സന്തോഷത്തിന്റെ മാസപ്പിറവി

റമദാന്‍ മാസപ്പിറവി കണ്ടതായും നോമ്പ് ഉറപ്പിച്ചതായും വിവരം കിട്ടിയതോടെ വീട്ടില്‍ ആഘോഷത്തിന്റെ അന്തരീക്ഷം സംജാതമായി. സജ്ജാദ് മോനും സാജിദയും ആഹ്ലാദത്താല്‍ അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ പറഞ്ഞു.
”സന്തോഷമൊക്കെ കൊള്ളാം. അത്താഴത്തിന് വിളിച്ചാല്‍ ഉടനെ എഴുന്നേല്‍ക്കണം. മടിപിടിച്ച് കിടക്കരുത്” ഉമ്മ സജ്ജാദിനോടായി പറഞ്ഞു.
”അത് ശരിയാ ഉമ്മാ. ഈ സജ്ജാദിക്ക ഭയങ്കര മടിയനാ. പെട്ടെന്നൊന്നും എണീക്കില്ല വിൡച്ചാല്‍” സാജിദ പറഞ്ഞു.
”നീ പോടീ… ഞാനായിരിക്കും ആദ്യം എഴുന്നേല്‍ക്കുക. നീ കണ്ടോ” സജ്ജാദിന് ദേഷ്യം വന്നു.
”അതിന്റെ പേരില്‍ രണ്ടാളും വഴിക്കിടേണ്ട” ഉമ്മ ഇടപെട്ടു.
”അല്ലെങ്കില്‍ നമുക്ക് ഇപ്പോള്‍ തന്നെയങ്ങ് അത്താഴം കഴിച്ച് കിടന്നാലോ? എന്നാല്‍ സ്വുബ്ഹി വരെ ഉറങ്ങാലോ…” സജ്ജാദ് ചോദിച്ചു.
”കണ്ടോ ഉമ്മാ…ഇക്കാക്ക മടികാണിച്ചു തുടങ്ങി” സാജിദ അവസരം മുതലാക്കി.
”അത് പറ്റില്ല മോനേ. ഉറങ്ങി എഴുന്നേല്‍ക്കണം. എന്നിട്ട് അത്താഴം കഴിക്കണം.”
”അത്താഴം കഴിച്ചില്ലെങ്കിലെന്താ?”
”അത്താഴം കഴിക്കണമെന്നാണ് മോനേ നബി ﷺ പറഞ്ഞിട്ടുള്ളത്. ഒന്നും വേണ്ട എങ്കില്‍ ഒരു ഇറക്ക് വെള്ളമെങ്കിലും കുടിക്കണം. അതില്‍ അനുഗ്രഹമുണ്ടെന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.”
”ഉറങ്ങുന്നതിന് മുമ്പ് അത്താഴം കഴിച്ചു കിടന്നുകൂടേ ഉമ്മാ?” സജ്ജാദ് മോന്‍ ചോദിച്ചു.
”ഞാന്‍ പറഞ്ഞില്ലേ, നബി ﷺ യുടെ സുന്നത്ത് അതല്ല. സ്വുബ്ഹി ബാങ്കിന്റെ അല്‍പം മുമ്പായി എഴുന്നേറ്റ് അത്താഴം കഴിക്കുന്നതിലാണ് പുണ്യമുള്ളത്” ഉമ്മ പറഞ്ഞു.
”ഉമ്മാ, എന്നെ ഉമ്മ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വിളിക്കണം. അത്താഴത്തിന്റെ അനുഗ്രഹം എന്നും നഷ്ടപ്പെടാതെ കിട്ടണം” സാജിദ പറഞ്ഞു.
”നല്ല കുട്ടി” എന്നു പറഞ്ഞ് ഉമ്മ സാജിദയുടെ കവിളില്‍ ഒരു മുത്തം നല്‍കി. സാജിദക്ക് വലിയ സന്തോഷമായി.
”നീ വലിയ ഗമയൊന്നും കാണിക്കേണ്ട പെണ്ണേ. എന്റെ അത്ര അറിവൊന്നും നിനക്കില്ലല്ലോ” സജ്ജാദ് മോന്‍ അനുജത്തിയോട് പറഞ്ഞു.
”ഹോ, പിന്നേ… എനിക്ക് നിന്നെക്കാള്‍ അറിവുണ്ട്” സാജിദ വിട്ടുകൊടുത്തില്ല.
”എന്നാല്‍ ഞാന്‍ ഒരു ചോദ്യം ചോദിക്കാം. ഉത്തരം പറയാമോ?”
”അറിയുമെങ്കില്‍ പറയും. ചോദിക്ക്.”
”ഇപ്പോള്‍ മാസപ്പിറവി കണ്ടു എന്ന് പറഞ്ഞല്ലോ. ഏത് മാസമാണിത്?”
”ഓ, ഇതാണോ ഇത്ര വലിയ ചോദ്യം? നോമ്പ് റമദാന്‍ മാസത്തിലാണെന്ന് ഏത് കുട്ടിക്കാ അറിയാത്തത്!” സാജിദയുടെ ഉത്തരം പെട്ടെന്നായിരുന്നു.
അല്‍പ നേരം ചിന്തിച്ചുനിന്ന ശേഷം സജ്ജാദ് മോന്‍ പറഞ്ഞു: ”എങ്കില്‍ വേറൊരു ചോദ്യം. ഇതു പോലെ പെട്ടെന്ന് ഉത്തരം തരണം.”
”ഓകെ. നീ ചോദിച്ചോ. നിന്റെ ചോദ്യത്തിന് എന്റെയടുക്കല്‍ ഉത്തരം റെഡിയാ” സാജിദ അഭിമാനത്തോടെ പറഞ്ഞു.
”ഇപ്പോള്‍ കഴിഞ്ഞു പോയത് ഏത് മാസമാണ്? വേഗം പറ…”
”അത്…അത്…” പെട്ടെന്ന് ഉത്തരം കിട്ടാതെ സാജിദ പരുങ്ങി.
”മുഹര്‍റം മുതല്‍ പറഞ്ഞു നോക്കാന്‍ സമയമില്ല. വേഗം പറ. നീ വലിയ പഠിപ്പിസ്റ്റാണെന്നല്ലേ പറഞ്ഞത്.”
”ശഅ്ബാന്‍…ശഅ്ബാന്‍…” ഉത്തരം കിട്ടിയ ഉടന്‍ സാജിദ വിളിച്ചു പറഞ്ഞു.
”മക്കളേ, മതി സംസാരിച്ചിരുന്നത്. പോയി കിടന്നുറങ്ങാന്‍ നോക്ക്. അത്താഴത്തിന് എഴുന്നേല്‍ക്കേണ്ടതല്ലേ” അടുക്കളയില്‍ നിന്നും ഉമ്മ വിളിച്ചുപറഞ്ഞു. ഉടനെ രണ്ടുപേരും വുദൂഅ് ചെയ്ത് കിടക്കുവാനായി പോയി.
ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക