പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?.

പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഇസ്ലാമികമായ പണയം എന്ന് പറയുന്നത് സാധാരണ നിലക്ക് കടം വാങ്ങുന്നതിന് ഈട് നല്‍കുക എന്നത് മാത്രമാണ്. എന്നാല്‍ പലിശക്ക് കടമെടുക്കുന്നതിന് ഈടായി സ്വര്‍ണ്ണം വെക്കുന്ന നമ്മുടെ നാട്ടിലെ പതിവ് സ്വര്‍ണ്ണപ്പണയം അനിസ്‌ലാമികവും അത്യധികം ഗുരുതരമായ പാപവുമാണ്. നമ്മുടെ കൈവശം സ്വര്‍ണ്ണമുണ്ടാവുകയും നമുക്ക് ഒരാവശ്യം നേരിടുകയും ചെയ്‌താല്‍ ആ സ്വര്‍ണ്ണം വിറ്റ്‌ കാര്യം നിര്‍വഹിക്കുകയോ, ഹലാലായ രൂപത്തില്‍ ഉള്ള കടം വാങ്ങുകയോ ആണ് ചെയ്യേണ്ടത്. പലിശയില്‍ അധിഷ്ഠിതമായ സ്വര്‍ണ്ണപ്പണയത്തെ അവലംബിക്കരുത്. അല്ലാഹു പൊറുത്ത് തരട്ടെ. ആത്മാര്‍ത്ഥമായി തൗബ ചെയ്യുകയും ഇനി ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

നിങ്ങള്‍ ചോദിച്ച ചോദ്യവുമായി ബന്ധപ്പെട്ട് പണയം വെച്ച (ഈടായി നല്‍കിയ) വസ്തുവാണ് എന്നതുകൊണ്ട്‌ അതില്‍ സകാത്ത് ബാധകമാകാതാകുന്നില്ല. പണയം വെച്ച സമ്പത്തിനും അവ സകാത്ത് ബാധകമാകുന്ന ഇനത്തില്‍ പെടുന്നതും, പരിധിയെത്തിയതുമാണ് എങ്കില്‍ മറ്റേത് സകാത്ത് നല്‍കേണ്ട ധനത്തെയും പോലെ അതിനും സകാത്ത് ബാധകമാകും.

ഇമാം നവവി (റ) പറയുന്നു:

” لو رهن ماشية أو غيرها من أموال الزكاة ، وحال الحول وجبت فيها الزكاة ؛ لتمام الملك “

“ഒരാള്‍ കാളികളോ മറ്റു സകാത്ത് ബാധകമാകുന്ന വസ്തുക്കളോ പണയം (ഈടായി) നല്‍കിയാല്‍ അതിന്‍റെ ഹൗല്‍ പൂര്‍ത്തിയാകുമ്പോള്‍ അതിന് സകാത്ത് ബാധകമാകും. കാരണം തതവസരത്തില്‍ പൂര്‍ണമായും അതിന്‍റെ ഉടമസ്ഥത  തന്നില്‍ നിലനില്‍ക്കുന്നു” – [المجموع വോ: 5 പേ: 343 . അദ്ദേഹം നല്‍കിയ ചര്‍ച്ചയില്‍ നിന്നും സംഗ്രഹിച്ച് രേഖപ്പെടുത്തിയ പദങ്ങളാണ് മുകളില്‍]. 

ഇമാം ഖിറഖി (റ) പറയുന്നു: 

ومن رهن ماشية فحال عليها الحول أدى منها إذا لم يكن له مال يؤدي عنها والباقي رهن

“ആരെങ്കിലും കാലികളെ പണയം (ഈട്) വെക്കുകയും അതിന്‍റെ ഹൗല്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌താല്‍, അവന്‍റെ കയ്യില്‍ നല്‍കാനായി മറ്റു ധനമില്ലെങ്കില്‍ ആ പണയപ്പെടുത്തിയത്തില്‍ നിന്ന് തന്നെ നല്‍കണം. ബാക്കി പണയമായി അവശേഷിക്കും.” – [مختصر الخرقي , പേജ്: 44]

അതുപോലെ ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു: 

لِأَنَّ الزَّكَاةَ مِنْ مُؤْنَةِ الرَّهْنِ، وَمُؤْنَةُ الرَّهْنِ تَلْزَمُ الرَّاهِنَ

“സകാത്ത് നല്‍കുക എന്നത് ഈട്‌ വെച്ച (പണയം വെച്ച) വസ്തുവിന്‍റെ ചിലവില്‍പ്പെട്ടതാണ്. ആ ചിലവ് വഹിക്കേണ്ടത് അതിന്‍റെ ഉടമസ്ഥനായ പണയം വെച്ച വ്യക്തി തന്നെയാണ്” – [المغني വോ: 2 പേ: 511]. തുടര്‍ വിശദീകരണത്തില്‍ സകാത്ത് പാവപ്പെട്ടവരുടെ അവകാശമാണ് എന്നും, ഈട്‌ വെക്കപ്പെട്ട വസ്തുവില്‍ കടം നല്‍കിയ വ്യക്തിക്കുള്ള, കടം തിരികെ നല്‍കാതെ വന്നാല്‍ മാത്രം തന്‍റെ പണം അതില്‍നിന്നും പിടിക്കാവുന്ന അവകാശത്തെക്കാള്‍ വലിയ അവകാശമാണ് പാവപ്പെട്ടവര്‍ക്ക് അതിലുള്ള അവകാശംഎന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഏതായാലും പണയം അഥവാ താന്‍ വാങ്ങിയ കടത്തിന് ഈടായി കടം നല്‍കിയ വ്യക്തിക്ക് നല്‍കുന്ന വസ്തു സകാത്ത് ബാധകമാകുന്ന വസ്തുവാണ് എങ്കില്‍ ഓരോ ഹൗല്‍ (ഹിജ്റ വര്‍ഷം) പൂര്‍ത്തിയാകുമ്പോഴും അതിന്‍റെ സകാത്ത് നല്‍കണം.

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ളത്, നമ്മുടെ നാട്ടില്‍ പലിശക്ക് കടം വാങ്ങുന്നതിന് സ്വര്‍ണ്ണം ഈട്‌ വെക്കുന്ന സ്വര്‍ണ്ണപ്പണയം പോലെ കണ്ടു വരുന്ന വലിയൊരു വിപത്താണ്. കടം നല്‍കുന്ന വ്യക്തി പണയ വസ്തു ഉപയോഗിക്കുക എന്നത്. ഉദാ: ഒരാള്‍ക്ക് അഞ്ചു ലക്ഷം രൂപ കടം നല്‍കുകയും, അതിന് ഈട്‌ എന്ന നിലക്ക് അയാളുടെ വാഹനം, വീട് തുടങ്ങിയവ വാങ്ങി ആ പണം തിരികെ നല്‍കുന്നത് വരെ അത് ഉപയോഗിക്കുക എന്നത്. ഇത് പലിശയുടെ ഇനത്തില്‍പ്പെടുന്ന ഗൗരവപരമായ കാര്യമാണ്. ഒരാള്‍ ആ വാഹനത്തില്‍ സഞ്ചരിക്കുന്നുവെങ്കില്‍, വീട്ടില്‍ താമസിക്കുന്നുവെങ്കില്‍ അതിന്‍റെ മാന്യമായ വാടക കൊടുക്കണം. അല്ലാതെ ഈട് വസ്തു ഉപയോഗിക്കാന്‍ പാടില്ല. കടം നല്‍കിയതിന്‍റെ പേരില്‍ കടത്തിന് പുറമേ ഈടാക്കുന്ന ഉപകാരങ്ങളെല്ലാം പലിശയുടെ ഗണത്തിലാണ് പെടുക.

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

എന്‍റെ പണയം തിരിച്ചെടുക്കാന്‍ എന്‍റെ സകാത്ത് ഉപയോഗിക്കാമോ ?. ഭര്‍ത്താവിന് ഈ ആവശ്യത്തിനായി എനിക്ക് സകാത്ത് നല്‍കാമോ ?

എന്‍റെ പണയം തിരിച്ചെടുക്കാന്‍ എന്‍റെ സകാത്ത് ഉപയോഗിക്കാമോ ?. ഭര്‍ത്താവിന് ഈ ആവശ്യത്തിനായി എനിക്ക് സകാത്ത് നല്‍കാമോ ?

ചോദ്യം: എന്‍റെ പഠന ആവശ്യത്തിനു വേണ്ടി ലോണ്‍ എടുത്തിരുന്നു. അത് തിരിച്ച് അടക്കുന്നതിനായി എന്‍റെ പക്കലുള്ള സ്വര്‍ണ്ണം പണയപ്പെടുത്തി ആണ് അടച്ചത്. ഈ ഒക്ടോബറില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണം തിരിച്ച് എടുക്കേണ്ട സമയമാണ്. എന്‍റെ കയ്യില്‍ ബാക്കി ഇരുപത് പവന്‍ സ്വര്‍ണ്ണം കൂടി ഉണ്ട്. ഈ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എനിക്ക് പണയം വെച്ച സ്വര്‍ണ്ണം എടുക്കാന്‍ ഉപയോഗിക്കാമോ ?. അതുപോലെ എന്‍റെ ഭര്‍ത്താവിന്‍റെ സകാത്ത് ഈ ആവശ്യത്തിന് എനിക്ക് ഉപയോഗിക്കാമോ ?. ഭര്‍ത്താവ് ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്ത സംഖ്യയുടെ ഇന്‍ററെസ്റ്റ്  ഈ ആവശ്യത്തിനു എനിക്ക് ഉപയോഗിക്കാമോ ?. 

 

 ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനുമുള്ള താങ്കളുടെ താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കാന്‍ തൗഫീഖ് ചെയ്യുകയും ചെയ്യട്ടെ.

 

ചോദ്യങ്ങളിലേക്ക് കടക്കുന്നതിന് മുന്പ് നാം മനസ്സിലാക്കേണ്ട അതിഗൗരവപരമായ ഒരു കാര്യം, ബാങ്കില്‍ നിന്നും പലിശക്ക് ലോണ്‍ എടുക്കുക എന്നതും, സ്വര്‍ണ്ണം പണയം വെച്ച് പലിശക്ക് കടമെടുക്കുക എന്നതും അത്യധികം ഗുരുതരമായ പാപമാണ്. കയ്യില്‍ ആവശ്യത്തിനുള്ള സ്വര്‍ണ്ണം ഉണ്ട് എങ്കില്‍ അത് വിറ്റോ, ഹലാലായ രൂപത്തില്‍ ആരോടെങ്കിലും കടം വാങ്ങിയോ തന്‍റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാഹു പൊറുത്ത് തരട്ടെ. ഇനി ആവര്‍ത്തിക്കാതിരിക്കുകയും ആത്മാര്‍ത്ഥമായി പൊറുക്കലിനെ തേടുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കട്ടെ .. 

ഇനി നിങ്ങളുടെ ചോദ്യം ഓരോന്നായി ചര്‍ച്ച ചെയ്യാം:

നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണത്തിനും, പണയം വെച്ച സ്വര്‍ണ്ണത്തിനും സകാത്ത് ബാധകമാണ്. അത് നിങ്ങളുടെ കൈവശം വന്നത് മുതല്‍ ഇതുവരെയുള്ള ഓരോ ഹിജ്റ വര്‍ഷവും കണക്കാക്കി ഓരോ വര്‍ഷത്തിനും രണ്ടര ശതമാനം എന്ന തോതില്‍ സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. ഉപയോഗിക്കുന്നതും അല്ലാത്തതും ഒക്കെ അതില്‍ പെടും.

ഇനി നിങ്ങളുടെ സ്വര്‍ണ്ണാഭരണം എടുക്കാന്‍ നിങ്ങളുടെ തന്നെ സകാത്തിന്‍റെ സംഖ്യ ഉപയോഗിക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം. പറ്റുകയില്ല. നിങ്ങളുടെ സകാത്ത് നിങ്ങള്‍ അതിന്‍റെ അവകാശികള്‍ക്ക് നല്‍കിയിരിക്കണം. മാത്രമല്ല ഇനി മറ്റൊരാളുടെയാണെങ്കില്‍ പോലും പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുക്കാന്‍ സകാത്തിന്‍റെ സംഖ്യ ഉപയോഗിക്കാവുന്നതല്ല. അത് സകാത്തിന് അര്‍ഹമാക്കുന്ന പരിതിയില്‍ വരുന്ന കാര്യവുമല്ല.

ഇനി കടക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ ഒരാള്‍ സകാത്തിന് അര്‍ഹമാകുന്നത് തന്നെ, തന്‍റെ കടം വീട്ടാന്‍ സ്വന്തമായി ധനം കൈവശം ഇല്ലാത്തയാള്‍ ആണ്. നിങ്ങളുടെ കൈവശം 20 പവന്‍ സ്വര്‍ണ്ണം വേറെയും ഉണ്ടല്ലോ.  അതുകൊണ്ട് നിങ്ങള്‍ സകാത്തിന് അര്‍ഹയാകുന്ന കടക്കാരിയല്ല. നിങ്ങളുടെ ധനം തന്നെ വിനിയോഗിച്ച് നിങ്ങളുടെ പ്രശ്നം നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതേയുള്ളൂ. പലപ്പോഴും സ്വര്‍ണ്ണം ഒന്നിനും ഉപയോഗിക്കാതെ എടുത്ത് വെക്കണം എന്ന ഒരു ധാരണ നമുക്കുണ്ട്. സത്യത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള ധനം തന്നെയാണ് അതും. നമ്മുടെ സഹോദരിമാരോട് അപേക്ഷിക്കാനുള്ളത് പണയം വെച്ചും, ലോണ്‍ എടുത്തും ഒക്കെ നിങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പകരം നിങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം. ഇനി അത് വിനിയോഗിക്കാതെ സൂക്ഷിക്കുമ്പോള്‍ ഓരോ വര്‍ഷവും അതിന്‍റെ സകാത്ത് നല്‍കേണ്ടിയും വരും. അത് നമ്മുടെ മേലുള്ള ബാധ്യതയാണ്.

ഇനി ഭര്‍ത്താവിന്‍റെ സകാത്ത് നിങ്ങള്‍ക്ക് സ്വീകരിക്കാവതല്ല എന്ന് ഞാന്‍ പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ കടക്കാരിയായ കടം വീട്ടാനുള്ള സമ്പത്ത് സ്വന്തമായി ഇല്ലാത്ത ഒരു ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ എന്നതിന്, കടം വീട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തവളാണ് എങ്കില്‍ നല്‍കാം. എന്നാല്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ട പ്രാഥമിക ചിലവുകള്‍ സകാത്തില്‍ നിന്ന് നല്‍കാവതല്ല. ഭാര്യയുടെ കടം ഭര്‍ത്താവിന്‍റെ ബാധ്യതയില്‍ പെട്ട കാര്യം അല്ലാത്തതുകൊണ്ടാണ് ആ ഇനത്തില്‍ മാത്രം ഭാര്യക്ക് സകാത്ത് നല്‍കാം എന്ന് പറഞ്ഞത്. 

അതുകൊണ്ട് നിങ്ങളുടെ കൈവശമുള്ളതും പണയപ്പെടുത്തിയതുമായ സ്വര്‍ണ്ണം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. അത് പണമുണ്ടെങ്കില്‍ അങ്ങനെയോ, അതല്ലെങ്കില്‍ ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെയോ, അത് വിറ്റോ നല്‍കണം. അല്ലാഹു സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ.

ഇനി ഭര്‍ത്താവിന്‍റെ അക്കൗണ്ടില്‍ വന്ന പലിശയുടെ സംഖ്യ ഇതിനു നല്‍കാമോ എന്നതാണ്. ഇല്ല പാടില്ല. കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ പണയം വെച്ച സ്വര്‍ണ്ണം എടുക്കുക എന്നത് ആ രൂപത്തില്‍ അടിസ്ഥാനാവശ്യമായി പരിഗണിക്കപ്പെടേണ്ടതോ, സ്വന്തമായി അതിന് സാധിക്കാത്തതോ ആയ ആളല്ല നിങ്ങള്‍. ഈ രൂപത്തിലുള്ള ഹറാമായ ധനം കൈവശം വന്നാല്‍ അത് നാം ഉപയോഗിക്കാതെ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് അതിന്‍റെ മതവിധി. ദാനധര്‍മ്മമായല്ല, തനിക്ക് അനുവദിക്കപ്പെടാത്തത് കൊണ്ട് ആണ് അത് അപ്രകാരം നല്‍കുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് ആരാണ് നല്‍കുന്നത് എന്ന് അറിയാത്ത വിധം നല്‍കാന്‍ പരിശ്രമിക്കുകയും വേണം. 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ശമ്പളത്തിന്‍റെ സകാത്ത് കിട്ടുമ്പോള്‍ നല്‍കണോ ?. എങ്ങനെയാണ് സകാത്ത് നല്‍കേണ്ടത് ?

ശമ്പളത്തിന്‍റെ സകാത്ത് കിട്ടുമ്പോള്‍ നല്‍കണോ ?. എങ്ങനെയാണ് സകാത്ത് നല്‍കേണ്ടത് ?

ചോദ്യം:  ഞാൻ സാധാരണ എൻറെ ശമ്പളത്തിന്റെ സകാത്ത്  അതാത് മാസം തന്നെ കൊടുക്കാറാണ് പതിവ്. അങ്ങനെ  ചെയ്യുന്നതിൽ തെറ്റുണ്ടോ ?.

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സകാത്ത് തൻ്റെ മേൽ ബാധ്യതയാകുന്നതിന് മുൻപേ ഒരാൾ നൽകുന്നതിൽ തെറ്റില്ല. പക്ഷെ അപ്പോഴും നിങ്ങളുടെ കയ്യിലുള്ള മറ്റു തുകക്ക് ഓരോ വർഷവും സകാത്ത് ബാധകമാകുമല്ലോ. അതുകൊണ്ട് തന്നെ മാസാമാസം നൽകിയാലും വാർഷിക കാൽക്കുലേഷൻ  നടക്കണം. ഒന്നുകൂടി വ്യക്തമാക്കിയാൽ സകാത്ത് വാർഷികമായി ബാധകവുമാകുന്ന ഒരു നിർബന്ധ ബാധ്യതയായതുകൊണ്ട് സകാത്ത് നൽകാൻ  ബാധ്യസ്ഥനാകുന്ന ഏതൊരാൾക്കും വാർഷിക സകാത്ത് കണക്കുകൂട്ടൽ അനിവാര്യമാണ്. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ കൈവശം ലഭിക്കുന്ന സാലറിക്ക് മാത്രമല്ലേ  നിങ്ങൾക്ക് അതത് മാസം സകാത്ത് നൽകാൻ സാധിക്കൂ. നിങ്ങളുടെ കയ്യിൽ അൽകൗണ്ടിലോ മറ്റോ മുൻവർഷങ്ങളിലെ  നിക്ഷേപമായുള്ള ധനം, കൈവശമുള്ള കച്ചവടവസ്തുക്കൾ ഇവയുടെയൊക്കെ സകാത്ത് നിങ്ങൾ എങ്ങനെ കണക്കാക്കും ?. എപ്പോൾ കണക്കാക്കും ?.

അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിലേക്ക്  വരുന്ന തുകയുടെ സകാത്ത് നിങ്ങൾ ആ സംഖ്യ വരുമ്പോൾത്തന്നെ നൽകിയാലും, നിങ്ങൾ വാർഷികമായ കണക്കുകൂട്ടൽ നടത്തണം. എന്നിട്ട് ഇതുവരെ നിങ്ങൾ എത്ര സകാത്തായി നൽകിയോ അതിലും കൂടുതൽ നൽകാൻ നിങ്ങൾ ബാധ്യസ്ഥനാണ് എങ്കിൽ ബാക്കി സംഖ്യ കൂടി നൽകണം. തൻ്റെ കയ്യിലേക്ക് വരുന്ന ധനത്തിന് ജീവിതത്തിൽ ആകെ ഒരുതവണ സകാത്ത് നൽകിയാൽ മതി എന്ന മിഥ്യാ ധാരണയിൽ നിന്നാണ് അതത് മാസം നൽകിയാൽ പിന്നെ എന്നെന്നേക്കുമായി ബാധ്യത കഴിഞ്ഞു എന്ന ചിന്ത ഉണ്ടാകുന്നത്. എന്നാൽ തൻ്റെ കൈവശം ആ ധനം ബാക്കിയാകുന്ന പക്ഷം അടുത്ത വർഷം അതേ ധനത്തിന് വീണ്ടും സകാത്ത് ബാധകമാകും. അതുകൊണ്ടാണ് സകാത്ത് ബാധകമാകുന്ന ഏതൊരു വ്യക്തിക്കും തൻ്റെ സകാത്ത് കണക്കാക്കുന്ന ഒരു വാർഷിക സമയം ആവശ്യമായി വരുന്നത്. കാരണം തൻ്റെ കൈവശമുള്ള നിസ്വാബ് എത്തിയ ധനത്തിന് ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും വീണ്ടും സകാത്ത്  ബാധകമാകുന്നു. ആ സമയം തിട്ടപ്പെടുത്തുന്നതിന് ഒരു വാർഷിക സകാത്ത് കാൽക്കുലേഷൻ ഡേറ്റ് ആവശ്യമായി വരുന്നു.

ഉദാ: ഒരാൾക്ക് മാസം 50000 രൂപ ശമ്പളം കിട്ടുന്നു എന്ന് കരുതുക. അയാൾ 10000 രൂപ ചിലവഴിച്ച്‌ ബാക്കി 40000 ഓരോ മാസവും സേവ് ചെയ്യുന്നു. ഈ വ്യക്തി നിങ്ങൾ സൂചിപ്പിച്ചത് പോലെ ശമ്പളം കിട്ടുമ്പോൾത്തന്നെ സകാത്ത് കൊടുക്കുന്ന   വ്യക്തിയാണ് എന്ന് സങ്കൽപ്പിക്കുക. ഇദ്ദേഹം ഈ വർഷം അതിൻ്റെ സകാത്ത് കൊടുത്തിരിക്കും. എന്നാൽ തൻ്റെ കയ്യിൽ സേവ് ചെയ്ത ധനത്തിന് അടുത്ത ഒരു ഹിജ്‌റ വർഷം തികയുമ്പോൾ വീണ്ടും സകാത്ത് ബാധകമാകും. അപ്പോൾ കൃത്യമായ ഒരു വാർഷിക സകാത്ത് കാൽക്കുലേഷൻ ഡേറ്റ് ഇല്ലാതെ വന്നാൽ തൻ്റെ കൈവശമുള്ള ധനത്തിന് ഹൗൽ (വർഷം) തികയുന്നത് എപ്പോഴാണ് എന്ന് കണക്കാക്കാൻ സാധിക്കില്ല. ഒരാൾ വർഷം തികയുന്നതിന് മുൻപേ തൻ്റെ സകാത്ത് കൊടുക്കുന്നതിന് മതപരമായി തെറ്റൊന്നുമില്ല. പക്ഷെ എങ്കിലും അയാളുടെ വാർഷികമായ കണക്കുകൂട്ടൽ നടക്കണം എന്നർത്ഥം. അതുവരെ സകാത്തിനത്തിൽ നൽകിയ സംഖ്യ കഴിച്ചു ബാക്കി നൽകാനുണ്ടെങ്കിൽ നൽകിയാൽ മതി. പക്ഷെ വാർഷിക കണക്കുകൂട്ടൽ വരുമ്പോഴേ തന്റെ കൈവശമുള്ള ധനത്തിന്റെ സകാത്ത് കൂടി കണക്കാക്കാൻ പറ്റൂ.

ഏറ്റവും എളുപ്പത്തിൽ ഒരാളുടെ സകാത്ത് എങ്ങനെ കണക്കുകൂട്ടാം എന്ന് നേരത്തെ നാം വളരെ വിശദമായി വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിച്ചാൽ അവശേഷിക്കാവുന്ന സംശയങ്ങൾ തീരും ഇൻ ഷാ അല്ലാഹ്‌ :

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

സകാത്ത് ഏറ്റവും എളുപ്പത്തില്‍ എങ്ങനെ കണക്ക് കൂട്ടാം. ഉദാഹരണ സഹിതം

സകാത്ത് ഏറ്റവും എളുപ്പത്തില്‍ എങ്ങനെ കണക്ക് കൂട്ടാം. ഉദാഹരണ സഹിതം

 ചോദ്യം: ഒരാളുടെ സകാത്ത് എളുപ്പത്തില്‍ എങ്ങനെ കണക്കു കൂട്ടാം ?.

ഉത്തരം:

الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

ഇത് നേരത്തെ നിരവധി തവണ നമ്മള്‍ വിശദീകരിച്ചതാണ്. എങ്കിലും ധാരാളം പേര്‍ ഇതേ വിഷയത്തില്‍ വീണ്ടും ബന്ധപ്പെടുന്നത് കൊണ്ടാണ് വീണ്ടും ഇതെഴുതുന്നത്.  ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് വായിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുക. എന്നിട്ടും ഇവിടെ എഴുതിയതില്‍ വല്ല സംശയവും അവശേഷിക്കുന്നുവെങ്കില്‍ മാത്രം ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ അയക്കാവുന്നതാണ്. അതുപോലെ പല സഹോദരങ്ങളും അവരുടെ ഓരോരുത്തരുടെയും സകാത്ത് പ്രത്യേകമായി കണക്കുകൂട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഫിഖ്ഹുസ്സുന്നയിലേക്ക് മെയില്‍ അയക്കുന്നു. ഓരോരുത്തരുടേതും കണക്ക് കൂട്ടി നല്‍കുക പ്രയാസമാണ്. അതുകൊണ്ടാണ് സകാത്ത് കണക്കുകൂട്ടേണ്ട രീതി ലളിതമായി അതിന്‍റെ സാങ്കേതിക ചര്‍ച്ചകള്‍ ഉള്‍പ്പെടുത്താതെ ഒരാവര്‍ത്തി കൂടി എഴുതുന്നത്. സകാത്ത് എന്നത് ഇസ്‌ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ ഒന്നാണല്ലോ. ആ പ്രാധാന്യം തിരിച്ചറിയുന്നവര്‍ ആയിരിക്കുമല്ലോ ഈ ലേഖനം വായിക്കുന്ന ഓരോരുത്തരും. അതുകൊണ്ട്  പരിപൂര്‍ണമായി ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ച് വായിക്കുക. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അല്ലാഹു സഹായിക്കട്ടെ. ഒപ്പം കൃഷിയോ മറ്റോ അല്ല രണ്ടര ശതമാനം ബാധകമാകുന്ന ഇനങ്ങളുടെ സകാത്ത് ആണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക. അല്ലാഹുഅനുഗ്രഹിക്കട്ടെ.. 

ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് തന്‍റെ കൈവശം ബേസിക്ക് ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് സമാനമായ കറന്‍സിയോ, കച്ചവട വസ്തുവോ കൈവശമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.

ഇന്ന് 15/06/2017 ന് വ്യാഴായ്ച നോക്കിയത് പ്രകാരം 595 ഗ്രാം വെള്ളി = 23324 രൂപയാണ്. അത് സാന്ദര്‍ഭികമായി കൂടുകയും കുറയുകയും ചെയ്തേക്കാം. കറന്‍സിയുടെ നിസ്വാബ് വെള്ളിയുമായി താരതമ്യം ചെയ്യാന്‍ കാരണം, വെള്ളിക്ക് മൂല്യം കുറവായതിനാലാണ്. നബി (സ) യുടെ കാലത്ത് വെള്ളിനാണയങ്ങള്‍ ഉപയോഗിച്ചിടത്തും, സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിചിടത്തും നാമിന്ന് ഉപയോഗിക്കുന്നത് കറന്‍സിയാണ്. അതുകൊണ്ടുതന്നെ ആദ്യം നിസ്വാബ് (സകാത്ത് ബാധകമാകാന്‍ ആവശ്യമായ പരിധി) എത്തുന്നത് ഏതോ അതാണ്‌ പരിഗണിക്കേണ്ടത്. മറ്റു കാരണങ്ങളും ഉണ്ട് കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല.

  എന്റെ കയ്യില്‍ ഒരു വര്‍ഷം മിനിമം നിക്ഷേപമായി 595ഗ്രാം വെള്ളിക്ക് തതുല്യമായ സംഖ്യ 23000 രൂപയെങ്കിലും ഉണ്ട് എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ കടപ്പെട്ടവനാണ്. ഇനിയാണ് എന്‍റെ സകാത്ത് എങ്ങനെയാണ് കണക്കു കൂട്ടേണ്ടത് എന്നത് നാം  പരിശോധിക്കുന്നത്.

സകാത്ത് ബാധകമാകുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ ഒരു Zakath Calculation Date അഥവാ സകാത്ത് കണക്കു കൂട്ടേണ്ട തിയ്യതി ഉണ്ടായിരിക്കണം. ഹിജ്റ വര്‍ഷത്തിലെ ഒരു ദിവസമായിരിക്കും അത്. ഉദാ, മുഹര്‍റം ഒന്ന് , സ്വഫര്‍ ഒന്ന്, എന്നിങ്ങനെ ഏതെങ്കിലും ഒരു തിയ്യതി അയാളുടെ സകാത്ത് കാല്‍ക്കുലേഷന്‍ തിയ്യതിയായി ഉണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ തന്‍റെ കൈവശം നിസ്വാബ് എത്തിയ അന്ന് മുതലാണ്‌ ഒരാള്‍ തിയ്യതി കണക്കാക്കേണ്ടത്. ഇനി അപ്രകാരം ഒരു തിയ്യതി ഇല്ലാത്തവര്‍,  സ്ഥിരമായി റമളാന്‍ മാസത്തിലോ മറ്റോ കൊടുത്ത് വരുന്നവരാണെങ്കില്‍ അതു തന്നെ തുടര്‍ന്നാല്‍ മതി. ഇനി നേരത്തെ ഒരു തീയതിയില്ലാത്തവര്‍ ഇത് വായിക്കുന്നത് മുതല്‍ തങ്ങളുടെ സകാത്ത് ഇതില്‍ പറഞ്ഞത് പ്രകാരം കണക്ക് കൂട്ടുകയും, ആ തിയ്യതി തന്നെ തുടര്‍ വര്‍ഷങ്ങളിലും തന്‍റെ സകാത്ത് കണക്കുകൂട്ടാനുള്ള തിയ്യതിയായി പരിഗണിച്ച് തുടര്‍ന്ന് പോരുകയും ചെയ്യുക.

ഇനിയാണ് സകാത്ത് കണക്കുകൂട്ടാനുള്ള ഏറ്റവും എളുപ്പ രീതിയെക്കുറിച്ച് നാം പറയാന്‍ പോകുന്നത്. ഓരോ വര്‍ഷവും തന്‍റെ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയെത്തുമ്പോള്‍  ഒരാള്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്. ഓരോ ഹിജ്റ വര്‍ഷവും അതേ തിയ്യതി വരുന്ന സമയത്ത് ഇതാവര്‍ത്തിച്ചാല്‍ മതി:

താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:

തന്‍റെ കൈവശമുള്ള കറന്‍സി +

തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം +

തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.

ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ശേഷം അടുത്ത വര്‍ഷം തന്‍റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി വരുമ്പോള്‍ ഇതേ പ്രകാരം ചെയ്‌താല്‍ മതി.  സകാത്ത് കണക്കുകൂട്ടുന്ന സമയത്ത് കൈവശം എത്രയുണ്ടോ അത് മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ചിലവായിപ്പോയത് കണക്കാക്കേണ്ടതില്ല. അഥവാ ശമ്പളം, വാടക, ലാഭം, കൈവശമുള്ള കച്ചവടവസ്തുക്കള്‍, തുടങ്ങി തന്‍റെ കയ്യിലേക്ക് വരുന്ന കറന്‍സിയും, കച്ചവട വസ്തുക്കളുമെല്ലാം ഒരു സകാത്ത് അക്കൗണ്ടിലാണ്  വീഴുന്നത് എന്ന് സങ്കല്പ്പിക്കുക. ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എന്‍റെ സകാത്ത് അക്കൗണ്ടില്‍ എത്ര തുകയുണ്ട് അതിന്‍റെ 2.5% സകാത്തായി നല്‍കുക. ചിലവായിപ്പോയ സംഖ്യ പരിഗണിക്കേണ്ടതില്ല. ഇതാണ് സകാത്ത് കണക്കുകൂട്ടേണ്ട ശരിയായതും ഏറ്റവും എളുപ്പമുള്ളതുമായ രീതി.

ഉദാ: ഒരാള്‍ക്ക് മാസശമ്പളമായി 45000 രൂപ ലഭിക്കുന്നു. അതുപോലെ അയാളുടെ കൈവശമുള്ള ഒരു വീട് വാടകക്ക് നല്‍കിയത് വഴി 10000 രൂപയും മാസം ലഭിക്കുന്നു. ഇതൊക്കെ ഒരു സകാത്ത് പാത്രത്തിലേക്ക് ആണ് വീഴുന്നത് എന്ന് സങ്കല്‍പ്പിക്കുക. സ്വാഭാവികമായും അയാള്‍ ആ ധനത്തില്‍ നിന്നും ചിലവഴിക്കുകയും ചെയ്യുന്നു. അഥവാ സകാത്ത് ബക്കറ്റിലേക്ക് ധനം വരുകയും അതുപോലെ അതില്‍നിന്നും പുറത്ത് പോകുകയും ചെയ്യുന്നുണ്ട്. അയാള്‍ സകാത്ത് കണക്കുകൂട്ടേണ്ട സ്വഫര്‍ 1 എന്ന തിയ്യതി എത്തിയപ്പോള്‍ അയാള്‍ തന്‍റെ ബക്കറ്റില്‍ എത്ര ധനമുണ്ട് എന്ന് പരിശോധിച്ചു. ഉദാ: കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം 360000 രൂപയാണ് ഉള്ളത്, ഒപ്പം വില്പനക്ക് വേണ്ടി വച്ച 4 ലക്ഷം രൂപ ഇപ്പോള്‍ വില വരുന്ന ഒരു കച്ചവട വസ്തുവും അയാളുടെ പക്കലുണ്ട്. ആകയാല്‍ അയാള്‍ മൊത്തം സകാത്ത് നല്‍കേണ്ട തുക  360000 + 400000 = ആകെ ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം ഉണ്ട്. അതിന്‍റെ രണ്ടര ശതമാനം (2.5%) അയാള്‍ സകാത്തായി നല്‍കണം. അഥവാ രണ്ടര ശതമാനം കാണാന്‍ 760000 X 2.5 ÷ 100 എന്ന രീതി അവലംബിക്കുകയോ, അതല്ലെങ്കില്‍ 760000 ത്തെ 40 കൊണ്ട് ഹരിക്കുകയോ   ചെയ്‌താല്‍ മതി. ഉദാ: (760000÷40 = 19000). അതായത് അയാള്‍ സകാത്തായി നല്‍കേണ്ട തുക 19000 രൂപ. അത് നല്‍കിയാല്‍ ഈ വര്‍ഷത്തെ സകാത്ത് നല്‍കിക്കഴിഞ്ഞു. ഇനി അടുത്ത കൊല്ലം ഇതേ തിയ്യതി വരുമ്പോള്‍ ഇത് ആവര്‍ത്തിക്കുക.

കയ്യിലുള്ള തുകയുടെ രണ്ടര ശതമാനം എങ്ങനെ കണ്ടെത്താം ?.  രണ്ടര ശതമാനം കണ്ടെത്താന്‍ ആകെ കണക്കുകൂട്ടി ലഭിക്കുന്ന തുകയെ 40 കൊണ്ട് ഹരിച്ചാല്‍ മതി.

മറ്റുള്ളവരില്‍ നിന്നും ലഭിക്കാനുള്ള കടങ്ങള്‍: ഇത് അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ശരിയായ അഭിപ്രായപ്രകാരം മറ്റുള്ളവരില്‍ നിന്നും തനിക്ക് തിരികെ ലഭിക്കാനുള്ള കടങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. ആഇശ (റ), ഇബ്നു ഉമര്‍ (റ), ഇകരിമ (റ) തുടങ്ങിയവരുടെയും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയുടെയുമെല്ലാം അഭിപ്രായം ഇതാണ്. എന്നാല്‍ ബഹുഭൂരിപക്ഷം ഫുഖഹാക്കളും അത് നല്‍കിയ ആളുടെ സമ്പത്ത് തന്നെയാണ് എന്നതിനാല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും നല്‍കേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. എങ്കിലും കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം.

ഇനി താന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള കടങ്ങള്‍: അത് സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പ് കൊടുത്ത് വീട്ടുകയാണ് എങ്കില്‍, നമ്മള്‍ പറഞ്ഞത് പ്രകാരം സ്വാഭാവികമായും കണക്കില്‍ അവ വരില്ല. ഇനി അവ ഇപ്പോള്‍ കൊടുത്ത് വീട്ടുന്നില്ല, പിന്നീട് വീട്ടാന്‍ ഉദ്ദേശിക്കുന്ന കടമാണ് എങ്കില്‍, കണക്ക് കൂട്ടിയ മൊത്തം തുകയില്‍ നിന്നും കൊടുക്കാനുള്ള സംഖ്യ എന്ന പേരില്‍ അത് കുറക്കാന്‍ പറ്റില്ല. ഉദാ: ഒരാളുടെ കൈവശം മൊത്തം 10 ലക്ഷം ഉണ്ട്. അയാള്‍ മറ്റുള്ളവര്‍ക്ക് രണ്ടു ലക്ഷം കൊടുക്കാനുണ്ട്. പക്ഷെ ആ പണം ഇപ്പോള്‍ കൊടുക്കാന്‍ അയാള്‍ ഉദ്ദേശിക്കുന്നില്ല. എങ്കില്‍ ആ 10 ലക്ഷത്തിനും അയാള്‍ സകാത്ത് കൊടുക്കണം. ഇനി സകാത്ത് കണക്കു കൂട്ടുന്ന തിയ്യതിക്ക് മുന്‍പായിത്തന്നെ അയാള്‍ ആ രണ്ടു ലക്ഷം കൊടുത്ത് വീട്ടിയാല്‍ സ്വാഭാവികമായും അയാളുടെ കൈവശമുള്ള (സകാത്ത് അക്കൗണ്ടിലെ) സംഖ്യ കണക്ക് കൂട്ടുമ്പോള്‍ അതില്‍ ആ ധനം കടന്നുവരികയുമില്ല.

ഇനി സ്വര്‍ണ്ണം കൈവശമുള്ളവര്‍:  സ്വര്‍ണ്ണം (10.5) പത്തര പവനോ അതില്‍ കൂടുതലോ കൈവശം ഉണ്ടെങ്കില്‍. കൈവശമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അതുപോലെ ഒരാളുടെ കൈവശം 8 പവന്‍ ഉണ്ട് എന്ന് കരുതുക, ബാക്കി രണ്ടര പവന് തതുല്യമായ കറന്‍സിയോ അതിലധികമോ ഉണ്ടെങ്കില്‍ ആ സ്വര്‍ണ്ണം കണക്കില്‍ ഉള്‍പ്പെടുത്തി അവക്ക് കൂടി സകാത്ത് നല്‍കണം.കാരണം കറന്‍സി സ്വര്‍ണ്ണവുമായും വെള്ളിയുമായും ഒരുപോലെ ഖിയാസ് ചെയ്യാവുന്ന ഇനമാണ്. അതുകൊണ്ട് കൈവശമുള്ള സ്വര്‍ണ്ണം സ്വന്തമായോ, കയ്യിലുള്ള കച്ചവട വസ്തുവോ, കറന്‍സിയോ ചേര്‍ത്തുകൊണ്ടോ പത്തര പവന്‍ തികയുമെങ്കില്‍ കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും രണ്ടര ശതമാനം നല്‍കണം. അതായത് നമ്മള്‍ നേരത്തെ സൂചിപ്പിച്ച സകാത്തിന്‍റെ ധനം കണക്ക് കൂട്ടുമ്പോള്‍ ഈ സ്വര്‍ണ്ണം കൂടെ ഉള്‍പ്പെടും എന്നര്‍ത്ഥം.

ഇനി വില്‍ക്കാന്‍ ഉദ്ദേശിച്ച് എടുത്ത് വെക്കുന്ന വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍, പ്ലാറ്റിനം, അമൂല്യമായ ഇനങ്ങള്‍ ഇവയുടെയെല്ലാം കണക്കുകൂട്ടുന്ന സമയത്തെ മാര്‍ക്കറ്റ് വില എത്രയാണോ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. കാരണം അവ കച്ചവട വസ്തുവാണ്.

വെള്ളി (595) ഗ്രാം ഉണ്ടെങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തുക. ഇനി അതില്‍ കുറവും എന്നാല്‍ അതിന്‍റെ നിസ്വാബ് എത്തനാവശ്യമായ കറന്‍സി കൈവഷമുണ്ടാവുകയും ചെയ്‌താല്‍ സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പറഞ്ഞത് ഇവിടെയും ബാധകമാണ്.

ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:

സേവനാധിഷ്ടിതമായ ബിസിനസ്: അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ  മുടക്ക് മുതലിന് സകാത്തില്ല.  സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ്‌ ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.

ഉദാ: ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര  ശതമാനം ആണ് നല്‍കേണ്ടത്.  ഇനി അവരുടെ കൈവശം സ്റ്റോക്ക്‌ എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. 

ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.

അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും  ബാധ്യസ്ഥനായിരിക്കും.

ഉദാ:  പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക്‌ ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക്‌ 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത് 2700000 X 2.5 ÷ 100 =   67500.  അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.

സ്റ്റോക്ക്‌ എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക്‌ എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍  യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.

ഇതാണ് സകാത്ത് കണക്കു കൂട്ടാന്‍ ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ രീതി. ഈ രീതി അവലംബിക്കുന്നതിലെ നേട്ടങ്ങള്‍.

1-  ശമ്പളം , വാടക, ലാഭം, ബോണസ്, ഹദിയകള്‍ എന്നിങ്ങനെ  തന്‍റെ കയ്യിലേക്ക് വരുന്ന മുഴുവന്‍ ധനവും വേറെ വേറെ കണക്കാക്കേണ്ടതില്ല. സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ തന്റെ കൈവശം അവശേഷിക്കുന്ന എല്ലാ ധനത്തിനും നല്‍കുക വഴി അവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

2- സ്വാഭാവികമായും കയ്യില്‍ നിന്നും ചിലവായിപ്പോകുകയോ, ഉപയോഗ വസ്തുക്കളായി മാറുകയോ ചെയ്ത ധനം ഇപ്രകാരം കണക്കില്‍ വരുകയില്ല. അവക്ക് സകാത്ത് നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനുമല്ല. എന്നാല്‍ സകാത്ത് ബാധകമാകുന്ന രീതിയില്‍ തന്‍റെ കയ്യില്‍ അവശേഷിക്കുന്നതായ ധനങ്ങള്‍ എല്ലാം കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. 

3-ഒരു ഹിജ്റ വര്‍ഷം തികയുമ്പോഴാണല്ലോ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ഇപ്രകാരം കണക്ക് കൂട്ടുമ്പോള്‍ അതില്‍ ഒരു വര്‍ഷം എത്തിയ ധനവും ഒരു വര്‍ഷം തികഞ്ഞിട്ടില്ലാത്ത ധനവും ഉണ്ടാകും. എന്നാല്‍ സമയമെത്തിയവക്ക് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാണ് എന്നതിനാലും, സമയം എത്താത്തവക്ക് നേരത്തെ നല്‍കല്‍ അനുവദനീയമാണ് എന്നതിനാലും ഈ രീതി അവലംബിക്കുമ്പോള്‍ നല്‍കേണ്ട സകാത്ത് വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല. 

4- നമ്മുടെ കയ്യിലേക്ക് വരുന്ന ഓരോ സംഖ്യയുടെയും തിയ്യതി നാം പ്രത്യേകം എഴുതി വെക്കാറില്ല. അപ്രകാരം ഓരോന്നും വേര്‍തിരിച്ച് ഓരോന്നിന്‍റെയും തിയ്യതി കണക്കു വെക്കുക സാധ്യവുമല്ല. അതുകൊണ്ടാണ് ഈ രീതിയാണ് ഏറ്റവും എളുപ്പമുള്ള രീതി എന്ന് പറയാന്‍ കാരണം. നിഷിദ്ധങ്ങള്‍ കടന്നുവരാത്തതോടൊപ്പം പരമാവധി സൂക്ഷ്മത ലഭ്യമാകുകയും ഏതൊരാളും തന്‍റെ സകാത്ത് കണക്കു കൂട്ടാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.

സകാത്ത് ബാധകമാകാനുള്ള പരിധിയായ നിസ്വാബ് ഉള്ളവന്‍റെ കയ്യില്‍ ഒരു സകാത്ത് ബക്കറ്റ് ഉണ്ട് എന്ന് സങ്കല്‍പ്പിക്കുക. തന്‍റെ കയ്യിലേക്ക് വരുന്നതും കയ്യിലുള്ളതുമായ സകാത്ത് ബാധകമാകുന്ന മുഴുവന്‍ ധനവും ആ ബക്കറ്റിലാണ് നിക്ഷേപിക്കപ്പെടുന്നത് എന്ന് സങ്കല്‍പ്പിക്കുക. തന്റെ ചിലവുകള്‍/ വീട്, വാഹനം തുടങ്ങി ഉപയോഗവസ്തുക്കള്‍ ഇവയെല്ലാം തന്നെ ബക്കറ്റില്‍ നിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നു. ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ അഥവാ തന്‍റെ  സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതിയെത്തുമ്പോള്‍ എത്രയാണോ ബക്കറ്റില്‍ ഉള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി.

 

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ … 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

കഴിഞ്ഞ വർഷത്തെ സക്കാത്തിൽ നിന്നു കൊടുക്കാൻ ബാക്കിയുള്ള തുക ഈ വർഷത്തെ സകാത്തിൽ ഉള്‍പ്പെടുത്താൻ പറ്റുമോ. അല്ല അതു തനിയെ കൊടുക്കണമോ ?.

കഴിഞ്ഞ വർഷത്തെ സക്കാത്തിൽ നിന്നു കൊടുക്കാൻ ബാക്കിയുള്ള തുക ഈ വർഷത്തെ സകാത്തിൽ ഉള്‍പ്പെടുത്താൻ പറ്റുമോ. അല്ല അതു തനിയെ കൊടുക്കണമോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അതാതു വര്‍ഷത്തെ സകാത്ത് നമ്മുടെ മേല്‍ നിര്‍ബന്ധമായിക്കഴിഞ്ഞാല്‍ ശറഇയ്യായ കാരണങ്ങളാലല്ലാതെ അത് വൈകിപ്പിക്കാന്‍ പാടില്ല. അഥവാ അതിന്‍റെ അവകാശികളെ കണ്ടെത്താന്‍ എടുക്കുന്ന സമയം, നല്‍കാനുള്ള പണം കൈവശം ഇല്ലാതിരിക്കല്‍, ഭരണകൂടം സകാത്ത് പിരിക്കുന്ന നാടുകളില്‍ അവരില്‍ നിന്നും വരുന്ന കാലതാമസം, സകാത്ത് സ്വീകര്‍ത്താവ് സ്വയം കൈപ്പറ്റുന്നത് വൈകിപ്പിച്ചാല്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലല്ലാതെ സകാത്ത് വൈകിപ്പിക്കരുത്. 

അല്ലാത്ത പക്ഷം വൈകിപ്പിച്ച് പോയാല്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും, തൗബ ചെയ്യുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു നമ്മുടെ വീഴ്ചകള്‍ പൊറുത്ത് തരികയും, മതപരമായ അറിവ് നമുക്ക് വര്‍ദ്ധിപ്പിച്ച് തരികയും ചെയ്യുമാറാകട്ടെ.

അപ്രകാരം താന്‍ കൊടുത്ത് വീട്ടാനുള്ള സകാത്ത് എത്ര വര്‍ഷം പിന്നിട്ടാലും ഒരാളുടെ മേല്‍ ബാധ്യതയായിത്തന്നെ നിലനില്‍ക്കും. കാരണം സകാത്ത് എന്നുള്ളത് പാവപ്പെട്ടവരുടെ അവകാശമാണ്. അതുകൊണ്ടുതന്നെ അതൊരു കടമാണ്. അതിനാലാണ് മരണപ്പെട്ട് പോയ ആള്‍ സകാത്ത് കൊടുത്ത് വീട്ടാന്‍ ഉണ്ടെങ്കില്‍ അയാളുടെ ധനത്തില്‍ നിന്നും അനന്തര സ്വത്ത് വിഹിതം വെക്കുന്നതിന് മുന്‍പായി വീട്ടേണ്ട കടങ്ങളില്‍ ഒന്നായി സകാത്തിനെ പരിഗണിക്കുന്നത്.

താങ്കള്‍ ചോദിച്ചതുപോലെ തന്‍റെ ഈ വര്‍ഷത്തെ സകാത്തായ സംഖ്യയുടെ കൂടെയോ, ഒറ്റക്കായോ നല്‍കാവുന്നതാണ്. അത് സകാത്തിന് അര്‍ഹരായ അവകാശികളുടെ കയ്യിലേക്കാണ് എത്തേണ്ടത് എന്ന് മാത്രം. അല്ലാഹു സ്വീകരിക്കുകയും താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

സഹോദരനോ, സഹോദരിക്കോ, ഭാര്യക്കോ സകാത്തില്‍ നിന്നും നല്‍കാമോ ?

സഹോദരനോ, സഹോദരിക്കോ, ഭാര്യക്കോ സകാത്തില്‍ നിന്നും നല്‍കാമോ ?

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

   നിങ്ങളുടെ ചിലവില്‍ കഴിയുന്ന, അഥവാ നിങ്ങളോടൊപ്പം നിങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന സഹോദരി ആണ് എങ്കില്‍ അവര്‍ക്ക് നിങ്ങളുടെ സകാത്തില്‍ നിന്നും നല്‍കാവതല്ല. എന്നാല്‍ സ്വന്തമായി കഴിയുന്ന സഹോദരീ സഹോദരങ്ങള്‍ക്ക് അവര്‍ സകാത്തിന് അര്‍ഹരാണ് എങ്കില്‍ ഒരാള്‍ക്ക് തന്‍റെ സകാത്തില്‍ നിന്നും അവര്‍ക്ക് നല്‍കാവുന്നതാണ്. അതുപോലെ ഇനി തന്‍റെ ചിലവില്‍ കഴിയുന്നവരാണ് എങ്കിലും അവര്‍ സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആണ് എങ്കില്‍ അവര്‍ക്ക് കടം വീട്ടാനായി തന്‍റെ സകാത്തില്‍ നിന്നും നല്‍കാം. കാരണം അവരുടെ കടം അയാളുടെ നിര്‍ബന്ധ ബാധ്യതയില്‍പ്പെട്ടതല്ല.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: ” ദരിദ്രരായ തന്‍റെ സഹോദരന്‍, സഹോദരി, പിതൃവ്യന്‍, പിതൃവ്യ എന്നിങ്ങനെ പാവപ്പെട്ടവരായ ബന്ധുമിത്രാതികള്‍ക്കെല്ലാം സകാത്തില്‍ നിന്നും നല്‍കാം. മാത്രമല്ല അവര്‍ക്ക് നല്‍കുന്നത് ദാനധര്‍മ്മം എന്നതിലുപരി കുടുംബബന്ധം ചേര്‍ക്കല്‍ കൂടിയാണ്. കാരണം റസൂല്‍ (സ) പറഞ്ഞു:

 

الصدقة في المسكين صدقة وفي ذي الرحم صدقة وصلة 

“ഒരു മിസ്‌കീനിന് നല്‍കുന്ന ദാനധര്‍മ്മം സ്വദഖ മാത്രമാണ്. എന്നാല്‍ അത് ബന്ധുമിത്രാഥികള്‍ക്കാകുമ്പോള്‍ സ്വദഖയും അതോടൊപ്പം  കുടുംബ ബന്ധം ചേര്‍ക്കലുമാണ്.” – [മുസ്നദ് അഹ്മദ്: 15794]. 

എന്നാല്‍ മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കള്‍ എന്നിങ്ങനെ മുകളിലേക്കും,  അതുപോലെ തന്‍റെ ആണ്‍ പെണ്‍ മക്കള്‍ അതെത്ര തലമുറകള്‍ ആയാലും അവര്‍ ദരിദ്രര്‍ ആണെങ്കിലും അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാവതല്ല. മറിച്ച് അയാള്‍ക്ക് സാമ്പത്തികമായി കഴിവുണ്ടായിരിക്കുകയും അവര്‍ക്ക് ചിലവിന് നല്‍കാന്‍ മറ്റാരും ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് തന്‍റെ ധനത്തില്‍ നിന്നും ചിലവിന് നല്‍കുക എന്നത് അയാളുടെ നിര്‍ബന്ധ ബാധ്യതയാണ്.” – [http://www.binbaz.org.sa/fatawa/1541].

അതുകൊണ്ട് സ്വന്തം വരുമാനം തങ്ങളുടെ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വിവാഹത്തിന് ധനമില്ലാത്ത പുരുഷന്‍  എന്നിങ്ങനെ തങ്ങളുടെ അടിസ്ഥാനചിലവിന് തികയാത്തവരോ, സ്വയം വീട്ടാന്‍ സാധിക്കാത്ത കടക്കാരോ ആയ സഹോദരനും സഹോദരിക്കും ഒരാള്‍ തന്‍റെ സകാത്തില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ല.

 മാതാപിതാക്കള്‍ക്കോ, മക്കള്‍ക്കോ, ഭാര്യമാര്‍ക്കോ പൊതുവേ സകാത്തില്‍ നിന്നും നല്‍കാവതല്ല. എന്നാല്‍ സകാത്തിന് അര്‍ഹാരാകും വിധമുള്ള, സ്വയം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആണ് എങ്കില്‍ മാതാപിതാക്കള്‍ക്കും, മക്കള്‍ക്കും, ഭാര്യമാര്‍ക്കും കടം വീട്ടാന്‍ വേണ്ടി സകാത്തില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ലതാനും. കാരണം അവരുടെ കടം വീട്ടുക എന്നത് മറ്റൊരാളുടെ നിര്‍ബന്ധ ബാധ്യതയില്‍ പെട്ടതല്ല. 

അതുപോലെ സകാത്തിന്‍റെ അവകാശികളെ നാം പരിഗണിക്കുമ്പോള്‍ കടം കൊണ്ടും മറ്റുമൊക്കെയാണ് അവര്‍ക്ക് നാം സകാത്തില്‍ നിന്നും നല്‍കുന്നത് എങ്കില്‍ അല്പം സൂക്ഷ്മത നാം പുലര്‍ത്തേണ്ടതുണ്ട്. കാരണം ഇന്ന് ചില ആളുകള്‍ അകാരണമായി കടങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കാണാം. ആര്‍ഭാടമായ ജീവിതത്തിന് വേണ്ടിയും, തങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വലിയ വീടും വാഹനവുമൊക്കെ കരസ്ഥമാക്കാനും കടത്തിന് പിറകെ പോകുന്നവരും വിരളമല്ല. മാത്രമല്ല പലപ്പോഴും അത്തരക്കാര്‍ സ്വന്തം ധനത്തില്‍ നിന്നും കടം വീട്ടാന്‍ വേണ്ടി പലപ്പോഴും പരിശ്രമിക്കാറുമില്ല. അങ്ങനെയുള്ള ആളുകള്‍ സകാത്തിന് അര്‍ഹരല്ല. എന്നാല്‍ തങ്ങളുടെ അടിസ്ഥാനാപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കടക്കാര്‍ ആവുകയും, സ്വയം ആ കടങ്ങള്‍ വീട്ടാന്‍ പരിശ്രമിച്ചിട്ടും സാധിക്കാതിരിക്കുകയും ചെയ്യുന്ന ആളുകളാണ് കടക്കാര്‍ എന്ന നിലക്ക് സകാത്തിന് അര്‍ഹരാവുന്നത്

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റില്‍ 5 ലക്ഷം നിക്ഷേപമുണ്ട്. അതിന്‍റെ സകാത്ത് എങ്ങനെ കൊടുക്കും ?.ഇതുവരെ ലാഭമൊന്നും ലഭിച്ചിട്ടില്ല.

കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റില്‍ 5 ലക്ഷം നിക്ഷേപമുണ്ട്. അതിന്‍റെ സകാത്ത് എങ്ങനെ കൊടുക്കും ?.ഇതുവരെ ലാഭമൊന്നും ലഭിച്ചിട്ടില്ല.

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റ് ഏറെ ആവശ്യകരമായ ഒരു പൊതുസംരംഭം എന്ന നിലക്ക് കണക്കാക്കാം എങ്കിലും, അതിന്‍റെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അല്ലാതെ വിമാനത്താവളം എന്നതിലാണ് താങ്കള്‍ക്ക് ഷെയര്‍ എടുത്തത് എങ്കില്‍ അതിനെക്കുറിച്ച് പുനരാലോചിക്കേണ്ടതുണ്ട്. കാരണം നമുക്ക് അറിയാവുന്നതനുസരിച്ച് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ മദ്യവില്പന വളരെ സുലഭമാണ്. മദ്യ വില്‍പനക്ക് സ്ഥലം വാടകക്ക് നല്‍കുക എന്നത് നിഷിദ്ധമാണ്. സ്വാഭാവികമായും അതിലെ ഒരു ഷെയര്‍ ഹോള്‍ഡര്‍ എന്ന നിലക്ക്  അത് നമ്മളെ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് പ്രാഥമിക വീക്ഷണത്തില്‍ അത് അനുവദനീയമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നേരെ മറിച്ച് വിമാനത്താവളത്തില്‍ ഒരു ഷോപ്പ്, റസ്റ്റോറന്‍റ്, കോഫി ഷോപ്പ് തുടങ്ങി ഹലാലായ ഏതെങ്കിലും പ്രത്യേക സംരംഭത്തിലാണ് താങ്കള്‍ ഭാഗവാക്കായത് എങ്കില്‍ അതില്‍ തെറ്റില്ലതാനും.

ഇനി നമുക്ക് സകാത്തിന്‍റെ വിഷയത്തിലേക്ക് കടക്കാം. പൊതുവേ ഒരു വിമാനത്താവളത്തില്‍ ഉള്ള ഷെയറിന്‍റെ സകാത്ത് എങ്ങനെ നല്‍കാം എന്ന നിലക്കാണ് ഈ വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ബിസിനസുകള്‍ രണ്ടു വിധമാണ്. ഒന്ന് പ്രോഡക്റ്റ് സെല്ലിംഗ് ബിസിനസ്, മറ്റൊന്ന് സര്‍വീസ് പ്രൊവൈഡിംഗ് ബിസിനസ്. ഉദാ: സൂപ്പര്‍മാര്‍ക്കറ്റ് അവിടെ വസ്തുക്കള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. അതിന്‍റെ വാഹനം, ബില്‍ഡിംഗ്, കംബ്യൂട്ടര്‍ …എന്നിങ്ങനെയുള്ള ഉപയോഗ സാധനങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. എന്നാല്‍ വില്പന വസ്തുക്കള്‍ക്കും അതുപോലെ അവരുടെ കൈവശമുള്ള കാശിനും സകാത്ത് ബാധകമാണ്. അതുകൊണ്ടുതന്നെ സകാത്ത് കണക്കാക്കാന്‍ അവര്‍ സ്റ്റോക്ക്‌ എടുക്കേണ്ടതുണ്ട്‌.  എന്നാല്‍ ഹോട്ടല്‍, എയര്‍പോര്‍ട്ട്, ട്രാവല്‍സ് തുടങ്ങിയവ സര്‍വീസ് പ്രൊവൈഡിംഗ് സംരഭങ്ങളാണ്. അതില്‍ നാം ഇറക്കിയ നിക്ഷേപത്തിനല്ല. മറിച്ച് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം, കൈവശമുള്ള പണം എന്നിവക്കാണ് സകാത്ത് ബാധകമാകുന്നത്. അതുകൊണ്ടുതന്നെ അതില്‍ നിന്നും തനിക്ക് എന്ത് ലഭിക്കുന്നുവോ അത് തന്‍റെ ധനത്തോടൊപ്പം പരിഗണിച്ച് വര്‍ഷാവര്‍ഷം സകാത്ത് കണക്കു കൂട്ടേണ്ട സമയം അഥവാ ഹൗല്‍ എത്തുമ്പോള്‍ കൈവശം ഉള്ളത് കണക്കുകൂട്ടി അതിന്‍റെ 2.5% നല്‍കിയാല്‍ മതി.അതല്ലാതെ എയര്‍പോര്‍ട്ട്‌ പോലുള്ള സംരഭങ്ങളില്‍ ഇറക്കിയ മുഴുവന്‍ തുകക്കും സകാത്ത് നല്‍കേണ്ടതില്ല. ഇനി ഒരാള്‍ തന്‍റെ ഷെയര്‍ തന്നെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവിടെ ആ ഷെയറിന്‍റെ മാര്‍ക്കറ്റ് പ്രൈസ് അഥവാ ആ സമയത്ത് അതിനുള്ള വിലയാണ് സകാത്ത് കണക്കു കൂട്ടുമ്പോള്‍ കണക്കാക്കേണ്ടത്.

അതുകൊണ്ട് താങ്കളുടെ വിഷയത്തില്‍ ഒന്ന് ആ ഷെയര്‍ അനുവദനീയമാണോ എന്നത് പുനരാലോചിക്കുക ?. താങ്കള്‍ എടുത്തത് ഏതെങ്കിലും പ്രത്യേകം ഷോപ്പിലോ മറ്റോ ഉള്ള ഷെയര്‍ ആണോ, അതോ മൊത്തം പ്രൊജക്റ്റിലെ ഷെയറാണോ എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കാത്തതു കൊണ്ടാണ് ഞാന്‍ അപ്രകാരം പറയുന്നത്. രണ്ട് താങ്കളുടേത് ഷെയര്‍ നിലനില്‍ക്കുന്നത്  സര്‍വീസ് പ്രൊവൈഡിംഗ്, അല്ലെങ്കില്‍ വാടകക്ക് നല്‍കുന്നത് എന്നീ ഇനങ്ങളില്‍ ആണെങ്കില്‍ അതിന്‍റെ വരുമാനത്തിന് ആണ് സകാത്ത് നിക്ഷേപത്തിനല്ല എന്നതാണ്. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?

സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഒരാളുടെ കൈവശം 85 ഗ്രാം സ്വര്‍ണ്ണം, അഥവാ ഏകദേശം പത്തര പവനോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍, ഓരോ ഹിജ്റ വര്ഷം തികയുമ്പോഴും  അതിന്‍റെ രണ്ടര ശതമാനം അയാള്‍ സകാത്തായി നല്‍കണം. ഉപയോഗിക്കുന്ന ആഭരണമായാലും, മഹ്റായാലും എല്ലാം ഇതില്‍ ഉള്‍പ്പെടും. പത്തര പവന്‍ കഴിച്ച് ബാക്കിയുള്ള സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം എന്നല്ല, മറിച്ച് ഒരാളുടെ കൈവശം നിസ്വാബ് തികഞ്ഞാല്‍ മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അത് ആ സ്വര്‍ണ്ണത്തില്‍ നിന്നോ തതുല്യമായ സംഖ്യയായോ നല്‍കാവുന്നതാണ്. ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും നിസ്വാബ് കൈവശമുള്ളവര്‍ ഇപ്രകാരം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്.

എന്നാല്‍ ഒരാള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായ സ്വര്‍ണ്ണാഭരണങ്ങളോ, ചരിത്ര മൂല്യമുള്ള സ്വര്‍ണ്ണ നാണയങ്ങളോ ഒക്കെയാണ് എങ്കില്‍, പലപ്പോഴും അതിന് അതില്‍ അടങ്ങിയ സ്വര്‍ണ്ണത്തിന്‍റെ തൂക്കത്തെക്കാള്‍ മൂല്യമുണ്ടാകും. അവിടെ സ്വര്‍ണ്ണത്തിന്‍റെ തൂക്കമല്ല മറിച്ച് വിലയാണ് പരിഗണിക്കേണ്ടത്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണക്കടക്കാരെപ്പോലുള്ളവര്‍ കൈവശമുള്ള ആഭരണങ്ങളുടെ തൂക്കമല്ല വിലയാണ് പരിഗണിക്കേണ്ടത്.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?

പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ؛ وبعد، 

സകാത്ത് ഓരോ വ്യക്തികള്‍ക്കുമാണ് ബാധകമാകുന്നത്. ഒരു കുടുംബത്തിന് ഒന്നാകെയല്ല. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ആഭരണങ്ങള്‍ അവരുടേതാണ്. അതുകൊണ്ടുതന്നെ അവരുടെ സ്വര്‍ണ്ണം അവരുടെ ഉമ്മയുടെ  സ്വര്‍ണ്ണത്തിലേക്ക് ചേര്‍ത്തി കണക്കാക്കേണ്ടതില്ല. എന്നാല്‍ അവരുടെ കൈവശമുള്ള ആഭരണം ഉമ്മയുടേതാണ്, ഉമ്മ അവര്‍ക്ക് ധരിക്കാന്‍ മാത്രം നല്‍കിയതാണ് എങ്കില്‍ സകാത്ത് കണക്കാക്കുമ്പോള്‍ ഉമ്മയുടെ ആഭരണത്തോട് ചേര്‍ത്ത് അവ പരിഗണിക്കേണ്ടതുണ്ട്. കാരണം അതിന്‍റെ ഉടമസ്ഥ ഒരാളാണ്.

ഒന്നുകൂടി വ്യക്തമാക്കിയാല്‍ മരണപ്പെടുമ്പോള്‍ അവരുടെ അനന്തരാവകാശികള്‍ക്ക് ആണല്ലോ അത് നല്‍കപ്പെടുക. ആ സമയത്ത് നാം മറ്റൊരാളുടെ ആഭരണവുമായി അത് ഒരുമിച്ച് പരിഗണിക്കാറില്ലല്ലോ, ഉമ്മയുടെത് അവരുടേതും മക്കളുടെത് അവരുടേയും ആയിത്തന്നെയാണ് പരിഗണിക്കാറുള്ളത്. അതുപോലെത്തന്നെയാണ് സകാത്ത് നല്‍കുമ്പോഴും. ഓരോരുത്തരുടേതും വ്യത്യസ്ഥമായി കണക്കാക്കിയാല്‍ മതി. ചെറിയ കുട്ടികളുടെ കൈവശമുള്ള ധനം നിസ്വാബ് തികയുന്നതും, അതിന് ഒരു ഹിജ്റ വര്‍ഷക്കാലം ഹൗല്‍ തികയുകയും ചെയ്‌താല്‍ അതിന്‍റെ സകാത്ത് നല്‍കാന്‍ അവരുടെ രക്ഷാകര്‍ത്താക്കള്‍ ബാധ്യസ്ഥരാണ്. നല്‍കാത്ത പക്ഷം അതിന്‍റെ പാപം രക്ഷാകര്‍ത്താക്കള്‍ക്കായിരിക്കും. എന്നാല്‍ നിസ്വാബ് തികയുന്നതിന് ഉമ്മയുടെ ആഭരണവുമായി ചേര്‍ത്ത് അവരുടെ ആഭരണങ്ങള്‍ കണക്കാക്കേണ്ടതില്ല.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ടു: ഭാര്യക്കും, അതുപോലെ പെണ്‍മക്കള്‍ക്കും സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടെങ്കില്‍, അവരുടെ ഓരോരുത്തരുടെ ആഭരണങ്ങള്‍ പ്രത്യേകം പ്രത്യേകമായി പരിഗണിച്ചാല്‍ നിസ്വാബ് തികയുന്നില്ല എങ്കില്‍ അവയെല്ലാം ഒരുമിച്ച് പരിഗണിച്ച് സകാത്ത് നല്‍കേണ്ടതുണ്ടോ ?. 

അദ്ദേഹം നല്‍കിയ മറുപടി: ” അപ്രകാരം ചെയ്യേണ്ടതില്ല. കാരണം ഓരോരുത്തരുടെയും ധനം അവരുടേതാണ്. പെണ്‍മക്കളുടെ കൈവശമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഉമ്മയുടേത് തന്നെയാണ്, ഉമ്മ അവര്‍ക്ക് ധരിക്കാന്‍ നല്‍കിയത് മാത്രമാണ് എങ്കില്‍ ഉമ്മയുടെ ആഭരണങ്ങളുടെ കൂടെ അതും കൂട്ടണം. എന്നാല്‍ പെണ്‍മക്കളുടെ കൈവശമുള്ള ആഭരണങ്ങള്‍ അവരുടേത് തന്നെയാണ് എങ്കില്‍ ഓരോരുത്തരുടെ കൈവശമുള്ളതും പ്രത്യേകമായി പരിഗണിച്ചാല്‍ മതി (പരസ്പരം കൂട്ടേണ്ടതില്ല). ഒരാളുടെ ധനത്തിന്‍റെ നിസ്വാബ് തികയാന്‍ മറ്റൊരാളുടെ ധനവുമായി കലര്‍ത്തി കണക്കാക്കേണ്ടതില്ല”. – [ مجموع فتاوى ورسائل العثيمين ” 18/99].   

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com

 

ഞങ്ങളുടേത് ഒരു പലചരക്ക് കടയാണ്. കറൻസിയുടെ നിസാബാണോ പരിഗണിക്കേണ്ടത്. വർഷത്തിലൊരിക്കൽ റമസാൻ സീസണിന്‍റെ ഭാഗമായി കുറച്ചധികം സാധനം കടയിൽ ഇറക്കും. റമദാനിൽ സകാത്ത് കൊടുക്കുമ്പോൾ അപ്പോഴത്തെ സ്റ്റോക്ക് ആണോ പരിഗണിക്കുക. ഹിജ്റ വർഷമാണോ ഹൗൽ ആയി പരിഗണിക്കേണ്ടത്?

ഞങ്ങളുടേത് ഒരു പലചരക്ക് കടയാണ്. കറൻസിയുടെ നിസാബാണോ പരിഗണിക്കേണ്ടത്. വർഷത്തിലൊരിക്കൽ റമസാൻ സീസണിന്‍റെ ഭാഗമായി കുറച്ചധികം സാധനം കടയിൽ ഇറക്കും. റമദാനിൽ സകാത്ത് കൊടുക്കുമ്പോൾ അപ്പോഴത്തെ സ്റ്റോക്ക് ആണോ പരിഗണിക്കുക. ഹിജ്റ വർഷമാണോ ഹൗൽ ആയി പരിഗണിക്കേണ്ടത്?

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛ وبعد،

 കച്ചവട വസ്തുക്കള്‍ക്ക് നിസ്വാബ് ആയി കറന്‍സിയുടെ നിസ്വാബ് തന്നെയാണ് പരിഗണിക്കേണ്ടത്. 595 ഗ്രാം വെള്ളിയുടെ മൂല്യമാണ് കറന്‍സിയുടെ നിസ്വാബ് ആയി പരിഗണിക്കേണ്ടത്. ഹിജ്റ വര്‍ഷമാണ്‌ സകാത്ത് നിര്‍ബന്ധമാകുന്നതിനുള്ള സമയപരിധി അഥവാ ഹൗല്‍ ആയി പരിഗണിക്കേണ്ടത്. കച്ചവട സംരംഭങ്ങളാണ് എങ്കിലും അപ്രകാരം തന്നെയാണ്. ഹൗല്‍ തികയുന്നത് കണക്കാക്കാന്‍ ചന്ദ്രവര്‍ഷമാണ്‌ പരിഗണിക്കുക. അല്ലാഹു പറയുന്നു:

يَسۡ‍ألُونَكَ عَنِ ٱلۡأَهِلَّةِۖ قُلۡ هِيَ مَوَٰقِيتُ لِلنَّاسِ وَٱلۡحَجِّۗ

“നബിയേ, നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്താടനത്തിനും കാല നിര്‍ണയാത്തിനുള്ള ഉപാധിയാകുന്നു അവ.” – [അല്‍ബഖറ: 189]. സമയബന്ധിതമായ ആരാധനകള്‍ക്ക് കാലപരിധിയായി പരിഗണിക്കേണ്ടത് ഹിജ്റ വര്‍ഷം ആണ് എന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാക്കാം.

താങ്കള്‍ എന്ന് മുതല്‍ നിസ്വാബ് ഉടമപ്പെടുത്തിയോ അന്ന് മുതല്‍ താങ്കളുടെ ഹൗല്‍ ആരംഭിക്കുന്നു. ആ ഹൗല്‍ തികയുമ്പോള്‍ ആണ് താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത്. റമദാന്‍ മാസത്തില്‍ ആണ് ഒരാളുടെ കൈവശം നിസ്വാബ് ഉണ്ടാകുന്നത് എങ്കില്‍ അയാളുടെ ഹൗല്‍ റമദാന്‍ മാസമായിരിക്കും എന്ന് മാത്രം. അതല്ലാതെ നിര്‍ബന്ധ ദാനധര്‍മ്മമായ സകാത്ത് റമദാനില്‍ അനുഷ്ടിക്കുന്നത് കൊണ്ട് പ്രത്യേകം പുണ്യമുണ്ട് എന്ന് പറയാന്‍ സാധിക്കില്ല. മാത്രമല്ല ഒരാളുടെ ധനത്തില്‍ റമദാന്‍ മാസത്തിനു മുന്‍പായിത്തന്നെ ഹൗല്‍ തികഞ്ഞാല്‍ റമദാനിലേക്ക് എന്ന് പറഞ്ഞ് നീട്ടിവെക്കാന്‍ പാടില്ല. എന്നാല്‍ ഹൗല്‍ തികയുന്നതിന് മുന്‍പായി റമദാന്‍ വന്നെത്തിയാല്‍ തനിക്ക് ഓര്‍മ്മിച്ചു വെക്കാന്‍ എളുപ്പമെന്ന നിലക്ക് ഒരാള്‍ റമദാനില്‍ നല്‍കുന്നുവെങ്കില്‍ അതില്‍ തെറ്റില്ലതാനും.അതുപോലെ കച്ചവടം തുടങ്ങിയ സമയം എന്നതല്ല മറിച്ച് നിസ്വാബ് കൈവശം വന്നത് മുതല്‍ത്തന്നെ ഹൗല്‍ ആരംഭിക്കുന്നു. ഇതെല്ലാം സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. 

താങ്കളെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസത്തില്‍ എന്ന രൂപത്തിലാണ് ഇതുവരെ കൊടുത്തുവന്നത്, നിസ്വാബ് ഉടമപ്പെടുത്തിയത് എപ്പോഴെന്ന് ഓര്‍മ്മയില്ല എങ്കില്‍ അതുതന്നെ തുടര്‍ന്നു കൊള്ളുക. കഴിഞ്ഞ വര്‍ഷം റമദാനിലാണ് നിങ്ങള്‍ സകാത്ത് നല്‍കിയത് എങ്കില്‍ സ്വാഭാവികമായും ഈ റമദാന്‍ വരുമ്പോള്‍ നിങ്ങളുടെ കൈവശമുള്ള ധനത്തിന് ഒരു വര്ഷം തികയുന്നു. കൂട്ട് കച്ചവടമാണ് എങ്കില്‍ കടയുടെ സകാത്ത് വേറെ കണക്ക് കൂട്ടുക, എങ്കിലേ പങ്കാളികളായ ഓരോരുത്തരുടെ മേലും എത്രയാണ് സകാത്ത് ബാധകമാകുന്നത് എന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. അത് കണക്കു കൂട്ടേണ്ടത് ഇപ്രകാരമാണ്:

കടയിലുള്ള ധനം, കടയുടെ പേരില്‍ അക്കൗണ്ടില്‍ ഉള്ള ധനം, അവിടെയുള്ള സ്റ്റോക്കിന്‍റെ മൂല്യം (അതിന്‍റെ ഇപ്പോഴത്തെ വില, അഥവാ നിങ്ങള്‍ വില്‍ക്കുന്ന വിലയാണ് പരിഗണിക്കേണ്ടത്), തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള ലഭിക്കാനുള്ള കടങ്ങള്‍ (അതാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം എന്നതിനാല്‍ അതാണ്‌ സൂക്ഷ്മത) ഇവ കൂട്ടിയതിന് ശേഷം, ടോട്ടല്‍ സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് കൊടുക്കുകയാണ് ചെയ്യേണ്ടത്.

താങ്കളുടെ മേലുള്ള കടങ്ങള്‍ ആ കണക്കില്‍ നിന്നും കുറക്കേണ്ടതില്ല. എന്നാല്‍ താങ്കള്‍ കടങ്ങള്‍ ഇപ്പോള്‍ത്തന്നെ തിരിച്ചടക്കുന്നുവെങ്കില്‍ ആ കടങ്ങള്‍ വീട്ടിയ ശേഷം ബാക്കിയുള്ള ധനത്തിന് സകാത്ത് കൊടുത്താല്‍ മതി. എന്നാല്‍ ഇപ്പോള്‍ തിരിച്ചടക്കുന്നില്ല എങ്കില്‍ അത് നേരത്തെ കൂട്ടിക്കിട്ടിയ സംഖ്യയില്‍ നിന്നും കിഴിക്കേണ്ടതില്ല. അഭിപ്രായഭിന്നത ഉണ്ട് എങ്കിലും ഇതാണ് തത് വിഷയത്തിലെ പ്രബലമായ അഭിപ്രായം. മാത്രമല്ല കച്ചവടക്കാരുടെ കടങ്ങള്‍ അവരുടെ കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് എന്നതും, ഇത്ര ശതമാനം എപ്പോഴും കടമായിത്തന്നെ നിലനില്‍ക്കുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. അതുകൊണ്ട് അത് കിഴിക്കേണ്ടതില്ല. എന്നാല്‍ ഒരാള്‍ സകാത്ത് ബാധകമാകുന്നതിന് മുന്‍പ് തന്‍റെ കടങ്ങള്‍ തിരിച്ചടക്കുകയാണ് എങ്കില്‍ സ്വാഭാവികമായും അയാളുടെ കണക്കില്‍ ആ സംഖ്യ കടന്നുവരികയുമില്ല.

കണക്കുകൂട്ടേണ്ട രീതി ഒന്നുകൂടെ ഉദാഹരണസഹിതം വ്യക്തമാക്കാം: ഉദാ: കടയില്‍ 1ലക്ഷം രൂപ ഉണ്ട്. കടയിലെ മൊത്തം കച്ചവട  വസ്തുക്കള്‍ അവയുടെ വില്പന വിലയനുസരിച്ച് 30 ലക്ഷം രൂപ വരും. അക്കൗണ്ടില്‍ 5 ലക്ഷം രൂപയുണ്ട്. തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കിട്ടാനുള്ള സംഖ്യ : 3 ലക്ഷം … ടോട്ടല്‍ : 39 ലക്ഷം രൂപ അതിന്‍റെ രണ്ടര ശതമാനമാണ് സകാത്തായി നല്‍കേണ്ടത്. രണ്ടര ശതമാനം കാണാന്‍ 40 കൊണ്ട് ഹരിച്ചാല്‍ മതി. അഥവാ 3900000÷40= 97500 രൂപ സകാത്തായി നല്‍കണം. 

കടയുടെ ബില്‍ഡിംഗ്, വാഹനം, കംബ്യൂട്ടര്‍ അഥവാ കച്ചവട വസ്തുക്കള്‍ അല്ലാത്ത മറ്റു സാമഗ്രികള്‍ ഒന്നും തന്നെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതുപോലെ ഓരോ വര്‍ഷവും ഹിജ്റ വര്‍ഷം തികയുന്ന സമയത്ത് ഇപ്രകാരം കണക്കു കൂട്ടി അവകാശികള്‍ക്ക് നല്‍കിയാല്‍, പിന്നെ അടുത്ത വര്‍ഷം ഇതുപോലെ കണക്കു കൂട്ടി നല്‍കിയാല്‍ മതി. ആ ഒരുവര്‍ഷത്തിനിടയില്‍ കടയില്‍ നിന്നും ജോലിക്കാര്‍ക്ക് നല്‍കിയത്, അതുപോലെ നിക്ഷേപകര്‍ അഥവാ കൂട്ടുകച്ചവടക്കാര്‍ എടുത്തത് തുടങ്ങിയ സംഖ്യകള്‍ ഒന്നും തന്നെ കണക്കുകൂട്ടുമ്പോള്‍ അതില്‍ സ്വാഭാവികമായും ഉള്‍പ്പെടില്ല. അത് സ്വാഭാവികമായും അവരുടെ വ്യക്തിപരമായ കണക്കിലാണ് പെടുക. കടയുടെ മൊത്തം സകാത്ത് കണക്കുകൂട്ടിയ ശേഷം ഓരോ പാര്‍ട്ട്ണറും എത്ര സകാത്ത് കൊടുക്കണം എന്ന് അവരെ അറിയിക്കുകയും അവര്‍ അത് സ്വയം നിര്‍വഹിക്കുകയും ചെയ്യുകയോ, അതല്ലെങ്കില്‍ അവരുടെ അറിവോടെയും സമ്മതത്തോടെയും കട നടത്തുന്നവര്‍ക്ക് നേരിട്ട് അവകാശികള്‍ക്ക് നല്‍കുകയോ ചെയ്യാവുന്നതാണ്. പക്ഷെ വ്യക്തികളുടെ മേലാണ് സകാത്ത് ബാധകമാകുന്നത് എന്നതിനാല്‍ അവരുടെ അറിവോടെയും അനുവാദത്തോടെയും ആയിരിക്കണം അത് നിര്‍വഹിക്കപ്പെടേണ്ടത്. കാരണം അതൊരു ഇബാദത്ത് ആണ്. എന്നാല്‍ കണക്കുകൂട്ടി നല്‍കേണ്ട ബാധ്യത നടത്തിപ്പുകാര്‍ക്ക് ഉണ്ട്.

ഇനി കടയുടെ സകാത്ത് കണക്കു കൂട്ടുകയും അതിന്‍റെ അവകാശികള്‍ക്ക് നല്‍കുകയും ചെയ്ത ശേഷം, പാര്‍ട്ട്ണര്‍മാര്‍ക്ക് ലാഭ വിഹിതം നല്‍കപ്പെടുന്നത് എങ്കില്‍ അയാള്‍ വീണ്ടും അതേ വര്‍ഷം അതിന് സകാത്ത് കൊടുക്കേണ്ടതില്ല. കാരണം ഒരു ധനത്തിന് വര്‍ഷത്തില്‍ ഒരിക്കലേ സകാത്ത് ബാധകമാകുന്നുള്ളൂ. പിന്നെ അടുത്ത വര്‍ഷം മുന്‍പ് സൂചിപ്പിച്ച പോലെ കണക്ക് കൂട്ടി നല്‍കുക.  ഇപ്രകാരം ഓരോ വര്‍ഷവും തുടരുക. 

ഇനി ഒരാളുടെ കട കൂട്ടുകച്ചവടമല്ല എങ്കില്‍ അയാളുടെ ധനത്തിന്‍റെ സകാത്തും കച്ചവട വസ്തുക്കളുടെ സകാത്തും മേല്‍ സൂചിപ്പിച്ച പോലെത്തന്നെ ഒരുമിച്ച് കണക്കുകൂട്ടി നല്‍കിയാല്‍ മതി. കടയുടെത് വേറെയും, തന്‍റേത് വേറെയും എന്ന നിലക്ക് കണക്കു കൂട്ടേണ്ടതില്ല.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Reference: fiqhussunna.com