ശാദുലീ ത്വരീക്വത്തിലെ ഒരു സ്വൂഫിയാണ് ഇയാള്‍. നബിക്ക് ശേഷം എത്രയോ കാലം കഴിഞ്ഞ് വന്ന ആളാണ് ഇയാള്‍. അയാള്‍ അല്ലാഹുവിന്റെ റസൂലിനെ കണ്ടു പോലും! എന്നിട്ട് നബി ﷺ മരിച്ചിട്ടില്ലെന്നും, അല്ലാഹുവിനെപ്പറ്റി നന്നായി അറിയാത്തവരില്‍നിന്ന് തല്‍ക്കാലത്തേക്ക് മറയിടുകയാണ് എന്റെ മരണത്തിലൂടെ സംഭവിച്ചത് എന്നും നബി ﷺ ഇയാളോട് പറഞ്ഞുവത്രെ! അഥവാ, സ്വഹാബത്തിന്റെ മുന്നില്‍വെച്ച് സംഭവിച്ച നബി ﷺ യുടെ വിയോഗം ശരിയായ മരണമല്ലെന്നും, അവര്‍ക്ക് അല്ലാഹുവിനെപ്പറ്റി ശരിയായ ജ്ഞാനം ഇല്ലാത്തതിനാല്‍ അവരില്‍നിന്ന് ഒരു മറയിടപ്പെടുകയാണ് ചെയ്തത് എന്നുമല്ലേ ഈ പറഞ്ഞത്? എത്ര ഗൗരവമുള്ള വാദമാണിത്! സ്വഹാബിമാര്‍ക്ക് അല്ലാഹുവിനെപ്പറ്റി ശരിയായ അറിവില്ലായിരുന്നെന്നോ? മാത്രമല്ല, ഇതിലൂടെ എന്താണ് ഈ സ്വൂഫി പ്രചരിപ്പിക്കുന്നത്? അല്ലാഹുവിനെ ശരിക്ക് അറിയുന്ന ഒരാള്‍ക്ക് നബിയെ എപ്പോഴും കാണാം എന്നാണ്. ചില സ്വൂഫികളുടെ കള്ള വാര്‍ത്തകള്‍ കാണുക:

‘അബുല്‍ മവാഹിബ് എന്ന സ്വൂഫി, അല്ലാഹുവിന്റെ റസൂലി ﷺ നെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും അങ്ങനെ ഒരിക്കല്‍ നബിയെ കണ്ടപ്പോള്‍ അയാള്‍ ഇപ്രകാരം പറയുകയും ചെയ്തുവത്രെ: ‘നിങ്ങളെ ഞാന്‍ കണ്ടതിലുള്ള സ്വീകാര്യതയില്‍ ജനങ്ങള്‍ എന്നെ കളവാക്കുകയാണ്. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു പോലും: അല്ലാഹുവിന്റെ പ്രതാപവും മഹത്ത്വവും തന്നെയാണ് സത്യം! നിന്നെ വിശ്വസിക്കാത്തവന്‍, അല്ലെങ്കില്‍ നിന്നെ കളവാക്കുന്നവന്‍ യഹൂദിയോ നസ്രാനിയോ മജൂസിയോ ആയിട്ടല്ലാതെ മരിക്കുകയില്ല.”

എത്ര അപകടകരമായ കാര്യങ്ങളാണ് ഈ പറയുന്നത്! നബി ﷺ യെ ഉണര്‍ച്ചയില്‍ കാണുമെന്ന് വിശ്വസിക്കാത്തവന്‍ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകനോ ആയി മരിക്കുമെന്നാണ് പറയുന്നത്. ഈ വിശ്വാസം മുന്‍ഗാമികള്‍ക്കുണ്ടായിരുന്നോ? നിങ്ങളോ നിങ്ങളുടെ പൂര്‍വപിതാക്കളോ കേട്ടിട്ടില്ലാത്ത വര്‍ത്തമാനങ്ങളുമായി ചില കള്ളന്മാര്‍ വരുമെന്ന് അല്ലാഹുവിന്റെ റസൂല്‍ ﷺ നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് നാം മറക്കരുത്.

