൃദ സന്ദര്‍ശനം നടത്തി. അയാളോട് അല്ലാഹു–പറയും: ‘നീ നല്ലതു ചെയ്തു. നീ നിന്റെ നടത്തം നന്നാക്കി. സ്വര്‍ഗത്തില്‍ നിനക്കൊരു വീട് നീ തയ്യാറാക്കി” (ബുഖാരി).

ആറ്: മാന്യമായ ഭാഷണം

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”നീ എന്റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കി വിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു”(ക്വുര്‍ആന്‍ 17: 53).

ഏഴ്: ദുര്‍ഗുണങ്ങള്‍ വെടിയുക

പിണക്കം സമ്മാനിക്കുകയും അനൈക്യം സൃഷ്ടിക്കുകയും ചെയ്യുന്ന ദുര്‍ഗുണങ്ങള്‍ വെടിയലും സല്‍സ്വഭാവം വെച്ചുപുലര്‍ത്തലും പാരസ്പര്യം ഊട്ടിയുറപ്പിക്കപ്പെടുവാന്‍ അത്യന്താപേക്ഷിതമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീഥിലെ വിരോധങ്ങളെ നോക്കൂ:

”….അന്യരെ പറ്റിക്കാന്‍ വില കയറ്റിപ്പറയരുത്…നിങ്ങള്‍ അന്യോന്യം വിദ്വേഷം വെച്ചുപുലര്‍ത്തരുത്… പരസ്പരം മുഖം തിരിക്കരുത്…”(മുസ്‌ലിം).

ഏഴ്: സമ്മാനങ്ങള്‍ നല്‍കുക

 സമ്മാനം നല്‍കല്‍ പാരസ്പര ബന്ധം സുദൃഢമാക്കമെന്നും സ്‌നേഹബന്ധം ഊഷ്മളമാക്കുമെന്നും നബി ﷺ  അറിയിച്ചിട്ടുണ്ട്.

ആഇശ(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ”അന്യോന്യം സമ്മാനങ്ങള്‍ നല്‍കുക, എന്തുകൊെണ്ടന്നാല്‍ സമ്മാനങ്ങള്‍ നെഞ്ചകത്തെ പക എടുത്തുകളയുന്നു” (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചത്).

”നിങ്ങള്‍ സമ്മാനങ്ങള്‍ കൈമാറുക, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുക.”

പിണക്കം തീര്‍ക്കലും രജ്ഞിപ്പുണ്ടാക്കലും

ആളുകള്‍ക്കിടയിലെ പിണക്കങ്ങള്‍ തീര്‍ക്കുവാനും കുഴപ്പങ്ങള്‍ ഒതുക്കുവാനും ഇസ്‌ലാം കല്‍പിച്ചു. ഏതാനും പ്രമാണ വചനങ്ങള്‍ നോക്കൂ:

”അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8: 01).

അബുദ്ദര്‍ദാഇ(റ)ല്‍ നിന്നും നിവേദനം; നബി ﷺ  പറഞ്ഞു: ”നോമ്പിനെക്കാളും നമസ്‌കാരത്തെക്കാളും ദാനധര്‍മങ്ങളെക്കാളും ഉല്‍കൃഷ്ടമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?” അവര്‍ പറഞ്ഞു; ”അതെ, അകന്നുനില്‍ക്കുന്നവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍. കാരണം, അകന്നുനില്‍ക്കുന്നവര്‍ക്കിടയിലെ കുഴപ്പമത്രെ ദീനിനെ നശിപ്പിക്കുന്നത്” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക