ലൈലതുല്‍ ക്വദ്‌റും ഇഅ്തികാഫും അജ്മലിന്റെ സംശയങ്ങളും

ലൈലതുല്‍ ക്വദ്‌റും ഇഅ്തികാഫും അജ്മലിന്റെ സംശയങ്ങളും

വേനലവധിയായതിനാല്‍ സ്‌കൂളും മദ്‌റസയുമില്ല. അത്‌കൊണ്ട് തന്നെ നോമ്പിന്റെ പകല്‍ സമയം കുറെ നീണ്ടതായി അജ്മലിന് തോന്നുന്നുണ്ട്. അഞ്ച് നേരവും പള്ളിയില്‍ പോയി നമസ്‌കരിക്കുകയും പള്ളിയില്‍ ക്വുര്‍ആന്‍ ഒാതി കുറെ സമയം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഒരു സമാധാനം!

വെള്ളിയാഴ്ച ഉപ്പയുടെ കൂടെ അജ്മല്‍ അടുത്തുള്ള പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനായി പോയി. വീട്ടില്‍ നിന്ന് വുദൂഅ് ചെയ്ത് പള്ളിയിലേക്ക് നടന്നു പോയാല്‍ ഓരോ കാലടിക്കും പ്രതിഫലമുണ്ടെന്ന് ഉസ്താദില്‍ നിന്ന് കേട്ടതില്‍ പിന്നെ വീട്ടില്‍ നിന്ന് വുദൂഅ് ചെയ്‌തേ അജ്മല്‍ പള്ളിയിലേക്ക് പോകാറുള്ളൂ.

അന്ന് ലൈലതുല്‍ ക്വദ്‌റിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ഖുത്വുബ. മൗലവി വളരെ ചുരുക്കിപ്പറഞ്ഞത് അജ്മല്‍ ശ്രദ്ധിച്ചിരുന്ന് കേട്ടു. അവന് കൂടുതലൊന്നും മനസ്സിലായില്ല. ലൈലതുല്‍ ക്വദ്‌റിനെക്കുറിച്ച് കുറെ സംശയങ്ങള്‍ അവന്റെ മനസ്സില്‍ ഉടലെടുത്തു. വീട്ടിലേക്ക് പോകുമ്പോള്‍ ഉപ്പയോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാം എന്ന് അവന്‍ തീരുമാനിച്ചു.

ജുമുഅ നമസ്‌കാരവും സുന്നത്ത് നമസ്‌കാരവും പ്രാര്‍ഥനയും കഴിഞ്ഞ് അജ്മലിന്റെ ഉപ്പ ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. അതുപോലെ അജ്മലും ചെയ്തു. കുറച്ചു നേരം ഓതിയ ശേഷം അവര്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി. ഇടതുകാല്‍ വെച്ച് പുറത്തിറങ്ങുവാനും ‘അല്ലാഹുമ്മ ഇന്നീ അസ്അലക മിന്‍ ഫദ്‌ലിക’ എന്ന പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ഥന ചൊല്ലാനും അജ്മല്‍ മറന്നില്ല.

”ഉപ്പാ, എനിക്ക് ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു” നടന്നു പോകവെ അജ്മല്‍ പറഞ്ഞു.

”ചോദിക്കു മോനേ, എന്താണ് നിന്റെ സംശയം?” ഉപ്പ അവനെ പ്രോത്സാഹിപ്പിച്ചു.

”ലെലതുല്‍ ക്വദ്‌റിന് നിര്‍ണയത്തിന്റെ രാവ് എന്നാണ് അര്‍ഥമെന്ന് മൗലവി പറഞ്ഞു. അതൊന്ന് വിശദീകരിക്കാമോ?”

”ക്വദ്ര്‍ എന്ന വാക്കിന് ‘നിര്‍ണയിക്കുക,’ ‘കണക്കാക്കുക’ ‘നിലപാട്,’ ‘ബഹുമാനം’ എന്നിങ്ങിനെയെല്ലാം അര്‍ഥമുണ്ട്. അതിനാല്‍ ‘ലൈലതുല്‍ ക്വദ്ര്‍’ എന്ന വാക്കിന് ‘നിര്‍ണയത്തിന്റെ രാത്രി’ എന്നും ‘ബഹുമാനത്തിന്റെ രാത്രി’ എന്നും അര്‍ഥം പറയാം. ഓരോ വര്‍ഷത്തിലെയും ഭക്ഷണം, ആയുസ്സ്, തീരുമാനങ്ങള്‍ മുതലായവ മലക്കുകള്‍ക്ക് കാണിക്കപ്പെടുന്ന ദിനമായതു കൊണ്ടാണ് ലൈലതുല്‍ ക്വദ്ര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടതെന്ന് പണ്ഡിതര്‍ പറയുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു’എന്നുംമലക്കുകളും ജിബ്‌രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരും’എന്നും നിനക്ക് കാണാതെ അറിയുന്ന ‘ഇന്നാ അന്‍സല്‍നാഹു ഫീ ലൈലതില്‍ ക്വദ്ര്‍’ എന്ന് തുടങ്ങുന്ന ചെറിയ സൂറത്തില്‍ അല്ലാഹു പറയുന്നുണ്ട്.”

”വേറെയും അര്‍ഥം അതിനുണ്ട് എന്ന് മൗലവി പറഞ്ഞല്ലോ.”

”കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന രാവ്, അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളും കൊണ്ടും വിശുദ്ധ ക്വുര്‍ആനിന്റെ അവതരണം കൊണ്ടും ആദരിക്കപ്പെട്ട രാവ്, മലക്കുകളുടെ ആധിക്യം കൊണ്ട് ഭൂതലം ഇടുങ്ങുന്ന രാവ് തുടങ്ങിയ വിശേഷണങ്ങളെല്ലാം ലൈലതുല്‍ ക്വദ്‌റിന് അനുയോജ്യമായി വരുന്നതാണ് മോനേ.”

”ആയിരം മാസത്തെക്കാള്‍ പുണ്യം നിറഞ്ഞ ആ രാവ് എന്നാണ് എന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍എത്ര നന്നായിരുന്നു അല്ലേ ഉപ്പാ…!” അജ്മല്‍ തന്റെ വലിയ ആഗ്രഹം പ്രകടിപ്പിച്ചു.

”നബി ﷺ ക്ക് അല്ലാഹു അത് അറിയിച്ചു കൊടുത്തിരുന്നു. അക്കാര്യം സ്വഹാബിമാരെ അറിയിക്കുവാന്‍ നബി ﷺ  ഒരിക്കല്‍ പുറപ്പെട്ടു.അപ്പോള്‍ മുസ്‌ലിംകളില്‍പ്പെട്ട രണ്ടുപേര്‍ തമ്മില്‍ ശണ്ഠ കൂടുന്നത് നബി ﷺ  കാണുകയുണ്ടായി.”

”എന്നിട്ട്?”

”അതിനിടയില്‍ നബി ﷺ  ദിവസമേത് എന്നത് മറന്നു. അല്ലാഹു മറപ്പിച്ചതാണ്. ആ വിജ്ഞാനം ഉയര്‍ത്തപ്പെട്ടു എന്നാണ് നബി ﷺ  പറഞ്ഞത്. ഒരുരുപക്ഷേ, അതു നിങ്ങള്‍ക്ക് ഗുണകരമായിരിക്കാം എന്നും നബി ﷺ  പറഞ്ഞു.”

”അതില്‍ എന്താണ് ഗുണം ഉപ്പാ?”

”അത് അറിഞ്ഞാല്‍ ആ ദിവസം മാത്രം ജനങ്ങള്‍ ആരാധനകളില്‍ മുഴുകുന്ന അവസ്ഥയുണ്ടാകും എന്നതിനാലായിരിക്കാം. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.”

”അപ്പോള്‍ പിന്നെ എല്ലാ ദിവസവും ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കണമെന്നാണോ?”

”അല്ല. നിങ്ങള്‍ റമദാന്‍ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ക്വദ്‌റിനെ അന്വേഷിക്കുക എന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട്. റമദാനിലെ 21,23,25,27,29 രാവുകളില്‍ ഏതുമാകാം. അതുകൊണ്ട് ആ രാവുകളിലെല്ലാം പ്രതീക്ഷിക്കലാണ് ഉത്തമം.”

”അവസാനത്തെ പത്തില്‍ ഇഅ്തികാഫിരിക്കാനും മൗലവി പറഞ്ഞല്ലോ.”

”അതെ, പ്രത്യേക നിയ്യത്തോടുകൂടി പള്ളിയില്‍ തന്നെ ആരാധനകളില്‍ മുഴുകി കഴിയലാണ് ഇഅ്തികാഫ്. ലൈലതുല്‍ ക്വദ്‌റിനെ തേടിക്കൊണ്ടാണ് ഞാന്‍ ആദ്യത്തെ പത്തില്‍ ഇഅ്തികാഫ് ഇരുന്നത്. പിന്നീട് നടുവിലെ പത്തിലും ഇരുന്നു. പിന്നീട് അത് അവസാനത്തെ പത്തിലാണെന്ന് ഞാന്‍ അറിയിക്കപ്പെട്ടു. അതുകൊണ്ട് ആരെങ്കിലും എന്റെ കൂടെ ഇഅ്തികാഫ് ഇഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ ഇഅ്തികാഫ് ഇരുന്നുകൊള്ളട്ടെ എന്ന് നബി ﷺ  പറഞ്ഞതായി കാണാം” ഉപ്പ വിശദീകരിച്ചു.

”ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടണമെന്ന് പറഞ്ഞല്ലോ. വീട്ടിലേക്കും അങ്ങാടിയിലേക്കുമൊന്നും പോകാന്‍ പാടില്ലേ?”

”കഴിയുന്നതും പള്ളിയില്‍ തന്നെ കഴിഞ്ഞുകൂടണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകേണ്ടിവന്നാല്‍ പോകാം.”

ഇരുവരും വീടിനു മുന്നിലെത്തി. അജ്മല്‍ കോളിംഗ് ബെല്‍ അമര്‍ത്തി. ഉമ്മ കതക് തുറന്നു. അജ്മല്‍ സലാം പറഞ്ഞ് അകത്തു കയറി, കൂടെ ഉപ്പയും. താന്‍ കേട്ടതും മനസ്സിലാക്കിയതുമെല്ലാം ഉമ്മയോട് പറയാനുള്ള തിരക്കിലായിരുന്നു അജ്മല്‍.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

കര്‍ഷകനും കറുത്ത കല്ലുകളും

കര്‍ഷകനും കറുത്ത കല്ലുകളും

അബൂഹനാന്‍ കഠിനാധ്വാനിയായ നല്ല ഒരു കര്‍ഷകനായിരുന്നു. കാലത്തുതന്നെ അദ്ദേഹം ആവശ്യമായ വെള്ളവും ഭക്ഷണവുമായി അകലെയുള്ള കൃഷിസ്ഥലത്തേക്ക് പോകും. വൈകുന്നേരം വീട്ടിലേക്ക് മടങ്ങും.

ഒരിക്കല്‍ അദ്ദേഹം കൃഷിസ്ഥലം കിളച്ചുമറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു സ്ഥലത്ത് കിളച്ചപ്പോള്‍ കട്ടിയും ഉറപ്പുമുള്ള എന്തിലോ മണ്‍വെട്ടി തട്ടിയ പോലെ തോന്നി. വീണ്ടും കിളച്ചു നോക്കി. അതെ, അവിടെ എന്തോ ഉണ്ട്. അത് കല്ലല്ല എന്ന് ഉറപ്പാണ്. കാരണം മണ്‍വെട്ടി അതില്‍ കൊള്ളുമ്പോള്‍ ഒരു മുഴക്കം കേള്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് അത് എന്താണെന്നറിയാന്‍ ആകാംക്ഷയായി.

അത് എന്താണെന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. അബൂഹനാന്‍ ഏറെ പണിപ്പെട്ട് അതിനു ചുറ്റും ആഴത്തില്‍ കിളച്ച് ചുറ്റുമുള്ള മണ്ണ് നീക്കി. അത് വലിയൊരു പെട്ടിയായിരുന്നു. അദ്ദേഹം ഏറെ പണിപ്പെട്ട് പെട്ടി പുറത്തെടുത്തു.

അതിനുള്ളില്‍ എന്തായിരിക്കും? സ്വര്‍ണവും വെള്ളിയുമൊക്കെയുള്ള നിധിയായിരിക്കുമോ? ആകാംക്ഷയോടെ അദ്ദേഹം പെട്ടി തുറന്നു. നിരാശയായിരുന്നു ഫലം. ഉള്ളില്‍ നിറയെ പല വലിപ്പത്തിലും ആകൃതിയിലുമുള്ള പൊടിപിടിച്ച കറുത്ത കല്ലുകള്‍ മാത്രം!

ഈ കല്ലുകള്‍ കൊണ്ട് എന്ത് ഗുണം? വലിച്ചെറിഞ്ഞാലോ? അല്ലെങ്കില്‍ േവണ്ട! ധാന്യങ്ങള്‍ മൂപ്പെത്തുമ്പോള്‍ അവ കൊത്തിത്തിന്നാന്‍ വരുന്ന പക്ഷികളെ എറിഞ്ഞാട്ടാന്‍ ഈ കല്ലുകള്‍ ഉപയോഗിക്കാം. അതുവരെ വീട്ടില്‍ സൂക്ഷിക്കാം; അബൂഹനാന്‍ ചിന്തിച്ചു.

മാസങ്ങള്‍ കഴിഞ്ഞു. അബൂഹനാന്റെ കൃഷിയിടത്തില്‍ ധാന്യങ്ങള്‍ വിളഞ്ഞു. മൂപ്പെത്തിത്തുടങ്ങാറായ ധാന്യമണികള്‍ കൊത്തിത്തിന്നാന്‍ പക്ഷികള്‍ എത്തിത്തുടങ്ങി. അദ്ദേഹം ആ വലിയ പെട്ടിയില്‍ നിന്ന് ഓരോ കല്ലെടുത്ത് പക്ഷികളെ എറിഞ്ഞകറ്റാന്‍ തുടങ്ങി. അങ്ങനെ പല ദിവസങ്ങള്‍ കഴിഞ്ഞു.

ഒരു ദിവസം അബൂഹനാന്‍ പക്ഷികളെ എറിഞ്ഞാട്ടിക്കൊണ്ടിരിക്കവെ പാടവരമ്പിലൂടെ ഒരാള്‍ നടന്നുവന്നു. അയാള്‍ വിലകൂടിയ രത്‌നക്കല്ലുകളും മുത്തുകളും വജ്രവുമൊക്കെ കച്ചവടം ചെയ്യുന്ന വ്യക്തിയായിരുന്നു. കര്‍ഷകന്‍ പക്ഷികള്‍ക്ക് നേരെ എറിഞ്ഞ രണ്ടു കല്ലുകള്‍ നടന്നുവരികയായിരുന്ന കച്ചവടക്കാരന്റെ അടുത്തു ചെന്നാണ് വീണത്. ആ കല്ലുകള്‍ക്ക് എന്തോ പ്രത്യേകതയുള്ളതായി തോന്നിയതിനാല്‍ അദ്ദേഹം കുനിഞ്ഞ് രണ്ടു കല്ലുകളും കയ്യിലെടുത്ത് പരിശോധിച്ചു. അവ രണ്ടും വിലയേറിയ വജ്രക്കല്ലുകളായിരുന്നു!

കര്‍ഷകന്‍ കച്ചവടക്കാരന്‍ കല്ലുകള്‍ കയ്യിലെടുത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിനടുത്തേക്ക് ചെന്നു. സത്യസന്ധനായ ആ കച്ചവടക്കാരന്‍ കര്‍ഷകനോട് ചോദിച്ചു:

”ഈ കല്ലുകള്‍ എനിക്ക് തരുമോ? ഓരോ കല്ലിനും അയ്യായിരം രൂപ വീതം തരാം”

കച്ചവടക്കാരന്‍ തന്നെ കളിയാക്കുകയാണെന്ന് വിചാരിച്ച കര്‍ഷകന്‍ തരില്ല എന്ന് മറുപടി പറഞ്ഞു.

”എങ്കില്‍ അമ്പതിനായിരം വീതം തരാം” കച്ചവടക്കാരന്‍ പറഞ്ഞു.

കര്‍ഷന്‍ ഇത് കേട്ട് അത്ഭുതപ്പെട്ടു. എന്താണ് ഇയാള്‍  പറയുന്നത്! ഇയാള്‍ക്ക് ഭ്രാന്താണോ? ഒരു കല്ലിന് ഇത്രയും വിലയോ? ഇതെന്ത് മറിമായം!

കര്‍ഷകന്‍ ഒരു പാവമാണെന്നും ഈ കല്ലിന്റെ മൂല്യത്തെക്കുറിച്ച് അയാള്‍ക്ക് അറിയില്ലെന്നും മനസ്സിലായ കച്ചവടക്കാരന്‍ പറഞ്ഞു:

”സഹോദരാ, ഇവ സാധാരണ കല്ലുകളല്ല. വിലയേറിയ വജ്രക്കല്ലുകളാണ്. താങ്കള്‍ക്ക് ഇത് എവിടെനിന്നാണ് കിട്ടിയത്? ഇതുകൊണ്ടാണോ കിളികളെ ആട്ടുന്നത്?”

ഇത് കേട്ട കര്‍ഷകന്‍ ഞെട്ടിപ്പോയി. താന്‍ എന്ത് വിഡ്ഢിത്തമാണ് ഇത്രയും നാള്‍ ചെയ്തത്! നൂറ് കണക്കിന് കല്ലുകളാണ് പക്ഷികളെ എറിഞ്ഞ് കളഞ്ഞത്. ദൂരെ ചെന്നു വീണതെല്ലാം പലര്‍ക്കും കിട്ടിയിട്ടുണ്ടാകും. ഇനി പെട്ടിയില്‍ ബാക്കിയുള്ളത് രണ്ട് കല്ലുകള്‍ മാത്രം. അയാള്‍ സങ്കടത്താല്‍ കരയാന്‍ തുടങ്ങി. കരച്ചിലിനിടയില്‍, സംഭവിച്ച കാര്യമെല്ലാം കച്ചവടക്കാരനോട് പറഞ്ഞു.

”സുഹൃത്തേ, ഇനി കരഞ്ഞതുകൊണ്ട് കാര്യമില്ല. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. കൃഷി കൊയ്‌തെടുത്ത ശേഷം പാടത്ത് തിരഞ്ഞു നോക്കുക. ചിലപ്പോള്‍ കുറച്ചു കല്ലുകളെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞേക്കും. ബാക്കിയുള്ള കല്ലുകള്‍ എനിക്ക് തരൂ. മൂല്യമനുസരിച്ചുള്ള കാശ് ഞാന്‍ തരാം” കച്ചവടക്കാരന്‍ കര്‍ഷകനെ ആശ്വസിപ്പിച്ചു.

കൂട്ടുകാരേ, ഇതുപോലെ തന്നെയാണ് നമ്മുടെ സമയവും. സമയം വളരെ വിലപ്പെട്ടതാണ്. ഇന്ന് നാം അത് വെറുതെ പാഴാക്കിക്കളയുന്നു. കര്‍ഷകന്‍ കല്ല് എറിഞ്ഞുകളഞ്ഞത് പോലെ നമ്മുടെ സമയം നമ്മള്‍ അവിെടയും ഇവിെടയുമായി വെറുതെ കളയുന്നുണ്ട്. സമയത്തിന്റെ വിലയെക്കുറിച്ച് നാം ചിന്തിക്കുന്നേയില്ല. എന്നാല്‍ നാളെ പരലോകത്ത് അല്ലാഹു നമ്മെ വിചാരണ ചെയ്യുേമ്പാള്‍ സമയത്തിന്റെ വില നാം തിരിച്ചറിയും. ആയുസ്സ് ഏത് വഴിയില്‍ വിനിയോഗിച്ചു എന്ന ചോദ്യത്തിന് നന്മയുടെ മാര്‍ഗത്തില്‍ എന്ന് മറുപടി പറയാന്‍ സാധിച്ചാലേ നമുക്ക് രക്ഷയുള്ളൂ. ഇപ്പോള്‍ നമുക്കുള്ളത് സമയത്തെ നന്നായി ഉപയോഗപ്പെടുത്താനുള്ള അവസരമാണ്. അത് നഷ്ടപ്പെടുത്താതെ ജീവിക്കുക.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

സന്തോഷത്തിന്റെ മാസപ്പിറവി

സന്തോഷത്തിന്റെ മാസപ്പിറവി

റമദാന്‍ മാസപ്പിറവി കണ്ടതായും നോമ്പ് ഉറപ്പിച്ചതായും വിവരം കിട്ടിയതോടെ വീട്ടില്‍ ആഘോഷത്തിന്റെ അന്തരീക്ഷം സംജാതമായി. സജ്ജാദ് മോനും സാജിദയും ആഹ്ലാദത്താല്‍ അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ പറഞ്ഞു.

”സന്തോഷമൊക്കെ കൊള്ളാം. അത്താഴത്തിന് വിളിച്ചാല്‍ ഉടനെ എഴുന്നേല്‍ക്കണം. മടിപിടിച്ച് കിടക്കരുത്” ഉമ്മ സജ്ജാദിനോടായി പറഞ്ഞു.

”അത് ശരിയാ ഉമ്മാ. ഈ സജ്ജാദിക്ക ഭയങ്കര മടിയനാ. പെട്ടെന്നൊന്നും എണീക്കില്ല വിൡച്ചാല്‍” സാജിദ പറഞ്ഞു. 

”നീ പോടീ… ഞാനായിരിക്കും ആദ്യം എഴുന്നേല്‍ക്കുക. നീ കണ്ടോ” സജ്ജാദിന് ദേഷ്യം വന്നു.

”അതിന്റെ പേരില്‍ രണ്ടാളും വഴിക്കിടേണ്ട” ഉമ്മ ഇടപെട്ടു.

”അല്ലെങ്കില്‍ നമുക്ക് ഇപ്പോള്‍ തന്നെയങ്ങ് അത്താഴം കഴിച്ച് കിടന്നാലോ? എന്നാല്‍ സ്വുബ്ഹി വരെ ഉറങ്ങാലോ…” സജ്ജാദ് ചോദിച്ചു.

”കണ്ടോ ഉമ്മാ…ഇക്കാക്ക മടികാണിച്ചു തുടങ്ങി” സാജിദ അവസരം മുതലാക്കി.

”അത് പറ്റില്ല മോനേ. ഉറങ്ങി എഴുന്നേല്‍ക്കണം. എന്നിട്ട് അത്താഴം കഴിക്കണം.”

”അത്താഴം കഴിച്ചില്ലെങ്കിലെന്താ?”

”അത്താഴം കഴിക്കണമെന്നാണ് മോനേ നബി ﷺ  പറഞ്ഞിട്ടുള്ളത്. ഒന്നും വേണ്ട എങ്കില്‍ ഒരു ഇറക്ക് വെള്ളമെങ്കിലും കുടിക്കണം. അതില്‍ അനുഗ്രഹമുണ്ടെന്നും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.”

”ഉറങ്ങുന്നതിന് മുമ്പ് അത്താഴം കഴിച്ചു കിടന്നുകൂടേ ഉമ്മാ?” സജ്ജാദ് മോന്‍ ചോദിച്ചു.

”ഞാന്‍ പറഞ്ഞില്ലേ, നബി ﷺ യുടെ സുന്നത്ത് അതല്ല. സ്വുബ്ഹി ബാങ്കിന്റെ അല്‍പം മുമ്പായി എഴുന്നേറ്റ് അത്താഴം കഴിക്കുന്നതിലാണ് പുണ്യമുള്ളത്” ഉമ്മ പറഞ്ഞു. 

”ഉമ്മാ, എന്നെ ഉമ്മ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വിളിക്കണം. അത്താഴത്തിന്റെ അനുഗ്രഹം എന്നും നഷ്ടപ്പെടാതെ കിട്ടണം” സാജിദ പറഞ്ഞു.

”നല്ല കുട്ടി” എന്നു പറഞ്ഞ് ഉമ്മ സാജിദയുടെ കവിളില്‍ ഒരു മുത്തം നല്‍കി. സാജിദക്ക് വലിയ സന്തോഷമായി.

”നീ വലിയ ഗമയൊന്നും കാണിക്കേണ്ട പെണ്ണേ. എന്റെ അത്ര അറിവൊന്നും നിനക്കില്ലല്ലോ” സജ്ജാദ് മോന്‍ അനുജത്തിയോട് പറഞ്ഞു.

”ഹോ, പിന്നേ… എനിക്ക് നിന്നെക്കാള്‍ അറിവുണ്ട്” സാജിദ വിട്ടുകൊടുത്തില്ല.

”എന്നാല്‍ ഞാന്‍ ഒരു ചോദ്യം ചോദിക്കാം. ഉത്തരം പറയാമോ?”

”അറിയുമെങ്കില്‍ പറയും. ചോദിക്ക്.”

”ഇപ്പോള്‍ മാസപ്പിറവി കണ്ടു എന്ന് പറഞ്ഞല്ലോ. ഏത് മാസമാണിത്?” 

”ഓ, ഇതാണോ ഇത്ര വലിയ ചോദ്യം? നോമ്പ് റമദാന്‍ മാസത്തിലാണെന്ന് ഏത് കുട്ടിക്കാ അറിയാത്തത്!” സാജിദയുടെ ഉത്തരം പെട്ടെന്നായിരുന്നു.

അല്‍പ നേരം ചിന്തിച്ചുനിന്ന ശേഷം സജ്ജാദ് മോന്‍ പറഞ്ഞു: ”എങ്കില്‍ വേറൊരു ചോദ്യം. ഇതു പോലെ പെട്ടെന്ന് ഉത്തരം തരണം.”

”ഓകെ. നീ ചോദിച്ചോ. നിന്റെ ചോദ്യത്തിന് എന്റെയടുക്കല്‍ ഉത്തരം റെഡിയാ” സാജിദ അഭിമാനത്തോടെ പറഞ്ഞു.

”ഇപ്പോള്‍ കഴിഞ്ഞു പോയത് ഏത് മാസമാണ്? വേഗം പറ…”

”അത്…അത്…” പെട്ടെന്ന് ഉത്തരം കിട്ടാതെ സാജിദ പരുങ്ങി. 

”മുഹര്‍റം മുതല്‍ പറഞ്ഞു നോക്കാന്‍ സമയമില്ല. വേഗം പറ. നീ വലിയ പഠിപ്പിസ്റ്റാണെന്നല്ലേ പറഞ്ഞത്.”  

”ശഅ്ബാന്‍…ശഅ്ബാന്‍…” ഉത്തരം കിട്ടിയ ഉടന്‍ സാജിദ വിളിച്ചു പറഞ്ഞു.

”മക്കളേ, മതി സംസാരിച്ചിരുന്നത്. പോയി കിടന്നുറങ്ങാന്‍ നോക്ക്. അത്താഴത്തിന് എഴുന്നേല്‍ക്കേണ്ടതല്ലേ” അടുക്കളയില്‍ നിന്നും ഉമ്മ വിളിച്ചുപറഞ്ഞു. ഉടനെ രണ്ടുപേരും വുദൂഅ് ചെയ്ത് കിടക്കുവാനായി പോയി.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

 

വസ്ത്രത്തിന്റെ ആഘോഷം

വസ്ത്രത്തിന്റെ ആഘോഷം

പണ്ട് ഇറാനിലെ ഷിറാസ് എന്ന പട്ടണത്തില്‍ ശൈഖ് സഅദി എന്ന പ്രസിദ്ധനായ ഒരു കവി ജീവിച്ചിരുന്നു. നാട്ടിലെ മറ്റു കവികളെയും തത്ത്വചിന്തകരെയും പോലെ അദ്ദേഹം വലിയ പണക്കാരനായിരുന്നില്ല. വളരെ ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഒരിക്കല്‍ ഷിറാസിലെ ധനികനായ ഒരു കച്ചവടക്കാരന്‍ തന്റെ മകളുടെ വിവാഹത്തിന് ശൈഖ് സഅദിയെ ക്ഷണിച്ചു. പട്ടണത്തിലെ അതിസമ്പന്നരായ ധാരാളം വ്യവസായികളും വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. സഅദി ക്ഷണം സ്വീകരിക്കുകയും പങ്കെടുക്കാന്‍ തീരുമാനിക്കുയും ചെയ്തു. 

വിവാഹ ദിവസം ആഗതമായി. ശൈഖ് സഅദി ആര്‍ഭാടം നിറഞ്ഞ വിവാഹപ്പന്തലിലെത്തി. എല്ലാ ധനികരും ഏറ്റവും മുന്തിയതും വിലകൂടിയതും പളപളാ തിളങ്ങുന്നതുമായ വസ്ത്രം ധരിച്ചാണ് എത്തിയിരിക്കുന്നത്. സഅദിയാകട്ടെ വിലകുറഞ്ഞ, ആകര്‍ഷകമല്ലാത്ത വസ്ത്രം ധരിച്ചാണെത്തിയത്. ആരെങ്കിലും തന്നെ സമീപിച്ച് സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം ഒരു മൂലയില്‍ മാറിനിന്നു. എന്നാല്‍ വീട്ടുകാരനടക്കം ആരും അദ്ദേഹത്തെ കണ്ടതായി ഭാവിച്ചത് പോലുമില്ല. 

തന്നെ ആരും പരിഗണിക്കാത്തതും നല്ല വസ്ത്രം ധരിച്ചെത്തിയ പണക്കാരെ സ്വീകരിച്ചാനയിക്കുന്നതും അദ്ദേഹത്തെ വേദനിപ്പിച്ചു. ഉടന്‍ അദ്ദേഹം അവിടെനിന്ന് ഇറങ്ങിപ്പോയി. നേരെ പോയത് ഒരു തുണിക്കടയിലേക്കായിരന്നു. ആ കടയില്‍ നിന്ന് സ്വര്‍ണക്കരയുള്ള മുന്തിയ വസ്ത്രം വാങ്ങി. അതിമനോഹരമായ ഒരു തലപ്പാവും അരപ്പട്ടയും വാങ്ങി. അവിടെ വെച്ചുതന്നെ അതെല്ലാം ധരിച്ചു. ശേഷം കണ്ണാടിയില്‍ നോക്കിയപ്പോള്‍ താന്‍ മറ്റേതോ വ്യക്തിയെ പോലെ മാറിയതായി അദ്ദേഹത്തിന് തോന്നി. 

സഅദി നേരെ വിവാഹ വീട്ടിലേക്ക് തിരിച്ചു. രാജകീയമായ രീതിയില്‍ വസ്ത്രം ധരിച്ച് അദ്ദേഹം വരുന്നത് കണ്ടപ്പോള്‍ വീട്ടുകാരനും മറ്റു കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വീകരിച്ചു. അവിടെ കൂടിയവരെല്ലാം അദ്ദേഹത്തിന് കൈകൊടുക്കാന്‍ മത്സരിച്ചു. വീട്ടുകാരന്‍ പഴയ ആത്മാര്‍ഥ കൂട്ടുകാരനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ പോലെ കവിയെ ആലിംഗനം ചെയ്തു. വീട്ടുകാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ”ഇതാ, നമ്മുടെ പ്രിയപ്പെട്ട കവി വന്നിരിക്കുന്നു.” എന്നിട്ട് കവിയോടായി പറഞ്ഞു: ”ഞങ്ങള്‍ താങ്കളെ കാത്തിരിക്കുകയായിരുന്നു. എന്തേ ഇത്ര വൈകിയത്? താങ്കളുടെ വിലപ്പട്ട സാന്നിധ്യമില്ലായിരുന്നെങ്കില്‍ ഈ പരിപാടി അപൂര്‍ണമാകുമായിരുന്നു.” 

സഅദി ഒന്നും മിണ്ടിയില്ല. വീട്ടുകാരന്‍ അദ്ദേഹത്തിന്റെ കൈപിടിച്ച് ൈഡനിംഗ് ഹാളിലേക്ക് ആനയിച്ചു. അവിടെ സമ്പന്നരെല്ലാം നിരന്ന് ഇരിക്കുന്നുണ്ടായിരുന്നു. വീട്ടുകാരന്‍ കവിയെ പതുപതുത്ത കസേരയില്‍ ഇരുത്തി. വെളളിയുടെ പാത്രങ്ങള്‍ മുന്നില്‍ വെച്ചുകൊടുത്തു. കൊതിയൂറും വിഭവങ്ങള്‍ വീട്ടുകാരന്‍ തന്നെ വിളമ്പിക്കൊടുത്തു. അപ്പോള്‍ സഅദി തന്റെ തലപ്പാവ് കയ്യിലെടുത്ത് അതിലേക്കും വസ്ത്രത്തിലേക്കും നോക്കിക്കൊണ്ട് പറഞ്ഞു: ”ഇത് നിങ്ങളുടെ ആഘോഷമാണ്. അതിനാല്‍ ഇതെല്ലാം നന്നായി ആസ്വദിച്ച് കഴിക്കൂ.”

അത് കേട്ട എല്ലാ അതിഥികളും ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി. വീട്ടുകാരന്‍ ചോദിച്ചു: ”സാര്‍, എന്താണിത്? വസ്ത്രത്തോട് ഭക്ഷണം കഴിക്കാന്‍ പറയുകയോ? എങ്ങെനയാണ് താങ്കളുടെ വസ്ത്രം ഭക്ഷണം കഴിക്കുക?” മറ്റു പലരും ഇത് ചോദിച്ചു. 

സഅദി ശാന്തമായി പറഞ്ഞു: ”പ്രിയമുള്ളവരേ, ഇങ്ങനെയൊരു ചോദ്യം നിങ്ങള്‍ ചോദിച്ചതിലാണ് എനിക്ക് അത്ഭുതം. ഞാന്‍ വിലകുറഞ്ഞ വസ്ത്രം ധരിച്ച് വന്നപ്പോള്‍ ഒന്ന് നോക്കാന്‍ പോലും തയ്യാറാകാതിരുന്നത് നിങ്ങളല്ലേ? എന്നെയല്ല നിങ്ങള്‍ വെറുക്കുന്നത് എന്നും എന്റെ വസ്ത്രമാണ് നിങ്ങള്‍ക്ക് അരോചകമെന്നും ഞാന്‍ മനസ്സിലാക്കി. ഇപ്പോള്‍ ഞാന്‍ മുന്തിയ വസ്ത്രം ധരിച്ചിരിക്കുന്നു. അപ്പോള്‍ എന്നെ സ്വീകരിക്കാന്‍ അനേകരുണ്ടായി. അതുകൊണ്ടാണ് ഞാന്‍ വസ്ത്രത്തോട് അങ്ങനെ പറഞ്ഞത്.” വീട്ടുകാരനും അവിടെ കൂടിയ മറ്റുള്ളവരുമെല്ലാം അതുകേട്ട് ലജ്ജിച്ച് തലതാഴ്ത്തി.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

നമസ്‌കാരം

നമസ്‌കാരം

അഞ്ച് സമയത്തെ നിസ്‌കാരത്തെ

അല്ലാഹു നിര്‍ബന്ധമാക്കിയല്ലോ

നിത്യമാം സ്വര്‍ഗത്തിലെത്തിടുവാന്‍

നിത്യവും നിസ്‌കാരം വേണം ചേലില്‍

നന്നായ് ശരീരത്തെ വൃത്തിയാക്കാം

നമ്മുടെ വസ്ത്രവും ശുദ്ധമാക്കാം

നബിയുല്ല കാണിച്ചുതന്ന പോലെ

നമ്മള്‍ക്ക് വുളു ചെയ്ത് തയ്യാറാകാം

മുത്ത് നബിയുടെ നിസ്‌കാരത്തിന്‍

രൂപം നാം നന്നായ് പഠിച്ചിടേണം

നില്‍പ്പത് റബ്ബിന്റെ മുമ്പിലെന്ന

ചിന്തയാല്‍ കര്‍മങ്ങള്‍ ചെയ്തിടേണം

ഭക്തിയും വിനയവും വേണമുള്ളില്‍

ഭയവും പ്രതീക്ഷയും കൂടെ വേണം

ചിത്തത്തില്‍ മറ്റുള്ള ചിന്ത വേണ്ടാ

ചന്തത്തില്‍ നിസ്‌കാരം നിര്‍വഹിക്കാം

നില്‍പ്പും റുകൂഉം സുജൂദുമൊക്കെ

കൃത്യമായ് നന്നായി ചെയ്തിടേണം

അര്‍ഥമറിഞ്ഞു നാം പ്രാര്‍ഥിക്കണം

അല്ലാന്റെ കാരുണ്യം തേടിടേണം

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ഞാന്‍ ഒരു മാതൃകയായോ?

ഞാന്‍ ഒരു മാതൃകയായോ?

”മോനേ, എഴുന്നേല്‍ക്ക്. മദ്‌റസയില്‍ പോകാന്‍ നേരം വൈകും” ഉപ്പ അനീസിനെ തട്ടിവിളിച്ചു. അവന്‍ ഒന്നു മൂളിക്കൊണ്ട് മറുവശത്തേക്ക് ചരിഞ്ഞ് ചുരുണ്ടുകിടന്നു. 

അനീസ് അങ്ങനെയാണ്. മഹാ മടിയനാണ്. അനുസരണം വളരെ കുറവ്. എത്ര ഉറങ്ങിയാലും മതിയാകാത്ത പ്രകൃതം. 

 ഉപ്പ പള്ളിയില്‍ പോയി വന്നപ്പോഴും അവന്‍ എഴുന്നേറ്റിരുന്നില്ല. പതിവു പോലെ ഉപ്പ വന്ന് മുഖത്ത് വെള്ളമൊഴിച്ചപ്പോഴേ അവന്‍ എഴുന്നേറ്റതുള്ളൂ. 

പ്രഭാതകൃത്യങ്ങള്‍ ഒരുവിധം നിര്‍വഹിച്ച് അനീസ് ചായകുടിക്കാനായി ഇരുന്നു.

”അനീസ് കുളിക്കുന്നില്ലേ” അടുക്കളയില്‍ നിന്ന് ഉമ്മ ചോദിച്ചു. 

”ഇല്ല ഉമ്മാ! ഭയങ്കര തണുപ്പാണ്. വന്നിട്ട് കുളിച്ചോളാം” അനീസ് പറഞ്ഞു. 

അവന്‍ ഇടതുകൈകൊണ്ട് ചായ കുടിക്കാനൊരുങ്ങവെ ഉപ്പ പറഞ്ഞു: ”മോനേ, വലതുകൈകൊണ്ടേ തിന്നാനും കുടിക്കാനും പാടുള്ളൂ എന്ന് ദിവസവും നിന്നോട് പറയാറില്ലേ?”

”ഞാനത് മറന്നതാ. ഇടതുകൈകൊണ്ട് കുടിച്ചാല്‍ എന്തു വരാനാ?” അനീസ് അനിഷ്ടത്തോടെ ചോദിച്ചു.

”അത് പിശാചിന്റെ സ്വഭാവമാണെന്ന് നബിﷺ  പഠിപ്പിച്ചിട്ടുണ്ട് മോനേ. ഒരു മുസ്‌ലിമാകുമ്പോള്‍ നബിﷺ യെ അനുസരിക്കല്‍ നിര്‍ബന്ധമാണ്” ഉപ്പ പറഞ്ഞു.

”അവന്‍ നമസ്‌കരിച്ചോ എന്ന് ചോദിക്കിന്‍” അടുക്കളയില്‍ നിന്ന് ഉമ്മ.

”നീ സുബ്ഹി നമസ്‌കരിച്ചോ?” ഉപ്പ ചോദിച്ചു.

”അതിനുകൂടി നിന്നാല്‍ നേരം വൈകും. ഉസ്താദിന്റെ അടി ഞാനാ കൊള്ളുക. നാളെ എന്തായാലും നേരത്തെ എണീറ്റ് നമസ്‌കരിക്കാം” അനീസ് പറഞ്ഞു. ഇത് അവന്റെ സ്ഥിരം പല്ലവിയാണ്.  

ആ സമയത്താണ് അനീസിന്റെ കൂട്ടുകാരനായ അന്‍ഫാല്‍ അവിടെ എത്തിയത്. 

 ”അസ്സലാമു അലൈക്കും” അന്‍ഫാല്‍ ഉറക്കെ സലാം പറഞ്ഞു.

അനസ് അത് കേട്ടഭാവം പോലും നടിച്ചില്ല. ഉപ്പ സലാം മടക്കിയ ശേഷം ചോദിച്ചു: ”എന്താ മോനേ ഇന്ന് കുറച്ച് വൈകിയത്?” 

”സുബ്ഹി നമസ്‌കരിച്ച ശേഷം ഇന്നലത്തെ പാഠങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. വായനക്കിടയില്‍ സമയമായത് അറിഞ്ഞില്ല” അന്‍ഫാല്‍ പറഞ്ഞു.

”എന്നാല്‍ ഇനി വെറുതെ സമയം കളയേണ്ട. രണ്ടും പേരും വേഗം പൊയ്‌ക്കോളൂ. മദ്‌റസയില്‍ ബെല്ലടിക്കാറായി” ഉമ്മ പറഞ്ഞു.

ഇരുവരും മദ്‌റസയിലെത്തി. ബെല്ലടിക്കാന്‍ അല്‍പസമയം കൂടിയുണ്ട്. അന്‍ഫാല്‍ ക്ലാസിലിരുന്ന് ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. അനീസ് ക്ലാസില്‍ കയറാതെ മറ്റൊരു കൂട്ടുകാരനൊപ്പം ഗ്രൗണ്ടില്‍ പന്ത് തട്ടിക്കളിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ കൂട്ടുകാരനുമായി വഴക്കിടുകയും അവനെ അടിക്കുകയും ചെയ്തു. അവന്‍ ഉറക്കെ കരഞ്ഞുകൊണ്ട് ‘അനീസ് എന്നെ തല്ലി’ എന്നു പറഞ്ഞ് ഓഫീസ് റൂമിലേക്ക് ചെന്നു. ഉസ്താദ് അവനെ ആശ്വസിപ്പിക്കുകയും അനീസിതെ താക്കീത് ചെയ്യുകയും ചെയ്തു.

”എന്നും നിനക്ക് ആരെയെങ്കിലും കരയിപ്പിക്കണം. നീ പഠിക്കാനല്ല കളിക്കാനും വികൃതി കാട്ടാനുമാണ് മദ്‌റസയില്‍ വരുന്നത്. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുത്” ഉസ്താദ് പറഞ്ഞു. 

ബെല്ലടിച്ചു. കുട്ടികളെല്ലാം ക്ലാസില്‍ കയറി. ആദ്യത്തെ പിരിയേഡില്‍ ക്വുര്‍ആനായിരുന്നു വിഷയം. അന്‍ഫാല്‍ തെറ്റൊന്നും കൂടാതെ മനോഹരമായി കഴിഞ്ഞ ക്ലാസില്‍ പഠിച്ച ക്വുര്‍ആന്‍ ഭാഗം പാരായണം ചെയ്തു. അനസാകട്ടെ ധാരാളം തെറ്റുകളോടെയാണ് ഓതിയത്. വീട്ടില്‍ പോയാല്‍ ക്വുര്‍ആന്‍ ഓതിനോക്കാത്തതിന്റെ പേരില്‍ ഉസ്താദ് അവനെ ശാസിച്ചു. 

അടുത്ത പിരിയേഡില്‍ വിശ്വാസ പാഠങ്ങളായിരുന്നു വിഷയം. 

”ഇന്നലെ നാം ഈമാന്‍ കാര്യങ്ങളെക്കുറിച്ചാണ് മനസ്സിലാക്കിയത്. ഈമാന്‍ കാര്യങ്ങള്‍ ഏതൊക്കെയാണ്? അനീസ് പറയൂ” ഉസ്താദ് പറഞ്ഞു.

അനീസ് എഴുന്നേറ്റ് തലയും താഴ്ത്തി നിന്നു. അവന് ഉത്തരം അറിയില്ലായിരുന്നു. 

”നീ അവിടെ നില്‍ക്ക്. അജ്മല്‍ പറയൂ.”

അജ്മല്‍ ആദ്യ മൂന്നെണ്ണം പറഞ്ഞു. ബാക്കി അവന് കിട്ടുന്നില്ല. അടുത്ത അവസരം അന്‍ഫാലിനായിരുന്നു. അവന്‍ ആറ് കാര്യവും ക്രമം തെറ്റാതെ വ്യക്തമായി പറഞ്ഞു. 

 ”മിടുക്കന്‍! അനീസ് ഇവനെ കണ്ടു പഠിക്ക്. നീ കളിച്ചും മറ്റുള്ളവരെ ഉപദ്രവിച്ചും നടക്കുകയാണല്ലോ.  എല്ലാവര്‍ക്കും നിന്നെക്കുറിച്ച് പരാതിയേ പറയാനുള്ളൂ. ഇങ്ങനെയായാല്‍ പറ്റില്ല. നാളെ പഠിക്കാതെ വരരുത്” ഉസ്താദ് അല്‍പം ദേഷ്യത്തില്‍ തന്നെ പറഞ്ഞു.

”ഉസ്താദേ, അവന്‍ ചീത്തക്കുട്ടിയാ. സ്‌കൂളില്‍ ചെന്നാലും ഇങ്ങനെയാണ്” അര്‍ഷദ് വിളിച്ചു പറഞ്ഞു.

”ശരിയാ…ശരിയാ…” മറ്റു കുട്ടികളും അതേറ്റു പറഞ്ഞു.

കരഞ്ഞുകൊണ്ടാണ് അനീസ് അന്ന് മദ്‌റസ വിട്ട് വീട്ടിലെത്തിയത്. 

”എന്താ മോനേ, എന്ത് പറ്റി?” ഉപ്പ ചോദിച്ചു.

”എന്നെ… എന്നെ ആര്‍ക്കും ഇഷ്ടമില്ല. എല്ലാവരും എന്നെ വഴക്ക് പറയുന്നു. ഞാന്‍ നല്ല കുട്ടിയല്ലേ ഉപ്പാ…?” തേങ്ങലോടെ അനീസ് പറഞ്ഞു.

ഉപ്പ അവനെ മടിയിലിരുത്തി. എന്നിട്ട് അവനോട് പറഞ്ഞു: ”എന്റെ മോന്‍ നല്ല കുട്ടിയാണ്. എന്നാല്‍ ഇനി മുതല്‍ ഇതിനെക്കാള്‍ നല്ല കുട്ടിയാകണം. അപ്പോള്‍ എല്ലാവരും നിന്നെ ഇഷ്ടപ്പെടും.”

”അന്‍ഫാലിനെ ഇഷ്ടപ്പെടുന്നത് പോലെ എല്ലാവരും എന്നെയും ഇഷ്ടപ്പെടുമോ ഉപ്പാ?”

”തീര്‍ച്ചയായും ഇഷ്ടപ്പെടും.”

 ”അതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്?”

”എല്ലാവരും നിന്നെ ഇഷ്ടപ്പെടണമെങ്കില്‍ എല്ലാവരോടും നന്നായി പെരുമാറണം. നമ്മുടെ നബിﷺ  ഉത്തമമായ പെരുമാറ്റ മര്യാദകളെല്ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു നമ്മെ ഇഷ്ടപ്പെടണമെങ്കില്‍ അല്ലാഹുവിനെയും അവന്റെ നബിﷺ യെയും അനുസരിക്കണം. നീ മദ്‌റസയില്‍ നിന്ന് അതൊക്കെ വിശദമായി പഠിക്കും”

”എന്നാലും പറഞ്ഞു താ ഉപ്പാ.”

”സലാം പറയുക. ആരെ കണ്ടാലും പുഞ്ചിരിക്കുക, വഴിയിലെ തടസ്സം നീക്കുക, അനുവാദമില്ലാതെ ആരുടെയും ഒരു വസ്തുവും എടുക്കാതിരിക്കുക, ആരെയും ഉപദ്രവിക്കാതിരിക്കുക, മാതാപിതാക്കളെയും ഗുരുനാഥന്മാരെയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുക, ആരെങ്കിലും വല്ല സഹായവും ചെയ്താല്‍ ജസാകല്ലാഹു ഖയ്‌റന്‍ എന്ന് പറയുക, നല്ല ഏത് പ്രവൃത്തി തുടങ്ങുമ്പോഴും ‘ബിസ്മില്ലാഹ്’ എന്ന് പറയുക. കള്ളം പറയരുത്. വൃത്തി കാത്തുസൂക്ഷിക്കുക… ഇങ്ങനെ ധാരാളം കാര്യങ്ങളുണ്ട് നമുക്ക് ചെയ്യാന്‍. ഇതൊക്കെ ജീവിതത്തില്‍ പകര്‍ത്തിയാല്‍ എല്ലാവരും നമ്മെ ഇഷ്ടപ്പെടും. അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കലാണ് ഏറ്റവും പ്രധാനം. അല്ലാഹുവും ഇത്തരക്കാരെ ഇഷ്ടപ്പെടും. ഈ ഗുണങ്ങളൊക്കെ ഉള്ളതുകൊണ്ടാണ് നിന്റെ കൂട്ടുകാരന്‍ അന്‍ഫാലിനെ എല്ലാവരും ഇഷ്ടപ്പെടുന്നത്.” 

”എങ്കില്‍ ഇന്നു മുതല്‍ ഞാന്‍ അന്‍ഫാലിനെ പോലെ നല്ല കുട്ടിയായി ജീവിക്കും ഉപ്പാ…”

”വളരെ നല്ലത് മോനേ. അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ” ഉപ്പ അനീസിനെ ചേര്‍ത്തുപിടിച്ചു.

”സ്‌കൂളിലേക്ക് പോകാന്‍ സമയമായി ഉപ്പാ. ഞാന്‍ ഒരുങ്ങട്ടെ” എന്ന് പറഞ്ഞ് ഉപ്പാന്റെ കവിളില്‍ ഒരു മുത്തം കൊടുത്ത് അനീസ് അവന്റെ മുറിയിലേക്ക് പോയി.

 

അന്‍സല്‍ന ദാവൂദ്, സല്‍സബീല്‍ വെങ്കിടങ്ങ്
നേർപഥം വാരിക

മെഴുകുതിരി പോലൊരു ജീവിതം

മെഴുകുതിരി പോലൊരു ജീവിതം

ഒരു ഞായറാഴ്ച ദിവസം. രാവിലെ മുനീര്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതാണ്. പോകും വഴിയില്‍ ചായക്കടയില്‍ നിന്ന് ഒരു ബഹളം കേട്ടു. കടക്കാരന്‍ ഒരു വൃദ്ധനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നു. കച്ചവടക്കാരനും വൃദ്ധനുമല്ലാതെ മറ്റാരും അവിടെയില്ല. അവന്‍ അവിടെ ചെന്ന് കാര്യം തിരക്കി.

വൃദ്ധന്‍ പറഞ്ഞു: ”ഒരു ചായ കുടിച്ചതാണ് മോനേ. ചായയുടെ കാശ് കൊടുക്കാന്‍ എന്റ കയ്യില്‍ ഇല്ല. അതിന്റെ പേരിലാ എന്നെ ഇയാള്‍…” വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ വൃദ്ധന്‍ കണ്ണുനീര്‍ തുടച്ചു. 

മുനീറിന് അയാളോട് ദയ തോന്നി. അവന്‍ പറഞ്ഞു: ”ഇദ്ദേഹത്തിന് ഒരു ചായയും കഴിക്കാന്‍ എന്തെങ്കിലും കൊടുക്കൂ ഇക്കാ. കാശ് ഞാന്‍ തരാം.”

കടക്കാരന്‍ അവിശ്വസനീയമായി അവനെയൊന്ന് നോക്കി ചായയെടുക്കാന്‍ പോയി. വിശന്നു വലഞ്ഞിരുന്ന വൃദ്ധന്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് അവന്‍ നോക്കിനിന്നു. അവന്‍ പോക്കറ്റില്‍നിന്ന് കാശെടുത്ത് കടക്കാരന് നല്‍കി. വൃദ്ധന്‍ സന്തോഷത്തോടെയും നന്ദിയോടെയും അവനെ നോക്കി. 

അയാളെക്കുറിച്ച് ഓര്‍ത്തുകൊണ്ടാണ് മുനീര്‍ സാധനങ്ങള്‍ വാങ്ങി മടങ്ങിയത്. അന്നേരമതാ അയാള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പഴയ ഒരു കടയുടെ വരാന്തയില്‍ കിടക്കുന്നു! അപ്പോഴാണ് മുനീര്‍ വൃദ്ധനെ നന്നായി ശ്രദ്ധിക്കുന്നത്. കീറിപ്പറിഞ്ഞ വസ്ത്രം! കാലില്‍ ചെരുപ്പുമില്ല!

മുനീര്‍ പതുക്കെ അയാളുടെ അടുത്തേക്ക് ചെന്നു. അവന്‍ ചോദിച്ചു: ”വല്ലിപ്പാ…!”

വൃദ്ധന്‍ പതിയെ കുഴിയിലാണ്ട കണ്ണുകള്‍ തുറന്ന് അവനെ നോക്കി. 

”നിങ്ങളുടെ വീടെവിടെയാണ്? ഇപ്പോള്‍ എവിടെ നിന്നാണ് നിങ്ങള്‍ വരുന്നത്?” മുനീര്‍ ചോദിച്ചു.

അയാള്‍ ഒന്നും മിണ്ടിയില്ല. 

”പറയൂ വല്ലിപ്പാ…”മുനീര്‍ ആവര്‍ത്തിച്ചു.

”മോനേ ഞാന്‍ എവിടനിന്നോ വരുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും അറിയില്ല. മരിച്ച് വീഴുന്നതുവരെ ഇങ്ങനെ നടക്കും…” വിദൂരതയിലേക്ക് നോക്കിക്കൊണ്ട് വദ്ധന്‍ പറഞ്ഞു.

”നിങ്ങള്‍ക്ക് വീടില്ലേ? ഭാര്യയും മക്കളുമില്ലേ?” മുനീര്‍ ചോദിച്ചു.

അപ്പോള്‍ അയാള്‍ ചിലമ്പിച്ച സ്വരത്തില്‍ പറഞ്ഞു: ”മോനേ, ഭാര്യയും മക്കളുമൊക്കെയുണ്ട്.”

”എന്നിട്ടും നിങ്ങളെന്താ ഇങ്ങനെ ആരുമില്ലാത്ത പോലെ നടക്കുന്നത്?” 

”എന്റെ നല്ല പ്രായത്തില്‍ എനിക്ക് ഗള്‍ഫിലേക്ക് പോകാന്‍ അവസരം കിട്ടി. ഒരുപാട് വര്‍ഷങ്ങള്‍ അവിടെ രാവും പകലും അധ്വാനിച്ച് ജീവിച്ചു. നാട്ടില്‍ ഒരു വലിയ വീടുണ്ടാക്കി. രണ്ട് ആണ്‍മക്കളില്‍ ഒരാളെ പഠിപ്പിച്ച് എഞ്ചിനീയറും ഒരാളെ പഠിപ്പിച്ച് ഡോക്ടറുമാക്കി…”

”എന്നിട്ട്…?”

”എന്റെ ഭാര്യക്കും മക്കള്‍ക്കും ആദ്യമൊക്കെ എന്നോട് വലിയ സ്‌നേഹമായിരുന്നു. കാലം കഴിയും തോറും സ്‌നേഹം കുറഞ്ഞ് കൊണ്ടിരുന്നു. വയസ്സായതോടെ ഞാന്‍ ഗള്‍ഫില്‍നിന്ന് മടങ്ങി. അതോടെ എന്നെയൊരു ഭാരമായി അവര്‍ കണ്ടു… എന്റെ പക്കല്‍ കാശൊന്നും ബാക്കിയില്ലെന്നറിഞ്ഞപ്പോള്‍ എന്നോട് ദേഷ്യമായി. കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ എന്നെ അറിയിക്കാതായി. കുത്തുവാക്കുകള്‍ കൊണ്ട് എന്നെ വേദനിപ്പിച്ചു. ഭക്ഷണം പോലും തരാതെയായി. എന്റെ ഭാര്യ… അവള്‍ ഇങ്ങനെ മാറുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല…” അയാള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ മുനീറിന്റെ കണ്ണുകളും നിറഞ്ഞാഴുകി. 

”എങ്ങനെ നിങ്ങള്‍ ഈ നിലയില്‍ തെരുവിലെത്തി?” മുനീര്‍ ചോദിച്ചു.

”ഒരു ദിവസം സുഖമില്ലാതെ കിടക്കുകയായിരുന്ന എന്നെ എന്റെ മക്കള്‍ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടു പോയി. എനിക്ക് പരിചയമില്ലാത്ത സ്ഥലത്ത് എന്നെ ഇറക്കിവിട്ടു. അന്നു തൊട്ട് അലയാന്‍ തുടങ്ങിയതാണ് ഞാന്‍…” 

വൃദ്ധന്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ പൊട്ടിച്ചിരിച്ചു. താമസിയാതെ അത് പൊട്ടിക്കരച്ചിലായി മാറി. സ്വന്തക്കാര്‍ കയ്യൊഴിച്ചതോടെ വൃദ്ധന്റെ മാനസികനില തന്നെ ചെറുതായി തെറ്റിയിരിക്കുന്നു എന്ന് മുനീറിന് മനസ്സിലായി. അവന്‍ അല്‍പസമയം ആലോചിച്ചുനിന്ന ശേഷം ചോദിച്ചു:

”നിങ്ങള്‍ എന്റെ കൂടെ വീട്ടിലേക്ക് പോരുന്നോ?”

ഇത് കേട്ടതും വൃദ്ധന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു: ”വീട്ടിലേക്കോ? ഏത് വീട്? ആരുടെ വീട്? ഈ കാണുന്നതെല്ലാമാണ് എന്റെ വീട്. മറ്റൊരു വീടും എനിക്കില്ല.”

”എന്റെ വീട്ടിലേക്ക് പോരുന്നോ എന്നാണ് ചോദിച്ചത്.”

”നിന്റെ വീട്…? മരിക്കാറായ ഈ വയസ്സനെ ആര് വീട്ടില്‍ കയറ്റും?”

”നിങ്ങള്‍ വാ… നമുക്ക് പോയി നോക്കാം.”

അവന്‍ വൃദ്ധന്റെ ചുക്കിച്ചുളിഞ്ഞ കയ്യില്‍ പിടിച്ചു. ആ സ്പര്‍ശനത്തില്‍ ഒരുനിമിഷം അയാളുടെ മനസ്സ് വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് പാഞ്ഞു. തന്റെ കുസൃതിക്കുടുക്കകളായ മക്കളുടെ കൈപിടിച്ച് നടന്ന രംഗം മനസ്സില്‍ മിന്നി മറഞ്ഞു. 

അയാള്‍ വടിയും കുത്തിപ്പിടിച്ച് വേച്ചുവേച്ച് മുനീറിന്റെ കൂടെ അനുസരണയുള്ള കുട്ടിയെ പോലെ നടന്നു. മുനീര്‍ മടങ്ങിവരുന്നത് കാണാതായപ്പോള്‍ അവനെയും നോക്കി വരാന്തയില്‍ നില്‍ക്കുകയായിരുന്നു ഉമ്മ. ഉപ്പ വരാന്തയില്‍ ഇരുന്ന് പതിവ് പോലെ പത്രം വായിക്കുന്നു. 

ദൂരെനിന്നു തന്നെ മുനീര്‍ വരുന്നതു കണ്ട ഉമ്മ പറഞ്ഞു: ”മോന്‍ വരുന്നുണ്ട്. കൂടെ ആരോ ഉണ്ടല്ലോ.”

അത് കേട്ടപ്പോള്‍ പത്രം മേശപ്പുറത്ത് വെച്ച് ഉപ്പ എഴുന്നേറ്റു. അവര്‍ മുറ്റത്ത് എത്തിയപ്പോള്‍ ഉപ്പ ചോദിച്ചു: ”മോനേ, ഇതാരാണ്?”

”പറയാം ഉപ്പാ. ആദ്യം ഇദ്ദേഹം കയറിയിരിക്കട്ടെ.”

 മുനീര്‍ കൈപിടിച്ച് അയാളെ കസേരയില്‍ ഇരുത്തി. അവന്‍ നടന്ന കാര്യങ്ങളെല്ലാം ഉപ്പയോട് പറഞ്ഞു. തന്റെ മകന്റെ നല്ല മനസ്സ് കണ്ടപ്പോള്‍ ഉമ്മയും ഉപ്പയും സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ അവനെ അണച്ചുപിടിച്ചു. തികച്ചും അന്യനായ ഒരാളോട് ഇങ്ങനെ അനുകമ്പ കാണിക്കുന്ന മകന്‍ തങ്ങള്‍ക്ക് വയസ്സാകുമ്പോള്‍ തങ്ങളെ കൈവെടിയില്ല എന്ന ചിന്ത അവരില്‍ വല്ലാത്തൊരു ആനന്ദം നിറച്ചു. 

ഉപ്പയും മുനീറും ചേര്‍ന്ന് അയാളെ കുളിപ്പിച്ചു. നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു. വയറു നിറയെ ഭക്ഷണം നല്‍കി. 

മുനീര്‍ പറഞ്ഞു: ”ഉപ്പാ, നമുക്ക് ഇയാളെ നമ്മുടെ വീട്ടില്‍ താമസിപ്പിച്ചാലോ? പടച്ചവന്റെ അടുക്കല്‍ നിന്ന് നമുക്ക് ഒരുപാട് പുണ്യം കിട്ടില്ലേ ഇയാളെ സംരക്ഷിച്ചാല്‍?”

”തീര്‍ച്ചയായും കിട്ടും മോനേ. നമുക്ക് ഇദ്ദേഹത്തെ ആദ്യം ഒരു ആശുപത്രിയില്‍ കൊണ്ടുപോകണം.”

ഉപ്പയും ഉമ്മയും മകനും ചേര്‍ന്ന് തന്നെക്കുറിച്ച് സംസാരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ വിദൂരതയിലേക്ക് നോക്കി ചിന്താമഗ്‌നനായി ഇരിക്കുകയായിരുന്നു അയാള്‍. 

 

അഫ്‌വാന ബിന്‍ത് ലത്വീഫ് (സല്‍സബീല്‍, വെങ്കിടങ്ങ്
നേർപഥം വാരിക

മൂന്നാം ഖലീഫയുടെ കാലത്തെ ക്വുര്‍ആന്‍ ക്രോഡീകരണം

മൂന്നാം ഖലീഫയുടെ കാലത്തെ ക്വുര്‍ആന്‍ ക്രോഡീകരണം

വിശുദ്ധ ക്വുര്‍ആന്‍ നബി ﷺ യുടെ കാലം മുതല്‍ പ്രധാനമായും ഹൃദയങ്ങളില്‍ മനഃപാഠമായി സൂക്ഷിക്കുകയും ആവശ്യാനുസരണം പാരായണം ചെയ്യുകയുമായിരുന്നു പതിവ്. എന്നാല്‍ അതോടൊപ്പം തന്നെ എഴുതാനും വായിക്കാനും അറിയുമായിരുന്നവരെക്കൊണ്ട് അത് എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ നബി ﷺ  ഈ ലോകത്തോട് വിടപറയുമ്പോഴേക്കും ആയിരക്കണക്കിന്ന് സ്വഹാബികളുടെ ഹൃദയങ്ങളില്‍ മനഃപാഠമായും നിരവധി പേരുടെ പക്കല്‍ വരമൊഴിയായും സുരക്ഷിതമായിരുന്നു വിശുദ്ധ ക്വുര്‍ആന്‍.

ശേഷം അബൂബക്കര്‍ സ്വിദ്ദീഖി(റ)ന്റെ ഭരണകാലത്ത് ഈ രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നവ ഒരുമിച്ച് ഒരു ഗ്രന്ഥരൂപത്തില്‍ രണ്ട് ചട്ടക്കുള്ളിലാക്കാനുള്ള ഉമറി(റ)ന്റെ നിര്‍ദേശവും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചയുമൊക്കെ കഴിഞ്ഞപ്പോള്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം സൈദുബ്‌നു ഥാബിതി(റ)ന്റെ മേല്‍ നോട്ടത്തില്‍ പ്രസ്തുത ദൗത്യവും പൂര്‍ത്തിയായി. അങ്ങനെ വിശുദ്ധ ക്വുര്‍ആന്റെ കാര്യത്തില്‍ പരിപൂര്‍ണ നിര്‍ഭയത്വത്തോടെ പഠനവും പാരായണവും പ്രചാരണവുമൊക്കെയായി ആ കാലവും കഴിഞ്ഞു. ശേഷം രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്വാബി(റ)ന്റെ കാലത്തും ഇതേ സ്ഥിതി തുടര്‍ന്നു.

എന്നാല്‍ മൂന്നാം ഖലീഫയായ ഉസ്മാനുബ്‌നുല്‍ അഫ്ഫാന്റെ(റ) കാലഘട്ടത്തില്‍ (ഹി:24-35) ഇസ്‌ലാമിക സാമ്രാജ്യം കുറേകൂടി വിസ്തൃതമായി. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. ഓരോരുത്തരും അവരവര്‍ കേട്ടുപഠിച്ച പാഠരൂപത്തില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതിപ്പോന്നു. ചിലരുടെ പക്കലുള്ള വിവരങ്ങള്‍ മറ്റു ചിലരുടെ അടുക്കലില്ലാത്ത സ്ഥിതിയുമുണ്ടായി. ക്വുര്‍ആന്‍ വചനമെന്ന നിലയില്‍ പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട (മന്‍സൂഖായ) വചനങ്ങളെ ‘മന്‍സൂഖാ’ണെന്ന് അറിയാതെ ക്വുര്‍ആന്‍ സൂക്തങ്ങളെന്ന ധാരണയില്‍ ഓതിവരുന്ന സ്ഥിതിവരെ ചിലര്‍ക്കിടയിലുണ്ടായി. ക്വുര്‍ആന്‍ പാരായണങ്ങളിലെ ഈ വ്യത്യാസങ്ങള്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചിലപ്പോഴൊക്കെ ഭിന്നത രൂക്ഷമാവുകയും ചെയ്തു.

അത്തരത്തിലൊരു ഭിന്നത ഇറാഖ്, സിറിയ നിവാസികള്‍ക്കിടയില്‍ രൂക്ഷമായി നിലനില്‍ക്കുന്നത് നേരിട്ടനുഭവിച്ചറിഞ്ഞ സ്വഹാബിവര്യനായ ഹുദൈഫതുബ്‌നുല്‍ യമാന്‍(റ) ഖലീഫ ഉസ്മാനെ(റ) വിവരം അറിയിച്ചു. ജൂത, ക്രിസ്ത്യാനികള്‍ അവരുടെ വേദത്തിന്റെ കാര്യത്തില്‍ ഭിന്നിച്ചതുപോലെ ഈ സമുദായം ഭിന്നിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് ഖലീഫയോട് അദ്ദേഹം ഉണര്‍ത്തി. ഉസ്മാന്‍(റ) വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി എല്ലാവരെയും വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്തു.

അങ്ങനെ അബൂബക്കറി(റ)ന്റെ കാലത്ത് ക്രോഡീകരിച്ച ക്വുര്‍ആനിന്റെ കയ്യെഴുത്ത് പ്രതിയെ അടിസ്ഥാനപ്പെടുത്തി കോപ്പികള്‍ പകര്‍ത്തിയെഴുതി വിവിധ പ്രദേശങ്ങളിലേക്ക് അയക്കാന്‍ തീരുമാനമായി.

അത് പ്രകാരം ക്വുര്‍ആന്‍ എഴുത്തുകാരിലെ പ്രമുഖനും അബൂബക്കറി(റ)ന്റെ കാലത്ത് പ്രസ്തുത ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ച വ്യക്തിയുമായ സൈദുബ്‌നുഥാബിതി(റ)ന്റെ നേതൃത്വത്തില്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ), സഈദുബ്‌നുല്‍ ആസ്വ്(റ), അബ്ദുര്‍റഹ്മാന്‍ ബ്‌നുല്‍ ഹാരിഥുബ്‌നു ഹിശാം(റ) മുതലായവരെ ക്വുര്‍ആന്‍ പകര്‍ത്തി എഴുതാന്‍ ഖലീഫ ഉസ്മാന്‍(റ) ചുമതലപ്പെടുത്തി. അങ്ങനെ ക്വുര്‍ആന്‍ വചനങ്ങളായി സ്ഥിരപ്പെട്ടവ മാത്രം ക്രോഡീകരിച്ച് അതിന്റെ പകര്‍പ്പുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് ഖലീഫ അയച്ചുകൊടുക്കുകയും ക്വുര്‍ആനുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതകള്‍ ഈ ക്രോഡീകരിച്ചതനുസരിച്ച് പരിഹരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

മറ്റുള്ളവ കത്തിച്ചത് അപരാധമോ?

ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാ(റ)ന്റെ നിര്‍ദേശപ്രകാരം സൈദുബ്‌നു ഥാബിതി(റ)ന്റെ നേതൃത്വത്തിലുള്ള മുസ്വ്ഹഫിനെ അടിസ്ഥാനപ്പെടുത്തി പകര്‍ത്തിയെഴുതിയ ശേഷം മറ്റുള്ള കോപ്പികള്‍ കത്തിച്ചുകളയുകയും ചെയ്തു. കാരണം ക്വുര്‍ആനിക വചനങ്ങള്‍ മാത്രമായി ക്രോഡീകരിക്കപ്പെട്ടതാണ് ഉസ്മാന്റെ(റ) നിര്‍ദേശപ്രകാരം ക്രോഡീകരിക്കപ്പെട്ട മുസ്വ്ഹഫ്. എന്നാല്‍ മറ്റുള്ള ഒറ്റപ്പെട്ട വ്യക്തികളുടെ കൈവശമുണ്ടായിരുന്ന പ്രതികളില്‍ ക്വുര്‍ആനിന്ന് പുറമെ ചില വിശദീകരണങ്ങളും മറ്റും ഉള്‍പ്പെട്ടവയുമുണ്ടായിരുന്നു. പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട (മന്‍സൂഖായ) വചനങ്ങളും പ്രസ്തുത വിവരമറിയാത്തതു കൊണ്ട് ചിലര്‍ ക്വുര്‍ആനെന്ന് ഗണിച്ച് എഴുതുകയും പാരായണം ചെയ്തുപോരുകയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഭാവിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കാതിരിക്കാന്‍ വേണ്ടി സ്വഹാബത്തിന്റെ സാന്നിധ്യത്തില്‍ അവരുടെ കൂടി അംഗീകാരത്തോടെ ഉസ്മാന്‍(റ) അപ്രകാരം ചെയ്തത്. ക്വുര്‍ആന്‍ വചനങ്ങളും ഹദീഥ് വചനങ്ങളുമടക്കമുള്ള ആദരിക്കപ്പെടേണ്ടതായ ഏടുകള്‍ അവയോട് യാതൊരു അനാദരവും വരാതിരിക്കാന്‍ കരിച്ചുകളയുകയായിരുന്നു. അഥവാ മറ്റ് ഏടുകള്‍ കത്തിച്ചുകളഞ്ഞത് അവയോടുള്ള വിദ്വേഷം കൊണ്ടോ അനാദരവ് കൊണ്ടോ ആയിരുന്നില്ല എന്ന് സാരം. ഇന്നും ഇത്തരത്തിലുള്ള പവിത്രമായ രേഖകള്‍ ഉപയോഗ ശൂന്യമായാല്‍ കത്തിച്ചുകളയുകയാണ് പതിവ്. ഉര്‍വതുബ്‌നു സുബൈര്‍, ത്വാവൂസ് മുതലായ പൂര്‍വസൂരികളായ പണ്ഡിതന്മാരടക്കം അത്തരം രീതി സ്വീകരിച്ചു വന്നതായി ഇസ്‌ലാമിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചുരുക്കത്തില്‍, ഉസ്മാന്‍(റ) ഈ കാര്യം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല; അലി(റ) അടക്കമുള്ള സ്വഹാബത്തിന്റെ സാന്നിധ്യത്തിലും അംഗീകാരത്തോടെയുമായിരുന്നു. ‘ഉസ്മാന്റെ(റ) സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഞാനും ഇങ്ങനെയാണ് ചെയ്യുക’ എന്ന് അലി(റ) തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഉസ്മാന്റെ(റ) സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ക്വുര്‍ആനുമായി ബന്ധപ്പെട്ട് ഉടലെടുത്ത മറ്റൊരു ‘ഫിത്‌ന’ കൂടി ഇല്ലാതായി.

ഇന്ന് ഇസ്‌ലാമിക ലോകത്ത് എല്ലായിടത്തുമുള്ള ക്വുര്‍ആന്‍ ഒരു പോലെയാണ്. അധ്യായങ്ങളിലും സൂക്തങ്ങളിലും ഇസ്‌ലാമിക ലോകത്ത് തര്‍ക്കങ്ങളില്ല. നബി ﷺ യുടെയും അബൂബക്കറി(റ)ന്റെയും കാലത്തുണ്ടായിരുന്ന ഏതെങ്കിലും അധ്യായമോ വചനങ്ങളോ എന്നല്ല, ഒരു പദമെങ്കിലും ഉഥ്മാന്‍(റ) പകര്‍ത്തിയെഴുതിയപ്പോള്‍ ഒഴിവാക്കി (വിട്ടുപോയി) എന്ന് ചൂണ്ടിക്കാണിക്കാന്‍ ക്വുര്‍ആനിന്റെ എതിരാളികള്‍ക്ക് ഇന്നോളം സാധിച്ചിട്ടില്ല.

ലോകത്ത് എവിടെയും, എഴുത്തിലോ പാരായണത്തിലോ ആര്‍ക്കെങ്കിലും മറവിയോ അബദ്ധമോ സംഭവിച്ചാല്‍, ഒരു വചനത്തിലോ പദത്തിലോ പോലും പിശക് പറ്റിയാല്‍ ഉടനടി തിരുത്താന്‍ പ്രാപ്തരായ പിഞ്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്ന പണ്ഡിതന്മാര്‍ വരെയുള്ള ലക്ഷക്കണക്കിനാളുകള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട് എന്നതും ഏറെ അത്ഭുതകരമാണ്!

നിരവധി അത്ഭുതങ്ങളുള്‍ക്കൊള്ളുന്ന, ദൈവികമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദ്‌ഘോഷിക്കുന്ന, ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നതുമായ ഒരു ഗ്രന്ഥം നമ്മുടെയും വായനക്കും പഠനത്തിനും വിഷയമാകേണ്ടതല്ലേ എന്ന് ആത്മാര്‍ഥമായി ആലോചിക്കുക. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (54:17).

”തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (54:22).

”തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുവാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?” (54:32).

”തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന് ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?”(54:40).

 

ശമീര്‍ മദീനി
നേർപഥം വാരിക

ക്വുര്‍ആന്‍ ക്രോഡീകരണം

ക്വുര്‍ആന്‍ ക്രോഡീകരണം

നബി ﷺ യും സ്വഹാബത്തും വിശുദ്ധ ക്വുര്‍ആന്‍ ഹൃദയത്തില്‍ സൂക്ഷിച്ചപ്പോള്‍ തന്നെ എഴുത്തും വായനയും അറിയാവുന്നവരെക്കൊണ്ട് ലിഖിത രൂപത്തിലാക്കുവാനും ശ്രദ്ധിച്ചിരുന്നു. എഴുത്തും വായനയും അറിയുന്നവര്‍ അക്കാലഘട്ടത്തില്‍ താരതമ്യേന കുറവായിരുന്നിട്ടും അമ്പതോളം ആളുകള്‍ നബി ﷺ യുടെ എഴുത്തുകാരായിട്ടുണ്ടായിരുന്നു. എഴുതിവെക്കുവാനുള്ള സാധന സാമഗ്രികള്‍ കുറവായിരുന്നിട്ടും ഈത്തപ്പനയുടെ ഓലകള്‍, പരന്ന എല്ലുകള്‍, പാറകള്‍, തോലുകള്‍ തുടങ്ങി പലതിലും അവര്‍ ക്വുര്‍ആന്‍ എഴുതി സൂക്ഷിച്ചു.

ഓരോ ഘട്ടത്തിലും ഇറങ്ങുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ എവിടെ, ഏതിന്റെ തുടര്‍ച്ചയായി, ഏത് അധ്യായത്തില്‍ ചേര്‍ക്കണം എന്നിത്യാദി കാര്യങ്ങള്‍ നബി ﷺ യുടെ നിര്‍ദേശപ്രകാരമാണ് എഴുത്തുകാര്‍ ചെയ്തത്.

ഉസ്മാന്‍(റ) പറയുന്നു: ”ക്വുര്‍ആന്‍ വചനങ്ങളിറങ്ങിയാല്‍ ഈ വചനം ഇന്നതൊക്കെ പരാമര്‍ശിക്കുന്നു, ഇന്നാലിന്ന അധ്യായത്തില്‍ ചേര്‍ക്കുക എന്ന് നബി ﷺ  പറയുമായിരുന്നു” (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി).

ബറാഅ്(റ) പറയുന്നു: ”സൂറത്തുന്നിസാഇലെ ‘ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരെക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്ഒഴിഞ്ഞിരിക്കുന്നവരെക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.”(4:95) എന്ന വചനമിറങ്ങിയപ്പോള്‍ നബി ﷺ  പറഞ്ഞു: ‘സൈദിനെ വിളിക്കൂ, എഴുതാനുള്ള സാമഗ്രികളുമായി വരാന്‍ പറയൂ.’ എന്നിട്ട് പറഞ്ഞു: എഴുതുക” (ബുഖാരി).

ഇങ്ങനെ വാമൊഴിക്കു പുറമെ വരമൊഴിയായും ക്വുര്‍ആന്‍ ആദ്യകാലത്തുതന്നെ അഥവാ നബി ﷺ യുടെ ജീവിത കാലത്തുതന്നെ സുരക്ഷിതമായി ക്രോഡീകരിക്കപ്പെട്ടു. നബി ﷺ യുടെ എഴുത്തുകാരില്‍ ക്വുര്‍ആന്‍ എഴുത്തുകാരായി അറിയപ്പെട്ടിരുന്നവരെ ‘കുത്താബുല്‍ വഹ്‌യ്’ അഥവാ ‘ദിവ്യസന്ദേശ എഴുത്തുകാര്‍’ എന്നാണ് പറയുന്നത്. അവരില്‍ പ്രമുഖര്‍ ഇവരാണ്: നാല് ഖലീഫമാര്‍, സൈദ്ബ്‌നു ഥാബിത്, ഉബയ്യുബ്‌നു കഅ്ബ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു സഅ്ദ്ബ്‌നു അബിസ്സര്‍ഹ്, ആമിറുബ്‌നു ഫുഹൈറ, സുബൈറുബ്‌നുല്‍ അവ്വാം, അബ്ദുല്ലാഹിബ്‌നു സൈദ്, ഖാലിദുബ്‌നു സഈദിബ്‌നില്‍ ആസ്വ്, ഹന്‍ദലത്തു ബ്‌നു റബീഅ്, മുആദുബ്‌നു ജബല്‍, അര്‍ക്വമുബ്‌നു അബില്‍അര്‍ഖം, ഥാബിത്ത് ബ്‌നു ഖൈസ്, ഖാലിദുബ്‌നുല്‍ വലീദ്, മുആവിയതുബ്‌നു അബീസുഫിയാന്‍, മുഗീറത്തുബ്‌നു ശൂഅ്ബ… മുതലായവര്‍. (ഇബ്‌നു കഥീര്‍, അല്‍ബിദായ വന്നിഹായ).

ക്വുര്‍ആനിന്റെ ലിഖിതരൂപം നബി ﷺ യുടെ പക്കല്‍ സൂക്ഷിച്ചുപോന്നു. അതിനുപുറമെ സ്വഹാബിമാരില്‍പെട്ട എഴുത്തും വായനയുമറിയാവുന്ന മറ്റു പലരും എഴുതി സൂക്ഷിച്ചിരന്നു. ആദ്യ തലമുറക്കാര്‍ കാര്യമായി അവലംബിച്ചിരുന്നത് അവരുടെ മനഃപാഠങ്ങളെയും നബി ﷺ യോട് നേരിട്ട് ചോദിച്ചറിയുന്ന രീതിയെയുമായിരുന്നു. കാരണം എഴുത്തും വായനയും അറിയുന്നവര്‍ അവരില്‍ വിരളമായിരുന്നു. എന്നാല്‍ അവരുടെ ഓര്‍മശക്തിയും മനഃപാഠമാക്കുവാനുള്ള കഴിവും അറേബ്യന്‍ ചരിത്രത്തില്‍ ശ്രുതിപ്പെട്ടതാണ്.

നബി ﷺ ക്ക് ക്വുര്‍ആനായി അവതരിച്ച വചനങ്ങള്‍ ഓരോവര്‍ഷവും റമദാനില്‍ മലക്ക് ജിബ്‌രീല്‍(അ) ഓതിച്ചുനോക്കി മനഃപാഠം പരിശോധിക്കുമായിരുന്നു. പ്രവാചക വിയോഗത്തോടടുത്ത റമദാനില്‍ രണ്ടുതവണ ഈ പ്രക്രിയ നടക്കുകയുണ്ടായി.

നബി ﷺ  പറഞ്ഞു: ”നിശ്ചയം, ജിബ്‌രീല്‍(അ) എന്റെ ക്വുര്‍ആന്‍ മനഃപാഠം ഒരോ വര്‍ഷവും പരിശോധിക്കുമായിരുന്നു. ഈ വര്‍ഷം രണ്ടു തവണ അദ്ദേഹം അങ്ങനെ പരിശോധിച്ചു. എന്റെ മരണം ആസന്നമായതായി ഞാന്‍ മനസ്സിലാക്കുന്നു” (ബുഖാരി, അഹ്മദ്).

നബി ﷺ യുടെ വിയോഗത്തിന് മുമ്പുതന്നെ നൂറുകണക്കിന് അനുചരന്മാരുടെ ഹൃദയങ്ങളിലും ഫലകങ്ങളിലുമായി ക്വുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാല്‍ അതിനെ ഒരു ഗ്രന്ഥരൂപത്തില്‍ രണ്ടു ചട്ടകള്‍ക്കുള്ളിലാക്കി ക്രോഡീകരിച്ചിരുന്നില്ല.

എന്തു കൊണ്ടെന്നാല്‍, ക്വുര്‍ആന്‍ ഒറ്റയടിക്ക് ഇറങ്ങിയ ഗ്രന്ഥമല്ല. പ്രത്യുത നബി ﷺ യുടെ പ്രവാചകത്വ ജീവിതത്തിലെ 23 വര്‍ഷക്കാലത്തെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഘട്ടം ഘട്ടമായാണ് അത് അവതരിച്ചത്. ക്വുര്‍ആനിന്റെ അവതരണം പൂര്‍ത്തീകരിക്കപ്പെടുന്നത് നബി ﷺ  മരണത്തോടുകൂടിയാണ്, അതിനുമുമ്പുള്ള കാലം വഹ്‌യ് ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍ ഗ്രന്ഥരൂപത്തിലാക്കിയാല്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതു പോലെ അപൂര്‍ണമായിരിക്കും. നിയമങ്ങള്‍ അവതരിക്കുന്ന കാലമായതുകൊണ്ട് തന്നെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും മറ്റുമനുസരിച്ച് നിയമങ്ങളിലെ പരിഷ്‌കരണങ്ങള്‍ വരികയും സ്വാഭാവികമാണ്.

”വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനെക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?”(2:106).

മാത്രമല്ല മനഃപാഠമാക്കിവെച്ച ക്വുര്‍ആന്‍ അവരുടെ പക്കലുണ്ട്. സംശയം തീര്‍ക്കാന്‍ പ്രവാചകന്‍ ﷺ  അവരോടൊപ്പം ജീവിച്ചിരിക്കുന്നുമുണ്ട്. എഴുതിവെച്ചത് വായിക്കാനറിയുന്നവരായിരുന്നില്ല അവരില്‍ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ലിഖിത രൂപത്തില്‍ ഒരു ഗ്രന്ഥമായി ക്വുര്‍ആന്‍ ക്രോഡീകരിക്കല്‍ അവരെ സംബന്ധിച്ചിടത്തോളം അത്രതന്നെ പ്രസക്തമായിരുന്നില്ല. എന്നാല്‍ നബി ﷺ യുടെ വേര്‍പാടിന്റെ തൊട്ടടുത്തവര്‍ഷം (ഹിജ്‌റ:11) തന്നെ അബൂബക്കര്‍ സിദ്ദീക്വി(റ)ന്റെ കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ക്വുര്‍ആന്‍ ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കുകയും ചെയ്തു. ക്വുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചതിന്റെ മഹത്ത്വം അല്ലാഹു അബൂബക്കറി(റ)ന്ന് കരുതിവെച്ചതായിരുന്നു എന്ന് സാരം.

നബി ﷺ യുടെ വിയോഗത്തെ തുടര്‍ന്ന് അബൂബക്കറി(റ)ന് ഖിലാഫത്ത് ഏറ്റെടുത്ത ശേഷം നേരിടേണ്ടിവന്ന ഒരു വിഷയമായിരുന്നു കള്ളപ്രവാചകത്വവാദികളും മനഃപരിത്യാഗികളുമുണ്ടാക്കിക്കൊണ്ടിരുന്ന കുഴപ്പങ്ങള്‍. അങ്ങനെ അവരെ നേരിടാന്‍ ഖലീഫയുടെ നേതൃത്വത്തില്‍ സൈനിക നീക്കമുണ്ടായി. രൂക്ഷമായ പോരാട്ടത്തില്‍ ഇരുപക്ഷത്തുനിന്നും നിരവധിപേര്‍ കൊല്ലപ്പെട്ടു. ‘യമാമ’ യുദ്ധമെന്ന പേരില്‍ അറിയപ്പെടുന്ന ഈ സൈനിക നീക്കത്തിലാണ് കള്ളപ്രവാചകനായ മുസൈലിമ വധിക്കപ്പെട്ടത്. മുസ്‌ലിംകളില്‍ നിന്ന് ക്വുര്‍ആന്‍ മനഃപാഠമുള്ള എഴുപതിലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. ഇതിനോടനുബന്ധിച്ച് ഉമറുബ്‌നുല്‍ ഖത്വാബ്(റ) ദീര്‍ഘവീക്ഷണം ചെയ്തുകൊണ്ട് അബൂബക്കര്‍ സ്വിദ്ദീക്വി(റ)നെ സമീപിച്ചു. എന്നിട്ടു പറഞ്ഞു: ”യമാമ ദിവസത്തില്‍ യുദ്ധം രൂക്ഷമാവുകയും നിരവധി ക്വുര്‍ആന്‍ പണ്ഡിതന്മാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേപോലുള്ള സന്ദര്‍ഭങ്ങളില്‍ ഇനിയും ഇത് ആവര്‍ത്തിച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ക്വുര്‍ആന്‍ നഷ്ടപ്പെടാന്‍ ഇടയായേക്കുമത്. അതിനാല്‍ ക്വുര്‍ആന്‍ ക്രോഡീകരിക്കാന്‍ താങ്കള്‍ നിര്‍ദേശിക്കണമെന്നാണ് എന്റെ അഭിപ്രായം” (ബുഖാരി).

അങ്ങനെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അബൂബക്കര്‍(റ) ഉമര്‍(റ) നിര്‍ദേശിച്ചതുപോലെ ക്വുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാന്‍ തീരുമാനിച്ചു. അതിനായി പ്രവാചകന്റെ വഹ്‌യ് എഴുത്തുകാരില്‍ പ്രമുഖനും ചെറുപ്പക്കാരനുമായ സൈദ്ബ്‌നു ഥാബിത്തി(റ)ന്റെ നേതൃത്വത്തില്‍ ക്വുര്‍ആന്‍ ക്രോഡീകരിക്കാന്‍ ഖലീഫ അബൂബക്കര്‍(റ) നിര്‍ദേശിച്ചു. അതുപ്രകാരം സ്വഹാബത്ത് മുമ്പ് എഴുതിവെച്ചിരുന്ന ലിഖിതങ്ങളും മനഃപാഠവും ഒത്തുനോക്കി പരിശോധിച്ച് ഉറപ്പുവരുത്തി ക്വുര്‍ആന്‍ പകര്‍ത്തിയെഴുതി രണ്ട് ചട്ടകള്‍ക്കുള്ളിലാക്കി. അങ്ങനെ ഗ്രന്ഥരൂപത്തിലാക്കിയ ക്വുര്‍ആനിന്റെ പ്രതി അബൂബക്കറി(റ)ന്റെ കൈവശം സൂക്ഷിച്ചു. അദ്ദേഹത്തിന്റെ കാലശേഷം രണ്ടാം ഖലീഫയായ ഉമറി(റ)ന്റെ കൈവശമായിരുന്നു സൂക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗാനന്തരം പ്രവാചകപത്‌നിയും ഉമറി(റ)ന്റെ മകളും വിശ്വാസികളുടെ മാതാവുമായ ഹഫ്‌സ(റ)യുടെ കൈവശമായിരുന്നു അതുണ്ടായിരുന്നത്. ഇമാം ബുഖാരി, ഇമാം അഹ്മദ് മുതലായ പണ്ഡിതന്മാര്‍ ഈ വിഷയം വിവരിക്കുന്ന വിശദമായ റിപ്പോര്‍ട്ടുകള്‍, അവരുടെ ഹദീഥ് സമാഹാരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (വിശദവിവരത്തിന് ഇബ്‌നുഅബീദാവൂദിന്റെ കിതാബുല്‍ മസ്വാഹിഫ് നോക്കുക).

സൈദി(റ)ന്റെ സവിശേഷതകള്‍

സ്വഹാബികളുടെ കൂട്ടത്തില്‍ നിന്ന് സൈദി(റ)നെ ഈ ദൗത്യത്തിന്ന് ഖലീഫ അബൂബക്കര്‍(റ) ചുമതലപ്പെടുത്താന്‍ ചില പ്രത്യേക കാരണങ്ങളുണ്ട്. അത് ഇപ്രകാരം സംക്ഷേപിക്കാം:

1. ക്വുര്‍ആന്‍ പരിപൂര്‍ണമായി ഹൃദിസ്ഥമാക്കിയ ചെറുപ്പകാരനായിരുന്നു അദ്ദേഹം.

2. സത്യസന്ധതയിലും വിശ്വാസ്യതയിലും ആര്‍ക്കും യാതൊരുവിധ സംശയവുമില്ലാത്ത വ്യക്തിയും  നബി ﷺ യുടെ വഹ്‌യ് എഴുത്തുകാരില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം.

3. നബി ﷺ യുടെ അവസാന കാലത്ത് ക്വുര്‍ആന്‍ മനഃപാഠം ജിബ്‌രീല്‍(അ) പരിശോധിച്ചതിന് പൂര്‍ണമായി സാക്ഷിയാവുകയും നബി ﷺ യില്‍ നിന്നും നേരിട്ട് ക്വുര്‍ആന്‍ മുഴുവനും ഓതിക്കേള്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

4. വിവിധ ഭാഷകളിലും മറ്റും പ്രാഗത്ഭ്യം തെളിയിച്ച കഴിവുറ്റ പണ്ഡിതനുമായിരുന്നു.

5. ബുദ്ധികൂര്‍മതയിലും ഭക്തിയിലും സൂക്ഷ്മതയിലുമെല്ലാം അറിയപ്പെട്ട വ്യക്തിയുമായിരുന്നു അദ്ദേഹം.

താനടക്കമുള്ള സ്വഹാബിമാര്‍ നബി ﷺ യില്‍ നിന്ന് നേരിട്ട് കേട്ടെഴുതിയ, തികഞ്ഞ ശുദ്ധിയും സൂക്ഷ്മതയും പുലര്‍ത്തിയ ലിഖിതങ്ങളും സ്വഹാബത്തിന്റെ മനഃപാഠങ്ങളും ഒത്തുനോക്കി ക്വുര്‍ആന്‍ ക്രോഡീകരണമെന്ന മഹത്തായ ദൗത്യം സൈദുബ്‌നു ഥാബിത്ത്(റ) പൂര്‍ത്തിയാക്കി.

 

ശമീര്‍ മദീനി
നേർപഥം വാരിക

 

വിശുദ്ധ ക്വുര്‍ആനും ആദ്യതലമുറയും

വിശുദ്ധ ക്വുര്‍ആനും ആദ്യതലമുറയും

മനുഷ്യന് പലതരത്തിലുള്ള കഴിവുകളും ശേഷികളുമുണ്ട്. പറവയെപ്പോലെ അന്തരീക്ഷത്തിലൂടെ പറക്കുവാനും മത്സ്യങ്ങളെപ്പോലെ ആഴിയിലൂടെ നീന്തുവാനും പലതരത്തിലുള്ള യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണെങ്കിലും മനുഷ്യന് സാധിക്കും. പലനിലയ്ക്കുള്ള പുരോഗതികളും മനുഷ്യന്‍ കൈവരിച്ചതിന് ചരിത്രം സാക്ഷിയാണ്. എന്നാല്‍ മനുഷ്യന്‍ ഒരു നിലയ്ക്കും പരിപൂര്‍ണനല്ല എന്നത് അഹങ്കാരത്തിന്റെ കറപുരളാത്ത മനസ്സിന്റെ ഉടമയായ ഒരാളും നിഷേധിക്കുമെന്ന് തോന്നുന്നില്ല. മനുഷ്യന്റെ ശേഷിയെക്കാള്‍ പതിന്മടങ്ങ് മികച്ചുനില്‍ക്കുന്ന ശേഷികളുള്ള എത്രയോ ജീവജാലങ്ങള്‍ മനുഷ്യന് ചുറ്റുമുണ്ട്. കായിക ബലത്തിലും കാഴ്ച ശക്തിയിലും ഘ്രാണശേഷിയിലും കേള്‍വി ശക്തിയിലുമൊക്കെ മനുഷ്യനെക്കാള്‍ മികവുപുലവര്‍ത്തുന്നവയാണ് ആനയും പരുന്തും നായയും ചീവീടുമൊക്കെ.

അപ്രകാരം തന്നെ നന്മ-തിന്മകളെ വ്യവഛേദിക്കുവാനോ കൃത്യമായി നിര്‍വചിക്കുവാനോ മനുഷ്യന്‍ അശക്തനാണ്. ഒരു മനുഷ്യക്കുഞ്ഞ് പിറന്നുവീഴുന്നതു മുതല്‍ മരിച്ച് പോകുന്നതുവരെയുള്ള ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രത്യേക സന്ദര്‍ഭങ്ങളിലും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും എങ്ങനെയെല്ലാമാണ് ചെയ്യേണ്ടതെന്നും വിശദീകരിച്ചു പറയാന്‍ മനുഷ്യന്‍ അശക്തനാണ്.

അഥവാ ആരെങ്കിലും അത്തരമൊരു നിയമനിര്‍മാണത്തിനോ വിശദീകരണത്തിനോ മുതിര്‍ന്നാല്‍ തന്നെ അവരുടേതായ വ്യക്തിപരവും നാടിന്റെയും വളര്‍ന്ന സാഹചര്യങ്ങളുടെയുമൊക്കെ സ്വാധീനം അതിലുണ്ടാകുമെന്നതും ഉറപ്പാണ്. കാരണം, സ്ഥലകാല ബന്ധിതമായ ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യന് അത്തരത്തിലല്ലാത്ത ഒന്ന് ആവിഷ്‌കരിക്കുക അസാധ്യമാണ്. അറിവിന്റെയും അനുഭവങ്ങളുടെയും വിസ്തൃതി കൂടുമ്പോള്‍ അനുഷ്യന്‍ ആവിഷ്‌കരിച്ച പലതും അവന് തന്നെ തിരുത്തേണ്ടതായും വരിക സ്വാഭാവികം മാത്രം. ചില മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ ചരമ ചരിത്രങ്ങള്‍ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

അവിടെയാണ് സ്രഷ്ടാവില്‍ നിന്നുള്ള സന്ദേശങ്ങള്‍ അഥവാ ദിവ്യബോധനം (വഹ്‌യ്) പ്രസക്തമാകുന്നത്. സൃഷ്ടികളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്ന, സര്‍വജ്ഞാനിയും സര്‍വശക്തനും അളവറ്റ ദയാപരനുമായ അല്ലാഹുവിന്റെ സന്ദേശങ്ങളാണ് മനുഷ്യന് ദിശകാണിക്കുന്ന ഏറ്റവും ഉന്നതമായ മാര്‍ഗദര്‍ശി.

”അലിഫ് ലാം റാ, മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്” (ക്വുര്‍ആന്‍ 14:1).

”നിങ്ങളെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി തന്റെ ദാസന്റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കുന്നവനാണ് അവന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്” (ക്വുര്‍ആന്‍ 57:9).

മുഹമ്മദ് നബി ﷺ യുടെ നാല്‍പതാമത്തെ വയസ്സുമുതല്‍ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമായി മലക്ക് ജിബ്‌രീല്‍(അ) മുഖേന അല്ലാഹു ഇറക്കിക്കൊടുത്ത ദിവ്യസന്ദേശങ്ങളാണ് (വഹ്‌യ്) വിശുദ്ധ ക്വുര്‍ആന്‍.

”തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു” (ക്വുര്‍ആന്‍ 26:192,193).

ക്വുര്‍ആനിക വചനങ്ങള്‍ അവതരിച്ചുകിട്ടിയാല്‍ അത് നന്നായി ഉരുവിട്ടു പഠിക്കുവാന്‍ നബി ﷺ അത്യുത്സാഹം കാണിച്ചിരുന്നു. പ്രസ്തുത ദൈവിക വചനങ്ങളില്‍ നിന്നും വല്ലതും മറന്നുപോകുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ പ്രവാചകനെ ആശ്വസിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:

”സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ക്വുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി- പാരായണം ചെയ്യുന്നതിനു നീ ധൃതികാണിക്കരുത്. എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:114).

”നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.” (ക്വുര്‍ആന്‍ 87:6)

അതിന്റെ സംരക്ഷണ ചുമതല അല്ലാഹു ഏറ്റതായി അറിയിച്ചു:

”നീ അത് (ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആനിന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു” (ക്വുര്‍ആന്‍ 75:16,17).

ജിബ്‌രീല്‍(അ) ദിവ്യസന്ദേശങ്ങളുമായി എത്തിയാല്‍ നബി ﷺ അത് ശ്രദ്ധിച്ചുകേള്‍ക്കും. ജിബ്‌രീല്‍(അ) പോയാല്‍ ജിബ്‌രീല്‍ ഓതിക്കൊടുത്തപോലെ നബി ﷺ ആ വചനങ്ങള്‍ ഓതുമായിരുന്നു” (ബുഖാരി, മുസ്‌ലിം).

അങ്ങനെ ക്വുര്‍ആന്‍ ഒന്നാമതായി പ്രവാചക ഹൃദയത്തില്‍ സുരക്ഷിതമായി നിന്നു. അല്ലാഹു പറയുന്നു:

”നിനക്ക് നാം ഓതിത്തരാം; നീ മറന്നുപോകുകയില്ല” (ക്വുര്‍ആന്‍ 87:6).

അത് നബി ﷺ അനുചരന്മാര്‍ക്ക് ഓതിക്കൊടുക്കും. അവരത് അത്യുത്സാഹത്തോടെ കേട്ട് പഠിക്കും. മിക്കവരും അത് ഹൃദിസ്ഥമാക്കിയിരുന്നു. ജീവിതത്തിരക്കുകള്‍ക്കിടയിലും ദൈവിക സന്ദേശങ്ങള്‍ അറിയുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും സ്വഹാബത്ത് കാണിച്ച ഉത്സാഹം സുവിദിതമാണ്. അതിനൊരു ഉദാഹരണമാണ് ഉമര്‍(റ) പറഞ്ഞ ഈ വാക്കുകള്‍:

”ഞാനും ബനൂ ഉമയ്യയില്‍ പെട്ട അന്‍സ്വാരിയായ എന്റെ അയല്‍വാസിയും ഊഴം നിശ്ചയിച്ച് നബി ﷺ യുടെ സന്നിധിയില്‍ ചെല്ലുമായിരുന്നു. ഞാന്‍ ഒരു ദിവസം ചെല്ലും; അടുത്ത ദിവസം അദ്ദേഹവും. ഞാന്‍ ചെല്ലുന്ന ദിവസത്തെ വഹ്‌യിന്റെയും മറ്റും വിവരങ്ങളുമായി ഞാന്‍ എന്റെ അയല്‍വാസിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞ് കൊടുക്കും. അദ്ദേഹം പോകുന്ന ദിവസത്തില്‍ അദ്ദേഹവും അപ്രകാരം ചെയ്യും” (ബുഖാരി).

ക്വുര്‍ആന്‍ അല്‍പാല്‍മായി ഇറങ്ങിയത് അവര്‍ക്ക് അത് പഠിക്കുവാനും ഹൃദിസ്ഥമാക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനുമൊക്കെ വളരെയേറെ സഹായകമായിരുന്നു. അല്ലാഹു പറയുന്നു:

”സത്യത്തോടുകൂടിയാണ് നാം അത് (ക്വുര്‍ആന്‍) അവതരിപ്പിച്ചത്. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ക്വുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 17:105,106).

പല വിഷയങ്ങളിലും അവതരിക്കുന്ന ദൈവിക വചനങ്ങള്‍ നബി ﷺ ക്കും സത്യവിശ്വാസികള്‍ക്കും ആശ്വാസവും ആത്മധൈര്യവും പകരുന്നതായിരുന്നു. സ്രഷ്ടാവിന്റെ ഇടപെടല്‍ അവര്‍ക്ക് നല്‍കുന്ന നിര്‍വൃതി വാക്കുകള്‍ക്കതീതമാണ്.

”സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താ ണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു” (ക്വുര്‍ആന്‍ 25:32).

സ്രഷ്ടാവില്‍ നിന്നുള്ള വചനങ്ങള്‍ പാരായണം ചെയ്യുന്നതിന്റെയും മനഃപാഠമാക്കുന്നതിന്റെയും നിരവധി മഹത്ത്വങ്ങളും നേട്ടങ്ങളും നബി ﷺ യില്‍ നിന്നും അവര്‍ മനസ്സിലാക്കി. ക്വുര്‍ആന്‍ മനഃപാഠമാക്കുവാനുള്ള പ്രോത്സാഹനങ്ങള്‍ നല്‍കിയും ക്വുര്‍ആന്‍ കൂടുതല്‍ ഹൃദിസ്ഥമാക്കിയവരെ പ്രത്യേകം ആദരിച്ചും നബി ﷺ ഈ പ്രക്രിയക്ക് ശക്തി പകര്‍ന്നു. നിവേദക സംഘങ്ങളെ അയക്കുമ്പോള്‍ ക്വുര്‍ആന്‍ കൂടുതല്‍ മനഃപാഠമാക്കിയവര്‍ക്കായിരുന്നു നേതൃസ്ഥാനം നല്‍കിയിരുന്നത്. നമസ്‌കാരത്തിന് നേതൃത്വം കൊടുക്കേണ്ടതും കൂട്ടത്തില്‍ ഏറ്റവും ക്വുര്‍ആന്‍ മനഃപാഠമുള്ളവരായിരിക്കണമെന്ന് നബി ﷺ നിര്‍ദേശിച്ചിരുന്നു. ഒന്നിലധികം ആളുകള്‍ ഒന്നിച്ച് മരിക്കുകയും അവരെ ഒന്നിച്ച് ക്വബറടക്കം ചെയ്യേണ്ടിയും വരുന്ന സാഹചര്യങ്ങളില്‍ ക്വുര്‍ആന്‍ കൂടുതല്‍ ഹൃദിസ്ഥമാക്കിയവര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. ക്വുര്‍ആന്‍ ആത്മാര്‍ഥമായി മനഃപാഠമാക്കിയവര്‍ക്ക് പാരത്രിക ജീവിതത്തിലും ഉന്നതമായ പദവികളുണ്ടെന്നും അവര്‍ വിശുദ്ധരായ മാന്യന്മാരായ ദൂതന്മാരോടൊപ്പമായിരിക്കും എന്നുമെല്ലാം നബി ﷺ ഉണര്‍ത്തിയിട്ടുണ്ട്.

ഇങ്ങനെ ഹൃദിസ്ഥമാക്കിയ ക്വുര്‍ആനിക വചനങ്ങള്‍ സ്വഹാബികള്‍ അവരുടെ നമസ്‌കാരങ്ങളിലും അല്ലാതെയും നിത്യേന പാരായണം ചെയ്തിരുന്നു. രാത്രി കാലങ്ങളില്‍ ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് ഉറക്കമിളച്ച് അവര്‍ നമസ്‌കരിക്കുമായിരുന്നു; റമദാനിന്റെ രാവുകളില്‍ പ്രത്യേകിച്ചും.

ക്വുര്‍ആനിന്റെ ഓരോ അക്ഷരം പാരായണം ചെയ്യുന്നതിനും ദശക്കണക്കിന് നന്മകള്‍ പ്രതിഫലമുണ്ടെന്ന് പറഞ്ഞ നബി ﷺ ‘നിങ്ങളിലേറ്റവും ഉത്തമന്‍ ക്വുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്’ എന്നും ഉണര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്വുര്‍ആനിന്റെ പ്രഥമ അഭിസംബോധിതരായിരുന്ന പ്രവാചകാനുചരന്മാര്‍ ക്വുര്‍ആന്‍ പഠിക്കുവാനും പാരായണം ചെയ്യുവാനും ഉത്സാഹിച്ചിരുന്നു.

അങ്ങനെ ക്വുര്‍ആന്‍ വിജ്ഞാനീയങ്ങളിലെ ഒന്നാമത്തെ വിജ്ഞാനമായ മനഃപാഠമാക്കല്‍ നബി ﷺ തുടങ്ങുകയും സ്വഹാബത്ത് ഏറ്റെടുക്കുകയും തലമുറകളായി തുടരുകയും ചെയ്തുപോന്നു. ആ മഹല്‍ പ്രക്രിയ മഹാത്ഭുതമായി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ക്വുര്‍ആന്‍ മൊത്തം ഹൃദിസ്ഥമാക്കിയ ലക്ഷക്കണക്കിന് മനുഷ്യന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്! ലോകത്തുള്ള മുഴുവന്‍ ക്വുര്‍ആനിന്റെ കോപ്പികളും കണ്ടുകെട്ടി ചുട്ടുകരിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്ന് സങ്കല്‍പിച്ചാല്‍ പോലും നിമിഷങ്ങള്‍ക്കുള്ളില്‍ ആ ക്വുര്‍ആന്‍ പകര്‍ത്തിയെഴുതി വീണ്ടെടുക്കാന്‍ സാധിക്കുംവിധത്തില്‍ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ അത് സജീവമായി നിലനില്‍ക്കുന്നു. ഇത് വിശുദ്ധ ക്വുര്‍ആനിന്റെ മാത്രം പ്രത്യേകതയാണ്. ലോകാവസാനം വരെയുള്ള മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനമായ ക്വുര്‍ആന്‍ അല്ലാഹു സംരക്ഷിച്ചുപോരുന്നതിന്റെ ഒരു നേര്‍ക്കാഴ്ചയാണിത്.

കേവലമായ പഠന പാരായണങ്ങള്‍ക്കുപരിയായി ക്വുര്‍ആനിനെ സ്വജീവിതത്തിലേക്ക് അവര്‍ ചേര്‍ത്തുവെച്ചു. ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”ഞങ്ങള്‍ നബി ﷺ യില്‍ നിന്ന് പത്ത് ക്വുര്‍ആനിക വചനങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ അത് പഠിക്കാതെയും അവയനുസരിച്ച് പ്രവര്‍ത്തിക്കാതെയും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാതെയും മുന്നോട്ട് പോകുമായിരുന്നില്ല. ഞങ്ങള്‍ ആ വചനങ്ങളില്‍ നിന്നും അനുവദനീയ കാര്യങ്ങളും (ഹലാല്‍) നിഷിദ്ധ കാര്യങ്ങളും (ഹറാം) മനസ്സിലാക്കുമായിരുന്നു. അങ്ങനെ വിജ്ഞാനവും കര്‍മവും ഞങ്ങള്‍ക്ക് കിട്ടി” (ബൈഹക്വി, ഇബ്‌നുജരീര്‍).

ക്വുര്‍ആന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന സവിശേഷതകള്‍:

നബി ﷺ യും സ്വഹാബത്തും തുടക്കം കുറിച്ച ക്വുര്‍ആന്‍ മനഃപാഠമാക്കല്‍ പ്രക്രിയ ലോക മുസ്‌ലിംകള്‍ ഇന്നും ആവേശത്തോടെ തുടര്‍ന്നുവരുന്നു.

വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണമായും ഹൃദിസ്ഥമാക്കിയ ദശലക്ഷക്കണക്കിനാളുകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തെവിടെയുമുള്ള മുസ്‌ലിംകളുടെ കൈകളിലുള്ള ക്വുര്‍ആനിലെ അധ്യായങ്ങളും വചനങ്ങളും നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരുപോലെ തന്നെ നിലനില്‍ക്കുന്നു.

ക്വുര്‍ആനിലെ ഒരു വചനമോ ഒരു പദമോ പോലും തെറ്റി പാരായണം ചെയ്താല്‍ ഉടനടി തിരുത്തിക്കൊടുക്കാന്‍ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ ധാരാളമാളുകള്‍ എക്കാലത്തും ലോകത്തുണ്ടായിട്ടുണ്ട്.

ക്വുര്‍ആന്‍ ഒരാളും എഴുതി സൂക്ഷിക്കുകയോ ഗ്രന്ഥരൂപത്തിലാക്കുകയോ ചെയ്തില്ല എന്ന് സങ്കല്‍പിച്ചാല്‍ പോലും അത് ക്വുര്‍ആനിന്റെ വിശ്വാസ്യതയ്‌ക്കോ ആധികാരികതയ്‌ക്കോ ഒരുനിലയ്ക്കും എതിരാകുന്നില്ല.

നബി ﷺ യുടെ ഹൃദയത്തില്‍ അല്ലാഹു ക്വുര്‍ആന്‍ സുരക്ഷിതമായി നിലനിര്‍ത്തി: ”നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല” (87:6). ”തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക” (75:17,18).

സ്വഹാബത്ത് ക്വുര്‍ആന്‍ സൂക്തങ്ങള്‍ അത്യുത്സാഹത്തോടെ പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്തു. നിത്യജീവിതത്തില്‍ ക്വുര്‍ആനുമായി അവര്‍ ബന്ധം പുലര്‍ത്തി.

ക്വുര്‍ആന്‍ മുഴുവനായും ഹൃദിസ്ഥമാക്കിയ നൂറുകണക്കിന് സ്വഹാബിമാരുണ്ടായിരുന്നു. അവരില്‍ പ്രമുഖരായ ചിലര്‍:

1. അബൂബക്കര്‍ സ്വിദ്ദീഖ്(റ).

2. ഉമറുബ്‌നുല്‍ ഖത്വാബ്(റ).

3. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ).

4. അലിയ്യ്ബ്‌നു അബീത്വാലിബ്(റ).

5. ഉബയ്യ്ബ്‌നു കഅ്ബ്(റ).

6. അബൂദര്‍ദ്ദാഅ്(റ).

7. ത്വല്‍ഹത്ത്(റ).

8. സഅ്ദ്(റ).

9. ഇബ്‌നു മസ്ഊദ്(റ).

10. ഹുദൈഫത്തുല്‍ യമാന്‍(റ).

11. സാലിം മൗലാ അബീഹുദൈഫ(റ).

12. അബൂഹുറയ്‌റ(റ).

13. അബ്ദുല്ലാഹ്ബ്‌നുസാഇബ്(റ).

14. മുആദ് ബ്‌നുജബല്‍(റ).

15. തമീമുദ്ദാരി(റ).

ക്വുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കിയ സ്വഹാബാവനിതകളില്‍ ചിലര്‍:

1. ആഇശ(റ).

2. ഹഫ്‌സ(റ).

3. ഉമ്മുസലമ(റ).

 

 

ശമീര്‍ മദീനി
നേർപഥം വാരിക