ഇയാളുടെ മറ്റൊരു കളവ് കാണുക: ‘ഇബ്‌നു ഹിബ്ബാന്‍ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുള്ള ‘ഭ്രാന്തന്‍ എന്ന് അവര്‍ വിളിക്കുന്നതുവരെ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക’ എന്ന പ്രസിദ്ധമായ ഹദീഥിനെപ്പറ്റി ഞാന്‍ റസൂലി ﷺ നെ കണ്ടപ്പോള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ഇബ്‌നു ഹിബ്ബാന്‍ തന്റെ രിവായത്തില്‍ സത്യമാണ് പറഞ്ഞത്.’

സുഡാനി സ്വൂഫീ ശൈഖായ ഖൗജലിയുടെ ചില വിദ്യാര്‍ഥികള്‍ ഇപ്രകാരം വാദിക്കുന്നു: ‘അവരുടെ ശൈഖ് നബി ﷺ യെ എല്ലാ ദിവസവും ഇരുപത്തിനാല് തവണ ഉണര്‍ച്ചയിലായിരിക്കെ കാണാറുണ്ടായിരുന്നു.’

അബുല്‍ അബ്ബാസ് എന്ന മറ്റൊരാള്‍ പറയുന്നത് ഇങ്ങനെ: ‘ഞാന്‍ നബി ﷺ യെ കൊല്ലത്തില്‍ നാല്‍പത് തവണ കാണാറുണ്ട്. ഒരിക്കല്‍ പോലും എനിക്ക് റസൂലിനെ കാണുന്നതിനെ തൊട്ട് മറയിടപ്പെട്ടിട്ടില്ല. ഒരു കണ്ണിമവെട്ടുന്ന നേരത്തേക്കെങ്കിലും ഞാന്‍ മറയിടപ്പെട്ടാല്‍ പിന്നെ മുസ്‌ലിംകളുടെ കൂട്ടത്തില്‍ ഞാന്‍ എന്നെ എണ്ണുകയില്ല.’

സ്വഹാബിമാര്‍ ആരും അവിടുത്തെ വഫാത്തിന് ശേഷം നബി ﷺ യെ കണ്ടിട്ടില്ലല്ലോ. അവരാരും അതിന്റെ പേരില്‍ ഞാന്‍ മുസ്‌ലിമല്ല എന്ന് പറഞ്ഞിട്ടുമില്ല. പിഴച്ച ഓരോ വിശ്വാസങ്ങള്‍!

ഔലിയാക്കളില്‍ ചിലര്‍ ഒരു പണ്ഡിതന്റെ സദസ്സില്‍ ഹാജരായിരുന്നു. അങ്ങനെ ആ പണ്ഡിതന്‍ ഒരു ഹദീഥ് ഉദ്ധരിച്ചു. അപ്പോള്‍ അയാളോട് കൂട്ടത്തിലെ ഒരു വലിയ്യ് പറഞ്ഞു പോലും; ‘ഈ ഹദീഥ് ബാത്വിലാണ്.’ അയാള്‍ ചോദിച്ചു: ‘ഇത് ബാത്വിലാണെന്ന് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി?’ വലിയ്യ്: ‘നിന്റെ തലഭാഗത്ത് നിന്ന് നബി ﷺ പറയുന്നു: തീര്‍ച്ചയായും ഞാന്‍ ഈ ഹദീഥ് പറഞ്ഞിട്ടില്ല.’

ശഅ്‌റാനി പറയുന്നു: ”എന്നോട് ശൈഖ് സുലൈമാന്‍ അല്‍ഖുദൈരി പറഞ്ഞു: ഞാന്‍ ഖുദൈരിയയിലെ ബാബു ഇമാം ശാഫിഈയുടെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പോഴതാ ഒരു സംഘം! വെള്ള വസ്ത്രം ധരിച്ചവരാണ്. അവരുടെ തലയില്‍ പ്രകാശത്താല്‍ മൂടിയിരിക്കുന്നുണ്ട്. അങ്ങനെ അവര്‍ എന്നെ ലക്ഷ്യംവെച്ച് വരികയാണ്. അവര്‍ എന്നെ സമീപിച്ചപ്പോള്‍ അതില്‍ നബിയും സ്വഹാബിമാരും! അപ്പോള്‍ ഞാന്‍ നബിയുടെ കൈ ചുംബിച്ചു. അപ്പോള്‍ നബി ﷺ എന്നോട് റൗദ്വയിലേക്ക് നടക്കാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ നബിയോടൊപ്പം ജലാലൂദ്ദീന്റെ (സുയൂത്വി) വീട്ടിലേക്ക് പോയി. അങ്ങനെ അദ്ദേഹം നബിയുടെ അടുത്തേക്ക് വന്നു. നബിയുടെ കൈ ചുംബിക്കുകയും സ്വഹാബിമാരോട് സലാം പറയുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടില്‍ കയറി. അദ്ദേഹം നബിയുടെ മുമ്പില്‍ ഇരുന്നു. അങ്ങനെ ശൈഖ് ജലാലുദ്ദീന്‍ നബി ﷺ യോട് ചില ഹദീഥുകളെ പറ്റി ചോദിക്കുന്നു. നബി ﷺ പറഞ്ഞു: ‘ഓ, സുന്നത്തിന്റെ ശൈഖേ, ചോദിച്ചോളൂ…”

ശഅ്‌റാനി പറയുന്നു: ‘അദ്ദേഹം (സുയൂത്വി) പറയാറുണ്ടായിരുന്നു: ഞാന്‍ ഉണര്‍ച്ചയില്‍ നബി ﷺ യെ കാണാറുണ്ടായിരുന്നു. അങ്ങനെ എന്നോട് നബി ﷺ പറഞ്ഞു: ഓ, ഹദീഥ് പണ്ഡിതാ!’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞാന്‍ സ്വര്‍ഗക്കാരില്‍ പെട്ടവനാണോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതെ.’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ശിക്ഷ കൂടാതെ ഞാന്‍ മുന്‍കടക്കുമോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് അതു തന്നെയാണ് ഉള്ളത്.’

ശഅ്‌റാനി പറയുന്നു: ‘അവര്‍ (അഥവാ, ഇവരുടെ സൂഫീ പണ്ഡിതര്‍) നബി ﷺ യുടെ ക്വബ്‌റില്‍ അദ്ദേഹത്തിനു പിന്നിലായി അഞ്ചുനേരം നമസ്‌കരിക്കുന്നവരാകുന്നു. തശഹ്ഹുദില്‍ നബിയോട് സലാം പറയുന്നതിന് നബി ﷺ മറുപടി നല്‍കുന്നത് അവര്‍ കേള്‍ക്കുന്നുണ്ട്.’

ഇത്തരം പിഴച്ച വിശ്വാസം പേറിയാണ് നമ്മുടെ നാടുകളിലെ പല ത്വരീക്വത്തിന്റെ കക്ഷികളും ജീവിച്ചുകൊണ്ടിരിക്കുന്നത്. യൂസുഫുന്നബ്ഹാനിയും അബ്ദുല്‍ വഹ്ഹാബ് അശ്ശിഅ്‌റാനിയും രചിച്ചിട്ടുള്ള അവരുടെ ‘കറാമാത്തുല്‍ ഔലിയാഅ്’ എന്ന പുസ്തകത്തിലും ‘ത്വബക്വാത്തുല്‍ ഔലിയാഅ്’ എന്ന പുസ്തകത്തിലും ഇത്തരം അനവധി കള്ളത്തരങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. നബി ﷺ യും സ്വഹാബത്തും കാണിച്ചുതന്ന മാര്‍ഗത്തെ കുറിച്ച് പ്രബോധനം നടത്തുന്ന സലഫികളെ പുത്തന്‍ വാദികളെന്ന് സ്റ്റേജിലൂടെയും പേജുകളിലൂടെയും ആരോപിക്കുമ്പോള്‍ ആരാണ് പുത്തന്‍ വാദികള്‍ എന്ന് മുകളില്‍ കണ്ട കള്ള വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ എന്താണ് സുന്നത്ത് ജമാഅത്തിന്റെ ഈ വിഷയത്തിലുള്ള നിലപാട് എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്.

നേർപഥം
ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 23)